അയുക്തിക വിശ്വാസങ്ങളില്‍ നിന്ന് നരബലിയിലേക്ക് അധിക ദൂരമില്ല...

സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും ചെലവിലാണ് ചാനലുകള്‍ അവയ്‌ക്കെതിരായ (തങ്ങള്‍ക്കുമെതിരായ) പ്രവണതകളെ പിന്തുടരുന്നതും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നതും
അയുക്തിക വിശ്വാസങ്ങളില്‍ നിന്ന് നരബലിയിലേക്ക് അധിക ദൂരമില്ല...

ല്ലാവരും വിശ്വസിച്ചാലും നുണ എപ്പോഴും നുണയായിരിക്കും; ആരും വിശ്വസിച്ചില്ലെങ്കിലും സത്യം എപ്പോഴും സത്യമായിരിക്കും' എന്ന ചൊല്ല് ശ്രീബുദ്ധന്റേയും മഹാത്മാഗാന്ധിയുടേയും പേരിലാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു കാണുന്നത്. ഡേവിഡ് സ്റ്റീവന്‍സിന്റെ (David Stevens) വാക്കുകളായും സൈബര്‍ ലോകത്ത് അതു പ്രചരിക്കുന്നുണ്ട്. സത്യത്തെക്കുറിച്ചുള്ള ഒരു പരാമര്‍ശംപോലും അസത്യത്തിന്റേയും അര്‍ദ്ധസത്യത്തിന്റേയും അകമ്പടിയോടെയാണ് അവതരിപ്പിക്കപ്പെടുന്നത്. സത്യത്തെക്കുറിച്ചുള്ള ഏതു പരാമര്‍ശവും മഹാത്മാഗാന്ധിയുടെ പേരില്‍ ആരോപിച്ചാല്‍ രണ്ടാമതൊരു പരിശോധനയ്ക്ക് ആരുമത് വിധേയമാക്കാനിടയില്ല. പൊതുബോധത്തോട് ചേര്‍ന്നുനില്‍ക്കുന്നതും അവരവരുടെ വിശ്വാസങ്ങളേയും അറിവുകളേയും ചോദ്യം ചെയ്യാത്തതുമായതെല്ലാം വസ്തുതാന്വേഷണത്തിനു മുതിരാതെ സ്വീകരിക്കപ്പെടുന്നു.

സത്യാന്വേഷണങ്ങളാണ് മനുഷ്യസംസ്‌കാരം. അസത്യത്തെ നേരിടാനല്ല, മറിച്ച് അജ്ഞാത സത്യത്തെ കണ്ടെത്താനായിരുന്നു അതെല്ലാം. ശാസ്ത്രത്തിന്റെ ഏതന്വേഷണവും സത്യത്തെ /വസ്തുതയെ തേടലാണ്. ജ്യോതിഷവും ജ്യോതിശാസ്ത്രവും കലകളും വാര്‍ത്താമാദ്ധ്യമങ്ങളും പലവഴികളിലൂടെ അതു ചെയ്തുകൊണ്ടിരിക്കുന്നു. സാമൂഹ്യരംഗത്ത് ഒരു സത്യത്തെ മറ്റൊരു സത്യം കാലങ്ങള്‍കൊണ്ട് മറികടക്കും. ശാസ്ത്രരംഗത്ത് സത്യങ്ങള്‍ ഇടയ്ക്കിടയ്ക്ക് മാറിവരും. ശാസ്ത്രം കണ്ടെത്തിയ വസ്തുതകളെ ആശ്രയിച്ചാണ് ഇന്ന് പ്രപഞ്ചസത്യം നിലനില്‍ക്കുന്നത്. ശാസ്ത്രത്തിന്റെ നിര്‍മ്മിതികളെല്ലാം സംസ്‌കാരവുമായി ചേര്‍ന്നാണ് സമൂഹത്തില്‍ പ്രവര്‍ത്തിച്ചത്. അവ മറ്റു പല സാങ്കേതികതകളുടേയും വളര്‍ച്ചയും തുടര്‍ച്ചയുമായിരുന്നു. സാംസ്‌കാരികമായും സാങ്കേതികമായും ഫോട്ടോഗ്രാഫിയുടേയും സിനിമയുടേയും തുടര്‍ച്ചയായ ടെലിവിഷന്‍ റേഡിയോയുടെ പിന്‍ഗാമിയായാണ് കുടുംബത്തിലിടം നേടിയത്. ഇതര സാങ്കേതികതകളെ ഉള്‍ക്കൊള്ളുന്നതില്‍ ടെലിവിഷന്‍ എല്ലായ്‌പ്പോഴും വഴക്കം കാണിച്ചു. പല മാദ്ധ്യമങ്ങളേയും സാങ്കേതിക സംവിധാനങ്ങളേയും കൂട്ടിയിണക്കുന്ന സംഗമസ്ഥാനം (hub) എന്ന നിലയ്ക്കാണ് ഇന്ന് ടെലിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നത്.

സീരിയലുകളുടേയും സിനിമകളുടേയും സംപ്രേഷണം ആരംഭിച്ചതാണ് കേരളത്തിലെ ടെലിവിഷന്‍ ചാനലുകളുടെ വളര്‍ച്ചയിലും കേരളീയരുടെ സാമൂഹ്യജീവിതത്തിലും നിര്‍ണ്ണായകമായത്. ടെലിവിഷന്‍ സീരിയലുകള്‍ തൃഷ്ണകള്‍ക്കു ദൃശ്യരൂപം നല്‍കി. അത് സ്ത്രീകള്‍ക്ക് അലഭ്യമായിരുന്ന ഒഴിവുസമയം നിര്‍മ്മിച്ചു നല്‍കി. ടെലിവിഷന്‍ മുറി വീടിന്റെ കേന്ദ്രമായി മാറി. അടുക്കളകള്‍ സ്വീകരണമുറികളിലേക്ക് കയറിവന്നു. വാര്‍ത്തകളുടെ ഉറവിടമായിരുന്ന ദിനപത്രങ്ങളുടെ റോള്‍ ടെലിവിഷനുകള്‍ക്കു പൂര്‍ണ്ണമായി ഏറ്റെടുക്കാനായിട്ടില്ല. അതിനാല്‍ത്തന്നെ അച്ചടിമാദ്ധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും സ്വതന്ത്രമായി നിലനില്‍ക്കുന്നു. വായനയ്ക്ക് ഡിജിറ്റല്‍ രൂപം കൈവന്നുവെങ്കിലും ടെലിവിഷന്‍ വാര്‍ത്തകള്‍ അതിനു പകരമായിട്ടില്ല. 

സീരിയലുകള്‍പോലെ നിര്‍മ്മിച്ചെടുക്കാവുന്നതല്ല വാര്‍ത്തകള്‍. മുഴുനീള വാര്‍ത്താചാനലുകള്‍ ആരംഭിച്ചതോടെ വാര്‍ത്തകളുടെ നിരന്തര ലഭ്യത പ്രധാനമായി. അതിനാല്‍ ഉള്ള വാര്‍ത്തകള്‍ പൊലിപ്പിച്ചെടുക്കുകയോ നിസ്സാര സംഭവങ്ങളില്‍നിന്ന് വാര്‍ത്തകള്‍ സൃഷ്ടിക്കുകയോ വേണ്ടി വരുന്നു. അനുബന്ധ കഥകള്‍കൊണ്ട് നിറംകൂട്ടുമ്പോള്‍ വാര്‍ത്തകള്‍ കഥകളാവുകയും അവയ്ക്ക് സീരിയലുകളുടെ ഘടന കൈവരുകയും ചെയ്യുന്നു. രണ്ടും തമ്മില്‍ അത്ര വലിയ അന്തരം പ്രേക്ഷകര്‍ കാണുന്നുമില്ല. റിമോട്ട് കണ്‍ട്രോള്‍ എന്ന ശക്തമായ ഉപകരണം കയ്യിലുള്ളതുകൊണ്ട് ടെലിവിഷന്‍ കാഴ്ച അലസമായി പേജ് മറിക്കുന്ന പുസ്തക വായന പോലെയായിട്ടുണ്ട്. കാഴ്ചാരീതികളില്‍ വലിയ പരിവര്‍ത്തനങ്ങളുണ്ടാക്കിയ റിമോട്ട് കണ്‍ട്രോളുകള്‍ പ്രേക്ഷകന്റെ ഇച്ഛകള്‍ക്കും തെരഞ്ഞെടുപ്പിനും കൂടുതല്‍ സാദ്ധ്യതയൊരുക്കി.

ഇന്ന് വാര്‍ത്തകളുടെ ആദ്യ ഉറവിടം ടെലിവിഷനുകളായിക്കഴിഞ്ഞു. അച്ചടിമാദ്ധ്യമങ്ങളുടെ വാര്‍ത്താവിന്യാസരീതിയും ഉള്ളടക്കവുമെല്ലാം വ്യത്യസ്തമാണ്. ഒന്ന് കാഴ്ചയും (കേള്‍വിയും) മറ്റേത് വായനയുമാണ്. ദൃശ്യങ്ങളുടെ അകമ്പടിയോടെ എത്തുന്ന ടെലിവിഷന്‍ വാര്‍ത്തകള്‍ ആധികാരികതയുടെ സാക്ഷ്യങ്ങളായി കരുതപ്പെടുന്നു. എന്നാല്‍, സമൂഹമാദ്ധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ ആ സ്ഥാനം ടെലിവിഷനുകള്‍ക്ക് നഷ്ടമായിത്തുടങ്ങിയിട്ടുമുണ്ട്. സോഷ്യല്‍ മീഡിയ വഴിയും മറ്റും പ്രാഥമിക വിവരങ്ങള്‍ മൊബൈല്‍ ഫോണുകളിലെത്തുന്നു. ടെലിവിഷന്‍ വാര്‍ത്തകള്‍ തന്നെ അപ്പപ്പോള്‍ ഫോണുകളിലെത്തുന്നുണ്ട്. 

ലോകമെങ്ങും ടെലിവിഷന്‍ വാര്‍ത്തകള്‍ വര്‍ണ്ണാഭമായ വൈകാരിക നിര്‍മ്മിതികളായി മാറിയ കാലത്തിലൂടെയാണ് കേരളത്തിലെ ടെലിവിഷന്‍ ചാനലുകളും കടന്നുപോകുന്നത്. ഇവിടെ മാദ്ധ്യമങ്ങള്‍ എന്നു സാമാന്യമായി വ്യവഹരിക്കുന്നത് മുഖ്യധാരാ വാര്‍ത്താ ചാനലുകളെയാണ്. അവ വര്‍ദ്ധിച്ച പ്രേക്ഷക പങ്കാളിത്തമുള്ളതും നിഷ്പക്ഷതയുടെ മുഖമുദ്ര വഹിക്കുന്നവയുമാണ്.

കേരളീയതയെ നിര്‍ണ്ണയിക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന് കേരളം പിന്നിട്ട നവോത്ഥാനമാണ്. അതിന്റെ പശ്ചാത്തലത്തിലാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ നടന്ന നരബലി കേരളിയര്‍ക്ക് അമ്പരപ്പുണ്ടാക്കിയത്. ഭൗതിക പുരോഗതിക്കുവേണ്ടി രണ്ടു മനുഷ്യസ്ത്രീകളെ ബലി നല്‍കുന്ന അവസ്ഥ നവോത്ഥാനാനന്തര കേരളത്തില്‍ അചിന്ത്യമായിരുന്നു. നരബലിയോടടുത്തു നില്‍ക്കുന്ന വിശ്വാസങ്ങളാല്‍ നയിക്കപ്പെടുന്ന ജീവിതത്തിലൂടെയാണ് ഭൂരിഭാഗം മലയാളികളും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത് എന്ന വസ്തുത ആദ്യക്ഷോഭത്തില്‍നിന്നുണര്‍ന്നപ്പോള്‍ ഏതാണ്ടെല്ലാവരും തിരിച്ചറിഞ്ഞു. മന്ത്രവാദങ്ങളും ആഭിചാരക്രിയകളും ജോത്സ്യവും സാധാരണമെന്നപോലെ നടന്നുകൊണ്ടിരിക്കുന്ന സമൂഹമാണിത്. ബാധയൊഴിപ്പിക്കലും ശത്രുസംഹാരപൂജകളും രാഹുകാലവും ഏലസ്സുകളും ജപിച്ചൂതിയ വെള്ളവും ജാതകവും ചേര്‍ന്ന ആത്മബലിയില്‍ ജീവിക്കുന്ന സമൂഹം. ഹൈക്കോടതിക്കുപോലും 13ാം നമ്പര്‍ മുറി വര്‍ജ്ജ്യമാണ്. ജനനം തൊട്ട് ഇത്തരമൊരവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിക്കോ സമൂഹത്തിനോ ജീവിത സംഭവങ്ങളെ തങ്ങള്‍ അനുഭവിക്കുന്ന ഭൗതികാവസ്ഥയുടെ പരിണാമം മാത്രമായി കാണാനാവുമെന്നു കരുതാനാവില്ല. അയുക്തികമായ വിശ്വാസങ്ങളില്‍നിന്ന് നരബലിയിലേക്ക് അധികദൂരമില്ല.

ഇലന്തൂര്‍ സംഭവങ്ങളെത്തുടര്‍ന്ന് അന്ധവിശ്വാസങ്ങളെ സംബന്ധിച്ച ചര്‍ച്ചകളിലേക്ക് എല്ലാവരും പ്രവേശിച്ചെങ്കിലും വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍ത്തി ആര്‍ക്കും തിട്ടമില്ലായിരുന്നു. യുക്തിയും വിശ്വാസവും പരിപാലിക്കുന്ന രണ്ടു കരകള്‍ക്കിടയിലാണ് മനുഷ്യജീവിതവും സംസ്‌കാരവും ഒറ്റ നദിയായി ഒഴുകിക്കൊണ്ടിരിക്കുന്നത്. ഫോക്‌ലോറുകളും വിശ്വാസങ്ങളും ചേര്‍ന്നു നിര്‍ണ്ണയിക്കുന്ന സംസ്‌കാരത്തിന്റെ അന്തസ്സത്ത അയുക്തികമാണ്. പ്രകൃതിയിലും സാമൂഹ്യജീവിതത്തിലും നടത്തുന്ന പലതരം ഹിംസകളുടെ പരിണതിയും കൂടിയാണ് നരബലി. എങ്കിലും വിശ്വാസത്തിന് ഭൗതികതയുടെ അതിര്‍വരമ്പ് നിശ്ചയിച്ചും ശാസ്ത്രത്തില്‍ വിശ്വാസത്തിന്റെ മേമ്പൊടി ചേര്‍ത്തുമാണ് അധികമാളുകളും ജീവിക്കുന്നത്. ശാസ്ത്രമല്ലാതെ മറ്റൊന്നും കൂട്ടിനില്ലാതിരുന്ന കൊവിഡ് കാലത്തും ഇത്തിരി വിശ്വാസം അതില്‍ കലര്‍ത്താന്‍ പലരും മറന്നില്ല.

മസാല ചേര്‍ത്ത് വിളമ്പുന്ന വാര്‍ത്തകള്‍ 

വാര്‍ത്തകള്‍ സ്‌തോഭജനകമാക്കുന്നതിന്റേയും അതിനോട് കല്പിത കഥകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റേയും ഉദാഹരണങ്ങളിലൊന്നാണ് ഇലന്തൂര്‍ നരബലിയുടെ റിപ്പോര്‍ട്ടുകള്‍. അവയവ മാഫിയയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും കൊല്ലപ്പെട്ട സ്ത്രീകളുടെ അവയവങ്ങള്‍ മുറിച്ചുമാറ്റി വില്‍പ്പന നടത്തിയിരിക്കാമെന്നും പ്രതികളിലൊരാള്‍ ശവസംഭോഗം നടത്തിയെന്നും കൂട്ടുപ്രതിയുടെ ഭാര്യയുമായി ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നുമൊക്കെ ആയിരുന്നു വാര്‍ത്താചാനലുകള്‍ ഈ സംഭവത്തിന്റെ അനുബന്ധമായി അവതരിപ്പിച്ച ഭാവനാവിലാസങ്ങള്‍. വൈകുന്നേരം പൊലീസധികാരികള്‍ നടത്തിയ പത്രസമ്മേളനത്തില്‍, അവയവ വില്‍പ്പന, ശവരതി, നരമാംസ ഭോജനം എന്നിവയ്‌ക്കൊന്നും ഒരു തെളിവുമില്ലെന്ന് പ്രഖ്യാപിച്ചിട്ടും റിപ്പോര്‍ട്ടര്‍മാര്‍ക്കും അവതാരകര്‍ക്കും സംശയം തീര്‍ന്നിരുന്നില്ല. മെഡിക്കല്‍ സയന്‍സിനെക്കുറിച്ച് പ്രാഥമിക ജ്ഞാനമുള്ള ആരും നല്‍കാന്‍ മടിക്കുന്ന അവയവ വില്‍പ്പന സംബന്ധിച്ച വാര്‍ത്തയിലെ അസംബന്ധം തുറന്നുകാട്ടിയത് സോഷ്യല്‍ മീഡിയയാണ്. ഒരാളെ കൊലപ്പെടുത്തി അവയവം മുറിച്ചുമാറ്റി മറ്റൊരാള്‍ക്കു വില്‍ക്കാന്‍ കഴിയുന്നത്ര ലളിതമല്ല അതിന്റെ സാങ്കേതികതയെന്നു വിശദീകരിക്കപ്പെട്ടതോടെ ആ വാര്‍ത്തയ്ക് തുടര്‍ച്ചയില്ലാതായി.

ഇലന്തൂര്‍ സംഭവം കഴിഞ്ഞ് ഏറെയാകും മുന്‍പാണ് പാറശ്ശാലയില്‍ ഒരു പെണ്‍കുട്ടി തന്റെ സുഹൃത്തിന് ജ്യൂസില്‍ വിഷം ചേര്‍ത്തു നല്‍കി കൊലപ്പെടുത്തി എന്ന വാര്‍ത്ത വരുന്നത്. ജ്യോതിഷവിശ്വാസമാണ് അതിലേക്ക് നയിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ക്ക് കൊലപാതകം സംബന്ധിച്ച സംശയം തോന്നാന്‍ കാരണം ആമാശയത്തില്‍ കണ്ട നീലനിറമുള്ള വസ്തുവായിരുന്നു. അതു തുരിശാണെന്ന് വളരെ പെട്ടെന്ന് മാദ്ധ്യമങ്ങള്‍ 'കണ്ടെത്തി' റിപ്പോര്‍ട്ടു ചെയ്തു. പൊലീസുദ്യോ ഗസ്ഥര്‍ നടത്തിയ പത്രസമ്മേളനത്തില്‍ അതു കളനാശിനിയാണെന്ന വിവരം വ്യക്തമാക്കപ്പെട്ടു. അതിന്റെ രുചിയെക്കുറിച്ച് ചോദ്യമുന്നയിച്ച മാദ്ധ്യമപ്രവര്‍ത്തകനു കുടിച്ചു നോക്കിയാലറിയാമെന്ന മറുപടിയും കിട്ടി.

തമസ്‌കരിക്കപ്പെടുന്ന വാര്‍ത്തകള്‍ 

തമസ്‌കരിക്കപ്പെടുന്ന വാര്‍ത്തകളെ മറ്റൊരു വാര്‍ത്തകൊണ്ട് പുറത്തുചാടിക്കുന്ന സവിശേഷാനുഭവവും അടുത്ത ദിവസമുണ്ടായി. എസ്.എഫ്.ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അപര്‍ണ ഗൗരി മുപ്പതിലേറെ വരുന്ന ആണ്‍കുട്ടികളുടെ സംഘം ചേര്‍ന്ന ആക്രമണത്തിനിരയായി ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അക്രമികള്‍ മയക്കുമരുന്ന് ബന്ധമുള്ളവരും കെ.എസ്.യു/എം.എസ്.എഫ് പ്രവര്‍ത്തകരുമാണെന്ന ചിത്രങ്ങളും വീഡിയോയും അടക്കമുള്ള തെളിവുകള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നു. വലിയ രീതിയില്‍ പ്രതിഷേധമുയരേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായിരുന്നു സംഭവമെങ്കിലും പ്രധാന മാദ്ധ്യമങ്ങളൊന്നും അത് അറിഞ്ഞ മട്ടു കാണിച്ചില്ല. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അപര്‍ണ ഗൗരിയെ ആക്രമിച്ചവരിലൊരാള്‍ക്ക് പൊതിരെ തല്ലുകിട്ടി. റിമാന്റില്‍ കഴിയുന്ന രണ്ടു പ്രതികളുടെ ബൈക്കുകള്‍ തീവെച്ചു നശിപ്പിക്കപ്പെട്ടു. അപ്പോള്‍ മാദ്ധ്യമങ്ങളെല്ലാം ഉണരുകയും അക്രമത്തില്‍ പ്രതിഷേധിക്കുകയും ചര്‍ച്ചയുണ്ടാവുകയും അങ്ങനെ ആദ്യ സംഭവം പരാമര്‍ശിക്കാന്‍ നിര്‍ബ്ബന്ധിതരാവുകയും ചെയ്തു. ചില മാദ്ധ്യമങ്ങള്‍ ആദ്യ സംഭവം പരാമര്‍ശിക്കാതെ രണ്ടാം സംഭവം ഭാഗിക വാര്‍ത്തയാക്കി. ഇന്ന് ഒരു വാര്‍ത്തയും ആരുടേയും കുത്തകയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ആടകളാകെ സ്വയമഴിച്ചുകളഞ്ഞ അവതാരരൂപം മാദ്ധ്യമങ്ങള്‍ സ്വയം ആസ്വദിക്കുന്നുണ്ടാവണം.

പത്രസമ്മേളനങ്ങള്‍ തല്‍സമയം പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുന്നത് ടെലിവിഷന്‍ ചാനലുകളും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുമാണ്. ദൃശ്യമാദ്ധ്യമങ്ങളുടെ വരവിനു മുന്‍പ് പത്രസമ്മേളനങ്ങള്‍ക്ക് ഇത്രയേറെ പ്രാധാന്യമുണ്ടായിരുന്നില്ല. പറഞ്ഞതിന്റെ സംക്ഷിപ്തം മാത്രം പിറ്റേ ദിവസം അച്ചടിച്ചു വന്നു. ചോദ്യവും ഉത്തരവുമെല്ലാം കാണാനും കേള്‍ക്കാനും കഴിയുന്ന, നാടകീയതകള്‍ നിറഞ്ഞ ഒരു ദൃശ്യവിരുന്നാണ് ഇന്നത്തെ പത്രസമ്മേളനങ്ങള്‍.

മലയാള മാദ്ധ്യമ ചരിത്രത്തില്‍ പത്ര സമ്മേളനങ്ങളെ വിശദവും സൂക്ഷ്മവും രാഷ്ട്രീയ പ്രസക്തവുമാക്കി മാറ്റിയവരിലൊരാള്‍ പിണറായി വിജയനാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ പത്രസമ്മേളനങ്ങളില്‍നിന്ന് അടിമുടി വ്യത്യസ്തമായിരുന്നു മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തിയ പത്രസമ്മേളനങ്ങളെല്ലാം. വെള്ളപ്പൊക്കം, കൊവിഡ് തുടങ്ങിയ നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ വിവരങ്ങളും വിശദാംശങ്ങളും ജനങ്ങള്‍ക്കു മുന്നില്‍ അദ്ദേഹം കണിശതയോടെ അവതരിപ്പിച്ചു. വൈകുന്നേരം ആറ് മണിക്കുള്ള പത്രസമ്മേളനങ്ങള്‍ക്കായി ജനങ്ങള്‍ ടെലിവിഷനുകള്‍ക്കു മുന്നില്‍ കാത്തിരുന്നു. ടെലിവിഷനുകള്‍ ജനങ്ങളുമായി നേരിട്ടു സംവദിച്ച അപൂര്‍വ്വാവസരങ്ങളില്‍ ഒന്നായിരുന്നു അത്. ഭരണകൂടം എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ജനങ്ങള്‍ എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നുമുള്ള പൊതുവിവരങ്ങള്‍ അവയിലുണ്ടായിരുന്നു. അതു മനുഷ്യരിലേക്കു മാത്രമല്ല, തെരുവുമൃഗങ്ങളിലേക്കും ചെന്നെത്തി. ഭരണകൂടത്തിന്റെ രക്ഷകസാന്നിദ്ധ്യം ജനങ്ങള്‍ക്കു ബോദ്ധ്യമായ നാളുകളായിരുന്നു അത്. ചോദ്യങ്ങള്‍ക്കുള്ള ഇടം അധികമില്ലാതെയാണ് സ്ഥിതിവിവരക്കണക്കുകളുടെ സഹായത്തോടെ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടിരുന്നതെങ്കിലും ഉയര്‍ന്ന ചോദ്യങ്ങളൊന്നും വിഷയവുമായി ബന്ധപ്പെട്ടവയായിരുന്നില്ല. സ്വര്‍ണ്ണക്കള്ളക്കടത്തിനെക്കുറിച്ചും സ്പ്രിംഗ്ലര്‍ അഴിമതിയെക്കുറിച്ചുമൊക്കെയായിരുന്നു ചോദ്യങ്ങള്‍. പത്രസമ്മേളനത്തിന്റെ സാന്ദര്‍ഭിക ഗൗരവമോ ഔചിത്യചിന്തയോ കൂടാതെ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്കു മുന്നില്‍ പകര്‍ച്ചവ്യാധിയും പ്രതിരോധങ്ങളുമെല്ലാം പരിഹാസ്യമാക്കപ്പെട്ടു. എങ്കിലും ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം അക്ഷോഭ്യനായി മറുപടി പറയുന്നുണ്ടായിരുന്നു.

ചില പത്രസമ്മേളനങ്ങള്‍ ചോദ്യങ്ങള്‍കൊണ്ടു നിറഞ്ഞതാണെങ്കില്‍ മറ്റു ചിലതില്‍ ഉത്തരങ്ങള്‍ മാത്രമേ കാണൂ. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരോട് ചോദ്യങ്ങളൊന്നും ആരും ചോദിച്ചില്ല. പ്രധാനമന്ത്രിയോട് ഒരു ചോദ്യവും ചോദിക്കാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല.
വസ്തുനിഷ്ഠമായി പ്രതികരിക്കുന്ന ഇടമെന്ന് വിശ്വസിക്കപ്പെടുന്ന സോഷ്യല്‍ മീഡിയയും ചാനലുകളുടേയും അച്ചടിമാദ്ധ്യമങ്ങളുടേയും അനുബന്ധമെന്നോണമാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ടെലിവിഷന്റെ വ്യാജങ്ങളെ വെളിപ്പെടുത്താന്‍ ശേഷിയുള്ള സോഷ്യല്‍ മീഡിയയില്‍നിന്ന് വാര്‍ത്താമുറികളിലേക്കും വഴികളുണ്ട്. ടെലിവിഷന്‍ വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ടും പത്രവാര്‍ത്തകളുടെ ഫോട്ടോകോപ്പിയും കൊണ്ട് തങ്ങളുടെ പോസ്റ്റുകള്‍ക്ക് ആധികാരികത നല്‍കാന്‍ സോഷ്യല്‍ മീഡിയ ഉത്സാഹിക്കുന്നു. ചാനലുകള്‍ ഒരു സ്ഥാപനമെന്ന നിലയ്ക്ക് തങ്ങളുടെ രാഷ്ട്രീയ/വിപണന നിലപാടുകളെ പിന്തുണയ്ക്കാനാണ് വ്യാജവാര്‍ത്തകള്‍ നല്‍കുന്നതെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തിപരമായ രാഷ്ട്രീയം (രാഷ്ട്രിയ വിരോധം) പ്രകടിപ്പിക്കാനാണ് അവ ഷെയര്‍ ചെയ്യപ്പെടുന്നത്.

ചായക്കടകളുടെ കാലശേഷം സോഷ്യല്‍ മീഡിയയുടെ വരവോടെയാണ് വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്താനുള്ള പൊതു ഇടമുണ്ടാവുന്നത്. അതിനുമുന്‍പ് വ്യക്തികള്‍ക്ക് ഏതു വിഷയത്തെക്കുറിച്ചും ഇത്ര സ്വാതന്ത്ര്യത്തോടെ അഭിപ്രായം പറയാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ ചായക്കടക്കാരന്‍ സോഷ്യല്‍ മീഡിയയുടേയും ചാനലിന്റേയും അദൃശ്യ ഉടമകളാണ്. കോര്‍പ്പറേറ്റ് സംവിധാനമുള്ള ചാനലില്‍ ഉടമ അസന്നിഹിതനായിരിക്കുകയും പ്രതിനിധികളായ അവതാരകര്‍ ചര്‍ച്ച നയിക്കുകയും ചെയ്യുന്നു. വിദൂരത്തിരുന്നുകൊണ്ട് ഉടമ എല്ലാം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും തന്റെ കടയിലേക്ക് ആളുകള്‍ വരാനുള്ള തന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്രധാനമായും വ്യക്തികളേയും അവരുടെ ആശയങ്ങളേയും സ്വകാര്യതകളേയുമാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതെങ്കില്‍ ചാനലുകളില്‍ അതൊരു സമൂഹത്തെ ആകമാനമാണ്. അതില്‍ വാര്‍ത്താവതാരകരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരും റിപ്പോര്‍ട്ടര്‍മാരുമുണ്ട്. ചിലപ്പോള്‍ പ്രേക്ഷകരും അതിലേക്ക് ക്ഷണിക്കപ്പെടും. 

സോഷ്യല്‍ മീഡിയയില്‍ തിളങ്ങിനില്‍ക്കുന്ന പ്രൊഫൈലുകളില്‍ ചിലതാണ് ടെലിവിഷന്‍ ചായക്കടകളിലേക്ക് ആനയിക്കപ്പെടുന്നത്. 'ചര്‍ച്ചാതൊഴിലാളി'കളായെത്തുന്ന അവരില്‍ പലര്‍ക്കും ഏതു വിഷയത്തെക്കുറിച്ചും അഭിപ്രായം പറയാനുള്ള 'പാണ്ഡിത്യ'വും 'ഭാഷാസിദ്ധി'യുമുണ്ട്. ചാനലിന്റേയും അവതാരകന്റേയും ഇംഗിതത്തിനു ഇടിവുവരാതെ അവര്‍ അഭിപ്രായങ്ങള്‍ പറയുന്നു. ഒരു മണിക്കൂര്‍ നേരം കടുത്ത വാഗ്വാദങ്ങളിലേര്‍പ്പെട്ട് പിരിയുന്നു. ചിലരെല്ലാം ഒന്നിലധികം ചാനലുകളില്‍ ഒരേസമയം പ്രത്യക്ഷരാകുന്ന അത്ഭുത പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നു. ആശയങ്ങള്‍ തമ്മിലുള്ള ഘോര സംഘട്ടനമെന്നൊക്കെ തോന്നുമെങ്കിലും ചാനല്‍ പക്ഷത്തെ പിന്തുണയ്ക്കുന്ന ഭൂരിഭാഗവും എതിര്‍ക്കുന്ന ഒറ്റയാളുമെന്നതാണ് പാനല്‍ ഘടന. എതിര്‍പക്ഷത്തുള്ള ആളെ സംസാരിക്കാന്‍ അനുവദിക്കാതെ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ച് നിഷ്പ്രഭനാക്കും. അല്ലെങ്കില്‍ ഒരു ഇടവേളയിലേക്ക് സമര്‍ത്ഥമായി കടക്കും. വാക്കിലും നോക്കിലും അവതാരകര്‍ സര്‍വ്വവിജ്ഞാനകോശമായി നിറഞ്ഞാടും.

കൊവിഡ് കാലത്ത് പലര്‍ക്കും വൈദ്യതി ചാര്‍ജ്ജ് അധികരിച്ചതിനെക്കുറിച്ച് ഒരു ചാനലില്‍ ചര്‍ച്ച നടക്കുകയാണ്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാനായിരുന്ന എന്‍.എസ്. പിള്ള വേണ്ട തയ്യാറെടുപ്പോടെയും കെ.എസ്.ഇ. ബി എന്‍ജിനീയര്‍മാരെ ഓണ്‍ലൈനില്‍ ലഭ്യമാക്കിയും സംശയങ്ങള്‍ക്ക് അപ്പപ്പോള്‍ മറുപടി നല്‍കുന്നുണ്ട്. ചര്‍ച്ച ചാനലിന്റെ ഇംഗിതത്തിനെതിരായി കൈവിട്ടുപോകുമെന്നു തോന്നിയ അവതാരക ബാലിശമായ ചോദ്യങ്ങള്‍ ചോദിച്ച് അദ്ദേഹത്തെ തടസ്സപ്പെടുത്താനാരംഭിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ നേതാവ് ഇതൊക്കെ സാധാരണക്കാരനു മനസ്സിലാകുമോ എന്ന ചോദ്യംകൊണ്ട് കാര്യങ്ങളെ നിസ്സാരവല്‍ക്കരിക്കുകയും ചെയ്തു. മുന്‍വിധികള്‍ക്ക് അനുകൂലമല്ലാത്ത ഒരു വസ്തുതയും അത് എത്ര ശാസ്ത്രീയമായാലും ഏതു പണ്ഡിതന്‍ പറഞ്ഞാലും അംഗീകരിക്കപ്പെടുകയില്ല. എല്ലാ ചര്‍ച്ചയിലും സത്യധര്‍മ്മ സംസ്ഥാപകരായ അവതാരങ്ങള്‍(കര്‍) മാത്രം വിജയിക്കുന്നു.

ഏറ്റവും മികച്ച ആദര്‍ശാത്മക ജീവിതം നയിക്കുന്ന വ്യക്തികള്‍ ഫേസ്ബുക്കിലാണുള്ളത്. ഒരു സമൂഹമെന്ന നിലയില്‍ മാദ്ധ്യമങ്ങള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കുമെല്ലാം ആദര്‍ശാത്മക നിലപാടുകളുണ്ട്. ചായക്കടപോലെ ഒരു പൊതുസ്ഥലമാണ് തങ്ങളുടെ ഇടം എന്നതിനാലാണ് സ്വയം ആദര്‍ശശാലികളായി ഭാവിക്കുകയും അന്യരെ വിമര്‍ശിക്കുകകയും ചെയ്യേണ്ടത് കര്‍ത്തവ്യമായി അവര്‍ എണ്ണുന്നത്.

ടെലിവിഷന്റെ വ്യാജത്തെളിവുകളെ മറികടക്കാന്‍ ശേഷി നേടിയ നവീനോപകരണം നാടെങ്ങും സ്ഥാപിതമായ സി.സി.ടി.വി ക്യാമറകളാണ്. അവ ടെലിവിഷന്റെ 'സത്യ'ങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. മൊബൈല്‍ ഫോണുകള്‍, ടവര്‍ ലൊക്കേഷനുകള്‍ എന്നിവയെല്ലാം സത്യാന്വേഷണത്തിനുള്ള സാങ്കേതികോപകരണങ്ങളായി മാറിയിരിക്കുന്നു. വിവിധ സാങ്കേതികതകളുടെ സംഗമസ്ഥലമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ടെലിവിഷന്റെ സ്ഥാനം ഇന്ന് ഇന്റര്‍നെറ്റ് ഏറ്റെടുത്തിട്ടുണ്ട്. ടെലിവിഷനും സോഷ്യല്‍ മീഡിയയും മറ്റു മാദ്ധ്യമങ്ങളും സംഗമിക്കുന്ന സ്ഥാനമാണത്. എങ്കിലും സത്യം മാത്രം ഒരിടത്തും സംഗമിക്കുന്നില്ല.

സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും ചെലവിലാണ് ചാനലുകള്‍ അവയ്‌ക്കെതിരായ (തങ്ങള്‍ക്കുമെതിരായ) പ്രവണതകളെ പിന്തുടരുന്നതും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നതും. ജനാധിപത്യമാണ് മാദ്ധ്യമങ്ങളുടെ നിലനില്‍പ്പിനേയും പ്രവര്‍ത്തനത്തേയും സാദ്ധ്യമാക്കുന്ന പ്രധാന ഘടകം. ജനാധിപത്യത്തിന്റെ അടിസ്ഥാനമാകട്ടെ, സത്യവും ഭിന്നാഭിപ്രായങ്ങളുമാണ്. സത്യാനന്തര പ്രചരണ കോലാഹലങ്ങള്‍ക്ക് വര്‍ണ്ണഭംഗി കൂടുമെങ്കിലും അവ സത്യവിരുദ്ധമാകയാല്‍ ജനാധിപത്യത്തിനെ പിന്തുണയ്ക്കുന്നില്ല. വ്യാജ ചരിത്രനിര്‍മ്മിതി, ഒറ്റ ഭാഷ, ഒറ്റനിയമം എന്നിങ്ങനെ എല്ലാം ഏകതയിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ദേശത്തിലും കാലത്തിലും വാസമുറപ്പിച്ചുകൊണ്ടാണ് നിസ്സാരതകളില്‍ 'ഫാസിസം' കണ്ടെത്തുന്നത്. സത്യത്തിന്റെ ആപേക്ഷികതയെന്നാല്‍ എന്റെ സത്യം/നിന്റെ സത്യം എന്നല്ല.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com