ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ സംഘപരിവാര്‍ ബുദ്ധിപൂര്‍വ്വം ആസൂത്രണം ചെയ്‌തെടുത്ത സവിശേഷ സമവാക്യമെന്ത്?

ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ സംഘപരിവാര്‍ ബുദ്ധിപൂര്‍വ്വം ആസൂത്രണം ചെയ്‌തെടുത്ത സവിശേഷ സമവാക്യമെന്ത്?
Updated on
6 min read

ജൂലായ് മൂന്നിന് ഹൈദരാബാദില്‍ ചേര്‍ന്ന ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍വെച്ച് അമിത് ഷാ ഒരു പ്രഖ്യാപനം നടത്തി: ''അടുത്ത 30-40 വര്‍ഷം ഇന്ത്യയില്‍ ബി.ജെ.പിയുടെ കാലമായിരിക്കും.'' എന്തുകൊണ്ടാണ് അമിത് ഷായ്ക്ക് ഇങ്ങനെയൊരു പ്രഖ്യാപനം നടത്താന്‍ കഴിയുന്നത്. ഈ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനമെന്താണ്?

ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയും സുതാര്യതയും അട്ടിമറിച്ചിരിക്കുന്നു. ബി.ജെ.പി വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് കാണിക്കുന്നു. ബി.ജെ.പി മാധ്യമങ്ങളെ കയ്യടക്കി നുണപ്രചാരണം നടത്തുന്നു. ബി.ജെ.പി ഇന്ത്യന്‍ ജുഡീഷ്യറിയെ ചൊല്‍പ്പടിയിലാക്കിയിരിക്കുന്നു. ബി.ജെ.പി തങ്ങള്‍ക്കനുകൂലമായ വിധത്തില്‍ മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തിക്കൊണ്ടിരിക്കുന്നു (ഉദാഹരണം ജമ്മു-കശ്മീര്‍). ബി.ജെ.പി പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്തി അവരെ ദുര്‍ബ്ബലമാക്കുന്നു. ബി.ജെ.പിയെ വെല്ലുവിളിക്കാന്‍ പാകത്തില്‍ രാജ്യത്ത് ശക്തമായ ഒരു എതിര്‍ചേരി ഇല്ലാതായിരിക്കുന്നു. ഇങ്ങനെ എന്തെല്ലാം മറുപടികളായി നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍, ഇതൊന്നുമല്ല ബി.ജെ.പിയുടെ പ്രതീക്ഷയ്ക്കും ആത്മവിശ്വാസത്തിനും കാരണം. അത് ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ സംഘപരിവാര്‍ ബുദ്ധിപൂര്‍വ്വം ആസൂത്രണം ചെയ്‌തെടുത്തിരിക്കുന്ന തന്ത്രപരമായ കൂട്ടുകെട്ടുകളാണ്. അത് ജാതിയില്‍ അധിഷ്ഠിതമായ ഒരു സവിശേഷ സമവാക്യ നിര്‍മ്മാണമാണ്. എന്താണ് ആ സവിശേഷ സമവാക്യം?

80 ശതമാനം ഹിന്ദുക്കളുള്ള രാജ്യമാണ് ഇന്ത്യ. ബ്രാഹ്മണര്‍ മുതല്‍ ആദിവാസികള്‍ വരെ ഹിന്ദുക്കളാണ്. ഹിന്ദു സമുദായത്തിനുള്ളില്‍ത്തന്നെ അതിസങ്കീര്‍ണ്ണമായ ജാതി ഉച്ചനീചത്വങ്ങള്‍ നൂറ്റാണ്ടുകളായി പുലര്‍ന്നുപോന്ന സമൂഹമാണ് നമ്മുടേത്. ബ്രാഹ്മണന്‍ മുതല്‍ ചണ്ഡാളന്‍ വരെ 'ഹിന്ദു' എന്ന വിശാല വിഭാഗത്തിനുള്ളിലായിരിക്കുമ്പോഴും പാരമ്പര്യ തൊഴിലിനെ ആസ്പദിച്ച് ഓരോ ജാതി വിഭാഗങ്ങള്‍ തമ്മിലും സുനിശ്ചിതമായ അകലവും വ്യത്യാസവുമുള്ള ഒരു സാമൂഹ്യക്രമവും രൂപപ്പെട്ടിട്ടുണ്ട്. വെള്ളംപോലും കടക്കാത്ത അറകള്‍ എന്നാണ് നാമതിനെ വിശേഷിപ്പിക്കുക. ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നതും അതാണ്. തൊഴിലിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ സ്ഥാനം കല്പിച്ചു കൊടുക്കപ്പെടുന്ന വ്യവസ്ഥിതിയാണ് അത്. ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും അതു പുറത്തും അകത്തുമായാണ് സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. 80 ശതമാനം ഹിന്ദുക്കളില്‍ 60 ശതമാനവും സമൂഹത്തിനു പുറത്തായിരുന്നു. സ്വാഭാവികമായും ദേവതകളെ പൂജിക്കുന്നയാള്‍ സവര്‍ണ്ണനും ഒരു ചെരുപ്പുകുത്തി അവര്‍ണ്ണനുമാകുന്നു. തൊഴില്‍ ഒരാളെ ശ്രേഷ്ഠനോ നികൃഷ്ടനോ ആക്കി മാറ്റുന്നു. വിവിധ പരിഷ്‌കരണ പ്രസ്ഥാനങ്ങളിലൂടെ നാം ഇതിനെയെല്ലാം മാറ്റിത്തീര്‍ത്തിട്ടുണ്ടെങ്കിലും നമ്മുടെ സമൂഹത്തിലെ അടിസ്ഥാന യൂണിറ്റ് (unit) എന്നത് ഇന്നും ജാതിയാണ്, വര്‍ഗ്ഗമല്ല (class). ജാതി എന്ന അടിസ്ഥാന ഘടനയ്ക്കുമേല്‍ പടുത്തുയര്‍ത്തപ്പെട്ട ഉപരിഘടനയാണ് നമ്മുടെ പൊതുമണ്ഡലം. ഒരാള്‍ ഒരു ഗുമസ്തനായോ കോര്‍പ്പറേറ്റ് മാനേജരായോ കര്‍ഷകനായോ ശാസ്ത്രജ്ഞനായോ ജോലി നോക്കുന്നു എന്നതാണ് ഉപരിഘടന. അതു വര്‍ഗ്ഗപരമാണ്. എന്നാല്‍, അയാള്‍ ഏതു തൊഴിലില്‍ ഏര്‍പ്പെട്ടാലും അയാള്‍ ബ്രാഹ്മണനോ ശൂദ്രനോ ആണ് (നായരാണ്, ഈഴവനാണ്, പുലയനാണ്, പറയനാണ്) എന്നതാണ് അടിസ്ഥാന ഘടന. അതായത് നിങ്ങള്‍ ഏത്ര സാമ്പത്തിക ഉന്നതിയില്‍നിന്നാലും നിങ്ങളുടെ ജാതി തന്നെയാണ് നിങ്ങളെ ഇന്നും സമൂഹത്തില്‍ ഏതു ശ്രേണിയില്‍ നില്‍ക്കുന്നു എന്നു നിര്‍ണ്ണയിക്കുന്നത്. സമൂഹത്തില്‍ അടിസ്ഥാനപരമായ പരിവര്‍ത്തനം സാദ്ധ്യമാകണമെങ്കില്‍ നാം ഇതില്‍ ഏതിനെ - ജാതി/വര്‍ഗ്ഗം - അഭിസംബോധന ചെയ്യണം എന്നതാണ് പ്രധാന ചോദ്യം.

സി.പി.എമ്മിന്റെ വോട്ടുനഷ്ടം

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സി.പി.ഐ.എമ്മിനു നല്ലൊരു ശതമാനം ഈഴവ വോട്ടുകള്‍ നഷ്ടമായി. അത് മധ്യതിരുവിതാംകൂറിലും തെക്കന്‍ തിരുവിതാംകൂറിലും കൊച്ചി, തൃശൂര്‍ ഭാഗങ്ങളിലും വലിയ വോട്ടു നഷ്ടത്തിനും ഒരളവോളം പരാജയത്തിനും കാരണമായി. എന്തുകൊണ്ടാണ് സി.പി.ഐ. എമ്മിന് ഈഴവ വോട്ടുകള്‍ നഷ്ടമായത്? സി.പി.ഐ.എമ്മിന്റെ പരമ്പരാഗത വോട്ട് ബാങ്കാണ് ഈഴവ സമുദായം. ആ സമുദായം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി ഐക്യപ്പെടുന്നതിനു ചരിത്രപരമായ കാരണവുമുണ്ട്. അത് കേരളത്തില്‍ അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന അനീതികള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്. ആ പോരാട്ടത്തിന്റെ ചരിത്രം രചിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ആ പോരാട്ടം വിജയിക്കുകയും അങ്ങനെ സംജാതമായ സാമൂഹ്യക്രമത്തില്‍ ഈഴവ വിഭാഗങ്ങള്‍ സാമ്പത്തികമായി ഉന്നമനം നേടുകയും ചെയ്തു. ജാതി ഉച്ചനീചത്വം അനുഭവിക്കുമ്പോഴും ഈഴവര്‍ വിശാല ഹിന്ദു വിഭാഗത്തിനുള്ളിലാണ്. 'Caste Hindus' എന്നാണ് ഈ വിഭാഗത്തെ വിളിക്കുന്നത്. ജാതിയില്‍ ഹിന്ദുവാണ്. എന്നാല്‍, കീഴാളനാണ്. കീഴാള ഹിന്ദുക്കളാണ് ഹിന്ദു എന്ന വിഭാഗത്തില്‍ ഭൂരിഭാഗവും. കീഴാള ഹിന്ദുക്കളെ സവര്‍ണ ഹിന്ദുക്കളാക്കി ജ്ഞാനസ്‌നാനം ചെയ്യുന്ന പദ്ധതിയായിരുന്നു എസ്.എന്‍.ഡി.പിയുടെ പിന്തുണയോടെ കേരളത്തില്‍ രൂപപ്പെട്ട 'ഭാരതീയ ധര്‍മ്മ ജനസേന' (BDJS) എന്ന രാഷ്ട്രീയ പാര്‍ട്ടി. അതായത് സാമ്പത്തികമായി ഉന്നമനം നേടിയ ഈഴവന് ബി.ജെ.പി ആകുന്നതു വഴി സാമൂഹികമായ ഉന്നമനം കൂടി സാദ്ധ്യമാകുന്നു എന്നര്‍ത്ഥം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ ഈ സവിശേഷമായ സാമൂഹികാസ്തിത്വത്തെ സ്വായത്തമാക്കാന്‍ കഴിയില്ല. സാമ്പത്തികമായി ഇടത്തരക്കാരനായോ അതിനു മുകളിലായോ ഇടം നേടുന്ന ഒരാള്‍ക്ക് ഇനി ആവശ്യമായി വരുന്നത് സാംസ്‌കാരിക ഹിന്ദു ആവുക എന്നതാണ്. അത് അയാളുടെ അടിസ്ഥാന വാഞ്ഛയാണ്. കീഴാള ഹിന്ദുവിനെ സാംസ്‌കാരിക ഹിന്ദുവാക്കി പരിവര്‍ത്തിപ്പിക്കുന്ന 'ധര്‍മ്മം' നിര്‍വ്വഹിക്കുന്നതിനായി രൂപപ്പെട്ട പ്രസ്ഥാനമാണ് ശ്രീനാരായാണീയരുടെ ഈ ധര്‍മ്മ ജന സേന. അങ്ങനെയൊരു സാംസ്‌കാരിക ഇടം കണ്ടെത്തി എന്നതാണ് കേരളത്തില്‍ ബി.ജെ.പിയുടെ വോട്ട് വര്‍ദ്ധനയ്ക്ക് യഥാര്‍ത്ഥത്തില്‍ വഴിവെച്ചത്. അതു തിരിച്ചടിയായത് കോണ്‍ഗ്രസ്സിനായിരുന്നില്ല, മറിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കായിരുന്നു. വടക്കേ ഇന്ത്യയില്‍ ബി.ജെ.പി പരീക്ഷിച്ച് വിജയിപ്പിച്ച മാതൃകയായിരുന്നു ഇത്.

ഉത്തരേന്ത്യയിലും കിഴക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലും ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ മാത്രമായി സംഘപരിവാര്‍ ഒരു സംഘടനയ്ക്ക് രൂപം നല്‍കിയിരുന്നു. ആ സംഘടനയുടെ പേരാണ് 'വനവാസി കല്യാണ്‍ പരിഷദ്.' വനവാസി എന്നാല്‍, ആദിവാസി എന്നാണര്‍ത്ഥം. കല്യാണ്‍ എന്നാല്‍, ക്ഷേമം എന്നു പറയാം. ആദിവാസികളുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം. അതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. ഒരു സാമൂഹിക സംഘടനയാണ്. ആ സംഘടന ആദിവാസികളോട് അവരുടെ ദൈവത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ അവര്‍ 'ഹനുമാന്‍' എന്നു പറഞ്ഞു. ഹനുമാന്‍ ആരുടെ ഭക്തനാണെന്നു ചോദിച്ചു. അപ്പോള്‍ അവര്‍ ശ്രീരാമ ഭക്തനാണെന്നു പറഞ്ഞു. ശ്രീരാമന്റെ ജന്മഭൂമിക്കുവേണ്ടി ആരാണ് പോരാടുന്നതെന്നു ചോദിച്ചു. അത് ബി.ജെ.പിയാണ് എന്നതില്‍ തര്‍ക്കമില്ലല്ലോ. അപ്പോള്‍ നിങ്ങള്‍ ഏതു പാര്‍ട്ടിക്കൊപ്പം നില്‍ക്കണം എന്നു ചോദിച്ചു. അഷ്ടിക്ക് അന്നമില്ലാത്ത ആദിവാസി ഒറ്റയടിക്ക് ബി.ജെ.പിയായി. വര്‍ഗ്ഗമല്ല ജാതിയാണ് പ്രശ്‌നം. വര്‍ഗ്ഗപരമായ അസമത്വത്തിനുമപ്പുറം ജാതീയതയുടെ ഈ അതിവൈകാരികതയെ തിരിച്ചറിയുകയും അതു തങ്ങള്‍ക്ക് അനുഗുണമാകുംവിധത്തില്‍ സൂക്ഷ്മമായി ആസൂത്രണം ചെയ്‌തെടുക്കുകയും ചെയ്യുന്നു എന്നതാണ് ബി.ജെ.പിയുടെ മുന്നേറ്റ രഹസ്യം. അതു വൈകാരികമായ ചൂഷണമാണ് എന്നതില്‍ തര്‍ക്കമില്ല. ബി.ജെ.പി അതിന്റെ നേതൃത്വത്തെ 'Inclusive' ആക്കുന്നു. അതേസമയം അതിന്റെ 'core ideology' ഹിന്ദുത്വമായിത്തന്നെ നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതിനെയാണ് 'Hinduisation' അഥവാ ഹിന്ദുത്വവല്‍ക്കരണം എന്നു പറയുന്നത്. മറുവശത്ത് കോണ്‍ഗ്രസ് അതിന്റെ നേതൃത്വത്തെ സവര്‍ണ ഹിന്ദുക്കളില്‍ത്തന്നെ തളച്ചിടുന്നു. എന്നിട്ട് സാമൂഹ്യനീതിയും സംവരണവുമടക്കം ക്ഷേമവാഗ്ദാനങ്ങള്‍ നല്‍കുന്നു. അത് കേവലം പ്രീണനം മാത്രമാണെന്ന് ബി.ജെ.പി തിരിച്ചടിക്കുന്നു. അത് കുറിക്കുതന്നെ കൊള്ളുന്നു.

കേരളത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ സ്വന്തം പാളയത്തിലേയ്ക്ക് എത്തിക്കുന്നതിലും ബി.ജെ.പി വിജയിക്കുന്നതായി കാണാം. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടു ശതമാനം വര്‍ദ്ധിക്കുന്നതില്‍ ഈ വിഭാഗത്തിന്റെ ചുവടുമാറ്റം പ്രധാനമാണ്. 2024-ല്‍ സംവരണ മണ്ഡലമായ ചേലക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് ആറ് ശതമാനമാണ് വര്‍ദ്ധിച്ചത്. 9500 വോട്ടിന്റെ വര്‍ദ്ധന. ഈ മണ്ഡലത്തിലെ ദളിത് വോട്ടുകളിലുണ്ടായ ഷിഫ്റ്റാണ് വര്‍ദ്ധനയ്ക്കു കാരണം. അതു നഷ്ടമുണ്ടാക്കിയത് കോണ്‍ഗ്രസ്സിനല്ല സി.പി.ഐ.എമ്മിനാണ്. എന്നാല്‍, തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ അരയസമുദായത്തിന്റെ വോട്ട് കോണ്‍ഗ്രസ്സിനു നഷ്ടമായി. അവര്‍ ബി.ജെ.പിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു. ആ സമുദായത്തിന്റെ അടിസ്ഥാന ചോദന ഹിന്ദുത്വയാണ്. അവരിലൊരാള്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ മാത്രം കക്ഷിരാഷ്ട്രീയം ബാധകമാകുന്നില്ല എന്നേയുള്ളൂ. സംസ്ഥാനത്തെ ഹരിജനങ്ങളില്‍ നല്ലൊരു ശതമാനം ബി.ജെ.പിയിലേയ്ക്ക് നീങ്ങുന്നതായി കാണാം. അതിനു കാരണവും സാമൂഹിക ശ്രേണിയില്‍ അവരനുഭവിക്കുന്ന അധഃസ്ഥിതാവസ്ഥയാണ്. ബി.ജെ.പിയാകുന്നതോടെ ഒരു ഹരിജന്‍ സാംസ്‌കാരിക ഹിന്ദുവായി മാറുകയും അപ്രകാരം ഒരു പദവിയിലേയ്ക്ക് സാമാന്യമായെങ്കിലും ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു.

ഹിന്ദുത്വവല്‍ക്കരണംകൊണ്ട് മാത്രം സാദ്ധ്യമാകുന്ന ഒന്നല്ല രാഷ്ട്രീയ മുന്നേറ്റം. ഹിന്ദുവായി മാറിയാലും ഓരോരുത്തരുടേയും ജീവിതപ്രശ്‌നങ്ങള്‍ അവരെ സംബന്ധിച്ച് പ്രധാനം തന്നെയാണ്. എപ്പോള്‍ വേണമെങ്കിലും അവിടേയ്ക്ക് അവര്‍ ചുവടുമാറാം. അതു സംഭവിക്കാതിരിക്കണമെങ്കില്‍ ഒരു പൊതുശത്രു കൂടി ഉണ്ടാകണം. ആ പൊതുശത്രുവാണ് മുസ്ലിങ്ങള്‍. മുസ്ലിങ്ങളെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടുതന്നെയാണ് ബി.ജെ.പി അതിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ ആദ്യം മുതലേ ആസൂത്രണം ചെയ്തിട്ടുള്ളത്. എന്നാല്‍, അതിനെതിരെ അവര്‍ക്ക് ഒരുമിപ്പിക്കാന്‍ കഴിഞ്ഞത് സവര്‍ണ ഹിന്ദുക്കളെ മാത്രമായിരുന്നു. താഴേത്തട്ടിലെ കീഴാള ഹിന്ദുക്കള്‍ക്കിടയില്‍ മുസ്ലിം വിരോധം അത്ര ഗാഢമായിരുന്നില്ല. സവര്‍ണ ഹിന്ദുക്കള്‍ക്ക് മുസ്ലിങ്ങളോടുള്ള അതേ സമീപനം തന്നെയായിരുന്നു കീഴാള ഹിന്ദുക്കളോടും അവര്‍ക്കുണ്ടായിരുന്നത്. അതുകൊണ്ട് കീഴാള ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ സ്പര്‍ദ്ദയല്ല ഐക്യമാണ് നിലനിന്നിരുന്നത്. അതുകൊണ്ടാണ് ബീഹാറില്‍ ലാലു പ്രസാദ് യാദവിന് മുസ്ലിങ്ങളേയും യാദവരേയും ഒന്നിച്ചു നിര്‍ത്താന്‍ കഴിഞ്ഞത്. ഉത്തര്‍പ്രദേശില്‍ മുലായം സിങ്ങിനും മായാവതിക്കും ദളിതരേയും മുസ്ലിങ്ങളേയും ഒന്നിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്. തമിഴ്നാട്ടില്‍ കരുണാനിധിക്ക് ദ്രാവിഡരേയും മുസ്ലിങ്ങളേയും ഒന്നിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്. ഇതാണ് യഥാര്‍ത്ഥത്തില്‍ ബി.ജെ.പി നേരിട്ട വെല്ലുവിളി. എന്നാല്‍, പിന്നാക്ക - ദളിത് വിഭാഗങ്ങളുടെ ഹിന്ദുത്വവല്‍ക്കരണത്തിന് ആക്കം കൂട്ടാന്‍ ബി.ജെ.പി ഉപയോഗിച്ച തന്ത്രം മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ 'മുസ്ലിം പ്രീണനമായിരുന്നു.'

ഇന്ത്യയില്‍ ഏകദേശം 18 ശതമാനം മുസ്ലിങ്ങളുണ്ട്. അവര്‍ ന്യൂനപക്ഷമാണ്. 2004-ല്‍ അധികാരത്തില്‍ വന്ന യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റി രാജ്യത്തെ മുസ്ലിങ്ങളുടെ ജീവിതാവസ്ഥയുടെ ദയനീയത തുറന്നുകാട്ടിയിട്ടുണ്ട്. അതിനു നിരവധി സാമൂഹിക കാരണങ്ങളുണ്ട് (ഒപ്പം ഒരു സമുദായം എന്ന നിലയ്ക്ക് ആ വിഭാഗം അനുവര്‍ത്തിച്ചുപോരുന്ന യാഥാസ്ഥിതികത്വവും ഒരു കാരണം തന്നെയാണ്). രാജ്യത്തെ സാക്ഷരതയുടെ ദേശീയ ശരാശരിയെക്കാള്‍ വളരെ താഴെയാണ് മുസ്ലിങ്ങള്‍ക്കിടയില്‍ സാക്ഷരതയുടെ നിരക്ക് എന്നു കമ്മിറ്റി കണ്ടെത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തൊഴിലില്‍ മുസ്ലിം പ്രാതിനിധ്യം തുലോം തുച്ഛമാണെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലിങ്ങള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളോ റോഡുകള്‍, ആശുപത്രികള്‍, പൊതുവിദ്യാലയങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല എന്നുകൂടി കമ്മിറ്റി കണ്ടെത്തി. അതുകൊണ്ട് പിന്നാക്ക ജാതി വിഭാഗങ്ങള്‍ക്കു നല്‍കിവരുന്ന സംവരണത്തിന് മുസ്ലിം വിഭാഗങ്ങളും അര്‍ഹരാണ് എന്നായിരുന്നു സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം12 (മുസ്ലിങ്ങള്‍ക്കിടയില്‍ത്തന്നെ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ഒ.ബി.സിയുടെ പരിധിക്കുള്ളില്‍ ഉള്‍പ്പെടുത്തണമെന്ന് നേരത്തെ മണ്ഡല്‍ കമ്മിഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. 'At least 82 different social groups among Muslims were declared OBC's by the Mandal Commission' - സച്ചാര്‍ കമ്മിറ്റി).

ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 14 തുല്യതയ്ക്കുള്ള അവകാശത്തെ ഉറപ്പു വരുത്തുന്നതാണ് (right to equality). അനുച്ഛേദം 15(1) വിവേചനങ്ങള്‍ക്കെതിരായ അവകാശത്തെ ഉറപ്പിക്കുന്നതാണ് (right against discrimination). ഈ ഭരണഘടനാതത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്നാക്ക-കീഴാള വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തിയത്. എന്നാലത് എക്കാലത്തേയ്ക്കുമുള്ള ഒന്നായിരുന്നില്ല. തുല്യതയാണ് നിയമം, സംവരണം അപവാദമാണ്. 'If formal equality was seen as a rule and reservations were its exception' എന്നതാണ് തത്ത്വം. 1964-ലെ T. Devadasan vs Union of India എന്ന കേസില്‍ സംവരണം ഒരു കാരണവശാലും 50 ശതമാനം കടക്കാന്‍ പാടില്ല എന്ന് സുപ്രീംകോടതി വിധിച്ചു. ഈ വിധിയാണ് ബി.ജെ.പി പിന്നീട് ആയുധമാക്കിയത്. അതായത് നിലവില്‍ രാജ്യത്തെ സംവരണത്തിന്റെ തോത് 49 ശതമാനമാണ്. മുസ്ലിങ്ങള്‍ക്കു സംവരണം നല്‍കണമെങ്കില്‍ ഇതില്‍നിന്നും ഒരോഹരി എടുക്കേണ്ടിവരും. അതു ബാധിക്കാന്‍ പോകുന്നത് പിന്നാക്ക - ദളിത് വിഭാഗങ്ങളുടെ അവകാശങ്ങളേയും അവസരങ്ങളേയുമാണ്. അതോടെ ഒറ്റയടിക്ക് ഈ വിഭാഗങ്ങള്‍ മുസ്ലിങ്ങള്‍ക്കെതിരായി. 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് എന്ന വിഷയത്തെ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ നരേന്ദ്ര മോദി അതിനെ എതിര്‍ത്തത് 'മുസ്ലിം പ്രീണനം' എന്ന വാദമുയര്‍ത്തിയായിരുന്നു. ഏപ്രില്‍ 22-ന് രാജസ്ഥാനിലെ ബന്‍സ്വാരയില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പ്രസംഗിച്ചത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പെറ്റുകൂട്ടുന്ന നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഈ രാജ്യത്തെ സ്വത്തെല്ലാം തീറെഴുതും എന്നാണ്13. പെറ്റുകൂട്ടുന്നവര്‍, നുഴഞ്ഞുകയറ്റക്കാര്‍ എന്നീ വാക്കുകളിലൂടെ മോദി ഉദ്ദേശിച്ചത് മുസ്ലിങ്ങളെയാണ് എന്ന് കോണ്‍ഗ്രസ് ആരോപിക്കുകയും വിദ്വേഷ പ്രസംഗത്തിനു തെരഞ്ഞെടുപ്പ് കമ്മിഷനു മുന്‍പാകെ പരാതി നല്‍കുകയും ചെയ്തു.

ചുരുക്കത്തില്‍ ഹിന്ദു എന്ന ഒറ്റ ജാതിക്കുള്ളിലെ എല്ലാ അവാന്തര വിഭാഗങ്ങളേയും ഹിന്ദുത്വവല്‍ക്കരണത്തിലൂടെ ഒന്നിപ്പിക്കുകയും മുസ്ലിം എന്ന പൊതുശത്രുവിനെ എതിര്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ടുള്ള ഒരു സമവാക്യ നിര്‍മ്മാണമാണ് സൂക്ഷ്മമായി ബി.ജെ.പി ആസൂത്രണം ചെയ്‌തെടുത്തിരിക്കുന്നത്. ഈ സങ്കീര്‍ണ്ണവും എന്നാല്‍, സാര്‍ത്ഥകവുമായി തീര്‍ന്ന സമവാക്യമാണ് അടുത്ത 30-40 വര്‍ഷങ്ങള്‍ ബി.ജെ.പിയുടേതായിരിക്കും എന്ന അമിത് ഷായുടെ പ്രഖ്യാപനത്തിന്റെ യഥാര്‍ത്ഥ അടിത്തറ.

ഹാര്‍ദിക്-അല്‍പേഷ്- ജിഗ്നേഷ്

പിന്നാക്ക-ദളിത് സംവരണ വിഷയത്തില്‍ ബി.ജെ.പി പുലര്‍ത്തുന്ന സൂക്ഷ്മതയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് ഗുജറാത്തില്‍ സംഭവിച്ചത്. 2017-ല്‍ നടന്ന ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നെങ്കിലും ബി.ജെ.പിക്കു വലിയ തിരിച്ചടിയാണ് ആ തെരഞ്ഞടുപ്പില്‍ നേരിടേണ്ടി വന്നത്. അതിനുമുന്‍പ് 2012-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് നേടാനായത് 115 സീറ്റുകളായിരുന്നു. 182 അംഗ നിയമസഭയില്‍ കേവലം 61 സീറ്റുകളിലേയ്ക്ക് കോണ്‍ഗ്രസ് ചുരുങ്ങി. എന്നാല്‍, 2017-ല്‍ ബി.ജെ.പിയുടെ സീറ്റ് നില 99-ലേയ്ക്ക് താഴ്ന്നു. മൂന്നക്കം കടന്നില്ല. കോണ്‍ഗ്രസ്സിന്റെ സീറ്റ് നില 77-ലേയ്ക്ക് ഉയര്‍ന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സ്വന്തം സംസ്ഥാനത്ത് ഈ തിരിച്ചടിയുണ്ടാകുന്നത് എന്നുകൂടി കാണണം. അതിനു പിന്നില്‍ ഒരു കാരണമുണ്ടായിരുന്നു. ഗുജറാത്തില്‍ ബി.ജെ.പിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചത് മൂന്ന് യുവാക്കളാണ് - ഹാര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ എന്നിവരായിരുന്നു അവര്‍. 2015-ല്‍ ഗുജറാത്തില്‍ ഒരു വലിയ സമരം ആരംഭിച്ചു. പടിദാര്‍ അഥവാ പട്ടേല്‍ സമുദായത്തെ പിന്നാക്ക സമുദായമായി പരിഗണിച്ച് സംവരണം നല്‍കണം എന്ന ആവശ്യവുമായി ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ ഒരു പ്രക്ഷോഭം തന്നെ നടന്നു. കേവലം 22 വയസ്സു മാത്രം പ്രായമുള്ള ഹാര്‍ദിക് പട്ടേലിനെ കേള്‍ക്കാന്‍ ലക്ഷക്കണക്കിന് പടിദാര്‍ സമുദായക്കാരാണ് തടിച്ചുകൂടിയത്. തുടര്‍ന്നു പ്രക്ഷോഭം കലാപമായി മാറി. സ്‌കൂളുകള്‍ അടച്ചു. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ഒടുവില്‍ ഗുജറാത്ത് സര്‍ക്കാര്‍ പടിദാര്‍ സമുദായത്തിനു 10 ശതമാനം സംവരണം പ്രഖ്യാപിച്ചു. എന്നാല്‍, തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഗുജറാത്ത് ഹൈക്കോടതി സംവരണം റദ്ദാക്കി. പക്ഷേ, കേന്ദ്ര സര്‍ക്കാരും മോദിയും വെറുതെ ഇരുന്നില്ല. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 10 ശതമാനം സംവരണം പ്രഖ്യാപിച്ചു. അതോടെ പടിദാര്‍ സമുദായത്തിന്റെ സമരവും അവസാനിച്ചു. ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. വിരംഗം മണ്ഡലത്തില്‍നിന്നും എം.എല്‍.എയായി വിജയിക്കുകയും ചെയ്തു.

ഗുജറാത്തില്‍ ക്ഷത്രിയര്‍ എന്ന് അവകാശപ്പെടുന്ന വിഭാഗമാണ് കോലി (Koli) സമുദായം. ബ്രിട്ടീഷ് ഭരണകാലത്ത് 'Criminal tribe' എന്ന് മുദ്രകുത്തപ്പെട്ടവരാണ് അവര്‍. ആ വിഭാഗത്തില്‍നിന്നുള്ള നേതാവാണ് അല്‍പേഷ് താക്കൂര്‍. സ്വന്തം സമുദായത്തിനുള്ളിലെ മദ്യ ഉപഭോഗമടക്കമുള്ള മോശം പ്രവണതകള്‍ക്കെതിരെ സമുദായ പരിഷ്‌കരണ പ്രസ്ഥാനം ആരംഭിക്കുന്നതില്‍ മുന്നില്‍നിന്ന അല്‍പേഷ് താക്കൂര്‍ പിന്നീട് പിന്നാക്ക-ദളിത് വിഭാഗങ്ങളുടെ ഒരു ഐക്യമുന്നണി (ഏക്താ മോര്‍ച്ച) സംഘടിപ്പിക്കുകയും സംവരണത്തിനായി പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. പ്രധാനമായും പടിദാര്‍ സമുദായത്തിനു സംവരണം വേണമെന്ന ഹാര്‍ദിക് പട്ടേലിന്റെ ആവശ്യത്തെ എതിര്‍ത്തുകൊണ്ടാണ് അല്‍പേഷ് താക്കൂര്‍ രംഗത്തുവന്നത്. ഹാര്‍ദിക് പട്ടേലിന്റെ യഥാര്‍ത്ഥ ലക്ഷ്യം പടിദാര്‍ സമുദായത്തിനു സംവരണം നേടിക്കൊടുക്കുകയല്ല, മറിച്ച് സംവരണം തന്നെ നിര്‍ത്തലാക്കാനുള്ള നീക്കത്തിനു തുടക്കമിടുക എന്നതാണെന്ന് അല്‍പേഷ് താക്കൂര്‍ തന്റെ അനുയായികളോട് പറഞ്ഞു. അതോടെ സംവരണാവകാശമുള്ള പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ അല്‍പേഷ് താക്കൂറിനു പിന്നില്‍ അണിനിരന്നു. ഇതും ബി.ജെ.പിക്ക് സംസ്ഥാനത്ത് വലിയ തലവേദനയായി. എന്നാല്‍, ഹാര്‍ദിക് പട്ടേല്‍ സമരം അവസാനിപ്പിച്ചപ്പോള്‍ അല്‍പേഷ് താക്കൂറും പിന്‍വാങ്ങി. ഹാര്‍ദിക് പട്ടേലിനു പിന്നാലെ ഒടുവില്‍ അല്‍പേഷ് താക്കൂറും ബി.ജെ.പിയില്‍ ചേര്‍ന്നു. ഗാന്ധിനഗര്‍ സൗത്തില്‍നിന്നും എം.എല്‍.എയായി. ഈ രണ്ട് നേതാക്കളും ആദ്യം ചേര്‍ന്നത് കോണ്‍ഗ്രസ്സിലായിരുന്നു. ആ പാര്‍ട്ടിയെ ഉപേക്ഷിച്ചാണ് ഇരുവരും പിന്നീട് ബി.ജെ.പിയിലെത്തിയത്.

ജിഗ്നേഷ് മേവാനി ഒരു ട്രേഡ് യൂണിയന്‍ നേതാവായാണ് സാമൂഹ്യപ്രവര്‍ത്തനം ആരംഭിക്കുന്നത്. 2016 ജൂലായ് 11-ന് ഗുജറാത്തിലെ ഉണ (Una) എന്ന ഗ്രാമത്തില്‍ ഒരു ദളിത് കുടുംബം ആക്രമിക്കപ്പെട്ടു. ചത്ത പശുവിന്റെ തോലുരിച്ചു എന്നതായിരുന്നു കുറ്റം. ആള്‍ക്കുട്ടം അവരെ ചമ്മട്ടികൊണ്ട് പ്രഹരിച്ചു. ഈ വിഷയം ഏറ്റെടുത്തുകൊണ്ട് ജിഗ്നേഷ് മേവാനി രംഗത്തെത്തി. അദ്ദേഹത്തിനു പിന്നില്‍ പതിനായിരക്കണക്കിന് ദളിതര്‍ സംഘടിച്ചു. മേവാനി ഗുജറാത്തിലെ അഭിനവ അംബേദ്കറായി. ആ പ്രസ്ഥാനം ബി.ജെ.പിയെ അടിതെറ്റിച്ചു. മേവാനി പിന്നീട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. വേദ്ഗാം മണ്ഡലത്തില്‍നിന്നും എം.എല്‍.എയായി. ഇപ്പോഴും മേവാനി കോണ്‍ഗ്രസ്സില്‍ത്തന്നെയാണ്. എന്നാല്‍, ജിഗ്നേഷ് മേവാനി അദ്ദേഹത്തെ സ്വയം നിര്‍വ്വചിച്ചിരിക്കുന്നത്: 'I am a Left-liberal Ambedkarite' എന്നാണ്! കൂട്ടത്തില്‍ ഒരു കാര്യം കൂടി മേവാനി പറഞ്ഞുവെച്ചു: 'Many Leftists have failed to catch the imagination of the people to become electorally relevant. I was able to do that'14. അതായത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രസക്തരായി മാറാന്‍ ആഗ്രഹിക്കുന്ന- അധികാരത്തെ നിര്‍ണ്ണയിക്കുന്ന വിഭാഗമായി മാറാന്‍ ആഗ്രഹിക്കുന്ന - പിന്നാക്ക വിഭാഗങ്ങളെ തിരിച്ചറിയാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞില്ല, എന്നാല്‍, തനിക്കു കഴിഞ്ഞു എന്നര്‍ത്ഥം. മേവാനിയെത്തന്നെ ഇടതുപക്ഷം തിരിച്ചറിഞ്ഞില്ല, പിന്നല്ലേ മേവാനിക്കു പിന്നില്‍ അണിനിരന്ന പതിനായിരങ്ങളെ! എന്നാല്‍, അല്‍പേഷിന്റേയും ഹാര്‍ദിക്കിന്റേയും രാഷ്ട്രീയ പ്രാധാന്യം ബി.ജെ.പി തിരിച്ചറിഞ്ഞു. അവര്‍ നയിക്കുന്ന പിന്നാക്ക രാഷ്ട്രീയം തിരിച്ചറിഞ്ഞു. അതുമൂലം തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ തിരിച്ചറിഞ്ഞു. അവരേയും അവരുടെ അണികളേയും ഒന്നടങ്കം കൂട്ടത്തില്‍ നിര്‍ത്തി. അതോടെ 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബി.ജെ.പി എക്കാലത്തേയും മികച്ച വിജയം നേടി - 156 സീറ്റ്. കോണ്‍ഗ്രസ്സിനു കിട്ടിയത് കേവലം 17 സീറ്റ്. ബി.ജെ.പിക്ക് 57 സീറ്റിന്റെ അധിക നേട്ടം, കോണ്‍ഗ്രസ്സിന് 60 സീറ്റിന്റെ നഷ്ടം.?

(അടുത്തലക്കത്തില്‍ അവസാനിക്കും)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com