ഒറ്റത്തെരഞ്ഞെടുപ്പ് വോട്ടറുടെ സ്വഭാവത്തില്‍ സ്വാധീനം ചെലുത്തും, ബിജെപിക്ക് മേല്‍ക്കൈ പ്രതീക്ഷ

By അരവിന്ദ് ഗോപിനാഥ്  |   Published: 23rd September 2023 05:14 PM  |  

Last Updated: 23rd September 2023 05:14 PM  |   A+A-   |  

modi

 

സെപ്റ്റംബര്‍ ഒന്നിന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ്  'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' വിഷയം പഠിക്കാന്‍ പുതിയ സമിതി രൂപീകരിച്ചെന്ന് പ്രഖ്യാപിച്ചത്. എട്ടംഗ സമിതിയുടെ അധ്യക്ഷന്‍ മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ്, ഹരീഷ് സാല്‍വെ, എന്‍.കെ. സിങ്, ഡോ. സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ് സമിതി അംഗങ്ങള്‍. നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പദ്ധതിയുടെ ലക്ഷ്യം. 

2016-ല്‍ നരേന്ദ്ര മോദി മുന്നോട്ടുവച്ച രാഷ്ട്രീയ അജണ്ടകളിലൊന്നായിരുന്നു ഈ ആശയം. അതുവഴി സമയവും പണവും ലാഭിക്കുമെന്നാണ് അദ്ദേഹം വാദിച്ചത്. എല്‍.കെ. അദ്വാനി അടക്കമുള്ളവര്‍ ഒരു ദശാബ്ദക്കാലമായി ആവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളിലൊന്നാണ് ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഈ ഏകീകരണം. രാഷ്ട്രപുരോഗതിക്കുവേണ്ടി വികസനപ്രവര്‍ത്തനങ്ങള്‍ വിഘാതമില്ലാതെ കൊണ്ടുപോകാനാണ് ഈ നീക്കമെന്ന് ഈ ആശയത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.  

2019-ല്‍ സ്വാതന്ത്ര്യദിന സന്ദേശത്തിലും ഈ വിഷയം മോദി എടുത്തു പറഞ്ഞിരുന്നു. തുടര്‍ന്ന് ആ വര്‍ഷം ജൂണില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളെയും അദ്ദേഹം കണ്ടു. രാജ്യത്തിന്റെ ആവശ്യമാണ് ഒറ്റത്തെരഞ്ഞെടുപ്പ് എന്ന് മോദി പ്രഖ്യാപിച്ചു. 2020 നവംബറില്‍ വിഷയം വീണ്ടും മോദി ഉന്നയിച്ചു. വികസനം തടസപ്പെടുന്നതിന് തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകള്‍ കാരണമാകുമെന്ന് 2022 ജനുവരിയില്‍ മോദി വീണ്ടും പ്രഖ്യാപിച്ചു. 

ഈ വിഷയം പഠിക്കുന്ന നാലാമത്തെ സമിതിയാണ് ഇപ്പോഴത്തേത്. ലോ കമ്മിഷന്‍, നീതി ആയോഗ്, പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി എന്നീ സമിതികള്‍ ഇതേക്കുറിച്ച് പഠിച്ചിട്ടുണ്ട്. ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് പഠിക്കുന്നതിനായി സമിതിയെ നിയോഗിക്കുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ 'ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്' ബില്‍ കേന്ദ്ര കഴിഞ്ഞ തവണ സമിതി രൂപീകരണത്തിനു  ശേഷം പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍, 40 പാര്‍ട്ടികളില്‍ 21 പാര്‍ട്ടികള്‍ മാത്രമാണ് ആ യോഗത്തില്‍ പങ്കെടുത്തത്.

നിലവിലെ ഭരണഘടനാ ചട്ടക്കൂട് പ്രകാരം ഏകീകൃത തെരഞ്ഞെടുപ്പ് രീതി പ്രായോഗികമല്ലെന്നാണ് ലോ കമ്മീഷന്‍ 2018 ഓഗസ്റ്റില്‍ നല്‍കിയ കരട് റിപ്പോര്‍ട്ട്. ഇനി അങ്ങനെ തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ 1951-ലെ പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യേണ്ടി വരും. അതിന് ലോക്സഭയിലെ മാത്രമല്ല, നിയമസഭകളിലെ നടപടിക്രമങ്ങള്‍ വരെ ഭേദഗതി ചെയ്യേണ്ടിവരും.  2018 ഓഗസ്റ്റിലാണ് ലോ കമ്മിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം  നിലവിലെ ഭരണഘടനാ ചട്ടക്കൂട് പ്രകാരം ഏകീകൃത തെരഞ്ഞെടുപ്പ് രീതി പ്രായോഗികമല്ല. അതിന് ലോക്സഭയിലെ മാത്രമല്ല, നിയമസഭകളിലും നടപടിക്രമങ്ങള്‍വരെ ഭേദഗതി ചെയ്യേണ്ടിവരും. പകുതിയിലധികം നിയമസഭകളിലും ഭരണഘടനാ ഭേദഗതി കൊണ്ടുവരേണ്ടിവരും. 1999-ലെ മുന്‍ ജസ്റ്റിസ് ബി.പി. ജീവന്‍ റെഡ്ഡി അധ്യക്ഷനായ ലോ കമ്മിഷന്‍ പക്ഷേ, നിര്‍ദ്ദേശിച്ചത് ഒറ്റതെരഞ്ഞെടുപ്പാകാമെന്നാണ്. 

2015 ഡിസംബറില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ലോ കമ്മിഷന്‍ വാദങ്ങളെ പിന്തുണയ്ക്കുന്നു. ലോക്സഭയുടെ ടേമിന്റെ പകുതിയോടെ ഒരു ഘട്ടം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടത്താനും ബാക്കി ആ ടേമിന്റെ അവസാനം നടത്താനുമുള്ള ലോ കമ്മിഷന്‍ നിര്‍ദ്ദേശത്തെ സമിതിയും പരിഗണിച്ചിരുന്നു. രണ്ട് വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ ലോക്സഭയിലേയും നിയമസഭകളിലേയും തെരഞ്ഞെടുപ്പുകള്‍ നേരത്തെ നടത്താനാകൂ എന്നാണ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി നിര്‍ദ്ദേശിച്ചത്. അതിലൊന്ന് മൊത്തം സഭകളുടെ രണ്ടിലൊന്ന് ഭൂരിപക്ഷം തെരഞ്ഞെടുപ്പ് നേരത്തേ നടത്താന്‍ തീരുമാനിച്ചാല്‍. രണ്ടാമത്തേത് അവിശ്വാസപ്രമേയം പാസാക്കിയാലോ പതിന്നാലു ദിവസത്തിനകം പകരം സര്‍ക്കാര്‍ രൂപീകരണം നടന്നില്ലെങ്കിലോ. 2018 ഫെബ്രുവരിയില്‍ അന്നത്തെ നിയമമന്ത്രി പി.പി. ചൗധരി ലോക്സഭയില്‍ പറഞ്ഞത് ഒറ്റത്തെരഞ്ഞെടുപ്പ്  സംബന്ധിച്ച് നീതി ആയോഗിന്റെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ്. ഭരണഘടനാ ഭേദഗതി വേണമെന്നത് ഈ റിപ്പോര്‍ട്ടിലും പരാമര്‍ശിക്കുന്നുണ്ട്. 

ഒറ്റത്തെരഞ്ഞെടുപ്പ് ചരിത്രത്തില്‍   

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമല്ല ഒറ്റത്തെരഞ്ഞെടുപ്പ്. 1951-1952ല്‍ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ചാണ് വോട്ടെടുപ്പ് നടന്നത്. 1957-ലും 1962-ലും 1967-ലും ഈ രീതി തുടര്‍ന്നു. ഈ മൂന്നു ലോക്സഭകളും ഭരണഘടന അനുശാസിക്കുന്ന അഞ്ചു വര്‍ഷക്കാലാവധി പൂര്‍ത്തിയാക്കി. എന്നാല്‍, 1968-ലും 1969-ലും ഒരു തെരഞ്ഞെടുപ്പ് എന്ന രീതി പൂര്‍ണ്ണമായും നടക്കാതെയായി. ചില നിയമസഭകള്‍ പിരിച്ചുവിട്ടതായിരുന്നു കാരണം. 1954-ല്‍ യു.പി നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. വിമോചനസമരത്തെത്തുടര്‍ന്ന് 1959-ല്‍ കേരള നിയമസഭയും പിരിച്ചുവിട്ടു. 1970-ല്‍ നാലാം ലോക്സഭയ്ക്കു തന്നെ കാലാവധി പൂര്‍ത്തിയാക്കാനുമായില്ല. 1967 മാര്‍ച്ച് 16-നു തുടങ്ങിയ നാലാം ലോക്സഭ നിലനിന്നത് മൂന്നു വര്‍ഷവും പത്തുമാസവും മാത്രമായിരുന്നു. 1966-നും 1977-നുമിടയില്‍ 39 തവണയാണ് വിവിധ സംസ്ഥാനങ്ങളില്‍ ഇന്ദിരാഗാന്ധി നേതൃത്വം നല്‍കിയ സര്‍ക്കാര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയതിനു ശേഷവും ഇതു തുടര്‍ന്നു. കോണ്‍ഗ്രസ് ഭരിച്ച ഒന്‍പതു സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതോടെ തെരഞ്ഞെടുപ്പുകളുടെ സമയക്രമം താളംതെറ്റി. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 83 പ്രകാരം ലോക്സഭയുടേയും നിയമസഭകളുടേയും കാലാവധി അഞ്ചു കൊല്ലമാണെങ്കിലും പകുതിയോളം സഭകള്‍ക്കും കാലാവധി പൂര്‍ത്തിയാക്കാനായില്ല. 1952 മുതല്‍, 17 ലോക്സഭകളില്‍ ഒന്‍പത് ലോക്സഭകള്‍ (1952, 1957, 1962, 1980, 1985, 1991, 2004, 2009, 2014) മാത്രമാണ് അഞ്ചുവര്‍ഷം തികച്ചത്. 

ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിനു ഭരണഘടനാപരമായും പ്രായോഗികവുമായ പല ബുദ്ധിമുട്ടുകളുണ്ട്. അതായത്, ഇനിയുള്ള കാലം ഒറ്റത്തെരഞ്ഞെടുപ്പ് നടത്തിയാലും കാലാവധി തികയുന്നതിനു മുന്‍പുതന്നെ വീണ്ടും തെരഞ്ഞെടുപ്പുകള്‍ ഉണ്ടാകും. അതിനു സര്‍ക്കാര്‍ കാണുന്ന പോംവഴി ഇതാണ് - ലോക്സഭയ്ക്കും നിയമസഭയ്ക്കും നിശ്ചിത കാലാവധി ഏര്‍പ്പെടുത്തുക. ഇടയ്ക്ക് സര്‍ക്കാര്‍ നിലംപതിച്ചാല്‍ അവശേഷിക്കുന്ന കാലാവധിക്കു വേണ്ടി മാത്രം ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുക. പക്ഷേ, ഇത് നടപ്പാകണമെങ്കില്‍ ഭരണഘടനാ ഭേദഗതി വേണം. ഭരണഘടനയുടെ 172-ാം വകുപ്പ് അനുസരിച്ച് നിയമസഭയുടെ കാലാവധി അഞ്ചു വര്‍ഷമാണ്. അത് മാറ്റാനാകില്ല. അഥവാ, നിയമസഭ പിരിച്ചുവിട്ടാല്‍ ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഭരണഘടനയുടെ 143(1) വകുപ്പ് പ്രകാരം സുപ്രീംകോടതി നിര്‍ദ്ദേശിച്ചതുമാണ്. എന്നാല്‍, അതൊക്കെ മറികടക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പല വഴികളും തേടാറുണ്ട്. 

നിയമസഭയുടെ അഞ്ച് വര്‍ഷത്തെ നിശ്ചിത കാലാവധി എന്ന വകുപ്പ് ഭേദഗതി ചെയ്യാനാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ നീക്കങ്ങള്‍. ഭരണഘടനാ ഭേദഗതിക്കു പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം.  ഈ അനിശ്ചിതത്വത്തെ മറികടക്കാനാണ്  കഴിഞ്ഞതവണ എല്ലാ പാര്‍ട്ടികളുടേയും പിന്തുണ നരേന്ദ്ര മോദി തേടിയത്. 

പഴയ പാർലമെന്റ് മന്ദിരം

വെല്ലുവിളികള്‍ ഏതൊക്കെ?

ഇടതടവില്ലാതെ തെരഞ്ഞെടുപ്പുകള്‍ ഭരണനടത്തിപ്പിനേയും രാജ്യപുരോഗതിയേയും സാരമായി ബാധിക്കുമെന്ന വാദമാണ് ഈ ആശയത്തിന്റെ അനുകൂലികള്‍ ഉയര്‍ത്തുന്നത്.  നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ശരാശരി ഒരു വര്‍ഷം അഞ്ചോളം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ഉദാഹരണമായി 2014-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആ വര്‍ഷം ജാര്‍ഖണ്ഡിലും ജമ്മു കശ്മീരിലും മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നു. ലോക്സഭയിലേക്ക് മാര്‍ച്ച്-മേയ് കാലയളവില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സെപ്റ്റംബര്‍ - ഡിസംബര്‍ കാലയളവിലാണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നത്. അതായത് അഞ്ചുമാസത്തോളം തെരഞ്ഞെടുപ്പ് പ്രക്രിയ തുടര്‍ന്നു. പെരുമാറ്റച്ചട്ടം വന്നു കഴിഞ്ഞുള്ള ഈ അഞ്ചുമാസക്കാലയളവില്‍ ഭരണസ്തംഭനമുണ്ടാകുന്നെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ഒരു വര്‍ഷം നടപ്പിലാക്കേണ്ട വികസനപ്രക്രിയയുടെ സമയത്തിന്റെ മൂന്നിലൊന്ന് ഇങ്ങനെ നഷ്ടമാകുന്നുവെന്നാണ് വാദം. 

ലോക്സഭയിലേക്കും നിയമസഭയിലേക്കും നടക്കുന്ന വ്യത്യസ്ത തെരഞ്ഞെടുപ്പുകള്‍ പൊതുഖജനാവിനു കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. അടിക്കടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതോടെ ഭരണസ്തംഭനമുണ്ടാകും. സുരക്ഷാസേനകളുടെ വിലപ്പെട്ട സമയം രണ്ടുഘട്ടങ്ങളിലായി അനാവശ്യമായി ചെലവഴിക്കേണ്ടിവരുന്നു. നല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഇതിനായി രണ്ടുവട്ടം അവരുടെ പ്രവര്‍ത്തനസമയം ചെലവഴിക്കേണ്ടിവരുന്നു.  വ്യത്യസ്ത തെരഞ്ഞെടുപ്പ് രാജ്യത്തെ ഫെഡറല്‍ ഘടനയെ ദുര്‍ബ്ബലപ്പെടുത്തുന്നു. ഈ വാദങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിക്കുന്നത്. 

എന്നാല്‍, രാജ്യത്തെ മൊത്തം പരിഗണിച്ചാല്‍ നിലവില്‍ പൊതുതെരഞ്ഞെടുപ്പ് ഒരു തവണ മാത്രമേ നടക്കുന്നുള്ളൂ. നിയമസഭാ തെരഞ്ഞടുപ്പുകള്‍ വിവിധയിടങ്ങളില്‍ വിവിധ സമയത്ത് നടക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക്, കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ജാഗ്രതയും തിരുത്തലിനുമുള്ള അവസരം നല്‍കുന്നതാണ് ഇടയ്ക്കിടെ ഉണ്ടാകുന്ന തെരഞ്ഞെടുപ്പുകള്‍.  സര്‍ക്കാരിനേയോ ജനപ്രതിനിധിയേയോ തിരിച്ചുവിളിക്കാനുള്ള അവകാശം ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിലില്ല. ആ കുറവ് ഇടവിട്ട തെരഞ്ഞെടുപ്പുകള്‍ ഒരു പരിധിവരെ പരിഹരിക്കുന്നു. മറ്റൊന്ന്, സ്വതന്ത്രവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടിയാണ് മാതൃകാ പെരുമാറ്റച്ചട്ടം. പെരുമാറ്റച്ചട്ടങ്ങളില്‍ വിവേചനമനുസരിച്ച് ഇളവുകളും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിക്കാറുണ്ട്. 

മോദി, അമിത് ഷാ

ബി.ജെ.പിയുടെ താല്പര്യങ്ങള്‍

രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുമ്പോള്‍ പുതിയ ഭരണ ആശയങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. ബ്രിട്ടീഷ് വെസ്റ്റ്മിന്‍സ്റ്റെര്‍ ശൈലി പരിഷ്‌കരിച്ച് അമേരിക്കന്‍ ശൈലിയിലേക്ക് മാറണമെന്നതാണ് അതിലൊന്ന്. അതായത് പാര്‍ലമെന്റ് സംവിധാനത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറണം. രണ്ടാമത്തെ നിര്‍ദ്ദേശമാണ് തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുകയെന്നത്. തങ്ങള്‍ക്ക് അനുകൂലമാകുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തി പരമാവധി വിജയമുണ്ടാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിക്കു നേരേ ആരോപണങ്ങളുയരുമ്പോള്‍ വെല്ലുവിളികള്‍ വരുമ്പോള്‍ ഇത്തരം ആശയങ്ങളുടെ പ്രചാരമുണ്ടാകാറുണ്ട്. ഇത്തവണയും അത് കണ്ടു. പ്രതിപക്ഷ കൂട്ടായ്മയുടെ ഇന്ത്യ യോഗങ്ങള്‍, അദാനിക്കെതിരേയുള്ള ആരോപണങ്ങള്‍, അതിര്‍ത്തിയിലെ ചൈനീസ് കയ്യേറ്റം, നിയന്ത്രണാതീതമാകാത്ത മണിപ്പൂര്‍, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയൊക്കെ ഉയരുമ്പോള്‍ ചര്‍ച്ചകള്‍ വഴിമാറ്റിവിടാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞു. 

പ്രാദേശിക പാര്‍ട്ടികളുടെ രാഷ്ട്രീയഭാവി

ഒറ്റത്തവണ തെരഞ്ഞെടുപ്പ് നടത്തിയാല്‍ വലിയ രാഷ്ട്രീയ കക്ഷികള്‍ക്കാവും അതിന്റെ മേല്‍ക്കൈ ലഭിക്കുക. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഏകീകരണത്തിലൂടെ രാഷ്ട്രീയ മേല്‍ക്കൈ നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ് മുക്ത ഭാരതം, ഏകകക്ഷി ഭരണം എന്നിവ ലക്ഷ്യമിടുന്ന ബി.ജെ.പിക്ക് തടസമാകുന്നത് പ്രാദേശിക പാര്‍ട്ടികളാണ്. ഇണക്കിയും പിണക്കി ഇല്ലാതാക്കിയും ബി.ജെ.പി നടത്തുന്ന തന്ത്രം പ്രാദേശിക പാര്‍ട്ടികളുടെ രാഷ്ട്രീയഭാവി ഇല്ലാതാക്കുമെന്ന് കരുതുന്ന രാഷ്ട്രീയ വിശകലനങ്ങളുണ്ട്. ഐ.ഡി.എഫ്.സി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനം അനുസരിച്ച് കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യാനുള്ള സാധ്യത 77 ശതമാനമാണ്. 

1999 മുതല്‍ 2014  വരെയുള്ള നാലു ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍നിന്നുള്ള കണക്കുകളെ അധികരിച്ചാണ് ഈ റിപ്പോര്‍ട്ട്. വോട്ടറുടെ സ്വഭാവത്തെ ഒറ്റത്തെരഞ്ഞെടുപ്പ് എന്ന പ്രക്രിയകൊണ്ട് സ്വാധീനം ചെലുത്താനാകുമെന്ന് വ്യക്തം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടറും ഡീനുമായ ജഗദീപ് ചോകര്‍ നടത്തിയ പഠനം അനുസരിച്ച് ലോക്സഭയിലേക്കും നിയമസഭയിലേക്കും വോട്ടര്‍ വ്യത്യസ്തമായി വോട്ടു ചെയ്തത് അപൂര്‍വ്വമാണ്. 1989 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ 31 എണ്ണത്തില്‍ 24 എണ്ണത്തിലും കേന്ദ്രത്തിലും നിയമസഭയിലേക്കും ഒരു പാര്‍ട്ടിക്കാണ് വോട്ടര്‍മാര്‍ വോട്ടു ചെയ്തത് എന്ന് കണക്കാക്കപ്പെടുന്നു.

ഈ ലേഖനം കൂടി വായിക്കൂ

ഗാന്ധിജിക്ക് നാരായണഗുരുവിനെ 'തീയസന്ന്യാസി' എന്നു വിളിക്കുന്നതില്‍ കുറ്റബോധവുമുണ്ടാകാതെ പോയത് എന്തുകൊണ്ടാകാം?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ