തെരുവുകളില്‍ നിന്നു തെരുവുകളിലേക്ക് പടരുന്ന കലാപത്തിന്റെ അഗ്‌നിനാളങ്ങള്‍ 

അധികാരദുരകൊണ്ട് അന്ധത ബാധിച്ച പട്ടാളക്കാരുടെ നൃശംസത ഒരു ജനതയെ എങ്ങനെ തുണ്ടംതുണ്ടമാക്കാമെന്നതിന്റെ ചരിത്രം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമായ സുഡാന്‍ പറഞ്ഞുതരും
തെരുവുകളില്‍ നിന്നു തെരുവുകളിലേക്ക് പടരുന്ന കലാപത്തിന്റെ അഗ്‌നിനാളങ്ങള്‍ 

ധികാരദുരകൊണ്ട് അന്ധത ബാധിച്ച പട്ടാളക്കാരുടെ നൃശംസത ഒരു ജനതയെ എങ്ങനെ തുണ്ടംതുണ്ടമാക്കാമെന്നതിന്റെ ചരിത്രം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമായ സുഡാന്‍ പറഞ്ഞുതരും. ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് അവിടത്തെ സൈനികരും അര്‍ദ്ധസൈനികരും പരസ്പരം തുടല്‍പൊട്ടിച്ച അക്രമത്തില്‍ നൂറുകണക്കിനാളുകള്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സായുധസൈന്യം രക്തദാഹികളായി മാറിയിരിക്കുന്നു.

കൊടിയ തോതില്‍ സംഘര്‍ഷം മുറുകുകയാണവിടെ. നിരവധി പേര്‍ ഭവനരഹിതരായി. ആയിരങ്ങള്‍ തെരുവിലായി. ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പേര്‍ അതിജീവനത്തിനായി പരക്കം പായുന്നു, പലായനം കൊതിച്ച് നെട്ടോട്ടമോടുന്നു. തെരുവുകളില്‍നിന്നു തെരുവുകളിലേക്ക് കലാപത്തിന്റെ അഗ്‌നിനാളങ്ങള്‍ പടരുന്നു. 

സുഡാനീസ് ആംഡ് ഫോഴ്സ് (എസ്.എ.എഫ്), റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍.എസ്.എഫ്) എന്നീ സൈനിക - അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റേയും രക്തച്ചൊരിച്ചിലിന്റേയും അടിവേര് അധികാരത്തിനുവേണ്ടിയുള്ള പോരാട്ടം തന്നെയാണ്. ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ഭരണം പിടിച്ചടക്കാനുള്ള പോരാട്ടങ്ങളുമെല്ലാം ആ രാജ്യത്തിന്റെ സൈ്വരം കെടുത്തിയിട്ട് വര്‍ഷങ്ങളായി. അനധികൃതമായ തോതിലുള്ള സ്വര്‍ണ്ണ ഖനനത്തിന്റേയും മാഫിയാ ബന്ധങ്ങളുടേയും മറവില്‍ കോടിക്കണക്കിനു വിലയുള്ള സമ്പത്ത് വാരിക്കൂട്ടിയ അധോലോക രാജാക്കന്മാരും അധികാര ദല്ലാള്‍മാരും പട്ടാളക്കാരെ ഉപയോഗിച്ച് നടത്തുന്ന അതിനീചവും കുല്‍സിതവുമായ ഈ യുദ്ധത്തില്‍ ഇതിനകം ഒരു ലക്ഷത്തിലധികം പേര്‍ കിടപ്പാടം പോലുമില്ലാതെ നരകയാതന അനുഭവിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

പടിഞ്ഞാറന്‍ സുഡാനിലെ ദാര്‍ഫര്‍ മേഖലയിലെ കൂട്ടക്കുരുതിക്കു നേതൃത്വം നല്‍കിയ പട്ടാളക്കാരുടെ ബയണറ്റുകളിപ്പോള്‍ തലസ്ഥാനമായ ഖര്‍ത്തൂമിലേയും ന്യൂ നൈലിലേയും മറ്റു ജനവാസ മേഖലകളിലേയും സാധാരണക്കാര്‍ക്കു നേരെയാണ് നീണ്ടുവന്നിരിക്കുന്നത്. 60 ശതമാനം ആരോഗ്യ - ചികിത്സാകേന്ദ്രങ്ങളിലേയും പരിമിതമായ സൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന രോഗികളുടെ സഹായത്തിനായി റെഡ്ക്രസന്റ് വിഭാഗങ്ങള്‍ പെടാപ്പാട് പെടുകയാണവിടെ. ജനീനാ ഹോസ്പിറ്റല്‍ എന്ന തലസ്ഥാന നഗരത്തിലെ പ്രധാന റഫറല്‍ ആശുപത്രി രോഗികളുടെ പെരുപ്പം കാരണം അടച്ചിടാന്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണ്. ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞതോടെ നൂറുകണക്കിനാളുകള്‍ മരിച്ചുവീഴുന്ന ദാരുണദൃശ്യങ്ങളാണ് ഖര്‍ത്തൂമിലും പരിസരങ്ങളിലും കാണപ്പെട്ടത്. വൈറ്റ് നൈല്‍ സ്റ്റേറ്റില്‍ രണ്ടായിരത്തോളം അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഉയര്‍ന്നുകഴിഞ്ഞു. അയല്‍രാജ്യങ്ങളായ ഛാഡ്, ഈജിപ്ത്, സൗത്ത് സുഡാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹവും രൂക്ഷമായിരിക്കുകയാണ്. കപ്പലുകളിലും സൈനിക വിമാനങ്ങളിലുമെല്ലാം ഉപ്പ് ചാക്കുകള്‍ കണക്കെ അട്ടിയിട്ടാണ് ആളുകളെ മറ്റു നാടുകളിലേക്ക് ഒഴിപ്പിക്കുന്നത്. പ്രാണഭയത്താലുള്ള പലായനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈന്യമായ ഏടാണ് സഹാറയുടെ സങ്കടമായി രേഖപ്പെടുത്തപ്പെടുന്നത്. 

ഹംദത്തി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മുഹമ്മദ് ഹംദാന്‍ ദഗാലോയാണ് ഇപ്പോഴത്തെ ആഭ്യന്തര സംഘര്‍ഷത്തിന്റേയും തുടര്‍ന്നുള്ള യുദ്ധത്തിന്റേയും പിറകിലെ മുഖ്യകാരണക്കാരന്‍. സ്ഥാനം നഷ്ടപ്പെട്ട് ഇപ്പോള്‍ അഴികള്‍ക്കകത്തായ പ്രസിഡന്റ് കേണല്‍ ഉമര്‍ അല്‍ ബഷീറിന്റെ പ്രതിയോഗിയായ ഹംദത്തിയുടെ കണ്ണ് സുഡാന്റെ ഭരണനേതൃത്വത്തിലേക്കാണ്. അധോലോക രാജാക്കന്മാരുടെ സഹായത്തോടെ രാജ്യം കൊള്ളയടിക്കുകയെന്ന ലക്ഷ്യവുമായി പട്ടാളത്തെ ആയുധവല്‍ക്കരിച്ച ഹംദത്തിയുടെ കാര്‍മ്മികത്വത്തില്‍ തന്നെയായിരുന്നു നേരത്തെ യെമനിലേയും ലിബിയയിലേയും പോരാട്ടങ്ങളില്‍ സുഡാനിലെ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തിയതും ആ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരീകരണത്തിനുവേണ്ടി നേരിട്ടും അല്ലാതെയുമുള്ള ആര്‍.എസ്.എഫ് വിഭാഗത്തിന്റെ ഇടപെടലുകളും. കേണല്‍ ഉമര്‍ അല്‍ബഷീറാകട്ടെ, കുരുതിയുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും കാര്യത്തില്‍ പിറകിലായിരുന്നില്ല. ദാര്‍ഫറിലെ കൂട്ടക്കൊലകള്‍ക്ക് പലപ്പോഴായി കടിഞ്ഞാണ്‍ പിടിച്ചതും ആര്‍.എസ്.എഫ് എന്ന പാരാമിലിട്ടറി ഭടന്മാര്‍ക്ക് അര്‍ത്ഥവും ആള്‍ബലവും നല്‍കിയതും ഒമര്‍ ബഷീറായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായവും അന്നത്തെ ഭരണകൂടത്തിനും അവരെ തുണച്ച സൈനികശക്തികള്‍ക്കും ലഭ്യമായിരുന്നു. 

ഖാർത്തൂമിൽ ആക്രമണത്തിൽ തകർന്ന വീടിനു മുന്നിൽ നിൽക്കുന്നയാൾ
ഖാർത്തൂമിൽ ആക്രമണത്തിൽ തകർന്ന വീടിനു മുന്നിൽ നിൽക്കുന്നയാൾ

ചരിത്രത്തിന്റെ കാവ്യനീതി                                                                                                                                                                                                                                                               
ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ സാദിഖ് അല്‍ മഹ്ദിയെന്ന ഭരണാധികാരിയെ നിക്ഷിപ്തതാല്പര്യക്കാരായ വൈദേശികരുടെ പിന്‍ബലത്തോടെ സൈനിക അട്ടിമറി നടത്തി സ്ഥാനഭ്രഷ്ടനാക്കിയ ഫീല്‍ഡ് മാര്‍ഷല്‍ ഒമര്‍ അല്‍ ബഷീര്‍ മൂന്നു പതിറ്റാണ്ടാണ് സുഡാന്‍ അടക്കിവാണത്. ചരിത്രത്തിന്റെ കാവ്യനീതി കണക്കെ, 2019 ഏപ്രിലില്‍ ഒമര്‍ അല്‍ ബഷീര്‍ മറ്റൊരു സൈനിക അട്ടിമറിയിലൂടെ പുറത്തായി. ഒമറിന്റെ ഉരുക്കുമുഷ്ടികളിലെ പാപക്കറ, സുഡാനെ അതിരിട്ടൊഴുകുന്ന നൈല്‍ നദിയില്‍ കഴുകിയാല്‍പോലും മാഞ്ഞുപോകില്ലെന്നാണ് അദ്ദേഹത്തിന്റെ മര്‍ദ്ദകഭരണത്തില്‍ റെക്കാര്‍ഡിട്ട, 33 കൊല്ലത്തെ തേര്‍വാഴ്ചയെക്കുറിച്ച് ബോധ്യമുള്ള സുഡാനികള്‍ പറയുന്നത്. ഒമര്‍ അല്‍ ബഷീറിനും സാദിഖ് മഹ്ദിക്കും മുമ്പേ, ആധുനിക സുഡാന്റെ ഭൂപടത്തില്‍ അധികാരത്തിന്റെ പിടി മുറുക്കിയ മറ്റൊരു നേതാവുണ്ടായിരുന്നു - ഈജിപ്തിന്റെ ജമാല്‍ അബ്ദുല്‍ നാസറും ലിബിയയുടെ കേണല്‍ ഗദ്ദാഫിയും സംരക്ഷിച്ചിരുന്ന ജാഫര്‍ അല്‍ നുമേരി. പെയ്തൊഴിയാത്ത കുരുതിയുടെ ഗാഥകള്‍ സുഡാന്‍ എന്ന നല്ല മനുഷ്യര്‍ തിങ്ങിപ്പാര്‍ത്ത രാജ്യത്തിന്റെ ആത്മാവിനെ മുറിവേല്പിച്ച കഥ അവിടെനിന്നു തുടങ്ങുന്നു. നൂബികള്‍ എന്നറിയപ്പെടുന്ന പടിഞ്ഞാറന്‍ സുഡാനിലെ ദാര്‍ഫര്‍ മേഖലയില്‍ വന്‍ കൂട്ടക്കുരുതി നടത്തിയാണ് സുഡാന്റെ ഭരണചക്രം അതാത് കാലത്തെ നേതാക്കള്‍ യഥേഷ്ടം തിരിക്കാനാരംഭിച്ചത്. ദാര്‍ഫറിലെ രോഷക്കൊടുങ്കാറ്റ്, ഭരണാധികാരികളുടെ ഉറക്കം കെടുത്തിയിരുന്നു. 

ദാര്‍ഫര്‍, ആധുനിക ലോകത്തിന്റെ നിതാന്തമായ വിഷാദമായി ഇന്നും ബാക്കിനില്‍ക്കുന്നു. ഒരു കോടിയോളം ജനസംഖ്യയുള്ള, ഏതാണ്ട് സ്പെയിന്റെ അത്രയും വ്യാപ്തിയുള്ള ദാര്‍ഫര്‍ മേഖലയിലെ വംശീയമായ അടിച്ചമര്‍ത്തലുകളുടെ കാരണക്കാരായി കാലാകാലങ്ങളില്‍ സുഡാന്‍ ഭരിച്ച എല്ലാ നേതാക്കളുമുണ്ട്. ദാര്‍ഫര്‍ ഇപ്പോഴും അശാന്തമാണ്. ജന്‍ജാവീദ് എന്ന പേരുള്ള മിലിട്ടറി വിഭാഗമാണ് ദാര്‍ഫറിലെ സിവിലിയന്മാരെ കൂട്ടഹത്യയ്ക്ക് വിധേയമാക്കിയത്. സുഡാനിലെ പ്രമുഖ കവയിത്രിയും ദാര്‍ഫര്‍ മേഖലയിലെ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഡോ. ഹലീമ ബഷീര്‍ അവരുടെ പ്രസിദ്ധമായ 'ടിയേഴ്സ് ഓഫ് ദ ഡെസര്‍ട്ട്' എന്ന കൃതിയില്‍, ദൃശ്യവല്‍ക്കരിച്ചിട്ടുള്ള ദാര്‍ഫറിന്റെ ചിത്രം അതിഭീകരമാണ്. അവര്‍ സ്വയം അതിക്രമത്തിനും മാനഭംഗത്തിനും വിധേയമായതിന്റെ പൊള്ളുന്ന ചിത്രമാണ് ആത്മകഥാപരമായ ഈ പുസ്തകം. നിരക്ഷരര്‍ തിങ്ങിപ്പാര്‍ക്കുന്ന ദാര്‍ഫറിലെ ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും ആളുകളെ കൂട്ടക്കുരുതി നടത്തുകയും ബാലികമാരെ ബലാത്സംഗം ചെയ്യുകയുമായിരുന്നു സുഡാന്‍ സേനാവ്യൂഹം. 2008-ല്‍ പ്രസിദ്ധീകരിച്ച ഹലീമയുടെ ആത്മകഥയില്‍ സുഡാന്‍ സൈനികരുടെ രാക്ഷസീയ മുഖം അനാവരണം ചെയ്യപ്പെടുന്നുണ്ട്. പട്ടാളം അവരെ വേട്ടയാടി. ബ്രിട്ടനിലേക്ക് പലായനം ചെയ്ത ഹലീമ ഇപ്പോള്‍ ലണ്ടനില്‍ ഡോക്ടറായി പ്രവര്‍ത്തിക്കുന്നു. കാപാലികവേഷമിട്ട സുഡാനീസ് സേനയുടെ അത്യന്തം അക്രമോല്‍സുകമായ മുഖമാണ് സുഡാനില്‍ ഇപ്പോള്‍ വേതാളനൃത്തമാടുന്നതെന്ന് അവര്‍ ദ ഗാര്‍ഡിയന്‍ ലേഖികയോട് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. 

മുഹമ്മദ് ഹം​ദാൻ ദ​ഗാലോ
മുഹമ്മദ് ഹം​ദാൻ ദ​ഗാലോ

അധികാരത്തിന്റെ പേശീബലം

ആഭ്യന്തരമായ ചേരിപ്പോരില്‍ ഔദ്യോഗിക സേനാവിഭാഗത്തെ സഹായിക്കുന്നവരുടെ എണ്ണം സുഡാനില്‍ പരിമിതമാണെങ്കിലും അധികാരത്തിന്റെ അപരിമേയമായ പേശീബലം അവരുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു. റാപിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (ആര്‍.എസ്.എഫ്) എന്ന പാരാമിലിട്ടറി സേനയുമായാണ് ഔദ്യോഗിക സൈന്യം മിസൈലും മിറാഷും ബോംബും ഡ്രോണുമായൊക്കെ സിവിലിയന്മാര്‍ക്കെതിരെ പൊരുതുന്നത്. നിരവധി പേര്‍ തലസ്ഥാനമായ ഖര്‍ത്തൂമിലും പരിസരങ്ങളിലും മരിച്ചുവീണു. അംഗഭംഗം വന്നവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സ്ത്രീകളും കുട്ടികളും വൃദ്ധരും അടിയന്തര ചികിത്സയ്ക്കായി ജീവകാരുണ്യ പ്രവര്‍ത്തകരെ തേടിക്കഴിയുന്നു.

ആര്‍.എസ്.എഫ് തീര്‍ത്തും അക്രമികളും അച്ചടക്കരഹിതരും അനധികൃതവുമായൊരു പട്ടാളക്കൂട്ടമാണ്. പക്ഷേ, അവരെ അടിച്ചമര്‍ത്താനും ഉള്‍പ്പോരുകളുടേയും ശൈഥില്യത്തിന്റേയും മുളകള്‍ ആദ്യമേ നുള്ളിക്കളയാനും ഔദ്യോഗിക വിഭാഗത്തിന് തുടക്കം തൊട്ടേ കഴിയാതെ പോയി. അതാണ് ദുരന്തം ഇത്രയും വ്യാപകമാകാന്‍ കാരണമായത്. ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗാലോ എന്ന കരുത്തനാണ് യുദ്ധത്തിനു തിരികൊളുത്തി, മാറിനിന്ന് നിഗൂഢമായി കൊലച്ചിരി ചിരിക്കുന്നത്. പാരാമിലിട്ടറി വിഭാഗത്തിന്റെ ഈ നേതാവ്, ഖര്‍ത്തൂമിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം മോഹിച്ചാണ് മനുഷ്യഹത്യയ്ക്ക് നേതൃത്വം നല്‍കുന്നത്. അടിയന്തരമായി വെടി നിര്‍ത്തണമെന്ന് സുഡാനിലെ വലിയ കക്ഷിയായ നാഷനല്‍ ഉമ്മ: പാര്‍ട്ടി, ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്ര രക്ഷാസമിതിയും ഇക്കാര്യത്തില്‍ ഇടപെടണമെന്ന ആവശ്യമുയര്‍ന്നു. ആലങ്കാരികമായ അര്‍ത്ഥത്തില്‍ ആയിടെ, ചെറിയ തോതില്‍ വെടിനിര്‍ത്തല്‍ നടന്നുവെങ്കിലും യുദ്ധം രൂക്ഷമാവുകയാണെന്ന് ഓരോ ദിവസവും സുഡാനില്‍ നിന്ന് പോര്‍ട്ട് സുഡാന്‍ തുറമുഖം വഴി നാട്ടിലേക്കുള്ള യാത്രാമധ്യേ ജിദ്ദയിലെത്തിയ മലയാളികള്‍ പറയുന്നു. 

കേണൽ ഉമർ അൽ ബഷീർ
കേണൽ ഉമർ അൽ ബഷീർ

3460 ഇന്ത്യക്കാരാണ് ഇതിനകം സുഡാനിലെ ഇന്ത്യന്‍ എംബസിയില്‍ നാട്ടിലേക്ക് മടങ്ങാന്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഖര്‍ത്തൂമിലെ ഇന്ത്യന്‍ അംബാസഡര്‍ തമിഴ്നാട്ടുകാരനായ ബി.എസ്. മുബാറക് ഈ ലേഖകനോട് പറഞ്ഞു. കപ്പല്‍ വഴി ജിദ്ദയിലെത്തുന്ന ഇന്ത്യക്കാരെ ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങളിലാണ് നാട്ടിലേക്കയക്കുന്നത്. അതിനിടെ സുഡാനില്‍ വെടിയേറ്റു മരണപ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇപ്പോഴും രേഖകളുടെ ക്രമീകരണം കാത്ത് ഖര്‍ത്തൂമിലെ ആശുപത്രി മോര്‍ച്ചറിയിലാണ്. ആല്‍ബര്‍ട്ടിന്റെ ഭാര്യ സിബെല്ലയും മകള്‍ മാരിറ്റയും ജിദ്ദ വഴി കഴിഞ്ഞ ദിവസം നാട്ടിലെത്തി. വീടും സ്വത്തും ജോലിയും നഷ്ടപ്പെട്ട നിരവധി ഇന്ത്യക്കാര്‍ തങ്ങളുടെ സങ്കടം ജിദ്ദയിലെ മലയാളികളുമായി പങ്ക് വെച്ചു. സൗദി സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലും ജാഗ്രതയും ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ കൊണ്ടുപോകാന്‍ സഹായകമാകുന്നു. അവശേഷിക്കുന്ന ഇന്ത്യക്കാരെ അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം നാട്ടിലെത്തിക്കാനാവുമെന്നാണ് കരുതുന്നത്.  'ഓപ്പറേഷന്‍ കാവേരി' എന്ന പേരില്‍ സുഡാനിലെ ഇന്ത്യക്കാരെ സുരക്ഷിതമായും സുഗമമായും ഒഴിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ജിദ്ദയില്‍ ക്യാംപ് ചെയ്ത് നേതൃത്വം നല്‍കി. ജിദ്ദയിലെ മലയാളി സംഘടനകളും വളണ്ടിയര്‍മാരും സുഡാനില്‍ നിന്നെത്തുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ സജീവമായി രംഗത്തുണ്ട്. 

പടിഞ്ഞാറ് ദാര്‍ഫര്‍ മേഖലയില്‍നിന്നാരംഭിച്ച് ഇന്നിപ്പോള്‍ സുഡാനിലാകെ വ്യാപിച്ച് കൊണ്ടിരിക്കുന്ന രക്തരൂഷിതമായ കലാപത്തിന്റെ ബാക്കിപത്രം, കരചരണമറ്റ ആയിരക്കണക്കിനു മനുഷ്യരുടെ ദീനരോദനവും അജ്ഞാതഭൂമികകളിലെ ജഡകുടീരങ്ങളും കുഞ്ഞുങ്ങളുടെ ആര്‍ത്ത് കരച്ചിലുകളും ആംനെസ്റ്റി കൂട്ടായ്മകളുടെയാകെ കാത് തുളച്ചെത്തുന്ന ഗാന്ധാരീവിലാപങ്ങളുമാണ്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com