നാളേയ്ക്കു വേണ്ടി

കൊവിഡിനു ശേഷം നടന്ന ഏറ്റവും വലിയ രാജ്യാന്തര ഉച്ചകോടിയായിരുന്നു COP26. കാലാവസ്ഥ വ്യതിയാനം ചര്‍ച്ച ചെയ്യുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് യോഗം
നാളേയ്ക്കു വേണ്ടി
Updated on
3 min read

'ഗ്ലാസ്‌ഗോ ഉച്ചകോടി 
പരാജയമാണെന്നത് രഹസ്യമല്ല'

ശാന്തമായൊഴുകുന്ന ക്ലൈഡ് നദിക്കരയില്‍  പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്  ഇത് പ്രഖ്യാപിക്കുമ്പോള്‍ കേള്‍വിക്കാരിലധികവും യുവതലമുറയായിരുന്നു. അവരുടെ കാലത്തെക്കുറിച്ചും  ഭൂമിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ആശങ്കകളും ആവലാതികളുമാണ് അവിടെ നിറഞ്ഞത്. കടലില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ടുവാലു എന്ന ദ്വീപുരാജ്യത്തിന്റെ വിദേശമന്ത്രി പ്രസംഗിച്ചത് മുട്ടോളം വെള്ളത്തില്‍ നിന്നാണ്.  കൊളോണിയല്‍ വാഴ്ചയുടെ പാരമ്പര്യം മറച്ച് വൃത്തിയായി, അച്ചടക്കത്തോടെ  ഒരുക്കിയ വേദിയുടെ സുരക്ഷിതത്വമല്ല, ആ പാരമ്പര്യം സൃഷ്ടിച്ച പ്രത്യാഘാതമായ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചായിരുന്നു ഗ്രെറ്റ ഉള്‍പ്പെടെയുള്ളവര്‍  ശ്രദ്ധ ക്ഷണിച്ചത്. പട്ടിണിയേയും ദുരിതത്തേയും കുറിച്ചായിരുന്നു അവര്‍ വാചാലരായത്. ഗ്ലാസ്‌ഗോയിലെ ഈ വേദിയില്‍ സുരക്ഷിതയായി ഞാനിരിക്കുമ്പോള്‍ എന്റെ രാജ്യം പട്ടിണി കിടക്കുകയാണ്. 20 ലക്ഷം പേര്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി പട്ടിണി കിടക്കുകയാണ്. നേതാക്കള്‍ ഈ കാഴ്ചകള്‍ കാണണം- മാര്‍ച്ചില്‍ പങ്കെടുത്ത കെനിയന്‍ ആക്റ്റിവിസ്റ്റ് എലിസബത്ത് വാത്ഹുതി പറഞ്ഞതിങ്ങനെ. 

കൊവിഡിനു ശേഷം നടന്ന ഏറ്റവും വലിയ രാജ്യാന്തര ഉച്ചകോടിയായിരുന്നു COP26. കാലാവസ്ഥ വ്യതിയാനം ചര്‍ച്ച ചെയ്യുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് യോഗം. ആ വേദികളിലെ പ്രഹസനനാടകങ്ങള്‍ക്കപ്പുറം ഈ കാലാവസ്ഥ ഉച്ചകോടിയുടെ പര്യവസാനം എന്തായിരുന്നു? എന്ത് മാറ്റമാണ് നാളെ മുതല്‍ ഉണ്ടാകാന്‍ പോകുക? പ്രതിജ്ഞകളാണ് കൂടുതലും നടന്നത്. 2070-ല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്നാണ്  ഇന്ത്യയുടെ പ്രഖ്യാപനം. 2030-നകം ഇന്ത്യയില്‍ 50 ശതമാനം പുനരുപയോഗ ഊര്‍ജ്ജമാക്കുകയാണ് ലക്ഷ്യമെന്നാണ് പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം. കാര്‍ബണ്‍ ഡൈഓക്സൈഡ് മാത്രം നെറ്റ് സീറോയിലെത്തിക്കാനും മറ്റു ഹരിതവാതകങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കാനുമാണ് ഇന്ത്യയുടെ ശ്രമമെന്നാണ് പലരും സംശയിക്കുന്നത്.  ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉല്പാദകരായ സൗദി അറേബ്യയും റഷ്യയും നടത്തിയ പാഴ്വാഗ്ദാനങ്ങളെ വച്ചുനോക്കുമ്പോള്‍ അത്രയും ആശ്വാസം. 

2050-ല്‍ നെറ്റ് സീറോ എമിഷന്‍ എന്ന പുതിയ ലക്ഷ്യമാണ് വികസിത രാജ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. താപനില വര്‍ദ്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഹരിതഗൃഹ വാതകമായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്നതിന്റേയും തിരിച്ച് അന്തരീക്ഷത്തില്‍നിന്ന് മാറ്റുന്നതിന്റേയും തോത് സമമാക്കുക എന്നതാണ് നെറ്റ് സീറോ എന്ന ഈ ആശയം. പുറന്തള്ളല്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുന്നത് വഴി ഭൗമതാപനത്തിന്റെ വര്‍ദ്ധന ഒഴിവാക്കാം. എന്നാല്‍, ഈ നിര്‍ദ്ദേശത്തെ ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ എതിര്‍ക്കുന്നു. കഴിഞ്ഞ ഒന്നര ശതാബ്ദമായി പല രാജ്യങ്ങളും വന്‍തോതില്‍ മലിനീകരണമുണ്ടാക്കി. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ ഊര്‍ജ്ജ ഉപഭോഗം നടത്തുന്ന ഘട്ടത്തിലാണ് എന്നാണ് വാദം. അതായത് നിങ്ങള്‍ നിങ്ങളുടെ വിഹിതം പുറംതള്ളിക്കഴിഞ്ഞു. ഇനി ഞങ്ങളുടെ ഊഴമാണ്. ഞങ്ങളും അത്രയും പുറന്തള്ളട്ടെ എന്നതാണ് നിലപാട്. ഇപ്പൊ ഉച്ചകോടി നടക്കുന്ന സ്‌കോട്ട്ലന്‍ഡ് പോലും പത്തൊന്‍പതാം നൂറ്റാണ്ടില്‍ കൊളോണിയല്‍ സാമ്രാജ്യത്തിന്റെ വ്യാവസായിക ശക്തികേന്ദ്രമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ വടക്കന്‍ കടലിലെ എണ്ണനിക്ഷേപത്തിന്റെ കണ്ടുപിടുത്തത്തോടെയാണ് സ്‌കോട്ടിഷ് സമ്പദ്വ്യവസ്ഥയില്‍ വീണ്ടും മാറ്റമുണ്ടാകുന്നത്.
 
വനനശീകരണത്തിന്റെ  കാര്യത്തിലാണ് മറ്റൊരു നിര്‍ണ്ണായക തീരുമാനം. ഒരു മിനിട്ടില്‍ 30 ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വിസ്തൃതിയില്‍ വനം നശിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. 2030-ഓടെ വനനശീകരണം അവസാനിപ്പിക്കുമെന്ന് നൂറിലധികം രാജ്യങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്. ലോകത്തിലെ വനങ്ങളുടെ 85 ശതമാനം ഉള്‍ക്കൊള്ളുന്ന ബ്രസീല്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങളും കരാറൊപ്പിട്ടിട്ടുണ്ട്. ഇതാദ്യമല്ല ഇത്തരമൊരു കരാര്‍. 2014-ല്‍ 2020-ഓടെ വനനശീകരണം പകുതിയായി കുറയ്ക്കാനും 2030-ഓടെ പൂര്‍ണ്ണമായും അവസാനിപ്പിക്കാനും കരാറിലെത്തിയിരുന്നു. എന്നാല്‍, വനനശീകരണം കൂടുതല്‍ വ്യാപകമാകുകയാണു ചെയ്തത്. ഇപ്പോഴത്തെ നീക്കത്തിന് കൂടുതല്‍ ഫണ്ടിങ്ങ് ഉണ്ടെന്നത് മാത്രമാണ് മെച്ചം. 

വനനശീകരണവും മീഥേന്‍ തള്ളലും

2030-ഓടെ ആഗോളതലത്തില്‍ ഒന്‍പതു ബില്യണ്‍ ഡോളര്‍ വരെ നല്‍കുമെന്ന് പ്രസിഡന്റ് ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു. 2025-ഓടെ 12 ബില്യണ്‍ ഡോളര്‍ നല്‍കും. പുറമേ, 1.7 ബില്യണ്‍ ഡോളര്‍ ഉള്‍പ്പെടെ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ വനങ്ങള്‍ സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനും സ്വകാര്യ കമ്പനികള്‍ 7 ബില്യണ്‍ ഡോളര്‍ ബ്രിട്ടന്‍ വാഗ്ദാനം ചെയ്തു. വനനശീകരണത്തിന് ഉത്തരവാദികളായ കമ്പനികളില്‍ നിക്ഷേപം നിര്‍ത്താനും നീക്കമുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കോപ്പന്‍ഹേഗന്‍ സമ്മേളനത്തില്‍ കാലാവസ്ഥ സംരക്ഷണത്തിനായി 10,000 കോടി ഡോളര്‍ മാറ്റിവയ്ക്കാമെന്ന് ഇതേപോലെ പ്രതിജ്ഞ ചെയ്തിരുന്നു. കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കാനുള്ള  കാര്യങ്ങള്‍ക്ക് ഈ പണം ഉപയോഗിക്കാം എന്നായിരുന്നു വാഗ്ദാനം. എന്നാല്‍, പറഞ്ഞതുപോലെ 10,000 കോടി ഡോളര്‍ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. മറ്റുചില ഉടമ്പടികളുടെ ഭാഗമായി നേരത്തേ നിശ്ചയിച്ച പദ്ധതികള്‍ക്കു നല്‍കുന്ന തുകയെ ഇതില്‍നിന്നു തട്ടിക്കിഴിക്കാനാണു ശ്രമം. സ്വകാര്യ, വാണിജ്യ നിക്ഷേപം പോലും ഇതിന്റെ ഭാഗമാക്കാനും ശ്രമിച്ചിരുന്നു. 

ആമസോണ്‍ മഴക്കാടുകളുടെ 60 ശതമാനവും ബ്രസീലിലാണ്. ആദ്യം വികസനം പരിസ്ഥിതി പിന്നീട് എന്നാണ് ജയ്ര് ബൊല്‍സൊനാരോയുടെ നിലപാട്. എന്നാല്‍, ബ്രസീല്‍ ഭരണകൂടം വനനശീകരണം തടയാന്‍ യാതൊരു നടപടിയുമെടുക്കുന്നില്ലെന്നു മാത്രമല്ല, പരിസ്ഥിതി നാശമുണ്ടാക്കുന്ന പദ്ധതികള്‍ കൊണ്ടുവരികയുമാണ്. ആമസോണ്‍ വനങ്ങളില്‍ കാട്ടുതീ പടര്‍ന്നപ്പോള്‍ നിസ്സംഗതയോടെയാണ് ബ്രസീല്‍ സര്‍ക്കാര്‍ നിന്നത്. രാജ്യാന്തര സമ്മര്‍ദ്ദം ശക്തമായതോടെയാണ് ആ നിലപാടില്‍നിന്ന് കുറച്ചെങ്കിലും മാറാന്‍ തയ്യാറായത്. ആമസോണിനു നാശമുണ്ടായാല്‍ വ്യാപാര ഉപരോധമടക്കമുള്ള നടപടികളുണ്ടാകുമെന്ന് വ്യക്തമായതോടെയാണ് ബ്രസീല്‍ സൈന്യം തീയണയ്ക്കാനിറങ്ങിയത്. ആ സമയത്ത് ഫ്രാന്‍സില്‍ ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കള്‍ ഈ നിലപാട് തുടരുകയും ചെയ്തു. 2018-നെ അപേക്ഷിച്ച്  കാട്ടുതീ സംഭവങ്ങളില്‍ 84 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതില്‍ ഭൂരിപക്ഷവും മനുഷ്യനിര്‍മ്മിതമായിരുന്നു. കാലികള്‍ക്കുള്ള മേച്ചില്‍ സ്ഥലങ്ങളുടെ വിപുലീകരണം, പാര്‍പ്പിട നഗരവല്‍ക്കരണത്തിനായി ഭൂമി കയ്യേറ്റം, മരം മുറിക്കല്‍, എണ്ണപ്പനപോലെ വാണിജ്യ സസ്യങ്ങളുടെ കൃഷി തുടങ്ങിയവയാണ് പ്രധാനമായും വനം കയ്യേറാനുള്ള കാരണങ്ങള്‍. മറുവശത്ത്  ഒന്നര ജിഗാ ടണ്‍ കാര്‍ബണ്‍ ആഗിരണം ചെയ്ത് ലോകത്തെ ഭൗമതാപനത്തില്‍നിന്നും കാലാവസ്ഥാ മാറ്റത്തില്‍നിന്നും രക്ഷിക്കുന്നവയാണ് ഈ മഴക്കാടുകള്‍. ഒപ്പം ലോകത്തിന്റെ അഞ്ചിലൊന്നോളം പ്രാണവായുവിന്റേയും ശുദ്ധജലത്തിന്റേയും സ്രോതസ്സും. അതായത് രാജ്യാന്തര സമ്മര്‍ദ്ദമില്ലെങ്കില്‍ പഴയ നിലപാട് തന്നെ ബ്രസീല്‍ തുടരാനാണ് സാധ്യത. വനനശീകരണം തടയാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിക്ക് കൃത്യമായ ഏകോപനമില്ലെങ്കില്‍ അത് പ്രയോജനകരമാകില്ല. 

ഭൗമതാപനത്തിന് കാരണമാകുന്ന മറ്റൊരു ഹരിതഗൃഹ വാതകമായ മീഥേന്റെ പുറന്തള്ളല്‍ 2030 ആകുമ്പോള്‍ 30 ശതമാനം ആക്കി കുറയ്ക്കണമെന്നതാണു ഒരു തീരുമാനം. 90 രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. ലോകത്ത് ഏറ്റവുമധികം മീഥേന്‍ പുറംതള്ളുന്ന രാജ്യങ്ങളില്‍ പകുതിയും അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമുണ്ട്. ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്താന്‍, നൈജീരിയ എന്നീ രാജ്യങ്ങളാണ് കരാറൊപ്പിട്ടത്. എന്നാല്‍, ഇന്ത്യയും ചൈനയും ഇതില്‍ ഒപ്പിട്ടിട്ടില്ല.  കൃഷിയുടേയും ഫോസ്സില്‍ ഇന്ധനങ്ങളുടേയും ഉല്പാദനപ്രക്രിയയില്‍ മീഥേന്‍ ഉണ്ടാകുന്നു. ഇന്ത്യയുടെ സമ്പദ്ഘടന കാര്‍ഷിക അടിത്തറയുള്ളതാണ്. കല്‍ക്കരി ഉള്‍പ്പെടെ ഫോസ്സില്‍ ഇന്ധനങ്ങള്‍ ഒഴിവാക്കുന്നത്  വികസനത്തിനു യോജിക്കുന്നതല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്പാദനം പൂര്‍ണ്ണമായി അവസാനിപ്പിക്കുമെന്ന് 46 രാജ്യങ്ങള്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇതില്‍ 23 രാജ്യങ്ങള്‍ ഇതാദ്യമാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്. എന്നാല്‍, ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ ഈ കരാര്‍ ഒപ്പിട്ടില്ല. രാജ്യത്തിനകത്തും പുറത്തും കല്‍ക്കരി ഉപയോഗിച്ചുള്ള പുതിയ വൈദ്യുത പദ്ധതികള്‍ക്ക് മുതല്‍ മുടക്കില്ലെന്ന് കാനഡ, ഉക്രൈന്‍, ചിലി, പോളണ്ട്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ ഉറപ്പുനല്‍കി. വികസിത രാജ്യങ്ങള്‍ 2030-ഓടെയും വികസ്വര രാജ്യങ്ങള്‍ 2040-ഓടെയും കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുത ഉല്പാദനം അവസാനിപ്പിക്കും. കാര്‍ബണ്‍ ബഹിര്‍ഗമനത്തിനു പ്രധാന കാരണങ്ങളിലൊന്നായ  കല്‍ക്കരി ഉല്പാദനം  കുറയ്ക്കുന്നത് ഭൗമതാപനം തടയുന്നതല്‍ സുപ്രധാന ചുവടുവയ്പ്പാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com