''സഖീ, നമ്മള്‍ക്കിത്തിരി നേരമിരിപ്പത് നറുചിരിയാല്‍ത്തന്നെ നിറയ്ക്കാം''

''സഖീ, നമ്മള്‍ക്കിത്തിരി നേരമിരിപ്പത് നറുചിരിയാല്‍ത്തന്നെ നിറയ്ക്കാം''
Updated on
4 min read

നിക്കിനി രണ്ടു വര്‍ഷം കൂടിയേ ജീവിതം ബാക്കിയുള്ളൂ, അതുകൊണ്ട് ഇതൊന്നും ശരിയാവില്ല. നീ പോ.''

അപൂര്‍വ്വ നാഡീരോഗം തിരിച്ചറിഞ്ഞ ആദ്യദിനങ്ങളില്‍ ഇങ്ങനെ കൂട്ടുകാരിയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്, സ്റ്റീഫന്‍ ഹോക്കിങ്. മരണമുഖത്ത് എത്തിയതിന്റെ ഞെട്ടലില്‍, അതിന്റെ നിരാശയിലും വേദനയിലും ലോകത്തിനു മുന്നില്‍ വാതില്‍ കൊട്ടിയടച്ച നാളുകള്‍. മുഖത്തോടു മുഖം വരാതിരിക്കാന്‍ ആവുംവിധമെല്ലാം ശ്രമിച്ചെങ്കിലും അതൊന്നും ഗൗനിക്കാതെ ഒരു ദിവസം മുറിയിലേയ്ക്കു കയറിവന്നു, അവള്‍. ''ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എനിക്ക് നിന്നോടൊത്ത് ജീവിക്കണം, അത് എത്ര കുറഞ്ഞ കാലമായാലും.''

എന്താണ് പറയേണ്ടതെന്ന് അന്തിച്ചുനിന്ന സ്റ്റീഫന്റെ മുഖം കയ്യിലെടുത്ത്, ദീര്‍ഘമായൊരു ചുംബനം. പിന്നെ സ്റ്റീഫന്റെ കണ്ണടയൂരി ഉടുപ്പറ്റംകൊണ്ട് തുടച്ച് തിരികെ വെച്ചിട്ട് ചോദ്യം:

''ഇതിലെപ്പോഴും അഴുക്കാണല്ലോ, ഇപ്പോ ശരിക്കു കാണുന്നില്ലേ?''

''കാണാം'' അതു പറയുമ്പോള്‍ സ്റ്റീഫന്റെ മുഖത്ത് തിരിച്ചെത്തുന്നുണ്ട്, ജീവിതത്തിന്റെ ചിരി. മനുഷ്യന്‍ മനുഷ്യനെ ഉമ്മവയ്ക്കുമ്പോള്‍ മാറിനില്‍ക്കാതിരിക്കാനാവില്ല, മരണത്തിനെന്ന് തോന്നിപ്പോകും, കാണുന്നവര്‍ക്ക്.

ജെയ്ന്‍ ഹോക്കിങ്ങിന്റെ ഓര്‍മക്കുറിപ്പുകളെ* ആസ്പദമാക്കി സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ കഥ പറഞ്ഞ ബ്രിട്ടിഷ് സിനിമ, 'തിയറി ഒഫ് എവരിതിങ്ങി'ലുണ്ട്, ആ മനോഹര രംഗം. രണ്ടു വര്‍ഷത്തെ ജീവിതമേ ബാക്കിയുള്ളൂ എന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ സ്റ്റീഫന്‍, പ്രണയം ജ്വലിപ്പിച്ചുവിട്ട ജീവിതകാമനയില്‍ പിടിച്ച് മരണത്തില്‍നിന്നു സമയം നീട്ടിവാങ്ങിക്കൊണ്ടേയിരുന്നു, പിന്നെ സമയത്തിന്റെ സംക്ഷിപ്ത ചരിത്രമെഴുതി ചരിത്രം തന്നെയായി മാറി. ''അവര്‍ രണ്ടെന്നാണ് പറഞ്ഞത്, നമുക്കു പക്ഷേ, ഒരുപാട് വര്‍ഷങ്ങള്‍ ഉണ്ടായിരുന്നു'' എന്ന് പിന്നീടൊരു ഘട്ടത്തില്‍ പറയുന്നുണ്ട്, ജെയ്ന്‍. ഇനി അഥവാ സ്റ്റീഫനു രണ്ടു വര്‍ഷത്തെ ജീവിതമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ മറ്റൊരു വിധത്തിലാവുമായിരുന്നോ അവരുടെ ജീവിതം? അറിയില്ല. ''എനിക്ക് നിന്നോടാത്ത് ജീവിക്കണം, അത് എത്ര കുറഞ്ഞ കാലമായാലും'' എന്നായിരുന്നു ജെയ്നിന്റെ വാക്കുകള്‍. ജേഡന്‍ സ്മിത്ത് മുഖ്യവേഷത്തില്‍ അഭിനയിച്ച 'ലൈഫ് ഇന്‍ എ ഇയറി'ലെ നായകനു പക്ഷേ, അങ്ങനെയല്ല കാര്യങ്ങള്‍. ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് കാന്‍സര്‍ ആണെന്നറിയുമ്പോള്‍, അവള്‍ക്ക് ഒരു വര്‍ഷത്തെ ജീവിതമേ ബാക്കിയുള്ളുവെന്നറിയുമ്പോള്‍, ആ ഒരു വര്‍ഷത്തേയ്ക്കുവേണ്ടി ജീവിതത്തെ പ്ലാന്‍ ചെയ്യുകയാണയാള്‍. അങ്ങനേയും മരണത്തെ അഭിമുഖീകരിക്കാനാവുമോ?

''മനുഷ്യനു പല വിധത്തില്‍ മരിക്കാം, പക്ഷേ, മനോഹരമായ ഒരു മരണത്തിനായി ഓരോരുത്തരും സ്വയം പരിശീലിക്കേണ്ടതുണ്ട്'' എന്നു പറഞ്ഞിട്ടുണ്ട്, ഗാന്ധിജി.** നവൊഖാലിയിലേയ്ക്കു പോകാനിറങ്ങിയപ്പോള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച അനുയായികളോടായിരുന്നു ആ വാക്കുകള്‍. ധീരമായ മരണം എന്നല്ല, മനോഹരമായ മരണം എന്നാണ് ഗാന്ധിജി പറഞ്ഞത്. അതില്‍ ഒരു സര്‍ഗ്ഗാത്മകതയുണ്ട്. ആര്‍ട്ട് ഒഫ് ഡയിങ് അഥവാ മരിക്കുന്നതിലെ കലയെക്കുറിച്ചാണ് അത് പറഞ്ഞുവയ്ക്കുന്നത്.

തിയറി ഓഫ് എവരിതിങ് എന്ന ചിത്രത്തില്‍ നിന്ന്
തിയറി ഓഫ് എവരിതിങ് എന്ന ചിത്രത്തില്‍ നിന്ന്

അനിവാര്യമായ മരണത്തെ സമചിത്തതയോടെ സമീപിക്കുക; അങ്ങനെയൊരു ചിന്തയുണ്ട്, ഡോ. ലൂസി മാത്യു പാറക്കുളങ്ങരയും ജോയി തോമസും ചേര്‍ന്നെഴുതിയ 'കാന്‍സര്‍ ഞങ്ങള്‍ക്ക് അനുഗ്രഹമായി' എന്ന പുസ്തകത്തില്‍. കാന്‍സറിനെ അതിജീവിച്ച ഒരാളുടെ അനുഭവക്കുറിപ്പുകളായി എഴുതിത്തുടങ്ങുകയും കാന്‍സറിനു കീഴടങ്ങിയ ഒരാളുടെ അനുഭവമായി അവസാനിക്കുകയും ചെയ്യുന്ന രചനയാണിത്. സ്തനാര്‍ബുദബാധിതയായ ലൂസി അതിനെ അതിജീവിച്ച ശേഷമാണ് അനുഭവങ്ങള്‍ എഴുതിത്തുടങ്ങിയത്. അതു പൂര്‍ത്തിയാവും മുന്‍പേ അവര്‍ക്ക് അണ്ഡാശയ കാന്‍സര്‍ കണ്ടെത്തുന്നു. ആവുംവിധമെല്ലാം രോഗത്തോട് പൊരുതിനിന്ന ലൂസിയുടെ മരണശേഷം ജീവിതപങ്കാളി ജോയി തോമസ് ആണ് പുസ്തകം പൂര്‍ത്തിയാക്കുന്നത്. അങ്ങനെ അത് ഒരു കുടുംബം കാന്‍സറിനോട് മുഖാമുഖം നിന്നതിന്റെ സാക്ഷ്യമായി മാറുന്നു. അല്ലെങ്കിലും അര്‍ബുദം ഒരാളെയല്ല, കുടുംബത്തെ ഒന്നടങ്കമാണ് ബാധിക്കുക എന്നാണല്ലോ പറയാറ്.

''ഉടന്‍ മരണകാരണമാവാത്ത കാന്‍സര്‍പോലുള്ള രോഗങ്ങള്‍ ബാധിക്കുന്നവരുടെ ശിഷ്ടജീവിതം എങ്ങനെയാവും? ശാരീരിക ആരോഗ്യം കുറഞ്ഞുകുറഞ്ഞു വരാനാണ് സാധ്യത. എന്നാല്‍, ജീവിതം കൂടുതല്‍ മോശമാവുകയോ മെച്ചപ്പെടുകയോ ചെയ്യാം. ജീവിതാന്ത്യത്തില്‍ മിന്നല്‍പ്പിണര്‍പോലെ കണ്ണഞ്ചിപ്പിക്കുന്ന ശോഭ പരത്തി കടന്നുപോവാന്‍ അത്തരം രോഗികള്‍ക്ക് അവസരമുണ്ട്. ഓരോരുത്തരും രോഗത്തെ എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമത്. എന്റെയാള്‍ കാന്‍സര്‍ എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ച് സന്തോഷത്തോടേയും ഫലപ്രദമായും ജീവിതം നയിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ വിവരണമാണ് ഈ പുസ്തകം'' -ജോയി തോമസ് എഴുതുന്നു. തനിക്ക് പുസ്തകം എഴുതി പൂര്‍ത്തിയാക്കാനാവില്ലെന്നു തോന്നിയപ്പോള്‍, തന്റെ മരണശേഷം ബാക്കി ഭാഗം എഴുതിച്ചേര്‍ത്തോളൂ എന്ന് ആവശ്യപ്പെട്ട ലൂസി വെച്ച ഒരു നിബന്ധനകൂടി ഓര്‍ത്തെടുക്കുന്നുണ്ട്, ജോയി: ''ആളുകളെ പേടിപ്പിക്കുന്ന കാര്യങ്ങളൊന്നും എഴുതരുത്.'' ആദ്യം കാന്‍സറിനെ കീഴടക്കിയപ്പോഴും പിന്നീട് കാന്‍സറിനു കീഴടങ്ങിയപ്പോഴും ഒരേ പ്രസാദാത്മകതയോടെയാണ് ലൂസി ജീവിതത്തെ സമീപിക്കുന്നത്. അത്തരമൊരു കാഴ്ചപ്പാടിലേയ്ക്ക് എത്തിച്ചതുകൊണ്ടാവണം കാന്‍സര്‍ ഞങ്ങള്‍ക്ക് അനുഗ്രഹമായി എന്ന് അവര്‍ പുസ്തകത്തിനു തലക്കെട്ടു നല്‍കിയതും. ''കാന്‍സര്‍, നിനക്ക് ആളു തെറ്റിപ്പോയി'' (Cancer, You picked the wrong girl) എന്ന ശര്‍മിഷ്ഠ മുഖര്‍ജിയുടെ അനുഭവക്കുറിപ്പിനെ ഓര്‍മ്മിപ്പിക്കും, അത്.

ചരമവാര്‍ത്തയ്‌ക്കൊപ്പം ഏതു ഫോട്ടോ കൊടുക്കണം, മരിച്ചുകഴിഞ്ഞാല്‍ ഏതു സാരി ഉടുപ്പിക്കണം എന്നു തുടങ്ങി വീട്ടു ജോലിക്കാരിക്ക് ശമ്പളം കൂട്ടിക്കൊടുക്കാനുള്ള നിര്‍ദ്ദേശം വരെ കൊടുത്ത്, മുന്നൊരുക്കങ്ങളെല്ലാം നടത്തിയാണ് ലൂസി മരണത്തെ വരവേറ്റത്. ഒരു ഘട്ടത്തില്‍ ജോയിയോട് ഇങ്ങനേയും പറയുന്നുണ്ട് അവര്‍: ''ഒറ്റയ്ക്കായി കഴിയുമ്പോള്‍ എല്ലാ കാലവും മക്കള്‍ ഒപ്പമുണ്ടാവുമെന്ന് പപ്പാജി പ്രതീക്ഷിക്കരുത്, ആഗ്രഹിക്കുകയുമരുത്. ഒപ്പം ആരുമില്ലാതെ വന്നാല്‍, ഏകാകികളായ ആളുകള്‍ ഒരുമിച്ചു താമസിക്കുന്ന ഏതെങ്കിലുമൊരിടത്തേയ്ക്കു മാറി, അല്‍പ്പമൊക്കെ ലാവിഷായി സന്തോഷത്തോടെ ജീവിക്കണം.'' മരണത്തെ വല്ലാത്തൊരു നിര്‍മമതയോടെ സമീപിച്ച ലൂസി ഒരിക്കല്‍ ചോദിച്ചു: ''ക്രിപ്റ്റിലെ പാറ്റകള്‍ എന്നെ അരിച്ചു തിന്നുമോ പപ്പാജി?'' ഇടവകപ്പള്ളിയിലെ ക്രിപ്റ്റിനുള്ളില്‍ പാറ്റകളുണ്ടെന്ന് ആരോ പറഞ്ഞുകേട്ട ദിവസമായിരുന്നു അത്. മരിച്ചുകഴിഞ്ഞാല്‍ പക്ഷേ, ശരീരത്തിന് എന്തു സംഭവിക്കുമെന്ന് കെമിസ്ട്രി അദ്ധ്യാപികയായ ലൂസിക്ക് കൃത്യമായും അറിയുമായിരുന്നു. ലൂസിയുടെ തന്നെ വാക്കുകളില്‍ അതിങ്ങനെ: ''ജീവികളിലുള്ള പ്രോട്ടീനുകള്‍ നിര്‍മ്മിക്കപ്പെടുന്നത് എല്‍ അമിനോ ആസിഡുകളാലാണ്. ജൈവകോശങ്ങളില്‍ ഒഴികെയുള്ള അമിനോ ആസിഡുകള്‍ എല്‍ ആന്‍ഡ് ഡി തുല്യ മിശ്രിതമായിരിക്കും. ജൈവകോശങ്ങളില്‍ മാത്രം എന്തുകൊണ്ട് ഒരിനം അമിനോ ആസിഡ് എന്ന് ശാസ്ത്രത്തിന് ഇനിയും വ്യക്തമല്ല. ജീവന്‍ പോയിക്കഴിഞ്ഞാല്‍ ഉടന്‍തന്നെ കോശങ്ങളിലെ അമിനോ ആസിഡുകള്‍ എല്‍ ആന്‍ഡ് ഡി തുല്യ മിശ്രിതമായി മാറും.''

ജോയി തോമസും ഡോ. ലൂസി മാത്യുവും
ജോയി തോമസും ഡോ. ലൂസി മാത്യുവും

മരണം ബാക്കിവെച്ച ശരീരത്തെ ഇങ്ങനെ കേവല രസതന്ത്രത്തിന്റെ ഭാഷയില്‍ നിര്‍വ്വചിക്കുന്നതിനോട് യോജിക്കുന്നുണ്ടാവില്ല വിനു. വിനു ഒരു ശവംവാരിയാണ്; മൃതദേഹങ്ങളെ, വികാരവിചാരങ്ങളോടെ ജീവിച്ചുമരിച്ച ഒരാളുടെ അവശേഷിപ്പ് എന്ന നിലയില്‍, അര്‍ഹിക്കുന്ന ആദരത്തോടെ മാത്രം സ്പര്‍ശിക്കുന്ന ശവംവാരി. ''അത്രേം മോശം അവസ്ഥയിലുള്ള മൃതദേഹങ്ങളാ ഞാന്‍ എടുക്കണത്. ദിവസങ്ങള്‍ പഴക്കമുള്ളതും അഴുകിയതും പുഴുവരിക്കുന്നതും അസ്ഥി പുറത്തു വന്നതും മാംസം ഒലിച്ചിറങ്ങിയതുമായ മൃതദേഹങ്ങള്‍. പലരും ചെയ്യുന്നപോലെ തൂങ്ങിയ ആളുടെ മൃതദേഹം കെട്ടിയിറക്കുകയല്ല ഞാന്‍ ചെയ്യണത്. അതിനെ ചേര്‍ത്തുപിടിച്ച് തോളത്തിട്ട് ഇറക്കുകയാണ്. മരിച്ചുപോയൊരാളുടെ ദേഹത്തോട് അനാദരവ് കാട്ടരുതെന്ന് നിര്‍ബ്ബന്ധമുണ്ടെനിക്ക്'' -നിയാസ് കരീം എഴുതിയ 'മരണക്കൂട്ട്-ഒരു ശവംവാരിയുടെ ആത്മകഥ'യില്‍ വിനു പറയുന്നു. അപകടത്തില്‍പ്പെട്ടവരുടേയും ദുര്‍മ്മരണത്തിന് ഇരയാവുന്നവരുടെയുമെല്ലാം ശരീരം, പൊലീസിന്റെ സഹായി എന്ന നിലയില്‍, എടുത്തുമാറ്റുന്ന പണി പ്രൊഫഷന്‍ ആയി സ്വീകരിച്ചതോടെ സമൂഹത്തില്‍നിന്നു പുറത്താക്കപ്പെട്ടയാളാണ് വിനു. വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും ഒഴിവാക്കിയിട്ടും നിരന്തരമായി നിന്ദയ്ക്കു പാത്രമായിട്ടും ഈ പണി തന്നെ തുടര്‍ന്നുപോരുന്നൊരാള്‍. അതെന്തേ അങ്ങനെ എന്നു ചോദിച്ചവരോടെല്ലാം അയാള്‍ പറഞ്ഞത് ഒരേ മറുപടി: ''വേറൊരു പണിയിലും എനിക്കീ തൃപ്തി കിട്ടില്ല.'' എന്നിട്ടും സന്ദേഹിച്ചു നില്‍ക്കുന്നവര്‍ക്കായി മനോഹരമായി അതു വിവരിച്ചിട്ടുണ്ട്, 'മരണക്കൂട്ടി'ന്റെ അവതാരികയില്‍ സന്തോഷ് ഏച്ചിക്കാനം. ''വാന്‍ഗോഗ് മഞ്ഞനിറത്തിലേയ്ക്ക് ഇറങ്ങുംപോലെയാണ് മുങ്ങിമരിച്ചവനെത്തേടി വിനു പുഴയാഴങ്ങളിലെ തണുപ്പിലേയ്ക്ക് ഊളിയിടുന്നത്. അജ്ഞാതന്റെ ശരീരവുമായി കരയിലെത്തുമ്പോള്‍ അയാള്‍ ഒരു ഗോതമ്പുപാടം വരച്ചുതീര്‍ത്ത നിര്‍വൃതി അനുഭവിക്കുന്നു.'' പ്രണയത്തിനും ജീവിതത്തിനും മരണത്തിനും നമ്മളറിയാത്ത എത്രയെത്ര അടരുകള്‍!

വിക്ടോറിയ ആന്‍ഡ് അബ്ദുല്‍ കണ്ടിട്ടുണ്ടോ? സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപതിയും ലക്നൗവിലെ ഒരു ഉറുദു മുന്‍ഷിയും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ കഥ? രാജകുടുംബം ഒന്നടങ്കം എതിര്‍ത്തിട്ടും അബ്ദുലിനെ തള്ളിപ്പറയാന്‍ മടിച്ച സ്‌നേഹബന്ധത്തിന്റെ കഥ? അതില്‍ സ്‌നേഹത്തിന്റെ കരുത്തോടെ മരണത്തിലേയ്ക്ക് വഴുതിവീഴുന്ന രാജ്ഞിയുടെ രംഗം ഒന്നുകൂടി കണ്ടുനോക്കൂ. എന്തൊരു ശാന്തമാണാ മരണം! കക്കാടിനെ വായിച്ചവരെങ്കില്‍ നമുക്ക് 'പകലറുതിക്കു മുന്‍പ്'*** എന്ന കവിത ഓര്‍മ്മവരും, ''സഖീ, നമ്മള്‍ക്കിത്തിരി നേരമിരിപ്പത് നറുചിരിയാല്‍ത്തന്നെ നിറയ്ക്കാം'' എന്ന വരികള്‍ ഓര്‍മ്മവരും.?

------------------------------

*Traveling to infinity: My life with Stephen

** Gandhi - The years that changed the world

***അര്‍ബുദം മൂര്‍ഛിച്ച് മരണത്തോട് മുഖാമുഖം നിന്ന നാളുകളില്‍ എന്‍എന്‍ കക്കാട് എഴുതിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com