അടിമുടി കാവ്യാത്മകമാണ് പദ്മരാജ സ്വരൂപം

ഒരെഴുത്തുകാരന്റെ വിനയാന്വിതഭാവമൊന്നും പദ്മരാജനില്ലെന്ന് അന്നേ എനിക്കു മനസ്സിലായി. ഒരു സംവിധായകന്റെ ഉദ്ധതഭാവമാണ് സ്ഥായീഭാവം. അനുസരിക്കുകയല്ല, അനുസരിപ്പിക്കുകയാണ്
അടിമുടി കാവ്യാത്മകമാണ് പദ്മരാജ സ്വരൂപം

ചില ആത്മസൗഹൃദങ്ങളിലെ കഥാപാത്രങ്ങള്‍ പില്‍ക്കാലത്ത് നിനവില്‍ വരുമ്പോള്‍ എന്നാണ് ആദ്യമായി തമ്മില്‍ കണ്ടുമുട്ടിയത് എന്ന് ഓര്‍ത്തെടുക്കാനാവാതെ അമ്പരപ്പെടാറുണ്ട്. 

ആ ഗണത്തിലാണ് പദ്മരാജനുമുള്ളത്.

എപ്പോഴായിരുന്നാലും ആ കണ്ടുമുട്ടലില്‍ ഞാന്‍ ഒരാള്‍ക്കൂട്ടത്തിന്റെ ഉള്ളിലായിരുന്നിരിക്കണം. അദ്ദേഹമാകട്ടെ, മിക്കവാറും ഒരു പ്രകാശവലയത്തിനുള്ളിലും. അനേകം കണ്ണുകള്‍ ആ വലയത്തിനുള്ളിലേക്ക് നീന്തിച്ചെല്ലുന്നുണ്ടാവണം. കൂട്ടത്തില്‍ എന്റെ കണ്ണുകളും. എങ്കിലും ഓര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്ന ഒരു കാഴ്ചയുണ്ട്. പുരസ്‌കാരനിറവില്‍ 'സ്വയംവര'ത്തിലൂടെ മലയാള സിനിമയുടെ പുതിയ താരോദയമായി അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രത്യക്ഷനാകുന്ന കാലം. അന്ന് തിരുവനന്തപുരത്തെ ഹസ്സന്‍ മരക്കാര്‍ ഹാളില്‍ വിശ്രുതമായ 'വെയ്റ്റിങ് ഫോര്‍ ഗോദോ'യുടെ മലയാളാവതരണം നടക്കുന്നു. അടൂരാണ് സംവിധായകന്‍. ഭരത് ഗോപിയും പി.കെ. വേണുക്കുട്ടന്‍ നായരും പ്രധാന വേഷങ്ങളില്‍. പാസ്സില്ലാതെ ഒറ്റയാളേയും തിയേറ്ററിനകത്തു കയറ്റില്ലെന്നു തലേദിവസങ്ങളില്‍ പലരും പറഞ്ഞുകേട്ടു. ഓടിനടന്ന് ഞാനും സംഘടിപ്പിച്ചെടുത്തു ഒരു പാസ്സ്. ഒട്ടുനേരത്തേ തിയേറ്ററിനകത്ത് ഇരിപ്പുറപ്പിക്കുകയും ചെയ്തു. വാതിലില്‍നിന്നും രണ്ടു നിര പിന്നിലായാണെന്റെ ഇരിപ്പ്. വാതിലിലൂടെ കടന്നുവരുന്ന ഓരോ ആളെയും കണ്ണിലൂടെ സ്‌കാന്‍ ചെയ്താണ് ഞാന്‍ വിടുന്നത്. ശരിയാണ്. പാസ്സില്ലാത്ത ഒറ്റ ഒരാളും അകത്തേയ്ക്കു കടക്കുന്നില്ല. ഫൈന്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥികളാവണം മൂന്നുനാലു യുവാക്കള്‍ വെറും കയ്യുമായി വന്നു. കുറേനേരം അവര്‍ വാതില്‍ക്കല്‍ തര്‍ക്കിച്ചുനില്‍ക്കുന്നതു കണ്ടു. അപ്പോഴേയ്ക്ക് കൂടുതല്‍ ആളുകള്‍ അവിടെയെത്തി. പാസ്സില്ലാത്തവരെ തുരത്തിവിട്ടു. വീണ്ടും മൂന്നുനാലു പേര്‍ പാസ്സ് കാണിച്ച് അകത്തുകടന്നശേഷമാണ് പദ്മരാജന്റെ വരവ്. അന്ന് അത്ര പ്രസിദ്ധനായിട്ടില്ല. ആകാശവാണിയിലെ ഘനഗംഭീരസ്വരം പലര്‍ക്കും പരിചിതം. വാരികകളില്‍ ഫോട്ടോ കണ്ടിട്ടുള്ളതുകൊണ്ട് തിരിച്ചറിയാന്‍ എനിക്കൊട്ടും പ്രയാസമുണ്ടായില്ല. 'അതാണ് പദ്മരാജന്‍.' അരികിലിരുന്ന സുഹൃത്ത് ചെവിയില്‍ പറഞ്ഞു. വാതില്‍ക്കല്‍ നിന്നയാള്‍ പാസ്സിനായി കൈനീട്ടുന്നുണ്ട്. ആ ദിക്കിലേക്കേ നോക്കാതെ സദസ്സില്‍ ആരുടേയോ നേര്‍ക്ക് കയ്യുയര്‍ത്തിക്കാട്ടി മുന്നോട്ടു നടക്കുകയാണ്. കാവല്‍ക്കാരന്‍ 'പാസ്സ്, പാസ്സ്' എന്നുരുവിട്ടുകൊണ്ട് പിന്നാലെ ചെല്ലുന്നു. അതൊന്നുമറിയാതെ പദ്മരാജന്‍ മുന്നോട്ടുതന്നെ നീങ്ങുന്നു. ചമ്മലോടെ ചുറ്റും നോക്കിയിട്ട് കാവല്‍ക്കാരന്‍ വാതില്‍ക്കലേക്ക് മടങ്ങുന്നു. ഒരെഴുത്തുകാരന്റെ വിനയാന്വിതഭാവമൊന്നും പദ്മരാജനില്ലെന്ന് അന്നേ എനിക്കു മനസ്സിലായി. ഒരു സംവിധായകന്റെ ഉദ്ധതഭാവമാണ് സ്ഥായീഭാവം. അനുസരിക്കുകയല്ല, അനുസരിപ്പിക്കുകയാണ്. തന്റേടം, താന്‍പോരിമ. ഇങ്ങനെയൊക്കെയാണെങ്കിലും അടിമുടി കാവ്യാത്മകമാണ് പദ്മരാജ സ്വരൂപം.

തുടര്‍ന്ന് എവിടെയൊക്കെയോ വെച്ച് കണ്ടുമുട്ടി. ചലച്ചിത്ര പ്രദര്‍ശനവേദികളില്‍, പ്രസംഗപീഠങ്ങളില്‍. മായാതെ നില്‍ക്കുന്ന മറ്റൊരു കാഴ്ച പദ്മരാജന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ലൊക്കേഷനിലാണ്. നെയ്യാര്‍ ഡാമില്‍ 'പെരുവഴിയമ്പല'ത്തിന്റെ ഷൂട്ടിങ് നടക്കുന്നു. ഭരത് ഗോപി അവിടെയുണ്ടെന്നറിഞ്ഞ അദ്ദേഹത്തെ കാണാനായി ഞാനങ്ങോട്ടു ചെല്ലുന്നു. ഗസ്റ്റ്ഹൗസില്‍ അദ്ദേഹവുമായി സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് വിളിക്കാന്‍ ആളെത്തിയത്. അദ്ദേഹം എന്നെയും കൂടെ കൂട്ടി. വിശ്വംഭരന്റെ ചായക്കടയായിരുന്നു ലൊക്കേഷന്‍. അവിടെ കെ.പി. എ.സി ലളിതയും കൗമാരക്കാരനായ അശോകനുമൊക്കെയുണ്ടായിരുന്നുവെന്നോര്‍ക്കുന്നു. ഏറെനേരം ഷൂട്ടിങ്ങും കണ്ട് ഞാനിരുന്നു. ഷോട്ടുകള്‍ക്കിടയില്‍ പദ്മരാജന്‍ വരും. വര്‍ത്തമാനം പറഞ്ഞിരിക്കും. പിന്നെയും ക്യാമറയുടെ പിന്നിലേക്കു പോകും.

പല വേദികളിലും പ്രസംഗകരായി ഒത്തുകൂടിയിട്ടുണ്ട്. വേദികളില്‍ 'വഴക്കാളി'യാ യിരുന്ന, ഒരു കാലഘട്ടത്തില്‍പോലും പദ്മരാജനുമായി എനിക്കേറ്റുമുട്ടേണ്ടിവന്നിട്ടില്ല. ഒന്നിച്ചു പ്രസംഗിച്ചതില്‍ അവിസ്മരണീയം എറണാകുളം മഹാരാജാസില്‍ യൂണിവേഴ്‌സിറ്റി യൂണിയന്റെ ഒരു സെമിനാറില്‍ പങ്കെടുത്തതാണ്. സുരേഷ് കുറുപ്പാണ് അന്ന് യൂണിയന്‍ ചെയര്‍മാന്‍. രാവിലെ പത്തോ പതിനൊന്നോ മണിക്കാണ് സംഭവം. ഞാന്‍ തിരുവനന്തപുരത്തുനിന്നെത്തുന്നു. പദ്മരാജന്‍ മദ്രാസില്‍നിന്നും. പിന്നൊരാള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്. പുള്ളിക്കു പിന്നെ എറണാകുളം സ്വന്തം നാടാണല്ലോ. ഞങ്ങള്‍ രണ്ടും കൃത്യസമയത്തെത്തി. പദ്മരാജന്റെ വണ്ടി ലേറ്റാണെന്നറിഞ്ഞു. പിന്നെ അദ്ദേഹത്തിനുവേണ്ടിയുള്ള കാത്തിരിപ്പായി. സഹപ്രാസംഗികരും ഭാരവാഹികളും വിദ്യാര്‍ത്ഥികളും എല്ലാവരും കാത്തിരിക്കുകയാണ്. ഉച്ചകഴിഞ്ഞു പദ്മരാജനെത്തിയപ്പോള്‍. അദ്ദേഹം ക്ഷീണിതനായിരുന്നു. എങ്കിലും ഉദ്ഘാടനവും പ്രഭാഷണവും എല്ലാം മുറപോലെ നടത്തി. പരിപാടി കഴിഞ്ഞു ഞങ്ങള്‍ രണ്ടാളും തിരുവനന്തപുരത്തേക്കു മടങ്ങി. ചെയര്‍ക്കാറില്‍ അടുത്തടുത്തിരുന്നു. വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ എന്തോ പറയാനായി ഞാന്‍ അദ്ദേഹത്തിന്റെ നേര്‍ക്കു തിരിഞ്ഞു. പിന്നിലേക്കു ചാരിക്കിടന്ന് ഗാഢനിദ്രയില്‍ ആണ്ടുകഴിഞ്ഞിരുന്നു അദ്ദേഹം. ഇടയ്‌ക്കെപ്പോഴോ ചായ വന്നു. അദ്ദേഹത്തിനു കൂടി കൊടുക്കാതെ ഞാനെങ്ങനെ ഒറ്റയ്ക്ക് കുടിക്കും എന്നൊരു ശങ്ക മനസ്സിലുണ്ടായി. ഒടുവില്‍, ചായയേക്കാള്‍ അദ്ദേഹത്തിനു പ്രധാനം ഉറക്കമാണല്ലോ എന്നു സമാധാനിച്ച് ഞാന്‍ ഒറ്റയ്ക്ക് ചായ വാങ്ങി കുടിച്ചു. തിരുവനന്തപുരത്തെത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തെ തോളില്‍ തട്ടിവിളിച്ചു. 'തിരുവനന്തപുരമായി' കണ്ണ് തുറക്കുന്നത് കണ്ട ഞാന്‍ പറഞ്ഞു. 'ഇത്ര പെട്ടെന്ന്?' അവിശ്വസനീയതയോടെ അദ്ദേഹം തട്ടിപ്പിടഞ്ഞെഴുന്നേറ്റു.

'എലിപ്പത്തായം' പുറത്തുവന്നപ്പോള്‍ ഞാനതിനെപ്പറ്റി 'സംക്രമണം' മാസികയില്‍ എഴുതി. അന്നെനിക്ക് ഫോണില്ല. ഒരു ദിവസം അടുത്ത വീട്ടിലെ ചേട്ടന്‍ വന്നു പറഞ്ഞു, വിജയകൃഷ്ണന് ഒരു ഫോണുണ്ട്. ഞാന്‍ ഓടിച്ചെന്നു റിസീവറെടുത്തപ്പോള്‍ പദ്മരാജനാണ്. 'എലിപ്പത്തായം നിരൂപണം വായിച്ചു. നല്ലൊരു നിരൂപണം വായിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം. അത് അറിയിക്കണമെന്നു തോന്നി.' അടുത്ത വീട്ടിലെ ഫോണ്‍ നമ്പര്‍ എനിക്കുപോലും അറിയുമായിരുന്നില്ല. ഞാനാര്‍ക്കും അതു കൊടുത്തിട്ടുമില്ല. എന്നിട്ടും എന്റെ ലേഖനത്തെ അഭിനന്ദിക്കാനായി അദ്ദേഹം ഇത്ര ക്ലേശിച്ചല്ലോ എന്നു ഞാന്‍ അദ്ഭുതപ്പെട്ടു. 

ഇതേ ഫോണില്‍തന്നെ വീണ്ടുമൊരിക്കല്‍ക്കൂടി അദ്ദേഹം എന്നെ വിളിച്ചിരുന്നു. അതാകട്ടെ, എനിക്കു വളരെ പ്രയോജനമുള്ള ഒരു വിവരമറിയിക്കാനായിരുന്നു. 'ഇത്തവണത്തെ ഇന്ത്യന്‍ പനോരമ സെലക്ഷന്‍ ജൂറിയില്‍ വിജയകൃഷ്ണനുണ്ടല്ലോ. എന്താ പോകാഞ്ഞത്?' ഞാനമ്പരന്നു. ഞാനൊന്നുമറിഞ്ഞിട്ടില്ല. 'കലാകൗമുദിയില്‍ അന്വേഷിക്കൂ' എന്ന് അദ്ദേഹം ഉപദേശിച്ചു. കാര്യം ശരിയായിരുന്നു. എനിക്കു ഫോണില്ലാഞ്ഞതുകൊണ്ട് ഞാന്‍ പതിവായി എഴുതുന്ന 'കലാകൗമുദി'യില്‍ എന്‍.എഫ്.ഡി.സി വിളിച്ചറിയിച്ചു. അവരക്കാര്യം എന്നെ അറിയിക്കാന്‍ വിട്ടു. അന്ന് റീജിയണല്‍ കമ്മിറ്റി കൂടുന്നത് അതാത് റീജിയന്റെ കേന്ദ്രത്തിലാണ്. സതേണ്‍ റീജിയന്റ് കമ്മിറ്റിയിലാണ് ഞാനുണ്ടായിരുന്നത്. 

ചെന്നൈയിലായിരുന്നു തെക്കന്‍ സംസ്ഥാനങ്ങളിലെ ചിത്രങ്ങളുടെ പ്രദര്‍ശനവും വിധിനിര്‍ണ്ണയവും. പദ്മരാജന്റെ രണ്ടു ചിത്രങ്ങള്‍ മത്സരത്തിനുണ്ടായിരുന്നു. 'അരപ്പട്ട കെട്ടിയ ഗ്രാമത്തിലും' 'തിങ്കളാഴ്ച നല്ല ദിവസ'വും. ഞാനെത്തുന്നതിനു മുന്‍പ് മൂന്നു ദിവസത്തെ സിറ്റിങ്ങുണ്ടായിരുന്നു. അതില്‍ പങ്കെടുത്ത നാഗാഭരണയും മറ്റൊരാളും എന്തോ അത്യാവശ്യം കാരണം മടങ്ങിപ്പോയി. പിന്നെ മൂന്നു ദിവസത്തെ ഗ്യാപ്പിനുശേഷം വീണ്ടും സ്‌ക്രീനിങ് തുടങ്ങുമ്പോഴാണ് ഞാനെത്തുന്നത്. ആദ്യ മൂന്നു ദിവസത്തെ സ്‌ക്രീനിങ്ങില്‍ 'അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍' പ്രദര്‍ശിപ്പിച്ചിരുന്നു. അത് തഴയപ്പെട്ടു. ആ തീരുമാനം പുനഃ:പരിശോധിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞെങ്കിലും ചിത്രം കാണണമെന്നു ഞാന്‍ ശഠിച്ചു. എനിക്കു മാത്രമായി 'അരപ്പട്ട'യുടെ സ്‌ക്രീനിങ് വെച്ചു. അവസാന ചര്‍ച്ചയില്‍ 'തിങ്കളാഴ്ച നല്ല ദിവസം' തിരഞ്ഞെടുക്കപ്പെട്ടു. അതു നല്ല ചിത്രമാണെങ്കിലും 'അരപ്പട്ട' മേളയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നു ഞാന്‍ വാദിച്ചു. അപ്രിയസത്യങ്ങള്‍ക്ക് അതിശക്തവും നൂതനവുമായ ആഖ്യാനരൂപം നല്‍കിയിട്ടുള്ള 'അരപ്പട്ട' ശ്രദ്ധിക്കപ്പെടാതെ പോകരുതെന്നും ഞാനാവശ്യപ്പെട്ടു. ജൂറിയിലുണ്ടായിരുന്ന കോമള്‍ സ്വാമിനാഥന്‍ എന്റെ വാദങ്ങള്‍ക്കു ശക്തമായ പിന്തുണ നല്‍കുകയും ചെയ്തു. എങ്കിലും മറ്റൊരു കമ്മിറ്റി എടുത്ത തീരുമാനം തിരുത്താനാവില്ലെന്ന് ചെയര്‍മാനും മറ്റംഗങ്ങളും വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിച്ചു. 'അരപ്പട്ട'പോലെ കാലത്തിനും മുന്‍പേ പിറന്ന ഒരു ചിത്രം പനോരമയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയതില്‍ എനിക്ക് കടുത്ത ഇച്ഛാഭംഗമുണ്ടായി.

പദ്മരാജൻ ചിത്രീകരണത്തിനിടെ
പദ്മരാജൻ ചിത്രീകരണത്തിനിടെ

'ഗന്ധര്‍വ്വന്റെ' പൂജ

ഒരു ചെറുമാസികയില്‍ പദ്മരാജന്‍ എന്നെ വളരെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടെന്ന് ആരോ പറഞ്ഞു. ഞാനാ മാസിക വാങ്ങി നോക്കി. കാര്യം ശരിയാണ്. പക്ഷേ, മൊത്തത്തില്‍ എന്തോ പന്തികേട്. 'ഒരിടത്തൊരു ഫയല്‍വാന്‍' പ്രദര്‍ശിപ്പിച്ച വിദേശമേളകള്‍ ആധികാരികമല്ലെന്നും അവിടെക്കിട്ടിയ അവാര്‍ഡുകള്‍ക്ക് ഒരു വിലയുമില്ലെന്നും വിജയകൃഷ്ണന്‍ പറയുന്നുണ്ടല്ലോ എന്നു ചോദ്യം. വിജയകൃഷ്ണന്‍ വെറുമൊരു കോളേജ് അദ്ധ്യാപകന്‍ മാത്രമല്ലേ എന്നും അയാള്‍ക്ക് സിനിമയെപ്പറ്റി എന്തറിയാം എന്നും പദ്മരാജന്റെ മറുപടി. ഞാനമ്പരന്നു കാരണം, ഞാനങ്ങനെ പറഞ്ഞിട്ടില്ല. എന്നുമാത്രമല്ല, ക്വാലാലംപൂര്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടി വന്നപ്പോള്‍ പദ്മരാജനും നിര്‍മ്മാതാവ് തുണ്ടത്തില്‍ സുരേഷിനും നല്‍കിയ സ്വീകരണത്തില്‍ ഞാന്‍ സംസാരിക്കുകയും ചെയ്തിരുന്നു. അടുത്തൊരു ദിവസം ആകാശവാണിയില്‍ ഒരു റെക്കോര്‍ഡിങ്ങിനായി ഞാന്‍ ചെന്നപ്പോള്‍ മുറ്റത്തിന്റെ ഒരരികില്‍ തന്റെ ഫിയറ്റില്‍ ചാരി ആരോടോ സംസാരിച്ചുനില്‍ക്കുന്ന പദ്മരാജനെ കണ്ടു. ഞാനദ്ദേഹത്തിന്റെ അടുത്തേക്കു ചെന്നു. 'ഞാന്‍ കോളേജ് അദ്ധ്യാപകനല്ലെന്ന് അറിയില്ലേ?' 'ആണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. എന്തു പറ്റി?' മാസികയിലെ അഭിമുഖത്തെപ്പറ്റി ഞാന്‍ പറഞ്ഞു. 'മറ്റൊരു പേരാണ് അഭിമുഖകാരന്‍ പറഞ്ഞത്. അയാള്‍ കോളേജ് അദ്ധ്യാപകനാണ്. അയാള്‍ പറഞ്ഞത് മുന്‍പുതന്നെ ഞാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്. അതുകൊണ്ട് അയാളെപ്പറ്റി തന്നെയാണ് ഞാന്‍ പറഞ്ഞത്. ഇതിപ്പോള്‍ വിജയകൃഷ്ണന്റെ പേര് എങ്ങനെ വന്നുവെന്ന് എനിക്കറിയില്ല. അഭിമുഖകാരന്റെ സ്ഥലജലഭ്രമമാകാം കാരണം.' അങ്ങനെ സംശയങ്ങളെല്ലാം ദൂരീകരിച്ചുകൊണ്ടാണ് ഞങ്ങള്‍ പിരിഞ്ഞത്. എന്നാല്‍, ഇക്കഥയൊന്നുമറിയാത്ത അഭിമുഖകാരന്‍ വിടാന്‍ തയ്യാറായിരുന്നില്ല. കൂടുതല്‍ വിഷമയമായ ആരോപണവുമായി അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടു. അക്കൊല്ലത്തെ അവാര്‍ഡ് കമ്മിറ്റിയില്‍ ഞാനംഗമായിരുന്നു. 'നവംബറിന്റെ നഷ്ടം' മത്സരത്തിനുണ്ടായിരുന്നെങ്കിലും 'യവനിക', 'ഓര്‍മ്മയ്ക്കായി', 'മര്‍മ്മരം' എന്നീ ചിത്രങ്ങളാണ് അവാര്‍ഡുകള്‍ കൊണ്ടുപോയത്. ഇതിനെപ്പറ്റി അഭിമുഖകാരന്‍ പ്രസിദ്ധപ്പെടുത്തിയ കഥ ഇങ്ങനെയാണ്: 'നവംബറിന്റെ നഷ്ട'ത്തിന് അവാര്‍ഡ് കിട്ടാതിരിക്കാന്‍ കാരണം വിജയകൃഷ്ണനാണ്. പദ്മരാജന്‍ അദ്ദേഹത്തെപ്പറ്റി മോശമായി സംസാരിച്ചതിന്റെ പ്രതികാരമായി ആ ചിത്രത്തിനു പൂജ്യം മാര്‍ക്കാണ് വിജയകൃഷ്ണന്‍ കൊടുത്തത്.' സംഗതിയുടെ സത്യാവസ്ഥ പരസ്പരം പറഞ്ഞു ബോധ്യപ്പെട്ട നിലയ്ക്ക് എന്തു പ്രതികാരം? തന്നെയുമല്ല, മാര്‍ക്ക് സമ്പ്രദായമല്ല, അഭിപ്രായസമന്വയമായിരുന്നു മൂല്യനിര്‍ണ്ണയത്തില്‍ കെ.എസ്. സേതുമാധവന്‍ അധ്യക്ഷനായ ഞങ്ങളുടെ കമ്മിറ്റി സ്വീകരിച്ച വഴി. പിന്നെ ഈ വിശദീകരണമൊന്നും ആവശ്യമില്ലാത്തവിധം ബാലിശമായ ആരോപണമാണല്ലോ അഭിമുഖകാരന്‍ നടത്തിയത്. പില്‍ക്കാലത്ത് ഈ ആരോപണത്തെപ്പറ്റി പദ്മരാജനും ഞാനും തമ്മില്‍ സംസാരിച്ചിട്ടുണ്ട്. 'നവംബറിന്റെ നഷ്ട'ത്തിനു അവാര്‍ഡൊന്നും ലഭിക്കാഞ്ഞതില്‍ അദ്ദേഹത്തിനു വിഷമമുണ്ടായിരുന്നു എന്നത് നേരാണ്. എന്നാല്‍, അഭിമുഖകാരന്റെ ആരോപണത്തെപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹം പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.

'ഞാന്‍ ഗന്ധര്‍വ്വന്റെ' പൂജയായിരുന്നു അവസാനം ഒത്തുകൂടിയ ഒരു പൊതുപരിപാടി. അസാധാരണമായ പൂജയായിരുന്നു അത്. ഡിസംബര്‍ 31 രാത്രി പന്ത്രണ്ടു മണിക്ക്. തിരുവനന്തപുരത്തെ ഒരു ഹോട്ടലിന്റെ ടെറസ്സിലായിരുന്നു പരിപാടി. രാത്രി പത്തുമണി തൊട്ട് ആളുകള്‍ വന്നുതുടങ്ങി. സല്‍ക്കാരമെല്ലാം പൊടിപൊടിച്ചു. പന്ത്രണ്ടു മണിക്ക് എവിടെയൊക്കെയോ നിന്ന് മണിനാദവും വെടിയൊച്ചയും ഉയര്‍ന്നുമുഴങ്ങി. മായികമായ ഒരന്തരീക്ഷത്തില്‍ 'ഗന്ധര്‍വ്വന്റെ' പൂജ നടന്നു. ആളുകള്‍ പിരിഞ്ഞുതുടങ്ങി. മയക്കത്തിലെന്നപോലെ ഞാന്‍ കുറച്ചുസമയം ചാഞ്ഞിരുന്നു. പിന്നെ കണ്ണ് തുറക്കുമ്പോള്‍ മുന്‍പില്‍ പദ്മരാജനുമില്ല. ആരോ എന്റെ കൈപിടിച്ച് എഴുന്നേല്‍പിച്ചു. അയാളോടൊപ്പം പുറത്തേക്കു നടക്കുമ്പോള്‍ ഏതോ ശൂന്യത എന്നെ പൊതിയുന്നതുപോലെ തോന്നി.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com