'എന്റെ ആനന്ദത്തെ തുരങ്കം വെക്കുന്ന ഒന്നും ഞാന്‍ അനുവദിക്കില്ല'

ഇത്രയും കാലം എഴുതിയിടപോലും ഞാന്‍ ഒരു എഴുത്തുകാരനായി തീര്‍ന്നു എന്ന ധാരണയോ വിശ്വാസമോ ഇല്ല
'എന്റെ ആനന്ദത്തെ തുരങ്കം വെക്കുന്ന ഒന്നും ഞാന്‍ അനുവദിക്കില്ല'

ഒരു എഴുത്തുകാരനായിത്തീരും, എഴുത്തായിരിക്കും തന്റെ വഴി എന്ന് ചെറുപ്പകാലത്ത് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? 

ത്രയും കാലം എഴുതിയിടപോലും ഞാന്‍ ഒരു എഴുത്തുകാരനായി തീര്‍ന്നു എന്ന ധാരണയോ വിശ്വാസമോ ഇല്ല. ഞാനൊരു എഴുത്തുകാരനാണ് എന്ന വ്യക്തിത്വത്തിന്റെ പേരിലുള്ള സഞ്ചാരമോ ജീവിതരീതിയോ എനിക്കില്ല. അങ്ങനെ ബോദ്ധ്യപ്പെടുത്താന്‍ എനിക്കു കഴിയുന്നുമില്ല. പുസ്തകങ്ങള്‍ വായിക്കാനുള്ള താല്പര്യം എപ്പോഴോ ഉണ്ടായി. പിന്നെ ഒരു സമയത്ത് എഴുതി തുടങ്ങുകയാണ്. വലിയ ആയാസമൊന്നുമില്ലാതെ ഒരു സ്ട്രക്ചര്‍ രൂപപ്പെടുന്നു. അത് കഥയായി മാറുന്നു. എന്നെ എഴുത്തിലേക്കു വഴി തിരിച്ചുവിടാനുള്ള ആളൊന്നുമുണ്ടായിരുന്നില്ല. ചില അദ്ധ്യാപകരൊക്കെ ഉണ്ടായിരുന്നു എന്നു മാത്രം. കെ.പി. അപ്പന്‍ സാറിനെപ്പോലുള്ളവര്‍. എഴുത്തുകാരനായി ജീവിക്കുക എന്നത് ഒരു മിത്താണ്. സാധാരണ ജീവിതത്തില്‍നിന്ന് എഴുത്തുകാരനെ മാറ്റിനിര്‍ത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരാളിന്റെ താല്പര്യത്തിന്റെ ഭാഗം മാത്രമാണ് എഴുത്ത്. നമുക്കു മുന്നോട്ട് പോകാന്‍ രസം തോന്നുന്ന ഒരു ഘടകം മാത്രമാണ് എഴുത്ത്. എഴുത്തുകാരനാകുക എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമൊന്നുമല്ല. ഭാവനയുടെ സാധ്യതകള്‍ രൂപപ്പെടുത്തുക എന്നതൊക്കെ അതിലുണ്ടെന്നത് സത്യമാണ്. ചില കണ്ടന്റുകള്‍ ആലോചിക്കുന്നു. അതിന് ഒരു രൂപം ഉണ്ടാക്കുന്നു. അത് കഴിയുമ്പോള്‍ അത് കഥയായിമാറുന്നു. ആരെങ്കിലുമൊക്കെ ചോദിക്കുമ്പോള്‍ എഴുത്തിനെക്കുറിച്ച് പറയുന്നു എന്നു മാത്രം. എഴുത്തുകാരനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല.

എഴുത്തുകാരനെ രൂപപ്പെടുത്താന്‍ കഴിയുന്ന ബാല്യകാലമായിരുന്നോ ഉണ്ടായിരുന്നത്? 

എന്റെ കുട്ടിക്കാലത്തെക്കുറിച്ച് എനിക്ക് വലിയ അനുഭവങ്ങളോ അവകാശവാദമോ ഇല്ല. വഴിത്തിരിവ് ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഒന്നും കുട്ടിക്കാലത്ത് ഉണ്ടായിട്ടില്ല. ദിശാവ്യത്യാസം സൃഷ്ടിക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങള്‍ ഒന്നും സംഭവിച്ചില്ല. മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാണിക്കാനും ആരും ഉണ്ടായിരുന്നില്ല. പക്ഷേ, തടസ്സപ്പെടുത്താന്‍ ആരും ശ്രമിച്ചില്ല. നാട്ടിലെ പ്രകൃതി വളരെ വ്യത്യസ്തമായിരുന്നു. ആകര്‍ഷകമായിരുന്നു. കായലും കടലുമൊക്കെ ചേരുന്ന ഒന്നായിരുന്നു അത്. പക്ഷേ, അതും അങ്ങനെയൊന്നും ആവേശിച്ചിട്ടില്ല. ഞാനൊരു ആത്മകഥയെഴുതിയിട്ടുണ്ട്, എന്റെ ബാല്യം പശ്ചാത്തലമാക്കി. 'വാട്ടര്‍ ബോഡി.' അത് ജലവുമായി ബന്ധപ്പെട്ട എന്റെ ജീവിതാനുഭവങ്ങളാണ്. ജലം എല്ലാവര്‍ക്കും ഒരു ഉള്‍ത്തുടിപ്പുണ്ടാക്കും. അത് മനുഷ്യരാശിക്ക് എല്ലാം ഉണ്ടെന്നാണ് തോന്നുന്നത്. എന്റെ ജീവിതത്തില്‍ എപ്പോഴും ജലത്തിന്റെ സാന്നിധ്യം ഉണ്ട്. ഒരു ചെറിയ വീടും പരിസരവും ചുറ്റുവട്ടത്തുള്ള ചെറിയ വീടും അതിനപ്പുറത്തേയ്ക്ക് ഒന്നുമില്ല. പക്ഷേ, ഒന്നിനും തടസ്സമുണ്ടായിരുന്നില്ല. ഏഴിലും എട്ടിലുമൊക്കെ പഠിക്കുമ്പോള്‍ അന്ന് പുറത്തിറങ്ങിയിരുന്ന ബാലപ്രസിദ്ധീകരണങ്ങളൊക്കെ അച്ഛന്‍ വാങ്ങിച്ചു തന്നിട്ടുണ്ട്. ബാല്യകാലത്ത് എഴുത്തുമായി ബന്ധപ്പെട്ട് അത്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ല. പക്ഷേ, എങ്ങനെയോ ഇതാണെന്റെ വഴി എന്നു ഞാന്‍ നേരത്തെ മനസ്സിലാക്കിയിരുന്നു.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ത്തന്നെ കവിതകളും കഥകളുമൊക്കെ എഴുതിത്തുടങ്ങി. നന്നായി പഠിച്ചിരുന്നു. പക്ഷേ, പഠനത്തേക്കാള്‍ കുറച്ചുകൂടി എളുപ്പമുള്ള പണി ഇതായിരിക്കുമെന്ന സൂചന എനിക്ക് ഉണ്ടായി. അവിടെവച്ച് തീരുമാനിച്ചു. ഇതാണ് വഴി. എഴുത്തില്‍ ഒരു രസം തോന്നി. എന്റെ താല്പര്യമായിരുന്നു അടിസ്ഥാനം. ഇതെങ്ങോട്ട് പോകും എന്ന പേടി ഉണ്ടായിരുന്നു. ഭാഗ്യവശാല്‍ സാഹിത്യവുമായി ബന്ധപ്പെട്ട ഒരു തൊഴില്‍ കിട്ടി. മനോരമയുടെ വാര്‍ഷികപതിപ്പുകള്‍ക്കുവേണ്ടി കണ്ടന്റ് ഉണ്ടാക്കേണ്ടിയിരുന്നു. ജീവിതമാണോ ഭാവനയാണോ കഥയാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത മട്ടിലുള്ള സ്ട്രക്ചറില്‍ എല്ലാ വര്‍ഷവും ഞാന്‍ കുറെ കണ്ടന്റുകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. കള്ളന്റെ ആത്മകഥയും പ്രേതകഥകളും മറ്റും അങ്ങനെ വന്നതാണ്. എന്നെ ആകാംക്ഷപ്പെടുത്തുന്നതോ രസപ്പെടുത്തുന്നതോ ആണ് ഞാന്‍ എഴുതുന്നത്. ഭാഗ്യവശാല്‍ കെട്ടിക്കെടക്കാതെ പുസ്തകങ്ങള്‍ വിറ്റു പോകുന്നുണ്ടായിരുന്നു. അത് ഇടയ്ക്കിടയ്ക്ക് പുസ്തകമെഴുതാനായുള്ള പ്രചോദനം കിട്ടി.

ആദ്യം കവിതയാണോ എഴുതിയത്? 

ആദ്യ കാലത്ത് രണ്ടോ മൂന്നോ കവിതയേ എഴുതിയുള്ളൂ. കഥയാണ് എന്റെ തട്ടകം എന്നു മനസ്സിലായി. കവിത കുറേക്കൂടി അനുഗ്രഹീതമായ കലയാണ്. കവിതയ്ക്ക് മനസ്സില്‍ ഒരു ഒഴുക്ക് കൃത്യമായി ഉണ്ടാവണം. അത്രത്തോളം ഗദ്യം വരത്തില്ല. പദ്യത്തോടുള്ള നമ്മുടെ താല്പര്യം ഗദ്യത്തിലും സ്വാധീനിക്കും. ഗദ്യത്തിന് ചാരുതയുണ്ടാക്കുന്നത് ഈ കവിതാ താല്പര്യമാണ്. ഗദ്യകാരന്മാര്‍ എപ്പോഴും കവിയുടെ താഴെ നില്‍ക്കുന്നവരാണ്. കവികള്‍ ചെറിയ വാക്കുകള്‍ കൊണ്ടാണ് അത്ഭുതങ്ങളുടെ കോട്ടകള്‍ സൃഷ്ടിക്കുന്നത്.

ജിആർ ഇന്ദു​ഗോപൻ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ
ജിആർ ഇന്ദു​ഗോപൻ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ

ആര്‍ഭാടമില്ലാത്ത ഭാഷയാണ് താങ്കള്‍ ഉപയോഗിക്കുന്നത്. ബോധപൂര്‍വ്വമുള്ള തിരഞ്ഞെടുപ്പാണോ അത്?
 
ആദ്യകാല കഥകളിലൊക്കെ അക്കാലത്ത് വായിക്കുന്ന സാഹിത്യത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. 'തസ്‌കരന്‍ മണിയന്‍പിള്ളയുടെ ജീവിതം' എഴുതിയത് ഒരു വഴിത്തിരിവ് ആയിരുന്നു. അയാള്‍ സാഹിത്യമില്ലാത്ത ഒരു മനുഷ്യനാണ്. അയാളെക്കുറിച്ച് എഴുതുമ്പോള്‍ സാഹിത്യഭാഷയ്ക്ക് പ്രസക്തിയില്ല. അത് എന്നെ വല്ലാതെ ബാധിച്ച ഒരു കാര്യമാണ്. അക്ഷരമറിയാവുന്ന മനുഷ്യന്റെ കലയാണ് സാഹിത്യം എന്നു പറയുമ്പോള്‍ത്തന്നെ അതിന്റെ സ്വഭാവം മാറുന്നു. സാഹിത്യം എന്നു പറയുന്നത് മനുഷ്യന്റെ നിത്യജീവിതത്തിലെ ആത്യന്തികമായ ഒരു സംഗതിയല്ല. സാഹിത്യകാരനായിരിക്കുക എന്നത് ചിലപ്പോള്‍ ലജ്ജ തോന്നുന്ന കാര്യമാണ്. അക്ഷരമറിയാവുന്നവരോ വായന പ്രചോദനമാക്കിയ മനുഷ്യരോ ആണ് സാഹിത്യം വായിക്കുന്നത്. ഉപരിവര്‍ഗ്ഗത്തില്‍പ്പെട്ടവരാണ് കൂടുതല്‍ വായിക്കുന്നത് എന്നു കാണാം. പ്രത്യേകിച്ച് മിഡില്‍ ക്ലാസ്സാണ് വായിക്കുന്നത്. രാഷ്ട്രീയക്കാര്‍ മുഖ്യധാരാ സമൂഹവുമായി അടുത്തുനില്‍ക്കുന്നതുപോലെ ഒരു എഴുത്തുകാരന്‍ നില്‍ക്കുന്നില്ല. എഴുത്തുകാര്‍ പലപ്പോഴും പൊതുസമൂഹത്തിനു പുറത്താണ്. മനുഷ്യരെ അനുകരിച്ച് ഉണ്ടാക്കുന്ന ഒരു കൃത്രിമ സാധനമാണ് സാഹിത്യമെന്ന് കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി മനസ്സിലായി. എല്ലാവര്‍ക്കും മനസ്സിലാവുന്ന ഒരു ഭാഷ ഉണ്ടാക്കാന്‍ എളുപ്പമല്ല. എന്റെ മനസ്സിലെ അഴുക്കുകളും കൃത്രിമത്വവും വൃത്തികേടുകളും എല്ലാം ഈ ഭാഷയ്ക്കകത്ത് കിടക്കുകയാണ്. അതില്‍നിന്നു തെളിഞ്ഞ ഭാഷ ഉണ്ടാക്കിയെടുക്കുക അത്ര എളുപ്പമല്ല. പല ഘട്ടങ്ങളിലൂടെ ഭാഷയെ അരിച്ചെടുക്കണം. അതാണ് ഉപയോഗിക്കുന്നത്. ലളിതമായ ഭാഷ ഉണ്ടാക്കുക വലിയ പ്രയാസമാണ്. ചിലപ്പോള്‍ ഭാഷ ലളിതമാക്കുമ്പോള്‍ തളര്‍ന്നുപോകും. അത്ര പ്രയാസമാണത്. എന്റെ ഉള്ളില്‍ ആവേശിച്ച സംസ്‌കൃതി, സാംസ്‌കാരികത എന്നൊക്കെ പറയുന്ന അഴുക്കുകളെ ഒഴിവാക്കി, നിത്യജീവിത ഭാഷയിലേക്ക് നമ്മള്‍ വരണം. 'കള്ളന്റെ ജീവിതം' എഴുതിയപ്പോഴാണ് ആദ്യമായി ഈ ബോധം ഉണ്ടാവുന്നത്.

മറ്റൊരു കാര്യം. ഞാന്‍ തിരുവനന്തപുരത്ത് മനോരമയില്‍ ജോലി ചെയ്യുമ്പോള്‍ തിരുവനന്തപുരം നഗരത്തെക്കുറിച്ചുള്ള മെട്രോ മനോരമയുടെ ചുമതലക്കാരനായിരുന്നു. ഞാനൊരു കസേര എന്റെ മുന്നില്‍ മാറ്റിയിട്ടിരുന്നു. അവിടെ വന്നിരുന്ന് ധാരാളം പാവപ്പെട്ടവര്‍ അവരുടെ കഥ പറയുമായിരുന്നു. ഞാനാരേയും തടസ്സപ്പെടുത്തിയിട്ടില്ല. അതെനിക്ക് വലിയ അനുഭവമായിരുന്നു. ഇതേ സമയത്താണ് ഞാന്‍ 'എലിവാണം' എന്ന കഥ എഴുതുന്നത്.

തിരുവനന്തപുരത്ത് വിമാനത്താവളത്തില്‍ എലിവാണം (Sky rocket) അയച്ച് പക്ഷികളെ പേടിപ്പിക്കുന്നവരെക്കുറിച്ചായിരുന്നു അത്. ഒരു ദിവസം ആ വിഭാഗത്തില്‍പ്പെട്ട കുറച്ചുപേര്‍ ഓഫീസില്‍ വന്നു. ദിവസക്കൂലിയാണ് അവര്‍ക്ക്. അത് വളരെ കുറവായിരുന്നു. അതുമായി ബന്ധപ്പെട്ട വാര്‍ത്ത പത്രത്തില്‍ കൊടുത്തു. എന്നെ സ്വാധീനിച്ച വലിയൊരു കാര്യമായിരുന്നു അത്. ഞാന്‍ അവരോട് ഒരു ചോദ്യം ചോദിച്ചു. അത് ഒരു പത്രക്കാരന്റെ ചോദ്യമായിരുന്നില്ല. എഴുത്തുകാരന്റെ ചോദ്യമായിരുന്നു. എലിവാണം അയയ്ക്കുമ്പോള്‍ പറക്കുന്ന പരുന്തുകളുടെ ചിറകിലോ മറ്റോ ഏശത്തില്ലേ? കൊള്ളിക്കാന്‍ പറ്റില്ലേ എന്നു ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, വേണമെങ്കില്‍ കൊള്ളിക്കാം സാറെ എന്ന്. പക്ഷേ, നമ്മള്‍ കൊള്ളിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. പേടിപ്പിക്കാനേ ശ്രമിക്കാറുള്ളൂ. തൂവലില്‍പോലും കൊള്ളിക്കാന്‍ ശ്രമിക്കാറില്ല. തൂവലില്‍പോലും കൊള്ളിക്കാതിരുന്നത് എന്നെ ആകര്‍ഷിച്ചു. ആറു മാസം കഴിഞ്ഞ് ഈ വിഷയവുമായി ബന്ധപ്പെട്ട് 'എലിവാണം' എന്നൊരു കഥ എഴുതി മാതൃഭൂമിക്ക് കൊടുത്തു. ആറു മാസം കഴിഞ്ഞ് അതു വന്നു. ഞാന്‍ അതിന്റെ ഒരു കോപ്പിയും വാങ്ങിയാണ് ഓഫീസിലേക്ക് പോയത്. ഓഫീസില്‍ എത്തിയപ്പോള്‍ അതാ നില്‍ക്കുന്നു ആ പഴയ ഗ്രൂപ്പ്. എനിക്ക് അത്ഭുതം തോന്നി. അവരു പറഞ്ഞു, സാറെ ആ വാര്‍ത്ത ഒന്നുകൂടി കൊടുക്കണേ, ഇപ്പോഴും കാര്യങ്ങള്‍ പഴയ അവസ്ഥയിലാണ്. ഞാനുടനെ മാതൃഭൂമി ആഴ്ചപ്പതിപ്പ് തുറന്നു കഥ കാണിച്ചുകൊടുത്തു. പക്ഷേ, അവര്‍ മാസിക നോക്കുന്ന ഭാവത്തില്‍ മറിച്ചുനോക്കി തിരിച്ചു തന്ന്, ഇടനാഴിയിലൂടെ നടന്നുപോയി. ആ പോക്ക് ഞാന്‍ നോക്കിനിന്നു. സത്യത്തില്‍ സാഹിത്യത്തിനുണ്ടായ തിരിച്ചടിയാണിത്. മനുഷ്യനു മേലെ സാഹിത്യമില്ലെന്ന് തെളിയിക്കുകയായിരുന്നു അത്. ഇതു കണ്ടപ്പോഴാണ് മനസ്സിലായത്, നമ്മള്‍ ആരെക്കുറിച്ചാണോ എഴുതുന്നത് അത് വായിക്കുന്നത് സത്യത്തില്‍ അവരല്ല എന്ന്. ഇതിനു വലിയ മാറ്റം ഉണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല. സാഹിത്യമല്ല, ജീവിതമാണ് പ്രധാനമെന്ന് മനസ്സിലായി. ഒരാള്‍ക്ക് നൊബേല്‍ സമ്മാനം കിട്ടി എന്ന് ആഘോഷിക്കുമ്പോള്‍ സാധാരണക്കാരനെ അത് ബാധിക്കുന്നില്ല. വെറും ഹൈപ്പുണ്ടാക്കാനേ അതുകൊണ്ട് കഴിയൂ. പിന്നെ നമുക്ക് അറിയാവുന്ന ഒരു കല പ്രയോഗിക്കുന്നു എന്നുമാത്രം. ഈ എഴുത്ത് എന്ന പ്രക്രിയ ചെയ്യുമ്പോള്‍ നമ്മള്‍ ദുഷ്ടതയില്‍ പങ്കാളിയാവുന്നില്ല എന്നുമാത്രം ആശ്വസിക്കാം. ആത്മശുദ്ധീകരണത്തിന്റെ ഒരു വഴി മാത്രമാണിത്. അല്ലാതെ കൊട്ടിഘോഷിക്കുന്ന വലിയ സംഭവമൊന്നുമല്ല സാഹിത്യം.

താങ്കളുടെ ആദ്യകാല നോവലുകള്‍ മുതലലായനി, മണല്‍ജീവികള്‍, ഭൂമിശ്മശാനം തുടങ്ങിയ സാമൂഹിക പ്രശ്‌നവുമായി ബന്ധപ്പെട്ടവയായിരുന്നു. പിന്നീട് വ്യക്തിജീവിതത്തിലേക്ക് കേന്ദ്രീകരിച്ചു. ആ മാറ്റത്തിനു കാരണം എന്താണ്? 

ഓരോ വിഷയത്തേയും സമീപിക്കുന്നത്, അത് എന്നെ എങ്ങനെ നവീകരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. 'ഭൂമിശ്മശാനം' എന്ന നോവല്‍ ആലോചിക്കാന്‍ കാരണം, പൊതു ശ്മശാനമില്ലാത്ത ഒരു നഗരസഭയെക്കുറിച്ചുള്ള വിവരത്തില്‍നിന്നായിരുന്നു. അത് എന്റെ ഒരു സുഹൃത്ത് നേരിട്ട അനുഭവമായിരുന്നു. എല്ലാ ജാതിക്കാര്‍ക്കും ശ്മശാനമുണ്ട്. ഇതിലൊന്നും പെടാത്താവരെ എവിടെ അടക്കും; ആ സംശയത്തില്‍നിന്നാണ് നോവല്‍ ഉണ്ടാവുന്നത്. ഇത് എഴുതിവെക്കാവുന്ന കാര്യമാണെന്നു തോന്നി. ഇന്ന് കേരളത്തില്‍ എല്ലാവര്‍ക്കും പൊതുശ്മശാനങ്ങള്‍ ഉണ്ട്. കരിമണല്‍ ഖനനത്തിന്റെ പ്രശ്‌നങ്ങള്‍ സാഹിത്യത്തില്‍ രേഖപ്പെടുത്തേണ്ടതല്ലേ എന്ന സംശയത്തില്‍നിന്നാണ് 'മണല്‍ജീവികള്‍' ഉണ്ടാവുന്നത്. സ്വാഭാവികമായും നാം അതിനെക്കുറിച്ച് പഠിക്കുന്നു. 'മുതലലായനി' നെയ്യാറില്‍ മുതലകള്‍ അവശേഷിക്കുന്ന ഒരു സ്ഥലമുണ്ട്. അതിന്റെ തീരത്തു ജീവിക്കുന്ന മനുഷ്യരെ അവ ആക്രമിക്കുന്നു. അവര്‍ മുതലകളെ വേട്ടയാടുന്നു. അതു പറയേണ്ടേ. പുതുമയുള്ള കാര്യമാണ്. അതാണ് ആദ്യകാല എഴുത്തിനകത്തു വന്ന വിഷയങ്ങളും രസവും. ഞാന്‍ ആ പ്രത്യേക സ്ഥലങ്ങളില്‍ പോയി താമസിച്ച്, പഠിച്ചാണ് എഴുതുന്നത്. അറിഞ്ഞുകൂടാത്ത സ്ഥലങ്ങള്‍, പ്രദേശങ്ങള്‍ അവിടെ താമസിക്കുന്നു. 

വിചിത്രമായ കഥകള്‍ നടക്കുന്ന സ്ഥലത്ത് എഴുത്തുകാരനെ അവിടെക്കൊണ്ട് സ്ഥാപിക്കുകയാണ്. അയാള്‍ അനുഭവിക്കുന്ന രസത്തെ പകര്‍ത്തിവെക്കാന്‍ ശ്രമിക്കുന്നു. അത് പരിമിതിയാണ്. എന്നാലും ഞാനതിനാണ് ശ്രമിച്ചത്. ഇപ്പോള്‍ മനുഷ്യന്റെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ കണ്ടെത്താനാണ് ശ്രമിക്കുന്നത്. കള്ളന്റെയൊക്കെ തുടക്കം അതില്‍നിന്നാണ്. മിഡില്‍ ക്ലാസ്സോ അതിനു മുകളിലുള്ളവരോ എന്റെ കഥയില്‍ ഇപ്പോള്‍ അങ്ങനെ വരാറില്ല. അടിസ്ഥാന മനുഷ്യരാണ് ഇപ്പോള്‍ എന്റെ കഥകളിലെ കഥാപാത്രങ്ങള്‍.

'മണിയന്‍പിള്ളയുടെ ആത്മകഥ' എഴുതുമ്പോള്‍ സത്യത്തില്‍ സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ഒരാളെ ആഘോഷിക്കാനുള്ള ശ്രമമല്ലേ നടത്തുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. താങ്കള്‍ ഇതിനെ എങ്ങനെ കാണുന്നു? 

എന്റെ കൗതുകത്തെ തൃപ്തിപ്പെടുത്തുക, എഴുതിവെക്കുക എന്നതാണ് എഴുത്തിന്റെ ലക്ഷ്യം. മറ്റു മനുഷ്യരിലേക്ക് ഈ രസം പങ്കുവെക്കുക എന്ന പ്രക്രിയയാണ് ഞാന്‍ ചെയ്യുന്നത്. അതാണ് എന്റെ സാഹിത്യം. ഞാന്‍ പ്രീഡിഗ്രിക്ക് നാട്ടില്‍നിന്ന് ഒരു വണ്ടിയില്‍ ശബരിമലയ്ക്ക് പോകുന്നു. അതില്‍ ഒരു കള്ളന്‍ ഇരിക്കുകയാണ്. അവിടെനിന്ന് തുടങ്ങുന്ന സംഗതിയാണ്. ഈ അന്വേഷണം നാട്ടിലുള്ളവരൊക്കെ അയാളോട് സൗഹൃദത്തോടെ പെരുമാറുന്നു. വലിയ ഉദ്യോഗസ്ഥരൊക്കെ തോളില്‍ കയ്യിട്ട് നടക്കുന്നു. എന്താണ് ഈ മനുഷ്യന്‍ എന്നു മനസ്സിലാവുന്നില്ല. പതിനഞ്ചു വര്‍ഷത്തെ കൗതുകത്തിന്റെ ബാക്കിയാണ് ഈ എഴുത്ത്. ഞാനൊരാളെ സെലിബ്രിറ്റിയാക്കാന്‍ ശ്രമിച്ചതല്ല. എന്റെ സാഹിത്യ ജീവിതത്തിലൊരിക്കലും നിഗൂഢപദ്ധതികള്‍ ഉണ്ടായിട്ടില്ല. ഇത് നമ്മുടെ രസത്തിന്റെ ഭാഗമാണ്. ആദ്യം ഞാന്‍ മനോരമ സണ്‍ഡേയില്‍ അരപേജ് ഫീച്ചര്‍ എഴുതുന്നു. പിന്നെ അതിന്റെ തുടര്‍ച്ചയുണ്ടാവുന്നു. ഒരു കാലഘട്ടത്തില്‍ മാത്രം ഉണ്ടായ ആള്‍ക്കാരാണ് ഇവരൊക്കെ. ഇയാള്‍ ഒരു കല പ്രയോഗിക്കുകയാണ്. അപകടകരമായ ഒരു കല. ഒരുപാട് ബുദ്ധിമുട്ടുകള്‍ അയാള്‍ അനുഭവിക്കണം. എന്നിട്ടും ഈ കലയില്‍ തുടരുകയാണ്.

എന്തുകൊണ്ട് മോഷണത്തിനുള്ള ചോദന ഉണ്ടാവുന്നു. ഇവരെയൊക്കെ പഠിക്കാതെ കേരളത്തിന്റെ ചരിത്രം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. മണിയന്‍പിള്ള പറയുന്നത് ഒരു മനുഷ്യശരീരം പോലെയാണ് ഒരു വീട്. അതിനും ചില മര്‍മ്മങ്ങളുണ്ട്. ആ മര്‍മ്മങ്ങളെ ഭേദിക്കുക രസമുള്ള കാര്യമാണ്. ഈ പുസ്തകം വന്ന ശേഷം പലരും ചോദിച്ചു എന്തിന് ഇതുപോലുള്ള രചനകള്‍ എഴുതണം? ഇത്തരത്തിലുള്ള മനുഷ്യരുടെ കഥകള്‍ എഴുതണം. പില്‍ക്കാലത്ത് ഇത്തരം പുസ്തകങ്ങള്‍ മലയാളികള്‍ വായിച്ച് ആസ്വദിച്ചില്ലേ? ലൈംഗിക തൊഴിലാളിയുടെ ആത്മകഥ വന്നു. ഡ്യൂപ്പിന്റെ ആത്മകഥ വന്നു. എന്റെ ഈ പുസ്തകം വായിച്ചവരൊക്കെ മിഡില്‍ ക്ലാസ്സില്‍പ്പെട്ടവരാണ്. പുസ്തകം വന്നശേഷം അയാള്‍ വീണ്ടും പിടിക്കപ്പെടുന്നു. പിന്നെ കേസില്‍നിന്നു മുക്തമാവുന്നു. അങ്ങനെ പല തലങ്ങളിലൂടെ മണിയന്‍പിള്ള കടന്നുപോകുന്നു. മലയാള സാഹിത്യത്തിന്റെ ഭാഗമാണ് ഈ പുസ്തകവും. അതിന്റെ ഗരിമ വെച്ചിട്ടോ ഒന്നുമല്ല അങ്ങനെ പറയുന്നത്. എല്ലാ കാലത്തും അത്തരം സാഹിത്യം വായിക്കാന്‍ താല്പര്യമുള്ളവര്‍ ഉണ്ട്. സാഹിത്യം നശിക്കാതെ താങ്ങിനിര്‍ത്തുന്ന വായനക്കാര്‍ ഉണ്ട്. ശുദ്ധ സാഹിത്യം മാത്രമേ നിലനില്‍ക്കൂ. ആഴമുള്ള രചനകള്‍ മാത്രമേ ഉണ്ടാകാവൂ എന്ന വാദത്തോട് എനിക്ക് യോജിക്കാനാവില്ല. മറ്റു മുഖ്യധാര സാഹിത്യം ഇല്ലാതായി പോയാലും ഇത്തരം പുസ്തകങ്ങള്‍ നിലനില്‍ക്കും.

ആധുനികത ഏതെങ്കിലും തരത്തില്‍ താങ്കളെ സ്വാധീനിക്കുകയോ താങ്കള്‍ പിന്തുടരുകയോ ചെയ്തിട്ടുണ്ടോ?
 
തൊണ്ണൂറുകളുടെ ആദ്യം മുതലാണ് മലയാളത്തിലെ പ്രസിദ്ധീകരണങ്ങളില്‍ കാര്യമായി ഞാന്‍ എഴുതി തുടങ്ങിയത്. ആദ്യകാല രചനകളില്‍ ആധുനികതയുടെ ചില സ്വാധീനം ഉണ്ടായിരുന്നു. ഇപ്പോള്‍ നോക്കുമ്പോള്‍ അത് ദുഃസ്വാധീനമായാണ് തോന്നുന്നത്. ആധുനികത ഒരുകാലത്തും എന്നെ സ്പര്‍ശിച്ചിട്ടില്ല. തൊങ്ങലുകള്‍ ഇല്ലാത്ത മനുഷ്യന്റെ നിഷ്‌കളങ്കതയാണ് സാഹിത്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആധുനികതയില്‍ നിഷ്‌കളങ്കതയല്ല ഉള്ളത്. ഞാന്‍ ഞാന്‍ എന്ന ശൂന്യതാവാദമാണ് അതിലുള്ളത്. മനുഷ്യര്‍ തമ്മില്‍ പകയുണ്ടാവാം, ദേഷ്യമുണ്ടാവാം, മനുഷ്യന്റെ അടിസ്ഥാന വികാരങ്ങള്‍ പലതുമുണ്ടാവാം. അതിനുള്ളില്‍ മാനുഷികത, മനുഷ്യത്വം എന്ന വികാരം ഉണ്ടാവും. അതാണ് സംസ്‌കാരം എന്നു വിശ്വസിക്കുന്നത്. അവിടെയാണ് സ്‌നേഹമെന്ന എലമെന്റ് കയറിവരുന്നത്. മനുഷ്യര്‍ തമ്മിലുള്ള പക, സിസ്റ്റങ്ങള്‍ തമ്മിലുള്ള ഈഗോസ്. ഇതിനുള്ളില്‍ സ്‌നേഹമെങ്ങനെ ഇടപെടണം എന്നതാണ് എന്റെ സാഹിത്യം. അതില്‍ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ആധുനികതയില്‍ ഞാന്‍ മാത്രമേ എന്ന ചിന്തയേ ഉള്ളൂ. ഞാന്‍ ഉണ്ടാക്കുന്ന പദ്ധതികളും ഞാന്‍ ഉണ്ടാക്കുന്ന ശൂന്യതാവാദവും ആണ് ആധുനികത, അതിന് അടിയില്‍പ്പെട്ട് ഞെരിഞ്ഞുപോയ എഴുത്തിന്റെ നിഷ്‌കളങ്കത ഉണ്ടായിരുന്നു. ആധുനികതയില്‍ നിഷ്‌കളങ്കതയല്ല ഉള്ളത്.

അതിനുശേഷം വന്ന തലമുറ ഞങ്ങളുടെ തലമുറയേക്കാള്‍ ധീരന്മാരായിരുന്നു; ആധുനികര്‍ക്കു ശേഷം തൊട്ടുപുറകെ വന്നവര്‍, ചതഞ്ഞരഞ്ഞുപോയവര്‍, ഇപ്പോള്‍ അവര്‍ക്ക് അന്‍പതു വയസ്സിനു മുകളില്‍ ഉണ്ടാവും. ഈ വാദത്തെ പിന്തുടരാതെ ഇതിനു കടകവിരുദ്ധമായ രീതിയില്‍, മനുഷ്യനാണ് പ്രധാനം എന്ന രീതിയില്‍ കഥ എഴുതിയ ധീരന്മാരാണ് ആധുനികതയ്ക്കുശേഷം വന്നത്. അവര്‍ ആധുനികതയുടെ നിഴലില്‍പ്പെട്ട് വെളിച്ചം കിട്ടാതെ പോയവരാണ്. പില്‍ക്കാലത്താണ് അവര്‍ക്ക് കുറച്ച് അംഗീകാരം കിട്ടിയത്. ആ തലമുറയെ ധീരന്മാരായാണ് ഞാന്‍ കാണുന്നത്.

സാഹിത്യം എന്നത് ഇന്ന് സ്ഥാപനമായി മാറിയിരിക്കുന്നു. പത്രാധിപര്‍, പ്രസാധകര്‍, വായനക്കാര്‍, പുരസ്‌കാരം എല്ലാം ചേര്‍ന്നുള്ള സ്ഥാപനം. ഇതിനെ എങ്ങനെ കാണുന്നു? 

ലോകത്തുള്ള എല്ലാ വ്യവസ്ഥാപിത സ്ഥാപനങ്ങളുടേയും സ്വഭാവം സാഹിത്യത്തിനും ഉണ്ടാവും. ആ വ്യവസ്ഥയെ നിലനിര്‍ത്താനുള്ള മാഫിയാ ലോകത്തിന്റെ എല്ലാ പദ്ധതികളും സാഹിത്യത്തിലും വരും. ഗൂഢാലോചന, തന്ത്രങ്ങള്‍ എല്ലാം ഉണ്ടാവും. സാഹിത്യത്തില്‍ ഇതൊന്നും ഇല്ലെന്നു പറയാന്‍ പറ്റില്ല. സര്‍ക്കുലേഷന്‍ എന്നത് സാഹിത്യം എന്ന എസ്റ്റാബ്ലിഷ്മെന്റിന്റെ പ്രധാന കാര്യമാണ്. അതിന്റെ കടയ്ക്കല്‍ കത്തി ഏല്‍ക്കുന്നതിനു മുകളില്‍ പത്രാധിപര്‍ക്ക് നിലനില്‍പ്പില്ല. ഒരു സാധനം സിസ്റ്റമായി കഴിയുമ്പോള്‍ ആ സിസ്റ്റം നിലനിര്‍ത്താന്‍ വേണ്ടി ഒരു സംവിധാനത്തെ സ്വീകരിക്കും. ആ സംവിധാനം എന്നു പറയുന്നതിന് അകത്ത് ഗൂഢാലോചന പദ്ധതികള്‍ ഉണ്ടാവും. ഒരു എഴുത്തുകാരനെ എങ്ങനെ വില്‍ക്കാം എന്നത് പ്രസാധകര്‍ നോക്കും. ഇരുപത്തിയഞ്ചോ മുപ്പതോ കോടി വരുന്നതാണ് കേരളത്തിലെ വില്‍പ്പന സംവിധാനം. അന്‍പതു ശതമാനം സര്‍ക്കാര്‍ സഹായത്തോടെയാണ് നിലനില്‍ക്കുന്നത്. സ്ഥാപനവല്‍ക്കരണമെന്ന പദ്ധതി സാഹിത്യത്തില്‍ ഉണ്ട്. സാഹിത്യം എന്നത് പരമമായ ഒരു കാര്യമായി പറയാന്‍ കഴിയില്ല. 

സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒന്നുതന്നെയാണ് സാഹിത്യം. വിപണി സൃഷ്ടിക്കാനുള്ള ടെക്നിക്കുകള്‍ സാഹിത്യത്തില്‍ ഉണ്ട്. വായനക്കാരെ ആകര്‍ഷിക്കാനായി എഴുത്തുകാരനും പ്രസാധകനും ചേര്‍ന്നു തന്ത്രങ്ങള്‍ ആലോചിച്ചു നടപ്പാക്കുന്നു. അതുകൊണ്ടാണ് സാഹിത്യത്തില്‍ ഒരു മാഫിയ സംഘം ഉണ്ടെന്നു പറയുന്നത്. അത് ആര്‍ക്കും തള്ളിക്കളയാന്‍ കഴിയില്ല.

ജിആർ ഇന്ദു​ഗോപൻ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ
ജിആർ ഇന്ദു​ഗോപൻ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ

കഴിഞ്ഞ കുറെക്കാലമായി ആഘോഷിക്കപ്പെടുന്ന ഒരെഴുത്തുകാരനാണ് താങ്കള്‍. അതില്‍നിന്നു മാറിനില്‍ക്കാന്‍ താങ്കള്‍ക്കു കഴിയുമോ? 

ഞാന്‍ ആഘോഷിക്കാന്‍ വേണ്ടി കാത്തിരിക്കുന്ന ഒരാളല്ല. എനിക്കു ചെയ്യേണ്ട സാഹിത്യബാഹ്യമായ ധാരാളം കാര്യങ്ങള്‍ ഉണ്ട്. ഞാന്‍ സെലിബ്രേറ്റ് ചെയ്യുന്നു എന്നത് മനസ്സിലാക്കുന്നത് ആരെങ്കിലും അയച്ചുതരുന്ന വാര്‍ത്തകളിലോ വാട്‌സാപ്പ് ക്ലിപ്പുകളിലൂടെയോ ആണ്. ആറുമാസത്തിലൊരിക്കല്‍ കിട്ടുന്ന പുസ്തകങ്ങളുടെ റോയല്‍റ്റിയില്‍ കൂടി എഴുത്തിന്റെ പ്രചാരം മനസ്സിലാക്കാം. ഞാന്‍ സാമൂഹ്യമാദ്ധ്യമങ്ങളിലൊന്നുമില്ല. അതില്‍ കയറാമായിരുന്നു. പക്ഷേ, അതുണ്ടാക്കാവുന്ന അപകടം എന്തായിരിക്കും എന്ന് എനിക്കറിയാം. വല്ലാത്ത ഭയമാണ്. പക്ഷേ, പോകാതിരിക്കാന്‍ പറ്റില്ല. സോഷ്യല്‍ മീഡിയയിലെ സാന്നിധ്യം നമ്മുടെ ഐഡന്റിറ്റിയുടെ ഭാഗമായി മാറിയിരിക്കുകയാണ്, അപ്പോള്‍ ഞാനും അതിലേക്ക് കയറേണ്ടി വരുന്നു. ഞാന്‍ ഫേസ്ബുക്കില്‍ കയറിയിട്ടില്ല. ഇന്‍സ്റ്റാഗ്രാമില്‍ കയറിയിട്ടില്ല. എനിക്കു പേടിയാണ്. പക്ഷേ, പലരും അതില്‍ കയറാന്‍ നിര്‍ബ്ബന്ധിക്കുന്നു. വായനക്കാര്‍ പറയുന്നത് ഞാനുമായി കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുന്നില്ല എന്നാണ്.

താങ്കള്‍ ജോലി ഉപേക്ഷിച്ചു. എഴുത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. എഴുത്തുകൊണ്ടുമാത്രം ജീവിക്കാന്‍ കഴിയുന്ന അവസ്ഥ കേരളത്തിലുണ്ടോ? 

കേരളത്തില്‍ പത്ത് എഴുത്തുകാര്‍ക്കെങ്കിലും എഴുത്തുകൊണ്ടുമാത്രം ജീവിക്കാന്‍ പറ്റും എന്നു ഞാന്‍ വിശ്വസിക്കുന്നു. രണ്ടോ മൂന്നോ പേര്‍ക്കു വലിയ പ്രൊഫഷണലുകളെപ്പോലെ ജീവിക്കാന്‍ കഴിയും. ഈ ചെറിയ ഭാഷയെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണിത്. കേരളത്തിലെ വായനക്കാര്‍ എഴുത്തുകാര്‍ക്കു നല്‍കുന്ന പിന്തുണയാണത്. പണ്ടും പല എഴുത്തുകാരും അങ്ങനെ ജീവിച്ചിട്ടുണ്ട്.

ഇന്ദുഗോപന്‍ എന്ന എഴുത്തുകാരന്റെ മാനിഫെസ്റ്റോ എന്താണ്? 

എഴുത്തുകാരന്റെ മാനിഫെസ്റ്റോ എന്നത് വളരെ പ്രധാനമായ കാര്യമായാണ് ഞാന്‍ കാണുന്നത്. ഏതു കൊടുംക്രൂരതയ്ക്കു മുകളിലും പശ്ചാത്താപം, അതിനു മുകളിലുള്ള സ്‌നേഹം, കുറ്റബോധം, അതാണ് മനുഷ്യത്വം സംസ്‌കാരം എന്നു പറയുന്നത്. സംസ്‌കാരം എന്നു പറയുന്നത് അത് മനുഷ്യനു മാത്രമുള്ളതാണ്. ആ സന്ദര്‍ഭമാണ് എഴുത്തുകാരന്റെ മാനിഫെസ്റ്റോ. ഇരുട്ടിനുള്ളിലെ വെള്ളിരേഖകള്‍ തേടിയാണ് എഴുത്തുകാരന്‍ പോകുന്നത്. അന്ധകാരത്തിനു മുകളില്‍ വെളിച്ചം കാണുമ്പോഴുള്ള സന്തോഷം ഉണ്ടല്ലോ. ആ പരിമിത സന്തോഷത്തിന്റെ പിന്നാലെയാണ് എന്റെ സാഹിത്യം കടന്നുപോകുന്നത്.

ആദ്യകാല രചനകളെ അപേക്ഷിച്ച് ഇപ്പോള്‍ എഴുതുന്നവയ്ക്ക് ദൃശ്യാത്മകതയ്ക്ക് പ്രാധാന്യം നല്‍കുന്നതായി തോന്നുന്നു. സിനിമ ലക്ഷ്യംവെച്ച് എഴുതുന്നതാണോ ഈ കഥകള്‍? 

ഞാന്‍ നേരത്തെ പറഞ്ഞില്ലേ അടിസ്ഥാനം. മനുഷ്യന്റെ കഥകളാണ് ഞാന്‍ എഴുതുന്നത്. എഴുത്തിന്റെ ഓരോ ഘട്ടത്തിലും വാചകങ്ങള്‍ ലളിതമാക്കി, കഥാഘടനയില്‍ ദുര്‍ഗ്രഹങ്ങള്‍ സൃഷ്ടിക്കാതെ ദുര്‍ഗ്രഹതകള്‍ അടിച്ചേല്‍പ്പിക്കാതിരിക്കണമെന്ന ആഗ്രഹമുണ്ട്. ഈ പ്രക്രിയ നടപ്പിലായതിനുശേഷം അവശേഷിക്കുന്നത് എന്താണ്? കഥയുടെ ദൃശ്യവിതാനമാണ്. കഥയില്‍ ഗതികളും വിഗതികളും സംഭവിക്കുന്നു. ഇതില്‍നിന്നും ദൃശ്യാത്മകത ഉണ്ടാക്കുന്നുണ്ടാവാം. ഒരിക്കലും സിനിമയെ മുന്‍നിര്‍ത്തി ഒരു രചനയും എഴുതാന്‍ പറ്റില്ല. അങ്ങനെയാണെങ്കില്‍ എല്ലാവരും അങ്ങനെയേ ശ്രമിക്കത്തുള്ളൂ. ഞാന്‍ എഴുതുന്ന കഥകള്‍ സിനിമയ്ക്കുവേണ്ടി ആരെങ്കിലും തിരക്കിവരുന്നുണ്ടെങ്കില്‍ അത് സിനിമയ്ക്കുവേണ്ടി എഴുതിയതല്ലാത്തതുകൊണ്ടാണ്. ഞാന്‍ എഴുതുന്ന കഥയില്‍ തൊങ്ങലും തോരണവുമില്ല. അതില്‍ ഒരു യാത്രയുണ്ട്. യാത്രയ്ക്കു ചില വഴിത്തിരിവുകള്‍ ഉണ്ട്. അതുകൊണ്ടാവാം അവര്‍ അന്വേഷിച്ചു വരുന്നത്. ഞാന്‍ എന്റെ കഥ സിനിമയാക്കാന്‍ ഏതെങ്കിലും സംവിധായകനേയോ നടനേയോ സമീപിച്ചിട്ടില്ല. ഏതെങ്കിലും ഒരു പദ്ധതിയുടെ ഭാഗമായി എഴുതുന്ന ഒന്നല്ല എന്റെ കഥകള്‍. സാഹിത്യം എന്ന രീതിയില്‍ വായിക്കപ്പെട്ടശേഷമാണ് സിനിമയ്ക്കുവേണ്ടി ഉപയോഗിക്കുന്നത്. 

സിനിമയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതില്‍ വായനയുമായി ബന്ധപ്പെട്ടവര്‍ ഉണ്ട്. അവര്‍ എന്റെ കഥ കണ്ടെത്തുന്നു. എന്റെ സാഹിത്യകൃതിയെ അവലംബിച്ചാണ് സിനിമ എടുക്കുന്നത്. കഥ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് സിനിമയാക്കാന്‍ തരാമോ എന്നു ചോദിക്കുന്നവരുണ്ട്. ഞാന്‍ അവരോട് പറയാറുണ്ട്, അടിസ്ഥാനപരമായി ഞാന്‍ ഒരു എഴുത്തുകാരനാണ്. എന്റെ സന്തോഷം എന്നത് ഒറ്റയ്ക്കിരുന്ന് എഴുതുക എന്നതാണ്. സിനിമ ആള്‍ക്കൂട്ടത്തിന്റെ കലയാണ്. തിരക്കഥ എന്നത് എഴുത്തുകാരന്റെ ശുദ്ധകലയല്ല. അതില്‍ പലരുടേയും ഇടപെടല്‍ കാണും. മുപ്പതു മുപ്പത്തിയഞ്ച് വര്‍ഷത്തെ എന്റെ എല്ലാ അധ്വാനവും എഴുത്തുകാരന്‍ എന്ന രീതിയില്‍ ഉള്ളതാണ്. എഴുത്തുകാരനായി തുടരാനുള്ള പിന്തുണ എനിക്ക് സിനിമയില്‍നിന്നു കിട്ടുന്നുണ്ട്. ഞാന്‍ ജോലി ഉപേക്ഷിച്ചു. ഒരു എഴുത്തുകാരനായി തുടരാനുള്ള സാഹചര്യം സിനിമ തരുന്നു, സാഹിത്യത്തിന്റെ തുടര്‍ച്ചയാണത്.

താങ്കളുടെ തലമുറയില്‍പ്പെട്ട നോവലിസ്റ്റുകളില്‍ പലരും രാഷ്ട്രീയം, ചരിത്രം തുടങ്ങിയവ മുഖ്യപ്രമേയമാക്കാന്‍ താല്പര്യപ്പെടുന്നുണ്ട്. പക്ഷേ, നിങ്ങളുടെ കൃതിയില്‍ അതു കാണുന്നില്ല? 

രാഷ്ട്രീയ സംഭവങ്ങള്‍ വലിയ കാര്യമായിരുന്നു എന്ന് എനിക്കു കൂടി തോന്നണം. ചരിത്രത്തോട് നമുക്ക് ആദരവ് തോന്നണം. ഉള്‍പ്പുളകങ്ങളോ കൗതുകങ്ങളോ ഉണ്ടാവണം. അതില്‍ എഴുത്തുകാരുടെ സമീപനങ്ങള്‍ വ്യത്യസ്തമായിരിക്കും. ഞാന്‍ ഇപ്പോള്‍ എഴുതുന്ന നോവല്‍ പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തെ രാഷ്ട്രീയ പരിണതികളാണ്. അതെന്നെ കൗതുകപ്പെടുത്തി. പ്രസ്ഥാനം എന്നു പറയുമ്പോള്‍ അതിനുള്ളില്‍ നിഗൂഢമായ പദ്ധതികള്‍ ഉണ്ടാവും. അതില്‍ ചിലത് മനുഷ്യവിരുദ്ധമായിരിക്കും. അതെനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യമല്ല. മനുഷ്യന്റെ കഥകള്‍ പറയുന്നതിനോടാണ് എനിക്കു താല്പര്യം. പ്രസ്ഥാനം എന്നത് ഒരുപാട് മനുഷ്യര്‍ ചേര്‍ന്ന ചിന്താപദ്ധതിയാണ്. കുറെ മനുഷ്യരെ അതിലേക്കു വലിച്ചടുപ്പിക്കുന്നു. ഇതിലെ തെറ്റുകുറ്റങ്ങള്‍ എനിക്കു താങ്ങാന്‍ കഴിയില്ല. അതുകൊണ്ടാണ് ചരിത്രത്തേയോ രാഷ്ട്രീയത്തേയോ പ്രധാന വിഷയമാക്കാത്തത്.

ഒരുപാട് പ്രേതകഥകള്‍ എഴുതിയിട്ടുണ്ടല്ലോ. എപ്പോഴെങ്കിലും പ്രേതത്തെ നേരില്‍ കണ്ടിട്ടുണ്ടോ? 

ഞാന്‍ പ്രേതത്തെ കണ്ടിട്ടില്ല. പ്രേതത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. മനുഷ്യനല്ലാതെ ഒന്നിനേയും എനിക്കു ഭയമില്ല. ഞാനൊരു മതവിശ്വാസിയല്ല, ദൈവവിശ്വാസിയല്ല. പറന്നുനടക്കുന്ന പട്ടംപോലെയാണ് ഞാന്‍. ഏതെങ്കിലും പദ്ധതികള്‍ ആവിഷ്‌കരിച്ച് ജീവിക്കുന്നയാളല്ല. മുന്‍കൂട്ടി തയ്യാറാക്കിയ സ്ട്രക്ചര്‍ വെച്ചുകൊണ്ടല്ല ഞാന്‍ കഥയോ നോവലോ എഴുതുന്നത്. ഞാനത് എഴുതിപ്പോവുകയാണ്. എഴുതിയെഴുതിയാ സ്ട്രക്ചര്‍ ഉണ്ടാക്കുന്നത്.

പ്രേതം എന്നത് ഒരു ഭാവനയാണ്. വേദനയും ഭയവുമാണ് നമ്മള്‍ ജീവിച്ചിരിക്കുന്നു എന്നതിന്റെ അടയാളങ്ങള്‍. ഇല്ലാത്ത ഒരു സാധനം നമ്മുടെ പരിസരത്ത് ഉണ്ടെന്നത് നമ്മെ വിഭ്രമിപ്പിക്കുന്നു. ഭയത്തിന്റെ രസമാണ് പ്രേതകഥകള്‍. സാധാരണ സാഹിത്യം ചിലപ്പോള്‍ വിരസമാകും. അതില്‍നിന്നു രക്ഷപ്പെടാനാണ് ഇത്തരം കഥകള്‍ ഉണ്ടാക്കുന്നത്. നമ്മുടെ സാഹിത്യമെഴുത്തിനെ പുതുക്കാനായി ചെയ്യുന്ന ചില പദ്ധതികളാണ് പ്രേതകഥകളും ഡിക്റ്ററ്റീവ് നോവലുകളുമൊക്കെ. ഒരു വിഭാഗം വായനക്കാരെ ഇത് ആകര്‍ഷിക്കുന്നുണ്ട്.

താങ്കളുടെ കഥകള്‍ പലതും തെക്കന്‍ തിരുവിതാംകൂര്‍ പശ്ചാത്തലമുള്ളതാണ്. എന്തുകൊണ്ടാണ് ആ തിരഞ്ഞെടുപ്പ്? 

ഞാന്‍ ഒരു തിരുവിതാംകൂര്‍കാരനാണ്. കൊല്ലത്തുകാരനാണ് കൊല്ലം, തമിഴ്നാട് വരെ തുടരുന്നു. പലതരം ആള്‍ക്കാരുടെ സംസ്‌കാരം അവിടെ ഉണ്ട്. ചരിത്രമുള്ള സ്ഥലത്തേയ്ക്ക് പോകാനാണ് എപ്പോഴും താല്പര്യം. വളരെ ചെറിയ പ്രായത്തില്‍ത്തന്നെ തെക്കന്‍ തിരുവിതാംകൂറിലൂടെ നിരന്തരം സഞ്ചരിച്ചു. അലഞ്ഞുതിരിഞ്ഞിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും കിടന്നിട്ടുണ്ട്. അങ്ങനെയാണ് തെക്കന്‍ തിരുവിതാംകൂര്‍ കഥകളിലേക്ക് വരുന്നത്. അവിടെ ചരിത്രത്തിന്റെ വലിയ സ്പന്ദനങ്ങളാണ് കേള്‍ക്കുന്നത്. എഴുത്തിന്റെ പച്ചപ്പ് നഷ്ടപ്പെടാതിരിക്കാനാണ്, ഇത്തരം സ്ഥലങ്ങളില്‍ പോയി താമസിക്കുന്നത്. ചിലപ്പോള്‍ അപകടകരമായ യാത്രകള്‍പോലും ഉണ്ടാവും.

എഴുത്തുകാരന്‍ എന്ന നിലയ്ക്ക് ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി എന്താണ്? 

നമ്മുടെ കയ്യില്‍ ധാരാളം കണ്ടന്റ് ഉണ്ട്. ആശയങ്ങള്‍ ഉണ്ട്. ഇതൊക്കെ കടലാസിലാക്കാനുള്ള ഏകാഗ്രത, സാവകാശം, സമയം ഇത്തരം കാര്യങ്ങള്‍ കുറവാണ്. വളരെ യാന്ത്രികമായ ജീവിതത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ചില കച്ചവടപരമായ താല്പര്യങ്ങളിലേക്ക് പോകേണ്ടിവരും. അതിന്റെ അപകടങ്ങള്‍ എനിക്കു മനസ്സിലായി തുടങ്ങി. എഴുത്തുകാരന്റെ സോസ്ഥ്യമാണ്, സമാധാനമാണ് എനിക്കു വേണ്ടത്. അതു കിട്ടിയില്ലെങ്കില്‍ അപകടമാണ്. അതിന്റെ അപകടസൂചന കണ്ടാല്‍, അതില്‍നിന്നു പിന്മാറും. അതില്‍നിന്നു കിട്ടുന്ന സാമ്പത്തികമോ ഗ്ലാമറോ ഒഴിവാക്കി, പഴയ ആനന്ദം കണ്ടെത്തുന്നതിലേക്കു പോകും. എഴുത്ത് എന്നതിന്റെ പരമാനന്ദമാണ് എനിക്കു വേണ്ടത്. അതിനെ തൃപ്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് വേണ്ടത്. ഞാന്‍ എഴുതുന്നത് ലോകോത്തരമാകണമെന്ന് ഒരു നിര്‍ബ്ബന്ധവുമില്ല. 

എന്റെ ആനന്ദത്തെ തുരങ്കംവെക്കുന്ന ഒന്നും ഞാന്‍ അനുവദിക്കില്ല. ഈ അടിസ്ഥാനബോധം എനിക്ക് ഉണ്ടെന്നാണ് വിശ്വാസം. അടിസ്ഥാനപരമായി ഞാന്‍ എഴുത്തുകാരനാണ്. ഒരു പൊട്ടിയ പട്ടം കണക്കെ എനിക്കു പാറി നടക്കണം.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com