മരണത്തിനു പോലും കീഴ്‌പെടുത്താനാകാത്ത ജീവിതത്തിന്റെ ശക്തിചൈതന്യം

വൈയക്തികമായ സങ്കടങ്ങള്‍ പ്രമേയപരിസരത്തു വരുമ്പോഴും കവി അസാധാരണമായ സംയമനവും ശുഭാപ്തിവിശ്വാസവും പ്രകടിപ്പിക്കുന്നു. നൈരാശ്യത്തേയും മരണത്തേയും വെല്ലുവിളിക്കുന്നു
മരണത്തിനു പോലും കീഴ്‌പെടുത്താനാകാത്ത ജീവിതത്തിന്റെ ശക്തിചൈതന്യം

ത് പ്രതിസന്ധിയിലും ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്ന കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍. മരണം തൊട്ടുമുന്നില്‍ വന്നുനില്‍ക്കുന്ന നിമിഷത്തിലും  അദ്ദേഹം  പതറിയില്ല. വൈലോപ്പിള്ളിയുടെ ദാര്‍ശനികത പക്ഷേ, ആത്മീയമല്ല. ശാസ്ത്രബോധത്തിലും സാമൂഹ്യ പ്രതിബദ്ധതയിലും അടിയുറച്ചതാണത്. മെയ് 11 അദ്ദേഹത്തിന്റെ നൂറ്റിപ്പന്ത്രണ്ടാം ജന്മദിനമാണ്. 

'ഹാ, വിജിഗീഷു മൃത്യുവിന്നാമോ?
ജീവിതത്തിന്‍
കൊടിപ്പടം താഴ്ത്താന്‍?' (വൈലോപ്പിള്ളി, കന്നിക്കൊയ്ത്ത്)

ആദ്യ കവിതാസമാഹാരത്തില്‍തന്നെ മരണത്തിനുപോലും കീഴ്‌പെടുത്താനാകാത്ത ജീവിതത്തിന്റെ ശക്തിചൈതന്യത്തെ അവതരിപ്പിച്ച കവിയാണ് വൈലോപ്പിള്ളി. ഓരോ കവിതയിലും ശുഭാപ്തിവിശ്വാസം സന്നിവേശിപ്പിക്കുന്ന കവിയുടെ കരുതല്‍ സവിശേഷമായ ഒരു സിദ്ധിയാണ്. വൈയക്തികമായ സങ്കടങ്ങള്‍ പ്രമേയപരിസരത്തു വരുമ്പോഴും കവി അസാധാരണമായ സംയമനവും ശുഭാപ്തിവിശ്വാസവും പ്രകടിപ്പിക്കുന്നു. നൈരാശ്യത്തേയും മരണത്തേയും വെല്ലുവിളിക്കുന്നു. ഏതു യോദ്ധാവിനു മുന്നിലും (അത് മരണമായാലും) ജീവിതത്തിന്റെ കൊടിപ്പടം എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നു.  മൃത്യുവിനു കീഴടങ്ങുകയെന്ന അനിവാര്യതയെ പുല്‍കാനാണ് മനുഷ്യര്‍ പൊതുവെ  തയ്യാറെടുക്കുന്നത്.  എന്നാല്‍, വൈലോപ്പിള്ളിയിലെ അഹംബോധവും ശുഭാപ്തിവിശ്വാസവും  മരണത്തിനു കീഴടങ്ങാന്‍ വിസമ്മതിക്കുന്നു. എന്നാല്‍, മരണാനന്തര ജീവിതത്തില്‍ തനിക്കു വിശ്വാസമില്ലെന്ന് കവി തുറന്നുപറഞ്ഞിട്ടുമുണ്ട്. 

'മൃതിയൊടുകേളിയില്‍ വെല്ലും ജീവിത
ചതുരംഗക്കരുവാണെല്ലാം' (ചേറ്റുപുഴ) എന്ന് ജീവിതത്തിന്റെ വിജയത്തെ അദ്ദേഹം പ്രകീര്‍ത്തിക്കുന്നു. ഈ വരികളിലും ജീവിതവും മൃതിയും തമ്മിലുള്ള ചതുരംഗക്കളിയില്‍ ജീവിതം മൃതിയെ വെല്ലുന്നതായി കവി സ്ഫുടീകരിക്കുന്നു.    

മരണത്തെ ജയിക്കാനുള്ള അഭിനിവേശം നര്‍ത്തകി എന്ന കവിതയിലെ നായിക പ്രകടിപ്പിക്കുന്നത് ഇങ്ങനെ:

'എന്നേക്കുമായ് നടനമൊന്നിവളാടിടട്ടെ
പിന്നെക്കറുത്തമൃതിതന്‍ മധു ഞാന്‍ കുടിക്കാം!'
എന്നതാണ് നര്‍ത്തകിയുടെ തത്ത്വശാസ്ത്രം.

'മരണം കനിഞ്ഞോതി' (ഓണപ്പാട്ടുകാര്‍) എന്ന കവിതയിലും മരണത്തിനു മുന്നില്‍ ജീവിതത്തിന്റെ വിജയഭേരി മുഴങ്ങുന്നു. മൃത്യുവിനോടൊപ്പം പോയ കവി തന്റെ  കാമുകിയുടെ മധുരസ്മരണകളും  കൊണ്ടുപോയിരുന്നു.  വെറ്റിലത്തരിപോലെ കവി അതു നുണഞ്ഞുകൊണ്ടിരുന്നപ്പോള്‍, ചുറ്റിലും മാമ്പൂവിന്റെ മണം ചിന്നിയപ്പോള്‍ മരണം ഞെട്ടി. എന്നിട്ട് ചോദിച്ചു: 'എന്തിതു ചതിച്ചോ നീ?' കവിയുടെ കവിള്‍ തുടുക്കുകയാണ്. മിഴി തിളങ്ങുകയാണ്. കരള്‍ മിടിക്കുകയാണ്. കവി ജീവിച്ചിരിക്കുന്നു! മികച്ച ഒരു ഭാവചിത്രമാണിത്. 

യൗവ്വനത്തിന്റെ തീക്ഷ്ണമായ വികാരവും ഉറച്ച ശുഭാപ്തിവിശ്വാസവും  ഉരുക്കിയൊഴിച്ച കവിതയാണ് 'ഒരു ഗാനം' (ശ്രീരേഖ). ഒറ്റയായ മനുഷ്യന്റെ ശക്തിയുടെ ശബ്ദം ഈ കവിതയിലും മുഴങ്ങുന്നു. 'അത്രയേറെ ഞാന്‍ സ്‌നേഹിക്കയാലേ മൃത്യുവുമൊരു മുത്തമായിതോന്നി' എന്ന് ഉറക്കെ പറയാന്‍ ജീവിതത്തെ സ്‌നേഹിക്കുന്ന, കവിതയെ പ്രണയിക്കുന്ന മരണത്തെ തോല്‍പ്പിക്കുന്ന ഒരു കവിക്കു മാത്രമേ സാധിക്കൂ.  

വൈലോപ്പിള്ളി
വൈലോപ്പിള്ളി

കാല്പനിതകയുടെ പരിഷ്‌കര്‍ത്താവ്

ആധുനിക കവിത്രയം അവശേഷിപ്പിച്ച കാവ്യപാരമ്പര്യത്തിന്റെ അനന്തരാവകാശി എന്ന നിലയിലാണ് വൈലോപ്പിള്ളി  കാവ്യരംഗത്തേക്ക് കടന്നുവന്നത്. എന്നാല്‍, അദ്ദേഹം തികഞ്ഞ കാല്പനികനല്ല. മറിച്ച് കാല്പനികതയുടെ പരിഷ്‌കര്‍ത്താവായിരുന്നു.  മലയാളസാഹിത്യത്തിലെ  'ആധുനിക കവിത്രയ'മാണ് കാല്പനികതയുടെ ആദ്യതരംഗം സൃഷ്ടിച്ചത്.   കുമാരനാശാന്‍, വള്ളത്തോള്‍ നാരായണമേനോന്‍,  ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ എന്നിവരാണ് ആ മൂന്നു കവികള്‍. ആധുനിക കവിത്രയത്തെ പിന്‍പറ്റിവന്ന ജി. ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ, വെണ്ണിക്കുളം ഗോപാലകുറുപ്പ്, വൈലോപ്പിള്ളി ശ്രീധരമേനോന്‍, പി. കുഞ്ഞിരാമന്‍ നായര്‍, ചങ്ങമ്പുഴ കൃഷ്ണപിള്ള, ഇടപ്പള്ളി രാഘവന്‍പിള്ള തുടങ്ങിയവരാണ് മലയാളത്തിലെ രണ്ടാംനിരക്കാരായ കാല്പനിക കവികള്‍.

കൗമാരത്തില്‍ വള്ളത്തോളിന്റേയും ഉള്ളൂരിന്റേയും കവിതകള്‍ 'കോരിക്കുടിച്ച' തനിക്ക് ആത്മീയാനുഭൂതി ഏറ്റവുമധികം ഉണ്ടായത് ആശാന്റെ കവിതകളില്‍ നിന്നാണെന്ന് വൈലോപ്പിള്ളി തുറന്നു പറയുന്നു (എന്റെ കവിത, വിത്തും കൈക്കോട്ടും, 1956). എന്നാല്‍ 'വീണപൂവ്' അത്ര പഥ്യമായില്ലെന്നും രേഖപ്പെടുത്തുന്നുണ്ട്. ഇടശ്ശേരിക്കവിതയോടുള്ള ഇഷ്ടവും വൈലോപ്പിള്ളി തുടക്കത്തിലേ തുറന്നു സമ്മതിച്ചിട്ടുണ്ട്.      കാല്പനികതയില്‍നിന്ന് വാസ്തവികതയിലേക്കും അനുരഞ്ജന മനോഭാവത്തില്‍നിന്ന് സമരമനോഭാവത്തിലേക്കുമുള്ള ഒരു യുഗപ്പകര്‍ച്ചയാണ് വൈലോപ്പിള്ളിക്കവിതകളുടെ അന്തസ്സത്ത.  കാല്പനിക കവിതയിലെ ഒരു സംക്രമപുരുഷനായിരുന്നു അദ്ദേഹം. കവിതയിലെ ക്ലാസ്സിക്ക് പാരമ്പര്യത്തേക്കാള്‍ അദ്ദേഹത്തെ സ്വാധീനിച്ചത് റിയലിസമാണെന്നു കാണാം. എന്നാല്‍, തികച്ചും കാല്പനിക രീതിയില്‍ അദ്ദേഹം കവിതകള്‍ എഴുതിയിട്ടുണ്ടുതാനും. കാല്പനികതയുടെ വൈകാരിക പരിസരത്തുനിന്ന് വാസ്തവികതയുടെ വിചാരപരിസരത്തേയ്ക്കുള്ള കവിയുടെ ഭാവപ്പകര്‍ച്ച അത്യന്തം കൗതുകകരമാണ്. ഉദാഹരണത്തിന് 'കന്നിക്കൊയ്ത്തിലെ' വസന്തം എന്ന കവിത പരിശോധിക്കാം: 

'പാടുവാന്‍ വാസന്തവൈഭവം പേശുന്ന 
പാടലഗന്ധിയാം പൈന്തെന്നലേശുന്ന 
പാറകള്‍ കൂടിയും കസ്തൂരി പൂശുന്ന 
പാരിലെജ്ജീവിതമെത്രഹൃദ്യം! 
ആയിരം സ്വര്‍ഗ്ഗമമൃതുപൊഴിച്ചാലു
മാരസം കിട്ടുകയില്ല നൂനം!'

കാല്പനികതയുടെ  ആഖ്യാനപരിസരത്തുനിന്നുതന്നെ എപ്രകാരം യാഥാര്‍ത്ഥ്യബോധം പ്രകടിപ്പിക്കാനാകുമെന്ന് കവി തെളിയിക്കുന്നു. അതുകൊണ്ടാകാം വൈലോപ്പിള്ളി ശ്രീധരമേനോന്‍ കവിതയിലെ സംക്രമപുരുഷനായത്. മാത്രവുമല്ല,
'തുടുവെള്ളാമ്പല്‍പ്പൊയ്കയല്ല, ജീവിതത്തിന്റെ
കടലേ കവിതയ്ക്കു ഞങ്ങള്‍ക്കു മഷിപ്പാത്രം' (യുഗപരിവര്‍ത്തനം)
എന്ന് സ്വന്തം പ്രത്യയശാസ്ത്രം കവി പ്രഖ്യാപിച്ചിട്ടുമുണ്ട്. ജീവിതക്കടലെന്ന അനുഭവപ്രപഞ്ചത്തെ നെഞ്ചേറ്റുവാന്‍ ആഗ്രഹിക്കുന്ന കവി റൊമാന്റിസിസത്തോടല്ല റിയലിസത്തോടാണ് കൂറുപുലര്‍ത്തുന്നത്. 

വൈലോപ്പിള്ളിയുടെ ഓരോ കവിതയും ഒരു പരീക്ഷണമായിരുന്നു; ഈ പരീക്ഷണങ്ങളുടെ വിജയവും മഹത്വവും വൈലോപ്പിള്ളിയുടെത്തന്നെ വിജയവും മഹത്വവുമാണെന്ന എം.എന്‍. വിജയന്റെ നിരീക്ഷണത്തിനു സാംഗത്യമുണ്ട്. സ്വതന്ത്രവും പുരോഗമനാത്മകവുമായ കാവ്യദര്‍ശനങ്ങളാണ് വൈലോപ്പിള്ളിയെ മറ്റു കാല്പനിക കവികളില്‍നിന്ന് വേറിട്ടു നിര്‍ത്തുന്നത്.  കാല്പനിക കവികളില്‍ ആശയഗാംഭീര്യത്തില്‍ മികച്ചുനില്‍ക്കുന്ന  കുമാരനാശാന്റെ പിന്‍തുടര്‍ച്ചക്കാരനായി കുട്ടിക്കൃഷ്ണമാരാര് വൈലോപ്പിള്ളിയെ കാണുന്നു. 

'കന്നിക്കൊയ്ത്ത്' എന്ന ആദ്യ കവിതാസമാഹാരത്തോടെ ഇരുത്തം വന്ന ഒരു കവിയാണ് വൈലോപ്പിള്ളിയെന്ന് സാഹിത്യലോകം മനസ്സിലാക്കി.  ഏതു വായനക്കാരനേയും   ആര്‍ദ്രമായ ഒരു ഭാവതലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന  വിശിഷ്ട കവിതകളായ മാമ്പഴം, സഹ്യന്റെ മകന്‍, അരിയില്ലാഞ്ഞിട്ട്, ആസ്സാം പണിക്കാര്‍ എന്നിവ ഈ സമാഹാരത്തെ സമ്പന്നമാക്കുന്നു. 'മാമ്പഴ'ത്തില്‍ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ അതിഭാവനയില്ലാതെത്തന്നെ കവി ലളിതമായി സ്ഫുടീകരിക്കുന്നു. ഭാവനയെ ജീവിതവുമായി അതിവേഗം ബന്ധിപ്പിക്കുന്ന ഒരു ക്രാഫ്റ്റാണ് വൈലോപ്പിള്ളിയുടേത്. ഒരു കാവ്യസങ്കല്പത്തെ എത്രകണ്ട് ജനകീയമായി അവതരിപ്പിക്കാം എന്നതിന് മകുടോദാഹരണാണ് 'മാമ്പഴം.' 

'അങ്കണത്തൈമാവില്‍ നി
ന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നി
ന്നുതിര്‍ന്നു ചുടുകണ്ണീര്‍' എന്ന 'മാമ്പഴ'ത്തിന്റെ തുടക്കം തന്നെ ഏതു  വായനക്കാരനിലും  ജിജ്ഞാസയുണര്‍ത്തുന്നു. കാവ്യത്തിന്റെ പദസൗകുമാര്യതയും ആര്‍ദ്രീകരണശേഷിയും അസാധാരണവും ആസ്വാദ്യകരവുമായ ഒരു ഭാവതലം സൃഷ്ടിക്കുന്നു. വിരുദ്ധ കല്പനകളിലൂടെ കാവ്യത്തെ വേറിട്ട അനുഭൂതിയാക്കുന്നു. തൈമാവില്‍നിന്ന് ആദ്യത്തെ പഴം വീഴുമ്പോള്‍ കരയാന്‍ വിധിക്കപ്പെട്ട അമ്മയും തുടര്‍ന്നുള്ള ഭാവസംഘര്‍ഷവും അതുവരെയില്ലാത്ത ഒരു അനുഭൂതിമണ്ഡലത്തെയാണ് വികസിപ്പിച്ചെടുത്തത്.  'വീണപൂവി'ല്‍ കല്പനയുടെ അഗ്രിമബിന്ദുവിലെത്തുന്ന കുമാരനാശാന്റെ ഭാവനാവിസ്മയത്തിനു പകരം 'മാമ്പഴ'ത്തില്‍ ജീവിതയഥാര്‍ത്ഥ്യങ്ങളിലേക്ക് ആര്‍ദ്രീകരണ ശേഷിയോടെ വായനക്കാരെ വൈലോപ്പിള്ളി വലിച്ചടുപ്പിക്കുകയാണ് ചെയ്യുന്നത്. 

മാമ്പഴത്തില്‍ മാത്രമല്ല, വൈലോപ്പിള്ളിയുടെ മറ്റു കവിതകളിലും സമകാല സത്യങ്ങള്‍ മുന്നിട്ടു നില്‍ക്കുന്നതായി കാണാം.  'മാമ്പഴ'ത്തില്‍ പ്രത്യക്ഷപ്പെടുന്ന ആര്‍ദ്രത മറ്റൊരു രീതിയില്‍ 'സഹ്യന്റെ മകന്‍' എന്ന കവിതയിലും ദൃശ്യമാണ്.  ക്ഷേത്രോത്സവത്തിനിടെ മദംപൊട്ടിയ ഒരു ആനയുടെ ദുരന്തമാണ് ഹൃദയസ്പൃക്കായി കവിതയില്‍ അവതരിപ്പിക്കുന്നത്. ആനയുടെ പരാക്രമത്തില്‍ അനേകമാളുകള്‍ കൊല്ലപ്പെട്ട് അമ്പലം കൊലക്കളമായി. പിറ്റേന്നു രാവിലെ ഒരു പട്ടാളക്കാരന്‍ മദിച്ച ആനയെ വെടിവച്ചു കൊല്ലുന്നു. എന്നാല്‍, അതിമനോഹരമായ ഒരു ഭാവതലം കവിതയില്‍ സൃഷ്ടിക്കപ്പെടുന്നു. മദപ്പാടില്‍ ഉന്മാദത്തിലായ ആനയുടെ ഭാവനാലോകം അതിമനോഹരമായാണ് കവി ചിത്രീകരിക്കുന്നത്. ഒടുവില്‍ പട്ടാളക്കാരന്റെ വെടിയേറ്റ് ഒരു കൊടിയ നിലവിളിയോടെ ആന പിടഞ്ഞുവീഴുമ്പോള്‍ വായനക്കാരന്റെ ഹൃദയത്തില്‍ വേദനയുടെ കൊളുത്തുവീഴുന്നു. 

'ദ്യോവിനെ വിറപ്പിക്കുമാ വിളികേട്ടോ, മണി
ക്കോവിലില്‍ മയങ്ങുന്ന മാനവരുടെ ദൈവം?
എങ്കിലുമതു ചെന്നു മാറ്റൊലിക്കൊണ്ടു, പുത്ര
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തില്‍' എന്ന് കവിത അവസാനിക്കുമ്പോള്‍ അപൂര്‍വ്വസുന്ദരമായ ആഖ്യാനസൗന്ദര്യം എന്തെന്ന് നാം മനസ്സിലാക്കുന്നു. 

'കരയുന്നതിനിട
യ്‌ക്കോതിനാള്‍ കുടുംബിനി 
അരിയുണ്ടെന്നാലങ്ങോ
രന്തരിക്കുകില്ലല്ലോ?' (അരിയില്ലാഞ്ഞിട്ട്) എന്ന വരികള്‍ക്ക്  സമൂഹത്തെ വേട്ടയാടുന്നതിനുള്ള ശേഷിയുണ്ട്. ഇല്ലായ്മയുടെ യഥാര്‍ത്ഥ മുഖമാണ് വൈലോപ്പിള്ളി ഇക്കവിതയില്‍ മറയില്ലാതെ ആവിഷ്‌കരിക്കുന്നത്. 

വൈലോപ്പിള്ളിയുടെ പുരോഗമനാത്മകമായ കാവ്യദര്‍ശനം  'തെളിഞ്ഞു പ്രകാശിക്കുന്ന കവിതയാണ്' പന്തങ്ങള്‍. ഒറ്റവായനയില്‍തന്നെ യുവതലമുറയോടുള്ള ഒരു വിപ്ലവാഹ്വാനമാണ്  ഈ കവിത എന്നു ബോധ്യമാകും.  ചോരതുടിക്കും ചെറുകൈകള്‍ വന്ന് 'പന്തങ്ങള്‍' അഥവാ പ്രതീക്ഷയുടെ തീനാളങ്ങള്‍ പേറണമെന്നാണ് കവിയുടെ ആഹ്വാനം. തികച്ചും പ്രതീക്ഷാനിര്‍ഭരമായ ഭാവിലോകത്തിനുവേണ്ടി പോരാടാന്‍ യുവാക്കളെ കവി ആഹ്വാനം ചെയ്യുന്നു. തികഞ്ഞ ശുഭാപ്തിവിശ്വസമാണ് കവി പ്രകടിപ്പിക്കുന്നത്.  

'വരട്ടേ ദുരിതങ്ങള്‍, കേരളത്തിനുമേലും
ചിരിക്കാന്‍ മറക്കാതെയിരിക്കാന്‍ കഴിഞ്ഞെങ്കില്‍' (കേരളത്തിന്റെ ചിരി)
എന്ന് ആശംസിക്കുന്ന കവി ഭയമോ പാരവശ്യമോ അറിയാത്ത പൗരുഷത്തിന്റേയും പ്രസാദാത്മകത്വത്തിന്റേയും ഉല്‍കര്‍ഷകമായ സന്ദേശമാണു നല്‍കുന്നത്.'

ഗൂഢമായ നര്‍മ്മവും പരിഹാസവും വൈലോപ്പിള്ളിക്കവിതകളില്‍ ഒളിഞ്ഞിരിപ്പുണ്ട്. ചിലപ്പോളത് വേദനിപ്പിക്കുന്ന, ക്രൂരമായ പരിഹാസമായി സമൂഹഹൃദയത്തില്‍ വന്നുതറയ്ക്കുന്നു. രാഷ്ട്രീയമണ്ഡലത്തിലെ കാപട്യങ്ങളും സമൂഹത്തെ മറന്നുകൊണ്ടുള്ള അധികാരദുരകളും  വൈലോപ്പിള്ളിയുടെ പരിഹാസത്തിനു നിമിത്തമായിട്ടുണ്ട്. അഴിമതിയും കവിയെ ചൊടിപ്പിച്ചിട്ടുള്ള  സംഗതിയാണ്. 

'രാഷ്ട്രീയക്കാറ്റിന്‍ ഗതി ഗണിച്ചോരോരോ പാര്‍ട്ടിതന്‍ പട്ടം പറത്തലാ'യി കക്ഷിരാഷ്ട്രീയത്തെ കവി പരിഹസിക്കുന്നു. ഗാന്ധിജി വധിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ പില്‍ക്കാലത്തെ രാഷ്ട്രീയ ജീര്‍ണ്ണതയില്‍ മനം നൊന്ത് അദ്ദേഹം ആത്മഹത്യ ചെയ്‌തേനെയെന്നും കവി ആക്ഷേപിക്കുന്നുണ്ട്! 

വൈലോപ്പിള്ളിയുടെ നര്‍മ്മബോധം ചിരിയോടല്ല ചിന്തയോടാണ് സന്ധിചെയ്യുന്നത്. 

സി അച്യുത മേനോനും എം ലീലാവതിക്കും ഭക്ഷണം വിളമ്പുന്ന വൈലോപ്പിള്ളി
സി അച്യുത മേനോനും എം ലീലാവതിക്കും ഭക്ഷണം വിളമ്പുന്ന വൈലോപ്പിള്ളി

വൈലോപ്പിള്ളിയുടെ സാമൂഹ്യബോധം

സാമൂഹിക പരിവര്‍ത്തനത്തിനുള്ള അഭിവാഞ്ഛയും ശാസ്ത്രബോധവും വൈലോപ്പിള്ളിക്കവിതയിലെ പ്രധാനപ്പെട്ട അന്തര്‍ധാരയാണ്. അത് ചില കവിതകളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ല. സാമൂഹിക പരിവര്‍ത്തനം മുഖ്യവിഷയമായി അദ്ദേഹം ചില കവിതകളെഴുതിയിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട രചനകളാണ് കുടിയൊഴിക്കല്‍,  യുഗപരിവര്‍ത്തനം, കടല്‍ക്കാക്കകള്‍ എന്നിവ. 

വൈലോപ്പിള്ളിയുടെ സാമൂഹ്യബോധം മാതൃകാപരമായി പ്രതിഫലിക്കുന്ന കവിതയാണ് കുടിയൊഴിക്കല്‍. ഏഴു ഖണ്ഡങ്ങളുള്ള ഒരു ഖണ്ഡകാവ്യമാണത്. വൈലോപ്പിള്ളിക്കവിതയിലെ ആന്തരിക സംഘര്‍ഷവും ദ്വന്ദ്വാത്മകത്വവും പാരമ്യത്തിലെത്തുന്ന കൃതിയാണിത്. 

ബാഹ്യസംഘര്‍ഷത്തെക്കാള്‍ അനേകമിരട്ടി തീവ്രമായ ആന്തരിക സംഘര്‍ഷം. അതിന്റെ തീക്ഷ്ണത ഒട്ടും ചോര്‍ന്നുപോകാതെ കവിതയില്‍ അനുഭവവേദ്യമാകുന്നു. എല്ലാ ജഗച്ഛക്തികളേയും കുലുക്കിയുണര്‍ത്താന്‍ പോന്ന ഒരു ഹൃദയമഥനത്തിന്റെ കഥയായി ഇതിനെ പ്രൊഫ. എം.എന്‍. വിജയന്‍ വിശേഷിപ്പിക്കുന്നു.  ആത്മാവിനെ അടിയോടെ പിടിച്ചുകുലുക്കിയ കൃതിയായി ഡോ. എം. ലീലാവതിയും 'കവികര്‍മ്മത്തിന്റെ പാരമ്യ'മായി പ്രൊഫസര്‍ വിഷ്ണു നാരായണന്‍ നമ്പൂതിരിയും വിശേഷിപ്പിക്കുന്നു. എന്നാല്‍ 'കാലഘട്ടത്തിന്റെ ട്രാജഡി'യെന്നാണ് എന്‍.വി. കൃഷ്ണവാര്യര്‍ നിരീക്ഷിക്കുന്നത്.

'മകരക്കൊയ്ത്തി'ലെത്തുമ്പോള്‍ ആത്മീയതയില്‍നിന്ന് ഒഴിഞ്ഞ് ഭൗതികതലത്തില്‍ സ്ഥാനമുറപ്പിക്കുന്ന വൈലോപ്പിള്ളിക്കവിതയുടെ വേറിട്ട വിളവെടുപ്പ് അനുഭവവേദ്യമാകുന്നു. വ്യക്തിഗതങ്ങളായ അനുഭൂതികളില്‍നിന്ന് സാമൂഹ്യപ്രതിബദ്ധതയിലേക്ക്  തന്റെ കവിത പരിണതപ്പെട്ടതായി കവി തുറന്നുപറഞ്ഞിട്ടുണ്ട് (വൈലോപ്പിള്ളി, മകരക്കൊയ്ത്ത് എന്ന ഈ പുസ്തകത്തെപ്പറ്റി). 

'മതജാതികള്‍ ചൊല്ലി, തത്ത്വസംഹിതകള്‍ ചൊല്ലി
ക്ഷിതിഭാഗത്തെച്ചൊല്ലി കക്ഷികള്‍ കലഹിക്കെ
നിന്‍ തടവനങ്ങളിലുള്ളതിലേറെ ദുഷ്ട
ജന്തുവര്‍ഗ്ഗമീനാട്ടിലലറിക്കലമ്പുന്നു.' 

മനുഷ്യര്‍ക്കിടയിലെ ഭിന്നതയും ശത്രുതയും മൂലം കാട്ടുമൃഗങ്ങളേക്കാള്‍  ദുഷ്ടരായ ജന്തുക്കള്‍ നാട്ടില്‍ അലറിക്കലമ്പുന്നു എന്ന കവിയുടെ തീക്ഷ്ണവിമര്‍ശനത്തില്‍ അദ്ദേഹത്തിന്റെ ഉദാത്തമായ മാനവികദര്‍ശനമാണ് പ്രതിഫലിക്കുന്നത്. 

ശാസ്ത്രബോധമുള്ള കവിയാണ് താനെന്ന് വൈലോപ്പിള്ളി സ്വയം വെളിപ്പെടുത്തിയിട്ടുണ്ട്. വൈലോപ്പിള്ളിക്കവിതയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന സ്വരം മനുഷ്യസ്‌നേഹിയായ ഒരു ശാസ്ത്രജ്ഞന്റേതാണ്. അദ്ദേഹത്തിന്റെ ശാസ്ത്രവീക്ഷണത്തിന് ഏറ്റവും ശക്തിയുള്ള ഉദാഹരണമാണ് 'സര്‍പ്പക്കാട്' (വിത്തും കൈക്കോട്ടും). ഈ കവിതയില്‍ കവിയുടെ പുതിയ സൗന്ദര്യബോധമുണ്ട്, വിപ്ലവവീര്യമുണ്ട്, പുതിയ തലമുറയ്ക്കുള്ള സന്ദേശമുണ്ട്. സര്‍പ്പക്കാട് അന്ധവിശ്വാസത്തിന്റേയും പഴമയുടേയും  പ്രതീകമാണ്. 

'പണ്ടൊരു സര്‍പ്പക്കാവെന്‍ വീട്ടിന്‍ 
പിന്നില്‍ പകലുമിരുട്ടിന്‍ വീടായ്' എന്ന കവിതയുടെ തുടക്കംതന്നെ പകല്‍വെട്ടത്തിലും അജ്ഞതയുടെ, അന്ധവിശ്വാസത്തിന്റെ ഇരുട്ടു പരത്തുന്ന മനുഷ്യന്റെ അശാസ്ത്രീയതയെ കുറ്റപ്പെടുത്തുകയാണ്. കവിതയുടെ അന്ത്യത്തില്‍ കവിയുടെ പരിഹാസം മൂര്‍ദ്ധന്യത്തിലെത്തുന്നു. പഴമയുടെ പുറ്റുകളില്‍ ഒളിഞ്ഞിരിക്കുന്ന നാഗത്താന്മാര്‍ വെറും ഞാഞ്ഞൂലുകളാണെന്ന് പുതിയ തലമുറയോട് കവി പറഞ്ഞുകൊടുക്കുന്നു: 

17 സമാഹാരങ്ങളിലായി വൈലോപ്പിള്ളിയുടെ കാവ്യരചനകള്‍ നീണ്ടുപടര്‍ന്നു കിടക്കുന്നു. മരണത്തെ മറികടക്കാനുള്ള ശുഭാപ്തിവിശ്വാസമാണ് വൈലോപ്പിള്ളിയുടെ കാവ്യചൈതന്യം.  മൃത്യുബോധം പരാജയഭീതിയാണ്. അതിനെ ധീരമായി മറികടന്ന് ശാസ്ത്രബോധമുള്ള, വിപ്ലവവീര്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ വൈലോപ്പിള്ളി പരിശ്രമിച്ചു. 

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com