കൊവിഡ്-19 അസംബന്ധങ്ങളുടെ കാര്യകാരണം

കൊവിഡ് 19 മഹാമാരി സൃഷ്ടിച്ച സാര്‍വ്വദേശീയമായ ദുരന്തത്തിനു പിറകിലെ എല്ലാ കാരണങ്ങളും രാഷ്ട്രീയമാണ്
കൊവിഡ്-19 അസംബന്ധങ്ങളുടെ കാര്യകാരണം
Updated on
10 min read

കൊവിഡ് 19 മഹാമാരിക്കു കാരണമായ സാര്‍സ് കോവ് 2 വൈറസ് ഉത്ഭവിച്ചത് ചൈനീസ് പട്ടണമായ വുഹാനിലെ മാംസച്ചന്തയില്‍നിന്നായാലും ശരി ഇനി അഥവാ അവിടത്തെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നായാലും ശരി, അത് സൃഷ്ടിച്ച സാര്‍വ്വദേശീയമായ ദുരന്തത്തിനു പിറകിലെ എല്ലാ കാരണങ്ങളും രാഷ്ട്രീയമാണ്. വൈറസിന്റെ ഉത്ഭവം, അതിന്റെ ആദ്യത്തെ പടര്‍ച്ച, അതിനെ പ്രതിരോധിക്കാനുപയോഗിച്ച തന്ത്രങ്ങള്‍, അതില്‍ പ്രത്യക്ഷപ്പെട്ട പലയിനം വിഭാഗീയതകള്‍, അതിലെല്ലാമുണ്ടായ പ്രാകൃതമായ അയുക്തികളും ഭയചകിതത്വവും അതിലെല്ലാം നിറഞ്ഞുകണ്ട ഭരണവര്‍ഗ്ഗ ഭ്രാന്തുകള്‍-ഇങ്ങനെ കൊറോണയെ സംബന്ധിച്ച എല്ലാറ്റിലും ഒരു ഒഴിയാബാധയായി രാഷ്ട്രീയം നിവര്‍ന്നുനിന്നു. ഒരുപക്ഷേ, ഇനി ഒരു ദശാബ്ദം കഴിയുമ്പോള്‍ പുറത്തുവരാനിടയുള്ള കൊറോണാക്കാലത്തെ സംബന്ധിച്ച ഏതു ഗൗരവമായ സാമൂഹ്യശാസ്ത്ര പഠനവും ഇതേപ്പറ്റി വിശകലനം ചെയ്തു ലജ്ജിക്കും. അത് ചരിത്രമെഴുത്തിന്റെ സ്വാഭാവികക്രമം. എന്നാല്‍, പ്രക്ഷോഭകാരികള്‍, ഇന്നത്തെ ജീവിതം നാളത്തെ പഠനവസ്തുവായല്ല കാണേണ്ടത് എന്നതിനാല്‍, ഈ കൊറോണക്കാലം ഗൗരവമായ സവിസ്തര പഠനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.
 
കൊവിഡ് 19 സംബന്ധിച്ചതെല്ലാം രാഷ്ട്രീയമായിരുന്നെന്ന് വാദിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം അതിന്റെ ഉത്ഭവത്തിലും ആദ്യഘട്ട പകര്‍ച്ചയിലും കണ്ട ദുരൂഹതകളാണ്. ചൈനയൊഴികെയുള്ള എല്ലാ രാജ്യങ്ങളും ആവര്‍ത്തിച്ച് ചൂണ്ടിക്കാണിക്കുന്ന കാര്യമാണത്. വുഹാനില്‍ ഒരു പുതിയ ശ്വാസകോശരോഗം പടര്‍ന്നുപിടിക്കുന്നതിനെക്കുറിച്ച് വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധനായിരുന്ന ഡോ. ലി വെന്‍ ലിയാങ്, 2019 ഡിസംബര്‍ 30-നു തന്നെ സുഹൃത്തുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതും അതിന്റെ പേരില്‍ 2020 ജനുവരി നാലിന്, ചൈനയെ അപമാനിക്കുന്നവനായി അദ്ദേഹത്തെ സുരക്ഷാ ഏജന്‍സികള്‍ താക്കീത് ചെയ്തതും ജനുവരി 10-ന് അദ്ദേഹം തന്നെ കൊറോണാ ബാധിതനാവുകയും ഫെബ്രുവരി അഞ്ചിന് മരണമടയുകയും ചെയ്ത കാര്യങ്ങള്‍ പ്രസിദ്ധമാണ്. ഡോ. ലി വെന്‍ ലിയാങ്ങിന്റെ മുന്നറിയിപ്പിനു ശേഷം നിര്‍ണ്ണായകമായ മൂന്നാഴ്ചകള്‍ കൂടി നഷ്ടപ്പെടുത്തി. 2020 ജനുവരി 20-ന് മാത്രമാണ് ചൈന കൊറോണയ്‌ക്കെതിരായ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടുകളിലൊന്ന് ഇതേ വുഹാന്‍ നഗരത്തില്‍ത്തന്നെ ഉണ്ടായിരിക്കവേത്തന്നെയാണ്, പിന്നീട് ലോകത്തെ നശിപ്പിക്കുമാറുള്ള അത്ഭുതകരമായ ഈ അലംഭാവം ചൈന കാണിക്കാനിടവന്നത്. അതില്‍ കാണുന്നതാണ് കൊവിഡ് 19-ന്റെ ഉത്ഭവത്തിനു പിന്നിലെ രാഷ്ട്രീയം. അത് നവലിബറല്‍ വ്യവസ്ഥകളും അതിന്റെ ദേശീയതാ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. 

1970-കള്‍ക്കുശേഷം ലോകത്തെങ്ങും നിലവില്‍ വന്ന നവമുതലാളിത്ത വ്യവസ്ഥകള്‍, എല്ലാ ദേശീയ രാഷ്ട്രങ്ങള്‍ക്കും ഇതിനകം ഒരു അതിദേശീയതാവ്യക്തിത്വം സൃഷ്ടിച്ചുകൊടുത്തിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആഗോളമായി നിലവില്‍ വന്ന സാര്‍വ്വദേശീയതാ ബോധത്തിന്റെ നേര്‍വിപരീതമായ ഒരു അതിദേശീയതാ രാഷ്ട്രബോധമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയുള്‍പ്പെടെയുള്ള അതിന്റെ വ്യത്യസ്ത ഏജന്‍സികളും ഇപ്പോള്‍ നേരിടുന്ന ദുര്‍ബ്ബലാവസ്ഥ ഇതിന്റെ ഫലമാണ്. ചൈനയെപ്പോലുള്ള ഏകാധിപത്യ രാജ്യങ്ങളിലാണെങ്കില്‍, ഈ അതിദേശീയതാ വാദത്തിന് കീഴ്പെടാത്തതൊന്നും പൊറുപ്പിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. യാന്ത്രിക കമ്യൂണിസ്റ്റ് വാദികള്‍ എന്തൊക്കെ പറഞ്ഞാലുംശരി, ചൈന ഇപ്പോള്‍ ഒരു നവ കണ്‍ഫ്യൂഷ്യന്‍ തീവ്ര ഹാന്‍ ദേശീയവാദ രാഷ്ട്രമാണ്. ആ രാജ്യത്തിന്റെ ആഭ്യന്തരവും വൈദേശികവുമായ എല്ലാ നടപടികളും അതിന്റെ തെളിവാണ്. സാര്‍വ്വലൗകികമായ മനുഷ്യരാശിയുടെ ഭാവി എന്നൊരു പരിഗണനാ സ്പര്‍ശംപോലും ചൈനയ്ക്ക് ഇപ്പോഴില്ല. അതുകൊണ്ടാണ് ചൈനയില്‍ ഡോ. ലീ വെന്‍ ലിയാങ്ങിന്റെ 2019 ഡിസംബര്‍ 30-ന്റെ കൊവിഡ് താക്കീത് പൊലീസ് മുറയില്‍ നേരിടാനിടവന്നതും പിന്നീട് 2020 ജനുവരി 20-നു മാത്രം കൊവിഡ് മുന്നറിയിപ്പ് ഔദ്യോഗികമായി നല്‍കിക്കൊണ്ട് ഫലത്തില്‍ ലോകത്തെ അനേകം പ്രദേശങ്ങളിലേക്ക് കൊറോണ കയറ്റുമതി ചെയ്യപ്പെടുന്നതുമായ സാഹചര്യം അവര്‍ സൃഷ്ടിച്ചതും. ഒരു ദേശീയ രാഷ്ട്രത്തെക്കുറിച്ചുള്ള അവിടത്തെ അധികാരികളുടെ പ്രാകൃതമായ ദുരഭിമാനം, മനുഷ്യരാശിയെ ഒന്നടങ്കം നിലയില്ലാക്കയത്തിലേക്ക് തള്ളിനീക്കിയതിന്റെ വസ്തുതാപരമായ ചിത്രമാണിത്. വുഹാനിലെ കൊറോണവൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത കുറ്റത്തിന് ഷാങ് ഷാന്‍ എന്ന 37-കാരി സാമൂഹിക പത്രപ്രവര്‍ത്തക നാല് വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട വിചിത്ര വാര്‍ത്തകൂടി ചൈനയില്‍നിന്നു പുതുതായി കേള്‍ക്കുന്നു.

എന്നാല്‍, കൊവിഡ് 19 സംബന്ധിച്ച രാഷ്ട്രീയത്തിന്റെ അടുത്ത കാഴ്ചയും ഇതേത്തുടര്‍ന്ന് ചൈനയില്‍നിന്നുതന്നെ ഉണ്ടാകുന്നുണ്ട്. കൊവിഡ് ബാധ ആദ്യമുണ്ടായ ചൈന തന്നെയാണ് ജനസംഖ്യാനുപാതമായി കാണുമ്പോള്‍ ഇതുവരെയുള്ള ലോകാനുഭവത്തില്‍ ഈ രോഗത്തെ ഏറ്റവും ഫലപ്രദമായി നേരിട്ട രാജ്യം. 2020 നവംബര്‍ 23 വരെയുള്ള കണക്കനുസരിച്ച് 92,000 രോഗികളും 4,742 മരണങ്ങളുമാണ് 144 കോടി ജനങ്ങളുള്ള ചൈനയില്‍ ഉണ്ടായിട്ടുള്ളത്. പക്ഷേ, ചൈന കൊവിഡ് 19-നെ ഇത്രയും വിജയകരമായി നേരിട്ടതിന്റെ വിശദാംശങ്ങള്‍ പലതും ഇപ്പോഴും ലോകത്തിന് അജ്ഞാതമാണ്. അതു നിര്‍ബ്ബന്ധമായും ലഭിക്കേണ്ടിയിരുന്ന ലോകാരോഗ്യസംഘടന തന്നെയും ഇക്കാര്യത്തില്‍ അജ്ഞരാണ്. നവലിബറല്‍ സമ്പദ് രാഷ്ട്രീയത്തിന്റെ ക്രൂരയുക്തികള്‍ മനുഷ്യകുലത്തിന്റെ ഭാവിയെപ്പോലും ഇരുട്ടിലാഴ്ത്തിയതിന്റെ ഭ്രമാത്മക ചിത്രമാണിത്. നാല് ചൈനീസ് കമ്പനികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന അഞ്ച് പ്രതീക്ഷിത വാക്‌സിനുകളെക്കുറിച്ചുള്ള കഥകള്‍ മാത്രം ആ രാജ്യം വിശദമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോള്‍ ഒന്നിലേറെ രാജ്യങ്ങളില്‍ ഉപയോഗാനുമതി നേടിക്കഴിഞ്ഞ ഫൈസര്‍ വാക്‌സിന്റെ പ്രധാന സാമ്പത്തിക പങ്കാളിയായ ഗ്ലാക്‌സോ സ്മിത്ത് ക്ലയ്ന്‍ കമ്പനിയാണ് വുഹാനിലെ ചൈനീസ് ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രധാന നിക്ഷേപകര്‍ എന്നുകൂടി മനസ്സിലായാല്‍, കൊവിഡ് 19 മഹാമാരിയുടെ പിറകിലെ നിര്‍ദ്ദയമായ നവലിബറല്‍ സമ്പദ്രാഷ്ട്രീയം തെളിഞ്ഞുകിട്ടും. 

കൊവിഡ് രോ​ഗം വന്ന് മരിച്ചവരെ നീക്കം ചെയ്യുന്നു. ബ്രസീലിൽ നിന്നൊരു കാഴ്ച
കൊവിഡ് രോ​ഗം വന്ന് മരിച്ചവരെ നീക്കം ചെയ്യുന്നു. ബ്രസീലിൽ നിന്നൊരു കാഴ്ച

നവലിബറല്‍ വ്യവസ്ഥ സൃഷ്ടിച്ച ദുരന്തം

2020 ഫെബ്രുവരി അവസാനം ചൈനയിലെ വുഹാന്‍ നഗരത്തില്‍നിന്നു മടങ്ങിയെത്തിയ, ലോകാരോഗ്യ സംഘടനയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായ കാനഡക്കാരന്‍ ബ്രൂസ് എയ്ല്‍വാര്‍ഡാണ് (Bruce Aylward) കൊവിഡ് കാര്യത്തില്‍ 'ചൈനയെ കണ്ടുപഠിക്കാന്‍' ലോകത്തെ ഉപദേശിക്കുന്നത്. കര്‍ശനമായ ലോക്ഡൗണ്‍ തന്ത്രങ്ങളിലൂടെയാണ് ചൈന രോഗപ്പകര്‍ച്ചയെ വിജയകരമായി തടയുന്നതെന്നും അതുകൊണ്ട് അതു പകര്‍ത്താനും അദ്ദേഹം മറ്റു ലോകരാജ്യങ്ങളെ ഉപദേശിച്ചു. അങ്ങനെയാണ് കൊവിഡ് പകര്‍ച്ചയെ തടയാന്‍ ലോകരാജ്യങ്ങള്‍ മിക്കതും, ഇന്ത്യയുള്‍പ്പെടെ വളരെ അയഥാര്‍ത്ഥവും അന്ധവുമായ നിലയിലുള്ള സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രക്രിയയിലേക്ക് നീങ്ങിയത്. ഒട്ടുമേ ശാസ്ത്രീയ പഠനങ്ങളെ ആശ്രയിക്കാതേയും പരിപൂര്‍ണ്ണമായ രാഷ്ട്രീയ മുന്‍ഗണന മാത്രം വച്ചുമാണ്, ഇന്ത്യയുള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങളും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക് നീങ്ങിയതെന്ന കാര്യം വിമര്‍ശകര്‍ നിരന്തരമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 135 കോടി ജനങ്ങളുള്ള ഇന്ത്യാ മഹാരാജ്യം സമ്പൂര്‍ണ്ണ ലോക്ഡൗണിനായി ഇത്രയും മനുഷ്യര്‍ക്ക് നല്‍കിയത് വെറും നാല് മണിക്കൂറിന്റെ ഇടവേളയായിരുന്നെന്ന വസ്തുതയെ മുന്‍നിര്‍ത്തി ഇനി വരുന്ന തലമുറകള്‍ പരിഹാസം ചൊരിയാതിരിക്കില്ല. അത് ഈ രാജ്യത്തുണ്ടാക്കിയ, ചരിത്രത്തില്‍ സമാനതകളില്ലാത്ത മനുഷ്യ പലായനത്തിന്റേയും മാനുഷികമായ മഹാദുരന്തത്തിന്റേയും കൃത്യമായ പഠനങ്ങളൊന്നും പുറത്തു വരാതിരിക്കാനും ഭരണകൂടം ശ്രദ്ധിച്ചു. സത്യത്തില്‍, നവ ലിബറല്‍ രാജ്യങ്ങളില്‍ ശക്തമായി രൂപപ്പെട്ടുവന്നിരുന്ന സര്‍വൈലന്‍സ് സ്റ്റേറ്റിന്റെ ഏറ്റവും മാരകമായ ആവിഷ്‌കാരമായാണ് അശാസ്ത്രീയമായ സമ്പൂര്‍ണ്ണ ലോക്ഡൗണുകള്‍ മാറിയത്. ജനതകളെ ഒന്നടങ്കം നിരീക്ഷിച്ചു കൊണ്ടിരിക്കാന്‍ മാത്രമല്ല, അവരെ ഒന്നടങ്കം നിശ്ചലമാക്കി അടച്ചിടാനും ഭരണകൂടത്തിനു കഴിയുമെന്ന് കൊവിഡ് 19 പകര്‍ച്ചയുടെ തുടക്കക്കാലം തെളിയിച്ചു. അതാണ്, അതിന്റെ മാരകമായ മറ്റൊരു നവലിബറല്‍ രാഷ്ട്രീയം. 

എന്നാല്‍, ചൈന ഇങ്ങനെയൊന്നുമല്ല ലോക്ഡൗണ്‍ തന്ത്രങ്ങള്‍ ഉപയോഗിച്ചതെന്ന് ഈയടുത്തായി ലോകത്തിനറിയാം. അവര്‍ ആദ്യം വൈറസ് ബാധയുണ്ടായ വുഹാന്‍ പ്രവിശ്യയും ഹൂബെയ് പ്രവിശ്യയും അടച്ചിട്ടു. ജനുവരി 23 മുതല്‍ ഏപ്രില്‍ 16 വരെ. ഒപ്പം ഫെബ്രുവരി മാസം രാജ്യം മുഴുവന്‍ അടച്ചിട്ടു. ചില പ്രവിശ്യകളില്‍ അവര്‍ അത് മാര്‍ച്ച് വരെ തുടര്‍ന്നു. ഒപ്പം അവര്‍ വ്യാപകമായ രോഗപരിശോധനയും രോഗീസമ്പര്‍ക്ക പരിശോധനയും കൂടി നടപ്പാക്കിക്കൊണ്ടാണ് രോഗത്തെ വരുതിയിലാക്കിയത്. 2020 ഒക്ടോബറില്‍, ക്വിങ് ദാവോ എന്ന ചൈനീസ് നഗരത്തില്‍ രോഗബാധയുണ്ടായപ്പോള്‍, അവര്‍ വെറും അഞ്ച് ദിവസം കൊണ്ട് 10.92 ദശലക്ഷം വരുന്ന മുഴുവന്‍ പൗരന്മാരേയും കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കി. പത്ത് സാമ്പിളുകള്‍ ഒന്നിച്ചു കലര്‍ത്തി ഒറ്റ പരിശോധന നടത്തുന്ന പൂള്‍ഡ് ടെസ്റ്റിങ് രീതിയാണ് അതിന് ഉപയോഗിച്ചത്. അങ്ങനെ, അവര്‍ രോഗബാധ നിയന്ത്രിച്ചു. ഇത് 2020 ഒക്ടോബര്‍ മാസത്തെ കഥ. എന്നാല്‍, ഇതേ നഗരത്തിന്റെ 2020 ഫെബ്രുവരി മാസത്തെ ആരോഗ്യരക്ഷാ സംവിധാനത്തിന്റെ അവസ്ഥയെടുത്താല്‍, പൊതുജനാരോഗ്യരംഗത്തെ അവഗണിക്കുന്ന നവലിബറല്‍ സമ്പദ്ശാസ്ത്ര ക്രമങ്ങള്‍, എങ്ങനെയാണ് കൊവിഡ് 19 മഹാമാരി മനുഷ്യരാശിക്കു വരുത്തിത്തീര്‍ത്ത ദുരന്തത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയകാരണമായിരിക്കുന്നതെന്നു കാണാന്‍ കഴിയും. സോഷ്യലിസ്റ്റെന്നു കരുതപ്പെടുന്ന ചൈനയിലെ ക്വിങ് ദാവോ എന്ന ഈ നഗരത്തില്‍ 2019 ഫെബ്രുവരിയില്‍ പ്രതിദിനം 2000 കൊവിഡ് സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളൂ. ഒക്ടോബര്‍ മാസമായപ്പോഴേക്ക് അവര്‍ അത് പ്രതിദിനം 2,50,000 സാമ്പിളുകള്‍ എന്ന നിലയിലേക്ക് ഉയര്‍ത്തി. 2002-ല്‍ മറ്റൊരു കൊറോണാ വൈറസ് ബാധയായ സാര്‍സ് രോഗം അഭിമുഖീകരിച്ച ചൈനയെന്ന വികസിതരാജ്യം പോലും പൊതുജനാരോഗ്യ കാര്യത്തില്‍ കാണിച്ച നവലിബറല്‍ സമ്പദ്ശാസ്ത്രബാധയുടേയും എന്നാല്‍, ആ രാജ്യത്തിന്റെ യഥാര്‍ത്ഥമായ സാമ്പത്തിക സാധ്യതയുടേയും രണ്ട് ഘട്ടങ്ങളെയാണ്, 2020 ഫെബ്രുവരിയിലേയും ഒക്ടോബറിലേയും ആ നഗരത്തിന്റെ സമാനതകളില്ലാത്ത രണ്ട് അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, മനുഷ്യകുലത്തിന്റെ ഭാവിക്കു മുഴുവന്‍ മാരകമാണെന്ന് മറ്റു പല മാനദണ്ഡങ്ങളിലും തെളിഞ്ഞുകഴിഞ്ഞ നവലിബറല്‍ സമ്പദ് രാഷ്ട്രീയമാണ്; അല്ലാതെ സാര്‍സ് കോവ് 2 വൈറസല്ല കൊവിഡ് 19 കാലത്തെ ഒരു മനുഷ്യ മഹാദുരന്തമാക്കി മാറ്റിയത്. 

സത്യത്തില്‍, കൊവിഡ് 19 പകര്‍ച്ച തടയാന്‍ സമ്പൂര്‍ണ്ണ ലോക്ഡൗണാണ് പരിഹാരമെന്ന ചൈനീസ് പാഠവും ഒരു നവലിബറല്‍ രാഷ്ട്രീയ പ്രേരിത നിലപാടല്ലാതെ മറ്റൊന്നുമല്ലെന്നതും ഇപ്പോള്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഏത് പകര്‍ച്ചവ്യാധിയും തടയാനുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗം രോഗികളെ കണ്ടെത്തി വേറിട്ട് നിര്‍ത്തി ചികിത്സിക്കുകയാണെന്ന, വൈദ്യശാസ്ത്ര സംബന്ധിയായ പ്രാഥമിക യുക്തിയാണ് അവിടെ അട്ടിമറിക്കപ്പെട്ടത്. ശ്രീലങ്കയിലെ കൊളമ്പോയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് പോളിസിയിലെ ഡോ. രവീന്ദ്ര പ്രസന്‍ റണ്ണന്‍ ഏലിയയും സംഘവും നടത്തി, പ്രാമാണികമായ അമേരിക്കന്‍ ഹൈല്‍ത്ത് ജേര്‍ണലായ ഹെല്‍ത്ത് ഫാക്ടേസ് പ്രസിദ്ധീകരിക്കാനിരിക്കുന്ന പഠനം ഇത് തെളിയിക്കുന്നു. വ്യാപകമായ പി.സി.ആര്‍ പരിശോധനയും കൊവിഡ് രോഗപ്പകര്‍ച്ചയിലെ കുറവും തമ്മിലെ നേര്‍ക്കുനേര്‍ ബന്ധം ഈ പഠനം കണ്ടെത്തുന്നുണ്ട്. വ്യാപക പരിശോധനയും രോഗനിരക്കും തമ്മിലെ അനുപാതം (ഹൈ ടെസ്റ്റ് ടു കേസ് റേഷ്യോ) വഴി വിയറ്റ്നാം എങ്ങനെയാണ് രോഗപ്പകര്‍ച്ച പൂര്‍ണ്ണമായും അവസാനിപ്പിച്ചതെന്ന് ഈ പഠനം എടുത്തുകാണിക്കുന്നു. ലോക്ഡൗണിലൂടെ തടയാന്‍ കഴിഞ്ഞ കൊവിഡ് രോഗപ്പകര്‍ച്ച വളരെ നിസ്സാരമാണെന്ന് ഈ പഠനം കണ്ടെത്തുന്നുണ്ട്. 2020 മാര്‍ച്ച് 24 മുതല്‍ മെയ് 30 വരെയായി 68 ദിവസം രാജ്യം പൂര്‍ണ്ണമായും അടച്ചിട്ട ഇന്ത്യയിലായാലും ബൊളീവിയ, പെറു, ചിലി തുടങ്ങിയ രാജ്യങ്ങളിലായാലും ലോക്ഡൗണ്‍ കൊവിഡ് കാര്യത്തില്‍ പൊതുവെ നിഷ്ഫലമായിരുന്നെന്ന് ഡോ. രവീന്ദ്രയും സംഘവും പറയുന്നു. വാക്‌സിനുകള്‍ പ്രയോഗത്തില്‍ വന്നുകഴിഞ്ഞാല്‍പ്പോലും കൊവിഡിനെ തുരത്താനുള്ള പ്രധാനപ്പെട്ട മാര്‍ഗ്ഗം രാജ്യവ്യാപമായ പി.സി.ആര്‍ ടെസ്റ്റുകളാണെന്ന് ഈ ശാസ്ത്രീയ പഠനം സ്ഥാപിക്കുന്നു. എങ്കിലും നമ്മുടെ നാട്ടിലെ മിക്ക ശാസ്ത്രവാദികളും വിദഗ്ദ്ധരും ഇപ്പോഴും ലോക്ഡൗണ്‍ ഭക്തന്മാരായി തുടരുകയാണ്. അവിടെയാണ് രാഷ്ട്രീയത്തിന്റെ കരുത്ത് കാണേണ്ടത്. നവലിബറല്‍ വ്യവസ്ഥകള്‍ എല്ലാ നാടുകളേയും വരേണ്യരില്‍ ഭൂരിഭാഗത്തേയും അസ്വാതന്ത്ര്യത്തിന്റെ അടിമകളാക്കി മാറ്റിയിട്ടുണ്ട്. കൊവിഡ് രോഗഭീതി അതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചിട്ടേയുള്ളൂ. 

കൊവിഡ് 19 രോഗം ലോകത്ത് പകരാന്‍ തുടങ്ങിയ 2020 ജനുവരി മുതല്‍ ഇതിനെതിരെ സ്വീകരിച്ച വൈദ്യപ്രതിരോധ തന്ത്രങ്ങളിലും ഇതുതന്നെയാണ് സംഭവിച്ചത്. സാര്‍സ് കോവ് 2 വൈറസിനോഅതുണ്ടാക്കുന്ന രോഗാവസ്ഥയ്‌ക്കെതിരെയോ സ്വന്തമായി ഒരു മരുന്നുമില്ലാത്ത അലോപ്പതി വൈദ്യം മാത്രമേ കൊവിഡില്‍ ഉപയോഗിക്കാവൂ എന്നൊരു തീരുമാനം നടപ്പാക്കപ്പെട്ടു. അങ്ങനെ വന്നതില്‍ എല്ലാവര്‍ക്കുമറിയാവുന്ന ഒരു കാരണമുണ്ട്. കഴിഞ്ഞ ഒരു മുക്കാല്‍ നൂറ്റാണ്ടുകൊണ്ട് ആധുനിക വ്യവസായ നാഗരികത വൈദ്യം സമം അലോപ്പതി എന്നൊരു സമവാക്യം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതുകൊണ്ട് അത് സ്വാഭാവികമാണ്. എന്നാല്‍, ഇതിലുള്ള രണ്ടാമത്തെ കാരണം വളരെ കുറച്ച് ആളുകള്‍ക്കേ അറിയൂ. അത് വ്യാവസായികമായ ഒരു കാരണമാണ്. ഇപ്പോള്‍ ലോകത്ത് ആധിപത്യം സ്ഥാപിച്ചു നില്‍ക്കുന്ന ആതുരശുശ്രൂഷ സമ്പ്രദായം, അലോപ്പതി വൈദ്യമാണോ അതോ മറിച്ച് അലോപ്പതി വൈദ്യവ്യവസായമാണോ എന്ന അടിസ്ഥാന ചോദ്യവുമായി ബന്ധപ്പെട്ടതാണത്. 

ലോകത്ത് കൊവിഡ് 19 പടര്‍ന്നുതുടങ്ങിയപ്പോള്‍ അലോപ്പതി വൈദ്യവ്യവസ്ഥ, സ്വാഭാവികമായും വലിയ ആശയക്കുഴപ്പത്തിലായിരുന്നു. തീര്‍ത്തും അപരിചിതമായ നിലയില്‍ മനുഷ്യരെ ആക്രമിച്ച് കീഴ്പെടുത്തുന്ന ഈ പുതിയ വൈറസ് വൈദ്യവൃത്തങ്ങളില്‍ അമ്പരപ്പുണ്ടാക്കി. ഈ ലേഖനത്തില്‍ മുന്‍പ് പരിശോധിച്ച നിലയില്‍ രാഷ്ട്രീയാധികാരികള്‍ വിതച്ച ഭീകരമായ ഭയഗ്രസ്തത കൂടിയതോടെ കൊവിഡ് എന്നാല്‍ മരണമെന്നൊരു ചിത്രം സാമൂഹ്യമായി രൂപപ്പെടുന്നത് വൈദ്യവൃത്തങ്ങളും കണ്ടുനിന്നു. നവലിബറല്‍ കാലത്തെ ഏറ്റവും കഴുത്തറപ്പനായ വ്യവസായ മേഖലയിലൊന്നായിത്തീര്‍ന്നിരുന്ന അലോപ്പതി വൈദ്യവ്യവസായത്തിന് മറ്റൊന്നും ചെയ്യാനാവുമായിരുന്നില്ല. മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ സള്‍ഫേറ്റ്, കൊറോണയെ ചികിത്സിക്കാനുള്ള മാന്ത്രിക മരുന്നാണെന്നൊരു പ്രചാരണം അവര്‍ ആസൂത്രിതമായി അഴിച്ചുവിട്ടു. ഉയര്‍ന്ന ഡോസുകളില്‍ അത്യന്തം മാരകമായ പാര്‍ശ്വഫലം രോഗികളില്‍ സൃഷ്ടിക്കുന്ന ഈ മരുന്ന് അനാവശ്യമായ അനവധി അനവധി മരണങ്ങള്‍ വരെ സൃഷ്ടിക്കുന്നതു കണ്ട, ലോകാരോഗ്യസംഘടന, പിന്നീട് ഈ മരുന്ന് വിലക്കിയെങ്കിലും ലോകത്ത് പലയിടത്തും കൊവിഡിനെതിരെ ഇത് ഇപ്പോഴും ഉപയോഗത്തിലുണ്ട്. തുടര്‍ന്ന് നടന്നതും ഇതേപോലെ വിചിത്രമായിരുന്നു. പലയിനം വൈറസുകള്‍ക്കെതിരെയെന്ന നിലയില്‍ രൂപപ്പെടുത്തപ്പെട്ടതും ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കൃത്യമായ ഫലപ്രാപ്തി തെളിയിക്കപ്പെടാത്തതുപോലുമായ സര്‍വ്വ മരുന്നുകളും പരീക്ഷണാടിസ്ഥാനത്തില്‍ കൊവിഡ് രോഗികള്‍ക്ക് നല്‍കാനുള്ള തീരുമാനം എങ്ങനെയെല്ലാമോ ലോകമെങ്ങും നടപ്പിലായി. ലോപിനാവിര്‍, റെട്ടൊണാവിര്‍ സംയുക്തം, ഫാവിപിരാവിര്‍, റെംഡെസിവിര്‍, ടോസിലി സുമാബ്, ഐവര്‍ മെക്ടിന്‍ തുടങ്ങിയ നിരവധി മരുന്നുകള്‍ ഇങ്ങനെ ഉപയോഗിക്കപ്പെട്ടു. ഇപ്പോഴൊടുവില്‍, ഇവയില്‍ റെംഡെസിവിര്‍ എന്ന മരുന്നിന്റെ ഉപയോഗം മാത്രമാണ് ലോകാരോഗ്യസംഘടന അംഗീകരിക്കുന്നതെന്നിടത്താണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. അതായത് കൊവിഡ് കാലത്തിന്റെ അനിശ്ചിതത്വത്തെ, തങ്ങളുടെ മരുന്ന് പരീക്ഷണങ്ങള്‍ക്കും അനിയന്ത്രിതമായ വില്‍പ്പനയ്ക്കുള്ള സുവര്‍ണ്ണാവസരമായി അലോപ്പതി വൈദ്യവ്യവസായം മാറ്റിത്തീര്‍ത്തു. 

മാസ്ക്കുകളുടെ വിൽപ്പന
മാസ്ക്കുകളുടെ വിൽപ്പന

മുതലാളിത്തയുക്തിയുടെ തേരോട്ടം

സോപ്പുവെള്ളത്തില്‍ കുതിര്‍ത്തിവച്ചാല്‍ സാര്‍സ് കോവ് 2 വൈറസ് നശിക്കുമെന്ന് ഉറപ്പിച്ചു പറയുന്നതിനിടയില്‍ത്തന്നെയാണ് ഓരോ കൊവിഡ് രോഗിയും ഉപയോഗിച്ച ബക്കറ്റും കപ്പും വരെയുള്ള സര്‍വ്വ വസ്തുക്കളും കത്തിച്ചു നശിപ്പിക്കുന്ന പ്രവര്‍ത്തനം കേരളത്തില്‍ വരെ നടന്നത്. കൊവിഡ് 19-ന്റെ മറവില്‍ നടമാടിയ വ്യവസായിക രാഷ്ട്രീയത്തിന്റെ ദുസ്സാമര്‍ത്ഥ്യങ്ങള്‍ ഇങ്ങനെ പറഞ്ഞാല്‍ തീരില്ല. അവിടെ വൈദ്യയുക്തികള്‍ പൂര്‍ണ്ണമായും വ്യവസായ യുക്തികള്‍ക്കും സാമ്പത്തിക യുക്തികള്‍ക്കും കീഴ്പെട്ടു. 

ഇതോടൊപ്പം സംഭവിച്ച മറ്റൊരു ദുരൂഹമായ കാര്യവും കൊറോണയുടെ മറവില്‍ നടന്ന വ്യവസായ-സാമ്പത്തികാധീശത്വ യുക്തിയുടെ തേരോട്ടം വെളിപ്പെടുത്താന്‍ പോന്നതാണ്. വൈറസ് ബാധകളെ പ്രതിരോധിക്കുന്നതില്‍ ഒന്നിലധികം നൂറ്റാണ്ടുകളായി കാര്യക്ഷമത തെളിയിച്ചിട്ടുള്ള ആയുര്‍വ്വേദം, ഹോമിയോപ്പതിപോലുള്ള ഇതര വൈദ്യസമ്പ്രദായങ്ങളെ മുഴുവന്‍ കൊവിഡ് പ്രതിരോധത്തില്‍നിന്നും മാറ്റിനിര്‍ത്താനുള്ള ആസൂത്രിത ശ്രമങ്ങളുണ്ടായി. ഇവയെല്ലാം അശാസ്ത്രീയമാണെന്ന് പൊടുന്നനെ ഘോരഘോരം പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍, ആധുനികകാലത്ത് പ്രചാരത്തിലുള്ള അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ തുടങ്ങിയവയെല്ലാം വ്യവസ്ഥാപിതമായ വെവ്വേറെ ഫാര്‍മാ കോപ്പികളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണെന്നും ഓരോന്നിനും അതിന്റെ ഉള്ളടക്കത്തിലുള്ള യുക്തികളാണ് നിലവിലുള്ളതെന്നുമുള്ള വാസ്തവം അട്ടിമറിക്കപ്പെട്ടു. കൊവിഡ് 19-നു സ്വന്തമായി ഒരു മരുന്നുമില്ലാത്ത അലോപ്പതിയുടെ പേരില്‍, മറ്റു വൈദ്യസമ്പ്രദായങ്ങളുടെ തെളിവ് മൂല്യം ചോദിക്കുന്ന അസംബന്ധംവരെ അരങ്ങേറി. വൈദ്യത്തിലെ ഒരേയൊരു അടിസ്ഥാന തെളിവ് രോഗശാന്തിയാണെന്ന പ്രാഥമിക വൈദ്യപാഠംപോലും ഓര്‍മ്മിപ്പിക്കാന്‍ ആളുകളുണ്ടായില്ല. മാധ്യമങ്ങള്‍പോലും ഈ ദുര്‍വൃത്തിക്ക് കൂട്ടുനില്‍ക്കാന്‍ കൊറോണ പകര്‍ച്ച മറയായിത്തീര്‍ന്നു. ഫലത്തില്‍, നവലിബറല്‍ വ്യവസായ നാഗരികതയുടെ നെടുംതൂണുകളിലൊന്നായ അലോപ്പതി വൈദ്യവ്യവസായത്തിന്റെ അധീശത്വമുറപ്പാക്കാന്‍ ബദല്‍ വൈദ്യസമ്പ്രദായങ്ങളെ മുഴുവന്‍ ആക്രമിച്ചു നശിപ്പിക്കാനുള്ള അവസരമായി കൊറോണക്കാലം മുതലെടുക്കപ്പെട്ടു. ഇന്ത്യയിലാണെങ്കില്‍ കൊറോണയ്‌ക്കെതിരെ ഹോമിയോ പ്രതിരോധമരുന്ന് നല്‍കാനുള്ള കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശംപോലും മിക്ക സംസ്ഥാനങ്ങളിലും പാലിക്കപ്പെട്ടില്ല. പല ഹോമിയോ മെഡിക്കല്‍ കോളേജുകള്‍ സ്വന്തമായുള്ള കേരള സര്‍ക്കാരും ഇതിന് എതിര്‍നിന്നു. അതുകൊണ്ട് ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്തയിടങ്ങളില്‍ അതുണ്ടാക്കിയ ഫലപ്രാപ്തിയെക്കുറിച്ചുള്ള കണക്കുകള്‍ ഇപ്പോള്‍ ആയുഷ്മന്ത്രാലയം പുറത്തുവിടുമ്പോള്‍ അതു നല്‍കാനുള്ള വിവേകം മാധ്യമങ്ങള്‍ക്കുപോലും വേണ്ടതല്ലാതായി. 

ഒടുവിലിപ്പോള്‍ കാര്യങ്ങള്‍, ആധുനിക വൈദ്യവ്യവസായം കൊറോണയുടെ തുടക്കം മുതലേ ആഗ്രഹിച്ചപോലെ വാക്‌സിനില്‍ത്തന്നെ എത്തി. വൈദ്യവ്യവസായത്തിന്റെ ചരിത്രത്തില്‍ കൊറോണ വാക്‌സിനുവേണ്ടി നടന്നതുപോലൊരു കിടമത്സരം മറ്റൊന്നിനും വേണ്ടി നടന്നിട്ടുണ്ടാവില്ല. നൂറ്റി അന്‍പത്തി രണ്ടോ മറ്റോ കാന്‍ഡിഡേറ്റ് വാക്‌സിനുകളാണ് മത്സരത്തിലുണ്ടായിരുന്നത്. അതിലും പക്ഷേ, അമേരിക്കന്‍ കമ്പനികളായ ഫൈസറും മൊഡേണയും തന്നെ ജയിച്ചുവെന്നാണ് കരുതപ്പെടുന്നത്. അവയുടെ കുത്തിവെയ്പ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിലാണെങ്കില്‍ നവംബര്‍ 30 ആകുമ്പോള്‍ത്തന്നെ മൂന്നിനം കൊവിഡ് വാക്‌സിനുകളുടെ 160 കോടി ഡോസ് ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ്. ജനസംഖ്യയുടെ 60 ശതമാനത്തിന് കുത്തിവയ്പ് നല്‍കി കൊവിഡിനെതിരായ ശാരീരിക പ്രതിരോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനകം തന്നെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും 60 ശതമാനത്തോളം ആളുകളെ കൊവിഡ് 19 വൈറസ് ബാധിച്ചു കഴിഞ്ഞുവെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പലരും അഭിപ്രായപ്പെട്ടതിനിടെയാണ് ഈ വ്യാപാരനീക്കം. ഒരു നാട്ടിലെ 60 ശതമാനത്തിലധികം പേരെ വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ സ്വാഭാവികമായ സാമൂഹ്യ ശാരീരിക പ്രതിരോധം അഥവാ ഹേര്‍ഡ് ഇമ്മ്യൂണിറ്റി ആ സമൂഹത്തിലുണ്ടാകുമെന്നതാണ് ഉറച്ച വൈദ്യശാസ്ത്ര തത്ത്വം. പക്ഷേ, അതു തിരിച്ചറിയാനുള്ള സമഗ്രവും ശാസ്ത്രീയവുമായ സീറോ പ്രിവലന്‍സ് സര്‍വ്വേ നടത്താനുള്ള നീക്കമോ ഒപ്പം മുന്‍പ് നടത്തിയെന്നു പറയുന്ന സര്‍വ്വേ ഫലങ്ങള്‍ പുറത്തുവിടുന്ന ശ്രമമോ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നില്ല. കേരളമാണെങ്കില്‍, സീറോ പ്രിവലന്‍സ് സര്‍വ്വേയ്ക്കു വേണ്ടിയുള്ള വിദഗ്ദ്ധരുടെ നിരന്തരമായ മുറവിളികള്‍ ചെവികൊണ്ടിട്ടേയില്ല. ചുരുക്കത്തില്‍, നാളിതുവരെയായി എട്ടരക്കോടിയോളം പേരെ ബാധിക്കുകയും 18 ലക്ഷത്തി നാല്‍പ്പത്തി രണ്ടായിരത്തിലധികം പേരെ കൊല്ലുകയും ചെയ്ത സാര്‍സ് കോവ് 2 വൈറസിനെതിരെ, മനുഷ്യരാശി നടത്തിവരുന്ന ധീരോദാത്തമായ പോരാട്ടത്തെ, എളുപ്പത്തില്‍ ചുട്ടെടുത്തതും പാര്‍ശ്വഫലങ്ങളുടെ കാര്യത്തില്‍ വേണ്ടത്ര ഉറപ്പില്ലാത്തതുമായ വാക്‌സിനുകളുടെ വ്യാപാരസാധ്യതയില്‍ കൊണ്ടുപോയി കെട്ടാനാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇതിലെ എം.ആര്‍.എന്‍.എ വാക്‌സിനുകള്‍, മനുഷ്യരില്‍ വ്യാപകമായി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള കഠിനമായ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വിദഗ്ദ്ധര്‍ക്കിടയില്‍ത്തന്നെ ശക്തമായ ഭിന്നാഭിപ്രായങ്ങളുള്ളതുപോലും കണക്കിലെടുക്കപ്പെടുന്നില്ല. അതാണ് കൊവിഡ് 19 സംബന്ധിച്ച നവലിബറല്‍ വ്യവസ്ഥാ രാഷ്ട്രീയത്തിന്റെ പുതിയ ഏട്. 

തെറ്റിപ്പോയ മുന്‍ഗണനാക്രമങ്ങള്‍

കൊവിഡ് 19 മഹാമാരി പടരാന്‍ തുടങ്ങി ഏതാണ്ട് ഒരു വര്‍ഷമാകുമ്പോള്‍, ലോകരാജ്യങ്ങളുടെ സാമ്പത്തികാവസ്ഥകളില്‍ അതുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. നവലിബറല്‍ ആഗോളീകരണത്തിന്റെ അടിസ്ഥാന ശിലകള്‍തന്നെ കൊവിഡിനെത്തുടര്‍ന്ന് തകര്‍ന്നുപോയോ എന്ന തരത്തിലുള്ള സമ്പദ് രാഷ്ട്രീയ ഉല്‍ക്കണ്ഠകളും സജീവമാണ്. കൊവിഡ് ഇതിനകം കൊന്നുകളഞ്ഞ പതിനെട്ടര ലക്ഷത്തോളം മനുഷ്യരെക്കുറിച്ചുള്ള ആകുലതകള്‍ തീരെ കേള്‍ക്കാനില്ലെന്നതും പ്രത്യേകിച്ച് ശ്രദ്ധേയമാണ്. ആ മാനുഷിക ദുരന്തത്തിന് ദൈനംദിന കൊവിഡ് കണക്കുകളിലെ മരിച്ച അക്ഷരങ്ങള്‍ എന്നതിനപ്പുറമുള്ള പ്രാധാന്യം നല്‍കുന്നേയില്ല. സാര്‍വ്വദേശീയമായ നിലയില്‍ ഒറ്റക്കെട്ടായി കൊവിഡിനെ പ്രതിരോധിക്കാനുള്ള ഒരു സംയുക്ത ശ്രമവും ഈയൊരു വര്‍ഷത്തിനിടെ ഉണ്ടായിട്ടുമില്ല. മറിച്ച് കൊവിഡ് പ്രതിരോധം പരിപൂര്‍ണ്ണമായും അതത് ദേശീയ രാഷ്ട്രങ്ങളുടെ മാത്രം ചുമലിലായി. അടച്ച അതിര്‍ത്തികള്‍ക്കകത്ത് സ്വയം സുരക്ഷിതരാവാന്‍ രാജ്യങ്ങളോരോന്നും ശ്രമിച്ചതോടെ ലോകം വളരെ ശിഥിലീകൃതവും ദേശീയതാ വികാരം വളരെ ശക്തവുമായും തീര്‍ന്നിട്ടുണ്ട്. നവലിബറല്‍ ആഗോളീകരണം സൃഷ്ടിച്ച മുന്‍പത്തെ മായികതകളൊക്കെ വെറും മിഥ്യയായിരുന്നെന്ന് ഇത് തെളിയിക്കുന്നു. എന്നുമാത്രമല്ല, സാര്‍സ് കോവ് 2 വൈറസിനു മുന്നില്‍ പകച്ചും ഭയന്നും പോയ അമേരിക്കയുള്‍പ്പെടെയുള്ള സര്‍വ്വ ലോകരാജ്യങ്ങളുടേയും കഴിഞ്ഞ ഒരു വര്‍ഷത്തെ അനുഭവം, നവലിബറല്‍ സമ്പദ്വ്യവസ്ഥകളുടെ സാമ്പത്തിക മുന്‍ഗണനാക്രമങ്ങളും പരിഗണനാരീതികളും പരിപൂര്‍ണ്ണമായും പാപ്പരാണെന്ന് ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ, നവമുതലാളിത്ത വാദികളോ രാഷ്ട്രനേതൃത്വങ്ങളോ ഇതൊന്നും ഇതുവരെ അംഗീകരിച്ചിട്ടില്ല. ഒരുപക്ഷേ, ഒരിക്കലും അത് അംഗീകരിക്കാനും പോകുന്നില്ല. വെറുതെ മരിക്കേണ്ടിവന്ന ലക്ഷക്കണക്കിനു മനുഷ്യരുടെ ശവക്കൂന നോക്കി, സാമൂഹ്യഘടനാപരമായ തെറ്റുകള്‍ തിരുത്തുന്ന ഹൃദയവിശാലതയോ മാനുഷികതയോ മുതലാളിത്തത്തിന്റെ ചരിത്രം നാളിതുവരെ കാണിച്ചിട്ടില്ല. അവര്‍ എല്ലാ കാര്യങ്ങളും വികസനം എന്ന ഒറ്റ സംജ്ഞയിലൊതുക്കും. മനുഷ്യന്‍ എന്ന വലിയക്ഷരത്തിലുള്ള പദം അതില്‍ അപ്രസക്തമാണ്. സത്യത്തില്‍, നവലിബറല്‍ വ്യവസ്ഥകളുടെ ഹിംസാത്മകതയും ജനവിരുദ്ധതയും ഇതുപോലെ വ്യക്തമായി അനുഭവപ്പെട്ട മറ്റൊരു സന്ദര്‍ഭവും കൊവിഡ് കാലത്തെപ്പോലെ ഇതുവരെ വേറെ ഉണ്ടായിട്ടില്ല. എന്നാല്‍, അക്കാര്യം നേര്‍ക്കുനേര്‍ തിരിച്ചറിയപ്പെടുകയോ അതിനെ മുന്‍നിര്‍ത്തുന്ന ഒരു ജനകീയ രാഷ്ട്രീയം, ലോകത്തൊരിടത്തും രൂപപ്പെടുകയോ ചെയ്തിട്ടില്ലെന്നതാണ്, മനുഷ്യരാശിയെ സംബന്ധിച്ച് വിനാശകരമായ കാര്യം. 

ജീവികളുടെയല്ലാം അടിസ്ഥാന ചോദനകളിലൊന്ന് മരണഭയമാണ് എന്നതിനാല്‍ കൊറോണപ്പേടി സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ട്, വളരെയേറെ സമഗ്രാധിപത്യപരമാകാന്‍, ജനാധിപത്യഭരണകൂടങ്ങള്‍ക്കെല്ലാം സാധിച്ചുവെന്നതാണ് കൊവിഡ് മഹാമാരി നല്‍കുന്ന മറ്റൊരു രാഷ്ട്രീയ പാഠം. ട്രിപ്പിള്‍ ലോക്ഡൗണ്‍ എന്നും മറ്റുമുള്ളത് പൊലീസ് മാന്വലിലെ ഏറ്റവും ജനാധിപത്യവിരുദ്ധമായ സാമൂഹ്യമര്‍ദ്ദനമുറയാണ്. ഇതൊക്കെ തുറന്ന് പ്രയോഗിക്കാന്‍ അവസരം കിട്ടി എന്നതു മാത്രമല്ല കൊറോണക്കാലം ഭരണകൂടങ്ങള്‍ക്കു നല്‍കിയ സൗകര്യം. മറിച്ച്, ഇന്ത്യയിലെ അനുഭവമെടുത്താല്‍ത്തന്നെ തൊഴില്‍ പരിഷ്‌കരണ നിയമങ്ങള്‍, കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ തുടങ്ങി നവലിബറല്‍ വ്യവസ്ഥയുടെ ജനവിരുദ്ധ നിയമപരിഷ്‌കരണമെല്ലാം ഒറ്റയടിക്ക് കൊണ്ടുവരാനും കൊറോണക്കാലത്തെ ഭരണകൂടങ്ങള്‍ മറയാക്കി. ഒരുവശത്ത് സൗജന്യ റേഷനും ഭക്ഷണക്കിറ്റുകളും കൊവിഡ് ചികിത്സയും ഭിക്ഷയായി നല്‍കി ജനസാമാന്യത്തെ അടിമകളാക്കുകയും മറുവശത്തുകൂടെ തൊഴിലാളികളും കര്‍ഷകരും കാലങ്ങളായി അനുഭവിച്ചുകൊണ്ടുവരുന്ന ഉല്‍പ്പാദനപരമായ ജനാധിപത്യാവകാശങ്ങള്‍ ഒറ്റയടിക്ക് പിടിച്ചുപറിക്കുകയും ചെയ്യുന്ന കുത്സിത തന്ത്രമാണ് ഭരണകൂടങ്ങള്‍ കാണിച്ചത്. രണ്ടും വര്‍ഗ്ഗപരമായ മര്‍ദ്ദനത്തിന്റെ സമാനതകളില്ലാത്ത മാതൃകകളാണെന്ന് ഇപ്പോള്‍ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. കിറ്റു വാങ്ങി നക്കിയവര്‍, തങ്ങളുടെ എല്ലാ കൊള്ളരുതായ്മകളേയും അംഗീകരിച്ച് വോട്ടു ചെയ്യണമെന്ന് ഭരണകക്ഷികള്‍ നിര്‍ദ്ദേശിക്കുന്നിടത്തുവരെ കാര്യങ്ങളെത്തുമ്പോള്‍, കൊവിഡ് കാലം മനുഷ്യസ്‌നേഹികളെ കരയിക്കുമാറുള്ള രാഷ്ട്രീയച്ചതികളുടെ വസന്തകാലവുമാണെന്ന് അംഗീകരിക്കേണ്ടിവരും. 

കൊവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിനായി ഉപയോഗിച്ച സമ്പൂര്‍ണ്ണ ലോക്ഡൗണുകള്‍, സാര്‍വ്വദേശീയമായ യാത്രാവിലക്കുകള്‍, സാമൂഹ്യമായ ഭയനിര്‍മ്മാണങ്ങള്‍ എന്നിവയെത്തുടര്‍ന്ന് ലോകത്തെ സമ്പദ്വ്യവസ്ഥകളെല്ലാം വമ്പിച്ച പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. പല രാജ്യങ്ങളുടേയും വളര്‍ച്ചാനിരക്ക് പൂജ്യത്തിനു താഴേയ്ക്ക് പോയതും മറ്റുമായ കാര്യങ്ങള്‍ വിപുലമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഈ അവസ്ഥയേയും നവലിബറല്‍ വ്യവസ്ഥയുടെ അടിസ്ഥാനശിലകള്‍ക്ക് ലാഭകരമാക്കിത്തീര്‍ക്കുന്ന ശ്രമങ്ങളിലാണ് ഭരണകൂടങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകം വളരെ കുറവേ കാണാനുളളൂ. ചൈന മുതല്‍ ഇന്ത്യ വരെയും അതിനപ്പുറവുമുള്ള രാജ്യങ്ങളിലെല്ലാം അതാണവസ്ഥ. 

അതിനാല്‍, കൊവിഡ് 19 മഹാമാരി ലോകത്ത് സൃഷ്ടിച്ചുവെന്ന് പറയുന്ന വമ്പിച്ച സാമ്പത്തിക പ്രതിസന്ധികള്‍, യഥാര്‍ത്ഥത്തില്‍ സാര്‍സ് കോവ് 2 വൈറസ് സൃഷ്ടിച്ചതാണോ അതോ കൊവിഡ് കാലത്തിനു മുന്‍പും കൊവിഡ് കാലത്തിലും ഒരുപോലെ, നവലിബറല്‍ രാഷ്ട്രവ്യവസ്ഥകള്‍ സ്വീകരിച്ച സമ്പദ് രാഷ്ട്രീയ നയങ്ങള്‍ സൃഷ്ടിച്ചതാണോ എന്ന മൗലികമായ ചോദ്യം ജനാധിപത്യവാദികളെല്ലാം ഉയര്‍ത്തിപ്പിടിക്കേണ്ടതാണ്. കാരണം, കൊവിഡ് കാലം ലോകത്തുണ്ടാക്കിയ പ്രധാന പ്രശ്‌നങ്ങളെല്ലാം, അത് തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി, അസമത്വം തുടങ്ങി എല്ലാം തന്നെ കൊവിഡിനു മുന്‍പുള്ള കാലത്തേയും നവലിബറല്‍ രാഷ്ട്രവ്യവസ്ഥകളുടെ മുഖമുദ്രയായിരുന്നു. കൊവിഡ് കാലം അതെല്ലാം മൂര്‍ച്ഛിപ്പിച്ചുവെങ്കില്‍ അതിന്റെ അടിസ്ഥാന കാരണം, ഈ വൈറസിന്റെ ഉത്ഭവം മുതല്‍ ഇതുവരെയുമായി നവലിബറല്‍ ലോകം ഈ പ്രതിസന്ധിയെ നേരിട്ട വിധങ്ങളാണെന്ന് ഈ പഠനം ശ്രദ്ധിച്ചുവായിച്ചാല്‍ത്തന്നെ കാണാന്‍ കഴിയും. ഒടുവില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചു നോക്കിയാല്‍ ഇക്കാര്യം സുവ്യക്തമായി മനസ്സിലാവും. 

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയവും (MOSPI) ബ്ലൂംബെര്‍ഗ് പോലുള്ള ലോക സാമ്പത്തിക സേവനദാതാക്കളും നല്‍കുന്ന പുതിയ കണക്കുകളനുസരിച്ച് കൊവിഡ് കാലത്ത് ഇന്ത്യയിലും ചില വിദേശരാജ്യങ്ങളിലും അതിസമ്പന്ന ശക്തികളുടെ ആസ്തിയും സമ്പന്നരുടെ എണ്ണവും നന്നായി വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. ഇന്ത്യയില്‍ കൊവിഡ് തകര്‍ത്താടിക്കൊണ്ടിരുന്ന 2020 ജൂണിനുശേഷം ഡിസംബര്‍ വരെയുള്ള കാലത്ത് അദാനിയുടെ ആസ്തി മൂന്നര മടങ്ങ് വളര്‍ന്നു. ഇതേ കാലത്ത് അംബാനിയുടെ ആസ്തി വളര്‍ന്നത് 1.30 മടങ്ങാണ്. 2020-ന്റെ ആദ്യ ആറു മാസത്തെ ഇന്ത്യയിലെ കോടീശ്വരന്മാരുടെ എണ്ണത്തിലെ വളര്‍ച്ചയും ഇതേ ചിത്രമാണ് നല്‍കുന്നത്. ഇന്ത്യയില്‍ ഏതാണ്ട് 370 കോടി രൂപ (അഞ്ച് കോടി യു.എസ് ഡോളര്‍) ആസ്തിയുള്ള ആളുകളുടെ എണ്ണം 2019 ഡിസംബറിലെ കണക്കനുസരിച്ച് 4,593 ആണ്. എന്നാല്‍, 2020 ജൂണ്‍ മാസമാകുമ്പോഴേക്കും ഈ പട്ടികയില്‍ പുതുതായി 85 പേര്‍ കൂടി ഇടംപിടിച്ചു. ലോകത്തെ മറ്റു രാജ്യങ്ങളുടെ കാര്യമെടുത്താല്‍, ഇതേ കാലയളവില്‍ ചൈനയില്‍ 1,330 പേരും അമേരിക്കയില്‍ 121 പേരും ഫ്രാന്‍സില്‍ 41 പേരും ഈ പട്ടികയില്‍ പുതുതായി സ്ഥാനം നേടി. ഈ പട്ടികയില്‍ നിന്ന്, ഇതേകാലത്ത് ധാരാളമായി ആളുകള്‍ പുറത്തായ രണ്ട് രാജ്യങ്ങള്‍ ബ്രസീലും ബ്രിട്ടനുമാണ്. 

ജപ്പാന്‍, കൊറിയ, സ്പെയില്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും ചെറിയ തോതില്‍ ഇതേ പ്രവണതയുണ്ടായി. ഇതിനര്‍ത്ഥം കൊവിഡിന്റെ പേരില്‍ നവലിബറല്‍ ഭരണകൂടങ്ങളെല്ലാം ഒഴുകിക്കൊണ്ടിരിക്കുന്ന മുതലക്കണ്ണീരിന്റെ മറവില്‍, അവര്‍ യഥാര്‍ത്ഥത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത് നാണംകെട്ട, ജനവിരുദ്ധമായ നവമുതലാളിത്ത ദാസ്യവൃത്തിയാണെന്നുതന്നെയാണ്. ജനങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ ദാരിദ്ര്യവും മൂലധനശക്തികള്‍ക്കകത്ത് കൂടുതല്‍ കൂടുതല്‍ കോടീശ്വരന്മാരെയും സൃഷ്ടിക്കുന്ന ദുര്‍വൃത്തിക്കുമാത്രം അവര്‍ ഒരിളവും നല്‍കുന്നില്ല. 

പക്ഷേ, ഈ അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളൊന്നും തന്നെ കൊവിഡ് ഭീതിയുടെ മറവില്‍ ജനസാമാന്യം ശ്രദ്ധിക്കാനിടവരുന്നില്ല. ഭരണകര്‍ത്താക്കളേയും അതിന്റെ അധികാരരൂപങ്ങളേയുമെല്ലാം ചോദ്യം ചെയ്യാതെ അനുസരിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്ന ഒരു മിഥ്യാധാരണ ജനങ്ങളില്‍ രൂഢമൂലമായിരിക്കുന്നു. സൗജന്യറേഷന്‍, ഉപഭോക്തൃ കിറ്റുകള്‍ തുടങ്ങിയ ഭരണകൂട ദയാവായ്പുകളെപ്പറ്റി കുളിരുകോരുകയാണ് അവരിലെ ഭൂരിഭാഗവും. ഭരണകര്‍ത്താക്കള്‍ അതിമാനുഷരും ജനങ്ങള്‍ എപ്പോഴും കൊവിഡ് കൊണ്ടു മരിച്ചുപോകാവുന്ന പുഴുക്കളുമായിത്തീരുന്ന ഒരു വിചിത്ര വിഭജനം കൊറോണക്കാലം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതുകൊണ്ട്, സര്‍ക്കാരുകളുടെ അഴിമതിയും കൊള്ളയുമൊന്നും ജനങ്ങള്‍ക്കു വിഷയമാകുന്നില്ല. അവര്‍ കൊറോണയ്ക്കു കീഴിലെ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്, ഒരു ജനാധിപത്യ രാജാധിപത്യത്തിലെ വിനീതവിധേയരായ വെറും പ്രജകളായി സ്വയം രൂപാന്തരീകരണം സാധിച്ചിരിക്കുന്നു. അതുകൊണ്ടാണ് പറയുന്നത് സാര്‍സ് കോവ് 2 വൈറസ് നവമുതലാളിത്ത വ്യവസ്ഥകളെ സംബന്ധിച്ച് ദൈവദത്തമായ വരമാണ്. വ്യവസ്ഥയുടെ ഭീകരതകളെ മൂടുവാനുള്ള ഫലപ്രദമായ ഒരു പുതപ്പായിരിക്കുന്നു അത്. വിമോചന സ്വപ്നങ്ങളുടെ വിദൂര പ്രതീക്ഷയെപ്പോലും തല്ലിക്കെടുത്താന്‍ നവമുതലാളിത്തത്തിന് യാദൃച്ഛികമായി കൈവന്ന പുതിയ മാരകായുധം. 

സ്വയം മാര്‍ക്‌സിസ്റ്റായാലും അല്ലെങ്കിലും നവമുതലാളിത്ത വ്യവസ്ഥകളേയും അതിന്റെ ഭരണകൂടങ്ങളേയും സംശയിക്കുകയും ചോദ്യം ചെയ്യുകയുമാണ് സാമൂഹിക വിമര്‍ശനങ്ങളുടെ എന്നത്തേയും മൗലിക ബാധ്യത. കൊറോണക്കാലം ഈ സുപരീക്ഷിതമായ വ്യവഹാരതത്ത്വത്തേയും പൊതുവെ തകര്‍ത്തു. എന്നാല്‍, അപൂര്‍വ്വം ചില വിമര്‍ശകര്‍ ഈ തത്ത്വത്തില്‍ത്തന്നെ ഇക്കാലത്തും ഉറച്ചുനിന്നു. ഭരണകൂട കുറിപ്പടികളെ നിരാകരിക്കാനുള്ള പഴയ ഗ്രീക്ക് വിവേകം അവര്‍ ഇതിനിടയിലും പുലര്‍ത്തി. എം.പി. ബാലറാം അതിലൊരാളാണ്. കൊവിഡ് മഹാമാരിയെത്തന്നെ പ്രശ്‌നവിധേയമാക്കുന്ന അദ്ദേഹത്തിന്റെ അന്വേഷണക്കുറിപ്പുകള്‍ കഴിഞ്ഞ കുറച്ചുനാളായി പ്രക്ഷോഭകാരികളായ ന്യൂനപക്ഷം പേര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചിന്താപ്രവര്‍ത്തനത്തില്‍ കീഴടങ്ങാതിരിക്കുന്നുവെന്നതിന് ഇക്കാലത്ത് ലഭിക്കാവുന്ന അര്‍ത്ഥം വളരെ വലുതാണ്. കലാരചനകളില്‍ വിങ്ങുന്ന സാമൂഹ്യ അബോധം കൂടി അന്വേഷണ വിധേയമാക്കുന്ന ഈ പുസ്തകത്തിലെ രചനകള്‍ അതുകൊണ്ടുതന്നെ വേറിട്ടൊരു സാമൂഹ്യദൗത്യം നിറവേറ്റുന്നവയാണ്. സത്യസന്ധരായ വിമര്‍ശകര്‍ക്ക് ഇനിയെല്ലാം പുതുതായി തുടങ്ങേണ്ടിവരും. കാരണം, ആ ഒരു വംശത്തെ ആസകലം കടപുഴക്കിക്കൊണ്ടാണ് കൊവിഡ് 19 തകര്‍ത്താടിയത്. എം.പി. ബാലറാമിന് അത് ആഴത്തിലറിയാമെന്ന് ഈ ലേഖനങ്ങള്‍ സാക്ഷ്യം നല്‍കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com