പലപ്പോഴും ആലോചിച്ചിട്ടുണ്ട്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവര്‍ എങ്ങനെയാണ് വര്‍ഗ്ഗീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായി മാറുന്നതെന്ന്. കമ്യൂണിസത്തിന് ന്യൂനതകള്‍ പലതുണ്ടാകാം. പക്ഷേ, എന്തൊക്കെപ്പറഞ്ഞാലും അത് അംഗങ്ങളില്‍ ഉല്പാദിപ്പിക്കുന്ന ലോകവീക്ഷണം തികച്ചും മതേതരവും വര്‍ഗ്ഗീയതാവിരുദ്ധവുമാണ്. ഒരു കമ്യൂണിസ്റ്റുകാരന്‍ കോണ്‍ഗ്രസ്സുകാരനായി മാറുന്നത് മനസ്സിലാക്കാം. അതല്ലെങ്കില്‍ കോണ്‍ഗ്രസ്സല്ലാത്ത മറ്റേതെങ്കിലും മതേതര പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതും മനസ്സിലാക്കാം.
അതേസമയം സി.പി.ഐ, സി.പി.ഐ.(എം) തുടങ്ങിയ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അംഗങ്ങളാവുക മാത്രമല്ല, നേതൃപദവിയിലിരിക്കുകയും ചെയ്തവര്‍ മുസ്ലിം ലീഗിലോ ബി.ജെ.പിയിലോ ജമാഅത്തെ ഇസ്ലാമിയിലോ എസ്.ഡി.പി.ഐയിലോ എത്തിച്ചേരുന്നത് വിസ്മയകരമാണ്. ഒടുവില്‍ പറഞ്ഞ നാല് പാര്‍ട്ടികളുടേയും ലോകവീക്ഷണം ഏറെക്കുറെ സമാനമാണ്. വര്‍ഗ്ഗീയതയതിലധിഷ്ഠിതമാണ് അവയുടെയെല്ലാം ലോകവീക്ഷണം. മതവികാരം മാറ്റിവെച്ചാല്‍ ആ പാര്‍ട്ടികള്‍ക്കൊന്നും നിലനില്പുണ്ടാവില്ല. ലീഗിന്റേയും ജമാഅത്തിന്റേയും എസ്.ഡി.പി.ഐയുടേയും മുഖ്യമൂലധനം ഇസ്ലാംമത വികാരവും തജ്ജന്യ സങ്കുചിത സമുദായ വികാരവുമാണ്. ബി.ജെ.പിയുടേതാകട്ടെ, ഹിന്ദുമത വികാരവും തദനുബന്ധ സങ്കുചിത സംസ്‌കാര വികാരവും.
കമ്യൂണിസ്റ്റ് അഥവാ മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടരാവുകയും അത് പ്രവര്‍ത്തനമണ്ഡലത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന പാര്‍ട്ടികളില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്തവരില്‍ ചിലര്‍ കമ്യൂണിസം ഉപേക്ഷിച്ചുപോയ ചരിത്രമുണ്ട്. അക്കൂട്ടത്തില്‍ പ്രമുഖനാണ് മാനവേന്ദ്രനാഥ് റോയ് എന്ന എം.എന്‍. റോയ് (18871954). 1920ല്‍ താഷ്‌കന്റില്‍ 'കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ' രൂപവല്‍ക്കരിച്ചത് അദ്ദേഹമാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിതാവായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു പോന്നിട്ടുണ്ട്. പക്ഷേ, അദ്ദേഹം രണ്ടാംലോക യുദ്ധാനന്തരം കമ്യൂണിസത്തോട് വിടപറഞ്ഞു.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗപരമായ ചില ദൗര്‍ബ്ബല്യങ്ങള്‍ തിരിച്ചറിഞ്ഞ എം.എന്‍. റോയ് ഏതെങ്കിലും വര്‍ഗ്ഗീയ, മതമൗലിക പ്രസ്ഥാനത്തിലേക്ക് പോയില്ല. പകരം റാഡിക്കല്‍ ഹ്യൂമനിസത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമാവുകയാണ് അദ്ദേഹം ചെയ്തത്. ക്യാപ്പിറ്റലിസ്റ്റ് ലിബറലിസത്തിനും കമ്യൂണിസത്തിനും മദ്ധ്യേ ഒരു മൂന്നാം വഴി സാദ്ധ്യമാണെന്ന് അദ്ദേഹം കരുതി. വര്‍ഗ്ഗീയതയുടേയും മതമൗലികവാദത്തിന്റേയും മനുഷ്യത്വവിരുദ്ധ പ്രത്യയശാസ്ത്രങ്ങള്‍ അന്നു രാജ്യത്ത് ശക്തമായിരുന്നെങ്കിലും അവയെ നിസ്സന്ദേഹം നിരാകരിക്കയാണ് അദ്ദേഹം ചെയ്തത്.
വര്‍ജ്യതയുടെ മാനദണ്ഡം
തെല്ല് വ്യത്യസ്തമാണെങ്കിലും മലയാളിയായിരുന്ന കെ. ദാമോദരന്‍ (1912-1976) എന്ന മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനില്‍ വന്നുചേര്‍ന്ന മാറ്റവും ശ്രദ്ധേയമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സമുന്നത നേതാവും മഹാപണ്ഡിതനുമായിരുന്നു അദ്ദേഹം. പക്ഷേ, ആഗോളതലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ വളര്‍ന്നുവന്ന വ്യക്തിപൂജ അദ്ദേഹത്തിന് അംഗീകരിക്കാന്‍ സാധിച്ചില്ല. ജോസഫ് സ്റ്റാലിന്റെ കാലത്ത് സോവിയറ്റ് യൂണിയനില്‍ അരങ്ങേറിയ സ്വാതന്ത്ര്യ ധ്വംസനവും മനുഷ്യക്കുരുതികളും മാര്‍ക്‌സിസ്റ്റ് മൂല്യങ്ങള്‍ക്ക് ഒട്ടും നിരക്കാത്തതാണെന്ന് ദാമോദരന്‍ തുറന്നു പറഞ്ഞു. സ്റ്റാലിനിസ്റ്റ് കമ്യൂണിസം കമ്യൂണിസമേയല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. പക്ഷേ, ഒന്നുണ്ട്. ഭാരതീയ ദര്‍ശനത്തിലടങ്ങിയ ആത്മീയതയോടൊപ്പം അതിലടങ്ങിയ അനാത്മീയത (ഭൗതികത) കൂടി അനാവരണം ചെയ്യുന്ന 'ഭാരതീയ ചിന്ത' എന്ന പ്രഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയായ ദാമോദരന്‍ കമ്യൂണിസം പാടേ ഉപേക്ഷിച്ചുപോവുകയോ വര്‍ഗ്ഗീയതയുടെ നെറികെട്ട പാത സ്വീകരിക്കുകയോ ചെയ്തില്ല.
എം.എന്‍. റോയിയും കെ. ദാമോദരനുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ കെ.എന്‍.എ. ഖാദര്‍ തുലോം നിസ്സാരനാണ്. പക്ഷേ, 17 വര്‍ഷക്കാലം കമ്യൂണിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച, അഡ്വക്കേറ്റ് കൂടിയായ രാഷ്ട്രീയക്കാരനാണ് അദ്ദേഹം. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെ സി.പി.ഐയിലെത്തിയ ഖാദര്‍ ആ പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. മാത്രവുമല്ല, മാര്‍ക്‌സിസത്തെക്കുറിച്ചും മറ്റു ചിന്താധാരകളെക്കുറിച്ചും നന്നായി പഠിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തുകയും ചെയ്തു. 1987-ല്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് വിടചൊല്ലി. എന്നിട്ട് അദ്ദേഹം നടകൊണ്ടത് ഏതെങ്കിലും മതേതര പാര്‍ട്ടിയിലേക്കായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. മതവര്‍ഗ്ഗീയതയില്‍ അഭിരമിക്കുന്ന മുസ്ലിം ലീഗിനെയാണ് അദ്ദേഹം പരിരംഭണം ചെയ്തത്. അങ്ങനെ കമ്യൂണിസ്റ്റ് ഖാദര്‍ ലീഗ് ഖാദറായി ഒരു പരമവിചിത്രരൂപ പരിണാമം!
പരിണാമത്തിലെ ഈ വൈചിത്ര്യം തന്നെയാണ് ഇപ്പോള്‍ ഖാദറെ ഒരു വിവാദച്ചുഴിയില്‍ പെടുത്തിയത്. ആര്‍.എസ്.എസ് ബന്ധമുള്ള കേസരി മാധ്യമ പഠനഗവേഷണ കേന്ദ്രം കോഴിക്കോട്ട് സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ പ്രസംഗകനായി ഖാദര്‍ പങ്കെടുത്തിരുന്നു. ലീഗ് വര്‍ജ്ജ്യമായി കരുതുന്ന ഒരു സംഘടനയുടെ പരിപാടിയില്‍ അദ്ദേഹം ഭാഗഭാക്കായത് മഹാപരാധമാണെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുസ്ലിം ലീഗുകാര്‍ക്ക് വര്‍ജ്ജ്യമായ സംഘടനകള്‍ (പാര്‍ട്ടികള്‍) ഏതെല്ലാമാണെന്ന് ആ പാര്‍ട്ടി ഏതെങ്കിലും രേഖയിലൂടെ വ്യക്തമാക്കിയതായി കണ്ടിട്ടില്ല. ആര്‍.എസ്.എസ് പശ്ചാത്തലമുള്ള ചില ബി.ജെ.പിക്കാരെയെങ്കിലും തങ്ങളുടെ സമ്മേളനത്തിലേക്ക് പ്രഭാഷകരായി ലീഗ് ക്ഷണിച്ചുപോന്നത് കണ്ടിട്ടുമുണ്ട്.
കാര്യങ്ങള്‍ ഇമ്മട്ടിലിരിക്കെ സംഘടനകളുടെ വര്‍ജ്ജ്യതയുടെ (അസ്പൃശ്യതയുടെ) മാനദണ്ഡമെന്താണ് എന്ന ചോദ്യം പ്രസക്തി കൈവരിക്കുന്നു. സംഘടനകളുടെ 'ഫാഷിസ്റ്റ് സ്വഭാവ'മാണോ മാനദണ്ഡം? ആണെങ്കില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ ഫാഷിസ്റ്റ് സ്വഭാവമുള്ളവ ഭൂരിപക്ഷ സമുദായത്തിലും ന്യൂനപക്ഷ സമുദായത്തിലുമുണ്ട്. ലീഗിലെ ഡോ. എം.കെ. മുനീറിന് അറിയാത്തതല്ല അക്കാര്യം. ഫാഷിസ്റ്റ് ഐഡിയോളജി പിന്തുടരുന്ന സംഘടനകളായി പൊതുവെ കണക്കാക്കപ്പെടുന്നത് ഹിന്ദുത്വവാദ സംഘടനകളും ഇസ്ലാമിസവാദ സംഘടനകളുമാണ്. വേറെ വാക്കുകളില്‍ പറഞ്ഞാല്‍ പൊളിറ്റിക്കല്‍ ഹിന്ദുയിസത്തേയും പൊളിറ്റിക്കല്‍ ഇസ്ലാമിനേയും പ്രതിനിധാനം ചെയ്യുന്ന സംഘടനകളത്രെ ഫാഷിസ്റ്റ് പ്രവണതയുള്ള സംഘടനകള്‍. അധികാരം കൈവരുമ്പോള്‍ അവയോരോന്നും തങ്ങളുടെ ഫാഷിസ്റ്റ് സ്വഭാവം മറയില്ലാതെ പുറത്തെടുക്കും.
ഫാഷിസ്റ്റ് ഐഡിയോളജിയുടെ പേരിലാണ് ആര്‍.എസ്.എസ് ലീഗിന് വര്‍ജ്ജ്യമായിത്തീരുന്നതെങ്കില്‍ ഫാഷിസ്റ്റ് ഐഡിയോളജി പിന്തുടരുന്ന ഇസ്ലാമിസ്റ്റ് സംഘടനകളെ ലീഗിന് വര്‍ജ്ജ്യമാകേണ്ടതല്ലേ? അത്തരം ഇസ്ലാമിസ്റ്റ് സംഘടനകളും അകറ്റി നിര്‍ത്തണമെന്ന് മുനീറിനേയും കെ.എം. ഷാജിയേയും പോലുള്ള നേതാക്കള്‍ പലപ്പോഴും പ്രസംഗച്ചിട്ടുണ്ടെങ്കിലും ലീഗ് എന്ന പാര്‍ട്ടി ഇന്നേവരെ അങ്ങനെ ചെയ്തിട്ടില്ല. മാത്രമല്ല, ലീഗുള്‍പ്പെടെ പല മുസ്ലിം രാഷ്ട്രീയ, മതസംഘടനകളും ഇസ്ലാമിസ്റ്റ് ഗണത്തില്‍പ്പെട്ടവരെ സ്വവേദികളിലേക്ക് ക്ഷണിക്കുകയോ അവരുടെ വേദികളിലേക്ക് അങ്ങോട്ട് പോവുകയോ ചെയ്യുന്നതും സര്‍വ്വസാധാരണമാണ്. ഏറ്റവും ഒടുവില്‍, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ നയിച്ച ജില്ലാ സംഗമങ്ങളുടെ പരിസമാപ്തി നാളില്‍ (ജൂണ്‍ 23-ന്) കോഴിക്കോട്ട് സംഘടിപ്പിച്ച സുഹൃദ് സംഗമത്തിലേക്കുപോലും അറിയപ്പെടുന്ന ഇസ്ലാമിസ്റ്റുകള്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഫാഷിസ്റ്റ് പ്രത്യയശാസ്ത്രക്കാരായ ഇസ്ലാമിസ്റ്റുകള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ സുഹൃത്തുക്കളും ഫാഷിസ്റ്റ് പ്രത്യയശാസ്ത്രക്കാരായ ഹിന്ദുത്വവാദികള്‍ മാത്രം ലീഗിന്റെ ശത്രുക്കളുമായി മാറുന്നതിന്റെ ആന്തരിക രഹസ്യമാണ് പിടികിട്ടാത്തത്. ഹിന്ദുത്വ ഫാഷിസം മാത്രം അസ്പൃശ്യവും ഇസ്ലാമോഫാഷിസം സ്പൃശ്യവുമാണെന്നാണോ?
ഏതായാലും ഖാദറിനെതിരെ വാളെടുത്തവര്‍ അദ്ദേഹം തന്റെ പ്രസംഗത്തിന്റെ അവസാന ഭാഗത്ത് ആര്‍.എസ്.എസ്സിനു കൊടുത്ത കിഴുക്ക് ശ്രദ്ധിച്ചാല്‍ കൊള്ളാം. ''കൂടെയില്ലാ പിറക്കുന്ന നേരത്തും/കൂടെയില്ലാ മരിക്കുന്ന നേരത്തും/മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്/മത്സരിക്കുന്നതെന്തിന് നാം വൃഥാ'' എന്ന പൂന്താനത്തിന്റെ പ്രസിദ്ധ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ്, ലീഗിന്റെ കുപ്പായം ഒട്ടും ചേരാത്ത ഖാദര്‍ തന്റെ പ്രസംഗം ഉപസംഹരിച്ചത്. ഹിന്ദുത്വവാദികളും ഇസ്ലാമിസ്റ്റുകളുമടക്കമുള്ള എല്ലാ ഫാഷിസ്റ്റുകള്‍ക്കും നേരെയുള്ള ചുറ്റിക പ്രയോഗമാണ് 'ജ്ഞാനപ്പാന'യിലെ ആ ശ്ലോകം.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
