ആരാണ് അമൃത്പാല്‍ സിങ്ങിനു പിന്നിലുള്ളത്? എന്താണ് അവരുടെ രാഷ്ട്രീയ ലക്ഷ്യം?  

തലയിലെ വട്ടക്കെട്ട്, നീളമുള്ള ഗൗണ്‍, മെലിഞ്ഞ ശരീരം, തീക്ഷ്ണമായ കണ്ണുകള്‍... ഭിന്ദ്രന്‍വാല മരിച്ചിട്ടില്ല, ഇവിടെ ജീവിക്കുന്നു എന്നിങ്ങനെ വൈകാരിക വാക്കുകള്‍ പ്രസംഗങ്ങളില്‍ ആവേശം നിറയ്ക്കുന്നു
ആരാണ് അമൃത്പാല്‍ സിങ്ങിനു പിന്നിലുള്ളത്? എന്താണ് അവരുടെ രാഷ്ട്രീയ ലക്ഷ്യം?  

റന്നുതുടങ്ങിയ ഒരു കലാപകാലത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അജ്‌നാലയില്‍നിന്നുള്ള ആ ദൃശ്യങ്ങള്‍. പൊലീസ് അറസ്റ്റുചെയ്ത പ്രതിയെ മോചിപ്പിക്കാനായി തോക്കും വാളുകളുമായി ആയിരക്കണക്കിനു പേരാണ് പൊലീസ് സ്റ്റേഷനിലേക്കു പാഞ്ഞുകയറിയത്. ആയുധം കയ്യിലെടുത്ത ജനക്കൂട്ടത്തെ കണ്ട് പൊലീസുകാര്‍ പിന്‍വാങ്ങിയെങ്കിലും സംഘര്‍ഷാവസ്ഥ നീങ്ങിയില്ല. ഒടുവില്‍ കമ്മിഷണര്‍ നേരിട്ടെത്തി പ്രതിയെ വിട്ടയക്കാമെന്ന് സമ്മതിക്കുകയായിരുന്നു. വിജയാഹ്ലാദം മുഴക്കിയ ആ ആള്‍ക്കൂട്ടത്തിന്റെ നേതാവായി കനലെരിയുന്ന കണ്ണുകളുമായി ഒരു ചെറുപ്പക്കാരന്‍ തെരുവിലുണ്ടായിരുന്നു. അമൃത്പാല്‍ സിങ് സന്ധു! 

പതിറ്റാണ്ടുകള്‍ക്കു ശേഷം പഞ്ചാബിന്റെ തെരുവുകളില്‍ വീണ്ടും വിഘടനവാദം വേരുറപ്പിക്കുമ്പോള്‍ ഈ മുപ്പതുകാരനുള്ള പരിവേഷം രണ്ടാം ഭിന്ദ്രന്‍വാല എന്നാണ്. കേസില്‍ പ്രതിയും അടുത്ത അനുയായിയുമായ ലവ്പ്രീത് സിങ്ങിനെ മോചിപ്പിച്ച ശേഷം സിഖുകാരുടെ വിശുദ്ധഗ്രന്ഥം കൈകളിലേന്തി  നടന്നുനീങ്ങുന്ന ഈ യുവാവ് തന്റെ രൂപത്തിലും വാക്കുകളിലും ഭിന്ദ്രന്‍വാലയെ ഓര്‍മ്മിപ്പിക്കുന്നു. തലയിലെ വട്ടക്കെട്ട്, നീളമുള്ള ഗൗണ്‍, മെലിഞ്ഞ ശരീരം, തീക്ഷ്ണമായ കണ്ണുകള്‍...  ഭിന്ദ്രന്‍വാല മരിച്ചിട്ടില്ല, ഇവിടെ ജീവിക്കുന്നു എന്നിങ്ങനെ വൈകാരിക വാക്കുകള്‍ പ്രസംഗങ്ങളില്‍ ആവേശം നിറയ്ക്കുന്നു. ഭിന്ദ്രന്‍വാലയെപ്പോലെ അരയില്‍ റിവോള്‍വര്‍ ധരിച്ചാണ് സദാസമയവും സഞ്ചാരം. ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ സമയത്തേതിനു  സമാനമല്ല അജ്‌നാലയിലേതെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും അന്ന് സംഭവിച്ചതുതന്നെ ഇത്തവണയും നടന്നു. സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പൊലീസിനു കുറ്റവാളികളെ മോചിപ്പിക്കേണ്ടിവന്നു. അതാണ് യാഥാര്‍ത്ഥ്യം. 

അമൃത്പാൽ സിങ് സുവർണക്ഷേത്രത്തിനുള്ളിലെ സിഖ് വിശുദ്ധ ​ഗ്രന്ഥത്തിന് മുന്നിൽ
അമൃത്പാൽ സിങ് സുവർണക്ഷേത്രത്തിനുള്ളിലെ സിഖ് വിശുദ്ധ ​ഗ്രന്ഥത്തിന് മുന്നിൽ

ചോരപ്പുഴകളൊഴുകിയ പഞ്ചാബ്

വിഭജനവും അഭയാര്‍ത്ഥി പ്രവാഹവും കണ്ട പഞ്ചാബ് ഏറെ 'അനുഭവിച്ച' നാടാണ്. ചോരപ്പുഴകളേറെ ഒഴുകിയ ഭൂമി. 1980കളില്‍ ശക്തിപ്രാപിച്ച സിഖ് വിഘടനവാദവും സുവര്‍ണ്ണക്ഷേത്രത്തിലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനും ഇന്ദിരാഗാന്ധി വധവും സിഖ് വിരുദ്ധ കലാപവുമെല്ലാം ഇന്ത്യന്‍ ചരിത്രത്തിലെ ചോരപ്പാടുകളുമാണ്. 1995ല്‍ ഖാലിസ്ഥാന്‍വാദം അവസാനിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും അതിന്റെ അവശേഷിപ്പുകള്‍ ഏറിയും കുറഞ്ഞും ശിഷ്ടകാലം നിലനിന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അമൃത്പാല്‍ സിങ്ങിന്റെ ഉദയം. ഭിന്ദ്രന്‍വാല അനുവര്‍ത്തിച്ച രീതിയല്ല അമൃത്പാല്‍ സിങ് തുടരുന്നതെന്നതാണ് ഒരു വ്യത്യാസം. ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിനു മുന്‍പുണ്ടായതല്ല ഭിന്ദ്രന്‍വാല. മാത്രമല്ല, ഭിന്ദ്രന്‍വാല തന്റെ തീവ്രപ്രവര്‍ത്തനങ്ങളുടെ ആദ്യകാലയളവില്‍ സംസ്ഥാന ഭരണകൂടങ്ങളുമായി നേരിട്ട് പോരാടിയിട്ടുമില്ല. 

ഭിന്ദ്രന്‍വാല ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ആദ്യ സംഭവം 1978ല്‍ നിരങ്കാരികളുമായുള്ള സംഘര്‍ഷമാണ്. സിഖുകാര്‍ക്കിടയിലെ തന്നെ ഒരു വിഭാഗമാണ് നിരങ്കാരി. പൊളിറ്റിക്കല്‍ സയന്റിസ്റ്റും Terrorism in punjab: Understanding grassroots realtiy എന്ന പുസ്തകത്തിന്റെ രചയിതാക്കളിലൊരാളുമായ ജഗ്‌രൂപ് സിങ് ഷെയ്ഖ് ഇത് ഓര്‍ത്തെടുക്കുന്നുണ്ട്. ദള്‍ ഖല്‍സ എന്ന സംഘടനയുമായി രംഗത്തുവന്ന ഭിന്ദ്രന്‍വാലയുടെ അനുയായികള്‍ 1978 ഏപ്രില്‍ 13ന് അമൃത്‌സറില്‍ വെച്ച് നിരങ്കാരികളുമായി ഏറ്റുമുട്ടി. നിരങ്കാരികളുടെ ഗുരുവായ ഗുരു ബച്ചന്‍ സിംഗിനെ വാള്‍ വലിച്ചൂരി വെട്ടാന്‍ ചെന്ന ഭിന്ദ്രന്‍വാലയുടെ അനുയായി ഫൗജാസിംഗിനെ നിരങ്കാരി ഗുരുവിന്റെ അംഗരക്ഷകര്‍ വെടിവെച്ചു കൊന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയില്‍ മൂന്ന് നിരങ്കാരികളും ഭിന്ദ്രന്‍ പക്ഷക്കാരായ പന്ത്രണ്ട് സിഖുകാരും കൊല്ലപ്പെട്ടു. ഈ സംഭവത്തെത്തുടര്‍ന്ന് പഞ്ചാബില്‍ ചോരപ്പുഴയൊഴുകി. എന്നാല്‍, ഒരിക്കല്‍പോലും  ഈ സംഘര്‍ഷത്തില്‍  ഭിന്ദ്രന്‍വാലയുടെ എതിര്‍പക്ഷത്തു സര്‍ക്കാരുണ്ടായിരുന്നില്ല. 

വേണ്ടത്ര അനുഭവപരിചയമില്ലാത്ത, ജീവിതാനുഭവങ്ങളില്ലാത്ത, നേതാവ് പോലുമല്ലാത്ത അമൃത്പാല്‍ സിങിന്റെ തുടക്കം തന്നെ ഭരണകൂടവുമായുള്ള സംഘര്‍ഷത്തിലൂടെയാണെന്നു പറയുന്നു ജഗ്‌രൂപ് സിങ് ഷെയ്ഖ്. അപ്പോഴും ഭിന്ദ്രന്‍വാലയുടെ കാര്യത്തിലുള്ളതുപോലെ ഒരു ചോദ്യം നിലനില്‍ക്കുന്നു. ആരാണ് അമൃത്പാല്‍ സിങ്ങിനു പിന്നിലുള്ളത്? എന്താണ് അവരുടെ രാഷ്ട്രീയ ലക്ഷ്യം?  

അമൃത്പാൽ സിങ്
അമൃത്പാൽ സിങ്

1975ലെ അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരം നഷ്ടമായ ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ പ്രതിപക്ഷമായ ജനതാപാര്‍ട്ടിയേയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളേയും ദുര്‍ബ്ബലമാക്കാന്‍ ശ്രമിച്ചു. ജനതാപാര്‍ട്ടിക്കു പ്രധാന പിന്തുണ നല്‍കിയിരുന്ന പഞ്ചാബിലെ അകാലി നേതൃത്വത്തിനെ ഒതുക്കാന്‍ അവര്‍ വഴികള്‍ തേടി. പ്രകാശ് സിംഗ് ബാദല്‍, ഹര്‍ചരണ്‍ സിംഗ് ലോംഗോ വാള്‍, ഗുരു ചരണ്‍ സിംഗ് എന്നിവരായിരുന്നു അകാലികള്‍ക്കു നേതൃത്വം നല്‍കിയത്. ഈ സഖ്യത്തെ ഇല്ലാതാക്കാന്‍ സഞ്ജയ് ഗാന്ധി കണ്ടെത്തിയ വഴിയായിരുന്നു ഭിന്ദ്രന്‍ വാല. ആഭ്യന്തരമന്ത്രിയായ ഗ്യാനി സെയില്‍ സിങ്ങാണ് സഞ്ജയ് ഗാന്ധിക്ക് ഈ ബുദ്ധി പറഞ്ഞുകൊടുത്തത്. ഏറെ താമസിക്കാതെ, അയാള്‍ ദേശീയ രാഷ്ട്രീയത്തില്‍ അകാലി നേതാക്കള്‍ക്ക് ബദലായി പ്രത്യക്ഷപ്പെട്ടു.

25 വയസ്സുവരെ മതപഠനകേന്ദ്രത്തില്‍ ജീവിച്ച അദ്ധ്വാനിയായ ദംദമി തക്‌സലിന്റെ തലവനായ ഭിന്ദ്രന്‍വാല രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുകയായിരുന്നു. എണ്‍പതുകളിലാണ് ഖാലിസ്ഥാന്‍ വാദം വേരുറയ്ക്കുന്നത്. ഡല്‍ഹിയില്‍ നിരങ്കാരി നേതാവ് ഗുരുബച്ചന്‍ സിംഗിനെ ഭിന്ദ്രന്‍വാലയുടെ ആള്‍ക്കാര്‍ വധിച്ചതോടെയാണ് ഇത്. അപ്രതീക്ഷിതമായ വന്‍പിന്തുണയാണ് ഇക്കാര്യത്തില്‍ ഭിന്ദ്രന്‍വാലയ്ക്ക് കിട്ടിയത്. ഇതിനിടെ എതിരാളികളെയെല്ലാം ഒന്നൊന്നായി കൊന്നൊടുക്കിയ ഭിന്ദ്രന്‍വാല പഞ്ചാബിലെ സമാധാനത്തിനു വിലങ്ങുതടിയായി. ഏറ്റവുമൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ ഭിന്ദ്രന്‍വാലയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഹരിയാനയില്‍ നടന്ന ഒരു യോഗത്തിനിടെ അറസ്റ്റ് ചെയ്യാനായിരുന്നു പദ്ധതി. പക്ഷേ, എങ്ങനെയോ വിവരം ചോര്‍ന്നു. പൊലീസുകാരെത്തിയപ്പോഴേക്കും ഭിന്ദ്രന്‍വാല രക്ഷപ്പെട്ടിരുന്നു. പിന്നീട് സുവര്‍ണ്ണക്ഷേത്രത്തില്‍ തമ്പടിക്കുന്ന ഭിന്ദ്രന്‍വാലയെയാണ് ജനം കാണുന്നത്. സുവര്‍ണ്ണക്ഷേത്രം ആയുധപ്പുരയും അധിനിവേശകേന്ദ്രമാക്കി. 

സിഖ് മതത്തെ രക്ഷിക്കാനെത്തിയ പതിനൊന്നാമത്തെ ഗുരുവാണെന്നു സ്വയം പ്രഖ്യാപിച്ചയാളാണ് ഭിന്ദ്രന്‍വാല. കള്ളക്കടത്തും ആയുധങ്ങളും സ്‌ഫോടനവസ്തുക്കളും കൊണ്ട് അയാള്‍ സുവര്‍ണ്ണക്ഷേത്രം കോട്ടയാക്കി. ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വയം ദൈവമായി മാറിയ അദ്ദേഹം താമസം തുടങ്ങി. അന്നും മതത്തെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശബ്ദമുയര്‍ത്തേണ്ടവര്‍ മൗനം പാലിച്ചു. ഇന്നും സ്ഥിതി വ്യത്യസ്തമല്ല.  അമൃത്പാല്‍ സിങ് വിശുദ്ധഗ്രന്ഥത്തെ അപമാനിക്കുമ്പോള്‍ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും അകല്‍ തക്തുമൊക്കെ അപലപിക്കേണ്ടതായിരുന്നു. ഒന്നുമുണ്ടായില്ല. 

അമൃത്പാൽ സിങിന്റെ അനുയായികളും പൊലീസും അജ്നാലയിൽ ഏറ്റുമുട്ടിയപ്പോൾ
അമൃത്പാൽ സിങിന്റെ അനുയായികളും പൊലീസും അജ്നാലയിൽ ഏറ്റുമുട്ടിയപ്പോൾ

മതവിശ്വാസവും തീവ്രധാരകളും

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പഞ്ചാബില്‍ മതവിശ്വാസത്തിന്റെ പേരില്‍ തീവ്രധാരകള്‍ ശക്തിപ്പെട്ടിട്ടുണ്ട്. ഇതിന്റെ മറപിടിച്ചാണ് വിഘടനവാദത്തിനുള്ള പ്രചാരം നടക്കുന്നത്. ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കം 2015ലാണ്. ആ വര്‍ഷം ജൂണില്‍ ഫരീദ്‌കോട്ട് ജില്ലയിലെ ബുര്‍ജ് ജവഹര്‍ സിങ് വാല എന്ന ഗ്രാമത്തിലെ ഗുരുദ്വാരയില്‍ സൂക്ഷിച്ചിട്ടുള്ള  വിശുദ്ധഗ്രന്ഥത്തിന്റെ പകര്‍പ്പ് മോഷണം പോയി. വലിയ തോതില്‍ ജനപ്രതിഷേധം ഉയര്‍ന്നതോടെ അന്നത്തെ അകാലിദള്‍ മന്ത്രിസഭ ഉന്നതാന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം എങ്ങുമെത്തിയില്ലെങ്കിലും പിന്നീട് ഗുരുഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയെറിഞ്ഞ നിലയില്‍ കണ്ടെത്തി. സിഖ് മതസ്ഥരെ അവഹേളിക്കുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ബോധപൂര്‍വ്വമുണ്ടാക്കിയ ഈ സംഭവങ്ങള്‍ വലിയ പ്രതിഷേധമാണ് ജനങ്ങളിലുണ്ടാക്കിയത്. ഇത്തരത്തില്‍ സിഖ് മതത്തെ അവഹേളിക്കുന്ന സംഭവങ്ങളുടെ ഒരു തുടര്‍ച്ചയാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ നടന്നത്. അങ്ങനെ ജനപ്രതിഷേധത്തിനു നേരേ വെടിവെയ്പ് വരെയുണ്ടായിട്ടുണ്ട്. ഒരു സംഭവമുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കും. അതിനായി പ്രത്യേക കമ്മിഷനെ വയ്ക്കും. എന്നാല്‍, ഇതൊന്നും എങ്ങുമെത്തിയില്ല. പ്രകാശ് സിങ് ബാദല്‍ മന്ത്രിസഭ അധികാരത്തില്‍നിന്ന് പുറത്തായത് ഇത്തരമൊരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്. 

2017ല്‍ സിഖ് മതഗ്രന്ഥത്തെ അവഹേളിച്ചവരെ പിടികൂടുമെന്നു പ്രഖ്യാപിച്ചാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. എന്നാല്‍, യാതൊന്നും സംഭവിച്ചില്ല. ഇതിനിടെയാണ് ആം ആദ്മി പാര്‍ട്ടി വേരുറപ്പിച്ചു തുടങ്ങുന്നത്. ക്യാപ്റ്റനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നും ഈ വിശുദ്ധഗ്രന്ഥവുമായി ബന്ധപ്പെട്ടുള്ള ജനരോഷമായിരുന്നു. 2022ലെ തിരഞ്ഞെടുപ്പിനു മുന്‍പ് ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനവും സിഖ് മതത്തെ അവഹേളിച്ചവരെ പിടികൂടി ശിക്ഷിക്കും എന്നായിരുന്നു. അകാലിദളും കോണ്‍ഗ്രസ്സും ഇല്ലാതായ ഈ തെരഞ്ഞെടുപ്പില്‍ സിഖ് മതവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ അവരെ അധികാരത്തിലെത്താന്‍ സഹായിച്ചു. സംഗ്രൂര്‍ എം.പിയായിരുന്ന ഭഗവന്ത് മാന്‍ രാജി വച്ച് മുഖ്യമന്ത്രിയായി.

എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ ജയിച്ചത് ശിരോമണി അകാലിദള്‍ എന്ന ഖാലിസ്ഥാന്‍ അനുകൂല പാര്‍ട്ടിയുടെ നേതാവായ സിമ്രന്‍ജിത് സിങ് മാന്‍ ആണ്. ഇന്ദിരാഗാന്ധി വധത്തിന്റെ ഗൂഢാലോചനയില്‍ അദ്ദേഹത്തിനു പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ഭഗല്‍പൂര്‍ ജയിലില്‍ അഞ്ച് കൊല്ലം തടവുശിക്ഷയും അനുഭവിച്ചു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കണക്കാണെന്നു പറയുന്നവരാണ് ഖാലിസ്ഥാന്‍ വാദികള്‍. ശിരോമണി അകാലിദള്‍ (ബാദല്‍), ആം ആദ്മി പാര്‍ട്ടി, ബി.ജെ.പി, കോണ്‍ഗ്രസ് എന്നിങ്ങനെ മുഖ്യധാരാ പാര്‍ട്ടികള്‍ തങ്ങളുടെ സമരപ്പന്തലില്‍ പോലും വരരുത് എന്നാണ് അവരുടെ ശാസനം. തരംകിട്ടുമ്പോള്‍ രാഷ്ട്രീയമായി സിഖുകാരെ ഉപയോഗിക്കുകയാണെന്നാണ് ഇവരുടെ വാദം. ഗുരുദ്വാരകളുടെ ചുമതലയുള്ള സിഖ് ഗുരുദ്വാരാ പ്രബന്ധക് കമ്മിറ്റിയുടെ (എസ്.ജി.പി.സി) പ്രസിഡന്റ് ഹര്‍ജീന്ദര്‍ സിങ് ധാമിക്കെതിരെ ഒരു സമരത്തില്‍ പങ്കെടുത്തതിന് ആക്രമിക്കപ്പെട്ടിരുന്നു. 

അമൃത്പാൽ സിങിന്റെ അടുത്ത അനുയായി ലൗപ്രീത് തൂഫാനെ അമൃത്സർ സെൻട്രൽ ജയിലിൽ നിന്ന് മോചിപ്പിച്ചപ്പോൾ
അമൃത്പാൽ സിങിന്റെ അടുത്ത അനുയായി ലൗപ്രീത് തൂഫാനെ അമൃത്സർ സെൻട്രൽ ജയിലിൽ നിന്ന് മോചിപ്പിച്ചപ്പോൾ

വിമോചകരാകാന്‍ വാരിസ് പഞ്ചാബ്

എസ്.ജി.പി.സിയില്‍ അകാലിദള്‍ ബാദല്‍ പക്ഷത്തിനാണ് ഭൂരിപക്ഷം. അകാലികളും അവര്‍ക്കൊപ്പം ഭരണം പങ്കിട്ട ബി.ജെ.പിയും അതിനുശേഷം അധികാരത്തില്‍ വന്ന ആം ആദ്മി പാര്‍ട്ടിയും പോരെന്നാണ് സിഖ് തീവ്രസംഘടനകളുടെ വാദം. അഭിഭാഷകനും നടനും ആക്റ്റിവിസ്റ്റുമൊക്കെയായിരുന്ന ദീപ് സിദ്ദു ഇത്തരം അഭിപ്രായക്കാരനായിരുന്നു. കര്‍ഷകസമരത്തിനിടെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്താന്‍ ശ്രമിച്ചത് ദീപ് സിദ്ദുവും കൂട്ടരുമാണ്. കര്‍ഷക സംഘടനകള്‍ തള്ളിപ്പറഞ്ഞെങ്കിലും സമരത്തിന്റെ ഗതിവിഗതികളെ ആ സംഭവം സ്വാധീനിച്ചു. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതോടെ സമരവും അവസാനിച്ചു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷമാണ് 2021 സെപ്റ്റംബറില്‍ ദീപ് സിദ്ദു വാരിസ് പഞ്ചാബ് ദേ രൂപീകരിച്ചത്. ബി.ജെ.പിയാണ് ദീപ് സിദ്ദുവിനു പിന്നിലെന്ന ആരോപണം അന്നുമുതല്‍ക്കേ നിലനില്‍ക്കുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുവേണ്ടി ദീപ് സിദ്ദു പ്രചരണത്തിനിറങ്ങിയിരുന്നു. സണ്ണി ഡിയോളായിരുന്നു അന്ന് സ്ഥാനാര്‍ത്ഥി. സംഗ്രാം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ പാര്‍ട്ടിയുടെ നേതാവായ സിമ്രന്‍ജിത് സിങ് മാനു വേണ്ടിയും അദ്ദേഹം പ്രചരണത്തിനിറങ്ങി. 2022 ഫെബ്രുവരിയില്‍ വാഹനാപകടത്തിലാണ് ദീപ് സിദ്ദു കൊല്ലപ്പെട്ടത്. 

ദീപ് സിദ്ദു രൂപീകരിച്ച 'വാരിസ് പഞ്ചാബ് ദേ' എന്ന  സംഘടനയുടെ ഇപ്പോഴത്തെ നേതാവാണ് അമൃത്പാല്‍ സിങ്. ദുബായില്‍ ജോലി ചെയ്തിരുന്ന അമൃത്പാല്‍, ദീപ് സിദ്ദു മരിച്ചതിനു പിന്നാലെയാണ് പഞ്ചാബിലെത്തി 'വാരിസ് പഞ്ചാബ് ദേ' സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. ഭിന്ദ്രന്‍വാലയുടെ ജന്മനാടായ മോഗ ജില്ലയിലെ റോഡ് ഗ്രാമത്തിലായിരുന്നു ഖാലിസ്ഥാനി അനുകൂല മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ പദവിയേറ്റെടുക്കല്‍. അമൃത്‌സറില്‍ മാത്രം ബാല്യം ചെലവഴിച്ച, ഗുരുദ്വാരയില്‍ പോയി ദിവസവും പ്രാര്‍ത്ഥിക്കുന്ന ഒരു കുട്ടിയായിരുന്നു അമൃത്പാല്‍. പോളിടെക്‌നിക്ക് ഡിപ്ലോമ നേടാന്‍ ശ്രമിച്ചെങ്കിലും അതില്‍ പരാജയപ്പെട്ട് നാടുവിടേണ്ടിവന്നു. ദുബായില്‍ അച്ഛന്‍ നടത്തിയ ബിസിനസില്‍ ചേരാന്‍ 2012ല്‍ നാടുവിട്ട അമൃത്പാലിന്റെ കൗമാരം ഒട്ടും സുഖകരമായിരുന്നില്ല. സ്വപ്നങ്ങളെ തടവിലിട്ട ഒരു യുവാവായിരുന്നു അയാള്‍. പണക്കാരനാകാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ ഭിന്ദ്രന്‍വാലയുടെ പ്രസംഗങ്ങളുടെ കാസറ്റുകള്‍ കേട്ട് പഠിച്ചശേഷം അതേ രീതിയില്‍ അനുകരിച്ച് സാമൂഹ്യമാധ്യമങ്ങള്‍ വഴി തീവ്ര നിലപാടുകള്‍ പ്രചരിപ്പിച്ചു. അങ്ങനെയാണ് അമൃത്പാല്‍ അനുയായികളെ സൃഷ്ടിച്ചെടുത്തത്. 

സുവർണ ക്ഷേത്രത്തിൽ സിഖ് തീവ്രവാദികൾക്കു നേരെ പൊലീസ് ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചപ്പോൾ. 1984ലെ ചിത്രം
സുവർണ ക്ഷേത്രത്തിൽ സിഖ് തീവ്രവാദികൾക്കു നേരെ പൊലീസ് ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചപ്പോൾ. 1984ലെ ചിത്രം

തീവ്ര സ്വഭാവമുള്ള നിരവധി സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വാരിസ് പഞ്ചാബ് പോലെയുള്ള ആയുധസംഘങ്ങള്‍ വീണ്ടും മുഖ്യധാരയില്‍ വരുന്നത് പഞ്ചാബിനെ വീണ്ടും കലുഷിതമാക്കുന്നു. 500ലധികം ആയുധധാരികളായ എഴുപതിലധികം സംഘങ്ങളാണ് പഞ്ചാബിലുള്ളത്. എല്ലാ ജില്ലകളിലും ക്രിമിനല്‍ സംഘങ്ങള്‍ സജീവമാണ്. ഏതായാലും വാരിസ് പഞ്ചാബ് ദേയുടെ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തിനെതിരെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ടെന്നത് ആശ്വാസകരം.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com