ഈ ദുരവസ്ഥയിലേയ്ക്ക് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ചെന്നെത്തിയ സാഹചര്യങ്ങള്‍ 

നാലുവര്‍ഷം വാര്‍ത്തയില്‍ നിറഞ്ഞുനിന്നു സോളാര്‍ കമ്മിഷന്‍. വിരമിച്ച ഹൈക്കോടതി ജഡ്ജി ശിവരാജനെ നിയമിക്കുമ്പോള്‍ അത്രയ്ക്കത് നീളും എന്നാരും പ്രതീക്ഷിച്ചിരിക്കാനിടയില്ല
ഈ ദുരവസ്ഥയിലേയ്ക്ക് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ചെന്നെത്തിയ സാഹചര്യങ്ങള്‍ 

സോളാര്‍ തട്ടിപ്പ് കേസുകളുടെ പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന ഹേമചന്ദ്രന്‍ മഹാ കുഴപ്പക്കാരനാണ് എന്ന് ജസ്റ്റിസ് ശിവരാജന്‍ കണ്ടെത്തിയ രഹസ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകത്തോട് വിളിച്ചുപറയുമ്പോള്‍ തല്‍സമയം ടെലിവിഷനില്‍ ഞാനും അത് കേട്ടു, ക്രൈംബ്രാഞ്ച് ആസ്ഥാനത്തുവെച്ച്. ഇന്റര്‍കോമില്‍ ഐ.ജി. ശ്രീജിത്ത് ''സാര്‍, ടി.വി കാണുന്നുണ്ടോ'' എന്ന് ഞെട്ടലോടെ ചോദിച്ചു. ''ഉണ്ട്'' എന്ന് പറഞ്ഞു. ഫോണ്‍ വെച്ച ഉടന്‍ പ്രകടമായ ഉദ്വേഗത്തോടെ ശ്രീജിത്ത് മുറിയിലേയ്ക്ക് വന്നു. ''സാര്‍, ചിരിച്ചു കൊണ്ടിരിക്കുകയാണല്ലോ'' എന്നായിരുന്നു ശ്രീജിത്തിന്റെ അത്ഭുതം. ചിരിയും കരച്ചിലും ഒക്കെ മനസ്സിന്റെ പ്രതികരണം ആണല്ലോ. സോളാര്‍ കമ്മിഷന്‍ അനുഭവങ്ങള്‍ തമാശയായേ എനിക്കു തോന്നിയിട്ടുള്ളു. 2013-ലാണ് സോളാര്‍ കേസുകളുടെ ഉത്ഭവം. എന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം നിലവില്‍ വന്ന് അധികം വൈകാതെ സോളാര്‍ കമ്മിഷനേയും നിയമിച്ചു. 2014 ഫെബ്രുവരിയില്‍ ഞാന്‍ സൗത്ത് സോണില്‍നിന്ന് ഇന്റലിജെന്‍സിലേയ്ക്ക് മാറുമ്പോഴേയ്ക്കും സോളാര്‍ ഭാരം എന്റെ ചുമലില്‍നിന്നും ഇറക്കിയിരുന്നു. അപ്പോഴേയ്ക്കും മുപ്പതിലധികം കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം വിവിധ കോടതികളില്‍ സമര്‍പ്പിച്ചു. പ്രധാനപ്പെട്ട ചില കേസുകളില്‍ കോടതി വിചാരണ പൂര്‍ത്തിയാക്കി, കുറ്റവാളികളെ ശിക്ഷിച്ചപ്പോഴും, ഏറ്റവും വലിയ തട്ടിപ്പില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി പ്രസന്നന്‍ നായരെ പേരെടുത്ത് കോടതി പ്രശംസിച്ചപ്പോഴും സോളാര്‍ കമ്മിഷന്‍ അനന്തമായി നീണ്ടുപോയി. കമ്മിഷന്റെ മുന്നില്‍ ഞാന്‍ വലിയ കുഴപ്പക്കാരനായിരുന്നുവെന്നത് എനിക്കറിയാമായിരുന്നു. മുന്‍ ജഡ്ജിയുടെ കണ്ടെത്തലുകള്‍ക്കൊപ്പം പൊലീസിനുള്ളില്‍നിന്ന് തന്നെയുള്ള ചില സ്വാധീനങ്ങളും എന്റെ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി പലരും എന്നോട് പറഞ്ഞു. ഏത് കുഴപ്പക്കാരന്‍ പോയാലും പുതുതായി കുഴപ്പമൊന്നും സംഭവിക്കാനിടയില്ലാത്ത, കെ.എസ്.ആര്‍.ടി.സി ആണ് എനിക്കായി കണ്ടെത്തിയത്. 

നാലുവര്‍ഷം വാര്‍ത്തയില്‍ നിറഞ്ഞുനിന്നു സോളാര്‍ കമ്മിഷന്‍. വിരമിച്ച ഹൈക്കോടതി ജഡ്ജി ശിവരാജനെ നിയമിക്കുമ്പോള്‍ അത്രയ്ക്കത് നീളും എന്നാരും പ്രതീക്ഷിച്ചിരിക്കാനിടയില്ല. അവസാനം ഇടതുപക്ഷ സര്‍ക്കാര്‍ കാലാവധി നീട്ടിക്കൊടുക്കാന്‍ വിസമ്മതിച്ചതിനാലാണ് അപ്പോഴെങ്കിലും റിപ്പോര്‍ട്ട് നല്‍കിയതത്രേ. പക്ഷേ, റിപ്പോര്‍ട്ടിന്മേലുള്ള ആഘോഷപരിപാടികള്‍ തുടങ്ങിവരുമ്പോഴേയ്ക്കും സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തന്നെ അല്പായുസ്സായി പോയി. റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍ പെറ്റീഷന്‍ നല്‍കി. പൗരന്റെ സ്വകാര്യത, വ്യക്തിയുടെ അന്തസ്സ് തുടങ്ങിയ മൗലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനം കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി കണ്ടെത്തി. ഭരണഘടനാപരമായ ഇടപെടലിലൂടെ  റിപ്പോര്‍ട്ടിന്റെ സിംഹഭാഗവും ഹൈക്കോടതി നീക്കം ചെയ്തു. അശ്ലീലം അതിരുകടക്കുന്ന സിനിമ, സെന്‍സര്‍ ചെയ്യുമ്പോള്‍ ചില ഭാഗങ്ങള്‍ വെട്ടി മാറ്റാറുണ്ടല്ലോ. മൂന്ന് മണിക്കൂറുള്ള സിനിമ സെന്‍സറിംഗ് കഴിയുമ്പോള്‍ പ്രദര്‍ശനയോഗ്യമായത് അരമണിക്കൂര്‍ മാത്രം എന്നായാലോ?ഹൈക്കോടതിയുടെ വെട്ടിമാറ്റല്‍ കഴിഞ്ഞപ്പോള്‍ അതായി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അവസ്ഥ. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സോളാര്‍ റിപ്പോര്‍ട്ട് അവഗണിക്കുന്നതാണ് യുക്തിസഹമെങ്കിലും, ഈ ദുരവസ്ഥയിലേയ്ക്ക് ആ റിപ്പോര്‍ട്ട് ചെന്നെത്തിയ സാഹചര്യങ്ങള്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞുപോകേണ്ടതുണ്ട് എന്നെനിക്ക് തോന്നുന്നു.

ബാബുപോൾ
ബാബുപോൾ

സോളാര്‍ കമ്മിഷന്റെ മുന്‍പില്‍

സോളാര്‍ തട്ടിപ്പും അനുബന്ധ വിഷയങ്ങളും ആയിരുന്നല്ലോ കമ്മിഷന്റെ മുഖ്യവിഷയം. തട്ടിപ്പും അതിനിരയായവരേയും മറന്ന് 'അനുബന്ധ'വിഷയങ്ങളിലായിരുന്നു കമ്മിഷന്റെ കഠിനാദ്ധ്വാനം മുഴുവന്‍ എന്ന് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് പൊതുജനം അറിഞ്ഞത്. എനിക്കത് പണ്ടേ അറിയാമായിരുന്നു. അതിന്റെ സൂചനകള്‍ ആദ്യം നേരിട്ട് ലഭിച്ചത്, കമ്മിഷനില്‍ മൊഴി നല്‍കാന്‍ പോയ അവസരത്തിലാണ്. ഞാന്‍ സോളാര്‍ അന്വേഷണ ചുമതലയൊക്കെ അവസാനിപ്പിച്ച് ഏതാണ്ട് രണ്ടുവര്‍ഷം കഴിഞ്ഞാണത്. ബഹുമാന്യനായ ഒരു മുന്‍ ഹൈക്കോടതി ജഡ്ജി ചുമതല വഹിക്കുന്ന കമ്മിഷനോട് സഹകരിക്കണം എന്ന മനസ്സോടെയാണ് ഞാന്‍ തെളിവെടുപ്പിനു പോയത്. നേരത്തെ മൊഴി നല്‍കാന്‍ പോയ പ്രത്യേക അന്വേഷണസംഘത്തിലെ ഡി.വൈ.എസ്.പിമാര്‍ക്ക് കമ്മിഷനില്‍ നിന്നുണ്ടായ സമീപനത്തെപ്പറ്റി അവര്‍ എന്നോട് പറഞ്ഞിരുന്നു. പ്രത്യേക അന്വേഷണസംഘം കമ്മിഷനില്‍ കക്ഷി ആയിരുന്നില്ല. സാക്ഷികളെന്ന നിലയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കമ്മിഷനില്‍ ഹാജരായത്. പൊലീസ് അന്വേഷണം വിലയിരുത്തപ്പെടേണ്ടത് വിചാരണ കോടതികളിലാണ്. അല്ലാതെ, അന്വേഷണ കമ്മിഷനിലല്ല എന്നതായിരുന്നു ഞങ്ങളുടെ നിലപാട്. എങ്കിലും കഴിയുന്നത്ര കമ്മിഷനുമായി സഹകരിച്ച് മുന്നോട്ടുപോകുക എന്ന സമീപനമാണ് സ്വീകരിച്ചത്. 

തട്ടിപ്പുകാരുടെ പ്രവര്‍ത്തനശൈലി, വിശ്വസനീയമായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞ് ഇരകളെ കബളിപ്പിക്കുക എന്നതാണല്ലോ. അതിനായി അവര്‍ പലതും പറഞ്ഞു. ഉദാഹരണത്തിന്, കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫറൂക്ക് അബ്ദുള്ളയുമായി അടുപ്പമുണ്ടെന്നും ഒമര്‍ അബ്ദുള്ളയുടെ സഹപാഠിയാണെന്നും മറ്റും 'ഡോക്ടര്‍ ആര്‍.ബി. നായര്‍' എന്ന ബിജു രാധാകൃഷ്ണന്‍ തട്ടിപ്പിനിരയായ ചിലരോടൊക്കെ പറഞ്ഞിട്ടുണ്ട്. ''നിങ്ങള്‍ എന്തുകൊണ്ട് ഫറൂക്ക് അബ്ദുള്ളയെ ചോദ്യം ചെയ്തില്ല'' എന്നാണ് കമ്മിഷന്റെ ചോദ്യം. ഒമര്‍ അബ്ദുള്ള പത്തനംതിട്ടയിലോ കൊല്ലത്തോ വന്ന് പഠിച്ചെങ്കില്‍ മാത്രമേ ഡിഗ്രിക്ക് തോറ്റ തട്ടിപ്പുകാരന്റെ ഒപ്പം പഠിക്കാനാകൂ എന്ന് ആര്‍ക്കും മനസ്സിലാകേണ്ടതാണ്. അതും കടന്ന്, എങ്ങനെയാണ് ഫറൂക്ക് അബ്ദുള്ളയെ ചോദ്യം ചെയ്യേണ്ടത് എന്നും കൂടി കമ്മിഷന്‍ തന്നെ വിവരിക്കും. സുരേഷ്ഗോപി നായകനായ ചില പഴയ പൊലീസ് സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന ആശയങ്ങളായിരുന്നു അത്. സാമ്പത്തിക തട്ടിപ്പായിരുന്നു അന്വേഷണത്തിന്റെ പ്രധാന വിഷയമെങ്കിലും, പലപ്പോഴും കമ്മിഷന്റെ ചോദ്യങ്ങളുടെ ഉന്നം കുറ്റവാളികളില്‍നിന്നും സ്ത്രീ-പുരുഷ ബന്ധത്തിന്റെ മസാല കഥകള്‍ വല്ലതും കിട്ടിയോ എന്നായിരുന്നു. ഒരു പ്രതിയുടെ കുട്ടിയുടെ പിതൃത്വം നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ എന്ന ചോദ്യം പോലും ഉദ്യോഗസ്ഥര്‍ക്കു് അഭിമുഖീകരിക്കേണ്ടിവന്നു. തട്ടിപ്പുകേസും ഇതുമായി എന്തുബന്ധം എന്നൊക്കെ വിരമിച്ച ജഡ്ജിയോട് ആര് പറയാന്‍? കമ്മിഷന്റെ ഭാഗത്തുനിന്നുള്ള ചില തമാശകളും പരാമര്‍ശങ്ങളും അരോചകമായി തോന്നിയിരുന്നു. അക്കാര്യങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കുകയും ചെയ്തു.
  
എങ്കിലും, ഞാന്‍ ആദ്യം കമ്മിഷനിലെത്തുമ്പോള്‍ അങ്ങേയറ്റം മാന്യമായ സമീപനമാണ് എന്നോട് ഉണ്ടായത്.  ബഹുമാനത്തോടെയാണ് ഞാനും പ്രതികരിച്ചത്. കൗതുകം തോന്നിയ ഒരു ചോദ്യം അന്നുണ്ടായി. കുറേയേറെ ചോദ്യോത്തരങ്ങള്‍ കഴിഞ്ഞ് ഒരു ബ്രേക്കിനു പിരിയും മുന്‍പ് ഒരു സാങ്കല്പിക ചോദ്യം ഉണ്ട് എന്ന് കമ്മിഷന്‍ പറഞ്ഞു. ബ്രേക്ക് കഴിഞ്ഞപ്പോള്‍ സങ്കല്പം പുറത്തുവന്നു. തട്ടിപ്പുകേസില്‍ അറസ്റ്റിലായിരുന്ന സരിതാനായരെ ചുറ്റിപ്പറ്റി ആയിരുന്നു സാങ്കല്പിക ചോദ്യം. അവരുടെ ആകൃതി, പ്രകൃതി വസ്ത്രധാരണം ഇവയെ കുറിച്ചൊക്കെ അദ്ദേഹം വാചാലനായി. അതിന്റെ അവസാനം എന്നെ കുഴയ്ക്കുന്ന ചോദ്യം പുറത്തുവന്നു. ''അങ്ങനെയുള്ള ഒരാളെ ഒരിക്കല്‍ കണ്ടാല്‍ പിന്നെ മറക്കുമോ?'' ''അത് കാണുന്ന ആളിന്റെ ഉള്ളിലിരുപ്പ് പോലിരിക്കും'' എന്നാണ്  മനസ്സില്‍ ആദ്യം വന്നത്. പക്ഷേ, അത് പറഞ്ഞില്ല. ഒരിക്കല്‍ കാണുകയും ദീര്‍ഘനേരം സംസാരിക്കുകയും ചെയ്താല്‍ വീണ്ടും കാണുമ്പോള്‍ ഓര്‍ത്തേക്കാം എന്ന നിലയില്‍ ഞാന്‍ ഒരുവിധം പറഞ്ഞു നിര്‍ത്തി. ഉടന്‍ കമ്മിഷന്റെ കമന്റ് ഉണ്ടായി. ''അങ്ങനെയാണോ പറയേണ്ടത്, നമ്മള്‍ മറക്കില്ല.''  മറക്കാന്‍ കഴിയാത്തവരും ഉണ്ടാകാം. ശിവഗിരി ശ്രീനാരായണ കോളേജിലെ പ്രീഡിഗ്രി ക്ലാസ്സില്‍ 'ശിഷ്യനും മകനും' എന്ന മഹാകവി വള്ളത്തോളിന്റെ കാവ്യം പഠിപ്പിക്കുന്നതിനിടയില്‍ പ്രൊഫസര്‍ ആദിനാട് ഗോപി സാര്‍, സാക്ഷാല്‍ പരമശിവന്‍ കണ്ട പാര്‍വ്വതിയുടെ ചിത്രം വള്ളത്തോളിന്റെ വരികള്‍ ഉദ്ധരിച്ച് വിശദീകരിച്ചത് ഓര്‍മ്മവന്നു. 'മുക്കണ്ണനേകി മിഴികള്‍ക്കൊരുത്സവം' എന്നാണ് ആ വര്‍ണ്ണന അവസാനിക്കുന്നത്. 

 മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ജീവനക്കാരുടെ സരിതയുമായുള്ള അനുചിതമായ ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ നടപടി സ്വീകരിക്കാന്‍ ഞാനയച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് കമ്മിഷന്റെ കുറേ ചോദ്യങ്ങളുണ്ടായിരുന്നു. ചില ഫോണ്‍വിളികള്‍ അത്തരത്തിലുള്ളതായിരുന്നു. അതിലൂടെ സരിതാനായര്‍ മുഖ്യമന്ത്രിയെ ഫോണ്‍ വിളിച്ചതായി പറഞ്ഞിട്ടുണ്ടോ എന്ന് കമ്മിഷന്‍ ചോദിച്ചു. വിളിച്ചിട്ടില്ല എന്നാണ് പറഞ്ഞിരുന്നതെങ്കിലും അക്കാര്യം മൊഴിയില്‍ രേഖപ്പെടുത്തിയില്ല. അതിനുകാരണം ആ റിപ്പോര്‍ട്ടിലെ വിഷയം സ്റ്റാഫിലെ ഏതാനും വ്യക്തികളുടെ വീഴ്ചയെക്കുറിച്ചായിരുന്നുവെന്നതാണ്. അന്വേഷണം മുന്നോട്ടുപോകുമ്പോള്‍, ആര്‍ക്കെങ്കിലും എതിരെ കുറ്റകൃത്യം സംബന്ധിച്ച് എന്തെങ്കിലും തെളിവു പുറത്തുവന്നാല്‍ കേസന്വേഷണത്തിനു ദോഷകരമാകുന്ന യാതൊന്നും റിപ്പോര്‍ട്ടിലുണ്ടാകരുത് എന്ന ജാഗ്രതയോടെയാണ് അതെഴുതിയത്. അതുകൊണ്ട് തന്നെയാണ് കേരളാ ഹൈക്കോടതിയില്‍ സോളാറുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഞാന്‍ സ്വമേധയാ ആ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. റിപ്പോര്‍ട്ടിന്മേല്‍, ഹൈക്കോടതി കാണാത്ത ഒരു കണ്ടുപിടിത്തം കമ്മിഷന്‍ നടത്തി.  ആ റിപ്പോര്‍ട്ടുകൊണ്ടാണ് മുഖ്യമന്ത്രി ക്രിമിനല്‍ കുറ്റത്തില്‍നിന്നും രക്ഷപ്പെട്ടതത്രേ. ആ കണ്ടുപിടിത്തം എന്നെ അത്ഭുതപ്പെടുത്തി എന്നുമാത്രം പറയട്ടെ. 

എംവി ജയരാജൻ
എംവി ജയരാജൻ

കമ്മിഷന്റെ സദാചാര ഉത്കണ്ഠകള്‍

വ്യക്തികളുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറുവാനുള്ള പ്രവണത കമ്മിഷനില്‍ തുടക്കം മുതലേ പ്രകടമായിരുന്നു. ടെലിഫോണ്‍ വിളികളുടെ പ്രസക്തി വിശദീകരിക്കുമ്പോള്‍ എവിടെ അത് കുറ്റകൃത്യത്തിന് തെളിവ് ആകും എവിടെ അത്  Right to Privacy (സ്വകാര്യതയ്ക്കുള്ള അവകാശം)യിലേയ്ക്കുള്ള കടന്നുകയറ്റമാകും എന്ന് സുപ്രീംകോടതി വിധി സൂചിപ്പിച്ച് എനിക്ക് വിശദീകരിക്കേണ്ടിവന്നു. 

സാമ്പത്തിക തട്ടിപ്പിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളായിരുന്നു അന്വേഷണത്തിന്റെ അടിസ്ഥാനം. ഇക്കാര്യത്തില്‍ കമ്മിഷനില്‍ വളരെ വ്യക്തതയോടെ തന്റെ കാഴ്ചപ്പാട് അവതരിപ്പിച്ച വി.എം. സുധീരന്റെ നിലപാട് ശ്രദ്ധേയമായി തോന്നി. തട്ടിപ്പുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ പ്രത്യേക അന്വേഷണസംഘവും ക്രിമിനല്‍ കേസിന്റെ പരിധിയില്‍ വരാത്ത കാര്യങ്ങള്‍ കമ്മിഷനും അന്വേഷിച്ച് പ്രസക്തമായ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തട്ടിപ്പ് കേസിലെ കുറ്റവാളികള്‍ക്ക് എങ്ങനെ ഉദ്യോഗസ്ഥ-രാഷ്ട്രീയ-മാധ്യമ-ജുഡിഷ്യല്‍ രംഗങ്ങളിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താനായെന്നും അത് എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും ഭാവിയില്‍ അക്കാര്യങ്ങള്‍ ഒഴിവാക്കാന്‍ വ്യത്യസ്ത ഏജന്‍സികള്‍ എന്തെല്ലാം ചെയ്യണം എന്നും ഒരു റിപ്പോര്‍ട്ട് കൂടി തയ്യാറാക്കണം എന്ന് സോളാര്‍ അന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ എന്റെ മനസ്സിലുണ്ടായിരുന്നു. എന്നാല്‍, കമ്മിഷനെ നിയമിച്ചപ്പോള്‍ അത്തരം വിഷയങ്ങള്‍ കമ്മിഷന്റെ അന്വേഷണപരിധിയില്‍ വരുമെന്നതുകൊണ്ട് ഞാനതില്‍നിന്ന് പിന്‍മാറി. ദൗര്‍ഭാഗ്യവശാല്‍, ഒരുതരം സദാചാര പൊലീസ് മാനസികാവസ്ഥ കമ്മിഷനെ സ്വാധീനിച്ചതുപോലെ തോന്നി. 

തട്ടിപ്പുകേസിലെ പ്രതികള്‍ കമ്മിഷനില്‍ സ്റ്റാര്‍ വിറ്റ്‌നസ്സായി മാറി. 'Two fairly young, educated business etnrepreneurs' (രണ്ട് വിദ്യാസമ്പന്നരായ യുവ വ്യവസായികള്‍) എന്നാണ് കമ്മിഷന്‍, തട്ടിപ്പിന്റെ ദീര്‍ഘമായ ചരിത്രമുള്ള കോടതി ശിക്ഷിച്ച വ്യക്തികളെ അവതരിപ്പിക്കുന്നത് .  അവരെ ജയിലിലടച്ച് സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ ശിക്ഷ വാങ്ങിക്കൊടുക്കുകയും ജുഡീഷ്യറിയുടെ പ്രശംസ ലഭിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലുമായി. സദാചാര പൊലീസ് മാനസികാവസ്ഥ നന്നായി ചൂഷണം ചെയ്തത് തട്ടിപ്പില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ തന്നെയാണ്. തട്ടിപ്പുകാരുടെ വാക്കു കേട്ട് അശ്ലീല സി.ഡി തേടി കമ്മിഷന്റെ വക്കീലും ജയിലില്‍ കിടന്ന പ്രതിയുമായി നടത്തിയ കോയമ്പത്തൂര്‍ യാത്ര കേരളം തത്സമയം വാര്‍ത്താചാനലുകളിലൂടെ കണ്ടതാണല്ലോ. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ മുഖപ്രസംഗത്തിലൂടെ കമ്മിഷന്റെ ആ പ്രവൃത്തിയെ രൂക്ഷമായി വിമര്‍ശിച്ചതാണ്. സി.ഡി യജ്ഞം പരാജയപ്പെട്ടതില്‍ കമ്മിഷന്‍ മാധ്യമങ്ങളേയും പൊലീസിനേയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അപ്പോഴും തട്ടിപ്പുകാരന്‍ കബളിപ്പിച്ചു എന്ന സംശയം കമ്മിഷനു തീരെയില്ല. 

കമ്മിഷന്‍ നാലാം വര്‍ഷത്തിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ വീണ്ടും എന്നെ സാക്ഷിയായി വിളിപ്പിച്ചു. അപ്പോഴേയ്ക്കും കമ്മിഷന്റെ സമീപനത്തില്‍ പ്രകടമായ വ്യത്യാസം അനുഭവപ്പെട്ടു. അതിനിടെ ഇടതുപക്ഷ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നിരുന്നു. രാഷ്ട്രീയ മാറ്റം മൂലം ഞാന്‍ പണ്ടുപറഞ്ഞതില്‍നിന്നും മാറി വല്ലതും പറയുമെന്ന് കമ്മിഷന്‍ പ്രതീക്ഷിച്ചിരുന്നുവോ എന്നെനിക്കറിയില്ല. അങ്ങനെ മൊഴിമാറ്റിയവരും ഉണ്ട്. വളരെ നിസ്സാരമെന്നോ ബാലിശമെന്നോ പറയാവുന്ന കാര്യങ്ങള്‍ക്കുപോലും ആത്മനിയന്ത്രണം നഷ്ടപ്പെട്ടപോലെ കമ്മിഷന്‍ എന്നോട് പെരുമാറി. ഒറ്റ ഉദാഹരണം മാത്രം പറയാം. ഞങ്ങള്‍ അന്വേഷിച്ച കേസുകളില്‍ തട്ടിപ്പു നടത്തിയ കമ്പനിയെക്കൂടി പ്രതിചേര്‍ക്കാമായിരുന്നില്ലേ എന്നൊരു ചോദ്യം കമ്മിഷനില്‍നിന്നുണ്ടായി. വ്യാജപേരില്‍ വ്യാജരേഖകളുപയോഗിച്ച് രൂപീകരിച്ച കമ്പനിയാണ്. മാത്രമല്ല, വിജയ്മല്യയെ പോലുള്ള വന്‍കിടക്കാര്‍, കമ്പനിയെ പ്രതിസ്ഥാനത്താക്കി സ്വയം രക്ഷനേടാന്‍ ഉപയോഗിക്കുന്ന തന്ത്രവുമാണത്. കമ്പനിയെ പിടിച്ച് ജയിലില്‍ ഇടാനാകില്ലല്ലോ. അങ്ങനെ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ പെട്ടെന്ന് പ്രകോപിതനായി കമ്മിഷന്‍ നിയന്ത്രണമില്ലാതെ എന്തൊക്കെയോ പറയാന്‍ തുടങ്ങി. പ്രത്യേക അന്വേഷണസംഘത്തെ കുറ്റപ്പെടുത്താന്‍ അദ്ദേഹം കണ്ടുവെച്ചിരുന്ന ഒരു കുറ്റം, ഞങ്ങള്‍ കേസില്‍ കമ്പനിയെ പ്രതിയാക്കിയില്ല എന്നതായിരിക്കണം. എന്റെ വിശദീകരണത്തോടെ അതു പൊളിഞ്ഞു എന്ന നിരാശയാകണം അന്നത്തെ വികാരപ്രകടനം എന്നെനിക്കു തോന്നി. 

ഒരവസരത്തില്‍ ഞാന്‍ മൊഴി നല്‍കി മടങ്ങാനൊരുങ്ങവേ, ഒരു യുവ പത്രപ്രവര്‍ത്തകന്‍ എന്റെ അടുത്തുവന്നു. കമ്മിഷനില്‍ പോകുന്ന അവസരത്തിലെല്ലാം, സ്ഥിരമായി അവിടെ കാണാറുള്ളയാളാണ്. കമ്മിഷന്‍, എനിക്കെതിരെ തെളിവ് നോക്കിനടക്കുകയാണ് എന്ന് ആ പത്രപ്രവര്‍ത്തകന്‍ പറഞ്ഞു. പല സാക്ഷികളോടും കുത്തിക്കുത്തി ചോദിച്ച് എന്തെങ്കിലും വരുത്തുവാന്‍ ശ്രമിക്കുകയാണത്രെ. ഉമ്മന്‍ചാണ്ടി കമ്മിഷനില്‍ വന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയതിനെപ്പറ്റി ചോദിച്ചുവെന്നും ആ അവസരത്തില്‍ ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പിയുമായി എന്തെങ്കിലും സംസാരിച്ചുവോ എന്നും ചോദിച്ചത്രെ. ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍, ഇടയ്ക്ക് അവര്‍ തമ്മില്‍ എന്തോ സംസാരിച്ചതായി അദ്ദേഹം പറഞ്ഞ ഉടന്‍ 'കിട്ടിപ്പോയി' എന്ന മട്ടില്‍ വലിയ ആവേശത്തോടെ കമ്മിഷന്‍ അതൊക്കെ എഴുതിയെടുത്തത്രെ.

കമ്മിഷന്‍ ഈ വഴി പോയപ്പോള്‍ ഇന്ദിരാഗാന്ധി വധം അന്വേഷിച്ച ജസ്റ്റിസ് എം.പി. താക്കര്‍ കമ്മിഷന്‍, കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന എല്‍.എന്‍. മിശ്രയുടെ മരണം അന്വേഷിച്ച ജസ്റ്റിസ് കെ.കെ. മാത്യു കമ്മിഷന്‍, മഹാത്മാഗാന്ധി വധം അന്വേഷിച്ച ജസ്റ്റിസ് കപൂര്‍ കമ്മിഷന്‍, ദീന്‍ ദയാല്‍ ഉപാധ്യായ മരണം അന്വേഷിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് കമ്മിഷന്‍ തുടങ്ങിയ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പൊലീസ് അന്വേഷണം നടക്കുന്ന വിഷയങ്ങളില്‍  കമ്മിഷനുകള്‍ സ്വീകരിക്കുന്ന സമീപനം വിശദീകരിക്കാന്‍ ശ്രമിച്ചു. രാജീവ്ഗാന്ധി വധത്തോടനുബന്ധിച്ച് പ്രത്യേക അന്വേഷണസംഘത്തിനു പുറമേ, ജസ്റ്റിസ് ജെ.എസ്. വര്‍മ്മ, ജസ്റ്റിസ് ജയിന്‍ എന്നിവരുടെ അദ്ധ്യക്ഷതയില്‍ രണ്ട് കമ്മിഷനുകളും ഉണ്ടായിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രവര്‍ത്തനവും അന്വേഷണ കമ്മിഷനുകളുടെ പരിധിയും വേര്‍തിരിക്കുന്ന ലക്ഷ്മണ രേഖ എന്താണ് എന്നതില്‍  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജെ.എസ്. വര്‍മ്മയുടെ വീക്ഷണങ്ങള്‍ ഉള്‍പ്പെടെ രേഖാമൂലം സോളാര്‍ കമ്മിഷനു നല്‍കി. പക്ഷേ, അതൊന്നും കമ്മിഷന്‍ വായിച്ച ലക്ഷണമൊന്നും റിപ്പോര്‍ട്ടില്‍ കണ്ടില്ല. 

കമ്മിഷന്‍ സ്വതന്ത്രമായും വസ്തുനിഷ്ഠമായും കാര്യങ്ങള്‍ പരിശോധിച്ച് കേസ് അന്വേഷണത്തില്‍ നിയമത്തിന്റെ പിന്‍ബലമുള്ള എന്തെങ്കിലും വീഴ്ച ചൂണ്ടിക്കാണിച്ചാല്‍ അത് അംഗീകരിക്കാം എന്നായിരുന്നു എന്റെ നിലപാട്. പക്ഷേ, കമ്മിഷനില്‍ എനിക്കു മറുപടി നല്‍കാന്‍ ബുദ്ധിമുട്ടു തോന്നിയ ഒരു ചോദ്യവുമുണ്ടായില്ല. ചില മുന്‍വിധികളോടെ ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡിന്റേയും ഭരണഘടനയുടേയും പരിധികള്‍ കടന്ന് സദാചാര പൊലീസിന്റെ വഴിയില്‍ കമ്മിഷന്‍ നീങ്ങുന്നത് കണ്ടപ്പോള്‍ അതുമായി യോജിക്കാനായില്ല. ഒരു ഘട്ടമായപ്പോള്‍ ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡ്, ഭരണഘടന എന്നൊക്കെ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ തന്നെ കമ്മിഷനു താല്പര്യമില്ലാതായി. 

കമ്മിഷന്‍ തെളിവിനായി മുഖ്യമായി ആശ്രയിച്ചത് തട്ടിപ്പിനു ശിക്ഷിക്കപ്പെട്ട പ്രതികളെ  തന്നെയായിരുന്നു . കമ്മിഷനിലും പുറത്തും പലവട്ടം നിലപാട് മാറ്റിയ പ്രതി നല്‍കിയ ലൈംഗിക ആരോപണങ്ങളടങ്ങിയ കത്ത്, അതിന്റെ ആധികാരികതയെപ്പറ്റിയൊന്നും ചിന്തിക്കാതെ തന്റെ റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ച് പകര്‍ത്തി അതിന്റെ അടിസ്ഥാനത്തില്‍ നിഗമനങ്ങളും ശുപാര്‍ശകളും കൊണ്ടു് നിറച്ചു. വ്യക്തിയുടെ അന്തസ്സിനു പ്രാധാന്യം നല്‍കുന്ന ഭരണഘടനയും മൗലികാവകാശവും ഇന്ത്യയില്‍ ഉണ്ടെന്ന കാര്യം എങ്ങനെ ഈ മുന്‍ ജഡ്ജി മറന്നുപോയി? അത്  ഓര്‍മ്മിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ് വേണ്ടിവന്നു. 'Failing to exercise due care and caution, they came under a magic spell cast by Saritha Nair' (മതിയായ കരുതലും ജാഗ്രതയും ഇല്ലാതെ, അവര്‍ സരിതയുടെ മാന്ത്രിക സ്വാധീനത്തില്‍ വീണുപോയി) എന്നൊരു വാക്യം സോളാര്‍ അന്വേഷണത്തില്‍ ഞാന്‍ ആദ്യം അയച്ച റിപ്പോര്‍ട്ടില്‍ എഴുതിയിരുന്നു. ഈ ാമഴശര ുെലഹഹ (മാന്ത്രിക സ്വാധീനം) കമ്മിഷനിലും ഉണ്ടായോ എന്നെനിക്കറിയില്ല.  ഈ കത്ത് കണ്ടെത്തി അന്വേഷിച്ചില്ല എന്നതായിരുന്നു പൊലീസിനെക്കുറിച്ച് കമ്മിഷന്‍ കണ്ടെത്തിയ ഒരു പ്രധാന വീഴ്ച. സാധാരണയായി പൊലീസ് ഉദ്യോഗസ്ഥര്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുകയും കോടതി അതിനെ തിരുത്തുകയുമാണ് ചെയ്യുന്നത്. ഇവിടെ കമ്മിഷന്‍ സ്വയം മൗലികാവകാശങ്ങള്‍ ലംഘിക്കുകയും അതിനു മുതിരാതിരുന്ന പൊലീസിനെ കമ്മിഷന്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായത്. റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് ഒരു 'ലുീരവ ാമസശിഴ ല്‌ലി'േ (ഐതിഹാസിക സംഭവം) ആയിരിക്കുമെന്ന് പറയുന്നുണ്ട്. സംഭവം ഐതിഹാസികം തന്നെ; സംശയമില്ല. ഭാവിയില്‍ ഇതിഹാസരചനയ്ക്ക് മുതിരുന്ന കമ്മിഷനുകള്‍ക്ക് ഒരു പാഠം കൂടിയായിരിക്കും സോളാര്‍ ഇതിഹാസം.
 
പൗരനെന്ന നിലയില്‍ ഒരു കാര്യത്തില്‍ കമ്മിഷന്‍ എന്നെ വല്ലാതെ നിരാശപ്പെടുത്തി. ക്രിമിനല്‍ കേസുകള്‍ക്കപ്പുറം സമകാലിക കേരളത്തില്‍ എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജൂഡിഷ്യറി ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ സംഭവിക്കുന്ന പുഴുക്കുത്തുകളെക്കുറിച്ച് വസ്തുനിഷ്ഠമായി വിവരങ്ങള്‍ ശേഖരിച്ച് ഭാവി ലക്ഷ്യമാക്കി അത് തടയുവാനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കാനുള്ള സുവര്‍ണ്ണാവസരമാണ് തട്ടിപ്പുകേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ പിറകെ സിഡിക്കും കത്തിനും പോയി കമ്മിഷന്‍ നഷ്ടപ്പെടുത്തിയത്.

കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ നിയമസാധുതപോലും പരിശോധിക്കാതെ സര്‍ക്കാര്‍ ആദ്യം മുന്നോട്ടുപോയി. എന്നെ അസ്വസ്ഥനാക്കിയത് എന്നോടൊപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയാണ്. പ്രാപ്തരായ സ്വതന്ത്ര മനസ്സുള്ള ആ ഉദ്യോഗസ്ഥര്‍ അന്വേഷണ ഘട്ടത്തിലും സോളാര്‍ കമ്മിഷന്റെ പ്രവര്‍ത്തനത്തിനിടയിലും ഉണ്ടായ വെല്ലുവിളികള്‍ നേരിടുന്നതില്‍ എന്നോടൊപ്പം നിന്നവരാണ്. അതിന്റെ പേരിലുള്ള നടപടിയുടെ ഉത്തരവാദിത്വം എന്റേതാണെന്നു തോന്നി. വളരെ ആലോചിച്ചുറച്ച ശേഷം അന്വേഷണ സംഘത്തിന്  തെറ്റുപറ്റിയെങ്കില്‍ മേധാവിയെന്ന നിലയില്‍ ഉത്തരവാദിത്വം ഏല്‍ക്കുന്നുവെന്നും അവരെ ശിക്ഷിക്കരുതെന്നും കാണിച്ച് ഞാന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും കത്ത് നല്‍കി. രണ്ടു ദിവസം കഴിഞ്ഞ് മലയാള മനോരമയില്‍ അത് വലിയ വാര്‍ത്തയായതിനെത്തുടര്‍ന്ന് അല്പം വിവാദമുണ്ടായി. അതേത്തുടര്‍ന്ന് വിരമിച്ചവരും അല്ലാത്തവരുമായ ഐ.എ.എസ്/ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പലരും ഫോണില്‍ വിളിച്ചതോര്‍ക്കുന്നു. ബാബുപോള്‍ സാര്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് ഉദ്യോഗസ്ഥരുടെ സാമൂഹ്യമാധ്യമ കൂട്ടായ്മയില്‍ പങ്കിട്ടു. വിരമിച്ച ശേഷം ഔദ്യോഗിക വിഷയങ്ങളില്‍നിന്നും പൂര്‍ണ്ണമായും വിട്ടുനിന്നിരുന്ന രാജഗോപാല്‍ നാരായണ്‍ സാര്‍ വളരെ വൈകാരികമായി നേരിട്ടു സംസാരിച്ചതും മറക്കാവതല്ല. സര്‍വ്വീസിലുള്ളവരില്‍ ഐ.പി.എസ്സുകാരേക്കാള്‍ ഐ.എ.എസ്സുകാരാണ് കൂടുതല്‍ വിളിച്ചത് എന്നതും വസ്തുതയാണ്. വാര്‍ത്തയെത്തുടര്‍ന്ന് വിവാദം ഉണ്ടായ ഘട്ടത്തില്‍, എന്നെ സമീപിച്ച മാധ്യമങ്ങളോട് പ്രത്യേക അന്വേഷണസംഘം അന്വേഷിച്ച വിഷയങ്ങളില്‍ മാത്രമാണ് എന്റെ നിലപാട് എന്ന് ഞാന്‍ വിശദീകരിച്ചു. ആ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം.വി. ജയരാജന്‍ എന്നെ ഫോണില്‍ വിളിച്ചു, എന്റെ വിശദീകരണം, കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനു സഹായകമായി എന്നു പറഞ്ഞു. പരസ്പരം കാര്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന്റെ പക്വമായ സമീപനം ഉപകരിച്ചു.

(തുടരും)

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com