1991 ഡിസംബറില്‍ തിരുവനന്തപുരത്ത്, എ.കെ.ജി സെന്റര്‍ പൊലീസ് വെടിവയ്പ് എന്നറിയപ്പെടുന്ന സംഭവമുണ്ടായപ്പോള്‍ ആലപ്പുഴ എസ്.പിയായിരുന്ന ഞാന്‍ ഞെട്ടി; കുടുംബസമേതം. Work-life balance എന്ന് മാനേജ്‌മെന്റ് വിദഗ്ദ്ധര്‍ വിളിക്കുന്ന 'സിദ്ധാന്ത'മുണ്ട്. അതായത് ഔദ്യോഗിക ജോലിയും കുടുംബജീവിതവും തമ്മില്‍ സന്തുലനം വേണം. ഈ സന്തുലനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി മാന്നാറിലുള്ള അലിന്‍ഡിന്റെ ഗസ്റ്റ്ഹൗസില്‍ പോയി ഞായറാഴ്ച കുടുംബസമേതം അവിടെ തങ്ങാന്‍ പദ്ധതി ഇട്ടിരുന്നു. എസ്.പിയായി ഏതാണ്ട് 6 മാസം കഴിഞ്ഞുള്ള മാന്നാര്‍ പരിപാടി ഞങ്ങളുടെ സ്വപ്നം തന്നെയായിരുന്നു. ആ കൊച്ചു സ്വപ്നവും പൊലിഞ്ഞു; ഈ വെടിവയ്‌പോടെ. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തുനിന്ന് ഐ.ജി ജോസഫ് തോമസ് സാറിന്റെ ഫോണ്‍. ''സി.എം എറണാകുളത്താണ്. വൈകുന്നേരത്തോടെ തിരുവനന്തപുരത്തിന് തിരിക്കും; റോഡില്‍ ശ്രദ്ധിക്കണം.'' സി.എം എന്നാല്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍. അങ്ങനെ ഞാന്‍ സഹപ്രവര്‍ത്തകരോടൊപ്പം റോഡിലിറങ്ങി.
പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെന്ന നിലയില്‍ പുന്നപ്രയും വയലാറും എല്ലാമടങ്ങുന്ന ആലപ്പുഴയില്‍ പ്രതിഷേധക്കാരുടെ തീവ്രമായ പ്രകടനം പ്രതീക്ഷിക്കണമല്ലോ; നടപ്പുരീതിയനുസരിച്ച്. പൊലീസിന് അതൊരു വെല്ലുവിളിയായിരുന്നു. നാഷണല്‍ ഹൈവേയിലുടനീളം കനത്ത പൊലീസ് പട്രോളിംഗ് ഉണ്ടായിരുന്നു. പലേടത്തും പൊലീസിനു നേരെ കല്ലേറുണ്ടായി. മുഖ്യമന്ത്രിയുടെ വാഹനം പല ജംഗ്ഷനുകളും കഷ്ടിച്ചാണ് കടന്നുപോയത്. പ്രതിഷേധ പ്രകടനക്കാരെ എങ്ങനെയെങ്കിലും നീക്കി തടസ്സമില്ലാതാക്കിയ ഉടന്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയി. ഹരിപ്പാടിനടുത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കഷ്ടിച്ച് പ്രതിഷേധക്കാരെ ഒഴിവാക്കി കടന്നുപോകുമ്പോള്‍ ഞാനും അവിടെയെത്തിയിരുന്നു. ഭാഗ്യംകൊണ്ടാണ് കടുത്ത അനിഷ്ടസംഭവങ്ങള്‍ അന്നൊഴിവായത്. പലേടത്തും പൊലീസിനു നേരെ കല്ലേറും അക്രമവുമൊക്കെയുണ്ടായെങ്കിലും മുഖ്യമന്ത്രി സുരക്ഷിതനായി അതിര്‍ത്തി കടന്നു. തല്‍ക്കാലം ഞാനും സുരക്ഷിതനായി.
അന്നും തൊട്ടടുത്ത ദിവസങ്ങളും സംഭവബഹുലമായിരുന്നു; കേരളത്തിലുടനീളം. തലസ്ഥാനത്തെ പൊലീസ് നടപടിക്കെതിരായ പ്രതിഷേധം ആലപ്പുഴയിലും വളരെ ശക്തമായിരുന്നു. അത് പൊതുജീവിതത്തെ കാര്യമായി ബാധിച്ചു. പ്രതിഷേധത്തിന്റെ മുഖ്യസ്വഭാവം പ്രകടനങ്ങളായിരുന്നു. പല പ്രകടനങ്ങളും അക്രമാസക്തമായിരുന്നു. അക്രമത്തിന്റെ ലക്ഷ്യം സര്‍ക്കാര്‍ വാഹനങ്ങളും സ്ഥാപനങ്ങളുമായിരുന്നു. പൊലീസ് നടപടിക്കെതിരായ പ്രതിഷേധം എന്ന നിലയിലായിരിക്കണം പൊലീസിനു നേരെയും വലിയ തോതില്‍ പലേടത്തും കല്ലേറുണ്ടായി. ആലപ്പുഴ ടൗണിലും പരിസരത്തും പ്രശ്‌നം രൂക്ഷമായപ്പോള്‍ ഒരു ജീപ്പില്‍ ഞാനും കൂടി കുറെ പൊലീസുകാരുമായി റോഡിലിറങ്ങി. സംഘടിതമായ വലിയ ജാഥകള്‍ക്കു പുറമേ ചില ചെറുഗ്രൂപ്പുകളും അവിടവിടെ അവസരം നോക്കി കല്ലേറു നടത്തുന്നുണ്ടായിരുന്നു. എന്റെ ജീപ്പ് ശവക്കോട്ട പാലം കടക്കുമ്പോള്‍ അത്തരമൊരു ചെറുസംഘം കനാലിന്റെ വടക്കേകരയിലുള്ള റോഡിലൂടെ പടിഞ്ഞാറു ഭാഗത്തേയ്ക്ക് നീങ്ങി. കൂട്ടത്തില്‍ കല്ലേറും നടത്തുന്നുണ്ടായിരുന്നു. എന്റെ ഡ്രൈവര്‍ ജീപ്പ് നിര്‍ത്തിയത് പാലം കഴിഞ്ഞ ഉടന്‍ കിഴക്ക് പടിഞ്ഞാറുള്ള ചെറിയ റോഡിനു കുറുകെയാണ്. ഡ്രൈവര്‍ വെപ്രാളത്തില്‍ നിര്‍ത്തിയതാണ്. ഒരു മറയുമില്ലാത്തവിധം ഏറിന്റെ ദിശയില്‍ത്തന്നെയായിരുന്നു ജീപ്പ് നിര്‍ത്തിയത്. ജീപ്പിന്റെ മുന്‍പില്‍ ഇടതുവശത്തിരുന്ന ഞാന്‍ കല്ലേറുകാര്‍ക്ക് ഒരു നല്ല ഇരയാകേണ്ടതായിരുന്നു; പക്ഷേ, എന്റെ ഭാഗ്യം വലുതായിരുന്നു. ദേഹത്ത് ഏറ് കൊണ്ടില്ല. കൂട്ടത്തിലുണ്ടായിരുന്ന പൊലീസുകാരന്‍ വിദ്യാധരനു കിട്ടി, തലയ്ക്ക് മുറിവേറ്റു. കൂട്ടത്തില്‍ പറയട്ടെ, അക്കാലത്ത് പൊലീസിനു സ്വയം സംരക്ഷണത്തിനുള്ള ഹെല്‍മറ്റ്, ഷീല്‍ഡ്, ബോഡി പ്രൊട്ടക്ടര്‍ തുടങ്ങിയവ വളരെ കുറവായിരുന്നു. അതുപോലെതന്നെ ആള്‍ക്കൂട്ടത്തെ ബലം പ്രയോഗിച്ച് പിരിച്ചുവിടാനുള്ള ജലപീരങ്കി, റബ്ബര്‍ ബുള്ളറ്റ്, പ്ലാസ്റ്റിക്ക് പെല്ലറ്റ് തുടങ്ങിയ മനുഷ്യശരീരത്തിന് അധികം മുറിവേല്പിക്കാത്ത സംവിധാനങ്ങളും ദുര്‍ല്ലഭമായിരുന്നു. ചുരുക്കത്തില്‍ അന്നത്തെ പൊലീസിനും സമരക്കാര്‍ക്കും ഒരുപോലെ ദുഷ്‌കരമായിരുന്നു അവരുടെ 'കര്‍ത്തവ്യ' നിര്‍വ്വഹണം. ഇങ്ങനെയുള്ള കുറെ അവസ്ഥകളും രണ്ടു ഭാഗത്തും പരുക്കന്‍ സ്വഭാവം വളര്‍ത്തുന്നതിലേയ്ക്ക് നയിച്ചിട്ടുണ്ടോ? സാമൂഹ്യ ശാസ്ത്രജ്ഞര്‍ പഠിക്കേണ്ട വിഷയമാണ്.
പാവപ്പെട്ടവരുടെ ഗൗരി അമ്മ
പൊലീസിനെതിരെ അക്രമണോത്സുകതയോടെയാണ് സമരത്തിലുടനീളം പ്രതിഷേധക്കാര്‍ നീങ്ങിയത്. വ്യക്തമായ ആസൂത്രണമോ നിര്‍ദ്ദേശമോ അതിന്റെ പിന്നിലുണ്ടായിരുന്നിരിക്കണം. അതെന്തായാലും ആലപ്പുഴ ടൗണിലെ പൊലീസുദ്യോഗസ്ഥര്‍ സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. സാധാരണയായി, പ്രതിഷേധം ഒറ്റപ്പെട്ട കല്ലേറിലേയ്‌ക്കോ ചെറിയ അക്രമത്തിലേയ്‌ക്കോ വഴിതെറ്റിയാല്‍ പൊലീസ് കഴിയുന്നത്ര സംയമനം പാലിച്ച് ബലപ്രയോഗം ഒഴിവാക്കാന്‍ ശ്രമിക്കും. അത് പലപ്പോഴും വിജയിക്കാറുണ്ട്. എന്നാല്‍, നിരന്തരം അക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നിടത്ത് പൊലീസ് നടപടി സ്വീകരിക്കാതിരുന്നാല്‍ അതിന്റെ പേര് സംയമനം എന്നല്ല, നിഷ്‌ക്രിയത്വം എന്നാണ്. പൊലീസ് നിഷ്‌ക്രിയത്വം അക്രമികള്‍ക്കു പ്രോത്സാഹനമാകും. അതു് ഗുരുതരമായ സമാധാനലംഘനത്തിലേക്കു നയിക്കുകയും ചെയ്യും. ആലപ്പുഴയില്‍ അതുണ്ടായില്ല. ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സി. സോമന്‍, സംഘര്‍ഷ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ നല്ല പ്രാഗത്ഭ്യമാണ് കാണിച്ചത്. പൊലീസ് സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. അക്രമം പരിധിവിട്ടപ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു, പലേടത്തും ജാഥ അക്രമമായപ്പോള്‍ ബലമായി പിരിച്ചുവിടേണ്ടിവന്നു. അങ്ങനെ പിരിഞ്ഞുപോകുന്നവര്‍ വീണ്ടും ചെറുഗ്രൂപ്പുകളായി സംഘടിച്ച് തിരികെ വരുന്നത് അപകടകരമാണ്. അങ്ങനെയാകുമ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണം വിടുകയും വലിയ ബലപ്രയോഗത്തിലും വെടിവെയ്പിലുമൊക്കെ കലാശിക്കുകയും ചെയ്യാം. ആലപ്പുഴയില്‍ അതുണ്ടായില്ല. അവിടെ ശക്തമായ പ്രതിഷേധ ജാഥകളും കല്ലേറും അക്രമവും ലാത്തിച്ചാര്‍ജും ഒക്കെ ഉണ്ടായെങ്കിലും മുഴുവന്‍ സാഹചര്യവും പൊലീസിന്റെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു.
അക്രമമെല്ലാം ഏതാണ്ട് അവസാനിച്ചു വരുന്നുവെന്ന പ്രതീതി ഉണ്ടായപ്പോള്‍ അവിടുത്തെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി എന്നെ ഫോണില്‍ വിളിച്ചു. പൊലീസ്, ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറാന്‍ പദ്ധതിയിടുകയാണെന്നും വലിയ സംഘം പൊലീസ് ഓഫീസ് പരിസരത്ത് തടിച്ചുകൂടുകയാണെന്നും പറഞ്ഞു. അവിടെനിന്ന് അക്രമമൊന്നും ഉണ്ടായില്ലെങ്കില്‍ പൊലീസ് പാര്‍ട്ടി ഓഫീസില്‍ കയറില്ലെന്ന് ഞാന്‍ പറഞ്ഞു. പാര്‍ട്ടി ഓഫീസില്‍നിന്ന് ഒരക്രമവും ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഇക്കാര്യത്തില്‍ എസ്.പി അടിയന്തരമായി നേരിട്ടിടപെടണമെന്ന് വീണ്ടും അഭ്യര്‍ത്ഥിച്ചു. വേണ്ടത് ചെയ്യാമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഇത്തരം വലിയ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മുഴുവന്‍ സംഭവങ്ങളും വയര്‍ലസ്സിലൂടെ തുടര്‍ച്ചയായി ശ്രദ്ധിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. പ്രശ്‌നബാധിത മേഖലയില്‍നിന്നുള്ള സംഭാഷണം ശ്രദ്ധിക്കുമ്പോള്‍ അതിലൂടെ പറയുന്ന വാക്കുകള്‍ക്കപ്പുറം ആ സാഹചര്യത്തിന്റെ ഗൗരവവും തീവ്രതയും കുറേക്കൂടി മനസ്സിലാകും.
അതില്‍നിന്നും സി.പി.എം ജില്ലാ ഓഫീസ് പരിസരത്ത് വലിയൊരു സംഘര്‍ഷം നിലനില്‍ക്കുന്നതായി തോന്നിയില്ല. എങ്കിലും ഞാനുടനെ അങ്ങോട്ടുപോയി. തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ പൊലീസ് അതിക്രമം എന്ന ആരോപണത്തിന്റെ പ്രതിഷേധമാണല്ലോ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതിനിടെ ആലപ്പുഴയില്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊലീസ് അതിക്രമം എന്നൊരു ആക്ഷേപത്തിന് ഇടകൊടുക്കരുതെന്ന് മനസ്സിലുണ്ടായിരുന്നു. അവിടെ എത്തുമ്പോള്‍ കുറേയേറെ പൊലീസ് വാഹനങ്ങള്‍ ആ പരിസരത്തുണ്ടായിരുന്നു. അപ്പോള്‍ അവിടെ അക്രമമൊന്നും നടക്കുന്നുണ്ടായിരുന്നില്ല. പൊതുവേ സ്ഥിതി ശാന്തമായിരുന്നു. എന്നാല്‍, നേരത്തെ അവിടെനിന്ന് കല്ലേറുണ്ടായിരുന്നതായി ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവിടെയുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരെല്ലാം തന്നെ നഗരത്തിന്റെ പല ഭാഗങ്ങളില്‍ മണിക്കൂറുകളോളം വലിയ സംഘര്‍ഷം നേരിട്ടവരാണ്. അപ്പോഴത്തെ സാഹചര്യത്തില്‍ വലിയൊരു പൊലീസ് സന്നാഹം പാര്‍ട്ടി ഓഫീസ് പരിസരത്ത് ആവശ്യമില്ലായിരുന്നു. മാത്രവുമല്ല, വലിയ പൊലീസ് സാന്നിധ്യം തന്നെ പലവിധ സംശയങ്ങള്‍ക്കും ഇടനല്‍കാം. അത് തെറ്റിദ്ധാരണകളിലേക്കും അപ്രതീക്ഷിത സംഭവവികാസങ്ങളിലേക്കും നയിക്കാം. സംഘര്‍ഷമേഖലകളില്‍ അങ്ങനെ പല അനുഭവങ്ങളും ഉണ്ടായത് ധാരാളം കേട്ടിട്ടുണ്ട്. അതുകൊണ്ട് സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് സംസാരിച്ച് അവിടെ സാധാരണപോലുള്ള പട്രോളിങ്ങിന് ഏര്‍പ്പാട് ചെയ്തു. അതിനപ്പുറമുള്ള സേനാംഗങ്ങളെ അവിടെനിന്ന് പിന്‍വലിച്ച് മറ്റ് സ്ഥലങ്ങളിലേയ്ക്കയച്ചു. എന്നാല്‍, ചില വലിയ ബസുകളും മറ്റും അവിടെനിന്നു നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടായി. കാരണം, പല പൊലീസ് വാഹനങ്ങളുടേയും ടയര്‍ കേടായിരുന്നു. പ്രതിഷേധ സമരക്കാര്‍ പലേടത്തും റോഡില്‍ അള്ള് വെച്ചിരുന്നു. അള്ള് എന്നാല്‍ എങ്ങനെ ഇട്ടാലും ഒരു കൂര്‍ത്ത കമ്പി മുകളിലോട്ടിരിക്കുന്ന സാമഗ്രിയാണ്. നമ്മുടെ നശീകരണ വൈദഗ്ദ്ധ്യം അപാരം തന്നെ. പ്രതിഷേധക്കാരുടെ മുന്നൊരുക്കം വളരെ വലുതായിരുന്നു. അള്ള് കയറിയ വാഹനങ്ങള്‍, ടയര്‍ കീറി അവിടവിടെ കിടക്കുന്നുണ്ടായിരുന്നു. അതെല്ലാം അവിടെനിന്നു മാറ്റി. ഏതായാലും പാര്‍ട്ടി ഓഫീസിലും പരിസരത്തും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായില്ല.
എന്നാല്‍, ഒരു പൊലീസ് നടപടി ഒഴിവാക്കേണ്ടതും അനാവശ്യവുമായിരുന്നുവെന്ന് എനിക്കു തോന്നി. അതുണ്ടായത് ആലപ്പുഴ ടൗണില്‍ത്തന്നെ ആയിരുന്നു. പ്രകടനങ്ങളും പൊലീസ് നടപടികളും നിരീക്ഷിക്കുന്നതിനും ചിത്രങ്ങളെടുക്കുന്നതിനും ധാരാളം മാധ്യമപ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു. അക്കൂട്ടത്തില്‍ കേരളകൗമുദിയുടെ ഫോട്ടോഗ്രാഫര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റു എന്ന പരാതിയുണ്ടായി. അന്ന് വൈകുന്നേരം പത്രപ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് ജാഥയായി എന്റെ ഓഫീസിലെത്തി. ഞാനവരെയെല്ലാം കണ്ട് ദീര്‍ഘമായി സംസാരിച്ചു. മര്‍ദ്ദനം ബോധപൂര്‍വ്വം ഉണ്ടായതാണോ, അതോ പൊലീസ് നടപടിക്കിടയില്‍ അവിചാരിതമായി സംഭവിച്ചതാണോ എന്നു മനസ്സിലാക്കാന്‍ ശ്രമിച്ചു. ഫോട്ടോഗ്രാഫറുടെ ഇടത്തെ ഷോള്‍ഡറിനു താഴെ 'X' എന്ന അടയാളത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാട് വ്യക്തമായിരുന്നു. ആ അടയാളവും അവര്‍ പറഞ്ഞതും എല്ലാം കണക്കിലെടുക്കുമ്പോള്‍ മനപ്പൂര്‍വ്വം മര്‍ദ്ദിച്ചതാകാനായിരുന്നു സാദ്ധ്യത. അക്കാര്യത്തില്‍ ഗൗരവമായ അന്വേഷണം നടത്താമെന്നും മര്‍ദ്ദിച്ച പൊലീസുദ്യോഗസ്ഥനെ കണ്ടെത്താന്‍ അവരും സഹകരിക്കണമെന്നും ഞാനഭ്യര്‍ത്ഥിച്ചു. പക്ഷേ, അതില്‍ ഞങ്ങള്‍ വിജയിച്ചില്ല. ഈ അനുഭവം, പില്‍ക്കാലത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോടുള്ള പൊലീസിന്റെ സമീപനം ജനാധിപത്യപരമായി ശരിയായ മാര്‍ഗ്ഗത്തിലൂടെ നയിക്കേണ്ടതിനെക്കുറിച്ച് സ്വയം പഠിക്കുന്നതിനും പൊലീസുകാരെ അതില്‍ ബോധവല്‍ക്കരിക്കുന്നതിനും പ്രേരണയായി.
എ.കെ.ജി സെന്റര്‍ വെടിവയ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റേയും പ്രതിഷേധത്തിന്റേയും അക്രമത്തിന്റേയും പൊലീസ് നടപടികളുടേയും എല്ലാം അന്തരീക്ഷം ഏതാനും ദിവസംകൊണ്ട് ശാന്തമായി. പക്ഷേ, ആ ദിനങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുപോലുള്ള പൊതുമുതല്‍ നശിപ്പിക്കുക, സര്‍ക്കാര്‍ ഓഫീസുകളും മറ്റും നശിപ്പിക്കുക, പൊലീസിനു നേരേയും പൊലീസ് വാഹനങ്ങള്‍ക്കു നേരെയും കല്ലെറിയുക തുടങ്ങിയ ധാരാളം അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അതെല്ലാം തന്നെ നിയമപ്രകാരം ജാമ്യം കിട്ടാത്ത കുറ്റകൃത്യങ്ങളാണ്. പക്ഷേ, രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അക്രമവും പലപ്പോഴും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെ. അതിനു പലവിധ ന്യായീകരണങ്ങള്‍ കാലാകാലങ്ങളില്‍ ഉണ്ടാകും എന്നുമാത്രം. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ലക്ഷ്മണരേഖ എവിടെ അവസാനിക്കുന്നുവെന്നും എവിടെ അത് ക്രിമിനല്‍ പ്രവര്‍ത്തനമായി മാറുന്നുവെന്നുമുള്ള തിരിച്ചറിവ് ആര്‍ക്കാണില്ലാത്തത്? ആ തിരിച്ചറിവ് പ്രാവര്‍ത്തികമാക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് എന്നാണ് കഴിയുക? ഇത്തരത്തിലുള്ള അക്രമവും അത് ക്ഷണിച്ചുവരുത്തുന്ന പൊലീസ് നടപടിയുമാണ് ചിലര്‍ക്കെങ്കിലും പില്‍ക്കാല രാഷ്ട്രീയ ബാങ്ക് ബാലന്‍സ് എന്ന് തോന്നുന്നു. ലക്കും ലഗാനുമില്ലാതെ ബലപ്രയോഗത്തില്‍ അഭിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കൂടി കിട്ടിയാല്‍ 'ബാങ്ക് ബാലന്‍സ്' വേഗം വര്‍ദ്ധിക്കും.
ഹൈദ്രാബാദില്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ ജോലി ചെയ്യുന്ന കാലത്ത് ഒരിക്കല്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന എം.ജെ. അക്ബര്‍ ഒരു സെമിനാറില്‍ അവിടെ സംസാരിക്കുന്നതു കേട്ടു. ഗുജറാത്തിലെ വര്‍ഗ്ഗീയകലാപത്തെത്തുടര്‍ന്ന് ഉണ്ടായ പൊലീസ് നിഷ്‌ക്രിയത്വം എന്ന ആരോപണമായിരുന്നു പശ്ചാത്തലം. ''പൊലീസുദ്യോഗസ്ഥന്റെ ജീവിതത്തില്‍ ചില നിര്‍ണ്ണായക ഘട്ടങ്ങള്‍ വരും. അത് നിങ്ങളെ പരീക്ഷിക്കും; അവിടെ നിങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അത് വളരെ പ്രധാനമാണ്.'' അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്, 'rest is all silly season (ബാക്കിയെല്ലാം ബാലിശമായ കാലമാണ്)'' എന്ന് കൂട്ടിച്ചേര്‍ത്തു. അദ്ദേഹം പറഞ്ഞ ആദ്യ ഭാഗം ശരിയാണ്. ക്രമസമാധാനം ഭീഷണി നേരിടുന്ന, മനുഷ്യജീവന്‍ അപകടത്തിലാകുന്ന ഘട്ടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സന്ദര്‍ഭത്തിനൊത്ത് ഉയരണം. ബാക്കിയെല്ലാം ബാലിശമായ കാലമാണ് എന്നത് പത്രപ്രവര്‍ത്തകനു ശരിയാകാം; പക്ഷേ, പൊലീസുദ്യോഗസ്ഥനു ശരിയല്ല.
'ബാലിശമായ ആ കാലം' ഞങ്ങള്‍ അര്‍ത്ഥവത്താക്കി. ഉണ്ടായ അക്രമസംഭവങ്ങളിലെല്ലാം കൃത്യമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ശരിയായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്നു തീരുമാനിച്ചു. ഉദ്യോഗസ്ഥരുമായി വിശദമായി ചര്‍ച്ചചെയ്ത് ചില കാര്യങ്ങളില്‍ പൊതുധാരണയായി. കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനു ചിട്ടയായ പ്രവര്‍ത്തനം നിരന്തരമായി നടത്തണം. എന്നാല്‍, രാത്രികാല റെയ്ഡ് പൂര്‍ണ്ണമായും ഒഴിവാക്കി. നിയമനടപടിക്കപ്പുറം ഭീഷണി, ബലപ്രയോഗം എല്ലാം ഒഴിവാക്കണം. എന്നാല്‍, പകല്‍സമയം പ്രതികളുടെ വീടുകളില്‍ അന്വേഷിച്ചു പോകണം. അത് തുടര്‍ച്ചയായി നടത്തണം. ഒരു കാരണവശാലും പ്രതികളുടെ ലിസ്റ്റ് സ്ഥലത്തെ രാഷ്ട്രീയ നേതാവിനു നല്‍കി പ്രതികളെ സറണ്ടര്‍ ചെയ്യുക എന്ന ഏര്‍പ്പാട് പാടില്ല. അറസ്റ്റിന്റെ പേരില്‍ അമിതാവേശം ഒഴിവാക്കി ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കുറ്റക്കാര്‍ക്കുമേല്‍ സമ്മര്‍ദ്ദം നിലനിര്‍ത്തുക എന്നതായിരുന്നു രീതി. അത് വളരെ ഗുണം ചെയ്തു. അങ്ങനെ മുന്നോട്ടുപോയപ്പോള്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് കെ.ആര്‍. ഗൗരി എന്നെ വിളിച്ചു. അക്കാലത്ത് ഗൗരിഅമ്മ സി.പി.എമ്മിന്റെ സമുന്നത നേതാവും എം.എല്‍.എയുമായിരുന്നു.
ആലപ്പുഴ എസ്.പി ആയതിനുശേഷം ഗൗരിഅമ്മ എന്നെ പല വിഷയങ്ങളും ഉന്നയിച്ച് നിരന്തരം ഫോണ്‍ ചെയ്യാറുണ്ടായിരുന്നു. ഞാന്‍ ജനിക്കും മുന്‍പേ കേരള മന്ത്രിസഭയില്‍ അംഗമായ ആ രാഷ്ട്രീയ നേതാവിനോട് എനിക്ക് വലിയ ബഹുമാനമായിരുന്നു. മാത്രമല്ല, എന്നെ മിക്കപ്പോഴും വിളിക്കുന്നത് ഏതെങ്കിലും സാധാരണക്കാരന്റെ പ്രശ്‌നവുമായിട്ടായിരിക്കും. വിഷയം നന്നായി പഠിച്ച്, എല്ലാ വശങ്ങളും മനസ്സിലാക്കി, പൊലീസിന് അതില്‍ എന്തു ചെയ്യാന്‍ കഴിയും, എന്ത് കഴിയില്ല എന്ന കൃത്യമായ ധാരണയോടെയാണ് സംസാരിച്ചിരുന്നത്. മുതിര്‍ന്ന നേതാവായിട്ടുപോലും ഇങ്ങനെ ഓരോ മനുഷ്യന്റേയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുവേണ്ടി എടുത്തിരുന്ന താല്പര്യവും അതിനുവേണ്ടിയുള്ള അദ്ധ്വാനവും അത്ഭുതകരമായിരുന്നു. ഇന്നത്തെ 'പൊലീസ് ഭാഷ'യില്‍ പറഞ്ഞാല്‍ പാവപ്പെട്ടവന്റെ സ്ഥിരം 'ക്വട്ടേഷന്‍' ആയിരുന്നു അന്നത്തെ ഗൗരിഅമ്മ. ''ഗൗരിഅമ്മ പറഞ്ഞാലേ എസ്.പി കേള്‍ക്കൂ'' എന്ന് പരാതിയായി ചില കോണ്‍ഗ്രസ് നേതാക്കള്‍ എന്നെപ്പറ്റി അന്ന് പറഞ്ഞിരുന്നു.
വി.എസ്സിന്റെ വിമര്‍ശനം
നിരന്തരമായി ഇത്തരത്തിലുള്ള പല വിഷയങ്ങളിലും എന്നെ ഫോണ്‍ ചെയ്യാറുണ്ടായിരുന്നുവെങ്കിലും, ആ അവസരത്തില്‍ എന്നെ വിളിച്ചത് സമരത്തെത്തുടര്‍ന്നുള്ള ക്രിമിനല്‍ കേസുകളില്‍ പാര്‍ട്ടി സഖാക്കളെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് പരാതിപ്പെടാനാണ്. അക്കാര്യത്തില്‍ ഞാന്‍ വഴങ്ങിയില്ല. പ്രതികളെ അറസ്റ്റ് ചെയ്യേണ്ടത് പൊലീസിന്റെ ചുമതലയാണല്ലോ. നിയമം നിയമത്തിന്റെ വഴി എന്ന രീതിയില്‍ ഞാന്‍ നിലപാട് വിശദീകരിച്ചു; ബഹുമാനത്തോടെ തന്നെ. അപ്പോള്‍ ഗൗരിഅമ്മ മറ്റൊരാവശ്യം ഉന്നയിച്ചു: ''എന്നാല്‍ നിങ്ങള്‍ ഉടന്‍ എം.എല്‍.എമാരുടെ കമ്മിറ്റി വിളിക്കണം.'' അത്തരമൊരു കമ്മിറ്റി മൂന്ന് മാസത്തിലൊരിക്കല്‍ എസ്.പി വിളിക്കേണ്ടതുണ്ട്. കമ്മിറ്റി വിളിക്കാം എന്ന് ഞാന്‍ പറഞ്ഞു. വിളിക്കാം എന്നുപറഞ്ഞുവെങ്കിലും അത് വളരെ പെട്ടെന്നു വിളിച്ചില്ല. പൊലീസിന്റെ അറസ്റ്റ് നടപടി കുറേക്കൂടി മുന്നോട്ടുപോയ ശേഷം മതി കമ്മിറ്റി എന്നു കരുതി. ഒരാഴ്ച കഴിഞ്ഞും നടപടിയൊന്നും കാണുന്നില്ലെന്ന് മനസ്സിലായപ്പോള്‍ ഗൗരിഅമ്മ വീണ്ടും വിളിച്ചു. ''ഞാന്‍ നിങ്ങളുടെ വീടിന്റെ മുന്നില്‍ വന്ന് സത്യാഗ്രഹം നടത്താന്‍ പോകയാണ്.'' ''മാഡത്തെ വയസ്സുകാലത്ത് പട്ടിണികിടക്കാന്‍ ഞാന്‍ കൂട്ടുനില്‍ക്കില്ല. അതൊന്നും വേണ്ട മാഡം'' എന്നു ഞാന്‍ പറഞ്ഞു. ''എന്നാല്‍, പിന്നെ നിങ്ങള്‍ കമ്മിറ്റി വേഗം വിളിക്കണം'' എന്നായി ഗൗരിഅമ്മ. അങ്ങനെ ഒരാഴ്ച കഴിഞ്ഞ് ജനപ്രതിനിധികളുടെ കമ്മിറ്റി ജില്ലാ പൊലീസ് ഓഫീസില്‍ വിളിച്ചുകൂട്ടി. ആ യോഗത്തില്‍ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് മീറ്റിങ്ങ് തുടങ്ങുന്നതിന് 5 മിനിട്ട് മുന്‍പുതന്നെ എത്തി. എന്റെ മുറിയില്‍ വളരെ സൗഹൃദമായിട്ടാണ് അദ്ദേഹം ഇടപെട്ടത്. പിന്നീട് ഗൗരിയമ്മയും കെ.കെ. ശ്രീനിവാസന്‍, ശോഭനാജോര്‍ജ്, എം. മുരളി, സി.കെ. സദാശിവന്‍ തുടങ്ങി മിക്കവരും എത്തിയിരുന്നു. യോഗത്തില്‍ സംസാരിച്ചു തുടങ്ങിയത് വി.എസ്. അച്യുതാനന്ദനായിരുന്നു. പൊലീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. എ.കെ.ജി സെന്റര്‍ വെടിവയ്പില്‍ പ്രതിഷേധിച്ച് ആലപ്പുഴ ടൗണിലും മറ്റും തികച്ചും സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ സഖാക്കളെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ കേന്ദ്രബിന്ദു. പൊലീസ് വാഹനങ്ങളുടെ ടയര്‍ പഞ്ചറാക്കാന്‍ വേണ്ടി പ്രതിഷേധക്കാര്‍ വ്യാപകമായി ഉപയോഗിച്ച 'അള്ള്' രണ്ടെണ്ണം ഞാന്‍ നേരത്തെ എടുത്തുവച്ചിരുന്നു. വി.എസിന്റെ രൂക്ഷമായ പ്രസംഗം നിര്‍ത്തിയ ഉടന്‍ ഞാനതു രണ്ടും എടുത്ത് മേശപ്പുറത്ത് മുന്നില്‍വെച്ചു. ''ഇതും പ്രതിഷേധക്കാര്‍ പൊലീസ് വാഹനങ്ങള്‍ക്കെതിരെ ഉപയോഗിച്ചതാണ്'' എന്നുമാത്രം പറഞ്ഞു. അദ്ദേഹം ഒരു ചിരിയോടെ ''അതൊന്നും എസ്.പി സൂക്ഷിച്ചുവെയ്ക്കരുത്'' എന്നുമാത്രം പറഞ്ഞു. വി.എസിന്റേതില്‍നിന്ന് നേര്‍വിപരീതമായിരുന്നു ചെങ്ങന്നൂര്‍ എം.എല്‍.എ ശോഭനാജോര്‍ജിന്റെ വാക്കുകള്‍. അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ പൊലീസ് സമ്പൂര്‍ണ്ണ നിഷ്‌ക്രിയത്വം പാലിച്ചു എന്നായി ശോഭനാജോര്‍ജ്. ഒരു രാജീവ്ഗാന്ധി പ്രതിമയ്ക്കു നേരെ അക്രമമുണ്ടായി എന്നതിനെ ചുറ്റിപ്പറ്റി അതിവൈകാരികമായ ഒരു പ്രകടനം എം.എല്‍.എ കാഴ്ചവച്ചു. ഏതാണ്ട് ഇങ്ങനെ പോയി പൊതുചര്‍ച്ച. അതുകൊണ്ട് എന്റെ ജോലി എളുപ്പമായി. പൊലീസ് അതിക്രമമെന്നും പൊലീസ് നിഷ്‌ക്രിയത്വം എന്നുമുള്ള പരസ്പരവിരുദ്ധമായ കാഴ്ചപ്പാടുകളാണ് ജനപ്രതിനിധികള്‍ക്കുള്ളത് എന്നുമാത്രം ഞാന്‍ സൂചിപ്പിച്ചു. പൊതുവായ ചര്‍ച്ചകള്‍ ഇങ്ങനെ പോയപ്പോള്‍ മറ്റു വിഷയങ്ങള്‍ കാര്യമായി പരിഗണനയ്ക്കു വന്നില്ല. കൂട്ടത്തില്‍ ശ്രദ്ധേയമായ ഒരഭിപ്രായം ഹരിപ്പാട് എം.എല്‍.എ കെ.കെ. ശ്രീനിവാസന്‍ രേഖപ്പെടുത്തി. പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജാഗ്രതയോടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും അതിനാവശ്യമായ ഇന്‍സ്പെക്ഷനും സ്റ്റേഷന്‍ സന്ദര്‍ശനവുമെല്ലാം വര്‍ദ്ധിപ്പിക്കണമെന്നുമായിരുന്നു അത്. അവസാനം വി.എസും ഗൗരിഅമ്മയും അവരുടെ അന്നത്തെ മുഖ്യഅജണ്ടയിലേയ്ക്ക് വന്നു. പൊലീസെടുത്ത കേസുകളില്‍ ധാരാളം പേരെ അറസ്റ്റ് ചെയ്തുവെന്നും റെയ്ഡുകള്‍ ഇനി ഒഴിവാക്കണമെന്നുമായിരുന്നു അത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും പൊലീസ് രാത്രികാല റെയ്ഡുകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും മറ്റ് യാതൊരു തരത്തിലുള്ള ആക്ഷേപവും ഇല്ലാതെയാണ് മുന്നോട്ടുപോയിട്ടുള്ളതെന്നും വിശദീകരിച്ചു. ശരിയായ നിയമനടപടിക്കപ്പുറമുള്ള യാതൊരു ലക്ഷ്യവും പൊലീസിനില്ലെന്നും ഓരോ കേസും പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നുമുള്ള ഉറപ്പില്‍ യോഗം ശുഭകരമായി അവസാനിച്ചു.
സംഭവബഹുലമായ ദിനങ്ങളായിരുന്നു കടന്നുപോയത്. ക്രമസമാധാന പാലനത്തില്‍, എസ്.പി എന്ന നിലയില്‍ എന്റെ ആദ്യ പരീക്ഷ കഴിഞ്ഞു. പക്ഷേ, വലിയ വെല്ലുവിളികള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ആലപ്പുഴയുടെ അന്തരീക്ഷത്തില്‍ വര്‍ഗ്ഗീയതയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു.
(തുടരും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates