'എന്നെ മോഡലിങ്ങ് ഫീല്‍ഡിലേക്കു വിട്ടതില്‍ അച്ഛനും അമ്മയും എതിര്‍പ്പു കേട്ടു'

അട്ടപ്പാടി ചൊറിയന്നൂരില്‍ നിന്നാണ് അനുപ്രശോഭിനിയുടെ വരവ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കലാപരിപാടികളിലെല്ലാം പങ്കെടുത്തു. ആളുകളെ അഭിമുഖീകരിക്കാനും പെര്‍ഫോം ചെയ്യാനുമുള്ള ആത്മവിശ്വാസം അതിലൂടെ നേടി
'എന്നെ മോഡലിങ്ങ് ഫീല്‍ഡിലേക്കു വിട്ടതില്‍ അച്ഛനും അമ്മയും എതിര്‍പ്പു കേട്ടു'

അനുപ്രശോഭിനി
(മിസ് കേരള ടൈറ്റില്‍ വിന്നര്‍, നടി)

ട്ടപ്പാടിയിലെ ഗോത്രവിഭാഗമായ ഇരുള സമുദായത്തില്‍നിന്ന് ഒരു പെണ്‍കുട്ടി ഫാഷന്‍ ലോകത്തിന്റെ റാംപിലേക്കു ചുവടുവെച്ചെത്തി. അനുപ്രശോഭിനി എന്ന പതിനെട്ടുകാരി. ഊരില്‍ അധികമാരും സ്വപ്‌നം കാണാത്ത ഫാഷന്‍ ലോകം പക്ഷേ, ചെറുപ്പം മുതല്‍ അനുപ്രശോഭിനി ആഗ്രഹിച്ചു തുടങ്ങിയിരുന്നു. അട്ടപ്പാടിയില്‍നിന്നും ആ ലോകത്തേക്കെത്താന്‍ അവള്‍ ഒരുപാട് ദൂരം താണ്ടേണ്ടിവന്നിട്ടുണ്ട്. ഒടുവില്‍ മിസ് കേരള ടൈറ്റില്‍ വിന്നറായി തിളങ്ങിനിന്ന് ആ സ്വപ്‌നം അവള്‍ നേടിയെടുത്തു. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ധബാരിക്കുരുവി എന്ന സിനിമയിലും അഭിനയിച്ചു.

അട്ടപ്പാടി ചൊറിയന്നൂരില്‍ നിന്നാണ് അനുപ്രശോഭിനിയുടെ വരവ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കലാപരിപാടികളിലെല്ലാം പങ്കെടുത്തു. ആളുകളെ അഭിമുഖീകരിക്കാനും പെര്‍ഫോം ചെയ്യാനുമുള്ള ആത്മവിശ്വാസം അതിലൂടെ നേടി. ടി.വിയില്‍ കാണുന്ന ഷോകളിലൂടെയാണ് ഫാഷന്‍, മോഡലിങ്ങ്, അഭിനയം തുടങ്ങിയ മോഹങ്ങളൊക്കെ അനുവിനു തോന്നിത്തുടങ്ങിയത്. പിന്നീട് അത് നേടിയെടുക്കണം എന്ന വാശിയായി. എന്തുകൊണ്ട് ഗോത്രവിഭാഗത്തിലെ ഒരാള്‍ക്ക് ഫാഷന്‍ ലോകത്തേക്ക് എത്തിക്കൂട എന്ന ചിന്തയും ആ ആഗ്രഹത്തിലേക്കുള്ള ദൂരം കുറച്ചു. നൃത്തം അഭ്യസിച്ചും എക്‌സര്‍സൈസ് ചെയ്തും അതിനായി പരിശീലിച്ചു. അങ്ങനെയാണ് 2022ല്‍ തൃശൂരില്‍ നടന്ന മിസ് കേരള മത്സരത്തിലേക്ക് ഗോത്രവിഭാഗത്തില്‍നിന്നുള്ള ആദ്യ പെണ്‍കുട്ടിയായി അനുപ്രശോഭിനി എത്തുന്നത്. അതില്‍ ടൈറ്റില്‍ വിന്നറായും തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിലാണ് സിനിമയിലും അവസരം തേടിയെത്തിയത്. മോഡലിങ്ങും അഭിനയവും തന്നെയാണ് പാലക്കാട് ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍നിന്ന് പ്ലസ്ടു സയന്‍സ് പൂര്‍ത്തിയാക്കിയ അനുവിന്റെ മുന്നോട്ടുള്ള പ്രതീക്ഷകളും.

അനു പ്രശോഭിനി
അനു പ്രശോഭിനി

അയ്യപ്പനും കോശിയും, സല്യൂട്ട് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച പഴനി സ്വാമിയാണ് അനുപ്രശോഭിനിയുടെ അച്ഛന്‍. മകള്‍ മോഡലിങ്ങില്‍ പോയതിന്റെ പേരില്‍ അച്ഛനും അമ്മ ശോഭയ്ക്കും ഊരില്‍നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അനു പറയുന്നു: 'ഗോത്ര വിഭാഗത്തില്‍നിന്നും മിസ് കേരള മത്സരത്തിന് ഒരു പെണ്‍കുട്ടി പോകുന്നത് ഊരിലുള്ള പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്. അതിനുവേണ്ടിയുള്ള ഫോട്ടോഷൂട്ടും ഫോട്ടോകളും ഒക്കെ കണ്ടപ്പോള്‍ എന്റെ ഭാവി നശിച്ചു എന്നൊക്കെയാണ് പറഞ്ഞത്. എന്നെ ഈ ഫീല്‍ഡിലേക്കു വിട്ടതില്‍ അച്ഛനും അമ്മയും എതിര്‍പ്പു കേട്ടു. എന്റെ ഭാവി അവര്‍ നശിപ്പിച്ചു എന്നൊക്കെയാണ് പറഞ്ഞത്. ആ സമയത്തൊക്കെ വിഷമം തോന്നിയിരുന്നു. പക്ഷേ, അച്ഛനും അമ്മയും പറഞ്ഞു, നമ്മള്‍ ഒരു കാര്യത്തിനു പോകുമ്പോള്‍ ചില നെഗറ്റീവുകള്‍ ഒക്കെ ഉണ്ടാവും അതൊന്നും കാര്യമാക്കേണ്ട എന്ന്. ആ ഒരു ആത്മവിശ്വാസമായിരുന്നു മുന്നോട്ടു നയിച്ചത്. ടൈറ്റില്‍ വിന്നറായി തിരിച്ചെത്തിയപ്പോള്‍ പലരും പോസിറ്റീവായി സംസാരിക്കാനും തുടങ്ങി' അനു പറയുന്നു. എസ്.സി. പ്രമോട്ടറായിരുന്നു അനുവിന്റെ അമ്മ ശോഭ.

അട്ടപ്പാടിക്കാരി എന്ന യൂട്യൂബ് ചാനലും ഉണ്ട് അനുവിന്. അട്ടപ്പാടിയിലെ ജീവിതവും സംസ്‌കാരവും കലയും കൃഷിരീതികളും ഭക്ഷണവും ഒക്കെ പുറംലോകത്തിനു പരിചയപ്പെടുത്തുന്നതാണ് ചാനല്‍. നമ്മള്‍ എത്തില്ല എന്ന് ചിലര്‍ ചിന്തിക്കുന്ന മേഖലകള്‍ എത്തിപ്പിടിച്ചതിന്റെ സന്തോഷമുണ്ട് അനുവിന്റെ സംസാരത്തില്‍.

'നമ്മള്‍ക്കും എല്ലാ സ്ഥലത്തും എത്തിച്ചേരാന്‍ സാധിക്കും. എന്റെ ചെറുപ്പം മുതലെയുള്ള ഡ്രീം ആണിത്. ആഗ്രഹം സാധിച്ചപ്പോള്‍ ഒരു പ്രൗഡ് ഫീലാണ്. അട്ടപ്പാടിയിലെ മറ്റു പെണ്‍കുട്ടികള്‍ക്കും ഇതൊരു മോട്ടിവേഷനാവണം എന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയൊരു അവേര്‍നെസ് കൊടുക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ട്. മത്സരത്തില്‍ സൗന്ദര്യം മാത്രമല്ല നോക്കുന്നത്. ജനറല്‍നോളജ് കൂടി വേണം. കുറേ അധികം അതിനുവേണ്ടി വായിച്ചു. അവിടെയെത്തിയപ്പോഴാണ് നമ്മുടെ ആറ്റിറ്റൂഡ്, ബിഹേവിയര്‍, ഓവറോള്‍ പെര്‍ഫോമന്‍സ് ഒക്കെയാണ് സൗന്ദര്യം എന്നെനിക്കു മനസ്സിലായത്.

അനു പ്രശോഭിനി റാംപിൽ
അനു പ്രശോഭിനി റാംപിൽ

ആദ്യമൊക്കെ ഒരു കോണ്‍ഫിഡന്‍സ് കുറവ് ഉണ്ടായിരുന്നു. എന്നെപ്പോലെ ഗോത്രവിഭാഗത്തിലെ ഒരു പെണ്‍കുട്ടി ഇങ്ങനെയൊരു ഫീല്‍ഡൊന്നും സ്വപ്‌നം കാണില്ലല്ലോ. ചെറുപ്പം തൊട്ടേ കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അങ്ങനെയൊരു ബാഗ്രൗണ്ട് കൊണ്ട് എനിക്കു ചെയ്യാന്‍ പറ്റും എന്നൊരു തോന്നലുണ്ടായിരുന്നു. ആങ്കറിംഗ് ചെയ്യാനും ഇഷ്ടമാണ്. അങ്ങനെയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ചാനലിലൂടെ ലോകത്തോട് സംസാരിക്കണം എന്ന തോന്നലായിരുന്നു.

മിസ് കേരള മത്സരത്തിനു വരാന്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. അച്ഛന്‍ അതൊക്കെ സാധിച്ചുതന്നു. പക്ഷേ, ആ ബുദ്ധിമുട്ട് ഞാന്‍ അറിയുന്നുണ്ട്. ഇനിയിപ്പോ അതൊക്കെ എനിക്ക് തിരിച്ചുകൊടുക്കണം. അച്ഛനെപ്പോഴും പറയും നമ്മള്‍ ജീവിതത്തില്‍ എന്തെങ്കിലും അടയാളപ്പെടുത്തണം എന്ന്. അതെനിക്കു സാധിച്ചു. പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം പ്രധാനമാണ്. കഴിവ് തെളിയിക്കാന്‍ ഒരവസരം കിട്ടുമ്പോള്‍ അത് പരമാവധി ഉപയോഗിക്കണം.  ഒരവസരം കിട്ടിയപ്പോള്‍ ഞാനത് ഉപയോഗിച്ചു. എല്ലാവര്‍ക്കും കഴിവുകള്‍ ഒരേ പോലെയായിരിക്കില്ല. പക്ഷേ, ഓരോരുത്തരുടേയും കഴിവുകള്‍ തെളിയിക്കാന്‍ കിട്ടുന്ന അവസരം കൃത്യമായി ഉപയോഗിക്കാന്‍ പറ്റണം. നമ്മള്‍ എന്താണോ കൂടുതല്‍ ആഗ്രഹിക്കുന്നത് അത് നടന്നിരിക്കും എന്ന് ഇപ്പോള്‍ എനിക്കു മനസ്സിലായി.' അനുപ്രശോഭിനി പറയുന്നു.

(തയ്യാറാക്കിയത് രേഖാചന്ദ്ര)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com