'ഇനി മാധ്യമങ്ങള്‍ മാര്‍ക്കിടുന്ന മാഷും ഗോവിന്ദന്‍ മാഷ് കുട്ടിയുമാണ്'

എം.വി. ഗോവിന്ദന്‍ മാഷ് പാര്‍ട്ടി സെക്രട്ടറിയാകുമ്പോള്‍, 'കണ്ണൂര്‍ ലോബി' എന്ന മാധ്യമ നിര്‍മ്മിതിക്കപ്പുറം, അത് സി.പി.എമ്മിന്റെ കേരളത്തിലെ ഭാവിയുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ പ്രമേയം കൂടിയാണ്
'ഇനി മാധ്യമങ്ങള്‍ മാര്‍ക്കിടുന്ന മാഷും ഗോവിന്ദന്‍ മാഷ് കുട്ടിയുമാണ്'

എം.വി. ഗോവിന്ദന്‍ മാഷ് പാര്‍ട്ടി സെക്രട്ടറിയാകുമ്പോള്‍, 'കണ്ണൂര്‍ ലോബി' എന്ന മാധ്യമ നിര്‍മ്മിതിക്കപ്പുറം, അത് സി.പി.എമ്മിന്റെ കേരളത്തിലെ ഭാവിയുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ പ്രമേയം കൂടിയാണ്. എം.വി. ഗോവിന്ദന്‍, ഒരു ആശയം കൂടിയാണ്. ഭരണകൂടത്തിന്റെ ആ 'സല്യൂട്ട്' എത്രയോ നിര്‍മമനായി വേണ്ടെന്നുവെക്കാന്‍ ഗോവിന്ദന്‍ മാഷിനു സാധിച്ചു.

സി.പി.എമ്മിനെക്കുറിച്ച് ആരും ഈയിടെയായി  പുതുതായൊന്നും പറയുന്നുണ്ടായിരുന്നില്ല. എന്നാല്‍, ഏറ്റവും പുതുതായ വാര്‍ത്ത, രാഷ്ട്രീയമായി, ഗോവിന്ദന്‍ മാഷ് സി.പി.എം. സെക്രട്ടറിയായിരിക്കുന്നു എന്നതാണ്. 'പാര്‍ട്ടിയെ ചലിപ്പിക്കുക' എന്നതാണ് നേതാക്കന്മാരില്‍ പാര്‍ട്ടിയേല്പിക്കുന്ന രാഷ്ട്രീയ ദൗത്യം എന്ന് സി.പി.എമ്മിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്കറിയാം.

'അചഞ്ചലമായ ചലനാത്മകത'യാണ് പാര്‍ട്ടി. കേരളത്തില്‍ കുറേക്കാലമായി സകല ന്യായങ്ങളുടേയും/അന്യായങ്ങളുടേയും മറുപടി പറയാന്‍ ബാദ്ധ്യസ്ഥരായവരും 'സാദ്ധ്യസ്ഥരായവരും' പിണറായി വിജയന്‍ അല്ലെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ എന്നതാണ് മാധ്യമങ്ങളുടെ ഒരു അവതരണരീതി. വളരെ ചെറിയ കാലയളവില്‍ത്തന്നെ ഒരു പ്രതിപക്ഷനേതാവ് എന്ന നിലയില്‍ എത്രമാത്രം അസഹിഷ്ണുവായിരുന്നു, ചില പത്രസമ്മേളനങ്ങളില്‍ വി.ഡി. സതീശന്‍. എന്നാല്‍, 'കടക്ക് പുറത്ത്' എന്ന പരാമര്‍ശത്തില്‍, അതൊരു മര്യാദകെട്ട പ്രയോഗമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല; പിണറായി വിജയനെ ഇപ്പോഴും മാധ്യമങ്ങള്‍ ആ തലക്കെട്ടില്‍ത്തന്നെ നിര്‍ത്തുന്നു. വി.ഡി. സതീശനെ വിമര്‍ശന വിധേയമല്ലാത്ത വിശുദ്ധിയായി വെറുതെവിടുന്നു. സകല ന്യായങ്ങളുടേയും ന്യായാധിപരായി ചമയുന്നത്, മിക്കവാറും മാധ്യമങ്ങളാണ്. അത് സി.പി.എമ്മിന്റെ കാര്യത്തില്‍ മാത്രം സംഭവിക്കുന്ന ഓഡിറ്റിങ്ങാണ്.

ഇവിടെയാണ് എം.വി. ഗോവിന്ദന്‍ മാഷുടെ സ്ഥാനലബ്ധി ഒരു പുതുമയായി വരുന്നത്. 'ചലനാത്മക സി.പി.എമ്മിനെ' മുന്നോട്ടു നയിക്കാന്‍ ഗോവിന്ദന്‍ മാഷെ ആള്‍ക്കൂട്ടങ്ങളുടെ ആരവങ്ങള്‍ക്കു മുന്നില്‍ നിര്‍ത്തുകയാണ്. സി.പി.എം. പാര്‍ട്ടിയെ ചലിപ്പിക്കുന്ന മുഖങ്ങളുടെ ആ നേതൃശ്രേണിയില്‍ എം.വി. ഗോവിന്ദന്‍ മാഷോ എം.എ. ബേബിയോ ഇല്ല. മിക്കവാറും പാര്‍ട്ടിക്കകത്ത് വിശദീകരിക്കുന്ന 'കാണാപ്പണികള്‍' എന്നു പറയാവുന്ന രാഷ്ട്രീയ അവലോകനങ്ങള്‍ സൈദ്ധാന്തികമായി അവതരിപ്പിക്കുന്ന രാഷ്ട്രീയ ജീവിതമാണ് ഈ മുതിര്‍ന്ന സഖാക്കള്‍ നയിക്കുന്നത്. സൈദ്ധാന്തിക ജീവിതം നയിക്കുന്നവരില്‍ ഒരാള്‍, 'പ്രായോഗിക ചലനാത്മകതയുടെ' ആ പാര്‍ട്ടി വളയം ഇനി കറക്കും.

അപ്പോള്‍, സ്വാഭാവികമായും കോടിയേരി എന്ന സ്ഥാനമൊഴിയുന്ന സെക്രട്ടറിയുടെ രാഷ്ട്രീയ ജീവിതത്തെ സംക്ഷിപ്തമായി ഫോക്കസ് ചെയ്യേണ്ടിവരും. അസുഖബാധിതനായ കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയുന്ന  വാര്‍ത്തയ്ക്കു കീഴെ പോലും എത്ര അരോചകവും വിഷലിപ്തവുമായ കമന്റുകളാണ് വന്നുകൊണ്ടിരുന്നത്. സകല ന്യായങ്ങളുടേയും ന്യായാധിപ വേഷം ചമയുന്ന മാധ്യമബോധം സൃഷ്ടിച്ച ഒരു മലയാളീ സാംസ്‌കാരിക മനസ്സാണ് ആ കമന്റുകളില്‍ വൈറസ് പോലെ തെളിയുന്നത്. ഏറ്റവും ആര്‍ദ്രതയോടെ പാര്‍ട്ടിക്കു മുന്നില്‍നിന്ന ഒരു സെക്രട്ടറിയാണ് കോടിയേരി.  അദ്ദേഹത്തെ നേരില്‍ കണ്ടു സംസാരിച്ച രണ്ടോ മൂന്നോ സന്ദര്‍ഭങ്ങളില്‍, ഊഷ്മളമായ ആ പെരുമാറ്റം, കമ്യൂണിസ്റ്റ് എന്ന രാഷ്ട്രീയ ധാര്‍മ്മികതയില്‍ ഉറച്ചുനില്‍ക്കുന്നതായി ബോധ്യപ്പെട്ടിരുന്നു.

എന്താണ് വ്യക്തിപരമായി അല്ലെങ്കില്‍ എഴുത്തുകാരനെന്ന നിലയില്‍ (സ്വയം വിശദീകരിക്കേണ്ടിവരുന്ന ആ വിശേഷണത്തോടു വായനക്കാര്‍ ക്ഷമിക്കുക) കോടിയേരി എന്നെ പ്രചോദിപ്പിച്ചത്? കമ്യൂണിസ്റ്റായിരിക്കുമ്പോഴും അദ്ദേഹം 'ഫ്രീഡം' എന്ന വ്യക്തിഗത ജനാധിപത്യമൂല്യത്തെ ഉയര്‍ത്തിപ്പിടിച്ചു എന്നതാണത്. അതൊരു കുടുംബമൂല്യമാണ്/ നാം നമ്മുടെ ഉറ്റവര്‍ക്ക് വാഗ്ദാനം ഏറ്റവും ഉന്നതമായ ജനാധിപത്യമൂല്യം. സമരം/ പോരാട്ടം/ തടവറ - ഇങ്ങനെ  കേട്ടു തഴമ്പിച്ച ഒരു 'പ്രസ്ഥാന'ത്തിന്റെ മുന്നില്‍നിന്ന കോടിയേരി ഏറ്റവും വിമര്‍ശിക്കപ്പെട്ടത് വ്യക്തിഗതമായി ഉയര്‍ത്തിപ്പിടിച്ച 'ഫ്രീഡം' എന്ന മൂല്യത്തിന്റെ പേരിലാണ് എന്നോര്‍ക്കുക. നാം, പുതിയ സിനിമയുടെ കാഴ്ചക്കാരായി പഴയ കവിതയിലെ ജീവിതമാണ് നയിക്കുന്നത്. മലയാളി പുരുഷനെ ഇങ്ങനേയും നിര്‍വ്വചിക്കാം: കാഴ്ചയില്‍  ലിബറല്‍/ ഒളിജീവിതത്തില്‍ ഇരട്ടത്താപ്പു കിരീടധാരികള്‍/ ബോധ്യത്തിലും കുടുംബജീവിതത്തിലും  ബോറന്‍ യാഥാസ്ഥിതികന്‍. 

'മക്കളുടെ കാര്യത്തില്‍ ഇടപെടാത്ത' ഒരച്ഛന്‍, ഒരു രാഷ്ട്രീയ അച്ഛനാണ്. പാട്രിയാര്‍ക്കി/ കടത്തിപ്പറഞ്ഞാല്‍ കേരളത്തില്‍ 'പാര്‍ട്ടിയാക്കി' ബോധമാണ്. നിങ്ങള്‍ കമ്യൂണിസ്റ്റാണെങ്കില്‍ മാധ്യമനിര്‍മ്മിതമായ പൊതുബോധം തയ്ച്ചുതരുന്ന, ലോകം ഷട്ടറിട്ടു തുടങ്ങിയ 'മ്യൂസിയം പീസ്' തയ്യല്‍ക്കടയില്‍നിന്നുള്ള ഉടു കുപ്പായമിടണം. അളന്നുമുറിച്ച, മറ്റുള്ളവര്‍ക്ക് വിധേയമായി, ഫസ്റ്റ് ക്ലാസ്സ് കിട്ടുന്ന മൂല്യങ്ങള്‍. 'അച്ഛന്‍' എന്ന നിലയില്‍ കോടിയേരി ഏറെ വിമര്‍ശിക്കപ്പെട്ടു. ചൂരല്‍ വീശുന്ന ഒരു പിതാവായില്ല. 

മക്കളെ സ്വതന്ത്ര വ്യക്തികളായി കാണുന്നതില്‍ ഒരു ആര്‍ജ്ജവമുണ്ട്. പൊതുപ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന നേതാക്കള്‍ നല്‍കുന്ന ആ ഫ്രീഡം മക്കള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പിതാക്കന്മാരുടെ പരാജയമല്ല. കോടിയേരി വിമര്‍ശിക്കപ്പെട്ടത്, വ്യക്തിഗതമായി ഉയര്‍ത്തിപ്പിടിച്ച ആ  മൂല്യങ്ങളുടെ പേരിലാണ്. യാഥാസ്ഥിതിക പുറംമോടി മൂല്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തിനു മുന്നിലേക്ക്, വളരെ സാത്വികനും സ്നേഹനിര്‍ഭരനുമായ എം.വി. ഗോവിന്ദന്‍ മാഷ് വരുമ്പോള്‍, ഏറ്റവും പ്രതിരോധത്തിലാവുന്നത് കുടുംബമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നിയന്ത്രണവിധേയമായ സഞ്ചാര സ്വാതന്ത്ര്യം, നിയന്ത്രണ വിധേയമായ ചിരി, നിയന്ത്രണവിധേയമായ സംസാരം. അതൊരു വെല്ലുവിളിയാണ്.  

ഇനി മാധ്യമങ്ങള്‍ മാര്‍ക്കിടുന്ന മാഷും ഗോവിന്ദന്‍ മാഷ് കുട്ടിയുമാണ്. 

മാപ്പിള ഓണം

ഇക്കഴിഞ്ഞ ഓണം, ആളുകള്‍ ഒഴുകിപ്പരന്ന ആഘോഷങ്ങളുടെ ദിനരാത്രങ്ങള്‍ എല്ലാവര്‍ക്കും പകര്‍ന്നു. ഇടയ്ക്കിടെ പെയ്ത മഴയ്ക്കിടയിലും, വീട്ടിലിരുന്നു മുഷിഞ്ഞ ഓര്‍മ്മകളെ ഉച്ചാടനം ചെയ്യാനെന്നപോലെ, പോകാവുന്നിടത്തെല്ലാം ആളുകള്‍ പോയി. ഏറ്റവും പ്രധാനപ്പെട്ടത്, മിക്കവാറും കുടുംബസമേതമുള്ള യാത്രകളായിരുന്നു. ഒറ്റയ്ക്കായപ്പോള്‍, അടച്ചിടലിന്റെ ആ നാളുകളില്‍, കൂട്ടിരുന്നവരെ ആരും അന്യോന്യം കൈവിട്ടില്ല. ഏറെ പ്രായമുള്ളവരേയും അവര്‍ വിനോദയാത്രയ്ക്ക് ഒപ്പം കൂട്ടി.

മറ്റൊരു അനുഭവം, ഓണത്തില്‍ മുസ്ലിം വീടുകളുടെ പങ്കാളിത്തമാണ്. പെരുന്നാള്‍ കോടി വാങ്ങുന്നതുപോലെ ഓണക്കോടി വാങ്ങി. ഓണപ്പാട്ടുകള്‍ക്ക് മാപ്പിള ഇശല്‍ നല്‍കി, ഇമ്പത്തില്‍ കൈകൊട്ടി പാടി മലബാറില്‍ മാവേലിയെ വരവേറ്റു. നോണ്‍വെജില്‍ വിളയാടുന്ന മാപ്പിളമാര്‍, ശുദ്ധ വെജിറ്റേറിയന്‍ മധുരപ്പതിനേഴ് കൂട്ടുകറികളിലൂടെ കടന്നുപോയി. പുനത്തില്‍ പറഞ്ഞതാണ് ഓര്‍മ്മവരുന്നത്, സാമ്പാറും വെജിറ്റേറിയന്‍ കറികള്‍ മാത്രമുള്ള ഊണും ദിവസവും കഴിക്കുന്നത് ബോറടിയാണ്. ആ ബോറടി മാറ്റാനാണ്  മാപ്പിളമാര്‍ ബിരിയാണി കണ്ടുപിടിച്ചത്.

ഓണം, ആ നിലയില്‍, ഹിന്ദു സമൂഹം നോണ്‍വെജ് ബിരിയാണി വെച്ചും മാപ്പിളമാര്‍ വെജ് സദ്യ വിളമ്പിയും മലബാറില്‍ സമുചിതമായി ആചരിച്ചു.

എണ്‍പതില്‍ എം. മുകുന്ദന്‍

അറുപതുകളുടെ ആ പ്രചോദിത കഥാനായകന് എണ്‍പതാം പിറന്നാള്‍. അറുപതുകളിലെ വായനക്കാര്‍ക്ക്  അവരുടെ എം. മുകുന്ദനുണ്ടായിരുന്നു. എണ്‍പതുകളിലെ വായനക്കാര്‍ക്ക് അവരുടെ എം. മുകുന്ദനുണ്ടായിരുന്നു. ഏറ്റവും പുതിയ വായനക്കാര്‍ക്ക് അവരുടെ എം. മുകുന്ദന്‍.

എം. മുകുന്ദന്‍ പ്രായം ബാധിക്കാത്ത നിത്യയൗവ്വനമാണ്. തലമുടിയില്‍ മാത്രമാണ് നര. എഴുത്തില്‍ ഇല്ല. മുകുന്ദന്, ഇപ്പോഴും പ്രചോദിപ്പിക്കുന്ന എഴുത്തുകാലങ്ങള്‍ക്ക്, ചിയേഴ്സ്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com