പ്രേക്ഷകരെ പ്രകോപിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, ആകാംക്ഷഭരിതരാക്കുന്ന 'അനാട്ടമി ഓഫ് എ ഫോള്‍'

ഫ്രെഞ്ച് സംവിധായിക ജസ്റ്റിന്‍ ട്രയറ്റി(Justine Triet)ന് ഫെസ്റ്റിവലിലെ ഏറ്റവും ഉന്നത പുരസ്‌കാരം 'പാം ദി ഓര്‍' നേടിക്കൊടുത്ത 'അനാട്ടമി ഓഫ് എ ഫാള്‍', ആദ്യന്തം പ്രേക്ഷകരെ അസ്വസ്ഥരാക്കി നിര്‍ത്തുന്ന ഒരു സൈ
പ്രേക്ഷകരെ പ്രകോപിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, ആകാംക്ഷഭരിതരാക്കുന്ന 'അനാട്ടമി ഓഫ് എ ഫോള്‍'

സ്വന്തം അനുഭവങ്ങളില്‍നിന്നു മാത്രമാണോ ഒരാള്‍ക്കെഴുതാന്‍ കഴിയുന്നത്? എഴുത്തുകാര്‍ നിരന്തരം അഭിമുഖീകരിക്കുന്ന ഈ ചോദ്യമാണ് 'അനാട്ടമി ഓഫ് എ ഫോളി' (Anatomy of a Fall)ല്‍ നിറഞ്ഞുനില്‍ക്കുന്നത്. ഈ വര്‍ഷം കാന്‍ ചലച്ചിത്രമേളയുടെ 76ാം പതിപ്പില്‍, ഫ്രെഞ്ച് സംവിധായിക ജസ്റ്റിന്‍ ട്രയറ്റി(Justine Triet)ന് ഫെസ്റ്റിവലിലെ ഏറ്റവും ഉന്നത പുരസ്‌കാരം 'പാം ദി ഓര്‍' നേടിക്കൊടുത്ത 'അനാട്ടമി ഓഫ് എ ഫാള്‍', ആദ്യന്തം പ്രേക്ഷകരെ അസ്വസ്ഥരാക്കി നിര്‍ത്തുന്ന ഒരു സൈക്കോ ത്രില്ലറാണ്. കുറ്റവാളിയെന്ന് അവരൊരു സന്ദര്‍ഭത്തില്‍ കരുതുന്ന കഥാപാത്രം, അടുത്ത നിമിഷം അങ്ങനെയല്ലെന്നു വിശ്വസിപ്പിക്കുന്ന സവിശേഷമായ ഘടനാരീതിയിലാണ് 44കാരിയായ ജസ്റ്റിന്‍ ട്രയറ്റ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.    

ഇത് മൂന്നാം തവണയാണ് കാന്‍ ചലച്ചിത്രമേള ഒരു സംവിധായികയെ പാം ദി ഓര്‍ സമ്മാനിച്ച് ആദരിക്കുന്നത്. ന്യൂസ്‌ലാന്‍ഡ് സംവിധായിക ജയിന്‍ കാമ്പ്യോന്‍ 1993ല്‍ 'ദ പിയാനൊ'(The Piano)യ്ക്കും ഫ്രാന്‍സില്‍നിന്നുതന്നെയുള്ള ജൂലിയ ജ്യുകോര്‍ണോ 2021ല്‍ 'ടിറ്റാനി'നും (Titane) പാം ദി ഓര്‍ നേടിയ ശേഷം, അതു കരസ്ഥമാക്കുന്ന മൂന്നാമത്തെ ചലച്ചിത്രകാരിയായി ജസ്റ്റിന്‍ ട്രയറ്റ് ലോകസിനിമയുടെ ചരിത്രത്തിലിടം നേടി. കഴിഞ്ഞ വര്‍ഷം 
പാം ദി ഓര്‍ നേടിയ റുബന്‍ ഓസ്ലന്റ് ചെയര്‍മാനായ കാന്‍ ജൂറിയില്‍, ജൂലിയ ജുകൊര്‍ണോയും അംഗമായിരുന്നു. പ്രശസ്ത നടി ജെയിന്‍ ഫോണ്ടയില്‍നിന്നു പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ജസ്റ്റിന്‍ ട്രയറ്റ് നടത്തിയ മറുപടി പ്രസംഗത്തില്‍, ഫ്രെഞ്ച് ഭരണകൂടത്തെ അവര്‍ നിശിതമായി വിമര്‍ശിച്ചു. രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യത്തെ തുരങ്കംവെയ്ക്കുന്ന രീതിയില്‍ നിയോ ലിബറല്‍ ഭരണം, സംസ്‌കാരത്തെ വാണിജ്യവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. തനിക്ക് ഇന്നിവിടെ നില്‍ക്കാന്‍ കഴിയുന്നത് മഹത്തായ ആ പാരമ്പര്യം മൂലമാണെന്ന് അവര്‍ ഓര്‍മ്മിച്ചു. രാജ്യം മുഴുവന്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്കിടയിലും പെന്‍ഷന്‍ പ്രായം 62ല്‍നിന്ന് 64ലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള, വിവാദ ബില്ലില്‍ ഒപ്പിട്ട ഫ്രെഞ്ച് പ്രസിഡന്റ് ഇമന്വേല്‍ മക്രോണിനെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഫ്രാന്‍സിലെ വിവിധ ജനകീയ പ്രശ്‌നങ്ങള്‍ അടിസ്ഥാനപ്പെടുത്തി രാഷ്ട്രീയ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തുകൊണ്ട് സിനിമാ ജീവിതമാരംഭിച്ച ജസ്റ്റിന്‍ ട്രയറ്റിന്റെ പ്രതിഷേധം അവരുടെ നിലപാടുകള്‍ കൃത്യമായി അറിയുന്നവരെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. 

ജസ്റ്റിന്‍ ട്രയറ്റിന്റെ മറ്റു ചിത്രങ്ങളില്‍നിന്നു വ്യത്യസ്തമായ 'അനാട്ടമി ഓഫ് എ ഫാള്‍', ഭര്‍ത്താവിന്റെ ആകസ്മിക മരണത്തില്‍ കുറ്റാരോപിതയായി വിചാരണ നേരിടുന്ന എഴുത്തുകാരി സാന്ദ്രയുടെ അനുഭവങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് പുരോഗമിക്കുന്നത്. കുടുംബകഥ, അപസര്‍പ്പക കഥ, കോടതി വിചാരണ ചിത്രീകരിച്ചുകൊണ്ടുള്ള, യാഥാര്‍ത്ഥ്യങ്ങളും സങ്കല്പങ്ങളും ഇടകലര്‍ന്ന ചിന്തകള്‍ക്കു തുടക്കം കുറിക്കുന്ന കഥ എന്നിങ്ങനെ പല രീതിയില്‍ വിശേഷിപ്പിക്കാവുന്ന 'അനാട്ടമി ഓഫ് എ ഫാള്‍', രണ്ട് മണിക്കൂര്‍ സമയം തുടര്‍ച്ചയായ സംഭാഷണങ്ങളിലൂടെ പ്രേക്ഷകരെ പ്രകോപിപ്പിക്കുകയും ചിന്തിപ്പിക്കുകയും ആകാംക്ഷഭരിതരാക്കുകയും ചെയ്യുന്നു. മഞ്ഞുമൂടിയ ആല്‍പ്‌സ് പര്‍വ്വതത്തിന്റെ താഴ്വരയിലെ ഗ്രെനോബിള്‍ പട്ടണത്തില്‍, സ്‌കീയിങ് കേന്ദ്രത്തില്‍ ഭര്‍ത്താവ് സാമുവലിനൊപ്പം കഴിയുന്ന, ഫ്രാന്‍സിലും പുറത്തും അറിയപ്പെടുന്ന എഴുത്തുകാരി സാന്ദ്ര വോയ്റ്റര്‍, ഇന്റര്‍വ്യൂവിനായി എത്തിയ പെണ്‍കുട്ടിയില്‍നിന്ന് അഭിമുഖീകരിക്കുന്ന ചോദ്യം ചിത്രത്തില്‍ ആദ്യന്തം പ്രസക്തമാവുന്നു. 'സ്വന്തം അനുഭവങ്ങളില്‍നിന്നു മാത്രമാണോ താങ്കള്‍ രചന നടത്താറുള്ളത്?' എന്ന ചോദ്യത്തിനു നേരിട്ട് മറുപടി കൊടുക്കാതെ, പെണ്‍കുട്ടിയോട് ചില മറുചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് സാന്ദ്ര ഒഴിഞ്ഞുമാറുന്നു. ഇതിനിടയില്‍ മുറികള്‍ ഇളക്കിമറിച്ചുകൊണ്ടുള്ള സംഗീതത്തില്‍ അവരുടെ സംഭാഷണങ്ങള്‍ മുങ്ങിപ്പോകുന്നു. അങ്ങനെ ഇന്റര്‍വ്യൂ തുടരാന്‍ കഴിയാതെ പെണ്‍കുട്ടി തിരിച്ചു പോകുന്നു. 
ഈ ദൃശ്യങ്ങള്‍ക്കിടയില്‍, സാമുവലിന്റേയും സാന്ദ്രയുടേയും മകന്‍ ഡാനിയല്‍ സ്‌ക്രീനില്‍ വരുന്നു. പൂര്‍ണ്ണമായ കാഴ്ചശക്തിയില്ലാത്ത അവന്‍ വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്നു, പിന്നീട് അതിനെ പുറത്തേയ്ക്ക് കൊണ്ടുപോകുന്നു. 
ഡാനിയല്‍ പട്ടിയുമായി തിരിച്ചുവരുമ്പോള്‍, വീടിനു മുന്‍പില്‍ മരിച്ചുകിടക്കുന്ന സാമുവല്‍. തലയിലെ മുറിവില്‍നിന്നൊഴുകിയ രക്തം മഞ്ഞില്‍ പടര്‍ന്നുകിടക്കുന്നു. ആരായിരിക്കാം സാമുവലിന്റെ കൊലയാളി എന്ന് ആകാംക്ഷയോടെ അന്വേഷിക്കുന്ന പ്രേക്ഷകര്‍ക്കു മുന്‍പില്‍ ചിത്രം തുടരുന്നു.

സാമുവലിന്റെ മരണത്തെക്കുറിച്ച് സാന്ദ്രയുടെ വിശദീകരണം അവര്‍ തന്റെ സുഹൃത്ത് അഡ്വക്കറ്റ് വിന്‍സന്റിന്റെ മുന്‍പില്‍ വെയ്ക്കുന്നു. സാമുവല്‍ സൃഷ്ടിക്കുന്ന ചെകിടടപ്പന്‍ സംഗീതം കാരണം ഇന്റര്‍വ്യൂ ഇടയ്ക്കുവെച്ചു നിര്‍ത്താന്‍ സാന്ദ്ര നിര്‍ബ്ബന്ധിതയാകുന്നു. ഇന്റര്‍വ്യൂവിനായി വന്ന പെണ്‍കുട്ടി പുറത്തേയ്ക്കു പോയ ശേഷം, പത്ത് മിനിറ്റോളം സാന്ദ്രയും സാമുവലും സംസാരിക്കുന്നു. തുടര്‍ന്ന് ബെഡ്‌റൂമില്‍ ചെന്ന സാന്ദ്ര, കുറച്ചുനേരം അവിടെയിരുന്ന് എഴുതുന്നു. പിന്നീട് ഉറങ്ങിപ്പോയ അവര്‍ എഴുന്നേല്‍ക്കുന്നത്, സാമുവലിന്റെ നിലവിളി കേട്ടുകൊണ്ടാണ്. അപ്പോഴാണ് തന്റെ ഇയര്‍ ഫോണ്‍ ചെവിയില്‍നിന്നു വീണുപോയത് അവര്‍ അറിയുന്നത്.

അവതരണത്തിലെ സൂക്ഷ്മത

സാന്ദ്രയുടെ ഈ വിശദീകരണങ്ങളില്‍ പ്രേക്ഷകരെയെത്തിച്ചശേഷം, തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയാണ് ചിത്രം മുന്‍പോട്ട് പോകുന്നത്. അഡ്വക്കേറ്റ് വിന്‍സന്റ് പ്രതീക്ഷിക്കുന്നതുപോലെ, സ്വന്തം ഭര്‍ത്താവിനെ കൊന്നു എന്ന കുറ്റത്തില്‍ പൊലീസ് സാന്ദ്രയെ അറസ്റ്റ് ചെയ്യുന്നു. രണ്ടാംനിലയിലെ ബാല്‍ക്കണിയില്‍വെച്ച് ഭര്‍ത്താവുമായുണ്ടായ തര്‍ക്കങ്ങള്‍ക്കിടയില്‍ സാന്ദ്ര അയാളെ തലക്കടിച്ചു കൊന്നു എന്നാണ് പൊലീസിന്റെ നിഗമനം. കോടതിയില്‍ സാമുവല്‍ ആത്മഹത്യ ചെയ്തു എന്ന വാദവുമായി മുന്‍പോട്ട് പോകാനാണ് വിന്‍സന്റ് സാന്ദ്രയെ ഉപദേശിക്കുന്നത്.
കോടതിമുറിയില്‍ തുടരുന്ന ചിത്രം, തികഞ്ഞ സൂക്ഷ്മതയോടെയാണ് സംവിധായിക മുന്‍പോട്ട് കൊണ്ടുപോകുന്നത്. ചിലപ്പോള്‍ സാന്ദ്ര കുറ്റക്കാരിയാണെന്നു കരുതുന്ന പ്രേക്ഷകര്‍, മറ്റു സന്ദര്‍ഭങ്ങളില്‍ അവര്‍ നിരപരാധിയാണെന്ന് ഉറച്ചു വിശ്വസിക്കാന്‍ നിര്‍ബ്ബന്ധിതരാവുന്നു. വളരെ ലളിതമായ ആഖ്യാനരീതിയില്‍ പുരോഗമിക്കുന്ന ചിത്രം, കൃത്യമായ സംഭാഷണങ്ങള്‍ വഴിയാണ് പ്രേക്ഷകരെ അതിലെ സന്ദിഗ്ദ്ധ സന്ദര്‍ഭങ്ങളുമായി ചേര്‍ത്തുനിര്‍ത്തുന്നത്. പശ്ചാത്തല സംഗീതമില്ലാതെ ചിത്രീകരിക്കുന്ന കോടതി ദൃശ്യങ്ങളില്‍, പ്രോസിക്യൂട്ടര്‍ കേള്‍പ്പിക്കുന്ന ശബ്ദശകലം പ്രേക്ഷകര്‍ക്കു ഞെട്ടലുണ്ടാക്കുന്നു. മരണത്തിനു തൊട്ട് മുന്‍ദിവസം സാമുവലും സാന്ദ്രയും തമ്മിലുള്ള തര്‍ക്കം അവരുടെ മുറിയില്‍വെച്ച് നാം കേള്‍ക്കുമ്പോള്‍, ശാരീരികമായ ആക്രമണദൃശ്യത്തില്‍ നാം കോടതിമുറിയില്‍ തിരികെയെത്തുന്നു. ആരെ വിശ്വസിക്കും ആരെ അവിശ്വസിക്കുമെന്നറിയാതെ പ്രേക്ഷകര്‍ അസ്വസ്ഥരാകുന്നു. സാമുവല്‍സാന്ദ്ര ദമ്പതികളുടെ മകന്‍, 11 വയസ്സ് മാത്രമുള്ള, കാഴ്ചശക്തി കുറഞ്ഞ ഡാനിയല്‍ കോടതിയിലെ സാക്ഷിക്കൂടില്‍നിന്നു മൊഴി നല്‍കുമ്പോള്‍, പ്രേക്ഷകര്‍ അത്ഭുതപ്പെടുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുപിടിച്ചുകൊണ്ട് സസ്‌പെന്‍സ് നിലനിര്‍ത്തുന്ന സംവിധായികയുടെ ആവിഷ്‌കാരരീതി ചിത്രത്തിനു നല്‍കുന്ന ഊര്‍ജ്ജവും വ്യത്യസ്തതയേയും ശ്രദ്ധേയമാണ്. മറ്റുള്ളവരുമായുള്ള വഴിവിട്ട ബന്ധങ്ങളുടെ പേരിലും തന്റെ സ്വന്തം ആശയം മോഷണം നടത്തി രചനയിലേര്‍പെട്ടതിന്റെ പേരിലും സാമുവല്‍ സാന്ദ്രയെ വെറുത്തിരുന്നു. മകന്റെ അന്ധതയ്ക്കു കാരണമാവുന്നത് സാമുവല്‍ മൂലമുണ്ടായ അപകടമാണെന്നു വിശ്വസിച്ച് സാന്ദ്ര അയാളെ കുറ്റപ്പെടുത്തുന്നു. കൃത്യമായി ഒന്നും കാണാന്‍ കഴിയില്ലെങ്കിലും മകന്‍ ഡാനിയലിന്റെ മൊഴി സാന്ദ്രയുടെ ഭാവിജീവിതത്തില്‍ നിര്‍ണ്ണായകമാകുന്നു. പ്രശസ്ത ജര്‍മന്‍ നടി സാന്ദ്ര ഹല്ലറി(Sandra Huller)ന്റെ അഭിനയമികവ് ചിത്രത്തിനു നല്‍കുന്ന വൈകാരിക ഊര്‍ജ്ജം നിര്‍ണ്ണായകമാണ്. ചിലപ്പോള്‍ സാന്ദ്രയോട് സഹതപിക്കുകയും മറ്റു ഘട്ടങ്ങളില്‍ അവരെ വെറുക്കുകയും ചെയ്യുന്ന പ്രേക്ഷകര്‍, വഞ്ചനയുടെ വഴികളില്‍ അവര്‍ നടത്തുന്ന സഞ്ചാരങ്ങള്‍ കണ്ട് അത്ഭുതപ്പെടുന്നു.

സംശയാസ്പദമായ മരണങ്ങളില്‍ പതിവായി ചെയ്യാറുള്ള ഫോറന്‍സിക് അന്വേഷണ ങ്ങളുമായി മുന്‍പോട്ട് പോകുന്ന ചിത്രം, ശവശരീരത്തിന്റെ സൂക്ഷ്മമായ പരിശോധന, ഡമ്മിയുപയോഗിച്ചുള്ള പരീക്ഷണം എന്നിവ ചിത്രീകരിക്കുന്നു. എല്ലാറ്റില്‍നിന്നും പ്രേക്ഷകരെ ഒരു നിശ്ചിത അകലത്തില്‍ മാറ്റിനിര്‍ത്തുന്ന സംവിധായിക, സാന്ദ്ര കുറ്റക്കാരിയാണോ അല്ലയോ എന്ന സംശയം പ്രേക്ഷകരില്‍ അവസാനം വരെ നിലനിര്‍ത്തിക്കൊണ്ട് മുന്‍പോട്ട് പോകുന്നു. 2023ല്‍ ലോകസിനിമയില്‍ റിലീസ് ചെയ്യുന്ന ഒരു പ്രധാന ചിത്രമായി, 'അനാട്ടമി ഓഫ് എ ഫോള്‍' വരുംദിവസങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കാം.

തിരക്കഥാകൃത്തും സംവിധായികയും എഡിറ്ററുമായ ജസ്റ്റിന്‍ ട്രയറ്റ് 1978ലാണ് ഫ്രാന്‍സില്‍ ജനിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാരീസിലെ ആര്‍ട്‌സ് സ്‌കൂള്‍ ആലമൗഃഅൃെേ റല ജമൃശെല്‍ നിന്നു കലാപഠനത്തില്‍ അവര്‍ ബിരുദം നേടി. രാഷ്ട്രീയസാമൂഹിക പ്രമേയങ്ങള്‍ പ്രതിപാദിക്കുന്ന ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തകൊണ്ടാണ് ജസ്റ്റിന്‍ സിനിമാ ജീവിതമാരംഭിക്കുന്നത്. Sur place (2007), Solferino (2009), Des ombres dans la maisaon (2010), Two Ships (2012) എന്നീ ഡോക്യുമെന്ററി/ഷോര്‍ട്ട് ഫിലിമുകള്‍ക്കുശേഷം ജസ്റ്റിന്‍ തന്റെ ആദ്യ ഫീച്ചര്‍ ഫിലിം എയ്ജ് ഓഫ് പാനിക് (Age of Panic) 2013ല്‍ സംവിധാനം ചെയ്തു. ഫ്രാന്‍സില്‍, 2012 മാര്‍ച്ച് ആറിനു നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ ഷൂട്ട് ചെയ്ത ചിത്രം, വിവാഹബന്ധം വേര്‍പെടുത്തിയ ടെലിവിഷന്‍ ജേണലിസ്റ്റ് ലയ്റ്റീഷ്യ, മുന്‍ ഭര്‍ത്താവ് വിന്‍സെന്റ് എന്നിവരുടെ ജീവിതകഥകളാണ് ആവിഷ്‌കരിക്കുന്നത്. 2014ലെ സീസര്‍ അവാര്‍ഡില്‍ മികച്ച ഫീച്ചര്‍ ഫിലിമായി ജസ്റ്റിന്റെ ഈ ആദ്യചിത്രം തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത ചിത്രം 'ഇന്‍ ബെഡ് വിത്ത് വിക്‌റ്റോറിയ' (In Bed with Victoria) 2016ലാണ് ജസ്റ്റിന്‍ സംവിധാനം ചെയ്യുന്നത്. റൊമാന്റിക് കോമഡിയായ അത് ആ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയിലെ ഇന്റര്‍നാഷണല്‍ ക്രിറ്റിക്‌സ് വീക്‌സില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. 2019ല്‍ വീണ്ടും ഒരു കോമഡി സിബിലു(Sibyl)മായി കാനിലെത്തിയ ജസ്റ്റിന്‍, പാം ദി ഓറിനായി അതു സമര്‍പ്പിച്ചെങ്കിലും പുരസ്‌കാരമൊന്നും ലഭിച്ചില്ല. സൈക്കോതെറാപിസ്റ്റ് സിബില്‍ കേന്ദ്ര സ്ഥാനത്തുള്ള ചിത്രം, തനിക്ക് ഏറെ ഇഷ്ടപ്പെട്ട എഴുത്തിലേക്ക് അവര്‍ തിരിച്ചുവരുന്നതാണ് പ്രമേയമാക്കുന്നത്. അതിനായി തന്റെ പുതിയ രോഗിയും ഉയര്‍ന്നുവരുന്ന നടിയുമായ മാര്‍ഗറ്റിന്റെ അസ്വസ്ഥത നിറഞ്ഞ ജീവിതാനുഭവങ്ങള്‍ സിബലിനു പ്രചോദനമാവുന്നു. അങ്ങനെ അവര്‍ മാര്‍ഗറ്റിന്റെ ജീവിതവുമായി കൂടുതല്‍ അടുക്കുന്നു. 'സിബിലി'നുശേഷം ജസ്റ്റിന്‍ സംവിധാനം ചെയ്ത 'അനാട്ടമി ഓഫ് എ ഫോള്‍', അവര്‍ക്ക് ലോക സിനിമയിലെ ഏറ്റവും ഉന്നത പുരസ്‌കാരം, കാനിലെ പാം ദി ഓര്‍ നേടിക്കൊടുത്തു.

അനാട്ടമി ഓഫ് എ ഫോള്‍
അനാട്ടമി ഓഫ് എ ഫോള്‍

അഭിമുഖം

'അനാട്ടമി ഓഫ് എ ഫോള്‍' ഒരു ഫെമിനിസ്റ്റ് ചിത്രമായി മാറ്റാന്‍ പരമാവധി ഞാന്‍ ശ്രമിച്ചിട്ടുണ്ട് 

ഓണ്‍ലൈന്‍ മാഗസിന്‍ വെറൈറ്റി(Varitey)യ്ക്കുവേണ്ടി, ജസ്റ്റിന്‍ ട്രയറ്റുമായി സീനിയര്‍ ഇന്റര്‍നാഷണല്‍ ഫിലിം എഡിറ്ററും എഴുത്തുകാരിയുമായ എല്‍സ കേസ്ലസ്സി (Elsa Keslassy) നടത്തിയ അഭിമുഖം

ജസ്റ്റിന്‍ ട്രയറ്റ്/എല്‍സ കെസ്ലസ്സി 

(പരിഭാഷ: സി.വി. രമേശന്‍) 

ഈവര്‍ഷം കാന്‍ മത്സരവിഭാഗത്തില്‍ ഏറ്റവും ശ്രദ്ധേയ ചിത്രമായി വിലയിരുത്തപ്പെട്ട 'അനാട്ടമി ഓഫ് എ ഫോള്‍', ഒരു ദാമ്പത്യജിവിതത്തിന്റെ തകര്‍ച്ചയും അമ്മയും മകനും തമ്മിലുള്ള ബന്ധവും ഡോക്യുമെന്ററി രൂപത്തിലാണ് ചിത്രീകരിക്കുന്നത്. ജര്‍മന്‍ നോവലിസ്റ്റ് സാന്ദ്രയുടെ വേഷം ചെയ്ത സാന്ദ്ര ഹല്ലരുടെ അഭിനയ മികവ് രേഖപ്പെടുത്തുന്ന ചിത്രം, സംശയകരമായ സാഹചര്യത്തില്‍ മരിച്ച സാന്ദ്രയുടെ ഭര്‍ത്താവ് സാമുവല്‍, അവരുടെ കാഴ്ചശക്തിയില്ലാത്ത, സംഭവത്തിന്റെ സാക്ഷിയായി കോടതിയില്‍ പ്രത്യക്ഷപ്പെടുന്ന മകന്‍ എന്നിവരേയും ദൃശ്യവല്‍ക്കരിക്കുന്നു.
ജസ്റ്റിന്റെ പതിവ് സിനിമ ശൈലിയില്‍നിന്നു വേറിട്ടുനില്‍ക്കുന്ന 'അനാട്ടമി ഓഫ് എ ഫോളി'ന്റെ തിരക്കഥ, മുന്‍ ചിത്രങ്ങള്‍പോലെ ആര്‍തര്‍ ഹരാരിയുമായി ചേര്‍ന്നാണ് അവരെഴുതിയത്.

ഓണ്‍ലൈന്‍ മാഗസിന്‍ വറൈറ്റിക്കുവേണ്ടി എല്‍സ കെസ്ലസ്സിയുമായി സംസാരിച്ച ജസ്റ്റിന്‍, 'അനാട്ടമി ഓഫ് എ ഫോളി'ന്റെ തുടക്കം, നടി സാന്ദ്ര ഹല്ലരുമായുള്ള സഹകരണം, ഓട്ടോ പ്രേമിങ്ങറു(Otto Preminger)ടെ 'അനാട്ടമി ഓഫ് എ മര്‍ഡര്‍' (Anatomy of a Murder), ക്ലൂസോ (Clouzot)യുടെ 'ദ ട്രൂത്ത്' (The Truth) എന്നീ ചിത്രങ്ങളുടെ സ്വാധീനം എന്നിവയോടൊപ്പം, 'അനാട്ടമി ഓഫ് എ ഫോളി'നെ എങ്ങനെ ഒരു ഫെമിനിസ്റ്റ് ചലച്ചിത്രാവിഷ്‌കാരമായി മാറ്റാന്‍ കഴിഞ്ഞു എന്ന കാര്യവും വിശദീകരിക്കുന്നു.

ഒരു കോടതി മുറിക്കകത്ത് നടക്കുന്ന സംഭവങ്ങള്‍ സിനിമയുടെ രൂപത്തിലാവിഷ്‌കരിക്കാന്‍ എന്തുകൊണ്ടാണ് തീരുമാനിച്ചത്? 

'സിബില്‍' സംവിധാനം ചെയ്തതോടെ സ്ത്രീകളുടെ ജീവിതങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ചലച്ചിത്ര ത്രയം ഞാന്‍ പൂര്‍ത്തിയാക്കുകയായിരുന്നു. അതുകൊണ്ട് അടുത്ത ചിത്രത്തില്‍ പുതിയൊരു ദിശയില്‍ സഞ്ചരിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് കോമഡിയല്ലാത്ത ഒരു കോടതി ഡ്രാമ സംവിധാനം ചെയ്യാന്‍ ആലോചിക്കുന്നത്. കോടതി വിചാരണയെന്ന പ്രിസത്തിലൂടെ, ദമ്പതികളുടെ ജീവിതം ആവിഷ്‌കരിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം. നിരവധി കുട്ടികളെ എന്റെ പല ചിത്രങ്ങളിലായി ഞാന്‍ അഭിനയിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അവര്‍ക്ക് കൃത്യമായ റോളുകള്‍ നല്‍കാന്‍ എനിക്കിതേവരെ കഴിഞ്ഞിട്ടില്ല. അങ്ങനെയാണ് 'അനാട്ടമി ഓഫ് എ ഫോളി'ല്‍, ഒരു കുട്ടിയുടെ ജീവിതത്തില്‍ അവന്‍ സ്വതന്ത്ര നിലപാട് എടുക്കുന്ന ഒരു പ്രധാന സന്ദര്‍ഭം ആവിഷ്‌കരിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്. അതുവഴി സ്വന്തം അമ്മയിലുള്ള അവന്റെ വിശ്വാസം തകരാന്‍ തുടങ്ങുകയാണ്.

അമേരിക്കന്‍ ചലച്ചിത്രാവിഷ്‌കാര രീതികള്‍ ഫ്രാന്‍സില്‍ വളരെ പ്രസിദ്ധമാണല്ലോ. താങ്കളുടെ ചിത്രം അവയില്‍നിന്നു വ്യത്യസ്തമാകുമെന്ന് എങ്ങനെയാണ് ഉറപ്പ് വരുത്തിയത്? 

ചിത്രത്തിന്റെ തിരക്കഥയെഴുതുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും അത് അമേരിക്കന്‍ ചലച്ചിത്ര മാതൃകയിലാകാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രദ്ധിച്ചിരുന്നു. അതൊരു കോടതി ചിത്രമായതിനാല്‍ ഫ്രെഞ്ച് രീതിയിലാക്കുകയെന്നതായിരുന്നു എന്റെ ലക്ഷ്യം. എനിക്കെന്താണോ ആവശ്യം അതിന്റെ നേരെ വിപരീതമായി കാര്യങ്ങള്‍ ചെയ്യാനാണ് എന്റെ എഡിറ്ററോട് ഞാന്‍ പതിവായി ആവശ്യപ്പെടാറുള്ളത്. അതൊരു വലിയ തമാശയാണ്.

ചിത്രം, വളരെ മന്ദഗതിയിലുള്ള ഒരു ഡോക്യുമെന്ററിയുടെ രൂപത്തിലേക്കു മാറ്റാനായി ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. മറ്റൊരിക്കലുമില്ലാത്തവിധം എന്റെ ലക്ഷ്യങ്ങള്‍ കൃത്യവും വ്യക്തവുമായി എല്ലാവര്‍ക്കു മുന്‍പിലും അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു. അവയനുസരിച്ച് ഞങ്ങള്‍ ചിത്രം ഷൂട്ട് ചെയ്തു. ഫ്‌ലാഷ്ബാക്ക് ചിത്രത്തിലൊരിടത്തും ഞങ്ങള്‍ ഉപയോഗിച്ചില്ല. അതിനു    പകരം, ചില പ്രധാന ശബ്ദശകലങ്ങള്‍ക്കു ഞങ്ങള്‍ ഊന്നല്‍ കൊടുത്തു. പലപ്പോഴും ദൃശ്യങ്ങളേക്കാള്‍ വൈകാരികശക്തി ശബ്ദത്തിനുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

ചിത്രം ഏതെങ്കിലും യഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെട്ടതാണോ?
 
തുടക്കത്തില്‍ ഞാനും എന്റെ സഹതിരക്കഥാകൃത്തും നടന്ന ഒരു സംഭവം അടിസ്ഥാനമാക്കി ചിത്രം നിര്‍മ്മിക്കാനാണ് ഉദ്ദേശിച്ചത്. എന്നാല്‍, ക്ലൈമാക്‌സ് പ്രേക്ഷകര്‍ ഊഹിക്കുമെന്നു കരുതി ഞങ്ങളത് ഉപേക്ഷിച്ചു. അന്ത്യം ഊഹിക്കാന്‍ കഴിയാത്തവയും ആവിഷ്‌കരിക്കാന്‍ സങ്കീര്‍ണ്ണമായ ബന്ധങ്ങളുള്ളവയുമായ സംഭവങ്ങള്‍ ഞങ്ങള്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. വിദേശികള്‍ ഉള്‍പ്പെട്ട കേസുകളില്‍ നടക്കുന്ന വിചാരണകള്‍ എന്നെ ആകര്‍ഷിച്ചിരുന്നു (ചിത്രത്തിലെ കേന്ദ്ര കഥാപാത്രം സാന്ദ്ര ജര്‍മനിയിലാണ് ജനിച്ചത്). അതുകൊണ്ട് ആ ഒരു ഘടകം ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ ഞാനാഗ്രഹിച്ചു. 

സാന്ദ്ര ഹല്ലര്‍ (Sandra Hüller, 'അനാട്ടമി ഓഫ് എ ഫോളി'ലെ മുഖ്യനടി) താങ്കളുടെ സിബിലിലും അഭിനയിച്ചിട്ടുണ്ട്. 'അനാട്ടമി ഓഫ് എ ഫാളി'ലേക്ക് അവരെ തിരഞ്ഞെടുക്കാനെന്തായിരുന്നു കാരണം? 

'സിബിലി'നുശേഷവും എനിക്ക് അവര്‍ക്കൊപ്പം വര്‍ക്കു ചെയ്യണമെന്നു തോന്നി. തിരക്കഥ എഴുതുന്ന സമയത്ത് തന്നെ, മുഖ്യനടിയായി അവരാണ് എന്റെ മനസ്സിലുണ്ടായിരുന്നത്. അവരെന്റെ അഭ്യര്‍ത്ഥന സ്വീകരിക്കുമോ എന്നെനിക്കു സംശയമുണ്ടായിരുന്നു. സ്വന്തം ഭാഷയിലല്ലാതെ അവരുടെ കഥാപാത്രം സംസാരിക്കുന്നതും അവരൊരു നോവലിസ്റ്റാണെന്നതും സാന്ദ്ര ഹെല്ലറിലെ വിശ്വാസം വര്‍ദ്ധിക്കാന്‍ കാരണമായി. ചിത്രത്തില്‍ സാന്ദ്രയുടെ പ്രകടനം അവിശ്വസനീയമാണ്. തിരക്കഥ വായിച്ച ഉടന്‍ തന്നെ അവര്‍ക്കതു നന്നായി ഇഷ്ടപ്പെട്ടു. ഞങ്ങളാരും കാണാത്ത ഒരു മാനം കഥാപാത്രത്തിനു നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞു. ഈ പ്രൊജക്റ്റ് ആരംഭിച്ച സമയത്ത്, കരുത്തുള്ള ഒരു സ്ത്രീയെക്കുറിച്ചുള്ള ചിത്രമാണ് സംവിധാനം ചെയ്യാന്‍ പോകുന്നതെന്നു ഞാന്‍ കരുതിയിരുന്നില്ല. അതു സ്വാഭാവികമായി വന്നുചേര്‍ന്നതാണ്. സാന്ദ്ര ആ റോള്‍ ചെയ്തപ്പോള്‍, മറ്റെവിടെയും കാണാന്‍ കഴിയാത്ത രൂപത്തിലുള്ള, കരുത്തുള്ളതും അതോടൊപ്പം സ്‌നേഹം നിറഞ്ഞതുമായ ഒരാളായി മാറാന്‍ അവര്‍ക്കു കഴിഞ്ഞു. ഒരു കുറ്റബോധവുമില്ലാതെ സാന്ദ്ര അത് അഭിനയിച്ചു. 

അടിസ്ഥാനപരമായി, 'അനാട്ടമി ഓഫ് എ ഫോള്‍' ഒരു കോടതിമുറി നാടകം എന്നതുപോലെ, ഒരു ഫെമിനിസ്റ്റ് ചിത്രവുമാണ്. എവിടെനിന്നാണ് അതു സംവിധാനം ചെയ്യാനുള്ള പ്രചോദനം ലഭിച്ചത്? 

ഓട്ടോ പ്രെമിങറു(Otto Preminger, ഓസ്ട്രിയന്‍അമേരിക്കന്‍ നാടകസിനിമാ സംവിധായകനും നടനും. 19051986)ടെ ചിത്രം 'അനാട്ടമി ഓഫ് എ മര്‍ഡറി'നുള്ള (Anatomy of a Murder) എന്റെ ആദരമാണ് 'അനാട്ടമി ഓഫ് എ ഫാള്‍.' സിനിമയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ക്രിമിനല്‍ കേസാണ് 'അനാട്ടമി ഓഫ് എ മര്‍ഡര്‍' ആവിഷ്‌കരിക്കുന്നത്. ഇന്നത്തെ നിലവാരമനുസരിച്ച്, അത് ക്ലാസ്സിക്കലും മന്ദഗതിയില്‍ പുരോഗമിക്കുന്നതുമാണ്. എന്നാല്‍, നിര്‍മ്മിച്ച സമയത്ത് (1959ല്‍) അതു വളരെ ആധുനികമായിരുന്നു. ഞാനതു പല പ്രാവശ്യം കണ്ടിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷമായി എന്നെ ഒരു ഒഴിയാബാധപോലെ പിന്തുടരുന്ന ചിത്രമാണത്. അതോടൊപ്പം, ക്ലൂസോവി (Clouzot, ഫ്രെഞ്ച് സംവിധായകന്‍ (1907-1977) അക്കാലത്തെ സ്ത്രീവിരുദ്ധത ആവിഷ്‌കരിക്കുന്ന 'ദ ട്രൂത്ത്' (The Truth) എന്ന ചിത്രവുമുണ്ടായിരുന്നു. ലൈംഗിക സ്വാതന്ത്ര്യം അന്നു വളരെയധികം വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ അടുത്ത് വീണ്ടും കണ്ടപ്പോള്‍ അതൊരു മികച്ച 
ഫെമിനിസ്റ്റ് ചിത്രമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. സ്വന്തം ഇഷ്ടാനുസരണം ജീവിക്കുന്നതിനാല്‍ വിമര്‍ശിക്കപ്പെടുന്ന സാന്ദ്രയുമായി 'ദ ട്രൂത്തി'ലെ കഥാപാത്രത്തിനു സാമ്യതയുള്ളതായി എനിക്കു ബോദ്ധ്യപ്പെട്ടു. 'അനാട്ടമി ഓഫ് എ ഫാളി'ല്‍ കുറ്റകൃത്യമല്ല, ഒരു സ്ത്രീയുടെ സ്വാതന്ത്ര്യമാണ് നാം വാസ്തവത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ ചിത്രങ്ങള്‍ക്കു പുറമെ ഞാന്‍ ധാരാളം മറ്റു സിനിമകള്‍ കണ്ടു, നിരവധി െ്രെകം കഥകള്‍ വായിക്കയും ചെയ്തു. അങ്ങനെ, ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പലവിധത്തിലുള്ള കലാമാദ്ധ്യമങ്ങളും എനിക്കു പ്രചോദനം നല്‍കിയിട്ടുണ്ട്. 

വീണ്ടുമൊരിക്കല്‍ കൂടി കാനില്‍ മത്സരിക്കാനെത്തിയപ്പോളെന്തു തോന്നുന്നു? 

ഞാന്‍ രണ്ട് തവണ കാനില്‍ മത്സരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സിനിമയുടെ ആഘോഷമാണിവിടെ നടക്കുന്നത്. പലര്‍ക്കുമൊന്നിച്ചിരുന്ന് സിനിമ കാണുന്നത് പണ്ടത്തേക്കാളധികം ഞാനിപ്പോളിഷ്ടപ്പെടുന്നു. അതിപ്പോള്‍ സര്‍വ്വസാധാരണമായി കഴിഞ്ഞു. കാന്‍ ഫിലിം ഫെസ്റ്റിവല്‍, സിനിമകള്‍ നിര്‍ദ്ദാക്ഷിണ്യം വിമര്‍ശിക്കപ്പെടുന്ന ഒരിടം കൂടിയാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തീവ്രമായി വികാരങ്ങള്‍ പ്രകടിപ്പിക്കപ്പെടുന്ന സ്ഥലം. കഴിഞ്ഞ പ്രാവശ്യം 'സിബിലു'മായി ഇവിടെ വന്നപ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു. വിമര്‍ശനങ്ങളുടെ മൂര്‍ച്ച കാരണം സമയത്തിനു മുന്‍പുതന്നെ പ്രസവിക്കുമോ എന്നു ഞാന്‍ അന്നു ഭയപ്പെട്ടിരുന്നു!    

കാനില്‍ പാം ദി ഓറിനായി മത്സരിക്കുന്ന ഏഴ്  സംവിധായികമാരിലൊരാളാണല്ലോ ജസ്റ്റിന്‍! 

ഞങ്ങളിപ്പോഴും സംവിധായകര്‍ക്കു പിന്നില്‍ തന്നെയാണ്! എനിക്കൊരു 12 വയസ്സുകാരി മകളുണ്ട്. യുവാക്കളും യുവതികളും കൗമാരക്കാരും എങ്ങനെയാണ് ബന്ധങ്ങളെ സമീപിക്കുന്നതെന്നും കുടുംബം, ലിംഗപരമായ വേര്‍തിരിവുകള്‍ എന്നിവ എങ്ങനെയാണ് കാണുന്നതെന്നും മനസ്സിലാക്കുമ്പോള്‍, സമൂഹങ്ങളിലും കുടുംബങ്ങളിലും പുതിയ രീതികള്‍ ഉയര്‍ന്നുവരുമെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. സ്ത്രീകള്‍ക്ക് യഥാര്‍ത്ഥ പുരോഗതിയുണ്ടാവണമെങ്കില്‍ നാമവര്‍ക്കു സംവരണം നല്‍കിയേ പറ്റൂ. ചിലരെ അതു പ്രകോപിച്ചേക്കാം. എന്നാല്‍, അതു നല്ലൊരു കാര്യമായാണ് എനിക്കു തോന്നുന്നത്. അതില്ലാതെ ഒരിടത്തും സ്ത്രീകള്‍ക്കു വേണ്ടത്ര പ്രാതിനിദ്ധ്യമുണ്ടാവില്ലെന്നത് ഒരു സത്യം മാത്രമാണ്. 

(അഭിമുഖം മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കിയ എല്‍സ കേസ്ലസ്സിക്ക് നന്ദി)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com