സ്വപ്നങ്ങളില്‍ പോലും കണ്ടിട്ടുണ്ടാവില്ല, അവരെ കാത്തിരിക്കുന്നത് വിനാശകാരിയായി മറ്റൊരു വന്‍ ദുരന്തമാണെന്ന്... 

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം തുര്‍ക്കി-സിറിയ മേഖലകളില്‍ വിനാശകാരികളായ ഭൂകമ്പങ്ങള്‍ ഒരു തുടര്‍ക്കഥ തന്നെയാണെന്നു പറയാം
സ്വപ്നങ്ങളില്‍ പോലും കണ്ടിട്ടുണ്ടാവില്ല, അവരെ കാത്തിരിക്കുന്നത് വിനാശകാരിയായി മറ്റൊരു വന്‍ ദുരന്തമാണെന്ന്... 

രുപക്ഷേ, അതിര്‍ത്തി രാജ്യങ്ങളായ തുര്‍ക്കിയിലേയും സിറിയയിലേയും ജനങ്ങള്‍ 2023  ഫെബ്രുവരി 5-ാം തീയതി രാത്രി നിദ്രയിലേക്ക് കടന്നപ്പോള്‍, അവരുടെ സ്വപ്നങ്ങളില്‍പോലും കണ്ടിട്ടുണ്ടാവില്ല 6-ാം തീയതി പുലര്‍ച്ചെ അവരെ കാത്തിരിക്കുന്നത് ഈ നൂറ്റാണ്ടിലെ തന്നെ വിനാശകാരിയായി മാറിക്കഴിഞ്ഞിരിക്കുന്ന മറ്റൊരു വന്‍ ദുരന്തമാണെന്ന്. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ തെക്കുകിഴക്കന്‍ തുര്‍ക്കിയിലും വടക്കുപടിഞ്ഞാറന്‍ സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ  തീവ്രതയേറിയ ഭൂകമ്പം ഉണ്ടായപ്പോള്‍, അതിന്റെ ഭൂചലനം ലെബനന്‍, സൈപ്രസ്, ഗ്രീസ്, ഇസ്രയേല്‍, പലസ്തീന്‍ പ്രദേശങ്ങള്‍ വരെ അനുഭവപ്പെട്ടു. 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം ഏതാണ്ട് 9 മണിക്കൂറിനു ശേഷമാണ് ഉണ്ടായത്.  ഈ ലേഖനം തയ്യാറാക്കുമ്പോള്‍, വിനാശകരമായ അനന്തരഫലങ്ങളില്‍നിന്ന് ഇരു രാജ്യങ്ങളും ഇപ്പോഴും കരകയറാന്‍ പാടുപെടുകയാണ്. ഇതുവരെ, ഭൂകമ്പത്തിന്റെ ഫലമായി കുറഞ്ഞത് 33000-ല്‍ അധികം  പേര്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ക്കു  പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു കഴിഞ്ഞു. ഭൗമശാസ്ത്രപരമായി  തുര്‍ക്കി, സിറിയ മേഖലകളില്‍  ഭൂകമ്പങ്ങള്‍ അസാധാരണമല്ലെങ്കിലും, പതിറ്റാണ്ടുകള്‍ക്കു ശേഷം ഈ പ്രദേശത്ത്  ഉണ്ടായ ഏറ്റവും ഭീകരവും മാരകവുമായ ഭൂകമ്പങ്ങളാണ്  6-ാം തീയതിയിലേതെന്നു വിശ്വാസിക്കാതെ തരമില്ല. ഭൂകമ്പമുണ്ടാകുമ്പോള്‍ ആളുകള്‍ ഉറക്കമായിരുന്നത് ദുരന്തത്തിന്റെ തീവ്രത കൂട്ടിയിട്ടുണ്ട്. ഭൂകമ്പബാധിത പ്രദേശങ്ങളില്‍  കൊടും ശൈത്യകാലമായതിനാല്‍, കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രണ്ട് വലിയ ഭൂകമ്പങ്ങളും തുടര്‍ചലനങ്ങളും ചേര്‍ന്നുള്ള മരണസംഖ്യയില്‍ ഇനിയും ഗണ്യമായ വര്‍ദ്ധന ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സംഘടനയും പ്രതീക്ഷിക്കുന്നുണ്ട്.

തുര്‍ക്കി-സിറിയ ഭൂകമ്പം, ഭ്രംശ മേഖലകള്‍ 

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം തുര്‍ക്കി-സിറിയ മേഖലകളില്‍ വിനാശകാരികളായ ഭൂകമ്പങ്ങള്‍ ഒരു തുടര്‍ക്കഥ തന്നെയാണെന്നു പറയാം. തുര്‍ക്കി-സിറിയ ഭൂകമ്പ ഭ്രംശ മേഖലകളില്‍ മാത്രം 1900 മുതല്‍ക്കുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, ഇപ്പോഴത്തെ ഏറ്റവും പുതിയ ഭൂകമ്പങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഏതാണ്ട് 77 ഭൂകമ്പങ്ങളില്‍ നിന്നായി ഏകദേശം ഒരു ലക്ഷത്തില്‍ അധികം തദ്ദേശവാസികളുടെ ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ടെന്നു മനസ്സിലാക്കാന്‍ സാധിക്കും.

തുര്‍ക്കി-സിറിയ രാജ്യങ്ങള്‍ സ്ഥിതിചെയ്യുന്നത്  ഭൗമശാസ്ത്രപരമായി പറഞ്ഞാല്‍, അറ്റ്ലാന്റിക്ക് സമുദ്രം മുതല്‍ ഹിമാലയന്‍ പര്‍വ്വതങ്ങള്‍ വരെ നീളുന്ന ആല്‍പൈന്‍ പര്‍വ്വതനിരകളുടെ ഒരു ശൃംഖലയില്‍ തന്നെയാണെന്നുള്ളതാണ് മര്‍മ്മപ്രധാനമായ വസ്തുത.  ഈ ഭൂകമ്പങ്ങള്‍ക്ക് അനുയോജ്യമായ പര്‍വ്വതശ്രേണി രൂപപ്പെടുന്നതുതന്നെ ഭൂഗര്‍ഭശാസ്ത്രപരമായി  അഥവാ  ജിയോളജിക്കലായി (Geologically) ഏതാണ്ട് 66 ദശലക്ഷം മുതല്‍ 2.6 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പായി ടെര്‍ഷ്യറി (Tertiary) കാലഘട്ടത്തിലാണ്.  ഈ കാലഘട്ടത്തില്‍ തന്നെയാണ് ആഫ്രിക്കന്‍, അറേബിയന്‍,  ഇന്ത്യന്‍ ഫലകങ്ങള്‍ അഥവാ ടെക്ടോണിക് പ്ലേറ്റ്സ് (Tectonic Plates) യൂറേഷ്യന്‍ ഫലകവുമായി കൂട്ടിമുട്ടല്‍ അല്ലെങ്കില്‍ കൊളിഷന്‍ (collision) ആരംഭിക്കുന്നതും. അങ്ങനെ തുര്‍ക്കി-സിറിയ-ഹിമാലയം ഉള്‍പ്പെടെയുള്ള പര്‍വ്വതനിര പ്രദേശങ്ങള്‍, ഭൂകമ്പ ഭ്രംശമേഖലകളില്‍ ഏറ്റവും സാധ്യതകൂടിയ ഭ്രംശമേഖലയായ 5-ല്‍  (Seismic Zone - V)  സ്ഥിതിചെയ്യുന്നു.

നിലവില്‍ ആഫ്രിക്കന്‍ ഫലകം, യൂറേഷ്യന്‍ ഫലകവുമായി കൂട്ടിയിടിച്ചു, ആഫ്രിക്കന്‍ പ്ലേറ്റ്,  യൂറേഷ്യന്‍ പ്ലേറ്റിന്റെ ഉള്ളിലേക്ക് ഇടിച്ചിറങ്ങുകയും (under-thrusting) തല്‍ഫലമായി യൂറേഷ്യന്‍ പ്ലേറ്റ് ആഫ്രിക്കന്‍ പ്ലേറ്റിന്റെ മുകളിലേയ്ക്ക് ഇടിച്ചുകയറുകയും (over-thrusting) ചെയ്യുന്നതോടൊപ്പം ഇവയ്ക്ക് രണ്ടിനും ഇടയിലായി സ്ഥിതിചെയ്യുന്ന താരതമ്യേന ചെറിയ ഫലകങ്ങളില്‍ ഒന്നായ അനറ്റോലിയന്‍ ഫലകം സമാന്തരമായി/തിരശ്ചീനമായി,  പടിഞ്ഞാറോട്ടും തെക്കുപടിഞ്ഞാറ് ദിശകളിലേക്ക് തെന്നിനീങ്ങുകയും ചെയ്യപ്പെടുന്നു. തന്മൂലം, അനറ്റോളിയന്‍ പ്ലേറ്റിന്റെ വടക്കന്‍ അതിര്‍ത്തിയായ വടക്കന്‍ അനറ്റോലിയന്‍ വിള്ളല്‍ അഥവാ ഫോള്‍ട്ട് സോണ്‍,  വടക്കു ഭാഗത്തു സ്ഥിതിചെയ്യുന്ന കരിങ്കടല്‍ തീരത്തിനടുത്തുള്ള യൂറേഷ്യയുടെ അതിര്‍ത്തി രൂപപ്പെടുത്തുന്നു. അതുപോലെ കിഴക്കന്‍ അതിര്‍ത്തിയായ കിഴക്കന്‍ അനറ്റോലിയന്‍ വിള്ളല്‍ അഥവാ ഫോള്‍ട്ട് സോണ്‍ വടക്കേ അറേബ്യന്‍ ഫലകത്തിന്റെ അതിര്‍ത്തി പങ്കുവെയ്ക്കുന്നു.

അമേരിക്കന്‍  ജിയോളജിക്കല്‍ സര്‍വ്വേയുടെ നിഗമനം അനുസരിച്ച്, തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍നിന്ന് ഏകദേശം 150 മൈല്‍ അകലെ തെക്കന്‍ തുര്‍ക്കി നഗരമായ ഗാസിയാന്‍ടെപ്പില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 4:17-ന് 11 മൈല്‍ താഴ്ചയിലാണ് ഭൂകമ്പമാപിനി അഥവാ റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 7.8 രേഖപ്പെടുത്തിയ പ്രധാന  ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. തുര്‍ക്കിയിലെ കഹ്റമന്‍മാരാസ് പ്രവിശ്യയില്‍ ഗാസിയാന്‍ടെപ്പില്‍നിന്ന് ഏകദേശം 80 മൈല്‍ വടക്കായാണ് ഉച്ചയ്ക്ക് 1:24-നാണ് 6 മൈല്‍ താഴ്ചയില്‍  റിച്ചര്‍ സ്‌കെയിലില്‍ തീവ്രത 7.5 രേഖപ്പെടുത്തിയ  രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തെക്കന്‍ തുര്‍ക്കിയില്‍ കുറഞ്ഞത് 120 തുടര്‍ ചലനങ്ങളെങ്കിലും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കന്‍  ജിയോളജിക്കല്‍ സര്‍വ്വേയുടെ നിരീക്ഷണങ്ങളും വിശകലനങ്ങളും സൂചിപ്പിക്കുന്നത് ഈ സംഭവങ്ങളെല്ലാം 'കിഴക്കന്‍  അനറ്റോലിയന്‍ ഫോള്‍ട്ട് സിസ്റ്റത്തില്‍' ആണെന്നുള്ളതാണ്. 

ഇതിനു പ്രധാന കാരണം ആഫ്രിക്കന്‍-അറേബ്യന്‍ പ്ലേറ്റുകള്‍ ഉത്തരാര്‍ദ്ധ ഗോളത്തില്‍ വടക്കുപടിഞ്ഞാറ് ദിശയിലേക്കു വര്‍ഷത്തില്‍ ഏതാണ്ട് 15 മില്ലിമീറ്റര്‍ (15 mm/yr)  എന്ന നിരക്കില്‍ ചലിച്ചുകൊണ്ടിരിക്കുകയും തന്മൂലം ആഫ്രിക്കന്‍-അറേബ്യന്‍ പ്ലേറ്റിനും യൂറേഷ്യന്‍ പ്ലേറ്റിനും ഇടയില്‍ സ്ഥിതിചെയ്യുന്ന അനറ്റോളിയന്‍ പ്ലേറ്റ്,  ഏതാണ്ട് വര്‍ഷത്തില്‍ 23 മില്ലിമീറ്റര്‍ (23 mm/yr) മുതല്‍ 33 മില്ലിമീറ്റര്‍ (33 mm/yr) എന്ന നിരക്കില്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയില്‍ തിരശ്ചീനമായി തെന്നി നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന് ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റെലൈറ്റ് സിസ്റ്റം (Global Navigation Satellite System) ഉപയോഗിച്ചുള്ള കൃത്യതയാര്‍ന്ന ഉപഗ്രഹപഠനങ്ങള്‍ (Satellite Geodesy) തെളിയിക്കുന്നു.  തന്മൂലം അനറ്റോളിയന്‍ ഫലകത്തിന്റെ പ്രധാന അതിര്‍ത്തി വിള്ളലുകളായ വടക്കന്‍ അനറ്റോളിയന്‍ ഫോള്‍ട്ട് സോണ്‍, കിഴക്കന്‍ അനറ്റോളിയന്‍ ഫോള്‍ട്ട് സോണ്‍ പ്രദേശങ്ങളില്‍ നിരന്തരം തീവ്രതയേറിയ ഭൂചലനങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു.  

എല്ലാം നഷ്ടപ്പെട്ടതിന്റെ ദുഃഖം/ ഫോട്ടോ: എപി
എല്ലാം നഷ്ടപ്പെട്ടതിന്റെ ദുഃഖം/ ഫോട്ടോ: എപി

ഭൂകമ്പം അഥവാ ഭൂചലനം 

ഏതൊരു സാധാരണക്കാരനും  ഭൂമി സൂര്യനെ വലംവയ്ക്കുന്നതോടൊപ്പം സ്വന്തം അച്ചുതണ്ടില്‍ സ്വയം കറങ്ങുന്നുണ്ടെന്നു അറിയാമെങ്കിലും, എത്രപേര്‍ക്കറിയാം ഇത്തരം പ്രതിഭാസങ്ങള്‍ കൂടാതെ നമ്മള്‍ വസിക്കുന്ന ഭൂമിയുടെ  ഉപരിതലത്തിലെ ഭൂവല്‍ക്കപാളികള്‍ അഥവാ ഫലകങ്ങള്‍ ഇടതടവില്ലാതെ  പരസ്പരം വിവിധ  ദിശകളില്‍  പൊതുവേ വളരെ സാവധാനത്തിലോ ചില സമയങ്ങളില്‍ വളരെ  പെട്ടെന്നോ ചലിച്ചുകൊണ്ടേയിരിക്കുന്നു എന്നുള്ള കാര്യം? ഉണ്ട് എന്നുള്ളതാണ് ഇതിനുള്ള ഉത്തരവും ഭൂകമ്പങ്ങള്‍ അല്ലെങ്കില്‍ ഭൂചലനങ്ങളാണ് അതിനുള്ള തെളിവും. ഇത്തരത്തില്‍ ഭൂമിയുടെ പുറംപാളികള്‍ വളരെ പെട്ടെന്നു പരസ്പരം അനുകൂല ദിശകളിലേക്കോ വിപരീത ദിശകളിലേക്കോ  സമാന്തരങ്ങളായോ കൂട്ടിയിടിക്കുകയോ തെന്നിമാറുകയോ ചെയ്യുമ്പോള്‍ പൊടുന്നനെ ഉണ്ടാകുന്ന പ്രകമ്പനങ്ങള്‍ മൂലമാണ് ഭൂകമ്പങ്ങള്‍ സംഭവിക്കുന്നത്.  
    
ഭൂമിയുടെ ഉപരിതലത്തിലെ ഫലകങ്ങളുടെ പരസ്പര ചലനങ്ങളും തന്മൂലം ഫലകങ്ങളുടെ അതിര്‍ വരമ്പുകളില്‍ നടക്കുന്ന പരസ്പര കൂട്ടിയിടികളും പ്രതിപാദിക്കുന്ന ഫലകചലന സിദ്ധാന്തം (Plate Tectonics Theory) എന്ന ഭൗമപ്രതിഭാസങ്ങളിലൂടെയാണ് പൊതുവെ പര്‍വ്വതങ്ങളും കൊടുമുടികളും രൂപപ്പെടുന്നതും തന്മൂലം ഭൂകമ്പങ്ങള്‍ അഥവാ ഭൂചലനങ്ങള്‍ തുടങ്ങിയ ഭൗമപ്രതിഭാസങ്ങള്‍ ഉണ്ടാകുന്നതും.   ഭൂമിയെ അതിന്റെ ഉപരിതലം മുതല്‍ ഉള്ളറ വരെയുള്ള ആന്തരികഘടനയെ  യാന്ത്രികഘടനാപരമായും (Mechanically) രാസഘടനാപരമായും (Chemically) രണ്ടു തരത്തില്‍ നിര്‍വ്വചിക്കാം. ഉപരിതലത്തില്‍നിന്നും യാന്ത്രികഘടനാപരമായി ലിത്തോസ്ഫിയര്‍ (ഹശവേീുെവലൃല), അസ്തെനോസ്ഫിയര്‍ (astheneosphere), മെസോസ്ഫിയര്‍ (mesophere), ബാഹ്യ കാമ്പ്  (outer core), ആന്തരിക കാമ്പ് (inner core) എന്നിങ്ങനെ നാലായി തിരിക്കാം. രാസഘടനപരമായും  പുറം തോട് (crust), ബാഹ്യ ആവരണം (upper mantle), ആന്തരിക ആവരണം (lower mantle), പുറം കാമ്പ് (outer core), ആന്തരിക കാമ്പ് (inner core) എന്നിങ്ങനെ നാലായി വിഭജിക്കാം. 

ഭൂമിയുടെ പുറംപാളിയായ ഭൂവല്‍ക്കവും ഏതാണ്ട് സമാന സാന്ദ്രതയുള്ള മാന്റിലിന്റെ മേല്‍ത്തട്ടും ചേര്‍ന്ന് ലിത്തോസ്ഫിയര്‍ (lithosphere) എന്നറിയപ്പെടുന്ന പാളിയായി തീരുകയും അതിനു തൊട്ടു താഴെ അര്‍ദ്ധദ്രവാവസ്ഥയില്‍ ഉള്ള ആസ്തീനോസ്ഫിയര്‍ (asthenosphere) എന്ന മെഴുകുപാളിയിലൂടെ (molten state) മാന്റിലില്‍നിന്നും ഉത്ഭവിക്കുന്ന താപസംവഹനം (mantle convection) മൂലം വളരെ ചെറിയ നിരക്കില്‍ ചലിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.  ഒട്ടേറെ ചെറുഫലകങ്ങളായി വേര്‍തിരിക്കപ്പെട്ടിരിക്കുന്ന ലിത്തോസ്ഫിയര്‍, തന്മൂലം വെള്ളത്തിന്റെ മുകളില്‍ ഐസ് കഷണങ്ങള്‍ ചലിക്കുന്നപോലെ ആസ്തീനോസ്ഫിയറിന്റെ മേല്‍പ്പരപ്പിലൂടെ സാവധാനം ചലിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ഫലകചലനസിദ്ധാന്തത്തിന്റെ അടിസ്ഥാനം. ഏതാണ്ട് 180 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ചലിച്ചു തുടങ്ങിയ ആഫ്രിക്കന്‍-അറേബിയന്‍ ഫലകങ്ങള്‍, അങ്ങനെ ഏതാണ്ട് 124 ദശലക്ഷം വര്‍ഷങ്ങള്‍ക്കു ശേഷം, അതായത് ഇപ്പോഴത്തെ കാലത്തില്‍നിന്ന് 56 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് എതിര്‍ദിശയിലുണ്ടായിരുന്ന യൂറേഷ്യന്‍ ഫലകത്തില്‍ കൂട്ടിയിടിച്ചതിന്റെ ഫലമായാണ് തുര്‍ക്കി-സിറിയ പ്രവിശ്യകള്‍ സ്ഥിതിചെയ്യുന്ന അനറ്റോളിയന്‍ ഫലകം ഉള്‍പ്പെട്ട ആല്‍പൈന്‍ പര്‍വ്വത ശൃംഖല രൂപപ്പെട്ടിട്ടുള്ളത്. 

ഫലകചലനങ്ങള്‍ വിവിധതരം 

ഫലകചലനത്തിന്റെ പ്രേരകശക്തിയെക്കുറിച്ചുള്ള ശാസ്ത്രസംവാദങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും പ്രാഥമികമായി മാന്റിലില്‍നിന്നും ഉത്ഭവിക്കുന്ന താപസംവഹനവും (mantle convection), ഫലകവരമ്പുകളില്‍ അനുഭവപ്പെടുന്ന ഭൂഗുരുത്വബലവും ഫലകചലനത്തിന് അനുയോജ്യമായ ഊര്‍ജ്ജസ്രോതസ്സാണ്. ഈ സ്രോതസ്സുകളുടെ സംയോജനം  ഫലകവലിവ് (slab pull), ഫലകം വലിച്ചെടുക്കല്‍ (slab suction), വരമ്പ് തള്ളല്‍ (ridge push) എന്നീ പ്രതിഭാസങ്ങള്‍ക്കു കാരണമാകുന്നു. ഇവ കൂടാതെ വലിയ അണക്കെട്ടുകളില്‍ വെള്ളം സംഭരിച്ചുണ്ടാകുന്ന  കടുത്ത സമ്മര്‍ദ്ദം ഭൂവല്‍ക്കത്തിലെ ഭ്രംശരേഖകള്‍ക്കു താങ്ങാന്‍ കഴിയാതെ വരുമ്പോഴും പ്രേരിതചലനങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഭൂകമ്പങ്ങളും ഉണ്ടാകാറുണ്ട്. 

രണ്ടു ഫലകങ്ങള്‍ അടുത്തേക്ക് വന്നു കൂട്ടിമുട്ടുകയും സാന്ദ്രതയേറിയ ഫലകം മറ്റൊന്നിന്റെ അടിയിലേക്ക് നിമഞ്ജനം (subduction) ചെയ്യപ്പെടുകയും ചെയ്യുന്ന സംയോജക ഫലക ചലനമാണ് ഇതിലേറ്റവും പ്രധാനം. സംയോജക ഫലകങ്ങള്‍ (convergent plates) കൂട്ടിമുട്ടി നാശം സംഭവിക്കുന്നതിനാല്‍ ഇത്തരം ഫലക അതിരുകളെ വിനാശക അതിരുകള്‍ (destructive margin) എന്നോ സജീവ അതിരുകള്‍ (active margin) എന്നോ വിളിക്കപ്പെടുന്നു. ഫലകങ്ങള്‍ ഇത്തരത്തില്‍ സംയോജനത്തിലൂടെ ഇല്ലാതെയാകുന്ന പ്രദേശത്തെ നിമഞ്ജനമേഖല (subduction zone) എന്ന് പറയുന്നു. എന്നാല്‍, രണ്ടു ഫലകങ്ങള്‍ സംയോജിക്കുകയും സാന്ദ്രതവ്യത്യാസമില്ലാത്തതിനാല്‍ നിമഞ്ജനം (subduction) സാധ്യമാകാതെ വരികയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍, ഭൂഖണ്ഡാതിരുകളില്‍ അനുഭവപ്പെടുന്ന അതിശക്തമായ മര്‍ദ്ദഫലമായി ചലനങ്ങള്‍ ഉണ്ടാവുകയും മടക്കുപര്‍വ്വതങ്ങള്‍ (folded mountains) രൂപപ്പെടുകയും ചെയ്യുന്നു. തുര്‍ക്കി-സിറിയ രാജ്യങ്ങള്‍ സ്ഥിതിചെയ്യുന്ന അനറ്റോളിയന്‍ ഫലകത്തിന്റെ വടക്കുള്ള ആല്‍പൈന്‍ പര്‍വ്വതനിരകള്‍, ഇന്ത്യന്‍ ഫലകത്തിന്റെ വടക്കായുള്ള ഹിമാലയന്‍ പര്‍വ്വതനിരകള്‍  ഇത്തരത്തില്‍ യൂറേഷ്യന്‍ ഫലകവുമായി ചേര്‍ന്ന് തമ്മിലുണ്ടായ സംയോജനത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്.

അടുത്തതായി രണ്ടു ഫലകങ്ങള്‍ ഇരുവശങ്ങളിലേക്കായി അകന്നുപോകുന്ന പ്രതിഭാസമാണ്. ഇത്തരത്തില്‍ വിയോജക ഫലക (divergent plates) ചലനം നടക്കുന്ന ഭൗമാതിര്‍ത്തിയെ സൃഷ്ടിപരമായ അതിര് (constructive margin) എന്നും വ്യാപന അതിര് (extensional boundary) എന്നും വിശേഷിപ്പിക്കുന്നു. ഭൂഖണ്ഡങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന പിളര്‍പ്പുകള്‍ (rift) വികസിച്ചു പിളര്‍പ്പുതടങ്ങളായി (rift valley) മാറുന്നതും സമുദ്രഫലകങ്ങള്‍ വികര്‍ഷിച്ചു പിന്മാറുന്നതിലൂടെ കടല്‍ത്തറകളില്‍ (sea floor) ആഴമേറിയ പിളര്‍പ്പുകള്‍ (trenches) രൂപപ്പെടുന്നതും ഇക്കാരണത്താലാണ്. ചെങ്കടല്‍ പിളര്‍പ്പ് (red sea rift), കിഴക്ക് ആഫ്രിക്കന്‍ പിളര്‍പ്പ് (east African rift) എന്നിവ ഫലകവിയോജനത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.

ഫലകങ്ങള്‍ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാതെ കൃത്യമായ അകലം പാലിച്ചു സമാന്തരമായി അഥവാ തിരശ്ചീനമായി തെന്നിനീങ്ങുന്ന മറ്റൊരുവിധം ഫലകചലനം കൂടിയുണ്ട്. ട്രാന്‍സ്ഫോം ഭ്രംശനം (Transform fault), സംരക്ഷിത അതിരുകള്‍ (conservative plate boundary) എന്നിങ്ങനെയും ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കപ്പെടുന്നു. ഇവിടെ പുതിയ ഭൂവല്‍ക്കം രൂപപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല എങ്കിലും ഫലകങ്ങളുടെ അനുസ്യൂതമായ സമാന്തരചലനം ഭൗമാന്തര്‍ഭാഗത്തു അപകടകരമായ ഭൂമികുലുക്കം, അഗ്‌നിപര്‍വ്വത സ്ഫോടനങ്ങള്‍ മുതലായ പ്രകൃതിപ്രതിഭാസങ്ങള്‍ കേന്ദ്രീകരിക്കാന്‍ ഇടയാക്കുന്നു.

തുര്‍ക്കി-സിറിയ ഭൂകമ്പങ്ങള്‍

മേല്‍ പ്രതിപാദിച്ചിട്ടുള്ളതുപോലെ രണ്ട് ടെക്റ്റോണിക് പ്ലേറ്റുകള്‍ പരസ്പരം സമാന്തരമായോ  തിരശ്ചീനമായോ ഭൗമപാളിയിലെ പ്രധാന വിള്ളല്‍ അഥവാ ഫോള്‍ട്ടിലൂടെ പരസ്പരം വിപരീത ദിശകളില്‍ തെന്നിനീങ്ങി പൊടുന്നനെ പ്രകമ്പനങ്ങള്‍ പുറപ്പെടുവിക്കുന്ന പ്രതിഭാസമാണ് സ്ട്രൈക്ക്-സ്ലിപ്പ് ഭൂകമ്പങ്ങള്‍. തുര്‍ക്കി-സിറിയ  ഭൂകമ്പം,  അനറ്റോലിയ ടെക്റ്റോണിക് ബ്ലോക്ക് അഥവാ  ഭൂവല്‍ക്ക പ്രദേശത്തെ  കിഴക്കന്‍ പ്രവിശ്യയിലെ ഫോള്‍ട്ട് സോണിലെ ഒരു  ഭാഗം പടിഞ്ഞാറോട്ട് നീങ്ങിയപ്പോള്‍ മറ്റൊന്ന് കിഴക്കോട്ട് നീങ്ങിയതുമൂലം, ചലിച്ചുകൊണ്ടിരിക്കുന്ന ബ്ലോക്കുകളുടെ ശക്തി കൂടുകയും ഒടുവില്‍ ഫലകങ്ങളുടെ  അരികുകളുടെ ഘര്‍ഷണത്തെ മറികടക്കുകയും സംഭരിച്ചിരിക്കുന്ന എല്ലാ ഊര്‍ജ്ജവും പ്രകമ്പനകളുടെ രൂപത്തില്‍ രൂപപ്പെട്ടിട്ടുള്ളവയാണ്. ഇത് കൂടാതെ അനറ്റോളിയന്‍ ഫലകത്തിന്റെ തെക്ക്-വടക്കായി സ്ഥിതിചെയ്യുന്ന അറേബ്യന്‍, യൂറേഷ്യന്‍ സംയോജക ഫലകങ്ങളില്‍നിന്നുള്ള മര്‍ദ്ദവും കൂടിച്ചേര്‍ന്ന്,  തുര്‍ക്കി-സിറിയ ഭൂചലനത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കുകയും ഭൂമിയിലെ കരപ്രദേശങ്ങളില്‍ ഇതുവരെ ഉണ്ടായിട്ടുള്ള സ്ട്രൈക്ക്-സ്ലിപ് ഭൂകമ്പങ്ങളിലെ തന്നെ ഏറ്റവും തീവ്രത ഏറിയതും വിനാശകാരിയുമായ ദുരന്തമായി തുര്‍ക്കി-സിറിയ ഭൂകമ്പത്തെ മാറ്റിയിട്ടുണ്ട്.  

വിനാശകാരി തുര്‍ക്കി-സിറിയ ഭൂകമ്പം, മറ്റ് കാരണങ്ങള്‍

പ്രധാനമായും ഭൂകമ്പങ്ങള്‍ വിനാശകാരി ആകുന്നത് അവ പുറപ്പെടുവിക്കുന്ന ഊര്‍ജ്ജത്തേക്കാളുപരി (magnitude), അവ മൂലം ഉണ്ടാകുന്ന അപകടങ്ങളുടേയും മരണങ്ങളുടേയും സാമ്പത്തിക നഷ്ടങ്ങളുടേയും നിരക്ക് (intensity) വര്‍ദ്ധിക്കുമ്പോളാണ്.  തുര്‍ക്കി-സിറിയ ഭൂകമ്പങ്ങള്‍  രേഖപ്പെടുത്തിയ  തീവ്രത 7.8, 7.5 എന്ന് പറയുന്നത് ഭൂകമ്പങ്ങളുടെ പട്ടികയില്‍  വളരെ ശക്തമായവയില്‍പ്പെട്ട ഭൂകമ്പങ്ങളാണ്,  പ്രത്യേകിച്ച് കരയില്‍ ഉണ്ടായ കാരണത്താല്‍. അതിനുപുറമെ, ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ക്കു സമീപമാണ് ഭൂചലനം ഉണ്ടായത്. തുര്‍ക്കിയിലെ പ്രധാന നഗരവും പ്രവിശ്യാ തലസ്ഥാനവുമായ ഗാസിയാന്‍ടെപ്പിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ദുരന്തബാധിത പ്രദേശങ്ങള്‍ അപകടസാധ്യതയുള്ള കെട്ടിടങ്ങളുടെ പ്രധാന പ്രദേശങ്ങളില്‍ ഒന്നായിരുന്നു. ഇസ്താംബൂള്‍ പോലുള്ള നഗരങ്ങളിലെ പുതിയ കെട്ടിടങ്ങള്‍ ആധുനിക ഭൂകമ്പ മാനദണ്ഡങ്ങള്‍ മാനിച്ചു രൂപകല്പന ചെയ്തിരിക്കുന്നതെങ്കില്‍, തെക്കന്‍ തുര്‍ക്കിയിലെ ഈ പ്രദേശത്ത് പഴയ ബഹുനില കെട്ടിടങ്ങളാണുള്ളത്. സിറിയയിലെ ദ്രുതഗതിയിലുള്ള നിര്‍മ്മാണവും കൂടാതെ വര്‍ഷങ്ങളുടെ യുദ്ധസാഹചര്യവും സിറിയയിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ ദുര്‍ബ്ബലപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം ഒത്തുചേര്‍ന്നാല്‍ ഒരു സാധാരാണ നിലയിലുള്ള ഭൂകമ്പങ്ങള്‍ പോലും വിനാശകാരികള്‍ ആകുമെന്നുള്ളതില്‍ സംശയമില്ല. അപ്പോള്‍ ഇപ്പോള്‍ സംഭവിച്ചതുപോലുള്ള, ഭൂകമ്പമാപിനിയില്‍ 7.8, 7.5 രേഖപ്പെടുത്തിയിട്ടുള്ള തുര്‍ക്കി-സിറിയ  ഭൂകമ്പങ്ങളെ  അത് വിതച്ച വിനാശത്തെക്കുറിച്ചും എടുത്തുപറയേണ്ടതില്ലല്ലോ?

തുർക്കിയിലെ ആന്റിക്വയിൽ തകർന്ന ബ​ഹുനില കെട്ടിടം
തുർക്കിയിലെ ആന്റിക്വയിൽ തകർന്ന ബ​ഹുനില കെട്ടിടം

ഇന്ത്യയിലെ  ഭൂകമ്പ സാധ്യതകള്‍

ഹിമാലയം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ഭൂകമ്പ ഭ്രംശമേഖലകള്‍ക്കു സമീപങ്ങളായുള്ള ബഹുനില അപ്പാര്‍ട്ട്മെന്റുകള്‍, കൂറ്റന്‍ ഫാക്ടറി കെട്ടിടങ്ങള്‍, ഭീമാകാരമായ മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗോഡൗണുകള്‍ എന്നിവയുള്‍പ്പെടെ എല്ലായിടത്തും കൂണുപോലെ മുളച്ചുവരുന്ന ഇന്ത്യയിലെ ജനസംഖ്യയും പൊടുന്നനെ വളരുന്ന വിപുലമായ അശാസ്ത്രീയ നിര്‍മ്മാണങ്ങളും ഇന്ത്യയേയും ഭൂകമ്പവുമായി ബന്ധപ്പെട്ട് നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്ന അപകടസാധ്യതയിലേക്കാണ് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്. 

കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍, 1999-ല്‍ ഉത്തരാഖണ്ഡിലെ ചമോലി, 2001-ല്‍ ഗുജറാത്തിലെ ഭുജ്;  2004-ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍,  2015-ല്‍ നേപ്പാള്‍ ഹിമാലയം  ഉള്‍പ്പെടെ 10 വലിയ ഭൂകമ്പങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.  അത് ഏകദേശം 30,000-ത്തിലധികം മരണങ്ങള്‍ക്കു കാരണമായിട്ടുമുണ്ട്. രാജ്യത്തിന്റെ നിലവിലെ ഭൂകമ്പ മേഖലാഭൂപടം അനുസരിച്ച് (IS 1893: 2002), ഇന്ത്യയുടെ ഭൂപ്രദേശത്തിന്റെ 59 ശതമാനത്തിലേറെയും മിതമായതോ ഗുരുതരമായതോ ആയ ഭൂകമ്പ ഭീഷണിയിലാണ്; അതായത് തീവ്രത 7-ഉം അതിനു മുകളിലും കുലുങ്ങാന്‍ സാധ്യതയുണ്ട്. വാസ്തവത്തില്‍, മുഴുവന്‍ ഹിമാലയന്‍ ബെല്‍റ്റും 8.0-ല്‍ കൂടുതലുള്ള വലിയ ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു; താരതമ്യേന 50 വര്‍ഷത്തിനുള്ളില്‍, അത്തരം നാല് ഭൂകമ്പങ്ങള്‍ സംഭവിച്ചു: 1897-ല്‍ ഷില്ലോംഗ് (തീവ്രത 8.7); 1905ല്‍ കാന്‍ഗ്ര (തീവ്രത 8.0); 1934ല്‍ ബിഹാര്‍-നേപ്പാള്‍ (തീവ്രത 8.3); 1950ല്‍ അസം-ടിബറ്റ് (തീവ്രത 8.6). ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഹിമാലയന്‍ മേഖലയില്‍ വളരെ തീവ്രമായ ഭൂകമ്പങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് ഭൗമശാസ്ത്രജ്ഞര്‍ നിലവില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുമുണ്ട്.  ഭൂകമ്പ ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് ഭൗമശാസ്ത്രം ദേശീയമായും അന്തര്‍ദ്ദേശീയമായും വളരെയധികം പുനര്‍ഗമിച്ചിട്ടുണ്ടെങ്കിലും ഇന്നും ഭൂകമ്പ പ്രവചനം എന്ന വലിയൊരു കടമ്പ ഭൗമശാസ്ത്രത്തിനു മുന്‍പില്‍ ഒരു ചോദ്യചിഹ്നമായി തന്നെ നിലനില്‍ക്കുന്നു എന്നുള്ളതാണ് വസ്തുത.

(ലേഖകന്‍, കുസാറ്റ് മറൈന്‍ ജിയോളജി & ജിയോഫിസിക്സ് വകുപ്പിലെ അസോസിയേറ്റ് പ്രൊഫസറും  ഭൗമശാസ്ത്രജ്ഞനുമാണ്)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com