ദുര്‍ഗാപൂജയുടെ സാമ്പത്തികവശങ്ങള്‍

susmesh_chandroth
susmesh_chandroth

തങ്ങളേയും ദൈവങ്ങളേയും സംബന്ധിച്ച ധാരണകൾക്കും ശാഠ്യങ്ങൾക്കും തെല്ലുപോലും ഇളക്കം തട്ടാതെ സൂക്ഷിക്കുന്നതും അചഞ്ചലമായ വിശ്വാസവും കൂറും പുലർത്തുന്നതും വിശ്വാസികൾ മാത്രമായിരിക്കും. അതേസമയം അവർക്ക് അന്യനൊരാളുടെ മതത്തേയോ ദൈവത്തേയോ അംഗീകരിക്കാനും കഴിയുകയില്ല. തങ്ങളുടെ ആരാധനാമൂർത്തിക്ക് വോട്ട് കൂടുതൽ കിട്ടാൻ ദൈനംദിന പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ളവർക്ക് മനസ്സിലാകാതെ പോകുന്ന പല കാര്യങ്ങളും അന്വേഷിച്ചറിയുന്നത് ചരിത്രകാരന്മാരായിരിക്കും. ഇന്ത്യ എന്നത് മുപ്പത്തിമുക്കോടി ദൈവങ്ങളുടേയും ഭൂമികയാണല്ലോ. അതിനാൽ അതിൽപ്പലതിന്റേയും ആരംഭവും പരിണാമവും അന്വേഷിക്കുന്നത് ചിന്തിക്കുന്നവർക്ക് കൗതുകകരമായിരിക്കും.

അടുത്തിടെ ബംഗാളി ഭാഷയിൽ സ്വപൻ കുമാർ താക്കൂർ എഴുതിയ Durga: Sanskritir Araley (സൊൻസ്‌ക്രിതീർ ഒന്തരാലേ എന്ന് ബംഗാളി ഉച്ചാരണം/‘സംസ്കാരികതയുടെ അകത്തളങ്ങളിൽ’ എന്ന് മലയാള പരിഭാഷ) എന്നൊരു പുസ്തകം പുറത്തുവന്നിരുന്നു. നാട്ടുസംസ്‌കൃതിയുടേയും മിത്തുകളുടേയും ഗവേഷണത്തിലേർപ്പെട്ടിട്ടുള്ള സ്വപൻ കുമാർ താക്കൂർ ഈ പുസ്തകത്തിലൂടെ പറയുന്നത് ബംഗാളിന്റെ പടിഞ്ഞാറൻ ദിക്കുകളിലേക്ക് സഞ്ചരിച്ചാൽ ഇന്നു കാണുന്ന ‘ദുർഗാപൂജ’യ്ക്ക് മുന്‍പുണ്ടായിരുന്ന മറ്റൊരു പ്രാചീന സംസ്കാരത്തെ അറിയാമെന്നാണ്. അക്കാലത്ത് ദുർഗാദേവി എന്നു പേരു ചാർത്തപ്പെട്ടിട്ടില്ല. തിന്മയെ നിഗ്രഹിച്ച് നന്മ നിലനിർത്തുന്ന പെണ്മയുടെ അവതാരവുമായിരുന്നില്ല. വെറും ഗ്രാമീണർക്ക് നല്ല വിളവെടുപ്പ് കൊടുത്തുവരുന്ന ‘സസ്യാദേവി’(Sashya devi)യായിരുന്നു അന്നത്തെ ആരാധനാമൂർത്തി.

ദൂര്‍ഗാപൂജ
ദൂര്‍ഗാപൂജ

കൊൽക്കത്തയിൽനിന്നും യാത്ര ചെയ്താൽ എത്തുന്ന ബംഗാളിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ ഒരു കാലത്ത് റാഡ് റീജിയൻ (Rarh Region) എന്നറിയപ്പെട്ടിരുന്ന പ്രദേശങ്ങളാണ്. ഇന്നത്തെ മൂർഷിദാബാദ്, ബീർഭൂം, ബങ്കുറ, പൂർവ്വ ബർദ്ധമാൻ, പശ്ചിമ ബർദ്ധമാൻ, പൂർവ്വ മേദിനിപൂർ, പശ്ചിമ മേദിനിപൂർ ഉൾപ്പെടുന്ന ഈ ഭാഗങ്ങൾ ചോട്ടാ നാഗ്പൂർ പ്ലേറ്റോയിൽനിന്നും പടിഞ്ഞാറും കിഴക്കൻ ഗംഗാതടങ്ങളും വരെയുള്ള പ്രദേശത്തെയാണ് ഉൾക്കൊണ്ടിരുന്നത്. ചുവന്ന മണ്ണിന്റെ ഭൂമി (Land of red soil. ‘റാങ്ങാ മട്ടി’യെന്ന് ബംഗാളിയിൽ) എന്ന പേര് ഉരുത്തിരിഞ്ഞു വന്നത് അക്കാലത്തെ മണ്ണിന്റെ നിറവും ഘടനയും സ്വീകരിച്ചാവാം. മഴ പെയ്യുന്നതോടെ ഈ ഭൂമി നനഞ്ഞുകുതിർന്ന് ഉർവ്വരമാകുകയും അവിടെ കാശ്ഫൂൽ (Kaash phool) എന്നൊരിനം വെളുത്ത പുല്ല് ധാരാളമായി വളരുകയും ചെയ്യുന്നു. (സത്യജിത് റേയുടെ ‘പഥേർ പാഞ്ചലി’ എന്ന സിനിമയിൽ അപുവിനെ ദുർഗ തീവണ്ടി കാണിക്കാൻ കൊണ്ടുപോകുന്നത് ഈ കാശ്ഫൂലിനിടയിലൂടെയാണ്) അക്കാലത്ത് റാഡ് റീജിയനിലുണ്ടായിരുന്ന കർഷകരുടെ ഹൃദയങ്ങളിൽനിന്നും രൂപപ്പെട്ട ഹൃദ്യമായ നന്ദിയും കടപ്പാടും സ്നേഹവുമായിരുന്നു ആദ്യകാല ദുർഗാപൂജ എന്ന് സ്വപൻ കുമാർ താക്കൂർ പറയുന്നു.

സസ്യാദേവി’യെന്നായിരുന്നു അവരാരാധിച്ചിരുന്ന ദേവതയുടെ പേര്. കൃഷി സംരക്ഷിക്കപ്പെടാനും നല്ല വിളവെടുപ്പ് ലഭിക്കാനും മാത്രമായിരുന്നില്ല, മലേറിയയും കോളറയും പോലുള്ള മഹാമാരികളിൽനിന്നും നിസ്വരായ ജനങ്ങളെ രക്ഷിക്കുന്നതിനുവേണ്ടിയുമായിരുന്നു പ്രാർത്ഥനകൾ. അത് വിശ്വാസികളായ ഗ്രാമീണരുടേയും കുടുംബാംഗങ്ങളുടേയും സഹായത്തോടെ അന്നത്തെ പുരോഹിതർ വളർത്തിക്കൊണ്ടുവരികയാണുണ്ടായതത്രേ. അതായത് റാഡ് റീജിയന്റെ പഴയ പാരമ്പര്യത്തിൽ യോദ്ധാവും പോരാളിയുമായ ദുർഗയുണ്ടായിരുന്നില്ല. വളരെ പിന്നീടാണ് മഹിഷാസുരമർദ്ദിനിയായ ദുർഗയുടെ പത്തു കൈകളുള്ള രൂപത്തിലേക്ക് പഴയ സസ്യാദേവി എത്തിച്ചേരുന്നത്. ഇന്ന് ബംഗാളിലെങ്ങും ആരാധിക്കുന്നത് ദുഷ്ടനിഗ്രഹശക്തിയുള്ളതും കാളിയുടെ ശാന്തഭാവമുള്ളതുമായ പുതിയ ദുർഗയെയാണെന്നു സാരം.

13-ാം നൂറ്റാണ്ടിനും 16-ാം നൂറ്റാണ്ടിനുമിടയിൽ രചിക്കപ്പെട്ടതെന്ന് കരുതുന്ന ബംഗാളി ഭക്തിഗ്രന്ഥമായ ‘മംഗൾ കാവ്യ’ത്തിൽ ‘മാനസ’യെന്നും ‘ചണ്ഡി’യെന്നുമാണ് ഉപാസനമൂർത്തിയെ വിളിച്ചിട്ടുള്ളത്. അതായത് മംഗൾ കാവ്യത്തിൽ നിങ്ങൾക്ക് ഇന്നത്തെ ദുർഗയെ കണ്ടുമുട്ടാൻ കഴിയുകയില്ല. അല്പംകൂടി കഴിഞ്ഞ് 18-ാം നൂറ്റാണ്ടും 19-ാം നൂറ്റാണ്ടുമാകുമ്പോളേക്കും ബംഗാളിയിൽ രചിക്കപ്പെട്ട മറ്റൊരു ഭക്തകൃതിയായ ‘ദുർഗ മംഗളി’ലാണ് ആദ്യമായി ദുർഗ പ്രത്യക്ഷപ്പെടുന്നത്. ബംഗാളിൽ ദുർഗയുടെ പ്രത്യക്ഷമാകൽ 18-ാം നൂറ്റാണ്ടിനും 19-ാം നൂറ്റാണ്ടിനുമിടയിലാണെങ്കിൽ ദക്ഷിണേന്ത്യയിൽ അതിനു മുന്‍പേ ദുർഗയുണ്ട്. തമിഴ്‌നാട്ടിലെ മാമല്ലാപുരത്തും കർണാടകത്തിലെ ഐസോളിലും ആറാം നൂറ്റാണ്ടിലെ ശിലാലിഖിതങ്ങളിൽ ദുർഗയുടെ പരാമർശമുണ്ട്. ഒരിക്കൽ തഞ്ചാവൂരിലെ മ്യൂസിയം സന്ദർശിച്ചത് ഞാനോർക്കുന്നു. തമിഴ്‌നാടിന്റെ പലഭാഗങ്ങളിലായി നടത്തിയ ഉദ്ഖനനത്തിൽ ലഭിച്ച ശില്പങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള വലിയ മ്യൂസിയമാണത്. ആറാം നൂറ്റാണ്ടിൽ കണ്ടെത്തിയ ദുർഗയെക്കുറിച്ചുള്ള പരാമർശങ്ങൾ അവിടെ ലഭ്യമാണോയെന്ന് ഇപ്പോളെനിക്ക് ഓർമ്മയില്ല. ഉണ്ടാവുമായിരിക്കാം.

സ്വപൻ കുമാർ താക്കൂറിന്റെ നിരീക്ഷണത്തിൽ മറ്റൊരു കൗതുകകരമായ കാര്യം കൂടിയുണ്ട്. ഇന്നു വ്യാപകമായി ആരാധിക്കപ്പെടുന്ന ദുർഗാവിഗ്രഹങ്ങൾ പൂർണ്ണകായത്തിലുള്ളതാണല്ലോ. പത്ത് കൈകളും ഇരുകാലുകളും ശിരസ്സുമുള്ള പൂർണ്ണരൂപം. എന്നാൽ, കിഴക്കൻ ബർദ്വാനും ബങ്കുറയ്ക്കും ഇടയിലുള്ള പന്ത്രണ്ടോളം കുടുംബങ്ങൾ നൂറ്റാണ്ടുകളായി ആരാധിച്ചുവരുന്നത് പൂർണ്ണരൂപത്തിലുള്ള ദുർഗയെ അല്ല, ശിരസ്സ് മാത്രമുള്ള ദുർഗയെയാണ്. മുണ്ടാ മൂർത്തി (Munda Murti) എന്നു വിളിക്കപ്പെടുന്ന ഈ ദുർഗാശിരസ്സിനെ കൊൽക്കത്തയിലെ പന്തലുകളിൽ വയ്ക്കുന്ന വിഗ്രഹങ്ങളിലൊന്നിലും ഇന്നു കാണാൻ കഴിയുകയില്ല. ഇതും ദുർഗയെന്ന മിത്തിന്റെ മനുഷ്യസൃഷ്ടിയായ പരിണാമങ്ങളെ ഉദാഹരിക്കാൻ ഉപയോഗിക്കുന്നു.

കിഴക്കൻ ബർദ്വാനിലെ ഗോമായി ഗ്രാമത്തിലെ റേ കുടുംബം നൂറ്റാണ്ടുകളായി മുണ്ടാ ദുർഗയെ ആരാധിച്ചുവരുന്നുവെന്നാണ് സ്വപൻ കുമാർ അന്വേഷിച്ചു കണ്ടെത്തുന്നത്. റേ കുടുംബത്തിലെ പൂർവ്വികനായ ഗോവിന്ദ റേയ്ക്ക് 450 വർഷം മുന്‍പ് ദേവിയുടെ വെളിപാടുണ്ടാവുകയും അതിനുശേഷം മുണ്ടാ ദുർഗയെ ആരാധിക്കുന്ന ചടങ്ങ് തുടങ്ങിവയ്ക്കുകയും ചെയ്തുവെന്നാണ് കുടുംബാംഗങ്ങൾ വിശ്വസിക്കുന്നത്. ബംഗാളിലെങ്ങും ദുർഗാപൂജ ആഘോഷിക്കാനൊരുങ്ങുമ്പോൾ ഗോമായി ഗ്രാമത്തിനടുത്തുള്ള ഷിബ്ലും ഗ്രാമത്തിലെ ശില്പികൾ റേ കുടുംബത്തിനായി ശിരസ്സ് മാത്രമുള്ള മുണ്ടാമൂർത്തിയെ ഉണ്ടാക്കും. പൂജ തുടങ്ങുന്നതിന്റെ ആദ്യദിനം തന്നെ മുണ്ടാമൂർത്തിയുടെ മുഖം പന്തലിലേക്ക് ആനയിച്ച് പ്രതിഷ്ഠിക്കുകയും ചെയ്യും. റാഡ് റീജിയന്റെ ഹൃദയഭാഗമായിരുന്ന ബർദ്വാനിലും ബങ്കുറയിലും മുണ്ടാമൂർത്തിയെ പൂജിക്കുന്ന കുടുംബപരമ്പരകൾ ഇന്നുമുണ്ടെന്ന് സ്വപൻ കുമാർ താക്കൂർ പറയുന്നു. ഇവിടുങ്ങളിലെ സമ്പന്നരായ കൊനാർ സദ്‌ഗോപെ ജാതിയിലുള്ളവർ അവരുടെ കുടുംബപരദേവതയായിട്ടാണ് മുണ്ടാമൂർത്തിയെ കണ്ടുവരുന്നതും ആഘോഷിക്കുന്നതും. അതും തന്റെ കണ്ടെത്തലിന് അടിവരയിടാനായി സ്വപൻ കുമാർ താക്കൂർ എടുത്തുകാട്ടുന്നു.

ബംഗാളിലെ വിപുലമായ ദുർഗാപൂജയുടെ ആരംഭവുമായി ബന്ധപ്പെട്ട മറ്റൊരു ചരിത്രം പരിശോധിക്കാം. ഭക്തിഗ്രന്ഥമായ ‘ദുർഗ മംഗളി’ലാണ് ബംഗാളിൽ ദുർഗയുടെ സാന്നിദ്ധ്യം ആദ്യമായി പ്രത്യക്ഷപ്പെടുന്നതെന്ന് പറഞ്ഞുവല്ലോ. ഏതാണ്ട് അതേ കാലഘട്ടത്തിൽ, 18-ാം നൂറ്റാണ്ടിൽ ഇന്നത്തെ ദുർഗാപൂജയിലേക്കുള്ള ‘വാണിജ്യപ്രയാണം’ ബംഗാളിൽ നടന്നിട്ടുണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അക്കാലത്തെ ധനികകുടുംബങ്ങളിൽ (ബംഗാളിയിൽ ബൊനേദി ബാരി) സ്വന്തം നിലയ്ക്ക് നടത്തിവന്നിരുന്ന കുടുംബപൂജകളുണ്ടായിരുന്നു അതുവരെയുണ്ടായിരുന്നത്. സ്വകാര്യഗൃഹങ്ങളിൽ നടന്നുവന്നിരുന്ന ആരാധനയെ പുറത്തേക്കിറക്കി അതിന്റെകൂടെ പ്രാദേശിക കലാവിഭവങ്ങളും ചേർത്ത് അന്നത്തെ ഭരണാധികാരികളായിരുന്ന ബ്രിട്ടീഷുകാർക്ക് കാഴ്ചവയ്ക്കാൻ ഒരു നാടുവാഴിക്ക് തോന്നിയതിനെയാണ് നാം ഇന്നു കാണുന്ന ദുർഗാപൂജ എന്നു വിളിച്ചുവരുന്നതെന്നാണ് ആ കണ്ടെത്തൽ.

ബംഗാൾ പ്രസിഡൻസിയുടെ ആദ്യത്തെ ഗവർണറായിരുന്ന റോബർട്ട് ക്ലൈവ് (1725-1774) പ്ലാസിയുദ്ധം (1757) ജയിച്ചതിനു പിന്നാലെ കൊൽക്കത്തയിലെ ഒരു ഹൈന്ദവ മതാചാരപരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയുണ്ടായി. റോബർട്ട് ക്ലൈവുമായി അടുത്ത ബന്ധമുണ്ടായിരുന്ന മഹാരാജാ നവകൃഷ്ണദേവ് (1733-1797) തന്റെ രാജകീയ വസതിയായ ഷോബാബസാർ രാജ്ബാടിയിൽ (സോവാബസാർ എന്നും പറയും. ഇത് നിലകൊള്ളുന്നത് കൊൽക്കത്തയിൽ നവകൃഷ്ണദേവിന്റെ പേരിലുള്ള തെരുവിലാണ്). സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. അതുവരെ രാജകീയ കുടുംബത്തിനുള്ളിൽ തുടർന്നുവന്നിരുന്ന ആചാരങ്ങളെ കീഴ്‌മേൽ മറിച്ച് നവകൃഷ്ണദേവെന്ന നാടുവാഴിക്കുള്ളിലെ കച്ചവടക്കാരൻ പരിപാടിയെ ക്ലൈവിനും വാറൻ ഹേസ്റ്റിംഗ്‌സിനും മറ്റ് അതിഥികളായ വെള്ളക്കാർക്കും ഇഷ്ടപ്പെടുന്നവിധത്തിൽ ആകർഷകമാക്കി. മദ്യവും ഭക്ഷണവും പോരാതെ പെൺകൊടികളുടെ നൃത്തനൃത്ത്യങ്ങളും ചേർത്താണ് ദേവ് പരിപാടി കൊഴുപ്പിച്ചത്. അതായിരുന്നു ആദ്യത്തെ ദുർഗ്ഗോത്സവം അഥവാ ദുർഗ്ഗാപൂജ.

ദേവ് ആവിഷ്‌കരിച്ച പദ്ധതിയിൽ ആകൃഷ്ടരായ നഗരത്തിനു പുറത്തുള്ള ധാരാളം ജമീന്ദാർമാർ അവരുടെ കുടുംബപൂജയേയും വെള്ളക്കാരായ അതിഥികളെ സൽക്കരിക്കാനും സന്തോഷിപ്പിക്കാനുമുള്ള അവസരമാക്കി മാറ്റി. ഗ്രാമീണപുജയുടേയും കുടുംബപൂജയുടേയും പരിഷ്‌കരിച്ച രൂപം കാലാന്തരത്തിൽ ഇന്നത്തെ ദുർഗ്ഗോത്സവമായി നഗരങ്ങളിൽ രൂപപ്പെട്ടുവന്നത് ഈ മട്ടിലായിരുന്നെന്ന് നിരീക്ഷിക്കപ്പെടുന്നു.

ബംഗാളിലെ നവരാത്രിക്കാലത്തിന്റെ പ്രത്യേകത താൽക്കാലികമായി പണിയിക്കുന്ന കൂറ്റൻ പന്തലുകളാണ്. ചെറുതും വലുതുമായി നാൽപ്പതിനായിരത്തിലധികം പൂജാപന്തലുകളാണ് സംസ്ഥാനത്തുടനീളം ഈ അവസരത്തിൽ നിർമ്മിക്കുന്നത്. ഏതാണ്ട് മൂവായിരത്തോളം പന്തലുകൾ കൊൽക്കത്തയിൽമാത്രം ഉണ്ടാകും. ദുർഗയുടെ വിഗ്രഹം വച്ച് പൂജിക്കാനുള്ള സ്റ്റേജിനെയാണ് പന്തലെന്നു പറയുന്നത്. വെറുമൊരു പ്ലാറ്റ്‌ഫോം മാത്രമായിരിക്കില്ല ഓരോ പന്തലും. തീം അനുസരിച്ച് ഉണ്ടാക്കിയിട്ടുള്ള വമ്പൻ കലാവിരുന്നുകളായിരിക്കും. ‘പൂജ’ എന്നതുകൊണ്ട് പൊതുവിൽ ഉദ്ദേശിക്കുന്നത് ഇത്തരം പന്തലിനേയും പന്തലിനുള്ളിലെ ദേവീവിഗ്രഹത്തേയും അതോടനുബന്ധിച്ച ആചാരപരമായ ചടങ്ങുകളേയുമാണ്.

നൂറ്റാണ്ടുകൾക്കു പിന്നിൽ കച്ചവടം ചെയ്യാനറിയാവുന്ന ഒരു നാടുവാഴി മുന്നിൽക്കണ്ട വ്യാപാരസാധ്യതകളാണ് വളർന്ന് തിടംവെച്ച് ഇന്ന് സംസ്ഥാനത്തെ നിയന്ത്രിക്കുന്ന സാമ്പത്തികശക്തിയുള്ള ഉത്സവമായി മാറിയതെന്നു മനസ്സിലാക്കാം. യുനെസ്‌കോ അംഗീകരിച്ചതോടെ പേരും പെരുമയും വർദ്ധിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്; അഞ്ചു ദിവസത്തെ പ്രധാന ഉത്സവത്തിനുവേണ്ടി നാലഞ്ചുമാസം നീളുന്ന സാമ്പത്തിക വിനിമയങ്ങൾക്ക് ഉണർവ്വുണ്ടാകുകകൂടി ചെയ്തിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള പതിന്നാലാമത്തെ എൻട്രിയായി ദുർഗാപൂജ യുനസ്‌കോയുടെ പട്ടികയിൽ ഇടംപിടിച്ചത് 2021-ലാണ്.

സ്വപൻ കുമാർ താക്കൂറിന്റെ നിരീക്ഷണങ്ങളോടൊപ്പം ഈ വ്യാപാര വിനിമയ സാധ്യതകൾ വർത്തമാനകാലത്ത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നോക്കാം. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ധനവിനിയോഗം നടക്കുന്ന ആഘോഷമാണ് ദുർഗാപൂജ. അതുകൂടാതെ ആൾശേഷി കൂടുതലായി ഉപയോഗിക്കുന്ന ആഘോഷവുമാണിത്. പന്തൽ പണിക്കാർ (മരപ്പണിക്കാരും ശില്പികളും പെയിന്റർമാരും മറ്റുമുൾപ്പെടുന്ന വിപുലമായ കൂട്ടം), പ്രതിമാ നിർമ്മാതാക്കളായ ശില്പികൾ, ഇലക്ട്രിക് ജോലികൾ ചെയ്യുന്നവർ, ഭക്ഷണപാനീയങ്ങൾ ഒരുക്കുന്ന ചെറുതും വലുതുമായ ഹോട്ടലുകൾ, തട്ടുകടകൾ, തെരുവ് ഭക്ഷണശൃംഖല തുടങ്ങിയവ, പരസ്യവിപണി, വിനോദ മാധ്യമമേഖല, അച്ചടിമാധ്യമങ്ങളും സ്ഥാപനങ്ങളും, ടൂറിസം, സെക്യൂരിറ്റി ഗാർഡുകൾ, പുരോഹിതന്മാർ, കാറ്ററിങ്ങ് സർവ്വീസ് തുടങ്ങി ഓരോ വിഭാഗങ്ങളുടേയും വൻകിടക്കാരും ചെറുകിടക്കാരും വരെ നീളുന്ന ഒരുപറ്റം ആളുകൾ ദുർഗാപൂജയുടെ നടത്തിപ്പുമായി ബന്ധപ്പെടുന്നുണ്ട്. ഏതാണ്ട് നാലുമാസക്കാലം നീളുന്ന സജീവമായ വിപണിയാണിത്. അതിൽ ചില വിഭാഗങ്ങളുടെ ജോലികൾ ആറുമാസത്തിലധികവും മറ്റു ചില ജോലികൾ വർഷം മുഴുവനും നീളും. സംസ്ഥാനത്തെ നഗരഗ്രാമ ഭേദമില്ലാതെ ഒട്ടുമിക്ക ആളുകളുടേയും അതിജീവനത്തിനും സാമ്പത്തിക നേട്ടത്തിനും നൂറ്റാണ്ടുകളായി സഹായിച്ചുവരുന്നത് ദുർഗാപൂജ തന്നെയാണ്. അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ(ASSOCHAM)യുടെ റിപ്പോർട്ടനുസരിച്ച് 2019-32,377 കോടി രൂപയുടെ വിനിമയമാണ് ദുർഗ്ഗോത്സവവുമായി ബന്ധപ്പെട്ട് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞവർഷം ഇത് 40,000 കോടി കടക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ശരാശരി കണക്കെടുത്താൽ പ്രതിവർഷം സംസ്ഥാനത്തിന്റെ GDP-യുടെ മൂന്നു ശതമാനത്തോളം നൽകുന്നത് ദുർഗ്ഗോത്സവമാണെന്നും കണക്കുകൾ പറയുന്നു.

വിവിധ വിഭാഗങ്ങളിലായി നടക്കുന്ന ഇത്രയും വലിയ ധനവിനിമയം ഏതുവിധത്തിൽ സംസ്ഥാനത്തിനു പ്രയോജനപ്പെടുന്നു എന്നും പ്രയോജനപ്പെടുന്നുണ്ടെങ്കിൽ ഏതുവിധത്തിൽ അത് ജനങ്ങളുടെ അടിസ്ഥാനാവശ്യ പോരായ്മകളെ പരിഹരിക്കുന്നു എന്നും വർഷാവർഷം വർദ്ധിക്കുന്ന നിക്ഷേപത്തിന്റെ വിതരണം സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയേയും ജനക്ഷേമത്തേയും സ്വാധീനിക്കുന്നതെങ്ങനെയെന്നും വിശദമായ പഠനങ്ങൾ നടക്കേണ്ടതുണ്ട്.

നൂറുകണക്കിനു ധനശേഷിയുള്ളവരും ആയിരക്കണക്കിനു കലാകാരന്മാരും ലക്ഷക്കണക്കിനു കലാസ്വാദകരും ചേർന്നു സൃഷ്ടിച്ചെടുക്കുന്നതാണ് ബംഗാളിലെ ഓരോ പൂജാപന്തലും വിഗ്രഹവും. ഓരോ വർഷവും പന്തലുകളുടെ തീം മാറും. വിഗ്രഹങ്ങളുടെ ഉയരവും ഭാവവും ഭംഗിയും മാറും. ഉടുപ്പിക്കുന്ന വസ്ത്രങ്ങളുടെ തരവും വിലയും മാറും. ധരിപ്പിക്കുന്ന ആഭരണങ്ങളുടെ ഭംഗിയേറും. അങ്ങനെ സമസ്തമേഖലകളിലും മാറ്റമുണ്ടാവുന്നതിനാൽ ഓരോ വർഷവും പൂജ എന്നത് ആവർത്തനമോ തനിയാവർത്തനമോ ആയി മാറുന്നില്ല എന്ന കാര്യവും മറക്കാൻ പാടില്ല. അതുകൊണ്ടാണ് സ്വദേശികളും വിദേശികളുമായ സഞ്ചാരികളും ആവർത്തിച്ച് ദുർഗാപൂജ കാണാൻ എത്തുന്നതും. മാസങ്ങൾ നീളുന്ന ഈ പ്രക്രിയ കൊണ്ടുവരുന്ന സാമ്പത്തിക ഉണർച്ച പക്ഷേ, ഏതുവിധത്തിൽ ഗുണപ്രദമാകുന്നുണ്ട്?

നെല്ലറയാണ് ബംഗാൾ ഗ്രാമങ്ങളെങ്കിലും നെല്ലിനൊപ്പം മറ്റു ഭക്ഷ്യവിളകളും വ്യാപകമായി കൃഷിചെയ്തുവരുന്നുണ്ട്. ഉരുളക്കിഴങ്ങും കടുകും പച്ചക്കറികളും പോലെ. ചണം ഉൽപ്പാദിപ്പിക്കുന്നതിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് ബംഗാൾ. ബംഗ്ലാദേശിന്റെ അതിർത്തി പങ്കിടുന്ന ദിനാജ്പൂർ ജില്ലയാണ് ബംഗാളിലെ ചണനൂലുൽപ്പാദനത്തിൽ ഏറെ മുന്നിൽ നിൽക്കുന്നത്. വിഭജനത്തിനു മുന്‍പ് കിഴക്കൻ ബംഗാളെന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ബംഗ്ലാദേശായിരുന്നു ചണത്തിന്റെ മുഖ്യ സ്രോതസ്.

ആറേഴ് പതിറ്റാണ്ടു മുന്‍പ് ദുർഗ്ഗോത്സവങ്ങൾ കൊൽക്കത്ത കേന്ദ്രീകൃതമായ വ്യാപാരമായതോടെ ദുർഗയുടെ പ്രതിമാനിർമ്മാണവും ആവശ്യക്കാരേറെയുള്ള വ്യവസായമായി മാറി. 1950-കളിൽ കലാകാരന്മാർ ചേക്കേറിയ നോർത്ത് കൊൽക്കത്തയിലെ കുമാർടുളി എന്ന ഗ്രാമം വൈകാതെ പരമ്പരാഗത കളിമൺ നിർമ്മാണശാലയായി. ഇവിടെയാണ് കളിമണ്ണിൽ ഗുർഗയുടേയും മറ്റു ദൈവങ്ങളുടേയും പ്രതിമകളുണ്ടാക്കുന്നത്. അവയ്ക്കാവശ്യമായ വസ്ത്രം, ആഭരണങ്ങൾ, അലങ്കാരങ്ങൾ എന്നിവ വേറെ ദിക്കുകളിലുള്ള ഉല്പാദകരുടെ സഹകരണത്തോടെ കണ്ടെത്തും. പാൽ ജാതിക്കാരാണ് കുമാർടുളിയിലെ ശില്പികളിലധികവും. നാദിയ ജില്ലയിലെ കൃഷ്ണനഗറിൽനിന്നും കൊൽക്കത്തയിലേക്ക് കുടിയേറി വന്നിട്ടുള്ളവരാണ് ഇവർ. മണ്ണുകുഴച്ച് രൂപങ്ങളുണ്ടാക്കുന്ന കൊൽക്കത്തയിലെ കലാകാരന്മാരുടെ ചരിത്രത്തിന് 17-ാം നൂറ്റോണ്ടോളം പ്രായമുണ്ട്. പൂജയ്ക്കാവശ്യമുള്ള ലക്ഷ്മിയുടേയും കാളിയുടേയും പ്രതിമകളാണ് ആദ്യം ഉണ്ടാക്കിത്തുടങ്ങുന്നത്. പിന്നീട് സുബ്രഹ്മണ്യൻ, ഗണപതി, പാർവ്വതി തുടങ്ങിയ മറ്റു രൂപങ്ങളുമുണ്ടാക്കും.

പ്രതിമാരൂപങ്ങളുടെ ശിരസ്സിൽ വയ്ക്കാനുള്ള മുടി നിർമ്മിക്കുന്നത് ചണനൂലിൽനിന്നാണ്. വിഭജനത്തിനു മുന്‍പ് കിഴക്കൻ ബംഗാളിൽനിന്നും വ്യാപകമായി കിട്ടിക്കൊണ്ടിരുന്ന ചണത്തിന്റെ വരവ് വിഭജനത്തോടെ അവസാനിക്കുകയും കുമാർടുളിയിലെ കലാകാരന്മാരും ദുർഗ്ഗോത്സവക്കമ്മിറ്റിക്കാരും വിഷമത്തിലാവുകയും ചെയ്തു. അപ്പോളാണ് ഹൗറയിൽനിന്നും ഏതാണ്ട് 40 കിലോമീറ്റർ അകലെയായി മുസ്‌ലിങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു ഗ്രാമത്തിലെ ജനങ്ങൾ കൃത്രിമ മുടി നിർമ്മാണമെന്ന ആശയത്തിലെത്തിച്ചേരുന്നത്. ‘മുടി’ വാങ്ങിക്കോളാമെന്ന് കുമാർടുളിയിലെ ശില്പികൾ സമ്മതിക്കുന്നതോടെ ഭൂരിപക്ഷം മുസ്‌ലിം കർഷകരും രംഗത്തിറങ്ങി. ഇവിടെ ന്യൂനപക്ഷമായ ഹിന്ദുക്കളും വൈകാതെ അവരുടെകൂടെ ചേരുകയും ചണം കൃഷി തുടങ്ങുകയും ചെയ്തു.

ഇരുപതടിയോളം ഉയരത്തിൽ നനവുള്ള പാടത്ത് വളരുന്ന ഒരിനം ചെടിയാണ് ചണം. ശിഖരങ്ങളില്ലാത്തതും വണ്ണം കുറഞ്ഞതുമായ ഈ ചെടി പാകമാകുന്നതോടെ ചുവടുചേർത്ത് വെട്ടിയെടുക്കുന്നു. പിന്നീടിത് ചെറിയ കെട്ടുകളായി കുളങ്ങളിൽ ചീയുന്നതിനായി നിക്ഷേപിക്കും. തണ്ട് ചീയുന്നതോടെ തോലുരിച്ചെടുത്ത് സംസ്കരിച്ച് അഴകളിൽ ഉണങ്ങാനിടുന്നു. തോലുരിച്ചെടുത്തതിനു ശേഷമുള്ള കമ്പ് കെട്ടുകളാക്കി വിറകിനുപയോഗിക്കാം. ഉണക്കിയെടുത്ത ചണനാരിൽനിന്നും നമ്മൾ കയറുണ്ടാക്കുന്നതുപോലെ നൂലുണ്ടാക്കുന്നു. ഇത് കൈകൊണ്ടും യന്ത്രസഹായത്തോടെയും ചെയ്യാം. അങ്ങനെ നിർമ്മിച്ചെടുക്കുന്ന നാരുകളിൽ കൊൽക്കത്തയിലെ ബോഡോബജാറിൽനിന്നും വാങ്ങുന്ന കറുപ്പോ ചുവപ്പോ ചായം മുക്കി ഉണക്കിയെടുത്താൽ ദേവിക്കുള്ള കൃത്രിമ മുടിയായി.

പാർവ്വതിപൂരെന്ന ഈ ഗ്രാമത്തിൽനിന്നും ഇന്ന് കുമാർടുളിയിലേക്ക് മാത്രമല്ല, ബംഗ്ലാദേശിലും അമേരിക്കയിലുമുള്ള പൂജാപന്തലുകൾക്കായും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള പൂജാപന്തലുകൾക്കായും മുടി കയറ്റിയയക്കുന്നു. പാർവ്വതിപൂരിൽ എഴുപതോളം മുസ്‌ലിം കുടുംബങ്ങളാണ് ഹിന്ദുദൈവത്തിനു മുടിയുണ്ടാക്കുന്ന വ്യാപാരത്തിലേർപ്പെട്ടിരിക്കുന്നത്. വർഷാവർഷം ഓർഡർ കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് ഷെയ്ക് നയ്ബുദ്ദീനെപ്പോലുള്ള ഗ്രാമവാസികൾ സാക്ഷ്യപ്പെടുത്തുന്നു. മുന്‍പ് വീടുകളിലായിരുന്നു മുടിയുടെ നിർമ്മാണമെങ്കിൽ ഇപ്പോളത് ഒന്നിച്ചു ജോലി ചെയ്യാൻ സാധിക്കുന്ന ചെറിയ മൺവീടുകളിലേക്ക് മാറിയിട്ടുണ്ട്. അഞ്ചു വർഷം മുന്‍പ് യന്ത്രത്താൽ പ്രവർത്തിക്കുന്ന മൂന്ന് ഫാക്ടറികൾ പാർവ്വതിപൂരിൽ വരുന്നതുവരെ കൃത്രിമ മുടി നിർമ്മാണം കൈകൊണ്ടുള്ള കുടിൽവ്യവസായമായിരുന്നു.

വൈക്കോൽ പൊതിഞ്ഞ് ആകൃതിയുണ്ടാക്കി അതിൽ കളിമണ്ണ് തേച്ചുപിടിപ്പിച്ചുണ്ടാക്കുന്ന പ്രതിമകൾ ഉണങ്ങിക്കഴിഞ്ഞാൽ അതിൽ പെയിന്റർമാരുടെ പണി ആരംഭിക്കും. പ്രധാനമായും മുഖം വരയ്ക്കുകയാണ് കാര്യമായി ചെയ്യാനുള്ളത്. പിന്നെ കരതലങ്ങളും പാദങ്ങളും. നഖങ്ങളുടെ പോലും പൂർണ്ണത കണ്ടാൽ ഒരാൾക്കതിശയം തോന്നുന്നത്ര സൂക്ഷ്മതയോടെയാണ് ശില്പികളും ചായപ്പണിക്കാരും ജോലി ചെയ്യുന്നത്. ആദ്യകാലത്ത് ദുർഗാവിഗ്രഹത്തിനു കണ്ണ് വരച്ചിരുന്നത് ഷഷ്ടിയെന്ന ദശമിക്കു മുന്‍പുള്ള ആറാംനാൾ മാത്രമായിരുന്നു. അതുവരെ കണ്ണ് വരയ്ക്കാതെയോ കണ്ണിന്റെ ഭാഗം മൂടിക്കെട്ടിയോ ആയിരുന്നു പൂജയ്ക്ക് വിഗ്രഹം സ്ഥാപിച്ചിരുന്നത്. എല്ലാം പണാടിസ്ഥാനത്തിലുള്ള വ്യവസായവും വിനോദവുമായതോടെ കണ്ണ് വരയ്ക്കുന്നതും നേരത്തെയാക്കി. ‘ചോഖൊ ദാൻ’ എന്നാണിതിന് ബംഗാളിയിൽ പറയുക. ചോഖ് എന്നാൽ ബംഗാളി ഭാഷയിൽ കണ്ണ്.

പ്രതിമകൾക്ക് ഇനിയാവശ്യമുള്ളത് വസ്ത്രമാണ്. പന്തൽ കമ്മിറ്റിക്കാരുടെ ധനവരവിനനുസരിച്ച് ദേവി ഉടുക്കുന്ന സാരിയുടെ ഗുണവും പകിട്ടും വിലയും കൂടും. പതിനായിരങ്ങൾ മുതൽ ലക്ഷം വരെ വിലവരുന്ന സാരിയുടുപ്പിക്കുന്ന ദേവീവിഗ്രഹങ്ങളും പൂജാകാലത്ത് പന്തലുകളിൽ കാണാം. ദേവിക്കും സാധാരണക്കാർക്കും ആവശ്യമുള്ള സാരിയുടേയും മറ്റാടകളുടേയും നിർമ്മാണവും വിൽപ്പനയും പൂജാകാലത്തെ മുൻനിർത്തിയാവുന്നതോടെ വസ്ത്രവ്യവസായത്തിനും ചലനം വയ്ക്കുന്നു.

വിഗ്രഹത്തിൽ ചാർത്താനുള്ള തുണിയല്ലാത്ത മേൽവസ്ത്രങ്ങളും ആഭരണങ്ങളും തയ്യാർ ചെയ്തെടുക്കുന്നത് ഷോല എന്ന പ്രകൃതീദത്ത വസ്തുവിൽനിന്നാണ്. ചെറിയൊരു ചെടിക്കുള്ളിൽനിന്നും ലഭിക്കുന്ന പാൽനിറമുള്ള പൊങ്ങ് പോലുള്ള വസ്തുവിനാണ് ഷോല എന്നു പറയുന്നത്. ഷോലാർ സാജ് എന്നാൽ ബംഗാളിയിൽ ഷോലകൊണ്ടുള്ള അലങ്കാരമെന്നാണ്. ദുർഗാപൂജയ്ക്ക് ആവശ്യമായ ഷോലാർ സാജ് പണിതുവരുന്നത് ബൊങ്കാപാസി എന്ന ഗ്രാമത്തിൽനിന്നാണ്. സൗത്ത് കൊൽക്കത്തയിൽനിന്നും ഏതാണ്ട് 150 കിലോമീറ്ററോളം അകലമുണ്ട് കിഴക്കൻ ബർദ്വാൻ ജില്ലയിലെ കട്‌വാ ഗ്രാമത്തിനടുത്തുള്ള ബൊങ്കാപാസി ഗ്രാമത്തിലേക്ക്.

ഇതിനാവശ്യമുള്ള വെള്ളിനിറമുള്ള കടലാസും മുത്തുകളും മറ്റും ആദ്യകാലത്ത് ജർമനിയിൽനിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. കൊൽക്കത്ത ആസ്ഥാനമാക്കി ഭരിച്ചിരുന്ന ബ്രിട്ടീഷുകാർക്ക് അക്കാലത്ത് എളുപ്പമുള്ളതായിരുന്നല്ലോ ഇക്കാര്യം. വാങ്ങാൻ കയ്യിൽ പണമുള്ള ജമീന്ദാർമാർക്കും ബുദ്ധിമുട്ടില്ലാത്ത കാര്യം. എന്നാൽ, ഒന്നാം ലോകമഹായുദ്ധം ശക്തിപ്പെടുകയും ഇറക്കുമതിയെ പൂർണ്ണമായും ബാധിക്കുകയും ചെയ്തതോടെ ദുർഗാവിഗ്രഹങ്ങൾ വെട്ടിത്തിളങ്ങുന്ന ആഭരണ പരിവേഷമില്ലാതെ പ്രതിഷ്ഠിക്കേണ്ടിവന്നു. ഇക്കാലത്ത് ‘ഡാക്കേർ സാജ്’ എന്നാണ് ഇറക്കുമതിയിലൂടെ എത്തിയിരുന്ന അലങ്കാരങ്ങളെ നാട്ടുകാർ വിളിച്ചിരുന്നത്. (ബംഗാളി ഭാഷയിൽ, തപാലിലൂടെ വരുന്ന അലങ്കാരങ്ങളെന്നാണ് ഡാക്കേർ സാജിന് അർത്ഥം) ജർമനിയിൽനിന്നും ഇറക്കുമതി ചെയ്തിരുന്ന വെള്ളിനിറമുള്ള അലങ്കാരസാമഗ്രികളൊന്നും അക്കാലത്ത് ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. ഇറക്കുമതി ചെയ്യുന്ന അലങ്കാരങ്ങൾ വാങ്ങാൻ ജമീന്ദാർമാർക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ.

ഈ പ്രതിസന്ധിഘട്ടത്തിൽ രക്ഷകയായെത്തിയത് ഗ്രാമവാസിയായ സ്ത്രീയാണ്. ഏതാണ്ട് 125 കൊല്ലം മുന്‍പ്, തദ്ദേശീയമായി കണ്ടുവരുന്ന ചെടിയിലെ പൊങ്ങിൽനിന്നും വിഗ്രഹത്തിൽ ചാർത്താനാവശ്യമായ അലങ്കാരങ്ങൾ ചെലവുകുറച്ചുണ്ടാക്കാൻ സാധിക്കുമെന്ന് കത്യാണി മലാകാർ എന്ന സ്ത്രീ കണ്ടുപിടിച്ചു. ഇന്ത്യ പോലൊരു ദരിദ്രരാജ്യത്തെ സംബന്ധിച്ച് ഇത് വിപ്ലവകരമായ കണ്ടുപിടിത്തമായിരുന്നു. ഇന്ന് ഷോലാ സാജ് നിർമ്മിച്ചു ലോകം മുഴുവൻ നൽകുന്ന ബംഗാളിലെ ഒരേയൊരു ഗ്രാമമായി ബൊങ്കാപാസി അറിയപ്പെടുന്നു. തപാലിലൂടെ അലങ്കാരങ്ങൾ ഇറക്കുമതി ചെയ്യുന്ന കാലം പതിറ്റാണ്ടുകൾക്കു മുന്‍പ് അവസാനിച്ചെങ്കിലും ഇന്നും പലരും ഷോലാർ സാജിനെ വിളിക്കുന്നത് ഡാക്കേർ സാജ് എന്നാണ്. ഈ അപരനാമം ഒരു ചരിത്രസന്ധിയേയും ഓർമ്മിപ്പിക്കുന്നു.

കത്യാണി മലാകാറിന്റെ മകനായ ആദിത്യ മലാകാർ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഷോല കലാവേലയുടെ പ്രചാരണാർത്ഥം സഞ്ചരിക്കുകയും ഈ തദ്ദേശീയ ഉല്പന്നത്തെ പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബൊങ്കാപാസിയിലെ ഗ്രാമീണർക്കിടയിൽ ഷോല കലാവേലയെ പ്രചരിപ്പിക്കുന്നതിനും പ്രേരിപ്പിക്കുന്നതിനും ആദ്യകാലത്ത് മുന്നിൽനിന്നതും ആദിത്യ തന്നെ. അദ്ദേഹത്തിന്റെ മകൻ പ്രൊബീർ മലാകാർ (51) ദേശീയ പുരസ്കാരം നേടിയ ഷോലാർ സാജ് കലാകാരനും ഉൽപ്പാദകനുമാണ്.

നാലായിരത്തോളം വ്യക്തികളാണ് വർഷം മുഴുവൻ ഷോലാ വേലയെ ആശ്രയിച്ചു ജീവിതം മുന്നോട്ടുനീക്കുന്നത്. അന്‍പതോളം കലാകാരന്മാർ രാത്രിയും പകലും ഉറക്കമൊഴിച്ച് മാസങ്ങളോളം പണി ചെയ്തിട്ടാണ് ദുർഗ്ഗോത്സവത്തിനാവശ്യത്തിനുള്ള അലങ്കാരങ്ങൾ ചെയ്തെടുക്കുന്നത്. ഇതിൽ സ്ത്രീകളുമുൾപ്പെടും. ബൊങ്കാപാസിയിൽനിന്നും ഗ്രാമവാസികളായ പുരുഷന്മാരെല്ലാം ദുർഗ്ഗോത്സവത്തിന്റെ ആരംഭദിനമായ മഹാലയക്കു മുന്‍പായി ബംഗാളിന്റെ പലഭാഗങ്ങളിലേക്ക് യാത്രയാകും. അതാത് സ്ഥലത്തെ പന്തലുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള ദേവതയുടെമേൽ ഷോലാ അലങ്കാരങ്ങൾ ചാർത്തുന്നതിനാണ് ഇവർ പോകുന്നത്.

150 വർഷം മുന്‍പ് ആരംഭിച്ചിട്ടുള്ള കൊൽക്കത്തയിലെ പ്രമുഖ പൂജയാണ് ബൗബസാറിലുള്ള സാഹ ബാഡീർ പൂജ. സമീപകാലത്ത് എല്ലാവർഷവും മഹാലയയ്ക്ക് ഇവിടെയെത്തി ദുർഗയുടെ മേൽ ഷോലാർ സാജ് അണിയിക്കുന്നത് പ്രൊബീർ മലാകാറാണ്. 13 ഷോല അലങ്കാരങ്ങളാണ് ഓരോ ദുർഗാവിഗ്രഹത്തിലും അണിയിക്കാനുള്ളത്. ഉത്തരീയം (aanchal), ചിക് (necklace), മാലകൾ (pendant), കിരീടം (ബംഗാളിയിൽ മുഖുട് ചുരാ), കമ്മലുകൾ, വളകൾ തുടങ്ങിയവയാണ് അവ. തിളങ്ങുന്ന പാൽനിറമാണ് ഷോലയ്ക്കുള്ളതെങ്കിലും ഇപ്പോൾ ആവശ്യക്കാരുടെ താൽപ്പര്യമനുസരിച്ച് പിങ്ക്, മഞ്ഞ, നീല, ഗോൾഡ് നിറങ്ങൾ പൂശിയും ഷോലയിൽനിന്നും ആഭരണങ്ങളുണ്ടാക്കുന്നുണ്ട്. 12 അടിയോളം ഉയരമുള്ള വിഗ്രഹത്തിന്മേൽ ചാർത്താനാവശ്യമായ ഷോലാർ സാജിന് ഏകദേശം ഒരു ലക്ഷം രൂപയ്ക്കുമേലെ വിലവരും. പൂജാമാസങ്ങളോടടുപ്പിച്ച് പ്രതിവർഷം 50 കോടി രൂപയുടെ ടേണോവറാണ് ബൊങ്കാപാസി ഗ്രാമം നേടുന്നതെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.

ഷോലാർ സാജിന്റെ ഉപയോഗം ദുർഗാവിഗ്രഹങ്ങൾക്കു മാത്രമല്ല, ബംഗാളി വിവാഹാഘോഷങ്ങളിലും ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നാണിത്. ഒരുതരം സ്‌പോഞ്ചിന്റെ സ്വഭാവമുള്ള ഈ ചെടി വ്യാപകമായി കാണപ്പെട്ടിരുന്നത് മുന്‍പ് ദിനാജ്പൂർ ജില്ലയിലായിരുന്നു. പിന്നീട് പലനിലങ്ങളും മീൻകുളങ്ങളായി മാറിയതോടെ ദിനാജ്പൂരിൽനിന്നുള്ള ഷോലയുടെ വരവും നിലച്ചു. ഇപ്പോൾ സൗത്ത് 24 പർഗാനാസ് ജില്ലയിൽനിന്നാണ് ബൊങ്കാപാസിയിലേക്കാവശ്യമായ ഷോല എത്തുന്നത്.

ആയുധക്കടത്തിനും ഉൽപാദനത്തിനും കള്ളക്കടത്തിനും കുപ്രസിദ്ധിയുള്ള സംസ്ഥാനം കൂടിയാണ് ബംഗാൾ. ഏതാനും മാസങ്ങൾ നീക്കിവച്ച് പൂജാക്കാലത്തേക്കാവശ്യമായ ‘ആയുധങ്ങൾ’ നിർമ്മിക്കുന്ന ഒരിടം കൂടിയുണ്ട് ഹൗറയ്ക്കടുത്ത്. കൊൽക്കത്തയിൽനിന്നും 60 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഉലൂബരിയയ്ക്കടുത്തുള്ള ഗുടിനഗരിയിലെത്താം. ഇവിടെയാണ് കുമാർടുളിയിലെ പൂജാ സീസണിൽ ഉണ്ടാക്കുന്ന മുപ്പതിനായിരത്തോളം ദുർഗാവിഗ്രഹങ്ങളുടെ കരങ്ങളിൽ പിടിപ്പിക്കാനുള്ള ഡമ്മി വെപ്പൺ അഥവാ കൃത്രിമ ആയുധങ്ങൾ ഉണ്ടാക്കുന്നത്.

ദുർഗയൊന്നിന് പത്ത് കൈകൾവെച്ച് മൂന്നുലക്ഷത്തോളം ആയുധങ്ങൾ ഗുടിനഗരിയിലെ അന്‍പതോളം വീട്ടുകാരുണ്ടാക്കേണ്ടതുണ്ട്. നഗരത്തിലേക്ക് മാത്രമല്ല, ബംഗാളിലുടനീളമുള്ള പൂജാപന്തലുകളിലേക്കും ലോകത്തെവിടെയുമുള്ള ബംഗാളിയുടെ പൂജാപന്തലുകളിലേക്കും ആയുധങ്ങൾ പോകുന്നത് ഗുടിനഗരിയിൽനിന്നാണ്. വാൾ, അസ്ത്രം, കുന്തം, ത്രിശൂലം, ഗദ തുടങ്ങിയവയാണ് ഇവിടെയുണ്ടാക്കുന്നത്. മെറ്റാലിക് ഷീറ്റുകളിൽനിന്നും വെട്ടിയുണ്ടാക്കുന്ന ആയുധരൂപങ്ങളിൽ ആവശ്യാനുസരണം വർണ്ണക്കടലാസ് പതിക്കുകയോ നിറങ്ങൾ ചാർത്തുകയോ ചെയ്യുന്നു. ചെറുയൂണിറ്റുകളിലിരുന്നും സ്വന്തം വീടുകളിലിരുന്നും ഗ്രാമീണർ ആയുധങ്ങളുണ്ടാക്കുന്നു. പത്ത് പേരെ വെച്ച് തൊഴിലെടുപ്പിക്കുന്ന പ്രൊബീർ മന്ന പത്രവാർത്തയിൽ പറയുന്നത് ദിവസം 16 മണിക്കൂറോളം ജോലിയെടുക്കുന്നുണ്ടെന്നാണ്. മുന്‍പ്, ഇവിടെനിന്നും കുമാർടുളിയിൽ ചെന്നിട്ടായിരുന്നു ആയുധങ്ങളുണ്ടാക്കി നൽകിയിരുന്നത്. പിന്നീട് പ്രദേശവാസികളെ പണിക്കെടുത്ത് ഗ്രാമത്തിൽത്തന്നെ യൂണിറ്റുകൾ രൂപീകരിച്ച് ആയുധ നിർമ്മാണം തുടങ്ങി. ഇന്നീ ഗ്രാമത്തിലെ ഓരോ മനുഷ്യരും ഏതെങ്കിലും വിധത്തിൽ നേരിട്ടോ അല്ലാതെയോ വിഗ്രഹത്തിൽ ചാർത്താനാവശ്യമായ ആയുധവ്യാപാരത്തിൽ മുഴുകുന്നുണ്ടെന്നാണ് ഗ്രാമവാസിയായ താരക് പാഞ്ച പറയുന്നത്. ഈ വർഷത്തെ ആവശ്യത്തിൽ 40 ശതമാനത്തോളം വർദ്ധനയുണ്ടായിട്ടുണ്ടെന്നും താരക് പാഞ്ച പറയുന്നു. ബംഗാളിൽ സ്കൂളിൽ പോകുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുള്ളതിനാൽ ഈ പറഞ്ഞ തൊഴിലുകളിലെല്ലാം കുട്ടികളുടേയും സ്ത്രീകളുടേയും പങ്കാളിത്തവുമുണ്ട്.

21-ാം നൂറ്റാണ്ടാകുമ്പോളേക്കും കോടികൾ കിലുങ്ങുന്ന വ്യാപാരോത്സവമായും ലക്ഷക്കണക്കിനാളുകൾക്കുള്ള ഉപജീവനവഴിയായും പൂജ മാറിയിട്ടുണ്ട്. മൂന്നു പതിറ്റാണ്ടിലധികം ബംഗാൾ ഭരിച്ച ഇടതുപക്ഷത്തിന്റെ പിൻവാങ്ങിലിനുശേഷം അധികാരത്തിലെത്തിയ തൃണമൂൽ കോൺഗ്രസ്സും അതിന്റെ അനുചരന്മാരും അക്ഷരാർത്ഥത്തിൽ കൊഴുത്തു തെഴുപ്പിക്കുന്ന വിപണി കൂടിയായി ഇക്കാലത്തെ ദുർഗാപൂജ മാറി. ഓരോ വാർഡും ഭരിക്കുന്ന കൗൺസിലർമാർക്ക് അധികാരം കാണിക്കാനും ധനശക്തി കാണിക്കാനുമുള്ള വേദിയായി പൂജാപന്തലുകൾ മാറിയതോടെ പൂജാക്കമ്മിറ്റിയിൽ കയറിപ്പറ്റുക എന്നത് എളുപ്പമല്ലാതായും മാറി.

ലക്ഷങ്ങളും കോടികളും രഹസ്യമായും പരസ്യമായും ഇറങ്ങുന്ന നവരാത്രിക്കാലത്ത് ശരാശരി ബംഗാളി വർഷത്തിലൊരിക്കൽ കയ്യിൽ കിട്ടുന്ന ലേശം അധികവരുമാനത്തിന്റെ സ്വപ്നത്തിൽ പല യാഥാർത്ഥ്യങ്ങളും മറക്കാനിഷ്ടപ്പെടുന്നു. മൂന്നു ലക്ഷത്തോളം ആളുകൾക്ക് നാലഞ്ച് മാസങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും തൊഴിലും വരുമാനവും നൽകുന്ന ദുർഗാപൂജ കഴിയുന്നതോടെ അവരുടെ ജീവിതത്തിൽ ഏതുവിധത്തിലുള്ള ഉയർച്ചയാണ് ഉണ്ടാക്കുന്നത്? ഉണ്ടാകുന്നില്ലെങ്കിൽ അത് ബംഗാളി ജനതയുടെ കാര്യപ്രാപ്തിയില്ലായ്മയാണോ? ഈ വരുമാനവും ധനവിനിയോഗവും ശരിയായ രീതിയിൽ നടക്കുന്നുണ്ടെങ്കിൽ ബംഗാളികൾക്ക് അഭയാർത്ഥികളായി നാടുവിടേണ്ടതുണ്ടായിരുന്നോ? ഈ ദിശയിൽ ശരിയായ സാമൂഹികപഠനങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു.

ഹാത്തിബഗാൻ, ഗരിയാഹട്ട്, ന്യൂ മാർക്കറ്റ് ഏരിയ പോലുള്ള വലിയ കച്ചവടകേന്ദ്രങ്ങളും അനവധി മാളുകളും ഈ ദിവസങ്ങളിൽ കടകൾ തുറന്നുവയ്ക്കുന്ന നേരം ഒന്നോ രണ്ടോ മണിക്കൂർ വർദ്ധിപ്പിച്ചിട്ടുണ്ട്. അതായത് രാജാ നവകൃഷ്ണദേവ് എന്ന സമർത്ഥനായ ദീർഘദർശി റോബർട്ട് ക്ലൈവിനേയും നാട്ടുരാജാക്കന്മാരേയും സന്തോഷിപ്പിക്കുന്നതിനായി കച്ചവടവൽക്കരിച്ച വ്യക്തിഗത ആചാരം ഇന്ന് വന്നുനിൽക്കുന്നത് രാജാ ദേവിന്റെ ഉദ്ദേശത്തിന്റേയും ശതകോടി മടങ്ങ് അപ്പുറത്താണ്. വർത്തമാനകാല കക്ഷിരാഷ്ട്രീയത്തിലേയും ആധുനിക നാടുവാഴിമാരുടേയും പിന്തുണയോടെ വർഷം ചെല്ലുന്തോറും വിപുലീകരിച്ചുപോകുന്ന ദുർഗ്ഗോത്സവം ദേവ് ആവിഷ്‌കരിച്ചതുപോലെ ആനന്ദത്തിനും നേരമ്പോക്കിനുമുള്ളതായി മാറുന്നു. ചുരുങ്ങിയപക്ഷം യഥാവിധം ആചാരങ്ങൾ പാലിക്കുന്ന നോർത്ത് കൊൽക്കത്തയിലെ ഏതാനും ജമീന്ദാർ ഭവനങ്ങളും കിഴക്കൻ ബംഗാളിൽ വേരുകളുള്ള ബംഗാളി കുടുംബങ്ങളും ഒഴിച്ചാൽ പൂജ എന്നത് അതിന്റെ കലർപ്പില്ലാത്ത ലക്ഷ്യങ്ങളിൽനിന്നും ഏറെ അകന്നുപോയിരിക്കുന്നു.

ഒരുപക്ഷേ, സ്വപൻ കുമാർ താക്കൂർ തന്റെ പുസ്തകത്തിൽ പറയുന്നതുപോലെ ദുഷ്ടനിഗ്രഹ ധർമ്മമില്ലാതെ കൃഷി പരിപാലിച്ചും രോഗം വരാതെ കാത്തും ഗ്രാമീണർക്കൊപ്പം നിന്ന സസ്യാദേവി പിന്നീട് പത്ത് കൈകളും പൂർണ്ണമായ ഉടലുമുള്ള ദുർഗയായി മാറുമ്പോൾ കിലുങ്ങുന്ന പണത്തിന്റെ കൂമ്പാരം കൂടിയാണ് ഒപ്പം വളർന്നിട്ടുള്ളത്. മുണ്ടാമൂർത്തിയായി ശിരസ്സു മാത്രമായി നിലനിന്നിരുന്ന ദുർഗ ഇന്ന് സംസ്ഥാനത്തിന്റെ മൂലയിലൊതുങ്ങിയിരിക്കുന്നു. എല്ലാം പണം നയിക്കും ഇന്ദ്രജാലങ്ങൾ എന്ന് ശ്രീകുമാരൻ തമ്പി എഴുതിയതുപോലെയായിരിക്കുന്നു കാര്യങ്ങൾ. എങ്കിലും പതിവുപോലെ ഭക്തർ സന്തുഷ്ടരാണ്. കാരണം തങ്ങളുടെ ദൈവം കരുത്തിൽനിന്നും കൂടുതൽ കരുത്തിലേക്ക് പടരുന്നതാണ് വർഷാവർഷം അവർ കാണുന്നത്. മാനസാ ദേവിയും ചണ്ഡി ഭഗവതിയും മംഗൾ കാവ്യത്തിലും ജാത്രാ നാടകാവതരണങ്ങളിലും മാത്രമായി ചുരുങ്ങിയിട്ടുണ്ടാവാമെന്നത് അവർക്കൊരു പ്രശ്നവുമല്ല.

ശിരസ്സ് മാത്രമുണ്ടായിരുന്ന മുണ്ടാമൂർത്തിയിൽനിന്നും ശക്തിദുർഗ എന്ന വ്യവസ്ഥാപിത ആരാധനാമൂർത്തിയിലേക്ക് ദൈവം ഭാവവും രൂപവും മാറുമ്പോൾ ആരാധനാക്രമവും ചടങ്ങുകളും ആചാരങ്ങളും കൂടി അടിമുടി മാറുന്നു. അത് ധനാധിഷ്ഠിത അനുഷ്ഠാനമായും മാറുന്നു. കിഴക്കൻ ബർദ്വാനിലെ ഗോമായി ഗ്രാമത്തിലെ റേ കുടുംബം മാത്രമായിരിക്കാം ഒരുപക്ഷേ, പഴയ മുണ്ടാ മൂർത്തിയെ ഇന്നും ഓർക്കുന്നത്; സ്വപൻ കുമാറിനെപ്പോലുള്ള ചരിത്രാന്വേഷകരും.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com