'ഞാന്‍ അംബേദ്കര്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നയാളാണ്'

വരുന്നത് ഒരു മത്സ്യത്തൊഴിലാളി കമ്യൂണിറ്റിയില്‍ നിന്നായതുകൊണ്ട് കമ്മ്യൂണിറ്റിയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പറയാനും ഡിഗ്രി കാലം തൊട്ടേ ശ്രമിച്ചിരുന്നതായി സിന്ധു പറയുന്നു
'ഞാന്‍ അംബേദ്കര്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നയാളാണ്'

സിന്ധു മരിയ നെപ്പോളിയന്‍
(ജേര്‍ണലിസ്റ്റ്, ആക്ടിവിസ്റ്റ്)

തീരദേശത്തെ മനുഷ്യരുടെ ജീവിതവും പ്രശ്‌നങ്ങളും പൊതുസമൂഹത്തിലെത്തിച്ചാണ് സിന്ധു മരിയ നെപ്പോളിയന്‍ ശ്രദ്ധേയയാവുന്നത്. മത്സ്യത്തൊഴിലാളി കുടുംബത്തില്‍നിന്നുള്ള സിന്ധു ജീവിച്ചതും അനുഭവിച്ചതും കണ്ടതുമായ കടല്‍ജീവിതങ്ങളാണ് പറഞ്ഞതും എഴുതിയതും. തിരുവനന്തപുരത്തെ പുല്ലുവിള എന്ന തീരദേശ ഗ്രാമത്തില്‍നിന്നും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വരെയെത്തിയ പഠനവും തുടര്‍ന്നുള്ള മാധ്യമപ്രവര്‍ത്തനവും സാമൂഹ്യ ഇടപെടലുകളുമെല്ലാം സിന്ധു മരിയ നെപ്പോളിയന്‍ എന്ന പെണ്‍കുട്ടിയുടെ പോരാട്ടം കൂടിയാണ്. ഓഖി ദുരന്തത്തിലും വിഴിഞ്ഞം സമരത്തിലുമാണ് യഥാര്‍ത്ഥ അനുഭവങ്ങളും വിവരങ്ങളും എഴുതിയും പറഞ്ഞും സിന്ധു കൂടുതല്‍ ഇടപെട്ടത്. കോസ്റ്റല്‍ സ്റ്റുഡന്‍സ് കള്‍ച്ചറല്‍ ഫോറം എന്ന സംഘടനയിലൂടെയും തീരദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വികസനത്തിനും പലരീതിയിലുള്ള ഇടപെടലുകള്‍ സിന്ധു നടത്തുന്നുണ്ട്.

വരുന്നത് ഒരു മത്സ്യത്തൊഴിലാളി കമ്യൂണിറ്റിയില്‍ നിന്നായതുകൊണ്ട് കമ്മ്യൂണിറ്റിയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പറയാനും ഡിഗ്രി കാലം തൊട്ടേ ശ്രമിച്ചിരുന്നതായി സിന്ധു പറയുന്നു. 'തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ഡിഗ്രി ജേര്‍ണലിസം പഠിക്കുന്ന സമയം കൂടിയായിരുന്നു അത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലാണ് കമ്മ്യൂണിക്കേഷനില്‍ എം.എ. ചെയ്തത്. എം.എ. സെക്കന്‍ഡ് ഇയര്‍ സമയത്താണ് ഓഖി ചുഴലിക്കാറ്റ് ഉണ്ടാവുന്നത്. ഓഖി ദുരന്തം ഉണ്ടാവുന്ന സമയത്ത് ഞാന്‍ നാട്ടിലുണ്ടായിരുന്നു. വിന്റര്‍ വെക്കേഷനു നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസമാണ് ദുരന്തമുണ്ടാവുന്നത്. ആ പത്തു ദിവസവും ഞാന്‍ ഇതിനു പിന്നാലെ ആയിരുന്നു. പലതരത്തില്‍ അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. ഞാനും കൂടി ചേര്‍ന്ന് ഉണ്ടാക്കിയ കോസ്റ്റല്‍ സ്റ്റുഡന്‍സ് കള്‍ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഓഖി ബാധിത പ്രദേശങ്ങളില്‍ നിരന്തരം പോയി. ഞങ്ങളുടെ കൂട്ടത്തിലുള്ളവരും കുടുംബത്തിലുള്ളവരുമെല്ലാം ഇതില്‍ ബാധിതരായിരുന്നു. ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍നിന്നു പണിക്കുപോയ ആണുങ്ങളെല്ലാം ഒരേ സമയം നമ്മുടെ കൂടെയുള്ള ആള്‍ക്കാരുടെ ഒപ്പം നില്‍ക്കുകയും അവരെ സമാധാനിപ്പിക്കുകയും ചെയ്യുന്നതിന്റെകൂടെ കമ്മ്യൂണിറ്റിക്കു വേണ്ടത് ചെയ്യുക എന്നതിലും ഏര്‍പ്പെട്ടു. ആ ആനുഭവങ്ങളൊക്കെ ഞാന്‍ നിരന്തരം എഴുതി. ആ എഴുത്തുകള്‍ ചര്‍ച്ചയായിരുന്നു. തീരദേശത്തെ വിഷയങ്ങള്‍ സംസാരിക്കാന്‍ പറ്റുന്ന ആള്‍ എന്ന നിലയില്‍ ഞാന്‍ എത്തുന്നത് അതിലൂടെയായിരിക്കാം' സിന്ധു പറയുന്നു.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നടന്നത് 140 ദിവസം നീണ്ടുനിന്ന സമരമാണ്. ഈ സമരത്തിന്റെ ആവശ്യത്തെക്കുറിച്ചും വിഴിഞ്ഞത്തിന്റെ ചരിത്രത്തെക്കുറിച്ചും രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും അവിടത്തെ ജീവിതങ്ങളെക്കുറിച്ചും സിന്ധു എഴുതിക്കൊണ്ടിരുന്നു. സമരസമിതിയുമായി ബന്ധപ്പെട്ടുള്ള മീഡിയ ഇന്റേണല്‍ ഗ്രൂപ്പിലും സജീവമായിരുന്നു. ഇപ്പോഴും മാഗസിനുകളില്‍ ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ സിന്ധു എഴുതുന്നുണ്ട്.

സിന്ധു മരിയ നെപ്പോളിയന്‍/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ
സിന്ധു മരിയ നെപ്പോളിയന്‍/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ

സിന്ധുവിന്റെ അച്ഛന്‍ നെപ്പോളിയന്‍ ഇപ്പോഴും കടലില്‍ പണിക്കു പോകുന്നയാളാണ്. അമ്മ തൊഴിലുറപ്പിനു പോകുന്നു. സഹോദരന്‍ മനു കടലില്‍ ഒരപകടത്തില്‍ മരണപ്പെട്ടു. എറണാകുളം സ്വദേശി അനുരാജാണ് സിന്ധുവിന്റെ ജീവിതപങ്കാളി. മത്സ്യതൊഴിലാളി ഗ്രാമത്തില്‍നിന്നും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വരെയുള്ള പഠനകാലവും ഒരുതരം പോരാട്ടമായിരുന്നു സിന്ധുവിന്.

'മുക്കുവ ജാതിയില്‍പ്പെട്ടയാളാണ് ഞാന്‍. ഫിഷിങ് ഫാമിലിയില്‍നിന്നുള്ള കുട്ടികള്‍ പഠിക്കുന്ന എയ്ഡഡ് സ്‌കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്. ലാറ്റിന്‍ ചര്‍ച്ചിന്റെ മാനേജ്‌മെന്റിനു കീഴിലായിരുന്നു സ്‌കൂള്‍. ഡിഗ്രിക്ക് ജേര്‍ണലിസം പഠിക്കാന്‍ തീരുമാനിക്കുമ്പോള്‍ എനിക്ക് ഇതിനെക്കുറിച്ച് സംസാരിക്കാന്‍പോലും നമ്മുടെ കമ്മ്യൂണിറ്റിയില്‍ ആരും ഉണ്ടായിരുന്നില്ല. മലയാളത്തില്‍ എഴുതാനും സംസാരിക്കാനും പറ്റുന്നതിന്റെ ആത്മവിശ്വാസം മാത്രമായിരുന്നു ഉള്ളത്.

ഞങ്ങളുടെ കമ്മ്യൂണിറ്റിയിലുള്ള കുട്ടികള്‍ അധികവും പഠിക്കുന്നത് തിരുവനന്തപുരത്തെ രണ്ട് കോളേജുകളിലാണ്. ഓള്‍ സെയ്ന്റ്‌സ് കോളേജും സെന്റ് സേവ്യര്‍സ് കോളേജും. ഞങ്ങളുടെ സമുദായത്തില്‍നിന്നുള്ള കുട്ടികള്‍ക്ക് സ്‌പെഷല്‍ റിസര്‍വ്വേഷന്‍ ഉള്ള സ്ഥാപനങ്ങളാണ് ഇതു രണ്ടും. എന്റെ കൂടെ പഠിച്ചവരും എനിക്കു മുന്‍പ് പഠിച്ചവരും മിക്കവാറും ഈ രണ്ട് സ്ഥാപനങ്ങളിലാണ് പഠിച്ചത്. 

പക്ഷേ, ഞാന്‍ മാര്‍ ഇവാനിയോസ് ആണ് തെരഞ്ഞെടുത്തത്. ഡിഗ്രിക്ക് അപേക്ഷിക്കാന്‍ അക്ഷയ സെന്ററിലൊക്കെ പോകുമ്പോള്‍ എന്നെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. അവിടെയെത്തിയാല്‍ ഒറ്റപ്പെട്ടുപോകും, നമ്മുടെ നാട്ടിലെ കുട്ടികളൊന്നും ഉണ്ടാവില്ല എന്നൊക്കെ പറയും. സ്‌നേഹം കൊണ്ടാണ് ആളുകള്‍ അതു പറഞ്ഞത്. അതുവരെ ഞാന്‍ പഠിച്ചത് എന്റെ കമ്മ്യൂണിറ്റിയില്‍പ്പെട്ടവരുടെ കൂടെയായിരുന്നതിനാല്‍ എനിക്കു വിവേചനങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാര്‍ ഇവാനിയോസ് എന്റെ ദാരിദ്ര്യം എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്ന ഒരു സ്ഥലമായിരുന്നു. എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റിയ ചുരുക്കം പേരെ ഉണ്ടായിരുന്നുള്ളൂ. ഡ്രസിങില്‍ പോലും ഞാനത് അനുഭവിച്ചു. നമ്മളെത്രയൊക്കെ ശ്രമിച്ചിട്ടും അങ്ങ് എത്തുന്നില്ല എന്നു പറയുന്ന ഒരവസ്ഥയായിരുന്നു. പക്ഷേ, ഇവാനിയോസില്‍ പഠിച്ചതുകൊണ്ടു മാത്രമാണ് ഞാന്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിയത്. ഇവാനിയോസിലെ പലരും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് അപേക്ഷ അയച്ചിരുന്നു. അങ്ങനെയാണ് ഞാനും അപേക്ഷിച്ചത്. ഹൈദരാബാദാണ് എന്നെ പോളിഷ് ചെയ്ത സ്ഥലം. 

ഡിഗ്രി ലാസ്റ്റ് ഇയറാവുമ്പോഴേക്കും ഞാന്‍ പക്ഷേ, പല മാധ്യമ സ്ഥാപനങ്ങളിലും അപേക്ഷിച്ചു തുടങ്ങിയിരുന്നു. എത്രയും വേഗം ഒരു ജോലിയാണ് വേണ്ടത്. അതിനു രണ്ട് കാരണങ്ങളുണ്ടായിരുന്നു. വീട്ടിലെ ഫിനാന്‍ഷ്യല്‍ കണ്ടീഷന് എനിക്കു ജോലി അത്യാവശ്യമായിരുന്നു. കടലില്‍നിന്നുള്ള പപ്പയുടെ വരുമാനംകൊണ്ട് മാത്രം മുന്നോട്ട് പോകാനുള്ള പ്രയാസം ഞാന്‍ കാണുന്നുണ്ട്. രണ്ടാമത്തേത് കല്യാണമായിരുന്നു.

ഞങ്ങളുടെ നാട്ടിലൊക്കെ പെണ്‍കുട്ടികള്‍ ഡിഗ്രി ആണ് മാക്‌സിമം. അതുകഴിഞ്ഞാല്‍ കല്യാണം നടത്തുക എന്നതാണ്. അതില്‍നിന്നും എനിക്കു രക്ഷപ്പെടണമായിരുന്നു. പക്ഷേ, ഞങ്ങളുടെ കള്‍ചറല്‍ ഫോറത്തില്‍ പി.എച്ച്ഡിയൊക്കെ ചെയ്യുന്നവരുണ്ട്. അവരാണ് പറഞ്ഞത് എം.എ. ചെയ്യണം എന്നത്. എന്റെ അച്ഛന്‍ നാലാം ക്ലാസ്സ് വരെയാണ് പഠിച്ചത്. അമ്മ മൂന്നാം ക്ലാസ്സ് വരെയും. എന്റെ ഫാമിലിയിലെ ഫസ്റ്റ് ജനറേഷന്‍ ലേണറാണ് ഞാന്‍. ഞാന്‍ തന്നെ തുഴഞ്ഞ് എന്റെ വഴി കണ്ടുപിടിക്കേണ്ടിയിരുന്നു.

ഹൈദരാബാദില്‍ ഇന്റര്‍വ്യൂവിനു പോകാന്‍ ഞാന്‍ പേടിച്ചു. അതുവരെ ജീവിതത്തില്‍ ഇംഗ്ലീഷ് സംസാരിച്ചിട്ടില്ല. എനിക്ക് ഒരിക്കലും ഇംഗ്ലീഷ് സംസാരിക്കേണ്ട സാഹചര്യം വന്നിട്ടില്ല. പൂന്തുറയില്‍ യു.കെയില്‍ പോയി പഠിച്ച ഒരു ചേട്ടനുണ്ടായിരുന്നു. അദ്ദേഹത്തോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. മൂന്നു ദിവസം അദ്ദേഹം തന്ന ചെറിയ പരിശീലനത്തിന്റെ കോണ്‍ഫിഡന്‍സിലാണ് ഞാന്‍ ഹൈദരാബാദില്‍ എം.എ ഇന്റര്‍വ്യൂനു പോയത്. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്‌കോളര്‍ഷിപ്പുണ്ടായിരുന്നു. സ്‌കോളര്‍ഷിപ്പിനുവേണ്ടി ഫിഷറീസ് ഓഫീസില്‍ പോയപ്പോള്‍ അവിടെയുള്ളവര്‍ എന്നോട് ചോദിച്ചത് കാര്യവട്ടത്ത് ജേര്‍ണലിസം ഉള്ളപ്പോള്‍ നിങ്ങളെന്തിനാണ് ഹൈദരാബാദില്‍ പോയത് എന്നാണ്. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയാണ് എന്നു പറഞ്ഞപ്പോ ചോദിച്ചത് നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ എങ്ങനെ വിശ്വസിക്കും എന്നാണ്. ഓഫീസ് കയറിയിറങ്ങി മടുത്ത് ഒരു ഘട്ടത്തില്‍ ഞാന്‍ നിര്‍ത്തി. പക്ഷേ, നാട്ടിലുള്ള ചില ചേട്ടന്മാര്‍ പറഞ്ഞു, ഒരാളെങ്കിലും ചെയ്താലെ ഇതു നടക്കുള്ളൂ. ഫൈറ്റ് ചെയ്യാന്‍ മടിച്ചു പോകാതിരുന്നാല്‍ ഇത് ഇനിയും ആര്‍ക്കും കിട്ടില്ല. എപ്പോഴെങ്കിലും ആണ് നമ്മുടെ കൂട്ടത്തില്‍നിന്ന് ഒരാള്‍ സെന്‍ട്രല്‍ സ്ഥാപനത്തില്‍ പഠിക്കാന്‍ പോവുകയുള്ളൂ. അങ്ങനെ വീണ്ടും പോയി. ഫോം തന്നത് മലയാളത്തിലാണ്. ഇത് എങ്ങനെ കേരളത്തിനു പുറത്തു കൊടുക്കും എന്നു ചോദിച്ചപ്പോള്‍ അവിടെ അതേ ഉള്ളൂ. ഇംഗ്ലീഷ് ഫോമിനുവേണ്ടി അവിടെ ഇതുവരെ ആരും വന്നിട്ടില്ല. പക്ഷേ, എന്റെ സെക്കന്‍ഡ് ഇയര്‍ ടൈം ആവുമ്പോഴേക്കും ഇംഗ്ലീഷ് ഫോം വന്നു' സിന്ധു അനുഭവം പറയുന്നു.

'ഞാനിങ്ങനെ പറയുന്നതും എഴുതുന്നതും നാട്ടിലുള്ള ആണുങ്ങള്‍ക്കു പ്രയാസമായിരുന്നു. നമുക്ക് എന്തൊക്കെയോ അജണ്ടകളുണ്ട് എന്ന തരത്തില്‍ നെഗറ്റീവായി പറഞ്ഞത് നാട്ടിലെ സി.പി.എമ്മിലേയും കോണ്‍ഗ്രസ്സിലേയും ആണുങ്ങളാണ്. ഞാനൊരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമല്ലാതെ നിന്നിട്ടും പറയുന്നതിനു സ്വീകാര്യത കിട്ടുന്നു എന്നത് അവര്‍ക്കു പ്രയാസമായിരുന്നു. ഞാന്‍ അംബേദ്കര്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നയാളാണ്. ഏഷ്യാനെറ്റില്‍ ജേര്‍ണലിസ്റ്റ് ആയപ്പോഴാണ് എന്റെ സ്റ്റാറ്റസ് മാറിയത്. ആ സ്ഥാപനം തന്ന എക്‌സ്‌പോഷര്‍ നല്ലതായിരുന്നു, പ്രത്യേകിച്ച് കമ്മ്യൂണിറ്റിക്കകത്ത്. പക്ഷേ, ഏഷ്യാനെറ്റില്‍ ഉണ്ടായിരുന്ന സമയം എനിക്കു നാട്ടില്‍ സാമൂഹ്യ ഇടപെടലുകളൊന്നും നടത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് വര്‍ഷം അവിടെ ജോലി ചെയ്തു.

തീരദേശത്തെ പെണ്‍കുട്ടികള്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ കൂടുതല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ഒരു ജോലി നേടുക, അതിനുശേഷം മാത്രം കല്ല്യാണം എന്നത് എനിക്കു കിട്ടുന്ന വേദികളിലെല്ലാം പരമാവധി പറയാറുണ്ട്. അതിനുവേണ്ടിയുള്ള സഹായവും അവര്‍ക്കു നല്‍കും. ഞങ്ങളുടെ സംഘടന വഴി വിദ്യാഭ്യാസത്തിലൂടെ ഞങ്ങളുടെ കുട്ടികള്‍ എല്ലാ മേഖലകളിലും എത്തിപ്പെടുക എന്നതും കൂടിയാണ് ലക്ഷ്യമാക്കുന്നത്' തീരദേശത്തെ ഭാവിലക്ഷ്യങ്ങളെക്കുറിച്ച് സിന്ധു പറയുന്നു. ഐ.ഐ.ടി. മദ്രാസില്‍ റിസര്‍ച്ച് അസ്സോസിയേറ്റാണ് സിന്ധു ഇപ്പോള്‍.

(തയ്യാറാക്കിയത് രേഖാചന്ദ്ര)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com