എഴുത്തുകാരന്റെ ചിന്താ സ്വാതന്ത്ര്യത്തിനു വേണ്ടി ഉറച്ച നിലപാട് സ്വീകരിച്ച അപ്പന്‍

പാര്‍ട്ടിയെ പേടിച്ച് ശ്വാസംവിടാന്‍ പണിപ്പെടുന്ന സാംസ്‌കാരിക നായകന്മാരെ ഓര്‍ത്ത് വളരെ ഖേദിച്ചിട്ടുണ്ട് അപ്പന്‍
എഴുത്തുകാരന്റെ ചിന്താ സ്വാതന്ത്ര്യത്തിനു വേണ്ടി ഉറച്ച നിലപാട് സ്വീകരിച്ച അപ്പന്‍

ബൈബിളിലെ  'ഇയ്യോബിന്റെ പുസ്തകം' കെ.പി. അപ്പനെ ഏറ്റവും ആകര്‍ഷിച്ച ഭാഗമാണ്. ഇതിനെക്കുറിച്ച് അദ്ദേഹം പല തവണ എഴുതിയതായി കാണാം. 'സൃഷ്ടിയുടെ പ്രഹേളികാസൗന്ദര്യം' എന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനം ഏറ്റവും ശ്രദ്ധേയമാണ്. മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന അടിസ്ഥാനപരമായ നിരവധി പ്രശ്‌നങ്ങള്‍ ഈ 'പുസ്തക'ത്തില്‍നിന്നും പുറത്തുവരുന്നതായി അപ്പന്‍ പറയുന്നു. നീതിമാന്മാര്‍ പീഡിപ്പിക്കപ്പെടുന്നത് എന്തുകൊണ്ട്? എന്ന ദാര്‍ശനികമായ പ്രശ്‌നമാണ് ഈ പുസ്തകം ഉന്നയിക്കുന്നത്. ഈ ചോദ്യം ഒരു കാലഘട്ടത്തില്‍ മാത്രമല്ല, എല്ലാ കാലഘട്ടത്തിലും ഉയര്‍ന്നുകേള്‍ക്കുന്നതാണ്. നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന ആശയം ദസ്തയേവ്‌സ്‌കി 'കരമസോവ് സഹോദരന്മാര്‍' എന്ന നോവലില്‍ ഉന്നയിച്ചു. കുഞ്ഞുങ്ങളുടെ പീഡാനുഭവങ്ങള്‍ ചിത്രീകരിക്കുമ്പോഴും ഈ ചോദ്യം അദ്ദേഹം ചോദിക്കുന്നുണ്ട്. ആല്‍ബേര്‍ കമ്യുവും കാഫ്കയും ഇതേ കാര്യം അവരുടെ നോവലുകളില്‍ ഉന്നയിക്കുന്നതു കാണാം. ഉത്തരം കിട്ടാത്ത ഈ ചോദ്യമാണ് 'ഇയ്യോബിന്റെ പുസ്തക'ത്തിന്റെ രചയിതാവും അതിശക്തമായി ചോദിക്കുന്നത്. അതൊരു കലാസൃഷ്ടിയാണ്. ഒരു ദുരന്തദര്‍ശനം ഈ കലാസൃഷ്ടിയിലുണ്ട് എന്നു പറയുന്ന വിമര്‍ശകന്‍ ദുരന്തനാടകത്തിലെ നായകനുമായി ഇയ്യോബിനെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. തന്നെ എന്തിന് ക്രൂരമായി പീഡിപ്പിച്ചു എന്ന ഇയ്യോബിന്റെ ചോദ്യത്തിനു ദൈവത്തില്‍നിന്നും കൃത്യമായ ഉത്തരമൊന്നും ഇയ്യോബിനു ലഭിക്കുന്നില്ല. ദൈവത്തിന്റെ അനീതിയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന പുസ്തകമാണത്. നീതീകരിക്കാന്‍ ആകാത്തതും കാരണമില്ലാത്തതുമായ ദുഃഖങ്ങളെക്കുറിച്ചുള്ള ചോദ്യം ഉത്തരം കിട്ടാതെ കിടക്കുന്നു. ഇതിനെക്കുറിച്ചാണ് ലോകസാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരെല്ലാം എഴുതുന്നത്. ജീവിതത്തെക്കുറിച്ചുള്ള സവിശേഷമായ ഈ കാഴ്ചപ്പാടിന്റെ അംശങ്ങള്‍ അപ്പന്റെ മനസ്സിന്റെ അടിത്തട്ടിലുണ്ടായിരുന്നു. അതുകൊണ്ടാണ് ഇയ്യോബിന്റെ പുസ്തകവും കാരണമില്ലാതെ പീഡനങ്ങളേല്‍ക്കുന്നവരെക്കുറിച്ച് രചിക്കപ്പെട്ട ആധുനിക സാഹിത്യകൃതികളും അദ്ദേഹത്തിന് ആകുലതയും ആനന്ദവും ലഹരിയും പകര്‍ന്നുകൊടുത്തത്.

കാഫ്കയുടേയും കമ്യുവിന്റേയും മറ്റും ആധുനിക സാഹിത്യകൃതികള്‍ വായിച്ചാസ്വദിക്കുവാനുള്ള ശിക്ഷണം അദ്ദേഹത്തിനു നല്‍കിയത് ബൈബിളാണ്. ഇയ്യോബിന്റെ പുസ്തകവും വെളിപാടു പുസ്തകവും നമ്മുടെ കാലഘട്ടത്തിലെ എഴുത്തുകാര്‍ കലാസൃഷ്ടികളിലൂടെ നല്‍കുന്ന സന്ദിഗ്ദ്ധഭാവങ്ങള്‍ മനസ്സിലാക്കുവാന്‍ സഹായിച്ചിട്ടുണ്ട് എന്ന് അദ്ദേഹം തുറന്നുപറഞ്ഞു. കാഫ്കയുടെ 'ദുര്‍ഗ്ഗം' ('Castle') വിചാരണ ('The Trial') എന്നീ നോവലിലെ നായകന്മാര്‍ കാരണമില്ലാതെ അനുഭവിക്കുന്ന യാതനകളുടേയും പീഡാനുഭവങ്ങളുടേയും രഹസ്യം അദ്ദേഹം മനസ്സിലാക്കിയത് ഇയ്യോബിന്റെ അനുഭവങ്ങളിലൂടെയായിരുന്നു. 'ആശയങ്ങളുടെ അര്‍ത്ഥശൂന്യത കണ്ട് അസ്വസ്ഥനാകുന്ന  കഥാപാത്രം ബൈബിളിലെ ജോബിനെപ്പോലെ നമ്മില്‍നിന്നും സകല സഹതാപവും നേടിയെടുക്കുന്നു' എന്ന് 'കാഫ്ക മുഖംമൂടിയില്ലാതെ' ('ക്ഷോഭിക്കുന്നവരുടെ സുവിശേഷം') എന്ന ലേഖനത്തില്‍ പറയുന്നുണ്ട്. ആനന്ദിന്റെ 'മരണസര്‍ട്ടിഫിക്കറ്റ്' എന്ന നോവലിലെ കഥാപാത്രം അനുഭവിക്കുന്ന നീതീകരിക്കാനാകാത്ത യാതനകളേയും ബൈബിളിലെ ഇയ്യോബിന്റെ തീവ്രയാതനകളുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്നുണ്ട്. 'മഹാപീഡനകാലത്തിന്റെ തടവറയില്‍' ('മാറുന്ന മലയാള നോവല്‍') എന്ന ലേഖനത്തില്‍ അത് കാണാം. ഇയ്യോബിന് ദൈവമുണ്ടായിരുന്നു. ദൈവരഹസ്യങ്ങള്‍ വിശദീകരിക്കുവാന്‍ സാധിക്കയില്ലെന്ന് അറിഞ്ഞ് ഇയ്യോബ് അതെല്ലാം അംഗീകരിക്കുകയും അതിനു മുന്‍പില്‍ കീഴടങ്ങുകയും ചെയ്യുന്നു. എന്നാല്‍, ആധുനിക മനുഷ്യന് അതാകില്ല. മനുഷ്യന്റ ഈ ദുഃഖത്തെ ദാര്‍ശനിക ദുരന്തത്തിന്റെ ഗഹന ദുഃഖ ദുര്‍ഗ്ഗം എന്ന് 'അധോതലക്കുറിപ്പുകളെ' (ദസ്തയേവ്‌സ്‌കി) ആസ്പദമാക്കി വിവരിക്കുന്നുണ്ട്. അത്തരം യാതനകളെപ്പറ്റിയാണ് ആനന്ദ്  'മരണസര്‍ട്ടിഫിക്കറ്റി'ല്‍ എഴുതുന്നതെന്ന് അപ്പന്‍ വിശദീകരിക്കുന്നു.

കാക്കനാടന്റെ 'ഏഴാംമുദ്ര' എന്ന നോവലിലെ അര്‍ത്ഥമാനങ്ങളുടെ ആഴം വിവരിക്കുമ്പോള്‍ ബൈബിളിലെ വെളിപാട് പുസ്തകത്തിലെ ആശയങ്ങളും സങ്കല്പങ്ങളും സമര്‍ത്ഥമായി അപ്പന്‍ ഉപയോഗിക്കുന്നതു കാണാം. ജറുശലേമില്‍ സംഭവിക്കുവാന്‍ പോകുന്ന മഹാവിനാശത്തെക്കുറിച്ചാണ് വെളിപാട് പുസ്തകത്തില്‍ പറയുന്നത്. യോഹന്നാന്റെ സ്വപ്നദര്‍ശനമാണത്. ദൂതന്‍ വഴി ക്രിസ്തു യോഹന്നാനെ അറിയിച്ചതാണ്. ഒരു യുഗക്ഷയത്തിന്റെ വരവിനെക്കുറിച്ചുള്ള ഭയങ്കരമായ അടയാളങ്ങളും ആസന്നമായ കോപ ദിവസങ്ങളെക്കുറിച്ചുള്ള ഭയം ജനിപ്പിക്കുന്ന രൂപകങ്ങളും ആ സ്വപ്നദര്‍ശനത്തില്‍ അടങ്ങിയിരിക്കുന്നു. ആധുനിക കാലത്ത് ധാര്‍മ്മികമായ പതനത്തിന്റേയും മൂല്യത്തകര്‍ച്ചയുടേയും ദര്‍ശനം അവതരിപ്പിക്കുന്ന കൃതികളെ ആധുനിക വെളിപാട് പുസ്തക(Modern Apocalypse)മായി ആധുനിക വിമര്‍ശകര്‍ വിലയിരുത്തുന്നു. കാക്കനാടന്റെ 'ഏഴാംമുദ്ര'യേയും ആധുനിക കാലത്തെ വെളിപാട് പുസ്തകമായി അപ്പന്‍ വിലയിരുത്തുന്നു. നമ്മുടെ കാലത്ത് വരാന്‍പോകുന്ന മഹാവിനാശത്തെക്കുറിച്ച് കാക്കനാടന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. വെളിപാട് പുസ്തകത്തില്‍ നാം കാണുന്ന ദര്‍ശനത്തിന്റെ കലാപരമായ പുനരാവിഷ്‌കരണമാണ് 'ഏഴാംമുദ്ര'യിലുള്ളതെന്നു ചൂണ്ടിക്കാണിക്കുന്നു. വാക്കുകളും ഭാഷാശൈലിയും രൂപകങ്ങളും വാക്യങ്ങളുടെ താളക്രമവും പരിശോധിച്ച് ബൈബിളുമായുള്ള ബന്ധം വിശദമാക്കുന്നുണ്ട്.

കാക്കനാടൻ
കാക്കനാടൻ

'എന്റെ വിമര്‍ശനഭാഷയെ രൂപപ്പെടുത്തുവാനും എന്റെ ബുദ്ധിശക്തിയെ ചൈതന്യമുള്ളതാക്കാനും ബൈബിളിന്റെ സംസ്‌കാരം തുണയായിത്തീര്‍ന്നിട്ടുണ്ട്.' കെ.പി. അപ്പന്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. അപ്പന്റെ 'കലഹവും വിശ്വാസവും' എന്ന പുസ്തകത്തെപ്പറ്റി 'ഇന്ത്യന്‍ എക്‌സ്പ്രസ്സി'ല്‍ ഇംഗ്ലീഷില്‍ എഴുതിയ ലേഖനത്തില്‍ കഥാകൃത്തായ ജി.എന്‍. പണിക്കര്‍ അപ്പനെ  'ക്രിസ്ത്യന്‍ ബിംബങ്ങളുടെ തടവുകാരന്‍' ('A prisoner of Christian images') എന്ന് ആക്ഷേപസ്വരത്തില്‍ വിശേഷിപ്പിച്ചു. എന്നാല്‍, ബൈബിളിന്റെ ദര്‍ശനവും സൗന്ദര്യവും അതിലെ ദാര്‍ശനികതയും ഉള്‍ക്കൊണ്ടതില്‍ അഭിമാനവും സന്തോഷവും മാത്രമേ ഉള്ളൂ എന്ന് അപ്പന്‍ മറുപടി പറഞ്ഞു. ആധുനിക കലാസൃഷ്ടികളെ മനസ്സിലാക്കുവാന്‍ അത് അപ്പനെ സഹായിച്ചു. കാഫ്കയുടെയും ദസ്തയേവ്‌സ്‌കിയുടേയും കമ്യുവിന്റേയും കാക്കനാടന്റേയും മറ്റും കൃതികള്‍ മനസ്സിലാക്കുവാന്‍ ബൈബിള്‍ പഠനം അദ്ദേഹത്തെ സഹായിച്ചു. പുതുമയെ പേടിക്കരുത് എന്ന പാഠം ബൈബിളില്‍നിന്നാണ് പഠിച്ചത്. സങ്കീര്‍ണ്ണവും ആഴമേറിയതുമായ ആശയങ്ങളെ വൈരുദ്ധ്യത്തിലൂടെ ധ്വനിപ്പിക്കുവാനുള്ള ശിക്ഷണം കിട്ടിയതും ബൈബിളില്‍ നിന്നാണ്. വേദപുസ്തകത്തില്‍നിന്നുള്ള ഉപമകളും രൂപകങ്ങളും അപ്പന്റെ ഭാഷയേയും ശൈലിയേയും അഗാധമായി സ്വാധീനിച്ചു. സുവിശേഷങ്ങള്‍, ന്യായപ്രമാണങ്ങള്‍, സദൃശവാക്യങ്ങള്‍, വെളിപാടുകള്‍, വീഞ്ഞ്, മുന്തിരിവള്ളി, അസ്ഥിയും മാംസവും... ഇങ്ങനെ നിരവധി വാക്കുകളും രൂപകങ്ങളും ബൈബിളില്‍നിന്നും കടന്നുവന്നവയാണ്. ബൈബിള്‍ വലിയൊരു സാംസ്‌കാരിക പൈതൃകമായി കെ.പി. അപ്പന്‍ എന്ന വിമര്‍ശകനില്‍ നിറഞ്ഞു നില്‍ക്കുന്നു.

അപ്പന്റെ അരാഷ്ട്രീയ നിലപാടുകള്‍

കെ.പി. അപ്പന്‍ സാഹിത്യവിമര്‍ശകന്‍ മാത്രമല്ല, സാംസ്‌കാരിക രാഷ്ട്രീയ വിമര്‍ശകന്‍ കൂടിയായിരുന്നു. പൗരന്റെ സ്വാതന്ത്ര്യം, രാഷ്ട്രീയജീവിതത്തിന്റെ അധാര്‍മ്മികതയും തകര്‍ച്ചയും, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, വര്‍ത്തമാന കാലസമൂഹം നേരിടുന്ന പ്രതിസന്ധികള്‍, ജീര്‍ണ്ണിച്ച സാംസ്‌കാരിക ജീവിതം എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം തുറന്ന് എഴുതിയിട്ടുണ്ട്. എഴുത്തുകാരന്റെ ചിന്താസ്വാതന്ത്ര്യത്തിനുവേണ്ടി ഉറച്ച നിലപാട് സ്വീകരിച്ചയാളാണ് അപ്പന്‍. എഴുത്തുകാരന്‍ കക്ഷി രാഷ്ട്രീയത്തില്‍നിന്നും മാറിനിന്ന് സ്വതന്ത്രമായി ചിന്തിക്കണമെന്നും ആരുടേയും ബുദ്ധിപരമായ അടിമത്തം സ്വീകരിക്കരുതെന്നും ആദ്യകാലം മുതല്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തിലെ ഇടതുവലതു കക്ഷികളുടെ സങ്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങള്‍ പരിഗണിക്കാതെ സ്വന്തം ചിന്തയും പ്രതിഭയും അനുശാസിക്കുന്ന വഴികളിലൂടെ സ്വതന്ത്രമായും ധീരമായും നീങ്ങണമെന്നും അപ്പന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും അവകാശപ്പെടാന്‍ കഴിയാത്തവിധം എഴുത്തുകാരന്‍ സ്വതന്ത്രനായിരിക്കണമെന്ന് അദ്ദേഹം 'ഒറ്റക്കുളമ്പും നീണ്ട മോന്തയും' എന്ന ലേഖനത്തില്‍ എഴുതിയിട്ടുണ്ട്. എഴുത്തുകാരന് ഉത്തരവാദിത്വം എപ്പോഴും സ്വന്തം ആത്മസത്തയോടാണ്. 

'...അയാള്‍ (എഴുത്തുകാരന്‍) ഒറ്റയ്ക്കു നില്‍ക്കുന്ന ഭരണകൂടമാണ്. അയാള്‍ തെരഞ്ഞെടുക്കപ്പെട്ട പ്രജാപതിയല്ല. സ്വയം പ്രജാപതിയായ ഒരുവനാണ് എന്ന് അപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബുദ്ധിജീവികള്‍ സംഘം ചേരുന്നത് നട്ടെല്ലില്ലായ്മയുടെ ലക്ഷണമാണെന്ന്' പാസ്റ്റര്‍ നാക്കിന്റ 'ഡോ. ഷിവാഗോ' എന്ന നോവലിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. ഈ അഭിപ്രായത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് അപ്പന്റെ നിലപാടും. ബുദ്ധിജീവി പാര്‍ട്ടിയോടൊ രാഷ്ട്രീയ പ്രസ്ഥാനത്തോടൊ ചേര്‍ന്നുനിന്നു ചിന്തിക്കാതെ ഒറ്റയ്ക്കുനിന്നു സ്വന്തം കാഴ്ചപ്പാടുകളും നിലപാടുകളും ധീരമായി ഉറക്കെ പറയണം. ഇതായിരുന്നു അപ്പന്റെ കാഴ്ചപ്പാട്.

സാഹിത്യത്തില്‍ ദാര്‍ശനികമായ കാഴ്ചപ്പാടാണ് അദ്ദേഹം സ്വീകരിച്ചത്. രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ കലയിലൂടെയും സാഹിത്യത്തിലൂടെയും അവതരിപ്പിക്കുന്നതില്‍ അദ്ദേഹം ഒരു കാലത്തും വലിയ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍, ചുറ്റും ആടിത്തിമിര്‍ത്ത ഭീകരമായ അസംബന്ധ രാഷ്ട്രീയനാടകങ്ങളും അഴിമതിയുടേയും അധാര്‍മ്മികതയുടേയും അധമനൃത്തങ്ങളും അദ്ദേഹം അതിന്റെ തനിമയില്‍ത്തന്നെ കണ്ടു. രാഷ്ട്രീയരംഗത്തും ഭരണരംഗത്തും സാംസ്‌കാരിക രംഗത്തുമെല്ലാമുണ്ടായ തകര്‍ച്ചകള്‍ക്കു നേരെ അദ്ദേഹം തെരുവിലിറങ്ങി പ്രക്ഷോഭങ്ങള്‍ നയിച്ചില്ല. തെരുവ് പോരാളിയെപ്പോലെ പൊരുതിയതുമില്ല. എന്നാല്‍, എഴുത്തിലൂടെ, വിചാരജീവിതത്തിലൂടെ  ഈ തകര്‍ച്ചകള്‍ക്കും ജീര്‍ണ്ണതകള്‍ക്കും നേരേ പ്രക്ഷോഭണം നടത്തുവാന്‍ അദ്ദേഹം മുന്നോട്ടുവന്നു. സാമൂഹിക സ്ഥാപനങ്ങള്‍ക്കും രാഷ്ടീയ പ്രസ്ഥാനങ്ങള്‍ക്കും സംഭവിച്ച സാംസ്‌കാരികമായ വന്‍ പതനങ്ങളെ നിര്‍ദ്ദയം എടുത്തുകാണിച്ച് മനുഷ്യന്റെ അന്തസ്സും സ്വാതന്ത്ര്യവും വീണ്ടെടുക്കാന്‍ എഴുത്തിലൂടെ വിട്ടുവീഴ്ചയില്ലാത്ത യുദ്ധം ചെയ്യുവാന്‍ അദ്ദേഹം മുന്നോട്ടുവന്നു. അപ്പന്‍ സാഹിത്യവിമര്‍ശകന്‍ മാത്രമല്ല, രാഷ്ട്രീയ സാംസ്‌കാരിക വിമര്‍ശകന്‍ കൂടിയാണ്. ഈ കാര്യം നാം മറക്കുവാന്‍ പാടില്ല.

നമ്മുടെ കാലത്തിന്റെ ആന്തരികമായ തകര്‍ച്ചയും ജീര്‍ണ്ണതയും മൂല്യങ്ങളുടെ വിപല്‍ക്കരമായ വീഴ്ചകളും കോമാളിത്തമായി മാറിക്കഴിഞ്ഞ നമ്മുടെ സാമൂഹിക ജീവിതവും അപ്പന്‍ ആഴത്തിലറിഞ്ഞിരുന്നു. വി.കെ.എന്നിനെപ്പറ്റി എഴുതിയപ്പോള്‍ അക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. അപ്പന്‍ എഴുതി:

'നമ്മുടേത് ഒരു കോമാളിയുഗമാണ്. രാഷ്ട്രീയരംഗവും സാമൂഹ്യസേവനരംഗവും അക്കാദമി അവാര്‍ഡുകളും പാഠപുസ്തകക്കമ്മിറ്റികളും പത്രപ്രവര്‍ത്തനരംഗവും ആകാശവാണിയും ബീഭത്സമാം വിധം തുറന്ന മുറിവുകളാണ്. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സാഹിത്യനായകന്മാരും കോമാളി വേഷങ്ങളാണ്. തലയില്‍ കൊഴുപ്പുമുറ്റിയ വിഡ്ഢികള്‍ ഉന്നതസ്ഥാനങ്ങളിലിരുന്ന് നമ്മെ ഭരിക്കുന്നു. രക്തം ഊറ്റിക്കുടിക്കുന്ന ഈ കുതിരയട്ടകളെ ജനം പാല് മധുരങ്ങള്‍ നല്‍കി പോറ്റുന്നു. അങ്ങനെ ജനങ്ങളും കോമാളികളായിത്തീരുന്നു. ഈ വിധം ഇന്നത്തെ ഇന്ത്യന്‍ പൗരന്‍ എല്ലാവിധ മൂല്യത്തകര്‍ച്ചയുടേയും അരാജകത്വത്തിന്റേയും കാര്യസ്ഥനായിത്തീരുന്നു. ദല്‍ഹിയില്‍ നഗ്‌ന സന്ന്യാസികള്‍ ജാഥ നയിക്കുന്നു. അവരുടെ ആഭാസമായ നഗ്‌നതയില്‍ വീരവനിതകള്‍ പൂവിതള്‍ വര്‍ഷിക്കുന്നു. ചുരുക്കത്തില്‍ വര്‍ത്തമാനകാല സാമൂഹിക ജീവിതം യവനപുരാണത്തിലെ എറിബസ് പോലെ അനന്തമായ നരകക്കുഴിയായി മാറുന്നു.' ('കോമാളി യുഗത്തിലെ പുരുഷ ഗോപുരങ്ങള്‍').

തന്റെ കാലത്തിന്റെ നൈതികവും ധാര്‍മ്മികവുമായ വീഴ്ചയെ ബുദ്ധികൊണ്ട് അഗാധമായി സ്പര്‍ശിച്ചറിഞ്ഞ ചിന്തകനാണ് അപ്പനെന്നു വിശദമാക്കുവാനാണ് ഈ വാക്കുകള്‍ ഇവിടെ ഉദ്ധരിച്ചത്. ധാര്‍മ്മിക പതനംകൊണ്ട് കോപിക്കുന്ന അപ്പന്‍ കാപട്യം നിറഞ്ഞ ഏതെങ്കിലും രാഷ്ട്രീയച്ചേരിയില്‍ നിലയുറപ്പിക്കാതെ സ്വതന്ത്രമായി തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയാണ് ചെയ്തത്.

ബോറിസ് പാസ്റ്റർ നാക്ക്
ബോറിസ് പാസ്റ്റർ നാക്ക്

കെ.പി. അപ്പന്‍ സ്വതന്ത്രമായി ചിന്തിച്ചു. വ്യക്തിയുടെ സ്വാതന്ത്ര്യത്തിനാണ് അദ്ദേഹം മുന്‍തൂക്കം കൊടുത്തത്. അധികാരത്തേയും ഭരണകൂടത്തേയും രാഷ്ട്രീയ മതസ്ഥാപനങ്ങളേയും പേടിക്കാതെ തന്റെ നിരീക്ഷണങ്ങള്‍ മികവുറ്റ ഭാഷയിലും ശൈലിയിലും അവതരിപ്പിച്ചു. ഒരു സംഘത്തിലും പേരു ചേര്‍ക്കാതെ ഒറ്റയാന്റെ കരുത്തോടെ വ്യക്തികളിലും സമൂഹത്തിലുമുള്ള തിന്മകളേയും ജീര്‍ണ്ണതകളേയും ആക്രമിച്ചു. രാഷ്ട്രീയത്തെ സംബന്ധിച്ചും മനുഷ്യന്റെ  സ്വാതന്ത്ര്യത്തെ സംബന്ധിച്ചും ഭരണകൂടങ്ങളുടെ സ്വേച്ഛാധിപത്യ പ്രവണതകളെ സംബന്ധിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. ഭരണകൂടങ്ങളെല്ലാം ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ് എന്ന വിശ്വാസക്കാരനാണ് അപ്പന്‍. ബഹുജനങ്ങളുടെ സര്‍വ്വാധിപത്യം ഒരു മിഥ്യയാണെന്ന് അദ്ദേഹം വിശ്വസിച്ചു. എല്ലാ ഭരണകൂടവും സ്വേച്ഛാപ്രഭുത്വത്തിന്റെ പ്രതീകമാണന്നും ഒരു ഭരണകൂടം മാറി മറ്റൊരു ഭരണകൂടം സ്ഥാപിക്കുമ്പോള്‍ സ്വേച്ഛാപ്രഭുത്വം കൈമാറ്റം ചെയ്യപ്പെടുക മാത്രമാണ് സംഭവിക്കുന്നതെന്നും ടോള്‍സ്‌റ്റോയി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ടോള്‍സ്‌റ്റോയിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ഇക്കാര്യങ്ങളെല്ലാം അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്. 'പ്രിയദര്‍ശിനിയുടെ ഭരണകൂട വ്യക്തിത്വം' എന്ന പേരില്‍ ഒരു രാഷ്ട്രീയ ലേഖനം അപ്പന്‍ എഴുതിയിട്ടുണ്ട്. ജനാധിപത്യത്തെ ഏകാധിപത്യം എങ്ങനെ കീഴടക്കുന്നുവെന്ന് വ്യക്തമാക്കുന്ന രാഷ്ട്രീയ ലേഖനമാണത്. ഇന്ദിരാഗാന്ധിയുടെ സ്വകാര്യ വ്യക്തിത്വവും രാഷ്ട്രീയ വ്യക്തിത്വവും സൂക്ഷ്മമായി പരിശോധിച്ച് അവരില്‍ അടങ്ങിയിരിക്കുന്ന ആപല്‍ക്കരമായ ഏകാധിപത്യ പ്രവണതകള്‍ എടുത്തു കാണിക്കുകയാണ് ആ ലേഖനത്തില്‍. എന്നാല്‍, മിസിസ് ഗാന്ധി ഫാസിസ്റ്റായിരുന്നു എന്ന് അപ്പന്‍ പറയുന്നില്ല. അവര്‍ കുട്ടിക്കാലത്ത് അനുഭവിച്ച ഏകാന്തതയും തീവ്രമായ അനുഭവങ്ങളും പിന്നീടുണ്ടായ ദാമ്പത്യത്തകര്‍ച്ചയും അവരുടെ മനസ്സിന്റെ അടിത്തട്ടില്‍ ഏകാധിപത്യഘടന രൂപപ്പെടാന്‍ കാരണമായെന്ന് അപ്പന്‍ സൂചിപ്പിക്കുന്നു. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ സോഷ്യലിസ്റ്റ് മുഖച്ഛായയുള്ള ഏകാധിപത്യ ഘടനയോട് അബോധപരമായ രാഷ്ട്രീയ മമത ഇന്ദിരയില്‍ രൂപപ്പെട്ടു എന്ന് വിമര്‍ശകന്‍ നിരീക്ഷിക്കുന്നു. അങ്ങനെ സ്റ്റാലിന് അനുകൂലമായും ഗാന്ധിജിക്ക് എതിരായും ഒരു മനോഭാവം രൂപപ്പെട്ടുവെന്നും അതാണ് അധികാരത്തിന്റെ കുത്തക തന്നിലേക്ക് അടുപ്പിക്കുവാന്‍ ഇടവന്നതെന്നും വ്യക്തമാക്കുന്നു. അതുകൊണ്ടാണ് അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നു ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ നേരിട്ട വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുകയാണ് അദ്ദേഹം. ഏകാധിപത്യത്തേയും സര്‍വ്വാധിപത്യത്തേയും വെറുക്കുന്ന അപ്പന്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിനുവേണ്ടി ദാഹിച്ച ചിന്തകനാണ്. ജനാധിപത്യത്തിന്റെ അന്തസ്സത്ത തകര്‍ക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പേനയുടെ മൂര്‍ച്ച വര്‍ദ്ധിക്കുന്നു.

രാഷ്ട്രീയകക്ഷികള്‍   ആദര്‍ശങ്ങളില്‍നിന്നും പ്രത്യയശാസ്ത്ര ചിന്തകളില്‍നിന്നും അകന്ന് അധികാരം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘങ്ങളായി മാറിക്കഴിഞ്ഞെന്ന് അപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്. മതേതരത്വത്തിന്റെ മൂല്യങ്ങള്‍പോലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉപേക്ഷിക്കുന്നതായി അപ്പന്‍ പറയുന്നു. 'രാഷ്ട്രീയപ്പാര്‍ട്ടികള്‍ വര്‍ഗ്ഗീയവാദികളുടെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളെച്ചൊല്ലി വിലപിക്കുകയും തെരഞ്ഞെടുപ്പ് വരുമ്പോള്‍ അവരെ തന്ത്രപൂര്‍വ്വം ഉപയോഗിക്കുകയും ചെയ്യുന്നു' എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.

ഒരു പക്ഷത്തും ചേരാതെ സത്യസന്ധമായും സ്വതന്ത്രമായും അഭിപ്രായം പറയുന്ന രീതിയാണ് അപ്പന്റേത്. അദ്ദേഹം ആലപ്പുഴയിലെ കോളേജില്‍ പഠിച്ചിരുന്ന കാലത്താണ് കേരളത്തില്‍ വിമോചനസമരം നടന്നത്. ആ സമരകാലത്തെ ഓര്‍മ്മകള്‍ അയവിറക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ സമരത്തെ ധീരമായി നേരിട്ട സാഹിത്യവിമര്‍ശകനും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുമായ ജോസഫ് മുണ്ടശ്ശേരിയെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഇങ്ങനെ പറഞ്ഞു:

'...വിമോചന സമരകാലത്ത് ആലപ്പുഴ ഇളകിമറിഞ്ഞിരുന്നു. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം. ഞാന്‍ ഒരു ചരിത്രസാക്ഷിയായി അത് നോക്കിനില്‍ക്കുകയായിരുന്നു. എം. ഗോവിന്ദന്‍, സി.ജെ, കെ. ബാലകൃഷ്ണന്‍ എന്നിങ്ങനെ വായനയിലൂടെ എനിക്കറിയാവുന്ന പലരും സമരത്തിന് അനുകൂലമായിരുന്നു. എന്നിട്ടും എന്റെ മനസ്സ് മുണ്ടശ്ശേരിയെ കൈവെടിഞ്ഞില്ല.'            

തുടര്‍ന്ന് മുണ്ടശ്ശേരിക്ക് എതിരെ 'മണ്ടാ, തണ്ടാ മുണ്ടശ്ശേരി മണ്ടക്കിനിയും വെളിവില്ലേ' എന്നിങ്ങനെയുള്ള വൃത്തികെട്ട മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതും സമരക്കാര്‍ അദ്ദേഹത്തെ ആക്രമിക്കുവാന്‍ തുനിഞ്ഞതും മുണ്ടശ്ശേരി  അതിനെയെല്ലാം ധീരമായി നേരിട്ടതും അപ്പന്‍ വികാരഭരിതനായി വിവരിക്കുന്നുണ്ട്. '...വടിയും കുറുവടിയും വടിയില്‍ കൊടിയും കൊടിയില്‍ പൊതിഞ്ഞ കഠാരയുമായി നടത്തുന്ന ഇത്തരം ജാഥകള്‍ എന്നെ പേടിപ്പിക്കാറില്ല' എന്നു പറഞ്ഞ് ആരംഭിച്ച മുണ്ടശ്ശേരിയുടെ പ്രസംഗവും ഓര്‍ക്കുന്നുണ്ട് അപ്പന്‍. ഉയര്‍ന്ന മൂല്യങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും വില കൊടുക്കുന്ന ചിന്തകന്റെ ശബ്ദമാണ് ഇവിടെ ഉയര്‍ന്നുകേള്‍ക്കുന്നത്. ജനാധിപത്യത്തിനും നീതിബോധത്തിനും ധാര്‍മ്മികതയ്ക്കും പ്രധാന്യം കൊടുത്തതാണ് അപ്പന്റെ രാഷ്ട്രീയം.

ലിയോ ടോൾസ്റ്റോയി
ലിയോ ടോൾസ്റ്റോയി

പാര്‍ട്ടിക്കു കീഴടങ്ങുന്ന എഴുത്തുകാര്‍

പ്രധാനമായും അദ്ദേഹം തന്റെ കോപം തിരിച്ചുവിടുന്നത് സ്വന്തം കാലഘട്ടത്തില്‍ ധാര്‍മ്മികത്തകര്‍ച്ച നേരിട്ട സാഹിത്യകാരന്മാര്‍ക്കും സാംസ്‌കാരിക നായകന്മാര്‍ക്കും നേരെയാണ്. കാപട്യത്തെ കെട്ടിപ്പുണരുന്ന ബുദ്ധിജീവികള്‍ക്കു നേരെ അദ്ദേഹം പൊട്ടിത്തെറിക്കുകതന്നെ ചെയ്യുന്നു. സ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ കീഴടങ്ങുന്ന എഴുത്തുകാര്‍ക്ക് നേരെ രോഷത്തോടെ നോക്കുന്നു. തന്റെ കാലഘട്ടത്തില്‍ സ്വതന്ത്രരായി ചിന്തിക്കുന്നവരുടെ എണ്ണം തീരെയില്ല എന്ന് അദ്ദേഹം ഖേദിക്കുന്നുണ്ട്. കേസരി, കുറ്റിപ്പുഴ, സി.ജെ. തോമസ്, എം. ഗോവിന്ദന്‍ എന്നിവരെപ്പോലെ പാര്‍ട്ടികളില്‍ അംഗത്വമെടുക്കാതെ, സ്വതന്ത്രമായ വഴികളിലൂടെ നീങ്ങുകയാണ് അപ്പന്‍ ചെയ്തത്. ഈ ചിന്തകര്‍ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ അംഗത്വം എടുത്തിരുന്നെങ്കില്‍ അവരെല്ലാം അതത് പാര്‍ട്ടിയുടെ തടവറയില്‍ ആകുമായിരുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ സാഹിത്യവിമര്‍ശകന്‍ ജോസഫ് മുണ്ടശ്ശേരി ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. മുണ്ടശ്ശേരി എഴുതി:

'ഏതു പാര്‍ട്ടിക്കുമുണ്ട് രണ്ട് വശങ്ങള്‍  പുരോഗതിയെ ലക്ഷ്യം വച്ചുള്ള തത്ത്വശാസ്ത്രം ഒന്ന്; നയോപായങ്ങള്‍ രൂപമെടുത്ത 'ടെക്‌നിക്ക്' മറ്റൊന്ന്. ഈ രണ്ടാമത്തേതിനാണ് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പ്രാധാന്യം. ഒരു സാഹിത്യകാരന്‍ പാര്‍ട്ടി മെമ്പറായാല്‍ ഈ 'ടെക്‌നിക്കിന്' വിധേയനാവുക സ്വാഭാവികമാണ്. അത്തരം വിധേയതയാകട്ടെ, ഒരു കലാകാരന് ഹൃദയച്ചുരുക്കം വരുത്തിവയ്ക്കുകയും ചെയ്യുന്നു. തത്ത്വശാസ്ത്രത്തിന്മേല്‍ എത്ര ഉറച്ചുനിന്നാലും ഈ പാര്‍ട്ടി ടെക്‌നിക്കിനിടയില്‍ അയാള്‍ക്ക് നില്‍ക്കപ്പൊറുതി കിട്ടുകയില്ല' ('മുണ്ടശ്ശേരി കൃതികള്‍' ഭാഗം ഒന്ന്).
മുണ്ടശ്ശേരി പറയുന്ന ടെക്‌നിക്കിനെ ഇന്നു പറയുന്നത് അടവുനയമെന്നാണ്. അതുകൊണ്ട്  '...കലാകാരന്‍ തത്ത്വങ്ങളിലുമധികം നയോപായങ്ങളുറഞ്ഞുകൂടിയ ഒരു രാഷ്ട്രീയ കക്ഷിയില്‍ അംഗമാകാതിരിക്കുകയാണ് ഉചിതം' എന്ന് അദ്ദേഹം വ്യക്തമായി എഴുതി. മാത്രമല്ല, 'സ്വതന്ത്രമായും അപായകരമായും ചിന്തിക്കുവാനുള്ള കഴിവ് സോവിയറ്റ് റഷ്യയിലെ കലാകാരന്മാരില്‍നിന്നും പിന്‍വലിക്കപ്പെട്ടിരിക്കുന്നതുപോലെ തോന്നുന്നു' എന്നും റഷ്യയെ പലപ്പോഴും വാഴ്ത്തിയ മുണ്ടശ്ശേരിക്ക് എഴുതേണ്ടിവന്നു. പ്രായോഗിക രാഷ്ട്രീയത്തില്‍ പൊരുതിയിട്ടുള്ള മുണ്ടശ്ശേരി ഇതെഴുതുമ്പോള്‍ കയ്പ്‌നിറഞ്ഞ അനുഭവങ്ങള്‍ ഉള്ളിലുണ്ടായിരുന്നിരിക്കും എന്ന കാര്യം തീര്‍ച്ചയാണ്. 

കലാകാരന്‍ രാഷ്ട്രീയ കക്ഷികളില്‍നിന്നും അകലെ നില്‍ക്കുന്നതാണ് ഉചിതമെന്ന മുണ്ടശ്ശേരിയുടെ നിഗമനത്തിന് ഇന്നും പ്രസക്തിയുണ്ട്. പക്ഷേ, ഇന്നും നമ്മുടെ ഭൂരിപക്ഷം എഴുത്തുകാരും ചിന്തകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ചേര്‍ന്നുനിന്നു പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ ആജ്ഞകളനുസരിക്കുന്നു. ഇത് എഴുത്തുകാരുടെ ചിന്താപരമായ മരണമാണെന്ന് അപ്പന്‍ തന്റെ വിചാരങ്ങളിലൂടെ ഓര്‍മ്മിപ്പിക്കുന്നു. രാഷ്ട്രീയക്കാരനായ സാഹിത്യകാരന്മാരുടെ   അവസ്ഥയെക്കുറിച്ച് ഒരു ഇന്റര്‍വ്യൂവില്‍ അപ്പന്‍ ഇപ്രകാരം പറഞ്ഞു:
'...നേതാവിന്റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ അവരുടെ (രാഷ്ട്രീയക്കാരനായ സാഹിത്യകാരന്റെ) നട്ടെല്ല് കാവടിപോലെ വളയുന്നു. ഭിക്ഷ യാചിക്കുന്നവരുടെ കാല്‍മുട്ടുകളാണ് അവരുടേത്. കയ്യാമത്തില്‍ കിടക്കുന്നവരെപ്പോലെയാണ് അവര്‍ സംസാരിക്കുന്നതെന്ന് ബുദ്ധിയുള്ളവര്‍ക്ക് അറിയാം. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വിവിധ സമയത്ത് അവര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അവരുടെ ലജ്ജാകരമായ കീഴടങ്ങലിന് ഉദാഹരണങ്ങളാണ്.'

എഴുത്തുകാരും ബുദ്ധിജീവികളും ഒരിക്കലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ നുകത്തിന്‍ കീഴില്‍ ആവരുത് എന്ന ആശയം അപ്പന്‍ എക്കാലവും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. 'ശിരച്ഛേദം ചെയ്യപ്പെട്ട അന്തസ്സ്',  'പേനയുടെ സമരമുഖങ്ങള്‍', 'എന്തുകൊണ്ട് ഞാന്‍ അരാഷ്ട്രീയ വാദിയാണ്?', 'ബുദ്ധിജീവികള്‍ക്കു സാംസ്‌കാരിക നായകത്വം നഷ്ടപ്പെടുന്നു', 'ബുദ്ധിജീവികളും സാംസ്‌കാരിക ജീര്‍ണ്ണതയും' എന്നിങ്ങനെ നിരവധി ലേഖനങ്ങളില്‍ ഈ നിലപാടുകള്‍ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം.  

എഴുത്തുകാരന്റെ സ്വാതന്ത്ര്യം, അന്തസ്സ് എന്നിവ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുന്‍പിലും രാഷ്ട്രീയ നേതാവിന്റെ മുന്‍പിലും അടിയറവയ്ക്കരുത് എന്ന് 1992ല്‍ അപ്പന്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. 'ശിരച്ഛേദം ചെയ്യപ്പെട്ട അന്തസ്സ്' എന്ന ലേഖനത്തിലാണ് അക്കാര്യം പറഞ്ഞത്. നമ്മുടെ സാഹിത്യലോകത്തും  സാംസ്‌കാരിക ജീവിതത്തിലും ചെറിയ തോതില്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ലേഖനമായിരുന്നു അത്. 'നമ്മുടെ കാലഘട്ടത്തിലെ സാംസ്‌കാരിക ജീവിതത്തിന്റെ ആന്തരിക ദുരിതങ്ങള്‍ക്കും ശിരച്ഛേദം ചെയ്യപ്പെട്ട അന്തസ്സിനും കാരണക്കാരന്‍ സാഹിത്യകാരന്മാരായ രാഷ്ട്രീയക്കാരാണ്' എന്നു പറഞ്ഞ് ആരംഭിക്കുന്ന ലേഖനം ഇന്നത്തെ സാഹിത്യകാരന്‍ തന്റെ അന്തസ്സും സ്വാതന്ത്ര്യവും രാഷ്ട്രീയക്കാര്‍ക്കു അടിയറവയ്ക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയദൈവത്തെ സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി പൂജിക്കുന്ന നിരവധി എഴുത്തുകാര്‍ നമ്മുടെ നാട്ടിലുണ്ട് എന്ന് എടുത്തുപറയുന്നു. സാഹിത്യവും രാഷ്ട്രീയവും തമ്മിലുള്ള ഗാഢമായ ബന്ധങ്ങളും പ്രശ്‌നങ്ങളും തന്റേതായ രീതിയില്‍ വിശദീകരിക്കുന്നുണ്ട്. സിമോന്‍ ദ ബൊവയുടെ 'ദ് മാന്‍ഡെറാന്‍സ്' (The Mandarins) എന്ന നോവലില്‍ വിവരിക്കുന്ന കലാകാരന്മാരുടെ ധൈഷണിക ജീവിതം നേരിട്ട പ്രതിസന്ധികള്‍ എടുത്തുകാട്ടിയാണ് സാഹിത്യത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ആധിപത്യത്തെ വിമര്‍ശിക്കുന്നത്. സാഹിത്യവും രാഷ്ട്രീയവും കലര്‍ന്നുവരുന്ന ബൊവ്വാറിന്റെ നോവലില്‍ വേറെ പേരുകളില്‍ സാര്‍ത്രും കമ്യുവും കൊയ്സ്ലറും ബൊവ്വാറുമൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ട്. സാര്‍ത്രിനെ പ്രതിനിധീകരിക്കുന്ന കഥാപാത്രം രാഷ്ട്രീയക്കാരനു കീഴടങ്ങാന്‍ തയ്യാറാകുന്നില്ല. മാത്രമല്ല, ഈ നൂറ്റാണ്ട് ബുദ്ധിജീവികളുടെ നൂറ്റാണ്ടാണെന്നും രാഷ്ട്രീയം ഇനിമേല്‍ രാഷ്ട്രീയക്കാര്‍ക്കു വിട്ടുകൊടുക്കുവാന്‍ സാദ്ധ്യമല്ല എന്നും ആ കഥാപാത്രം പ്രഖ്യാപിക്കുന്നത് അപ്പന്‍ എടുത്തുകാണിക്കുന്നുണ്ട്. അതുകൊണ്ട് സാഹിത്യത്തെ നിയന്ത്രിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തെ അനുവദിക്കരുത് എന്നു വിമര്‍ശകന്‍ ഉറപ്പിച്ചു പറയുന്നു. അനുവദിച്ചാല്‍ എഴുത്തുകാരന്‍ അവന്റെ സ്വാതന്ത്ര്യം രാഷ്ട്രീയ നേതൃത്വത്തിന് അടിയറവയ്ക്കുകയാണ്.

അപ്പന്റെ ഈ വിമര്‍ശനം വന്നപ്പോള്‍ തന്നെ എഴുത്തുകാരന്റെ അന്തസ്സിനുവേണ്ടി വാദിക്കുന്നതുകൊണ്ട് അതിലെ ആശയത്തെ അനുകൂലിക്കുന്നു എന്ന് ഭാവിച്ചുകൊണ്ട് വലിയ എതിര്‍പ്പുകളുമായി മാര്‍ക്‌സിസ്റ്റ് വീക്ഷണമുള്ള വിമര്‍ശകര്‍ രംഗത്തുവന്നു. പി. ഗോവിന്ദപ്പിള്ളയും ബി. രാജീവനുമാണ് അങ്ങനെ വന്നവരില്‍ പ്രമുഖര്‍. അപ്പന്റെ വാദങ്ങള്‍ക്കു നേരേ വലിയ മറുവാദങ്ങള്‍ ഉയര്‍ത്തിയത് ബി. രാജീവനാണ്. അപ്പന്റെ ലേഖനത്തിലെ വിമര്‍ശനത്തിന്റെ ശരങ്ങള്‍ ചെന്ന് തറക്കുന്നത് വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച മാര്‍ക്‌സിസ്റ്റ് എഴുത്തുകാരിലും വിമര്‍ശകരിലുമാണ്. തന്റെ അരാഷ്ട്രീയ നിലപാട് ന്യായീകരിക്കാന്‍ വേണ്ടി രാഷ്ട്രീയമുള്ള എഴുത്തുകാരെല്ലാം അന്തസ്സ് കെട്ടവരാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് അപ്പന്‍ നടത്തിയിരിക്കുന്നതെന്നാണ് രാജീവന്‍ വാദിച്ചത്. ഈ വാദങ്ങള്‍ക്ക് അപ്പന്‍ മറുപടി പറഞ്ഞിട്ടുണ്ട് 'പേനയുടെ സമരമുഖങ്ങള്‍' എന്ന ലേഖനത്തില്‍. വാസ്തവത്തില്‍ ഒരെഴുത്തുകാരന്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതുകൊണ്ടു ദോഷമില്ല. പക്ഷേ, തന്റെ രാഷ്ട്രീയബോധവുമായി പൊരുത്തപ്പെട്ടു പോകുന്ന രാഷ്ട്രീയ കക്ഷിയുമായി ചേര്‍ന്നുനിന്ന് ചിന്തിച്ചു തുടങ്ങുമ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ആ കക്ഷിയുടെ അനുശാസനങ്ങള്‍ അനുസരിക്കുന്ന അടിമയായി മാറുമ്പോള്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ സ്വന്തം ശവക്കുഴി തോണ്ടുന്ന അവസ്ഥയില്‍ എത്തിച്ചേരുകയാണ്. രാഷ്ട്രീയകക്ഷിയില്‍ ചേരുന്നതുകൊണ്ട് എഴുത്തുകാരനു ചില ഭൗതിക നേട്ടങ്ങളൊക്കെ ഉണ്ടാകും എന്നത് സത്യമാണ്. എന്നാല്‍, കക്ഷിരാഷ്ട്രീയത്തിന്റെ അഴുക്കുചാലില്‍ വീഴുമ്പോള്‍ത്തന്നെ എഴുത്തുകാരന് തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ ലഹരിയില്‍പ്പെട്ടാല്‍ എഴുത്തുകാരനും നേതൃത്വത്തിന്റെ അടിമയാകുന്നു. തന്റെ രാഷ്ട്രീയകക്ഷി നടത്തുന്ന അഴിമതികളേയും അധാര്‍മ്മികതകളേയും മാത്രമല്ല, കൊലപാതക കേളികളെപ്പോലും ന്യായീകരിക്കുവാന്‍ അയാള്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. എല്ലാ കാലത്തേയുംപോലെ അക്കാലത്തും കേരളത്തില്‍ ധാരാളം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയകക്ഷിയുമായി ഒത്തുപോകുന്ന സാഹിത്യനായകന്മാര്‍ തങ്ങളുടെ രാഷ്ട്രീയകക്ഷികള്‍ നടത്തിയ കൊലപാതകങ്ങളെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു. രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന കൊലപാതകങ്ങളെ എതിര്‍ക്കുകയും ചെയ്യും. ഈ ദുരവസ്ഥയ്ക്ക് നേരെയാണ് അപ്പന്‍ വിരല്‍ചൂണ്ടുന്നത്. 'വായനയും ചിന്തയും ചക്രവാളങ്ങളെ സ്പര്‍ശിക്കുവാന്‍ കുതിക്കുന്ന മനസ്സും രാഷ്ട്രീയ നേതൃത്വത്തിന്റെ മുന്‍പില്‍ വിലയില്ലാതായിത്തീരുന്നു എന്ന് അപ്പന്‍ പറയുന്നുണ്ട്. പി. ഗോവിന്ദപ്പിള്ളയുടെ ചിന്താജീവിതത്തില്‍ ഈ പ്രശ്‌നങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തു. പാര്‍ട്ടി നേതൃത്വത്തെ പേടിച്ചാണ് പലപ്പോഴും പി.ജി. നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുന്നു.'

വികെഎൻ
വികെഎൻ

കെ.പി. അപ്പന്റെ അരാഷ്ട്രീയ കാഴ്ചപ്പാടുകള്‍ നിശിതമായ നിരീക്ഷണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. പക്ഷേ, അദ്ദേഹം ജീവിതത്തിന്റെ അവസാനം വരെ അരാഷ്ട്രീയ നിലപാടില്‍ ഉറച്ചുനിന്നു. ഈ നിലപാടില്‍നിന്നുകൊണ്ട് സാഹിത്യത്തെ കക്ഷി രാഷ്ട്രീയവുമായി ബന്ധിപ്പിച്ച് ചിന്തിച്ച പ്രമുഖരായ ചിന്തകരെയെല്ലാം അദ്ദേഹം നേരിട്ടു. പ്രമുഖ മാര്‍ക്‌സിസ്റ്റ് നേതാവും മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിന്റെ പ്രചാരകരില്‍ പ്രധാനിയുമായ ഇ.എം.എസ്സിന്റെ സാഹിത്യവീക്ഷണത്തേയും എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തേയും സംബന്ധിച്ച കാഴ്ചപ്പാടുകളേയും നിശിതമായ വിലയിരുത്തലിനു വിധേയമാക്കിയിട്ടുണ്ട് അപ്പന്‍. ഇ.എം.എസിന്റെ 'സാഹിത്യസിദ്ധാന്തവും മറ്റ് യാഥാര്‍ത്ഥ്യങ്ങളും' ('പേനയുടെ സമരമുഖങ്ങള്‍') എന്ന സാമാന്യം ദീര്‍ഘമായ ലേഖനത്തില്‍ അതു കാണാം. ഈ ലേഖനം അപ്പന്‍ എഴുതിയത് ഇഎം.എസ്സിന്റെ ആഗ്രഹപ്രകാരമാണ്. ഇ.എം.എസ്സിനെക്കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കുവാന്‍ ചിന്ത പബ്ലിക്കേഷന്‍സ് തീരുമാനിച്ചു. ഐ.വി. ദാസ് ആണ് എഡിറ്റര്‍. ഇ.എം.എസ്സിന്റെ സംഭാവനകളെപ്പറ്റി രാഷ്ട്രീയ സാംസ്‌കാരിക നായകരുടെ പഠനങ്ങളും വിലയിരുത്തലുകളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ലേഖനങ്ങളെല്ലാം കിട്ടിയപ്പോള്‍ എഡിറ്റര്‍ ഇ.എം.എസ്സിനെ കണ്ടു. ലേഖകരുടെ പേരുകള്‍ കണ്ടപ്പോള്‍ കെ.പി. അപ്പന്റെ ലേഖനമില്ലേ എന്നു ചോദിച്ചു. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ ഇ.എം.എസ്സ് ഇപ്രകാരം പറഞ്ഞു: 'നല്ല സര്‍ഗ്ഗാത്മക ചിന്തകനും എഴുത്തുകാരനുമാണ് അപ്പന്‍.  അദ്ദേഹത്തിന്റെ ഒരു ലേഖനം കിട്ടുമെങ്കില്‍ നല്ലതാണ്.'  അങ്ങനെയാണ് 'ചിന്ത'യുടെ പ്രവര്‍ത്തകര്‍ അപ്പനെ കാണുകയും അപ്പന്‍ ഈ ലേഖനമെഴുതുകയും ചെയ്തത്. ലേഖനം കിട്ടിയെന്നറിഞ്ഞപ്പോള്‍ ഇ.എം.എസ്  അത് വാങ്ങി അതീവതാല്പര്യത്തോടെ  വായിക്കുകയും ചെയ്തു.

വളരെ വര്‍ഷങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന നേതാവും രണ്ട് പ്രാവശ്യം കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ്സിനോടുള്ള എല്ലാ ആദരവും നിലനിര്‍ത്തിയാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ അപ്പന്‍ ഖണ്ഡിക്കുന്നത്. എന്നാല്‍, അപ്പന്‍ സാധാരണ നടത്തുന്ന ഖണ്ഡനവിമര്‍ശനത്തിന്റെ താണ്ഡവ നാദങ്ങള്‍ ഇവിടെ ഉയരുന്നില്ല. എങ്കിലും എതിര്‍പ്പുകള്‍ ശക്തമായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സാഹിത്യത്തില്‍ രാഷ്ട്രീയത്തിന്റെ ഇടപെടല്‍ വിപത്താണെന്നു കരുതുന്ന ഒരാളാണ് താനെന്നും അതുകൊണ്ട് ഇ.എം.എസ്സിന്റെ എതിര്‍ചേരിയിലാണ് താന്‍ നില്‍ക്കുന്നതെന്നും പറഞ്ഞാണ് ഖണ്ഡനം തുടങ്ങുന്നത്. ഇ.എം.എസ് സ്വീകരിച്ച നിലപാടുകളും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വിവരിച്ച് അവയോടുള്ള തന്റെ വിയോജിപ്പുകള്‍ വ്യക്തമാക്കുന്നു. ഇ.എം.എസ്സിന്റെ സാഹിത്യവീക്ഷണം യാഥാസ്ഥിതികമാണെന്നും ഔദ്യോഗിക കമ്യൂണിസ്റ്റ് സാഹിത്യത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത പ്രചാരകനാണ് അദ്ദേഹമെന്നും ഒട്ടും മയമില്ലാത്ത ഭാഷയില്‍ത്തന്നെ പറയുന്നു. പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനു നേരെ മനസ്സ് കഠിനമാക്കിയ ആളാണ് അദ്ദേഹമെന്നും തുറന്നുപറയുന്നുണ്ട്. സ്വതന്ത്ര രചന നടത്തുവാന്‍ പാര്‍ട്ടി തടസ്സമാകില്ലെന്ന് വാദിച്ച ഇ.എം.എസ്സിന്  അപ്പന്‍ ഇപ്രകാരം മറുപടി എഴുതി:

'പില്‍ക്കാലത്ത് സ്വതന്ത്രരചനയ്ക്ക് അച്ചടക്കം തടസ്സമല്ലെന്നും എന്നാല്‍ പ്രതിജ്ഞാബദ്ധതയില്‍നിന്ന് സ്വയം ജനിക്കുന്ന അച്ചടക്കം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ.എം.എസ് പറയുന്ന ഈ പ്രതിജ്ഞാബദ്ധത വരുന്ന മാര്‍ഗ്ഗമേതാണെന്നു സ്വതന്ത്രരായ എല്ലാ എഴുത്തുകാര്‍ക്കും അറിയാം. പ്രതിജ്ഞാബദ്ധത പാര്‍ട്ടി ലൈനിന്റെ ക്രൂരമായ പര്യായമാണ്.'

പാര്‍ട്ടി ഒരിക്കലും കലാകാരനു സ്വാതന്ത്ര്യം അനുവദിക്കില്ല. അതു മനസ്സിലാക്കി രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും അകന്നുനിന്ന് സ്വതന്ത്രമായി നീങ്ങാതെ എഴുത്തുകാര്‍ പലപ്പോഴും പാര്‍ട്ടിയുടെ ഭാഗമായി മാറി സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നു. ഈ അവസ്ഥയ്ക്കു നേരെ അപ്പന്റെ വാക്കുകള്‍ ആയുധമണിയുന്നു. ബുദ്ധിജീവികള്‍ നീതിയും ന്യായവും വകവയ്ക്കാത്ത ഭരണകൂടത്തിന്റെ ഭാഗമായി മാറുന്നു. അവര്‍ ഇന്ന് അധികാര ശക്തിയുള്ള രാഷ്ട്രീയ സമൂഹത്തെ പേടിക്കുകയും പൗരസമൂഹത്തെ മറക്കുകയും ചെയ്യുന്ന വിഭാഗമായി മാറിക്കഴിഞ്ഞു. രാഷ്ട്രീയകക്ഷി ഭരണകൂടമല്ല. എന്നാല്‍, ഇന്നത്തെ അവസ്ഥയില്‍ അത് അധികാര ശക്തിയാണ്. അതിനാല്‍ അതിനു ഭരണകൂട പദവിയുണ്ട്. നമ്മുടെ സാംസ്‌കാരിക നായകന്മാര്‍ പാര്‍ട്ടിയുടെ ഭരണകൂട പദവിയെ പേടിക്കുന്നു. യഥാര്‍ത്ഥ എഴുത്തുകാരന്‍ ഭരണകൂടത്തേയും ഭരണകൂട പദവിയുള്ള പാര്‍ട്ടിയേയും നേതാക്കളേയും വെല്ലുവിളിക്കും. അപ്പോഴാണ് ഏകാകിയായ എഴുത്തുകാരന്റെ പരസ്യജീവിതം ഒരു വിമോചന പ്രസ്ഥാനമായി മാറുന്നതെന്നും നമ്മുടെ എഴുത്തുകാര്‍ക്ക് ഇതിനു കഴിയാറില്ലെന്നും കെ.പി. അപ്പന്‍ 'വിവേകശാലിയായ വായനക്കാരാ' എന്ന പുസ്തകത്തിലെ നിരവധി ലേഖനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയെ പേടിച്ച് ശ്വാസംവിടാന്‍ പണിപ്പെടുന്ന സാംസ്‌കാരിക നായകന്മാരെ ഓര്‍ത്ത് വളരെ ഖേദിച്ചിട്ടുണ്ട് അപ്പന്‍. ദിനചര്യകള്‍പോലും പാര്‍ട്ടി പറയുന്ന മട്ടില്‍ ചെയ്യുന്ന കീഴടങ്ങല്‍ വാദികളായ പാര്‍ട്ടി സാഹിത്യകാരന്മാര്‍ സ്വന്തം സ്വാതന്ത്ര്യം കൂടി പാര്‍ട്ടി സ്വേച്ഛാധിപത്യത്തിനു തീറെഴുതി കൊടുത്തവരാണ് എന്നും പരുഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിനെതിരായ നിലപാട് പുന:പരിശോധിക്കേണ്ടതല്ലേ എന്ന് ഒരു അഭിമുഖ (മാതൃഭൂമി ഓണപതിപ്പ് 2004) സംഭാഷണത്തില്‍ ചോദ്യം  വന്നപ്പോള്‍ അപ്പന്‍ ഇപ്രകാരം മറുപടി പറഞ്ഞു:

'...ഞാന്‍ ജീര്‍ണ്ണിച്ച കക്ഷിരാഷ്ട്രീയത്തെയാണ് നിരാകരിക്കുന്നത്. കക്ഷിരാഷ്ട്രീയം യഥാര്‍ത്ഥ മാനുഷിക മൂല്യങ്ങളില്‍നിന്നും അകന്നുപോകുന്നു. നീതിയുടേയും സൗന്ദര്യത്തിന്റേയും ലോകം അത് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കളുടെ വാക്കിലെ ആശയവും പ്രവൃത്തിയിലെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേട് എന്നെ വിഷമിപ്പിക്കാറുണ്ട്. കക്ഷിരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര സേവകരായ എഴുത്തുകാര്‍ ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയും കക്ഷിരാഷ്ട്രീയവും അഴിമതിയും തമ്മില്‍ നടത്തുന്ന ദീര്‍ഘ സുരതക്രിയയ്ക്ക് മൗനംകൊണ്ട് ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്യുന്നു.'

സിമോൻ ദ ബൊവ
സിമോൻ ദ ബൊവ

ധാര്‍മ്മികമായ പൊട്ടിത്തെറി നിറഞ്ഞ ഈ വാക്കുകള്‍ സ്വന്തം കാലഘട്ടത്തിലെ രാഷ്ട്രീയത്തിന്റേയും അതിന്റെ നേതൃത്വത്തിന്റേയും പേടിപ്പിക്കുന്ന തകര്‍ച്ച അദ്ദേഹം ആഴത്തില്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നു വ്യക്തമാക്കുന്നു. ചാത്തന്നൂര്‍ മോഹനുമായുള്ള ഒരഭിമുഖത്തിലും അക്കാര്യം തുറന്നു പറഞ്ഞു:

'...ക്രിസ്‌തേവ പറഞ്ഞതുപോലെ അത്ഭുതകരമായ രാഷ്ട്രീയ പരിഹാരങ്ങള്‍ ഇനിമേല്‍ നാം രാഷ്ട്രീയക്കാരില്‍നിന്നും പ്രതീക്ഷിക്കരുത്. സമകാലിക രാഷ്ട്രീയത്തിന്റെ ചരിത്രം നിരന്തരമായ അത്യാഹിതങ്ങളുടേയും രാഷ്ട്രീയ നിന്ദയുടേയും ചരിത്രമാണ്. രാഷ്ട്രീയ കക്ഷിയും നേതൃത്വനിരയും ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ മാത്രമേ നമ്മുടെ നാട്ടില്‍ ഇപ്പോഴുള്ളൂ. ഇത് വ്യക്തമാക്കേണ്ടത് അരാഷ്ട്രീയ നിലപാട് ഉള്ളവരാണ്. ഇത്തരം വ്യക്തമാക്കലില്‍ ഒരു രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമുണ്ട്.'
 
ഒരു സമൂഹത്തിലെ സ്വതന്ത്രരായ ധിഷണാശാലികള്‍ ആ സമൂഹത്തിലെ വിളക്കുമരങ്ങളാണ്. അവര്‍ ഒറ്റയ്ക്ക് നില്‍ക്കുന്നു. അവര്‍ നല്‍കുന്ന ചിന്തയുടെ വെളിച്ചവും ചൂടുമാണ് ആ സമൂഹത്തെ മുന്നോട്ടു നയിക്കുന്നത്. ആധുനിക ലോകത്തെ രൂപപ്പെടുത്തുന്നതില്‍ അവര്‍ക്ക് വലിയ പങ്കുണ്ട്. നമ്മുടെ കാലത്ത് ധിഷണാശാലികള്‍ ഈ പങ്ക് നിര്‍വ്വഹിക്കുന്നില്ല എന്ന് അപ്പന്‍ ആരോപിക്കുന്നു. നമ്മുടെ നാട്ടിലെ സാമ്പ്രദായിക ബുദ്ധിജീവികള്‍ക്കും രാഷ്ട്രീയ ബുദ്ധിജീവികള്‍ക്കും നമ്മുടെ കാലത്തെ രൂപപ്പെടുത്തിയെടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. എല്ലാ സമൂഹത്തിലും സ്വതന്ത്രരായ ബുദ്ധിജീവികള്‍ വളരെ കുറവായിരിക്കും. അവരുടെ ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുകയുമില്ല. എന്നാല്‍, അവരുടെ വാക്കുകള്‍ വിശ്വസിക്കുന്ന സമൂഹത്തിനു മുന്നോട്ട് കുതിക്കുവാനാകും. 'ബുദ്ധിജീവികളുടെ പ്രാതിനിധ്യം' എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തിയ എഡ്വേഡ് സെയ്ദിന്റെ ഒരഭിപ്രായം അപ്പന്‍ ഉദ്ധരിച്ചു ചേര്‍ക്കുന്നുണ്ട്. ബുദ്ധിജീവികള്‍, പലര്‍ക്കും ഇഷ്ടപ്പെടാത്ത സത്യങ്ങള്‍ക്കു ശബ്ദം നല്‍കണമെന്നും സംഘങ്ങളുടെ ഒച്ചകളില്‍നിന്നു വ്യത്യസ്തമായ സ്വരം സൃഷ്ടിക്കണമെന്നും സെയ്ദ് വ്യക്തമായി പറയുന്നതാണ് ആ അഭിപ്രായം. ഭരണകൂടത്തിനും നേതൃത്വത്തിനും രുചിക്കാത്തതും ജനങ്ങള്‍ കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ അംഗീകരിക്കാത്തതുമായ വാക്കുകളാകും ബുദ്ധിജീവികള്‍ പറയുന്നത്. പക്ഷേ, അവരുടെ വാക്കുകളില്‍ മാറ്റത്തിന്റെ തീയുണ്ടാകും. പുതിയ ചിന്തയുടെ പ്രഭാതങ്ങള്‍ ഉണ്ടാകും. ആ വാക്കുകള്‍ക്ക് വില കല്പിക്കുന്ന ജനതയ്ക്ക് വെളിച്ചത്തിലേക്ക് നീങ്ങുവാനുമാകും. സ്വതന്ത്ര ബുദ്ധിജീവിയില്‍ ഒരു വ്യഥിത ദാര്‍ശനികനുണ്ടായിരിക്കുമെന്ന് അപ്പന്‍ പറയുന്നുണ്ട്. ബുദ്ധിപരമായ സത്യസന്ധത കാഴ്ചപ്പാടില്‍ ഉണ്ടായിരിക്കും. സ്വകാര്യമായി ഏതെങ്കിലും ചേരിയോട് അനുഭാവമുണ്ടായാല്‍പ്പോലും എപ്പോഴും സ്വതന്ത്രനായിരിക്കുവാന്‍ ശ്രദ്ധിക്കും.  ഇത്തരത്തില്‍ സ്വതന്ത്രമായി നിലയുറപ്പിച്ച് ഉന്നതമായ ധാര്‍മ്മികതയോടെ ചിന്തിക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ വളരെയൊന്നുമില്ല എന്നതാണ് സത്യം. സത്യത്തിന്റെ ഭാഗം ചേര്‍ന്ന്  ധീരമായി സംസാരിക്കുന്നവരായി അപ്പന്‍ ചൂണ്ടിക്കാണിക്കുന്നത് സുകുമാര്‍ അഴീക്കോട്, എം.വി. ദേവന്‍ എന്നിവരെയാണ്. ഇതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com