'കോടാനുകോടി രൂപ കൊടുത്തുകൊണ്ടാണ് ബി.ജെ.പി ഇതെല്ലാം പ്ലാന്‍ ചെയ്യുന്നത്'

'കോടാനുകോടി രൂപ കൊടുത്തുകൊണ്ടാണ് ബി.ജെ.പി ഇതെല്ലാം പ്ലാന്‍ ചെയ്യുന്നത്'

കുറച്ചു കട്ടിയാണ് എന്നും താത്ത്വിക പഠനക്ലാസ്സിന്റെ രീതിയാണെന്നുമുള്ള നിരീക്ഷണം ഗോവിന്ദന്‍ മാസ്റ്ററെ താല്പര്യത്തോടെ കേള്‍ക്കുന്ന സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമില്ല

ചികിത്സയ്ക്കായി സ്ഥാനമൊഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെപ്പോലെ ലളിതമായല്ല അദ്ദേഹത്തിന്റെ പിന്‍ഗാമി എം.വി. ഗോവിന്ദന്‍ രാഷ്ട്രീയം പറയുക. കുറച്ചുകാലമായി കേരളത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ പഠനക്ലാസ്സുകളിലെ മുഖ്യ പ്രഭാഷകനായി മാറിയതിന്റെ അനുഭവപരിചയം കൂടിയുണ്ട് ഇതില്‍. പക്ഷേ, അത് പുറത്തുനിന്നു കേള്‍ക്കുമ്പോഴത്തെ അനുഭവമാണ്. കുറച്ചു കട്ടിയാണ് എന്നും താത്ത്വിക പഠനക്ലാസ്സിന്റെ രീതിയാണെന്നുമുള്ള നിരീക്ഷണം ഗോവിന്ദന്‍ മാസ്റ്ററെ താല്പര്യത്തോടെ കേള്‍ക്കുന്ന സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമില്ല. ഏതു സാഹചര്യത്തിലും പ്രത്യേക മുന്നൊരുക്കങ്ങളില്ലാതെ തന്നെ ഏറ്റവും ആധികാരികമായി അന്തര്‍ദ്ദേശീയ, ദേശീയ, സംസ്ഥാന രാഷ്ട്രീയം പറയുന്ന നേതാക്കളുടെ ഒന്നാം നിരയിലാണ് അവര്‍ അദ്ദേഹത്തിന് ഇടം നല്‍കുന്നത്. അവിടെനിന്നാണ് പാര്‍ട്ടിശ്രേണിയിലെ ഒന്നാമനായും മാറിയത്. മുനയുള്ള മറുപടികള്‍കൊണ്ട് രാഷ്ട്രീയ എതിരാളികള്‍ക്കും മാധ്യമങ്ങള്‍ക്കും അതിശക്തമായ പ്രതിരോധം തീര്‍ക്കാനുള്ള നിയോഗം കൂടിയാകുന്നു അത്. 

സംസ്ഥാന സെക്രട്ടറിയായപ്പോള്‍ ഉത്തരവാദിത്വങ്ങള്‍ സ്വാഭാവികമായും കൂടുതലാണ്. പുതിയ സെക്രട്ടറിയുടെ മുന്‍ഗണനകള്‍ എന്തൊക്കെയാണ്? 

വ്യക്തിയുടെ മുന്‍ഗണനയ്ക്ക് ഒരു പ്രാധാന്യവുമില്ല. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കനുസരിച്ചാണ് നേതൃതല ചുമതലയുള്ള വ്യക്തികള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കേണ്ടത്. അതാണ് ഞങ്ങളുടെ സംഘടനാ നിയമം. വ്യക്തികളെല്ലാം കൂടിച്ചേര്‍ന്നിട്ടാണ് പാര്‍ട്ടിയെന്ന നിലയില്‍ തീരുമാനമെടുക്കുക, ആ തീരുമാനം ഓരോരുത്തരും നടപ്പിലാക്കാന്‍ ആവശ്യമായ രീതിയിലുള്ള ഫലപ്രദമായ ചുമതലകള്‍ നിര്‍വ്വഹിച്ചു പ്രവര്‍ത്തിക്കുക എന്നതാണ് പാര്‍ട്ടി നിലപാട്. അതുകൊണ്ട് വ്യക്തിപരമായ ഒരു കാഴ്ച, സമീപനം എന്നു പറയുന്നതിലൊന്നും ഒരു കാര്യവുമില്ല. പാര്‍ട്ടിനയങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ് നിര്‍വ്വഹിക്കുന്നത്. പിന്നെ, ഭാരിച്ച ഉത്തരവാദിത്വം പാര്‍ട്ടിക്കാകെയാണ്. പാര്‍ട്ടിക്കു വളരെ പ്രധാനപ്പെട്ട ചുമതലകളാണ് നിര്‍വ്വഹിക്കാനുള്ളത്. ലോകത്തുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഒരു സംസ്ഥാനം ഈ കേരളമാണല്ലോ. ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച് അതിനെ അടിസ്ഥാനപ്പെടുത്തി ഗവണ്‍മെന്റ് രൂപീകരിക്കാന്‍ കഴിഞ്ഞ പ്രധാനപ്പെട്ട ഒരു സ്ഥലം; ഇപ്പോഴുമതേ മുന്‍പും അതെ. ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി കമ്യൂണിസ്റ്റ് ഭരണസംവിധാനം- ആദ്യമായി കമ്യൂണിസ്റ്റുകാര്‍ ഭരണത്തില്‍ വന്നത്- കേരളത്തിലാണ്. അതിനുശേഷം പലതവണ അധികാരത്തില്‍ വരികയും മാറുകയുമൊക്കെ ചെയ്തിട്ടുണ്ടല്ലോ. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് തുടര്‍ച്ചയായി രണ്ടാമതും ജയിച്ചുവരുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിന് ലോകത്തു നമുക്കു മാതൃകയൊന്നുമില്ല. പുതിയ കേരളത്തിന്റെ മാതൃക രാജ്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ടുതന്നെ ഒരു മാതൃകയായി രൂപപ്പെടുത്തുക എന്നതാണ് പാര്‍ട്ടിയും മുന്നണിയും ലക്ഷ്യമിടുന്നത്. അതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. കേരളത്തില്‍ ഒരു മാതൃക സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയ്ക്കു ബദല്‍ സമീപനം കാട്ടിക്കൊടുത്തു മുന്നോട്ടു പോവുകയാണ് പാര്‍ട്ടി. അതാണ് അതിന്റെ പ്രത്യേകത. അങ്ങനെ വരുമ്പോള്‍ ആ ഗവണ്‍മെന്റിന് എതിരായി മുന്‍പൊരിക്കലുമില്ലാത്ത, വളരെ ശക്തിയായ ആക്രമണമുണ്ടാകും. അതാണ് വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ പാര്‍ട്ടികളും ഉയര്‍ത്തുന്നത്. ഒന്നാം ഇ.എം.എസ് സര്‍ക്കാരിനെതിരെ അമേരിക്കയുടെ സി.ഐ.എ ഉള്‍പ്പെട്ടുകൊണ്ടാണ് വിമോചനസമരം നടത്തിയത് എന്നു പിന്നീടു രേഖകളടക്കം പുറത്തു വന്നതാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ വലതുപക്ഷ, മാധ്യമ ആക്രമണത്തെ പുതുതായി കാണേണ്ടതില്ല. മുന്‍പേയുള്ളതിന്റെ തുടര്‍ച്ചയാണ്. പക്ഷേ, അതിശക്തമാണ്. മാത്രമല്ല, ഇവിടെ അഞ്ചുകൊല്ലം എല്‍.ഡി.എഫ് ആണെങ്കില്‍ സാധാരണഗതിയില്‍ അടുത്ത അഞ്ചുകൊല്ലം യു.ഡി.എഫ് ആണ് എന്നത് ഒരു പ്രതിഭാസം പോലെ കൈകാര്യം ചെയ്തുവന്ന ഒരു രീതിയുണ്ട്. കേരളത്തിലെ മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും, പാര്‍ട്ടികളെന്നു പറഞ്ഞാല്‍ യു.ഡി.എഫും ബി.ജെ.പിയും ജമാഅത്തെ ഇസ്ലാമിയും അതുപോലെ എസ്.ഡി.പി.ഐ ഉള്‍പ്പെടെ തീവ്രവാദ നിലപാട് സ്വീകരിക്കുന്ന സംഘടനകളും ഒരേ വേദിയിലാണ് ഇടതുപക്ഷ മുന്നണിക്കും പാര്‍ട്ടിക്കും എതിരായ കടന്നാക്രമണം നടത്തുന്നത്. ഇതിന്റെയൊപ്പമാണ് കേന്ദ്ര ഏജന്‍സികളും ചേര്‍ന്നത്. ഗവണ്‍മെന്റിനെതിരെ മാധ്യമങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക രീതിയില്‍ വലിയ ഇടപെടലുകള്‍ അവര്‍ നടത്തി. ഇതൊക്കെ നടത്തിയപ്പോള്‍ ബൂര്‍ഷ്വാ മാധ്യമങ്ങളും ബൂര്‍ഷ്വാ പാര്‍ട്ടികളും വിചാരിച്ചത് അവര്‍ അധികാരത്തില്‍ വരും എന്നാണ്. പക്ഷേ, ആ കണക്കുകൂട്ടല്‍ തെറ്റി. ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വന്നു. അതൊരു ചരിത്രപരമായ വസ്തുതയാണ്, കാരണം വളരെ പ്രധാനപ്പെട്ടതാണ്. ജനങ്ങളാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഗവണ്‍മെന്റിന് അനുകൂലമായി, ജനങ്ങളെ ഒപ്പം ചേര്‍ത്തുനിര്‍ത്തിക്കൊണ്ടു പോയ ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍ ഈ ഗവണ്‍മെന്റ് തുഴയേണ്ടിവന്നത് എല്ലാ മഹാപ്രളയങ്ങള്‍ക്കും എതിരെ ആയിരുന്നു. മറ്റേ പ്രളയമല്ല; മാധ്യമ പ്രചാരണം കോരിച്ചൊരിയുന്ന മഴപോലെയാണ്. ആ മഹാമാരിയെ അതിജീവിക്കാന്‍ ഇടതുമുന്നണിക്കും അതിനൊപ്പം നിന്ന ജനങ്ങള്‍ക്കും സാധിച്ചു. സ്വാഭാവികമായും ഇവരൊക്കെ പ്രകോപിതരാകും. ഈ മാധ്യമങ്ങളൊക്കെ അതിശക്തമായി ആ പ്രകോപനം പ്രകടിപ്പിച്ചു. പക്ഷേ, അവര്‍ ഒരു കാര്യം തിരിച്ചറിഞ്ഞു: വികസനമാണ് ജനങ്ങളെ സ്വാധീനിച്ചത്. പഴയകാലമൊന്നുമല്ല ഇത്. വികസന പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് യഥാര്‍ത്ഥത്തില്‍ ജനങ്ങളെ സ്വാധീനിച്ചത്. അതുകൊണ്ട് ഇനിയങ്ങോട്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുതരത്തിലുള്ള പിന്തുണയും നല്‍കാന്‍ പാടില്ല, ഒരു വികസനവും ഇനി നടക്കാന്‍ പാടില്ല എന്ന ഒരു നില പൊതുവേ മാധ്യമങ്ങളും ഈ വലതുപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളും എടുത്തു. കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷമായി ആ നിലപാടിലാണ് അവര്‍ മുന്നോട്ടു പോകുന്നത്. എല്ലാ വികസനത്തിനും എതിരു നില്‍ക്കുകയാണ്. സത്യപ്രതിജ്ഞ കഴിഞ്ഞ ഒന്നാം ദിവസം മുതല്‍ കടന്നാക്രമിക്കുകയാണ്.

പിണറായി വിജയൻ, എംവി ​ഗോവിന്ദൻ
പിണറായി വിജയൻ, എംവി ​ഗോവിന്ദൻ

ആറു വര്‍ഷം പിന്നിട്ട ഇടതുമുന്നണി സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തല്‍ എങ്ങനെയാണ്? താങ്കള്‍ കൂടി ഉള്‍പ്പെട്ട സര്‍ക്കാരിന്റെ ഒന്നേകാല്‍ വര്‍ഷവും അതിലുണ്ടല്ലോ?
 
ഞങ്ങള്‍ക്ക് സര്‍ക്കാരിനെക്കുറിച്ചു പൂര്‍ണ്ണ തൃപ്തിയാണ്. ആറേകാല്‍ വര്‍ഷത്തെ ഭരണത്തെക്കുറിച്ചും തൃപ്തിയാണ്. പക്ഷേ, ഇനിയും മെച്ചപ്പെടണം. അനുസ്യൂതമായ മാറ്റമാണല്ലോ ലോകത്തു നടന്നുകൊണ്ടിരിക്കുന്നത്. ഓരോ നിമിഷവും പുതിയ അനുഭവങ്ങളും നവീകരണങ്ങളുമാണ്. പഴയതില്‍ത്തന്നെ നിന്നാല്‍പ്പോര. അതിന് ശാസ്ത്ര സാങ്കേതികവിദ്യയുടെ കൂടി സഹായത്തോടെ ആ നവീകരണപ്രക്രിയയുടെ ഭാഗമാകണം. അത് പാര്‍ട്ടിക്കും ബാധകമാണ് ഗവണ്‍മെന്റിനും ബാധകമാണ്. അതു ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ എല്ലാക്കാലത്തും പരിശോധിച്ചാണ് മുന്നോട്ടു പോകുന്നത്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോ ഘട്ടത്തിലും പരിശോധിച്ചു പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ വരുത്തിക്കൊണ്ടാണ് പോകുന്നത്. പരസ്യമായി ഉന്നയിക്കേണ്ട കാര്യങ്ങളുണ്ടെങ്കില്‍ പരസ്യമായി ഉന്നയിക്കും. വിമര്‍ശനങ്ങളുണ്ടെങ്കില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും, ആവശ്യമായ തിരുത്തലുകള്‍ വരുത്തും. ഈ പ്രക്രിയ ഇപ്പോള്‍ തുടങ്ങിയതൊന്നുമല്ല. എല്ലാക്കാലത്തും ഞങ്ങള്‍ ഇങ്ങനെതന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.

സര്‍ക്കാരിനെ ശ്വാസം മുട്ടിക്കാനും വിവാദങ്ങളില്‍ സ്ഥിരമായി നിര്‍ത്താനും കേന്ദ്ര ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന വിമര്‍ശനം സി.പി.എം ശക്തമായി ഉന്നയിക്കാറുണ്ട്. അതിന്റെ രാഷ്ട്രീയം എന്തൊക്കെയാണ്? 

1957 മുതലല്ല, അതിനും മുന്‍പ് 1934 മുതല്‍, കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ ആരംഭിച്ച ഘട്ടം മുതല്‍ പൊതുവേ ഇടതുപക്ഷ അനുഭാവമുള്ള ജനങ്ങളാണ് കേരളത്തില്‍ കൂടുതലുള്ളത്. കോണ്‍ഗ്രസ്സില്‍നിന്നു വിഭിന്നമായിട്ടല്ലെങ്കിലും കോണ്‍ഗ്രസ്സിന് അനുബന്ധമായിട്ടാണെങ്കിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി വര്‍ഗ്ഗപ്രസ്ഥാനങ്ങളോടു ചേര്‍ന്നുനിന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. ബഹുജനപ്രസ്ഥാനങ്ങളും അതിന്റെ ഭാഗമായിട്ടുണ്ട്. അതിനകത്താണ് പിന്നീട് കമ്യൂണിസ്റ്റുകാര്‍ രൂപപ്പെടുന്നതും 1939 അവസാനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി രൂപീകരിക്കുന്നതും. 1940 ജനുവരി 26-ന് കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി ജനിച്ചു എന്ന പരസ്യപ്രഖ്യാപനം രഹസ്യമായി നടത്തി. ആ വര്‍ഷം സെപ്റ്റംബറില്‍ സാമ്രാജ്യത്വത്തിനും വിലക്കയറ്റം ഉള്‍പ്പെടെ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കുമെതിരെ പ്രചാരണം സംഘടിപ്പിച്ചു. ആ സംഭവത്തിനുശേഷം 1941 ഒക്ടോബറില്‍ തലശ്ശേരി കടപ്പുറത്ത് മാര്‍ച്ചു ചെയ്ത കമ്യൂണിസ്റ്റു വളണ്ടിയര്‍മാരെ വെടിവച്ചുകൊല്ലുകയാണ്; അബുവും ചാത്തുവും രക്തസാക്ഷികളായി. മൊറാഴ സംഭവവും മട്ടന്നൂര്‍ വെടിവയ്പും മറ്റുമുണ്ടായി. ഇതിന്റെയൊക്കെ തുടര്‍ച്ചയായി രാജ്യത്ത് ഒരു ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെട്ടുവന്നു. അത് സ്വാതന്ത്ര്യസമരത്തിലായാലും ജന്മിത്തത്തിന് എതിരായ സമരത്തിലായാലുമൊക്കെ പ്രതിഫലിച്ചു. ആ ഇടതുപക്ഷത്തിനെതിരായി ഇന്ത്യയിലെ വലിയ മുതലാളിമാര്‍ക്കും ചൂഷകര്‍ക്കും വേണ്ടി നിലകൊണ്ടവരാണ് വലതുപക്ഷം. നല്ല വേര്‍തിരിവുണ്ട് അപ്പുറവും ഇപ്പുറവും തമ്മില്‍. വലതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി നിലകൊള്ളുകയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍. അവര്‍ ഉല്പാദിപ്പിക്കുന്ന വാര്‍ത്തകളില്‍ അത്തരം കാഴ്ചപ്പാടുകള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്കെതിരായി വലതുപക്ഷം സജീവമായി നിലകൊള്ളുന്നത് ഒരു അത്ഭുതമല്ല. അതിന്റെ തുടര്‍ച്ചയാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ ശ്വാസം മുട്ടിക്കാന്‍ പലപ്പോഴും ശ്രമിക്കുന്നത്. അത് പൂര്‍ണ്ണമായും രാഷ്ട്രീയമായ കാരണങ്ങളാലാണ്. ഒരു ഫെഡറല്‍ സംവിധാനത്തില്‍, രാഷ്ട്രീയമായി പരസ്പരം വിയോജിപ്പുള്ളപ്പോഴും ഭരണപരമായി നല്‍കേണ്ട പരിഗണന നല്‍കുക ജനാധിപത്യത്തിലെ മര്യാദയും ഉത്തരവാദിത്വവുമാണ്. അതു നിര്‍വ്വഹിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുന്നു. സംസ്ഥാന പട്ടികയില്‍പ്പെട്ട കാര്യങ്ങളില്‍പ്പോലും കൈകടത്താനും അര്‍ഹമായത് നല്‍കാതിരിക്കാനും എല്ലാം കേന്ദ്ര ഗവണ്‍മെന്റിന്റെ അധികാരത്തിനു കീഴിലേക്കു കേന്ദ്രീകരിക്കാനുമാണ് ശ്രമം. യഥാര്‍ത്ഥത്തില്‍ ഫെഡറല്‍ സംവിധാനത്തിന്റെ കഴുത്തിലാണ് കത്തിവയ്ക്കുന്നത്. അവരുടേതല്ലാത്ത എല്ലാ ഗവണ്‍മെന്റുകളേയും അസ്ഥിരീകരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും അതുതന്നെയാണ് കണ്ടത്. അതുതന്നെയാണ് ബീഹാറില്‍ അവര്‍ പ്ലാന്‍ ചെയ്തത്. പക്ഷേ, നിതീഷ് ശക്തിയായി തിരിച്ചടിച്ച് വേറൊരു ഗവണ്‍മെന്റുണ്ടാക്കി. എവിടെയൊക്കെ ബി.ജെ.പിയല്ലാത്ത ഗവണ്‍മെന്റുകളുണ്ടോ അവിടെയൊക്കെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ പാര്‍ട്ടിയേയും ശിഥിലീകരിച്ചാണ് ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. പണം കൊടുത്താണ് ചെയ്യുന്നത്. കോടാനുകോടി രൂപ കൊടുത്തുകൊണ്ടാണ് ബി.ജെ.പി ഇതെല്ലാം പ്ലാന്‍ ചെയ്യുന്നത്.

പൊതു തെരഞ്ഞെടുപ്പിന് ഇനി രണ്ടു വര്‍ഷത്തില്‍ താഴെ മാത്രമേയുള്ളൂ. 2019-ലെ തെരഞ്ഞെടുപ്പില്‍ വലിയ പരാജയമാണല്ലോ ഇടതുമുന്നണിക്ക് ഉണ്ടായത്. യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കുന്നതില്‍ പാര്‍ട്ടിക്ക് രാഷ്ട്രീയമായി പിഴവ് സംഭവിച്ചോ അന്ന്? ഇപ്പോഴത്തെ വിലയിരുത്തലും പ്രതീക്ഷയും എന്താണ്? 

ഞങ്ങളുടെ പിഴവുകൊണ്ടൊന്നുമല്ല അന്ന് തോറ്റത്. അപ്പോഴത്തെ ഒരു സാഹചര്യമെന്നു പറയുന്നത് കോണ്‍ഗ്രസ്സാണ് ബി.ജെ.പിക്കു ബദല്‍ എന്ന ഒരു പ്രതീതി ഉണ്ടായി. കേന്ദ്രത്തില്‍ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ കേവല ഭൂരിപക്ഷം ഇല്ലാതെ വന്നാലും ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതിരിക്കുമ്പോള്‍ ഒരു ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള ക്ഷണം ഇവര്‍ക്കു കിട്ടണമെങ്കില്‍ കോണ്‍ഗ്രസ് പരമാവധി സീറ്റുകളില്‍ ജയിച്ചു വരണം എന്നത് വലിയ പ്രചരണമായിരുന്നു. അത് ന്യൂനപക്ഷ വിഭാഗങ്ങളെ പ്രത്യേകിച്ചും മുസ്ലിം ലീഗുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരെ സ്വാധീനിച്ചു. ഇവിടെ കോണ്‍ഗ്രസ് അല്ലെങ്കില്‍ രാഹുല്‍ ഗാന്ധി ജയിച്ചാല്‍ ആ ജയത്തെ അടിസ്ഥാനപ്പെടുത്തി കേന്ദ്രത്തില്‍ ഈ പറഞ്ഞതുപോലെ ഒരു സര്‍ക്കാര്‍ ഉണ്ടാകുമെന്നു വിശ്വസിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ നല്ലതുപോലെ വോട്ടു ചെയ്തു. അങ്ങനെയൊരു സാഹചര്യത്തിലാണ് ഇടതുമുന്നണിക്ക് വലിയ തോതില്‍ സീറ്റുകളുടെ കുറവുണ്ടായത്.

രാഹുൽ ​ഗാന്ധി
രാഹുൽ ​ഗാന്ധി

രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നു മത്സരിച്ചത് ഇടതുപക്ഷത്തിനെതിരായ ഒരു ഏകീകരണത്തിനു കാരണമായിട്ടുണ്ടോ? കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആ തീരുമാനത്തെ എങ്ങനെ വിലയിരുത്തുന്നു?
 
രാഹുല്‍ ഗാന്ധിയെപ്പോലെ ഒരാള്‍, ഇന്ത്യയില്‍ മറ്റെവിടെയും ജയിക്കാന്‍ സീറ്റില്ല എന്നു വന്നപ്പോഴാണല്ലോ കേരളത്തില്‍ വന്നു മത്സരിച്ചത്. യു.പിയില്‍ നിന്നാല്‍ കെട്ടിവച്ച പണം കിട്ടില്ല എന്ന് അറിയാമായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ അവര്‍ കേന്ദ്രീകരിക്കേണ്ടത് ആര്‍ക്കെതിരെയാണ്? സംഘപരിവാറിനെതിരെ അല്ലേ? അതിനു പകരം തെരഞ്ഞെടുപ്പു മത്സരവും പദയാത്രയുമൊക്കെ ഇടതുപക്ഷത്തിന് എതിരെയാക്കി മാറ്റാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നത്. കേരളത്തില്‍ മത്സരിച്ചത് സംഘപരിവാറിനെ തോല്‍പ്പിക്കാനല്ലല്ലോ, ഇടതുപക്ഷ മുന്നണിയെ തോല്‍പ്പിക്കാനല്ലേ. അത് യഥാര്‍ത്ഥത്തില്‍ സംഘപരിവാറിനോടുള്ള അവരുടെ മൃദുസമീപനവും മൃദുഹിന്ദുത്വ സമീപനവുമാണ് സൂചിപ്പിക്കുന്നത്. ഇപ്പോഴും അതുതന്നെയാണ്. അതുകൊണ്ട് കോണ്‍ഗ്രസ്സിനെ വിശ്വസിച്ചുകൊണ്ടൊന്നും സംഘപരിവാറിനെതിരേയും ഫാസിസത്തിനെതിരേയും മുന്നോട്ടു പോകാന്‍ പറ്റില്ല. കോണ്‍ഗ്രസ് ഏതു സമയത്തും അതിലെ ആളുകള്‍ വിലയ്‌ക്കെടുക്കപ്പെടാവുന്ന പാര്‍ട്ടിയാണ്. അവര്‍ പ്രത്യേകിച്ച് ലോഡ്ജും പ്രത്യേകിച്ചു റൂമും സത്രവുമൊക്കെ ഉണ്ടാക്കേണ്ട സ്ഥിതിയാണ് സ്വന്തം ജനപ്രതിനിധികളെ താമസിപ്പിക്കാന്‍. ജയിച്ചു പോകുന്നവര്‍ കാലുമാറില്ല എന്ന യാതൊരു ഉറപ്പുമില്ല. ഇപ്പോള്‍ ഓരോ സംസ്ഥാനത്തും കണ്ടുകൊണ്ടിരിക്കുന്നത് അതാണല്ലോ. അതുകൊണ്ട് കോണ്‍ഗ്രസ്സിനെ വിശ്വാസത്തിലെടുത്തുകൊണ്ട് ഒരുതരത്തിലുള്ള ബി.ജെ.പി വിരുദ്ധ മുന്നണിയും കെട്ടിപ്പടുക്കാന്‍ സാധിക്കില്ല. ഇനി ആകെക്കൂടി രാജസ്ഥാനിലാണ് കോണ്‍ഗ്രസ് ഭരണമുള്ളത്. അവിടെത്തന്നെ നിലനില്‍ക്കുമെന്ന യാതൊരു ഉറപ്പും അവര്‍ക്കു തന്നെയില്ല. ബി.ജെ.പി അവരുടെ ആവനാഴിയിലെ മുഴുവന്‍ അസ്ത്രവും ഉപയോഗിക്കുകയാണ്. പണം തന്നെയാണ്. അതുപയോഗിച്ച് ഇപ്പോള്‍ത്തന്നെ അവിടെ അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇനി വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്ന് നമുക്കു പറയാന്‍ സാധിക്കില്ല. രാജസ്ഥാനും കൂടി പോയാല്‍പ്പിന്നെ കോണ്‍ഗ്രസ്സിനു വേറെ സംസ്ഥാനമില്ല. കോണ്‍ഗ്രസ് ചരിത്രത്തിലില്ലാത്ത വിധം ദുര്‍ബ്ബലപ്പെട്ടിരിക്കുകയാണ്. ആരൊക്കെയാണ് അടുത്ത തെരഞ്ഞെടുപ്പാകുമ്പോഴേയ്ക്കും ബി.ജെ.പിയില്‍ ചേക്കേറുക എന്നു പറയാന്‍ സാധിക്കില്ല. വലിയ രീതിയിലുള്ള ബി.ജെ.പി മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ രാഷ്ട്രീയ നിലപാട് നയപരമായ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നു കോണ്‍ഗ്രസ്സിനില്ല. കാരണം അവര്‍ കേരളത്തിനു പുറത്ത് മതനിരപേക്ഷതയെക്കുറിച്ചു പറയുന്നേയില്ല; പറയാന്‍ അവര്‍ക്കു ധൈര്യമില്ല. സംഘപരിവാറിന്റെ ജൂനിയര്‍ പങ്കാളിയായിട്ട് നിലകൊള്ളുകയാണ്. ഗോവധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവരെടുത്ത നിലപാട് അങ്ങനെയാണ്. ബി.ജെ.പിയെ ഉറച്ച നിലപാടെടുത്ത് എതിര്‍ക്കാന്‍ അവര്‍ തയ്യാറല്ല. പിന്നെ, എല്ലാമൊരു ഭക്തിപ്രസ്ഥാനം പോലെയാണ് കൈകാര്യം ചെയ്യുന്നത്. ഒരു ഹിന്ദു പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ള നിലപാടാണ് ഉത്തരേന്ത്യയിലൊക്കെ എടുത്തുകൊണ്ടിരിക്കുന്നത്. അവിടെ മതനിരപേക്ഷതതന്നെ പറയാന്‍ അവര്‍ക്ക് ധൈര്യമില്ല.

സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ ദേശീയതലത്തില്‍ത്തന്നെ ആശയപരമായ നേതൃത്വം നല്‍കാന്‍ കഴിയുന്ന പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സി.പി.എം അക്കാര്യത്തില്‍ ഇനി ചെയ്യാന്‍ പോകുന്നത് എന്തൊക്കെയാണ്? 

അതു നിര്‍വ്വഹിക്കാന്‍ സംഘടനാപരവും രാഷ്ട്രീയവുമായ നിലപാടെടുത്തുകൊണ്ട് പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. സംഘടനാപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക എന്നതാണ്. വ്യക്തമായ, തിളങ്ങുന്ന രാഷ്ട്രീയ നിലപാട് ഞങ്ങള്‍ക്കുണ്ട്. 

മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും മറ്റും സ്വീകരിക്കുന്ന രാഷ്ട്രീയ സമീപനത്തോടു വിയോജിക്കാമെങ്കിലും അവരും അടിസ്ഥാനപരമായി ഫാസിസ്റ്റു വിരുദ്ധ രാഷ്ട്രീയമാണല്ലോ പറയുന്നത്. ആ അടിസ്ഥാനത്തില്‍ ഇടതുപക്ഷത്തിന് അവരുമായി യോജിക്കാന്‍ കഴിയുന്ന മേഖലകള്‍ ഉണ്ടോ? 

ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും വര്‍ഗ്ഗീയ പാര്‍ട്ടികള്‍ തന്നെയാണ്. അവരുമായി ഒരുതരത്തിലുള്ള അനുകൂല നിലപാടും സ്വീകരിക്കാന്‍ സാധിക്കില്ല. മുസ്ലിം ലീഗുള്‍പ്പെടെയുള്ള ജനാധിപത്യ പാര്‍ട്ടികള്‍ ഇപ്പോഴും യു.ഡി.എഫിന്റെ ഭാഗം തന്നെയാണല്ലോ. അവര്‍ ഇപ്പോള്‍ നില്‍ക്കുന്നത് ലീഗിന്റെ നട്ടെല്ലായാണ്. ലീഗാണ് പലപ്പോഴും കോണ്‍ഗ്രസ്സിനേക്കാള്‍ ആ മുന്നണിയുടെ നട്ടെല്ലായി മാറുന്നത്. ലീഗിന് കോണ്‍ഗ്രസ്സിനെ വിട്ട് സ്വതന്ത്രമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ കഴിയുമെന്നു ഞങ്ങള്‍ കരുതുന്നില്ല. മുന്‍പും സ്വീകരിച്ചിട്ടില്ല. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സായിരുന്നല്ലോ അധികാരത്തില്‍. കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചെങ്കില്‍ ബാബരി മസ്ജിദ് തകരില്ലായിരുന്നു. അന്ന് ലീഗ്-കോണ്‍ഗ്രസ് ബന്ധം വിട്ടില്ലല്ലോ. കാതലായ വര്‍ഗ്ഗീയവിരുദ്ധ നിലപാട് സ്വീകരിക്കുക, മതനിരപേക്ഷ ഉള്ളടക്കത്തോടെ മുന്നോട്ടു പോവുക എന്നതിലേക്ക് എത്തിച്ചേരാതെ ഒരു പാര്‍ട്ടിയുമായും സി.പി.ഐ.എമ്മിന് ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കാന്‍ സാധിക്കില്ല. മതനിരപേക്ഷ സമീപനം സ്വീകരിക്കുന്നതിനൊപ്പം മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നവരോടു യോജിക്കാന്‍ കഴിയില്ലല്ലോ. ഇടതുപക്ഷ നിലപാട് സ്വീകരിക്കണം എന്നു ഞങ്ങള്‍ പറയുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയ മുന്നണിയാണെങ്കില്‍ അതില്‍ ഇടതുപക്ഷ സ്വഭാവം സ്വീകരിക്കുന്ന കക്ഷികളെ മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ. പക്ഷേ, വര്‍ഗ്ഗീയതയ്‌ക്കെതിരായി, മതതീവ്രവാദത്തിന് എതിരായി, ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി നിലപാടെടുക്കാന്‍ കെല്‍പ്പുള്ള എല്ലാ ബഹുജന പ്രസ്ഥാനങ്ങളും വ്യക്തികളുമൊക്കെ ഉള്‍പ്പെടുന്ന അതിവിശാലമായ ഒരു രാഷ്ട്രീയ മുന്നണി കെട്ടിപ്പടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പക്ഷേ, കാതലായ പ്രശ്‌നം വര്‍ഗ്ഗീയവിരുദ്ധവും ഭരണവര്‍ഗ്ഗ നിലപാടുകള്‍ക്കെതിരുമായ വിഭാഗങ്ങളെ മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയൂ എന്നതാണ്. അങ്ങനെയുള്ള എല്ലാവരേയും ഉള്‍ക്കൊള്ളുന്ന അതിവിശാല പ്ലാറ്റ്ഫോമാണ് ഉദ്ദേശിക്കുന്നത്; അതൊരു രാഷ്ട്രീയ കൂട്ടുകെട്ടല്ല. ഇവിടുത്തെ മുന്നണിയല്ല, ദേശീയതലത്തിലുള്ള മുന്നണിയുടെ കാര്യമാണ്. 

കോടിയേരി ബാലകൃഷ്ണനും എംവി ​ഗോവിന്ദനും
കോടിയേരി ബാലകൃഷ്ണനും എംവി ​ഗോവിന്ദനും

സി.പി.എമ്മും ഇടതുമുന്നണി സര്‍ക്കാരും പല വിഷയങ്ങളിലും സംഘപരിവാറിനോടും ചില സമുദായങ്ങളോടും മൃദുസമീപനം സ്വീകരിക്കുന്നു എന്ന മുസ്ലിം സംഘടനകളിലൊരു വിഭാഗത്തിന്റെ വിമര്‍ശനത്തെ എങ്ങനെ കാണുന്നു? 

അതിലൊന്നും പ്രത്യേകിച്ചു കാണാനൊന്നുമില്ല; വര്‍ഗ്ഗീയവാദികളാണ് ആ ആരോപണം ഉന്നയിക്കുന്നത്. വര്‍ഗ്ഗീയവിരുദ്ധ നിലപാട് ഞങ്ങള്‍ ശക്തമായി സ്വീകരിക്കുന്നതുകൊണ്ട് അവരുടെ ഏറ്റവും പ്രധാനപ്പെട്ട ശത്രു ബി.ജെ.പിയല്ല, സി.പി.എമ്മാണ്. കാരണം സി.പി.എം മതനിരപേക്ഷതയുടെ കാര്യത്തില്‍ ഗാരണ്ടിയുള്ള പാര്‍ട്ടിയാണ്. ഇവര്‍ക്ക്, വര്‍ഗ്ഗീയവാദികള്‍ക്ക് പരസ്പരം ശക്തിപ്പെടുത്തലാണല്ലോ പണി. ഒരു വര്‍ഗ്ഗീയത മറ്റൊരു വര്‍ഗ്ഗീയതയെ പരാജയപ്പെടുത്തുകയല്ല, മറിച്ച് രണ്ടു വര്‍ഗ്ഗീയതകളും പരസ്പരം ശക്തിപ്പെടുത്തുകയാണ് ചെയ്യുക. അതുകൊണ്ട്, അങ്ങനെയുള്ളവര്‍ പറയുന്നതൊന്നും ഞങ്ങള്‍ മുഖവിലക്കെടുക്കേണ്ട കാര്യമില്ല. അത് അവരുടെ സഹജമായ രീതിയാണ്. 

സാധാരണക്കാരായ ആളുകള്‍ ഈ പ്രചരണം വിശ്വസിച്ചുപോകുമോ എന്ന ആശങ്കയോ അതിനെതിരായ ജാഗ്രതയോ സി.പി.എമ്മിന് ഇല്ലേ? 

കുറച്ചാളുകളെ കുറച്ചുകാലത്തേക്കു തെറ്റിദ്ധരിപ്പിക്കാനേ ഇവരുടെ ഇത്തരം പ്രചാരണങ്ങള്‍ക്കു സാധിക്കുകയുള്ളു. അല്ലാതെ കൂടുതല്‍ കാലമൊന്നും വിശ്വസിച്ചുപോകില്ല. ആളുകള്‍ക്കു നല്ല ധാരണയുണ്ട്; കൃത്യമായ നിലപാടുമുണ്ട്. പിന്നെ, ഞങ്ങള്‍ ഇത്തരം കുപ്രചരണങ്ങളെ തുറന്നു കാണിച്ചുകൊണ്ടുതന്നെയാണ് മുന്നോട്ടു പോകുന്നത്. ഭരണവര്‍ഗ്ഗ ജനവിരുദ്ധ നിലപാടുകള്‍ക്കും തീവ്രവാദ നിലപാടുകള്‍ക്കുമൊക്കെ എതിരേ നിരന്തരം പ്രചാരണം സംഘടിപ്പിച്ചു തുറന്നു കാണിക്കുക എന്നതുതന്നെയാണ് ഞങ്ങളുടെ സമീപനം. 

കാന്തപുരം വിഭാഗം നേരത്തേ മുതല്‍ സി.പി.എം അനുകൂല രാഷ്ട്രീയ നിലപാടുകളാണല്ലോ സ്വീകരിക്കുന്നത്. എന്നാല്‍, മുസ്ലിം ലീഗിനനുകൂലമായിരുന്ന ഇ.കെ വിഭാഗമാകട്ടെ, സമീപകാലത്ത് ലീഗുമായി അകലുന്നു എന്ന സൂചനകള്‍ ശക്തമാണ്. അവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലുള്‍പ്പെടെ ചിലയിടങ്ങളില്‍ എല്‍.ഡി.എഫ് അനുകൂല നിലപാടെടുക്കുകയും ചെയ്തു. ഈ ധ്രുവീകരണത്തില്‍ ഇടതുപക്ഷം ഏതുവിധത്തിലാണ് രാഷ്ട്രീയമായി ഇടപെടുക? 

ഞങ്ങള്‍ ഓരോ സമുദായം നോക്കിയിട്ടല്ല നിലപാടെടുക്കുന്നത്. ഞങ്ങളെടുക്കുന്ന നിലപാട് മതനിരപേക്ഷ ഉള്ളടക്കത്തോടുകൂടി ഒരു ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ രൂപപ്പെടുത്തുന്നതിനു വേണ്ടിയാണ്. അതിനു വേണ്ടിവരുന്ന എല്ലാവരുമായി ചേര്‍ന്നു മുന്നോട്ടു പോകുന്നതിനു ഞങ്ങള്‍ക്കു പ്രയാസമില്ല. സംഘടനയുടെ തലക്കെട്ടു നോക്കിയിട്ടല്ല, ഓരോരുത്തര്‍ എടുക്കുന്ന നിലപാടാണ്. യഥാര്‍ത്ഥത്തില്‍ കേരളത്തിലും ഇന്ത്യയിലും ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യം രൂപപ്പെട്ടു വരും എന്നുതന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും രൂപപ്പെട്ടു വരുന്നുണ്ട് എന്നുതന്നെയാണ് മനസ്സിലാക്കുന്നതും. കാരണം, വിട്ടുവീഴ്ച ഇല്ലാതെ വര്‍ഗ്ഗീയതയ്‌ക്കെതിരെ നിലപാടെടുക്കുന്നത് ഇടതുപക്ഷമാണ്. അത് ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ കാര്യത്തില്‍ മാത്രമല്ല, ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ന്യൂനപക്ഷ വര്‍ഗ്ഗീയത ശക്തിപ്പെടാന്‍ ശ്രമിക്കുമ്പോഴും അതിനും എതിരായ നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. രണ്ടും ഒരുപോലെയല്ല; പക്ഷേ, രണ്ടിനും എതിരായ നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. അത് ഇനിയും തുടരും. 

കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളും ഇടതുപക്ഷത്തിന്റെ സാന്നിധ്യവും ഇവിടെ വര്‍ഗ്ഗീയ ശക്തികളെ തടഞ്ഞുനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. പക്ഷേ, സമീപകാലത്ത് എല്ലാ വിഭാഗം വര്‍ഗ്ഗീയ ശക്തികളുടേയും അടിത്തറ വിപുലപ്പെടുന്ന ഒരു സ്ഥിതി പ്രകടമാണ്. ഇതിനെ എങ്ങനെ ചെറുക്കും?
 
വലതുപക്ഷത്തിന്റെ സ്വത്വരാഷ്ട്രീയമാണ് പ്രധാനമായും ഇതിനു പിന്നില്‍. വലതുപക്ഷമാണ് സ്വത്വരാഷ്ട്രീയത്തെ ഫലപ്രദമായി ഉപയോഗിക്കുന്നത്. സ്വത്വത്തെ ഉപയോഗിക്കുന്നു എന്നല്ല ഞാന്‍ പറഞ്ഞത്. സത്യത്തില്‍, സ്വത്വം നിലവിലുള്ളതാണ്. ജാതി, മതം, ലിംഗം, ഭാഷ, വംശം ഇതൊക്കെയാണല്ലോ സ്വത്വം. ആ സ്വത്വബോധം ഉള്ളതുതന്നെയാണ്. ഈ സ്വത്വബോധത്തെ ഒരു സ്വത്വരാഷ്ട്രീയമാക്കി രൂപപ്പെടുത്തി ഇടതുപക്ഷത്തിന് എതിരായി, വലതുപക്ഷത്തിന് അനുകൂലമായ, സാമ്രാജ്യത്വത്തിന് ഉള്‍പ്പെടെ അനുകൂലമായ ഒരു സാഹചര്യം ഒരുക്കുന്നു. ഈ സ്വത്വരാഷ്ട്രീയമാണ് അങ്ങനെ കേരളത്തിലും ഇന്ത്യയിലാകെയും ശക്തമായി ഉപയോഗിക്കുന്ന ഒന്ന്. ജാതിയുടേയും മതത്തിന്റേയും പേരില്‍ ആളുകളെ വേര്‍തിരിക്കുന്നത് ഈ സ്വത്വരാഷ്ട്രീയത്തിന്റെ അജന്‍ഡയാണ്. ഈ സാഹചര്യത്തെ സാമ്രാജ്യത്വവും വര്‍ഗ്ഗീയ ശക്തികളും ഉപയോഗിക്കുകയാണ്. ജാതി രാഷ്ട്രീയത്തെ ഉള്‍പ്പെടെ ഉപയോഗിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെതന്നെ മുസ്ലിം ലീഗും ഉപയോഗിക്കുന്നുണ്ട്. ഇവരെല്ലാം ഒത്തുചേര്‍ന്നാണ് ഇടതുപക്ഷത്തിനെതിരായ പഴയകാലത്തെ ജീര്‍ണ്ണമായ ആശയങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആഗോളതലത്തില്‍ പരിശോധിച്ചു നോക്കുമ്പോള്‍ ബൂര്‍ഷ്വാസി വലിയ ജനാധിപത്യ ശക്തിയാണ്. പക്ഷേ, ഇന്ത്യയില്‍ ബൂര്‍ഷ്വാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആശയവാദ അടിത്തട്ടിലാണ് നിലകൊള്ളുന്നത്; അത് നിഷേധാത്മകമാണ്. 

വിഎസ് അച്യുതാനന്ദൻ
വിഎസ് അച്യുതാനന്ദൻ

കേരളത്തില്‍ ഈ സ്വത്വരാഷ്ട്രീയം വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ രൂപത്തിലേക്കു മാറുന്നു എന്നാണോ? 

സ്വത്വരാഷ്ട്രീയം മാത്രമല്ല. അവര്‍ ആദ്യമേ ചെയ്തുകൊണ്ടിരിക്കുന്നതെന്താ. മനുഷ്യനായിരുന്ന ഒരാളെ ഒരു ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ആക്കും. ഇവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം പരസ്പരം സഹകരിച്ചും ബഹുമാനിച്ചും സ്‌നേഹിച്ചുമാണല്ലോ കാലങ്ങളായി ജീവിക്കുന്നത്. ഈ പരസ്പര സ്‌നേഹവും പരസ്പര ബഹുമാനവും അവസാനിപ്പിച്ച് നേരത്തേ പറഞ്ഞ സ്വത്വരാഷ്ട്രീയത്തിന്റെ ഭാഗമാക്കി ശത്രുതാപരമായ നിലപാടുകളുള്ളവരാക്കി മാറ്റും. പരസ്പരം ശത്രുക്കളാകുന്നതോടുകൂടി അത് വര്‍ഗ്ഗീയതയേയും ശക്തിപ്പെടുത്താന്‍ പോന്നതായി മാറും. വലതുപക്ഷ ആശയങ്ങളെ പിന്തുടര്‍ന്നാണ് ഇതെല്ലാം പ്രവര്‍ത്തിക്കുന്നത്. അതാണ് ഞാന്‍ പറഞ്ഞത്, ഇന്ത്യന്‍ ബൂര്‍ഷ്വാസി ഫ്യൂഡല്‍ ജീര്‍ണ്ണതകളില്‍നിന്നു മോചിതരായിട്ടില്ല; അവര്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ സംഘപരിവാറിനും മറ്റു വര്‍ഗ്ഗീയശക്തികള്‍ക്കും ഗുണകരമായി അതു മാറുന്നു. അതിനെ പ്രതിരോധിച്ചുകൊണ്ടു മാത്രമേ കേരളത്തിലൊരു ജനാധിപത്യ സംവിധാനത്തെ രൂപപ്പെടുത്താന്‍ പറ്റുകയുള്ളൂ. മതനിരപേക്ഷതയെ നമുക്കു ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ പറ്റുകയുള്ളൂ. അതിനു സാധിക്കുന്ന ജനകീയ പ്രസ്ഥാനം സി.പി.എമ്മും എല്‍.ഡി.എഫുമാണ്. 

മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും പിണറായി വിജയനെ പ്രത്യേകമായി ഉന്നംവയ്ക്കുന്നു എന്ന വിലയിരുത്തലുണ്ടോ? 

അതില്‍ ഒരു അത്ഭുതവുമില്ല. കമ്യൂണിസ്റ്റു പാര്‍ട്ടിയുടേയും ഗവണ്‍മെന്റിന്റേയും കേരള നേതൃത്വം എന്ന നിലയിലും സി.പി.ഐ.എമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം എന്ന നിലയിലും പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങളുണ്ട്; പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലും അതിനു മുന്‍പുമായി കേരളത്തിലങ്ങളോളമിങ്ങോളം പത്തമ്പതു വര്‍ഷക്കാലത്തെ സംഘടനാപരമായും ഭരണപരമായുമുള്ള പ്രവര്‍ത്തന അനുഭവങ്ങളുണ്ട്. അവര്‍ക്കു പാര്‍ട്ടിയെ കടന്നാക്രമിക്കണം. പാര്‍ട്ടിയെ കടന്നാക്രമിക്കുമ്പോള്‍ എക്‌സ് ഓര്‍ വൈ എന്നു പറയാന്‍ സാധിക്കില്ലല്ലോ. സ്വാഭാവികമായും നേതൃത്വത്തെയാണു കടന്നാക്രമിക്കുക. ഇപ്പോഴത്തെ പ്രമുഖ നേതാവാരാണോ ആ ആളെയാണ് കടന്നാക്രമിക്കുക. പിണറായിയാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റേയും സി.പി.എമ്മിന്റേയും ഗവണ്‍മെന്റിന്റേയും ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രബിന്ദുവായി പ്രവര്‍ത്തിക്കുന്നത്. ആ കേന്ദ്രത്തെ തകര്‍ത്തുകൊണ്ടു മാത്രമേ പാര്‍ട്ടിയേയും എല്‍.ഡി.എഫിനേയും തകര്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്ന രാഷ്ട്രീയ ലക്ഷ്യമാണ് പിന്നില്‍. രാഷ്ട്രീയമില്ലാതെ വെറുതേ ഇങ്ങനെ ആക്രമിക്കുകയാണെന്നു കരുതണ്ട. രാഷ്ട്രീയമാണ്. പിണറായിക്കെതിരായും കുടുംബത്തിനെതിരായും വരുന്ന കടന്നാക്രമണങ്ങള്‍ക്കെല്ലാം പിന്നില്‍ രാഷ്ട്രീയമാണ്. മുന്‍പത്തെക്കാള്‍ ഇടതുപക്ഷത്തിന്റെ കരുത്തും ജനസ്വാധീനവും ഗവണ്‍മെന്റ് രൂപീകരിച്ചു മുന്നോട്ടു പോകുന്നതിലെ കഴിവുമൊക്കെ വര്‍ധിച്ചിട്ടുണ്ട്. അതിനു നേതൃത്വം കൊടുക്കുന്നത് പിണറായിയാണ് എന്നാണ് വലതുപക്ഷ രാഷ്ട്രീയ സങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ കാണുന്നത്. അതുകൊണ്ട് പിണറായിയെ തകര്‍ത്താല്‍ സി.പി.എമ്മിനെ തകര്‍ക്കാം, സി.പി.എമ്മിനെ തകര്‍ത്താല്‍ ഇടതുപക്ഷ മുന്നണിയേയും ഗവണ്‍മെന്റിനേയും തകര്‍ക്കാം എന്നാണ് അവര്‍ കാണുന്നത്. 

കെകെ ശൈലജ
കെകെ ശൈലജ

കെ.കെ. ശൈലജ ടീച്ചര്‍ മഗ്‌സസെ പുരസ്‌കാരം വാങ്ങുന്നത് വിലക്കിയല്ലോ. പക്ഷേ, പിണറായിയും വി.എസും സി.പി.എമ്മിനെ എതിര്‍ക്കുന്ന മനോരമയുടെ മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം വാങ്ങിയതുമായി താരതമ്യം ചെയ്തു വിമര്‍ശനമുയരുന്നുണ്ട്. എന്താണ് പ്രതികരണം? 

ഒരു താരതമ്യവുമില്ല. കാരമുള്ളിന്റെ കൂര്‍പ്പോ ചെമ്പരത്തിപ്പൂവിന്റെ ചുവപ്പോ ഏതാണ് നല്ലത്? ഈ ചോദ്യത്തില്‍ ഭാഷാപരമായി തെറ്റുണ്ടോ? പക്ഷേ, അതിന് എങ്ങനെയാണ് മറുപടി പറയുക. ഏതെങ്കിലുമൊരു കാര്യം പറഞ്ഞിട്ട് അതില്‍ത്തന്നെയങ്ങു പിടിക്കുകയാണ് ചിലര്‍. 
രമോണ്‍ മഗ്സസെ ആരായിരുന്നു എന്നും എത്ര വലിയ കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ശൈലജ ടീച്ചര്‍ മഗ്സസെ പുരസ്‌കാരം നിരസിച്ചത്. അങ്ങനെ നിരസിക്കാന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായ ടീച്ചറിനും പാര്‍ട്ടിക്കും അവകാശമുണ്ട്. ഇനിയും ഇത്തരം അംഗീകാരങ്ങളും അവാര്‍ഡുകളും നിരസിക്കുകതന്നെ ചെയ്യും. ഞങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ കൃത്യമായ നിലപാടുണ്ട്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com