'എല്ലാത്തരം പിന്തിരിപ്പന്‍, സ്ത്രീവിരുദ്ധ പ്രതീകങ്ങളേയും രാജ്യത്തിന്റെ സാംസ്‌കാരിക പ്രതീകങ്ങളായി പ്രതിഷ്ഠിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു'

രാജ്യമാകെ ശ്രദ്ധിക്കുകയും മോദി ഗവണ്‍മെന്റിനെ പരിഭ്രാന്തമാക്കുകയും ചെയ്ത മഹാരാഷ്ട്രയിലെ കര്‍ഷകസമരത്തെ നയിച്ചവരിലൊരാള്‍
'എല്ലാത്തരം പിന്തിരിപ്പന്‍, സ്ത്രീവിരുദ്ധ പ്രതീകങ്ങളേയും രാജ്യത്തിന്റെ സാംസ്‌കാരിക പ്രതീകങ്ങളായി പ്രതിഷ്ഠിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു'

ഖിലേന്ത്യാ ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായി മഹാരാഷ്ട്രയിലെ തീപ്പൊരി നേതാവ് മറിയം ധാവ്ളെയെ മൂന്നാമതും തെരഞ്ഞെടുത്തത് തിരുവനന്തപുരത്തു ചേര്‍ന്ന ദേശീയ സമ്മേളനമാണ്. എഴുപതുകളുടെ ഒടുവില്‍ എസ്.എഫ്.ഐയിലൂടെ സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ അവര്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമാണ്; ആദിവാസി മേഖലകളിലുള്‍പ്പെടെ സ്ത്രീകളേയും കര്‍ഷകരേയും കര്‍ഷകസ്ത്രീകളേയും സംഘടിപ്പിച്ച് പോരാട്ടസജ്ജരാക്കിയ നേതാവ്. രാജ്യമാകെ ശ്രദ്ധിക്കുകയും മോദി ഗവണ്‍മെന്റിനെ പരിഭ്രാന്തമാക്കുകയും ചെയ്ത മഹാരാഷ്ട്രയിലെ കര്‍ഷകസമരത്തെ നയിച്ചവരിലൊരാള്‍. സ്ത്രീപക്ഷ രാഷ്ട്രീയം ഉള്‍പ്പെടെ സമകാലിക ഇന്ത്യ സംസാരിക്കുന്നതെന്തും മതേതര ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള വര്‍ത്തമാനമാണെന്നും സംഘപരിവാറിന്റെ തോല്‍വി രാജ്യത്തിന്റെ നിലനില്‍പ്പിനു പ്രധാനമാണെന്നും ചൂണ്ടിക്കാട്ടുന്നു, മറിയം ധാവ്ളെ

നിര്‍ണ്ണായകമാകാവുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോള്‍ ജനാധിപത്യ മഹിളാ അസ്സോസിയേഷന്റെ മുന്‍ഗണനകളില്‍ ഏറ്റവും പ്രധാനം എന്തൊക്കെയാണ്? 

തുല്യതയ്ക്കായി യോജിച്ച പോരാട്ടം മുദ്രാവാക്യമായി സ്വീകരിച്ചാണ് ജനാധിപത്യ മഹിളാ അസ്സോസിയേഷന്റെ 13-ാം അഖിലേന്ത്യാ സമ്മേളനം സമാപിച്ചത്. പ്രതിനിധി ചര്‍ച്ചയില്‍ പങ്കെടുത്ത സ്ത്രീകള്‍ ഒന്നടങ്കം സ്വന്തം അനുഭവങ്ങളിലൂന്നി സംസാരിച്ചത്, രാജ്യത്തെ വിലക്കയറ്റത്തേയും തൊഴിലില്ലായ്മയേയും വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളേയും മോദി ഗവണ്‍മെന്റിന്റെ സമ്പൂര്‍ണ്ണ വാഗ്ദാന ലംഘനങ്ങളേയും കുറിച്ചായിരുന്നു. ഇതു കാണിക്കുന്നത്, കേന്ദ്രം ഭരിക്കുന്ന ആര്‍.എസ്.എസ്-ബി.ജെ.പി ഗവണ്‍മെന്റ് ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഉല്‍ക്കണ്ഠയുള്ളവരല്ല എന്നാണ്. അതകൊണ്ടുതന്നെ കേന്ദ്രഭരണത്തെ നയിക്കുന്ന മനുവാദ ആശയങ്ങളെ തോല്‍പ്പിക്കാനും കോര്‍പ്പറേറ്റ്, വര്‍ഗ്ഗീയ കൂട്ടുകെട്ട് തുറന്നുകാട്ടാനും ശക്തമായി പൊരുതുകയാണ് വേണ്ടത്. അതിന്റെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി ഞങ്ങള്‍ ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കും. വിലക്കയറ്റത്തിനെതിരെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടിയും വര്‍ദ്ധിച്ചുവരുന്ന സ്ത്രീ വിരുദ്ധ അക്രമങ്ങള്‍ക്കും തൊഴിലില്ലായ്മക്കുമെതിരെയുമായിരിക്കും പ്രധാനമായും പ്രക്ഷോഭങ്ങള്‍. കൂടാതെ ആര്‍.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന സ്ത്രീ വിരുദ്ധ, ദളിത് വിരുദ്ധ, ആദിവാസി വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ, മനുവാദി പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കെതിരെയും നിരന്തര പോരാട്ടമാണുണ്ടാവുക. നമ്മുടെ മതേതര, ജനാധിപത്യ രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം തന്നെയാണത്. 

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അതിനുമുന്‍പു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ തോല്‍പ്പിക്കുന്നതിനുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ സ്ത്രീകളെ അണിനിരത്തുക എന്ന അതിപ്രധാന ദൗത്യമാണ് സംഘടനയുടെ മുന്നിലുള്ളത്. ബി.ജെ.പിയെ തോല്‍പ്പിക്കാതെ ഇന്ത്യയെ മതേതര, ജനാധിപത്യ രാജ്യമായി നിലനിര്‍ത്താന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. കാരണം, അവര്‍ ഇന്ത്യയുടെ ഭരണഘടനയില്‍ വിശ്വസിക്കുന്നില്ല. മനുസ്മൃതിയില്‍ വിശ്വസിക്കുന്ന അവര്‍ രാജ്യത്തെ ദളിതുകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് ഉത്തരവാദികളാണ് എന്നത് നമ്മള്‍ കാണുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികള്‍ വെറും 25 ശതമാനം മാത്രമാണ്. 75 ശതമാനം കുറ്റവാളികളും രക്ഷപ്പെടുന്നു. രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടേയും ആര്‍.എസ്.എസ്സിന്റേയും നേതാക്കള്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. കശ്മീരിലെ കത്വയില്‍ ഉള്‍പ്പെടെ അതു കണ്ടതാണ്. ഒരു കൊച്ചു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നയാളെ പൊലീസ് അറസ്റ്റു ചെയ്യുന്നതു തടയുകയാണ് ബി.ജെ.പി നേതാവ് ചെയ്തത്. ഹത്രാസിലെ കേസിലും ബി.ജെ.പി എം.എല്‍.എ ഉള്‍പ്പെട്ടു, ഉന്നാവ് കേസില്‍ ബി.ജെ.പി എം.എല്‍.എ പ്രതിയാണ്. അവരൊന്നും വേണ്ടവിധം ശിക്ഷിക്കപ്പെടാത്തത് ഈ ബി.ജെ.പി നേതാക്കള്‍ ഉന്നത ജാതിക്കാരായതു കൊണ്ടുകൂടിയാണ്. ഉത്തരാഖണ്ഡില്‍ ബലാത്സംഗക്കേസ് പ്രതി ബി.ജെ.പി നേതാവിന്റെ മകനായതുകൊണ്ട് പൊലീസ് സംരക്ഷിക്കുന്ന സ്ഥിതിയാണ്. 2022 ആഗസ്റ്റ് 15-ന്, സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികദിനത്തില്‍ ജയില്‍മോചിതരായവരില്‍ 11 പേര്‍ ബള്‍ക്കീസ് ബാനു ബലാത്സംഗ, കൊലക്കേസുകളിലെ പ്രതികളാണ്. 'ബേഠി ബച്ചാവോ ബേഠി പഠാവോ' (പെണ്‍കുട്ടികളെ സംരക്ഷിക്കുക, പെണ്‍കുട്ടികളെ പഠിപ്പിക്കുക) എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുദ്രാവാക്യം വെറും പാഴ്വാക്കാണ്. ഇക്കാരണങ്ങളാലൊക്കെ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ശക്തമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

രാജ്യത്തു പൊതുവേ വര്‍ഗ്ഗീയ സംഘടനകളില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂടിവരുന്ന സ്ഥിതിയുണ്ടോ? അതിനെതിരെ ഫലപ്രദമായ എന്തുതരം ഇടപെടലുകള്‍ക്കാണ് പ്രസക്തി? 

വര്‍ഗ്ഗീയ സംഘടനകളില്‍ സ്ത്രീ പങ്കാളിത്തം കൂടുന്നു എന്നതു വസ്തുതാപരമല്ല. ആത്യന്തികമായി നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത് ഒരു ഫ്യൂഡല്‍, പുരുഷമേധാവിത്ത സമൂഹത്തിലാണ്. ആയിരക്കണക്കിനു വര്‍ഷങ്ങളായി സ്ത്രീകള്‍ പുരുഷമേധാവിത്ത മൂല്യങ്ങളുടെ തടവുകാരായി ജീവിക്കുകയാണ്. ഈ നിഷേധാത്മക മൂല്യവ്യവസ്ഥക്കെതിരായ പോരാട്ടം കൂടിയാണ് ഞങ്ങളുടേത്. എല്ലാത്തരം പിന്തിരിപ്പന്‍, സ്ത്രീവിരുദ്ധ പ്രതീകങ്ങളേയും രാജ്യത്തിന്റേയും സാംസ്‌കാരിക പ്രതീകങ്ങളായി പ്രതിഷ്ഠിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സ്ത്രീധന സമ്പ്രദായം ഉദാഹരണം. സ്ത്രീധന സമ്പ്രദായത്തെ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കാനുള്ള ശ്രമം മുന്‍പേയുണ്ട്. അതിനെതിരെ വിശ്രമമില്ലാത്ത ഇടപെടലുകളാണ് സ്ത്രീ സംഘടനകള്‍ നടത്തിവന്നത്. സ്ത്രീകള്‍ക്കു യാതൊരു തരത്തിലുള്ള അന്തസ്സും കല്പിക്കാത്ത സമ്പ്രദായമാണ് അത്. വിവാഹസമയത്ത് സ്ത്രീ കൊണ്ടുചെല്ലുന്ന പൊന്നിന്റേയും പണത്തിന്റേയും അടിസ്ഥാനത്തില്‍ മാത്രം അവള്‍ക്കു പരിഗണന നല്‍കുന്ന സംസ്‌കാരം. അതുപോലെ ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ അതേ ചിതയില്‍ ചാടി മരിക്കുന്ന സതി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നല്ലോ. ഡോ. രാജാറാം മോഹന്‍ റോയിയുടെ നേതൃത്വത്തില്‍ നടന്ന ധീരമായ ഇടപെടലാണ് അത് അവസാനിപ്പിച്ചത്. ഇന്ത്യ ഇന്നു പൊരുതുന്നതും പൊരുതേണ്ടതും ആര്‍.എസ്.എസ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഇത്തരം എല്ലാ സ്ത്രീ വിരുദ്ധ ആശയങ്ങള്‍ക്കും എതിരെയാണ്. ഇവയൊക്കെ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റുക എന്നത് ബ്രാഹ്മണ മേധാവിത്ത സംസ്‌കാരത്തിന്റേയും കൂടി ഭാഗമാണ്. അതു ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യയുടെ പുരോഗതിയല്ല, പിന്നോട്ടടിയാണ്. അതു വകവച്ചുകൊടുക്കാന്‍ കഴിയില്ല. രാജ്യത്തെ സ്ത്രീകള്‍ക്ക് ഇക്കാര്യത്തില്‍ തിരിച്ചറിവുണ്ട്. അതുകൊണ്ടുതന്നെ വര്‍ഗ്ഗീയ സംഘടനകളില്‍ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിക്കില്ല. അതേസമയം, സമരമുഖങ്ങളില്‍ സ്ത്രീപങ്കാളിത്തം വര്‍ദ്ധിക്കുന്നുണ്ട് താനും. കര്‍ഷകസമരമെടുക്കൂ; വിവിധ തൊഴിലാളി സമരങ്ങളെടുക്കൂ; വന്‍തോതിലുള്ള സ്ത്രീ പങ്കാളിത്തമാണുള്ളത്. അതു യാദൃച്ഛികമായി സംഭവിക്കുന്നതല്ല. വര്‍ഗ്ഗീയതയും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളും ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെത്തന്നെയാണ്. ആ വഴിയിലൂടെ രാജ്യം നീങ്ങുന്നതിനെ തടയുക എന്ന ഉത്തരവാദിത്വമാണ് സ്ത്രീകള്‍ക്കുള്ളത്. അതു സ്ത്രീകള്‍ക്ക് അറിയാം. 

തിരുവനന്തപുരത്തു നടന്ന മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ മറിയം ധാവ്ളെ, ബൃന്ദ കാരാട്ട്, പികെ ശ്രീമതി എന്നിവർ
തിരുവനന്തപുരത്തു നടന്ന മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ മറിയം ധാവ്ളെ, ബൃന്ദ കാരാട്ട്, പികെ ശ്രീമതി എന്നിവർ

മഹാരാഷ്ട്രയിലെ കര്‍ഷകസമരത്തിന്റെ ഭാഗമായിരുന്നല്ലോ. ആ അനുഭവങ്ങള്‍ നല്‍കിയ പുതിയ ദിശാബോധത്തെക്കുറിച്ചു പറയാറുമുണ്ട്. എന്താണ് ആവര്‍ത്തിച്ചു പറയാനുള്ളത്? 

കര്‍ഷകവിരുദ്ധമായ എന്തും ഒരേസമയം സ്ത്രീ വിരുദ്ധവുമാണ്. സ്ത്രീകള്‍ അതു തിരിച്ചറിയാന്‍ കര്‍ഷകസമരം ഉപകരിച്ചു. കര്‍ഷകസമരം ചരിത്രപ്രധാനമായ ഒരു മുന്നേറ്റമായിരുന്നു. എഴുന്നൂറിലധികം രക്തസാക്ഷികളാണ് ആ സമരത്തില്‍ ഉണ്ടായത്. കര്‍ഷകവിരുദ്ധമായ മൂന്നു നിയമങ്ങളും പിന്‍വലിക്കാന്‍ മോദി ഗവണ്‍മെന്റ് നിര്‍ബ്ബന്ധിതമായി. ഈ നിയമങ്ങളുടെ അപകടത്തെക്കുറിച്ച് ഗ്രാമഗ്രാമാന്തരങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകരെ നേരില്‍ കണ്ട് ഞങ്ങള്‍ വിശദീകരിച്ചു. ആ ക്യാംപെയ്നില്‍ സ്ത്രീകളുടെ വലിയ തോതിലുള്ള പങ്കാളിത്തമാണ് ഉണ്ടായത്. സ്ത്രീകള്‍ ട്രാക്ടര്‍ ഓടിക്കുന്നവരും നിലമുഴുന്നവരും പുരുഷന്മാര്‍ക്കൊപ്പം കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ എല്ലാ ഘട്ടങ്ങളിലും പങ്കെടുക്കുന്നവരുമാണ്. രാജ്യത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ 80 ശതമാനവും സ്ത്രീകളാണ് നിര്‍വ്വഹിക്കുന്നത്. അത്രയധികം സ്ത്രീകള്‍ കൃഷിയുമായി നേരിട്ടു ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ്. കൃഷിഭൂമി കോര്‍പറേറ്റുകളുടെ കൈവശമാകുമ്പോള്‍ അതു ഗ്രാമങ്ങളിലെ കര്‍ഷക സ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നത് സമ്പൂര്‍ണ്ണ ക്ലേശമാണ്. അവര്‍ ദിവസക്കൂലിത്തൊഴിലാളികളും ഭൂമിയില്ലാത്തവരും കുടിയേറ്റ തൊഴിലാളികളും മറ്റുമായി മാറും. സ്ത്രീ ജീവിതം കൂടുതല്‍ അരക്ഷിതമായിത്തീരും. അതു സ്ത്രീകളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്ന ഫ്യൂഡല്‍ മനോഭാവത്തിന്റെ ഇരകളാകാന്‍ തങ്ങളെ ഇനിയും കിട്ടില്ല എന്നു പ്രഖ്യാപിക്കാന്‍ വലിയ തോതില്‍ സ്ത്രീകള്‍ തയ്യാറായ സമരം കൂടിയായിരുന്നു അത്. ഞങ്ങള്‍ക്ക് അതു നല്‍കിയത് സമാനതകള്‍ ഇല്ലാത്ത ഊര്‍ജ്ജമാണ്.

സ്ത്രീകളേയും പൊതുസമൂഹത്തേയും കൂടെ നിര്‍ത്താന്‍ മുന്‍പത്തെ രീതിയിലുള്ള സ്ത്രീ സംഘടനാ പ്രവര്‍ത്തനം മതിയാകുമോ? പഴയ സംഘടനാരീതികളില്‍ മാറ്റം ആവശ്യമാണെന്നു കരുതുന്നുണ്ടോ? 

എല്ലാ കാലത്തും എല്ലാത്തരം പോരാട്ടങ്ങളും പ്രസക്തമാണ്. വിഷയാധിഷ്ഠിതമായും സാഹചര്യങ്ങള്‍ക്കനുസൃതവുമായാണ് പ്രവര്‍ത്തനങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും രീതികള്‍ നിശ്ചയിക്കുന്നത്. സ്ത്രീകളെ സംഘടിപ്പിക്കാനുള്ള പുതിയ രീതികളും പുതിയ പ്രചാരണ സമ്പ്രദായങ്ങളും മാറിവരാറുണ്ട്. കാല്‍നൂറ്റാണ്ടു മുന്‍പ് ആരെങ്കിലും സമൂഹമാധ്യമങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടു തന്നെയുണ്ടോ. ഇപ്പോഴത് പ്രധാനപ്പെട്ട ഒരു പ്രചരണമാര്‍ഗ്ഗമാണ്. അതുകൊണ്ട്, സാധാരണ നടത്തുന്ന റാലികളും പൊതുയോഗങ്ങളും കൂട്ടായ്മകളുമൊക്കെ തുടരുന്നതിനൊപ്പം തന്നെ സമൂഹമാധ്യമങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും മറ്റും പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും കൂടുതല്‍ ആളുകളില്‍ എത്തിക്കാന്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. അതു വലിയ വിഭാഗം ആളുകളില്‍, പ്രത്യേകിച്ചും സ്ത്രീകളില്‍ എത്തുന്നുമുണ്ട്. സമകാലിക പ്രസക്തമായ വിഷയങ്ങളിലേക്കു ജനങ്ങളെ, സ്ത്രീകളെ എത്തിക്കുകയും അണിനിരത്തുകയുമാണ് പ്രധാനം. തെരുവുനാടകങ്ങളും പാട്ടുകളും അടക്കമുള്ള സാംസ്‌കാരിക പരിപാടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് കാലങ്ങളായി ജനകീയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണല്ലോ. 

യുദ്ധം, കലാപങ്ങള്‍, പട്ടിണി തുടങ്ങിയതെല്ലാം ഏറ്റവും ശക്തമായി ബാധിക്കുന്നത് സ്ത്രീകളേയും കുട്ടികളേയുമാണല്ലോ. സ്ത്രീ സംഘടനകളുടെ രാഷ്ട്രീയ പോരാട്ടങ്ങളില്‍ അവയ്‌ക്കെതിരായ മുദ്രാവാക്യങ്ങള്‍ സുപ്രധാനവുമാണ്. ഇന്ത്യ അഭിമുഖീകരിക്കുന്ന ഭരണഘടനാ അട്ടിമറി ശ്രമങ്ങളും വെറുപ്പിന്റെ രാഷ്ട്രീയവും ഏതുവിധമാണ് സ്ത്രീകളുടെ പോരാട്ടങ്ങളെ രാഷ്ട്രീയമായി സ്വാധീനിക്കുന്നത്? 

രാജ്യത്തെ ജനങ്ങളില്‍ വര്‍ഗ്ഗീയമായും ജാതീയമായും വേര്‍തിരിവ് ഉണ്ടാക്കുന്നതിനാണ് ബി.ജെ.പിയും ആര്‍.എസ്.എസ്സും വെറുപ്പിന്റെ രാഷ്ട്രീയം ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന് അത് ഏല്പിക്കുന്ന ആഘാതം ചെറുതല്ല. മതേതര ഇന്ത്യയാണ് മതാധിഷ്ഠിത ഇന്ത്യയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് അവരുടേത്. ജനങ്ങളെ ഹിന്ദുവും മുസ്ലിമും മറ്റുമായി, ബ്രാഹ്മണരും ബ്രാഹ്മണര്‍ അല്ലാത്തവരും മറ്റുമായി വേര്‍തിരിച്ചാല്‍ മാത്രമേ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനു നിലനില്‍പ്പുള്ളൂ. ജനജീവിതം ദുസ്സഹമാക്കുന്ന ജനവിരുദ്ധ നയങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ കൂടിയാണിത്. ഈ വിഭജനം മതേതര ജനാധിപത്യത്തെ ഇല്ലാതാക്കും. പക്ഷേ, വിലക്കയറ്റം അടക്കം ജനങ്ങള്‍ നേരിടുന്ന ദൈനംദിന പ്രശ്‌നങ്ങള്‍ ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിലല്ല ബാധിക്കുന്നത്; മറിച്ച്, അതിസമ്പന്നരായ കുറച്ചാളുകളൊഴികെ എല്ലാവരുടേയും പ്രശ്‌നങ്ങള്‍ ഒന്നുതന്നെയാണ്. എല്ലാ മതത്തിലേയും ജാതികളിലേയും പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ ഒന്നുതന്നെയാണ്. എല്ലാ വിഭാഗങ്ങളിലും പെട്ട സ്ത്രീകള്‍ ഇത്തരം വിഭജനങ്ങള്‍ക്കെതിരെ മുന്നോട്ടു വരുന്നുണ്ട്. അത് ഇന്ത്യയെ ഐക്യത്തോടെ നിലനിര്‍ത്താനുള്ള പോരാട്ടമാണ്. വെറുപ്പിന്റെ രാഷ്ട്രീയവും അതിന്റെ അടിസ്ഥാന സ്വഭാവത്തില്‍ സ്ത്രീ വിരുദ്ധം കൂടിയാണ്. അതു ചെറുത്തു തോല്‍പ്പിക്കുക എന്നത് കാലം ആവശ്യപ്പെടുന്ന സുപ്രധാന ജീവിത, രാഷ്ട്രീയ ദൗത്യമായി മാറുകയാണ്. 

സി.പി.ഐ.എമ്മും ഇടതുപക്ഷം പൊതുവെയും നേതൃതലത്തിലും നിയമനിര്‍മ്മാണ സഭകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലും സ്ത്രീകള്‍ക്കു മികച്ച പ്രാതിനിധ്യം ഉറപ്പാക്കാറുണ്ട്. പക്ഷേ, പൊതുവെ അതല്ല സ്ഥിതി. അര്‍ഹമായ ഇടങ്ങള്‍ ഉറപ്പാക്കാന്‍ സ്ത്രീകളുടെ പ്രത്യേക മൂവ്മെന്റ് പ്രസക്തമാണോ? 

സ്വാതന്ത്ര്യത്തിനുശേഷം ഇതുവരെ ഇന്ത്യയിലെ സ്ത്രീകള്‍ തുല്യനീതിക്കുവേണ്ടി പല തലങ്ങളില്‍ നടത്തിവന്ന സമരങ്ങളുടെ പ്രധാന ഗുണഫലങ്ങളിലൊന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ 50 ശതമാനം സംവരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ അതിഗംഭീരമായാണ് പ്രവര്‍ത്തിക്കുന്നത്. അവസരങ്ങള്‍ ലഭിച്ചാല്‍ അവര്‍ മികവു തെളിയിക്കും എന്നതിന് എത്രയെത്ര ഉദാഹരണങ്ങളാണുള്ളത്. കാരണം, അവര്‍ ജീവിക്കുന്നത് ജീവിതത്തിന്റെ എല്ലാ വശങ്ങളും കണ്ടും അനുഭവിച്ചും അറിഞ്ഞുമാണ്. അവര്‍ക്കു ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും സ്ത്രീകളുടേയും കുട്ടികളുടേയും ഉള്‍പ്പെടെ ഏതു പ്രശ്‌നവും വേഗം മനസ്സിലാകും. പരിഹാരവും ഉണ്ടാകും. നിയമനിര്‍മ്മാണ സഭകളിലെ 33 ശതമാനം സംവരണം യാഥാര്‍ത്ഥ്യമാക്കാന്‍ രാജ്യത്ത് അധികാരത്തിലിരുന്ന പാര്‍ട്ടികള്‍ക്കൊന്നും ആത്മാര്‍ത്ഥതയില്ല എന്ന് അനുഭവത്തിലൂടെ മനസ്സിലാക്കിയവരാണ് സ്ത്രീകള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കിയ 50 ശതമാനം സംവരണത്തിന്റെ നേട്ടം സമൂഹത്തിനാകെയും സ്ത്രീകള്‍ക്കു പ്രത്യേകിച്ചും ഉറപ്പാക്കാന്‍ അവര്‍ പ്രതിബദ്ധതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. 25 വര്‍ഷത്തിലധികമായി നിയമമായി മാറാത്ത സ്വതന്ത്ര ഇന്ത്യയിലെ ഒരേയൊരു ബില്‍ സ്ത്രീ സംവരണ ബില്ലാണ്. പക്ഷേ, അതു കാത്തുനില്‍ക്കാതെ സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ സ്ത്രീ പങ്കാളിത്തം കുതിച്ചുയരുക തന്നെയാണ്. അതിന്റെ ഗുണഫലം സ്ത്രീകള്‍ക്കും സമൂഹത്തിനും ലഭിക്കുന്നുമുണ്ട്. അപ്പോഴും നിയമനിര്‍മ്മാണ സഭകളിലെ പുരുഷമേധാവിത്വത്തിനും സ്ത്രീ പ്രാതിനിധ്യക്കുറവിനും എതിരായ പോരാട്ടങ്ങള്‍ തുടരുകയാണ്. സി.പി.ഐ.എം എല്ലാക്കാലത്തും സ്ത്രീകളുടെ സംവരണത്തിനും അധികാരത്തിലെ പങ്കാളിത്തത്തിനും വേണ്ടി ആത്മാര്‍ത്ഥമായാണ് നിലകൊണ്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ ഒരുകാലത്തും ഒത്തുതീര്‍പ്പിനു തയ്യാറായിട്ടില്ലാത്ത ഒരേയൊരു പാര്‍ട്ടി സി.പി.ഐ.എം ആണ് എന്നതു സംശയരഹിതമായ കാര്യമാണ്. 

കേരളത്തില്‍ മാത്രമാണ് ഭരണമുള്ളതെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആശയപരമായ മേധാവിത്വം ചെലുത്താനും പ്രതിപക്ഷ കൂട്ടായ്മകളുടെ നേതൃപരമായ പങ്ക് വഹിക്കാനും ഇടതുപക്ഷത്തിനു കഴിയാറുണ്ട്. സംഘപരിവാര്‍ ഇടതുപക്ഷത്തെ പ്രത്യേകമായി ടാര്‍ഗറ്റ് ചെയ്യുന്നതും അതു കാരണമാണ് എന്നു വിലയിരുത്തുന്നുണ്ടോ? 

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി വിട്ടുവീഴ്ച കൂടാതെ പോരാടിയ രക്തസാക്ഷികള്‍ അടക്കമുള്ളവരുടെ പാരമ്പര്യമാണ് ഇടതുപക്ഷത്തിന്റേത്. ആര്‍.എസ്.എസ്സിന് അത്തരമൊരു പാരമ്പര്യമില്ല. ആധുനിക, പുരോഗമന, നവഭാരതത്തിനുവേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നത് എന്നും അതു സാധിക്കുന്ന രാഷ്ട്രീയമായ കാമ്പും കരുത്തും ഇടതുപക്ഷത്തിന് ഉണ്ടെന്നും സംഘപരിവാറിനു നന്നായി അറിയാം, സ്വന്തം പാരമ്പര്യത്തെക്കുറിച്ചും അവര്‍ക്കു നല്ല ബോധ്യമുണ്ട്. എല്ലാവരേയും തുല്യരായാണ് ഇടതുപക്ഷം കാണുന്നത്. ആര്‍.എസ്.എസ്സിന്റെ ആശയങ്ങളില്‍ തുല്യതയേ ഇല്ല. അവര്‍ തുല്യനീതിയില്‍ വിശ്വസിക്കുന്നില്ല. സ്വാതന്ത്ര്യത്തിലും അന്തസ്സായി ജീവിക്കാനുള്ള എല്ലാവരുടേയും അവകാശത്തില്‍ വിശ്വസിക്കുന്നവരേയും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരേയും സംഘപരിവാറിനു വെറുപ്പും ഭയവുമാണ്. അവര്‍ ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യയെന്ന സങ്കല്പത്തിന്റെ തന്നെ സംരക്ഷണത്തിനാണ് ഇടതുപക്ഷം നിലകൊള്ളുന്നത്. 

മറിയം ധാവ്ളെ
മറിയം ധാവ്ളെ

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയ്ക്ക് പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റികള്‍ (ഐ.സി.സി) കേരളത്തില്‍പോലും പൂര്‍ണ്ണമല്ല. രാജ്യത്തെ പൊതു സ്ഥിതി ഇക്കാര്യത്തില്‍ എന്താണ്? സംഘടന അത് പഠിച്ചിട്ടുണ്ടോ? 

ഉവ്വ്. രാജസ്ഥാനിലെ അങ്കണവാടി അദ്ധ്യാപികയായിരുന്ന ഭന്‍വാരിദേവിക്കു നീതി ഉറപ്പാക്കാന്‍ നടത്തിയ വിശാഖാ കേസിന്റെ (വിശാഖാ വേഴ്സസ് സ്റ്റേറ്റ് ഓഫ് രാജസ്ഥാന്‍) അടിസ്ഥാനത്തില്‍ ആദ്യം സുപ്രീംകോടതി തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന വിധി പുറപ്പെടുവിക്കുകയും പിന്നീട് പാര്‍ലമെന്റ് നിയമം പാസ്സാക്കുകയുമായിരുന്നല്ലോ. എന്നാല്‍, എല്ലാ തൊഴിലിടങ്ങളിലും ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റികള്‍ ഇപ്പോഴും ആയിട്ടില്ല. അതു രൂപീകരിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ സ്ത്രീ സംഘടനകള്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി കുറേ സ്ഥലങ്ങളില്‍ ഐ.സി.സി യാഥാര്‍ത്ഥ്യമായെങ്കിലും വലിയൊരു വിഭാഗം തൊഴിലിടങ്ങളില്‍ ഇപ്പോഴും രൂപീകരിച്ചിട്ടില്ല. രാജ്യമാകെ ഇതാണ് സ്ഥിതി. ശ്രദ്ധയില്‍പ്പെടുന്നിടത്തൊക്കെ മഹിളാ അസ്സോസിയേഷന്‍ അടക്കമുള്ള സ്ത്രീ സംഘടനകള്‍ ഇടപെടുകയും കമ്മിറ്റി രൂപീകരിക്കുന്നുവെന്നും സ്ത്രീകള്‍ക്കു നീതി ലഭിക്കുന്നുവെന്നും ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. സ്വാധീനവും സമ്പത്തുമുള്ള ആളുകള്‍ പ്രതിസ്ഥാനത്തു വരികയും സാധാരണക്കാരിയായ, സമ്പത്തും സ്വാധീനവുമില്ലാത്ത സ്ത്രീ പരാതിക്കാരിയാവുകയും ചെയ്യുന്നിടത്ത് ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റികള്‍പോലും നിസ്സഹായമാകുന്ന അനുഭവങ്ങളുമുണ്ട്. പരാതിക്കാരിയുടെ ജോലി നഷ്ടപ്പെടുന്നതും കള്ളക്കേസില്‍ കുടുക്കുന്നതും ഉള്‍പ്പെടെയുള്ള അനുഭവങ്ങളുമുണ്ട്. നേരെ തിരിച്ച്, ഏതു സാഹചര്യത്തിലും പ്രതിക്കു പിന്തുണ നല്‍കാതെ ഇരയ്‌ക്കൊപ്പം നില്‍ക്കുകയും നീതി ഉറപ്പാക്കുകയും ചെയ്യുന്ന നിരവധി ഐ.സി.സി അനുഭവങ്ങളുമുണ്ട്. രാജ്യത്തെ സ്വകാര്യ, ഗവണ്‍മെന്റ് മേഖലയിലെ മുഴുവന്‍ തൊഴിലിടങ്ങളിലും നീതിയുക്തമായ ഐ.സി.സികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടിയുള്ള ഇടപെടലുകള്‍ തുടരുക തന്നെയാണ്. 

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ തലത്തിലെ വിശാല കൂട്ടായ്മാ ശ്രമങ്ങളുടെ നിലവിലെ സ്ഥിതി എന്താണ്? 

രാജ്യമാകെ പുരോഗമന, ജനാധിപത്യ, മതേതര കക്ഷികള്‍ ഒന്നിച്ചുനില്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ബി.ജെ.പിയേയും ആര്‍.എസ്.എസ്സിനേയും പരാജയപ്പെടുത്തുകയാണ് പൊതുവായ ലക്ഷ്യം. അതു കാലത്തിന്റെ അതിപ്രധാന ആവശ്യമാണ്. ഒരു സ്ത്രീ സംഘടന എന്ന നിലയില്‍, ആ കൂട്ടായ്മ യാഥാര്‍ത്ഥ്യമാകും എന്നുതന്നെയാണ് ഞങ്ങളും പ്രതീക്ഷിക്കുന്നത്. 

തൊഴിലില്ലായ്മയും സാമ്പത്തിക സ്വാശ്രയത്വം ഇല്ലാത്തതും സ്ത്രീകളെ എത്തിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ രാഷ്ട്രീയ പങ്കാളിത്തം കൊണ്ടുമാത്രം സാധിക്കുമോ? ദൈനംദിന ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് അസ്സോസിയേഷന്റെ പരിഹാര നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്? 

രാജ്യം ഭരിക്കുന്നവരുടെ തെറ്റായ നയങ്ങളാണ് സ്ത്രീകള്‍ അടക്കമുള്ള ജനവിഭാഗങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നത്. ജീവിക്കാനുള്ള അവകാശം മൗലികാവകാശമാണ് എന്നതുകൊണ്ടുതന്നെ തൊഴിലും കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുകയും മൗലികാവകാശം തന്നെയാണ്. എല്ലാവര്‍ക്കും തൊഴില്‍ എന്ന യുവജനസംഘടനാ മുദ്രാവാക്യത്തെ സ്ത്രീ സംഘടനയും പിന്തുണയ്ക്കുന്നത് അതുകൊണ്ടാണ്. തൊഴിലെടുക്കാന്‍ സന്നദ്ധതയുള്ള ഏതു സ്ത്രീക്കും പുരുഷനെപ്പോലെ തന്നെ തൊഴില്‍ ലഭിക്കണം. തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കുന്ന വിധത്തിലുള്ള നയങ്ങള്‍ നടപ്പാക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണം. പക്ഷേ, സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെയുള്ള തെറ്റായ നയങ്ങളിലൂടെ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്ര ഗവണ്‍മെന്റ് ചെയ്യുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍പോലും സ്വകാര്യമേഖലയ്ക്ക് കൈമാറുന്നു. ബാങ്കുകളിലും റെയില്‍വേയിലും എല്‍.ഐ.സിയിലുമൊക്കെ തൊഴിലവസരങ്ങളുണ്ട്. പക്ഷേ, ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍പോലും വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണ് കേന്ദ്രം. ഇന്ത്യയുടെ സമ്പത്തായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ജനത സ്വന്തം അദ്ധ്വാനംകൊണ്ട് കെട്ടിപ്പടുത്തതാണ്. ആ ബോധമില്ലാതെയാണ് അവ വിറ്റു തുലയ്ക്കാന്‍ മോദി ഗവണ്‍മെന്റ് തയ്യാറാകുന്നത്. അതിനു പകരം അടിസ്ഥാന സൗകര്യ മേഖലയില്‍ നിക്ഷേപം നടത്തി തൊഴിലവസരങ്ങള്‍ ഉണ്ടാക്കണം. ഗവണ്‍മെന്റിന് അതനുസരിച്ചുള്ള കാഴ്ചപ്പാടുണ്ടാകണം. തൊഴിലവസരങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍ അതു രാജ്യത്തിന്റെ തകര്‍ച്ചയ്ക്കു കാരണമാകുമെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കണം. ഭക്ഷ്യസുരക്ഷ വേണം. ഇന്ത്യ ഒരു ഭക്ഷണ ദൗര്‍ബ്ബല്യമുള്ള രാജ്യമല്ല; എന്നാല്‍, ലോകത്ത് പട്ടിണി കിടക്കുന്ന ജനങ്ങളുടെ വലിയൊരു സംഖ്യ ഇന്ത്യയിലുമുണ്ട് എന്നതാണ് സ്ഥിതി. പക്ഷേ, നമ്മുടെ പ്രധാനമന്ത്രിക്ക് ഈ വിഷയം ശരിയായി അഡ്രസ്സ് ചെയ്യാന്‍ കഴിയുന്നില്ല. തെറ്റായ സ്ഥിതിവിവരക്കണക്കുകളാണ് പറയുന്നത്. അര്‍ഹതയുള്ളവരുടെ 67 ശതമാനത്തിനു മാത്രമാണ് പൊതുവിതരണ സമ്പ്രദായത്തെ ആശ്രയിക്കാന്‍ കഴിയുന്ന റേഷന്‍ കാര്‍ഡുള്ളത്. റേഷന്‍ കാര്‍ഡുകളുടെ എണ്ണം വീണ്ടും കുറച്ച് പൊതുവിതരണ സമ്പ്രദായത്തെ ദുര്‍ബലപ്പെടുത്തുകയാണ് ഗവണ്‍മെന്റ്. പണിയെടുത്ത് കൈയില്‍ തഴമ്പുവീണ പാവപ്പെട്ട സ്ത്രീകളുടെ വിരല്‍ ബയോമെട്രിക് മെഷീനില്‍ പതിഞ്ഞെന്നു വരില്ല. പക്ഷേ, അവര്‍ ജീവിക്കാനും ഭക്ഷ്യോല്പന്നങ്ങള്‍ക്കും അര്‍ഹയാണല്ലോ. അവര്‍ ജീവിക്കുന്നുണ്ട്, അവര്‍ക്കു റേഷന്‍ കാര്‍ഡുമുണ്ട്; പക്ഷേ, ഭക്ഷ്യധാന്യങ്ങള്‍ കിട്ടുന്നില്ല. ഇത് അവകാശ നിഷേധത്തിന്റെ മറ്റൊരു രൂപമാണ്. റേഷന്‍ സംവിധാനം ആളുകളെ ഉള്‍ക്കൊള്ളുന്നതാകണം, പുറന്തള്ളുന്നതാകരുത്. ഞങ്ങള്‍ ആവശ്യപ്പെടുന്നത് അതാണ്. ഒരുകാലത്ത് ആവശ്യമുള്ളതിലുമധികം ഭക്ഷ്യധാന്യങ്ങള്‍ ഉണ്ടായിരുന്ന രാജ്യമാണ് ഇന്ത്യ. ഇപ്പോഴും ഇല്ലായ്മയൊന്നുമില്ല. എന്നിട്ടും കൊവിഡ് മഹാമാരിക്കാലത്ത് വലിയ പ്രതിഷേധം ഉയര്‍ന്ന ശേഷമാണ് അഞ്ചു കിലോ സൗജന്യ അരി കൊടുക്കാന്‍ മോദി ഗവണ്‍മെന്റ് തയ്യാറായത്. ഇന്ത്യയിലെ ജനങ്ങള്‍ക്കു തൊഴിലില്ലാത്ത സാഹചര്യമാണല്ലോ, അവര്‍ക്ക് അരി കൊടുക്കാം എന്നു വേഗത്തില്‍ സ്വയം തീരുമാനിക്കുകയായിരുന്നില്ല. വാക്‌സീന്‍ വിതരണം സൗജന്യമാക്കാന്‍ സുപ്രീംകോടതി ഇടപെടേണ്ടിവന്നു. മോദി ഗവണ്‍മെന്റ് കോര്‍പറേറ്റ് സൗഹൃദ ഗവണ്‍മെന്റാണ്; മോദി തന്നെ സ്വന്തം നിലയില്‍ രണ്ടു കോര്‍പറേറ്റുകളോടു പ്രത്യേക താല്പര്യമുള്ള ആളാണ്: അംബാനിയും അദാനിയും. ജനങ്ങള്‍ മഹാമാരികൊണ്ട് ബുദ്ധിമുട്ടുന്ന സമയത്തും ഗവണ്‍മെന്റിന്റെ ഇടപെടല്‍ കോര്‍പറേറ്റുകള്‍ക്കു വേണ്ടിയായിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ആയിരക്കണക്കിനു കോടി രൂപ കൊടുക്കുന്നതിനുള്ള പ്രത്യുപകാരമാണിത്. ആരാണ് ഈ പണമൊക്കെ കൊടുക്കുന്നത് എന്നും ഗവണ്‍മെന്റ് എന്താണ് പകരം അവര്‍ക്കു കൊടുക്കുന്നത് എന്നും ആര്‍ക്കും അറിയില്ല. ജനങ്ങളോടു കരുതല്‍ ഇല്ലാത്ത ഗവണ്‍മെന്റാണ് ഇത്. കൊവിഡ് കാലത്ത് പി.എം-കെയേഴ്സ് എന്ന പേരില്‍ ഒരു സ്‌കീം തുടങ്ങി. വളരെ ആകര്‍ഷകമായ പേരാണ്; പക്ഷേ, ആര്‍ക്കും ഒരു കെയറും കൊടുത്തില്ല. ജനങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. മരിച്ചവരുടെ യഥാര്‍ത്ഥ എണ്ണം മറച്ചുവയ്ക്കാനാണ് ഗവണ്‍മെന്റ് ശ്രമിച്ചത്. അതുകൊണ്ട് ഈ കോര്‍പറേറ്റ്, വര്‍ഗ്ഗീയ ഗവണ്‍മെന്റിനെതിരായ രാഷ്ട്രീയ പോരാട്ടം സ്ത്രീകളുടെ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളുടേയും സ്വസ്ഥ ജീവിതത്തിനുവേണ്ടിയാണ്. 

മറിയം ധാവ്ളെ
മറിയം ധാവ്ളെ

മഹിളാ കോണ്‍ഗ്രസ്സ്, മഹിളാസംഘം, മഹിളാ മോര്‍ച്ച തുടങ്ങിയ ചെറുതും വലുതമായ മറ്റു സ്ത്രീ സംഘടനകളുമായി മഹിളാ അസ്സോസിയേഷന്‍ മുന്‍കയ്യെടുത്ത് സംവാദം സംഘടിപ്പിക്കാന്‍ ആലോചനയുണ്ടോ, അതിനു പ്രസക്തി ഇല്ലേ? 

കൂട്ടായ പരിപാടികളിലാണ് ഞങ്ങള്‍ എപ്പോഴും വിശ്വസിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ട് ഉദാഹരണം. എല്ലാ മതേതര, ജനാധിപത്യ, പുരോഗമന സ്ത്രീ സംഘടനകളും കൂട്ടായി ചേര്‍ന്നാണ് വനിതാദിനം ആചരിക്കുന്നത്. കാരണം, വനിതാദിനാഘോഷത്തിന്റെ പാരമ്പര്യം അതാണ്. അത് സ്ത്രീകളുടെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ കേള്‍പ്പിക്കാനുള്ള ദിവസമാണ്. അത് ഒന്നിച്ചുയര്‍ത്തുന്നു. കൂടാതെ, കാലാകാലങ്ങളില്‍ വിഷയാധിഷ്ഠിതമായി വിവിധ സമരങ്ങളും ഇടപെടലുകളും നടത്തുന്നുമുണ്ട്. നിയമനിര്‍മാണ സഭകളിലെ പ്രാതിനിധ്യം 33 ശതമാനമാക്കുന്ന നിയമനിര്‍മ്മാണത്തിനുവേണ്ടിയുള്ള സമരങ്ങള്‍ തന്നെ ഉദാഹരണം. വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ ഒന്നിച്ചാണ്, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ചെറുക്കാനുള്ള പോരാട്ടത്തില്‍ ഒന്നിച്ചാണ്, എല്ലാ സ്ത്രീ സംഘടനകളും ഒന്നിച്ചു നില്‍ക്കണം എന്നാണ് ഞങ്ങള്‍ എപ്പോഴും ആവശ്യപ്പെടുന്നത്. തീര്‍ച്ചയായും ഞങ്ങള്‍ ആദ്യം സമീപിക്കുന്നത് ഇടത്, പുരോഗമന സ്ത്രീ സംഘടനകളെയാണ്. പൊതുവെ, വര്‍ഗ്ഗീയമായും ജാതി അടിസ്ഥാനത്തിലും സംഘടിക്കുന്നവര്‍ ഒഴികെ എല്ലാവരുമായും സഹകരിക്കാറുണ്ട്. മതമൗലിക വാദ നിലപാടുകളുള്ളവരുമായി ഞങ്ങള്‍ക്കു സഹകരിക്കാന്‍ കഴിയില്ല. 

നിയമനിര്‍മ്മാണസഭകളിലെ 33 ശതമാനം സ്ത്രീ സംവരണം യാഥാര്‍ത്ഥ്യമായിട്ടില്ല. പക്ഷേ, രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 33 ശതമാനമോ 50 ശതമാനമോ ആക്കാന്‍ എന്താണ് തടസ്സം? 

അത് അവരോടു തന്നെയല്ലേ ചോദിക്കേണ്ടത്? അവരെ തടയുന്നതെന്താണ്? തെരഞ്ഞെടുപ്പില്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സ്ത്രീ പ്രാതിനിധ്യം ഉയര്‍ത്തണം എന്നാണ് ഞങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം പാര്‍ട്ടി നേതൃത്വങ്ങളും സ്ത്രീകളെ കാര്യശേഷിയുള്ളവരായി കാണാന്‍ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത. അവര്‍ക്കു ഗൂണ്ടായിസം അറിയില്ല; അവരുടെ കയ്യില്‍ ഒരുപാടു പണമില്ല. അതൊന്നുമല്ലല്ലോ മികവിന്റെ മാനദണ്ഡം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു കഴിവു തെളിയിച്ചവരാണ്. പോരാട്ടം തുടരുക തന്നെയാണു വഴി. എല്ലാ പാര്‍ട്ടികളും സ്ത്രീകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുന്ന കാലം വരികതന്നെ ചെയ്യും.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com