കുറിച്യര്‍ക്കിടയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയതിന്റെ, പഴശ്ശിരാജാവിനെ സഹായിച്ചതിന്റെ, ഒളിപ്പോരിന്റെ അനേകം കഥകളുണ്ട്

ലോകത്തിലെ തന്നെ ഏറ്റവും വലിയ മാതൃദായക കൂട്ടുകുടുംബമാണ് കുറിച്യരുടേത്
കുറിച്യര്‍ക്കിടയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയതിന്റെ, പഴശ്ശിരാജാവിനെ സഹായിച്ചതിന്റെ, ഒളിപ്പോരിന്റെ അനേകം കഥകളുണ്ട്

യനാട്ടിലെ ഏറ്റവും പ്രബലമായ ഗോത്രമാണ് കുറിച്യര്‍. വയനാട് കൂടാതെ കണ്ണവം വനനിരയിലും ഈ ഗോത്രാംഗങ്ങള്‍ ഉണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മാതൃദായക കൂട്ടുകുടുംബമാണ് കുറിച്യരുടേത്. മിറ്റം എന്നു പേരുള്ള നാലുകെട്ട് മാതൃകയില്‍ പണിഞ്ഞ തറവാടുകളിലാണ് കുടുംബാംഗങ്ങള്‍ ഏറെയും താമസിക്കുന്നത്. തെക്കിനിയും വടക്കിനിയും കിഴക്കിനിയും പടിഞ്ഞാറ്റിനിയുമായുള്ള മനോഹര നാലുകെട്ട്. സ്വത്ത് വീതംവെയ്ക്കുന്ന രീതി ഇവര്‍ക്കിടയില്‍ ഇല്ലെന്നു വേണം പറയാന്‍. ഇന്നും ആ ഒരുമയാല്‍ തറവാടുകള്‍ നിലനിന്നു പോരുന്നു. ഒരു കുടുംബം വളര്‍ന്നു മിറ്റത്ത് താമസിക്കാനാകാത്ത അത്രയും അംഗങ്ങളായാല്‍ ആത്തറ, എരിപൊര എന്നീ സംഗതികള്‍ ഉണ്ടാക്കി കാരണോന്മാരുടേയും ഗോത്ര ദൈവങ്ങളുടേയും അംഗീകാരം വാങ്ങി അങ്ങോട്ടു മാറിത്താമസിക്കുന്നു. ആദ്യകാലങ്ങളില്‍ വിവാഹശേഷം വധു വരന്റെ അമ്മാവന്റെ വീട്ടിലേയ്ക്കു പോകുന്ന അത്യപൂര്‍വ്വമായ താമസ രീതിയാണുണ്ടായിരുന്നത് (Avunculocal Residence). മാതൃദായക കുടുംബമെങ്കിലും പുരുഷനു തന്നെയാണ് സര്‍വ്വാധിപത്യമെന്നു നമുക്കിതില്‍നിന്നും ബോധ്യമാകും. കുറിച്യ ഗോത്രം ഉപഗോത്രമായും ഉപഗോത്രത്തില്‍ പ്രധാനമായ വയനാടന്‍ കുറിച്യര്‍ ബന്ധു, പന്തി എന്നറിയപ്പെടുന്ന രണ്ട് വിഭാഗങ്ങളായും (Moieiy) മാറിയിരിക്കുന്നു. Dual Organisation അഥവാ ഇരട്ട സംഘങ്ങളായി മാറിയ ഇവയ്ക്കുള്ളില്‍ വീണ്ടും കുല പിരിവുകള്‍ (Clan) ഉണ്ട്. ബന്ധുക്കാര്‍ക്ക് പന്തിക്കാരെ മാത്രമേ വിവാഹം കഴിക്കാന്‍ കഴിയുകയുള്ളൂ. ബന്ധുവിനകത്തുള്ള കുലങ്ങളെല്ലാം സോദര കുലങ്ങള്‍ എന്നു വിശ്വസിക്കുന്നു. പന്തിയും അപ്രകാരം തന്നെ. ഓരോ കുലവും വീണ്ടും ഒന്നാം കൂറ്, രണ്ടാം കൂറ്, മൂന്നാം കൂറ് എന്നിങ്ങനെ മൂന്ന് താവഴികളായി (lineage) തിരിയുന്നു.
കുറിച്യരുടെ ഏറ്റവും വലിയ ദൈവമാണ് മലക്കാരി. പുള്ള്യാറന്‍ താചാവ്, പെറങ്കാലന്മാര്‍, പോത്യം അതിരാളന്മാര്‍ എന്നിങ്ങനെ അനവധി ദൈവങ്ങളുണ്ട്. കുറിച്യര്‍ക്കിടയില്‍ അസംഖ്യം പുരാവൃത്തങ്ങളുണ്ട്. മാവേലിക്കഥയും മുത്തപ്പന്‍ കഥയും മലക്കാരിക്കഥയുമുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയതിന്റെ, പഴശ്ശിരാജാവിനെ സഹായിച്ചതിന്റെ, ഒളിപ്പോരിന്റെ അനേകം കഥകളുമുണ്ട്. അവയില്‍ ചിലതാണ് ഇവിടെ തിരഞ്ഞെടുത്തിരിക്കുന്നത്. നാറാണപ്പാട്ട്, മരമായ പാട്ട്, കുംഭപ്പാട്ട്, തിറപ്പാട്ട് എന്നിവയിലൊക്കെ മാറിയും മറിഞ്ഞും ഈ പുരാവൃത്തങ്ങള്‍ കാണാം.

പൊന്നുമലക്കാരിയെന്ന ബില്ലന്‍ തൈവം 

പണ്ട് പണ്ട് തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ഭംഗീള്ള ചമിത്തറങ്ങളാല്‍ ചുറ്റപ്പെട്ടതായിരുന്നു നമ്മുടെ പൊന്നു പൂമി. ഒരിക്കല്‍, പൂമി നെടുകെ പിളര്‍ന്ന് പാതാളക്കോട്ടയില്‍ നിന്നും 24 അരചൂതരന്മാര്‍ പൊന്തിവന്നു. അരചൂതരന്മാരെന്നാല്‍ ആരാ? ഭയങ്കര വലിയ അസുരന്മാര്‍. അവര്‍ക്ക് വിശപ്പിന്റെ രോഗമുണ്ടായിരുന്നു. വിശന്നു ക്ഷീണിച്ച അവര്‍ മനുഷ്യനെ തിന്നാനായി ആര്‍ത്തിപൂണ്ട് ചുറ്റും നോക്കി. കിഴക്കും തെക്കും പടിഞ്ഞാറും വടക്കുമൊക്കെ അന്തമില്ലാത്ത ജലം പേറിയ കടല്‍ മാത്രം. എവിടെയും മനുഷ്യരില്ല. വിശപ്പാല്‍ ദേഷ്യം വന്നു അവര്‍ തെക്കുവടക്ക് നടന്നു. വടക്ക് നാലു പര്‍വ്വതങ്ങള്‍ കണ്ടു. മനുഷ്യരുടെ ദൈവങ്ങളുടെ ഇരിപ്പിടമായിരുന്നു അത്. ആ നാലു പര്‍വ്വതങ്ങളും തട്ടിയിളക്കി പപ്പടംപോലെ പൊടിച്ച് അരചൂതരന്മാര്‍ താഴെയിട്ടു.

ഇര തേടി പോകെപ്പോകെ അവരൊരു നായാട്ട് സഭ കണ്ടു. അസുരന്മാരാകട്ടെ, മൂന്നു ദിവസമായ് തങ്ങള്‍ക്ക് ഭക്ഷണം കിട്ടുന്നില്ലെന്നും പട്ടിണിയാല്‍ ഞങ്ങള്‍ മരിച്ചുപോകുമെന്നും വേട്ടക്കാരെ അറിയിച്ചു. വെറും 20 പേരുള്ള നായാട്ടുകാര്‍ക്കു കാര്യം മനസ്സിലായി. 

''അടെയ്ക്ക് നോക്കി'' അവര്‍ ദൂരെ മീന്‍ പിടിക്കുന്ന ആളുകളെ ചൂണ്ടിക്കാട്ടി. അവിടെ മീന്‍പിടുത്തക്കാര്‍ ഏറെയുണ്ടെന്നും അവിടേയ്ക്ക് ചെന്നാല്‍ ഭക്ഷണം കഴിക്കാമെന്നും അസുരന്മാരെ അറിയിച്ചു. 

അതിസൂത്രശാലികളായിരുന്നു മീന്‍പിടിത്തക്കാര്‍. അവര്‍ സത്യപ്പൊയിലില്‍ കളിച്ചുകൊണ്ടിരിക്കുന്ന കളിക്കുട്ടികളെ ചൂണ്ടിക്കാട്ടി

''720 പേരുണ്ട്. ങ്ങളെ പള്ള നിറയും'' എന്നു പറഞ്ഞു കൊതിപ്പിച്ച് കുട്ടികള്‍ക്കരികിലേയ്ക്ക് പറഞ്ഞയച്ചു. 

വിശന്നു വിശന്നു വിശപ്പിന്റെ അഞ്ചാംദിവസമായി വാപിളര്‍ന്ന് പുഴത്തീരത്തെത്തിയ അസുരന്മാരെ കളിക്കുട്ടികള്‍ കളിപറഞ്ഞു കാരണസഭയിലേയ്ക്ക് പറഞ്ഞയക്കുന്നു. കാരണവന്മാരാകട്ടെ, രാക്ഷസരെ കണ്ടു പേടിച്ചു. എന്തുചെയ്യുമെന്നു സഭകൂടി.

''ചീവോത്ച്ചിയമ്മ തന്നെ നമുക്ക് രക്ഷ.''

കാരണവന്മാര്‍ സൂത്രം പറഞ്ഞു അസുരരെ അവിടെനിന്നും ചീവോത്ച്ചിയമ്മയുടെ ചീവൊതിക്കോട്ടയിലേക്കും പറഞ്ഞയക്കുന്നു. 

''അരചൂതരോലെ അരചൂതരോലെ ഇങ്ങളെ വെശപ്പ് തീര്‍ക്കാന്‍ ചീവോതിക്കോട്ടയിലെ നാരായണനെ കണ്ട് വരം വാങ്ങിക്കോളീ'' എന്നു കാരണന്മാര്‍ പറഞ്ഞു. 

''അപ്പം ഞ്ങ്ങളെങ്ങനെ പോകും?''

''അതിനു വഴീണ്ട്. ഇന്നാ പിടിച്ചോ'' കാരണന്മാര്‍ അരചൂതരോല്‍ക്ക് പറക്കാന്‍ തങ്ങളുടെ തേര് നല്‍കുന്നു.

കാരണവന്മാര്‍ കൊടുത്ത നീലിന്തേരില്‍ അരചൂതരോല് ഒരു പറപറപ്പാണു. ആദ്യം മാകയിലം കോട്ട. മാകയിലം കോട്ടയെന്നാല്‍ പൂമീടെ മേല്ലോകമാണ്. പറക്കലെന്നു വെച്ചാ പെരുപറക്കലാണ്. 14 ലോകത്തിന്റെ തെരുവും കടന്ന് പറന്ന് ആ അരചൂതരോല്‍ന്മാര്‍ ചീവോതിക്കോട്ടയിലെ കരിങ്കല്ല് പടിവാതിലിലെത്തി.

''ചീവോത്ച്ചിയമ്മോ ബാതിലു തൊറന്നാളീ.''

വാതില്‍ തുറക്കുവാന്‍ ചീവോത്ച്ചിയമ്മയോട് അവര്‍ ആവശ്യപ്പെടുന്നു. അമ്മ അരചൂതരോല്‍ന്മാരെ കണ്ടു. കൊലകൊമ്പന്മാര്‍.

''അയ്യയ്യോ.'' 

അവരെക്കണ്ട് വാതില്‍ തുറക്കാന്‍ ചീവോത്ച്ചിയമ്മ ധൈര്യപ്പെടുന്നില്ല. ബുദ്ധിമതിയായ ചീവോത്ച്ചിയമ്മ ശക്തിയുള്ള ഒരു നാരായണന്‍ മാമുനിക്കോട്ടയിലുണ്ടെന്നു പറഞ്ഞ് അവരെ സമാശ്വസിപ്പിച്ച് മെല്ലെ പറഞ്ഞയച്ചു.

നാട്ടി പറിക്കുന്ന ചാച്ചാൽ (പ്രായമായ കുറിച്യ സ്ത്രീകളെ ബഹുമാനാർത്ഥം ചാച്ചി എന്നു വിളിക്കുന്നു) കൈയിൽ മെരടുമായി (ഒരു പിടി ഞാറ്) / ഫോട്ടോ: അജി കൊളോണിയ
നാട്ടി പറിക്കുന്ന ചാച്ചാൽ (പ്രായമായ കുറിച്യ സ്ത്രീകളെ ബഹുമാനാർത്ഥം ചാച്ചി എന്നു വിളിക്കുന്നു) കൈയിൽ മെരടുമായി (ഒരു പിടി ഞാറ്) / ഫോട്ടോ: അജി കൊളോണിയ

മാമുനിക്കോട്ട എന്റെ ദൈവമേ! കേറാന്‍ എന്തൊരു പ്രയാസമാണ്. 101 പടിയുള്ള കോണി കയറി വേണം അവിടെയെത്താന്‍. ഒരു കോണി കേറാന്‍ തന്നെ മൂന്ന് ദിവസമെടുത്തു. മുട്ടുകുത്തിയും കയ്യുകുത്തിയുമൊക്കെ കേറിയൊടുക്കം മാമുനിക്കോട്ടയുടെ അരചൂതരോല് നടുമുറ്റത്ത് എത്തിപ്പെട്ടു. അവിടെയും ഒരൊറ്റ മനുഷ്യനേയും കണ്ടില്ല. 

അവിടെ ഒരു വലിയ കണ്ണാടിച്ചില്ലു കണ്ടു. അതിലൂടെ നോക്കിയപ്പോള്‍ ഏഴര മാളികയില്‍ വേരുപിടിച്ചപോലെ മാമുനിയച്ഛന്‍ കിടന്നുറങ്ങുന്നത് കണ്ടു. ഒരു മേടം മുതല്‍ അടുത്ത മേടം വരെ ഒറ്റക്കൊല്ലം ഉറങ്ങുന്ന ആളാണ് മുനിയച്ഛന്‍. കോണി ഏച്ചു കെട്ടിയും ചില്ല് പൊട്ടിച്ചും വിശന്നു വലഞ്ഞ അരചൂതരോലോര്‍ മാമുനിയച്ഛന്റെ അടുത്തെത്താന്‍ പരിശ്രമങ്ങള്‍ തുടര്‍ന്നു. എന്നിട്ട് ഏഴുനാടും വിടര്‍ന്നുകിടക്കുന്ന മാമുനിയച്ഛന്റെ താടിയില്‍ തീയിട്ടു. മൂക്കിനു ചൂടുതട്ടിയപ്പോള്‍ മാമുനിയച്ഛന്‍ ഉണര്‍ന്നു. മാമുനിയച്ഛനോടവര്‍ കാര്യം പറഞ്ഞു. 

''ഞാള് ബച്ചണം കിട്ടാണ്ട് മരിക്കാനായി. പൈക്കുന്നു. നാരായണനെയൊന്നു കാണണം.''

''നാരായണന്‍ ഈട്ന്ന് ഉമ്മിയിറുമ്പും പോയ്യൂട്ട്.''

''ആയ്യോ കുഞ്ഞി ഇറുമ്പുകളെ മലേയിക്കോ?''

''ഉം'' -മുനിയച്ഛന്‍ തലയാട്ടി. പിന്നേം കൂര്‍ക്കം തൊടങ്ങി.

നാരായണന്‍ ഉമ്മിയിറുമ്പും കോട്ടയിലുണ്ടെന്നു കേട്ട് പിന്നെ അങ്ങോട്ടായി ചങ്ങായിമാരുടെ യാത്ര. എന്നാല്‍, അവര്‍ ചെന്നപ്പോളോ ഉമ്മിമലയുടെ ഏഴു കൊടുമുടികളും തീയ്യില്‍ കത്തിയമരുന്ന കാഴ്ച കണ്ടു. 24 എണ്ണവും ഉടുത്ത തോര്‍ത്തുമുണ്ട് പറിച്ചെടുത്ത് മലയിലേയ്ക്കു പാഞ്ഞുകയറി. ആ തോര്‍ത്തിട്ട് തീകെടുത്തി ഉറുമ്പുകളെ രക്ഷിച്ചു.

നന്ദിയുള്ള കുഞ്ഞി ഉറുമ്പുകള്‍ നാരായണനെ കാണേണ്ട വഴി പറഞ്ഞുകൊടുത്തു. 

''നാരായണന്‍ കലിത്തേര്പ്പോയീ.''

''കലി താമസിക്കുന്ന തെരുവ് എവ്ടാ?''

''അത് കപ്പിത്താന്‍ കോട്ടയില്.''

അരചൂതരോല് പിന്നെ വെച്ചുപിടിച്ച് പോയത് കലിയേയും കലിയുടെ മക്കളേയും കാണാന്‍ വേണ്ടിയായിരുന്നു. വടക്കന്‍ വാതില്‍ തുറന്ന് ആ ദുഷ്ടക്കലികള് അസുരരെ സ്വീകരിച്ചു. ആയിരം മൂടരി കഞ്ഞിയും വെച്ച് എല്ലാവരും പള്ള നെറച്ചും കുടിച്ചു. 

എല്ലാ ദുഷ്ടരും ചേര്‍ന്ന് അടുത്ത കലാപരിപാടി ആരംഭിച്ചു. 

''ചൂര്യനെ ബെടി വെയ്ക്കാം'' -എല്ലാര്‍ക്കും സന്തോഷമായി. സൂര്യനെ വെടിവെയ്ക്കാന്‍ നല്ല രസമായിരിക്കും.
അവര്‍ ഉദിച്ചുയരുന്ന ചൂരിയനെ വെടിവെക്കാന്‍ തീരുമാനിച്ചു. എമ്മാതിരി വെടി. പട പട പടാന്ന് വെടി. രാവിലെ ചൂരിയന്‍ കതിരിട്ട് വന്നതു മുതല്‍ വൈകിട്ട് കുളിക്കാന്‍ പോണവരെ വെടിപ്പരിപാടി തുടര്‍ന്നു.
ഒടുക്കം പാവം സൂര്യന്‍ വെടികൊണ്ട് വീണു. ചോരതിളച്ചു പൊന്തിപ്പരന്നു. സന്ധ്യയുണ്ടായി... 

കള്ളക്കലികള്‍ക്കു സന്തോഷമായി. അവര്‍ കണ്ണില്ലാ തോക്കു ചാരിവെച്ച് ഉറങ്ങി.

എന്നാല്‍, അവരാശിച്ചപോലെയായിരുന്നില്ല കാര്യങ്ങള്‍. ചൂരിയന്‍ പിറ്റേ ദിവസവും കുളി കഴിഞ്ഞ് പൊന്തി തേരില്‍ കേറാന്‍ തയ്യാറായി വന്നു. ഇതു കണ്ട് കലിപൂണ്ട കള്ളക്കലിക്കൂട്ടങ്ങള്‍ നിര്‍ത്താതെ വെടി തുടങ്ങി. 

''എണ്ണല്ലാ തോക്ക് ബലിച്ചോളീ.'' ഒരു കലി ഉത്തരവിട്ടു.

''കണ്ണില്ലാ ബെടിക്കോപ്പ് ബാരി നെറച്ചോളീ.''

''എടാ കള്ളചൂര്യാ നീയ്യ് ചാകണം. എന്നിറ്റ് ഞങ്ങക്ക് നാളെ ഉദിക്കണം.''

അവര്‍ സൂര്യനോട് വിളിച്ചുപറഞ്ഞു.

ഏഴുദിവസം തുടര്‍ച്ചയായ വെടിവെയ്പില്‍ എട്ടാം ദിവസമായപ്പോഴേയ്ക്കും ചൂരിയന്റെ നൂറ്റിയെട്ട് തേരുകളും നിന്നുപോയി. ആകാശത്തപ്പടി കട്ടവെടിപ്പൊക മാത്രം. സൂര്യന്‍ നിശ്ചലനായപ്പോള്‍ കാറ്റുമാത്രം ഉഷാറായി വീശി.

മാകയിലം കോട്ടയില്‍ പിന്നെയും പല നശിപ്പും സംഭവിച്ചു. ആദ്യമടിച്ച് കാറ്റും കല്പനയുമൊക്കെ നിന്നു. നൂറ്റിയെട്ടാളുടെ ചൂത് മറിഞ്ഞു. തൈവങ്ങളുടെ ചൂതും നിന്നു. സൂര്യനാവട്ടെ, എല്ലാ വഴികളുമടഞ്ഞ് നിശ്ചലനായി.

കരിമ്പിച്ചി തറവാട്ടിലെ കാർന്നോറായ വെള്ളൻ ചുരുളിയിൽ. ഇതും തിലാപ്പത്തിന്റെ ആചാര വേഷ ഭാ​ഗമാണ്
കരിമ്പിച്ചി തറവാട്ടിലെ കാർന്നോറായ വെള്ളൻ ചുരുളിയിൽ. ഇതും തിലാപ്പത്തിന്റെ ആചാര വേഷ ഭാ​ഗമാണ്

ഫലമോ, കീഴയിലം ആയ ഭൂമിലോകത്ത് നേരം വെളുക്കാതെയായി. ജനങ്ങള്‍ ഉറങ്ങിയുറങ്ങി മടുത്തു. പശുക്കള്‍ മേഞ്ഞും പക്ഷിപ്പറവകള്‍ പറക്കാതേയും മടുത്തു. പതിനെട്ട് ചൂതും നിന്നു. കളരിയൊക്കെ പൂട്ടി. ദൈവങ്ങളടക്കം കുടുങ്ങിപ്പോയി. ലോകം ഇരുട്ടില്‍, പുകയില്‍ ഭയാനകമായ ഭീതിയില്‍ വിറങ്ങലിച്ചങ്ങനെ നിന്നു.

ഇതെന്താണ് ലോകത്തിനിത്രയും നാശം സംഭവിച്ചതെന്ന് ആകുലപ്പെട്ട് തിരുവാവും കോട്ടയില്‍ നിന്നും പകവാട്ടിയമ്മ താച്ചാല്‍ കോട്ടയിലെ താച്ചാല്‍ പടച്ചവനെ ചെന്നു കാണുന്നു.

''ആഹാ ദാരാ ബന്നപ്പ? പകവാട്ടിയോ?'' എന്താ വന്നതെന്ന് പടച്ചവന്‍ വിശേഷം തിരക്കി.

''ഇങ്ങളറിഞ്ഞോ താച്ചാലെ?'' പകവാട്ടിയമ്മ പരാതിക്കെട്ടഴിച്ചു. മാകയിലം കോട്ടയ്ക്കു പറ്റിയതെന്താണെന്ന് ആദ്യം അന്വേഷിച്ചു.

''കത്തും കല്പനയും നിന്നോയി. ചൂര്യന്റെ എഴുന്നള്ളത്തും നിന്നോയി കാറ്റോട്ടവും നിന്നു. തേരു മുറിഞ്ഞു. നമ്മളിനി എന്തിയ്യും?''

ഈ ദുഷ്ടരെ ഇല്ലാതാക്കാന്‍ എന്തു പ്രതിവിധിയെന്ന് ഓര്‍ക്കെ താച്ചാല്‍ പടച്ചതമ്പിരാന്റെ വലത്തെക്കണ്ണില്‍നിന്നും ഒരു ദൈവം ജനിച്ച് പൊട്ടിത്തെറിച്ച് വീണു. വില്ലാളിവീരനായ പൊന്നുമലക്കാരിയായിരുന്നു അത്. ഈ വീരനു ദൈവം എല്ലാം നല്‍കി. നൂറ്റിയൊന്ന് ആചാരമര്യാദകള്‍, ബില്ലും ബില്ലുകാലും ആയുധങ്ങള്‍, ഉപദേശങ്ങള്‍, തലതൊട്ട് ഹൃദയപൂര്‍വ്വമുള്ള അനുഗ്രഹങ്ങള്‍. അങ്ങനെ പൊന്നു മലക്കാരി സുശക്തനായി.

''ബില്ലാളി ബീരാ പൊന്നു മലക്കാരി കീഴയിലം ആയ പൂമിയിലേക്ക് താണാള്'' -ഭൂമിയിലേയ്ക്കു പോയ്ക്കൊള്ളാന്‍ ദൈവം കല്പിച്ചു. കാലുതൊട്ടു വണങ്ങി തലതൊട്ടനുഗ്രഹം വാങ്ങി ഒറ്റപ്പോക്ക്.
പൊന്നുമലക്കാരി നേരെ തിരുവാവും കോട്ടയില്‍ ചെന്നു. പകവാട്ടിയമ്മയെ കണ്ടു. കപ്പിത്താന്‍ കോട്ടയില്‍ ജനിക്കയും പൂണ്ട് വിളയാടുകയും ചെയ്യുന്ന കണ്ണില്ലാക്കലികള്‍ കാരണം 101 സത്യവും മറഞ്ഞുപോകുന്നതായ് അമ്മ ഖേദിച്ചു. 

''ബില്ലാളി ബീരാ കപ്പിത്താന്‍ കോട്ട തട്ടിക്കാളീ.''

കോട്ട തകര്‍ക്കാനും ചൂരിയന്റെ ഉറച്ചുപോയ തേരിളക്കാനും പാതാളക്കോട്ടയിലെ അസുരന്മാരേയും കൂട്ടുകലികളേയും കൊന്ന് കടലിലാഴ്ത്താനും അമ്മ ആവശ്യപ്പെടുന്നു. നേരനുഗ്രഹവും ജാതകവും കൊടുത്ത് അമ്മ മലക്കാരിയെ പറഞ്ഞയക്കുന്നു.

തിരുവാവും കോട്ടയില്‍നിന്നിറങ്ങി ആതിത്തീയ്യത്തെരുവില്‍നിന്നും താണ് കലികളുടെ മുന്നിലെത്തുന്നു.
''നിന്ന്യാടാ ഞങ്ങള് കാത്തിരുന്നത്'' -കലികള്‍ അലറി.

''എന്തിനാടാ ചൂര്യനെ ബെടി വെച്ചത്?'' മലക്കാരി ക്ഷോഭിച്ചു.

''അതു ചോദിക്കാന്‍ നീയാരാ?'' കലികളുണ്ടോ വിട്ടുകൊടുക്കുന്നു.

പറഞ്ഞു പറഞ്ഞു തെറ്റി ഭയങ്കര വഴക്കായി. മലക്കാരി വില്ലെടുത്തു കലിയുടെ കണ്ണിനെയ്തു. ഒറ്റ വില്ലുകൊണ്ടുതന്നെ എല്ലാ കലികളുടേയും ഒറ്റക്കണ്ണ് മലക്കാരി എയ്തു തകര്‍ത്തു. ശേഷം ആ 24 അസുരരേയും തെക്കങ്കടലില്‍ മുക്കുകയും വില്ലുകൊണ്ട് അതിരിട്ട് അവര്‍ കടല്‍ മുറിച്ച് കടക്കാതിരിക്കാന്‍ മന്ത്രം ചെയ്യുകയും ചെയ്തു. 

ബില്ലന്‍ മലക്കാരിയുടെ ഒറ്റ ഊത്തില്‍ കട്ടയായ് കറുത്ത് പറ്റിയ വെടിപ്പുക ഇല്ലാതായി. തേരിളക്കി. ചൂര്യന്‍ വീണ്ടും ഉദിക്കാന്‍ തുടങ്ങി. പിന്നെ പൊന്നുമലക്കാരിയുടെ വിളയാട്ടായിരുന്നു. കീഴയിലം കോട്ട, തെക്കനാര്‍ കോട്ട, ബെള്ളിക്കാല് കോട്ട എല്ലാ കോട്ടയും കീഴടക്കി.

പിന്നെ ലോകത്തിന്റെ സകല തിന്മയ്ക്കും മലക്കാരി അറുതിവരുത്താനാരംഭിച്ചു. മലക്കാരി നോക്കുമ്പോ മുല്ലാട്ട് പന്തലില്‍ മനുഷ്യബലിക്കായ് 101 കുട്ടികളെ കൊണ്ടുവന്നതു കണ്ടു. ദേഷിച്ച് നിന്ന മലക്കാരി ആ കുട്ടികളുടെ ജീവന്‍ രക്ഷിച്ചു. കളിയാട്ടവും കാവിലമ്മയുടെ ക്രൂരമായ ഈ കുട്ടിപ്പയറ്റും മലക്കാരി നിര്‍ത്തിച്ചു. ബടക്കരുടെ നാടു പിടിച്ചടക്കി. കണ്ണില്ലാത്ത അസംഖ്യം പിശാചുക്കളെ അടക്കി. പാലായി ചുരത്തിലെ മണിക്കിണറിലെ നൂറ്റൊന്നു പത്തിത്തലയന്‍ വിഷസര്‍പ്പത്തെ അമ്പെയ്തു കൊന്നു. ലോകത്തെ നശിപ്പിക്കാന്‍ നിന്ന സകല ക്ഷുദ്രജീവികളേയും പിശാചുക്കളേയും വില്ലാളിവീരനായ പൊന്നു മലക്കാരി നശിപ്പിച്ചു. ലോകത്ത് നന്മ വിളയാടി.

കുംഭം- മീനം കാലത്ത് തെറ വരുമ്പോൾ പിടിക്കുന്ന 200 വർഷം പഴക്കമുള്ള പൂർവിക വാളും പരിശയുമായി വെള്ളൻ
കുംഭം- മീനം കാലത്ത് തെറ വരുമ്പോൾ പിടിക്കുന്ന 200 വർഷം പഴക്കമുള്ള പൂർവിക വാളും പരിശയുമായി വെള്ളൻ

താചാവും മലക്കാരിയും (മുക്കാനാടിന്റെ ഉല്പത്തി കുറിച്യ പുരാവൃത്തം)

പൊന്നുമലക്കാരി എല്ലാ ലോകവും സകല കോട്ടകളും കീഴടക്കിക്കഴിഞ്ഞു. എന്നിട്ടു സന്ന്യാസിയുടെ വേഷമിട്ട് ഒറ്റ നടത്തമാണ്. ഏഴു ബാണന്മാരെ കൊന്നുകളഞ്ഞ് സന്തോഷമായങ്ങനെ ഇരിക്കുകയാണ്. ബാണാത്രന്‍ കോട്ടയുടെ തിരുമിറ്റത്തിട്ട അതിമനോഹരമായ ചന്ദനപ്പലകയിലിരുന്ന് ലോകത്തെ കാണുകയാണ് മലക്കാരി. 

താന്‍ വെടിപ്പുകയൂതിക്കളഞ്ഞ് അരചൂതരന്മാര്‍മാരേയും പിശാചുക്കളേയും കടലിലമര്‍ത്തി. മനുഷ്യബലി നിര്‍ത്തിച്ചു. കുഞ്ഞുങ്ങളെ യുദ്ധത്തിനിറക്കുന്നതും നിര്‍ത്തിച്ചു. താന്‍ സമാധാനം നല്‍കിയ ലോകത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മലക്കാരി സമാധാനത്തോടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. 

ദൂരെ പുള്ള്യാറന്‍ താചാവും 70 കാര്യസ്ഥന്മാരും കുടികൊള്ളുന്ന കണ്ണോ തൊറക്കറ എന്ന കുന്നിന്റെ മണ്ട മലക്കാരി കണ്ടു. ഈ അരിക്കര പൊടിക്കളത്തിലുള്ള ഇഞ്ചിക്കൃഷി കണ്ടു. സൂക്ഷിച്ചു നോക്കുമ്പോഴതാ അതിഭയങ്കരനായ കുങ്കന്‍ പന്നി. ഇഞ്ചിക്കൃഷിയെ മുച്ചോടും നശിപ്പിച്ച് കൊമ്പുകുത്തി തിമിര്‍ക്കുകയാണത്. കൂമുള്ളക്കാട്ടിലെ ക്രൂരനായ പന്നി. 

വില്ലാളിവീരനായ മലക്കാരിക്കു സഹിക്ക്യോ? കൊടുത്തില്ല്യേ പണി. ബാണാത്രന്‍ കോട്ടയിലിരുന്നുതന്നെ ആദ്യത്തെ ശരം തൊടുത്തു. അതു പോയി കുത്തിനിന്ന സ്ഥലം അമ്പുകുത്തി മൈതാനം എന്ന് എന്നറിയപ്പെട്ടു.

എട്ടടിമാറി മലക്കാരി അടുത്ത ശരം തൊടുത്തു. കൃത്യം ഇടത്തേ കൈത്തോളിനു അമ്പേറ്റ് ഭീകരനായ കുങ്കന്‍പന്നി മലപോലെ ചെരിഞ്ഞുവീണു. ഈ സ്ഥലമാണ് അമ്പുകുത്തിയത്രെ.

മലക്കാരി പന്നിയെ വീഴ്ത്തിയത് പുള്ള്യാറന്‍ താചാവിനു അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല. ഇതു തന്റെ ഇടമാണെന്നും പന്നിയുടെ ഓഹരി വേണമെന്നും താചാവ് പറഞ്ഞു.

''ശരി ഒരോഹരി തരാം'' എന്ന് മലക്കാരി സമ്മതിച്ചു. 

എന്നാല്‍, അത് താചാവിനിഷ്ടപ്പെട്ടില്ല. 

''നെലം കൊണ്ട ബാകം ഇനിയ്ക്കെന്നെ''

പന്നിയുടെ നിലത്ത് തൊട്ട മുഴുവന്‍ ഭാഗങ്ങളും തനിക്ക് വേണമെന്ന് താചാവ് ശഠിച്ചു. ശരം കൊണ്ട ഭാഗം മാത്രമേ തരാനാകൂ എന്ന് മലക്കാരിയും. 

''ഈ പന്നിയെ എടുത്തുകൊണ്ടുപോകാന്‍ പറ്റില്ല മലക്കാരി'' -പുള്ള്യാറന്‍ താചാവ് കോപത്തോടെ പറഞ്ഞു.
''വേണ്ട.'' മലക്കാരിക്കുണ്ടോ വല്ല കൂട്ടവും?

''എറച്ചി വേണമെങ്കില്‍ വേട്ടമൃഗത്തെ പങ്ക്വെക്കുന്ന ബെപ്പ് സ്ഥലത്തേയ്ക്ക് വന്നോ'' എന്നു പറഞ്ഞ് മലക്കാരി പന്നിയുടെ നാലു കാലും കൂട്ടിപ്പിടിച്ച് ചുഴറ്റി ഒറ്റ ഏറുവച്ചുകൊടുത്തു. ആ പന്നിവീണ സ്ഥലം പിന്നീട് പന്നിച്ചാല്‍ എന്നറിയപ്പെട്ടു.

ബാണാത്രന്‍ കോട്ടയിലെ ബെപ്പ് സ്ഥലത്തു വന്ന് പന്നി മറിഞ്ഞുവീണു. പന്നി ഇറച്ചിക്കായ് കാര്യസ്ഥന്മാരായ 70 പുറങ്കാലന്മാര്‍ പുറകെ പിടിച്ചു. ഇറച്ചി മാത്രമല്ല, കാട്ടില്‍നിന്നും മുള്ളോടു കൂടിയ ചൂരലെടുത്ത് പോയി മലക്കാരിയേയും പിടിച്ച് കെട്ടി വരണമെന്നതായിരുന്നു നിര്‍ദ്ദേശം. അവിടെ എത്തിയപ്പോള്‍ത്തന്നെ മലക്കാരിയുടെ ഉഗ്രശക്തി അവര്‍ക്കു ബോധ്യം വന്നു. 

''നീയങ്ങനെ ആയുധം കൊണ്ട് പന്നിയെ മുറിക്കണ്ട'' എന്നി താചാവ് മലക്കാരിയോട് പറഞ്ഞു.

''ഓഹോ ആയുധമില്ലേ, വേണ്ട.''

കത്തിയും ആയുധവുമില്ലാതെ തന്റെ ചെറുവിരലുകൊണ്ട് കൂറ്റന്‍ പന്നിയെ മലക്കാരി അറുത്തു മുറിച്ചിട്ടു.
ഇതുകണ്ട് അവര്‍ പേടിച്ചുപോയി. ഒറ്റ ഓഹരിയും വാങ്ങി പുറങ്കാലന്മാരു നാണിച്ച് താചാവിനടുത്തെത്തി. കോപിഷ്ഠനായ താചാവ് ഒറ്റയോഹരി ഇറച്ചി കൊണ്ട് തിരിച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടു. 69 പേര്‍ ഇറച്ചിയുമായ് പോയി. കഷ്ടകാലം എന്നെ പറയേണ്ടതുള്ളു. മലക്കാരി കാര്യസ്ഥന്മാരെ മുഴുവനും കോട്ടയില്‍ പിടിച്ചടക്കി വെച്ചു. താചാവിനു 69 പുറങ്കാലന്മാരേയും നഷ്ടമായി.

അടുത്ത തര്‍ക്കം കള്ളിനെ പ്രതിയായിരുന്നു. താചാവിനെ പരീക്ഷിക്കാനായി വേട്ടയിറച്ചിക്കൊപ്പം കള്ള് കുടിക്കാമെന്ന് മലക്കാരി പറയുന്നു. കള്ളിനു യാതൊരു വഴിയുമില്ലെന്ന് ഉറപ്പുള്ള താചാവ് ''ഓഹ് അപ്രകാരമാവട്ടെ'' എന്നു പറയുകയും ചെയ്തു. 

താചാവ് കരുതും പോലെയായിരുന്നില്ല കാര്യങ്ങള്‍. മലക്കാരി തന്റെ ജൈത്രയാത്രക്കിടയില്‍ കള്ളിന്റെ ആശാനായ മുത്തപ്പന്‍ ദൈവത്തെ കൂടെ കൂട്ടിയിരുന്നു. പിശാചുക്കളെയൊക്കെ അടക്കിയശേഷം മണലായി പുഴയും കല്ലായിപ്പുഴയും കടന്ന് ബെള്ളിയം കടലില്‍ എത്തിച്ചേര്‍ന്ന സമയത്ത്, അവിടെ മലക്കാരിയെപ്പോലെ തന്നെയുള്ള ഒരാള്‍ ബെള്ളിയം പാറയുടെ മേല്‍ കുത്തിയിരിക്കുന്നത് കണ്ടു. ഇരുന്നിരുന്നു വേരുപൊട്ടിയിരുന്ന അയാള്‍ മുത്തപ്പനാണെന്നു മലക്കാരിക്കു മനസ്സിലായി. കയ്യിലിരുന്ന വില്ലുകൊണ്ട് വേരറുക്കുവാന്‍ ശ്രമിച്ചു. വേരറുന്നതിനൊപ്പം കടല്‍ജലം അടിഞ്ഞുകയറി മുത്തപ്പനും മലക്കാരിയും തെറിച്ച് കരയില്‍ വീണു. 

ദേഷ്യം പിടിച്ച മുത്തപ്പന്‍ മലക്കാരിയുമായി വഴക്കായി. മലക്കാരി മുത്തപ്പനെ തോണിയെറിഞ്ഞ് എടമന എന്ന മലയില്‍ കുടിയിരുത്തി. അതിനിടയില്‍ മുത്തപ്പന്‍ കുറേ ചൂരവിത്തും കരിമ്പനവിത്തും വാരിയെടുത്തിരുന്നു. നാലു നാട്ടിലും ഈ വിത്ത് വിതറി. നാട്ടിലപ്പാടെ ചൂരലും കരിമ്പനയും പൊങ്ങി. എല്ലാ പനയിലും സമൃദ്ധമായ് കള്ളു നിറഞ്ഞു. മുത്തപ്പന്‍ വയനാട്ടില്‍ കള്ളിന്റെ കരിമ്പനക്കാലം ആഘോഷിച്ചു. പക്ഷേ, അപ്പോഴേയ്ക്കും മുത്തപ്പനു പൊന്നു മലക്കാരിയുടെ ശക്തി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. മലക്കാരിയെ പിണക്കാതിരിക്കുന്നതാണ് തനിക്കു നല്ലതെന്നു തിരിച്ചറിഞ്ഞ മുത്തപ്പന്‍ മലക്കാരിയുമായി സൗഹൃദത്തിലുമായി. മുത്തപ്പന്റെ കള്ളിനെക്കുറിച്ച് മലക്കാരി പെട്ടെന്നോര്‍ത്തു. അപ്പോള്‍ത്തന്നെ മുത്തപ്പനെ തന്റെ അരികിലേയ്ക്കു വിളിപ്പിക്കയും ചെയ്തു. വളരെ സന്തോഷത്തോടെ ഒരു കുടം കള്ളുമായി മുത്തപ്പന്‍ വന്നു. 

മലക്കാരിയുടെ കയ്യിലെ കള്ളുകുടം കണ്ട താചാവ് മറ്റൊരു കുരുത്തക്കേട് കാണിച്ചു. കള്ളുകുടിക്കാനുള്ള കൂവയില മലക്കാരിക്കു മാത്രം നല്‍കിയില്ല. ദേഷ്യം പിടിച്ച മലക്കാരി മാന്ത്രിക വിദ്യയാല്‍ കയ്യില്‍ വരച്ച് ഒരു കുഞ്ഞിപ്പാത്രം ഉണ്ടാക്കി. 

''ഇതില്‍ ഇത്തിരി കള്ള് തന്ന ശേഷം നിങ്ങള്‍ കുടിച്ചോളിന്‍'' എന്നായി മലക്കാരി. 

മുത്തപ്പന്‍ അതില്‍ കള്ളൊഴിച്ചു. കണ്ടപോലായിരുന്നില്ല കുഞ്ഞിപ്പാത്രം. എത്രയൊഴിച്ചിട്ടും അതു നിറഞ്ഞില്ല. ഒടുവില്‍ കള്ള് തീര്‍ന്നു. 

ബില്ല്, കത്തിയമ്പ്, മൊട്ടമ്പുമായി തിലാപ്പത്ത് വേട്ടയ്ക്കൊരുങ്ങുന്ന വെള്ളൻ
ബില്ല്, കത്തിയമ്പ്, മൊട്ടമ്പുമായി തിലാപ്പത്ത് വേട്ടയ്ക്കൊരുങ്ങുന്ന വെള്ളൻ

''നീയ്യിത് നെറച്ചൊണ്ടാ മുത്തപ്പാ'' എന്ന് മലക്കാരി മുത്തപ്പനോട് ആവശ്യപ്പെട്ടു. തിരിച്ചു കള്ളെടുക്കാന്‍ കരിമ്പനയിലെത്തിയ മുത്തപ്പന്‍ ഞെട്ടിപ്പോയി. ഒറ്റത്തുള്ളി കള്ളില്ല. എല്ലാം തന്റെ ശക്തിയാല്‍ മലക്കാരി വറ്റിച്ചെടുത്തു കഴിഞ്ഞിരുന്നു. വാക്കുപാലിക്കാനാവാതെ പേടിച്ച് മുത്തപ്പന്‍ നാടു വിട്ടോടി. പോകുന്ന പോക്കില്‍ പാവത്തിനെ ഒരു പാമ്പും കടിച്ചു. കല്ലും മുള്ളും മലയും കാടും താണ്ടി മുത്തപ്പന്‍ പറശ്ശിനിക്കടവിലെത്തി ഒരു കല്ലിന്‍ മുകളില്‍ ക്ഷീണിച്ചിരുന്നു പോയി. മുത്തപ്പനെ അന്വേഷിക്കാന്‍ ഒരു കാര്യസ്ഥനെ വിട്ടു മലക്കാരി. പാമ്പുകടിയേറ്റ് കല്ലിലിരിക്കുന്ന മുത്തപ്പനെ കണ്ട് സങ്കടം തോന്നിയ ആ കാര്യസ്ഥന്‍ മുത്തപ്പന്റെ തുണയ്ക്കായി അവിടെത്തന്നെ കൂടി.

അതേ സമയത്ത് കള്ളിന്റെ കാര്യത്തിലിളിഭ്യനായ താചാവ് വീണ്ടും കുത്തിത്തിരിപ്പുമായി വന്നു. വില്ലാളിവീരനായ മലക്കാരിയുമായ് തന്റെ അധികാരദേശമായ നാടിനെ പ്രതിയുള്ള വാദങ്ങളും തര്‍ക്കങ്ങളും തുടങ്ങി. ഉപ്പണ്ടി - അരിമല യുദ്ധം എന്നിത് അറിയപ്പെടുന്നു. കുറിച്യരുടെ അതിര്‍ത്തികളായ ഉപ്പണ്ടി, അരിമല, കല്ലിരി എന്നതിന്റെ പേരിലാണു തര്‍ക്കം തുടങ്ങിയത്. ഇനി നേര്‍ക്കുനേര്‍ നിന്നു പരസ്പരം മത്സരിച്ച് ശക്തി പരീക്ഷിച്ചാലോ എന്നായി താചാവ്. എന്നാല്‍, പൊന്നു മലക്കാരിയോ ചിരിച്ചുകൊണ്ട് തന്റെ ശക്തികാട്ടി. 

ആ ശക്തിയില്‍ കടലിന്റെ പെരുംജലം പൊട്ടിക്കാന്‍ തുടങ്ങി. ഉപ്പണ്ടിത്തെരുവെന്ന കടല്‍ഭാഗമാണ് പൊട്ടിച്ചുയര്‍ത്തിയത്. അയ്യോ അത്ഭുതം കടലില്‍ ജലത്തോടൊപ്പം ഉപ്പ് പൊന്തി വന്നു. കടലില്‍ മലക്കാരി അടിക്കെയടിക്കെ മീനുകള്‍ കൂട്ടംകൂട്ടമായി പെരുകി, പൊന്തിപ്പൊന്തി വന്നു. 

''പുള്ള്യാറന്‍ തൈവ്വേ'' മലക്കാരി തന്റെ വില്ലത്തരം കാണിച്ചുംകൊണ്ട് താചാവിനെ നോക്കി പതുക്കെ ചിരിച്ചു.

''നീയ്യ് ഈ കടല്‍ജലം കെട്ടിനിര്‍ത്ത്. ഇന്നിട്ട് ഉപ്പു പൊട്ടുന്ന ഈ ഓട്ട അടയ്ക്ക്. നിനക്ക് ഞാനീ ദേശം നല്‍കാം'' മലക്കാരി വാഗ്ദാനവും ചെയ്തു.

''ഇതോ?'' പുള്ള്യാറന്‍ താചാവ് കുളൂസ്സോടെ മലക്കാരിയെ നോക്കി. ഇതൊക്കെ തനിക്ക് നിസ്സാരം എന്നു പറഞ്ഞു കല്ലുകൊണ്ട് ഓട്ടയടക്കാന്‍ തുടങ്ങി. താചാവ് ഓട്ടയടയ്ക്കും തോറും മലക്കാരി പെരുവിരല്‍കൊണ്ട് വെള്ളം പൊട്ടിച്ചു. രാജാവ് അടച്ചടച്ച് തോറ്റു. വീണ്ടും കല്ലു പെറുക്കി ഉള്ള ജലത്തെ കെട്ടിനിര്‍ത്താന്‍ നോക്കി. കല്ല് പൊട്ടിച്ച് കടല്‍ ജലം അതിവന്യതയില്‍ ചാടിത്തുള്ളിയൊഴുകി. താചാവ് ക്ഷീണിച്ചു വശം കെട്ടു. ഒടുക്കം തോല്‍വിയും സമ്മതിച്ചു. മലക്കാരി തന്റെ ശക്തി വീണ്ടും കാണിച്ച് കാലുകൊണ്ട് നിസ്സാരമായി ഒരു കല്ല് തോണ്ടിയിട്ടു ഓട്ടയടച്ചു. കടല്‍ജലം പൊങ്ങുന്നത്, ഉപ്പ് പൊട്ടുന്നത് മീനുകള്‍ പെരുകുന്നത് എല്ലാം ഒരു നിമിഷംകൊണ്ട് തീര്‍ന്നു. താചാവ് തോറ്റു. മലക്കാരി ജയിച്ചു. മലക്കാരി നാടിന്റെ അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ചു രാജാവിനു മുക്കാനാട് നല്‍കി. 

ഇന്നും താചാവിന്റെ മുക്കാനാട്ടില്‍ താചാവ് ഒറ്റ പുറങ്കാലനെ കാര്യസ്ഥനാക്കിവെച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്. മറ്റെല്ലാ നാട്ടിലും മലക്കാരി ഏറ്റവും വലിയ ദൈവമാവുമ്പോള്‍ മുക്കാനാട്ടില്‍, ഇന്നത്തെ കുഞ്ഞോം പേരിയ പ്രദേശങ്ങളില്‍ താചാവാണ് വലിയ ദൈവം. 

നന്മയാണ് രാജാവിന്റെ കൈമുതല്‍. നന്മയില്ലാത്ത ഒരുത്തനേയും രാജാവ് നാട്ടില്‍ വെച്ചു പൊറുപ്പിക്കയില്ല. പുതിയതായി വന്നുകൂടുന്നവരേയും രാജാവ് സ്വീകരിക്കില്ല. ഭ്രാന്ത്, മരണം എന്നീ ശിക്ഷകള്‍ അവര്‍ക്കായി കാത്തിരിക്കുന്നുവെന്നാണ് വിശ്വാസം. 

കള്ളനേയും ബെള്ളനേയും ഒരുപോലെ സ്വീകരിക്കുന്ന മലക്കാരിക്ക് ഭക്തരുടെ സ്വഭാവനിഷ്ഠയൊന്നും വരം നല്‍കാന്‍ പ്രശ്‌നമല്ല. താചാവ് മറിച്ചാണ്. നല്ലവനു മാത്രമേ കൊടുക്കൂ. ചിന്തിച്ചേ കൊടുക്കൂ. കൊടുത്താല്‍ ആ വരം തിരിച്ചെടുക്കയുമില്ല. മലക്കാരിയാവട്ടെ, എളുപ്പം വരം കൊടുക്കയും എളുപ്പം കൈവിടുകയും ചെയ്യുമത്രെ.

ബാണാത്രങ്കോട്ടക്കഥ (കുറിച്യ പുരാവൃത്തം)

മലക്കാരി ഭൂമിയില്‍ പിറകൊണ്ടശേഷം ദുഷ്ടന്മാരുടെ കാര്യത്തില്‍ വല്ലാത്ത തീരുമാനങ്ങളുണ്ടായി. ഉഗ്രരൂപിയായ മലക്കാരി ഒറ്റയൊന്നിനേയും വെറുതെ വിട്ടില്ല. എല്ലാ പിശാചുക്കളേയും കലികളേയും ദുഷ്ടന്മാരേയും വധിക്കുകയോ ബന്ധിക്കുകയോ ചെയ്തു. അമ്പുകൊണ്ടും നോക്കുകൊണ്ടും വാക്കുകൊണ്ടുമെല്ലാം ലോകത്തെ രക്ഷിച്ചു. ലോകനന്മ ആവോളം പുലര്‍ത്തി. മനുഷ്യര്‍ക്ക് അത്താണിയായി. 

പണ്ട് അസുരന്മാര്‍ വന്നു തട്ടിപ്പൊളിച്ച നാലു പര്‍വ്വതവും മലക്കാരി സ്വന്തം കയ്യാല്‍ നേരെയാക്കി. പിന്നെ കിഴക്കന്‍ സമുദ്രത്തില്‍ പോയി വലിയൊരു മതിലു കെട്ടി. സമുദ്രവും കരയും കേറുന്നിടത്ത് തന്റെ വില്ല് കുത്തി ഇനി കരയിലേയ്ക്ക് കയറരുത് എന്നു പിശാചുക്കളോട് കല്പിച്ചു. അങ്ങനെ കണ്ണൊന്നുമില്ലാത്ത ചീന്നവ പടയെ ഒരു പാഠം പഠിപ്പിച്ചു. കിഴക്കന്‍ കടല്‍ എന്നെന്നേയ്ക്കുമായി ശാന്തമാക്കി മാറ്റി. എടമനമലയും കൊച്ചക്കൊടുമുടിയും ചെറുപിലാന്തോടും കുണ്ടിലിട്ട് മുതക്കാവും കീഴടക്കിയങ്ങനെ മലക്കാരി സഞ്ചാരം തുടര്‍ന്നു. അപ്പോഴതാ അങ്ങ് ദൂരെ ഇരട്ടക്കൊടുമുടികളോട് കൂടിയ ബാണാസുരമല തിളങ്ങിനില്‍ക്കുന്നു. ആദ്യം ചെറിയ കൊടുമുടി കണ്ടു. എന്തൊരു ഭംഗ്യാണെന്നറിയുമോ? ചെറിയ ചെമ്പരത്തിയെപ്പോലെ ചോന്നു മനോഹരിയായിരുന്ന കൊടുമുടി. ആ കൊടുമുടിയിലെത്തിയപ്പോള്‍ അതാ കാണുന്നു വലിയ ചെമ്പരത്തിമുടി. 

മലക്കാരി ഒട്ടും വൈകിയില്ല. ബാണാസുരമലയുടെ വലിയ കൊടുമുടിയിലേക്കും രഹസ്യത്തിലേക്കും കയറിപ്പോവാന്‍ മലക്കാരി ദൈവത്തിനു എളുപ്പം സാധിച്ചു. അവിടെ മലക്കാരിയെ കാത്തിരുന്നത് അത്യത്ഭുതകാരികളായ രഹസ്യങ്ങളാണ്. 

ആദ്യം കണ്ടത് കനകച്ചെറയാണ്. ഈ സ്വര്‍ണ്ണനിറമുള്ള കുളം ബാണാസുര മുടിയുടെ ഏറ്റവും ഉയര്‍ന്നയിടത്തിലാണുള്ളത്. ഒരാള്‍ക്കും അവിടെ എത്താനോ കാണാനോ സാധിക്കുകയില്ല. എന്നാല്‍, മലക്കാരിക്ക് അതും കഴിയും. പൊന്‍നിറമുള്ള ജലാശയത്തിലേക്ക് മലക്കാരി താണിറങ്ങി. അതിനകത്തു നീന്തിത്തുടിച്ചപ്പോള്‍ ഉള്ളില്‍നിന്നും ഔഷധവീര്യമേറിയ പടമഞ്ഞള്‍ ലഭിക്കുന്നു. ഇത് കൊടിവീര്യമെന്ന മാന്ത്രികശക്തിയാര്‍ന്ന മഞ്ഞളാണ്. യുദ്ധത്തിനു പോകുന്ന സമയത്ത് ഈ പടമഞ്ഞള്‍ കയ്യില്‍ സൂക്ഷിച്ചാല്‍ മുറിവ് പറ്റില്ലത്രേ. മലക്കാരി വീണ്ടും ഒന്നുകൂടി സ്വര്‍ണ്ണജലത്തിലേക്ക് ഊളിയിട്ടു. വീരശൂര പരാക്രമികള്‍ക്കു മാത്രം സ്വായത്തമാകുന്ന ബീരത വള, വെള്ളികെട്ടിയ പിശ്ശാങ്കത്തി, പൊഞ്ചങ്ങല - അങ്ങനെ ധീരനും വീരനും ദൈവവുമായ ഒരാള്‍ക്ക് ലഭിക്കാവുന്ന എല്ലാ സംഗതികളും മലക്കാരിക്കു ലഭിച്ചു. 

കുളികഴിഞ്ഞപ്പോള്‍ മലക്കാരി ഒരു സന്ന്യാസിയുടെ പ്രച്ഛന്നവേഷം ധരിച്ചു. എന്നിട്ട് ബാണാത്രന്മുടിയിലെ അസുരങ്കോട്ടയിലേക്ക് കേറിപ്പോയി. സന്ന്യാസിവേഷത്തില്‍ മലക്കാരിയെ കാണാന്‍ നല്ല ചന്തമുണ്ടായിരുന്നു. സന്ന്യാസിയുടെ പൊക്കണവും മാറാപ്പുമൊക്കെ തൂക്കി ശംഖു വിളിച്ച് കോട്ടയ്ക്കകത്തേക്ക് കയറി.

യെലക്കൊടയും ചൂടി മരടുമായി ചാച്ചമ്മ (മുതിർന്ന കുറിച്യ സ്ത്രീ) മൂക്കിലെ മൂക്കുത്തിയുടെ നീളം അവരുടെ അധികാരത്തേയും ​ഗർവിനേയും പദവിയേയും സൂചിപ്പിക്കുന്നു/ ഫോട്ടോ: അജി കൊളോണിയ
യെലക്കൊടയും ചൂടി മരടുമായി ചാച്ചമ്മ (മുതിർന്ന കുറിച്യ സ്ത്രീ) മൂക്കിലെ മൂക്കുത്തിയുടെ നീളം അവരുടെ അധികാരത്തേയും ​ഗർവിനേയും പദവിയേയും സൂചിപ്പിക്കുന്നു/ ഫോട്ടോ: അജി കൊളോണിയ

ബാണാത്രന്‍ കോട്ടയുടെ ഉടമക്കാരായ ബാണന്മാര്‍ ശക്തികൂടിയ ഇനങ്ങളാണ്. തനി രാശസന്മാര്‍. ഒരമ്മ പെറ്റ ഏഴെണ്ണങ്ങളുണ്ടവിടെ. നല്ല തണ്ടും തടിയും കൂറ്റുറപ്പുമുള്ള ഒത്ത ശരീരപ്രകൃതിക്കാര്‍. കണ്ടാല്‍ത്തന്നെ പേടിയാകും. അവരുടെ വിളയാട്ടസ്ഥലമാണ് ബാണാത്രന്‍ കോട്ട. മലക്കാരി കോട്ടേലെത്തിയപ്പോള്‍ അവരെല്ലാം കൂടി ഉടുപുടവകളുടുത്ത് അവരുടെ മൂത്തസഹോദരിയായ കുഞ്ഞികുങ്കിയുടെ കല്യാണത്തിനു പോകാന്‍ തയ്യാറാകുകയായിരുന്നു. കിഴക്കന്‍ കടലിന്റെ റാണിയാണ് കടല്‍കുങ്കിയെന്നു വിളിക്കുന്ന കുഞ്ഞികുങ്കി. പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാലെ അവര്‍ക്കിവിടെ തിരിച്ച് എത്താന്‍ കഴിയുകയുള്ളൂ.

അപ്പോഴാണ് ശംഖൂതി വരുന്ന സന്ന്യാസിവര്യനെ മൂത്തബാണന്‍ കണ്ടത്. തങ്ങളുടെ കോട്ടയില്‍ അനുവാദമില്ലാതെ കേറിയ സന്ന്യാസിയെ വെടിവെച്ച് കൊന്ന് പൊടി പാറ്റാനുള്ള ഈര്‍ഷ്യ തോന്നി മൂത്തബാണന്. 

''വേണ്ട വേണ്ട.''

എന്നാല്‍, ഇളയ ബാണനനിയന്‍ അത് തടഞ്ഞു. 

''മ്മള് കല്യാണത്തിനു പോകുമ്പം ഓനിവ്ടെ കാവലിരിക്കട്ടെ.''

തങ്ങള്‍ കല്യാണത്തിനു പോകുമ്പോള്‍ കോട്ടയും കാവും നോക്കാന്‍ ഒരു സന്ന്യാസിയെ കിട്ടിയത് നന്നായി എന്നായിരുന്നു അവന്റെ ഉപദേശം. ഈ ആശയം കേട്ടതും മറ്റ് ബാണന്മാര്‍ക്കുമിഷ്ടമായി. അവര്‍ സന്ന്യാസിയെ തങ്ങളുടെ മുതലിന്റെ കാവലേല്പിച്ചു. ആരു വന്നാലും കോട്ടപ്പടി കേറ്റരുതെന്നും കോട്ടയുടെ നാലുമൂലയിലും ബീരങ്കി (പീരങ്കി) കുത്തി നിര്‍ത്തിയത് പ്രയോഗിക്കണമെന്നും ഉപദേശിക്കുന്നു.
''പിന്നെ ആര് വന്നാലും കോട്ടപ്പടി കേറ്റരുത്'' -ബാണന്മാര്‍ പറഞ്ഞത് കേട്ട് മലക്കാരി തലകുലുക്കി.
''വാതില് നന്നായിട്ട് അടച്ചോ. ആരെങ്കിലും കേറ്യാലു പീരങ്കി പൊട്ടിച്ചാള്'' -ഇതു പറഞ്ഞു നല്ല പാത്രവും ഊണു വെയ്ക്കാന്‍ അരിയും സന്ന്യാസിക്കു കൊടുക്കുന്നു.

പിന്നെ ബാണന്മാര്‍ നന്നായി ചമയമൊക്കെ ഇട്ട് ഒരുങ്ങി. ഭംഗിയായ് ഒരുങ്ങി മാറാപ്പൊക്കെ തൂക്കി പോകുമ്പോള്‍ നിര്‍മമനായ സന്ന്യാസിവര്യന്‍ തങ്ങള്‍ക്കായി കോട്ടകാക്കുമെന്നു അവര്‍ കരുതി.
യാത്ര പാതിയായി അപ്പോഴാണ് അവര്‍ ആ സത്യം അറിയുന്നത്. ആരും തന്നെ തങ്ങളുടെ ആയുധം എടുത്തില്ല എന്ന്. 

''നമ്മളൊരു ആയുധം മറന്നില്ലെ ഏട്ടാ?'' അനുജന്‍ ബാണന്‍ ചോദിച്ചു.

ഏട്ടന്‍ നോക്കുമ്പോള്‍, വാളും പരിചയും എടുത്തിട്ടില്ല.

''ബീരത വള എടുത്താ ആരെങ്കിലും?''

എല്ലാരും തമ്മില്‍ തമ്മില്‍ നോക്കി. ആരും വീരത സൂചകങ്ങളായ പൊന്‍വളയും പൊഞ്ചങ്ങലയുമൊന്നും എടുത്തില്ലല്ലോ എന്നവര്‍ ആധിപൂണ്ടു. ബാണന്മാരില്‍ ഒരുത്തന്‍ തിരിച്ച് മലകയറി ആയുധങ്ങളും വീരചിഹ്നങ്ങളും എടുക്കാമെന്ന് ഏറ്റു. 

ബാണാത്രന്‍ കോട്ടയുടെ വാതില്‍ക്കലെത്തി വീരവളയും ആയുധങ്ങളും എടുക്കുവാന്‍ മറന്ന വിവരം സന്ന്യാസിയോട് ധരിപ്പിക്കുന്നു. എന്നാല്‍, സന്ന്യാസിക്കുണ്ടോ വല്ല കൂസലും?

''പോടാ കള്ളാ'' -വന്ന ബാണാത്രനെ വാതില്‍ കടന്നുവന്ന അന്യനായ അക്രമിയാണെന്ന ഭാവത്തില്‍ മലക്കാരി ഓടിക്കുന്നു. ബാണന്മാരുടെ സകല ആയുധവും വീരകുല ചിഹ്നങ്ങളും എടുത്ത് നേരത്തെ തന്നെ മലക്കാരി ധരിച്ചിരുന്നു. അതുകൊണ്ട് ബാണന്മാരെ ഓടിക്കലും വലിയ എളുപ്പമായിരുന്നു. 

ഏഴു ബാണന്മാരേയും അവരുടെ തന്നെ വാളുകൊണ്ട് ഓടിച്ചു. പേടിത്തൂറികള്‍ പേടിച്ച് കിഴക്കന്‍ കടലിലേയ്ക്ക് ചാടി. വില്ലെടുത്തു കുത്തി ബാണന്മാര്‍ ഏഴിനേയും അവിടെത്തന്നെ അടക്കുകയാണ് മലക്കാരി. 

ശേഷം ബാണാത്രന്‍ കോട്ടയുടെ രാജാവായി മാറുന്നു മലക്കാരി. ചുരുക്കത്തില്‍ പൂമി ചുറ്റിയ കടലും നാലു സത്യപര്‍വ്വതങ്ങളും പുഴയായ പുഴയും മലയായ മലയുമെല്ലാം മലക്കാരിയുടേതായ് മാറിയിരിക്കുന്നു.
അങ്ങനെ മലക്കാരി ലോകരാജാവായി വാണു.

മാവോതിയും മലക്കാരിയും (കുറിച്യ പുരാവൃത്തം)

മലക്കാരി ലോകത്തിന്റെ തന്നെ നാഥനായി ഭരിക്കുന്ന കാലം. പൊന്നുമലക്കാരിയെന്നാല്‍ വില്ലാളിവീരനായ ഒരു ദൈവമാണ്. 18 നാടിന്റെ അധിപനാണ്. താച്ചാല്‍ ദൈവത്തിന്റെ തൃക്കണ്ണില്‍നിന്നും ജനിച്ചുവീണവനാണ്. ദുര്‍ദേവതകളുടേയും അസുരന്മാരുടേയും വിളയാട്ടം കൊണ്ട് ഭൂമിയാകെ പ്രശ്‌നത്തിലാണ്. അവിറ്റെയുള്ള ചെറുമനുഷ്യരുടെ ജീവന്‍ തന്നെ അപകടത്തിലായിരിക്കുന്നു. മനുഷ്യന്മാര്‍ ഈ ലോകത്തുനിന്നും ഇല്ലാതായിത്തീരുമെന്നു സാക്ഷാല്‍ ദൈവം ഭയക്കുന്നു. സത്യത്തില്‍ ഈ ലോകത്തില്‍ ഒരേ ഒരു ഇടം മാത്രമാണ് മലക്കാരിയുടെ കയ്യിലില്ലാത്തത്. കീയയില്ലം. കീയയില്ലം എന്നാല്‍ ഭൂമി. ആ ഭൂമി വാഴുന്നത് അക്കാലത്ത് മാവോതിയാണ്. മാവോതിയാകട്ടെ, വളരെ നല്ലവന്‍ ദയാലു. ആരെന്തു ചോദിച്ചാലും ഒരു വിരോധവുമില്ലാതെ എന്തും നല്‍കുന്ന പ്രകൃതം. 

വില്ലനായ മലക്കാരി മാവോതിക്കരികില്‍ ചെന്നു.

''മാവോതീ മാവോതീ... എനിക്ക് മൂന്നടി മണ്ണ് തര്‍വോ?'' 

മലക്കാരി മൂന്നടി മണ്ണ് തരാന്‍ മാവോതിയോട് ആവശ്യപ്പെട്ടു. മാവോതിക്ക് ഒരു വിഷമവുമില്ല. മണ്ണു കൊടുക്കാന്‍ സന്തോഷമേ ഉള്ളൂ.

''മൂന്നടി നിങ്ങളളന്നോളീ'' എന്നു അലിവോടെ, സന്തോഷത്തോടെ സമ്മതം നല്‍കി.

മലക്കാരി തന്റെ ഉഗ്രവും വിശാലവുമായ കാലെടുത്ത് വെച്ചു. ആദ്യത്തെ രണ്ട് അടി വെയ്പില്‍ കീയയില്ലം തീര്‍ന്നുപോയി. മലക്കാരിയുണ്ടോ വിടുന്നു?

''എരടിക്ക് മണ്ണു കാണുന്നില്ല'' -അയാള്‍ മാവോതിയോട് പരാതി പറഞ്ഞു:

മാവോതി വിഷണ്ണനായി. ഇത്തരമൊരു പ്രതിസന്ധി അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. രാജാവായ താന്‍ വാക്കു പറഞ്ഞിട്ട് അത് സാധിക്കാതെ പോയാല്‍ കഷ്ടമാകുമെന്ന് അയാള്‍ക്കറിയാമായിരുന്നു ''ഇഞ്ഞിയേട്ന്ന് അളക്കേണ്ടിയതിപ്പം?'' മലക്കാരി ഇനി താന്‍ എവിടുന്നളക്കുമെന്നു ചോദിച്ചു.

ഗത്യന്തരമില്ലാതെ മാവോതി പറഞ്ഞു.

''എന്റൂടെ മൂര്‍ത്താവില് ബെച്ചോളിങ്ങള്''

മലക്കാരി തന്റെ കാലെടുത്ത് മാവോതിയുടെ തലയില്‍ വെച്ചു. പതിയെ ചവിട്ടിത്താഴ്ത്തി. വടക്കന്‍ കടലില്‍ മലക്കാരി മാവോതിയെ ചവിട്ടിത്താഴ്ത്തി. വടക്കന്‍ കടല്‍ പിടിച്ചെടുത്ത് അതിന്റെ അധിപതിയായി മാറി.
കിഴക്കന്‍ കടലില്‍ പോയി മുത്തപ്പനേയും തെക്കുപോയി കന്നടിയന്‍ കര്‍ത്താവിനേയും ബാണാസുരനേയുമൊക്കെ കീഴടക്കി ലോകം ഭരിക്കാന്‍ തുടങ്ങി ബില്ലന്‍ ദൈവം മലക്കാരി. 

18 നാട് കരയുടെ ഉല്പത്തി 

കുറിച്യരുടെ വിശ്വാസപ്രകാരം മലക്കാരിയും താചാവും തമ്മില്‍ പ്രപഞ്ചോല്പത്തിക്കാലത്ത് വലിയ കലഹവും തര്‍ക്കവും മൂപ്പിളമ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. നായാട്ട് മത്സരം നടത്തിയും തര്‍ക്കിച്ചും കായികശക്തി കാട്ടിയും മന്ത്രതന്ത്രാദികള്‍ കാണിച്ചും ചൂത് കളിച്ചും മത്സരം വെച്ചും ഇരുവരും പരസ്പരം ശക്തി പ്രകടിപ്പിച്ചു.

മലക്കാരി വയനാട്ടില്‍ കടല്‍ജലം പൊട്ടിച്ച് താചാവിനെ വെല്ലുവിളിച്ചു. എത്ര ശ്രമിച്ചിട്ടും താചാവിനു കടലിനേയോ പൊന്തിപ്പരക്കുന്ന ജലത്തേയോ അടക്കുവാന്‍ കഴിഞ്ഞില്ല. ഭൂമിയെ ചുറ്റിയ നാലുകടലും മേല്‍പ്പോട്ട് പൊട്ടിയൊഴുകിക്കൊണ്ടിരുന്നു. മറ്റുള്ളവിടങ്ങളില്‍നിന്നും വിഭിന്നമായ് മോളിലേക്ക് ഒഴുകുന്ന കടലാണ് മലക്കാരി പൊട്ടിച്ചത്. അതിനാല്‍ തന്നെയും വയനാട്ടില്‍ മുഴുവന്‍ വെള്ളപ്പൊക്കമായി. അല്ലെങ്കില്‍ത്തന്നെ ആളുകള്‍ പെറ്റുപെരുകിയപ്പോള്‍ താമസിക്കാനുള്ള കര കമ്മിയായിരുന്നു. ഉപ്പണ്ടി എന്ന സ്ഥലത്താണ് കടല്‍ പൊന്തിയത്. അതിനാല്‍ ഉള്ള ഇത്തിരിക്കരയും കൂടി വെള്ളത്തിലായി. 

മലക്കാരിയും താചാവും ചൂതാട്ടം നിര്‍ത്തി ജനങ്ങള്‍ക്കുവേണ്ടി ഉപ്പണ്ടി മൈതാനിയിലൂടെ നടന്നു. മുക്കാല്‍ ഭാഗം വെള്ളവും ബാക്കി ഭാഗം കരയുമാണെന്നു കണ്ടു. ഇരുവരും ചേര്‍ന്നു കടല്‍ ജലം വറ്റിച്ചെടുത്തു. 18 നാടുകള്‍ നടന്നു ചെന്നു ഇരുവരും കടലിനെ മാറ്റി. കടലു പിന്‍വാങ്ങി. അങ്ങനെ 18 നാടുകള്‍ ഉണ്ടായി. ഈ കടല്‍ കിഴിഞ്ഞു കിഴിഞ്ഞു പോയ ഇടം കുഞ്ഞോം എന്നും കേറിക്കേറി പോയ ഇടം കോറോം എന്നും കണ്ടു കണ്ടു പോയസ്ഥലം കണ്ടത്തുവയല്‍ എന്നും പാഞ്ഞ് പാഞ്ഞോടിയ ഇടം പാഞ്ചണം എന്നും കുറിച്യര്‍ വിശ്വസിക്കുന്നു. 18 നാടുകളില്‍ ചിലത് ഇന്നുമുണ്ടത്രെ. ഇരുമ്പൈനാട്, പൈരുമല, മുത്തുരാട്ട്, നെരന്ന നാട്, നകരേത്ത് എന്നിങ്ങനെയാണവ.

പ്രകാശത്തിനായി സൂര്യനും നക്ഷത്രങ്ങളൂം പിറകൊള്ളുന്നു (പ്രകാശോല്പത്തി)

വയനാട്ടിലെ കുറിച്യ സമുദായത്തിന്റെ ആദിദൈവവും ഉല്പത്തി ദൈവവും മലക്കാരിയാണ്. പണ്ടേയ്ക്കു പണ്ട് ഈ ലോകം രണ്ടുണ്ടായിരുന്നു. മേല്‍ലോകവും കീഴ്ലോകവും. മേല്‍ ലോകത്തിന്റെ അധിപതിയും സുശക്തനുമായ സാക്ഷാല്‍ ദേവത, തന്റെ നെറ്റിയിലെ തീ തിളങ്ങുന്ന ഉഗ്രക്കണ്ണിനാല്‍ ഒരു പിറയെ സൃഷ്ടിച്ചു. അതാണ് മലക്കാരി. കറുകറുത്ത കണ്ണില്‍ കുത്തുന്ന ഇരുട്ടിലേക്ക് മലക്കാരിയെന്ന ഗോത്രദേവത ജനിച്ചു. 

കണ്ണുതുറന്ന മലക്കാരി തന്റെ മുന്നില്‍ കൊടും ഇരുട്ട് മാത്രം കണ്ടു. ലോകത്തിന്റെ ഓരോ കോണിലും കരിപുരണ്ടപോലെ ഇരുള്‍ കാളിമ പരന്നുകിടന്നു. മലക്കാരി വിഷാദവാനായി. എങ്ങും ഇരുട്ട്. എങ്ങും കറുപ്പ്. പ്രത്യാശയുടെ കിരണങ്ങളില്ലാത്ത ലോകം. അതിലെ ഇരുണ്ട ജീവിതം. ദേവതയുടെ വിഷാദം ഉറപൊട്ടി. കണ്ണില്‍നിന്നും സങ്കടക്കണ്ണീരിന്റെ തെളിനീര് കുടുകുടാ ചിതറി. 

മലക്കാരിയുടെ വലത്തെ കണ്ണീരില്‍നിന്നും തുളിച്ച ഒരു തുള്ളി ആകാശത്ത് സൂര്യനായി മാറി. ആ പ്രകാശം കണ്ണീരുപോലെ പൊട്ടിക്കീറി. അതങ്ങനെ ലോകം മുഴുവന്‍ പരന്നു. ലോകത്തെ പ്രഭാമയമാക്കി. മലക്കാരി കരച്ചില്‍ നിര്‍ത്തി. കണ്ണീര്‍ സൂര്യന്‍ മറഞ്ഞു. രാത്രി വീണ്ടും വന്നു.

കണ്ണീര്‍ വാര്‍ത്തു വാര്‍ത്തു ദു:ഖിതനും ക്ഷീണിതനുമായ മലക്കാരി പൊടുന്നനെ വിയര്‍ത്തു. മുത്തുമണികള്‍പോലെ തുള്ളികള്‍ ഉടലില്‍ പൊട്ടിയുണ്ടായി. അവ കൂട്ടമായി ചിതറി. അത്ഭുതകരം ഓരോ തുള്ളിയും ഓരോ സ്വര്‍ണ്ണ നക്ഷത്രമായി മാറി, അവ ആകാശത്ത് ഒറ്റയ്ക്കും കൂട്ടമായും വെട്ടിത്തിളങ്ങി. രാത്രിയിലും അവ പ്രകാശം ചൊരിഞ്ഞു നിറവുണ്ടായി.

നക്ഷത്രസൂത്രം (കൃഷി കൂട്ടമായ് ചെയ്യുന്നതിന്റെ ഉല്പത്തി കുറിച്യ)

പണ്ട് പണ്ട് ഒരുകാലത്ത് ഈ നാട്ടില്‍ കൃഷി നടത്തിയിരുന്നത് ഓരോ ആളുകളും ഒറ്റൊറ്റയ്ക്കായിരുന്നു. ഒറ്റയ്ക്ക് വിത, ഒറ്റയ്ക്ക് ഞാറു പറിക്കല്‍, ഒറ്റയ്ക്ക് കള, ഒറ്റയ്ക്ക് കൊയ്ത്ത്, ഒറ്റയ്ക്ക് മെതി. ഓരോ മനുഷ്യര്‍ക്കൊപ്പവും തമ്പായിമാരു മാത്രമാണു കൂടാനുള്ളത്. മഴതന്നും വെയില്‍ തന്നും വെള്ളം തന്നും ചാഴിയെ നശിപ്പിച്ചും മൃഗങ്ങളെ ഓടിച്ചും മലക്കാരി തമ്പായിയും പോതികളും മുത്താച്ചികളുമൊക്കെ ഓരോരുത്തര്‍ക്കൊപ്പവും അനുഗ്രഹവുമായി കൂടി. പുലിച്ചാടിച്ചി മുത്താച്ചിക്കും മലക്കാരി തമ്പായിക്കും തിറ നടത്തിയാല്‍ പിന്നെ എല്ലാം അവര്‍ കാക്കും. ആളുകളതിനാല്‍ തിറയാടിയും വന്നു.

അന്നും ഇന്നും ഇനിയെന്നും അത് അങ്ങനെ തന്നെയാണ്. ദൈവത്തമ്പായിമാരില്ലാതെ കൃഷിയില്ല. 

കൃഷിക്കാരനായ ഒരു കുറിച്യ കാര്‍ന്നോരുടെ കൃഷിയും ഇങ്ങനെ തന്നെയായിരുന്നു. തമ്പായിക്കും തെയ്യം തമ്പായിക്കുമൊക്കെ തിറ നടത്തിയ ശേഷം അദ്ദേഹം പാടത്ത് വിത്ത് വിതച്ചു. ഒരു പിടി വിത്ത് വിതച്ചാല്‍ തമ്പായിമാര്‍ അത് പൊലിപ്പിച്ച് പത്തു പിടി വിത്തിന്റെ വിളവ് നല്‍കും. കാര്‍ന്നോര്‍ വിത്തിട്ടു. ആ വിത്ത് മുളയിട്ട്, ഞാറായി വന്നു. കാര്‍ന്നോര്‍ക്ക് വിതയുടെ പത്തിരട്ടിയായാണ് ഞാറു പൊന്തിവന്നത്. ആകെ പരിഭ്രാന്തനായ കാര്‍ന്നോര്‍ സന്ധ്യവരെ ഞാറു നട്ട്, തമ്പായിമാരെ പ്രാര്‍ത്ഥിച്ച്, ശേഷം ഉറങ്ങാന്‍ പോയി. രാവിലെ വന്നപ്പോള്‍ ഹാ അത്ഭുതം! ഒറ്റ ഞാറുപോലും ബാക്കിയില്ലാതെ നാട്ടിയിരിക്കുന്നു. പച്ചപ്പട്ട് വിരിച്ച പോലെ നാട്ടികള്‍ തലപൊന്തിച്ചു അഴകോടെ നില്‍ക്കുന്നു. ആരാണിത് ഇങ്ങനെ ചെയ്തത് എന്നറിയാന്‍ കാര്‍ന്നോര്‍ക്ക് ആശ തോന്നി. വീണ്ടും ഞാറു പറിച്ച് കാര്‍ന്നോര്‍ കൂട്ടിവെച്ചു. രാത്രിയില്‍ ഉറങ്ങാതെ ഒളിച്ചിരുന്നു. നേരം പാതിരയായി. ആകാശത്തുനിന്നും നക്ഷത്രങ്ങള്‍ കൂട്ടമായി താഴോട്ടിറങ്ങിവരുന്നു. അവ ഓരോന്നായി ഞാറു നട്ട് ആകാശത്തേക്ക് തിരിച്ചുപോയി. കാരണവര്‍ അന്തംവിട്ടു പോയി. ഒരാള്‍ക്ക് പകരം കുറച്ചേറെ ആള്‍ക്കാര്‍ ഉണ്ട് എങ്കില്‍ നാട്ടിയൊക്കെ എത്ര എളുപ്പമായിരിക്കും എന്ന് അയാള്‍ക്കു മനസ്സിലായി. കാര്‍ന്നവര്‍ തന്നെ കുഞ്ഞുകുട്ടികളേയും കുടുംബക്കാരേയും വിളിച്ചുപറഞ്ഞു. അതിനുശേഷം കുറിച്യന്മാര്‍ കൃഷി കൂട്ടമായ് ചെയ്തു തുടങ്ങി.

ഇടിവീരന്‍ പടവീരന്‍ തലക്കര ചന്തു (തലക്കല്‍ ചന്തു)

പണ്ട് പണ്ട് കുറിച്ച്യരുടെ തലക്കര മിറ്റത്ത് ചന്തു എന്ന വീരനായ യോദ്ധാവുണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ കുറിച്യമ്മാരേയും വയനാട്ടിലെ മറ്റ് ആളുകളേയും കാട്ടുകുരുമുളകിനും മറ്റു സുഗന്ധദ്രവ്യങ്ങള്‍ക്കും വേണ്ടി ഭയങ്കരമായി ഉപദ്രവിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. കുറിച്യരും കുറുമരും കാടരും പണിയരുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍പ്പുയര്‍ത്തിക്കൊണ്ടിരുന്നു. അന്ന് മൈസൂരില്‍ ടിപ്പു സുല്‍ത്താനും കോട്ടയത്ത് പഴശ്ശിരാജാവും ബ്രിട്ടീഷുകാര്‍ക്കെതിരെ വലിയ പോരാട്ടങ്ങള്‍ നടത്തുന്ന കാലമായിരുന്നു. തോറ്റപ്പോള്‍ പഴശ്ശിക്കു പോരാട്ടത്തിനിടെ വയനാട്ടിലേക്ക് ഒളിച്ചോടിപ്പോകേണ്ട ഒരു അവസ്ഥ വന്നു. പക്ഷേ, പഴശ്ശി വെറുതെ ഇരുന്നില്ല. വയനാട്ടില്‍ അമ്പും വില്ലുമെടുത്ത് ഒളിയുദ്ധം നടത്തിക്കൊണ്ടിരുന്ന കുറിച്യര്‍ക്കൊപ്പം ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പയറ്റി. 

കുറിച്യമ്മാരിലെ ധീരരില്‍ ധീരനായിരുന്നു ചന്തു. നെഞ്ച് തുളയ്ക്കുന്ന കത്തിയമ്പും വിഷം തേച്ച കുറിച്യക്കത്തിയും കൊണ്ട് ചന്തുവും കൂട്ടരും ശത്രുക്കളെ കൊന്നൊടുക്കി. ചന്തുവെന്തൊരു വില്ലാളി വീരനാണ്! അദ്ദേഹം ഉയര്‍ന്ന മരത്തില്‍ ഒളിച്ചിരുന്ന് സദാ അമ്പെയ്ത്താണ്. ചന്തിക്കു നല്ല അമ്പു കൊള്ളെ സായിപ്പന്മാര്‍ പ്രാണനും കൊണ്ട് പാഞ്ഞു. 

ചന്തു, കുറിച്യ മൂപ്പനായ യോഗിമൂല മാച്ചാന്റേയും എടച്ചന കുങ്കന്റേയും കൂടെയാണ് യുദ്ധം ചെയ്തത്. തന്റെ വസ്ത്രത്തിനിടയിലും തലയിലെ കുടുമയ്ക്കുള്ളിലുമെല്ലാം രഹസ്യായുധങ്ങള്‍ സൂക്ഷിച്ചു വച്ച് യുദ്ധത്തിനിറങ്ങുന്ന ചന്തു ബ്രിട്ടീഷ് പട്ടാളക്കാരുടെ പേടിസ്വപ്നമായി മാറി. 

അങ്ങനെയിരിക്കെ ഒരിക്കല്‍ യോഗിമൂല മാച്ചാനൊപ്പം ചേര്‍ന്ന് തലക്കര ചന്തുവും കൂട്ടരും പനമരം കോട്ട ആക്രമിച്ച് കൈക്കലാക്കുകയും ചെയ്തു. ഇത് ബ്രിട്ടീഷുകാരെ കൂടുതല്‍ ഭയപ്പെടുത്തി. ചന്തു വളര്‍ന്നാല്‍ തങ്ങള്‍ക്കത് തകരാറാണെന്നവര്‍ മനസ്സിലാക്കി.

തലക്കര ചന്തുവിനെ പിടികൂടാനായി ബ്രിട്ടീഷുകാര്‍ കിണഞ്ഞു ശ്രമിച്ചു. ഒന്നുകില്‍ മലമ്പനി അല്ലെങ്കില്‍ വയറിളക്കം അതുമല്ലെങ്കില്‍ വിഷ അമ്പ്. എന്റമ്മോ സായിപ്പമ്മാര്‍ക്ക് വയനാടും കുറിച്യരും വലിയ ദുഃസ്വപ്നമായ് മാറി. എന്ത് ചെയ്തിട്ടും കുറിച്യമ്മാരെ തോല്‍പ്പിക്കാന്‍ പറ്റുന്നില്ല. 

ഒടുക്കം ബേബര്‍ എന്നൊരു സായിപ്പിനെ മദ്രാസ് പ്രസിഡന്‍സീലെ വാര്‍ഡന്‍ സായിപ്പ് പിടിച്ച് മലബാറിന്റെ കളക്ടറാക്കി. 

''എങ്ങനേയും ചന്തുവിനെ പിടിക്കുക.'' വാര്‍ഡന്‍ പറഞ്ഞ ഉടനെ തന്നെ നല്ല സൂത്രക്കാരനായിരുന്ന ബേബര്‍ പെട്ടെന്നുതന്നെ ചന്തുവിനെ പിടികൂടാന്‍ ശ്രമിച്ചു. ചന്തുവിനെന്ത് ബേബര്‍? ചന്തുവിന്റെ അമ്പിന്റെ മൂര്‍ച്ചയ്ക്കു ബേബറിന്റെ യുദ്ധമുറ മതിയാകാതെ വന്നു. ചന്തു എയ്യുമ്പോള്‍ നമുക്ക് തോന്നും ചന്തുവതാ ഒറ്റ അമ്പെയ്യുന്നു എന്ന്. എവിടെ? ആ അമ്പ് പത്തായും പതിനഞ്ചായും മാറും. 

ഇതുകൂടാതെ മാന്ത്രികശക്തിയും ചന്തുവിനു ഉണ്ടായിരുന്നു. കുറിച്യരുടെ വലിയ ദൈവമായ മലക്കാരിയുടെ അനുഗ്രഹത്താല്‍ ഇടിവീരന്‍ പടവീരന്‍ എന്ന ചൈതന്യശക്തി ചന്തുവിനു കിട്ടിയിരുന്നു. ഏതാളേയും ചന്തു ഇടിച്ചിട്ടുകളയും. ഏത് പടയേയും ചന്തു മുടിപ്പിച്ചുകളയും.

ബേബര്‍ക്ക് ഇതൊക്കെ വലിയ നാണക്കേടായി. വീരരായ കോല്‍ക്കാരെ ചേര്‍ത്ത് അയാള്‍ ഉണ്ടാക്കിയ വലിയ സൈന്യം തോറ്റമ്പിയെന്നു പറഞ്ഞാല്‍ മതിയല്ലൊ. അങ്ങനെയിരിക്കെ ഒരു ഒറ്റുകാരനെ ബേബര്‍ കണ്ടെത്തി. അത് മറ്റാരുമായിരുന്നില്ല. ഒരു കുറിച്യന്‍ തന്നെയായിരുന്നു- എടത്തന കേളപ്പന്‍. 

''എന്റെ കുടുമ്മക്കാരി എടത്തന കരിമ്പിലച്ചി പെണ്ണാണ് ചന്തുവിന്റെ രണ്ടാം ഭാര്യ. അവളെ വശത്താക്കിയാല്‍ കാര്യം നടക്കും.''

''ഉഗ്രന്‍ ഉഗ്രന്‍ ആശയം.'' ബേബര്‍ക്കു സന്തോഷമായി. 

അങ്ങനെ ചതിയൊരുങ്ങി. ബ്രിട്ടീഷുകാര്‍ വാക്കു പറഞ്ഞ ഒരു മുറം പൊന്നും വെള്ളിയും പണവും കേട്ട് കരിമ്പിലച്ചിപ്പെണ്ണ് മയങ്ങി. ഒപ്പം കൂട്ടിനു ബന്ധു കേളപ്പനും. ചന്തു ഉറങ്ങുമ്പോള്‍ ഭാര്യ കരിമ്പിലച്ചി അദ്ദേഹത്തിന്റെ തോക്കില്‍ വെള്ളമൊഴിച്ചുവെച്ചു.

അന്നു രാത്രി ബ്രിട്ടീഷ് പട്ടാളക്കാര്‍ ചന്തുവിന്റെ വീട് വളഞ്ഞു. ചന്തുവിനുണ്ടോ വല്ല കൂസലും. മൂപ്പര്‍ ധൈര്യത്തില്‍ തോക്കെടുത്തു ചാടിക്കുതിച്ചു. വെടിയുതിര്‍ക്കാന്‍ നോക്കിയപ്പോള്‍ വെടി പൊട്ടിയില്ല. നോക്കുമ്പോള്‍ തലയ്ക്കല്‍ വെച്ച അമ്പുമില്ല വില്ലുമില്ല. അതും കരിമ്പിലച്ചിപ്പെണ്ണ് എടുത്തുമാറ്റിയിരുന്നു. നിരായുധനായ ചന്തുവിനെ കീഴടക്കി ബ്രിട്ടീഷ് പട്ടാളക്കാര്‍ കൊണ്ടുപോകാന്‍ ശ്രമിച്ചു. ചന്തു അവസാനം വരെ പോരാടി. കുടുമയില്‍ ഒളിപ്പിച്ച കത്തിയെടുത്ത് പട്ടാളക്കാരെ കുത്തിവീഴ്ത്തി. ഒടുക്കം കോല്‍ക്കാരും പട്ടാളക്കാരും ചേര്‍ന്ന് ചന്തുവിനെ പ്രയാസപ്പെട്ട് പിടികൂടി.

ചന്തുവിനെ വിചാരണ ചെയ്യുവാനായി ബേബറുടെ കച്ചേരിയില്‍ ആളു കൂടി. ജനങ്ങളെല്ലാം സങ്കടത്തോടെ നോക്കിനിന്നു. ചതിയന്‍ കേളപ്പനു പതിനായിരം രൂപ വിലയുള്ള പൊന്‍വള സമ്മാനിച്ചു.
 
പ്രതീക്ഷിച്ചപോലെതന്നെ ചന്തുവിനു വധശിക്ഷ തന്നെ വിധിച്ചു.

ആ ദിവസം വന്നെത്തി. കൊല്ലാനായി ബ്രിട്ടീഷുകാര്‍ ചന്തുവിന്റെ കഴുത്തു വെട്ടി. അപ്പോഴല്ലേ അത്ഭുതം സംഭവിച്ചത്. തല ജീവന്‍ വിടാതെ മുന്‍പോട്ട് ഏഴു കാതം ചാടിച്ചാടി പോയി. ചന്തു മരിക്കുന്നില്ല. തല വീണ്ടും ചാടിച്ചാടി വന്ന് ശരീരത്തില്‍ കൂടിച്ചേര്‍ന്നു. ബ്രിട്ടീഷുകാര്‍ വീണ്ടും വെട്ടി. അതുതന്നെ വീണ്ടും സംഭവിച്ചു. എല്ലാവരും അമ്പരന്ന് പരസ്പരം നോക്കി.

അപ്പോഴതാ ആള്‍ക്കൂട്ടത്തില്‍നിന്നും ഒരാള്‍ വരുന്നു. അയാള്‍ ബ്രിട്ടീഷുകാരുടെ ചെവിയിലൊരു കാര്യമോതി: 

''ഓന്റെ ഒടലില്‍ ഒരു രക്ഷാകാരിത്തകിടുണ്ട്.''

''എവിടെ?'' ബേബര്‍ അത്ഭുതം മറച്ചുവെച്ചില്ല.

''ഉള്‍ത്തൊടയില്‍.''

''അതെന്താണ് സാധനം?''

''മന്ത്രം തന്നെ. ഏലത്തുറുക്ക് പടമഞ്ഞള്‍. അതു മാറ്റണം. അതേ വഴിയുള്ളൂ. അതിനകത്ത് ഭയങ്കരശക്തിയുള്ള നീലക്കൊടുവേലിയുമുണ്ട്.''

ബേബര്‍ സായിപ്പ് ഉടന്‍ തന്നെ ചന്തുവിന്റെ തകിട് നീക്കാന്‍ കോല്‍ക്കരോട് പറഞ്ഞു. അവര്‍ തകിട് നീക്കി. മന്ത്രം മാറിയതും തലക്കര ചന്തു മരിച്ചുവീണു.

ദൂരെ കുറിച്യമ്മാരുടെ പൂവത്തൂറ് കോട്ടയില്‍ ഒരു മുത്താച്ചിയമ്മയ്ക്ക് അതിസുന്ദരനായ ഒരു ആണ്‍ മകനുണ്ടായിരുന്നു. അവന്റെ പളുങ്ക് കണ്ണ് കണ്ട് അവനെ മുത്താച്ചി കണ്ണാ എന്നു പേരു വിളിച്ചു.

പോകെപ്പോകെ മുത്താച്ചിക്കു വയസ്സായി. അരിയിലെ കല്ലുകള്‍ തിരിയാതെയായ്. ഉപ്പില്‍ വല്ല പൊടിയും വീണോ എന്നു കാണാത്തത്ര പ്രായമായി. എന്നാല്‍, പിന്നെ ഒരു സുന്ദരിക്കോതയെക്കൊണ്ട് മകനെ കെട്ടിക്കാം എന്ന് ആ അമ്മ കരുതി.

മകന്‍ ചെറുതാകുമ്പോള്‍ തന്നെ ഏലമലക്കോട്ടയിലെ കുഞ്ഞിക്കുമ്പയെക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന് മുത്താച്ചി ആഗ്രഹിച്ചിരുന്നു. അവര്‍ മകനോട് ''ഏലമലെക്കോട്ടെക്ക് പോട് മേനെ'' എന്നു പറഞ്ഞു.

അമ്മയാശിച്ചതുപോലെ കുഞ്ഞിക്കുമ്പയെ കാണാനായി ഊണും കഴിച്ച് കണ്ണന്‍ തയ്യാറായി. തന്റെ പെട്ടി തുറന്ന് കണ്ണന്‍ നന്നായി ചമഞ്ഞു. പടയും പടക്കോപ്പും എടുത്ത് അണിഞ്ഞു യാത്രയ്ക്ക് തയ്യാറായി.

ഏലമലക്കോട്ടയ്ക്ക് പോകുവാനുള്ള എളുപ്പവഴി പൊന്നാല് നാട്ടിലൂടെയായിരുന്നു. എന്നാല്‍, പൊന്നാല് നാട് അടക്കിവാഴുന്ന നീലക്കരിച്ചേല കുഞ്ഞന്തേയി ഒരു ഭയങ്കരിയായിരുന്നു. ഈ വിവരം അറിഞ്ഞ മുത്താച്ചി മകനോട് കുറുമ്പറ നാട്ടിലൂടെയോ കുന്നേലെ നാട്ടിലൂടെയോ പോയാല്‍ മതിയെന്നു പറഞ്ഞു. അല്ലെങ്കില്‍ അവള്‍ തന്റെ മകനെ അടിമയാക്കുമെന്ന് ആയമ്മ പേടിച്ചു.

അമ്മ പറഞ്ഞത് കണ്ണന്‍ തലകുലുക്കി കേട്ടു. അവന്‍ ചാത്തരം ചൊല്ലി പ്രാര്‍ത്ഥിച്ച് കിഴക്കേപറമ്പ് വഴി പോയി. ആ പറമ്പ് കൃഷിക്കായി ഉഴുതും കിളച്ചുമിട്ടിരുന്നു. വഴിയോരത്താകെ പൂവുകള്‍ പൂത്തുവിടര്‍ന്നു മണം വന്നു.
പാതി വഴിയെത്തിയപ്പോള്‍ കണ്ണന് ഒരാശ തോന്നി. ഇത്ര ഭയങ്കരിയായ കുഞ്ഞന്തേയിയെ ഒന്നു കാണണമല്ലോ. അവന്‍ പൊന്നലെ കോട്ടപ്പടിക്കലൂടെ ധൈര്യത്തില്‍ നടന്നു.

മാളികയിലിരുന്ന് കാഴ്ച കണ്ടുകൊണ്ടിരുന്ന കുഞ്ഞമ്മിണിപ്പെണ്ണ് അത്ഭുതപ്പെട്ടുപോയി. അത്രയ്ക്കും ഭംഗിയുള്ള ഒരു ചെക്കനെ അവള്‍ കണ്ടിട്ടില്ലായിരുന്നു.

ആ ചന്തമുള്ള ചെക്കനെ യുദ്ധം ചെയ്ത് മുറിപ്പെടുത്തുവാന്‍ അവള്‍ക്ക് മനസ്സ് വന്നില്ല. അവനെ സൂത്രത്തില്‍ കീഴടക്കാന്‍ അവള്‍ തീരുമാനിച്ചു. അവള്‍ വയറ് വേദന അഭിനയിച്ചു. 

''എന്നെ സഹായിക്കണേ... ആരെങ്കിലും സഹായിക്കണേ'' എന്ന് ഉറക്കെയുറക്കെ വാവിട്ട് കരഞ്ഞു.

ഇതുകേട്ട് കണ്ണന്‍ പൊന്നലെ കോട്ടയില്‍ കയറി. നടുമിറ്റത്ത് എത്തിയപ്പോള്‍ അതാ വരുന്നു ഉശിരമ്മാര് നായമ്മരെ പട. അവര്‍ കണ്ണനെ കുഞ്ഞന്തേയിക്കരികില്‍ എത്തിച്ചു.

കഠിനമായ വേദന സഹിക്കാതെ അവള്‍ വാവിട്ട് പിടഞ്ഞ് കരഞ്ഞു. നല്ല വൈദ്യമറിയുന്ന കണ്ണന്‍ തന്റെ കച്ചയില്‍നിന്നും കടുകുമണി വലിപ്പത്തില്‍ മരുന്നെടുത്തു. ഒരു പിഞ്ഞാണി കിണ്ണത്തില്‍ പാല്‍ കൊണ്ടുവരാന്‍ പറഞ്ഞു. പാല് വന്നപ്പോള്‍ മന്ത്രം ചൊല്ലി മരുന്നു പാലില്‍ ചേര്‍ത്ത് കുഞ്ഞന്തേയിയെ കുടിപ്പിച്ചു. അവളുടെ വയറ് വേദന മാറി.

കണ്ണന്‍ തന്റെ യാത്ര തുടര്‍ന്നു. അപ്പോള്‍ പാലും പഴവും കഴിച്ചിട്ട് പോകാന്‍ കുഞ്ഞന്തേയി കണ്ണനോട് അതിഥി മര്യാദ പറഞ്ഞു. എന്നാല്‍, കണ്ണന്‍ അവിടത്തെ പാലും പഴവും വാങ്ങുവാന്‍ തയ്യാറായില്ല. ആയിരം മനുഷ്യരെ ആയുധംകൊണ്ട് കീഴടക്കിയവളാണ് കുഞ്ഞന്തേയി. അതിന്റെ കൊടിയ ശാപം പാലിലും പഴത്തിലും വരെ ഉണ്ട്. മാത്രമല്ല, അതില്‍ കണ്ണനെ മയക്കുവാനുള്ള വിദ്യയുമുണ്ട്.

''എനിക്ക് വേണ്ട'' എന്നു പറഞ്ഞ ശേഷം കണ്ണന്‍ ഒരു കിളിയായി വേഷം മാറി മറഞ്ഞ് പറന്നു. കണ്ണനെ കാണാഞ്ഞ് കുഞ്ഞന്തേയി സങ്കടത്തോടെ നാല് ദിക്കും തിരഞ്ഞു. അപ്പോഴാണ് പക്ഷിരൂപം പൂണ്ട് കണ്ണന്‍ പറക്കുന്നത് അവള്‍ കണ്ടത്. അവളതാ ഒരു തുമ്പിയായി മാറി. നല്ല ചൊകചൊക നിറമുള്ള ചെന്തുമ്പി. അതു പറന്ന് പറന്ന് കിളീനെ പാഞ്ഞ് ചെന്നു തടുത്തു.

''പാലു കുടിക്കെടാ'' -അവള്‍ കല്പിച്ചു.

സൂത്രക്കാരനായി കണ്ണന്‍ വീണ്ടും വേഷം മാറി. ഇത്തവണ കൊതുകായാണ് മാറിയത്. അടങ്ങിയിരിക്കുമോ കുഞ്ഞമ്മിണി; അവള്‍ ഒരു ഈച്ചയായ് വേഷം പൂണ്ടു. എത്ര തിരഞ്ഞിട്ടും അവള്‍ക്ക് കണ്ണനെ കാണാനായില്ല. അവള്‍ ഇരുളോത്ത് കോട്ടയില്‍ പോയിരുന്നു.

ഇരുളോത്തെ മാളികപ്പുറത്ത് ഇരിക്കുമ്പോ ഒരാള്‍ തലയുയര്‍ത്തിപ്പിടിച്ച് നടന്നുപോകുന്നത് അവള്‍ കണ്ടു. അയാള്‍ ബഹുമാനമില്ലാതെ ഒച്ചവെക്കുന്നുണ്ടായിരുന്നു. തലക്കെട്ട് അഴിക്കാതെയാണ് നടക്കുന്നത്. ഈ ഗര്‍വ്വ് കണ്ട് അവള്‍ക്ക് അരിശം വന്നു.

''പാഞ്ഞ് തടുക്കിനെടോ നായമ്മാരെ'' എന്നവള്‍ അക്രോശിച്ചു. തന്റെ മിറ്റത്തുകൂടെ തന്നെ ബഹുമാനിക്കാതെ ഉടുമുണ്ട് ഉടുത്ത് കേറ്റി ആയുധം ഉയര്‍ത്തി ആരാണ് പോകുന്നതെന്നവള്‍ക്ക് അറിയണമായിരുന്നു.

''അവന്റെ ആയുധം പിടിച്ച് വാങ്ങ്... ഇല്ലെങ്കില്‍ അവനെ ഇരുപത്തിനാല്‍ വെടിവെക്ക്'' -അവള്‍ കല്പിച്ചു.

ഇരുപത്തിനാല് കുറ്റി തോക്കുമെടുത്ത് 24 പടയാളികള്‍ കണ്ണന്റെ പുറകെ പോയി. കണ്ണന്‍ ഒറ്റഓട്ടം കൊടുത്തു. മുഖം ചെരിച്ച് പിടിച്ച് മന്ത്രവും ചൊല്ലിയോടീ. 24 പേരും തോക്ക് പൊട്ടിച്ചു. അത്ഭുതമെന്നേ പറയേണ്ടു; തോക്ക് തൂറ്റി. അതാ ചീറ്റുന്നു പച്ചവെള്ളം. പടയാളികള്‍ നാണിച്ച് തിരിച്ചോടി.

കുഞ്ഞന്തേയി ആ തടിയന്മാരെ ചീത്തയോട് ചീത്ത പറഞ്ഞു.

''പായെരി ചോറു തിന്നാനും മുണ്ടുട്ത്ത് കീയാനുമല്ലെ അറിയൂ...''

അവള്‍ പടയാളികളെ ശകാരിച്ചു.

ജനിച്ച അന്നു മുതല്‍ തോല്‍വിയേറ്റുവാങ്ങാത്ത കുഞ്ഞന്തേയി ഉഗ്ര ശപഥമെടുത്ത് കണ്ണനു പുറകെ ചെന്നു. വലങ്കൈകൊണ്ട് തന്റെ മുടി താങ്ങിപ്പിടിച്ച് ഇടങ്കൈകൊണ്ട് അവള്‍ ചാണത്തില്‍ മുക്കിയ ചൂലെടുത്തു. ആ ചൂലുകൊണ്ട് കണ്ണനെ തല്ലാനായി ചെന്നു.

ഇതു കണ്ടപ്പോള്‍ കണ്ണന് ഭയങ്കരമായ കോപം വന്നു. അവന്‍ ഒരു മാമുനി മന്ത്രം ചൊല്ലി അവളെ സ്തംഭിപ്പിച്ചുകളഞ്ഞു. അവള്‍ക്ക് ഓങ്ങിയ കൈ അനക്കാന്‍ കഴിഞ്ഞില്ല. കണ്ണന്‍ വീണ്ടും ഒരു ഭയങ്കര മന്ത്രം ചൊല്ലി അവള്‍ക്ക് ഒരു മോതിരമിട്ടു. അവള്‍ക്ക് നിന്നിടത്തുനിന്ന് അനങ്ങാന്‍ കഴിയാതെയായി. പിന്നെ ഒരു മന്ത്രം ചൊല്ലിയപ്പോള്‍ കുഞ്ഞന്തേയിയുടെ ഉടുപ്പുകള്‍ എല്ലാം കീറിപ്പോയി. അവള്‍ നാണിച്ചും പോയി.

അങ്ങനെ അവളുടെ അഹങ്കാരം തീര്‍ത്ത് കണ്ണന്‍ ഏലമലയിലേക്ക് സുന്ദരിക്കുമ്പയെ തേടി യാത്രയായി. കൂട്ടുകാരെ അഹങ്കാരം ആപത്താണ്. 

ആവേദകര്‍

തോണിച്ചാല്‍ മലക്കാരി തിറയുത്സവത്തിലെ കുംഭപ്പാട്ടുകാര്‍
കുഞ്ഞോം പേരിയയിലെ നാറാണപ്പാട്ടുകാര്‍
ബാലന്‍, അണ്ണന്‍, ചായിമ്മല്‍ കുഞ്ഞാമന്‍
കുറ്റിയോടന്‍ കേളു, പള്ളിയറ രാമന്‍.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com