'സ്ത്രീ ശാക്തീകരണത്തിന് ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും നല്ല ടൂള്‍ ടെക്‌നോളജി തന്നെയാണ്'

അങ്ങനെ ഞാന്‍ സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങി. അതില്‍ കവിത, കഥ ഒക്കെ എഴുതി തുടങ്ങി. ഇംഗ്ലീഷ് വിക്കിപീഡിയയില്‍ ആണ് ആദ്യമായി ഒരു മാറ്റം വരുത്തിയത്
'സ്ത്രീ ശാക്തീകരണത്തിന് ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും നല്ല ടൂള്‍ ടെക്‌നോളജി തന്നെയാണ്'

ഡോ. നത ഹുസൈന്‍

(വിക്കി പീഡിയന്‍)

വിക്കിപീഡിയയില്‍ നിങ്ങള്‍ ഒരു വിവരം തെരഞ്ഞാല്‍ ചിലപ്പോള്‍ കിട്ടുന്നത് കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ നത ഹുസൈന്‍ അവിടെ ചേര്‍ത്തുവെച്ച വിവരങ്ങളായിരിക്കാം. പന്ത്രണ്ടു വര്‍ഷത്തോളമായി വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ എഴുതുന്ന നത ഹുസൈന്‍ 2021ല്‍ വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കിമിഡിയന്‍ ഓഫ് ദ ഇയര്‍ ഹോണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരത്തിനും അര്‍ഹയായി. സ്വീഡനില്‍ ഡോക്ടറാണ് നത ഹുസൈനിപ്പോള്‍. 2009ല്‍ പ്ലസ്ടു വെക്കേഷന്‍ കാലത്താണ് നത വിക്കിപീഡിയ പരിചയപ്പെടുന്നത്. ചമ്മന്തിയെക്കുറിച്ച് വിക്കിപീഡിയ മലയാളത്തില്‍ എഴുതികൊണ്ടാണ് വിവരങ്ങള്‍ പങ്കുവെക്കല്‍ നത ആരംഭിച്ചത്.

'പ്ലസ്ടു കഴിഞ്ഞ ശേഷമാണ് വീട്ടില്‍ ഇന്റര്‍നെറ്റ് വരുന്നത്. അതിനു മുന്‍പേ കംപ്യൂട്ടറുണ്ടായിരുന്നു. നെറ്റ് വന്നപ്പോള്‍ വളരെ സ്ലോ ആയിരുന്നു. എങ്കിലും വിക്കിപീഡിയ നോക്കാനുള്ള സ്പീഡ് ഉണ്ടായിരുന്നു. അന്ന് വിക്കിപീഡിയ എനിക്ക് അദ്ഭുതമായിരുന്നു. എല്ലാ വിഷയത്തെക്കുറിച്ചും ഒരുപാട് വിവരങ്ങള്‍ അവിടെ കാണാനുണ്ട്. പക്ഷേ, എനിക്കതില്‍ എഴുതാനുള്ള കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. വളരെ നന്നായി എഴുതിയ ലേഖനങ്ങളാണല്ലോ, ഞാന്‍ പോയി തിരുത്തിയാല്‍ എന്തെങ്കിലും തെറ്റുപറ്റുമോ എന്ന പേടിയുമുണ്ടായിരുന്നു. 

അങ്ങനെ ഞാന്‍ സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങി. അതില്‍ കവിത, കഥ ഒക്കെ എഴുതി തുടങ്ങി. ഇംഗ്ലീഷ് വിക്കിപീഡിയയില്‍ ആണ് ആദ്യമായി ഒരു മാറ്റം വരുത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിനെക്കുറിച്ചുള്ള ലേഖനമായിരുന്നു. അപ്പോഴേക്കും ഞാന്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിനു ചേര്‍ന്നിരുന്നു. ആദ്യമായി ഒരു മുഴുനീള ലേഖനം എഴുതിയത് മലയാളം വിക്കിപീഡിയയില്‍ ചമ്മന്തിയെക്കുറിച്ചായിരുന്നു.

അതിലെ എഴുത്ത് ഞാന്‍ വളരെ ഇഷ്ടപ്പെട്ടു തുടങ്ങി. വിക്കിപീഡിയയില്‍ ഒരുപാട് പേര്‍ വായിക്കുമല്ലോ, സ്വന്തം ബ്ലോഗില്‍ എഴുതുന്നത് കുറച്ചു പേരല്ലേ കാണുന്നുള്ളൂ. വിക്കിയില്‍ തെറ്റുകള്‍ വരുത്തിയാല്‍ മറ്റാരെങ്കിലും വന്ന് അതു തിരുത്തും. എഴുതുന്നതിലൂടെ നമുക്കു തന്നെ കൂടുതല്‍ വിവരങ്ങള്‍ ഉണ്ടാക്കാന്‍ പറ്റും. മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു വിഷയത്തെക്കുറിച്ച് ക്ലാസെടുത്താല്‍ അതു വീട്ടില്‍ പോയി വായിക്കും. എന്നിട്ട് അതിനെക്കുറിച്ച് വിക്കിപീഡിയയില്‍ എഴുതും. അതായിരുന്നു അക്കാലത്ത് പതിവ്.

വളരെ കുറച്ചു സ്ത്രീകള്‍ മാത്രമേ വിക്കിപീഡിയയില്‍ ലേഖനം എഴുതിയിരുന്നുള്ളൂ. കൂടുതല്‍ സ്ത്രീളകളെ എങ്ങനെ കൊണ്ടുവരാം എന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജുകളിലൊക്കെ പോയി വിക്കിപീഡിയ പഠന ശിബിരങ്ങളൊക്ക നടത്തുന്നത് ആ സമയത്താണ്. സ്ത്രീകളെക്കുറിച്ചുള്ള ലേഖനങ്ങളും വിക്കിപീഡിയയില്‍ കുറവാണ്. ഇംഗ്ലീഷ് വിക്കിപീഡിയയ്ക്ക് കണക്കുണ്ട്. അതു പ്രകാരം 18 ശതമാനം ബയോഗ്രഫി ലേഖനങ്ങള്‍ മാത്രമാണ് സ്ത്രീകളെക്കുറിച്ചുള്ളൂ. അങ്ങനെ സ്ത്രീകളുടെ ബയോഗ്രാഫിയും എഴുതി തുടങ്ങി. സ്ത്രീ ശാസ്ത്രജ്ഞരെക്കുറിച്ചാണ് കൂടുതല്‍ എഴുതിയത്. രാഷ്ട്രീയത്തിലെ സ്ത്രീകളെക്കുറിച്ചും എഴുതി' നത പറയുന്നു.

നത ഹുസൈന്‍
നത ഹുസൈന്‍

വിക്കിപീഡിയയിലെ വിവരങ്ങള്‍ പങ്കുവെക്കല്‍ 2012ല്‍ അര്‍ജന്റീനയില്‍ നടന്ന വിക്കിമീഡിയ നാഷണല്‍ കോണ്‍ഫറന്‍സില്‍ നതയെ എത്തിച്ചു. വിക്കിപീഡിയയില്‍ എഴുതുന്ന സ്ത്രീകളുടെ ഒരു കോണ്‍ഫറന്‍സായിരുന്നു അത്. നത ഹുസൈന്റെ ആദ്യ വിദേശ യാത്രയുമായിരുന്നു അത്. ആ കോണ്‍ഫറന്‍സിലൂടെ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും എഴുതാനും നതയ്ക്കു കഴിഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പാത്തോളജി ഡിപ്പാര്‍ട്ട്‌മെന്റും വിക്കിമീഡിയ ഫൗണ്ടേഷനുമായി ഒരു എഗ്രിമെന്റുണ്ടാക്കാനും നതയ്ക്കു കഴിഞ്ഞു. അതു പ്രകാരം മെഡിക്കല്‍ കോളേജിലെ പാത്തോളജിയുമായി ബന്ധപ്പെട്ട പടങ്ങള്‍ വിക്കിപിഡിയ ലേഖനങ്ങളില്‍ ചിത്രങ്ങളായി ഉപയോഗിക്കാന്‍ കഴിഞ്ഞു. 2016ല്‍ ഗവേഷണത്തിനായി നത സ്വീഡനിലെത്തി.

ആ സമയത്ത് വ്യാജവാര്‍ത്തകളെക്കുറിച്ചുള്ള ലേഖനങ്ങള്‍ എഴുതി കൊണ്ടിരുന്നു. കൊവിഡ് സമയത്തായിരുന്നു പ്രധാനപ്പെട്ട വിവരങ്ങള്‍ പങ്കുവെയ്‌ക്കേണ്ടി വന്നത്. 'ആ സമയത്ത് കൊവിഡുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ അത്യാവശ്യമായിരുന്നു. ടെക്സ്റ്റ് ബുക്കുകളിലൊന്നും ഇതിനെക്കുറിച്ചു വിവരങ്ങളില്ല. ആളുകള്‍ വിവരങ്ങള്‍ക്കായി അന്വേഷിക്കുന്നുമുണ്ട്. അങ്ങനെ കൊവിഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് എഴുതാന്‍ തുടങ്ങി. ആ വര്‍ക്കിനാണ് 2021ലെ 'വിക്കി മീഡിയന്‍ ഓഫ് ദ ഇയര്‍ ഹോണറബിള്‍ മെന്‍ഷന്‍' കിട്ടുന്നത്. ഹോണറബിള്‍ മെന്‍ഷന്‍ വളരെ കാലമായി വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കു കൊടുക്കുന്നതാണ്. കൊവിഡിനു ശേഷം വാക്‌സീന്‍ സുരക്ഷയെക്കുറിച്ചുള്ള പ്രൊജക്ടും ചെയ്തു. വാക്‌സീന്‍ എടുക്കുന്നത് ശരിയില്ല എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ വാക്‌സീനെക്കുറിച്ചും അതിന്റെ സുരക്ഷയെക്കുറിച്ചുമെല്ലാം ലേഖനങ്ങള്‍ എഴുതി.

ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചാണ്. എന്തൊക്കെ വിവരങ്ങള്‍ ഇല്ല എന്ന് ആദ്യം കണ്ടുപിടിച്ചാണ് വിവരങ്ങള്‍ ചേര്‍ക്കുന്നത്. അങ്ങനെ 'നോളജ് ഗ്യാപ്‌സ് ഇന്‍ വിമന്‍സ് ഹെല്‍ത്ത്' എന്ന പ്രൊജക്ടാണ് ഇപ്പോള്‍ ചെയ്യുന്നത്' നത ഹുസൈന്‍ പറയുന്നു.

നതയുടെ പിതാവ് ഹുസൈന്‍ ബാങ്ക് മാനേജറായിരുന്നു. അമ്മ ജുവൈരിയ കോഴിക്കോട് ബാറില്‍ അഡ്വക്കേറ്റാണ്. സ്വീഡനില്‍ റിസര്‍ച്ച് എന്‍ജിനീറായ അന്‍വര്‍ ഹിഷാമാണ് ഭര്‍ത്താവ്.

തുടക്കത്തില്‍ മലയാളം വിക്കീപീഡിയയില്‍ എഴുതി തുടങ്ങിയ നത പിന്നീട് ഇംഗ്ലീഷിലേക്ക് മാറി. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള ലേഖനങ്ങളാണ് കൂടുതല്‍ എഴുതുന്നത്. അതു ചെയ്യാന്‍ എളുപ്പം ഇംഗ്ലീഷിലാണെന്ന് നത പറയുന്നു.

ഇന്റര്‍നെറ്റിലൂടെയാണ് തന്റെ ജീവിതം മാറിയതെന്ന് നതഹുസൈന്‍. 'സിറ്റിയില്‍ വളര്‍ന്ന, ഒരുപാട് റിസോഴ്‌സസ് ലഭ്യമാവുന്ന, പണമുള്ള വീട്ടിലെ ഒരു കുട്ടിക്കു ചെയ്യാവുന്ന കാര്യങ്ങളൊന്നും കൂടരഞ്ഞിപ്പോലെയുള്ള ഒരു ഗ്രാമത്തില്‍ വളരുന്ന എന്നെ പോലുള്ള കുട്ടിക്കു ചെയ്യാന്‍ കഴിയില്ലായിരുന്നു. പക്ഷേ, അതിനൊരു മാറ്റം വരുത്തിയത് ഇന്റര്‍നെറ്റാണ്. അതിലൂടെയാണ് എന്റെ ജീവിതത്തില്‍ തന്നെ മാറ്റം വരുന്നത്. 

കോളേജിലെ കാര്യങ്ങള്‍ പഠിക്കാനും ആദ്യം തൊട്ടെ ഞാന്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നു. എന്റെ കൂടെയുള്ളവരെക്കാള്‍ അതിന്റെ ഗുണങ്ങള്‍ കൂടുതലായി ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. ടെക്‌നോളജി ഉപയോഗിക്കാന്‍ പറ്റിയതുകൊണ്ടാണ് എനിക്ക് ഇവിടെ വരെ എത്താന്‍ കഴിഞ്ഞത്. 

ഒരു സ്ത്രീയായിരിക്കുമ്പോള്‍ രാത്രി ഒരു പ്രസംഗം കേള്‍ക്കാന്‍ പോകാനൊന്നും പലപ്പോഴും കഴിയില്ല. പക്ഷേ, നമുക്കു വിവരങ്ങള്‍ കിട്ടാന്‍ അതു കേള്‍ക്കേണ്ട ആവശ്യം ഇല്ല. ഇന്റര്‍നെറ്റില്ലായിരുന്നെങ്കില്‍ പുറത്തിറങ്ങി ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ ചെയ്യണം ജീവിതത്തില്‍ എന്തെങ്കിലും ആയിതീരണമെങ്കില്‍. ഒരു ലൈബ്രറിയില്‍പോലും നേരിട്ട് ചെല്ലേണ്ട ആവശ്യം പക്ഷേ, ഇപ്പോഴില്ല. സ്ത്രീശാക്തീകരണത്തിന് ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും നല്ല ടൂള്‍ ടെക്‌നോളജി തന്നെയാണ്. അതില്‍ പ്രധാനം ഇന്റര്‍നെറ്റും' ഡോ. നത ഹുസൈന്‍ പറയുന്നു.

(തയ്യാറാക്കിയത് രേഖാചന്ദ്ര)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com