അതിജീവനത്തിന്റെ അതീത ഭാവനകള്‍
By കെ.പി. റെജി / സുനില്‍ ഗോപാലകൃഷ്ണന്‍ | Published: 21st March 2023 04:32 PM |
Last Updated: 21st March 2023 04:32 PM | A+A A- |

അതിസാധാരണങ്ങളായ ജീവിതപരിസരങ്ങളില്‍നിന്നും നിലനില്‍പ്പിന്റേയും അതിജീവനത്തിന്റേയും അതീതഭാവനകള്‍ ഉരുത്തിരിയുന്ന സറ്റയറിന്റെ രുചിഗുണങ്ങളോടു കൂടിയ രചനകളിലൂടെ സമകാലീന ഇന്ത്യന്‍ ചിത്രകലയില്‍ വേറിട്ട സ്ഥാനം നേടിയ മലയാളി ചിത്രകാരനാണ് കെ.പി. റെജി. ബറോഡയെ തന്റെ തട്ടകമാക്കിയ റെജിയുടെ കലാഭാഷയില്‍ എക്കാലവും മലയാളത്തിന്റെ രുചിയും മണവും സുവിദിതമാകുന്നു; 'എന്നെ സംബന്ധിച്ച് എന്റെ പരിസരങ്ങളുമായി ബന്ധമില്ലാത്തതെല്ലാം കൃത്രിമങ്ങളാണ്' എന്ന റെജിയുടെ നിരീക്ഷണം തന്റെ കലയിലേക്കുള്ള ഒരു പ്രവേശന സൂത്രമാണ്. മൂന്ന് പതിറ്റാണ്ടുകള്‍ നീളുന്ന കലാജീവിതത്തില്‍ ഇതിനോടകം ഇന്ത്യയിലും വിദേശങ്ങളിലുമായി അനേകം പ്രദര്‍ശനങ്ങളില്‍ റെജിയുടെ ചിത്രങ്ങള്‍ ശ്രദ്ധനേടുകയുണ്ടായി. കേരളത്തിലും ബിനാലെ പോലുള്ള ഇന്റര്‍നാഷണല്‍ ഇവന്റുകളിലും മറ്റനേകം ഗ്രൂപ്പ് ഷോകളിലും കെ.പി. റെജിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. റെജിയുടെ കലാജീവിതത്തിന്റെ റെട്രോസ്‌പെക്ഷന്‍ എന്ന് പറയാവുന്ന വിധം പല കാലങ്ങളില്‍ ചെയ്യപ്പെട്ട ചിത്രങ്ങളുടെ സമാഹാരത്തിനൊപ്പം ഏറ്റവും സമകാലികമായ വര്‍ക്കുകളും ഉള്‍ക്കൊള്ളിച്ച് ഇടപ്പള്ളി മാധവന്‍ നായര്‍ ഫൗണ്ടേഷന്‍ ഹാളില്‍ നടക്കുന്ന 'ഗുഡ് എര്‍ത്ത്' ചിത്രപ്രദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കെ.പി. റെജി സംസാരിക്കുന്നു.
മൂന്ന് പതിറ്റാണ്ടുകളായി കലയില്‍ പ്രവര്‍ത്തിക്കുന്നു, ഇതാദ്യമായാണ് റെജിയുടെ സമഗ്രമായ ഒരു പ്രദര്‍ശനം കേരളത്തില്‍ നടക്കുന്നത്; ആലപ്പുഴയുടെ വടക്കേ അറ്റത്ത് ചന്തിരൂരില്‍ ജനിച്ച് ഇന്ത്യന്‍ ചിത്രകലയുടെ ഏറ്റവും സക്രിയ കേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന ബറോഡയില്‍ എത്തിച്ചേര്‍ന്നതിനെക്കുറിച്ച് പറയാമോ?
1993ലാണ് ഞാന്‍ കൊച്ചി, ഇടപ്പള്ളിയിലെ മാധവന്‍ നായര്‍ ഫൗണ്ടേഷനില്‍ (എം.എന്‍. എഫ്) കല പഠിക്കാനായി ചേരുന്നത്, രണ്ട് വര്‍ഷത്തെ കോഴ്‌സായിരുന്നു. രണ്ട് വര്‍ഷം എന്നത് ചെറിയ കാലമാണെങ്കിലും നല്ലൊരു മാറ്റം അത് ഉണ്ടാക്കി. അവിടുത്തെ അദ്ധ്യാപകര്‍ നേരത്തെ റാഡിക്കല്‍ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന കെ. രഘുനാഥനും പ്രഭാകരന്‍ മാഷും പിന്നെ നമ്പിടി മാഷും ഒക്കെയായിരുന്നു. അവര്‍ കലയെക്കുറിച്ചുള്ള വേറൊരു വീക്ഷണം പകര്‍ന്നുതന്നു. അതുവരെ കെ.ജി.ടി.എ എന്ന കോഴ്‌സാണ് ഞാന്‍ ചെയ്തത്; കെ.ജി.ടി.എ സത്യത്തില്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ മാത്രമായിരുന്നു; കയ്യിന് വഴക്കം കിട്ടും എന്നല്ലാതെ മനസ്സിനെ മെരുക്കുന്ന പരിപാടികളോ, വേറൊന്നും അതിലില്ല. എം.എന്‍.എഫിലെ അദ്ധ്യാപകര്‍ ഓരോ വര്‍ക്കിനെക്കുറിച്ചും സംസാരിക്കുന്നത് കേള്‍ക്കുമ്പോഴാണ് കലയില്‍ ഏതൊക്കെയോ ഗൗരവമായ വിഷയങ്ങള്‍ ഉള്ളടങ്ങുന്നതായി തോന്നിത്തുടങ്ങിയത്. വെറുതെ സ്‌റ്റൈല്‍ മാത്രമല്ല കല, ഒരോ സ്‌റ്റൈലും എങ്ങനെ ഉണ്ടാവുന്നു എന്നുള്ള ചരിത്രവും മറ്റും അവര്‍ പറഞ്ഞുതരുമ്പോള്‍ കേവലം ക്രാഫ്ട് മാത്രമല്ല കല, അതില്‍ വേറെ ചില കാര്യങ്ങളൊക്കെ ഉണ്ടെന്നുള്ള ഒരു അവബോധം ഉണ്ടായി. അതിനുശേഷമാണ് കലയെ കുറച്ചുകൂടി സീരിയസായിട്ട് കാണാന്‍ തുടങ്ങുന്നത്. ആ ഒന്നൊന്നര വര്‍ഷക്കാലമാണ് ഒരു ട്രാന്‍സിഷന്‍ പോയിന്റ്; കലയിലേക്ക് എന്റെ വഴിതിരിയുന്ന കാലമതാണ്. പിന്നീട് കൂടുതല്‍ പഠിക്കണം എന്ന് തോന്നിയാണ് ബറോഡ എം.എസ്. യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടി പോവുന്നത്. അതുമുതല്‍ കല തന്നെ.
കലയെ ഒരു കരിയറായി തെരഞ്ഞെടുക്കുന്നതിന് എത്രമാത്രം സപ്പോര്‍ട്ടീവായിരുന്നു, റെജിയുടെ സാമൂഹ്യപരിസരം?
അത് ഒട്ടുംതന്നെ അനുകൂലമായിരുന്നില്ല എന്നു പറയാം. എന്നെ സംബന്ധിച്ച് കലയുമായുള്ള ബന്ധങ്ങളൊക്കെയും തുടങ്ങുന്നത് എം.എന്‍.എഫില്‍നിന്നാണ്. സുഹൃത്തും ചിത്രകാരനുമായ അനില്‍ കുഴിക്കാല നിമിത്തമാണ് ഞാന്‍ അവിടെ എത്തിപ്പെടുന്നത്. അന്ന് കേരളത്തില്‍ സജീവമായ സമകാലികരായ ചിത്രകാരന്മാരും വിദ്യാര്‍ത്ഥികളുമൊക്കെ പ്രഭാകരനേയും രഘു മാഷിനേയും കാണാനായി അവിടെ വന്നുപോകുമായിരുന്നു. എന്റെ നാട്ടുകാരന്‍ കൂടിയായ ചിത്രകാരന്‍ സക്കീര്‍ ഹുസൈനെ പരിചയപ്പെടുന്നത് അവിടെ വെച്ചാണ്. സക്കീര്‍ സത്യത്തില്‍ എന്റെ സ്‌കൂള്‍മേറ്റാണ്; പക്ഷേ, ഞങ്ങള്‍ക്ക് പരസ്പരം അറിയില്ല. സക്കീര്‍ അന്ന് തിരുവനന്തപുരത്ത് ബി.എഫ്.എ ചെയ്യുവാണ്. പിന്നീട് സക്കീര്‍ മുഖാന്തരമാണ് ഞാന്‍ നാട്ടില്‍ തന്നെയുള്ള എരമല്ലൂര്‍ സെന്‍ എന്ന കൂട്ടായ്മയുമായി ബന്ധപ്പെടുന്നത്. ചിത്രകലയും സാഹിത്യവും സിനിമയുമൊക്കെയായി ബന്ധമുള്ള ഒരു കൂട്ടം, ചിത്രകാരനായ ആര്‍. വേണുവും ആര്‍. സുധീരനും എസ്. സന്തോഷുമൊക്കെ അതിലുള്‍പ്പെടും. ആ കൂട്ടായ്മ ഒരു ഊര്‍ജ്ജമായിരുന്നു, പരസ്പരം സംവേദിക്കാനും മനസ്സിലാക്കാനും സാധിക്കുന്ന ഒരു സുഹൃദ്‌സംഘം അവിടെ ഉണ്ടായിരുന്നു, ഞാന്‍ ബി.എഫ്.എയ്ക്ക് ശേഷം ആദ്യമായി ഒരു സോളോ ഷോ നടത്തുന്നത് എരമല്ലൂര്‍ സെന്‍ ഗ്യാലറിയിലാണ്. ഒരു പെരുമഴക്കാലത്ത്, ഒരു ദിവസം ഒന്നോ രണ്ടോ പേര് മാത്രം വരും കാണാന്‍ !

തൊണ്ണൂറുകളില്‍ ഒരു കലാവിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം എത്തിപ്പെടാവുന്ന ഏറ്റവും സജീവതയുള്ള കലാപരിസരമായിരുന്നു ബറോഡ. ഒരു വീണ്ടെടുപ്പുപോലും അസാധ്യമെന്നു തോന്നിക്കുംവിധം ഇല്ലാതായ ബറോഡയുടെ അന്നത്തെ കലാന്തരീഷത്തെക്കുറിച്ച് സംസാരിക്കാമോ?
1994ലാണ് ഞാന്‍ ഡിഗ്രിക്ക് ജോയിന്‍ ചേരുന്നത്, ബറോഡയ്ക്ക് ടെസ്റ്റിന് പോവുമ്പോഴാണ് ആദ്യമായിട്ട് ഞാന്‍ ട്രെയിനില്‍ കയറുന്നത്! എനിക്കൊപ്പം അന്ന് ശ്രീദേവിയും മാര്‍ട്ടിനുമൊക്കെയുണ്ട്. എനിക്കൊരു വിശ്വാസവുമില്ലായിരുന്നു കിട്ടുമെന്ന്, കാരണം പെയിന്റിങ്ങ് കിട്ടാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ, എന്തോ കാരണം കൊണ്ട് അവര്‍ക്ക് കിട്ടിയില്ല, എനിക്ക് കിട്ടി. മാര്‍ട്ടിനും ശ്രീദേവിയുമൊക്കെ ക്രാഫ്റ്റുള്ള, നന്നായി വര്‍ക്ക് ചെയ്തിട്ടുള്ള കക്ഷികളായിരുന്നു. ഏറ്റവും തമാശ, ഇന്റര്‍വ്യൂവില്‍ എനിക്ക് ഇംഗ്ലീഷ് അറിയില്ല, ഹിന്ദിയും അറിയില്ല. പക്ഷേ, എങ്ങനെയോ കമ്യൂണിക്കേറ്റ് ചെയ്തു എന്നുള്ളതാണ്. പിന്നെ എന്റെ കയ്യില്‍ കുറച്ച് വര്‍ക്കുകളുണ്ടായിരുന്നു, അത്രകാലം ചെയ്തവ. അവിടെ എനിക്കൊരിക്കലും ലാംഗ്വേജ് ഒരു പ്രശ്‌നമായി തോന്നിയിട്ടില്ല, ചിലപ്പോള്‍ നമുക്ക് പറയേണ്ട വാക്കുകള്‍ ഒന്നും കിട്ടില്ല, വൊക്കാബുലറി മോശമായിരിക്കും, എങ്കിലും എങ്ങനെയോ കമ്യൂണിക്കേഷന്‍ നടക്കും. അവിടെ ഹിന്ദി അറിയാത്ത വേറെയും കക്ഷികളുണ്ട്, അസാമില്‍ നിന്നുള്ളവരുണ്ട്, കര്‍ണാടകക്കാരുണ്ട്, ഞങ്ങള്‍ ഷെയര്‍ ചെയ്യുന്നത് സെയിം ഇഷ്യൂസാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ചെല്ലുമ്പോള്‍ തന്നെ അവിടെ ധാരാളം മലയാളികള്‍ ഉള്ളതുകൊണ്ട് നമ്മള്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതും വരയ്ക്കാന്‍ ശ്രമിക്കുന്നതും അവര്‍ക്കു മനസ്സിലാകും. അങ്ങനെയൊരു കമ്യൂണിക്കേഷന്‍ ഉണ്ടായിരുന്നതുകൊണ്ടായിരിക്കാം എനിക്ക് ആരെയും കണ്‍വിന്‍സ് ചെയ്യേണ്ട പ്രശ്‌നം ഉണ്ടായിരുന്നില്ല. എന്നെത്തന്നെ കണ്‍വിന്‍സ് ചെയ്യേണ്ട പ്രശ്‌നമാണ് എനിക്ക് ഉണ്ടായിരുന്നത്. വായിക്കുകയും കേള്‍ക്കുകയും പഠിക്കുകയും ചെയ്യുന്ന കൂട്ടത്തില്‍ ഞാന്‍ സ്വയം ചലഞ്ച് ചെയ്തുകൊണ്ടിരുന്നു.
അന്ന് എം.എസ്. യൂണിവേഴ്‌സിറ്റി, ഫൈന്‍ ആര്‍ട്‌സ് ഫാക്കല്‍റ്റിയുടെ എജ്യുക്കേഷന്‍ സിസ്റ്റം വേറിട്ടതായിരുന്നു. സിലബസ് എന്നു പറഞ്ഞാല്‍ യൂണിവേഴ്‌സിറ്റിയുടെ നിര്‍ദ്ദിഷ്ട സിലബസ് മാത്രമല്ല, ആ നാല് ഭിത്തിക്കുള്ളിലും ക്യാമ്പസിലുമുള്ള അദ്ധ്യാപകരുമല്ലത്. അതിലുപരി പുറത്തുനില്‍ക്കുന്ന, സജീവമായി വര്‍ക്ക് ചെയ്യുന്ന അനേകം ആര്‍ട്ടിസ്റ്റുകളുണ്ട്, അവര്‍ കൂടി ഉള്‍ച്ചേരുന്നതാണ് പഠനം. ഞാന്‍ പഠിക്കുന്ന സമയത്ത് അദ്ധ്യാപകരായിട്ട് അക്കിത്തം വാസുദേവന്‍, ശശിധരന്‍ നായര്‍, ജയന്തി, ബി.വി. സുരേഷ്, നന്ദു ഭായ് തുടങ്ങി ഒരു പിടി പ്രാക്ടീസിങ്ങ് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നു. അവരെ കൂടാതെ പുറത്ത് രേഖ റോഡ് വിദ്യ, ഷിബു നടേശന്‍, സുരേന്ദ്രന്‍ നായര്‍, അലക്‌സ് മാത്യു തുടങ്ങി ഒരു വലിയ വൃന്ദം കലാകാരന്മാരുമായി ദൈനംദിനമെന്നോണം നമുക്ക് ഇടപെടല്‍ സാധ്യമായിരുന്നു. അലക്‌സ് മാത്യു അക്കാലത്ത് സ്‌കള്‍പ്ച്ചറിലെ അദ്ധ്യാപകനായിരുന്നെങ്കില്‍ കൂടിയും നമ്മളുമായി നല്ല കമ്യൂണിക്കേഷന്‍ ഉണ്ടായിരുന്നു, വളരെ സപ്പോര്‍ട്ടീവായിരുന്നു. അതേപോലെ തന്നെ ആര്‍ട്ട് ഹിസ്റ്ററി വിഭാഗത്തില്‍ ശിവജി പണിക്കര്‍, ജയറാം പൊതുവാള്‍, പാറുള്‍, ദിപക് കനാല്‍ തുടങ്ങിയവരും തുറന്ന് ഇടപഴകുന്നവരായിരുന്നു. പിന്നാലെ മാധവന്‍ നായര്‍ ഫൗണ്ടേഷന്‍ വിട്ട് പ്രഭാകരന്‍ മാഷും ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോയിന്‍ ചെയ്തു, അതേസമയം സ്‌കള്‍പ്ച്ചറില്‍ വത്സന്‍ കൊല്ലേരിയും അശോകന്‍ പൊതുവാളും ജോയിന്‍ ചെയ്തു ഇവരൊക്കെയും വളരെ സൗഹാര്‍ദ്ദപരമായി പെരുമാറുകയും. നമ്മളുടെ ഉരുവപ്പെടലിന് സംഭാവനകള്‍ ചെയ്യുന്നവരുമായിരുന്നു.
ഇവരെക്കൂടാതെയാണ് മേജര്‍ ആര്‍ട്ടിസ്റ്റുകളായിട്ടുള്ള ഗുലാം മുഹമ്മദ് ഷേഖ്, ഭൂപന്‍ ഖക്കര്‍, ജ്യോതി ഭട്ട് ഇവരെയൊക്കെ മീറ്റ് ചെയ്യാനായിട്ട് ഫോര്‍മാലിറ്റി ഒന്നും പ്രശ്‌നമായിരുന്നില്ല. 'സ്റ്റുഡന്റാണ്, വരുന്നു' എന്ന് പറഞ്ഞാല്‍ വന്നോളാന്‍ പറയും. ഭൂപന്‍ ഖക്കറൊക്കെയാണെങ്കില്‍ വളരെ കാഷ്വലായിട്ടാണ് ഇടപെടുക, വീട്ടില്‍ ചെന്നാല്‍ ചെരുപ്പ്‌പോലും ഊരണ്ട, ശീലം കൊണ്ട് ചെരുപ്പ് ഊരാന്‍ നോക്കുമ്പോള്‍ 'ദിസ് ഈസ് നോട്ട് മന്ദിര്‍, ദിസ് ഈസ് ഹോം' എന്ന് പറയും. ആദ്യം ഒരു വര്‍ക്കെന്നൊക്കെ പറയുമെങ്കിലും ഓരോന്നോരോന്നായി അദ്ദേഹത്തിന്റെ പല വര്‍ക്കുകളും കാണിക്കും, അവയെക്കുറിച്ച് സംസാരിക്കും. ഒരു തവണ ഞാനും പി.ജെ. ബിനോയിയും അടക്കം ചിലര്‍ ഒരു ഇന്റര്‍വ്യൂ എടുക്കാനായി പോയത് ഓര്‍മ്മയുണ്ട്. അദ്ദേഹത്തിന്റെ വളരെ അടുത്ത ഒരു സുഹൃത്ത് മരണപ്പെട്ട സമയമായിരുന്നത്. ഞങ്ങള്‍ ചെല്ലുമ്പോഴാണ് അദ്ദേഹത്തിന് ഫോണ്‍ വരുന്നത്. ഞങ്ങളോട് പക്ഷേ, 'കുഴപ്പമില്ല, ആള് മരിച്ചു, കുറച്ച് സമയമെടുക്കും, നിങ്ങള്‍ക്ക് കുറച്ച് സമയം സ്‌പെന്‍ഡ് ചെയ്യാം' എന്ന് പറഞ്ഞ് വളരെ നോര്‍മലായി ഭൂപന്‍ സംസാരിക്കുകയും കാണിക്കാന്‍ പറ്റാവുന്നിടത്തോളം വര്‍ക്കുകള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. കലാസമൂഹത്തില്‍ ഒരു തരത്തിലുള്ള ഫോര്‍മല്‍ കോഡും ബറോഡ അക്കാലത്ത് കീപ്പ് ചെയ്തിരുന്നില്ല.
യൂണിവേഴ്‌സിറ്റിയിലും ഫാക്കല്‍റ്റി എന്നു പറഞ്ഞാല്‍ 24 മണിക്കൂറാണ്, ഇപ്പോള്‍ അതൊന്നും പറ്റില്ല. പിന്നെ നമുക്ക് എന്ത് വര്‍ക്കും ചെയ്ത് കാണിക്കാം. വേറൊരുതരം ഫ്രീഡം എപ്പോഴും ഉണ്ടായിരുന്നു. വളരെ ആരോഗ്യകരമായ സംവാദാത്മകമായ ഒരന്തരീക്ഷം അവിടെയുണ്ടായിരുന്നു. അതൊക്കെ നമ്മളെ വളരെ ഹെല്‍പ് ചെയ്യുമായിരുന്നു നമ്മള്‍ ചെയ്യുന്ന വര്‍ക്കുകളെക്കുറിച്ചും മറ്റ് ആര്‍ട്ടിസ്റ്റുകളുടെ വര്‍ക്കിനെക്കുറിച്ചുമുള്ള സംസാരങ്ങളും ചര്‍ച്ചകളും ആരോഗ്യകരമായ തര്‍ക്കങ്ങളും ക്ലാസ്സുകളിലാണെങ്കിലും പുറത്താണെങ്കിലും നടക്കും. അതിങ്ങനെ സ്‌പ്രെഡ് ചെയ്തുകൊണ്ടിരിക്കും, ഫുള്‍ ടൈം ആര്‍ട്ട് എന്നു പറയാം. നല്ല ലൈബ്രറിയുണ്ടായിരുന്നു; ഫിലിംക്ലബ്ബ് ഉണ്ടായിരുന്നു; അതൊക്കെ നമ്മളെ ആ സമയത്ത് നന്നായി ഹെല്‍പ് ചെയ്തിട്ടുണ്ട്.
അന്ന് സഹപാഠികള്‍ എന്ന നിലയില്‍, ടി.വി. സന്തോഷ് കല്‍ക്കത്തയില്‍ ബി.എഫ്.എ കഴിഞ്ഞ് ബറോഡയില്‍ എം.എഫ്.എയ്ക്ക് ജോയിന്‍ ചെയ്യുമ്പോഴാണ് ഞാന്‍ ജോയിന്‍ ചെയ്യുന്നത്. അതുപോലെ സക്കീര്‍ ഹുസൈന്‍, ശ്രീജ, മനോജ് വയലൂര്‍ ഒക്കെ ആ സമയത്ത് എം.എയ്ക്ക് ജോയിന്‍ ചെയ്തു. ബിനോയ് പി.ജെ., ചിന്നന്‍ (വിനോദ്), ബൈജു കുറുപ്പ്, ജോണി എം.എല്‍, വിദ്യാ ശിവദാസ്, ടി.വി. ചന്ദ്രന്‍, ഇപ്പോള്‍ സിനിമാട്ടോഗ്രാഫറായ ഫൗസിയ, പ്രീത നായര്‍, കവിത ബാലകൃഷ്ണന്‍, സാവിത്രി രാജീവന്‍, ശോശ ജോസഫ് അങ്ങനെ കുറേ പേര്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി ഉണ്ടായിരുന്നു; എല്ലാവരും വളരെ ആക്ടീവായ ആളുകളാണ്. പിന്നീട് എം.എയ്ക്ക് പഠിക്കുന്ന കാലം എസ്. സന്തോഷ്, എന്‍.പി. നിഷാദ്, സത്യാനന്ദ് മോഹന്‍ തുടങ്ങിയവരും വരുന്നുണ്ട്.

അന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ബറോഡയില്‍ വലിയ സ്വീകാര്യതയും പ്രാമുഖ്യവും ഉണ്ടായിരുന്നു അല്ലേ?
ഉണ്ടായിരുന്നു. അതെനിക്ക് തോന്നുന്നത്, എപ്പോഴും വീട് വിട്ട് പുറത്തുപോയി വര്‍ക്ക് ചെയ്യുന്നവര്‍ ഹാര്‍ഡ് വര്‍ക്കിങ്ങ് ആയിരിക്കും. അതിപ്പോള്‍ മലായാളികള്‍ മാത്രമല്ല, ആസാമില്‍ നിന്ന് വരുന്നവരും ബംഗാളികളുമൊക്കെ അങ്ങനെ ആയിരുന്നു. വീട് ഡിപ്പന്‍ഡ് ചെയ്ത് പഠിക്കുന്നവരുണ്ടല്ലോ, വീട്ടില്‍ പോയി വരുന്നവര്‍. അവര്‍ക്ക് ക്ലാസ്സിനു ശേഷമുള്ള സമയം മിസ് ആവുന്നുണ്ട്, ഒരുമിച്ച് താമസിക്കുമ്പോള്‍ നമുക്കിടയില്‍ എപ്പോഴും കലയെക്കുറിച്ചായിരിക്കും സംസാരം. ആ ഇന്‍ട്രാക്ഷന്‍ വളരെ പ്രധാനപ്പെട്ടതാണ്. അതേസമയം വീട്ടില്‍ പോകുന്ന വിദ്യാര്‍ത്ഥിക്ക് അവിടെ വേറെ പ്രശ്‌നങ്ങളാണ്, മണ്ണെണ്ണ മേടിക്കാന്‍ പോണം, മറ്റാവശ്യങ്ങള്‍ക്ക് പോണം. അങ്ങനെ പ്രശ്‌നമില്ലാത്തതുകൊണ്ട് വീട് വിട്ടുള്ള ജീവിതം കലയില്‍ കൂടുതല്‍ ഇന്‍വോള്‍മെന്റ് നല്‍കും. ഹോസ്റ്റലിലാണെങ്കില്‍ വെളുപ്പിന് മുതല്‍ പാതിരാത്രി വരെ ഒരുമിച്ചുള്ള ജീവിതമാണ്, ആ അറ്റ്‌മോസ്ഫിയര്‍ വളരെ പ്രധാനമാണെന്നാണ് എനിക്കു തോന്നുന്നത്. ഏതൊരു സ്ഥാപനവും വിദ്യാര്‍ത്ഥികള്‍ക്ക് അത്തരത്തില്‍ സ്വതന്ത്രമായ അന്തരീക്ഷം ഒരുക്കുകയാണെങ്കില്‍ മാജിക്ക് ഉണ്ടാക്കാനാവും. ആ അന്തരീക്ഷം ഒരു ആര്‍ട്ട് സ്റ്റുഡന്റിന് വളരെ പ്രധാനമാണ്. ഇത് മറ്റ് വിഷയങ്ങള്‍ പോലെയല്ലല്ലോ, ഇപ്പോ തന്നെ ഒരു ലിറ്ററേച്ചര്‍ സ്റ്റുഡന്റിനെ നോക്കിയാല്‍, ഇംഗ്ലീഷായാലും മലയാളമായാലും ഷേക്‌സ്പിയര്‍, യീറ്റ്‌സ് അല്ലെങ്കില്‍ കുമാരനാശാന്‍ ഇവരുടെയൊക്കെ രചനകളാണ് നമ്മള്‍ പഠിക്കുക. നമുക്ക് നമ്മുടെ കവിതയെഴുതിയിട്ട് മാര്‍ക്ക് വാങ്ങിക്കാന്‍ പറ്റില്ല. പക്ഷേ, ഫൈന്‍ആര്‍ട്‌സ് നേരെ തിരിച്ചാണ്. നമുക്ക് മറ്റുള്ളവരെ തീര്‍ച്ചയായും പഠിക്കണം, എന്നാല്‍ നമുക്ക് മാര്‍ക്ക് കിട്ടുന്നത് നമ്മുടെ കലയ്ക്കാണ്. അപ്പോ സ്വാഭാവികമായും അതിന്റെ പ്രശ്‌നങ്ങളും കാര്യങ്ങളുമൊക്കെ നിരന്തരമായി ചര്‍ച്ച ചെയ്യപ്പെടും. സിീംശിഴ ്യീൗൃലെഹള എന്ന പ്രക്രിയ ഈ പഠനരീതിയില്‍ ഉള്‍ച്ചേരുന്നുണ്ട്. ക്ലാസ്സ് കഴിഞ്ഞിട്ടുള്ള സമയമാണ് ഏറ്റവും ആരോഗ്യകരങ്ങളായ സംവാദങ്ങളും ചര്‍ച്ചകളും നടക്കുന്നത്. അതില്‍ എല്ലാംപെടും, പേഴ്‌സണലായിട്ടുള്ള കാര്യങ്ങള്‍ സംസാരിക്കാം, നമ്മുടെ സബ്ജക്ടല്ലാത്ത ഏരിയകളില്‍ ഇടപെടാം, അതൊക്കെയും ഒരാളുടെ രൂപപ്പെടലിനെ വളരെയധികം സഹായിക്കും.
ഞാന്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് കിട്ടിയ ഗുണം, നല്ല ടീച്ചേഴ്‌സ് ആയിരുന്നു. പുറത്തുള്ള ആര്‍ട്ടിസ്റ്റുകളുമായും ഭാഷയുടെ പരിമിതി ഉണ്ടായിരുന്നെങ്കില്‍ കൂടിയും എനിക്ക് എളുപ്പം കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റി. അതേസമയം നല്ല സുഹൃദ്ബന്ധങ്ങളും രൂപപ്പെട്ടു. തിരുവനന്തപുരത്ത് പഠിച്ച ആര്‍ട്ടിസ്റ്റുകളായ സക്കീര്‍ ഹുസൈന്‍, മനോജ് വയലൂര്‍, നിവിന്‍ ജോണ്‍, മുഹമ്മദ് റാസി, നജീന ഇവരൊക്കെയായും എപ്പോഴും കമ്യൂണിക്കേറ്റ് ചെയ്തുകൊണ്ടിരിക്കും. വല്ലപ്പോഴും കാണുകയല്ല, ദിവസവും കാണുന്നു, ദിവസവും സംസാരിക്കുന്നു, എന്താ വര്‍ക്ക് ചെയ്യുന്നതെന്ന് ചോദിക്കുന്നു. ഏത് ബുക്കാണ് വായിക്കുന്നത്? സിനിമ ഏതാ കണ്ടത്? എന്ന് ചോദിക്കുന്നു. ഏത് സമയത്തും ആര്‍ട്ടുമായിട്ടുള്ള എന്‍ഗേജ്‌മെന്റായിരുന്നു.
ആ സമയത്ത് ഞങ്ങളൊക്കെ വെളുപ്പിനെ മൂന്ന് നാല് മണിവരെയൊക്കെ വര്‍ക്ക് ചെയ്യുമായിരുന്നു. ക്ലാസ്സില്‍ വൈകി ചെന്നാലും ടീച്ചര്‍മാര്‍ നമ്മളെ ഒന്നും പറയില്ല, നമ്മള്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് അവര്‍ക്കറിയാം. ആദ്യമൊക്കെ കൃത്യസമയത്തിന് വരാന്‍ പറയുമായിരുന്നു, പക്ഷേ, നമ്മുടെ വര്‍ക്ക് കാണുമ്പോള്‍ അവര്‍ക്കറിയാം, നമ്മള്‍ രാത്രിയിരുന്ന് പണിയെടുത്തിട്ടുണ്ട്. ടീച്ചര്‍മാര്‍ എന്ന് പറഞ്ഞാല്‍ ഫ്രണ്ട്‌സും കൂടിയാണ്, അത് മാധവന്‍ നായര്‍ ഫൗണ്ടേഷനില്‍ വച്ചും അങ്ങനെ തന്നെയായിരുന്നു. പ്രഭാകരനും രഘുമാഷുമൊക്കെ ടീച്ചറായിട്ട് മാത്രമല്ല, നമ്മുടെ ഫ്രണ്ടായിട്ടുകൂടി സംസാരിക്കാന്‍ പറ്റുന്നവരായിരുന്നു, അത് തന്നെയാണ് ബറോഡയിലും ഉണ്ടായിരുന്നത്. അവരുടെ ടീച്ചര്‍മാരെക്കുറിച്ച് നമ്മുടെ ടിച്ചേഴ്‌സ് സംസാരിക്കുന്നതും അങ്ങനെതന്നെയായിരുന്നു. കെ.ജി.എസ്സുമൊക്കെയായിട്ട് അവര്‍ ചായ കുടിക്കുകയോ സിഗററ്റ് വലിക്കുകയോ ഒക്കെ ചെയ്യുമായിരുന്നു. ഇതിനകത്ത് സ്റ്റുഡന്റ് ടീച്ചര്‍ ഹൈറാര്‍ക്കി ഇല്ല, ക്ലാസ്സ് റൂമിന് പുറത്ത് അങ്ങനെ ഒരു സാധനമേയില്ലായിരുന്നു.
ഇപ്പോ ആ നിലയൊക്കെ മാറി. കമ്യൂണല്‍ ഇഷ്യൂസൊക്കെ വന്നതിനു ശേഷം ക്യാമ്പസ് അന്തരീക്ഷം ആകെ മാറി. സെക്യൂരിറ്റി ഗാര്‍ഡുകളുടെ എണ്ണം കൂടി, സി.സി. ടി.വി ക്യാമറകളുടെ എണ്ണം കൂടി, പഴയ എം.എസ്. യൂണിവേഴ്‌സിറ്റി ഇനി തിരികെ കിട്ടില്ല, അത് മിസ്സിങ്ങ് പീസാണ്. ഇപ്പോഴും ജ്യൂറിയായിട്ടൊക്കെ ക്യാമ്പസില്‍ ഇടയ്ക്ക് പോവാറുണ്ടെങ്കിലും നമുക്കറിയാം, പിള്ളേര്‍ക്ക് ആറ് മണി ആവുമ്പോഴേക്കും ക്ലാസ്സ് അടച്ചിട്ട് പോണം. പിന്നെ ഒരു സി.സി.ടി.വി ക്യാമറ എപ്പോഴും വര്‍ക്ക് ചെയ്യുന്നുണ്ടെന്ന തോന്നല്‍, എപ്പോഴും ആരോ വാച്ച് ചെയ്യുന്നുണ്ട്, ഫോളോ ചെയ്യുന്നുണ്ട് എന്നൊരു തോന്നല്‍ എല്ലാവര്‍ക്കുമുണ്ട്. ഞങ്ങള്‍ പഠിക്കുന്ന സമയത്ത് എം.എഫ് ഹുസൈന്റെ വര്‍ക്കുകള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ ഭീതിയും ആശങ്കയും തോന്നിയിരുന്നെങ്കിലും ക്യാമ്പസിനകത്ത് കയറിയുള്ള ഇടപെടലൊന്നും അക്കാലത്തുണ്ടായില്ല, പിന്നീടാണ് അതൊക്കെ ആരംഭിക്കുന്നത്.
1990കളിലെ ബറോഡയാണ് കെ.പി. റെജിയെന്ന ആര്‍ട്ടിസ്റ്റിന്റെ ഫൗണ്ടേഷന്‍ എന്ന് പറയാം?
ഉറപ്പായിട്ടും. എം.എസ്. യൂണിവേഴ്‌സിറ്റിയാണ് ബറോഡയുടെ ഒരു മെയിന്‍ പോയിന്റ്. ഇന്‍ഡസ്ട്രിയൊക്കെ വേറെ. യൂണിവേഴ്‌സിറ്റി എന്ന് പറഞ്ഞാല്‍ വേറൊരു സംഭവമാണ്. അത് സെന്ററായിട്ട് തന്നെ നില്‍ക്കുകയും ചെയ്യും. എം.എസ്. യൂണിവേഴ്‌സിറ്റിക്ക് കൈമുതലായി വലിയൊരു ചരിത്രമുണ്ട്; അതിലൂടെ നിര്‍മ്മിതമായ സംസ്‌ക്കാരവും. ബറോഡയുടെ കോസ്‌മോപൊളിറ്റന്‍ കള്‍ച്ചറിനെ രൂപപ്പെടുത്തിയത് തന്നെ യൂണിവേഴ്‌സിറ്റിയാണ്. സ്വാഭാവികമായും ആ നഗരം നമുക്ക് കലാപരമായ സ്വാതന്ത്ര്യവും സുരക്ഷിതത്വവും നല്‍കിയിരുന്നു. ഇപ്പോഴുമതെ പുറത്തുനിന്നുള്ള ആര്‍ട്ടിസ്റ്റുകള്‍ വന്ന് ഫാക്കല്‍റ്റിയില്‍ സ്ലൈഡ്‌ഷോ നടത്തുമ്പോള്‍ യൂണിവേഴ്‌സിറ്റിക്കു പുറത്താണെങ്കിലും നമുക്കും ഇന്‍ഫര്‍മേഷന്‍ കിട്ടും, നമുക്കും പോവാം, അവരുമായി സംസാരിക്കാം. കലയും കലാകാരന്മാരുമായുള്ള വിനിമയങ്ങള്‍ക്കും ഇടപെടലിനും ബറോഡ എന്നും ഒരു കേന്ദ്രമാണ്. വിഷ്വല്‍ ആര്‍ട്ടുകള്‍ മാത്രമല്ല, പണ്ട് മ്യൂസിക്കും ഉണ്ടായിരുന്നു; വസുന്ധരാ കുംകാളെ, ഭിംസെന്‍ ജോഷി അങ്ങനെ ഒരുപാടു പേര്‍ വന്ന് അവിടെ പെര്‍ഫോം ചെയ്യുമായിരുന്നു. ഇതെല്ലാം നമ്മുടെ കലാവ്യക്തിത്വത്തെ പരുവപ്പെടുത്തിയിട്ടുണ്ട്.

പഠനശേഷവും അവിടെത്തന്നെ തുടരുന്നു, കേരളത്തിന് വെളിയില്‍ പോയി കല പഠിക്കുന്നവരില്‍ ഏറെപേരും പിന്നീട് മടങ്ങുന്നില്ല (ഇപ്പോള്‍ അതില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്). ഭൗതികമായ കാരണങ്ങളെ മനസ്സിലാക്കാം, അതല്ലാതെ ഒരു ആര്‍ട്ടിസ്റ്റ് ലൈഫിന് ഏതെങ്കിലും വിധത്തിലുള്ള അരക്ഷിതത്വം അക്കാലം കേരളത്തിലുണ്ടായിരുന്നോ?
എക്കണോമിക്കലിയുള്ള പ്രശ്‌നങ്ങളും മറ്റും നമുക്ക് അറിയാം. അവിടെ പഠിച്ചിരുന്ന പലരും അവിടെനിന്ന് വിട്ടുമാറാന്‍ നോക്കിയിട്ടുണ്ട്, പോയിട്ടുമുണ്ട്. റാഡിക്കല്‍ ഗ്രൂപ്പിലുള്ള പലരും ബറോഡ വിട്ട് കേരളത്തില്‍ മൂവ്‌മെന്റ് ഉണ്ടാക്കണമെന്ന് പറഞ്ഞ് തിരിച്ചുവന്നിട്ടുണ്ട്; അവര്‍ക്ക് സര്‍വൈവല്‍ ഒരു ഇഷ്യൂ ആയിരുന്നു ആ സമയത്ത്; അതൊരു ബേസിക് ഇഷ്യൂ തന്നെയാണ്.
പഠനം കഴിഞ്ഞ് നാട്ടിലേക്കു മടങ്ങാന്‍ ശ്രമിച്ചിരുന്നോ?
ഞാന്‍ എം.എക്ക് ശേഷം ബാംഗ്ലൂര്‍ക്കാണ് പോയത്, ബറോഡയില്‍ തുടര്‍ന്നില്ല. സത്യം പറഞ്ഞാല്‍ ഇനി പോവില്ല എന്നു പറഞ്ഞാണ് പോന്നത്; ആറ് വര്‍ഷം അവിടെ പഠിച്ചു; ഇനി മതി എന്നു പറഞ്ഞാണ് പോരുന്നത്. ബാംഗ്ലൂര്‍ വലിയ സിറ്റിയാണ്. ഞാന്‍ ഒരു വില്ലേജില്‍നിന്ന് ബറോഡയില്‍ പോവുമ്പോള്‍ ബറോഡ അത്ര വലിയ സിറ്റിയല്ല. വളരെ ചെറിയ, നമുക്ക് സൈക്കിളില്‍ കറങ്ങാവുന്ന സിറ്റിയേയുള്ളു. നമുക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്ന സിറ്റിയാണ് ബറോഡ. പിന്നെ കലാകാരന്‍മാരോട് നല്ല റെസ്‌പെക്ടുള്ള അന്തരീക്ഷം അവിടെ ഉണ്ടായിരുന്നു, അവിടുത്തെ സമ്പന്നര്‍ പോലും കലയോട് വലിയ ബഹുമാനം പുലര്‍ത്തിയിരുന്നു. ബാംഗ്ലൂര്‍ താമസിക്കുമ്പോള്‍ എനിക്ക് ഏറ്റവും വലിയ പ്രശ്‌നം തോന്നിയത് സുഹൃത്തുക്കളെ മീറ്റ് ചെയ്യുക എന്നതാണ് ആറ് വര്‍ഷക്കാലം ഒരു കോളേജില്‍ ഫുള്‍ ഡേ പത്തമ്പത് കൂട്ടുകാരുമായി കറങ്ങി നടന്ന നമ്മള്‍ ബാംഗ്ലൂര്‍ പോയിട്ട് ഒന്നു രണ്ട് പേര്‍, അവരെ തന്നെ, അന്ന് മൊബൈല്‍ ഫോണ്‍ ഇല്ല, ലാന്‍ഡ് ലൈനില്‍ വിളിക്കുമ്പോള്‍ കിട്ടണമെന്നുമില്ല, അങ്ങനെ ഒറ്റപ്പെടലിന്റെ ഫീലിങ്ങ് എനിക്ക് ഉണ്ടായിട്ടുണ്ട്. ആദ്യത്തെ കുറച്ചുനാള്‍ കുഴപ്പമില്ലായിരുന്നു, ഞാന്‍ ദൊഢകലാസാന്ദ്ര എന്ന സ്ഥലത്ത് കിരണ്‍ സുബയ്യയെ അസിസ്റ്റ് ചെയ്തിരുന്നു. ടി.വി. സന്തോഷും ആ സമയത്തുണ്ടായിരുന്നു. കൂടാതെ മനു മത്തായി എന്ന സുഹൃത്ത് അന്നവിടെ എല്‍.എല്‍.ബി പഠിക്കുന്നുണ്ട്, അവന്റെ മുറിയായിരുന്നു നമ്മുടെ കേന്ദ്രം, അങ്ങനെയൊക്കെ ആദ്യത്തെ ഒരു വര്‍ഷം കടന്നുപോയതറിഞ്ഞില്ല. പിന്നീട് ഇത് സ്പ്ലിറ്റാവുമ്പോഴേക്കുമാണ് ഒറ്റപ്പെടുന്നത് ഞാന്‍ അവിടം വിട്ടു, രാജരാജേശ്വരനഗര്‍ എന്ന സ്ഥലത്ത് ആര്‍ട്ടിസ്റ്റ് പുഷ്പമാലയുടെ വസതിയില്‍ എനിക്കൊരു അണ്‍ഒഫിഷ്യല്‍ റെസിഡന്‍സി തരപ്പെട്ടു. അവിടെ എനിക്ക് ഒറ്റപ്പെടല്‍ കൃത്യമായി ഫീല്‍ ചെയ്തു, ഒരു ദിവസം ഞാന്‍ ആകെ സംസാരിക്കുന്നത് രണ്ടേ രണ്ട് വാക്കാണ്, 'ദോശ', 'എഷ്ടായിതു?' (എത്രയായി ?) ഇത് മാത്രം. കാലത്ത് കടയിലേക്ക് പോവും, ദോശ വേണമെന്ന് പറയുമ്പോള്‍ ദോശ തരും, എഷ്ടായിതു എന്ന് ചോദിച്ച് പൈസയും കൊടുക്കും. ആരോടും വേറൊന്നും പിന്നെ സംസാരിക്കാന്‍ പറ്റുന്നില്ല. വൈകിട്ടായപ്പോഴാണ് ഈ ചിന്ത വരുന്നത്. അവിടെ എനിക്കാകെയറിയാവുന്ന രണ്ട് ഫ്രണ്ട്‌സ്, നീരാലി ലാലും ബാബു ഈശ്വര്‍പ്രസാദുമാണ്; ഇവരെ വിളിക്കാന്‍ നോക്കീട്ട് ഇവര്‍ ഫോണ്‍ എടുക്കുന്നില്ല, ലാന്‍ഡ് ലൈനാണല്ലോ, ആകെ വട്ടുപിടിച്ചപോലെയായി. എനിക്ക് ഇതിനെക്കുറിച്ച് ചിന്ത കൂടാന്‍ തുടങ്ങി, ഒരു തമാശ പറയാന്‍ പോലും ആളുകളില്ലാത്ത സ്ഥിതി. അവിടെ പിന്നെയുള്ള മീറ്റിങ്ങുകള്‍ എക്‌സപന്‍സീവാണ്, പബ്ബിലൊക്കെ മീറ്റ് ചെയ്യണം, അത് നമ്മളെക്കൊണ്ട് പറ്റില്ല, മറ്റുള്ളവരെക്കൊണ്ട് സ്‌പെന്‍ഡ് ചെയ്യിക്കണം. പിന്നെ സുഹൃത്തുക്കളെ കാണുന്നത് ഏതെങ്കിലും എക്‌സിബിഷന്‍ ഓപ്പണിങ്ങുകളില്‍ മാത്രമായി. അതോടെ കമ്യൂണിക്കേഷന്‍ വളരെ ലിമിറ്റഡായി. വായന ആ സമയത്ത് വലിയൊരു അത്താണിയായി.
അതിനിടയില്‍ സാക്ഷി ഗ്യാലറിയുമായി ബന്ധപ്പട്ട് ഒരു ഷോ അവിടെ ചെയ്യാന്‍ സാധിച്ചു. അതിനു മുന്‍പ് ഗില്‍ഡ് ഗ്യാലറിയുമായി ചേര്‍ന്ന് ഞാനൊരു സോളോ ഷോ ചെയ്തിരുന്നു. ഷോ ബോംബെയില്‍ നടക്കുമെന്ന് പറഞ്ഞതല്ലാതെ നടന്നോ ഇല്ലയോ? എന്നൊന്നും ഒരു വിവരവും എനിക്കില്ല, മെയില് പോലുമില്ല. ഇതിനിടെ ബോംബെയില്‍ ഷോ കണ്ട ചിലര്‍ പറഞ്ഞ് സംഗതി നടന്നുവെന്നും ഒന്ന് രണ്ട് വര്‍ക്കുകള്‍ വിറ്റ് പോയെന്നും ഞാനറിയുന്നുണ്ട്; പക്ഷേ, എന്റെ കയ്യില്‍ ഇവരെ കോണ്ടാക്ട് ചെയ്യാനുള്ള നമ്പറോ ഒന്നുമില്ല. ഏതായാലും സാക്ഷി ഗ്യാലറിയിലെ ഈ ഷോ നടന്ന സമയത്ത് ഗില്‍ഡിലെ ശാലിനി എന്നെ കോണ്ടാക്ട് ചെയ്തു, എന്റെ നമ്പറല്ല, നിരാലിയുടെ നമ്പറില്‍. അപ്പോള്‍ ശാലിനിയാണ് എന്നോടു പറഞ്ഞത്, 'ഇഫ് യു വാണ്ട്, യു കാന്‍ മൂവ് ടു ബോംബെ' എന്ന്. അങ്ങനെ ഞാന്‍ ബോംബെയിലേക്ക് പോയി. അവിടെ പോയിട്ട് അവിടുത്തെ റഷ് എനിക്ക് ഒരിക്കലും സഹിക്കാന്‍ പറ്റിയില്ല; എല്ലാം സെക്കന്റ്‌സിലാണ് കാര്യങ്ങള്‍. അവിടുത്തെ റെയില്‍ പോണ പോലെയാണ് ആള്‍ക്കാരുടെ ജീവിതവും. അവിടുന്ന് ബറോഡയില്‍ തിരികെ ചെന്ന ഞാന്‍ തീരുമാനിച്ചു, ബറോഡ തന്നെയാണ് ബെസ്റ്റ്. അവിടെ ഒന്നും നമ്മളെ പുഷ് ചെയ്യില്ല, നമുക്ക് സ്‌പ്രെഡ് ചെയ്യാം.

ബറോഡയ്ക്കുള്ള വേറൊരു ഗുണമെന്നു പറഞ്ഞാല്‍, ഇത്രയും ആര്‍ട്ടിസ്റ്റുകള്‍ ഈ ചെറിയൊരു സ്‌പേസില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്, അതൊരു എനര്‍ജിയാണ്. എല്ലാവരും വര്‍ക്ക് ചെയ്യുന്നു, ആരുടെ സ്റ്റുഡിയോയില്‍ പോയി എപ്പോ വേണമെങ്കിലും നമുക്ക് കാണാം. അങ്ങനെയൊരു നഗരം വേറൊരിടത്തും ഉണ്ടാവില്ല, ഇപ്പോഴും. ഇപ്പോ ഞാന്‍ താമസിക്കുന്ന വീടിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ ചുരുങ്ങിയത് 20 ആര്‍ട്ടിസ്റ്റുകള്‍ താമസിക്കുന്നുണ്ട്. ഒരു കിലോമീറ്ററിനകത്ത് പോയാല്‍ തന്നെ, ഇത്രയും ആര്‍ട്ടിസ്റ്റുകള്‍, അവരുടെ വര്‍ക്ക് കാണുക. വര്‍ക്ക് നല്ലതോ ചീത്തയോ എന്നതല്ല, വര്‍ക്ക് ചെയ്യുന്നതിലുള്ള എനര്‍ജി വേറൊന്നാണ്.
എല്ലാവരും വര്‍ക്ക് ചെയ്യുന്ന സാഹചര്യമാകുമ്പോള്‍ നമ്മള്‍ സബ്ജക്ടിനകത്തേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലും. ആ എനര്‍ജി എനിക്ക് നാട്ടില്‍ വന്നിട്ടും കിട്ടിയിട്ടില്ല. ആളുകള്‍ ഇവിടെയും വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു' സക്കീര്‍, ശോശ, ഭാഗ്യനാഥന്‍, രാജന്‍ ഇവരൊക്കെ വര്‍ക്ക് ചെയ്തിരുന്നു. പക്ഷേ, റഗുലറായിട്ടുള്ള ഇന്‍ട്രാക്ഷന്‍ ഇവിടെ ഉണ്ടായിരുന്നെന്ന് എനിക്കു തോന്നുന്നില്ല.
(തുടരും)
ഈ ലേഖനം കൂടി വായിക്കൂ
രാഷ്ട്രീയ ദൗത്യത്തിനു വേണ്ടി സൃഷ്ടിക്കപ്പെടുന്ന കലയ്ക്ക് സ്വയം നവീകരിക്കാനാകില്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ