'എം.വി. രാഘവന്‍ പ്രതിപക്ഷത്തിന്റെ കണ്ണില്‍ 'കൊലയാളി രാഘവന്‍' ആയി മാറി'

എം.വി. രാഘവനെതിരായ പ്രതിഷേധം അതിനു മുന്‍പും അതിനു പിന്‍പും കേരളസമൂഹം കണ്ടിട്ടില്ലാത്തവിധം അതിരൂക്ഷമായിരുന്നു; പലപ്പോഴും അക്രമണോല്‍സുകവുമായിരുന്നു. കനകക്കുന്നില്‍ അത് ഞാന്‍ കണ്ടു
എം.വി. രാഘവന്‍
എം.വി. രാഘവന്‍

Baptism by fire (അഗ്‌നിയിലൂടെയുള്ള ജ്ഞാനസ്നാനം) എന്ന സങ്കല്പത്തിന്റെ ഉല്പത്തി ബൈബിളിലാണ്. ഒരു ആത്മീയതലം അതിനുണ്ട്. അല്പം അര്‍ത്ഥപരിണാമത്തോടെ ആണെങ്കിലും ഈ പ്രയോഗം സൈനിക ഭാഷയില്‍ പില്‍ക്കാലത്ത് സ്ഥാനം പിടിച്ചു. തിരുവനന്തപുരം നഗരത്തില്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണറായി ചുമതലയേറ്റ എന്റെ തുടക്കം വിവരിക്കാന്‍ എല്ലാ അര്‍ത്ഥത്തിലും ഈ പ്രയോഗം ഉചിതമാണെന്നു തോന്നുന്നു, Baptism by fire (അഗ്‌നിയിലൂടെയുള്ള ജ്ഞാനസ്നാനം). അതിനു വേദിയായതാകട്ടെ, പ്രശസ്തമായ കനകക്കുന്നു കൊട്ടാരവും പരിസരവും. നമുക്കതിലേയ്ക്ക് കടക്കാം. 

1995 ജൂണ്‍ അവസാനത്തോടെ ഞാന്‍ ചാര്‍ജെടുക്കുമ്പോള്‍, പൊലീസിന്റെ ഏറ്റവും വലിയ തലവേദന എന്തായിരുന്നു എന്നു ചോദിച്ചാല്‍ ഉത്തരം മന്ത്രി എം.വി. രാഘവന്റെ സുരക്ഷ എന്നായിരുന്നു. സംസ്ഥാനത്തെ ഒരു മന്ത്രി എങ്ങനെയാണ് പൊലീസിനു തലവേദനയാകുന്നത്? കൂത്തുപറമ്പ് പൊലീസ് വെടിവെയ്പ് എന്ന് പരക്കെ അറിയപ്പെടുന്ന സംഭവത്തെ തുടര്‍ന്നാണ് ആ അവസ്ഥ ഉണ്ടായത്. 1994 നവംബറില്‍ കൂത്തുപറമ്പില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ മന്ത്രി എം.വി. രാഘവനെതിരായ ഡി.വൈ.എഫ്.ഐക്കാരുടെ പ്രതിഷേധം പൊലീസ് വെടിവെയ്പിലും 5 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മരണത്തിലും കലാശിച്ച സംഭവം കേരളത്തെയാകെ പിടിച്ചുകുലുക്കി. തുടര്‍ന്ന് കേരളത്തിലുടനീളം മന്ത്രിയെ വഴിയില്‍ തടയുന്ന അവസ്ഥ ഉണ്ടായി. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടിയുടെ യുവജനസംഘടന ഇത്തരമൊരു സമരരീതി അവലംബിക്കുമ്പോള്‍ അത് പൊലീസ് സംവിധാനത്തിനു വലിയ വെല്ലുവിളിയാണ്. സ്വാഭാവികമായും മന്ത്രിയുടെ സാന്നിദ്ധ്യം കൂടുതലുണ്ടാകുക തലസ്ഥാനത്താകയാല്‍ പ്രതിഷേധം സൃഷ്ടിച്ച സുരക്ഷാപ്രശ്‌നങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും അതിന്റെ പാരമ്യത്തില്‍ അഭിമുഖീകരിക്കേണ്ടിവന്നത് തിരുവനന്തപുരം സിറ്റിയിലെ പൊലീസിനാണ്. ചാര്‍ജെടുത്ത് രണ്ടാമത്തെ ആഴ്ച തന്നെ എനിക്ക് ആദ്യ അനുഭവം ഇക്കാര്യത്തിലുണ്ടായി. കനകക്കുന്നു കൊട്ടാരത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യുന്ന കേരഫെഡിന്റെ കൊപ്ര സംഭരണ പരിപാടി ആയിരുന്നു അവസരം. മുഖ്യമന്ത്രിയെ കൂടാതെ കൃഷിവകുപ്പ് മന്ത്രി പി.പി. തങ്കച്ചനും സഹകരണവകുപ്പു മന്ത്രി എം.വി. രാഘവനും പങ്കെടുക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിയും കൃഷിവകുപ്പു മന്ത്രിയും പങ്കെടുക്കുന്നതുകൊണ്ട് പ്രശ്‌നമൊന്നുമില്ല. പക്ഷേ, മന്ത്രി എം.വി. രാഘവന്‍ പങ്കെടുക്കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നതുകൊണ്ട് അത് പ്രതിഷേധക്കാര്‍ക്കുള്ള ഒരു സുവര്‍ണ്ണാവസരമാണ്. 

ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശമില്ലാത്തത്? പക്ഷേ, ഇവിടെ പ്രശ്‌നമതല്ല. അഞ്ചു വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ട കൂത്തുപറമ്പിലെ ദുരന്തത്തിനു ശേഷം മന്ത്രി എം.വി. രാഘവന്‍ പ്രതിപക്ഷത്തിന്റെ കണ്ണില്‍ 'കൊലയാളി രാഘവന്‍' ആയി മാറി. അതുകൊണ്ട് തന്നെ എം.വി. രാഘവനെതിരായ പ്രതിഷേധം അതിനു മുന്‍പും അതിനു പിന്‍പും കേരളസമൂഹം കണ്ടിട്ടില്ലാത്തവിധം അതിരൂക്ഷമായിരുന്നു; പലപ്പോഴും അക്രമണോല്‍സുകവുമായിരുന്നു. കനകക്കുന്നില്‍ അത് ഞാന്‍ കണ്ടു. 

ഈ അവസ്ഥ അറിയാവുന്നതുകൊണ്ട് ബന്ധപ്പെട്ട എല്ലാപേരും ധാരാളം കരുതലുകളെടുത്തു. മന്ത്രിയും പൊലീസും സമരക്കാരും തന്ത്രങ്ങള്‍ മെനഞ്ഞു. മന്ത്രിയുടെ ഭാഗത്തുനിന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന പ്രോഗ്രാമുകളാണെങ്കിലും അവസാന നിമിഷം മാറ്റങ്ങള്‍ വരുത്തും. അപ്രതീക്ഷിതമായിരിക്കും പലപ്പോഴും അദ്ദേഹത്തിന്റെ വരവും പോക്കും. പ്രതിഷേധ സമരക്കാരും അതു മനസ്സിലാക്കിയാണ് നീങ്ങിയിരുന്നത്. ഇത്തരം അനിശ്ചിതത്വങ്ങളെല്ലാം പൊലീസിന്റെ ജോലി ദുഷ്‌കരമാക്കി. 

രാവിലെ 11 മണിക്കായിരുന്നു ഉദ്ഘാടന പരിപാടി തുടങ്ങേണ്ടിയിരുന്നത്. പ്രതിഷേധവും അനിശ്ചിതത്വവും കണക്കിലെടുത്ത് പൊലീസിനെ കനകക്കുന്നിലെ യോഗസ്ഥലത്തും പുറത്തും വിന്യസിച്ചു. യോഗം നടക്കുന്ന ഹാളിനുള്ളില്‍ കഴിയുന്നതും പ്രതിഷേധക്കാരെ ഒഴിവാക്കണം എന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു. പ്രതിഷേധക്കാര്‍ യോഗം നടക്കുന്ന ഹാളിനുള്ളില്‍ കടക്കുന്നത് തടയാന്‍ വേണ്ടി അവരെ തിരിച്ചറിയാന്‍ കഴിയുന്ന പൊലീസുകാരെ സിവില്‍ വേഷത്തില്‍ ഹാളിനുള്ളില്‍ വിന്യസിച്ചു. യോഗം നടക്കുന്ന കനകക്കുന്ന് കൊട്ടാരം സ്ഥിതിചെയ്യുന്ന കോമ്പൗണ്ടിനു വെളിയില്‍വച്ചുതന്നെ കഴിയുന്നതും സമരക്കാരെ തടയുക എന്നതായിരുന്നു ഞങ്ങളുടെ പദ്ധതി. അതിനനുസരിച്ച് പൊലീസ് തയ്യാറെടുത്തു. പ്രതിഷേധക്കാരുമായി സംഘര്‍ഷത്തിനുള്ള സാദ്ധ്യത കനകക്കുന്നിലേയ്ക്കുള്ള പ്രധാന നിരത്തിലായിരുന്നു. രാവിലെ 10 മണിയോടെ പൊലീസ് വിന്യാസമെല്ലാം പൂര്‍ത്തിയാക്കി ഞാനും ആ ഭാഗത്തുനിന്നു. 

ആദ്യത്തെ അഗ്‌നിപരീക്ഷ

അന്നത്തെ സമരക്കാരുടെ പ്രഖ്യാപിത രീതി അനുസരിച്ച് എം.വി. രാഘവനെ മാത്രമേ തടയുകയുള്ളു. മുഖ്യമന്ത്രിയുള്‍പ്പെടെ മറ്റാരേയും തടയില്ല. പത്തുമണിനേരത്ത് സമരക്കാരെ ആരെയും കനകക്കുന്നു പരിസരത്ത് കണ്ടില്ല. ഏതാനും മാധ്യമപ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്നു. അതില്‍ കൂടുതലും പത്ര ഫോട്ടോഗ്രാഫര്‍മാരായിരുന്നു. ഇലക്ട്രോണിക്ക് മാധ്യമങ്ങള്‍ കേരളത്തില്‍ കാര്യമായി രംഗപ്രവേശം ചെയ്ത് തുടങ്ങിയിരുന്നില്ല. മ്യൂസിയം പൊലീസ് സ്റ്റേഷന്റെ എതിര്‍വശത്തും പരിസരത്തും ഒന്നുംരണ്ടുമായി ചില പ്രതിഷേധക്കാര്‍ ഒത്തുകൂടുന്നുണ്ടായിരുന്നു. ഏതാണ്ട് പത്തര കഴിഞ്ഞപ്പോള്‍ ആ ഭാഗത്തുനിന്നും നൂറോളം ചെറുപ്പക്കാര്‍ ജാഥയായി വലിയ ആവേശത്തോടെ കനകക്കുന്നിലേയ്ക്ക് നീങ്ങി. 'കൊലയാളി രാഘവനെ' കെട്ടുകെട്ടിക്കും എന്നൊക്കെയായിരുന്നു മുദ്രാവാക്യങ്ങള്‍. തലയില്‍ തൊപ്പിധരിച്ചിരുന്ന ഒരു താടിക്കാരന്‍ ഊര്‍ജ്ജസ്വലമായി അവരുടെ മുന്നില്‍ നടന്നു. ആ സമയം അവരുടെ 'ശത്രു' രംഗപ്രവേശം ചെയ്തിരുന്നില്ല. അദ്ദേഹം വരുമെന്നോ ഇല്ലെന്നോ ഞങ്ങള്‍ക്കും അറിയില്ലായിരുന്നു. അവര്‍ ജാഥയായി കനകക്കുന്നിന്റെ പ്രവേശനകവാടത്തിനടുത്തെത്തി, പൊലീസ് നിന്നിരുന്നതിന്റെ അല്പം അകലെയായി നിലകൊണ്ടു. പ്രതിഷേധസമരങ്ങള്‍ കുറേ കണ്ടിട്ടുണ്ടെങ്കിലും സാധാരണയില്‍ കവിഞ്ഞ സംഘര്‍ഷം അന്നവിടെ ഞാന്‍ കണ്ടു. യുദ്ധം പ്രതീക്ഷിക്കുന്ന ശത്രുസൈന്യങ്ങളുടെ മാതിരി നില്‍ക്കുകയാണ് പൊലീസും സമരക്കാരും. എം.വി. രാഘവന്റെ വരവാണ് യുദ്ധത്തിന്റെ കാഹളം. കാഹളം മുഴങ്ങിയാല്‍ പിന്നെ ഏറ്റുമുട്ടലുണ്ടാകാം. അങ്ങനെ കാത്തുനില്‍ക്കുന്നതിനിടയില്‍ ജാഥയുടെ മുന്നില്‍ നിന്ന തൊപ്പിക്കാരന്‍ പ്രതിഷേധക്കാരോട് സംസാരിച്ച് ആവേശം പകരുന്നുണ്ട്. എം.വി. രാഘവന്‍ എന്ന 'ശത്രു'വിനെതിരായ വികാരം അവരില്‍ ജ്വലിപ്പിക്കുകയാണ്, കൂത്തുപറമ്പിലെ രക്തസാക്ഷികളെ ഓര്‍മ്മിപ്പിച്ച്. ഇടയ്ക്ക് 'ശത്രു'വിനെ കളിയാക്കുന്നുമുണ്ട്. സാധാരണ മന്ത്രിമാര്‍ യോഗത്തിനു വരുന്നതുപോലെയല്ല ഈ മന്ത്രിയുടെ നീക്കങ്ങളെന്നും സമരക്കാരെ ഭയന്ന് കുറ്റവാളികളെപ്പോലെ രഹസ്യമായും പാത്തും പതുങ്ങിയുമൊക്കെയാണ് സഞ്ചരിക്കുന്നതെന്നും അതുകൊണ്ട് എല്ലാപേരും ജാഗ്രതയോടെ ഇരിക്കണമെന്നുമൊക്കെ പറയുന്നുണ്ട്. ഇങ്ങനെ 'തീപ്പൊരി'യും 'തമാശ'യും കലര്‍ന്ന സംഭാഷണവുമായി സമയം കുറെ മുന്നോട്ടു പോയി. പെട്ടെന്ന് ഒരു സ്റ്റേറ്റ് കാര്‍ വേഗത്തില്‍ മെയിന്‍ റോഡില്‍ പ്രത്യക്ഷപ്പെട്ടു. ആവേശത്തോടെ പ്രതിഷേധക്കാര്‍ മുന്നോട്ട് ഒന്ന് നീങ്ങിയെങ്കിലും അത് മുഖ്യമന്ത്രിയുടെ കാര്‍ നമ്പര്‍-1 ആണെന്ന് പെട്ടെന്നു മനസ്സിലായി. അതോടെ പ്രതിഷേധക്കാര്‍ സ്വയം പഴയ സ്ഥലത്തേയ്ക്ക് മടങ്ങി. അങ്ങനെ സമയം കുറെ മുന്നോട്ടു പോയപ്പോള്‍ ഇനി അവരുദ്ദേശിച്ച മന്ത്രി വരുമോ എന്ന് സംശയമായി. ഇതിനിടെ യോഗം ആരംഭിച്ചു കഴിഞ്ഞിരുന്നു. സത്യത്തില്‍ അന്നത്തെ ചടങ്ങിന് മന്ത്രി എം.വി. രാഘവന്‍ എത്തുമോ എന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നില്ല. സമയം വൈകിയപ്പോള്‍ ഇനി എം.വി. രാഘവന്‍ വരുന്നില്ല എന്ന ധാരണ പരക്കാന്‍ തുടങ്ങി. പത്രപ്രവര്‍ത്തകര്‍ പലരും സ്ഥലം വിട്ടു. 'യുദ്ധരംഗം' വിട്ടുപോകാതെ പകര്‍ത്തേണ്ട ഫോട്ടോഗ്രാഫര്‍മാര്‍ മാത്രം കറങ്ങി കറങ്ങി നിന്നു; പിന്നെ പൊലീസും. ഇനി മന്ത്രി വരില്ലെന്ന് സമരക്കാരും ധരിച്ചിരിക്കണം. ഡി.വൈ.എഫ്.ഐക്കാരെ ഭയന്ന് മന്ത്രി മാളത്തിലൊളിച്ചു എന്നൊക്കെ വിളിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ ജാഥയായി മെയിന്‍ റോഡിലൂടെ മ്യൂസിയം പൊലീസ് സ്റ്റേഷന്റെ ദിശയിലേയ്ക്ക് നീങ്ങി. അവര്‍ ഏതാണ്ട് പൊലീസ് സ്റ്റേഷന്‍ കടക്കുമ്പോള്‍ മന്ത്രി എം.വി. രാഘവന്‍ കെല്‍ട്രോണ്‍ ഭാഗത്തുനിന്നും പ്രത്യക്ഷപ്പെട്ടു. കനകക്കുന്നില്‍ പൊലീസ് കാവല്‍ നിന്ന ഗേറ്റിലൂടെ ഉള്ളില്‍ കടന്നു. തങ്ങളെ കബളിപ്പിച്ച് മന്ത്രി ഉള്ളില്‍ കടന്നു എന്ന് സംശയിച്ച പ്രതിഷേധക്കാര്‍ വര്‍ദ്ധിത വീര്യത്തോടെ കനകക്കുന്നിലേയ്ക്ക് തിരിഞ്ഞു. സാധാരണ ജാഥയുടെ ശൈലിയിലുള്ള ചിട്ടയായ നീക്കമായിരുന്നില്ല അത്. വേഗത്തില്‍ ഓടി, ഗേറ്റിനു മുന്നില്‍ പൊലീസിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. സമരവേദികളില്‍ പൊലീസിനു സാധാരണ പരിചയമുള്ള ഒരു സാഹചര്യമായിരുന്നില്ല അത്. സമരക്കാര്‍ ഗേറ്റിനുള്ളില്‍ കടക്കുന്നത് തടയാന്‍ ഞങ്ങള്‍ അവിടെ നിരയായി നില്‍ക്കുന്നുണ്ടായിരുന്നു. ആവേശത്തോടെ ഓടിവന്ന സമരക്കാര്‍ ബലമായി പൊലീസിനെ തള്ളിമാറ്റാന്‍ സര്‍വ്വശക്തിയും പ്രയോഗിച്ചു. സാധാരണ സെക്രട്ടറിയേറ്റിലും മറ്റും ഉള്ളപോലെ ബാരിക്കേഡൊന്നും അവിടെ ഉണ്ടായിരുന്നില്ല. പൊലീസും സമരക്കാരും തമ്മില്‍ നേരിട്ട് മുഖാമുഖം നിന്നുള്ള ഉന്തും തള്ളുമായത് മാറി. ഏതുവിധേനയും പൊലീസ് നിരമുറിച്ച് ഉള്ളില്‍ കടക്കാന്‍ ശ്രമിക്കുന്ന യുവജനസംഘം. അവരെ സര്‍വ്വശക്തിയും എടുത്ത് ചെറുക്കുന്ന പൊലീസും. മുന്നില്‍ത്തന്നെ നിന്നിരുന്ന ഞാനും അതില്‍ പങ്കാളിയായി. സമരക്കാര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ആ തൊപ്പിക്കാരന്‍ നേതാവും മുന്നിലുണ്ടായിരുന്നു. പൊലീസുമായി വലിയ പിടിയും വലിയും എല്ലാം നീണ്ടുപോയി. അതിനിടയില്‍ ചില സമരക്കാര്‍ പിടിയിലും വലിയിലും പെട്ട് നിലത്ത് വീഴുന്നുമുണ്ട്. വേണമെങ്കില്‍ ബലം പ്രയോഗിച്ച് അവരെ പിരിച്ചുവിടാനുള്ള അംഗബലം പൊലീസിനുണ്ടായിരുന്നു. ഒരു ലാത്തിച്ചാര്‍ജിന് ഉത്തരവിടുകയേ വേണ്ടു. പക്ഷേ, കഴിയുന്നത്ര സംയമനം പാലിച്ച് ബലപ്രയോഗം ഒഴിവാക്കുക എന്ന സമീപനമാണ് സ്വീകരിച്ചത്. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഈ ബലാബലം ഏറെ നീണ്ടുപോയി. പ്രതിഷേധക്കാരുടെ നേതൃനിരയിലുണ്ടായിരുന്ന വ്യക്തിയും ഇടയ്ക്കിടെ ഞങ്ങളുടെ നേരെ രോഷം പ്രകടിപ്പിക്കുകയും തട്ടിക്കയറുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിലുള്ള ഒരു കായികക്ഷമതാ മത്സരമായതു മാറി. പ്രകോപനം വലുതായിരുന്നെങ്കിലും അതിനു വഴങ്ങാതെ പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുവേ പ്രകടിപ്പിച്ച അച്ചടക്കബോധവും സംയമനവുമാണ് ആ പ്രതിഷേധം നിയന്ത്രിക്കുന്നതില്‍ സഹായിച്ചത്. ഏതാണ്ട് അരമണിക്കൂറിലധികം ഈ 'ഏറ്റുമുട്ടല്‍' നടക്കുന്നതിനിടയില്‍ അടുത്ത ഗേറ്റിലൂടെ പ്രതിഷേധക്കാര്‍ ലക്ഷ്യമിട്ടിരുന്ന എം.വി. രാഘവന്‍ പുറത്തുകടന്നിരുന്നു. അല്പം വൈകി മാത്രമാണ് പ്രതിഷേധക്കാര്‍ അത് അറിഞ്ഞത്. ഇക്കാര്യം ശ്രദ്ധയില്‍ വന്നയുടന്‍ അവരുടെ നേതാവ് വലിയ വികാരാവേശത്തോടെ ''ഒരു പെരുങ്കള്ളനെപ്പോലെയാണ് ഈ മന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും അങ്ങനെ എത്രനാള്‍ മുന്നോട്ടുപോകും എന്നത് കാണാം'' എന്നും പ്രഖ്യാപിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയെ പുറത്ത് വിടില്ല എന്നൊക്കെ പറഞ്ഞെങ്കിലും അവര്‍ അതിനു മുതിര്‍ന്നില്ല. പകരം പ്രകടനമായി അക്രമണോത്സുകതയോടെ യൂണിവേഴ്സിറ്റിയുടെ ഭാഗത്തേയ്ക്ക് ജാഥയായി പോയി. വഴിയില്‍ ഉണ്ടായിരുന്ന ചില ട്രാഫിക്ക് ബോര്‍ഡുകള്‍ തട്ടിത്തെറിപ്പിച്ചു കൊണ്ടാണവര്‍ പോയത്. അതിനിടയില്‍ ഒരു വീഡിയോഗ്രാഫര്‍ മുന്നില്‍ വന്നപ്പോള്‍ അയാളുടെ നേരെ തട്ടിക്കയറാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവര്‍ ഇടപെട്ടത് നിയന്ത്രിച്ചു. അന്നത്തെ പ്രതിഷേധത്തിന്റെ അവസാന രംഗമായിരുന്നു അത്. തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് അവര്‍ക്കു തോന്നിയിരിക്കണം. അധികം വൈകാതെ പ്രതിഷേധത്തിന്റെ ശക്തി മന്ത്രിക്കു ബോദ്ധ്യപ്പെടും എന്ന പ്രഖ്യാപനത്തോടെയാണ് അന്നത്തെ പരിപാടി അവസാനിപ്പിച്ചത്. ഇതായിരുന്നു സിറ്റിയില്‍ എന്റെ തുടക്കം. ആദ്യത്തെ അഗ്‌നിപരീക്ഷ, എങ്ങനെയൊക്കെയോ കടന്നുകിട്ടി. ഈ സംഭവം പൊലീസിനെ സംബന്ധിച്ചിടത്തോളം വിജയകരമായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. എം.വി. രാഘവന്, സമയം അല്പം വൈകി എങ്കിലും യോഗത്തിനെത്താനും പ്രതിഷേധക്കാരുടെ മുന്നില്‍ പെടാതെ സുരക്ഷിതനായി മടങ്ങാനും കഴിഞ്ഞു. അത് പക്ഷേ പ്രശ്‌നത്തിന്റെ രൂക്ഷത ഭാവിയില്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു.

സംഭവിക്കാത്ത 'ദുരന്തം'

പ്രതിഷേധ സമരങ്ങളുടെ കാര്യത്തില്‍ എന്റെ മുന്‍കാല അനുഭവങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായ സാഹചര്യമായിരുന്നു ഇവിടെ അഭിമുഖീകരിച്ചത്. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം പൗരസമൂഹത്തിന് ഭരണഘടനാപരമായി ലഭ്യമാണ്. പ്രതിഷേധം നിയമലംഘനവും അക്രമവുമായി മാറി സമാധാന ജീവിതം അപകടത്തിലാകാതിരിക്കാനുള്ള കരുതല്‍ സ്വീകരിക്കുക എന്ന ഉത്തരവാദിത്വമേ പൊലീസിനുള്ളു. ആ നിലയ്ക്ക് പ്രതിഷേധക്കാരുടെ നേതാക്കളും പൊലീസും തമ്മില്‍ ചില ധാരണകള്‍ സാധ്യമാണ്. പക്ഷേ, ഇവിടെ അത്തരമൊരു ആശയവിനിമയം ഏതാണ്ട് അസാദ്ധ്യമായിരുന്നു. കൂത്തുപ്പറമ്പിനു ശേഷം വിഷയം അത്രയ്ക്ക് വൈകാരികമായി മാറിയിരുന്നു. മന്ത്രി എം.വി. രാഘവനോടുള്ള ശത്രുതയ്ക്കു് വല്ലാത്ത ആസുരഭാവം കൈവന്നിരുന്നു, അന്ന്. പൊലീസിന് അതൊരു വലിയ വെല്ലുവിളിയുയര്‍ത്തി. ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രിക്ക് സഞ്ചാരസ്വതന്ത്ര്യമുണ്ട്. പൊതുചടങ്ങുകളില്‍ പങ്കെടുക്കാനുള്ള ചുമതലയും അവകാശവുമുണ്ട്. ആ നിലയ്ക്ക് 'കൊലയാളി രാഘവന്‍' എന്ന് ആര്‍ത്തുവിളിച്ച് കടുത്ത വൈരത്തോടെ അക്രമോത്സുകരായി പാഞ്ഞടുത്ത പ്രതിഷേധക്കാരില്‍നിന്ന് മന്ത്രിയെ സംരക്ഷിക്കേണ്ടത് നിയമവാഴ്ചയുള്ള സമൂഹത്തില്‍ പൊലീസിന്റെ ചുമതലയാണ്. ആ ചുമതല നിറവേറ്റാന്‍ ആവശ്യമുള്ളിടത്ത് ബലപ്രയോഗം നിയമം അനുവദിക്കുന്നുണ്ട്. കഴിയുന്നത്ര അത് ഒഴിവാക്കി മന്ത്രിയെ സംരക്ഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ വെല്ലുവിളി. കാരണം വലിയൊരു ബലപ്രയോഗത്തിന്റെ ഉല്പന്നമായിരുന്നുവല്ലോ 'കൂത്തുപറമ്പ്.'

ദിവസങ്ങള്‍ക്കുള്ളില്‍ നഗരത്തില്‍ വീണ്ടും മന്ത്രിയും പ്രതിഷേധവും ശരിക്കും തലവേദനയായി. കനകക്കുന്നിനു പകരം സംസ്ഥാന കോബാങ്ക് ടവറായിരുന്നു വേദി. മുഖ്യമന്ത്രി എ.കെ. ആന്റണിയും ചടങ്ങിലുണ്ടായിരുന്നു. തൊട്ടുമുന്‍പുണ്ടായിരുന്ന പ്രതിഷേധം ലക്ഷ്യം കണ്ടില്ലെന്ന ധാരണയില്‍ ഈ പരിപാടിയില്‍ കൂടുതല്‍ ആസൂത്രിതമായി സര്‍വ്വശക്തിയും സമാഹരിച്ച് മന്ത്രിയെ തടയും എന്ന് വ്യക്തമായിരുന്നു. ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുകളും ഏതാണ്ട് അതിലേയ്ക്ക് തന്നെ ആയിരുന്നു. വൈകുന്നേരം 4 മണിയോടെയായിരുന്നു കോബാങ്ക് ടവറിലെ പൊതുയോഗം. മന്ത്രി യോഗത്തിനെത്തും എന്നുതന്നെ ആയിരുന്നു പൊലീസിനു ലഭിച്ച വിവരം. നേരത്തെ തന്നെ ഞാനവിടെ എത്തുമ്പോള്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ വി.സി. സോമന്റെ നേതൃത്വത്തില്‍ സിറ്റിയിലെ ഉദ്യോഗസ്ഥരെല്ലാം അവിടെയുണ്ട്. പൊലീസുകാരെ എ.ആര്‍ ക്യാമ്പില്‍നിന്നും ആംഡ് പൊലീസ് ബറ്റാലിയനില്‍നിന്നും എല്ലാം ഡ്യൂട്ടിക്കായി വരുത്തിയിരുന്നു. ഏതാനും ദിവസം മുന്‍പ് കനകക്കുന്നില്‍ കണ്ടതിനേക്കാള്‍ എത്രയോ ഇരട്ടി പ്രതിഷേധക്കാര്‍ അവിടെ ഒത്തുചേര്‍ന്നിട്ടുണ്ട്. പ്രതിഷേധക്കാര്‍ എണ്ണത്തില്‍ കുറവായതുകൊണ്ട് മാത്രമാണ് കനകക്കുന്നില്‍ അവരെ വലിയ പ്രശ്‌നമില്ലാതെ നേരിടാന്‍ കഴിഞ്ഞത്. ഇവിടെയും പൊലീസ് സേന നല്ല അംഗസംഖ്യയിലുണ്ടായിരുന്നു. എങ്കിലും നൂറുകണക്കിനു പ്രതിഷേധക്കാരുമായി ഉണ്ടാകുന്ന ഏറ്റുമുട്ടല്‍ എങ്ങനെ പരിണമിക്കുമെന്ന് മുന്‍കൂട്ടി കാണാനാകില്ല. വലിയ ഒരു സംഘം യുവാക്കള്‍ നിശ്ചയദാര്‍ഢ്യത്തോടെ, രണ്ടും കല്പിച്ച് മന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേയ്ക്ക് എടുത്തുചാടിയാല്‍ അതു വെടിവെയ്പിലേയ്ക്ക് നയിച്ചേക്കാം. മന്ത്രിയുടെ വാഹനം ദൃഷ്ടിപഥത്തില്‍ വരുമ്പോള്‍ പ്രതിഷേധക്കാരുടെ രോഷം നിയന്ത്രണം വിടുന്നത് കനകക്കുന്നില്‍ കണ്ടതാണ്. 

കോബാങ്ക് ടവറിലേയ്ക്ക് തിരിയുന്ന മെയിന്‍ റോഡ് ജംഗ്ഷനിലാണ് സമരക്കാര്‍ തടിച്ചുകൂടിയിരുന്നത്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍നിന്നൊക്കെ വന്ന ധാരാളം ചെറുപ്പക്കാര്‍ അതിലുണ്ടായിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ ആയിരുന്നു അന്ന് നേതൃത്വം നല്‍കിയത്. അദ്ദേഹം നിരന്തരം സമരക്കാരോട് സംസാരിക്കുന്നുണ്ടായിരുന്നു. ''മുഖ്യമന്ത്രി വന്നാല്‍ നമ്മള്‍ തടയില്ല. അദ്ദേഹത്തെ കടത്തിവിടും. വേണമെങ്കില്‍ ഒരഭിവാദ്യവും കൊടുക്കും. പക്ഷേ, രാഘവന്‍ വന്നാല്‍ നമ്മള്‍ തടയും. ഈ പോയിന്റ് കടക്കണമെങ്കില്‍ അത് നമ്മുടെ ശവത്തിനുമീതെ മാത്രമേ കഴിയു.'' അതിശക്തമായ വാക്കുകള്‍ പക്ഷേ, വളരെ ശാന്തമായിട്ടാണ് അദ്ദേഹം പറഞ്ഞത്. അങ്ങേയറ്റം അപകടം പിടിച്ച ഒരവസ്ഥയാണ് അതെന്നു മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയും. കൂത്തുപറമ്പിന്റെ ബാക്കി തലസ്ഥാനത്താകുമോ എന്നെനിക്കു തോന്നി. പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം സംസാരിച്ച് ഓരോ ക്രമീകരണങ്ങള്‍ നടത്തി കൊണ്ടിരുന്നു. അനുനിമിഷം സംഘര്‍ഷം വര്‍ദ്ധിച്ചുവരികയായിരുന്നു; പൊലീസിനും സമരക്കാര്‍ക്കും. ഏതുവിധേനയും മന്ത്രി അവിടെ വരുന്നത് ഒഴിവാക്കിയേ പറ്റു എന്നെനിക്കു ബോദ്ധ്യം വന്നു. ഉടന്‍ മന്ത്രിയെ വിവരം അറിയിച്ച് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ഞാന്‍ സിറ്റി പൊലീസ് കമ്മിഷണറോട് പറഞ്ഞു. അതിനു ശ്രമിക്കാം എന്നദ്ദേഹം വാക്കു തന്നു. അല്പം കഴിഞ്ഞ്, മന്ത്രി വഴങ്ങാതെ നില്‍ക്കുകയാണെന്ന് കമ്മിഷണര്‍ അറിയിച്ചു. വെടിവെയ്പിലേയ്ക്ക് നയിക്കുന്ന സാഹചര്യമാണെന്നും ഈ അവസ്ഥ മുഖ്യമന്ത്രിയെ അറിയിച്ച് അദ്ദേഹത്തെ പിന്‍തിരിപ്പിക്കണം എന്നു ഞാന്‍ പറഞ്ഞു. 

സന്ദര്‍ഭത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം അങ്ങേയറ്റം സജീവമായി. പ്രസക്തമായ വിവരങ്ങള്‍ അനുനിമിഷം നല്‍കുന്നതില്‍ വലിയ ജാഗ്രത പുലര്‍ത്തി. വയര്‍ലെസ്സില്‍ അങ്ങോട്ടും ഇങ്ങോട്ടും കൈമാറിക്കൊണ്ടിരുന്ന വിവരങ്ങള്‍ ശ്രദ്ധിച്ചാല്‍ അവിടുത്തെ സംഘര്‍ഷത്തിന്റെ തീവ്രത സുവ്യക്തമായിരുന്നു. ഒരു വലിയ സ്ഫോടനത്തിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക് എന്ന് അത് കേള്‍ക്കുന്ന ആര്‍ക്കും മനസ്സിലാകും. സംഘര്‍ഷം മുറ്റിനില്‍ക്കുന്നു. പെട്ടെന്ന് അപ്രതീക്ഷിതമായി ഇംഗ്ലീഷില്‍ ഒരു സന്ദേശം, വയര്‍ലെസ്സില്‍ കേട്ടു. ''റോവര്‍ കാളിംഗ് സിറ്റി ടൈഗര്‍.'' റോവര്‍ എന്നാല്‍ ഐ.ജിയുടേയും ടൈഗര്‍ എന്നത് എന്റേയും വയര്‍ലെസ്സിലെ കോഡ് ഭാഷയാണ്. ഞാനുടന്‍ വയര്‍ലെസ്സില്‍ വന്നു. ഐ.ജി വയര്‍ലെസ്സിലൂടെ 'Hemachandran, I hope you have made all arrangements and everything will be fine if the minister comes' (ഹേമചന്ദ്രന്‍, നിങ്ങള്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി വന്നാല്‍ എല്ലാം ശുഭകരമായിരിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു). അത് കേട്ടാല്‍ സ്നേഹം വഴിഞ്ഞൊഴുകുന്നപോലെ തോന്നും. ഞാന്‍ ബഹുമാനപുരസരം മറുപടി പറഞ്ഞു: 'Sir, I have made all arrangements but if he comes everything will not be fine' (സര്‍, ഞാന്‍ വേണ്ടത് ചെയ്തിട്ടുണ്ട്. പക്ഷേ, അദ്ദേഹം വന്നാല്‍ എല്ലാം ശുഭകരമായിരിക്കില്ല) 'ok, ok Rover out.' ശരി, ശരി എന്ന് പറഞ്ഞ് അദ്ദേഹം നിര്‍ത്തി. പിന്നീട് അദ്ദേഹത്തെ കണ്ടില്ല. ഏതു നിമിഷവും മന്ത്രി എം.വി. രാഘവന്‍ ചടങ്ങിനെത്താം. എത്തിയാല്‍ അവിടെ എന്തും സംഭവിക്കും, വെടിവെയ്പ്പുള്‍പ്പെടെ എന്നതാണ് സ്ഥിതി എന്നിരിക്കെ എന്തിനുവേണ്ടി ആയിരുന്നു അവസാനം ഇങ്ങനെ വയര്‍ലെസ്സില്‍ വിളിച്ചത് എന്നതെനിക്ക് ദുരൂഹമാണ്. അവസാന നിമിഷം വിളിക്കുമ്പോള്‍, ഞാനെങ്ങാനും Yes Sir (യെസ് സാര്‍) എന്നൊക്കെ യാന്ത്രികമായി മറുപടി നല്‍കുമോ എന്ന ധാരണയിലായിരുന്നുവോ ആ ഇടപെടല്‍. ഉത്തരം കിട്ടാത്ത ചില താത്ത്വിക സമസ്യകളെപ്പോലെ അതെന്റെ മനസ്സില്‍ ശേഷിക്കുന്നു. പക്ഷേ, ഇതൊരു വിലപ്പെട്ട പാഠം തന്നെയായിരുന്നു. പൊലീസിന്റെ അധികാരശ്രേണിയില്‍ ധാരാളം ഉയര്‍ന്ന ഉദ്യോഗസ്ഥരുണ്ടെങ്കിലും ഗുരുതരമായ പ്രശ്‌നമുണ്ടാകുമ്പോള്‍ മിക്കവാറും അവരെല്ലാം അപ്രത്യക്ഷരാകും. പിന്നെ പ്രത്യക്ഷപ്പെടുക എല്ലാം കഴിഞ്ഞ് പോസ്റ്റുമോര്‍ട്ടത്തിനു മാത്രം.
അനിശ്ചിതത്വവും സംഘര്‍ഷവും നീളുന്നതിനിടയില്‍ എനിക്ക് സന്ദേശം ലഭിച്ചു. മന്ത്രി എം.വി. രാഘവന്‍ ചടങ്ങിനു വരില്ല. മുഖ്യമന്ത്രി ഇടപെട്ട് അവസാന നിമിഷം അതൊഴിവാക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിന് ശുഭപര്യവസാനം. മന്ത്രി വരില്ലെന്നു വ്യക്തമായപ്പോള്‍ പ്രതിഷേധത്തിനു നേതൃത്വം വഹിച്ച കടകംപള്ളി സുരേന്ദ്രന്‍ എന്നോട് പറഞ്ഞു: ''ഡി.സി.പി, വലിയൊരു പ്രശ്‌നമാണ് ഇന്ന് ഒഴിവായത്. മന്ത്രി വന്നിരുന്നുവെങ്കില്‍ ഇവിടെ എന്തും സംഭവിച്ചേനെ.'' സംഭവിക്കാത്ത ദുരന്തം എങ്ങനെ ഒഴിവായി എന്ന് ആരും ചിന്തിക്കാറില്ലല്ലോ.

ഇങ്ങനെയൊക്കെ ആയിരുന്നു തലസ്ഥാന നഗരിയിലെ തീക്ഷ്ണമായ അനുഭവങ്ങളുടെ തുടക്കം. പൊലീസ് ചുമതലകളിലേയ്ക്ക് എനിക്ക് അവിസ്മരണീയമായ 'സ്വാഗതം' നല്‍കിയ തൊപ്പിവച്ച ഒരു താടിക്കാരനെ കനകക്കുന്നില്‍ കണ്ടുവല്ലോ. അന്ന് ഡി.വൈ.എഫ്.ഐയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന ബി.എസ്. രാജീവ് ആയിരുന്നു അത്. പിന്നീട് ഒരുപാട് സമരമുഖങ്ങളില്‍ 'കണ്ട' രാജീവുമായി വിലപ്പെട്ട സൗഹൃദം എനിക്കുണ്ടായി. എന്റെ സര്‍വ്വീസിലുടനീളം അത് തുടര്‍ന്നു. പുസ്തകങ്ങളെ കുറിച്ചാണ് ഞങ്ങള്‍ പലപ്പോഴും സംസാരിച്ചത്. മികച്ച വായനക്കാരന്‍ കൂടി ആയിരുന്ന രാജീവുമായുള്ള സംഭാഷണം എനിക്കേറെ പ്രിയങ്കരമായിരുന്നു. ഞാന്‍ ഔദ്യോഗിക ജീവിതത്തോട് വിടപറയുന്നതിന് ഏതാണ്ട് ഒരു വര്‍ഷം മുന്‍പ്, തലസ്ഥാനത്ത് എന്നെ 'സ്വാഗതം' ചെയ്ത രാജീവ് ജീവിതത്തോട് വിടപറഞ്ഞു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com