'ഏതെങ്കിലും സിദ്ധാന്തങ്ങളെ എഴുത്തില്‍ തുടര്‍ച്ചയായോ അന്ധമായോ പിന്തുടരാറില്ല'

എഴുത്തിന്റെ ഈ മേഖലയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ മൗലികമുദ്രകളുള്ള പഠനലേഖനങ്ങളാല്‍ വ്യതിരിക്തമായ വഴിയിലൂടെ സഞ്ചരിച്ച എഴുത്തുകാരിയാണ് ഡോ. ലക്ഷ്മി പി
'ഏതെങ്കിലും സിദ്ധാന്തങ്ങളെ എഴുത്തില്‍ തുടര്‍ച്ചയായോ അന്ധമായോ പിന്തുടരാറില്ല'

ഡോ. ലക്ഷ്മി പി.
(എഴുത്തുകാരി, നിരൂപക)

വിതയും കഥയുമെഴുതുന്ന അനേകം പുതുതലമുറ എഴുത്തുകാര്‍ നമുക്കു മുന്നിലുണ്ട്. എന്നാല്‍, സാഹിത്യകൃതികളെ നിരൂപണബുദ്ധിയോടെ സമീപിക്കുന്നവര്‍ വിരളം. എഴുത്തിന്റെ ഈ മേഖലയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ മൗലികമുദ്രകളുള്ള പഠനലേഖനങ്ങളാല്‍ വ്യതിരിക്തമായ വഴിയിലൂടെ സഞ്ചരിച്ച എഴുത്തുകാരിയാണ് ഡോ. ലക്ഷ്മി പി. സാഹിത്യവിമര്‍ശനം, സിനിമാനിരൂപണം, സാമൂഹിക നിരീക്ഷണം എന്നീ വിഭാഗങ്ങളിലായി മൂന്ന് പുസ്തകങ്ങള്‍ ലക്ഷ്മി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുമാരനാശാന്റെ ഖണ്ഡകാവ്യങ്ങളിലെ നായികമാരെക്കുറിച്ചെഴുതിയ 'വീടുവിട്ട നായികമാര്‍' പോയവര്‍ഷം ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച സാഹിത്യലേഖനങ്ങളില്‍ ശ്രദ്ധ നേടുകയും ചെയ്തു. 

ലക്ഷ്മിയുടെ എഴുത്തിന്റെ തുടക്കം കവിതയിലായിരുന്നു. അത് സ്വന്തം ഇടമല്ലെന്നു ബോധ്യപ്പെട്ടതിനാല്‍ കവിതയെഴുത്ത് നിര്‍ത്തി. 'പൊതുവേ പലരും പറയുന്നതുപോലെ എഴുതിത്തുടങ്ങിയത് കവിതകളാണ്. പക്ഷേ, അത് എന്റെ ഇടമല്ല എന്നു സ്വയം ബോധ്യപ്പെട്ടു. ഇപ്പോള്‍ കവിത എഴുതാറില്ല. കവിത വരാത്തതില്‍ എനിക്ക് ദുഃഖമൊന്നുമില്ല എന്നതുതന്നെയാണ് ഞാന്‍ കവിയല്ല എന്നതിന് എനിക്കു കിട്ടിയ തെളിവ് എന്നും കൂട്ടിച്ചേര്‍ക്കാം. ഒരു പുസ്തകം 
വായിച്ചശേഷം അല്ലെങ്കില്‍ സിനിമ കണ്ടശേഷം മനസ്സില്‍ രൂപപ്പെടുന്ന ഒരു നിരീക്ഷണം എഴുതാതെയിരിക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നാറുണ്ട്. എഴുതാതിരിക്കുന്നത്രയും സമയം അതേക്കുറിച്ച് ഓര്‍ക്കാറും അതിനായി പണിയെടുക്കണമെന്ന് തോന്നാറുമുണ്ട്. അതുകൊണ്ടാണ് വിമര്‍ശന/നിരൂപണമാണ് എന്റെ എഴുത്തിന്റെ ഇടമെന്ന് ഞാന്‍ ഉറപ്പിക്കുന്നത്.' സാഹിത്യവിമര്‍ശനം ആത്മപ്രകാശനത്തിനുള്ള വഴിയായി തിരഞ്ഞെടുത്തതിനെക്കുറിച്ച് ലക്ഷ്മി പറഞ്ഞു തുടങ്ങി.

ആശാന്റെ നായികമാര്‍

പ്രണയമന്വേഷിച്ച്, സ്വാതന്ത്ര്യമന്വേഷിച്ച്, മോക്ഷവും അഭയവും അന്വേഷിച്ച് ഇറങ്ങിപ്പോയവരാണ് കുമാരനാശാന്റെ നായികമാര്‍. പക്ഷേ, ഒരുവേള മാത്രമേ വീട് ഇറക്കിവിട്ടുള്ളൂ. ആശാന്റെ ഖണ്ഡകാവ്യങ്ങളിലെ നായികമാരില്‍ ഇറങ്ങിപ്പോയവള്‍മാരും ഇറക്കിവിടപ്പെട്ടവളും എങ്ങനെ വ്യത്യസ്തരാകുന്നു എന്നത് പഠനവിധേയമാക്കുന്ന 'ആശാന്റെ വീടുവിട്ട നായികമാര്‍ അഥവാ ഭാരമായി പറയാതൊഴിക്കുകില്‍' എന്ന ലേഖനം ദേശാഭിമാനി ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചു വന്നത്. 

'...നളിനിയുടെ രസവിശിഷ്ടമായ ഗാനം കേട്ടതോടെ കുയിലിന്റെ പാട്ട് അനക്ഷരമാണെന്നും അതിനാല്‍ ഇനി കുയില്‍ പാടേണ്ടതില്ലെന്നും 'തല തളിര്‍ത്ത' മരങ്ങള്‍ പറയുകയാണത്രേ. പൂമരങ്ങളെയാണ് 'തല തളിര്‍ത്ത മരങ്ങള്‍' എന്ന് ആശാന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മധുരഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് (വൃക്ഷങ്ങള്‍ക്കും) രോമാഞ്ചം ഉണ്ടാകാവുന്നതാണ്. എങ്കില്‍ 'ഉടല്‍ തളിര്‍ത്ത മരങ്ങള്‍' എന്നു മതിയായിരുന്നു. പക്ഷേ, ആശാന്‍ തല തളിര്‍ത്ത മരങ്ങള്‍ എന്നുതന്നെ നിര്‍ബ്ബന്ധബുദ്ധ്യാ പറഞ്ഞിരിക്കുന്നു. തലപ്പത്ത് നിറയെ പൂക്കള്‍ നിറഞ്ഞ വൃക്ഷങ്ങള്‍ എന്നു മാത്രമല്ല ഇവിടെയര്‍ത്ഥം എന്നുറപ്പ്. വാക്കിനെ, വാക്കിലുള്‍ച്ചേര്‍ന്ന പൊരുളിനെ അറിഞ്ഞാസ്വദിക്കാനും ആ അറിവിനാല്‍ ബ്രഹ്മാനന്ദസദൃശമായ ആനന്ദമനുഭവിക്കാനും ബൗദ്ധികപ്രാപ്തിയുള്ള വൃക്ഷങ്ങളാണ് അവ. ആശാന്റെ നായികാനായകന്മാരും അത്തരം വൃക്ഷങ്ങളാണ്.' ഇങ്ങനെ പല മൗലിക നിരീക്ഷണങ്ങളും സ്ത്രീപക്ഷ വായനകളും ലക്ഷ്മിയുടെ ആശാന്‍ ലേഖനത്തില്‍ കടന്നുവരുന്നുണ്ട്. 

'ഏതെങ്കിലും സിദ്ധാന്തങ്ങളെ എഴുത്തില്‍ തുടര്‍ച്ചയായോ അന്ധമായോ പിന്തുടരാറില്ല. ആദ്യമൊന്നും അത് മനപ്പൂര്‍വ്വം ചെയ്തതല്ലെങ്കിലും ഇപ്പോഴും ആ വഴി തുടരുന്നത് കുറേയൊക്കെ ബോധപൂര്‍വ്വമാണ്. പറയാനുള്ളത് എന്തുതന്നെയാണെങ്കിലും ലളിതമായി പറയാനാണ് ശ്രമിക്കാറുള്ളത്. മറ്റൊരാള്‍ രചിച്ച കൃതിയെക്കുറിച്ചാണ് പറയുന്നതെങ്കിലും അതില്‍ ഞാന്‍ അനുഭവിച്ചറിഞ്ഞതു മാത്രമേ പറയാറുള്ളൂ. അനുഭവത്തിന്റേയും അറിവിന്റേയും കൂടെ ഇടയ്ക്ക് കൂട്ടിന് സാന്ദര്‍ഭികമായ ചില സിദ്ധാന്തങ്ങളും വരാറില്ല എന്നല്ല. അങ്ങനെ ഒരനുഭവമുണ്ടാകുന്നില്ലെങ്കില്‍ ബലം പിടിച്ച് പറയേണ്ടതില്ല എന്ന തോന്നലുണ്ട്. എഴുത്തിലുണ്ടായിരിക്കേണ്ട സത്യസന്ധതയായി ഞാനതിനെ കണക്കാക്കുന്നു. എനിക്ക് വ്യക്തിപരമായി ഏറ്റവും തൃപ്തി ലഭിച്ച എഴുത്തായിരുന്നു ആശാന്‍ ലേഖനം. പലരില്‍നിന്നും നല്ലവാക്കുകള്‍ കേള്‍ക്കാന്‍ സാധിച്ചു. അതെല്ലാംതന്നെ മേല്‍സൂചിപ്പിച്ച അനുഭവപരമായ സത്യസന്ധതയ്ക്ക് ലഭിച്ച അംഗീകാരമായി കരുതാനാണ് ഇഷ്ടം' സ്വന്തം വഴി ലക്ഷ്മി ഇങ്ങനെ തെളിച്ചിടുന്നു.

സി.വി. രാമന്‍പിള്ളയുടെ ധര്‍മ്മരാജയെ മുന്‍നിര്‍ത്തി ബിരുദതലത്തില്‍ ചെയ്ത പ്രൊജക്ടിന്റെ പുസ്തകരൂപമായ അന്ധകാരബ്രഹ്മാണ്ഡമാണ് ആദ്യപുസ്തകം. രണ്ടാമത്തെ പുസ്തകമാണ് 'എങ്ങനെ നശിക്കാതിരിക്കും, നോക്കുന്നത് ആത്മാവിലേക്കാകുമ്പോള്‍?' സോഷ്യല്‍മീഡിയയിലും പ്രിന്റ് മീഡിയയിലുമായി പ്രസിദ്ധീകരിച്ച സിനിമാസ്വാദനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. പ്രശസ്തരായ ഒരു കൂട്ടം ലേഖകരുടെ പഠനങ്ങളുടെ സമാഹാരമാണ് മൂന്നാമത്തെ പുസ്തകമായ 'മറഞാനപ്പൊരുള്‍; മാസ്‌കുകളുടെ ചരിത്രവും വര്‍ത്തമാനവും.' ഈ പുസ്തകത്തിന്റെ എഡിറ്ററാണ് ലക്ഷ്മി. കൊവിഡ് കാലഘട്ടത്തില്‍ നമ്മുടെ നിത്യപരിചയത്തിലേക്കുയര്‍ന്നുവന്ന മാസ്‌ക്/ മുഖമറയെ കലാപരം, നരവംശശാസ്ത്രപരം, അനുഷ്ഠാനപരം, സ്ത്രീവാദപരം, മനശ്ശാസ്ത്രപരം, ആരോഗ്യചികിത്സാചരിത്രപരം എന്നിങ്ങനെ വിവിധ തലങ്ങളില്‍നിന്ന് നോക്കിക്കാണുന്നവയാണ് ഈ സമാഹാരത്തിലെ ലേഖനങ്ങള്‍.

ഡോ. ലക്ഷ്മി പി
ഡോ. ലക്ഷ്മി പി

ഗവേഷണം യക്ഷിസങ്കല്പത്തില്‍

'യക്ഷിസങ്കല്പം കേരള സംസ്‌കൃതിയില്‍നാടോടി വിജ്ഞാനപഠനം' എന്നതായിരുന്നു ലക്ഷ്മിയുടെ ഗവേഷണവിഷയം. 'ബിരുദാനന്തരബിരുദതലത്തില്‍ നരേന്ദ്രപ്രസാദിന്റെ 'സൗപര്‍ണിക' പഠിക്കാനുണ്ടായിരുന്നു ;അന്ന് തോന്നിയതാണ് യക്ഷിയിലെ അമ്മത്തത്തിലേക്ക് നടന്നുനോക്കണമെന്ന ആഗ്രഹം. 'ഒരുണ്ണിക്ക് രണ്ടമ്മമാര്‍' എന്ന ആശയസംഘര്‍ഷം കേരളത്തില്‍ പ്രചാരത്തിലുള്ള യക്ഷിസങ്കല്പത്തിലും യക്ഷിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിലുമുണ്ട്. അനുഷ്ഠാനകലകളിലും സാഹിത്യകൃതികളിലും ഇതാവര്‍ത്തിക്കുന്നതു കാണാം. നിരവധി നാടോടിക്കഥകളില്‍ ഇതേ മോട്ടിഫ് ആവര്‍ത്തിക്കുന്നതു കാണാം. നാടോടിക്കഥകളുടെ നമ്പറിങ്ങ് സമ്പ്രദായമായ ആര്‍ണെ തോംസണ്‍ ഉഥര്‍ സൂചികയിലെ 926ാം ടൈപ്പ് കഥകള്‍ കുഞ്ഞിന്റെ ഉടമസ്ഥാവകാശത്തിനായി വാദിക്കുന്ന അമ്മമാരുടെ സംഘര്‍ഷത്തിന്റെ കഥകളാണ്. ഒരു കുഞ്ഞും അതിന്റെ രക്ഷാകര്‍ത്തൃത്വം/ഉടമസ്ഥാവകാശം നേടാനായി മത്സരിക്കുകയും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന രണ്ട് സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങള്‍. അവരിലൊരാള്‍ കുഞ്ഞിനെ പ്രസവിച്ച അവന്റെ യഥാര്‍ത്ഥ അമ്മയും മറ്റെയാള്‍ അവനെ യഥാര്‍ത്ഥ അമ്മയില്‍നിന്ന് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ദുഷ്ടകഥാപാത്രവുമാണ്. മിക്ക കഥകളിലും കുഞ്ഞിനെ തട്ടിയെടുക്കുന്ന ഈ ദുഷ്ടകഥാപാത്രമൊരു യക്ഷിയാകുന്നു. ഒരു കുഞ്ഞിന്റെ ഉടമസ്ഥാവകാശത്തിനുവേണ്ടി മത്സരിക്കുന്ന രണ്ട് അമ്മമാരെ സംബന്ധിക്കുന്ന നാടോടിക്കഥകള്‍ വിവിധ ഭാഷാസംസ്‌കാരങ്ങളിലും ആവര്‍ത്തിച്ചുവരുന്നതു കാണാം. വിവിധ ജനതകളുടെ കഥകളില്‍ ഒരേപോലെ ആവര്‍ത്തിക്കുന്ന ഈ മോട്ടിഫിന് നരവംശചരിത്രപരമായ വ്യാഖ്യാനം സാധ്യമാണ്. ഈ കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തിയാണ് പ്രബന്ധം രചിച്ചിട്ടുള്ളത്. വാമൊഴിസാഹിത്യം, വരമൊഴിസാഹിത്യം, അനുഷ്ഠാനകലകള്‍, പ്രാദേശിക വിശ്വാസങ്ങള്‍ എന്നിവയെ പഠനത്തിനായി സ്വീകരിച്ചിരുന്നു. യക്ഷിയുടെ സ്‌ത്രൈണ/കീഴാള പ്രതിരോധസ്വത്വങ്ങളും ഗവേഷണ വഴിയിലെ തണലുകളായിരുന്നു'  ഗവേഷണത്തില്‍ സ്വീകരിച്ച ആലോചനകളെക്കുറിച്ച് ലക്ഷ്മി പറയുന്നു.

കാണിയും കാഴ്ചപ്പാടുകളും

ലക്ഷ്മിയുടെ സിനിമാസ്വാദനങ്ങളുടെ സമാഹാരമാണ് 'എങ്ങനെ നശിക്കാതിരിക്കും, നോക്കുന്നത് ആത്മാവിലേക്കാകുമ്പോള്‍?' വിവിധ കാലങ്ങളിലായി സമൂഹപത്രമാധ്യമങ്ങളിലായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. കാണി എന്ന നിലയില്‍ വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ലക്ഷ്മി പുലര്‍ത്തുന്നു: 'ഞാന്‍ എല്ലാത്തരം സിനിമകളും കാണാനിഷ്ടപ്പെടുന്ന വ്യക്തിയാണ്. യാഥാര്‍ത്ഥ്യബോധത്തില്‍നിന്നുള്ള രക്ഷ കൂടിയാണ് എനിക്ക് സിനിമാനുഭവങ്ങള്‍. അത് തിയേറ്ററിലെ ഇരുട്ടിലായാലാണ് കൂടുതലിഷ്ടം. വീട്ടിലിരുന്നായാലും അങ്ങനെത്തന്നെ. കൂട്ടംകൂടിയിരുന്ന് കാണുമ്പോള്‍ മാത്രം ഇഷ്ടം തോന്നുന്ന സിനിമകളുണ്ടാവാം. ഒറ്റയ്ക്കിരുന്ന് കാണാന്‍ മാത്രം ഇഷ്ടപ്പെടുന്നവയുണ്ടാവാം. അത് സിനിമയുടെ വിഷയം, വിഷയത്തിനു സ്വജീവിതാനുഭവങ്ങളുമായുള്ള പൊരുത്തം/പൊരുത്തക്കേട് എന്നിവയുമായൊക്കെ ബന്ധപ്പെട്ട കാര്യവുമാണ്. എന്തുതന്നെയായാലും സിനിമയെനിക്ക് ആത്യന്തികമായി സന്തോഷിക്കാനുള്ളതാണ്, സങ്കടപ്പെട്ടുകൊണ്ട് സന്തോഷിക്കാനുള്ളതാണ്, സ്വകാര്യമാണ്. 

സാമൂഹികപ്രസക്തിയുടെ അടിസ്ഥാനത്തില്‍ ആലോചിക്കുമ്പോള്‍, അടുത്തിടെ കണ്ട മലയാളസിനിമകളില്‍ പ്രത്യേകമിഷ്ടപ്പെട്ടവയാണ് ഡോണ്‍ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം, ഇന്ദു വി. എസിന്റെ 19 (1) a എന്നിവ. പറയാനുദ്ദേശിക്കുന്ന ഗൗരവമുള്ള കാര്യങ്ങള്‍ പ്രസംഗമട്ടില്‍ അവതരിപ്പിക്കുന്ന സിനിമകളോട് ഒട്ടും താല്പര്യം തോന്നാറില്ല. എത്രതന്നെ രാഷ്ട്രീയസാമൂഹികപ്രസക്തമായ ആശയവും കലാപരമായി, കുറച്ചൊക്കെ ധ്വനിഭംഗിയില്‍ പറയുന്ന സിനിമകളോടാണ് താല്പര്യം തോന്നാറുള്ളത്. എന്റെ ഇത്തരം സിനിമാക്കാഴ്ചകളൊക്കെ ഏതെങ്കിലും മട്ടില്‍ സാഹിത്യാനുഭവങ്ങളുമായി കെട്ടുപിണഞ്ഞുപോകാറുമുണ്ട്.'

ഡോ. ലക്ഷ്മി പി
ഡോ. ലക്ഷ്മി പി

എഴുതാനിരിക്കുന്ന പുസ്തകം?

ഇങ്ങനെയൊരു ചോദ്യത്തോടെയാണ് ലക്ഷ്മിയുമായുള്ള സംഭാഷണം അവസാനിപ്പിച്ചത്. മറുപടി ഇങ്ങനെ: 

'അങ്ങനെയൊന്നുണ്ടാകും വരെ അങ്ങനെയൊന്നുണ്ടാകുമെന്ന് പറയാനാവില്ല. അര്‍ത്ഥം അനന്തമായി നീട്ടിവെയ്ക്കപ്പെടുന്നു എന്ന് ദെറിദ പറയുന്നതുപോലെയല്ലെങ്കിലും എന്റെ എഴുത്തും അനന്തമായി നീട്ടിവെയ്ക്കപ്പെടാറുണ്ട്. പരമാവധി എഴുതാതിരിക്കാന്‍ ശ്രമിക്കാറുള്ള വ്യക്തിയാണ്. എഴുതാതെ വയ്യ എന്നൊരു ബിന്ദുവിലെത്താതെ എഴുതണ്ട എന്നുപോലുമുള്ള നിര്‍ബ്ബന്ധബുദ്ധി കാണിക്കാറുണ്ട്. (ഇത്തരം നിര്‍ബ്ബന്ധബുദ്ധികളെ കയ്യൊഴിഞ്ഞ് എഴുതേണ്ടിവന്ന സന്ദര്‍ഭങ്ങള്‍ തീരെ ഉണ്ടായിട്ടില്ല എന്നല്ല) എഴുതുകയാണെങ്കില്‍ അത് തീര്‍ച്ചയായും വിമര്‍ശനകൃതികള്‍ തന്നെയായിരിക്കും എന്നു മാത്രമറിയാം. വ്യക്തിപരമായി ഏറ്റവും തൃപ്തി തോന്നിയ ലേഖനം, ആശാന്റെ നായികമാരെക്കുറിച്ചുള്ളത്, സീതയുടെ മൗനത്തിലും അതിന് ആശാന്‍ കല്പിച്ച ബഹുമാന്യതയിലുമാണ് അവസാനിച്ചത്. അതിന്റെ തുടര്‍ച്ച എന്നെ കൊണ്ടെത്തിക്കുന്നത് ഒരുപക്ഷേ, രാമന്റെ മൗനത്തിലേക്കാവാം. അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും (എന്റെതന്നെയും) മൗനത്തിലേക്കാകാം. മൗനത്തെക്കുറിച്ചുള്ള ഇല്ലാവചനങ്ങളാണ് എന്റെ എഴുത്തുകള്‍.''

(തയ്യാറാക്കിയത് എസ്. കലേഷ്‌)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com