'കല്‍ക്കട്ട ചിത്രത്രയം'- ഇന്ത്യന്‍ സിനിമയിലെ നിര്‍ണായക ചലച്ചിത്ര പരീക്ഷണം
By സി.വി. രമേശന്‍ | Published: 02nd June 2023 05:26 PM |
Last Updated: 02nd June 2023 05:26 PM | A+A A- |

1953-ലെ കല്‍ക്കട്ട നഗരം പശ്ചാത്തലമാക്കുന്ന, 'കല്‍ക്കട്ട 71'ന്റെ അടുത്ത ഭാഗം, കുടുംബം പുലര്‍ത്താനായി കുട്ടികള്‍ക്കു നടത്തേണ്ടിവരുന്ന അരി കള്ളക്കടത്താണ് പ്രമേയമാക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച അമ്മയും അഞ്ചു സഹോദരങ്ങളുമായി ജീവിക്കുന്ന കൗമാരക്കാരന്‍ ഗൗരംഗോവിനെ തിരക്കി പൊലീസ് വീട്ടില്‍ വരുന്നു. നിയമവിരുദ്ധമായി അരിക്കച്ചവടം നടത്തുന്ന അവന്റെ പേരില്‍ കേസ് ഉണ്ടെന്ന് അയാള്‍ അവന്റെ അമ്മയെ അറിയിക്കുന്നു. ജീവിക്കാന്‍ മറ്റു വഴിയൊന്നുമില്ലാതിരുന്നതിനാല്‍ മകനത് ചെയ്യേണ്ടിവന്നതാണെന്ന് അവര്‍ പൊലീസിനെ അറിയിക്കുന്നു. തുടര്‍ന്നുള്ള ദൃശ്യത്തില്‍, ചാക്കില്‍ അരിയുമായി റെയില്‍വേ സ്‌റ്റേഷനിലേക്കു പോകുന്ന ഗൗരം ഗോവിനോട് പൊലീസിനെ കരുതിയിരിക്കാന്‍ അമ്മ ആവശ്യപ്പെടുന്നു. തീവണ്ടിയില്‍ അവനെപ്പോലുള്ള മറ്റു കുട്ടികള്‍ക്കൊന്നിച്ചു പാട്ട് പാടിക്കൊണ്ട് ഗൗരംഗോവ് യാത്ര തുടരുന്നു. തങ്ങള്‍ മറ്റു യാത്രക്കാര്‍ക്ക് ശല്യമായി മാറുന്നത് അവരറിയുന്നില്ല. പഠിച്ചും കളിച്ചും നടക്കേണ്ട പ്രായത്തില്‍ കുടുംബം പോറ്റാനായി നിയമവിരുദ്ധമായ ജോലി ചെയ്യേണ്ടിവരുന്ന കുട്ടികള്‍, ഭാവിയില്‍ കുറ്റവാളികളായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. തീവണ്ടിയിലെ മറ്റു യാത്രക്കാര്‍ ഈ ദുരന്തജീവിത കാഴ്ചകള്‍ മുന്‍വിധികളിലൂടെ മാത്രമേ സമീപിക്കുന്നുള്ളൂ. അഞ്ച് സഹോദരങ്ങളുള്ള, അച്ഛന്‍ ഉപേക്ഷിച്ച ഗൗരംഗോവിന്റെ ജീവിതം ചിത്രം തീവ്രതയോടെ ആവിഷ്‌കരിക്കുന്നു. അരി കടത്തിന്റെ പേരില്‍ മൂന്നു പ്രാവശ്യം ജയില്‍ ശിക്ഷ അനുഭവിച്ച അവന്‍, ഒരു പ്രാവശ്യം ജയിലില്‍നിന്നു വരുമ്പോള്‍ തന്റെ സഹോദരി മരിച്ചതറിഞ്ഞു സങ്കടപ്പെട്ടു. താനുണ്ടായിരുന്നെങ്കില്‍ അവള്‍ ഇപ്പോഴും ജീവനോടെയിരിക്കുമായിരുന്നു എന്ന് ദുഃഖത്തോടെ അവന്‍ ഓര്‍മ്മിക്കുന്നു. കൂട്ടുകാരുമൊന്നിച്ച് സന്തോഷത്തോടെ മൈതാനത്തില്‍ കളിച്ചുല്ലസിച്ചതും സ്‌കൂളില്‍ പഠിച്ച നല്ല കാലവും അവന്റെ ഓര്‍മ്മകളിലൂടെ കടന്നുപോകുന്നു. പൊലീസിനെ പേടിച്ച്, അരിച്ചാക്കുകളും ചുമന്നുകൊണ്ട് അപകടകരമാംവിധം കമ്പാര്‍ട്ട്‌മെന്റുകള്‍ മാറിക്കയറി സഞ്ചരിക്കുന്ന കുട്ടികളെ ചിത്രം ദൃശ്യവല്‍ക്കരിക്കുന്നു. തീവണ്ടി മുറിയില്‍ പാട്ട് പാടി ശല്യം ചെയ്തതിന്റെ പേരില്‍ തന്നെ അടിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ബിശ്വാസിനോട് പകരം ചോദിക്കുന്ന ഗൗരംഗോവിലാണ് ചിത്രത്തിന്റെ ഈ ഭാഗം അവസാനിക്കുന്നത്.
തീവണ്ടിക്കകത്ത് യാത്രക്കാര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍, അടിസ്ഥാന വര്‍ഗ്ഗ ജീവിതങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ഒരിക്കലും തയ്യാറാകാത്ത കല്‍ക്കട്ടയിലെ ഒരു വിഭാഗം ജനങ്ങളുടെ പ്രതികരണമായാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. വളരെ അപൂര്‍വ്വം ആളുകള്‍ മാത്രം കുട്ടികളോട് അനുകമ്പ കാണിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അവര്‍ 'ശല്യ'മായി മാറുന്നു. ഗൗരംഗോവിനെ അടിച്ച ബിശ്വാസിനെ ഒട്ടുമിക്ക ആളുകളും അഭിനന്ദിക്കുന്നു. ഇത്തരം കുട്ടികള്‍ കാരണമാണ് രാജ്യം നന്നാവാത്തതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഒടുവില്‍, ഗൗരംഗോ വീണ്ടും അറസ്റ്റു ചെയ്യപ്പെടുന്നു. വീട്ടില്‍ മക്കള്‍ക്കൊപ്പം ഉറങ്ങുന്ന അവന്റെ അമ്മ. പതിവായി അവന്‍ കിടക്കാറുള്ള സ്ഥലം ഒരിക്കല്‍കൂടി ഒഴിഞ്ഞുകിടക്കുന്നു. ഗൗരംഗോയെന്ന് ദുഃഖത്തോടെ വിളിച്ചു കരയുന്ന അമ്മയുടെ വികാരതീവ്രമായ ദൃശ്യം. മൃണാള്‍ സെന്നിന്റെ പത്‌നി പ്രശസ്ത നടി ഗീത സെന്‍ ആദ്യമായി ഭര്‍ത്താവിന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന അമ്മവേഷം, ഒരു അപൂര്‍വ്വ അനുഭവമായി അവര്‍ മാറ്റുന്നു. ചിത്രത്തിലെ കല്‍ക്കട്ടയുടെ വ്യത്യസ്തങ്ങളായ ജീവിതാവിഷ്‌കാരങ്ങളില്‍ ഏറെ ശ്രദ്ധേയമാണ് ഈ ഭാഗം.
നിലവിലുള്ള സാഹചര്യങ്ങളോടുള്ള സെന്നിന്റെ പ്രതിഷേധവും ക്ഷോഭവുമാണ് 'കല്‍ക്കട്ട 71'ന്റെ ഈ മൂന്ന് എപ്പിസോഡുകളും ആവിഷ്‌കരിക്കുന്നത്. ദീപങ്കര്‍ മുഖോപാധ്യായ തന്റെ സെന്‍ പഠനം Mrinal Sen, Sitxy years in search of cinemaയില്‍ നിരീക്ഷിക്കുന്നതുപോലെ, ആദ്യ എപ്പിസോഡ്, ദാരിദ്ര്യത്തെ ഉദാത്തവല്‍ക്കരിക്കുന്ന ബംഗാളി എഴുത്തുകാര്‍ക്കും ചലച്ചിത്രകാര്‍ക്കുമുള്ള സെന്നിന്റെ ശക്തമായ മറുപടിയാണ്. തന്നെ കവിയാക്കി മാറ്റിയത് ദാരിദ്ര്യമാണെന്നു പറഞ്ഞ ക്വാസി നസ്രുള്‍ ഇസ്‌ലാമിനെപ്പോലുള്ളവര്‍ക്ക്, ദാരിദ്ര്യത്തിന്റെ ക്രൂരവും ബീഭത്സവുമായ മുഖം കാണിച്ചുകൊടുത്തുകൊണ്ട്, സെന്‍ ശക്തമായ മറുപടി നല്‍കുന്നു. വൈഷ്ണവ കവികള്‍ മുതല്‍ രവീന്ദ്രനാഥ് ടാഗോര്‍ വരെയുള്ള എഴുത്തുകാര്‍, പേമാരിയും മണ്‍സൂണ്‍ രാത്രികളും മഴക്കാറും കാറ്റും വിരഹത്തിന്റേയും വേര്‍പാടിന്റേയും റൊമാന്റിക് ദൃശ്യങ്ങളായി ചിത്രീകരിച്ചപ്പോള്‍, സെന്‍ അവയെ ദാരിദ്ര്യത്തിന്റേയും പട്ടിണിയുടേയും ചേരിയിലെ ദുരിത ജീവിതങ്ങളുടേയും കാഴ്ചകള്‍ക്കു തീവ്ര പശ്ചാത്തലങ്ങളാക്കി മാറ്റി. സത്യജിത് റായ് അടക്കമുള്ള പ്രസിദ്ധ ചലച്ചിത്രകാരില്‍നിന്ന് സെന്നിനെ വ്യത്യസ്തനാക്കുന്ന ആവിഷ്‌കാര രീതിയായാണ് ഇതു തിരിച്ചറിയപ്പെടുന്നത്. ചിത്രത്തില്‍ ആദ്യഭാഗത്തിലെ, എന്തിനേയും വിമര്‍ശിക്കുന്ന നീലമണിയുടെ സ്വഭാവത്തില്‍നിന്ന്, രണ്ടാമത്തെ ഭാഗത്തില്‍ പട്ടിണി മാറ്റാനായി മധ്യവര്‍ഗ്ഗത്തിന്റെ മൂല്യങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് സ്വയം നാശത്തിന്റെ വഴി തിരഞ്ഞെടുക്കുന്ന സ്ത്രീജീവിതങ്ങളുടെ പ്രതിനിധിയായി ശോവനയടക്കമുള്ളവര്‍ മാറുന്നു. കുടുംബം സംരക്ഷിക്കാനായി നിയമവ്യവസ്ഥയേയും മധ്യവര്‍ഗ്ഗത്തിന്റെ മൂഢവിശ്വാസങ്ങളേയും തകര്‍ത്തെറിയുന്ന കുട്ടികളെ ചിത്രീകരിക്കുന്ന മൂന്നാംഭാഗം, നിലനില്‍ക്കുന്ന വ്യവസ്ഥയെ നേരിട്ട് പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. ഇതിനെ ക്രിയാത്മകമായ ക്ഷോഭമെന്നാണ് സെന്‍ വിശേഷിപ്പിക്കുന്നത് .
കല്‍ക്കട്ട 71
മൂന്ന് പ്രധാന അദ്ധ്യായങ്ങള്‍ക്കു ശേഷം 'കല്‍ക്കട്ട71', 1971 വര്‍ഷത്തിലെത്തുന്നു. നഗരത്തിലെ പ്രശസ്തമായ ആഡംബര ഹോട്ടലില്‍ നടക്കുന്ന പാര്‍ട്ടി. സംഗീതവും നൃത്തവും മദ്യവും അകമ്പടിയോടെയുള്ള ആ പാര്‍ട്ടിയില്‍ മുഖ്യ ആകര്‍ഷണം ആതിഥേയനായ, ബിസിനസ്സുകാരനും രാഷ്ട്രീയ നേതാവുമായ ബാനര്‍ജിയാണ്. 1943ലെ ബംഗാള്‍ ക്ഷാമം പ്രമേയമാക്കുന്ന പ്രശസ്ത പെയ്ന്റിങ് ഭക്ഷണമേശയ്ക്കു മുന്‍പില്‍ തൂക്കിക്കൊണ്ട്, ആ ദുരന്തനാളുകളെ ഓര്‍മ്മിക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ബാനര്‍ജി, ക്ഷാമകാലത്ത് അരി കരിഞ്ചന്ത കച്ചവടം നടത്തിയാണ് സമ്പന്നനായതെന്ന സത്യം പ്രേക്ഷകരെ ചിത്രം ഓര്‍മ്മിപ്പിക്കുന്നു. തൊഴിലാളികളെക്കുറിച്ച് കണ്ണീരൊഴുക്കുന്ന അയാളുടെ രണ്ട് ഫാക്ടറികള്‍ തൊഴിലാളിസമരം മൂലം അടഞ്ഞുകിടക്കുന്നു. സമൂഹത്തില്‍ ഉന്നതശ്രേണിയില്‍ കഴിയുന്നവരുടെ പൊള്ളയായ ചിന്തകളും അഭിപ്രായങ്ങളും നിലപാടുകളും ചിത്രീകരിച്ചുകൊണ്ട് മുന്‍പോട്ട് പോകുന്ന ഈ ഭാഗം,
പൊടുന്നനെ ഇരുട്ടിലാവുന്നു. അതോടെ അവിടെ ആരംഭിക്കുന്ന ബഹളങ്ങള്‍ക്കിടയില്‍ ഒരു ശബ്ദം നമുക്കു വ്യക്തമായി കേള്‍ക്കാം, 'ആരും ഭയപ്പെടേണ്ട, എന്റെ കയ്യില്‍ ആയുധങ്ങളൊന്നുമില്ല, ഞാന്‍ നേരത്തെ മരിച്ചു കഴിഞ്ഞതാണ്. ഇന്ന് കാലത്ത്, നഗരത്തിലെ മൈതാനത്തിന്റെ മൂലയില്‍വെച്ച് അവരെന്നെ വെടിവെച്ചു കൊന്നു.' തുടര്‍ന്ന് ഒരു ഇരുപതുകാരന്റെ മുഖം. മുഖത്തുനിന്നു രക്തം വാര്‍ന്നു കൊണ്ടിരിക്കുന്നു. അതു കണ്ട് ആളുകള്‍ നിലവിളിക്കുന്നു. സുന്ദരനായ അവന്‍ വീണ്ടും പ്രത്യക്ഷപ്പെട്ട്, തന്റെ കൊലയാളിയെ കണ്ടുപിടിക്കാന്‍ പ്രേക്ഷകരോട് ആവശ്യപ്പെടുന്നു. പ്രതികരിക്കാന്‍ തയ്യാറായതു കാരണമാണ് താന്‍ കൊല്ലപ്പെട്ടതെന്നു പറഞ്ഞുകൊണ്ട്, 1000 വര്‍ഷങ്ങളായി താനത് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അറിയിക്കുന്നു. അതേപോലെ, പ്രേക്ഷകരോടും പ്രതികരിക്കാനായി ആവശ്യപ്പെടുന്നു. സ്‌ക്രീന്‍ വീണ്ടും ഇരുട്ടില്‍ നിറയുന്നു. ചിത്രത്തിലെ മുന്‍ ഭാഗങ്ങളില്‍നിന്നും മറ്റു ഡോക്യുമെന്ററികളില്‍നിന്നുമുള്ള ദൃശ്യങ്ങള്‍ക്കൊപ്പം ആ 20 വയസ്സുകാരനെ നാം വീണ്ടും കാണുന്നു. തെരുവുകളിലൂടെ, കടല്‍ക്കരയിലൂടെ, കാടുകളിലൂടെ പിന്തുടരപ്പെട്ട്, അവസാനം മൈതാനത്തിന്റെ മൂലയില്‍ വെച്ച് അവന്‍ വെടിയേറ്റ് കൊല്ലപ്പെടുന്നു. ബംഗ്ലാദേശിലും വിയറ്റ്‌നാമിലും വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങളുടെ ദൃശ്യങ്ങള്‍ സെന്‍ ഇതുമായി ചേര്‍ത്തുവെയ്ക്കുന്നു. ചിത്രത്തിന്റെ ആരംഭത്തില്‍ നാം കണ്ട കാഴ്ച പൂര്‍ത്തിയാവുന്നു. ആകാശവാണിയുടെ പരിപാടികള്‍ ആരംഭിക്കുമ്പോഴുള്ള സിഗ്‌നേച്ചര്‍ ട്യൂണ്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുമ്പോള്‍, വെളിച്ചം നിറഞ്ഞ പുതിയ പ്രഭാതം. പുതിയ ജീവിത പ്രതീക്ഷയില്‍ 'കല്‍ക്കട്ട 71' സെന്‍ അവസാനിപ്പിക്കുന്നു.
'ഇന്റര്‍വ്യൂ'വിലെ രഞ്ജിത് മല്ലിക്ക്, പ്രതിഷേധിക്കുന്ന ഇന്ത്യന്‍ യുവത്വത്തെ പ്രതിനിധീകരിക്കുമ്പോള്‍, 'കല്‍ക്കട്ട 71'ലെ ചെറുപ്പക്കാരന്‍ ഒരു ആശയത്തെയാണ് സൂചിപ്പിക്കുന്നത്. നിരവധി വര്‍ഷങ്ങളായി ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ആ ആശയം, ഭൗതികമായ ചുറ്റുപാടുകള്‍ക്കപ്പുറത്താണ്. മഹാനായ റഷ്യന്‍ വിപ്ലവ ചലച്ചിത്രകാരന്‍ പുഡോവ്ക്കി(Pudovkin)ന്റെ 1928ലെ ചിത്രം 'സ്‌റ്റോം ഓവര്‍ ഏഷ്യ'(storm over asia)യുടെ ആശയമാണ് താന്‍ ചിത്രത്തിനായി ഉപയോഗിച്ചതെന്ന് സെന്‍ സൂചിപ്പിക്കുന്നുണ്ട്. അതില്‍, ഉയരത്തിലുള്ള ജനലില്‍നിന്നു താഴേക്കു വീഴുന്ന ചെറുപ്പക്കാരന്‍ ഒന്നും സംഭവിക്കാതെ, കുതിരപ്പുറത്തു കയറി, ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ സമരം നയിക്കുന്നത് കാണുന്ന നാം അത്ഭുതപ്പെടുന്നു. റഷ്യന്‍ വിപ്ലവസിനിമയുടെ സ്വാധീനം ഏറ്റവും കൂടുതല്‍ കാണാന്‍ കഴിയുന്ന സെന്‍ ചിത്രമാണ് 'കല്‍ക്കട്ട 71.' 1971ല്‍ വടക്കന്‍ കല്‍ക്കട്ടയിലെ ബാരാനഗര്‍ മേഖലയില്‍ നൂറു കണക്കിനു നക്‌സലൈറ്റുകളുടെ വെടിയേറ്റ് ഛിന്നഭിന്നമായ ശവശരീരങ്ങള്‍ കാണാറുണ്ടായിരുന്നു. ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടവരെന്നു വിശേഷിപ്പിക്കപ്പെട്ട ഇവരെ, ചിത്രത്തിലെ 20 വയസ്സുകാരന്‍ ചെറുപ്പക്കാരനെപ്പോലെ പൊലീസ് ഏകപക്ഷീയമായി വെടിവെച്ചു കൊല്ലുകയായിരുന്നു. 'ഇന്റര്‍വ്യൂ'വില്‍നിന്നു വ്യത്യസ്തമായി, പ്രൊഫഷണല്‍ അഭിനേതാക്കളെ ഉപയോഗിച്ച് നിര്‍മ്മിച്ച സെന്‍ ചിത്രമാണ് 'കല്‍ക്കട്ട 71.'
'കല്‍ക്കട്ട 71' നഗരത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തപ്പോള്‍, കല്‍ക്കട്ട നഗരത്തിലെ യുവ പ്രേക്ഷകര്‍ വമ്പിച്ച സ്വീകരണമാണ് അതിനു നല്‍കിയത്. കല്‍ക്കട്ട മെട്രോ സിനിമയിലെ ഓരോ പ്രദര്‍ശനത്തിനു ശേഷവും ആരാധകര്‍ സെന്നിനു ജയ് വിളിച്ചുകൊണ്ട് തങ്ങളുടെ ആഹ്ലാദം രേഖപ്പെടുത്തിയിരുന്നെങ്കിലും ഏകപക്ഷീയമായ രാഷ്ട്രീയ നിലപാടാണ് സെന്‍ 'കല്‍ക്കട്ട 71'ല്‍ ആവിഷ്‌കരിച്ചതെന്ന അഭിപ്രായവും ഉയര്‍ന്നുവന്നു. മുഖ്യശത്രുവിനെ തുറന്നുകാണിക്കുകയാണ് താന്‍ ചെയ്തിരുന്നതെന്നാണ് സെന്‍ ഇതിനോട് പ്രതികരിച്ചത്. മൃണാള്‍സെന്നിന് വന്‍ ജനപിന്തുണ നേടിക്കൊടുത്ത ചിത്രങ്ങളിലൊന്നാണ് 'കല്‍ക്കട്ട 71.' കല്‍ക്കട്ട ചിത്രത്രയത്തിലെ മൂന്നാം ചിത്രം 'പടാതിക്കി'ല്‍ സെന്‍ തന്റെ ഈ രാഷ്ട്രീയ നിലപാടില്‍നിന്നു വ്യതിചലിക്കുന്നതായാണ് പ്രേക്ഷകര്‍ കാണുന്നത്. തന്റെ രാഷ്ട്രീയ സമീപനങ്ങളും നിലപാടുകളും തിരുത്തിക്കൊണ്ട്, സ്വയം വിമര്‍ശനത്തിനു തയ്യാറാവുകയാണ് അതിലദ്ദേഹം ചെയ്യുന്നത്. ചൂഷണത്തെക്കുറിച്ചുള്ള അറിവും അതുവഴിയുണ്ടാകുന്ന ക്ഷോഭവുമാണ് 'ഇന്റര്‍വ്യൂ' ചിത്രീകരിക്കാന്‍ സെന്നിനു പ്രേരണ നല്‍കിയതെങ്കില്‍, 'കല്‍ക്കട്ട 71'ല്‍ ആ ക്ഷോഭം മറികടന്ന അദ്ദേഹം, കാലദേശങ്ങള്‍ക്കപ്പുറത്ത് സഞ്ചരിച്ചുകൊണ്ട്, യഥാര്‍ത്ഥ ശത്രുവിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഈ രണ്ട് ചിത്രങ്ങളില്‍നിന്നു വിഭിന്നമായി, സ്വയം വിമര്‍ശനങ്ങളും പാര്‍ട്ടി നേതൃത്വത്തിനു നേരെ ആക്രമണങ്ങളും നടത്തുന്ന നായകനെയാണ് നാം 'പടാതിക്കി'ല്‍ കാണുന്നത്. 'ഇന്റര്‍വ്യൂ'വില്‍നിന്നും 'കല്‍ക്കട്ട 71'ല്‍ നിന്നും ആഖ്യാനത്തിലും 'പടാതിക്' വ്യത്യസ്തമാണ്. ആദ്യ രണ്ട് ചിത്രങ്ങളും ബംഗാളി സിനിമയില്‍ അക്കാലത്ത് നിലനിന്നിരുന്ന ആവിഷ്‌കാര രീതികളില്‍ സമൂലമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചു. രേഖീയമായ കഥപറച്ചില്‍ രീതിയില്‍നിന്നു മാറിനില്‍ക്കുന്ന, ഗൊദര്‍ദിന്റ ചിത്രീകരണ രീതി പിന്തുടരുന്ന അവ, അന്നു പൊതുവെ ബോളിവുഡ് രീതി പിന്തുടര്‍ന്നിരുന്ന ബംഗാളി സിനിമയ്ക്ക് പുതിയ അനുഭവങ്ങളായിത്തീര്‍ന്നു. രാഷ്ട്രീയ ചലച്ചിത്രകാരനായി വിശേഷിപ്പിക്കപ്പെടുന്ന സെന്‍ അതേക്കുറിച്ച് ഇങ്ങനെയാണ് പ്രതികരിച്ചത്. 'രാഷ്ട്രീയമാണ് എന്റെ ചിത്രങ്ങള്‍ക്കു പിന്നിലെ പ്രധാനപ്പെട്ട പ്രചോദനം. ചരിത്രവര്‍ത്തമാനങ്ങളോടും ഭൂതകാലത്തോടുമുള്ള എന്റെ രാഷ്ട്രീയ പ്രതികരണങ്ങളാണവ. രാഷ്ട്രീയ സിനിമകളായി അവ മാറുന്നുണ്ടോ എന്നു പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്.' 'കല്‍ക്കട്ട 71'ല്‍ നക്‌സലൈറ്റുകളുടെ കൊലപാതകങ്ങളാണോ ചിത്രീകരിക്കുന്നതെന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: 'നക്‌സ്‌ലൈറ്റുകള്‍ മാത്രമല്ലല്ലോ അന്നു പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടിരുന്നത്?' കല്‍ക്കട്ട ചിത്രത്രയം പരിഹാരങ്ങളൊന്നും നിര്‍ദ്ദേശിക്കുന്നില്ലല്ലോ എന്ന ചോദ്യത്തിന് സെന്‍ ഇങ്ങനെ പ്രതികരിച്ചു: 'കൃത്യമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയെന്നത് കലാകാരന്റെ ഉത്തരവാദിത്വമല്ല. യാഥാര്‍ത്ഥ്യങ്ങള്‍ വിശകലനം ചെയ്ത്, കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടില്‍നിന്നുകൊണ്ട് അവ ആവിഷ്‌കരിക്കുക എന്നതു മാത്രമാണ് ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ എന്റെ കര്‍ത്തവ്യം.'

പടാതിക്
കല്‍ക്കട്ട ചിത്രത്രയത്തിലെ അവസാന ചിത്രം 'പടാതിക്ക്' 1973ലാണ് സെന്‍ പൂര്‍ത്തിയാക്കുന്നത്. കാന്‍ ചലച്ചിത്രമേളയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന അദ്ദേഹത്തിന്റെ ചിത്രമാണിത്. അതിനുശേഷം സെന്നിന്റെ നിരവധി ചിത്രങ്ങള്‍ കാനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. നിരവധി തവണ അദ്ദേഹം കാനില്‍ ജൂറി അംഗമായിരുന്നു. കല്‍ക്കട്ടത്രയത്തില്‍ രേഖീയമായി പുരോഗമിക്കുന്ന ഏകചിത്രമായ പടാതിക്കില്‍, ബോംബെയില്‍നിന്നുള്ള പ്രൊഫഷണല്‍ നടി സിമി ഗര്‍വാള്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ആദ്യമായി ഒരു ബോളിവുഡ് നടി അഭിനയിച്ച സെന്‍ ചിത്രമായ പടാതിക്കിനു ശേഷം ഷബ്‌ന ആസ്മി, സ്മിത പാട്ടീല്‍, ഡിമ്പിള്‍ കപാഡിയ തുടങ്ങിയ പ്രശസ്ത അഭിനേത്രികള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 'പടാതിക്കി'ന്റെ പേരില്‍ സെന്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. 'കല്‍ക്കട്ട 71' കണ്ട് അദ്ദേഹത്തെ പ്രകീര്‍ത്തിച്ചവര്‍, 'പടാതിക്ക്' കണ്ട്, വര്‍ഗ്ഗവഞ്ചകനായി അദ്ദേഹത്തെ വിശേഷിപ്പിച്ചു. പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിക്കുന്ന, ചിത്രത്തിലെ കേന്ദ്ര കഥാപാത്രം സുമിത്തിനെ കണ്ട പ്രേക്ഷകര്‍, പാര്‍ട്ടിക്കുള്ളിലെ വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും ആവിഷ്‌കരിക്കുക വഴി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തുരങ്കം വെയ്ക്കുന്ന സംവിധായകനായി സെന്നിനെ ചിത്രീകരിച്ചു. വര്‍ഷങ്ങളോളം കമ്യൂണിസ്റ്റ് പാര്‍ട്ടി അദ്ദേഹത്തോട് തണുത്ത സമീപനം തുടര്‍ന്നു പോന്നിരുന്നു. അമേരിക്കയിലേയും ജര്‍മ്മനിയിലേയും സര്‍വ്വകലാശാല ക്യാമ്പസ്സുകളില്‍ 'പടാതിക്ക്' പ്രദര്‍ശിപ്പിച്ചപ്പോഴും യുവപ്രേക്ഷകര്‍ സെന്നിനെതിരെ പ്രതിഷേധിച്ചു.
പ്രസിദ്ധ സംവിധായകന്‍ ജയിംസ് കാമറുണ്‍ (James Cameroon) കല്‍ക്കട്ട നഗരത്തെക്കുറിച്ച് എഴുതിയ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ്, ഗറില്ല പോരാളി എന്ന് അര്‍ത്ഥം വരുന്ന 'പടാതിക്ക്' ആരംഭിക്കുന്നത്. 'ഓരോ പ്രാവശ്യവും കല്‍ക്കട്ടയിലേക്ക് തിരിച്ചുവരുമ്പോള്‍, നരകതുല്യമായും ഭീഷണി ഉയര്‍ത്തുന്നതായുമാണ് ഞാനതിനെ കാണുന്നത്. രക്ഷിക്കാന്‍ കഴിയാത്തതായും നശിക്കാനിടയുള്ളതുമായ ഒരു പ്രദേശമായാണ് അതെനിക്ക് തോന്നുന്നത്.' തുടര്‍ന്ന്, പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട്, അവരാല്‍ പിന്തുടരപ്പെട്ട്, ഇടവഴികളിലൂടെ ഓടുന്ന യുവാവ്, ഒടുവില്‍ വെടിയേറ്റ് വീഴുന്നു. അയാളുടെ മുഖത്തിന്റെ ക്ലോസ്സപ്പ്. ശരീരം മുഴുവന്‍ വെടിയുണ്ടയേറ്റ മുറിവുകള്‍. അവയ്ക്ക് മുകളിലൂടെ മാറിവരുന്ന ചിത്രത്തിന്റെ ടൈറ്റിലുകള്‍. വിപ്ലവ പ്രവര്‍ത്തകനായ സുമിത് കേന്ദ്രകഥാപാത്രമായ 'പടാതിക്ക്', അയാളുടെ സ്വയംവിമര്‍ശനങ്ങളും പാര്‍ട്ടിയുമായി അയാള്‍ക്കുണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങളും സൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന ഒരു രാഷ്ട്രീയ ചിത്രമാണ്. പാര്‍ട്ടി നേതാവായ നിഖില്‍ദായുമായും പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകനായ ബിമനുമായും സുമിതിനുള്ള ബന്ധം, അയാള്‍ ഷെല്‍ട്ടറായി ഉപയോഗിക്കുന്ന ഫ്‌ലാറ്റിന്റെ ഉടമസ്ഥ ഷീലയുടെ ജീവിതം എന്നിവ ചിത്രം കൃത്യമായി ചിത്രീകരിക്കുന്നു. പൊലീസ് തിരയുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ സുമിത്, സുരക്ഷിതമല്ലാത്ത പഴയ ഷെല്‍ട്ടര്‍ മാറി, ഷീലയുടെ ഫ്‌ലാറ്റില്‍ എത്തുമ്പോള്‍ അവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. പാര്‍ട്ടിയോട് അനുഭവമുള്ള ഷീലയും നേതാവ് നിഖില്‍ ദായുമായുള്ള പരിചയമാണ് സുമിതിനെ അവിടെയെത്തിക്കുന്നത്. ഷീലയുടെ വിദേശത്ത് നിന്നു തിരിച്ചുവന്ന കസിന്‍ എന്ന നിലയില്‍ അയാള്‍ അവിടെ താമസിക്കുന്നു. തികച്ചും ഏകാന്തമായ ഈ ജീവിതം, തന്നെക്കുറിച്ചും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും പാര്‍ട്ടിയുടെ ശത്രുമിത്രങ്ങളെക്കുറിച്ചും അതിന്റെ ജനപിന്തുണ എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്നതിനെ കുറിച്ചുമൊക്കെ ചിന്തിക്കാന്‍ അയാള്‍ക്ക് അവസരം നല്‍കുന്നു. ആ ചിന്തകളുണ്ടാക്കുന്ന ആശങ്കകളെക്കുറിച്ച് നിഖില്‍ദായുമായി സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍, അതിനയാള്‍ തയ്യാറാകുന്നില്ല. തന്റെ നിലപാടുകളും സംശയങ്ങളും ഒരു നീണ്ട കത്തില്‍ സുമിത് നിഖില്‍ ദായ്ക്ക് കൈമാറുന്നു. ആ കത്ത് വായിച്ച നിഖില്‍ ദാ അയാളുടെ ഷെല്‍ട്ടര്‍ മാറ്റാന്‍ തീരുമാനിക്കുന്നു. അയാളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ നിഖില്‍ ദാ ബിമന്‍ അടക്കമുള്ള പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നു.
നിരവധി ദിവസങ്ങള്‍ തുടര്‍ച്ചയായി ഒരേ ഫ്‌ലാറ്റില്‍ കഴിയുമ്പോഴും പരസ്പരമറിയാതെ ഷീലയും സുമിതും ജീവിക്കുന്നു. ഒടുവില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ഷീല, അയാള്‍ക്ക് മുന്‍പില്‍ മനസ്സ് തുറക്കുന്നു. സമ്പന്നനായ പഞ്ചാബി വ്യവസായിയുടെ മകള്‍ ഷീലയുടെ തകര്‍ന്ന ദാമ്പത്യവും അവരുടെ ഭര്‍ത്താവിന്റെ പീഡനങ്ങളും അറിയുമ്പോള്‍ സുമിതിന് അവരോട് തോന്നുന്ന അനുകമ്പ പ്രണയമായി തെറ്റിദ്ധരിക്കുന്ന ബിമന്‍, അക്കാരണത്താല്‍ അയാളില്‍നിന്ന് അകലുന്നു. വിപ്ലവ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് രക്തസാക്ഷിത്വം വരിച്ച, ഷീലയുടെ സഹോദരന്റെ ജീവിതമറിയുമ്പോള്‍ സുമിതിന് അവരോടുണ്ടായിരുന്ന അടുപ്പം വര്‍ദ്ധിക്കുന്നു.
സുമിതിന്റെ കുടുംബത്തിന്റെ കഥയും 'പടാതിക്ക്' തീവ്രതയോടെ ആവിഷ്‌കരിക്കുന്നു. ചിത്രത്തിന്റെ ആരംഭത്തില്‍, രോഗിയായ അമ്മ, ഫാക്ടറിയില്‍ ക്ലര്‍ക്കായ അച്ഛന്‍, ഫുട്‌ബോള്‍ കളിക്കാരനും തൊഴില്‍രഹിതനുമായ ഇളയ സഹോദരന്‍ ഇവരടങ്ങുന്ന സുമിതിന്റെ കുടുംബത്തില്‍ അയാള്‍ക്കും അച്ഛനുമിടയിലുണ്ടാവുന്ന തര്‍ക്കങ്ങള്‍ നാം കാണുന്നു. രണ്ട് തലമുറകള്‍ക്കിടയിലെ രാഷ്ട്രീയ നിലപാടുകളിലുണ്ടാവുന്ന ഈ വ്യത്യാസങ്ങള്‍, മൃണാള്‍ സെന്നും അദ്ദേഹത്തിന്റെ അച്ഛനുമിടയില്‍ നിലനിന്നിരുന്നത് മാത്രമല്ല, അദ്ദേഹത്തിനും മകന്‍ കുനാലിനിടയിലുണ്ടായിരുന്നവയുമാണ്. കമ്യൂണിസ്റ്റ് അനുഭാവിയാണെങ്കിലും സുമിതിന്റെ വഴികളെ വിമര്‍ശിക്കുന്ന അച്ഛന്‍, ഒടുവില്‍ ധൈര്യത്തോടെയിരിക്കാന്‍ മകനോട് ആവശ്യപ്പെടുന്നു. ചിത്രത്തിന്റെ അവസാന ഭാഗത്ത്, അമ്മയുടെ അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ ബിമന്‍ അറിയിച്ചതനുസരിച്ച് പൊലീസിനെ പ്രതീക്ഷിച്ചുകൊണ്ട് തന്നെ സുമിത് വീട്ടിലെത്തുന്നു. എന്നാല്‍, അതിനുമുന്‍പ് അവര്‍ മരിച്ചിരുന്നു. അതറിഞ്ഞ് തകര്‍ന്നുനില്‍ക്കുന്ന മകനെ മാറ്റി നിര്‍ത്തി, വീട്ടിലെ കാര്യങ്ങള്‍ താന്‍ നോക്കിക്കോളാം എന്നു പറയുന്ന അച്ഛന്‍, ഒരു രഹസ്യം അവനോട് പറയുന്നു. ഫാക്ടറിയില്‍ ഭാവിയില്‍ നടക്കാന്‍ സാദ്ധ്യതയുള്ള ഒരു സമരത്തിലും പങ്കെടുക്കില്ലെന്ന് സമ്മതപത്രമെഴുതിക്കൊടുക്കാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടപ്പോള്‍, താനതിനു തയ്യാറായില്ലെന്ന് അഭിമാനത്തോടെ അയാള്‍ മകനെ അറിയിക്കുന്നു. ധീരതയോടെ മുന്‍പോട്ട് പോകാന്‍ മകനോട് ആവശ്യപ്പെടുന്ന അച്ഛന്‍, ഒടുവില്‍ മകന്റെ വഴിയാണ് ശരിയെന്നു തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അത്ഭുതത്തോടെ അച്ഛനെ നോക്കുന്ന സുമിതിന് അതേസമയം തന്റെ വഴികളില്‍ സംശയം തോന്നിത്തുടങ്ങിയിരുന്നു. എങ്കിലും അച്ഛന്റെ മാറ്റത്തില്‍ സന്തോഷിച്ച്, തന്നെ അറസ്റ്റ് ചെയ്യാന്‍ വരുന്ന പൊലീസിനെ ചിരിച്ചുകൊണ്ട് അഭിമുഖീകരിക്കുന്ന സുമിതിലാണ് സെന്‍ 'പടാതിക്ക്' അവസാനിപ്പിക്കുന്നത്.
ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ചിരുന്ന മൃണാള്‍ സെന്നിന്റെ ചിന്തകളുമായി ഏറെ അടുത്തുനില്‍ക്കുന്ന ചിത്രമായ 'പടാതിക്ക്', അദ്ദേഹത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കടുത്ത വിമര്‍ശനമുന്നയിക്കുന്നതിനു കാരണമായ ചിത്രം കൂടിയാണ്. ദീര്‍ഘകാലം നീണ്ടുനിന്ന ഈ വിമര്‍ശനത്തെ അദ്ദേഹം തുറന്ന മനസ്സോടെ സ്വീകരിച്ചു. 1970ലെ കല്‍ക്കട്ട നഗരത്തില്‍ ജീവിക്കുന്ന സുമിത് എന്ന വിപ്ലവപ്രവര്‍ത്തകന്റെ ജീവിതം നേരിടുന്ന ആന്തരിക സംഘര്‍ഷങ്ങളാണ് പ്രധാനമായും ചിത്രം ആവിഷ്‌കരിക്കുന്നത്. സ്വന്തം ജീവിതങ്ങള്‍ മാത്രമല്ല, തങ്ങള്‍ക്കു ചുറ്റുമുള്ളവരുടെ ജീവിതങ്ങളും ബലി നല്‍കിക്കൊണ്ട് ഇന്ത്യയുടെ പല ഭാഗങ്ങളിലും എഴുപതുകളുടെ തുടക്കത്തില്‍ നടന്ന തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരും പ്രവര്‍ത്തകകളും നേരിട്ട മാനസിക സംഘര്‍ഷങ്ങളും അവരുടെ ആത്മവിമര്‍ശനങ്ങളും ശക്തമായ രീതിയില്‍ 'പടാതിക്' ആവിഷ്‌കരിക്കുന്നു. ചിത്രത്തില്‍ ഇടയ്ക്കിടെ കാണുന്ന പത്രവാര്‍ത്തകള്‍, രാജ്യത്തിനകത്തും പുറത്തും നടക്കുന്ന രാഷ്ട്രീയ സംഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു. കല്‍ക്കട്ട നഗരത്തില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും പൊലീസ് വെടിവെയ്പും ചിത്രം രേഖപ്പെടുത്തുന്നു. അത്തരം ഒരു പ്രകടനത്തില്‍ സുമിതിന്റെ പിതാവിനേയും നാം കാണുന്നു. വിശപ്പടക്കാനായി തെരുവുകളില്‍ യാചിക്കുന്ന പിഞ്ചുകുട്ടികളടക്കമുള്ളവരുടെ ദയനീയമായ ദൃശ്യങ്ങള്‍ ചിത്രത്തില്‍ കാണാം. പ്രസ്സില്‍ നോട്ടീസുകള്‍ തയ്യാറാക്കുന്ന പാര്‍ട്ടി നേതാവ് നിഖില്‍ ദാ, സുമിതിന്റെ പ്രസക്തമായ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ കഴിയാതെ, പാര്‍ട്ടിവിരുദ്ധനായി അയാളെ മുദ്രകുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ മനസ്സില്‍ അവശേഷിപ്പിച്ചുകൊണ്ട്, പലരേയുംപോലെ സുമിതും ജയിലിലേക്കു പോകുന്നു. തിരിച്ചുവരുമ്പോള്‍, അനിശ്ചിതമായ ഭാവി മാത്രമാണ് അയാളെ കാത്തിരിക്കുന്നത്. എഴുപതുകളില്‍ കല്‍ക്കട്ട നഗരം കണ്ട, അവിടെ തെരുവുകളില്‍ ഒടുങ്ങിയ നിരവധി ഗറില്ലാ പോരാളികളില്‍ ഒരാളായി സുമിത് ചിത്രത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നു. അവര്‍ക്ക് ഏറ്റുമുട്ടേണ്ടിവന്നത് പുറംലോകത്തോട് മാത്രമായിരുന്നില്ല, തങ്ങളുടെയുള്ളില്‍നിന്ന് ഉയര്‍ന്നുവന്ന ചോദ്യങ്ങളേയും ആശങ്കകളേയും അവ ഉന്നയിക്കുമ്പോള്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന നേതാക്കളേയും കൂടിയായിരുന്നു.
കല്‍ക്കട്ടയുടെ പ്രതിസന്ധികള്‍
ആദ്യകാല സിനിമകളില്‍ സഹതിരക്കഥാകൃത്തായിരുന്ന ആശിഷ് ബര്‍മനും മൃണാള്‍ സെന്നും ഒന്നിച്ചു പ്രവര്‍ത്തിച്ച അവസാന ചിത്രമാണ് 'പടാതിക്.' എഴുപതുകളില്‍ കല്‍ക്കട്ട നഗരം നേരിട്ട രാഷ്ട്രീയ പ്രതിസന്ധികള്‍ ലോകത്തിലെ മറ്റു പ്രദേശങ്ങളിലും ജനങ്ങള്‍ അനുഭവിച്ചവയാണെന്നു പുറംരാജ്യങ്ങളിലെ സംവിധായകരുമായുള്ള അടുത്തബന്ധം വഴി സെന്‍ തിരിച്ചറിഞ്ഞിരുന്നു. ചിത്രം പൂര്‍ത്തിയായ ഉടന്‍ നടന്ന ബര്‍ലിന്‍ ചലച്ചിത്രമേളയില്‍വെച്ച്, ലാറ്റിനമേരിക്കയിലേയും മറ്റു മൂന്നാം ലോകരാജ്യങ്ങളിലേയും സംവിധായകരില്‍ പലരുമായും സംവദിക്കാന്‍ അവസരം ലഭിച്ച സെന്‍, തന്റെ ചിത്രത്തിന്റെ സര്‍വ്വലൗകികമായ പ്രാധാന്യം മനസ്സിലാക്കി, അത് മൂന്നാംലോക യാഥാര്‍ത്ഥ്യങ്ങളാണ് ആവിഷ്‌കരിക്കുന്നതെന്നു തിരിച്ചറിഞ്ഞു. മൂന്നാംലോക സിനിമയിലെ പ്രമുഖ ഡോക്യുമെന്ററികളായ, അര്‍ജന്റീനയിലെ സോളനസ് (Fernanado Solanas), ഗെറ്റിനോ (Getino) എന്നിവരുടെ 'അവര്‍ ഓഫ് ദ ഫര്‍ണ്ണസസ്' (Hour of the Furnaces), ജോറിസ് ഐവാന്‍സി(Joris Ivans)ന്റെ വിയറ്റ്‌നാം യുദ്ധ ഡോക്യുമെന്ററി എന്നിവയില്‍നിന്നു ചില ഭാഗങ്ങള്‍ സെന്‍ 'പടാതിക്കി'ല്‍ ചേര്‍ത്തിട്ടുണ്ട്.
'പടാതിക്കി'ല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ വിവാദ പ്രശ്‌നങ്ങള്‍ പൊതുജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചു എന്നതിന്റെ പേരില്‍ സെന്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടു. ചിത്രത്തില്‍ അമ്മയുടെ ശവശരീരത്തിനു മുന്‍പാകെ, സുമിതും അച്ഛനും തങ്ങള്‍ക്കിടയിലെ വൈരാഗ്യം മറന്ന് ഒരുമിച്ചത് മദ്ധ്യവര്‍ഗ്ഗത്തിന്റെ റൊമാന്റിക് ശൈലിയുടെ ഭാഗമായി വ്യാഖ്യാനിച്ചവര്‍, അതിന്റെ പേരിലും സെന്നിനെ കുറ്റപ്പെടുത്തി. രാഷ്ട്രീയത്തിനുമപ്പുറത്താണ് മനുഷ്യത്വം എന്നാണ് സെന്‍ അതിനു മറുപടി പറഞ്ഞത്. പല വിമര്‍ശനങ്ങളും നേരിട്ടെങ്കിലും സെന്നിന്റെ മികച്ച ചിത്രങ്ങളിലൊന്നായാണ് 'പടാതിക്ക്' എക്കാലവും വിലയിരുത്തപ്പെടുന്നത്. ചിത്രത്തില്‍ സുമിതിന്റെ അച്ഛനായി വേഷമിട്ട ബിജന്‍ ഭട്ടാചാര്യ ഐ.പി.ടി.എ(ipta)യുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സുമിതായ ധീര്‍ത്തിമാന്‍ ചാറ്റര്‍ജി, തന്റെ വേഷം കൃത്യമായി കൈകാര്യം ചെയ്തിട്ടുണ്ട്. സെന്നിന്റെ ജീവിതവും ചിന്തകളുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന ചിത്രമായി 'പടാതിക്കി'നെ വിലയിരുത്താവുന്നതാണ്. രാഷ്ട്രീയ വിശ്വാസവുമായി ബന്ധപ്പെട്ട് സുമിത് നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ ജീവിതത്തില്‍ സെന്‍ അനുഭവിച്ചവതന്നെയാണ്. ചിത്രത്തില്‍ ആവിഷ്‌കരിക്കുന്ന, രണ്ട് തലമുറകള്‍ക്കിടയിലെ രാഷ്ട്രീയ സമീപനങ്ങളിലെ വൈരുദ്ധ്യങ്ങള്‍, സെന്‍ തന്റെ പിതാവുമായും മകനുമായും അഭിമുഖീകരിച്ചിരുന്നു. മൂന്നു പേരും കമ്യൂണിസ്റ്റ് ആശയങ്ങളിലും ചിന്തകളിലും വിശ്വസിച്ചിരുന്നുവെങ്കിലും/വിശ്വസിക്കുന്നുവെങ്കിലും അവയുടെ പ്രയോഗത്തിലെ വ്യത്യാസങ്ങള്‍ അവര്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ക്കു കാരണമായിട്ടുണ്ട്. സമാനമായ അവസ്ഥയാണ് ചിത്രത്തില്‍ സുമിതിനും അയാളുടെ അച്ഛനുമിടയില്‍ നിലനില്‍ക്കുന്നത്.
കല്‍ക്കട്ട ചിത്രത്രയം മൃണാള്‍ സെന്നിന്റെ ചലച്ചിത്ര ജീവിതത്തില്‍ നിര്‍ണ്ണായകങ്ങളായ പല മാറ്റങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അതോടെയാണ് അന്താരാഷ്ട്ര ചലച്ചിത്രരംഗത്ത്, പ്രത്യേകിച്ച് മൂന്നാംലോക സിനിമമേഖലയില്‍ അദ്ദേഹം ഏറെ ശ്രദ്ധേയനായി മാറിയത്. ഈ ചിത്രങ്ങളോടെ, ഇന്ത്യന്‍ സിനിമാരംഗത്ത് രാഷ്ട്രീയ സിനിമ എന്ന പുതിയ ഒരു ചലച്ചിത്രശാഖയ്ക്ക് സെന്‍ തുടക്കം കുറിച്ചു. ഗൗതം ഘോഷ്, ഉത്പലേന്ദു ചക്രവര്‍ത്തി തുടങ്ങിയ ബംഗാളി സംവിധായകര്‍ സെന്നിന്റെ ഈ രാഷ്ട്രീയപാത പിന്തുടര്‍ന്നവരാണ്. ഗോവിന്ദ് നിഹലാനി, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരിലും അദ്ദേഹത്തിന്റെ സ്വാധീനം കാണാന്‍ കഴിയും. ഇന്ത്യന്‍ സിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്നതും കല്‍ക്കട്ട ത്രയത്തിന്റെ സവിശേഷതയായി തിരിച്ചറിയപ്പെടുന്നു. അതിലെ ആദ്യ രണ്ട് ചിത്രങ്ങള്‍ ഇതിന്റെ കൃത്യമായ ദൃഷ്ടാന്തങ്ങളാണ്. രേഖീയമായ ആവിഷ്‌കാര രീതി മറികടക്കുന്ന ഇവ പുതിയൊരു നറേറ്റീവ് രീതി ഇന്ത്യന്‍ സിനിമയില്‍ സൃഷ്ടിച്ചു. ഇവ പലപ്പോഴും ഗൊദാര്‍ദിന്റെ പരീക്ഷണ ചിത്രങ്ങളാണ് പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്നത്.
കല്‍ക്കട്ടത്രയത്തിനുശേഷം സംവിധാനം നിര്‍വ്വഹിച്ച 'കോറസ്സി'(Chorus, 1974)ല്‍, സാമ്പ്രദായികമായ നറേറ്റീവ് രീതി സെന്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നു. ഇതിനു പ്രശസ്ത റഷ്യന്‍ സംവിധായകരായ ഐസന്‍സ്റ്റീനേയും (Sergei Eisenstien) ദീഗാവെര്‍തോവി(Diega Vertov)നേയുമാണ് അദ്ദേഹം മാതൃകകളായി സ്വീകരിച്ചിരുന്നത്. കല്‍ക്കട്ട ത്രയവുമായി ചേര്‍ത്തു വെക്കാവുന്ന സെന്‍ ചിത്രം 'കോറസ്സ്' തിയേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും 1974ലെ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഫിപ്രസി പുരസ്‌കാരം, ആ വര്‍ഷത്തെ മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സില്‍വര്‍ മെഡല്‍ എന്നിവ അതു കരസ്ഥമാക്കി. കൂടാതെ, 1974ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ചിത്രം, മികച്ച സംഗീത സംവിധാനം (ആനന്ദ് ശങ്കര്‍) എന്നിവയ്ക്കുള്ള അവാര്‍ഡുകളും 'കോറസ്സ്' നേടി. സംഗീത സംവിധാനത്തിനു പുരസ്‌കാരം ലഭിക്കുന്ന, സെന്നിന്റെ ഏക ചിത്രമാണ് 'കോറസ്സ്' എന്നത് ശ്രദ്ധേയമാണ്.
വളരെ ആകസ്മികമായാണ് സെന്‍ 'കോറസ്സി'ലെത്തുന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഒരു ദിവസം കല്‍ക്കട്ടയിലെ ഡല്‍ഹൗസി സ്‌ക്വയറില്‍ ചെന്ന സെന്‍, തൊട്ടടുത്തുള്ള റിസര്‍വ്വ് ബാങ്കിനു സമീപത്ത് നീണ്ട ഒരു ക്യു കണ്ട് അത്ഭുതപ്പെട്ടു. അന്വേഷിച്ചപ്പോള്‍ ബാങ്കിലെ ചില ജോലി ഒഴിവുകള്‍ക്കായുള്ള അപേക്ഷഫാറം വാങ്ങാനുള്ളവരുടെ ക്യു ആണതെന്ന് അദ്ദേഹം മനസ്സിലാക്കി. ക്യു കണ്ട സെന്‍, താന്‍ അടുത്ത് വായിച്ച ഏീഹൗാ ഗൗററൗന്റെ 'ഏക് സാത്തെ' എന്ന രചന ഓര്‍മ്മിച്ചു. നഗരത്തില്‍ നടക്കാന്‍ പോകുന്ന സി.പി.ഐയുടെ റാലിയില്‍ പങ്കെടുക്കാനായി ബംഗാളിലെ വിദുര ഗ്രാമമായ ബര്‍ദ്വാനില്‍ നിന്നെത്തിയവരെക്കുറിച്ചായിരുന്നു ആ രചന. ഈ രണ്ട് സംഭവങ്ങളും ചേര്‍ത്തുവെച്ചുകൊണ്ട് ഒരു ഫാന്റസി നിര്‍മ്മിക്കാന്‍ സെന്‍ ആഗ്രഹിച്ചു. ഫാന്റസി എഴുതുന്നതില്‍ പ്രശസ്തനായ, അസംബന്ധ നാടകരംഗത്ത് അറിയപ്പെട്ടിരുന്ന മോഹിത് ചതോപാധ്യായയുടെ സഹായത്തോടെ അദ്ദേഹം ഒരു തിരക്കഥ എഴുതാനാരംഭിച്ചു. അതിന്റെ സവിശേഷമായ ഘടന കാരണം, ചിത്രത്തിനു നിര്‍മ്മാതാവിനെ കണ്ടെത്താന്‍ കഴിയാതെ, പണം കടമെടുത്ത് സെന്‍ സ്വന്തമായി ചിത്രം നിര്‍മ്മിക്കയായിരുന്നു. കേന്ദ്രീകൃത അധികാരവ്യവസ്ഥയുടെ, ഫാന്റസി കലര്‍ന്ന ആവിഷ്‌കാരമായ കോറസ് പൂര്‍ത്തിയായ 1974 കഴിഞ്ഞ് ഒരു വര്‍ഷത്തിനിടയില്‍, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നത് കേവലമൊരു ആകസ്മിക സംഭവം മാത്രമായി കാണാന്‍ കഴിയില്ല. ബ്രിട്ടീഷ് നിരൂപകന്‍ ലിന്‍ഡ്‌സെ ആന്‍ഡേഴ്‌സ(Lindsay Anderson)നെ ഉദ്ധരിച്ച് സെന്‍ പറയാറുള്ളതുപോലെ, 'ഇന്നത്തെ ഫാന്റസി നാളെ യാഥാര്‍ത്ഥ്യമായി മാറാ'മെന്നതിന്റെ കൃത്യമായ ദൃഷ്ടാന്തമാണ് 1975ലെ അടിയന്തരാവസ്ഥയും 1974ല്‍ അദ്ദേഹം സംവിധാനം ചെയ്ത കോറസ്സും. 'കോറസ്സി'ല്‍, കോട്ടയ്ക്കകത്ത് ആധുനികവേഷം ധരിച്ച ഭരണാധികാരികള്‍, ചെയര്‍മാന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫാസിസ്റ്റ് ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി ചെയര്‍മാന്‍ വെറും നൂറ് തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കുന്നത്. അവയ്ക്കുള്ള അപേക്ഷ ഫാറങ്ങള്‍ വാങ്ങാന്‍ രാജ്യം മുഴുവനും ആളുകള്‍ മണിക്കൂറുകളും ദിവസങ്ങളും കാത്തിരിക്കുന്നു. അപേക്ഷഫാറങ്ങള്‍ക്കായി ആളുകള്‍ വന്നുകൊണ്ടേയിരിക്കുന്നു. അതു വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍, ജനങ്ങള്‍ തങ്ങളുടെ ദുരിതങ്ങള്‍ മാധ്യമങ്ങളുമായി പങ്ക് വെയ്ക്കുന്നു. മാധ്യമങ്ങളുമായി ജനങ്ങള്‍ പങ്കുവെയ്ക്കുന്ന പരാതികള്‍ വഴി, രാജ്യത്തിന്റെ യഥാര്‍ത്ഥ അവസ്ഥ പുറംലോകമറിയുന്നു. തൊഴില്‍ശാലകളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഒരേപോലെ ചൂഷണം ചെയ്യപ്പെടുന്നവരില്‍ സ്ത്രീകളും കുട്ടികളും യുവാക്കളും യുവതികളുമുണ്ട്. ഭൂമാഫിയ, ഫാക്ടറി ഉടമസ്ഥര്‍, സമ്പന്നര്‍ എന്നിവര്‍ക്കു മുന്‍പില്‍ നിയമവും നിയമപാലകരും വെറും നോക്കുകുത്തികളാകുന്നു. സെന്‍ ഇവയൊക്കെ ചിത്രീകരിച്ച്, കേവലം ഒരു വര്‍ഷം തികയും മുന്‍പ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട്, നമ്മുടെ രാജ്യം സമാനമായ അവസ്ഥയിലെത്തിയിരുന്നു. ഒടുവില്‍, ജോലി വാഗ്ദാനം വെറും തട്ടിപ്പാണെന്നു മനസ്സിലാക്കുന്ന ജനങ്ങള്‍ കൂട്ടം ചേര്‍ന്നു ഭരണകൂടത്തിന്റെ കോട്ട ആക്രമിക്കാന്‍ തീരുമാനിക്കുന്നു.
തിയേറ്ററില്‍ പൂര്‍ണ്ണമായ പരാജയമായിരുന്നെങ്കിലും ഇന്ത്യയ്ക്കകത്തും പുറത്തും 'കോറസ്സ്' അംഗീകരിക്കപ്പെട്ടു. നാല് വര്‍ഷങ്ങളില്‍ നാല് ശ്രദ്ധേയങ്ങളായ ചിത്രങ്ങള്‍ നിര്‍മ്മിച്ച സെന്‍, രാജ്യത്തിന്റെ വര്‍ത്തമാനഭാവികാല അവസ്ഥകള്‍ തികച്ചും വ്യത്യസ്തങ്ങളായ രീതികളില്‍ അവയില്‍ ആവിഷ്‌കരിക്കുകയായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ പുതിയൊരദ്ധ്യായത്തിനു തുടക്കം കുറിച്ച സെന്‍, രാഷ്ട്രീയ സിനിമയ്ക്ക് പുതിയ നിര്‍വ്വചനം നല്‍കിക്കൊണ്ട് ഒരു വന്‍നിര സംവിധായകരെ/സംവിധായികമാരെ തന്റെ പിന്‍തുടര്‍ച്ചക്കാരായി സൃഷ്ടിച്ചു. ഗൗതം ഘോഷ്, അടൂര്‍ ഗോപാലകൃഷ്ണന്‍, ഗോവിന്ദ് നിഹലാനി, മണികൗള്‍, അപര്‍ണ്ണ സെന്‍ എന്നിവര്‍ ഇവരിലുള്‍പ്പെടുന്നു.
'ഇന്റര്‍വ്യൂ', 'കല്‍ക്കട്ട 71', 'പടാതിക്ക്', 'കോറസ്സ്' എന്നീ ഈ നാല് ചിത്രങ്ങള്‍ സെന്നിന്റെ സവിശേഷമായ ആഖ്യാനരീതികള്‍ രേഖപ്പെടുത്തുന്നവയാണ്. ഷാര്‍പ് കട്ടുകളും ഫ്രീസ് ഷോട്ടുകളും ശൂന്യമായ സ്‌ക്രീനുകളും ഇവയില്‍ നിരന്തരം നാം കാണുന്നു. സിനിമകളിലെ 'യാഥാര്‍ത്ഥ്യങ്ങളു'മായി ഇവ പ്രേക്ഷകരെ ചേര്‍ത്തുനിര്‍ത്തുന്നു, അവരെ ജാഗരൂകരാക്കുന്നു. ചിത്രങ്ങളിലെ പത്രവാര്‍ത്തകളുടെ ദൃശ്യങ്ങള്‍, പ്രത്യേകിച്ച് പടാതിക്കില്‍, സംഘര്‍ഷങ്ങള്‍ നിറഞ്ഞ ചുറ്റുമുള്ള ലോകത്തെക്കുറിച്ച് നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു, സിനിമകളുമായി ചേര്‍ന്നു നിന്നുകൊണ്ട് അവയ്ക്ക് കരുത്തുനല്‍കുന്നു. 'പടാതിക്കി'ല്‍ പത്രം അച്ചടിക്കുന്ന ദൃശ്യങ്ങള്‍ പലപ്പോഴായി നമുക്കു മുന്‍പിലെത്തുന്നു. തൊഴിലില്ലായ്മ, പട്ടിണി തുടങ്ങിയ പത്രങ്ങളിലെ വാര്‍ത്തകളില്‍ ദൃശ്യങ്ങളില്‍ പ്രാമുഖ്യം നേടുന്നു. ലോകം കണ്ട വിമോചന പോരാട്ടങ്ങളുടെ ക്ലിപ്പിങ്ങുകള്‍ സെന്‍ സൂക്ഷ്മമായി ഈ ചിത്രങ്ങളില്‍ ഉപയോഗിക്കുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സ്വാതന്ത്ര്യസമരങ്ങള്‍, വിയറ്റ്‌നാമില്‍ നടന്ന അമേരിക്കന്‍ വിരുദ്ധ പോരാട്ടങ്ങള്‍, അവര്‍ ഓഫ് ദ ഫര്‍ണ്ണസസിന്റെ ഭാഗങ്ങള്‍ എന്നിവ പല സന്ദര്‍ഭങ്ങളില്‍ ഈ ചിത്രങ്ങളില്‍ നാം കാണുന്നു. 'നീല്‍ ആകാഷേര്‍ നീചെ'യിലേതുപോലെ, കല്‍ക്കട്ടയിലെ ജീവിതസമസ്യകളെ ആഗോള പരിസരങ്ങളില്‍ ആവിഷ്‌കരിക്കാനുള്ള സെന്നിന്റെ ശ്രമങ്ങള്‍ ഈ ചിത്രങ്ങള്‍ക്ക് അന്താരാഷ്ട്ര മാനം നല്‍കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടന്ന ചലച്ചിത്രമേളകളില്‍വെച്ച് സെന്‍ കണ്ടുമുട്ടാറുണ്ടായിരുന്ന ലാറ്റിനമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ സംവിധായകരുമായുള്ള ബന്ധങ്ങള്‍ അദ്ദേഹത്തിന് ഇതിനു സഹായകരമായി മാറിയിട്ടുണ്ട്. ശക്തരായ സ്ത്രീ കഥാപാത്രങ്ങളേയും സെന്‍ ഈ ചിത്രങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. 'ഇന്റര്‍വ്യൂ'വില്‍ രഞ്ജിത്തിന്റെ സഹോദരിയും അമ്മയും കാമുകിയും 'കല്‍ക്കട്ട 71'ല്‍ ശോവന, 'പടാതിക്കി'ല്‍ ഷീല എന്നിവര്‍ക്കു പുറമെ, പല സന്ദര്‍ഭങ്ങളിലും മറ്റു സ്ത്രീകളും തങ്ങളുടെ പ്രശ്‌നങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്‍പാകെ അവതരിപ്പിക്കുന്നു. 'പടാതിക്കി'ലെ അത്തരം ഒരു ദൃശ്യത്തില്‍, സമൂഹത്തിലെ പല വിഭാഗം സ്ത്രീകളില്‍ സെന്നിന്റെ മാതാവ് സരജുബാലയുമുള്‍പ്പെടുന്നു. യഥാര്‍ത്ഥ കാലദേശ ബന്ധങ്ങള്‍ക്കപ്പുറം പലപ്പോഴും ഈ സെന്‍ ചിത്രങ്ങള്‍ സഞ്ചരിക്കുന്നു. 'ഇന്റര്‍വ്യൂ'വില്‍ രഞ്ജിത്ത് മല്ലിക്കും സുഹൃത്തും നടത്തുന്ന കാര്‍ യാത്രയ്ക്കിടയില്‍ സുഹൃത്ത് ഇറങ്ങിപ്പോകുന്ന സ്ഥലം, യഥാര്‍ത്ഥ സ്ഥലത്തുനിന്ന് ഏത്രയോ അകലെയാണ്. 'കോറസ്സി'ലെ ഫാന്റസികളില്‍, സ്ഥലകാലങ്ങള്‍ കുഴഞ്ഞുമറിഞ്ഞുകിടക്കുന്നു. മൃണാള്‍ സെന്നിന്റെ ചലച്ചിത്ര ജീവിതത്തില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ നിര്‍ണ്ണായകങ്ങളായ ചലച്ചിത്ര പരീക്ഷണങ്ങളും രാഷ്ട്രീയ സിനിമകളുമായാണ് കല്‍ക്കട്ട ചിത്രത്രയവും 'കോറസും' വിലയിരുത്തപ്പെടുന്നത്.
(അവസാനിച്ചു)
ഈ ലേഖനം കൂടി വായിക്കൂ
'ഈ നഗരം എന്നെ ചരിത്രത്തിലേക്ക് വലിച്ചെറിയുകയും വര്‍ത്തമാനത്തിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്യുന്നു'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ