'പെണ്‍കുട്ടി എന്ന സാധ്യത മാത്രമേ ഇപ്പോഴും പരിശോധിക്കുന്നുള്ളൂ, ഇനിയും നമുക്കു മുന്നോട്ട് പോകാനുണ്ട്'
By നമിത ജോര്‍ജ് | Published: 16th March 2023 05:38 PM |
Last Updated: 16th March 2023 05:38 PM | A+A A- |

നമിത ജോര്‍ജ്
(കുസാറ്റ് ചെയര്‍പേഴ്‌സണ്‍)
ചരിത്രപരമായ ഒരു തീരുമാനമായിരുന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചുകൊണ്ടുള്ളത്. ഈ ഒരു തീരുമാനത്തിനു പിന്നില്‍ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നമിത ജോര്‍ജ്ജും കൂട്ടരും നടത്തിയ ഇടപെടലായിരുന്നു. നമിതയ്ക്ക് അഭിമാനിക്കാം, കുസാറ്റിലെ ഈ തീരുമാനമാണ് കേരളത്തിലെ മുഴുവന്‍ സര്‍വ്വകലാശാലകളിലും ആര്‍ത്തവ അവധി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കാനിടയായത്. കുസാറ്റില്‍ എല്‍.എല്‍.ബി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് പാലക്കാട്ടുകാരിയായ നമിത. കോളേജില്‍ എസ്.എഫ്.ഐ യൂണിറ്റ് അംഗവും വനിതാ വിങായ മാതൃകത്തിന്റെ കണ്‍വീനറുമായ നമിത ആദ്യമായാണ് യൂണിയന്‍ ഭാരവാഹിത്വത്തിലേക്ക് വരുന്നത്. നമിതയുടെ നേതൃത്വത്തിലുള്ള യൂണിയന്‍ ചുമതലയേറ്റ് പിറ്റേ ദിവസം തന്നെയാണ് ആര്‍ത്തവ അവധി അനുവദിക്കണമെന്ന അപേക്ഷ യൂണിവേ്‌ഴ്‌സിറ്റിക്ക് സമര്‍പ്പിക്കുന്നത്. 75 ശതമാനം ഹാജര്‍ ഉള്ളവര്‍ക്കു മാത്രമാണ് പരീക്ഷയെഴുതാന്‍ സാധിക്കുമായിരുന്നുള്ളൂ. പുതിയ ഉത്തരവ് പ്രകാരം പെണ്‍കുട്ടികള്‍ക്ക് 73 ശതമാനം ഹാജര്‍ മതി.
രണ്ട് മൂന്ന് വര്‍ഷമായി സൗഹൃദ കൂട്ടായ്മയില്‍ സംസാരിച്ചു കൊണ്ടിരുന്ന ഒരു വിഷയമായിരുന്നു ഇതെന്ന് നമിത പറയുന്നു. 'എസ്.എഫ്.ഐ വനിതാ വിങായ മാതൃകം കണ്‍വീനറായിരുന്ന സമയത്തു തന്നെ ഇതു ചെയ്യണം എന്ന് ഒരുപാട് വട്ടം ആലോചിച്ച വിഷയമാണ്. പലരും ഇക്കാര്യത്തില്‍ ബുദ്ധിമുട്ടുന്നത് നമ്മളെല്ലാം കാണുന്നതാണ്.
പക്ഷേ, ഇതു പ്രാക്ടിക്കലാണോ എന്നതാണ് ആദ്യം ആലോചിച്ചത്. ഇതിനു വേണ്ടി കുറേ റിസര്‍ച്ച് ചെയ്തു. അപ്പോഴാണ് ബിഹാര്‍ ഗവണ്‍മെന്റ് ആര്‍ത്തവ അവധി അനുവദിച്ചതും തൃപ്പൂണിത്തുറ ഗേള്‍സ് സ്‌കൂളില്‍ 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് അവധി അനുവദിച്ചതായുമൊക്കെ കണ്ടത്. ചില പ്രൈവറ്റ് കമ്പനികളും മീഡിയ ഹൗസുകളും അവധി കൊടുത്തു തുടങ്ങിയതും വായിച്ചു. അതൊക്കെ അറിഞ്ഞപ്പോള്‍ പ്രായോഗികമാണ് എന്നു മനസ്സിലായി. ഇന്ത്യയില്‍ കുറച്ച് പ്രൈവറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കൊടുത്തിരുന്നു എന്നല്ലാതെ യൂണിവേഴ്‌സിറ്റികളില്‍ ഒന്നും അവധി കൊടുക്കുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് അപേക്ഷ കൊടുത്തു നോക്കാം എന്ന് ആലോചിച്ചത്. ഇതിന്റെ നിയമവശങ്ങളും കുറേയധികം വായിച്ചു.
യൂണിയന്‍ ചുമതലയേറ്റതിന്റെ പിറ്റേ ദിവസം തന്നെ ഇക്കാര്യം രജിസ്ട്രാറിനോട് സംസാരിച്ചു. പോസിറ്റീവായാണ് യൂണിവേഴ്‌സിറ്റി അതോറിറ്റി ഇതെടുത്തത്. ഔദ്യോ ഗികമായി അപേക്ഷ തരാന്‍ പറഞ്ഞു. പെട്ടെന്നു തന്നെ ആക്ഷന്‍ ഉണ്ടായി. ബിഹാര്‍ സര്‍ക്കാര്‍ കൊടുക്കുന്ന അതേ രീതിയാണ് പ്രൊപ്പോസല്‍ ചെയ്തത്. മാസത്തില്‍ രണ്ട് ദിവസം എന്ന നിലയില്‍ വര്‍ഷത്തില്‍ 24 ദിവസം. പക്ഷേ, പരീക്ഷ, ലാബ് എല്ലാം കൊണ്ട് അതിന്റെ പ്രായോഗിക ബുദ്ധിമുട്ട് അവര്‍ പറഞ്ഞു. നമ്മള്‍ക്കും അതു മനസ്സിലാവും. ആദ്യത്തെ ചുവടുവെപ്പല്ലേ' നമിത പറയുന്നു.
സ്‌കൂള്‍ അദ്ധ്യാപക ദമ്പതിമാരുടെ മകളാണ് നമിത. ഇടതുപക്ഷ അനുഭാവം ഉണ്ടായിരുന്നെങ്കിലും കോളേജില്‍ എത്തിയ ശേഷമാണ് എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. നിയമ വിദ്യാര്‍ത്ഥി ആയതുകൊണ്ടുതന്നെ ഇതിന്റെ നിയമവശങ്ങളെല്ലാം പഠിച്ച ശേഷമായിരുന്നു പ്രൊപ്പോസല്‍ തയ്യാറാക്കിയത്. 'നമുക്ക് ആഗ്രഹങ്ങള്‍ പലതുമുണ്ടാകും, പക്ഷേ, അതിന്റെ പ്രാക്ടിക്കാലിറ്റി കൂടി നോക്കണമല്ലോ. അതുകൊണ്ട് നിയമ വശങ്ങളെല്ലാം പഠിച്ചു. മെന്‍സ്ട്രുവല്‍ ബെനിഫിറ്റ് ആക്ട് ബില്‍ മുന്‍പ് ലോക്‌സഭയില്‍ വന്നിട്ടുള്ളതാണ്. പക്ഷേ, അംഗീകരിക്കാതെ പോയ ഒരു വിഷയമാണ്. ആ ബില്ല് വായിച്ചു നോക്കിയിരുന്നു. വെറുതെ കൊടുത്താല്‍ പോര നടക്കണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരുപാട് റിസര്‍ച്ച് ചെയ്താണ് കാര്യങ്ങള്‍ നീക്കിയത്.

റിക്വസ്റ്റ് കൊടുത്തപ്പോള്‍ തന്നെ വളരെ നല്ല റസ്‌പോണ്‍സ് ആയിരുന്നു. രാഷ്ട്രീയം നോക്കാതെ എല്ലാവരും ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയില്‍ കുറേ ഹേറ്റ് ക്യാംപെയ്ന്‍ ഉണ്ടായെങ്കില്‍ പോലും ക്യാംപസിനകത്ത് അങ്ങനെയൊരു അനുഭവമില്ല. മനസ്സില്‍ അങ്ങനെയുള്ളവര്‍ പോലും ജഡ്ജ് ചെയ്യുമോ എന്ന ഭയത്തില്‍ പുറത്തൊന്നും പറഞ്ഞില്ല. പൊതുബോധം ഈ തീരുമാനത്തിന് അനുകൂലമായിരുന്നു. പ്രായോഗിക പ്രശ്‌നങ്ങളെക്കുറിച്ച് മാത്രമാണ് അതോറിറ്റിയും സംസാരിച്ചത്. ഇത്ര എളുപ്പത്തില്‍ നടക്കും എന്നു നമ്മളും വിചാരിച്ചിരുന്നില്ല. പല കോളേജുകളില്‍നിന്നും സംഘടനകളില്‍നിന്നും പ്രൊപ്പോസലിനെക്കുറിച്ച് ചോദിച്ചു വിളികള്‍ വന്നിരുന്നു. പിന്നെ അത് മന്ത്രി തന്നെ അനൗണ്‍സ് ചെയ്തു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹമാണ് ഇപ്പോഴും സ്ത്രീകളുടേത്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അത്രത്തോളം അഡ്രസ് ചെയ്യപ്പെടാറില്ല.
എല്ലാ വിഭാഗത്തില്‍നിന്നുമുള്ള മനുഷ്യര്‍ കടന്നുവരണം. ഇത്രയും കാലം ജനറലായ പ്രശ്‌നങ്ങള്‍ മാത്രമാണ് കൂടുതലായി വന്നത്. സ്‌പെസിഫിക് ഗ്രൂപ്പുകളുടെ പ്രശ്‌നങ്ങള്‍ വരണമെങ്കില്‍ അത്തരം ഗ്രൂപ്പുകളില്‍നിന്നുള്ള പ്രാതിനിധ്യം വരണം. എനിക്ക് ഈ കാര്യത്തില്‍ ഇത്രയും ഇന്‍വോള്‍ഡ് ആയി പണിയെടുക്കാന്‍ പറ്റിയത് എന്റെ പേഴ്‌സണല്‍ എക്‌സ്പീരിയന്‍സ് കൂടി ആയതുകൊണ്ടാണ്. അതുപോലെ എല്ലാ വിഭാഗത്തില്‍നിന്നും ആളുകള്‍ വന്നില്ലെങ്കില്‍ എല്ലാവരുടേയും ശബ്ദങ്ങള്‍ കേള്‍ക്കില്ല. സ്ത്രീകള്‍ക്കു പിന്നെയും പ്രാതിനിധ്യം കിട്ടുന്നുണ്ട്. പക്ഷേ, ട്രാന്‍സ് ജന്‍ഡേര്‍സിന് അതും ഇല്ല.
സ്ത്രീകള്‍ക്കു മാത്രമാണ് മെന്‍സ്ട്രുവല്‍ ലീവ് വന്നിട്ടുള്ളത്. ട്രാന്‍സ് പേഴ്‌സണും ഇതുണ്ടാവാം. അങ്ങനെയൊരു സാധ്യതയിലേക്കൊന്നും പോയിട്ടില്ല. ഇപ്പോഴും പകുതി പുരോഗമനം മാത്രമേ എത്തുന്നുള്ളൂ. യൂണിവേഴ്‌സിറ്റി ഓര്‍ഡര്‍ ആണെങ്കിലും സര്‍ക്കാറിന്റെ ഓര്‍ഡര്‍ ആണെങ്കിലും പെണ്‍കുട്ടി എന്ന സാധ്യത മാത്രമേ ഇപ്പോഴും പരിശോധിക്കുന്നുള്ളൂ. ഇനിയും നമുക്കു മുന്നോട്ട് പോകാനുണ്ട്. ഞാന്‍പോലും സ്ത്രീകളെക്കുറിച്ചു മാത്രമാണ് ഓര്‍ത്തത്. പിന്നീട് ചര്‍ച്ചകള്‍ക്കിടയിലാണ് ട്രാന്‍സിന്റെ വിഷയം കൂടി മനസ്സിലാക്കുന്നത്. കൂടുതല്‍ ചര്‍ച്ചകള്‍ വരണം. എല്ലാ വിഭാഗത്തില്‍നിന്നും പ്രാതിനിധ്യം വന്നാലെ അവരുടെ പ്രശ്‌നങ്ങള്‍ നമുക്കു മനസ്സിലാവുകയുള്ളൂ' നമിത പറയുന്നു.
കുസാറ്റില്‍ ആദ്യമായാണ് ചെയര്‍പേഴ്‌സണും ജനറല്‍ സെക്രട്ടറിയും പെണ്‍കുട്ടികളാവുന്നത്. സുപ്രധാനമായ ഒരു തീരുമാനവും ഇവരുടെ കാലത്തുണ്ടായി എന്നത് ഇതിന്റെ പ്രാധാന്യം കൂട്ടുന്നുണ്ട്. എതിര്‍ക്കാന്‍ വേണ്ടിയാണെങ്കിലും ആര്‍ത്തവം പിരീഡ്‌സ് എന്നൊക്കെ ആളുകളുടെ സംസാരത്തില്‍ വരുന്നത് സന്തോഷമുള്ള കാര്യമാണെന്ന് നമിത പറയുന്നു. 'അതൊരു സാധാരണ വാക്കായി മാറി. ടാബു ആയ വിഷയങ്ങളൊക്കെ കുറ്റം പറയാനാണെങ്കിലും മനുഷ്യര്‍ സംസാരിക്കുന്നുണ്ട്. ഈ തീരുമാനത്തെ എതിര്‍ക്കുന്നവരുണ്ട്. സമത്വത്തിനു വേണ്ടി വാദിക്കുന്നവരല്ലേ പിന്നെയെന്തിനാണ് അവധി എന്നൊക്കെയാണ്. പക്ഷേ, സമത്വത്തിന്റെ അര്‍ത്ഥം അറിയാത്തതുകൊണ്ടാണ് അതു പറയുന്നത് എന്നാണ് എന്റെ അഭിപ്രായം. ആര്‍ത്തവമുള്ളയാളും ഇല്ലാത്തയാളും ശാരീരികമായോ മാനസികമായോ തുല്യരല്ല. റിസര്‍വ്വേഷന്‍ ഒരിക്കലും തുല്യതയ്ക്ക എതിരല്ല. പ്രയാസം അനുഭവിക്കുന്നവര്‍ക്കു സ്‌പെഷന്‍ ബെനിഫിറ്റ് കൊടുക്കുന്നു എന്നതാണ്. ലീവ് ഇത്ര ശതമാനം മതിയോ എന്നത് ഭാവിയില്‍ ചര്‍ച്ച വരേണ്ട കാര്യമാണ്. പക്ഷേ, ഇതൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റാണ്, ഒരു തുടക്കമാണ്. ഭാവിയില്‍ പോര എന്നു തോന്നുമ്പോള്‍ റിവിഷന്‍സ് വരട്ടെ. എല്ലാത്തിനും ഒരു തുടക്കം ഉണ്ടാവണമല്ലോ' നമിത പറയുന്നു.
18 വയസിനു മുകളിലുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മെറ്റേണിറ്റി ലീവ് നിര്‍ദ്ദേശം കുസാറ്റില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടും നമിതയുടെ നേതൃത്വത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമിനു വേണ്ടിയും അപേക്ഷ നല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്കു ചുരിദാര്‍ ആണ്‍കുട്ടികള്‍ക്കു പാന്റും ഷര്‍ട്ടും എന്നതാണ് നിലവില്‍ ക്യാംപസിലെ യൂണിഫോം. ഇതില്‍ അനുയോജ്യമായ വേഷം ഏതു ജെന്ററിനും ധരിക്കാം എന്ന നിര്‍ദ്ദേശത്തിനു വേണ്ടിയുള്ളതാണ് അപേക്ഷ. ക്യാംപസില്‍ മെന്‍സ്ട്രുല്‍ കപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളും നടത്താന്‍ ആലോചിക്കുന്നുണ്ട് യൂണിയന്‍. ട്രാന്‍സ്ജന്റര്‍ വ്യക്തികള്‍ക്ക് വേണ്ടി വാഷ്‌റൂം അടക്കമുള്ള പൊതു സൗകര്യങ്ങള്‍ കൂട്ടാനും നിര്‍ദ്ദേശം വെച്ചിട്ടുണ്ട്. അനിവാര്യമായ മാറ്റങ്ങളിലേക്കു ചുവടുവെക്കുകയാണ് നമിതയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സംഘം.
(തയ്യാറാക്കിയത് രേഖാചന്ദ്ര)
ഈ ലേഖനം കൂടി വായിക്കൂ
അയുക്തിക വിശ്വാസങ്ങളില്‍ നിന്ന് നരബലിയിലേക്ക് അധിക ദൂരമില്ല...
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ