'സാന്ത്വനമായും അഭയമായും പ്രണയം എന്റെ കവിതകളില്‍ കടന്നുവരുന്നു'

പട്ടണത്തില്‍നിന്ന് പോരുന്ന വഴി വായിക്കാനൊന്നുമില്ലാതെ തെരുവില്‍നിന്ന് എടുത്ത് കീശയിലിട്ട കല്ല് മനുഷ്യചരിത്രമാകുന്ന വരികള്‍
'സാന്ത്വനമായും അഭയമായും പ്രണയം എന്റെ കവിതകളില്‍ കടന്നുവരുന്നു'

കോഴിക്കോട് കല്ലായി റെയില്‍വേ സ്റ്റേഷന്‍. തീവണ്ടികള്‍ പോയി, ആളൊഴിഞ്ഞ പ്ലാറ്റ്‌ഫോമില്‍ കവി പി.എ. നാസിമുദ്ദീന്‍. തെരുവുകളില്‍ വാക്ക് തിരയുന്ന കവി. പട്ടണത്തില്‍നിന്ന് പോരുന്ന വഴി വായിക്കാനൊന്നുമില്ലാതെ തെരുവില്‍നിന്ന് എടുത്ത് കീശയിലിട്ട കല്ല് മനുഷ്യചരിത്രമാകുന്ന വരികള്‍. തൂപ്പുകാരി അടിച്ചുകൂട്ടിയ പാഴ്‌വസ്തുക്കളിലും വാടകത്തൊഴിലാളികളുടെ ഉദ്വിഗ്‌നതയിലും മാര്‍ദ്ദവമില്ലാത്ത പാതകളിലും ചേരാത്ത പണിയായുധങ്ങളിലും വളരുന്ന ബിംബങ്ങള്‍. എഴുത്തും കവിതയും തമ്മിലുള്ള സംശ്ലേഷണമാണ് നാസിമുദ്ദീന്‍ കവിതകളുടെ സവിശേഷത. നടപ്പിലും സംസാരത്തിലും ചായകുടിയിലും നിറയുന്ന മുഴുകവിത. പതിനെട്ടാം വയസ്സ് മുതല്‍ സമൂഹത്തിന്റെ തുറകളില്‍നിന്ന് അകന്നുമാറി നിശ്ശബ്ദനായി എഴുതി. പിന്നീട് കെ.ജി. ശങ്കരപ്പിള്ളയുടെ സമകാലീന കവിതയിലൂടെയാണ് മലയാളം കണ്ടെടുക്കുന്നത്. ജീവിതം വാറ്റിയെടുക്കുമ്പോള്‍ തുള്ളികളായി തണുക്കുന്ന ഉന്മാദത്തെ കുറിച്ചു മാത്രമല്ല, മട്ടായി ഉറഞ്ഞുകൂടുന്ന മടുപ്പിനെക്കുറിച്ചും എഴുതുന്നയാളെന്ന് എം.എന്‍. വിജയന്‍ ആദ്യ സമാഹാരത്തിന് മുഖക്കുറിയെഴുതി.

ദൈവവും കളിപ്പന്തും, വൈകുന്നേരം ഭൂമി പറഞ്ഞത് എന്നീ സമാഹാരങ്ങള്‍ അനുഭവത്തിന്റേയും അന്വേഷണത്തിന്റേയും സഞ്ചാരപഥങ്ങളിലേക്ക് മലയാള കവിതയെ കൊണ്ടുവന്നു. മാര്‍ത്തോമ്മാ നഗറിലെ പ്രതിമകളായി നില്‍ക്കുന്ന പുണ്യവാളന്മാര്‍ എങ്ങനെയായിരിക്കും ജീവിതത്തെ നേരിട്ടതെന്ന ചോദ്യത്തിലൂടെ ആധുനികതയുടെ സ്ഥിരവും ഉറച്ചതുമായ ദര്‍ശനങ്ങളുടെ നിശ്ചലാവസ്ഥയില്‍ സന്ദേഹപ്പെട്ട ഈ കവി, രാഷ്ട്രീയാധുനികതയും ഉത്തരാധുനികതയും കടന്ന് കവിതയില്‍ സത്യാനന്തരകാലത്തിന്റെ വിപല്‍സന്ദേശങ്ങള്‍ ഉയര്‍ത്തുന്നു. 

ഒബ്‌സസീവ് ന്യൂറോസിസ്, പള്ളിക്കല്‍ ബസാര്‍, ഒരാള്‍ ഒരിടം രണ്ടുയാത്ര, അസമിന്റെ കരച്ചില്‍, മടുപ്പ്, യോഗിനീ മല്ലമ്മയും സൂഫി ഫരീദ് ബാബയും നോട്ടം തുടങ്ങി ഈ അടുത്ത കാലത്ത് എഴുതിയ കവിതകള്‍ വ്യക്തിയും സമൂഹവും കടന്നുപോവുന്ന തീപാലങ്ങള്‍ തീവ്രമായി അനുഭവപ്പെടുത്തുന്നു. കവിതയെഴുതുവാന്‍ അര്‍ഹത നേടേണ്ടവന്‍ അറിയേണ്ടത് കൂടു നഷ്ടപ്പെട്ട പക്ഷിയുടെ ചുറ്റിക്കറങ്ങലാണ്, വിശപ്പിന്റെ വേദനയാണ് എന്ന് എഴുതിയ കവി തന്റെ കഴിഞ്ഞുപോയ അപൗരജീവിതവും കാഴ്ചപ്പാടുകളും വിശദീകരിക്കുന്നു.

താങ്കളുടെ കവിതകളില്‍ സമൂഹത്തില്‍നിന്നുള്ള ഒരു പുറന്തള്ളല്‍ അനുഭവപ്പെടുന്നു. ഉദാ: ജനാല, സ്‌കിസോഫ്രീനിയ, കല്ല് ആ വിച്ഛേദനത്തെ സാധ്യമാക്കിയ കാവ്യസ്ഥലങ്ങളേയും ജീവിതസ്ഥലങ്ങളേയും വിശദീകരിക്കാമോ?

സാമൂഹ്യജീവിതം എന്ന് വിവക്ഷിക്കുന്നത് തികച്ചും ആപേക്ഷികവും നിര്‍മ്മിതവുമാണ്. അത് എല്ലാറ്റിന്റേയും മാനദണ്ഡമല്ല. ജീവിതവിജയം, നല്ല സാമൂഹ്യജീവിതം എന്നൊക്കെ പറയുന്നത് ഒരുപാട് നിശ്ശബ്ദതകളേയും നീതികളേയും തമസ്‌കരിച്ചുകൊണ്ടും മെരുക്കിക്കൊണ്ടും നിലനില്‍ക്കുന്നതാണ്. സയന്‍സ് പോലും നാം കാണുന്ന പ്രത്യക്ഷ യാഥാര്‍ത്ഥ്യത്തെ ആത്യന്തികമായി നിഷേധിക്കുകയാണല്ലോ. സ്ഥലവും കാലവും പദാര്‍ത്ഥവുമെല്ലാം ആപേക്ഷികവും തികച്ചും മായികവുമാണെന്ന് ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ പറയുന്നു. കാലം ആപേക്ഷികമാണെന്നും പദാര്‍ത്ഥത്തിന് മൂന്ന് അവസ്ഥകള്‍ക്കപ്പുറമുള്ള മറ്റ് അവസ്ഥകളുണ്ടെന്നും ശാസ്ത്രം തെളിയിച്ചിട്ടുണ്ടല്ലോ. സമൂഹം നമ്മുടെ അവബോധത്തെ വളരെ കണ്ടീഷനിങ്ങ് ആക്കുകയും ചെറിയ വൃത്തത്തിലേക്ക് ചുരുക്കുകയും ചെയ്യുന്നു.

ഒരു കുട്ടിക്കും ഭ്രാന്തനും സന്ന്യാസിക്കുമൊക്കെ സാമൂഹികവത്കൃതനായ മനുഷ്യരേക്കാള്‍ വ്യത്യസ്തവും പുതുമയുള്ളതുമായ അനുഭവങ്ങള്‍ ഉണ്ടായേക്കാം, അവര്‍ക്ക് മുന്‍വിധികള്‍ ഇല്ലാത്തതിനാല്‍. ലോകസാഹിത്യം ശ്രദ്ധിച്ചാല്‍ ഇത്തരം സാമാന്യബോധത്തില്‍നിന്നും normaltiyയില്‍നിന്നും വ്യത്യസ്തമായ രചനകള്‍ നമുക്ക് കാണാനാകും. വില്ല്യംബ്ലേക്കിന്റെ കവിതയില്‍ മാലാഖമാര്‍ വരുന്നതും ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥ എന്ന നോവലില്‍ നായകനോട് പുഴ സംസാരിക്കുന്നതും വൈക്കം മുഹമ്മദ് ബഷീര്‍ മരുഭൂമികള്‍ പൂക്കുന്നത് കാണുന്നതുമെല്ലാം താങ്കള്‍ പറഞ്ഞപോലുള്ള സമൂഹത്തില്‍നിന്നുള്ള വിച്ഛേദനം സംഭവിക്കുമ്പോഴാണ്.

മിഷേല്‍ ഫൂക്കോ തന്റെ madness and civilization എന്ന പുസ്തകത്തില്‍ ഫെഡറിക് നീത്‌ഷെ, വാന്‍ഗോഗ്, നാടകകൃത്തായ ആര്‍തോഡ് എന്നിവരുടെ ഭ്രാന്താവസ്ഥകളേയും സര്‍ഗ്ഗാത്മകതയേയും ബന്ധപ്പെടുത്തി സംസാരിക്കുന്നുണ്ട്. യുക്തിയുടേയും വാര്‍പ്പുശീലങ്ങളുടേയും പരിമിതികള്‍ക്കപ്പുറം പോകുന്നത് അവര്‍ക്ക് എങ്ങനെ പുതിയ അനുഭൂതികള്‍ സൃഷ്ടിക്കാന്‍ പ്രേരണയായി എന്ന് വിശദീകരിക്കുന്നു. ഭ്രാന്തുമായി ബന്ധപ്പെടുത്തിയാണ് ആ പരാമര്‍ശമെങ്കിലും ഭ്രാന്തില്ലാതെയും ഇത്തരം വിച്ഛേദനങ്ങള്‍ സാധ്യമാണ്. ഒരാള്‍ക്ക് നല്ല സാമൂഹിക ജീവിതം നയിച്ചുകൊണ്ടും ഭാവനയിലൂടെ ഇത്തരം വിച്ഛേദനങ്ങള്‍ സാധ്യമാണ്. അതിനെ പറ്റിയെല്ലാം വിധിക്കാന്‍ ഞാന്‍ ആളല്ല. ഒരുപാട് യാദൃച്ഛികതകളും അതീതപ്രവര്‍ത്തനങ്ങളും ഉള്ളടക്കം ചെയ്യപ്പെട്ടവയാണവ.

ആധുനികതയ്ക്ക് ശേഷമുള്ള ശക്തരായ കവികളില്‍ ഒരാളാണ് താങ്കള്‍. അനുഭവത്തിന്റേയും അന്വേഷണത്തിന്റേയും വഴികള്‍ തുറന്നുവെയ്ക്കുന്നുവെന്നതാണ് താങ്കളുടെ കവിതകളുടെ പ്രത്യേകത. എന്താണ് താങ്കള്‍ക്ക് കവിത? അത് താങ്കളുടെ വ്യക്തിത്വത്തെ എങ്ങനെയാണ് രൂപപ്പെടുത്തിയത്? താങ്കളുടെ വ്യക്തിത്വം കവിതയെ എങ്ങനെയാണ് രൂപപ്പെടുത്തിയത്?

കവിത ഒരു കമ്യൂണിക്കേഷന്‍ ആയിരിക്കെത്തന്നെ അതിനെ സജ്ജമാക്കുന്നതും സവിശേഷമാക്കുന്നതും ഒരാള്‍ക്ക് തന്റെ മൗലികമായ ജീവിതം നയിക്കാന്‍ (ഭാവനാപരമാണെങ്കില്‍ക്കൂടി) അയാളെ പ്രാപ്തമാക്കുന്ന ഒരു മാധ്യമമാണ് എന്ന നിലയ്ക്കാണ്. ഒരു കവിക്ക് തന്റെ തന്മയെ ഏറ്റവും അധികം പ്രകാശിപ്പിക്കാനാകുന്നതും കവിതയിലാണ്. സൗഹൃദ ബന്ധങ്ങളേക്കാള്‍ അയാള്‍ക്ക് താന്‍ തന്നെയായി വെളിപ്പെടാനും സാധാരണ ഭാഷയ്ക്ക് ആവിഷ്‌കരിക്കാന്‍ കഴിയാത്ത അനുഭവങ്ങളേയും അനുഭൂതികളേയും പകര്‍ത്താനും കഴിയുന്നത് അതിലൂടെയാണ്. ഒരുപക്ഷേ, ദൈവത്തിന് മുന്‍പിലുള്ള പ്രാര്‍ത്ഥനപോലെ വിശുദ്ധവും സ്വകാര്യവും സെന്‍സിറ്റീവുമാണത്.

ഒരേ നേരം നല്ല സാമൂഹ്യജീവിതം നയിച്ചും ഉയര്‍ന്ന ജോലികളും കുടുംബജീവിതവും പാലിച്ചുംകൊണ്ട് എഴുതുന്നവരാണ് മലയാള കവികളില്‍ മുഴുവനായും തന്നെ. ചില അപവാദങ്ങള്‍ ഒഴിച്ചാല്‍.

കുട്ടിക്കാലം തൊട്ടേ, നിരുപാധികമായ സ്വാതന്ത്ര്യം എന്റെ സ്വഭാവത്തിലെ അഭിന്ന ഘടകമായിരുന്നു. പഠിക്കാനുള്ള ശേഷിയുണ്ടായിട്ടും എനിക്ക് യാന്ത്രികമായ പഠനത്തോടും മറ്റു അധികാര ഘടനകളോടും അകന്ന് വായന, സ്വതന്ത്ര ചിന്ത മുതലായ ജ്ഞാനമാര്‍ഗ്ഗങ്ങളായിരുന്നു പഥ്യം. അക്കാലത്തുണ്ടായ ആത്മീയ, ബൗദ്ധിക സൗഹൃദങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ടാകാം. അടിയന്തരാവസ്ഥയിലെ ജയില്‍വാസം കഴിഞ്ഞ്, നക്‌സലൈറ്റ് പ്രസ്ഥാനത്തോട് വിടപറഞ്ഞ വ്യക്തിവാദികളും കാല്പനികരുമായ ധിഷണാശാലികളായിരുന്നു അവര്‍. സമൂഹത്തില്‍നിന്നകന്ന് ഒരു സമാന്തര ലോകത്ത് ജീവിച്ച അവര്‍ ഒരുപക്ഷേ, കേരളത്തിലെ പല വ്യവസ്ഥാപിത ബുദ്ധിജീവികളേക്കാളും ക്രിയേറ്റിവും ഓര്‍ഗാനിക്കുമായിരുന്നു. അവരില്‍ പലരും അപമൃത്യുവിലോ ആത്മഹത്യയിലോ അഭയം തേടി. അവരുടെ വലയത്തില്‍ കഴിഞ്ഞിരുന്ന സങ്കീര്‍ണ്ണവും കലുഷിതവുമായ അക്കാലത്തെ എന്റെ അനുഭവങ്ങളുടെ പകര്‍ത്തിയെഴുത്താണ് എന്റെ കവിതയുടെ ആദ്യഭാഗം. ഒരുപക്ഷേ, എന്റെ സൗഹൃദവലയത്തിലെ ഈ ധിഷണാശാലികള്‍ എഴുതേണ്ടിയിരുന്ന കവിതയാണ് ഞാന്‍ എഴുതിയതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇങ്ങനെയാണ് എന്റെ വ്യക്തിത്വം എന്റെ കവിതയെ രൂപപ്പെടുത്തിയത്. അന്നത്തെ ആശയക്കുഴപ്പങ്ങളില്‍നിന്നും സങ്കീര്‍ണ്ണതകളില്‍നിന്നും തെളിച്ചം കിട്ടാനും ആശയക്കുഴപ്പങ്ങളെ പരിഹരിക്കാനും കവിത എന്ന 'സെല്‍ഫ് എക്‌സ്പ്രഷന്‍' എന്നെ സഹായിച്ചിട്ടുണ്ട്. പലപ്പോഴും സ്വന്തം മാനസികാവസ്ഥ ആവിഷ്‌കരിക്കുമ്പോള്‍ അതിനെ മാറിനിന്ന് കണ്ട് ആത്മബോധം കൈക്കൊള്ളാനും കവിതകളിലൂടെ പ്രതീക്ഷ പുലര്‍ത്തി മുന്നോട്ടുപോകാനും ഞാന്‍ ശ്രമിച്ചു. ഇതൊന്നും പ്രേരിതമായി ചെയ്തതല്ലായിരുന്നു. സ്വന്തം കവിതയെ പിന്നീടാണ് ഇങ്ങനെ തിരിച്ചറിഞ്ഞത്. അങ്ങനെ കവിത എന്റെ വ്യക്തിത്വത്തേയും രൂപപ്പെടുത്താന്‍ സഹായകമായി.

ഒരുകാലത്ത് സമൂഹത്തില്‍നിന്നും നിഷ്‌കാസനാക്കപ്പെട്ടപ്പോള്‍ ആകെ സമ്പാദ്യം കവിതകളായിരുന്നു. മറ്റെല്ലാ ഐഡന്റിറ്റികളും നഷ്ടമായിരുന്നു. അത് വിചിത്രമായ ഒരു ജീവിതാവസ്ഥയായിരുന്നു. പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം.

ഒരിക്കല്‍ ഒരു പ്രസാധകന്‍ എന്റെ കവിതകള്‍ ഇഷ്ടപ്പെട്ട് അവ പ്രസിദ്ധീകരിക്കാന്‍ വിളിച്ചു. കവിതകള്‍ കൊടുത്തുപോരുമ്പേള്‍ എനിക്ക് ശൂന്യതയാണ് അനുഭവപ്പെട്ടത്. പുസ്തകമായി പ്രസിദ്ധീകരിക്കുന്ന സന്തോഷത്തേക്കാള്‍ എന്നെ നിലനിര്‍ത്തിയിരുന്ന ഏക സ്വത്ത് കൈവിട്ടുപോയ അവസ്ഥ. ആദ്യത്തെ സമാഹാരമായ 'വൈകുന്നേരം ഭൂമി പറഞ്ഞത്' പ്രസിദ്ധീകരിക്കുമ്പോഴുള്ള മാനസികാവസ്ഥയാണ് ഞാന്‍ പറഞ്ഞത്.

പി.എ. നാസിമുദ്ദീന്‍
പി.എ. നാസിമുദ്ദീന്‍

ഉന്മാദം, ദാരിദ്ര്യം, അനാഥത്വം, അലച്ചില്‍, ക്രൗര്യം മുതലായവയുടെ കവിയായിട്ടാണ് താങ്കളെ സച്ചിദാനന്ദന്‍ വിശേഷിപ്പിക്കുന്നത്. താങ്കള്‍ എങ്ങനെ സ്വയം വിലയിരുത്തുന്നു?

ഒരു യാചകനോ വിപ്ലവകാരിക്കോ ഏതുതരം ജീവിതമാണ് താന്‍ സ്വയം ജീവിക്കുന്നതെന്ന് പുറത്തുനിന്ന് കാണുന്ന ഒരാള്‍ക്ക് കാണാനാകും പോലെ കഴിയണമെന്നില്ല. ഒരു ഭിക്ഷക്കാരനും തന്റെ ജീവിതം ഭിക്ഷക്കാരന്റേതാണെന്നും അതിന് കുഴപ്പമുണ്ടെന്നും നാം കരുതുന്ന അത്രയ്ക്ക് അര്‍ത്ഥത്തില്‍ കരുതണമെന്നില്ല. ഒരു വിപ്ലവകാരിക്കും തന്റെ ആശയം തീവ്രമായി തോന്നണമെന്നില്ല.

വാസ്തവത്തില്‍ എന്റെ അനുഭവങ്ങളാണ് ഞാന്‍ എഴുതിയത്. അവ എഴുതുമ്പോള്‍ അനാഥത്വത്തിന്റെയോ അലച്ചിലിന്റെയോ വരികളാണ് അവ എന്ന് എനിക്ക് തോന്നിയിരുന്നില്ല. വായനക്കാരും നിരൂപകരുമാണ് പിന്നീട് അവയ്ക്ക് ഇത്തരം മുദ്രകള്‍ ചാര്‍ത്തിക്കൊടുത്തത്.

സാമ്പ്രദായിക ജീവിതത്തിന്റെ സുരക്ഷിതത്വമുപയോഗിച്ച് ജീവിതാന്വേഷണത്തിന്റെ വഴികളിലേക്ക് തിരിഞ്ഞതായി താങ്കളുടെ ഓര്‍മ്മക്കുറിപ്പുകളിലുണ്ട്. കവിതകളിലും അത്തരം പരാമര്‍ശങ്ങള്‍ കാണാം. എന്തായിരുന്നു അന്നത്തെ പ്രചോദനങ്ങളും അനുഭവങ്ങളും? എന്നാണ് ആദ്യ കവിത പ്രസിദ്ധീകരിച്ചത്?

ഞാന്‍ ആദ്യത്തെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞുവല്ലോ. കൗമാരാരംഭത്തില്‍ തന്നെ ഞാന്‍ വലിയ കണ്‍ഫ്യൂഷനുകളില്‍ ചെന്നുപെട്ടതും സമാന്തര ലോകത്ത് പെട്ടുപോയതും. എല്ലാ വായനക്കാരായ ചെറുപ്പക്കാരെയും പോലെ പുസ്തക കേന്ദ്രീകൃതമായ ആദര്‍ശലോകം എനിക്കുണ്ടായിരുന്നു. മധ്യവര്‍ഗ്ഗത്തിന്റെ ഔപചാരിക ജീവിതം കൈവെടിഞ്ഞ് ഞാന്‍ എത്തിച്ചേര്‍ന്നത് സാധാരണക്കാരായ ജനങ്ങള്‍ക്കിടയിലേക്കാണ്. തൊഴിലാളികളുടെ ഒരു ഗ്രാമമായിരുന്നു എന്റേത്. അവരുമായുള്ള സൗഹൃദം എനിക്കുണ്ടായി. അതെന്റെ കവിതയ്ക്ക് വളക്കൂറായിത്തീര്‍ന്നു.

വാസ്തവത്തില്‍ ഒരു കവിയേയോ ചിന്തകനേയോ കുറിച്ചുള്ള സങ്കല്പം തന്നെ ഇന്ന് എനിക്ക് നിരന്തരം ചലിക്കുന്ന, യാത്ര ചെയ്യുന്ന മനുഷ്യന്റേതാണ്.

പുതിയ സ്ഥലങ്ങള്‍, പുതിയ മനുഷ്യര്‍, പുതിയ അനുഭവങ്ങള്‍ എന്നിങ്ങനെ തികച്ചും ചലനാത്മകമായ ലോകം. സഞ്ചാരത്തിന്റെ ആത്മീയ ലഹരി. തത്ത്വാന്വേഷണത്തിന്റെ ആത്മഹര്‍ഷം. കവിതയുടെ സൗന്ദര്യതീക്ഷ്ണത. ഇതെല്ലാം എന്നെ മോഹിപ്പിക്കുന്ന വസ്തുതകളാണ്.

പതിനെട്ടാം വയസ്സിലാണ് ഞാന്‍ എഴുതിത്തുടങ്ങുന്നത്. സമൂഹത്തില്‍നിന്നും അകന്നുപോയ ഒരാളെന്ന നിലയില്‍ മാസികയില്‍ കവിതകള്‍ അയയ്ക്കാനുള്ള ധൈര്യമോ പത്രാധിപന്മാരുമായോ നിരൂപകരുമായോ ബന്ധങ്ങളോ ഉണ്ടായിരുന്നില്ല.

വര്‍ഷങ്ങള്‍ക്കു ശേഷം കെ.ജി. ശങ്കരപ്പിള്ളയുമായി ഉണ്ടായ ഒരു ആകസ്മിക സമാഗമമാണ് എന്റെ കവിതകളെ വീണ്ടെടുത്തത്. എന്റെ കവിതകളെല്ലാം ആര്‍ട്ടിസ്റ്റായ കൂട്ടുകാരനെക്കൊണ്ട്  നന്നായി പകര്‍ത്തി കയ്യില്‍ വെച്ചിരുന്നു. കെ.ജി.എസ് അത് സമകാലീന കവിതയിലൂടെയും മറ്റു പ്രസിദ്ധീകരണങ്ങളിലൂടെയും വെളിച്ചം കാണിച്ചു.

താങ്കളെപ്പറ്റി ഉന്മാദത്തിന്റെ കവി എന്ന രീതിയിലുള്ള വിലയിരുത്തലുകള്‍ ചില നിരൂപകരില്‍നിന്നും വായനക്കാരില്‍നിന്നും ഞാന്‍ കേട്ടിട്ടുണ്ട്. ഉന്മാദവും താങ്കളുടെ കവിതയും തമ്മിലുള്ള ബന്ധം എന്താണ്?

ഉന്മാദം എന്ന വാക്കിന് നമ്മുടെ ഭാഷയില്‍ എന്താണ് യഥാര്‍ത്ഥ അര്‍ത്ഥം എന്നെനിക്കറിയില്ല. ഇംഗ്ലീഷിലെ ecstsay എന്ന വാക്കിനെയാണ് അത് സൂചിപ്പിക്കുന്നതെന്ന് തോന്നുന്നു. ദീര്‍ഘമായോ താല്‍ക്കാലികമായോ തന്റെ ചുറ്റുപാടുകളെ മറന്നുകൊണ്ടുള്ള തീവ്രമായ ആനന്ദം എന്നാണ് ecstsay
എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അലന്‍ ഗിന്‍സ് ബര്‍ഗ്, സില്‍വിയാ പ്ലാത്ത് എന്നിവരുടെ കവിതകളില്‍ അശാന്തമായും വേഡ്‌സ്‌വര്‍ത്ത്, റില്‍ക്കെ, വില്യംബ്ലേക്ക് മുതലായവരുടെ കവിതകളില്‍ ശാന്തമായും നാം അത് അനുഭവിക്കുന്നു. ചിത്രകല, സംഗീതം, സിനിമ എന്നിവയിലെല്ലാം ഇത് നാം രുചിക്കുന്നു.

ഭ്രാന്ത് എന്ന അര്‍ത്ഥത്തിലും മലയാള ഭാഷയില്‍ ഇത് ഉപയോഗിക്കുന്നുണ്ട്. പക്ഷേ, ആദ്യം പറഞ്ഞ അനുഭവമാണ് അഥവാ ecstsay ആണ് എന്റെ കവിതകള്‍ പകരുന്നത് എന്നാണ് എന്റെ തോന്നല്‍. കൗമാരകാലത്ത് എന്റെ റോള്‍ മോഡലുകളായിരുന്ന, അടിയന്തരാവസ്ഥയിലെ ജയില്‍വാസം കഴിഞ്ഞെത്തിയ ശേഷം പ്രസ്ഥാന ജീവിതം മതിയാക്കി വായനയിലും അലച്ചിലിലും മുഴുകി ഏകാന്തജീവിതം നയിച്ചിരുന്നവരെപ്പറ്റി ഞാന്‍ മുന്‍പ് പറഞ്ഞിരുന്നല്ലോ. അവര്‍ ഒരുതരം എക്‌സെന്‍ട്രിക്കുകളായിരുന്നു. ആ ഉന്മാദം എന്റെ കവിതയിലേക്കും പടര്‍ന്നിരിക്കാം.

സാധാരണ ജീവിതത്തില്‍ ഹര്‍ഷോന്മാദം എനിക്ക് പലപ്പോഴും അനുഭവിക്കാന്‍ കഴിയുന്നുണ്ട്. പ്രകൃതിയുമായുള്ള കൂടിച്ചേരലിലും ഭാവനാലോകങ്ങളിലും ഞാന്‍ ചിലപ്പോള്‍ ഒരു കാരണവുമില്ലാതെ ഹര്‍ഷോന്മാദം അനുഭവിക്കാറുണ്ട്. സ്വാഭാവികമായും അത് എന്റെ കവിതയിലും ഉണ്ടാകുമല്ലോ. അതാണോ താങ്കള്‍ ഉദ്ദേശിച്ച ഉന്മാദം?

ഇടപ്പള്ളിയുടെ മണിനാദം, എ. അയ്യപ്പന്റെ ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍, ബഷീറിന്റേയും കമലാ സുരയ്യയുടേയും ചില രചനകള്‍ ഇവയിലെല്ലാം മനസ്സിലെ ഭ്രാന്തമായ അവസ്ഥ വിഷയമാണ്. ശിഥിലവും ഭ്രമാത്മകവുമായ മാനസിക ലോകം. ഇത്തരം ഭ്രാന്തമായ അവസ്ഥകളേയും താങ്കള്‍ ആവിഷ്‌കരിച്ചിട്ടുണ്ടല്ലോ?

പ്രപഞ്ചത്തില്‍ മനുഷ്യജീവിതത്തിന് ഒട്ടേറെ അവതരണങ്ങളുണ്ട്. പ്രാപഞ്ചിക ജീവിതം, പൗരജീവിതം എന്നിങ്ങനെ അവയിലെ രണ്ടെണ്ണത്തിനെയെടുക്കാം. തത്ത്വചിന്ത, സൗന്ദര്യബോധം, ദൈവികാനുഭൂതി എന്നിങ്ങനെ പലതരം ecstsay
യില്‍ മുഴുകി ജീവിക്കുന്നവരായിരുന്നു ഒരു കൂട്ടര്‍. പ്രാപഞ്ചിക ജീവിതം നയിച്ചവരെന്ന് ഇവരെ വിളിക്കാം. ഉപജീവനം, തൊഴില്‍, കുടുംബജീവിതം, സാമൂഹ്യനിയമങ്ങള്‍ മുതലായവയില്‍ ജീവിക്കുന്നതിനെയാണ് പൗരജീവിതം എന്ന് പറയുന്നത്. പ്രാപഞ്ചിക ജീവിതം നയിച്ചവരില്‍ പലരും നല്ല പൗരജീവിതം നയിച്ചവരല്ല. സോക്രട്ടീസ്, ഡയോജനീസ് മുതല്‍ റൂമി വരെ.

നാം ജനിക്കുന്നതിനു മുന്‍പുള്ള മുന്‍വിധികളാണ് കോമണ്‍സെന്‍സ്, നോര്‍മാലിറ്റി മുതലായ വ്യവഹാരികതകളെ നിര്‍വ്വഹിക്കുന്നത്. അവ ആപേക്ഷികവും നിര്‍മ്മിതവുമാണ്. ഈ സങ്കുചിത അളവുകോലുകളാല്‍ പ്രാപഞ്ചിക മനുഷ്യരെ വേട്ടയാടിയതിന്റെ ക്രൂരതയാണ് ചരിത്രം.

എന്റെ 'കണ്ണടകള്‍', 'മനോരോഗ വിഭാഗം', 'വാഹനക്കുരുക്ക്' മുതലായ കവിതകളില്‍ ഈ ദുരവസ്ഥ പ്രതിബിംബിക്കുന്നുണ്ട്. ചില അവസരങ്ങളില്‍ ചികിത്സയെടുക്കേണ്ടിവന്ന ദുര്‍വിധി എനിക്ക് വന്നിട്ടുണ്ട്. എന്നാല്‍, സമൂഹത്തിലെ പലരേക്കാളും അസംബന്ധതകള്‍ കുറഞ്ഞവനും നോര്‍മലുമായിട്ടാണ് എനിക്ക് എന്നെ മനസ്സിലായിട്ടുള്ളത്.

സമകാലീന ജീവിതത്തിന്റെ വിരോധാഭാസങ്ങള്‍ താങ്കളെ അസ്വസ്ഥനാക്കുന്നു. അത്രയ്ക്ക് മോശമാണോ നമ്മുടെ കാലം? ഇക്കാലത്ത് കവിക്ക് എന്തെങ്കിലും സമൂഹത്തില്‍ നിര്‍വ്വഹിക്കാനുണ്ടോ?

നമ്മുടെ സമൂഹം എത്രമേല്‍ അസംബന്ധം നിറഞ്ഞതാണെന്ന് ഏതൊരു കൊച്ചുകുട്ടിക്കും അറിയാം. സ്‌നേഹസ്വരൂപനായ ദൈവത്തിന്റെ പേരില്‍, മതങ്ങളുടെ പേരില്‍ ചോരപ്പുഴയൊഴുക്കുന്നു. ജനനേതാക്കളെക്കാള്‍ കൊലനേതാക്കള്‍ക്ക് ആധിപത്യം കിട്ടുന്ന ജനാധിപത്യം നമ്മെ തിരിഞ്ഞുകുത്തുന്നു. എന്നുവേണ്ട സമൂഹത്തിലെ ഏത് ചെറിയ രംഗമെടുത്തു നോക്കിയാലും ഈ അസംബന്ധം കാണാം.

ഇപ്പോള്‍ നുണകള്‍ സത്യമാകുന്ന സത്യാനന്തര കാലമാണല്ലോ. പോപ്പുലിസം ഒരു തീവ്രസ്വാധീനമാണ്. ഇങ്ങനെ വിരോധാഭാസങ്ങളും അസംബന്ധങ്ങളും നിറഞ്ഞ നമ്മുടെ കാലത്ത് സത്യബോധം തിരിച്ചുപിടിക്കുക എന്നതാണ് കവിതയുള്‍പ്പെടെയുള്ള സാഹിത്യരൂപങ്ങളുടെ കടമ എന്ന് ഞാന്‍ വിശ്വസിക്കുന്നു.

എഴുത്തുകാരന്‍ എന്ന നിലയില്‍ താങ്കള്‍ കടന്നുപോയത് അത്ര സാധാരണമല്ലാത്ത ദുരിതാനുഭവങ്ങളിലൂടെയാണ്. പക്ഷേ, ദുരന്തങ്ങളിലും താങ്കളുടെ കവിതകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ആത്മവിശ്വാസവും ശുഭാപ്തിയും പ്രതീക്ഷയുമാണ്. ഇതിന്റെ രസതന്ത്രം എന്താണ്?

ശുഭാപ്തിവിശ്വാസം എന്റെ കവിതകളിലുണ്ട്. 'വൈകുന്നേരം ഭൂമി പറഞ്ഞത്' എന്ന ആദ്യ സമാഹാരത്തില്‍ കല്‍പറ്റ നാരായണന്‍ അത് എടുത്തുപറയുന്നുണ്ട്. അതെന്റെ വ്യക്തിത്വത്തിലെ ഒരു സഹജഗുണമാകാം. ഒരേ നേരം സമൂഹത്തിലെ അധികാരഘടനകളില്‍നിന്ന് ഒഴിഞ്ഞുമാറി അന്യനോ അലച്ചിലുകാരനോ ആയി ജീവിക്കുക. പിന്നെ അതിന്റെ ക്രൂരവേദനകളില്‍ ശുഭാപ്തി വിശ്വാസം പുലര്‍ത്തുക. ഇത്തരം ശുഭാപ്തിവിശ്വാസം എന്നിലുണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ മുന്‍പേ മണ്ണടിഞ്ഞേനെ.

ഞാന്‍ പെട്ടുപോയ ചിന്തയുടെ വിഷമവൃത്തത്തില്‍ പലരും ആത്മഹത്യയിലോ അപമൃത്യുവിലോ അവസാനിച്ചപ്പോള്‍ എനിക്ക് എന്റെ ആശയക്കുഴപ്പങ്ങളില്‍നിന്നും രക്ഷപ്പെടാനായത് നിങ്ങള്‍ പറഞ്ഞ ശുഭാപ്തിവിശ്വാസം കൊണ്ടാകാം.

പി.എ. നാസിമുദ്ദീന്‍
പി.എ. നാസിമുദ്ദീന്‍

'ഇപ്പോള്‍ എന്റെ ഏകാന്തതയിലും ഇരുട്ടിലും
ചൂട്ടുകറ്റ മിന്നിച്ചുവരുന്ന
മരണം മാത്രം'
(ഭിക്ഷാംദേഹി)

എന്ന് താങ്കള്‍ എഴുതിയിട്ടുണ്ട്. മരണത്തെ മുന്നില്‍ കണ്ട അനുഭവം ഉണ്ടായോ?

1990ലാണ് ഞാന്‍ താങ്കള്‍ പറഞ്ഞ കവിത എഴുതുന്നത്. അക്കാലത്ത് കടുത്ത വിഷാദരോഗം എന്നെ ഗ്രസിച്ചിരുന്നു. പ്രതീക്ഷയുടെ ഒരു ജാലകം പോലും തുറക്കാന്‍ കഴിയാതെ കൂരിരുട്ട് വിഴുങ്ങിയ കാലം. സ്വന്തം ഐഡന്റിറ്റി ഇല്ലാതായ പോലെ കടുത്ത ആത്മനിന്ദയും ആത്മഹത്യാവാസനയും. എല്ലാം നഷ്ടപ്പെട്ട് ജീവിതം ഇനി മുന്നോട്ടുപോകില്ല എന്ന് കരുതുന്ന ദുരന്താവസ്ഥ. അതുകൊണ്ട് ഏതൊരു ആത്മഹത്യാഭിമുഖ്യമുള്ളവന്റെ മനസ്സിനേയും എനിക്ക് ശരിക്കറിയാം. അക്കാലത്തെ മരണാഭിമുഖ്യത്തെ ഞാന്‍ മറികടന്നു. ജീവിതാവസ്ഥകള്‍ നാം സ്ഥിരമെന്ന് അപ്പോള്‍ കരുതുമെങ്കിലും അവ മാറിവരും. ജീവിതത്തില്‍ യാദൃച്ഛികതകളാണ് സ്ഥൈര്യത്തേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്.

താങ്കള്‍ പ്രണയകവിതകളും ധാരാളം എഴുതുന്നു. ശ്രീജ, സ്‌നേഹിത, യോഗിനി മല്ലമ്മയും സൂഫി ഫരീദ് ബാബയും തുടങ്ങിയവ ഉദാഹരണം. പക്ഷേ, താങ്കളുടെ പ്രണയകവിതകള്‍ പതിവ് കാല്പനിക ഭാഷണങ്ങളായി മാറുന്നില്ല. അഗാധമായ ഒരു ആത്മീയത അതില്‍ കാണാം. താങ്കള്‍ക്ക് എന്താണ് പ്രണയം?

പ്രണയത്തെ ഞാന്‍ കാണുന്നത് ജീവിതത്തെ ശബളവും മധുരവുമാക്കുന്ന ഒരനുഭൂതിയായിട്ടാണ്. ഫ്രോയിഡ് പറയുന്ന രണ്ടുതരം പരികല്പനകളുണ്ടല്ലോ. ജീവിതത്തിന്റേതും മരണത്തിന്റേതുമായ eros instinct, Thanatos instinct എന്നിവ. ജീവിതത്തിന്റേയും മരണത്തിന്റേയും പ്രതിനിധ്യങ്ങളാണവ. eros instinctന്റെ ഏറ്റവും ഉയര്‍ന്ന രൂപമാണ് പ്രണയം. ജീവിതത്തെ നിലനിര്‍ത്തുക, ബന്ധങ്ങളെ കെട്ടിപ്പടുക്കുക എന്നതെല്ലാം eros-ന്റെ ധര്‍മ്മങ്ങളാണ്. പ്രത്യുല്പാദനവുമായി കൂടി ബന്ധപ്പെട്ടതാണ് അത്. പ്രണയവും അതിനുവേണ്ടിയുള്ളതാണല്ലോ.

ഒറ്റപ്പെടലിനേയും ശൂന്യതയേയും മറികടക്കാനുള്ള നല്ല വഴി കൂടിയാണത്. അതുകൊണ്ടുതന്നെ സാന്ത്വനമായും അഭയമായും പ്രണയം എന്റെ കവിതകളില്‍ കടന്നുവരുന്നു.

പ്രകൃതിയായിട്ടല്ലാതെ എനിക്ക് സ്ത്രീയെ സങ്കല്പിക്കാനാവില്ല. അതിനാല്‍തന്നെ, മാതൃത്വവുമായും എന്റെ പ്രണയകവിതകള്‍ ബന്ധപ്പെട്ടു നില്‍ക്കുന്നു. ശ്രീജ, സ്‌നേഹിത, യോഗിനി മല്ലമ്മയും സൂഫി ഫരീദ് ബാബയും തുടങ്ങി ഇരുപതിനടുത്ത് പ്രണയകവിതകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. അവയിലെല്ലാം അതിജീവനത്തിന്റെ രൂപകമായി പ്രണയം മാറുന്നു. ഇന്ത്യന്‍ തത്ത്വചിന്തയിലെ പ്രകൃതിപുരുഷന്‍ സങ്കല്പവും എന്റെ പ്രണയ കാഴ്ചപ്പാടിനെ സ്വാധീനിച്ചിട്ടുണ്ട്.

ദൈവം താങ്കളുടെ കവിതകളിലെ താക്കോല്‍ പദമാണ്. ദൈവം താങ്കള്‍ക്ക് ആരാണ്?

അപരിമേയമായ പ്രപഞ്ചത്തില്‍ പരിമിതനായ മനുഷ്യന്‍ അനന്തമജ്ഞാതമവര്‍ണ്ണനീയമായ ശക്തിയെ പേരിട്ട് വിളിക്കുന്നതായിരിക്കും ദൈവം. അനന്തതയ്ക്ക് മുന്‍പിലുള്ള അവന്റെ വിനയത്തെ ഭക്തി എന്നും വിളിക്കാമെന്നു തോന്നുന്നു. മനുഷ്യജീവിതത്തിനു സ്വാഭാവികമായുള്ള അനിശ്ചിതത്വം, അരക്ഷിതത്വം, ജന്മത്തിന്റെ നിസ്സാരതാബോധം എന്നിവയൊക്കെ പരിഹരിക്കുന്നത് അനശ്വരമായ ചില മിത്തുകളും സങ്കല്പങ്ങളുമൊക്കെ ചേര്‍ത്തുവെച്ചാണ്. അപ്പോള്‍ അവന്റെ ഉദ്വിഗ്‌നത കുറയുന്നു. തന്നെ തുണയ്ക്കാന്‍ ഒരു ശക്തിയുണ്ടെന്ന് അവന് തോന്നുന്നു. ദൈവമില്ലെങ്കിലും അങ്ങനെ ഒന്ന് നമുക്ക് ഉണ്ടാകണം ചില കാലങ്ങളില്‍ എന്ന് ഫ്രെഞ്ച് ചിന്തകനായ വോള്‍ട്ടയര്‍ പറഞ്ഞത് കൃത്യമാണ്.

എന്നെ സംബന്ധിച്ച് സാത്വികവും അനശ്വരവുമായ ഊര്‍ജ്ജസ്രോതസ്സാണ് ദൈവം. നമ്മള്‍ എപ്പോഴും ലോകത്തിന്റെ തകരാറിനെപ്പറ്റി പറയുന്നു. പക്ഷേ, എത്രയോ നന്മയുള്ളതുകൊണ്ടാണ് ഈ തകരാര്‍ നമുക്ക് പറയാനാകുന്നത്. ഗാന്ധി പറഞ്ഞപോലെ, മോഷ്ടിക്കുന്നത് വാര്‍ത്തയാകുന്നു. പക്ഷേ, യുഗങ്ങളായി മനുഷ്യരാശി സഹകരണത്തിലും സഹവര്‍ത്തിത്വത്തിലും തുടരുന്നത് വാര്‍ത്തയല്ല. പരസ്പരബന്ധിതമായ അനേകം പോസിറ്റീവ് എനര്‍ജികളും പോസിറ്റീവ് കൂടിച്ചേരലുകളും ചേര്‍ന്നതാണ് പ്രപഞ്ചം. പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന ആ പോസിറ്റീവ് എനര്‍ജിയേയോ ശക്തിയേയോ ദൈവമെന്നു വിളിക്കാം.

എന്റെ കവിതകളില്‍ എനിക്ക് കളിതമാശ പറയാനും കരയാനും പരാതിപ്പെടാനുമുള്ള ഒരു ആദി സ്രോതസ്സാണ് ദൈവം. എല്ലാറ്റിനും മീതെയായത് (transcendent), എല്ലാറ്റിലും അന്തര്‍ലീനമായത് (immanance) എന്നിങ്ങനെ രണ്ടുതരം സങ്കല്പം ദൈവത്തെപ്പറ്റിയുണ്ട്. ഞാനീ രണ്ടിനേയും അനുഭവിക്കുന്നു. എന്നാല്‍, രണ്ടാമത്തെ സങ്കല്പത്തോടാണ് എനിക്ക് കൂടുതല്‍ മമത.

വ്യവസ്ഥാപിതമായ, ജഡീകരിച്ച മതത്തിന്റെ സാമ്പ്രദായിക ശീലങ്ങള്‍ ഭൗതികതയോടാണ് ആത്മീയതയേക്കാള്‍ മനുഷ്യനെ ബന്ധിപ്പിക്കുന്നത്. ദൈവം എന്നോടൊപ്പം എപ്പോഴുമുണ്ട്. ചില നേരങ്ങളില്‍ നേരെ കവിതയിലേക്ക് പ്രവേശിക്കുന്നുവെന്നു മാത്രം.

രാഷ്ട്രീയപരതയും അധികാരത്തോടുള്ള അമര്‍ഷവുമാണ് താങ്കളുടെ സമീപകാല കവിതകളുടെ ഉള്ളടക്കം എന്നു തോന്നിയിട്ടുണ്ട്. നോട്ടം, ആസാമിന്റെ കരച്ചില്‍ മുതലായ കവിതകള്‍. താങ്കളിലെ എഴുത്തുകാരന്റെ രാഷ്ട്രീയം എന്താണ്?

അധികാരം എന്ന വിഷയം എന്നും കലാകാരന്മാരേയും കവികളേയും ഏറെ സ്പര്‍ശിക്കുകയും വേട്ടയാടുകയും ചെയ്തിട്ടുള്ള ഒന്നാണ്. അധികാരം മനുഷ്യന്റെ സാധ്യതകളേയും വളര്‍ച്ചയേയും ഇല്ലാതാക്കി അവനെ ഒരു വസ്തുവോ ജഡമോ ആക്കുന്നു. ഒരു എഴുത്തുകാരന്‍ ആത്യന്തികമായി അഭിസംബോധന ചെയ്യേണ്ടത് നീതിയെ ആണെന്ന് ഞാന്‍ കരുതുന്നു. അത് ചരിത്രത്തില്‍ തുലോം കുറവാണ്. നോട്ടം, ആസാമിന്റെ കരച്ചില്‍ എന്നിങ്ങനെയുള്ള കവിതകള്‍ അധികാരത്തിന്റെ മുന്നിലുള്ള നിസ്സഹായതയുടെ ശബ്ദമറ്റ കരച്ചിലാണ്. ലോകം പുരോഗമിക്കുന്തോറും അധികാരത്തിന്റെ വലകള്‍ അവനില്‍ മുറുകുന്നു എന്ന് ഉത്തരാധുനിക ചിന്തകര്‍ പറയുന്നത് നമ്മുടെ സാമൂഹിക രംഗം പരിശോധിച്ചാല്‍ സത്യമെന്നു ബോധ്യപ്പെടും.

അസമിന്റെ കരച്ചില്‍ എന്ന കവിത വര്‍ഷങ്ങള്‍ക്കു മുന്‍പ് താങ്കള്‍ എഴുതിയ വാഹനക്കുരുക്ക് എന്ന കവിതയുടെ എക്സ്റ്റന്‍ഷനായി അനുഭവപ്പെട്ടു. താങ്കള്‍ അങ്ങനെ കണ്ടുവോ?

മനുഷ്യാസ്തിത്വത്തെ അടിമുടി തൂത്തുമാറ്റുന്ന ഭീതിദാവസ്ഥകള്‍ കാണാന്‍ ചരിത്രത്തിലേക്ക് നോക്കേണ്ട ആവശ്യമില്ല. സമകാലീന ഇന്ത്യ തന്നെ അതിന്റെ ഒരു നേര്‍ചിത്രമാണ്. ഉത്തരേന്ത്യന്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ മുതല്‍ ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍വരെ നാം മനുഷ്യവംശം നേടിയെന്ന് അഭിമാനിക്കുന്ന സംസ്‌കാരം വെറും മിഥ്യയായിരുന്നു എന്ന തോന്നലുണ്ടാക്കുന്നു.

മനുഷ്യാസ്തിത്വത്തിന്റെ എല്ലാം ചോര്‍ത്തിക്കളഞ്ഞ് അവനെ നിസ്സഹായതയിലേക്ക് തള്ളിവിടുന്ന അധികാരം ചിന്തകരുടേയും എഴുത്തുകാരുടേയും എക്കാലത്തേയും വിഷയമായിരുന്നു.

സ്വത്വത്തിന്റെ എല്ലാ പാളികളും വായുവില്‍ അലിഞ്ഞുപോയ നിസ്സഹായതയുടെ പരകോടിയില്‍ ജീവിക്കേണ്ടിവന്ന അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടായിരിക്കാം പൗരത്വപ്രശ്‌നം അനുഭവിക്കുന്ന ഒരു കൂലിത്തൊഴിലാളിയുടെ നിസ്സഹായാവസ്ഥയോടോ സമാനമായ ഇത്തരം പുറന്തള്ളലുകളോടോ എനിക്ക് വേഗം താദാത്മീകരിക്കാന്‍ കഴിയുന്നത്.

പൗരത്വപ്രശ്‌നങ്ങള്‍, ദേശീയതാവാദം ഒക്കെ രൂക്ഷമാവുകയും ഫാസിസം പിടിമുറുക്കുകയും ചെയ്യുന്ന ഒരുകാലത്താണ് നാം. മലയാള കവിതയില്‍ ചെറുത്തുനില്‍പ്പുകള്‍ എങ്ങനെ സാധ്യമാവും? താങ്കള്‍ക്ക് ശുഭാപ്തിവിശ്വാസം പുലര്‍ത്താനാവുന്നുണ്ടോ?

ഇന്ന് നാം മുഴുവന്‍ അനുഭവിക്കുന്നതാ ണല്ലോ ഇത്. അടിയന്തരാവസ്ഥയും വിഭജനകാലവും ഒഴിച്ചാല്‍ ഇത്രയും ഗുരുതരവും രൂക്ഷവുമായ ഒരുകാലം ഇന്ത്യ കടന്നുപോയിട്ടില്ല. എന്നാല്‍, വളരെ കുറച്ച് കലാകാരന്മാര്‍ മാത്രമാണ് ഇതിനെതിരെ പ്രതികരിക്കുന്നത്. ഒരു കൂട്ടര്‍ ഫാസിസം വെച്ചുനീട്ടുന്ന അപ്പക്കഷണങ്ങള്‍ തേടിപ്പോകുന്നു. നാം ഉത്തമ മാതൃകകളായി കണ്ട ചില സാഹിത്യകാരന്മാരുടെ ഫാസിസത്തിന്റെ താവളത്തിലേക്കുള്ള പോക്ക് നാം കണ്ടതാണല്ലോ. മറ്റൊരു കൂട്ടര്‍ മൗനത്തിന്റെ സേഫ്‌സോണില്‍ മാന്യരായി വിരാജിക്കുന്നവരാണ്. തങ്ങളതൊന്നും അറിയുന്നില്ലെന്ന നാട്യത്തില്‍ അതിഭൗതികതയേയും ആത്മീയതയേയും പറ്റി എഴുതി വായനക്കാരെ ലഹരിപിടിപ്പിക്കുന്നു. മൂന്നാമത്തെ ചെറിയ ന്യൂനപക്ഷം മാത്രമാണ് കാലം കലാകാരന്മാരില്‍ ഏല്പിച്ച നിയോഗങ്ങള്‍ ശരിയായി അനുവര്‍ത്തിക്കുന്നത്. ഫാസിസത്തെപ്പറ്റിയുള്ള പരിവേദനങ്ങളും മുറവിളികളും ജനങ്ങള്‍ക്ക് ഭയം വീണ്ടും വര്‍ദ്ധിപ്പിക്കാനേ ഉതകൂ. ഇത് ശരിയായ പ്രതികരണമല്ല. ഒരുപാട് സത്യസന്ധരായ കലാകാരന്മാരും ചിന്തകരും ഇത്തരം രീതിയിലാണ് പ്രതികരിക്കുന്നത്. വാസ്തവത്തില്‍ ഫാസിസത്തെ ജനങ്ങള്‍ നേരിട്ട ചരിത്രകാലങ്ങളും അതിനെ അവര്‍ അതിജീവിച്ച അനുഭവങ്ങളും ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച് അവരുടെ പ്രതീക്ഷകളെ കെടാതെ സൂക്ഷിക്കുകയാണ് വേണ്ടത്.

ചരിത്രം ഏതെങ്കിലും ഒരു സന്ധിയില്‍വെച്ച് അവസാനിക്കുന്നില്ലല്ലോ. ഈ കാലവും കടന്നുപോവും. അതിനാല്‍, ശുഭാപ്തിവിശ്വാസം പുലര്‍ത്തുക എന്നത് സ്വാഭാവികമായ ഒന്നു മാത്രമാണ്.

ആധുനികതയുടെ കാല്പനിക സ്വാധീനങ്ങളെ ഉല്ലംഘിച്ചാണ് താങ്കളുടെ തലമുറ കവിതയിലേക്ക് വന്നത്. എന്നാല്‍, ദളിത്, ഫെമിനിസം, ട്രാന്‍സ്ജന്‍ഡര്‍, ആദിവാസി പ്രശ്‌നങ്ങള്‍, ന്യൂനപക്ഷ സ്വത്വം തുടങ്ങി വ്യത്യസ്ത കളങ്ങളില്‍നിന്ന് ഇപ്പോള്‍ കവിതകള്‍ എഴുതപ്പെടുന്നു. എന്താണ് അഭിപ്രായം?

മുന്‍പ് സത്യമാണെന്ന് നമ്മെ തോന്നിപ്പിച്ചുകൊണ്ട് ചിന്താലോകത്ത് പ്രാമുഖ്യം നേടിയിരുന്ന പല തിയറികളുടേയും അപര്യാപ്തത ഇപ്പോഴാണ് ബോധ്യപ്പെടുന്നത്. ആ ബൃഹദ് ആഖ്യാനങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നുപോയ ശബ്ദങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദളിതരുടേയും ട്രാന്‍സ്ജന്‍ഡറുകളുടേയും സ്ത്രീകളുടേയും അനുഭവം ഏറ്റവും നന്നായി അവര്‍ക്കുതന്നെയായിരിക്കും പറയാന്‍ കഴിയുക. എന്നാല്‍, മറ്റൊരു കാര്യം കൂടി നാം ഓര്‍ക്കണം. എല്ലാ മഹത്തായ സൃഷ്ടികളും എപ്പോഴും പുതുതാണ്. ഡോണ്‍ക്വിക്‌സോട്ടും ഷേക്‌സ്പിയറുടെ ഹാംലെറ്റും ആയിരത്തൊന്നു രാവുകളും അതിലെ ജീവിതരഹസ്യങ്ങള്‍കൊണ്ടും മാന്ത്രികതകൊണ്ടും ഇപ്പോഴും പുതിയതായി തന്നെ നിലനില്‍ക്കുന്നു.
ബൃഹത്തായ കാവ്യചരിത്രത്തില്‍ സമീപകാല കവിതയുടെ സന്ദര്‍ഭം വെറും ഞൊടിയിടമാണ്. അതിനാല്‍, എല്ലാ സമകാലീന കവിതകള്‍ക്കും വേണ്ട പ്രഥമഗുണം വിനയമായിരിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. കാലത്തിന്റെ വലിയ അളവുകോലായിരിക്കണം നമ്മുടെ മാനദണ്ഡം. ഏറ്റവും പുതിയ കവിത പഴയ കവികള്‍ക്കും എഴുതാന്‍ കഴിയുമോ എന്ന ഒരു ചോദ്യമുണ്ട്. എപ്പോഴും പുതുതലമുറക്കായിരിക്കും പുതിയ അനുഭവങ്ങളോട് ഏറ്റവും സെന്‍സിറ്റീവായി പ്രതികരിക്കാന്‍ കഴിയുക. അതിനാല്‍, താങ്കള്‍ പറഞ്ഞ പുതിയ കവിതയ്ക്കായി അവരിലേക്കു തന്നെ തിരിയുന്നതായിരിക്കും ഉചിതം.

പക്ഷേ, ഇതിന് പാരഡോക്‌സിക്കലായ ഒരു പ്രശ്‌നമുണ്ട്. തന്റെ കാലത്തെ ഏറ്റവും ഫ്രഷായ അനുഭവങ്ങള്‍ പകര്‍ത്തിയവരേക്കാള്‍ അതില്‍നിന്ന് പിന്നോട്ടടിച്ചവര്‍ അനശ്വരതയിലേക്ക് കടന്നുവന്നതും കാണാം. എമിലി ഡിക്കന്‍സണെ പോലുള്ളവര്‍ അവരുടെ കാലത്തെ അനുഭവങ്ങള്‍ അല്ല പകര്‍ത്തിയത്.

എന്നാലും സമൂഹത്തിലെ ഏറ്റവും പുതിയ മാറ്റങ്ങളോട് ജാഗ്രത പുലര്‍ത്തുക എന്നത് ഓരോ എഴുത്തുകാരന്റേയും കടമയാണ്. താങ്കള്‍ പറഞ്ഞ ദളിത്‌വാദവും ഫെമിനിസവും ട്രാന്‍സ്ജന്‍ഡര്‍, ആദിവാസി പ്രശ്‌നങ്ങളുമെല്ലാം സമൂഹത്തില്‍ ഉണ്ടായിത്തീര്‍ന്നത് അതിന്റെ ചരിത്രപരമായ അനിവാര്യതകൊണ്ടാണ്, ചാലകശക്തികൊണ്ടാണ്.  അതിനെ കൂടുതല്‍ ശക്തമാക്കാനും വ്യാപരിപ്പിക്കാനും പുതുസാഹിത്യത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും പുരാതനമായ ക്ലാസ്സിക്കുകളുടെ വായനയും ഏറ്റവും പുതിയ രചനകളുടെ വായനയും ഒരുമിച്ചു കൊണ്ടുപോകാനാണ് ഞാന്‍ ശ്രമിക്കാറ്.

പി.എ. നാസിമുദ്ദീന്‍
പി.എ. നാസിമുദ്ദീന്‍

ചിത്രകല, സംഗീതം, സിനിമ എന്നിങ്ങനെയുള്ള സാഹിത്യേതര കലകള്‍ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടോ?

ചിത്രകല, സംഗീതം, സിനിമ എന്നിവയെക്കൂടാതെ കവിതയെക്കുറിച്ച് എനിക്ക് ചിന്തിക്കാനാവില്ല. വാസ്തവത്തില്‍, ഇവ മൂന്നും കവിതയില്‍ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. ദൃശ്യബിംബങ്ങള്‍ ചിത്രകലയേയും താളം സംഗീതത്തേയും സിനിമാറ്റിക്‌ശൈലി (കുഞ്ഞിരാമന്‍ നായരുടെ ചില കവിതയിലെന്നപോലെ) സിനിമയേയും കവിതയ്ക്കുള്ളില്‍ ഓര്‍മ്മിപ്പിക്കുന്നു. ഒരുപക്ഷേ, ഒരുപാട് പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നത് ചിത്രകലയിലായിരിക്കും. സാഹിത്യത്തിന് അപരിചിതമായ ക്യൂബിസം, പോയന്റലിസം ഒക്കെ ഇവിടെ കാണാം. പുതിയ രൂപങ്ങള്‍ക്കായും ആവിഷ്‌കാര സാധ്യതകള്‍ക്കായും നിരന്തരമുരുകിയ ഒരു കലാരൂപം എന്ന രീതിയില്‍ ചിത്രകല എനിക്ക് ഒട്ടേറെ പാഠങ്ങള്‍ തരുന്നു. കണ്ണിന്റെ കലയായ ചിത്രകലയേയും കവിതയേയും തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കാനാകില്ലെങ്കിലും ചിത്രകലയുടെ ചരിത്രവും എപ്പോഴും പുതിയ സാധ്യതകള്‍ തേടാനുള്ള പ്രതിഭയുടെ അടങ്ങാത്ത സംവേദനക്ഷമതയാണ് എന്നെ പഠിപ്പിക്കുന്നത്.

സംഗീതത്തെ ഞാന്‍ വേറൊരു രീതിയിലാണ് ചിന്തിക്കുന്നത്. ഒരു സംഗീതജ്ഞന് ലോകത്തോട് ഒരു താളാത്മക ബന്ധം ഉള്ളപോലെ ഉന്നതനായ കവിക്കും ഉണ്ടായിരിക്കും എന്ന് ഞാന്‍ കരുതുന്നു. ചരാചരങ്ങളോടും പ്രകൃതിയോടുതന്നെയും നിശ്ശബ്ദമായി സംവേദിക്കുന്ന ഒരു ജൈവബന്ധവും അതിന്റെ താളവും അയാള്‍ക്ക് ഉണ്ടാകും. ഇത് കവിതയുടെ താളത്തേയോ സംഗീതത്തേയോ കുറിച്ചുള്ള ഒരു പരാമര്‍ശമല്ല എന്ന് വേറിട്ട് മനസ്സിലാക്കണം. പകരം, കവിയുടെ ആത്മാവിലുള്ള ഒരുതരം യോഗാത്മകതയാണ്. വലിയ സംഗീതകാരന്മാരുമായി സമയം ചെലവിട്ടപ്പോഴൊക്കെ എനിക്ക് ഇത് അനുഭവിക്കാനായിട്ടുണ്ട്. ഒരുപക്ഷേ, സംഗീതമാണ് എല്ലാ കലകളെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന കല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്തരം ഒരു താരതമ്യം ശരിയല്ലെങ്കിലും സാര്‍വ്വലൗകികത്വവും പ്രാപഞ്ചികതയും എന്നെ അത് പറയാന്‍ പ്രേരിപ്പിക്കുന്നു.

ഏറ്റവും കൂടുതല്‍ നമ്മെ സ്വാധീനിക്കുന്ന, ഇരുപതാം നൂറ്റാണ്ടിന്റെ കലയായ സിനിമ പ്രതിഭയെ ശക്തിപ്പെടുത്താന്‍ പലപ്പോഴും കാരണമായേക്കാം.

കവിയായിരിക്കുക എന്ന അനുഭവത്തെ എങ്ങനെയാണ് കാണുന്നത്?

സെലിബ്രിറ്റികള്‍ അരങ്ങുവാഴുന്ന, സംസ്‌കാരം തന്നെ ഒരു കണ്‍സ്യൂമര്‍ മണ്ഡലമായി മാറിയ കാലമാണിത്. വലിയ കച്ചവടതന്ത്രങ്ങളുടേയും മൂലധനവിനിമയത്തിന്റേയും ശക്തമായ അധികാരം നിലനില്‍ക്കുന്ന ഈ ലോകത്ത് കവിതപോലുള്ള ധ്യാനാത്മകവും മന്ത്രണരൂപിയുമായ ഒരു മാധ്യമത്തില്‍ ഇടപെടുന്ന കവിക്ക് ഒരു പരിവേഷവും പ്രഭാവലയവും അര്‍ഹതപ്പെടാനില്ല. പക്ഷേ, മനുഷ്യര്‍ക്ക് പല ആത്മീയ ആവശ്യങ്ങള്‍ കൂടി ഉള്ളതിനാല്‍ കവിതയുടെ ആത്മീയ തലങ്ങള്‍ അവന് അവഗണിക്കാനാവില്ല. അതുകൊണ്ട് തന്നെ ന്യൂനപക്ഷത്തിന്റെ സാഹിത്യരൂപമായിരിക്കെത്തന്നെ അതെപ്പോഴും മനുഷ്യര്‍ക്കു മുന്നില്‍ സഞ്ചരിക്കുന്നു.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com