'ഏകാധിപത്യം, മൂലധനശക്തി താല്പര്യം എന്നിവ സമ്പൂര്‍ണ്ണമായും കയ്യൊഴിയാതെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് സ്വയം നവീകരിക്കപ്പെടാനാകില്ല'

ബാബാസാഹേബ് അംബേദ്കര്‍ക്ക്, 'മനുഷ്യ വിമോചനത്തിന്റെ' പ്രത്യയശാസ്ത്രമായ മാര്‍ക്സിസവുമായി എന്തുകൊണ്ട് സമരസപ്പെടാന്‍ കഴിഞ്ഞില്ല എന്നത് പലരേയും ചിന്തിപ്പിച്ച ഒരു കാര്യമാണ്
'ഏകാധിപത്യം, മൂലധനശക്തി താല്പര്യം എന്നിവ സമ്പൂര്‍ണ്ണമായും കയ്യൊഴിയാതെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് സ്വയം നവീകരിക്കപ്പെടാനാകില്ല'

ന്ത്യ കണ്ട ഏറ്റവും സമുന്നതരായ ജൈവബുദ്ധിജീവികളിലും പ്രയോഗകര്‍ത്താക്കളിലും പെട്ട ഉന്നതമായ വ്യക്തിത്വത്തിന്റെ ഉടമയായ ഡോ. ബാബാസാഹേബ് അംബേദ്കര്‍ക്ക്, 'മനുഷ്യ വിമോചനത്തിന്റെ' പ്രത്യയശാസ്ത്രമായ മാര്‍ക്സിസവുമായി എന്തുകൊണ്ട് സമരസപ്പെടാന്‍ കഴിഞ്ഞില്ല എന്നത് പലരേയും ചിന്തിപ്പിച്ച ഒരു കാര്യമാണ്. എന്താണ് അതിനുള്ള ഉത്തരം എന്നത് ആദിമ മാര്‍ക്സില്‍ (Early Marx) തന്നെയുണ്ട്. പ്രധാനമായും യൂറോകേന്ദ്രിതമായ ഒരു മാനദണ്ഡത്തില്‍ രൂപപ്പെടുത്തിയെടുത്ത മാര്‍ക്സിസത്തിലെ 'അടിസ്ഥാന വര്‍ഗ്ഗ' സങ്കല്പനത്തില്‍ ആഫ്രോ - അമേരിക്കന്‍ രാജ്യങ്ങളിലെ അടിമകളോ കറുത്തവര്‍ഗ്ഗക്കാരോ ഇന്ത്യ ഉള്‍പ്പെടെയുള്ള കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ ദളിതരോ ആദിവാസികളോ ഉള്‍പ്പെട്ടിരുന്നില്ല എന്നതുതന്നെയാണ് അതിലെ ഏറ്റവും വലിയ വൈരുദ്ധ്യം. മാത്രമല്ല, മാര്‍ക്സിസ്റ്റ് പരികല്പനയിലെ 'അടിസ്ഥാന വര്‍ഗ്ഗ'ത്തില്‍തന്നെ, വിപ്ലവകര്‍ത്തൃത്വശേഷിയുള്ള തൊഴിലാളിവര്‍ഗ്ഗ മുന്നണിപ്പട (Vanguard) എന്നൊരു വര്‍ഗ്ഗത്തേയും കര്‍ത്തൃത്വശേഷിയില്ലാത്തതും ആത്മബോധത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ലാത്തതുമായ കര്‍ഷകരും കൈവേലക്കാരുമടങ്ങുന്ന മറ്റൊരു വര്‍ഗ്ഗത്തേയും വേര്‍തിരിച്ചെടുത്തു. ഈ ബോധ്യമനുസരിച്ച് കര്‍ത്തൃത്വശേഷിയില്ലാത്ത വര്‍ഗ്ഗത്തിന്, തങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നവരാണെന്നുള്ള തിരിച്ചറിവുപോലും ഇല്ലാത്തവരാണെന്നും അതുകൊണ്ട് അവരെ തൊഴിലാളിവര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് മുന്നണിപ്പടയുടെ ചുമതലയാണെന്നുമാണ് മാര്‍ക്സിസം മുന്നോട്ടുവയ്ക്കുന്നത്.

ലോകത്തെമ്പാടുമുള്ള ചൂഷിതവര്‍ഗ്ഗത്തെക്കുറിച്ച് മാര്‍ക്സിസം വിഭാവനം ചെയ്ത ഈ രീതിയനുസരിച്ച്, ഫാക്ടറിത്തൊഴിലാളികള്‍ എന്ന 'വര്‍ഗ്ഗ'ത്തെ പ്രധാനമായും പരിഗണിച്ചുകൊണ്ടാണ് രാഷ്ട്രീയ വിമോചന പോരാട്ടങ്ങള്‍ക്ക് കമ്യൂണിസ്റ്റുകള്‍ അരങ്ങൊരുക്കിയത്. നിര്‍ഭാഗ്യവശാല്‍ മാര്‍ക്സിസത്തിന്റെ ഈ 'സോവിയറ്റ് മാതൃക'യാണ് ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകളും അന്ധമായി പിന്‍തുടര്‍ന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ദളിതരും ആദിവാസികളും അടങ്ങുന്ന കീഴാളജനതയുടെ മൂര്‍ത്തമായ ജീവിതപ്രശ്നങ്ങളോ പ്രതിസന്ധികളോ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ പരിഗണനയില്‍ വന്നതേയില്ല. ഇത് അക്കാലത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അംബേദ്കര്‍ അത് തിരിച്ചറിഞ്ഞിരുന്നു.

നഷ്ടപ്പെടുവാന്‍ ചങ്ങലയല്ലാതെ മറ്റൊന്നും സ്വന്തമായിട്ടില്ലാത്ത ലോകത്തിലെ അധ:സ്ഥിതവര്‍ഗ്ഗത്തിന്റെ വിമോചനം സ്വപ്നം കണ്ട് ഉടലെടുത്ത പ്രസ്ഥാനമായിരുന്നല്ലോ കമ്യൂണിസ്റ്റ് പ്രസ്ഥാനം. എന്നാല്‍, ഇന്ത്യയുടെ സവിശേഷമായ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രയോഗവല്‍ക്കരണത്തെക്കുറിച്ചും അത് ഉള്‍ക്കൊള്ളേണ്ട അടിസ്ഥാനവര്‍ഗ്ഗ പ്രശ്നങ്ങളെക്കുറിച്ചും വേണ്ടത്ര ഉള്‍ക്കാഴ്ച അക്കാലത്തെ നേതാക്കള്‍ക്കില്ലാതെപോയി. ജ്ഞാനത്തിന്റേയും അധികാരത്തിന്റേയും അവകാശങ്ങളുടേയും മണ്ഡലങ്ങളില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട് നൂറ്റാണ്ടുകളോളം അടിമകളെപ്പോലെ കഴിയേണ്ടിവന്നവരാണ് ഇന്ത്യയിലെ ദളിത് ജനവിഭാഗങ്ങള്‍. സാമൂഹ്യമായോ സാംസ്‌കാരികമായോ പരസ്പരം ഇഴുകിച്ചേരാന്‍ കഴിയാത്ത രീതിയില്‍ കള്ളികളായ് വേര്‍തിരിക്കപ്പെട്ട് ശ്രേണീകൃതമായ അസമത്വങ്ങള്‍ക്കും ചൂഷണത്തിനും ഏറ്റവും കൂടുതല്‍ വിധേയരായവരാണ് ഈ ജനത. അവരുടെ മൂര്‍ത്തമായ ജീവിതപ്രശ്നങ്ങളിലേക്കോ പ്രതിസന്ധികളിലേക്കോ ശ്രദ്ധ കേന്ദ്രീകരിക്കാനോ ഇന്ത്യന്‍ പരിപ്രേക്ഷ്യത്തില്‍ 'ജാതി'യെന്ന യാഥാര്‍ത്ഥ്യത്തെ പ്രശ്നവല്‍ക്കരിക്കാനോ കഴിയാതെപോയതാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് സംഭവിച്ച ചരിത്രപരമായ പിഴവ്.

എസ്എ ഡാങ്കെ
എസ്എ ഡാങ്കെ

യാന്ത്രിക മാര്‍ക്‌സിസം വരുത്തിയ വിനകള്‍ 

മനുഷ്യരുടെ എല്ലാ അടിസ്ഥാന പ്രതിസന്ധികള്‍ക്കും കാരണം സാമ്പത്തികമായ വേര്‍തിരിവാണെന്നു നിശ്ചയിക്കുകയും ആ ധാരണയെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയെടുത്ത സാമ്പത്തിക നിര്‍ണ്ണയവാദത്തിലൂടെ പ്രശ്നങ്ങളെ സമീപിക്കുകയും ചെയ്യുക എന്നതിനപ്പുറത്തേക്ക് പോകാന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞില്ല. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം യഥാര്‍ത്ഥ്യമാകുന്നതോടെ ജാതിയെന്നത് അപ്രസക്തമാകുമെന്നും അതിനുമുന്‍പേ ജാതിയെ ഒരു രാഷ്ട്രീയ സംവര്‍ഗ്ഗമായി പരിഗണിച്ചാല്‍ അത് വര്‍ഗ്ഗസമരത്തെ ദുര്‍ബ്ബലപ്പെടുത്തുമെന്നുമായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ കണക്കുകൂട്ടല്‍. ഈ നിലപാടിനോട് അംബേദ്കര്‍ ആദ്യകാലങ്ങളില്‍തന്നെ വളരെ നിശിതമായി കൊമ്പുകോര്‍ക്കുന്നുണ്ട്.

ആശയപരമായി മൂര്‍ച്ചയേറിയ ചോദ്യങ്ങളാണ് അംബേദ്കര്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളോട് ഉന്നയിച്ചത്. മാര്‍ക്സിസ്റ്റ് വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കേണ്ടത് വിപ്ലവ കര്‍ത്തൃത്വശേഷിയുള്ള തൊഴിലാളിവര്‍ഗ്ഗ 'മുന്നണിപ്പട'യാണ്. എന്നാല്‍ ഇന്ത്യയിലെ തൊഴിലാളിവര്‍ഗ്ഗം ഒരു വിപ്ലവമുണ്ടാക്കുകയാണെങ്കില്‍, ഇവിടത്തെ സവിശേഷമായ സാമൂഹ്യ-സാംസ്‌കാരിക സാഹചര്യത്തില്‍ എങ്ങനെയാണ് അവര്‍ ഒന്നിച്ചുനില്‍ക്കുക? അത്തരമൊരു ഒന്നിപ്പിന് അവരെ പ്രേരിപ്പിക്കുന്ന ഏതു ശക്തിയാണ് ഇവിടെയുള്ളത്? നിശ്ചയമായും അങ്ങനെ ഒന്നിച്ചുനില്‍ക്കണമെങ്കില്‍ അവര്‍ക്കിടയില്‍ സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും നീതിയുടേയും മൂല്യങ്ങള്‍ ഒരു വികാരമായി പ്രവര്‍ത്തിക്കണം. എന്നാല്‍, ഭീതിദമായ രീതിയില്‍ ജാതീയ അസമത്വങ്ങള്‍ നിലനില്‍ക്കുകയും മനുഷ്യര്‍ക്കിടയില്‍ ഉയര്‍ന്നവന്‍ - താഴ്ന്നവന്‍, ശുദ്രന്‍ - അശുദ്രന്‍, സവര്‍ണ്ണന്‍ - അവര്‍ണ്ണന്‍ എന്നീ വേര്‍തിരിവുകള്‍ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന മുന്‍വിധികള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ എങ്ങനെ സോഷ്യലിസം കെട്ടിപ്പടുക്കും എന്ന നിര്‍ണ്ണായകമായ ചോദ്യമാണ് അംബേദ്കര്‍ ഉന്നയിച്ചത്. മുക്കാല്‍ നൂറ്റാണ്ട് മുന്‍പ് ഉന്നയിക്കപ്പെട്ട ഈ ചോദ്യം സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ അത്രമേല്‍ പ്രധാനപ്പെട്ടതായി നിലനില്‍ക്കുന്നു.

അക്കാലത്ത് ബോംബെ തുണിമില്ലുകളിലെ തൊഴിലാളികള്‍ക്കിടയില്‍ രൂക്ഷമായ ജാതിവേര്‍തിരിവുകള്‍ നിലനിന്നിരുന്നു. തൊഴിലിടങ്ങളിലെ ഏറ്റവും മോശം തൊഴില്‍ സാഹചര്യങ്ങളില്‍ ദളിതരായ തൊഴിലാളികളെയാണ് ഉടമകള്‍ വിന്യസിച്ചിരുന്നത്. അവര്‍ക്ക് മറ്റു തൊഴിലാളികളെപ്പോലെ അര്‍ഹമായ കൂലിയും പരിഗണനയും നല്‍കിയിരുന്നില്ല എന്നു മാത്രമല്ല, കൊടിയ മര്‍ദ്ദനങ്ങളും അവഹേളനങ്ങളും ഏല്‍ക്കേണ്ടിവന്നിരുന്നു. അന്നത്തെ ട്രേഡ് യൂണിയന്‍ നേതാവായിരുന്ന എസ്.എ. ഡാങ്കെയോട് അംബേദ്കര്‍ ദളിത് തൊഴിലാളികളുടെ ഈ അവസ്ഥയെപ്പറ്റി ഗൗരവമായി സൂചിപ്പിച്ചപ്പോള്‍ ഡാങ്കെ അത് മുഖവിലയ്ക്കുപോലും എടുത്തില്ല എന്ന് അംബേദ്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യര്‍ക്കിടയിലും ജാതിബോധം അത്രമേല്‍ ആഴത്തില്‍ വേരുപിടിച്ചുനിന്നിരുന്നു. അതുകൊണ്ട് അടിസ്ഥാനവര്‍ഗ്ഗത്തെപ്പോലും ഒന്നിപ്പിക്കാന്‍ കഴിയാത്തത്ര തടസ്സമായി നില്‍ക്കുന്ന ജാതിക്കെതിരെയുള്ള സമരമാണ് ഇന്ത്യയില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നത് എന്ന് അംബേദ്കര്‍ ഉറച്ചു വിശ്വസിച്ചു.

ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ സോവിയറ്റ് റഷ്യയെ മാതൃകയാക്കുകയും അവിടത്തെ പാര്‍ട്ടിയെ അനുകരിച്ച്, ചരിത്രവിശകലനത്തിലെ സാമ്പത്തിക വ്യാഖ്യാനങ്ങളില്‍ ഇന്ത്യന്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഉപയോഗിച്ചുനോക്കുകയാണ് ഉണ്ടായത്. അതായത് അടിസ്ഥാനപരമായി മനുഷ്യന്‍ ഒരു സാമ്പത്തിക ജീവിയാണെന്നും അവന്റെ മുഴുവന്‍ ജീവിത പ്രവര്‍ത്തനങ്ങളും ജീവിതേച്ഛകളും സാമ്പത്തികവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നും മാര്‍ക്സിസം സൈദ്ധാന്തികമായി ഉറപ്പിച്ചു. ഈ സാമ്പത്തിക 'അടിത്തറ'യിലാണ് മനുഷ്യരുടെ സാമൂഹിക, സാംസ്‌കാരിക ജീവിത വ്യവഹാരങ്ങളുടെ 'മേല്‍പ്പുര' ഉറപ്പിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു സാമൂഹ്യവിശകലന രീതിയാണ് മാര്‍ക്സിസത്തിന്റേത്. അതിനാല്‍ സമൂഹത്തില്‍ സാമ്പത്തിക ഏകീകരണത്തിനുതകുന്ന രാഷ്ട്രീയ വിപ്ലവമാണ് പ്രധാനപ്പെട്ടതെന്നും അതു നടന്നുകഴിഞ്ഞാല്‍ സാമൂഹ്യസമത്വം താനേ വന്നുചേരുമെന്നും കമ്യൂണിസ്റ്റുകള്‍ വിശ്വസിച്ചു. എന്നാല്‍, തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ സ്വാതന്ത്ര്യം കൈവരുന്നതോടെ നടപ്പാക്കപ്പെടും എന്നു വിശ്വസിക്കുന്ന സാമ്പത്തിക സമത്വം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കപ്പെടണമെങ്കില്‍ മനുഷ്യര്‍ക്കിടയില്‍ സാമൂഹ്യസമത്വം ഉണ്ടാകണം. അതില്ലാത്തിടത്തോളം കാലം ഒരു സമൂഹവും സാമ്പത്തികമായി സ്വതന്ത്രമായിരിക്കില്ല. ഈ ചിന്തയിലാണ് അംബേദ്കര്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചത്. 

''എന്തുകൊണ്ടാണ് ഇന്ത്യയിലെ കോടീശ്വരന്മാര്‍ ഒരു ചില്ലിക്കാശുപോലും കയ്യിലില്ലാത്ത സന്ന്യാസിമാരേയും ഫക്കീറുമാരേയും അനുസരിക്കുന്നത്? എന്തുകൊണ്ടാണ് ഇന്ത്യയിലെ ദരിദ്രനാരായണന്മാരില്‍ ചിലര്‍ തങ്ങളുടെ ഉള്ള സ്വത്തും വിറ്റ് കാശിയിലേക്കോ മെക്കയിലേക്കോ പോകുന്നത്?''. ഈ ചോദ്യങ്ങളുന്നയിച്ച അംബേദ്കര്‍ക്ക്, ഇന്ത്യന്‍ അധികാരത്തിന്റേയും അന്തസ്സിന്റേയും ഉറവിടം മതവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്ന് വ്യക്തമായി അറിയാമായിരുന്നു. ഒരു വ്യവസ്ഥ എന്ന നിലയിലോ ഒരു തത്ത്വം എന്ന നിലയിലോ മനുഷ്യരിലെ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ അടിച്ചമര്‍ത്തുകയോ മ്ലേച്ഛരെന്ന് അവഹേളിക്കുകയോ ചെയ്ത് സമൂഹത്തെ ഭിന്നിപ്പിച്ചുനിര്‍ത്താന്‍ നിഷ്ഠുരവാഴ്ച നടത്തുന്നത് കമ്യൂണിസ്റ്റുകളെ അസ്വസ്ഥരാക്കുന്നുണ്ടോ എന്നതായിരുന്നു അംബേദ്കര്‍ ഉന്നയിച്ച ചോദ്യങ്ങളിലെ കാതല്‍. 

കാൾ മാർക്സ്
കാൾ മാർക്സ്

വംശീയതയും വര്‍ഗ്ഗരാഷ്ട്രീയവും 

വാസ്തവത്തില്‍ ജാതിയതയും വംശീയതയുമെല്ലാം അടിസ്ഥാനവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു എന്ന് തിരിച്ചറിഞ്ഞ്, അവരുടെ യോജിപ്പിനെ തടസ്സപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെ സമരമുഖം തീര്‍ക്കണമെന്ന യാഥാര്‍ത്ഥ്യത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ മാത്രമല്ല, ലോകത്തെ പല കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും മുഖവിലക്കെടുത്തിട്ടില്ല. പ്രസിദ്ധ ആഫ്രോ - അമേരിക്കന്‍ എഴുത്തുകാരിയായ കിയംഗടെയിലര്‍ ഒരിടത്ത്, വിഖ്യാതനായ വംശീയവിരുദ്ധ പോരാളി റ്റിംവൈസിന്റെ വാക്കുകള്‍ ഉദ്ധരിക്കുന്നതു നോക്കൂ: ''മാര്‍ക്സിസ്റ്റുകള്‍ വര്‍ഗ്ഗത്തെ വംശത്തേക്കാള്‍ പ്രധാനപ്പെട്ടതായി കാണുന്നു. വംശീയതയ്‌ക്കെതിരെയുള്ള പോരാട്ടങ്ങള്‍ വെറും സ്വത്വരാഷ്ട്രീയമാണെന്നും സാമ്പത്തിക പ്രശ്നങ്ങളെക്കാള്‍ കുറഞ്ഞ പ്രാധാന്യമെ വംശീയതയ്‌ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്കുള്ളൂ എന്നും ചിലപ്പോഴൊക്കെ 'വംശീയത' എന്നൊരു പ്രശ്നമേ നിലനില്‍ക്കുന്നില്ല എന്നു പറഞ്ഞ് അവരതിനെ തള്ളിക്കളയുകയും ചെയ്യുന്നു. മുതലാളിത്തത്തിനു കീഴില്‍ ലോകത്തെമ്പാടുമുള്ള അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, കാലദേശങ്ങള്‍ക്കനുസരിച്ച് സാമ്പത്തിക ചൂഷണത്തിനൊപ്പം തന്നെ സാമൂഹികവും സാംസ്‌കാരികവുമായ അനവധി ഘടകങ്ങള്‍കൂടി ഈ ചൂഷണത്തില്‍ ഇഴചേര്‍ക്കപ്പെടുന്നു. വംശീയത, ജാതി, മതം, ലിംഗഭേദം, കുടിയേറ്റ വിരുദ്ധത, ട്രാന്‍സ്ജന്‍ഡര്‍ പരിഗണന എന്നിവയുടെ പേരിലും അടിസ്ഥാനവര്‍ഗ്ഗങ്ങള്‍ക്കിടയില്‍തന്നെ വേര്‍തിരിവുകളും അടിച്ചമര്‍ത്തലുകളും നടക്കുന്നുണ്ട്. മനുഷ്യാന്തസ്സിനു വിവിധ നിലകളിലായി വിലകല്പിക്കുന്ന ഇത്തരം ഘടകങ്ങള്‍ മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ സൂക്ഷ്മമായി പഠിക്കാനും അതിനെ അഭിസംബോധചെയ്യാനും കമ്യൂണിസ്റ്റുകള്‍ക്ക് ഇന്നും കഴിഞ്ഞിട്ടില്ല.

''ലോകത്തിലെ ഗൗരവപ്പെട്ട മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങളൊന്നും കറുത്തവരുടേയും ലാറ്റിനമേരിക്കക്കാരുടേയും പോരാട്ടങ്ങളെ പരിഗണിക്കുന്നതേയില്ല. ഇത് ആധുനിക യുഗത്തിലെ വംശീയപരവും ലിംഗപരവും വര്‍ഗ്ഗപരവുമായ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പ്രാപ്തമല്ല എന്ന ബോധം സൃഷ്ടിക്കുന്നു. കുടിയേറ്റ - ലിംഗ - വംശീയ - ലൈംഗിക ന്യൂനപക്ഷ പ്രശ്നങ്ങള്‍ 'വര്‍ഗ്ഗ' പ്രശ്നങ്ങള്‍ തന്നെയാണ്. കറുത്തവര്‍ഗ്ഗക്കാരായ തൊഴിലാളികള്‍ക്കെതിരെ വെളുത്തവര്‍ഗ്ഗക്കാര്‍ വച്ചുപുലര്‍ത്തുന്ന മനോഭാവത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇന്നു കഴിഞ്ഞില്ലെങ്കില്‍ നാളത്തെ വിപ്ലവത്തിനായി ലാറ്റിനമേരിക്കന്‍ ജനതയെ പോരാട്ടത്തില്‍ കണ്ണിചേര്‍ക്കാന്‍ കഴിയില്ല'' എന്ന് കിയംഗടെയിലര്‍ പറയുന്നു. സമകാലിക ലോകത്ത് എണ്ണമറ്റ വംശീയ അടിച്ചമര്‍ത്തലുകളും അധിക്ഷേപങ്ങളും നടക്കുന്നത് ദിനംതോറും നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ.

വാസ്തവത്തില്‍, ജീവിച്ചിരുന്ന കാലത്ത് മാര്‍ക്സ് ഇത്തരം വിഷയങ്ങളെക്കുറിച്ച് ബോധവാനായിരുന്നില്ലേ എന്നത് സുപ്രധാനമായ ഒരു ചോദ്യമാണ്. തീര്‍ച്ചയായും പില്‍ക്കാല മാര്‍ക്സ് (Later Marx) ഇത്തരം വിഷയങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നു. മാര്‍ക്സിന്റെ അവസാനകാലത്തെ ഏതാണ്ട് പന്ത്രണ്ട് വര്‍ഷത്തോളമുള്ള അന്വേഷണങ്ങളും പഠനങ്ങളും ആഫ്രോ - അമേരിക്കന്‍ രാജ്യങ്ങളിലേയും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേയും കറുത്തവരും അടിമകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ മനുഷ്യരുടെ ചെറുത്തുനില്‍പ്പുകളെക്കുറിച്ചും അവരുടെ ചരിത്രത്തെക്കുറിച്ചുമായിരുന്നു. 19-ാം നൂറ്റാണ്ടില്‍ ലോക സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന കാര്യത്തില്‍ അടിമകള്‍ വഹിച്ച പങ്കിനെക്കുറിച്ച് മാര്‍ക്സ് എഴുതിയത് നോക്കൂ: ''നേരിട്ടുള്ള അടിമത്തം ബൂര്‍ഷ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതായിരുന്നു. വ്യവസായം, മെഷനറി, വായ്പ എന്നിവപോലെത്തന്നെ അടിമത്തം അവര്‍ക്ക് ഒഴിച്ചുകൂടാനാകാത്തതായിരുന്നു. അടിമത്തമില്ലെങ്കില്‍ പരുത്തിയില്ല. പരുത്തിയില്ലെങ്കില്‍ വ്യവസായമില്ല. അതുകൊണ്ട് ബൂര്‍ഷ്വാസിയെ സംബന്ധിച്ചിടത്തോളം കോളനികള്‍ക്ക് മൂല്യം നല്‍കിയത് അടിമത്തമാണ്.'' മുതലാളിത്തം മനുഷ്യരെ മൃഗതുല്യരാക്കി വില്‍ക്കുകയും വാങ്ങുകയും പണിയെടുപ്പിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് പില്‍ക്കാല മാര്‍ക്സ് ബോധവനായിരുന്നു. ഈ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ടാണ് മൂലധനത്തിന്റെ ഫ്രെഞ്ച് പതിപ്പില്‍ മാര്‍ക്സ് ഇങ്ങനെ എഴുതിയത്: ''അമേരിക്കന്‍ റിപ്പബ്ലിക്കിനെ അടിമത്തം വികൃതമാക്കുന്നിടത്തോളം കാലം അമേരിക്കന്‍ ഐക്യനാടുകളിലെ ഏതൊരു തൊഴിലാളിപ്രസ്ഥാനവും സ്തംഭനാവസ്ഥയിലായിരിക്കും. തൊഴിലാളികളെ കറുത്തവരെന്നു മുദ്രകുത്തി നിലനിര്‍ത്തുന്നിടത്തോളം കാലം അവിടത്തെ വെളുത്തവര്‍ഗ്ഗക്കാരായ തൊഴിലാളികള്‍ക്കുപോലും മോചനം സാധ്യമല്ല. കറുത്തവരുടെ അദ്ധ്വാനത്തെ മോചിപ്പിക്കാതെ വെളുത്ത തൊഴിലാളികള്‍ക്കുപോലും മോചനമില്ല.'' (കീഴാള മാര്‍ക്സിസം, കീഴാള ജനാധിപത്യം, ബി. രാജീവന്‍).

​ഗെയിൽ ഓംവെദ്ത്
​ഗെയിൽ ഓംവെദ്ത്

തൊഴിലാളി രാഷ്ട്രീയത്തിന്റെ പരിമിതികള്‍ 

ചുരുക്കത്തില്‍, അക്കാലത്തെ യൂറോപ്യന്‍ തൊഴിലാളികളെ ഇംഗ്ലീഷ് തൊഴിലാളി, ഐറിഷ് തൊഴിലാളി എന്ന നിലയിലൊക്ക വംശീയമായി വേര്‍തിരിവുണ്ടാക്കി, അതില്‍ ഇംഗ്ലണ്ടിലെ തൊഴിലാളികള്‍ക്കിടയില്‍ കുലീനരും മുതലാളിത്തവര്‍ഗ്ഗവും ആധിപത്യം സ്ഥാപിക്കുകയും ഐറിഷ് തൊഴിലാളികള്‍ക്കിടയില്‍ മതപരവും സാമൂഹികവുമായ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തത് മാര്‍ക്സ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. യൂറോപ്യന്‍ തൊഴിലാളികള്‍ക്കിടയിലെ ഈ പ്രശ്നം അമേരിക്കയില്‍ വെള്ളക്കാരായ തൊഴിലാളികള്‍ക്ക് കറുത്തവരായ തൊഴിലാളികളോടുള്ള അതേ സമീപനം പോലെയാണെന്നും മാര്‍ക്സ് രേഖപ്പെടുത്തുന്നു. ഇങ്ങനെ, യൂറോകേന്ദ്രിതമായ വെളുത്ത 'തൊഴിലാളിവര്‍ഗ്ഗ'ത്തെ മാത്രം പരിഗണിച്ച മാര്‍ക്സില്‍നിന്ന്, ലോകത്തുള്ള കീഴാളരായ തൊഴിലാളികളുടെ വംശീയവും ലിംഗപരവും മതപരവുമായ പ്രശ്നങ്ങളെക്കൂടി കണക്കിലെടുത്ത് സ്വയം നവീകരിക്കപ്പെട്ട മാര്‍ക്സിലേക്ക് എത്തിച്ചേര്‍ന്നത് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ മനസ്സിലാക്കിയതേയില്ല. മനസ്സിലാക്കിയിരുന്നെങ്കില്‍ ഇന്ത്യയിലെ ദളിതരും ആദിവാസികളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അടങ്ങുന്ന മഹാഭൂരിപക്ഷം ജനത ജാതി-മത, സ്വത്വരാഷ്ട്രീയ കക്ഷികളുടെ കൈകളില്‍ അകപ്പെട്ടുപോകില്ലായിരുന്നു.

ചരിത്രത്തില്‍ പില്‍ക്കാല മാര്‍ക്സ് എന്നതുപോലെ ഒരു പില്‍ക്കാല അംബേദ്കറും ഉണ്ട്; പാര്‍ലിമെന്ററി ജീവിതം അവസാനിപ്പിക്കുകയും ഇന്ത്യയിലെ അടിത്തട്ടില്‍ കഴിയുന്ന ജനങ്ങള്‍ക്ക് വൈജ്ഞാനികവും സാമൂഹ്യവുമായ സമത്വത്തിനുവേണ്ടി പോരാട്ടം തുടരുകയും പിന്നീട് ബുദ്ധന്റെ സഞ്ചാരപഥത്തിലെത്തിച്ചേരുകയും ഒപ്പംതന്നെ അഗാധമായ പഠനങ്ങളിലേക്കും എഴുത്തിലേക്കും എത്തിച്ചേര്‍ന്ന ഒരു അംബേദ്കര്‍. അക്കാലത്ത് അദ്ദേഹം ചില നൂതനമായ രാഷ്ട്രീയ ബോധ്യങ്ങളിലേക്ക് എത്തിച്ചേര്‍ന്നതായി അംബേദ്കറുടെ ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അംബേദ്കര്‍ ഒരിക്കലും ഒരു മാര്‍ക്സിസ്റ്റ് ആയിരുന്നില്ല. കൊളംബിയ സര്‍വ്വകലാശാലയിലേയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിന്റേയും ബൗദ്ധികപോഷണം കൊണ്ട് വളര്‍ന്നുവന്ന ആ ജൈവബുദ്ധിജീവിയെ ഫാബിയന്‍ പരിവര്‍ത്തനരീതിയാണ് ഏറെ സ്വാധീനിച്ചത്. ഫാബിയനുകള്‍ യൂറോപ്യന്‍ നവോത്ഥാനത്തിന്റെ നവീന മൂല്യങ്ങളുടെ പ്രചാരകരും സോഷ്യലിസം ആഗ്രഹിച്ചവരുമായിരുന്നു. എന്നാല്‍, വിപ്ലവത്തിലൂടെയല്ല സാമൂഹ്യപരിവര്‍ത്തനത്തിലൂടെയും നിയമങ്ങളിലൂടെയുമാണ് രാജ്യത്ത് സോഷ്യലിസം കെട്ടിപ്പടുക്കേണ്ടത് എന്ന ചിന്താഗതിക്കാരായിരുന്നു ഫാബിയന്‍സ്. ഈ ഫാബിയന്‍ അംബേദ്കറില്‍നിന്ന് ജീവിതാവസാനഘട്ടത്തിലെത്തുമ്പോള്‍ ഒരു ബൗദ്ധ - മാര്‍ക്സിയന്‍ മൈത്രി അംബേദ്കര്‍ ആയിത്തീരുന്നത് അദ്ദേഹത്തെ സൂക്ഷ്മമായി പഠിച്ചിട്ടുള്ളവര്‍ക്ക് നിരീക്ഷിക്കാനാകും.

ശരൺകുമാർ ലിംബാളെ
ശരൺകുമാർ ലിംബാളെ

അംബേദ്കര്‍ മാര്‍ക്‌സ് ഐക്യം 

1920-കളില്‍, മാര്‍ക്സിസത്തിന്റെ ലക്ഷ്യം തന്റെ പ്രസ്ഥാനത്തിന്റെ ലക്ഷ്യവുമായി സമരസപ്പെട്ടുപോകുന്നതാണെന്നു മനസ്സിലാക്കിയ അംബേദ്കര്‍ പക്ഷേ, ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ക്സിസത്തിന്റെ മാര്‍ഗ്ഗത്തെ ഒരിക്കലും സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍തന്നെ മാര്‍ക്സിസം മുന്നോട്ടുവയ്ക്കുന്ന സമത്വഭാവനയെ അംബേദ്കര്‍ തള്ളിക്കളഞ്ഞതുമില്ല. ഹിംസയില്‍ ഊന്നിയ എല്ലാ സമരമുറകളേയും അദ്ദേഹം വെറുത്തിരുന്നു എന്ന് പ്രശസ്ത അംബേദ്കര്‍ പഠിതാവായ ഗെയില്‍ ഓംവെദ്ത് നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍, 1935 ആകുമ്പോള്‍ മാര്‍ക്സിസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ബോധ്യങ്ങളില്‍ കാതലായ ചില മാറ്റങ്ങള്‍ വന്നുതുടങ്ങിയിരുന്നു. മാര്‍ക്സിസത്തിന്റെ 'വര്‍ഗ്ഗം' എന്ന പരികല്പനയിലെ ആ വര്‍ഗ്ഗത്തെ, ശ്രേണിരീതിയില്‍ വേര്‍തിരിക്കപ്പെട്ട് അടഞ്ഞ തട്ടുകളാക്കി മാറ്റിയ 'ജാതി'യായും, മുതലാളിത്തത്തെ, നൂറ്റാണ്ടുകളായി ജ്ഞാനവും അധികാരവും സമ്പത്തും കയ്യാളിയിരുന്ന ബ്രാഹ്മണിസവുമായും പരിഗണിച്ചാല്‍ അടിസ്ഥാനപരമായി മാര്‍ക്സിന്റേയും അംബേദ്കറുടേയും സാമൂഹ്യവിശകലനങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടെങ്കിലും കാതലായ സാമ്യം കണ്ടെത്താം. ഇന്ത്യന്‍ പരിപ്രേക്ഷ്യത്തില്‍ അംബേദ്കര്‍ വളരെ ആഴത്തില്‍ മാര്‍ക്സിന്റെ 'വര്‍ഗ്ഗ'ത്തെ വിമര്‍ശന വിശകലനത്തിനു വിധേയമാക്കിയിട്ടുണ്ട്. 'കമ്യൂണിസ്റ്റുകാരുടെ മിഥ്യാബോധവും അയിത്തക്കാരായ വര്‍ഗ്ഗത്തിന്റെ കടമയും എന്ന പഠനത്തില്‍ മാര്‍ക്സിസത്തിലെ അടിത്തറ-മേല്‍പ്പുര സങ്കല്പം കൗശലപൂര്‍വ്വം തിരിച്ചിടുകയാണ് അംബേദ്കര്‍ എന്ന് ഓംവെദ്ത് പറയുന്നു. മത-സാമൂഹ്യ-രാഷ്ട്രീയ തലങ്ങളിലുള്ള 'മേല്‍പ്പുര', സാമ്പത്തിക ബന്ധങ്ങളുടെ 'അടിത്തറ'യിലാണ് പണിതിരിക്കുന്നത് എന്നും അതിനാല്‍ ആ കെട്ടിടം (System) തകര്‍ക്കണമെങ്കില്‍ ആദ്യം തകര്‍ക്കേണ്ടത് മേല്‍പ്പുരയാണ് എന്നുമാണ് അംബേദ്കറുടെ വാദം. അംബേദ്കറുടെ ഈ നിരീക്ഷണം വ്യക്തമാക്കുന്നത്, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ മുന്നോടിയായി മനുഷ്യര്‍ അവര്‍ക്കിടയിലെ സാമൂഹ്യമായ അസമത്വത്തെ തൂത്തെറിയണം എന്നുതന്നെയാണ്. സമൂഹത്തിലെ അധീശത്വവര്‍ഗ്ഗത്തിനെതിരായ ജാതിവിരുദ്ധ പോരാട്ടത്തിലൂടെ മാത്രമെ ഈ സാമൂഹ്യസമത്വവും മനുഷ്യാന്തസ്സും കൈവരിക്കാന്‍ സാധിക്കൂ. ഇന്ത്യന്‍ സാഹചര്യത്തില്‍, മാര്‍ക്സിസം മുന്നോട്ടുവയ്ക്കുന്ന സമത്വ സങ്കല്പലോകത്തേക്ക് എത്തിച്ചേരാന്‍ ഈയൊരൊറ്റ പോരാട്ടം മാത്രമാണ് അതിന്റെ ആദ്യ ചവിട്ടുപടി. ആ ചരിത്രപരമായ കടമ ഏറ്റെടുക്കേണ്ടത് കമ്യൂണിസ്റ്റുകളാണെന്ന് അംബേദ്കര്‍ തന്റെ അവസാന കാലഘട്ടത്തില്‍ തിരിച്ചറിഞ്ഞിരുന്നു.

സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ മാര്‍ക്സിസവും അംബേദ്കറിസവും തമ്മില്‍ ഐക്യപ്പെടേണ്ടതിന്റെ അനിവാര്യത പ്രശസ്ത കാനഡ എഴുത്തുകാരന്‍ ശരണ്‍കുമാര്‍ ലിംബാളെ എടുത്തുപറയുന്നതായി പി. പവിത്രന്‍ തന്റെ മാര്‍ക്സ്, ഗാന്ധി, അംബേദ്കര്‍ എന്ന പഠനത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. മാര്‍ക്സും ബുദ്ധനും അംബേദ്കറും മനുഷ്യവിമോചനത്തിനുവേണ്ടി ശ്രമിച്ചവരാണ് എന്നതിനാല്‍തന്നെ അവരുടെ ആശയങ്ങള്‍ തമ്മിലുള്ള സമന്വയം ആവശ്യമാണെന്ന് ലിംബാളെ ഊന്നിപ്പറയുന്നു. ദളിതരുടെ സാമ്പത്തികമായ അടിമത്തം ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയിലാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ഇന്ത്യയുടെ മോചനത്തിന്റെ ആത്യന്തികമായ വഴി മാര്‍ക്സിസവും അംബേദ്കറിസവും തമ്മിലുള്ള യോജിപ്പിലാണ് - ലിംബാളെ പറയുന്നു.

ഇന്ത്യന്‍ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിലെ സവിശേഷമായ സാഹചര്യങ്ങളില്‍ അംബേദ്കറുടെ ചിന്താപദ്ധതികള്‍ക്ക് ഇന്നും ഏറെ പ്രസക്തിയുണ്ട്. അതുകൊണ്ട് മനുഷ്യാന്തസ്സിനും തുല്യതയ്ക്കും വിലകല്പിക്കാത്ത, ജാതീയവും സാംസ്‌കാരികവുമായ മേല്‍ക്കോയ്മകള്‍ക്കും ഹിന്ദുത്വഫാസിസത്തിന്റെ അധിനിവേശത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരത്തിലൂടെ ഇന്ത്യയിലെ കീഴാളവര്‍ഗ്ഗത്തിന്റെ ചെറുത്തുനില്‍പ്പുകളെ വര്‍ഗ്ഗസമരവുമായി കണ്ണിചേര്‍ക്കുക എന്ന പാത ഇന്ത്യന്‍ ഇടതുപക്ഷം സ്വീകരിക്കേണ്ടതുണ്ട്. അതിനുവേണ്ട സൈദ്ധാന്തിക അടിത്തറ സ്വയം നവീകരണത്തിലൂടെ കമ്യൂണിസ്റ്റുകള്‍ ഒരുക്കിയേ തീരൂ. അത് തികച്ചും ഒരു ജനാധിപത്യവല്‍ക്കരണത്തിന്റെ പാത കൂടിയാണ്. ഹിംസയും അക്രമോത്സുകതയും രക്തച്ചൊരിച്ചിലും ഒഴിവാക്കപ്പെടുന്ന ഒരു പുത്തന്‍ ജനാധിപത്യ ബദല്‍ വിപ്ലവപാത. മാര്‍ക്സിസത്തിന്റേയും അംബേദ്കറിസത്തിന്റേയും മൈത്രിയിലൂടെയാണ് അത് സാധ്യമാകേണ്ടത്. പക്ഷേ, ആ മൈത്രിക്ക് മുന്‍പേ ആ രണ്ടു മണ്ഡലങ്ങള്‍ക്കും സ്വയം നവീകരണം അനിവാര്യമാണ്.

അംബേദ്കറെ കേവലമായി ബിംബവല്‍ക്കരിച്ച് ഇന്ത്യന്‍ ദളിത് ജനവിഭാഗങ്ങളെയാകെ സ്വത്വരാഷ്ട്രീയത്തിന്റെ അടഞ്ഞ ലോകത്ത് തളച്ചിടുന്ന ഗൂഢരാഷ്ട്രീയത്തിന്റെ അതിരുകളെ ആ ജനത തകര്‍ത്തേ പറ്റൂ. മറ്റൊന്ന്, ഏകാധിപത്യത്തിന്റേയും മൂലധനശക്തി താല്പര്യത്തിന്റേയും പ്രവണതകളെ സമ്പൂര്‍ണ്ണമായും കയ്യൊഴിയാതെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് സ്വയം നവീകരിക്കപ്പെടാനാകില്ല. അങ്ങനെ നവീകരിക്കപ്പെടുകയാണെങ്കില്‍, മനുഷ്യവംശത്തിന്റെ നാനാതരം ആവിഷ്‌കാരങ്ങളേയും ജീവിതേച്ഛകളേയും സംസ്‌കാരങ്ങളേയും അതിന്റെയെല്ലാം ഭൂതകാല ചരിത്രത്തേയും പ്രകൃതിയേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മാര്‍ക്സിസത്തിന്റെ ഒരു പുതിയ ധാരയായിരിക്കും അത്. ഇന്ത്യയിലെ ഏറ്റവും അടിത്തട്ടിലുള്ള ദളിതരേയും ആദിവാസികളേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും തൊഴിലാളികളേയും ഒരുപോലെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, ജനാധിപത്യത്തിന്റേയും സാമൂഹ്യ സമത്വത്തിന്റേയും ബദല്‍ അധികാരത്തിന്റെ ഒരു പുതിയ പാത ഇന്ത്യയുടെ ഭാവിക്കായി വെട്ടിത്തെളിക്കപ്പെടേണ്ടതുണ്ട്. അംബേദ്കര്‍ തന്റെ അന്ത്യനാളുകളില്‍ വിഭാവനം ചെയ്ത, മാര്‍ക്സിസ്റ്റ് പ്രയോഗവല്‍ക്കരണത്തിലെ ഹിംസയെ സമ്പൂര്‍ണ്ണമായും ഒഴിവാക്കുന്നതും ബുദ്ധനിലെ കരുണയും മൈത്രിയും തുല്യതയും ഉള്‍ക്കൊള്ളുന്നതുമായ പുതിയൊരു പാതയായിരിക്കും അത്.

സഹായ ഗ്രന്ഥങ്ങള്‍

1. മാര്‍ക്സ് ഗാന്ധി അംബേദ്കര്‍ - പി. പവിത്രന്‍
2. കീഴാള മാര്‍ക്സിസം കീഴാള ജനാധിപത്യം - ബി. രാജീവന്‍
3. മാര്‍ക്സ്@200  ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com