ഡെമോക്രസിയല്ല തിയോക്രസിയാണോ ഇപ്പോള്‍ ഇന്നാട്ടില്‍...

ഇന്ത്യയില്‍ വിവാദമായ ആദ്യത്തെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം ബാബാ ബുഝാ സിംഗ് എന്ന സ്വാതന്ത്ര്യസമര സേനാനിയുടേതായിരുന്നു
ഡെമോക്രസിയല്ല തിയോക്രസിയാണോ ഇപ്പോള്‍ ഇന്നാട്ടില്‍...

ദൈവനിയോഗം' എന്ന് ഏറ്റുമുട്ടല്‍ കൊലയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ വിധിയെ ഒരു ഭരണകൂടം വിശേഷിപ്പിച്ചതായി ഈയിടെ മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. പതിനാറോ പതിനേഴോ നൂറ്റാണ്ടുകളില്‍ രാജഭരണത്തിന്‍ കീഴില്‍ കഴിഞ്ഞ ഏതോ നാട്ടുരാജ്യത്തില്‍ നിന്നുള്ളതായിരുന്നില്ല ഈ വാര്‍ത്ത. മറിച്ച് ആധുനികതയുടേയും ജനാധിപത്യത്തിന്റേയും പൗരസ്വാതന്ത്ര്യത്തിന്റേയും മനുഷ്യാവകാശങ്ങളുടേയും പാഠങ്ങള്‍ കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടുകാലമായി പഠിച്ചുകൊണ്ടിരിക്കുന്ന, അടിയന്തരാവസ്ഥയുടെ കരാളതയെ ചെറുത്തു തോല്‍പ്പിച്ച ഇന്ത്യയിലെ ഒരു സംസ്ഥാന ഭരണകൂടം മുന്‍ എംപിയായ ആത്തിഖ് അഹ്മദിന്റേയും സഹോദരന്റേയും കൊലപാതകങ്ങളെക്കുറിച്ച് നല്‍കിയ വ്യാഖ്യാനമാണത്. ഡെമോക്രസിയല്ല തിയോക്രസിയാണോ ഇപ്പോള്‍ ഇന്നാട്ടില്‍ സംശയം ജനിപ്പിക്കുന്ന രീതിയിലായിപ്പോയി ഈ വിശേഷണം എന്നു വിമര്‍ശനം സാമൂഹ്യമാദ്ധ്യമങ്ങളിലും മറ്റും വ്യാപകമായി ഉയരുകയും ചെയ്തു. 

ആത്തിഖ് അഹ്മദിന്റെ പത്തൊമ്പതുകാരനായ മകന്‍ അസദ് അഹ്മദ് നേരത്തെ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടുവെന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചിരുന്നു. രാജു പാല്‍ വധക്കേസിലെ സാക്ഷി ഉമേഷ് പാലിനെ കൊലപ്പെടുത്തിയ സംഘത്തിലെ അംഗമായിരുന്നു അസദ് അഹ്മദ് എന്നും പൊലീസ് പറഞ്ഞിരുന്നു. ഏപ്രില്‍ 15 രാത്രി പതിവു മെഡിക്കല്‍ ചെക്ക് അപ്പിനു കൊണ്ടുപോകും വഴി ദൃശ്യമാദ്ധ്യമങ്ങളുടെ തത്സമയ സംപ്രേഷണത്തിനിടെ 'പ്രശസ്തിക്കുവേണ്ടി താല്പര്യപ്പെട്ട' മൂന്നു ചെറുപ്പക്കാരുടെ തോക്കുകള്‍ക്കു മുന്‍പില്‍ ആത്തിഖ് അഹ്മദും സഹോദരന്‍ അശ്‌റഫും പിടഞ്ഞൊടുങ്ങുകയും ചെയ്തു. 

മാര്‍ച്ച് 2017-ല്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ യോഗി ആദിത്യനാഥിന്റെ ഭരണത്തിന്‍ കീഴിലെ 183-ാം നമ്പര്‍ ഏറ്റുമുട്ടലായിരുന്നു അസദിന്റേത്. ഉത്തര്‍പ്രദേശില്‍ ഇത്തരത്തിലുള്ള ഏറ്റുമുട്ടല്‍ കൊലകള്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍, യു.പിയിലെ ജനങ്ങളില്‍ വലിയൊരു വിഭാഗം യോഗി ആദിത്യനാഥിന്റെ ഈ നടപടികളെ തെറ്റായി കാണുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിശേഷിച്ചും കുറച്ചുകാലമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന നഗര മദ്ധ്യവര്‍ഗ്ഗ ജനത. 2022-ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ യോഗി ആദിത്യനാഥും ബി.ജെ.പിയും മുന്നോട്ടുവെച്ച പ്രധാന മുദ്രാവാക്യം 'സുരക്ഷ'യായിരുന്നു. 

മാഫിയകളേയും ക്രിമിനലുകളേയും ഉരുക്കുമുഷ്ടിയോടെ നേരിടാന്‍ പ്രാപ്തനായ ഭരണാധികാരി എന്ന നിലയിലാണ് ഉത്തര്‍പ്രദേശിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ യോഗി ആദിത്യനാഥിനെ കാണുന്നത്. ഭൂമി കയ്യേറ്റക്കാരില്‍നിന്നും ക്രിമിനലുകളില്‍നിന്നും സാധാരണക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തി ഉത്തര്‍പ്രദേശിനെ സമാധാനപരമായ ഒരു സമൂഹമാക്കി മാറ്റുമെന്ന് യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പുവേളയില്‍ വാഗ്ദാനം ചെയ്തിരുന്നു. കുറ്റകൃത്യങ്ങളുടെ ചരിത്രമുള്ളവര്‍, ഗുണ്ടാസംഘങ്ങള്‍, കലാപകാരികള്‍ എന്നൊക്കെ ഭരണകൂടം കരുതുന്ന ആളുകളുടെ സ്വത്തുക്കള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിക്കാന്‍ ഉത്തരവിട്ടതിന് അദ്ദേഹം നേടിയ വിശേഷണം 'ബുള്‍ഡോസര്‍ ബാബ' എന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായ 2022-ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഈ സുരക്ഷാ അജന്‍ഡയെ കൂടുതല്‍ ഉയര്‍ത്തിക്കാട്ടുന്നതിനു ബി.ജെ.പിക്കു പ്രയോജനപ്പെടുകയും ചെയ്തു. ഇക്കാര്യത്തില്‍ അദ്ദേഹം നേടിയ ജനപ്രിയത ഭൂമി എന്നത് സുപ്രധാന ഘടകമായ വികസ്വരമായ സമ്പദ്ഘടനയുമായും അതിന്റെ ഭാഗമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന നഗര മദ്ധ്യവര്‍ഗ്ഗവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ നഗര മദ്ധ്യവര്‍ഗ്ഗം ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ്. അവര്‍ കരുതുന്നത് മുസ്‌ലിങ്ങളാണ് മാഫിയയും ക്രിമിനലുകളും എന്നാണ്. അതുകൊണ്ടുതന്നെ ബി.ജെ.പിക്കു സഹായകമായ രീതിയില്‍ സുരക്ഷ എന്ന അജന്‍ഡയ്ക്ക് ഒരു വര്‍ഗ്ഗീയമാനവും കൈവരുന്നു. 

കടുത്ത നിലപാടുകളുള്ള, കാര്യക്ഷമതയുള്ള ഭരണാധികാരി എന്ന പ്രതിച്ഛായ സംസ്ഥാനത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കു വളര്‍ത്തിയെടുക്കാന്‍ ഇത് യു.പി മുഖ്യമന്ത്രിയെ സഹായിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ ഭരണത്തിന്‍ കീഴിലുള്ള ഹിന്ദി സംസ്ഥാനങ്ങളിലെ ബി.ജെ.പി അനുഭാവികള്‍ക്ക് യോഗി ആദിത്യനാഥ് ഇന്ന് ഒരു ഐക്കണായി മാറിയിട്ടുണ്ട്. യോഗി എല്ലാം ശരിയാക്കും എന്ന് യു.പിയിലെ അരാഷ്ട്രീയ സമൂഹം കരുതുന്നതില്‍ അദ്ഭുതമില്ല. എല്ലാക്കാലത്തും ശക്തരും പൗരുഷവീര്യമുള്ളവരുമായ ഭരണാധികാരികളില്‍ എല്ലാക്കാലത്തും രക്ഷകനെ കാത്തിരിക്കുന്ന ആത്മബലം കുറഞ്ഞ ജനത പ്രതീക്ഷ പുലര്‍ത്തുന്നതിലും. തീര്‍ച്ചയായും യോഗി ആദിത്യനാഥിന്റെ കാലത്തെ പുതുമകളിലൊന്നല്ല ഏറ്റുമുട്ടല്‍ കൊലകള്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏറ്റുമുട്ടല്‍ കൊലകള്‍ക്കു ദീര്‍ഘിച്ച ഒരു ചരിത്രമുണ്ട്. 

ക്രമസമാധാനത്തിന്റെ രംഗത്ത് ഉരുക്കുമുഷ്ടിയോടെ ഇടപെടുന്ന മുഖ്യമന്ത്രി എന്ന പ്രതിച്ഛായ ഉത്തര്‍പ്രദേശില്‍ ഇതാദ്യമായിട്ടു യോഗി ആദിത്യനാഥിനു കിട്ടുന്നതല്ല. മായാവതിയും ക്രമസമാധാന പാലനത്തില്‍ ഫലപ്രദമായി ഇടപെട്ടു എന്ന വിലയിരുത്തലിനു പാത്രമായിരുന്നു. എന്നാല്‍, യോഗി ആദിത്യനാഥ് വ്യത്യസ്തനാകുന്നതു ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പോലുള്ള നടപടികള്‍ കൈക്കൊള്ളുമ്പോള്‍ ഉണ്ടാകുന്ന വിമര്‍ശനങ്ങളോടുള്ള പ്രതികരണത്തിലാണ്. 'ഗുജറാത്ത് ഫയല്‍സ്: ദ അനാട്ടമി ഒഫ് എ കവര്‍ അപ്' എന്ന പുസ്തകത്തില്‍ റാണാ അയൂബ് മനുഷ്യാവകാശ മുറവിളികളോട് ആഭ്യന്തരമന്ത്രി അമിത് ഷാ എങ്ങനെ അവജ്ഞാപൂര്‍വ്വം പ്രതികരിച്ചുവെന്നു വിശദീകരിക്കുന്നുണ്ട്. ഇപ്പോഴത്തെ യു.പി മുഖ്യമന്ത്രിയും അക്കാര്യത്തില്‍ അമിത് ഷായില്‍നിന്നും വ്യത്യസ്തനല്ലെന്ന് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍നിന്നും വ്യക്തമാണ്. 

നഗരകേന്ദ്രിത വികസനം ശക്തമായി നടപ്പായിവരുന്ന ഒരു സംസ്ഥാനമാണ് ഇന്ന് ഉത്തര്‍പ്രദേശ്. യു.പിയിലെ പ്രധാന നഗരങ്ങള്‍ - ആഗ്ര, അലിഗഡ്, കാണ്‍പൂര്‍, ലഖ്നൗ, അലഹബാദ്, വാരാണസി - അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ചെറുപട്ടണങ്ങളില്‍പോലും നഗരവല്‍ക്കരണ പ്രക്രിയ ത്വരിതഗതിയിലായി, ഇത് നഗരങ്ങള്‍ക്കു ചുറ്റുമുള്ള ഗ്രാമീണ സ്ഥലങ്ങളേയും മാറ്റിമറിച്ചു. പട്ടണങ്ങളില്‍ ഭൂമിയുടെ വില വര്‍ദ്ധിച്ചു. ഹൈവേകളുടെ വിപുലീകരണം ഹൈവേകള്‍ക്കു സമീപമുള്ള ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ ഭൂമിയുടെ മൂല്യം വര്‍ദ്ധിക്കാന്‍ കാരണമായി. സ്വാഭാവികമായി ഭൂമാഫിയയുടെ വ്യാപനവും ഉണ്ടായി. ഇത് സ്വത്തവകാശമുള്ള വിഭാഗങ്ങളുടെ അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിച്ചു. മധ്യവര്‍ഗ്ഗങ്ങള്‍ക്കിടയിലെ ഈ അരക്ഷിതാവസ്ഥയാണ് യോഗി തന്റെ 'സുരക്ഷ' ആഖ്യാനത്തിലൂടെ മുതലെടുത്തുകൊണ്ടിരിക്കുന്നത്. ഏതായാലും ദേശീയ രാഷ്ട്രീയത്തില്‍ തന്നെ മോദിക്കു ശേഷം യോഗി ആദിത്യനാഥ് ആ സ്ഥാനത്തേക്ക് ഉയര്‍ന്നുവരാനുള്ള സാദ്ധ്യത ഈ സംഭവ വികാസങ്ങള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. 

നിയമബാഹ്യമായ നടപടി 

ഒരു കുറ്റാരോപിതനെ കൊല്ലാന്‍ അധികാരപ്പെടുത്തുന്ന നേരിട്ടുള്ള വ്യവസ്ഥകളൊന്നും ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഇല്ല. ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍, ഓരോ പൗരനും ഈ അവകാശം ലഭിക്കുന്നുണ്ടോ? ഇന്ത്യയില്‍ നിയമത്തിനു മുന്‍പാകെ എല്ലാവരും സമന്മാരാണെങ്കിലും എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങളിലൂടെ പൗരന്മാരുടെ അവകാശങ്ങള്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ തന്നെ നിഷേധിക്കുന്നതായാണ് അനുഭവം. ഇത്തരം നടപടികളെ ജനാധിപത്യത്തിനു നേരെ ഉയരുന്ന ഭീഷണിയായിട്ടാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും ജനാധിപത്യ പ്രസ്ഥാനങ്ങളും കണക്കാക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് മനുഷ്യാവകാശങ്ങള്‍ എന്നപോലെ തന്നെ മൗലികാവകാശങ്ങളും ഇതു നിഷേധിക്കുന്നുണ്ട്. ഇത്തരം ഭരണകൂട കൊലപാതകങ്ങള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21, 22 പ്രകാരമുള്ള വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

പൗരന്‍ അടിസ്ഥാന യൂണിറ്റായ ആധുനിക ദേശരാഷ്ട്രങ്ങളിലാണ് നിയമബാഹ്യമായ കൊലപാതകങ്ങളെ അനീതിയായി കണക്കാക്കാന്‍ ആരംഭിച്ചത്. പ്രജ (Subject) എന്ന പദവിയില്‍നിന്നും നിയമത്തിനു മുന്‍പാകെ സമത്വം ആസ്വദിക്കുന്ന പൗരന്‍ (Citizen) എന്ന പദവിയിലേക്കു ജനാധിപത്യത്തിനുവേണ്ടിയുള്ള സമരങ്ങള്‍ മുഖാന്തരം നേടിയെടുത്ത സ്ഥാനക്കയറ്റമാണ് ഇതു സാദ്ധ്യമാക്കിയത്. അതുകൊണ്ടുതന്നെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നമ്മുടെ മുന്‍തലമുറകള്‍ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നടത്തിയ സമരങ്ങളെ ഫലത്തില്‍ റദ്ദു ചെയ്യുന്നുവെന്ന് തിരിച്ചറിയാനാകുന്നത് ചരിത്രബോധമുള്ള ജനതയ്ക്കു മാത്രമാണ്. 

മനുസ്മൃതി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മുന്‍കാല ഇന്ത്യന്‍ ക്രിമിനല്‍ നിയമ വ്യവസ്ഥയെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്ന ഹിന്ദു ഗ്രന്ഥങ്ങള്‍ സമാധാനം സംരക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ ഒഴിവാക്കുന്നതിനുമായി കുറ്റവാളികള്‍ പീഡിപ്പിക്കപ്പെടണമെന്ന് അനുശാസിക്കുന്നുണ്ട്.

പഴയകാലത്ത് രാജാക്കന്മാര്‍ ഭരിച്ചിരുന്ന പ്രദേശങ്ങളില്‍ മനുവിന്റെ കോഡ് പോലെ മതാനുശാസനകളുടെ അടിസ്ഥാനത്തിലായിരുന്നു ഏറിയും കുറഞ്ഞും ക്രമസമാധാന പാലനം. അത്തരം ഇടങ്ങളില്‍ രാജാവ് തന്നെയായിരുന്നു ജഡ്ജിയും ജൂറിയും ആരാച്ചാരും. ഭരണകൂടം അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുമായിരുന്നു. സത്യം ചുരുളഴിച്ചെടുക്കുന്നതിനു ഇന്നു നടക്കുന്നതുപോലെതന്നെ ആ ഉദ്യോഗസ്ഥരില്‍ പലരും കുറ്റവാളിയെന്നു കരുതുന്നയാളെ പീഡിപ്പിക്കുകയും ചിലര്‍ പീഡനത്തെ ഭയന്ന് ചെയ്യാത്ത കുറ്റകൃത്യങ്ങള്‍ ചെയ്‌തെന്ന് അംഗീകരിക്കാന്‍ നിര്‍ബ്ബന്ധിതരാകുകയും ചെയ്തു. നീതിപാലകരില്‍നിന്നുള്ള പീഡനങ്ങള്‍ ചിലപ്പോള്‍ കുറ്റവാളിയെന്നു കരുതുന്നയാളുടെ മരണത്തിലേക്കു നയിക്കുകയും ചെയ്തിരുന്നു. 

ബ്രിട്ടീഷുകാരില്‍നിന്നു സ്വാതന്ത്ര്യം നേടിയതിനു ശേഷവും ഇന്ത്യയില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ എന്നറിയപ്പെടുന്ന നിരവധി നിയമവിരുദ്ധ കൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Cr. PC സെക്ഷന്‍ 46, IPC സെക്ഷന്‍ 96 എന്നിവയുടെ മറവില്‍ നിയമം ഉപയോഗിച്ച് ആധുനിക രാഷ്ട്രത്തിലും വിചാരണയ്ക്കു മുന്‍പേ പ്രതികളെ പൊലീസ് കൊല്ലുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ കൊലപാതകം നിയമപരമാണെന്നും ആര്‍ക്കും ചോദ്യം ചെയ്യാനാകില്ലെന്നും കാണിക്കാന്‍ വസ്തുതകള്‍ വളച്ചൊടിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരും ഭരണകൂടവും ശ്രമിക്കുകയും ചെയ്യുന്നു. യു.പിയിലേതുപോലെ രാഷ്ട്രീയ ജാഗ്രത കുറഞ്ഞ ഇടങ്ങളില്‍ ഇത്തരം കൊലപാതകങ്ങള്‍ക്കു പൊതുസമൂഹത്തിലൊരു വിഭാഗത്തിന്റെ അംഗീകാരം നേടിയെടുക്കാനും കഴിയുന്നു. 

സമീപകാലത്ത് ഇത്തരം കൊലപാതകങ്ങളുടെ എണ്ണം പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലോ ജുഡീഷ്യല്‍ കസ്റ്റഡിയിലോ ഉള്ള പ്രതികള്‍ ശാരീരിക പീഡനം, മാനസിക പീഡനമെന്നിവയെല്ലാം അനുഭവിക്കുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ കുറ്റവാളിയെന്നു സംശയിക്കുന്നയാള്‍ ഏറ്റുമുട്ടാന്‍ മുതിരുകയും ഏറ്റുമുട്ടലിനിടയില്‍ കൊല്ലപ്പെടുകയും ചെയ്തുവെന്ന ഭാഷ്യം ചമയ്ക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത്തരം കൊലപാതകങ്ങള്‍ക്കു ഭരിക്കുന്നവരുടെ മൗനാനുവാദം ഉണ്ടായിരിക്കുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്തിരുന്നാല്‍പോലും കുറ്റവാളിക്കു ലഭ്യമാകേണ്ട സ്വാഭാവിക നീതിയുടെ ലംഘനമാണ് അവിടെ നടക്കുന്നതെന്നു മനുഷ്യാവകാശ സംഘടനകളും നിയമജ്ഞരും നിരന്തരം ചൂണ്ടിക്കാണിച്ചു പോരുന്നുണ്ട്. 

ഇന്ത്യയില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കു ദീര്‍ഘിച്ച ഒരു ചരിത്രമുണ്ട്. കൊളോണിയല്‍ ഭരണകാലത്ത് ഇങ്ങനെ കൊല്ലപ്പെട്ട പഴശ്ശിരാജ മുതല്‍ റംപ കലാപനായകനായ അല്ലൂരി സീതാരാമ രാജു വരെയുള്ളവര്‍ നമ്മുടെ സ്വാതന്ത്ര്യ തൃഷ്ണയെ ജ്വലിപ്പിക്കുകയും അവരുടെ കൊലപാതകങ്ങളില്‍ അന്തര്‍ഭവിച്ചിട്ടുള്ള അനീതിയെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. കൊളോണിയല്‍ ഭരണത്തിനു കീഴിലുള്ള സമൂഹത്തിനു അവരും കുറ്റവാളികളായിരുന്നു, കൊല്ലപ്പെടേണ്ടവരായിരുന്നു.

ഏറ്റുമുട്ടല്‍ കൊലകള്‍ ഇതുവരെ

ഏറ്റുമുട്ടല്‍ കൊല എന്നത് പൊലീസോ സായുധസേനയോ നടത്തുന്ന നിയമവിരുദ്ധമായ കൊലപാതകമാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ ഗുണ്ടാസംഘങ്ങളേയോ തീവ്രവാദികളേയോ നേരിടുമ്പോള്‍ സ്വയം പ്രതിരോധത്തിനായാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തുന്നത്.

വെടിവയ്പ് സാഹചര്യമെന്നാണ് ഉദ്യോഗസ്ഥര്‍ സാധാരണ സംഭവങ്ങളെ വിശേഷിപ്പിക്കുന്നത്. ഒരു ക്രിമിനല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അവ പലപ്പോഴും ആരംഭിക്കുന്നത്. 
എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് മൂന്നാംമുറ പ്രയോഗത്തെത്തുടര്‍ന്നോ മറ്റോ കുറ്റവാളിയെന്നു സംശയിക്കപ്പെടുന്നയാള്‍ കൊല്ലപ്പെടുമ്പോഴും ഭരിക്കുന്നവരുടെ മൗനാനുവാദത്തോടെ പൊലീസ് ഉദ്യോഗസ്ഥര്‍ കൊല നടത്തുമ്പോഴും കുറ്റവാളികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നു വ്യാഖ്യാനിക്കപ്പെടാറുണ്ട്. 

ഏറ്റുമുട്ടല്‍ കൊലകളുടെ തലസ്ഥാനം എന്ന വിശേഷണത്തിനു തീര്‍ത്തും അര്‍ഹമാണ് ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനം. 2017-ല്‍ യോഗി ആദിത്യനാഥ് അധികാരമേറ്റ ആറു കൊല്ലത്തിനുള്ളില്‍ 183 പേരാണ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത്. ആദിത്യനാഥ് ആദ്യമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ 2017 മാര്‍ച്ചിനുശേഷം സംസ്ഥാനത്ത് 10,900-ലധികം പൊലീസ് ഏറ്റുമുട്ടലുകള്‍ നടന്നതായി യു.പി പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ഏറ്റുമുട്ടലുകളില്‍ 23,300 പേരെ അറസ്റ്റ് ചെയ്യുകയും 5,046 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പരുക്കേറ്റ പൊലീസുകാര്‍ 1,443 ആയിരുന്നു. 13 പൊലീസുകാരും മരിച്ചു. പൊലീസുകാരില്‍ എട്ടു പേരെ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ വികാസ് ദുബെയുടെ അനുചരരാണ് കൊലപ്പെടുത്തിയത്. 

1993-നും 2009-നുമിടയില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ (NHRC) കണക്കുപ്രകാരവും 716 സംഭവങ്ങളുമായി ഉത്തര്‍പ്രദേശാണ് ഒന്നാമത്. 

ചരിത്രത്തിലെ എന്‍കൗണ്ടറുകള്‍ 

ഇന്ത്യയില്‍ വിവാദമായ ആദ്യത്തെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം ബാബാ ബുഝാ സിംഗ് എന്ന സ്വാതന്ത്ര്യസമര സേനാനിയുടേതായിരുന്നു. ഗദര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി പൊതുജീവിതം ആരംഭിക്കുകയും കിര്‍ത്തി എന്ന യുവ വിപ്ലവകാരി ഗ്രൂപ്പിന്റെ ഭാഗമായിരിക്കുകയും പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റേയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യയുടേയും പ്രവര്‍ത്തകനായിരിക്കുകയും ചെയ്ത ബുഝാ സിംഗ് 1970 ജൂലൈ മാസത്തിലാണ് നക്‌സലൈറ്റ് ബന്ധമാരോപിച്ച് പിടികൂടി പൊലീസുകാരാല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നത്. സിംഗിനെ വധിച്ചശേഷം പൊലീസ് അദ്ദേഹത്തിന്റെ മൃതശരീരം കനാലിലെറിയുകയായിരുന്നു. പിന്നീട് സി.പി.ഐ നേതാവും അന്ന് നിയമസഭാംഗവുമായ സത്യപാല്‍ ഡംഗിന്റെ നേതൃത്വത്തിലുണ്ടായ ഇടപെടലിനെത്തുടര്‍ന്ന് പ്രകാശ് സിംഗ് ബാദല്‍ ഗവണ്‍മെന്റ് അന്വേഷണം പ്രഖ്യാപിച്ചു. വി.എം. താര്‍ക്കുണ്ടെ കമ്മിഷന്‍ ഇത് വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്നു കണ്ടെത്തുകയും ചെയ്തു. 

1984-നും 1995-നും ഇടയില്‍ ഖലിസ്ഥാന്‍ വിഘടനവാദകാലത്താണ് 'പൊലീസ് ഏറ്റുമുട്ടല്‍' എന്ന പദം പ്രചുരപ്രചാരത്തിലായത്. ഈ സമയത്ത് പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രാദേശിക പത്രങ്ങള്‍ക്കും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും 'ഏറ്റുമുട്ടലുകള്‍' റിപ്പോര്‍ട്ട് ചെയ്യുന്നത് സാധാരണയായിരുന്നു. തീവ്രവാദമുദ്ര ചുമത്തിയായിരുന്നു കൊലകള്‍. 

നാല് പതിറ്റാണ്ട് പഴക്കമുള്ള നക്‌സലൈറ്റ് പ്രക്ഷോഭ ചരിത്രമുള്ള സംസ്ഥാനമായ ആന്ധ്രപ്രദേശ് ആണ് ഏറ്റവുമധികം ഏറ്റുമുട്ടല്‍ മരണങ്ങള്‍ രേഖപ്പടുത്തിയ സംസ്ഥാനങ്ങളിലൊന്നാണ്. 2019 വരെ 2,980 പേര്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. 1967 മെയ് 27-ന് കെ. ബ്രഹ്മാനന്ദ റെഡ്ഡി കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള കാലത്താണ് സംസ്ഥാനത്തെ ആദ്യത്തെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നത്. കൊല്‍ക്കത്തയില്‍ സി.പി.ഐ (എം.എല്‍) പ്രഖ്യാപന പരിപാടിയില്‍ പങ്കെടുത്ത് ശ്രീകാകുളത്ത് മടങ്ങിയെത്തിയ ആറു യുവാക്കള്‍ കൊല്ലപ്പെട്ടു. സോംപേട്ട റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. ഗവണ്‍മെന്റില്‍നിന്ന് അനുമതി ലഭിച്ചതിനുശേഷമാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ആരോപിക്കപ്പെടുന്നു. 

2002നും 2006-നുമിടയില്‍ ഗുജറാത്തില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 22 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ആണ്. ഇതിലേറെയും രാഷ്ട്രീയ പ്രേരിതമായി നടന്നവയെന്ന് ആരോപിക്കപ്പെട്ടവയാണ്. ഇസ്രത് ജഹാന്‍, സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ്, തുളസീറാം പ്രജാപതി, ജാവേദ് ഗുലാം ഷെയ്ഖ് എന്ന പ്രാണേഷ് പിള്ള തുടങ്ങിയവരുടെ വധങ്ങള്‍ വലിയ വിവാദമുയര്‍ത്തിയവയാണ്. 

സി.പി.ഐ മാവോയിസ്റ്റ് അടക്കമുള്ള തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതാക്കളുടെ ജീവിതം മിക്കപ്പോഴും അവസാനിച്ചത് ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകളിലാണ്. രാജ്കുമാര്‍ എന്ന ചെറുകുറി ആസാദ്, കോടേശ്വര റാവു തുടങ്ങി നിരവധി നേതാക്കളെ ഇങ്ങനെ കൊലപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഗഡ്ചറോളി, ഛത്തീസ്ഗഢ് സംസ്ഥാനത്തിലെ നിരവധി മാവോയിസ്റ്റ് സ്വാധീന മേഖലകള്‍, പടിഞ്ഞാറന്‍ ബംഗാള്‍ എന്നിവിടങ്ങളിലെല്ലാം നക്‌സല്‍ ബന്ധം ആരോപിക്കപ്പെട്ട നിരവധി പേര്‍ ഇത്തരം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നു മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. കേരളത്തില്‍ ഈയടുത്ത് നടന്ന സി.പി. ജലീലിന്റെ കൊലപാതകം ഏറ്റുമുട്ടലിലാണെന്ന് പൊലീസ് അവകാശപ്പെട്ടിരുന്നു.

2004 ഒക്ടോബര്‍ 18-ന് കെ. വിജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്.ടി.എഫ്) നടത്തിയ ഏറ്റുമുട്ടലിലാണ് വീരപ്പന്‍ കൊല്ലപ്പെട്ടത് എന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ചില മനുഷ്യാവകാശ സംഘടനകള്‍ വാദിച്ചത് അദ്ദേഹം വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ്.

ഈ ലേഖനം കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com