രാഷ്ട്രീയ ദൗത്യത്തിനു വേണ്ടി സൃഷ്ടിക്കപ്പെടുന്ന കലയ്ക്ക് സ്വയം നവീകരിക്കാനാകില്ല

സഞ്ചിതപ്രതിഫലനം കലയില്‍ എങ്ങനെയാണ് കടന്നുവരുന്നത്? സമൂഹത്തില്‍ അത് എങ്ങനെയുള്ള സാംസ്‌കാരിക പരിസരമാണ് രൂപപ്പെടുത്തുന്നത് ?
രാഷ്ട്രീയ ദൗത്യത്തിനു വേണ്ടി സൃഷ്ടിക്കപ്പെടുന്ന കലയ്ക്ക് സ്വയം നവീകരിക്കാനാകില്ല

ന്തരികമായി അനുഭവപ്പെടുന്ന ദുര്‍ബ്ബലതകളെ (Internal fragiltiy) മറികടക്കാന്‍ സാമൂഹ്യമായ സഞ്ചിത പ്രതിഫലനം (Collective reflection) കലയിലും എഴുത്തിലും ഇപ്പോള്‍ ഉപയോഗിച്ചു കാണുന്നുണ്ട്. വര്‍ത്തമാനകാലത്തിലെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളിലെ ഇടപെടലിലുണ്ടാകുന്ന ദൗര്‍ബ്ബല്യം മറച്ചുവയ്ക്കാന്‍ രാഷ്ട്രീയനേതൃത്വം അവരുടെ പൂര്‍വ്വകാല സമര ഇതിഹാസങ്ങളെ നിരന്തരം പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കും. ഇങ്ങനെയാണ് പൊളിറ്റിക്കല്‍ ഐക്കണുകളുണ്ടാകുന്നത്. 

ബ്രാന്‍ഡ് നിര്‍മ്മിതിയില്‍ എപ്പോഴും  വ്യാപൃതരായ കോര്‍പറേറ്റുകള്‍ സഞ്ചിത പ്രതിഫലനങ്ങളെ ഉപയോഗിച്ച് ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കുന്നു. ചെഗുവേരയുടെ മുഖമുള്ള ടീഷര്‍ട്ടുകള്‍ വിപണിയില്‍ നിര്‍മ്മിക്കുന്നത് സഞ്ചിത പ്രതിഫലനങ്ങളുടെ വിനിമയമൂല്യത്തെയാണ്. വാന്‍ഗോഗ് ബ്രാന്‍ഡിലെത്തിയ മദ്യത്തിനെതിരെ പ്രതിരോധമുയര്‍ന്നത് സ്വതന്ത്രമായ വിപണിമൂല്യം ആ ചിത്രങ്ങളിപ്പോഴും നിലനിര്‍ത്തുകയും സഞ്ചിത പ്രതിഫലനം സ്വതന്ത്രമൂല്യത്തെ നിരന്തരം പരിഷ്‌കരിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. ചരിത്രത്തില്‍ ഇതിനെതിരെ നീക്കമുണ്ടായി; കലാവസ്തുക്കളെ നശിപ്പിക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട് അരാജകത്വം, യുദ്ധം, മതശാസനങ്ങള്‍ എന്നിവയാണ് അത്തരം നീക്കങ്ങളെ സൃഷ്ടിച്ചത്. കലാസൃഷ്ടികള്‍ അവയെയൊക്കെ അതിജീവിച്ചു. എന്നാല്‍, രാഷ്ട്രീയ ഐക്കണുകള്‍  സാമൂഹ്യനിര്‍മ്മിതിയില്‍ നിരന്തരം തച്ചുടക്കപ്പെട്ടു. 

ചെഗുവേരയുടെ ചെറുമകള്‍ സഞ്ചിത ആഖ്യാനത്തിന്റെ (Collective definition) സൃഷ്ടിയാണ്. ഇതേ മൂല്യമാണ് നെഹ്‌റുവിന്റെ ചെറുമക്കളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍  സൃഷ്ടിക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്റേയും ഗാന്ധിജിയുടേയും പേരക്കുട്ടികള്‍ സ്വീകാര്യരാകുന്നതും ഇതേ സഞ്ചിത ആഖ്യാനത്തിലാണ്. ഇവയെല്ലാം ആത്യന്തികമായി നമ്മുടെ ദുര്‍ബ്ബലതകളെ മറച്ചുവയ്ക്കാന്‍ സഹായിക്കും.

കൊച്ചി മുസിരിസ് ബിനാലെ കാണുന്ന എസ്റ്റെഫാനിയ ​ഗുവേര
കൊച്ചി മുസിരിസ് ബിനാലെ കാണുന്ന എസ്റ്റെഫാനിയ ​ഗുവേര

മാറുന്ന രാഷ്ട്രീയ പരിസരങ്ങള്‍ 

സോവിയറ്റ് റഷ്യയുടെ പതനത്തെത്തുടര്‍ന്ന് 1990കളില്‍ വ്‌ലാഡിമര്‍ ലെനിന്‍, ജോസഫ് സ്റ്റാലിന്‍ എന്നിവരുടെ പ്രതിമകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു. 1990 മുതല്‍ 2014 വരെ നാല് ഘട്ടങ്ങളിലായി ലെനിന്റെ 4000ത്തിലേറെ പ്രതിമകളാണ് തച്ചുടച്ചത്. ഈ പ്രതിമകള്‍ പ്രസരിപ്പിച്ചിരുന്ന രാഷ്ട്രീയ പരിസരങ്ങളെ പഴയ യു.എസ്.എസ്.ആര്‍ലെ സംസ്ഥാനങ്ങള്‍ കൈവിട്ടതോടെ സോവിയറ്റ് ഭൂതകാലത്തെ തകര്‍ക്കുക എന്ന പുതിയ രാഷ്ട്രീയ ലക്ഷ്യത്തെയാണ് പ്രതിമകള്‍ തച്ചുടക്കുന്നതിലൂടെ ന്യായീകരിക്കപ്പെട്ടത്. ഈ പ്രതിമകളുടെ അതുവരെയുണ്ടായിരുന്ന സഞ്ചിത പ്രതിഫലനം (collective reflection) 90കളില്‍ മൂല്യരഹിതമായതോടെ മറ്റൊരു രാഷ്ട്രീയ ലക്ഷ്യത്തെ ആശ്ലേഷിക്കുന്നതിനുള്ള തടസ്സമായി പൊതുസമൂഹം വ്യാഖ്യാനിച്ചു. ഇവിടെ സംഭവിച്ച  ദ്വന്ദ്വം (binary) തച്ചുടയ്ക്കപ്പെട്ട പ്രതിമകളുടെ ലോഹം റഷ്യയിലേയും ഉക്രൈനിലേയും ജനങ്ങള്‍ അന്നാട്ടിലെ ശില്പികള്‍ക്കു പുതിയ കലാസൃഷ്ടികള്‍ നിര്‍മ്മിക്കാനുള്ള അസംസ്‌കൃത വസ്തുവായി കൈമാറി എന്നതാണ്. ഒരുകാലത്ത് രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടി മാത്രം ഉപയോഗിച്ച വെങ്കല അസംസ്‌കൃത വസ്തുക്കള്‍, മറ്റൊരു വിഭാഗം  ശില്പികളാല്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ വ്യാഖ്യാനിക്കാന്‍ ശേഷിയുള്ള വ്യക്തിപരമായ കലാപ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കപ്പെട്ടു.

ഇതേ കാലഘട്ടത്തില്‍ സംഭവിക്കുന്ന മറ്റൊരു ബൈനറി, പ്രതിമകള്‍ക്കു നേരെ ഉണ്ടായ ജനകീയ പ്രതിരോധം മോസ്‌കോയിലെ ലെനിന്‍ മുസോളിയത്തിലെ മൃതദേഹത്തിനു നേരെ ഉണ്ടായില്ല എന്നതാണ്. 4000 വര്‍ഷത്തിലേറെയായി മൃതശരീരങ്ങള്‍ മനുഷ്യന്‍ എംബാം ചെയ്ത് സൂക്ഷിക്കുന്നതിന്റെ ചരിത്രമുണ്ട്. മമ്മികള്‍ പ്രാക്തന ചരിത്രത്തിലേക്കുള്ള താക്കോലും; മമ്മികള്‍ സൂക്ഷിക്കാനായി നിര്‍മ്മിക്കപ്പെട്ട പെട്ടികള്‍, അവയില്‍ നിക്ഷേപിക്കപ്പെട്ട ആയുധങ്ങള്‍, ആഭരണങ്ങള്‍ എന്നിവ കലാമൂല്യമുള്ള വസ്തുക്കളായും ചരിത്രത്തില്‍ ഇടം നേടി.

നൂറു വര്‍ഷമായി ലെനിന്റെ മൃതദേഹം സൂക്ഷിക്കുന്നു. അനാട്ടമിസ്റ്റുകളും ബയൊകെമിസ്റ്റുകളും സര്‍ജന്മാരും അടങ്ങിയ മുസോളിയം സംഘം ലെനിന്റെ അടര്‍ന്നുപോയ കണ്‍പീലികള്‍പോലും കൃത്രിമമായി പുനഃസൃഷ്ടിച്ച് സന്ദര്‍ശകര്‍ക്കായി സൂക്ഷിക്കുന്നു. മുസോളിയത്തിലെ ഐസുപെട്ടിക്കുള്ളില്‍ സംസ്‌കരിച്ചിരിക്കുന്നത് സോവിയറ്റ് ഭൂതകാലത്തെ തന്നെയാണെന്ന വസ്തുതയാണ് ഇപ്പോള്‍ അതിന്റെ സഞ്ചിത പ്രതിഫലനം.

വിയറ്റ്‌നാം നേതാവ് ഹോച്ചിമിന്‍, ഉത്തര കൊറിയന്‍ നേതാക്കളും അച്ഛനും മകനുമായ കിം ഇന്‍ സങ്,  കിം ജോങ് ഇല്‍ എന്നിവരുടെ മൃതദേഹങ്ങളും അതതു രാഷ്ട്രങ്ങള്‍ എംബാം ചെയ്ത് സൂക്ഷിക്കുന്നുണ്ടെങ്കിലും അവയുടെ സഞ്ചിത വ്യാഖ്യാനം (collective definition) മറ്റൊന്നാണ്. അതിനു കാരണം ഇപ്പോഴും ആ രാജ്യങ്ങള്‍ അവരുടെ രാഷ്ട്രശില്പികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ ചോദ്യം ചെയ്യാനാവാത്തവിധം പിന്‍പറ്റുന്നു എന്നതാണ്. ഉത്തര കൊറിയ ലോകത്തിനു മുന്‍പില്‍ സൃഷ്ടിച്ചിരിക്കുന്ന 'ഇരുമ്പ് മറയും' (iron curtain) ജനങ്ങള്‍ക്കിടയില്‍ പരിമിതപ്പെടുത്തിയിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യവും മൂലം ഇവയുടെ സഞ്ചിത പ്രതിഫലനം മാറ്റങ്ങളില്ലാതെ നിലനില്‍ക്കുന്നു. എന്നാല്‍ ഇവയുടെ സഞ്ചിത മൂല്യം (collective value) ലോകത്തെ ആകമാനം പ്രചോദിപ്പിക്കുന്നില്ല. 

പാൽമിറയിലെ
സിംഹദേവത

സഞ്ചിത വ്യാഖ്യാനങ്ങള്‍ 

2018ല്‍ ത്രിപുരയിലും ലെനിന്റെ പ്രതിമകള്‍ തകര്‍ത്തു. കാല്‍നൂറ്റാണ്ടു നീണ്ട ഇടതുഭരണം അവസാനിപ്പിച്ചതിലൂടെ ബി.ജെ.പി നേടിയ അധികാരത്തെ നിലനിര്‍ത്തണമെങ്കില്‍ മാര്‍ക്‌സിസ്റ്റു പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ അടയാളങ്ങളും തച്ചുടയ്ക്കണമെന്ന് അവര്‍ കരുതുന്നുണ്ടാകാം. രാഷ്ട്രീയ ദൗത്യനിര്‍വ്വഹണത്തിനുവേണ്ടി സൃഷ്ടിക്കപ്പെടുന്ന കലയ്ക്ക് ഭൂരിപക്ഷ  രാഷ്ട്രീയം അതിന്റെ അജണ്ഡകളെ പുനഃസജ്ജീകരിക്കുമ്പോള്‍ (Re-assign) സ്വയം നവീകരിക്കാനാകുന്നില്ല എന്നതാണ് പ്രതിസന്ധി. ജനകീയ കല  എന്നത് കേരളത്തില്‍ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട പ്രയോഗമാണ്. കേരളത്തിലെ അക്കാദമികളും രാഷ്ട്രീയനേതൃത്വങ്ങളും 'കല പ്രതിരോധത്തിനായി' (Art for Resistance) എന്ന ദൗത്യം നിര്‍വ്വഹിക്കുന്നതിനായി കലാകാരന്മാരെ ക്ഷണിക്കാറുണ്ട്. എന്നാല്‍, ഇത്തരത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന കലാസൃഷ്ടികള്‍ ഒന്നുംതന്നെ പ്രതിരോധത്തിന്റെ കല എന്ന സഞ്ചിത വ്യാഖ്യാനം നിര്‍വ്വഹിക്കാന്‍ ശേഷിയില്ലാതെ ഒരു ദിവസത്തെ സഞ്ചിത മൂല്യം പോലും ആര്‍ജ്ജിക്കുന്നതില്‍ പരാജയപ്പെടുന്നു.

സൃഷ്ടി പൂര്‍ത്തിയായിക്കഴിയുമ്പോള്‍ സ്രഷ്ടാവ്  അപ്രത്യക്ഷമാകുകയും അത് നേരിട്ട് ആസ്വാദകനുമായി സംവദിക്കാന്‍ തുടങ്ങുകയും ചെയ്യുമെന്ന് റൊളാങ് ബാര്‍ത്ത് ഒരു പ്രബന്ധത്തിലൂടെ സമര്‍ത്ഥിക്കുന്നുണ്ട്1. കലാവസ്തു  ആസ്വാദകനിലേയ്ക്ക് എത്തുന്നത് ഗാലറി എന്ന പ്രാഥമിക മാധ്യമത്തിലൂടെയാണ്. ഒരു കലാകാരന്റെ ഇതര സൃഷ്ടികള്‍ നേടിയ വിപണിമൂല്യവും കലാലോകത്തെ കലാകാരന്റെ മൂല്യവും ഇവിടെ സ്വാധീനിക്കപ്പെടുന്നു. പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് ചൂണ്ടിക്കാട്ടി കലാകാരന്റെ സ്വകാര്യജീവിതം കൂടി വിമര്‍ശന വിധേയമാക്കി സൃഷ്ടിയുടെ മൂല്യം നിശ്ചയിക്കുന്ന പ്രവണതയും വര്‍ത്തമാനകാലത്ത് സംഭവിക്കുന്നു. ഏതാനും വര്‍ഷം മുന്‍പ് കേരളത്തില്‍നിന്നുള്ള ചില കലാകാരന്മാര്‍ 'മീടൂ' ആരോപണത്തിനു  വിധേയരായി. അതുവരെ പണം മുടക്കി ശിപാര്‍ശ ചെയ്തിരുന്ന (Sponsors) ഗാലറികള്‍ ആരോപണവിധേയരെ കൈവിട്ടു. ഇവരില്‍ പലര്‍ക്കും ഗാലറികളിലേയ്ക്ക് തിരിച്ചുവരാന്‍  കഴിഞ്ഞിട്ടില്ല. എന്നാല്‍ ആരോപണവിധേയരില്‍ ചിലരെ  ചെറിയൊരു കാലയളവിനുശേഷം ഗാലറികള്‍ വീണ്ടും സ്‌പോണ്‍സര്‍ ചെയ്യാനാരംഭിച്ചു. ഇതിനു പിന്നിലുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ആരോപണവിധേയരുടെ നിരവധി സൃഷ്ടികള്‍ ഗാലറിയുടെ ശേഖരത്തില്‍ ഉണ്ട് എന്നതാണ്. ആരോപണവിധേയനെങ്കിലും അയാള്‍ക്കെതിരെ പൊതുസമൂഹം വിചാരണ നടത്തുന്നതിനൊപ്പം സ്ഥാപനങ്ങളും യാത്രചെയ്താല്‍ തങ്ങളുടെ കയ്യിലെ കലാശേഖരം മൂല്യരഹിതമായി വന്‍നഷ്ടം നേരിടേണ്ടിവരുമെന്ന തിരിച്ചറിവില്‍നിന്ന് ആരോപണവിധേയനുവേണ്ടി ഇവര്‍ പുതിയ മൂല്യനിര്‍മ്മാണം തുടങ്ങുന്നു. ഓസ്‌കാര്‍ ജേതാവായ  സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്‌കി പതിമൂന്നുകാരിയായ സമാന്ത ജെയിന്‍ ഗെയിലിയെ ബലാത്സംഗത്തിനിരയാക്കി എന്ന കേസില്‍ ശിക്ഷിക്കപ്പെട്ടുവെങ്കിലും അക്കാലത്ത് പൊളിറ്റിക്കല്‍ കറക്റ്റ്‌നെസിലൂടെ സൃഷ്ടികളെ വിലയിരുത്താത്ത യൂറോപ്യന്‍ സമൂഹം പൊളാന്‍സ്‌കിയുടെ സിനിമകള്‍  തുടര്‍ന്നും ആസ്വദിച്ചു എന്നതുകൂടി ഇവിടെ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. 

യൂറോപ്യന്‍ അബ്‌സ്ട്രാക്ട് കലയുടെ ചുവടുപിടിച്ച് അറുപതുകളില്‍ കേരളത്തിലും പ്രാദേശിക അമൂര്‍ത്തത സൃഷ്ടിക്കപ്പെട്ടുവെങ്കിലും അക്കാലത്ത് കേരളത്തിന്റെ പൊതുബോധം 'കല ജനങ്ങള്‍ക്കുവേണ്ടി' എന്ന സൗന്ദര്യശാസ്ത്ര ദര്‍ശനത്തെ പിന്തുണച്ചു മുന്‍പോട്ടു പോയിരുന്നതിനാല്‍ അവരുടെ സൃഷ്ടികള്‍ സാമാന്യ ജനങ്ങളെ സ്വാധീനിച്ചില്ല. പിന്നീട് എണ്‍പതുകളുടെ പകുതിയില്‍ റാഡിക്കല്‍ കലാകാരന്മാരുടെ ഗാലറി ബഹിഷ്‌കരണവും തീരദേശത്തെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു കലാസൃഷ്ടി നടത്താനുള്ള പരിശ്രമങ്ങളും ഫലപ്രാപ്തിയിലെത്തും മുന്‍പ് അതിലെ കലാകാരന്മാര്‍ തന്നെ ഗാലറിയുടെ ഭാഗമായി. ഗാലറി ബഹിഷ്‌കരണം കേരളത്തില്‍ കല ജനകീയമാക്കുന്നതിനു പകരം വിപരീതഫലമാണ് സൃഷ്ടിച്ചത്. ഇതിനൊരു മാറ്റം കൊണ്ടുവരുന്നത് ആഗോളവല്‍ക്കരണത്തെത്തുടര്‍ന്നുണ്ടായ 'എക്കണോമിക് ബൂമും' ബിനാലെയുമാണ്.   
      
സഞ്ചിത വ്യാഖ്യാനത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത് വസ്തു/വ്യക്തി നിലനില്‍ക്കുന്ന അവസ്ഥയെത്തന്നെയാണ്.  വ്യാഖ്യാതാവിന്റെ  കാഴ്ചപ്പാട് അവ നിലനില്‍ക്കുന്ന അര്‍ത്ഥം തന്നെയായി മാറുന്നു. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മൊണാലിസയും വിന്‍സെന്റ് വാന്‍ഗോഗിന്റെ പൊട്ടറ്റോ ഈറ്റേഴ്‌സും  പല കാലങ്ങളില്‍ വ്യാഖ്യാനത്തിനു വിധേയരാകുന്നു. മൊണാലിസയോ പൊട്ടറ്റോ ഈറ്റേഴ്‌സോ നേരിട്ടു കണ്ടിട്ടില്ലാത്ത ആസ്വാദകനും സ്വന്തം വ്യാഖ്യാനം സൃഷ്ടിക്കാന്‍ ശേഷി നല്‍കുന്ന സുപരിചിതത്വം ഇവിടെ സംഭവിക്കുന്നു. ഇവിടെ അര്‍ത്ഥവും വ്യാഖ്യാനവും ഒന്നുതന്നെ ആയതിനാല്‍ ആസ്വാദനത്തിനു തടസ്സമൊന്നും സംഭവിക്കുന്നില്ല. 

പകര്‍ച്ചവ്യാധിയെത്തുടര്‍ന്നുള്ള അടച്ചുപൂട്ടലിന്റെ കാലത്ത് ഗാലറികള്‍ ഒരേപോലെ ആസ്വാദകനും കലാകാരനും അപ്രാപ്യമായതോടെ ഓണ്‍ലൈന്‍ പ്രദര്‍ശനങ്ങള്‍ അനാവരണം ചെയ്യപ്പെട്ടു. നേരിട്ടു പങ്കാളിത്തമില്ലാതെ കലാകാരനും ആസ്വാദകനും പ്രദര്‍ശനത്തിന്റെ ഭാഗമായി. ഇവിടെ നേരിട്ടുകാണാത്ത ചിത്രശില്പങ്ങളുടെ അര്‍ത്ഥവും വ്യാഖ്യാനവും സംശയാസ്പദമായിരുന്നു. ഇത്തരം പ്രദര്‍ശനങ്ങള്‍ കലാകാരനെ സാമ്പത്തികമായി പിന്തുണച്ചില്ല. 'ഒരു വായനക്കാരന്‍ ഒരു ഉപഭോക്താവോ കാഴ്ചക്കാരനോ സ്വീകര്‍ത്താവോ അല്ല'2 എന്ന ദറിദയുടെ അപനിര്‍മ്മാണം ഇവിടെ പ്രസക്തമാണ്. നിയന്ത്രണങ്ങള്‍ക്കു ചെറിയ ഇളവ് ലഭിച്ചപ്പോള്‍ത്തന്നെ ഗാലറികള്‍ തുറന്നുവയ്ക്കാന്‍ അതിന്റെ സംഘാടകര്‍ നിര്‍ബ്ബന്ധിതരായി.

വിൻസനന്റ് വാൻ​ഗോ​ഗിന്റെ ഉരുളക്കിഴങ്ങ് തിന്നുന്നുവർ എന്ന ചിത്രം
വിൻസനന്റ് വാൻ​ഗോ​ഗിന്റെ ഉരുളക്കിഴങ്ങ് തിന്നുന്നുവർ എന്ന ചിത്രം

സഞ്ചിത മൂല്യം 

ഗാലറികള്‍ എന്നത് സാമ്പത്തിക നിക്ഷേപം കൂടിയാണ്. തങ്ങളുടെ കൈവശമുള്ള കലാസൃഷ്ടികള്‍ വിറ്റ് ലാഭമുണ്ടാക്കാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം. ഗാലറികള്‍ ചില കലാകാരന്മാരെ കണ്ടെത്തുകയും അവരുടെ സൃഷ്ടികളുടെ പ്രദര്‍ശനം ഒരുക്കുകയും ചെയ്യുന്നു. പുതിയൊരു കലാകാരനെ മുന്‍നിര്‍ത്തി പ്രദര്‍ശനം ഒരുക്കുംമുമ്പ് അയാളുടെ സഞ്ചിത പ്രതിഫലനം കലാലോകത്തും ഉപഭോക്താവിനു (Buyer) മുന്നിലും സൃഷ്ടിക്കുന്നതിനായി പ്രചാരണപ്രവര്‍ത്തനത്തിനും നിക്ഷേപം നടത്തുന്നു. ബയേഴ്‌സിനെ ഗാലറിയില്‍ എത്തിക്കുന്നതുവരെ നീളുന്ന വലിയൊരു നിക്ഷേപ പ്രക്രിയ ഇതിനു പിന്നിലുണ്ട്. ദശകങ്ങളോളം ഈ കലാകാരനെ പൊതുജനശ്രദ്ധയില്‍ നിര്‍ത്തേണ്ട ഉത്തരവാദിത്വവും ഗാലറികള്‍ ഏറ്റെടുക്കുന്നു. ദീര്‍ഘകാലത്തേയ്ക്കുള്ള നിക്ഷേപമായതിനാല്‍ പുതുതായി ഒരു കലാകാരനെ  പരിചയപ്പെടുത്തുന്നുവെങ്കില്‍ അയാള്‍ ചെറുപ്പക്കാരനായിരിക്കണമെന്ന കാര്യത്തില്‍ ഗാലറികള്‍ക്കു സംശയം ഉണ്ടാകാറില്ല. അല്ലെങ്കില്‍  തങ്ങളുടെ കൈവശമുള്ള ആര്‍ട്ടിസ്റ്റുകളെത്തന്നെ നിരന്തരം പ്രൊമോട്ട്   ചെയ്തുകൊണ്ടിരിക്കും. മധ്യവയസ്സു പിന്നിട്ട  പുതിയൊരു ആര്‍ട്ടിസ്റ്റിനെ മുന്‍നിര്‍ത്തി ഗാലറികള്‍ പുതിയ ഒരു  നിക്ഷേപത്തിനിറങ്ങാനുള്ള സാധ്യത വിരളമാണ്. 2022ല്‍ ഡല്‍ഹിയില്‍ നടന്ന 'ഇന്ത്യ ആര്‍ട്ട് ഫെയറില്‍' മധ്യവയസ്സ് പിന്നിട്ട പ്രശസ്തനായ ഒരു ആര്‍ട്ടിസ്റ്റ് സ്വന്തമായി സ്റ്റാള്‍ ഇട്ട് തന്റെ കലാസൃഷ്ടികളുടെ പ്രചാരണം നടത്തുന്നത് കണ്ടു. ഗാലറി നിയോഗിച്ച പ്രൊമോട്ടര്‍മാര്‍ ഇവിടെയില്ല. ആ ചുമതലയും കലാകാരന്‍  നിര്‍വ്വഹിക്കുന്നു. ഇന്ത്യയിലെ പ്രധാന ഗാലറികളിലെല്ലാം ഈ ആര്‍ട്ടിസ്റ്റിന്റെ സൃഷ്ടികളുണ്ട്. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ലോറന്‍സ് സമ്മേഴ്‌സ് സിദ്ധാന്തിച്ച പ്രകാരമുള്ള സെക്കുലര്‍ സ്റ്റാഗ്‌നേഷന്‍ (ദീര്‍ഘകാല സ്തംഭനാവസ്ഥ) എന്ന വിപണി മാന്ദ്യം അദ്ദേഹത്തിന്റെ സൃഷ്ടികളെ ബാധിച്ചിരുന്നു. ആ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചാല്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധ്യതയില്ലെന്നു ബോധ്യമുള്ള ഗാലറികള്‍ തന്റെ സൃഷ്ടികള്‍ ഫെയറില്‍ എത്തിക്കില്ല എന്നു മനസ്സിലാക്കിയ ആര്‍ട്ടിസ്റ്റ്   ആ ചുമതല സ്വയം ഏറ്റെടുക്കുകയായിരുന്നു. ഇവിടെ ഗാലറികളുടെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് സമാന്തര അധികാരനിര്‍മ്മിതിയിലൂടെ കലാകാരന്‍ തന്നെ തന്റെ കലയുടെ സഞ്ചിത വ്യാഖ്യാനങ്ങളുടെ തുടര്‍ച്ച സൃഷ്ടിക്കുന്നു.

ലിയനാർഡോ ഡാവിഞ്ചിയുടെ
മൊണാലിസ

സാങ്കേതികവിദ്യയുടെ നിരന്തര നവീകരണം 

ഇന്റര്‍നെറ്റ് ജനങ്ങള്‍ക്കു നല്‍കുന്ന വിവരസാങ്കേതിക സ്വാതന്ത്ര്യം ഓരോരുത്തരും ഉപയോഗിക്കുന്നു എന്നിടത്താണ് ഇതിന്റെ സവിശേഷ രാഷ്ട്രീയം നിലനില്‍ക്കുന്നത്. 'സാങ്കേതിക വളര്‍ച്ചയും അവയ്ക്കുള്ള യുക്തിഭദ്രതയും കൃത്യതയും അവ സൃഷ്ടിക്കുന്ന ആശയങ്ങളുടെ ഉള്ളടക്കവും സൗന്ദര്യത്തെക്കുറിച്ചുള്ള പുരാതന ശീലങ്ങളില്‍ അതു സൃഷ്ടിക്കുന്ന കൃത്യതയും സമ്പൂര്‍ണ്ണമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്നു' എന്ന ഫ്രെഞ്ച് കവിയും തത്ത്വചിന്തകനുമായ പോള്‍ വലേറിയുടെ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് വാള്‍ട്ടര്‍ ബഞ്ചമിന്റെ പ്രസിദ്ധമായ പ്രബന്ധം തുടങ്ങുന്നത് 3. കലയുടെ സാങ്കേതിക രീതികളെ സാങ്കേതികവിദ്യയുടെ വളര്‍ച്ച നിരന്തരം നവീകരിച്ചുകൊണ്ടേയിരിക്കുന്നു. അതു നമ്മുടെ കലാസങ്കല്പങ്ങളില്‍ നിരന്തരം മാറ്റം കൊണ്ടുവരുന്നു. സാങ്കേതികവിദ്യയുടെ  നവീകരണത്തില്‍ കോര്‍പറേറ്റുകളുടെ പങ്ക് നിര്‍ണ്ണായകമായ ഇക്കാലത്ത് അതിനു വേഗം കൂടുതലാണെന്നു മാത്രം.

ഇന്റര്‍നെറ്റ് ഇന്നൊരു രാഷ്ട്രീയ ആയുധമാണ്. 2013 ല്‍ ഹാഷ്ടാഗിലൂടെ തുടങ്ങിയെങ്കിലും 2020ലെ ജോര്‍ജ് ഫ്‌ലോയ്ഡ് പ്രതിരോധത്തെത്തുടര്‍ന്ന് വലതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രങ്ങളെ തെരുവില്‍ വിചാരണചെയ്ത 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' (കറുത്തവന്റെ ജീവനും വിലയുണ്ട്) അമേരിക്കയിലും പടിഞ്ഞാറന്‍ നാടുകളിലും പ്രതിരോധം തീര്‍ത്തത് ഇന്റര്‍നെറ്റ് നല്‍കുന്ന അറിയാനും അറിയിക്കാനുമുള്ള സവിശേഷവും ജനകീയവുമായ ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗിച്ചാണ്. ഇതുവരെ ചരിത്രത്തേയും രാഷ്ട്രീയത്തേയും സന്ദര്‍ഭോചിതമാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിരുന്നത് ബുദ്ധിജീവികളാണെങ്കില്‍, ഇപ്പോഴതു നിര്‍വ്വഹിക്കുന്നത് ഇന്റര്‍നെറ്റാണ്; സാധാരണക്കാരന് എപ്പോള്‍ വേണമെങ്കിലും കേറിച്ചെല്ലാവുന്ന ഇടം. 'കറുത്തവന്റെ ജീവനും വിലയുണ്ട്' എന്ന പുതിയ സാംസ്‌കാരിക ദൗത്യം ചരിത്രവ്യക്തിത്വങ്ങളുടെ ശില്പങ്ങള്‍ തകര്‍ത്തു. ലണ്ടനിലും  വാഷിംഗ്ടണിലും ജൊഹനസ്ബര്‍ഗിലും മഹാത്മാ ഗാന്ധിയുടെ ശില്പങ്ങളും തകര്‍ത്തു. 

തമിഴ്‌നാട്ടില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത് ഗാന്ധിജിയുടേയോ അംബേദ്കറുടേയോ പെരിയാറുടേയോ പ്രതിമകളെ അപമാനിച്ചുകൊണ്ടാണ്. 

പ്രതിമകള്‍ എല്ലായ്‌പോഴും കലാദൗത്യം പേറുന്നതായിരിക്കണമെന്നില്ല. അവയില്‍ കലയില്ലാത്തപ്പോഴും രാഷ്ട്രീയമുണ്ട്. പുതിയ ദൗത്യത്തിന്റെ ഭാഗമായി പേര് മാറ്റുമ്പോഴും ഇന്ത്യയില്‍ കൊളോണിയല്‍ സാംസ്‌കാരിക പൈതൃകങ്ങള്‍ സഹിഷ്ണുതയുടെ സൗജന്യം അനുഭവിക്കുന്നു. വിക്ടോറിയ ടെര്‍മിനസ് ഛത്രപതി ശിവജി ടെര്‍മിനല്‍ ആകുമ്പോഴും വി.ജെ.ടി ഹാള്‍ അയ്യന്‍കാളി ഹാള്‍ എന്ന് പേര് മാറുമ്പോഴും പൈതൃകസ്മാരകങ്ങള്‍ നിലനിര്‍ത്തുന്നു. സംസ്‌കാരത്തെ റദ്ദുചെയ്യക (cancel culture) എന്ന പുതിയ നിയോഗം പാലിക്കപ്പെടുകയും ചെയ്യുന്നു. 

മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്‍ പെരി ആന്‍ഡേഴ്‌സണ്‍ (The Indian Ideology), അരുന്ധതി റോയ് (The Doctor and the Saint) എന്നിവര്‍ ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ആദ്യകാല ജീവിതത്തില്‍നിന്ന് ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി വംശീയവാദിയായി ചിത്രീകരിച്ചത് ഗാന്ധിജിയെ റദ്ദാക്കാന്‍ പ്രേരണയാകുന്നു. പാബ്ലോ നെരൂദയുടെ ആത്മകഥയില്‍ അദ്ദേഹത്തിന്റെ ശ്രീലങ്കന്‍ കാലഘട്ടത്തില്‍ പണിക്കാരിയായ സ്ത്രീയുമായുള്ള ബന്ധം പറയുന്നുണ്ട്: 'അത് ഒരു പ്രതിമയും മനുഷ്യനും തമ്മിലുള്ള സംയോഗമായിരുന്നു' (Memoirs)4. ഈ സംഭവത്തെ ആധാരമാക്കി ചിലിയിലെ സ്ത്രീവിമോചനക്കാര്‍ നെരൂദയെ റദ്ദുചെയ്യുകയാണ്. സാന്തിയാഗോ വിമാനത്താവളത്തിന് നെരൂദയുടെ പേര് നല്‍കുന്നത് തടഞ്ഞു.

സംസ്‌കാരത്തെ റദ്ദുചെയ്യുക എന്ന ദൗത്യം ചരിത്രത്തില്‍ ഏറെ ആവര്‍ത്തിച്ചിട്ടുണ്ട്. 2014 മുതല്‍ ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളിലും അതിനും മുന്നേ അഫ്ഗാനിസ്ഥാനിലും ഇതു തുടരുന്നു. മൊസൂളിന്റെ വീഴ്ചയ്ക്കുശേഷം ഇറാക്കില്‍ 28 ചരിത്രപരവും മതപരവുമായ പൈതൃകസ്മാരകങ്ങളും അതിലെ കലാസൃഷ്ടികളും നശിപ്പിച്ചു. 

ഒന്നാം നൂറ്റാണ്ടില്‍ സൃഷ്ടിച്ച അറേബ്യന്‍ ദേവത Lion of Al-lat എന്ന സിംഹത്തിന്റെ ശില്പം 1977ല്‍ പോളണ്ടില്‍ നിന്നുള്ള പുരാവസ്തുദൗത്യമാണ് കണ്ടെത്തിയത്. പിന്നീട് അധികവര്‍ഷങ്ങള്‍ ആ ശില്പം നിലനിന്നില്ല. 2000 വര്‍ഷങ്ങള്‍  അജ്ഞാതമായിനിന്ന് കാലത്തെ അതിജീവിച്ച അറേബ്യന്‍ സിംഹദേവത സിറിയന്‍ നഗരമായ പാല്‍മിറ മ്യൂസിയത്തിനു  മുന്നില്‍ സ്ഥാപിച്ചിരിക്കെ നശിപ്പിക്കപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ ബാമിയന്‍ ബുദ്ധശില്പങ്ങള്‍ക്കു നേരെയുള്ള ആക്രമണം ചരിത്രത്തില്‍ ഏറെയുണ്ട്. ഏറ്റവും വലിയ നില്‍ക്കുന്ന ഗൗതമ ബുദ്ധശില്പം. മൂന്നാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലുമായാണ്  നിര്‍മ്മാണം. 1221ല്‍ ജെങ്കിസ്ഖാന്‍ ഇതിനു മാരകമായ നാശനഷ്ടങ്ങള്‍ വരുത്തി. പിന്നീട് ബാബര്‍, ഔറംഗസേബ്  തുടങ്ങിയവരും 19ാം നൂറ്റാണ്ടില്‍ അഫ്ഗാന്‍ രാജാവ് വരെ നിരവധി തവണ ശില്പത്തിനു നേരെ നടത്തിയ ആക്രമണങ്ങളില്‍ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. 2001 മാര്‍ച്ചില്‍ ലോകത്തിന്റെ മുഴുവന്‍ എതിര്‍പ്പും മറികടന്ന് 25 ദിവസം സമയമെടുത്ത് അവസാനമായി അതു തകര്‍ത്തു. അഫ്ഗാനിസ്ഥാനിലെ ബാമിയന്‍ താഴ്‌വരയിലെ കീഴ്ക്കന്‍തൂക്കായ മലയുടെ ചെരിഞ്ഞവശത്തു കൊത്തിയെടുത്ത 115ഉം 174ഉം അടി വലുപ്പമുള്ള കൂറ്റന്‍ ബുദ്ധശില്പങ്ങള്‍ ഗാന്ധാരകലയുടെ സമ്പന്നതയാണ്.
വിമാനവേധി തോക്കുകളും വെടിക്കോപ്പുകളും ഉപയോഗിച്ച് അനേക ദിവസങ്ങള്‍ ശില്പത്തിനു നേരെ വെടിയുതിര്‍ത്തു. ടാങ്കുകള്‍ തകര്‍ക്കുന്ന മൈന്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തി. ശില്പത്തിന്റെ മുഖം തകരാതെ നിന്നപ്പോള്‍ റോക്കറ്റ്‌ലോഞ്ചര്‍ ഉപയോഗിച്ച് ദ്വാരം ഉണ്ടാക്കി.

ബാമിയന്‍ ബുദ്ധശില്പങ്ങള്‍ തകര്‍ക്കാനായി ഡ്രില്‍ ചെയ്തു ദ്വാരങ്ങള്‍ ഉണ്ടാക്കാനും സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കാനും നിയോഗിക്കപ്പെട്ട 25 തടവ്പുള്ളികളില്‍ ഒരാളായ മിര്‍സ ഹുസൈന്‍ എന്നൊരാളെ, ബി.ബി.സി ലേഖകന്‍ പിന്നീട് കണ്ടെത്തി. അയാള്‍ സൈക്കിള്‍ റിപ്പയറായി ജോലി നോക്കുകയായിരുന്നു. 'ട്രക്കുകളില്‍ കൊണ്ടുവന്ന വെടിക്കോപ്പുകള്‍ മലയിലേയ്ക്ക് ചുമന്നുകൊണ്ട് പോയി. ഒന്നുകില്‍ കയ്യിലിരിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചോ അല്ലെങ്കില്‍ വെടിയേറ്റോ മരിക്കുമെന്ന അവസ്ഥ. ബുദ്ധശില്പങ്ങള്‍ തകര്‍ക്കുന്നതില്‍ പങ്കാളിയായതില്‍ ഞാന്‍ ദുഃഖിക്കുന്നു. പക്ഷേ, എതിര്‍ക്കാനുള്ള ശേഷി ഇല്ലായിരുന്നു.'  മിര്‍സ പറഞ്ഞു.  

ബാമിയൻ ബു​ദ്ധൻ
ബാമിയൻ ബു​ദ്ധൻ

പൈതൃകസ്മാരകങ്ങളും ശില്പങ്ങളും തകര്‍ക്കുന്നവരുടെ ലക്ഷ്യം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുകയാണ്. കൊള്ളയടിക്കപ്പെട്ട കലാവസ്തുക്കളുടെ വിപണനം ഐക്യരാഷ്ട്രസഭ വിലക്കിയിട്ടുണ്ടെങ്കിലും ഇവ യൂറോപ്പിലേയും പടിഞ്ഞാറന്‍ അമേരിക്കയിലേയും അധോലോക പുരാവസ്തു വിപണികളില്‍ എത്തുന്നു. രണ്ടാമത്തെ ലക്ഷ്യം ലോകശ്രദ്ധ പിടിച്ചുപറ്റുകയും മാധ്യമങ്ങളില്‍ ഇടം നേടുകയുമാണ്. മൂന്നാമതായി, ചരിത്രത്തേയും സംസ്‌കാരത്തേയും പൂര്‍ണ്ണമായി തുടച്ചുമാറ്റുന്നതിലൂടെ പുതിയ സാംസ്‌കാരിക വ്യക്തിത്വം അനായാസം സ്ഥാപിച്ചെടുക്കുക എന്നതാണ്. 

ശില്പങ്ങള്‍ നശിപ്പിച്ചുകൊണ്ടുള്ള പുതിയ പ്രതിരോധവും പ്രതിഷേധവും സാംസ്‌കാരിക നിര്‍മ്മിതിയും പങ്കുവയ്ക്കുന്നത് ഇതേ ആശയങ്ങളാണ്. മനുഷ്യതയുടെ സാംസ്‌കാരിക തനിമകളേയും സാംസ്‌കാരിക പൈതൃകങ്ങളേയും നശിപ്പിക്കുന്നത്തിന് ഒരു വിധത്തിലുള്ള രാഷ്ട്രീയവും മതപരവും വംശീയവുമായ ന്യായീകരണങ്ങള്‍ ഇല്ല. അറേബ്യന്‍ സിംഹാദേവതയും ബാമിയന്‍ ബുദ്ധനും പൂര്‍ണ്ണരൂപത്തില്‍ ഇന്നു ലോകത്ത് അവശേഷിക്കുന്നില്ല. എന്നാല്‍ മാറിവരുന്ന ലോകക്രമത്തില്‍ സംസ്‌കാരത്തിന്റേയും കലയുടേയും രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയും പ്രത്യയങ്ങളില്‍ ഇവ ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്യപ്പെടുന്നു. അവയുടെ സഞ്ചിത പ്രതിഫലനം നിരന്തരം വ്യാഖ്യാനങ്ങള്‍ നിര്‍മ്മിച്ചു സ്വയം പുനഃസൃഷ്ടിക്കുന്നു. ആ പുന:സൃഷ്ടി യാന്ത്രിക പുനരുല്പാദന(Mechanical Reproduction)മല്ലതാനും. വസ്തുരൂപത്തിലുള്ള പുനരുല്പാദനം ഇല്ലാതെതന്നെ അവ സൃഷ്ടിക്കുന്ന സഞ്ചിതമൂല്യം ലോകത്തിനു കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നു.

1. Acts of Literature- Jacques Derrida. 
2. Roland Barthes - The Death of the Author. 
3. Walter Benjamin - The Work of Art in the Age of Mechanical Reproduction. 
4. Pablo Neruda - Memoirs.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com