'ഒരു സ്‌കൂട്ടര്‍ വാങ്ങി പരിശീലനത്തിനുള്ള യാത്ര എളുപ്പമാക്കണം'

വയനാട് മാനന്തവാടി ചോയിമൂല എടപ്പടി കോളനിയിലെ ഗോത്രവിഭാഗമായ കുറിച്യ സമുദായത്തില്‍നിന്നുള്ള മിന്നുമണിയുടെ ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല
'ഒരു സ്‌കൂട്ടര്‍ വാങ്ങി പരിശീലനത്തിനുള്ള യാത്ര എളുപ്പമാക്കണം'

മിന്നുമണി 
(ക്രിക്കറ്റര്‍)

മിന്നുമണി ഇന്ന് ക്രിക്കറ്റിലെ മിന്നും താരമാണ്, കളികൊണ്ടും ജീവിതംകൊണ്ടും. വിമന്‍സ് പ്രീമിയര്‍ ലീഗില്‍ മുപ്പത് ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് മിന്നുമണിയെ സ്വന്തമാക്കിയപ്പോള്‍ കഴിവും ആത്മവിശ്വാസവുംകൊണ്ട് മാത്രം ഒരു പെണ്‍കുട്ടി കീഴടക്കിയ നേട്ടങ്ങള്‍ കൂടിയാണ് അടയാളപ്പെടുന്നത്.

വയനാട് മാനന്തവാടി ചോയിമൂല എടപ്പടി കോളനിയിലെ ഗോത്രവിഭാഗമായ കുറിച്യ സമുദായത്തില്‍നിന്നുള്ള മിന്നുമണിയുടെ ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. സാമ്പത്തികവും സാമൂഹ്യവുമായ പരിമിതികളെ മറികടന്നായിരുന്നു ഓരോ വിജയത്തിലേക്കും മിന്നു ചുവടുവെച്ചു കയറിയത്.

അച്ഛന്‍ മണിയും അമ്മ വസന്തയും കൂലിപ്പണിക്കാരാണ്. ക്രിക്കറ്റ് എന്ന കളിയെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ലാത്തവരുമായിരുന്നു. ചെറുപ്രായത്തിലെ വീട്ടിനടുത്ത വയലിലും പറമ്പിലും ആണ്‍കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചായിരുന്നു തുടക്കം. മിന്നുവിന്റെ ആ കളിയേയും സന്തോഷത്തേയും അതുകൊണ്ടുതന്നെ ആരും പ്രോത്സാഹിപ്പിച്ചില്ല. കളിക്കാതിരിക്കാന്‍ മിന്നുവിനും ആയില്ല. ദീര്‍ഘദൂര ഓട്ടക്കാരി കൂടിയായിരുന്നു മിന്നു. സ്‌കൂളില്‍ 600 മീറ്റര്‍, 400 മീറ്റര്‍ മത്സരങ്ങളിലൊക്കെ പങ്കെടുത്ത് വിജയിക്കും. എടപ്പടി ഗവ. ഹൈസ്‌കൂളില്‍ എട്ടാംക്ലാസ്സിലെത്തിയപ്പോഴാണ് ക്രിക്കറ്റിലേക്ക് മിന്നു ഔദ്യോഗികമായി എത്തുന്നത്. ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ എല്‍സമ്മയാണ് വയനാട് ജില്ലാ അണ്ടര്‍ 13 ക്രിക്കറ്റ് ടീം സെലക്ഷനിലേക്ക് മിന്നുമണിയെ എത്തിക്കുന്നത്. അങ്ങനെ വയനാട് ജില്ലാ ടീമില്‍. പിന്നീട് തൊടുപുഴ കേരള ക്രിക്കറ്റ് അസ്സോസിയേഷന്‍ അക്കാദമിയില്‍ ജൂനിയര്‍ ഗേള്‍സ് സ്റ്റേറ്റ് ക്യാമ്പിലേക്ക് സെലക്ഷന്‍ കിട്ടി. ഒമ്പതും പത്തും തൊടുപുഴ അക്കാദമിയിലായിരുന്നു പഠിച്ചത്. പ്ലസ്ടു വരെ അക്കാദമിയുടെ കീഴില്‍ വയനാട് പഠിച്ചു. ഡിഗ്രി കെ.സി.എ അക്കാദമി തിരുവനന്തപുരത്ത്. കേരള വിമന്‍സ്, ഇന്ത്യ വിമന്‍ ബ്ലൂ, ഇന്ത്യ എ ടീമിലും കളിച്ച മിന്നു ഹൈദരാബാദില്‍ നടക്കുന്ന ഇന്റര്‍സോണ്‍ ടൂര്‍ണമെന്റില്‍ സൗത്ത് സോണിനുവേണ്ടി കളിക്കുകയാണിപ്പോള്‍. ഇതിനിടയിലാണ് സ്വപ്‌നതുല്യമായ ഡല്‍ഹി ക്യാപിറ്റല്‍സിലേക്കുള്ള യാത്ര. 10 ലക്ഷം ആയിരുന്നു മിന്നുവിന്റെ അടിസ്ഥാന തുക. 30 ലക്ഷത്തിനാണ് ഓള്‍റൗണ്ടറായ മിന്നുവിനെ ഡല്‍ഹി സ്വന്തമാക്കിയത്.

മിന്നുമണി
മിന്നുമണി

പരിശീലനങ്ങള്‍ക്കും മത്സരത്തിനും പോകാനായി സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നതായി മിന്നു പറയുന്നു. 

'ടൂര്‍ണമെന്റുകള്‍ക്കൊക്കെ പോകുമ്പോള്‍ അവിടെ വരെ എത്താനുള്ള ചെലവ് നമ്മള്‍ തന്നെ എടുക്കണം. അങ്ങനെ മാച്ചിനൊക്കെ പോകാന്‍ നല്ലപോലെ ബുദ്ധിമുട്ടി. അവിടെ എത്തിക്കഴിഞ്ഞാലാണ് അസ്സോസിയേഷന്‍ ചെലവെടുക്കുക. അച്ഛനും അമ്മയും ആ ബുദ്ധിമുട്ട് പരമാവധി അറിയിക്കാതെ നോക്കും. അവരെവിടെയെങ്കിലും പോയി കടം വാങ്ങി എനിക്കാവശ്യമുള്ള പൈസ ആ സമയമാവുമ്പോഴേക്കും തരും. പക്ഷേ, നമുക്കറിയാലോ അവരുടെ ബുദ്ധിമുട്ട്. കൂലിപ്പണിയല്ലേ. ആരെങ്കിലും വിളിച്ചാലാണ് പണിയുണ്ടാവുക. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നു.

ഏഴാംക്ലാസ്സ് വരെ വീട്ടില്‍നിന്ന് നാല് കിലോമീറ്റര്‍ നടന്നാണ് സ്‌കൂളില്‍ പോയിക്കൊണ്ടിരുന്നത്. മാനന്തവാടിയായിരുന്നു സ്‌കൂള്‍. വീട്ടില്‍ ആദ്യമൊന്നും ടി.വി ഉണ്ടായിരുന്നില്ല. അടുത്തുള്ള വീട്ടിലൊക്കെ പോയാണ് ടി.വി കണ്ടിരുന്നത്. ക്രിക്കറ്റ് മാച്ചൊക്കെ നടക്കുമ്പോള്‍ സ്ഥിരം പോകും. രാത്രിയൊക്കെ മാച്ചുണ്ടാകുമ്പോള്‍ വീട്ടിലെത്താന്‍ ലേറ്റ് ആവും. എനിക്കാണെങ്കില്‍ കാണാതിരിക്കാനും പറ്റില്ല. അത് അമ്മയ്ക്ക് സഹിക്കാന്‍ പറ്റാതായപ്പോഴാണ് കുടുംബശ്രീയില്‍ നിന്നൊക്കെ കടം എടുത്ത് വീട്ടില്‍ ടി.വി വാങ്ങിയത്' മിന്നു പറയുന്നു. 

വിമന്‍സ് പ്രീമിയര്‍ ലീഗില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിതാരം കൂടിയാണ് മിന്നുമണി. ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിയതില്‍ വലിയ സന്തോഷത്തിലാണ് മിന്നുമണി. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് മിന്നു പരിശീലനത്തിനെത്താറുള്ളത്. ബസിലാണ് മിന്നുവിന്റെ യാത്ര. വീട്ടില്‍നിന്ന് ഒന്നര മണിക്കൂറോളം ദൂരമുണ്ട് കൃഷ്ണഗിരി സ്റ്റേഡിയത്തിലേക്ക്. രണ്ടോ മൂന്നോ ബസ് മാറിക്കയറി വേണം വീട്ടില്‍നിന്ന് ഇവിടെയെത്താന്‍. ഈ യാത്രയും മിന്നുവിന് ബുദ്ധിമുട്ടാണ്. ഒരു സ്‌കൂട്ടര്‍ വാങ്ങി യാത്ര കുറച്ചുകൂടി എളുപ്പമാക്കണമെന്നാണ് മിന്നുമണിയുടെ 'കുഞ്ഞ് ആഗ്രഹം.'

(തയ്യാറാക്കിയത് രേഖാചന്ദ്ര)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com