'ദേശീയ രാഷ്ട്രീയത്തിലെ പല നേതാക്കളേയും വച്ചു പരിശോധിക്കുമ്പോള്‍ കെ കരുണാകരന്‍ എത്രയോ മഹാനാണ്'

നടത്തിയ ഇടപെടലുകളിലൂടെയും നയിച്ച സമരങ്ങളിലൂടെയും പ്രതിപക്ഷ നേതാവായിരുന്ന അഞ്ചു വര്‍ഷക്കാലവും കേരളത്തിലെ കോണ്‍ഗ്രസ്സിന്റേയും യു.ഡി.എഫിന്റേയും മുഖമായി മാറാന്‍ കഴിഞ്ഞ നേതാവാണ് രമേശ് ചെന്നിത്തല
'ദേശീയ രാഷ്ട്രീയത്തിലെ പല നേതാക്കളേയും വച്ചു പരിശോധിക്കുമ്പോള്‍ കെ കരുണാകരന്‍ എത്രയോ മഹാനാണ്'

ടത്തിയ ഇടപെടലുകളിലൂടെയും നയിച്ച സമരങ്ങളിലൂടെയും പ്രതിപക്ഷ നേതാവായിരുന്ന അഞ്ചു വര്‍ഷക്കാലവും കേരളത്തിലെ കോണ്‍ഗ്രസ്സിന്റേയും യു.ഡി.എഫിന്റേയും മുഖമായി മാറാന്‍ കഴിഞ്ഞ നേതാവാണ് രമേശ് ചെന്നിത്തല; പല മുഖങ്ങളിലൊന്നല്ല, ഏറ്റവും മുന്നിലെ ഒരൊറ്റ മുഖം. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ദേശീയ നേതൃത്വത്തിന്റെ വ്യക്തമായ ഇടപെടല്‍ ഉണ്ടായി; പ്രചാരണ സമിതി അദ്ധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയെ നിയോഗിച്ചു. എങ്കിലും കനത്ത തോല്‍വി ഉണ്ടായപ്പോള്‍ അതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം സംഘടനാപരമായും രാഷ്ട്രീയമായും വ്യക്തിപരമായും അഭിമുഖീകരിക്കേണ്ടി വന്നത് പ്രതിപക്ഷ നേതാവിനാണ്. ഇന്നിപ്പോള്‍ എം.എല്‍.എ ആണ്, പക്ഷേ, പ്രതിപക്ഷ നേതാവല്ല. അതു സാങ്കേതികം മാത്രമാണ് എന്നും രമേശ് ചെന്നിത്തലയാണ് നേതാവ് എന്നും പറയുന്നവര്‍ പാര്‍ട്ടിയിലും മുന്നണിയിലും പുറത്തുമുണ്ട്. ''ജനങ്ങള്‍ക്ക് എന്നെ ഇഷ്ടമാണ്, വിശ്വാസമാണ്. അന്ന് പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ഇന്ന് ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ പറയുന്ന സമയമാണ്'' -രമേശ് ചെന്നിത്തല പറയുന്നു.

ഭരണമാറ്റത്തിനും പ്രതിപക്ഷ നേതൃമാറ്റത്തിനും ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ രമേശ് ചെന്നിത്തലയ്ക്ക് പറയാനുള്ളത് എന്തൊക്കയാണ്.

പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ നടത്തിയ ഇടപെടലുകളും നയിച്ച സമരങ്ങളും കേരളത്തിന് അവഗണിക്കാനാകുന്നതായിരുന്നില്ല. പക്ഷേ, തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ തോല്‍വിക്കുശേഷം പാര്‍ട്ടിയില്‍നിന്നും മുന്നണിയില്‍നിന്നും സ്വാഭാവിക നീതി കിട്ടാതെ പോയോ? 

പാര്‍ട്ടിയാണ് തീരുമാനമെടുക്കുന്നത്. എന്നെ ഏല്പിച്ച ദൗത്യം ഞാന്‍ ഭംഗിയായി നിര്‍വ്വഹിക്കുകതന്നെ ചെയ്തു. പ്രതിപക്ഷ നേതാവിന്റെ ചുമതല എന്താണ്? സര്‍ക്കാരിന്റെ തെറ്റുകള്‍ക്കു നേരെ പ്രതികരിക്കുകയും ജനദ്രോഹ നടപടികള്‍ ഉണ്ടാകുമ്പോള്‍ ഇടപെടുകയും സര്‍ക്കാരിനെക്കൊണ്ടു തിരുത്തിക്കുകയും ചെയ്യുക. ഓരോ വിഷയത്തിലും ഞാന്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. യാതൊരു മാനദണ്ഡവും പാലിക്കാതെ ബ്രൂവറി ഡിസ്റ്റിലറി തുടങ്ങാനുള്ള തീരുമാനത്തിനെതിരെ അതിശക്തമായ പോരാട്ടം നടത്തിയാണ് തുടങ്ങിയത്. മുഖ്യമന്ത്രിക്ക് ആ തീരുമാനം പിന്‍വലിച്ചു പോകേണ്ടിവന്നു. കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യ രഹസ്യങ്ങള്‍ അമേരിക്കന്‍ കമ്പനിക്കു വിറ്റു കൈമാറുന്ന സ്പ്രിംഗ്ലര്‍ കരാറിനെതിരെ ഞാന്‍ ഇടപെടുമ്പോള്‍ സംഗതി എന്താണെന്നുപോലും ആളുകള്‍ക്ക് അറിയില്ല. ലോകത്തെമ്പാടും ഏറ്റവും വിലപിടിപ്പുള്ള ഡേറ്റയാണ് ആളുകളുടെ ആരോഗ്യത്തെക്കുറിച്ചുള്ളത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് അവരുടെ ഉല്പാദനത്തേയും വിപണനത്തേയും അതനുസരിച്ചു ക്രമീകരിക്കാനും ലാഭം കൊയ്യാനും കഴിയും. അങ്ങനെ നമ്മുടെ വിവരങ്ങള്‍ വില്‍ക്കാനുള്ള നീക്കം പ്രതിപക്ഷം ഇടപെട്ടാണ് പൊളിച്ചത്. അതുകഴിഞ്ഞിങ്ങോട്ട് എം.ജി സര്‍വ്വകലാശാലയിലെ മാര്‍ക്കു ദാനം, പമ്പയിലെ മണല്‍ക്കടത്ത്, ഇ ബസ് അഴിമിതി നീക്കം തുടങ്ങി നിരവധി വിഷയങ്ങള്‍. അതിലെല്ലാം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ട്ടി ഏല്പിച്ച ദൗത്യം പൂര്‍ണ്ണമായി നിര്‍വ്വഹിച്ചു. പക്ഷേ, ആ സ്ഥാനത്തുനിന്ന് എനിക്കു മാറേണ്ടിവന്നു. അതിലെനിക്കു വിഷമമൊന്നുമില്ല. കാരണം, അതും പാര്‍ട്ടിയുടെ തീരുമാനമാണ്. ഏല്പിച്ച ചുമതലകള്‍ ഭംഗിയായി നിര്‍വ്വഹിച്ചു എന്നതാണ് പ്രധാനം. ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴും പാര്‍ട്ടി ഏല്പിച്ച ദൗത്യങ്ങള്‍ ഭംഗിയായിത്തന്നെയാണ് നിര്‍വ്വഹിച്ചത്. പാര്‍ട്ടി തോറ്റു എന്നതു ശരിയാണ്. രണ്ടു തവണ തോറ്റു, 2016-ലും 2021-ലും. അതിനു കാരണങ്ങളുണ്ട്. കൊവിഡാണ് ഇത്തവണത്തെ തോല്‍വിക്കു പ്രധാനപ്പെട്ട കാരണം. കൊവിഡ് ഇല്ലായിരുന്നെങ്കില്‍ ഈ ഗവണ്‍മെന്റിനു പകരം യു.ഡി.എഫ് ഗവണ്‍മെന്റു വരുമായിരുന്നു. ഇപ്പോള്‍ത്തന്നെ, 33 സീറ്റുകളില്‍ തോറ്റത് 10000 വോട്ടില്‍ താഴെയാണ്, 17 സീറ്റുകളില്‍ തോറ്റത് അയ്യായിരത്തില്‍ താഴെ. മാത്രമല്ല, 80 വയസ്സിനു മുകളിലുള്ളവരുടെ വോട്ടുകളെല്ലാം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ആളുകള്‍ പോയി ചെയ്യിച്ചതാണ്. അവരുടെ വോളണ്ടിയര്‍മാര്‍ ചെന്ന് ആളുകളെ കൂട്ടിക്കൊണ്ടുപോയി ചെയ്യിച്ചു. ആര്‍ക്ക് ചെയ്യണം എന്നുപോലും അവര്‍ക്ക് അറിയില്ലായിരുന്നു. മഹാമാരിയുടെ സമയത്ത് ആളുകള്‍ക്ക് അവരുടെ ജീവനായിരുന്നു പ്രധാനം. ഗവണ്‍മെന്റിനെ രക്ഷകനായി ജനങ്ങള്‍ കണ്ടു. മരുന്നു സൗജന്യമായി കൊടുക്കുന്നു, കിറ്റ് കൊടുക്കുന്നു, ജനങ്ങള്‍ക്കു രോഗം വരാതിരിക്കാനുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും പത്രസമ്മേളനങ്ങളാണ് ആ ഒരു കാലത്ത് ജനങ്ങളെ നയിച്ചുകൊണ്ടിരുന്നത്. അത് പ്രതിപക്ഷത്തിനു ചെയ്യാന്‍ പറ്റില്ല. അഞ്ചു പേരില്‍ കൂടുതല്‍ സമരംപോലും ചെയ്യാന്‍ പറ്റാത്ത സ്ഥിതി. ജനങ്ങളിലേക്ക് ഇറങ്ങാനും അവരോടു കാര്യങ്ങള്‍ പറയാനും പറ്റുന്നില്ല. കൊവിഡിന്റെ പേരില്‍ പല കൊള്ളകളും നടന്നു. അതൊന്നും ജനങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങളെ കാണാന്‍ തീരെ കഴിയാത്ത സ്ഥിതിയായി. യു.ഡി.എഫിന് ഒരു ലെവല്‍ പ്ലേയിംഗ് ഗ്രൗണ്ട് കിട്ടിയില്ല. ആനുകൂല്യങ്ങള്‍ കിട്ടിയപ്പോള്‍ ജനം അഴിമതികള്‍ മുഴുവന്‍ മറന്നുപോയി. സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞ കാര്യങ്ങളൊക്കെ ഇപ്പോല്‍ സത്യമായി വന്നില്ലേ. പക്ഷേ, ഇതു വേണ്ടരീതിയില്‍ ജനങ്ങളിലെത്തിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. മഹാമാരിയുടെ കാലദോഷമാണ് ഈയൊരു ഭരണത്തുടര്‍ച്ചയ്ക്കു കാരണം. പക്ഷേ, ഈ ഭരണത്തുടര്‍ച്ച ഒരിക്കലും കേരളത്തിനു ഗുണകരമല്ല എന്നതാണ് വസ്തുത. 

രാഹുൽ ​ഗാന്ധി
രാഹുൽ ​ഗാന്ധി

തോല്‍വിയില്‍ പാര്‍ട്ടിയുടേയും മുന്നണിയുടേയും പങ്കാളിത്തം എത്രത്തോളമുണ്ട്? 

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്നു നിര്‍ദ്ദേശിച്ചത് രാഹുല്‍ ഗാന്ധി തന്നെയാണ്. 52 സീറ്റുകളില്‍ ചെറുപ്പക്കാരെ നിര്‍ത്തി. രണ്ടു പേരേ ജയിച്ചുള്ളൂ. ഞങ്ങളുടെ കുറ്റമല്ല. തോല്‍വിയുടെ കാരണങ്ങള്‍ എന്താണെന്നു കണ്ടുപിടിക്കണം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ എപ്പോഴും കോണ്‍ഗ്രസ്സിനെക്കുറിച്ചുള്ള പരാതി നിന്നവര്‍ തന്നെ വീണ്ടും നില്‍ക്കുന്നു എന്നാണ്. അത് ഇത്തവണ മാറ്റി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ അപാകതകള്‍ ഉണ്ടായിട്ടില്ല എന്നാണ് എന്റെയൊരു വിലയിരുത്തല്‍. കേന്ദ്ര നേതൃത്വം പറഞ്ഞതു ഞങ്ങള്‍ കേട്ടു. ചെറുപ്പക്കാരായ ആളുകള്‍ നിന്നാല്‍ വലിയ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, ഇതിലെല്ലാം സംഭവിച്ചത് കൊവിഡ് സാഹചര്യമാണ്. ലോകത്തെമ്പാടും കൊവിഡ് കാലത്ത് നല്ല രീതിയില്‍ ചെയ്തവരെ ജനങ്ങള്‍ വിജയിപ്പിച്ചിട്ടുണ്ട്. അതില്‍ ട്രംപ് മാത്രമാണ് തോറ്റത്. ബോറിസ് ജോണ്‍സണ്‍ നല്ല രീതിയില്‍ ചെയ്തപ്പോള്‍ അവിടുത്തെ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ജയിച്ചു. മമതാ ബാനര്‍ജി തിരിച്ചുവന്നു, അസമില്‍ ഭരണത്തുടര്‍ച്ച കിട്ടി. തമിഴ്നാട്ടില്‍ നല്ല ഒരു നേതൃത്വമില്ലാത്തതുകൊണ്ടാണ് എ.ഐ.എ.ഡി.എം.കെ തിരിച്ചുവരാത്തത്. എന്നാലും അപ്രതീക്ഷിതമായ സീറ്റുകള്‍ അവര്‍ക്കു ലഭിച്ചു. അതൊരു ഘടകം തന്നെയാണ്. ആ കാലത്ത് ജനങ്ങള്‍ക്കു നല്‍കിയ ആശ്വാസ നടപടികള്‍ തുടര്‍ഭരണത്തിനു സഹായമായി എന്നത് സത്യമാണ്. 

പ്രതിപക്ഷത്തെ നേതാക്കളുടെ ചില വാക്കുകള്‍ പിഴച്ചത് തോല്‍വിയുടെ കാരണങ്ങളായി മാറിയോ? കെ.കെ. ശൈലജയ്ക്കു പബ്ലിസിറ്റി മാനിയ ആണ് എന്നു പറഞ്ഞതും മറ്റും? 

സോഷ്യല്‍ മീഡിയയിലൂടെ ഞങ്ങളെ അവര്‍ ശക്തമായി ആക്രമിച്ചു, ഓരോ കാര്യത്തിലും. തിരിച്ച് അതുപോലെ ഞങ്ങളുടെ പാര്‍ട്ടി സംവിധാനത്തില്‍ കൗണ്ടര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. സി.പി.എം ഏറ്റവും കൂടുതല്‍ ആക്രമിച്ചത് എന്നെയാണ്. ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങളും തീരുമാനങ്ങളും തുറന്നുകാണിച്ചതിലെ ദേഷ്യം അങ്ങനെയാണു തീര്‍ത്തത്. അതിനു തിരിച്ചു വേണ്ടവിധം ക്യാംപെയ്ന്‍ ചെയ്യാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. അതുതന്നെയുമല്ല, ഞങ്ങളുടെ ആളുകള്‍, കോണ്‍ഗ്രസ്സുകാരായ ആളുകള്‍ സാധാരണഗതിയില്‍ വീടുകളില്‍ പോയി പ്രചാരണം നടത്തുന്നത് കുറവാണ്. കൊവിഡ് കൂടിയായപ്പോള്‍ തീരെ പോയില്ല. കേരളത്തില്‍ സി.പി.എം ചെയ്തതാണ് യു.പിയില്‍ യോഗി ചെയ്തത്. അഞ്ചു കോടി ആളുകള്‍ക്ക് കിറ്റ് കൊടുത്തു. മൂന്നു മാസത്തെ പെന്‍ഷന്‍ വീടുകളില്‍ കൊണ്ടുക്കൊടുത്തു. ഇന്നത്തെ ഒരു കാലഘട്ടത്തില്‍ ജനങ്ങളാകെ ചിന്തിക്കുന്നത് എനിക്കെന്തു കിട്ടും എന്നാണ്. അഴിമതി, സ്വര്‍ണ്ണക്കള്ളക്കടത്ത് ഇതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലാതെ പോയി. ആരുടേയും കുറ്റമല്ല. അവരുടെ ജീവിതപ്രയാസങ്ങള്‍ക്കിടയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോയി. അല്ലെങ്കില്‍പ്പിന്നെ, ഇതുപോലൊരു മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സ്വര്‍ണ്ണക്കടത്തുപോലൊരു വിഷയത്തില്‍ വന്നിട്ട് ജനങ്ങള്‍ അതു ഫലപ്രദമായി ഉള്‍ക്കൊണ്ടില്ല എന്നു പറയുമ്പോള്‍ അതു ഗൗരവമായി കാണേണ്ട ഒരു കാര്യമല്ലേ? എന്തുകൊണ്ടാണ്; ആനുകൂല്യം കിട്ടിയതുകൊണ്ടും അതൊരു പ്രത്യേക സാഹചര്യമായതുകൊണ്ടുമാണ്. ഒരുപക്ഷേ, കൊവിഡിനു ശേഷമായിരുന്നെങ്കില്‍ സാഹചര്യം മാറുമായിരുന്നു. നൂറു സീറ്റു നേടി യു.ഡി.എഫ് വരുമായിരുന്നു.

അഞ്ചു വര്‍ഷത്തെ ഇടതുമുന്നണി ഭരണം കഴിഞ്ഞാല്‍ അടുത്തത് യു.ഡി.എഫ് ആണ് എന്ന ചിന്ത യു.ഡി.എഫിനു നല്‍കിയ അമിത ആത്മവിശ്വാസവും തോല്‍വിയുടെ കാരണമല്ലേ? 

അതുണ്ടായിരുന്നു. അതും ഒരു കാരണമായിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നല്ല വിജയമുണ്ടായതിന്റെ ആത്മവിശ്വാസവും പ്രവര്‍ത്തകര്‍ക്ക് ധാരാളം ഉണ്ടായിരുന്നു എന്നതു സത്യമാണ്.

2011-ല്‍ രണ്ടാം തവണ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായ അവസരത്തില്‍ താങ്കളും കോണ്‍ഗ്രസ്സ് നിയമസഭാകക്ഷി അംഗമായിരുന്നു. അന്നു മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചിരുന്നോ? 

അല്ല, അങ്ങനെയല്ല. ഞാന്‍ ആ ഗവണ്‍മെന്റില്‍ മന്ത്രിയാകാനാണ് ശ്രമിച്ചത്. കാരണം, ഞാന്‍ കുറേക്കാലത്തിനു ശേഷമാണ് എം.എല്‍.എ ആയി വരുന്നത്. അന്ന് ആ ഗവണ്‍മെന്റ് വരുന്ന കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ച ഒരാള്‍ ഞാന്‍ തന്നെയാണ്. കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ ഏറ്റവും ഫലപ്രദമായ പ്രവര്‍ത്തനമാണ് നടത്തിയത്. 2010-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 70 ശതമാനം സീറ്റുകള്‍ കിട്ടി. ആദ്യമായാണ് അത്തരമൊരു വിജയം. അതുപോലെ പാര്‍ട്ടി പ്രവര്‍ത്തനം നടന്ന ഒരു കാലമുണ്ടാകില്ല. പക്ഷേ, ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകട്ടെ എന്നു വന്നു. എന്നാല്‍, ഉമ്മന്‍ ചാണ്ടി ആ സമയത്ത് എന്നോട് ആലോചിച്ചില്ല, ഒന്നും. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ചേരേണ്ട എന്നു തീരുമാനിച്ചു. കെ.പി.സി.സി പ്രസിഡന്റായ എന്നോട് ആലോചിക്കാതെ അദ്ദേഹം കാര്യങ്ങള്‍ നിയന്ത്രിച്ചു മുന്നോട്ടു പോകാന്‍ ശ്രമിച്ചു. അപ്പോള്‍ ഞാന്‍ ആ ഗവണ്‍മെന്റില്‍ ഇല്ല എന്നു പരസ്യമായി പറഞ്ഞു. പിന്നീട് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടാണ് രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ ആഭ്യന്തര മന്ത്രിയായത്. ഞാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല, ഞാന്‍ അതിന്റെ പേരില്‍ ഒരു കലഹവും പാര്‍ട്ടിയില്‍ ഉണ്ടാക്കിയിട്ടില്ല. എന്റെ മുന്‍ഗാമികള്‍ പലരും ചെയ്തതുപോലുള്ള യാതൊരു കലഹമോ പ്രയാസങ്ങളോ ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റിനു ഞാന്‍ ഉണ്ടാക്കിയില്ല. ഞാന്‍ മാറിനിന്നു, നിശ്ശബ്ദനായി നിന്നു. പാര്‍ട്ടിക്കെതിരെ ഒരക്ഷരം പറഞ്ഞില്ല. അതിനിടയിലാണ് സോളാര്‍ കേസ് വന്നത്, പാമോയില്‍ കേസ് വന്നത്. പക്ഷേ, പണ്ടായിരുന്നെങ്കില്‍ എന്തെല്ലാം പറഞ്ഞേനേ.

ഗ്രൂപ്പുകള്‍ സജീവമായിരുന്നെങ്കിലും കുറവുമാത്രം ഗ്രൂപ്പ് പോര് ഉണ്ടായിരുന്ന കാലമാണോ താങ്കള്‍ കെ.പി.സി.സിയുടേയും പാര്‍ലമെന്ററി പാര്‍ട്ടിയുടെയും നേതൃത്വത്തിലുണ്ടായിരുന്ന കാലം? 

അതെ, ഞാനൊരിക്കലും ഗ്രൂപ്പ് ഫൈറ്റിലേക്കു നയിച്ച ആളല്ല. തമ്മിലുള്ള പോര് വേണ്ട. കാരണം, പാര്‍ട്ടിക്ക് അതിനുള്ള ശക്തിയില്ല. ഞാന്‍ കെ.പി.സി.സി പ്രസിഡന്റാകുമ്പോള്‍ ലീഡര്‍ പാര്‍ട്ടി വിട്ടുപോയ സന്ദര്‍ഭമാണ്. അതൊരു വെല്ലുവിളി നിറഞ്ഞ സാഹചര്യമായിരുന്നു. ലീഡറെപ്പോലെയൊരു വലിയ നേതാവ് പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ ഇനി പാര്‍ട്ടി ഒരിക്കലും തിരിച്ചു വരില്ല എന്നു ജനങ്ങള്‍ കരുതിയ ഒരുകാലമായിരുന്നു അത്. ഉമ്മന്‍ ചാണ്ടിയും ഞാനും കൂടി വളരെയേറെ കഷ്ടപ്പെട്ടു പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് പാര്‍ട്ടി തിരികെ വന്നത്. ഞങ്ങള്‍തന്നെ പിന്നെ ഉടക്കുണ്ടാക്കരുത് എന്ന് എനിക്കു നിര്‍ബ്ബന്ധമുണ്ടായിരുന്നു. പക്ഷേ, ഉമ്മന്‍ ചാണ്ടിയുടെ അന്നത്തെ നിലപാടിനോട് എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതുകൊണ്ടാണ് ഞാന്‍ ഗവണ്‍മെന്റില്‍ ചേരാതിരുന്നത്. 

പാര്‍ട്ടി സജീവമായും ഫലപ്രദമായും പ്രവര്‍ത്തിക്കുമ്പോഴും ഗ്രൂപ്പ് എന്ന ഒരു ഫാക്ടര്‍ പലപ്പോഴും തിരിച്ചടിയാകുന്നില്ലേ. ഗ്രൂപ്പ് ഇല്ലാതാക്കുക സാധ്യമാണോ? 

ഇപ്പോള്‍പ്പിന്നെ ഗ്രൂപ്പ് ഇല്ലാത്ത പ്രവര്‍ത്തനമാണല്ലോ നടക്കുന്നത്. ഞാനങ്ങനെ ഗ്രൂപ്പ് ആക്റ്റിവിറ്റികളിലൊന്നും ഇടപെടാറില്ല. ഞാന്‍ ഗ്രൂപ്പുകള്‍ വേണമെന്നു നിര്‍ബ്ബന്ധമുള്ള ആളല്ല. പാര്‍ട്ടിക്ക് ഗ്രൂപ്പ് ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ പറ്റുന്നതു നല്ല കാര്യം തന്നെയാണ്. ഞാനൊന്നും ഉണ്ടാക്കിയ ഗ്രൂപ്പല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഇന്‍ഹെറിറ്റ് ചെയ്തതാണ്. എ.കെ. ആന്റണിയുടേയും കെ. കരുണാകരന്റേയും നേതൃത്വത്തിലുള്ള രണ്ടു ഗ്രൂപ്പുകളായിരുന്നു. ലീഡര്‍ വിടവാങ്ങിയ ശേഷം ആ ഗ്രൂപ്പിന്റെ ഉത്തരവാദിത്വം എന്റെ തലയില്‍ വന്നതാണ്. ഉമ്മന്‍ ചാണ്ടി ആ ഗ്രൂപ്പിന്റെ ഭാഗമായിരുന്നതുകൊണ്ട് അദ്ദേഹം അങ്ങനെയും വന്നതാണ്. ഈ രണ്ടു ഗ്രൂപ്പുകളും ദീര്‍ഘകാലം നിലനിന്നു എന്നതു സത്യവുമാണ്. പക്ഷേ, ഗ്രൂപ്പിന്റെ പേരില്‍ വഴക്കുണ്ടാക്കാനോ പ്രശ്‌നമുണ്ടാക്കാനോ ഞാന്‍ പോയിട്ടില്ല. എന്റെ സ്വഭാവം അതല്ല. പാര്‍ട്ടിക്കകത്ത് എല്ലാവരേയും കൂട്ടി യോജിപ്പിച്ചുകൊണ്ടു പോകാനാണ് അന്നുമിന്നും ശ്രമിച്ചിട്ടുള്ളത്. 

ഗ്രൂപ്പു വൈരം ഉണ്ടാക്കിയ നഷ്ടങ്ങളുടെ ഒരു കണക്കെടുപ്പ് സാധ്യമാണോ? 

അതൊക്കെ എടുക്കുകയാണെങ്കില്‍ ഒത്തിരിക്കാലത്തെ വേണ്ടിവരും. പത്തന്‍പതു വര്‍ഷക്കാലത്തേത് നോക്കേണ്ടിവരും. 

പാര്‍ട്ടിയേയും മുന്നണിയേയും നയിച്ച് അനുഭവപരിചയവും കരിഷ്മയുമുള്ള നേതാക്കളെ ഒരു തെരഞ്ഞെടുപ്പു തോല്‍വിയുടെ പേരില്‍ പിന്നിലേക്കു മാറ്റുന്നത് ശരിയായ രീതിയാണോ? 

ഞങ്ങളാരും മാറിനിന്നിട്ടില്ലല്ലോ. ഞാന്‍ സജീവമായിട്ടുണ്ട് ഇപ്പോഴും. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നു പാര്‍ട്ടി പറഞ്ഞപ്പോള്‍ മാറേണ്ടി വന്നു. പക്ഷേ, ഞാന്‍ തുല്യനിലയില്‍ സജീവമാണ്. ജനങ്ങള്‍ക്ക് എന്നെ ഇഷ്ടമാണ്, വിശ്വാസമാണ്. അന്ന് പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ഇന്ന് ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ പറയുന്ന സമയമാണ്. അതുകൊണ്ട് ഞാനൊരിക്കലും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്നു മാറിനില്‍ക്കുന്നില്ല. കേരളം മുഴുവന്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കാലഘട്ടമാണ്. ഞാനോരോ സ്ഥലത്ത് പോകുമ്പോള്‍ അറിയാം, ജനങ്ങള്‍ കൂടുന്നത്, ജനങ്ങളുടെ പങ്കാളിത്തം, ജനങ്ങളുടെ അഭിപ്രായം ഇതെല്ലാം അറിയാം. അതുകൊണ്ട് ജനങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തോളം കാലം ഞാന്‍ രാഷ്ട്രീയത്തില്‍ സജീവമായിത്തന്നെ ഉണ്ടാകും. സാര്‍, ഞങ്ങള്‍ക്കു തെറ്റു പറ്റിപ്പോയി ഈ ഗവണ്‍മെന്റ് വരാന്‍ പാടില്ലായിരുന്നു, ഞങ്ങളതില്‍ പശ്ചാത്തപിക്കുന്നു എന്നു പറയുന്ന എത്രയോ ആളുകള്‍. കോണ്‍ഗ്രസ്സുകാരല്ലാത്തവരും സ്ത്രീകളുമുള്‍പ്പെടെയാണിതു പറയുന്നത്. മലബാറിലും തിരുവനന്തപുരത്തുമൊക്കെ എത്രയോ ആളുകള്‍ ഇതു പറയുന്നു. ഭരണത്തുടര്‍ച്ച ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്നു വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്. കാരണം, ഈ ഭരണത്തിലെ ധിക്കാരവും അഹങ്കാരവും അത്രമാത്രം വര്‍ധിച്ചുവരുന്നു. അതുകണ്ട് ജനങ്ങള്‍ അസ്വസ്ഥരാണ്. തന്നെയുമല്ല, മുഖ്യമന്ത്രിയല്ലാതെ ഈ ഗവണ്‍മെന്റിലെ ഏതെങ്കിലുമൊരു മന്ത്രിയെ ജനങ്ങള്‍ക്ക് അറിയാമോ. എന്തു പ്രവര്‍ത്തനമാണ് നടക്കുന്നത്? ഇത്രയും നിഷ്‌ക്രിയമായ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. ഓരോ മന്ത്രിയും എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കു തന്നെ അറിയില്ല. അവരെ ജനങ്ങള്‍ക്കും അറിയില്ല. കാര്യമെന്തു പറഞ്ഞാലും ആദ്യത്തെ പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ സമര്‍ത്ഥരായിരുന്നു. ഇപ്പോള്‍ സഭയിലെ ചര്‍ച്ചകളുടെയൊക്കെ നിലവാരം തന്നെ വളരെ മോശമാണ്. ഞാന്‍ അഞ്ചു വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വ്യക്തിപരമായി ആരെയും ആക്ഷേപിച്ചിട്ടില്ല. അച്യുതാനന്ദന്‍ ആക്ഷേപിച്ചതുപോലെയൊന്നും ഞാനൊരാളെപ്പറ്റിയും പറഞ്ഞിട്ടില്ല. പക്ഷേ, വ്യക്തിപരമായി ആരെപ്പറ്റിയും പറയാതെ അതിശക്തമായ വിമര്‍ശനങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. അതു ശരിയല്ല. രാഷ്ട്രീയത്തിന് അതീതമായി വ്യക്തികള്‍ തമ്മിലുള്ള സ്‌നേഹവും ബഹുമാനവുമൊക്കെ അനിവാര്യമാണ് എന്നു വിശ്വസിക്കുന്ന ഒരാളാണു ഞാന്‍. ഇഷ്യൂസിന്റെ പേരില്‍ ഭിന്നതയുണ്ടാകാം. പക്ഷേ, വ്യക്തിപരമായി മാന്യതയുടെ അതിര്‍വരമ്പു കടന്നു സംസാരിക്കാന്‍ പാടില്ല.

ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു ശേഷം എ.കെ. ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചെങ്കിലും അദ്ദേഹത്തെ പ്രതിരോധ മന്ത്രിയാക്കുകയാണ് ചെയ്തത്. ഇപ്പോള്‍ കേന്ദ്രത്തിലും ഭരണമില്ലാത്തതുകൊണ്ടാണോ താങ്കള്‍ ഒതുക്കപ്പെട്ടത്? 

ഞാനൊരു സ്ഥാനവും ചോദിച്ചിട്ടില്ല. എന്നോട് ഏതെങ്കിലും സ്ഥാനം തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. പാര്‍ട്ടി ഏതെങ്കിലും സ്ഥാനം ഏല്പിച്ചുകൊള്ളണം എന്ന നിര്‍ബ്ബന്ധബുദ്ധിയും എനിക്കില്ല. പക്ഷേ, എന്നുമൊരു കോണ്‍ഗ്രസ്സുകാരനായി പാര്‍ട്ടിക്കുവേണ്ടി ആത്മാര്‍ത്ഥമായി ഞാന്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു ഞാന്‍ മാത്രമല്ലല്ലോ കുറ്റക്കാരന്‍, ആണോ? അല്ല. ഞാന്‍ മാത്രമാണോ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്? അല്ല. സ്ഥാനാര്‍ത്ഥികളെ എല്ലാവരും കൂടി തീരുമാനിച്ചു. ക്യാംപെയ്ന്‍ എല്ലാരും കൂടി തീരുമാനിച്ചു. തന്നെയുമല്ല, ഞാന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ ക്യാംപെയ്ന്‍ കമ്മിറ്റിയുടെ ചെയര്‍മാനാക്കി. പ്രചാരണത്തിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണ് നല്‍കിയത്, അല്ലേ? അപ്പോഴെനിക്കു മാത്രമായി ഉത്തരവാദിത്വമില്ല. പക്ഷേ, ഞാന്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്ത ആളാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ട്ടി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നു പരസ്യമായി പറഞ്ഞ ഒരാളാണ്. അത് എന്റെ ധാര്‍മ്മികതയാണ്. മറ്റൊന്ന്, ഞാന്‍ ഒരു ഘട്ടത്തിലും പാര്‍ട്ടിവിട്ടു പോയിട്ടില്ലാത്ത ആളാണ്. കേരളത്തില്‍ സി.പി.എമ്മിനോട് ഒരിക്കലും യോജിക്കാത്തവര്‍ ഞാനും മുല്ലപ്പള്ളിയുമൊക്കെയേ ഉള്ളൂ. മറ്റെല്ലാവരും ഏതെങ്കിലും കാലഘട്ടത്തില്‍ സി.പി.എമ്മുമായി സന്ധി ചെയ്തിട്ടുള്ളവരാണ്. 

കോണ്‍ഗ്രസ്സ് തകരരുത് എന്ന് കോണ്‍ഗ്രസ്സിനോടു പലതിലും വിയോജിക്കുന്നവര്‍പോലും ആഗ്രഹിക്കുകയും പറയുകയും ചെയ്യാറുണ്ട്. പക്ഷേ, ദേശീയ തലത്തിലുള്‍പ്പെടെ കോണ്‍ഗ്രസ്സിന്റെ പ്രധാന നേതാക്കള്‍ക്ക് അങ്ങനെയൊരു ബോധ്യമില്ലായ്ക ഇല്ലേ. എന്താണ് പ്രതികരണം? 

കോണ്‍ഗ്രസ്സ് കുറച്ചുകൂടി ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണ്. കാരണം, സാധാരണഗതിയിലുള്ള ഒരു ബി.ജെ.പി ഗവണ്‍മെന്റല്ല ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്. ആര്‍.എസ്.എസ്സിന് മേധാവിത്വമുള്ള, ഫാസിസ്റ്റു ശൈലി സ്വീകരിക്കുന്ന, രാജ്യത്തു സര്‍വ്വാധിപത്യം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു ഗവണ്‍മെന്റാണ്. അവര്‍ക്ക് എല്ലാം പിടിച്ചെടുക്കുക എന്നുള്ളതാണ്. കോണ്‍ഗ്രസ്സിനെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യം. പല നേതാക്കളും പാര്‍ട്ടി വിട്ടുപോകുന്നതിനെക്കുറിച്ച് എല്ലാവരും പറയാറുണ്ട്. അതിന്റെ ഒരു കാരണം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള സമ്മര്‍ദ്ദമാണ്. ഇ.ഡി, സി.ബി.ഐ പോലുള്ള ഏജന്‍സികളെ ഉപയോഗിച്ച് ദീര്‍ഘകാലമായി രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന നേതാക്കന്മാരെ ഭീഷണിപ്പെടുത്തുന്നു. രണ്ട്, അധികാരം വാഗ്ദാനം ചെയ്യുന്നു. എന്തുകൊണ്ടാണ് കോണ്‍ഗ്രസ്സ് മുക്ത ഭാരതം ലക്ഷ്യമാക്കുന്നത്. കോണ്‍ഗ്രസ്സിനെ ഇല്ലായ്മ ചെയ്യുക. കാരണം, അവര്‍ക്കറിയാം കോണ്‍ഗ്രസ്സ് എന്നും ഏറ്റവും ശക്തമായ ഭീഷണിയാണ് ബി.ജെ.പിക്ക്. എപ്പോള്‍ വേണമെങ്കിലും കോണ്‍ഗ്രസ്സിനു തിരിച്ചുവരാന്‍ കഴിയും. ഇന്ത്യയിലെ മുഴുവന്‍ മതേതരശക്തികളേയും യോജിപ്പിക്കാന്‍ കഴിയുന്ന ഏക പ്രസ്ഥാനം കോണ്‍ഗ്രസ്സാണ്. അതുകൊണ്ട് കോണ്‍ഗ്രസ്സിനെ ഇല്ലായ്മ ചെയ്യുക, രാഹുല്‍ ഗാന്ധിയെ വളരെ മോശക്കാരനായി ചിത്രീകരിക്കുക, ഒന്നിനും കൊള്ളാത്തവനാണെന്നു പ്രചരിപ്പിക്കുക. രാഹുല്‍ ഗാന്ധിയുമായി വളരെ അടുത്തു പ്രവര്‍ത്തിച്ച അനുഭവത്തില്‍നിന്ന് എനിക്കു പറയാന്‍ കഴിയും, അദ്ദേഹം വളരെ ആദര്‍ശശുദ്ധിയുള്ള നേതാവാണ്. വ്യക്തിപരമായി മൂല്യങ്ങളും ആശയങ്ങളും ആദര്‍ശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ്. മാത്രവുമല്ല, ലക്ഷ്യബോധമുണ്ട്, നന്മയുള്ള മനസ്സിന്റെ ഉടമയാണ്. ഇങ്ങനെയുള്ള രാഹുല്‍ ഗാന്ധി ഒരു സ്ഥലത്തും അഴിമതി കാണിക്കുകയോ വ്യക്തിപരമായി സമ്പത്ത് ഉണ്ടാക്കുകയോ ചെയ്യാത്തപ്പോഴും ഏറ്റവും മോശക്കാരനാക്കി ചിത്രീകരിക്കുന്നത് ബി.ജെ.പിയുടെ തന്ത്രമാണ്. അതില്‍ അവര്‍ വിജയിച്ചിട്ടുമുണ്ട്. ഭരണത്തിന്റെ മിഷനറി ഉപയോഗിച്ച് ആര്‍.എസ്.എസ്സും ബി.ജെ.പിയും ചെയ്യുന്ന ഒരു പ്രവര്‍ത്തനത്തിന്റെ ഫലമാണത്. അപ്പോള്‍, നമ്മളിവിടെ ചെയ്യേണ്ടത് കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തണം. രാഹുല്‍ ഗാന്ധി ചുമതല ഏറ്റെടുക്കണം. സോണിയ ഗാന്ധിക്കു വയ്യ. അദ്ദേഹം പ്രസിഡന്റായി ഇന്ത്യയിലെ മതേതര കക്ഷികളെ മുഴുവന്‍ ഒന്നിപ്പിക്കണം. ആര് പ്രധാനമന്ത്രി എന്നതൊക്കെ പിന്നത്തെ കാര്യം. 2024-ലെ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു നിന്നാല്‍ 2024-ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ ഇപ്പോഴും താഴെയിറക്കാന്‍ കഴിയും. ആ ഒരു ദൗത്യമാണ് നിറവേറ്റേണ്ടത്. അതിനു കോണ്‍ഗ്രസ്സ് കുറേക്കൂടി ശക്തിപ്പെടണം, ജാഗ്രത കാണിക്കണം, എല്ലാവരേയും കൂട്ടി യോജിപ്പിക്കണം.
 

എകെ ആന്റണി
എകെ ആന്റണി

വി.ഡി. സതീശന്റെ നിയമസഭയിലെ രീതികളും കെ. സുധാകരന്റെ സംഘടനാ ശൈലിയും കേരളത്തില്‍ കോണ്‍ഗ്രസ്സിനേയും യു.ഡി.എഫിനേയും തിരിച്ചുകൊണ്ടുവരാന്‍ പര്യാപ്തമാണോ? 

എന്റെ അഭിപ്രായത്തില്‍ അവര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്, അവരെക്കൊണ്ടു കഴിയാവുന്നത് അവര്‍ ചെയ്യുന്നുണ്ട്. എല്ലാവരും കൂടെക്കൂടണം. ഉദാഹരണം, തൃക്കാക്കര തെരഞ്ഞെടുപ്പ്. അത് യു.ഡി.എഫിന്റെ കോട്ട തന്നെയാണ്. വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച സ്ഥലമാണ്. അവിടെ ഇപ്പോള്‍ ഇത്ര വലിയ ജയമുണ്ടായതിനു കാരണം എല്ലാവരും ഒറ്റക്കെട്ടായി നിന്നതാണ്. യു.ഡി.എഫിന് ഇപ്പോഴും കേരളത്തില്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ട്. വേണ്ടത് കൂട്ടായ പ്രവര്‍ത്തനമാണ്. ആ കൂട്ടായ പ്രവര്‍ത്തനത്തിനു മുന്‍കൈയെടുക്കേണ്ടത് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമാണ്. അങ്ങനെയൊരു പ്രവര്‍ത്തനത്തിനു നേതൃത്വം കൊടുത്താല്‍, ഒരു സംശയവുമില്ല തിരിച്ചുവരവു സാധിക്കും.

യു.ഡി.എഫ് വിപുലീകരിക്കുകയാണോ അതോ നിലവിലെ യു.ഡി.എഫ് തകരാതെ സംരക്ഷിക്കുകയാണോ അടുത്ത നാലു വര്‍ഷത്തെ മുഖ്യ സംഘടനാ ദൗത്യം? 

രണ്ടും ആവശ്യമാണ്. യു.ഡി.എഫ് എന്നത് കേരളത്തിലെ ജനങ്ങളുടെ വലിയ പ്രാതിനിധ്യമുള്ള മുന്നണിയാണ്. അവിടെ, യു.ഡി.എഫുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു ജനസമൂഹമുണ്ട്. അവരുടെ പിന്തുണ കൂടുതല്‍ ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. പല കാരണങ്ങള്‍കൊണ്ട് വിട്ടുപോയവരുണ്ട്. അവരെയൊക്കെ തിരിച്ചുകൊണ്ടുവരണം. ഞാന്‍ ഏതെങ്കിലും പാര്‍ട്ടിയെപ്പറ്റിയല്ല പറയുന്നത്. യു.ഡി.എഫിനോട് ആഭിമുഖ്യമുള്ള ജനസമൂഹത്തിന്റെ പിന്തുണ കൂടുതല്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും ആര്‍ജ്ജിക്കണം. രണ്ട്, യു.ഡി.എഫ് കൂടുതല്‍ അത്തരത്തിലുള്ള പരിപാടികള്‍ക്കും പദ്ധതികള്‍ക്കും രൂപം കൊടുക്കണം. നരേന്ദ്ര മോദി ചെയ്യുന്ന അതേ ശൈലിയിലാണ് ഇവിടെ പിണറായി വിജയനും ചെയ്തുകൊണ്ടിരിക്കുന്നത്. എതിരാളികളെ നിശ്ശബ്ദരാക്കുക, അധികാരം ഉപയോഗിച്ച് എന്തും കൊടുത്ത് അവരെ വശത്താക്കുക. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ നടക്കുന്നത് ഒരു കമ്യൂണിസ്റ്റു ഭരണമല്ല, ഫാസിസ്റ്റ് ഏകാധിപത്യ ശൈലിയിലുള്ള ഭരണമാണ്. ഇവിടെ മുഖ്യമന്ത്രി മന്ത്രിമാരെയൊന്നും കണക്കാക്കുന്നു പോലുമില്ല. അധികാരം ഉപയോഗിച്ച് എല്ലാവരേയും കൂടെ നിര്‍ത്തുക എന്ന ശൈലിയാണ് മുഖ്യമന്ത്രിയുടേത്. അതിനു സമ്പന്ന ശക്തികളുടേയും കോര്‍പ്പറേറ്റുകളുടേയും പിന്തുണ അദ്ദേഹത്തിനു ലഭിക്കുന്നുമുണ്ട്. ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റായി അദ്ദേഹം മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നില്ല. യു.ഡി.എഫ് ചെയ്യേണ്ടത് സ്വന്തം ജനകീയ അടിത്തറ കൂടുതല്‍ ബലപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണം. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ചില ആശങ്കകള്‍ ഉണ്ടായിട്ടുണ്ട്. അതു പരിഹരിക്കപ്പെടണം. പൊതുസമൂഹത്തിനു മുന്നില്‍ നമ്മളെ സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടു നമുക്കു നല്‍കാന്‍ കഴിയണം. ഇങ്ങനെ കൂടുതല്‍ ജനപിന്തുണ വര്‍ദ്ധിപ്പിച്ചു മുന്നോട്ടു പോയാല്‍ തിരിച്ചുവരാന്‍ കഴിയും. 

യു.ഡി.എഫില്‍നിന്ന് ഏതെങ്കിലും പ്രധാന കക്ഷി പോകുമെന്ന ആശങ്കയുണ്ടോ? 

ഇല്ല, അങ്ങനെയൊരു ആശങ്കയില്ല. ആരും പോകുകയുമില്ല.

കോണ്‍ഗ്രസ്സാണ് യഥാര്‍ത്ഥ ഇടതുപക്ഷം എന്ന വാദം കോണ്‍ഗ്രസ്സില്‍നിന്ന് ഉയരുകയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ മറുപടി പറയുകയും ചെയ്തല്ലോ. കോണ്‍ഗ്രസ്സിന്റെ ആ വാദം എത്രത്തോളം വസ്തുതാപരമാണ്? 

ഇത്രയും കാലം ഇടതുപക്ഷം എന്നു പറഞ്ഞു നടന്നവര്‍ കോര്‍പ്പറേറ്റുകളുടേയും അതിസമ്പന്നരുടേയും താല്പര്യസംരക്ഷകരായി മാറി. അവരുടെ നയങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയുള്ളതായി മാറി. കോണ്‍ഗ്രസ്സ് കോണ്‍ഗ്രസ്സാണ്, സി.പി.എം സി.പി.എമ്മാണ്. അതില്‍ വ്യത്യാസമൊന്നുമില്ല. കോണ്‍ഗ്രസ്സിനു സി.പി.എമ്മാകാനും തിരിച്ചും കഴിയില്ല. പിന്നെ ഈ പാര്‍ട്ടികള്‍ ഉണ്ടാകില്ല. ഓരോ പാര്‍ട്ടിക്കും അതിന്റേതായ സ്വത്വമുണ്ട്. അതില്‍നിന്നു വ്യത്യസ്തമായി പോകാന്‍ കഴിയില്ല. ഞങ്ങള്‍ ചിന്തന്‍ ശിബിരിലും അല്ലാതെയും പറഞ്ഞത്, കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ തന്നെ ഇല്ലാതായിരിക്കുന്നു എന്നാണ്. അവര്‍ ഇപ്പോള്‍ മൂലധനശക്തികളുടെ വക്താക്കളായി മാറുന്നു.

ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി

കെ. കരുണാകരനെപ്പോലെ കോണ്‍ഗ്രസ്സിലെ ഏറ്റവും പ്രതാപവാനായിരുന്ന നേതാവ് കൈപിടിച്ചു കൊണ്ടുവന്ന താങ്കള്‍ പിന്നീട് അദ്ദേഹത്തിനെതിരായ പരസ്യ പ്രവര്‍ത്തനങ്ങളെ നയിച്ചതില്‍ പശ്ചാത്തപിക്കുന്നതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞല്ലോ. ആരുടെയെങ്കിലും പ്രേരണയോ ആരോടെങ്കിലുമുള്ള വ്യക്തിവിരോധമോ ആണോ തിരുത്തല്‍വാദത്തിനു കാരണമായത്? 

അന്ന് ഒരു പ്രത്യേക സാഹചര്യത്തിലാണ് എനിക്കും ജി. കാര്‍ത്തികേയനും എം.ഐ. ഷാനവാസിനും ഒരു പ്രത്യേക നിലപാട് പരസ്യമായി എടുക്കേണ്ടിവന്നത്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അത് അവസാനിപ്പിക്കുകയും ചെയ്തു. വ്യക്തിപരമായി ഞാന്‍ അന്നും ലീഡറോട് ബഹുമാനം നിലനിര്‍ത്തിയിരുന്നു. ഒരു സംശയവുമില്ല. എന്റെ വളര്‍ച്ചയില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ചില തീരുമാനങ്ങളോട് എതിര്‍പ്പുണ്ടായി എന്നതു ശരിയാണ്. അല്ലാതെ ഞങ്ങള്‍ക്ക് ലീഡറോട് വ്യക്തിപരമായി ഒരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. വ്യക്തിപരമായി അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിട്ടുമില്ല. അദ്ദേഹം സ്വീകരിച്ച ചില നടപടികളോട് ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. പക്ഷേ, പില്‍ക്കാലത്ത് അത് അവസാനിപ്പിച്ച് ഞങ്ങള്‍ ലീഡറോടൊപ്പം ചേരുക തന്നെയാണ് ചെയ്തത്. വ്യക്തിപരമായി പറഞ്ഞാല്‍, അന്ന് ലീഡര്‍ക്കെതിരായ നിലപാടെടുത്തതില്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്ന ആളാണ് ഞാന്‍. ഇന്നിപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലെ പല നേതാക്കളേയും വച്ചു പരിശോധിക്കുമ്പോള്‍ കെ. കരുണാകരന്‍ എത്രയോ മഹാനാണ് എന്നു വിലയിരുത്താന്‍ കഴിയും. അതുകൊണ്ടാണ് എന്റെ പശ്ചാത്താപം തുറന്നു പറഞ്ഞത്. തന്നെയുമല്ല കെ. മുരളീധരനുമായി നല്ല ബന്ധത്തിലുമാണ് ഞാന്‍ ഇപ്പോള്‍. ഗുരുവായൂരില്‍ ഒരു ചടങ്ങില്‍ വച്ച് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. ഞങ്ങള്‍ എല്ലാ കാര്യങ്ങളും പരസ്പരം ആലോചിച്ചാണ് ചെയ്യുന്നത്. ഇനിയൊരു ആവശ്യമില്ലാത്ത തര്‍ക്കമോ വഴക്കോ പരിഭവമോ പിണക്കമോ ഉണ്ടാകരുത് എന്ന ധാരണയിലാണ് ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത്. 

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ ഇടപെടലുകള്‍ വേണ്ടവിധം രാഷ്ട്രീയമായി കരുത്തുള്ളതാണോ? 

വിഷയങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ ഇടപെടല്‍ നടത്തുന്നുണ്ട്. നിയമസഭാംഗം എന്ന നിലയില്‍ ഞാനും അതിന്റെ ഭാഗമാണ്. ചെയ്യാവുന്ന കാര്യങ്ങളൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണ്.

കെ കരുണാകരൻ
കെ കരുണാകരൻ

സംഘപരിവാറിനെതിരെ ശക്തമായ നിലപാടെടുത്തിട്ടും താങ്കളൊരു മൃദു ആര്‍.എസ്.എസ് ലൈന്‍ ഉള്ളയാളാണ് എന്ന പേരുദോഷം മാറാത്തത് എന്തുകൊണ്ടാണ്? 

ഞാന്‍ 1982-ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാലം മുതല്‍ സി.പി.എം നടത്തുന്ന പ്രചാരണമാണ് അത്. അവര്‍ എന്നെയൊരു ശക്തനായ എതിരാളിയായി കാണുന്നതുകൊണ്ട് എപ്പോഴും ചെയ്യുന്ന ഒരു പ്രവര്‍ത്തനമാണ് അത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ്, 17 വര്‍ഷം മുന്‍പു മരിച്ചുപോയ, തികഞ്ഞ കോണ്‍ഗ്രസ്സുകാരനായിരുന്ന, അദ്ധ്യാപകനായിരുന്ന എന്റെ അച്ഛന്റെ ഓര്‍മ്മകളെപ്പോലും മോശമാക്കാന്‍ ശ്രമിച്ചവരാണ്. ഞാന്‍ മുന്നില്‍നിന്നു നയിക്കുമ്പോള്‍ എന്റെ വിശ്വാസ്യത തകര്‍ക്കാന്‍ മത ന്യൂനപക്ഷങ്ങള്‍ക്കിടയിലും മതേതരവാദികള്‍ക്കിടയിലും എന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ചെയ്യുന്ന പ്രചരണമാണ്. ഞാന്‍ പണ്ട് കോട്ടയത്തു നിന്ന് ലോക്സഭയിലേക്കു മത്സരിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇവരെല്ലാം ബി.ജെ.പിയില്‍ പോകുന്ന എം.പിമാരാണ് എന്നാണ്. അതെല്ലാ കാലത്തും അവര്‍ പറയും. തിരിച്ച് നമ്മള്‍ എന്താണ് എന്ന് എല്ലാ ദിവസവും പറഞ്ഞുകൊണ്ടു നടക്കേണ്ട കാര്യമില്ലല്ലോ. ഒരു കാര്യം മനസ്സിലാക്കണം. അമ്പലത്തില്‍ പോകുന്നവരെല്ലാം ബി.ജെ.പിയാണോ? അങ്ങനെ ചിത്രീകരിക്കുന്നത് ബി.ജെ.പിക്കു ഗുണമാണ്, അവര്‍ ആഗ്രഹിക്കുന്നത് അതാണ്. അമ്പലത്തില്‍ പോകുന്നവരും ചന്ദനക്കുറി തൊടുന്നവരുമെല്ലാം ബി.ജെ.പിയാണെന്നു വരുത്താന്‍ ശ്രമിച്ച് ബി.ജെ.പിയുടെ പാളയത്തിലേക്ക് എത്തിക്കുക എന്ന ജോലിയാണ് സി.പി.എം ചെയ്യുന്നത്. തെറ്റായ പ്രവര്‍ത്തനമാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഞാന്‍ നരേന്ദ്ര മോദിയുടെ ഹിന്ദുവല്ല എന്നു മുന്‍പും പറഞ്ഞതാണ്. ഞാന്‍ മഹാത്മാഗാന്ധിയുടെ ഹിന്ദുവാണ്. എല്ലാ മതങ്ങളേയും എല്ലാ മതവിശ്വാസങ്ങളേയും ഒരുമിപ്പിച്ചു നിര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ളതാണ് ഗാന്ധിജിയുടെ ഹിന്ദു. എല്ലാവരുടേയും വിശ്വാസപരമായ അവകാശങ്ങളെ തുല്യനിലയില്‍ കാണുകയോ ഒരുപക്ഷേ, മറ്റുള്ളവരുടെ വിശ്വാസങ്ങളെ കൂടുതല്‍ ബഹുമാനിക്കുകയോ ചെയ്യുന്നതാണ് ഗാന്ധിജി സ്വീകരിച്ചിരുന്ന രീതി. ആ ഹിന്ദുവാണ് ഞാന്‍. വ്യക്തിപരമായി എന്നെ ഏറ്റവും ആക്രമിച്ചിട്ടുള്ളത് സി.പി.എമ്മാണ്. അവര്‍ക്കെതിരായി ഞാന്‍ ഏറ്റവും ശക്തമായി നിലപാടെടുക്കുന്നതാണ് കാരണം. എനിക്ക് അവരുടെ സര്‍ട്ടിഫിക്കേറ്റൊന്നും വേണ്ട. ദേശാഭിമാനി നിങ്ങള്‍ക്കെതിരെ എഴുതിയാല്‍ അതൊരു ക്രെഡിറ്റായി കണക്കാക്കണം എന്നും നന്നായി എഴുതിയാല്‍ നിങ്ങള്‍ക്കെന്തോ ദോഷമുണ്ട് എന്നു കാണണം എന്നും പണ്ട് ലീഡര്‍ പറഞ്ഞിട്ടുണ്ട്. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുമായി ആ കാര്യത്തില്‍ ഒരുതരത്തിലുള്ള കോംപ്രമൈസിനും ഞാനില്ല.

ഇനിയൊരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ഊഴമുണ്ടോ. അതോ മറ്റു ചിലരായിരിക്കുമോ 2026-ലെ ഫ്രണ്ട് റണ്ണേഴ്‌സ്? 

സീ, ഒരു കാര്യം പറയാം. ഞാന്‍ സജീവമായി രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന ഒരാളാണ്. കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി എന്റെ എല്ലാ കഴിവുകളും ഞാന്‍ ഇപ്പോഴും എപ്പോഴും വിനിയോഗിച്ചുകൊണ്ടിരിക്കും. കുട്ടിക്കാലം മുതല്‍ ഞാനൊരു കോണ്‍ഗ്രസ്സുകാരനാണ്; ഞാന്‍ നാളെ എന്തു ചെയ്യണം എന്നു തീരുമാനിക്കേണ്ടത് എന്റെ പാര്‍ട്ടിയാണ്. ഒരു സ്ഥാനവും കിട്ടിയില്ലെങ്കിലും ഈ പാര്‍ട്ടിക്കുവേണ്ടി നിലകൊള്ളുന്ന ഒരാളായിരിക്കും ഞാന്‍. 2026-ന് ഇനിയും സമയമുണ്ടല്ലോ. 

നരേന്ദ്ര മോദി
നരേന്ദ്ര മോദി

രണ്ടു മതന്യൂനപക്ഷ സമുദായങ്ങളെ തമ്മില്‍ അകറ്റി ഒരു വിഭാഗത്തെ കൂടെ നിര്‍ത്തുന്ന ഒരു രാഷ്ട്രീയതന്ത്രം സമീപകാലത്ത് സംഘപരിവാര്‍ ആസൂത്രിതമായി നടപ്പാക്കുന്നു എന്ന പ്രതീതി ശക്തമാണ്. വേണ്ടവിധം തുറന്നുകാട്ടപ്പെട്ടിട്ടില്ലാത്ത രാഷ്ട്രീയ നീക്കമാണിത്. എങ്ങനെ കാണുന്നു അതിനെ? 

വളരെ അപകടകരമായ ഒരു രാഷ്ട്രീയമാണ്. ഇക്കാര്യത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും ഒരു റോള്‍ വഹിക്കുന്നുണ്ട് എന്നതാണ് നിര്‍ഭാഗ്യകരമായ ഒരു കാര്യം. ക്രിസ്ത്യാനികളേയും മുസ്ലിങ്ങളേയും തമ്മില്‍ അകറ്റുക, തമ്മില്‍ അടിപ്പിക്കുക, തമ്മില്‍ സോഷ്യല്‍ മീഡിയയിലൂടെ ചെളിവാരി എറിയുക; അതിന്റകത്ത് ഗവണ്‍മെന്റിന്റെ, പ്രത്യേകിച്ചു മുഖ്യമന്ത്രിയുടെ റോള്‍ സംശയരഹിതമാണ്. ഇതുണ്ടാക്കുന്ന സംഘര്‍ഷം ചെറുതല്ല. ചെറിയ കാര്യങ്ങളില്‍പ്പോലും മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ വലിയ അകല്‍ച്ച അനുഭവപ്പെടുന്നു. ആദ്യം തുടങ്ങിവച്ചത് സി.പി.എമ്മാണ്, മുഖ്യമന്ത്രിയാണ്. അതുകഴിഞ്ഞ് അത് ബി.ജെ.പി ഏറ്റെടുത്തു. അതിന്റെ ഫലമായി ഇന്ന് ഈ സമുദായങ്ങള്‍ തമ്മില്‍ വലിയ അകല്‍ച്ചയിലാണ്. ചെറിയ കാര്യങ്ങള്‍ക്കു പോലും വലിയ അകല്‍ച്ചയിലാണ്; പ്രായോഗികമായി നമ്മള്‍ ഓരോ സ്ഥലത്തു ചെല്ലുമ്പോഴാണ് അറിയാന്‍ കഴിയുന്നത്. കേരളത്തിന്റെ മതേതരത്വത്തിന് ആപല്‍ക്കരമായ പ്രവണതയാണ് ഇത്. രാഷ്ട്രീയത്തിന് അതീതമായി, നമ്മളൊക്കെത്തന്നെ ഈ നാട്ടില്‍ ജീവിക്കുന്നവരാണ്. വിവിധ ജാതിയിലും മതത്തിലും പെട്ടവര്‍ ഒരുമിച്ചു ജീവിക്കുന്നതാണ്. പക്ഷേ, വളരെ സ്ഫോടനാത്മകമായ ഒരു അവസ്ഥയിലേക്ക് കേരളം എത്തുകയാണ്. 

ഈ അപകടകരമായ സാഹചര്യം ഇല്ലാതാക്കാന്‍ ഈ വിഭാഗങ്ങളുടെ വലിയ പ്രാതിനിധ്യമുള്ള യു.ഡി.എഫിനും കോണ്‍ഗ്രസ്സിനും എന്താണു ചെയ്യാന്‍ കഴിയുക? 

ഞങ്ങള്‍ ചെയ്യുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ത്തന്നെ ഞങ്ങള്‍ എല്ലാവരുമായും സംസാരിച്ചു. മുസ്ലിം ലീഗ് നേതാക്കളും ബിഷപ്പുമാരുമായി സംസാരിപ്പിച്ചു. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ഞങ്ങള്‍ വലിയ ശ്രമം നടത്തുന്നുണ്ട്. പക്ഷേ, ഒരുഭാഗത്ത് മുഖ്യമന്ത്രി ഇതിനെ വര്‍ദ്ധിപ്പിക്കുകയാണ്. 

പിണറായി വിജയൻ
പിണറായി വിജയൻ

ഏതുരീതിയിലാണ് മുഖ്യമന്ത്രി അതു ചെയ്യുന്നത്? 

ഭരണപരമായ എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി അതു വളരെ ചെയ്യുന്നുണ്ട്. അതുപോലെതന്നെ ആര്‍.എസ്.എസ്സുകാരും. നമ്മള്‍ കാണേണ്ട ഒരു കാര്യം, ബി.ജെ.പിയുടെ ലക്ഷ്യമെന്താണ്? കോണ്‍ഗ്രസ്സ് മുക്ത ഭാരതം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 69 സീറ്റുകളില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ ഗണ്യമായി കുറഞ്ഞു. ആ വോട്ട് പോയതു സി.പി.എമ്മിനാണ്. ദേശീയ നേതൃത്വം അറിഞ്ഞുകൊണ്ടു ചെയ്ത പ്രവര്‍ത്തനമാണ്. കാരണം, ഇനിയൊരു കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ല, ഒരു ഗവണ്‍മെന്റ് ഉണ്ടാകാന്‍ പാടില്ല. സി.പി.എം വന്നാല്‍ അവര്‍ക്കു പ്രശ്‌നമില്ല; ഒരു ഭീഷണിയല്ലല്ലോ. അതു കണ്ടുകൊണ്ട് അവര്‍ ഈ വോട്ട് മറിച്ചുകൊടുക്കുകയാണ് ചെയ്തത്. 69 സീറ്റുകളില്‍ ബി.ജെ.പി വോട്ട് സി.പി.എമ്മിനു മറിച്ചുകൊടുത്തു. രണ്ട്, സ്വര്‍ണ്ണക്കള്ളക്കടത്തു കേസ് തെരഞ്ഞെടുപ്പിനു മുന്‍പ് അതിന്റെ മൂര്‍ധന്യത്തിലായിരുന്നു. പക്ഷേ, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കംപ്ലീറ്റ് ഡൗണായി. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യും എന്നുവരെ വാര്‍ത്തകളുണ്ടായിരുന്നു. ഒന്നുമുണ്ടായില്ല. കേന്ദ്രം അതു താഴോട്ടു കൊണ്ടുവന്നു. ഇത് അവര്‍ തമ്മിലുള്ള ധാരണയാണ്. സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അന്ന് മുഖ്യമന്ത്രിയെ വരെ ചോദ്യം ചെയ്യേണ്ട കേസില്‍ ഒന്നും സംഭവിച്ചില്ല. സി.പി.എം ഗവണ്‍മെന്റ് വരണം എന്നായിരുന്നു അവരുടെ ആഗ്രഹം. യു.ഡി.എഫ് ഗവണ്‍മെന്റ് വരരുത്. ഞങ്ങളായിരുന്നു ഭരണത്തിലെങ്കില്‍ മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്തു ജയിലിലിടുക വരെ ചെയ്‌തേനേ, ബി.ജെ.പി. പിണറായി വിജയനാണ് അവര്‍ക്ക് കണ്‍വീനിയന്റ് ആയ മുഖ്യമന്ത്രി. ആ രാഷ്ട്രീയമാണ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് ഭരണമായിരുന്നെങ്കില്‍ ഇവിടെ യു.ഡി.എഫ് ഗവണ്‍മെന്റുണ്ടാകുമായിരുന്നു. സാഹചര്യം വേറെയാകുമായിരുന്നു. യു.ഡി.എഫ് കേരളത്തില്‍ അധികാരത്തില്‍ വന്നതെല്ലാം കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് അധികാരത്തിലിരിക്കുമ്പോഴാണ്; ഉമ്മന്‍ ചാണ്ടി വരെ. നമ്മുടെ ഈ കാലഘട്ടത്തില്‍ മാത്രമാണ് കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ ഇല്ലാതെ പോയത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് അധികാരത്തിലുണ്ടെങ്കില്‍ ഇവിടുത്തെ സാഹചര്യം മുഴുവന്‍ മാറും. അങ്ങനെ ഒരു അവസ്ഥകൂടി വന്നുചേര്‍ന്നത് നമുക്കൊരു പ്രശ്‌നമായി. കോണ്‍ഗ്രസ്സ് മുക്തഭാരതം എന്ന ബി.ജെ.പിയുടേയും ആര്‍.എസ്.എസ്സിന്റേയും ലൈന്‍ യഥാര്‍ത്ഥത്തില്‍ നടപ്പായത് ഇവിടെയാണ്. ഈ ആം ആദ്മി പഞ്ചാബില്‍ ജയിച്ചോട്ടെ എന്ന് ബി.ജെ.പി കരുതുന്നത് എന്തുകൊണ്ടാണ്? കോണ്‍ഗ്രസ്സ് തോല്‍ക്കാന്‍ വേണ്ടിയാണ്. ഡല്‍ഹിയിലും അതുതന്നെയാണ്. അതുപോലെ കോണ്‍ഗ്രസ്സിനെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി ഇവിടെ സി.പി.എം ജയിച്ചോട്ടെ എന്നും വിചാരിച്ചു. ആര്‍.എസ്.എസ്സിന്റെ തിങ്ക്ടാങ്ക് എടുത്ത നടപടിയാണ്. ആ പൊളിറ്റിക്കല്‍ ലൈന്‍ അവരെ ഹെല്‍പ്പ് ചെയ്തു. അല്ലെങ്കില്‍ 10000 വോട്ടുകള്‍ 33 സീറ്റുകളില്‍ മാറുമ്പോള്‍ ഗവണ്‍മെന്റ് വേറെയല്ലേ. പിണറായി വിജയന്‍ മോദി എന്നൊരു പേരുപോലും പറയാറില്ലല്ലോ, അമിത് ഷായുടെ പേരും പറയാറില്ല. മതന്യൂനപക്ഷങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ഇപ്പോള്‍ ആര്‍.എസ്.എസ്സും സി.പി.എമ്മുമായി സംഘര്‍ഷമില്ലല്ലോ. എന്താ ഉണ്ടാകാത്തത്? അതൊരു ധാരണയാണ്. സംഘര്‍ഷം ഉണ്ടാകണമെന്നല്ല ഞാന്‍ പറയുന്നത്; രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. പക്ഷേ, അതൊരു രാഷ്ട്രീയ ധാരണയാണ്. ഇവര്‍ തമ്മിലുള്ള അന്തര്‍ധാര അത്ര ശക്തമാണ്. അതിന്റെ ഭാഗംകൂടിയാണ് സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നത്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com