നമ്മള്‍ 5D റിയാല്‍റ്റിയില്‍: ദൈവത്തിന്റെ ആത്മകഥയെഴുതിയ ലെന 

ചലച്ചിത്ര നടി ലെനയുമായി ദുര്‍ഗ മനോജ് നടത്തിയ അഭിമുഖം
നമ്മള്‍ 5D റിയാല്‍റ്റിയില്‍: ദൈവത്തിന്റെ ആത്മകഥയെഴുതിയ ലെന 
Updated on
7 min read

ലെന എന്ന അഭിനേത്രി നമുക്ക് അപരിചിതയല്ല. ‘സ്‌നേഹം’ എന്ന ചിത്രത്തിലെ അമ്മുവെന്ന കഥാപാത്രമായി മലയാളസിനിമാമേഖലയിലേക്കു കടന്നുവന്ന ലെന, ഇപ്പോൾ ഇരുപത്തഞ്ചു വർഷമായി ഈ ഇൻഡസ്ട്രിയുടെ ഭാഗമായി തുടരുന്നു. ഇടയ്ക്കു ചില ഇടവേളകൾ സ്വയം എടുത്ത് മാറിനിന്നും വീണ്ടും പൂർവ്വാധികം ശക്തിയോടെ തിരികെ വന്നും ലെന നമ്മളോടൊപ്പം സഞ്ചരിക്കുന്നു. ഇതിനിടയിൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റായി കുറച്ചുകാലം ജോലിയും ചെയ്തു. എങ്കിലും സിനിമ തന്നെയാണ് തന്റെ വഴിയെന്ന് ലെന തിരിച്ചറിഞ്ഞു; ഒപ്പം ആത്മീയതയുടെ അധികമാരും സഞ്ചരിക്കാത്ത വഴിയിലൂടെ ഏറെ മുന്നേറുകയും ചെയ്തു. സ്വയം ചോദ്യങ്ങൾ ചോദിക്കുകയും കാലംകൊണ്ട് ഉത്തരങ്ങളിലേക്ക് എത്തുകയും ചെയ്തു. ഈ ഘട്ടത്തിലാണ് തന്റെ ആത്മീയയാത്രയെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ നിശ്ചയിക്കുന്നതും ‘ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതും. അഭിനേത്രിയിൽനിന്ന് എഴുത്തുകാരിയിലേക്ക്; ഈ പുസ്തകത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ഒരു സംഭാഷണം.

സിനിമയിലേക്കു തികച്ചും യാദൃച്ഛികമായി കടന്നുവന്ന പതിനാറുകാരി പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ചശേഷം ഇതല്ല തന്റെ വഴിയെന്നു നിശ്ചയിച്ചു പിന്മാറുന്നു. എന്നാൽ, അതങ്ങനെ തുടരുന്നില്ല, വീണ്ടും സിനിമയിലേക്കു വരുന്നു. പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ള ഈ സംഭവത്തെ മുൻനിർത്തി ചോദിക്കട്ടെ, ‘ദി ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകത്തിലേക്ക് ലെന എന്ന അഭിനേത്രിയെ നയിച്ചതിൽ സിനിമയുടെ സ്വാധീനമെത്രത്തോളമാണ്?

സിനിമയുടെ ലോകത്തേക്കു ഞാൻ കടന്നുവന്നിട്ട് ഇരുപത്തഞ്ചു വർഷമായി. കൗമാരപ്രായത്തിൽനിന്നും യൗവ്വനത്തിലൂടെ എന്റെ ജീവിതം കടന്നുപോകുമ്പോൾ, എന്റെ പകലുകൾ, ഒരു ദിവസത്തിൽ ഉണർന്നിരിക്കുന്ന മണിക്കൂറുകൾ, അവയിൽ ഏറിയപങ്കും ഞാൻ ചെലവിട്ടത് ഷൂട്ടിങ്ങ് ലൊക്കേഷനുകളിലാണ്. സിനിമയിൽനിന്നും അടർന്നുമാറിയൊരു ജീവിതം ഉണ്ടായിട്ടില്ല എന്നു പറയാം. ഞാൻ കണ്ട ലോകം എന്നാൽ സിനിമയുടെ ലോകം എന്നു പറയേണ്ടിവരും. മറ്റൊരർത്ഥത്തിൽ നമുക്കു ചുറ്റുമുള്ള ഈ വലിയ ലോകത്തിന്റെ ചെറുപതിപ്പുകളാണ് ഓരോ ലൊക്കേഷനുകളും എന്നും പറയാം. അവിടെ ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ടവരും ഉൾപ്പെടുന്നുണ്ട്. എല്ലാത്തരം രാഷ്ട്രീയവും സ്‌നേഹബന്ധങ്ങളും മത്സരവും സഹകരണവും എല്ലാം അതിൽ അന്തർലീനമാണ്. എന്നിട്ടും ഞാൻ സിനിമയെ ഉപേക്ഷിക്കാൻ ഒന്നല്ല, രണ്ടുവട്ടം ശ്രമിച്ചു എന്നത് മറച്ചുവെയ്ക്കുന്നില്ല. പുസ്തകത്തിൽ ഞാനത് പറഞ്ഞിട്ടുണ്ടല്ലോ. എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് സിനിമാമേഖലയിലെ വ്യക്തികളാണ്. ഇനി ഞാൻ എന്തിലേക്കു മാറുമ്പോഴും എന്റെ വേരുകൾ സിനിമയിൽത്തന്നെ ആയിരിക്കും. സിനിമയിൽനിന്നും അടർത്തിമാറ്റി ഒരു ജീവിതം എന്നത് ഇനി എനിക്ക് സാധ്യമാകുമെന്നും ചിന്തിക്കുന്നില്ല. എന്റെ മറ്റെന്തു താല്പര്യത്തിലേക്കും അതായത് ആത്മീയതയാകട്ടെ, എഴുത്താകട്ടെ, എന്റെ പഠനവിഷയമായ സൈക്കോളജിയിലെ തുടർചിന്തകളോ പഠനമോ നിരീക്ഷണങ്ങളോ പ്രവർത്തനങ്ങളോ എന്തുമാകട്ടെ, അത് സിനിമയെ ഒഴിവാക്കി മറ്റൊന്നിൽ നിലനിൽക്കാം എന്ന ചിന്തയിൽ നിന്നാകില്ല. സിനിമ, അതെന്റെ നിലനിൽപ്പാണ്. അതിൽ വേരുകൾ ആഴ്ത്തി, എനിക്കു താല്പര്യമുള്ള മറ്റു മേഖലകളിലേക്കു ഞാൻ പടർന്നുകയറാൻ ശ്രമിക്കും. അപ്പോഴും എനിക്ക് വെള്ളവും വളവും തന്ന്, എനിക്ക് ഞാനായി നിലകൊള്ളാൻ സിനിമ നൽകുന്ന പരിഗണനയും പരിരക്ഷയും ഉണ്ടാകും എന്നൊരു ഉറപ്പ് ഇന്നുണ്ട്. അത്തരം ഒരു തിരിച്ചറിവിൽ നിന്നാണ് ഈ പുസ്തകം, ‘ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് അഥവാ ദൈവത്തിന്റെ ആത്മകഥ’ എഴുതാൻ ഞാൻ തുനിഞ്ഞത്.

malayalam actress Lena
ലെന

അയഥാർത്ഥമാണ് സിനിമ, എന്നാൽ ഒരാൾ Who am I? എന്നു ചോദിക്കുന്നത് തികച്ചും യഥാർത്ഥമാണ്. സത്യത്തിൽ അഭിനേത്രിയിൽനിന്നും ഒരു ആത്മീയപാതയിൽ സഞ്ചരിക്കുമ്പോൾ ആത്മസംഘർഷം എത്രത്തോളമുണ്ട്?

ശരിയാണ്, സിനിമ ഒരു അയഥാർത്ഥ ലോകമാണ്. എന്നാൽ, അതിൽ പ്രവർത്തിക്കുന്നവരെ സംബന്ധിച്ച് അത് ഞങ്ങളുടെ യഥാർത്ഥ ജീവിതമാണ്, അല്ലെങ്കിൽ യാഥാർത്ഥ്യമാണ്. കഥാപാത്രങ്ങളായി ആ സമയം ജീവിക്കുകയാണ്. എന്നാൽ, കാഴ്ചക്കാരെ നോക്കൂ, അവരും സിനിമ കാണുന്ന അത്രയും സമയം ആ അയഥാർത്ഥ ലോകത്തിൽ നിലകൊള്ളുന്നു. അദ്വൈതദർശനത്തിലെ മായാലോകം ഇതുതന്നെയല്ലേ പറയുന്നത്? സിനിമയിലെ നായകനോടു സ്‌നേഹവും പ്രതിനായകനോടു ദേഷ്യവും കാഴ്ചക്കാരനു തോന്നുന്നു. ഹാസ്യരംഗങ്ങളിൽ പൊട്ടിച്ചിരിക്കുന്നു, വൈകാരികരംഗങ്ങളിൽ കണ്ണു നിറയ്ക്കുന്നു. അതായത്, ഇല്ലാത്തത് എന്നു പൂർണ്ണബോധ്യമുള്ളതിനെപ്രതി നമ്മൾ മാനസികപിരിമുറുക്കം ഏറ്റുവാങ്ങുന്നു, ആകാംക്ഷയോടെ വീക്ഷിക്കുന്നു. അതുപോലെ നമ്മൾ സ്വന്തം ജീവിതത്തിനെ, യഥാർത്ഥമെന്നു മാത്രം ചിന്തിക്കുന്നു. നമ്മുടെ സുഖം, ദുഃഖം, ഇഷ്ടം, അനിഷ്ടം, വേദന, അസുഖം, മാനസികവ്യാപാരങ്ങൾ ഒക്കെ നമുക്ക് യഥാർത്ഥത്തിൽ അനുഭവപ്പെടുന്നതുതന്നെയാണ്. എന്നാൽ, അദ്വൈതദർശനത്തിലെ വൈരാഗ്യം എന്ന വാക്ക് കടംകൊണ്ടുകൊണ്ട് ഞാൻ പറയട്ടെ, വൈരാഗ്യത്തോടെ സ്വന്തം ജീവിതത്തെ നോക്കിക്കണ്ടാൽ, ചുറ്റുപാടും മാത്രമല്ല, സ്വന്തം ശരീരം പോലും മറ്റൊന്ന് എന്ന മട്ടിൽ അതിനെ നിരീക്ഷിക്കാൻ നമുക്കു സാധിക്കും. ഒരുപക്ഷേ, വളരെ സങ്കീർണ്ണമായ ഈ വേദാന്തചിന്ത എനിക്ക് അത്ര ആശയക്കുഴപ്പമില്ലാതെ മനസ്സിലാക്കാൻ സാധിച്ചത് ഞാൻ സിനിമയിൽ നിൽക്കുന്നതുകൊണ്ടാണ്. ആത്മസംഘർഷം അല്ല ആത്മജ്ഞാനമാണ് സിനിമ എനിക്കു നൽകിയത്. സത്യത്തിൽ സിനിമയിൽ നിലകൊള്ളുന്നതുകൊണ്ട് എനിക്കതു കൂടുതൽ നന്നായി തിരിച്ചറിയാനാകുന്നു.

ദൈവത്തിന്റെ ആത്മകഥയെഴുതാൻ പൊടുന്നനെയുണ്ടായ കാരണം?

ഒരു ആയുർവേദ ചികിത്സയുടെ ഭാഗമായി കൊവിഡ് സമയത്ത് ഞാൻ വയനാട്ടിലായിരുന്നു. നാലുമാസം നീണ്ട പഞ്ചകർമ്മചികിത്സയുടെ ഒടുവിൽ ഇരുപത്തൊന്നു ദിവസം നീണ്ട നല്ലയിരുപ്പ് എന്ന ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ പഞ്ചേന്ദ്രിയങ്ങൾക്കും പരിപൂർണ്ണ വിശ്രമം ആവശ്യമുണ്ടായിരുന്നു. മൊബൈൽ ഇല്ല, കൃത്രിമ വെളിച്ചമില്ല, പുറംലോകത്തുനിന്നുള്ള ശബ്ദങ്ങൾ ഇല്ല, മറ്റൊരു മനുഷ്യനെ കാണാനില്ല. ഔഷധക്കഞ്ഞിയും പാൽക്കഞ്ഞിയും മാത്രം ഭക്ഷണം. പുസ്തകങ്ങൾ, പാട്ട് ഒന്നുമൊന്നും ഇല്ല. അങ്ങനെ ഇരുപത്തൊന്നു ദിനരാത്രങ്ങൾ. ചിന്തകൾ പലവിധത്തിൽ കാടുകയറി. ആ ഇരുപ്പിൽ ആദ്യം തെളിഞ്ഞത് ഒരു പേരാണ്, ‘ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്.’ പക്ഷേ, അത് എവിടെ എഴുതിയിടണം എന്ന് അറിയില്ല. ഏകാന്തവാസത്തിൽ ആ പേര് മനസ്സിൽ ആഴത്തിൽ ഉറച്ചു. അപ്പോഴും അതെന്താണ് എന്നറിയില്ല. ഒരു വരി എന്നതിനപ്പുറം മറ്റൊന്നും ഇല്ല. മെല്ലെമെല്ലെ ആ ചോദ്യങ്ങൾ ഉയർന്നു, What am I? Who am I? Where am I? When am l? and Why am I? തുടർന്നുള്ള ദിവസങ്ങളിൽ ഈ അഞ്ചു ചോദ്യങ്ങളും ആ ടൈറ്റിലും മാത്രമായി ഉള്ളിൽ. അതോടെ എനിക്കു മനസ്സിലായി ഒരു ആത്മകഥ എഴുതുന്നതുപോലെ എന്റെ ജീവിതത്തിൽ സംഭവിച്ചവയെ, തിരിച്ചറിവുകളെ, അനുഭവങ്ങളെ എഴുതണം. അത് ഈ ചോദ്യങ്ങളുടെ ഉത്തരമാകണം. അത് സെൽഫ് റിയലൈസേഷനാണ്. അവനവനെ തിരിച്ചറിയൽ. അതു പലർക്കും സംഭവിച്ചിട്ടുണ്ടാകാം, പല ഘട്ടത്തിൽ. എന്നാൽ, അതെല്ലാവരും തിരിച്ചറിഞ്ഞുകൊള്ളണമെന്നില്ല. എന്റെ അനുഭവങ്ങൾ ഞാൻ പറയുമ്പോൾ സമാനാവസ്ഥയിൽ കടന്നുപോകുന്നവർക്ക് അത് ധൈര്യവും നൽകുമെന്നു ഞാൻ ചിന്തിച്ചു. ആത്മീയ ഉണർവ്വ് പലരും ഭയംകൊണ്ട് പുറത്തുപറയില്ല. നമ്മൾ അറിഞ്ഞതിനെക്കുറിച്ച് പറഞ്ഞാൽ മറ്റുള്ളവർ എന്തുപറയും എന്ന ഭയം, അത്തരക്കാർക്കുകൂടി വേണ്ടിയാണ് ഈ പുസ്തകം. ഈ പേരിന്റെ പ്രസക്തി എന്നു പറയുന്നത് എല്ലാവരും ദൈവത്തിന്റെ ഓരോ രൂപമാണെന്നു ചിന്തിച്ചാൽ, എല്ലാ ആത്മകഥയും ദൈവത്തിന്റേതു തന്നെയാണെന്നും നമ്മൾ ഒരിക്കലും ദൈവത്തിൽനിന്നും വേർപിരിഞ്ഞിരിക്കുന്നില്ല എന്നും ദൈവം മറ്റൊന്നല്ല, നമ്മൾ എല്ലാവരും അതുതന്നെയാണ് എന്നുമാണ്. ദൈവം പലരൂപത്തിൽ ഓരോരുത്തരിലും നിലനിൽക്കുന്നു എന്ന ചിന്തയാണ് ഈ പുസ്തകത്തിന്റെ സാരാംശം എന്നു പറയാം.

പുസ്തകത്തിൽ, നീണ്ട പത്തൊന്‍പതു വർഷങ്ങളെടുത്ത സ്വന്തം പരിവർത്തനത്തെക്കുറിച്ചു പറയുന്നുണ്ട്. അതായത്, മാറ്റം ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല, മറിച്ച് ക്രമാനുഗതമായ മാറ്റമാണ് എന്ന്. 2004 സെപ്റ്റംബർ 3-നു ശേഷം ലെന എന്ന വ്യക്തിക്കു സംഭവിച്ച പ്രധാന മാറ്റങ്ങൾ ഒന്നു പറയാമോ?

സെപ്റ്റംബർ 3, 2004-ലെ ആ തെളിഞ്ഞ പ്രഭാതത്തിൽ മെഡിറ്റേഷനിലിരുന്ന എന്നിൽ നിറഞ്ഞ ചിന്ത ദൈവം എന്താണ് എന്ന ചോദ്യമായിരുന്നു. ആ ഇരുപ്പിൽ ഉള്ളിന്റെയുള്ളിൽ നിന്നൊരു ശബ്ദം എനിക്ക് ഉത്തരം നൽകി, അതു ഞാൻ തന്നെയാണ് എന്നായിരുന്നു ആ ശബ്ദം പറഞ്ഞത്. ആ നിമിഷം മുതൽ എനിക്കു പരിമിതികളില്ലാതായി. ഞാൻ എന്ന വാക്കിനുള്ളിലെ ഒരു കടുകുമണിയോളം പോന്ന ഒന്നായി എന്റെ ശരീരം. എന്നാൽ, അന്നുമുതൽ പത്തൊന്‍പതു വർഷമെടുത്തു എനിക്ക് ആ അറിവുമായി പൊരുത്തപ്പെടാൻ. വെറുതേ പറഞ്ഞ് മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നല്ല അത്. ഞാൻ ദൈവമാകുന്നു എന്ന അറിവോടെ ഇരുന്ന എന്നിൽ എല്ലാം അടങ്ങുന്നതാണ് ഞാൻ എന്ന ബോധം ഉണ്ടായി. എന്നാൽ, ആ അനുഭവം വാക്കുകൾകൊണ്ട് വിശദീകരിക്കാൻ എനിക്ക് ഇത്രയും കാലം വേണ്ടിവന്നു. സ്വയംതിരിച്ചറിവ് താരതമ്യേന എളുപ്പമാണ്. എന്നാൽ ആ ബിന്ദുവിൽനിന്നും ആത്മസാക്ഷാല്‍ക്കാരത്തിലേക്കുള്ള യാത്ര അല്പം നീണ്ടതായിരിക്കും. അത് ആനന്ദദായകമാണ്. അതായത് അറിവ് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അത്രയും സമയം വേണ്ടിവരുന്നു എന്നർത്ഥം. ആ യാത്ര പൂർത്തിയാകുന്നതോടൊപ്പം ഈ പുസ്തകവും പുറത്തുവന്നു. ഇത്രകാലം ഞാൻ കരുതിയത് ആനന്ദമെന്നാൽ അതിയായ സന്തോഷമാണ് എന്നാണ്. എന്നാൽ, ഇന്നു തിരിച്ചറിയുന്നു, ആനന്ദമെന്നാൽ സന്തോഷത്തിനുമപ്പുറം സമാധാനത്തിന്റെ മൂർദ്ധന്യാവസ്ഥയാണെന്ന്. എന്തോ ചെയ്യാനുണ്ട്, സംഭവിക്കാനുണ്ട് എന്ന ചിന്തയൊക്കെ അവസാനിച്ച്, ശാന്തി കൈവരുന്ന നിമിഷത്തിലാണ് ആനന്ദം സംഭവിക്കുക. സെൽഫ് റിയലൈസേഷൻ കൊണ്ടുമാത്രം കാര്യമില്ല, അത് ജീവിതത്തിലേക്കു പകർന്ന്, ആത്മസാക്ഷാല്‍കാരമായി സ്വജീവിതത്തിൽ കൃത്യമായി അനുഭവപ്പെട്ടു തുടങ്ങുമ്പോഴാണ് ആനന്ദം ആരംഭിക്കുക. സമാനമായ അവസ്ഥയിലൂടെ കടന്നുപോയ മറ്റു പലരുടേയും ജീവതത്തെ സൂക്ഷ്മമായി പഠിച്ചപ്പോൾ ഈ നീണ്ട കാലയളവ് വളരെ കൃത്യമായ ഒന്നാണെന്നു ഞാൻ മനസ്സിലാക്കി. ഒരു തത്ത്വം അറിയുന്നു, ആ തത്ത്വം ജീവിതമാക്കുന്നു. അതിനുവേണ്ടിവന്ന നീണ്ടകാലമായി 2004 മുതൽ ആരംഭിച്ച പത്തൊന്‍പതു വർഷങ്ങളെ ഇന്നു ഞാൻ നോക്കിക്കാണുന്നു.

ഇനിയും സിനിമയോടുള്ള നിലപാട് എന്തായിരിക്കും?

പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുള്ള കാര്യമാണിത്, ഇങ്ങനെ ആത്മീയ അന്വേഷണങ്ങളുമായി നടക്കുന്ന എന്നെ പതിനാറു വയസ്സിൽ സിനിമയുടെ ലോകത്തേക്കു നയിച്ചതിനു പിന്നിൽ എന്തായിരിക്കും എന്ന്. ഒടുവിൽ ഞാനതിന് ഉത്തരം കണ്ടെത്തി, എനിക്കു ചെയ്യാനുള്ള എല്ലാ കാര്യങ്ങളും, അതായത് ആത്മീയമോ ഒപ്പം ക്ലിനിക്കൽ സൈക്കോളജിയിലെ തുടർപഠനമോ അന്വേഷണമോ ആകട്ടെ, അതിനൊരു ശക്തമായ അടിത്തറ വേണം. സിനിമയിലെ നീണ്ട ഇരുപത്തഞ്ചു വർഷം കൊണ്ടുണ്ടായ അനുഭവങ്ങളുടെ ആ അടിത്തറ മറ്റെവിടെ നിന്നാണുണ്ടാകുക? ഇനി എന്റെ ജാതകം നോക്കിയാൽ അവിടെയും ഇതൊക്കെ എഴുതിവെച്ചിട്ടുണ്ട്. അതായത് എന്റെ ജീവിതം, കല, സാഹിത്യം, ആത്മീയാന്വേഷണം ഇതൊക്കെയാണ് എന്റെ വഴി, അല്ലെങ്കിൽ എന്റെ യാത്ര ഈ വിധത്തിലാണ്. അതിന്റെ അടിസ്ഥാനം സിനിമയാണുതാനും. അതിനാൽ ഇതൊന്നും ഉപേക്ഷിച്ചാവില്ല എന്റെ മുന്നോട്ടുപോക്ക്.

Lena

ദൈവത്തിന്റെ ആത്മകഥ പുറത്തുവന്നുകഴിഞ്ഞു, പുസ്തകത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

‘ദി ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന ഈ പുസ്തകം ചുറ്റുമുള്ളവരിലേക്ക് ഒരു തിരിച്ചറിവിന് ഒരു തുടക്കം എന്ന നിലയിലാണ് എഴുതിയിരിക്കുന്നത്. ലോകം വളരെപ്പെട്ടെന്നു മാറിക്കൊണ്ടിരിക്കുകയാണ്. ഏജ് ഓഫ് ഇൻഫൊർമേഷൻ കടന്ന് ഏജ് ഓഫ് എൻലൈറ്റ്‌മെന്റ് എന്ന അവസ്ഥയിലേക്കു കടന്നുകഴിഞ്ഞു എന്നതാണ് സത്യം. നമ്മൾ അതിവേഗത്തിൽ മാറ്റം സംഭവിക്കുന്ന പുതിയ വൃത്തത്തിലേക്ക്, അഥവാ ഒരു ഫിഫ്‌ത്ത് ഡൈമെൻഷൻ റിയാലിറ്റിയിലേക്കു കടന്നുകഴിഞ്ഞു. ഇപ്പോൾ നാം പറയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, കാലാവസ്ഥാവ്യതിയാനങ്ങൾ ഇങ്ങനെ പലതും ലോകത്തില അതിദ്രുത മാറ്റത്തിന്റെ മുന്നോടിയാണ്. ഒപ്പം മനുഷ്യമനസ്സുകളിലും മാറ്റങ്ങൾ സംഭവിച്ചുതുടങ്ങിയിരിക്കുന്നു. നമ്മുടെ ചിന്താഗതികളിൽ, ജീവിതരീതികളിൽ മാറ്റമുണ്ടാകുന്നു; ഇഷ്ടങ്ങളിലും പ്രവൃത്തികളിലും മാറ്റം ഉണ്ടാകുന്നു. പലരിലും എന്താണ് തനിക്കു സംഭവിക്കുന്നത് എന്ന ചിന്ത ഉണ്ടാകും. ഇത് ഭാവിയെക്കുറിച്ചും അവനവനെക്കുറിച്ചുമുള്ള ആകാംക്ഷയിലേക്കും ഡിപ്രഷനിലേക്കും നയിക്കുമ്പോൾ അതിനൊരു ചെറിയ പരിഹാരമായാണ് ഈ പുസ്തകം ഞാൻ തയ്യാറാക്കിയത്. സമാനാവസ്ഥകളിലൂടെ കടന്നുപോയ ഒരാളുടെ അനുഭവങ്ങൾക്ക് പ്രാധാന്യമുണ്ടാകുമല്ലോ. അത് മറ്റൊരാൾക്കു സഹായകരമായാലോ എന്ന ചിന്തയാണ് ‘ദി ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകത്തിലേക്ക് എന്നെ എത്തിച്ചത്. ഈ പുസ്തകം ഒരു തുടക്കമാണ്. ഇനി ഏറെ ദൂരം ഈ വഴിയിൽ എനിക്ക് സഞ്ചരിക്കാനുണ്ട്.

ക്ലിനിക്കൽ സൈക്കോളജി പഠനം, ഈ ആത്മജ്ഞാനം അഥവാ ആത്മസാക്ഷാല്‍കാരം എന്ന അവസ്ഥയെ സഹായിച്ചിട്ടുണ്ടോ?

ആത്മജ്ഞാനം എന്നു പറയുമ്പോൾ ഒന്നുമില്ലായ്മയിൽനിന്നുള്ള ഒരു ആത്മാവിന്റെ യാത്ര ആരംഭിക്കുന്നതു മുതൽ ഒന്നുമില്ലായ്മയാണ് എന്ന ജ്ഞാനം നേടുന്നതു വരെയുള്ള യാത്രയാണ്. എന്നെ സംബന്ധിച്ച്, ഇത് യാത്രയുടെ അവസാനമാണെന്നു ഞാൻ മനസ്സിലാക്കുന്നു. അതായത്, പലപല വേഷങ്ങൾ, ജീവിതങ്ങൾക്കു ശേഷമാണ് ഞാനിവിടെ നിൽക്കുന്നത്. ആത്മീയതയും മനസ്സിനെക്കുറിച്ചുള്ള പഠനവും കലകളുമായുള്ള ബന്ധവുമൊക്കെയാണ് ഈ ജീവിതത്തിലെ മുഖ്യവിഷയങ്ങൾ. അതായത്, യാത്ര അവസാനിപ്പിക്കുന്ന ഒരു ആത്മാവ് തിരഞ്ഞെടുക്കുന്ന മേഖലകൾ ആയിരിക്കില്ല യാത്രയുടെ മറ്റു ഘട്ടങ്ങളിൽ ഉള്ളവർ തിരഞ്ഞെടുക്കുക. ബിസിനസ്, കണക്ക്, സമ്പത്തികശാസ്ത്രം ഒക്കെ തിരഞ്ഞെടുക്കുന്നവർക്ക് സൈക്കോളജിയും കലകളും ഒന്നും അത്ര താല്പര്യമുള്ള മേഖലകൾ ആയിരിക്കില്ല. ഞാൻ തുടങ്ങിയത് മനസ്സ് എന്താണ് എന്ന ചിന്തയിൽനിന്നാണ്. സ്‌കൂൾ ക്ലാസ്സുകളിൽ പഠിക്കുമ്പോഴേ സൈക്കോളജി പുസ്തകങ്ങളിലേക്കു തിരിഞ്ഞിരുന്നു. എന്നാൽ, ക്ലിനിക്കൽ സൈക്കോളജിയിൽ കൂടുതൽ മുന്നേറുമ്പോഴും എന്താണ് മനസ്സ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടുന്നില്ല. ഞാൻ കരുതുന്നത് മോഡേൺ സയൻസിൽ മനസ്സ് എന്നത് ഇപ്പോഴും ഒരു പ്രഹേളികയാണ് എന്നാണ്. അവർ പല വാക്കുകൾ ഉപയോഗിക്കുന്നു, എന്നാലോ അതൊന്നും കൃത്യമായി മനസ്സിനെ നിർവ്വചിക്കാൻ സഹായകമല്ലതാനും. അതുകൊണ്ടാണ് ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റായി ഞാൻ തുടരാതിരുന്നത്. പകരം ആത്മീയതയിലേക്ക് തിരിഞ്ഞപ്പോൾ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കൃത്യമായി ലഭിച്ചു. സൈക്കോളജിയിൽ തുടങ്ങിയ അന്വേഷണത്തിന് ഉത്തരം ലഭിച്ചത് ആത്മീയതയിൽനിന്നാണ്. സൈക്കോളജിയുടെ പഠനത്തിൽ ഞാൻ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരമില്ലായ്മ എന്നെ ആത്മീയതയിലേക്കു നയിച്ചു എന്നു പറയാനാണ് എനിക്കിഷ്ടം.

Lena

Who l am is the personification of what I am എന്ന് ലെന പറയുന്നു, അതേക്കുറിച്ച് ഒന്നു വിശദീകരിക്കാമോ?

What am I? (ഞാൻ എന്താണ്) എന്ന ചോദ്യത്തിന് ഏതൊരു മനുഷ്യനും നൽകാനുള്ളത് ഒരേ ഉത്തരമാണ്. ഞാൻ എന്നാൽ ജീവിതമാണ്. ഇവിടെ ജീവിതം എന്ന വാക്കിന് മറ്റൊരു അർത്ഥം കല്പിക്കണം. ജീവിതം സമം ജീവൻ എന്നു കരുതണം. അപ്പോൾ ഈ ലോകത്തെ കോടാനുകോടി ജീവിവർഗ്ഗം മുഴുവനും, അതായത് നമ്മൾ എല്ലാവരും ജീവന്റെ പല രൂപങ്ങളാണ് എന്നുവരും. എന്താണ് ഞാൻ, എന്നാൽ ജീവൻ എന്നർത്ഥം. ഇപ്പറഞ്ഞ ആശയം എത്രത്തോളം വ്യക്തമാകുന്നോ, അപ്പോൾ നമ്മൾ അതുൾക്കൊണ്ടുകൊണ്ട് ജീവിക്കാൻ ആരംഭിക്കും. അവിടെ നമ്മുടെ ജീവനും ജീവിതവും ഒന്നാകും. ഇത് ഞാൻ ഉൾക്കൊണ്ടുകൊണ്ടാണ് ജീവിക്കുന്നതെങ്കിൽ, എന്റെ ജീവിതത്തിൽ എല്ലായിടത്തും ആ അറിവ് പ്രതിഫലിക്കും. ഞാനൊരു വ്യക്തി മാത്രമല്ല, എന്നിൽ ഉള്ളതുതന്നെയാണ് എനിക്കു ചുറ്റുമുള്ളവരിലും കാണപ്പെടുന്നത് എന്ന അറിവ്. എന്നിലെ ജീവൻ തന്നെയാണ് പ്രകൃതിയും എന്ന അറിവ്. ഞാൻ എന്താണോ അതാണ് എന്റെ ജീവിതവും എന്ന ചിന്ത. ഈ ചിന്തകളിലേക്ക് എന്നെ നയിച്ച വിവിധ ഘട്ടങ്ങൾ ‘ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

വ്യക്തിജീവിതത്തിൽ കുടുംബം വളരെ പ്രധാനമാണ്. എന്നാൽ, ആത്മജ്ഞാനത്തിന്റെ പാതയിൽ വൈരാഗ്യം ശീലമാകുന്ന ഒരാളെ കുടുംബം എന്ന അല്പം സ്വാർത്ഥത കലർന്ന തത്ത്വം ഏതുവിധത്തിൽ സ്വാധീനിക്കും? ഉദാഹരണത്തിന് ഒരു കുടുംബിനിയിൽ ഉണ്ടാകുന്ന ആത്മീയമാറ്റം അവർ ഏതുവിധത്തിൽ കൈകാര്യം ചെയ്യും? അത്തരത്തിൽ ഒരു ചിന്ത ഈ പുസ്തകം എഴുതുമ്പോൾ കടന്നുവന്നിരുന്നോ?

കുടുംബജീവിതം നമ്മുടെ വിധിയിൽ ഉണ്ടെങ്കിൽ നിശ്ചയമായും നമ്മൾ ആ വഴി സഞ്ചരിക്കും. ഞാനും വിവാഹശേഷം ഒരു തീരുമാനമെടുത്ത് കുടുംബം വേണ്ടെന്നുവച്ച് ആത്മീയതയിലേക്ക് ഇറങ്ങിനടക്കുകയായിരുന്നില്ല. എവിടെനിന്നാണോ നമ്മളിൽ ആത്മീയമായതോ അല്ലാത്തതോ ആയ ഏതൊരു അറിവും ആഗ്രഹവും വരുന്നത്, അതുതന്നെയാണ് ജീവിതവും ജീവനും. ആ ജീവൻ തന്നെയാണ് നമ്മുടെ ആത്മീയയാത്രയിലും നമ്മെ നയിക്കുക. അതിനറിയാം എപ്പോൾ, എങ്ങനെ എന്ന്. ആ ജീവനെയാണ് ഈ പുസ്തകത്തിൽ ‘ഞാൻ’ (I) എന്നു വിശേഷിപ്പിക്കുന്നത്. അതു വളരെ ലളിതവും ഋജുവുമായ പാതയിലൂടെ നമ്മെ നയിച്ചുകൊണ്ടിരിക്കും. അതിലൂടെ, ആ ഒഴുക്കിനൊത്ത് ഒഴുകുന്നതാണ് ആത്മീയത. അല്ലാതെ നമ്മൾ ഒരു വഴി തിരഞ്ഞെടുത്തു, ഇനിയിപ്പോൾ കുടുംബമൊക്കെ പിരിച്ചുവിടാം, സിനിമ മതിയാക്കാം, സന്യസിക്കാൻ പോകാം എന്നല്ല. അതൊക്കെ നമ്മുടെ ബുദ്ധിയിൽ വരുന്ന ചില മുൻധാരണകൾ മാത്രമാണ്. ആധ്യാത്മിക ചിന്തയെന്നാൽ കാഷായം ധരിച്ച് കാട്ടിൽപ്പോവുക എന്നൊക്കെ പറയുന്നത് ചില തെറ്റായ ധാരണകളാണ്. ആത്മീയത ശാന്തിയും സമാധാനവുമാണ് ജീവിതത്തിൽ പകരുന്നത്. പിന്നെ മറ്റൊന്നുണ്ട്, ചിലപ്പോൾ നമ്മുടെ ചിന്തകളുമായി ഒത്തുപോകാൻ സാധിക്കാത്തവർ നമ്മളിൽനിന്നും വിട്ടുപോയേക്കാം. അല്ലെങ്കിൽ ചിലപ്പോൾ നമ്മൾതന്നെ അവരോട് ഇനി നമുക്ക് ഒന്നിച്ചു മുന്നോട്ടുപോകാനാവില്ല എന്നു പറയേണ്ടതായും വന്നേക്കാം. എന്നാലത് മുൻകൂട്ടി തയ്യാറാക്കുന്ന തിരക്കഥയുടെ ബാക്കിപത്രമല്ല. അതങ്ങനെ സംഭവിച്ചുപോകുന്നതാണ്. നമ്മൾ ആരോടൊപ്പം ചേരണം, ആരിൽനിന്നും പിരിയണം എന്നതിനൊക്കെയും ഒരുകാലമുണ്ട്, അത് സംഭവിക്കേണ്ട സമയത്ത് സ്വാഭാവികമായി സംഭവിക്കും. നമ്മൾ അതേക്കുറിച്ച് ചിന്തിക്കേണ്ടതേയില്ല, അതിനാൽത്തന്നെ സ്ത്രീപുരുഷഭേദമെന്യേ ഏതൊരാളും സ്വയം തിരിച്ചറിഞ്ഞുകഴിഞ്ഞെങ്കിൽ അവരുടെ വഴി സ്വയം ഒരുക്കപ്പെടും, അവിടെ ആശങ്കയുടെ കാര്യം ഏതുമില്ല. നമ്മൾ നമ്മളായിരുന്നാൽ മാത്രം മതി. ഈ പുസ്തകത്തിൽ പങ്കുവെയ്ക്കുന്നതും ഈ ചിന്തകളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com