'ഇപ്പോഴത്തെ എന്നില്‍ ഞാന്‍ ഹാപ്പിയാണ്, വളരെ ഹോപ്ഫുള്‍ ആണ്, കോണ്‍ഫിഡന്റും'

ഇന്‍ഡിപെന്‍ഡന്റ് ട്രാക്കില്‍ ഗൗരിയുടെ അജിത ഹരേ ഇന്‍സ്റ്റഗ്രാം വൈറലാണ്. രത്‌നമാല സീരിസ് എന്ന കര്‍ണാടിക് സെമിക്ലാസിക്കല്‍ കളക്ഷനില്‍ ഉള്ളതാണ് അജിതഹരേ
'ഇപ്പോഴത്തെ എന്നില്‍ ഞാന്‍ ഹാപ്പിയാണ്, വളരെ ഹോപ്ഫുള്‍ ആണ്, കോണ്‍ഫിഡന്റും'

ഗൗരി ലക്ഷ്മി 

(ഗായിക)

'എന്‌റെ പേര് പെണ്ണ്,
എനിക്ക് വയസ് എട്ട്,
സുചി കുത്താന്‍ ഇടമില്ലാത്ത ബസിനുള്ളിലന്നെന്റെ 
പൊക്കിള്‍ തപ്പി വന്നവന്റെ പ്രായം നാല്പത്...'

ഗൗരി ലക്ഷ്മിയുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ ആയ 'മുറിവി'ലെ വരികളാണിത്. രണ്ടാഴ്ച മുന്‍പ് പുറത്തിറങ്ങിയ ഗാനം വൈറലായി കഴിഞ്ഞു.

പാട്ടും പ്രകടനവുമായി വേദികളെ ഹരം കൊള്ളിക്കുന്ന ഗൗരിയുടെ ലൈവ് ഷോകള്‍ക്ക് ആരാധകരേറെയാണ്. സിനിമ പിന്നണി ഗായിക എന്ന ലേബലില്‍ ഒതുങ്ങാതെ ലൈവ് ഷോകളും ഇന്‍ഡിപെന്‍ഡന്റ് ട്രാക്കും ആല്‍ബവുമൊക്കെയായി താളാത്മകമായി ആസ്വാദകരോട് സംവദിച്ചുകൊണ്ടിരിക്കുകയാണ് ഗൗരി ലക്ഷ്മി.

റോഷന്‍ ആന്‍ഡ്രൂസിന്റെ മോഹന്‍ലാല്‍ ചിത്രമായ 'കാസനോവ'യില്‍ വിജയ് യേശുദാസും ശ്വേതയും പാടിയ 'സഖിയേ' എന്ന പാട്ട് എഴുതി ഈണമിടുമ്പോള്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശി ഗൗരി ലക്ഷ്മിയുടെ പ്രായം പതിമൂന്ന്. മൂന്നു വയസ് മുതല്‍ സംഗീതം പഠിച്ചു തുടങ്ങിയ ഗൗരി സ്‌കൂള്‍ കാലം തൊട്ടേ സമ്മാനങ്ങള്‍ നേടി. ഹയര്‍ സെക്കണ്ടറി ആയപ്പോള്‍ ഹിന്ദുസ്ഥാനി പഠിച്ചു തുടങ്ങി. ബിരുദവും ബിരുദാനന്തര ബിരുദവും സംഗീതത്തില്‍ തന്നെ. പിന്നീട് ചെന്നെയില്‍ വെസ്റ്റേണ്‍ ക്ലാസിക്കല്‍ വോക്കല്‍സ്. അങ്ങനെ സംഗീതത്തിന്റെ പല പല ജോണറുകള്‍ ഗൗരി ലക്ഷ്മി പഠിച്ചെടുത്തു.

കാസനോവയ്ക്കു ശേഷം പതിനഞ്ചോളം സിനിമകളില്‍ ശ്രദ്ധേയമായ ഗാനങ്ങള്‍ പാടി. 'പുത്തന്‍പണ'ത്തിലെ പട്ടംപോലെ, 'ഞാന്‍ പ്രകാശനി'ലെ 'ആത്മാവിന്‍ ആകാശത്തില്‍', 'ലൗ ആക്ഷന്‍ ഡ്രാമ'യിലെ 'ആലോലം', 'ബിഗ് ബ്രദറി'ലെ 'കണ്ടോ കണ്ടോ' തുടങ്ങി നിരവധി ഗാനങ്ങള്‍. 'ഗോദ'യിലെ 'ആരോ നെഞ്ചില്‍ മഞ്ഞായി പെയ്യുന്ന നേരം' വലിയ ഹിറ്റായി.

പിന്നണി ഗാനത്തേക്കാള്‍ ലൈവ് പെര്‍ഫോമന്‍സുകളാണ് ഗൗരി ഇപ്പോള്‍ കൂടുതലായി ചെയ്യുന്നത്. സിംഗര്‍ എന്നതിലുപരി പെര്‍ഫോമര്‍ എന്നു പറയാനാണ് ഗൗരിക്കിഷ്ടം. 'പെര്‍ഫോമറും ഇന്‍ഡിപെന്‍ഡന്‍ഡ് ആര്‍ട്ടിസ്റ്റുമാണ് ഞാന്‍. എന്റെ തന്നെ ട്രാക്‌സ് ഓഡിയോ പ്ലാറ്റ്‌ഫോമിലും യുട്യൂബിലുമെല്ലാം റിലീസ് ചെയ്യുന്നുണ്ട്. പെര്‍ഫോമര്‍ എന്നതാണ് നിലവില്‍ കൂടുതല്‍ ചെയ്യുന്നത്. എന്റെ ഷോകളെല്ലാം കോറിയോഗ്രാഫ്ഡ് ആണ്. എല്ലാത്തിലും നാല് ഡാന്‍സര്‍മാരുണ്ടാകും. ഞാനും ഡാന്‍സ് ചെയ്യും. നന്നായി കോറിയോഗ്രാഫി ചെയ്യുന്നതാണ് ഓരോ ഷോയും. അത് കേരളത്തില്‍ വേറെയാരും ചെയ്യുന്നില്ല' ഗൗരി ലക്ഷ്മി പറയുന്നു.

ഗൗരിയുടെ അച്ഛന്‍ ഹരികൃഷ്ണന്‍ ഗാനമേള ട്രൂപ്പുകളില്‍ ഗായകനായിരുന്നു. അമ്മ ബിന്ദു. ഭര്‍ത്താവ് ഗണേഷ് വെങ്കടരമണി ഡ്രമ്മറാണ്. ഗൗരിയുടെ മ്യൂസിക് പ്രൊഡക്ഷന്‍ ചെയ്യുന്നതും ഗണേഷാണ്. 

​ഗൗരി ലക്ഷ്മി അരങ്ങിൽ
​ഗൗരി ലക്ഷ്മി അരങ്ങിൽ

'കോളേജില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു മ്യൂസിക് ഫെസ്റ്റ് അറ്റന്‍ഡ് ചെയ്യുന്നത്. ഊട്ടിയിലെ ഗോമാഡ് മ്യൂസിക് ഫെസ്റ്റിവെല്‍. ആ സമയത്ത് തന്നെയാണ് ആദ്യത്തെ മ്യൂസിക് മോജോ സീസണ്‍ 2ല്‍ സോളോ സിംഗറായതും. പിന്നീട് കുറേ മ്യൂസിഷ്യന്‍സിനെ പരിചയപ്പെട്ടു. പല പല ബാന്‍ഡുകള്‍ കേട്ടു ഇന്‍ഡിപെന്‍ഡന്റ് ആര്‍ട്ടിസ്റ്റുകളെ കേട്ടു. ആ എക്‌സ്‌പോഷറില്‍ കൂടിയാണ് ബാന്‍ഡ് മ്യൂസിക്കില്‍ താല്പര്യം വന്നത്' ലൈവ് ഷോകളിലേക്ക് എത്തിയതിനെക്കുറിച്ച് ഗൗരി പറയുന്നു.

ഇന്‍ഡിപെന്‍ഡന്റ് ട്രാക്കില്‍ ഗൗരിയുടെ അജിത ഹരേ ഇന്‍സ്റ്റഗ്രാം വൈറലാണ്. രത്‌നമാല സീരിസ് എന്ന കര്‍ണാടിക് സെമിക്ലാസിക്കല്‍ കളക്ഷനില്‍ ഉള്ളതാണ് അജിതഹരേ. ഏഴ് വര്‍ഷം മുന്‍പായിരുന്നു ആദ്യത്തെ ട്രാക്ക് 'തോണി' റിലീസ് ആയത്. ആ സമയത്ത് ഏറെ ആകര്‍ഷിക്കപ്പെട്ട കണ്‍സപ്റ്റായിരുന്നു ആ മ്യൂസിക് വീഡിയോ. ഏഴ് പാട്ടുകളടങ്ങുന്ന പുതിയ ആല്‍ബത്തിന്റെ വര്‍ക്കിലാണ് ഗൗരിയിപ്പോള്‍. അതിലെ ആദ്യ ഗാനമാണ് അടുത്തിടെ പുറത്തിറങ്ങിയ 'മുറിവ്'.

പത്തു വയസ് മുതല്‍ സ്വന്തമായി കവിതകളെഴുതി ട്യൂണ്‍ ചെയ്തു തുടങ്ങിയതാണ് ഗൗരി. 'കാസനോവ'യിലേക്ക് എത്തുന്നതും അങ്ങനെയാണ്. 'അച്ഛന്റ സുഹൃത്തിന്റെ സുഹൃത്തായിരുന്നു റോഷന്‍ ആന്‍ഡ്രൂസ്. ഒരു ഫാമിലി ഗെറ്റ്റ്റുഗദറില്‍ വെച്ച് എന്നെക്കൊണ്ട് പാടിച്ചു. ഞാന്‍ സ്വന്തം പാട്ടാണ് പാടിയത്. അതുകേട്ടപ്പോള്‍ പുള്ളിക്ക് ഇഷ്ടമായി. അങ്ങനെയാണ് ആ ട്രാക്ക് സിനിമയിലേക്ക് എടുത്തത്' ഗൗരി പറയുന്നു.

സ്ത്രീ എന്നതാണ് സ്റ്റേജില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ തന്റെ ഏറ്റവും വലിയ ശക്തി എന്ന് ഗൗരി പറയുന്നു. 'ഇത്രയും ആളുകള്‍ നമ്മളെ കാണാന്‍ വേണ്ടി നില്‍ക്കുന്നു, അത്രയും ആളുകള്‍ നമ്മളെ ആസ്വദിക്കുകയാണ്. നമ്മള്‍ ചെയ്യുന്ന കാര്യം ഇഷ്ടപ്പെട്ട് നമ്മളുടെ കൂടെ ചേരുകയാണ്. അത്രയും ആളുകള്‍ നമ്മുടെ പാട്ട് കേട്ട് ഡാന്‍സ് കളിക്കുകയാണ്. സ്ത്രീയാണ് എന്നതാണ് അതില്‍ എനിക്ക് ഏറ്റവും എംപവര്‍മെന്റായി തോന്നുന്നത്.'

'ഇപ്പോഴത്തെ എന്നില്‍ ഞാന്‍ ഹാപ്പിയാണ്. വളരെ ഹോപ്ഫുള്‍ ആണ്, കോണ്‍ഫിഡന്റും ആണ്. എന്റെ ഇതിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമുള്ളതായിരുന്നില്ല. ഒരുപാട് ബുദ്ധിമുട്ടുകളും ഇമോഷണലി ഫിനാന്‍ഷ്യലി സ്ട്രഗിളും കടന്നാണ് ഇവിടെ വരെ എത്തിയത്. എല്ലാവര്‍ക്കും അത്തരം സ്ട്രഗിള്‍ ഉണ്ടാവും ജീവിതത്തില്‍. ഒരു കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോള്‍ എന്തു മാത്രം നമ്മള്‍ സ്ട്രഗിള്‍ ചെയ്യാന്‍ റെഡിയാണ് എന്നുള്ളിടത്താണ് നമ്മള്‍ എവിടെയെങ്കിലും എത്തിപ്പെടുക എന്നതിന്റെ പ്രധാന പോയിന്റ്. ചെയ്യുന്ന ജോലിയോട് എനിക്കു ഭയങ്കരമായ പാഷനുണ്ടായിരുന്നു. അതുകൊണ്ട് ബാക്കിയുള്ള ഇടത്തില്‍നിന്നുണ്ടാകുന്ന എതിര്‍പ്പും നെഗറ്റീവും ഇമോഷണല്‍ ബ്ലാക് മെയിലിങും ഞാന്‍ സഹിക്കും. ഇതൊന്നും എനിക്ക് എളുപ്പമല്ല. ആര്‍ക്കും എളുപ്പമായിരിക്കില്ല. പക്ഷേ, നമ്മള്‍ എന്തു തെരഞ്ഞെടുക്കുന്നു എന്നതാണ് പ്രധാനം. ഒരു സാധാരണ മിഡില്‍ ക്ലാസ് കുടുംബത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. എല്ലാതരം ബുദ്ധിമുട്ടുകളും അനുഭവിച്ച് വളര്‍ന്നൊരാളാണ് ഞാന്‍. സ്‌കൂളില്‍ ഫീസടക്കാന്‍ വരെ ബുദ്ധിമുട്ടിയ സമയം ഉണ്ടായിരുന്നു. അതൊക്കെ അറിഞ്ഞു തന്നെയാണ് ഞാന്‍ വളര്‍ന്നത്. ഇന്ന് അതില്‍നിന്നു ഞാന്‍ ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ട്' ഗൗരി പറയുന്നു. തന്റെ നിലപാടുകളും സ്വത്വവും തന്നെയാണ് ഗൗരിലക്ഷ്മിക്ക് സംഗീതവും.

(തയ്യാറാക്കിയത് രേഖാചന്ദ്ര)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com