

കണ്ണൂരില്‍ സി.പി.എമ്മിന്റെ യുവനേതാവായിരുന്ന മനു തോമസ് പാര്‍ട്ടി വിട്ടതിനു ദീര്‍ഘകാലമായുള്ളതും അടിയന്തരവുമായ കാരണങ്ങളുണ്ട്. മാറ്റങ്ങളെ മാനുഷികവും ജൈവികവുമായ തലങ്ങളില്‍നിന്നുകൊണ്ട് ഉള്‍കൊള്ളാനാകുന്നില്ല. മാറണമെന്നാഗ്രഹിച്ചാല്‍ പോലും മാറാനാകാത്ത സംവിധാനമായി പാര്‍ട്ടി മാറി. ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത്-ക്വട്ടേഷന്‍ മാഫിയയുമായി സി.പി.എമ്മിനുള്ള ബന്ധത്തിലും കൊലപാതക രാഷ്ട്രീയത്തിലും വിയോജിപ്പ് ഉന്നയിച്ചാണ് അദ്ദേഹം പാര്‍ട്ടി കണ്ണൂര്‍ ജില്ലാക്കമ്മിറ്റി അംഗത്വത്തില്‍നിന്നു വിട്ടുപോകുന്നത്.മാറണമെന്നാഗ്രഹിച്ചാല്‍പോലും ഒരു പ്രതീക്ഷയും പാര്‍ട്ടി അതിന്റെ പ്രവര്‍ത്തകരില്‍ ഉണര്‍ത്തുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ മനു തോമസ് പറയുന്നു. സാമൂഹ്യ വിഷയങ്ങളോട് പ്രതികരിക്കാത്ത പാര്‍ട്ടിനയവും പരാതി കൊടുത്താല്‍ ചര്‍ച്ച ചെയ്യാത്ത സംഘടനാ സംവിധാനവുമടക്കം പല കാരണങ്ങള്‍ മനു തോമസിന്റെ പാര്‍ട്ടിയില്‍നിന്നുള്ള വിട്ടുപോക്കിനു പിന്നിലുണ്ട്.
പാര്‍ട്ടി സംസ്‌കാരം ആര്‍ജ്ജിക്കുന്നതിനു പകരം നേതാക്കന്മാരെ അനുകരിക്കുന്നവരായി യുവജന-വിദ്യാര്‍ത്ഥി സംഘടനയിലുള്ളവര്‍ മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ക്യാംപസുകളില്‍ രാഷ്ട്രീയമില്ലാത്ത ആള്‍ക്കൂട്ടമായി എസ്.എഫ്.ഐ മാറുന്നു, സമരങ്ങളോ ക്യാംപെയിനുകളോ നടത്താനോ ജനകീയപ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനോ കഴിയാതെ ഡി.വൈ.എഫ്.ഐ. 'പാര്‍ട്ടിക്ക് പരിക്കേല്‍ക്കും' എന്ന കാരണത്താല്‍ സത്യങ്ങള്‍ പൊതുസമൂഹത്തോട് പറയാന്‍ പരിമിതിയുള്ള പാര്‍ട്ടി-പാര്‍ട്ടിയനുഭവങ്ങളെക്കുറിച്ച് മനു തോമസ് തുറന്നു സംസാരിക്കുന്നു.
സി.പി.എം അംഗത്വം ഉപേക്ഷിച്ചു, അതുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍, മാധ്യമ ചര്‍ച്ചകള്‍. ഇതിനൊക്കെ ഇടയിലാണിപ്പോള്‍. എന്താണ് ഇപ്പോഴത്തെ അവസ്ഥ?
ഇതൊന്നും ഞാനായി കൊണ്ടുവന്നതല്ല, സംഭവിച്ചതാണ്. അതിനു പിന്നീട് പലവിധത്തിലുള്ള നരേഷനും ഉണ്ടായിക്കൊണ്ടിരിക്കുന്നു. എനിക്കു പറയാനുള്ള കാര്യങ്ങള്‍ പറയണമെന്ന് ആഗ്രഹിച്ചു, അതു ഞാന്‍ പറഞ്ഞു. ഒരുതരത്തില്‍ പറഞ്ഞാല്‍ എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്. പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നിടത്ത് നിശ്ശബ്ദനായി മാറാന്‍ തീരുമാനിച്ചൊരാളായിരുന്നു ഞാന്‍. ഏതാണ്ട് 14 മാസങ്ങള്‍ക്കുശേഷം പാര്‍ട്ടി അതിന്റെ സ്വാഭാവിക നടപടി എന്ന നിലയില്‍, കമ്മിറ്റിയില്‍ പങ്കെടുക്കാത്തതും മെമ്പര്‍ഷിപ്പ് പുതുക്കാത്തതുമായ ഒരാള്‍ എന്ന നിലയില്‍ എന്നെ ആ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയാണ് ചെയ്തത്.
ഈ സ്വാഭാവികമായ സംഘടനാ നടപടിയെ ഒരുകൂട്ടം ആളുകള്‍ വളരെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലപോലെയുള്ള ഒരു പാര്‍ട്ടി കമ്മിറ്റിയുടെ മിനിട്സില്‍നിന്നും കുറച്ച് സമയത്തിനുള്ളില്‍ത്തന്നെ ഇതു ചോര്‍ത്തി ഒരു മാധ്യമ പ്രവര്‍ത്തകനു നല്‍കുകയാണ്. സംഘടനാ പ്രവര്‍ത്തനത്തില്‍ ഇല്ലാത്തതിനാല്‍ മനു തോമസിനെ ജില്ലാക്കമ്മിറ്റിയില്‍നിന്നും ഒഴിവാക്കുന്നു, പകരം ഒരാളെ നിശ്ചയിക്കുന്നു എന്നായിരിക്കുമല്ലോ സ്വാഭാവികമായും മിനിട്സില്‍ ഉണ്ടാകുന്നത്.
പക്ഷേ, ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ ഭാഗമായി മനു തോമസിനെ പാര്‍ട്ടി പുറത്താക്കി എന്നാണ് ഇവര്‍ മാധ്യമ പ്രവര്‍ത്തകനോട് പറഞ്ഞത്.
അവര്‍ പറഞ്ഞ അതേ വേര്‍ഷന്‍ മറ്റാരോടും സത്യാവസ്ഥ ചോദിക്കാതെ ചാനല്‍ വാര്‍ത്ത നല്‍കി. അന്ന് ഉച്ചകഴിഞ്ഞത് മുതല്‍ ഈ വാര്‍ത്തയാണ്. ഇത് ഏറ്റുപിടിച്ച് മറ്റു ചില മാധ്യമങ്ങളും നല്‍കി. വാര്‍ത്ത ചോര്‍ത്തി നല്‍കിയവര്‍ തന്നെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്താഭാഗംവെച്ച് വ്യാപകമായി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിച്ചു.
ജില്ലാകമ്മിറ്റിയുടെ തീരുമാനമൊന്നും ഞാന്‍ സത്യത്തില്‍ അറിഞ്ഞിരുന്നില്ല. കാരണം ഞാന്‍ ആ ഭാഗത്തേയ്ക്ക് ശ്രദ്ധിക്കാറില്ലായിരുന്നു. എപ്പോഴാണ് ജില്ലാകമ്മിറ്റി യോഗം ചേരുന്നത്, എപ്പോഴാണ് ജില്ലാ സെക്രട്ടേറിയറ്റ് ചേരുന്നത് എന്നൊന്നും പിന്നീട് ശ്രദ്ധിക്കാറില്ലായിരുന്നു. പൂര്‍ണ്ണമായും അത്തരം ബന്ധങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇങ്ങനെ ഒരു വാര്‍ത്ത വന്നപ്പോള്‍ എന്നെ അറിയുന്ന പലരും ഇത് എനിക്ക് അയച്ചുതന്നു. അവര്‍ ആശങ്കപ്പെടുന്ന ഒരു സാഹചര്യവും ഉണ്ടായി. അപ്പോള്‍ എനിക്കിത് പറയണ്ടതായിവന്നു. എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന ഒന്നായിട്ടാണ് എനിക്കത് തോന്നിയത്. അനധികൃതമായി സമ്പത്ത് ഉണ്ടാക്കിയ ഒരാളായിരുന്നു എങ്കില്‍ എനിക്ക് മിണ്ടാതിരുന്നാല്‍ മതി. അങ്ങനെയല്ലാത്തതുകൊണ്ട് പ്രതികരിക്കണം എന്നു തോന്നി. അങ്ങനെ ഞാന്‍ മാധ്യമങ്ങളോട് പറഞ്ഞു. വേറൊരു മാര്‍ഗ്ഗം ഇല്ല. മൈക്ക് കെട്ടി പ്രസംഗിക്കാന്‍ കഴിയില്ലല്ലോ. ഫേസ്ബുക്ക് പോസ്റ്റിട്ടാലും കുറച്ചുപേര്‍ മാത്രമേ അറിയുകയുള്ളൂ. അങ്ങനെയാണ് മാധ്യമങ്ങളില്‍കൂടി പറഞ്ഞത്. അവര്‍ എന്നോട് അഭിപ്രായം ചോദിച്ചു. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ജനങ്ങള്‍ക്കും എന്നെ അറിയുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അക്കാര്യം ബോധ്യപ്പെട്ടു എന്നാണ് ഞാന്‍ വിചാരിക്കുന്നത്.
ഒരു തെറ്റായ വാര്‍ത്ത വന്നു, പിന്നീട് എന്റെ വിശദീകരണം വന്നു. അതിനെത്തുടര്‍ന്ന് വ്യത്യസ്തങ്ങളായ സംസാരങ്ങള്‍ ഉണ്ടായി. ഇതിനെല്ലാം ശേഷം ജില്ലാ സെക്രട്ടറി തന്നെ വാര്‍ത്താ സമ്മേളനം വിളിച്ച് മനു തോമസിനെ പുറത്താക്കിയതല്ല, സംഘടനാ പ്രവര്‍ത്തനത്തില്‍ ഇല്ലാത്തതുകൊണ്ട് ഒഴിവാക്കിയതാണെന്ന് മാധ്യമങ്ങളോട് വിശദീകരിച്ചു. ആ പ്രശ്‌നം അവിടെ തീരേണ്ടതാണ്. ഈ വാര്‍ത്താസമ്മേളനത്തോടെ അവസാനിക്കേണ്ടതായിരുന്നു. പക്ഷേ, പിറ്റേ ദിവസം രാവിലെ എനിക്കെതിരെ ഒരു പാര്‍ട്ടി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വരികയായിരുന്നു.
താങ്കള്‍ അദ്ദേഹത്തിനെതിരെ സംസാരിച്ചതുകൊണ്ടായിരുന്നില്ലേ ആ പോസ്റ്റ്?
എന്നാണ് അദ്ദേഹം പറയുന്നത്. ഞാന്‍ ആരുടേയും പേര് ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. പക്ഷേ, ഒരു പത്രത്തില്‍ വന്ന വാര്‍ത്തയില്‍ പി. ജയരാജന്റെ പേര് ഉള്‍പ്പെട്ടിരുന്നു. അത് ആ മാധ്യമം ഞാന്‍ പറഞ്ഞതിനെ വ്യാഖ്യാനിച്ച് എഴുതിയതാണ്. അങ്ങനെ വന്നു എന്നു പറഞ്ഞാണ് അദ്ദേഹം പ്രതികരിച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റിനെത്തുടര്‍ന്ന് ഞാനും ഒരു സംവാദത്തിനു തയ്യാറാണ് എന്നു പറഞ്ഞ് പിന്നീട് പോസ്റ്റിടുകയായിരുന്നു. അവിടെനിന്നാണ് ഈ പറയുന്ന 'വിവാദം' രൂപപ്പെടുന്നത്. ഉള്ള കാര്യങ്ങള്‍ മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. നടക്കാത്ത കാര്യങ്ങളൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഒരു ഉയര്‍ന്ന നേതാവ് കാണിക്കേണ്ട പക്വത അദ്ദേഹം ഈ വിഷയത്തില്‍ കാണിച്ചില്ല. അങ്ങനെ കാണിച്ചിരുന്നെങ്കില്‍ അദ്ദേഹം അങ്ങനെയൊരു പോസ്റ്റ് ഇടില്ലായിരുന്നു.
വളരെ നിശ്ശബ്ദനായി ഒഴിഞ്ഞുപോകാനായിരുന്നു തീരുമാനം എന്നു താങ്കള്‍ പറയുന്നു. വാര്‍ത്തയും ഫേസ്ബുക്ക് പോസ്റ്റും വന്നതിനെത്തുടര്‍ന്ന് ചില കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. പാര്‍ട്ടിയില്‍നിന്നു പോകുമ്പോഴെങ്കിലും ഉന്നയിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ വിഷയങ്ങളാണ് ഇത് എന്നു തോന്നിയിരുന്നില്ലേ. നിശ്ശബ്ദനായി പോകാം എന്ന് എന്തുകൊണ്ടാണ് തീരുമാനിച്ചത്?
എന്നെ പല ഘടകങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. വ്യക്തിപരമായ ചില ഇഷ്ടാനിഷ്ടങ്ങളുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ഞാനീ വിഷയം പറഞ്ഞു. പരാതിയും കൊടുത്തു. പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായില്ല. തിരുത്തലുകളും ഉണ്ടായില്ല. പിന്നെ പുറത്തുവന്ന് ഞാനിതു പറയുമ്പോള്‍ പൊതുസമൂഹം എങ്ങനെ സ്വീകരിക്കും എന്നൊക്കെയുള്ള ചിന്തകളുണ്ടായിരുന്നു. പൊതുവെ ഇങ്ങനെയുള്ള ഒച്ചപ്പാടുകളോട് താല്പര്യവുമില്ലായിരുന്നു. അതാണ് നിശ്ശബ്ദമായി പോകാം എന്നു തീരുമാനിച്ചത്. പക്ഷേ, എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന ഒരു പ്രശ്‌നം വന്നപ്പോഴാണ് വീണ്ടും ഉന്നയിക്കാന്‍ തീരുമാനിച്ചത്.
പുറത്തു പറയേണ്ടതും ചര്‍ച്ച ചെയ്യപ്പേടേണ്ടതുമായ വിഷയം തന്നെയാണിത്. അക്കാര്യത്തില്‍ സംശയമില്ല. ഒരുപക്ഷേ, ദീര്‍ഘകാലം പാര്‍ട്ടി സംഘടനാമര്യാദകള്‍ പഠിച്ചത് കൊണ്ടായിരിക്കാം എനിക്കത് പുറത്തു പറയാന്‍ തോന്നിയില്ല. നിശ്ശബ്ദമായി ഇരിക്കുമ്പോള്‍ തന്നെ പാര്‍ട്ടിക്കകത്തും പുറത്തും എന്നെ അറിയുന്നവര്‍ ഞാന്‍ എന്തുകൊണ്ട് നിശ്ശബ്ദനായി എന്ന് ആലോചിക്കുകയും അതിനു ചില ഉത്തരങ്ങള്‍ കിട്ടുകയും ചെയ്യുമെന്നും ഞാന്‍ ആലോചിച്ചിരുന്നു.
ഒരു വീഴ്ച പറ്റിയാല്‍ അല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടാവുമ്പോള്‍ യാന്ത്രികമായി പറയേണ്ടുന്ന ഒന്നല്ല തിരുത്തും എന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് തിരുത്തല്‍ പ്രക്രിയ എന്നത് ദൈനംദിന സ്വഭാവമുള്ളതാണ്.
കൊലപാതകവും കൊട്ടേഷനും ആണ് ഉന്നയിച്ച പ്രധാന വിഷയങ്ങള്‍. ഇത്രയധികം ചര്‍ച്ചയായ സ്ഥിതിക്ക് ഇക്കാര്യത്തില്‍ ഇനിയെങ്കിലും തിരുത്തല്‍ ഉണ്ടാവും എന്നു തോന്നുന്നുണ്ടോ?
അങ്ങനെ വിശ്വസിക്കാനുള്ള സാഹചര്യം ഇപ്പോഴില്ല. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം തിരുത്തുന്നതില്‍ പല കാര്യങ്ങളിലും ഇന്നത്തെ സാഹചര്യത്തില്‍ പരിമിതിയുണ്ട്. തിരുത്തുക എന്നത് വളരെ സത്യസന്ധമായി ചെയ്യേണ്ട ഒരു കാര്യമാണ്. യാന്ത്രികമായി ചെയ്യേണ്ട കാര്യമല്ല. ഒരു വീഴ്ച പറ്റിയാല്‍ അല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടാവുമ്പോള്‍ യാന്ത്രികമായി പറയേണ്ടുന്ന ഒന്നല്ല തിരുത്തും എന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് തിരുത്തല്‍ പ്രക്രിയ എന്നത് ദൈനംദിന സ്വഭാവമുള്ളതാണ്. എപ്പോഴെങ്കിലും സംഭവിക്കേണ്ടതല്ല. ഞാന്‍ ഒരു പരാതി ഉന്നയിച്ചു. ഉയര്‍ന്ന ഘടകങ്ങള്‍ക്ക് എഴുതിക്കൊടുത്തു. ഞാന്‍ പ്രവര്‍ത്തിക്കുന്ന ഘടകത്തില്‍ പരാതികൊടുത്ത് ഒരു വര്‍ഷം കഴിഞ്ഞാണ് അതു പൊടിതട്ടിയെടുക്കുന്നത്. അങ്ങനെ ഒരു സംവിധാനത്തില്‍ എങ്ങനെയാണ് ഇനി തിരുത്തും എന്നു വിശ്വസിക്കാന്‍ കഴിയുക. അക്കാര്യത്തില്‍ ഒരു ശുഭാപ്തിവിശ്വാസവും എനിക്കില്ല. അതിനു പരിമിതികളുണ്ട്. സി.പി.എമ്മിനു മാത്രമല്ല, എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ചില കാര്യങ്ങളില്‍ വലിയ പരിമിതിയുണ്ട്.
ഞാന്‍ വിശ്വാസത്തേയും പള്ളിയേയും ഒഴിവാക്കുന്നു എന്നത് എന്റെ ബോധ്യത്തില്‍നിന്നു വന്നതാണ്. അതേപോലെത്തന്നെയാണ് ഇതും. എന്റെ ബോധ്യത്തില്‍നിന്നാണ് ഞാന്‍ പാര്‍ട്ടി വിടുന്നത്. എന്തുകൊണ്ടാണ് ഞാന്‍ പള്ളി വിട്ടത് എന്നുള്ളതുപോലെത്തന്നെയാണ് എന്തുകൊണ്ടാണ് ഞാന്‍ പാര്‍ട്ടി വിട്ടത് എന്നതിന്റേയും ഉത്തരം.
സി.പി.എം പോലൊരു പാര്‍ട്ടി വിടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പുറത്തുവരുമ്പോഴുള്ള കുറേ ആശങ്കകള്‍ ഉണ്ട്. പാര്‍ട്ടി വിട്ടവരുടെ അനുഭവങ്ങളുണ്ട്. എങ്ങനെയാണ് അതിനെ കണ്ടത്?
പാര്‍ട്ടി വിടുന്നതിനു മുന്‍പ് പള്ളി വിട്ടയാളാണ് ഞാന്‍. പള്ളി ഇതുപോലെത്തന്നെ വലിയ ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ അല്ലേ. ഇതിനേക്കാള്‍ കുറച്ചുകൂടി നമ്മളെ ചെറുപ്പം മുതലേ സ്വാധീനിക്കുന്ന ഒരു സംവിധാനമല്ലേ. അതിനകത്തുനിന്നു മാറിനില്‍ക്കുക എന്നു പറയുമ്പോള്‍ ഇതേപോലെത്തന്നെ ചില സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടിവരും. പ്രത്യേകിച്ചും കുടുംബത്തിലും അതുപോലെയുള്ള ചില സ്പേസുകളിലും മാനസിക പ്രശ്‌നങ്ങളുണ്ടാവും. പക്ഷേ, അതിനെ നമ്മള്‍ പ്രതിരോധിക്കുന്നത് കൃത്യമായ ബോധ്യത്തോടുകൂടിയാണ്. ഞാന്‍ വിശ്വാസത്തേയും പള്ളിയേയും ഒഴിവാക്കുന്നു എന്നത് എന്റെ ബോധ്യത്തില്‍നിന്നു വന്നതാണ്. അതേപോലെത്തന്നെയാണ് ഇതും. എന്റെ ബോധ്യത്തില്‍നിന്നാണ് ഞാന്‍ പാര്‍ട്ടി വിടുന്നത്. എന്തുകൊണ്ടാണ് ഞാന്‍ പള്ളി വിട്ടത് എന്നുള്ളതുപോലെത്തന്നെയാണ് എന്തുകൊണ്ടാണ് ഞാന്‍ പാര്‍ട്ടി വിട്ടത് എന്നതിന്റേയും ഉത്തരം. കൃത്യമായ ബോധ്യമുണ്ടെങ്കില്‍ പിന്നെയത് നമ്മളില്‍ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നില്ല.
സീറ്റ് കിട്ടാത്തതിനാലോ സ്ഥാനമാനങ്ങള്‍ കിട്ടാത്തതിനാലോ ആണ് പാര്‍ട്ടി വിടുന്നതെങ്കില്‍ ചിലപ്പോള്‍ ആത്മസംഘര്‍ഷങ്ങളുണ്ടാവാം. പക്ഷേ, എന്നെ സംബന്ധിച്ച് എനിക്ക് നല്ല ബോധ്യമുണ്ട് ഇതിനകത്ത് കറക്ട് ചെയ്യാന്‍ പറ്റാത്ത എന്തൊക്കെയോ കാര്യങ്ങള്‍ ഉണ്ട് എന്നത്. അതുകൊണ്ട് ഞാന്‍ ഇറങ്ങിനടന്നു, ഒരു പ്രയാസവുമില്ലാതെ.
കൊള്ളില്ല എന്നു തോന്നിയാല്‍ പിന്നെ നമ്മള്‍ ഒരു കാര്യത്തെ ഫോളോ ചെയ്യില്ലല്ലോ. അത് ആശയമായാലും സംഘടനയായാലും പള്ളിയായാലും മതമായാലും. പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നു നമുക്കു തോന്നുന്ന ഘട്ടത്തില്‍ നമ്മള്‍ അതിനെ ഒഴിവാക്കി തനിയെ നടക്കുന്നു.
പാര്‍ട്ടി വിട്ടവരെ പാര്‍ട്ടിയും പ്രവര്‍ത്തകരും ശത്രുതയോടെ കാണുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്?
എന്റെ കാര്യത്തില്‍ നേരെ കടകവിരുദ്ധമായ അനുഭവമാണ് ഉള്ളത്. ഞാന്‍ പാര്‍ട്ടിയില്‍നിന്നു മാറിയത് ശരിയുടെ പക്ഷത്ത് നിന്നതുകൊണ്ടാണ് എന്ന ഫീലിങ്ങ് പൊതുവെയുണ്ട്. ക്വട്ടേഷന്‍ ടീമിന്റെ കാര്യമല്ല ഞാന്‍ പറയുന്നത്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരിലും നേതാക്കളിലുമെല്ലാം ശരിയായ ഒരു കാര്യം പറഞ്ഞു പാര്‍ട്ടിയില്‍നിന്നു പോയ ഒരാളാണ് എന്ന തോന്നലുണ്ട്. ചിലപ്പോള്‍ അവര്‍ക്കു പാര്‍ട്ടിയില്‍ പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ പറഞ്ഞൊരാള്‍ എന്നുള്ള കുറച്ച് സ്‌നേഹം അവര്‍ക്ക് എന്നോടുണ്ടാവും. എനിക്കു കിട്ടുന്ന പ്രതികരണവും അതാണ്.
ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ സ്വന്തമായി എന്തെങ്കിലും ചെയ്ത് പൈസ ഉണ്ടാക്കിയാലും അത് അയാളുടെ പ്രയത്‌നത്തിന്റെ ഫലമായിട്ടൊന്നുമല്ല പൊതുജനം കാണുന്നത്. പകരം മറ്റെങ്ങനെയോ ഉണ്ടാക്കിയതാണ് എന്നാണ്. ഇങ്ങനെയൊരു പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എനിക്ക് അങ്ങനെയൊരു രാഷ്ട്രീയക്കാരനാവാനും താല്പര്യമില്ല.
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചൊരാള്‍ പെട്ടെന്ന് അതില്‍നിന്നു മാറിനില്‍ക്കുമ്പോള്‍ എന്താണ് തോന്നുന്നത്?
ആലോചിച്ച് നോക്കിയാല്‍ വെറും ആള്‍ക്കൂട്ട ആരവം മാത്രമായിരുന്നു പലതും എന്നു തോന്നിയിട്ടുണ്ട്. പൊളിറ്റിക്‌സ് നഷ്ടമായി ആള്‍ക്കൂട്ടത്തിന്റെ ആഘോഷം മാത്രമായി എല്ലാം മാറുകയാണ്. എന്നെ സംബന്ധിച്ച് എനിക്ക് ഈ ആള്‍ക്കൂട്ടം ഇപ്പോള്‍ ഭയമായിത്തുടങ്ങി. ക്യാംപസുകളായാലും രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുപരിപാടികളായാലും ആള്‍ക്കൂട്ടമാണ്. അതില്‍ രാഷ്ട്രീയമുണ്ടെന്നു പറയാന്‍ കഴിയില്ല. കുറേ ആളുകളെ പങ്കെടുപ്പിക്കുക, അവരെല്ലാം വന്നു തിരിച്ചുപോകുക, സ്ഥിരമായി വരുന്ന ആളുകള്‍ തന്നെയാവും. അങ്ങനെ ഒരുതരം യാന്ത്രികമായ ആള്‍ക്കൂട്ടം.
രാഷ്ട്രീയക്കാരെ സംബന്ധിച്ച് പറയുകയാണെങ്കില്‍ നാല്‍പ്പതോ അന്‍പതോ വര്‍ഷം മുന്‍പുള്ള ഒരു പൊതുബോധമല്ല ഇപ്പോഴുള്ളത്. ഒരു രാഷ്ട്രീയക്കാരനെ കാണുമ്പോള്‍ പൊതുവെ മനുഷ്യര്‍ക്ക് തോന്നുന്നത് ആളെ പറ്റിച്ചു ജീവിക്കുന്ന ഒരാള്‍, അല്ലെങ്കില്‍ പൊതുപണം അഴിമതി നടത്തുന്ന ഒരാള്‍ എന്നൊക്കെയാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ സ്വന്തമായി എന്തെങ്കിലും ചെയ്ത് പൈസ ഉണ്ടാക്കിയാലും അത് അയാളുടെ പ്രയത്‌നത്തിന്റെ ഫലമായിട്ടൊന്നുമല്ല പൊതുജനം കാണുന്നത്. പകരം മറ്റെങ്ങനെയോ ഉണ്ടാക്കിയതാണ് എന്നാണ്. ഇങ്ങനെയൊരു പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എനിക്ക് അങ്ങനെയൊരു രാഷ്ട്രീയക്കാരനാവാനും താല്പര്യമില്ല.
ഇങ്ങനെ പലതരം ചിന്തകളാണ് എന്നെ സത്യത്തില്‍ ഇങ്ങനെയൊരു തീരുമാനത്തിനു പ്രേരിപ്പിച്ചത്. ഇതിനകത്തു നില്‍ക്കുമ്പോള്‍ നമുക്ക് എന്തെങ്കിലും സന്തോഷം വേണ്ടേ. നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അതില്‍ പ്രതിഫലിക്കുമ്പോഴല്ലേ നമുക്കു സന്തോഷം ഉണ്ടാവുക. ആ സന്തോഷം ഉണ്ടാവുന്നില്ല. നമ്മളെന്തൊക്കയോ യാന്ത്രികമായി ചെയ്യുന്നു. കുറേ കമ്മിറ്റികള്‍, മീറ്റിങ്ങുകള്‍, യോഗം ചേരല്‍. പിറ്റേ ദിവസത്തേയ്ക്ക് നീളുന്ന യോഗങ്ങളൊക്കെയുണ്ടാവും സി.പി.എമ്മില്‍. ഒരു ദിവസം രാവിലെ തുടങ്ങിയാല്‍ അന്നു രാത്രി തീരാതെ ബാക്കി പിറ്റേ ദിവസം ഉണ്ടാവും. അത്രയും യോഗങ്ങളായിരിക്കും. പക്ഷേ, ഇതിന്റെയൊക്കെ ഔട്ട്പുട്ട് എന്താണ്. അങ്ങനെയൊക്കെ ചിന്തിക്കുമ്പോള്‍ ഇതിലൊന്നും അര്‍ത്ഥമില്ല എന്നു ചിലപ്പോഴൊക്കെ തോന്നാറുണ്ട്. അതിനിടയിലാണ് ഇതുപോലെയുള്ള വിഷയങ്ങള്‍ ഉണ്ടാവുന്നതും അതിനോടുള്ള സമീപനവും. ഇതെല്ലാം ഒന്നിച്ചുചേരും. ഏതെങ്കിലും ഒരു പ്രശ്‌നമല്ല ഒരാളെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്നും പുറകോട്ട് വലിക്കുന്നത്. അയാളില്‍ രൂപപ്പെടുന്ന പലവിധ ചിന്തകളാണ്.
ഇതിന് ഒരു മറുപുറം കൂടിയുണ്ട്. ഈ പറയുന്ന കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കേണ്ട. അതില്‍നിന്നും കിട്ടേണ്ട നേട്ടങ്ങളെക്കുറിച്ചുമാത്രം ചിന്തിക്കുക. എം.എല്‍.എ ആവുക, പാര്‍ട്ടിയുടേയോ സംഘടനയുടേയോ തലപ്പത്തേയ്ക്ക് വരിക, ഈ സ്ഥാനങ്ങള്‍ ഉപയോഗിച്ച് മറ്റു കാര്യങ്ങള്‍ ആര്‍ജ്ജിച്ചെടുക്കുക. ഇത്തരം ചിന്തകളാണെങ്കില്‍ നിങ്ങള്‍ക്ക് ആദ്യം പറഞ്ഞ ചിന്തയുടെ ആവശ്യമില്ല. അങ്ങനെ വരുമ്പോള്‍ നിങ്ങളെ ഒന്നും അലട്ടില്ല. ഒന്നിനോടും പ്രത്യേകിച്ചു പ്രതികരിക്കേണ്ട കാര്യമില്ല, അഭിപ്രായങ്ങള്‍ പറയേണ്ട കാര്യമില്ല. ഇങ്ങനെ അങ്ങ് നിന്നു കൊടുത്താല്‍ മതി.
അപ്പോള്‍ പാര്‍ട്ടി വിടാന്‍ ഇപ്പോള്‍ ഉന്നയിച്ച വിഷയം ഒരു കാരണം മാത്രമായിരുന്നു അല്ലേ?
ശരിയാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ഇതുപോലുള്ള ചിന്തകള്‍ എനിക്ക് ഉണ്ടാവാറുണ്ട്. അക്കൂട്ടത്തിലാണ് ഇതുപോലുള്ള വിഷയങ്ങളും ഉണ്ടാവുന്നത്. നമ്മള്‍ എന്തുകൊണ്ടാണ് സി.പി.എമ്മോ ഡി.വൈ.എഫ്.ഐയോ എസ്.എഫ്.ഐയോ ആകുന്നത്. മറ്റുള്ളതില്‍നിന്നു വ്യത്യസ്തമായി സാമൂഹ്യമായ ചില വിഷയങ്ങളില്‍ ഇടപെടാന്‍ ശേഷിയുള്ള, തിരുത്തല്‍ശേഷിയുള്ള ഒരു സംഘടനയാണ് എന്നു കരുതിക്കൊണ്ടാണല്ലോ. അതിനകത്തുനിന്നു തിരുത്തല്‍ വരുത്തേണ്ട കാര്യങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഒരു തിരുത്തലും ഉണ്ടാവുന്നില്ല. അപ്പോള്‍ നേരത്തെയുള്ള ചിന്തകള്‍ മുന്നിലുണ്ട്. അതിന്റെ കൂടെ നമ്മുടെ യാഥാര്‍ത്ഥ്യത്തിലേക്ക് ഇത്തരം കാര്യങ്ങള്‍ കൂടി വരികയാണ്. ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നത്. അപ്പോഴാണ് ഇത് എന്തിനാണ് തുടരുന്നത് എന്നു തോന്നുന്നത്. അല്ലെങ്കില്‍പ്പിന്നെ നേരത്തെ പറഞ്ഞതുപോലെ എന്തെങ്കിലും താല്പര്യത്തിനുവേണ്ടി നില്‍ക്കുക. അല്ലെങ്കില്‍ ഒരു കോമാളിയെപ്പോലെ നില്‍ക്കുക.
അധികാരം ഇല്ലാതിരിക്കുമ്പോള്‍ നമുക്കു സമൂഹത്തില്‍ തിരുത്തല്‍ ശക്തിയാകാന്‍ പറ്റില്ലല്ലോ?
ലോകത്ത് ബഹുഭൂരിപക്ഷം മനുഷ്യരും അധികാരം ഇല്ലാത്തവരല്ലേ. അധികാരം ഇല്ലാത്ത മനഷ്യരില്‍ ഒരാളായി മാറാം എന്നു വിചാരിച്ചു. അങ്ങനെ ഉണ്ടായിരുന്ന ഒരു സ്ഥലത്തുനിന്നും അതില്ലാതാകുന്നതിലും ഒരു രസമുണ്ട്. മിണ്ടാതിരിക്കുന്നതും ഒരുതരത്തില്‍ സമരമായി വരും. ശബ്ദിക്കുന്നതു മാത്രമല്ല. ശബ്ദിക്കാന്‍ ശേഷിയുള്ളവര്‍ നിശ്ശബ്ദരായിരിക്കുന്നതും ഒരു സമരമാണ്. ശബ്ദിക്കേണ്ട സമയത്ത് ശബ്ദിക്കാതിരുന്നവരല്ല, ശബ്ദിക്കേണ്ട സമയത്ത് ശബ്ദിച്ചവര്‍ പിന്നീട് നിശ്ശബ്ദമാക്കപ്പെടുന്നത് ഒരു സമരരൂപമാണ് എന്നാണ് എനിക്കു തോന്നുന്നത്.
ആദര്‍ശവും സത്യസന്ധതയും സുതാര്യതയുമൊക്കെയുള്ളവര്‍ക്ക് നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു കാലം ആണെന്നു തോന്നുന്നുണ്ടോ?
തീര്‍ച്ചയായും അതെ. താഴെത്തട്ടിലല്ല ഞാന്‍ പറയുന്നത്. മുകളിലേക്ക് വരുമ്പോള്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഈ പ്രശ്‌നമുണ്ട്. വളരെ ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണത്. ചര്‍ച്ച ചെയ്തതുകൊണ്ട് വലിയ മാറ്റമൊന്നും ഉണ്ടാകുമെന്നും എനിക്കു തോന്നുന്നില്ല. ആ കള്‍ച്ചറിനൊന്നും ഇനി മാറ്റം വരുത്താന്‍ കഴിയില്ല. അത്രമേല്‍ വലതുപക്ഷവല്‍ക്കരിക്കപ്പെട്ട ഒരു ബോധം എല്ലാ രാഷ്ട്രീയത്തിലും ഉണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഒരു ഉപാധി പോലെയാണ് ആളുകള്‍ കാണുന്നത്. മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെല്ലാം അതു നേരത്തെയുണ്ട്. ഇടതുപക്ഷ പ്രസ്ഥാനം നേരത്തെ അങ്ങനെ ആയിരുന്നില്ല. പക്ഷേ, ഇപ്പോള്‍ അതിനകത്തും അങ്ങനെയാണ്.
എന്നെ സംബന്ധിച്ച് സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും ഞാന്‍ മാര്‍ക്‌സിസ്റ്റാണ്. ഞാന്‍ ലെഫ്റ്റാണ് എന്നെനിക്കുറപ്പുണ്ട്. അതൊരു ബോധ്യമാണല്ലോ.
ഇപ്പോഴത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ബൗദ്ധികത, വായന, വിമര്‍ശനബുദ്ധി, സഹൃദയത്വം ഒക്കെ നഷ്ടപ്പെട്ടു പോകുന്നുണ്ടോ?
വലതുപക്ഷവല്‍ക്കരണത്തിന്റെ ഭാഗമായി ഇതൊക്കെ പൊതുവെ സമൂഹത്തിലുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരില്‍ വായിക്കുന്നവരും വായിക്കാത്തവരും ഉണ്ട്. ഭൂരിപക്ഷവും വായിക്കാത്തവരാണ്. പൊതുസമൂഹത്തിലും അങ്ങനെത്തന്നെയാണ്. നേരത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുള്ളവര്‍ നന്നായി വായിച്ച് ഐഡിയോളജിയൊക്കെ എടുക്കുന്നവരായിരുന്നു. അതൊക്കെ കുറഞ്ഞു. ഇപ്പോള്‍ ദൈനംദിന പ്രായോഗിക പ്രവര്‍ത്തനത്തിനാണ് പാര്‍ട്ടികളും സംഘടനകളും മുന്‍തൂക്കം കൊടുക്കുന്നത്. ഓരോ ദിവസവും എങ്ങനെ മുന്‍പോട്ട് പോകണം എന്നതാണ്. ഒരു ദിവസത്തെ പരിപാടി കഴിയുമ്പോള്‍ അടുത്ത ദിവസത്തെ പരിപാടിയുണ്ടാകും. അങ്ങനെ മുന്‍പോട്ട് പോകുന്ന ദൈനംദിന പ്രവര്‍ത്തനങ്ങളാണ് കൂടുതല്‍ ഉള്ളത്. മറ്റു കാര്യങ്ങള്‍ക്കൊന്നും അധികം സമയം കിട്ടില്ല.
കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു ഫിലോസഫിയില്‍നിന്നുകൊണ്ടാണല്ലോ പ്രവര്‍ത്തിക്കുന്നത്. മാര്‍ക്‌സിസ്റ്റുകാര്‍ എന്നല്ലേ പറയാറ്. യഥാര്‍ത്ഥത്തില്‍ സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും മാര്‍ക്‌സിസ്റ്റുകാരാണോ. മാര്‍ക്‌സിസ്റ്റുകാരാവണമെങ്കില്‍ സ്വാഭാവികമായും മെറ്റീരിയലിസ്റ്റ് ആയിരിക്കണം. പക്ഷേ, നമ്മള്‍ കാണുന്നതെന്താ. സംസ്ഥാന കമ്മിറ്റിയിലുള്ളയാള്‍ ഗുരുവായൂരോ മറ്റോ പോയി തൊഴുകയ്യോടെ നില്‍ക്കുകയാണ്. അതിനെയൊന്നും നമ്മള്‍ വിമര്‍ശിക്കേണ്ട കാര്യമില്ല എന്നാണ് പൊതുവെ പറയുന്നത്. പ്രായോഗിക രാഷ്ട്രീയം കടന്നുവരുന്നതാണ് കാരണം. വോട്ടാണ് പ്രധാനം. പാര്‍ട്ടിയുടെ അടവുനയത്തിന്റെ ഭാഗമായി നോക്കിയാല്‍ അതു ശരിയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി വിശാലമായി ജനങ്ങളെ സംഘടിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ വിശ്വാസികളേയും അവിശ്വാസികളേയും എല്ലാം കൂട്ടിച്ചേര്‍ക്കണം എന്ന കാഴ്ചപ്പാട് ശരിയാണ്. പക്ഷേ, അതു മാത്രമായി പോകുന്നു എന്നതാണ്. എന്നെ സംബന്ധിച്ച് സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും ഞാന്‍ മാര്‍ക്‌സിസ്റ്റാണ്. ഞാന്‍ ലെഫ്റ്റാണ് എന്നെനിക്കുറപ്പുണ്ട്. അതൊരു ബോധ്യമാണല്ലോ.
താങ്കള്‍ ഉന്നയിച്ച ക്വട്ടേഷന്‍, കൊലപാതകം എന്നിവ മാറ്റിനിര്‍ത്തിയാല്‍ സി.പി.എം ഇന്നു നേരിടുന്ന മറ്റു പ്രധാന പ്രശ്‌നങ്ങള്‍ എന്താണെന്നാണ് തോന്നുന്നത്?
അതു ദീര്‍ഘമായ വിഷയമാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നത് നൂറു വര്‍ഷങ്ങള്‍ക്കപ്പുറത്താണല്ലോ. ആ സാഹചര്യം മാറി. ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കേണ്ട ഒരു പ്രവര്‍ത്തനരീതിയും പരിപാടിയും അല്ല ഇപ്പോഴും അതു പിന്തുടരുന്നത് എന്നാണ് എന്റെ അഭിപ്രായം. റഷ്യയെ അനുകരിച്ചുകൊണ്ടാണ് സി.പി.എം ഇപ്പോഴും പല കാര്യങ്ങളും ചെയ്യുന്നത്. സോവിയറ്റ് റഷ്യ ഉണ്ടായത് അവരുടെ സാഹചര്യത്തിനനുസരിച്ചാണ്. അതിനെ ഇവിടെ പിന്തുടരേണ്ട യാതൊരു കാര്യവുമില്ല. ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ചല്ലേ വേണ്ടത്. നമുക്കു മുന്നോട്ട് പോകാനുള്ള പ്രതിസന്ധിയുടെ ഒരു കാരണം അതാണ്.
പാര്‍ട്ടി നയം ഭേദഗതി ചെയ്യാന്‍ ഭയങ്കര പ്രയാസമാണ്. അതില്‍നിന്ന് ഒരു വരി മാറ്റണമെങ്കില്‍ ചുരുങ്ങിയത് മൂന്നു പാര്‍ട്ടി കോണ്‍ഗ്രസ് എങ്കിലും വേണം. കാലം വളരെ വേഗത്തിലല്ലേ സഞ്ചരിക്കുന്നത്. ഭേദഗതി ചെയ്താല്‍ ഭയങ്കര പ്രശ്‌നമുണ്ടാകും എന്നു വിചാരിച്ചിരിക്കുകയാണ്. സാമൂഹ്യമായ മാറ്റത്തിനുവേണ്ടിയും ജനങ്ങളെ ഒപ്പം നിര്‍ത്താനുമല്ലേ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അതിന് ഏതു മാറ്റത്തിനും എപ്പോഴും തയ്യാറാവണം. ഞങ്ങള്‍ മാറില്ല എന്നു കടുംപിടുത്തം പിടിച്ചുനില്‍ക്കുന്നതില്‍ പ്രശ്‌നമുണ്ട്.
പല കാര്യങ്ങളുണ്ട്. റെഡ് വളണ്ടിയറിന്റെ കാര്യമെടുക്കാം. സോവ്യയറ്റ് യൂണിയന്റെ കാലത്ത് അവിടെ രൂപീകരിച്ചതാണ് റെഡ് ആര്‍മി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്തിനാണ് റെഡ് വളണ്ടിയര്‍. അവിടെ വിപ്ലവാനന്തരം ഉണ്ടായ ഒരു സംവിധാനമാണ്. ഇന്ത്യയില്‍ അതിന്റെ ആവശ്യകതയില്ല. അന്നത്തെ ചില ബോധം ഇങ്ങനെ പിന്തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സി.പി.എം കാണിക്കുന്നത് കണ്ടിട്ട് ലീഗുകാരും ചെയ്യുന്നുണ്ട്. അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്കു മനസ്സിലാവുന്നില്ല. ഇതൊരു ശക്തിപ്രകടനമാണോ. ആണെങ്കില്‍ ഇവിടെ ശക്തി പ്രകടിപ്പിക്കേണ്ട കാര്യമെന്താണ്. മിലിട്ടറി സ്വഭാവത്തിലാണോ ജനാധിപത്യ രാജ്യത്ത് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭാഗമായി നില്‍ക്കുന്നതല്ലേ. പിന്നെ അതിനകത്ത് മിലിട്ടറി സംവിധാനത്തിന്റെ പ്രസക്തി എന്താണ്. ഇങ്ങനെയുള്ള കുറേ കാര്യങ്ങളുണ്ട്. ഇതൊന്നും ആരും ചോദ്യം ചെയ്യില്ല. ഞാന്‍ ഇപ്പോഴിത് പറയുന്നത് പാര്‍ട്ടിയില്‍നിന്നു പുറത്ത് വന്നതുകൊണ്ടാണ്. അതിന്റെ ഉള്ളില്‍നിന്ന് ഇതു പറയാന്‍ കഴിയില്ല. ചിലപ്പോഴൊക്കെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും കേട്ടഭാവം നടിക്കില്ല. ഇയാളെന്തോ ഭയങ്കര അപകടകരമായ കാര്യം പറയുന്നു എന്ന രീതിയാണ് ഉണ്ടാവുക. എന്തിനാണ് പാര്‍ട്ടിക്ക് ചുവപ്പുസേന എന്നൊക്കെ ചോദിച്ചാല്‍ എന്തോ ഭയങ്കര തെറ്റുപറയുന്നത് പോലെയാണ്.
കേരളത്തിലെ സി.പി.എമ്മിന്റെ കാര്യത്തിലോ?
തൊണ്ണൂറുകള്‍ക്കുശേഷം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറി മാറിയാണ് ഭരണം. ഇപ്പോള്‍ തുടര്‍ച്ചയായുള്ള ഭരണത്തിലേയ്ക്ക് വന്നു. അപ്പോള്‍ ഭരണത്തിലാണ് കൂടുതല്‍ ഫോക്കസ് ചെയ്യുന്നത്. പാര്‍ട്ടി സംഘടന എന്നത് കൂടുതല്‍ ദുര്‍ബ്ബലപ്പെടുന്ന സാഹചര്യമുണ്ട്. ഭരണത്തിന്റെ ഒരു പ്രശ്‌നം, ഭരണത്തിന്റെ സമയത്ത് അതുമായി ബന്ധപ്പെട്ടുള്ള കുറേ സൗകര്യങ്ങള്‍ വരും. ഒരു വലിയ വിഭാഗം പാര്‍ട്ടി സംവിധാനം അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വേറൊരു ഭാഗത്ത് പാര്‍ട്ടിയുണ്ട്. പക്ഷേ, ഭരണത്തിലുള്ളതുകൊണ്ട് നമ്മള്‍ വേറെയൊന്നും ചെയ്യേണ്ടതില്ല എന്നാണ്. ഇപ്പോള്‍ സമരങ്ങളില്ല. സാമൂഹ്യപ്രശ്‌നങ്ങളിലിടപെടുമ്പോള്‍ അതു ഭരണത്തെ ബാധിക്കുമോ എന്ന തോന്നല്‍ ഉണ്ടാവുന്നു. പൊലീസിന്റെ ഭാഗത്ത് വീഴ്ചകളുണ്ടായാല്‍ അതിനെ സംബന്ധിച്ച് പ്രതിഷേധമുണ്ടെങ്കിലും പറയാന്‍ പറ്റില്ല. കാരണം പൊലീസ് എന്നത് ഭരണത്തിന്റെ ഭാഗമാണ്. ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ പോലും സമരങ്ങളിലില്ല. ഡി.വൈ.എഫ്.ഐയ്ക്ക് ക്യാംപയിനുകള്‍ ഏറ്റെടുക്കാന്‍ പറ്റുന്നില്ല. ഭരണവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളുണ്ടാവുമോ എന്നൊക്കെയുള്ള ചില പേടികളാണ്. ഈ പരിമിതി ഈ കാലഘട്ടത്തില്‍ നേരിടുന്ന ഒരു പ്രതിസന്ധിയാണ്.
പാര്‍ട്ടിയിലേക്ക് വരുന്ന യുവതലമുറയുടെ അവസ്ഥ എന്താണ്. മാനുഷിക മൂല്യങ്ങളെക്കുറിച്ച് ധാരണയുള്ളവരാണോ?
രാഷ്ട്രീയ പാര്‍ട്ടികളില്‍ യുവജനസാന്നിധ്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭാവിയില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന വലിയ പ്രശ്‌നമായിരിക്കും യുവാക്കളുടെ അഭാവം. രാഷ്ട്രീയ പ്രവര്‍ത്തനത്തോട് ആളുകള്‍ക്കു താല്പര്യമില്ല. വലിയ ആകര്‍ഷണീയതയൊന്നും ഇതിനില്ല. എല്ലാം കണക്കാണ് എന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ പറഞ്ഞതുപോലെ രാഷ്ട്രീയക്കാരന്‍ എന്ന കള്‍ട്ടിനെ സംബന്ധിച്ചും ഒരു പൊതുബോധമുണ്ട്.
പിന്നെയുള്ളത് സഹകരണസ്ഥാപനങ്ങളില്‍ ജോലി, സംഘടനയില്‍ പ്രവര്‍ത്തിച്ച് അതുപയോഗിച്ചുകൊണ്ട് മറ്റു ചില പണസമ്പാദനമാര്‍ഗ്ഗം, ഇതൊക്കെ ആഗ്രഹിച്ചു വരുന്നവരായിരിക്കാം ചിലപ്പോള്‍. ബാക്കിയുള്ളവര്‍ കോളേജ് കാലത്തൊക്കെ കോളേജിന്റെ ആഘോഷത്തിനൊപ്പം വന്ന് അവിടംകൊണ്ട് അവസാനിപ്പിക്കുന്നവരാണ്. എത്ര പേരാണ് തുടരുന്നത്. പണ്ടൊക്കെ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്ന കുറേയാളുകള്‍ ഡി.വൈ.എഫ്.ഐയിലേക്കും സി.പി.എമ്മിലേക്കും വന്നിരുന്നു. പക്ഷേ, ഇപ്പോള്‍ എസ്.എഫ്.ഐയില്‍ ഉള്ളവര്‍ കോളേജ് കാലഘട്ടം കഴിഞ്ഞാല്‍ പിന്നീട് അതില്‍ ഉണ്ടാകുന്നില്ല. ഇതു വളരെ വലിയ പ്രതിസന്ധിയാണ്.
മൂല്യബോധമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. എസ്.എഫ്.ഐയിലൂടെയല്ലേ വരുന്നത്. ക്യാംപസുകളില്‍ എസ്.എഫ്.ഐ തന്നെ ഒരു ആള്‍ക്കൂട്ട സ്വഭാവത്തിലാണ്. ആള്‍ക്കൂട്ട ആക്രമണത്തില്‍ എസ്.എഫ്.ഐക്കാര്‍ ഉള്‍പ്പെടുന്നത് അതുകൊണ്ടാണ്. പ്രത്യേകിച്ച് രാഷ്ട്രീയം ഇല്ലാത്തതുകൊണ്ടാണ്. ഒരു എസ്.എഫ്.ഐക്കാരന് എങ്ങനെയാണ് ആള്‍ക്കൂട്ടത്തിനൊപ്പം നിന്ന് ഒരാളെ തല്ലാന്‍ പറ്റുന്നത്. എസ്.എഫ്.ഐക്കാരനു പറ്റില്ല. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ അത് എസ്.എഫ്.ഐ അല്ല, ആള്‍ക്കൂട്ടമാണ്. അതാണ് പിന്നീട് പാര്‍ട്ടിയിലും ഉണ്ടാകുന്നത്. ക്വട്ടേഷന്‍കാരും സ്വര്‍ണ്ണക്കടത്തുകാരും അവരുടെ ഫാന്‍സും എല്ലാം എഴുതിവിടുന്ന കാര്യങ്ങള്‍ കേട്ട് ഇതാണ് പാര്‍ട്ടി എന്നു വിചാരിച്ച് ആ ബോധത്തില്‍ വരുന്ന പുതിയ തലമുറയുണ്ട്. അവര്‍ക്കു ശരിയായ രാഷ്ട്രീയമൊന്നും പറഞ്ഞുകൊടുക്കുന്ന സാഹചര്യമില്ല. അവര്‍ക്ക് അതിനു താല്പര്യവുമില്ല. ആവേശത്തോടാണ് പുതിയ തലമുറയ്ക്ക് താല്പര്യം. നിങ്ങള്‍ ചെന്ന് മാര്‍ക്‌സിസവും ഫിലോസഫിയും പറഞ്ഞുകൊടുത്താല്‍ അവര്‍ എണീറ്റുപോകും.
സിപിഎമ്മിലെ യുവനേതാക്കള്‍ക്കു മുന്നിലുള്ള ഏതെങ്കിലും വാര്‍പ്പു മാതൃകകളെ അനുകരിക്കലാണ്. അങ്ങനെയായിരിക്കണം ലീഡര്‍ എന്ന് അവര്‍ മനസ്സില്‍ കണ്ടുവെച്ചിട്ടുണ്ടാകും. നേതാക്കളെ അനുകരിക്കുന്നതിന്റെ ഒരു പ്രശ്‌നമാണത്.
പുച്ഛവും ധാര്‍ഷ്ട്യവും യുവനേതാക്കളില്‍ കാണാറുണ്ട്. ഒരേ ശരീരഭാഷയും സംസാര രീതിയുമാണ്. എന്തുകൊണ്ടാണിത്?
ആരെയൊക്കെയോ അനുകരിക്കുന്നതായിരിക്കും. അവര്‍ക്കു മുന്നിലുള്ള ഏതെങ്കിലും വാര്‍പ്പു മാതൃകകളെ അനുകരിക്കലാണ്. അങ്ങനെയായിരിക്കണം ലീഡര്‍ എന്ന് അവര്‍ മനസ്സില്‍ കണ്ടുവെച്ചിട്ടുണ്ടാകും. നേതാക്കളെ അനുകരിക്കുന്നതിന്റെ ഒരു പ്രശ്‌നമാണത്. അത്തരം ശൈലികള്‍ പഠിച്ചുവെക്കുന്നതുകൊണ്ടാണ്. മാധ്യമപ്രവര്‍ത്തകരെ രണ്ട് തെറി പറയുന്നതാണ് പാര്‍ട്ടി നേതാവാകാന്‍ വേണ്ട യോഗ്യത എന്ന് ആരോ കാണിച്ചുകൊടുക്കുകയാണ്.
സോഷ്യല്‍ മീഡിയയ്ക്കുവേണ്ടിയുള്ള ചില പദാവലികള്‍ ഉണ്ട്. മാധ്യമ പ്രവര്‍ത്തകരെ വിളിക്കാന്‍ പുതിയ പദം ഉണ്ടായില്ലേ. ഞാന്‍ ഇത്രയും കാലത്തിനിടയ്ക്ക് ഉപയോഗിക്കാത്ത കാര്യമാണ് മാധ്യമപ്രവര്‍ത്തകരെ രണ്ടക്ഷരം പറഞ്ഞുകൊണ്ടുള്ള വിശേഷണം. എന്തിനാണത്. കമ്യൂണിസ്റ്റുകാര്‍ക്ക് രണ്ടക്ഷരം, കോണ്‍ഗ്രസ്സുകാരന് രണ്ടക്ഷരം, ലീഗുകാരന് വേറൊരു പേര് ...ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ പുതിയ ഭാഷ ഉണ്ടാവുകയാണ്. പുതിയ കാലത്തെ പുതിയ സവിശേഷതകളിലൂടെ കടന്നുപോകുകയാണ്. അപ്പോള്‍ അതിനകത്ത് പുച്ഛവും ധാര്‍ഷ്ട്യവും ആഘോഷിക്കപ്പെടുന്നുണ്ടാകാം.
സി.പി.എമ്മിന്റെ ബൗദ്ധികവും ആശയപരവുമായ അജണ്ടകള്‍ സൈബര്‍ സംഘങ്ങളുടെ കയ്യിലേക്ക് മാറിപ്പോകുന്നുണ്ടോ. അവരിലൂടെയാണ് പലതും കമ്യൂണിക്കേറ്റ് ചെയ്യുന്നത്. നേതാക്കന്മാര്‍ക്ക് സ്വാധീനം നഷ്ടപ്പെടുന്നുണ്ടോ?
സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെ തിരിച്ചറിയുന്നതില്‍ സി.പി.എം വളരെ വൈകിപ്പോയി. പക്ഷേ, ചില സംഘങ്ങള്‍ ഇതിനകത്ത് നേരത്തേതന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പാര്‍ട്ടിയുടെ ഭാഗമായിട്ടുതന്നെയാണ്, ഔദ്യോഗികമായിയല്ലെങ്കിലും. പാര്‍ട്ടി പിന്നീടാണ് ഔദ്യോഗികമായി സൈബര്‍ സ്പേസിനെ ഉപയോഗിക്കാന്‍ തീരുമാനിക്കുകയും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ സംഘടനാനിലയില്‍ ഉണ്ടാക്കുന്നതും. അതിനുമുന്‍പ് തന്നെ ഒറ്റയാന്‍ സംഘങ്ങളുണ്ടായിരുന്നു. വലിയ സ്വാധീനവും റീച്ചും കിട്ടുന്ന സംഘങ്ങള്‍. ഈ സംഘങ്ങളെ പാര്‍ട്ടിയുടെ ഔദ്യോഗിക സംഘങ്ങളെ പരിശീലിപ്പിക്കാനും ഏകോപിപ്പിക്കാനും ഒക്കെയായി ഉപയോഗിച്ചു. ഉത്തരവാദപ്പെട്ട കമ്മിറ്റികള്‍ തന്നെ. അവര്‍ നല്ലതുപോലെ ഈ സംവിധാനത്തെ അവര്‍ക്കുവേണ്ടി ഉപയോഗിച്ചു. അങ്ങനെ ഔദ്യോഗിക പാര്‍ട്ടിയുടെ വക്താക്കളാണ് ഇവര്‍ എന്ന ഒരു പൊതുബോധം സൃഷ്ടിച്ചു. അവര്‍ ചെയ്യുന്ന എന്തുകാര്യവും അതിലൂടെ ന്യായീകരിക്കപ്പെടും. അവര്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടി നയങ്ങള്‍ മാത്രം അവര്‍ ഇതിലൂടെ പ്രചരിപ്പിക്കും. അവര്‍ക്ക് ഇഷ്ടമില്ലാത്തവരെ ഇകഴ്ത്തിക്കാണിക്കും. ഇഷ്ടമുള്ള നേതാവിനെ മാത്രം പുകഴ്ത്തും. ഒരു ഫാന്‍സ് ക്ലബ്ബുപോലെയാണ്. പാര്‍ട്ടിക്ക് ആദ്യകാലത്ത് ഒട്ടും കണ്‍ട്രോള്‍ ഇല്ലാതെ വന്നു. പിന്നീട് ഇത് ഒരു അപകടകരമായ സ്റ്റേജിലെത്തിയപ്പോഴാണ് കുറച്ചൊക്കെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പക്ഷേ, അപ്പോഴേക്കും ഭയങ്കര ആഴത്തില്‍ എത്തിയിരുന്നു അത്.
ഇത് ഒരു പുതിയ ലോകം ആണ്. അതിന്റെ പ്രവണതകള്‍ ആദ്യം കണ്ടപ്പോഴെ അത് മുളയിലേ നുള്ളണമായിരുന്നു. അന്ന് ഇതിനെയൊന്നും ഗൗരവത്തിലെടുത്തില്ല. താഴെത്തട്ടില്‍ ഇതു നല്ലവണ്ണം ആഘോഷിക്കപ്പെട്ടു. പി. ജയരാജനെ പുകഴ്ത്തുന്നതിനുവേണ്ടി പി.ജെ. ആര്‍മി എന്ന ഗ്രൂപ്പുണ്ടായി. ആ ഗ്രൂപ്പിനെപ്പറ്റി പാര്‍ട്ടി എത്ര കാലത്തിനുശേഷമാണ് പരിശോധിക്കാന്‍ തീരുമാനിച്ചത് എന്നറിയുമോ. എത്ര കാലം ഈ സമൂഹത്തില്‍ അതു പ്രവര്‍ത്തിച്ചു. എത്ര ഫോളോവേര്‍സ് ഉണ്ടായി. ഒരുപാട് കാലത്തിനുശേഷമാണ് അതു പരിശോധിക്കാന്‍ പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിച്ചത്. അതു പ്രവര്‍ത്തിക്കുന്നത് കേരളത്തില്‍നിന്നല്ല വിദേശത്ത് നിന്നാണ് എന്നാണ് ഒടുവില്‍ കണ്ടെത്തിയത്. അങ്ങനെ അവരോട് അഭ്യര്‍ത്ഥിച്ചു. അഭ്യര്‍ത്ഥിക്കാനേ പറ്റുള്ളൂ, കാരണം അവര്‍ ഔദ്യോഗികമായി പാര്‍ട്ടി ഘടകത്തിന്റെ ഭാഗമല്ല. അഭ്യര്‍ത്ഥിക്കുന്നത് പി. ജയരാജനാണ്. അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു. നിങ്ങളുടെ പേര് ഉപയോഗിച്ച് ഇതു പ്രവര്‍ത്തിപ്പിക്കാന്‍ പറ്റില്ല. അതു പാര്‍ട്ടിവിരുദ്ധമാണ്. അങ്ങനെ അവര്‍ പി.ജെ. ആര്‍മി മാറ്റി റെഡ് ആര്‍മി ആക്കി. കണ്ടന്റിലൊന്നും ഒരുമാറ്റവുമില്ല. പേര് മാത്രം മാറി. ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്, വിദേശത്ത് നിന്ന്.
ഓരോ കാലത്തും പാര്‍ട്ടിയില്‍ ഓരോ പൊസിഷനില്‍ താങ്കള്‍ എത്തിയിരുന്നു അല്ലേ?
സ്ഥാനങ്ങള്‍ കിട്ടുക എന്നത് നമ്മള്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായി വന്നു ചേരുന്നതാണ്. നമുക്ക് ഓര്‍ഗനൈസിങ് കപ്പാസിറ്റി ഉണ്ട് എന്നു ബോധ്യമാവുമ്പോഴാണ് ഓരോ സ്ഥാനം നമ്മളെ ഏല്‍പ്പിക്കുന്നത്. നമ്മളത് വിലപേശി വാങ്ങുന്നതൊന്നുമല്ല. ചില ഘട്ടത്തില്‍ സ്വാഭാവികമായി കിട്ടേണ്ടത് തടയപ്പെട്ടിട്ടും ഉണ്ട്. അതൊന്നും പക്ഷേ, എന്നെ അങ്ങനെ ബാധിച്ച പ്രശ്‌നമല്ല.
ഗ്രൂപ്പിസംപോലെ ഒരു നേതാവിന്റെ കൂടെ നില്‍ക്കുക എന്ന രീതി കാണാറുണ്ട്. ഇന്നയാളുടെ ആളാണ് എന്നു പറയുന്ന രീതി?
അത് ഇപ്പോള്‍ രൂപപ്പെട്ട് വരുന്നുണ്ട്. തെറ്റുതിരുത്തല്‍ രേഖയിലൊക്കെ ഇതു വ്യക്തമായി പറഞ്ഞിട്ടുണ്ട്. രേഖ ഉണ്ടാക്കുന്നതിനും താഴെ തട്ടില്‍ കൊടുക്കുന്നതിനുമൊന്നും ഒരു കുറവും വന്നിട്ടില്ല. അതില്‍ ഇതു കൃത്യമായി പറയുന്നുണ്ട്. നേതാവാണ് തിരുത്തേണ്ടത്. അയാളുടെ പിറകെ എന്തെങ്കിലും ലക്ഷ്യംവെച്ച് വരുന്നയാളെ ഓടിക്കേണ്ടത്. നേതാവ് അതു ചെയ്യില്ല. നേതാവ് ആളെ കൂടെ കൂട്ടുകയാണ് ചെയ്യുക, പല താല്പര്യങ്ങള്‍ക്കുവേണ്ടി. എല്ലാവരും അങ്ങനെയാണ് എന്നല്ല. അതില്‍നിന്നു വ്യത്യസ്തരായ ആളുകളൊക്കെയുണ്ട്. പക്ഷേ, ഈ പ്രവണത ഇപ്പോള്‍ കൂടിവരുന്നുണ്ട്.
പാര്‍ട്ടിക്കുള്ളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇതിനു മുന്‍പും ഉന്നയിച്ചിരുന്നോ?
ഉന്നയിച്ചിട്ടുണ്ട്. കൊലപാതകങ്ങള്‍ ഉണ്ടായപ്പോള്‍ ഫേസ്ബുക്കില്‍ എഴുതിയിട്ടുമുണ്ട്. പാര്‍ട്ടി ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരൊന്നും അങ്ങനെ ചെയ്യാറില്ല. പറയാതിരിക്കാന്‍ തോന്നിയില്ല. നമ്മുടെ ഉള്ളില്‍ ഒരു ആത്മസംഘര്‍ഷമുണ്ടല്ലോ. അങ്ങനെ പറഞ്ഞതിനു പാര്‍ട്ടി ശാസനയും കിട്ടിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ഇത്തരം ചില കാര്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് ചിലര്‍ക്ക് അസംതൃപ്തി തോന്നിത്തുടങ്ങിയത്.
വിമര്‍ശനങ്ങളെ പാര്‍ട്ടി എങ്ങനെയാണ് ഉള്‍കൊള്ളുന്നത്?
പാര്‍ട്ടിക്ക് നേരിട്ട് പരിക്കൊന്നും പറ്റാത്ത കാര്യമാണെങ്കില്‍ അതു കൃത്യമായി പരിഹരിക്കാന്‍ കഴിവുള്ള പാര്‍ട്ടിയാണ് സി.പി.എം. പക്ഷേ, ഇതുപോലുള്ള പരാതികള്‍ പാര്‍ട്ടിക്ക് നേരിട്ട് പരിക്കുണ്ടാക്കും. സ്വര്‍ണ്ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ള ആളുകളുണ്ട് എന്നു ഞാന്‍ പറഞ്ഞാല്‍ അത് അംഗീകരിച്ച് നടപടിയെടുത്താല്‍ അത് സി.പി.എം അംഗീകരിക്കുന്നതു പോലെയാകും. അതാണ് അവരുടെ പ്രശ്‌നം. പാര്‍ട്ടിക്ക് പിന്നെ അങ്ങനെ ഒരു മുഖമല്ലേ വരുന്നത്. അതാണ് ഞാന്‍ പറഞ്ഞത് പരിമിതിയുണ്ട് എന്ന്. ഈയടുത്ത് സ്വര്‍ണ്ണം പൊട്ടിക്കലുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ അംഗത്തിനെതിരെ നടപടിയെടുത്ത് പുറത്താക്കിയിരുന്നു. ആ വാര്‍ത്ത പുറത്തുവന്നിട്ടും പാര്‍ട്ടി ഔദ്യോഗികമായി അത് പൊതുസമൂഹത്തോട് പറയുന്നില്ല. പിറ്റേ ദിവസത്തെ ദേശാഭിമാനി വാര്‍ത്ത ഒരു സ്ത്രീയുടെ വീട് വളഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചതില്‍ നടപടിയെടുത്തു എന്നാണ്. യഥാര്‍ത്ഥത്തില്‍ സ്വര്‍ണ്ണം പൊട്ടിക്കലാണ് നടത്തിയത്. അതു പറയില്ല. പറഞ്ഞാല്‍ ഞാന്‍ പറഞ്ഞതിനൊക്കെ സാധൂകരണമാവും. ഈ പാര്‍ട്ടിയില്‍ അങ്ങനെയുള്ള ആരും ഇല്ലെന്നും പാര്‍ട്ടിക്ക് അങ്ങനെയുള്ളവരുമായി ബന്ധമില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞ് തൊട്ടടുത്ത ദിവസം ഇതു മാറ്റിപ്പറയാന്‍ പറ്റില്ല. ഈയൊരു പരിമിതിയാണ് പാര്‍ട്ടി നേരിടുന്നത്.
പാര്‍ട്ടി പ്രതിരോധത്തിന്റെ നായകസ്ഥാനം സ്വയം ഇദ്ദേഹം എടുത്തണിഞ്ഞിട്ടുണ്ട്. ഇത് ആഘോഷിക്കാന്‍ കുറേയാളുകള്‍ ചുറ്റിലുമുണ്ട്. ഫാന്‍സ്, സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്ക്. ഇദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് ബി.ജി.എം ഇട്ട് ആഘോഷിക്കുകയാണ്. കാലത്തിന്റെ ഒരു മാറ്റമാണ്. പണ്ട് അങ്ങനെ ഒരു നേതാവ് ആഘോഷിക്കപ്പെടില്ല.
പാര്‍ട്ടി പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നവരാണ് പാര്‍ട്ടിയിലുള്ളത്. അതില്‍ നല്ല സഖാവ് ചീത്ത സഖാവ് എന്നൊന്നും ഇല്ല എന്നാണ് പറയാറുള്ളത്. അങ്ങനെയാണെങ്കില്‍ കണ്ണൂരില്‍ കൊലപാതകത്തിന്റേയും ക്വട്ടേഷന്റേയും ഉത്തരവാദിത്വം പൊതുവെ പി. ജയരാജനിലേക്ക് മാത്രം വരുന്നത് എന്തുകൊണ്ടാണ്?
ഇദ്ദേഹം പാര്‍ട്ടി പ്രതിരോധത്തിന്റെ ആളായി സ്വയം ചിത്രീകരിക്കപ്പെട്ടു. ഏതു കൊലപാതകത്തിനേയും ന്യായീകരിക്കുന്നത് പാര്‍ട്ടി പ്രതിരോധം എന്ന നിലയിലാണ്. പാര്‍ട്ടി പ്രതിരോധത്തിന്റെ നായകസ്ഥാനം സ്വയം ഇദ്ദേഹം എടുത്തണിഞ്ഞിട്ടുണ്ട്. ഇത് ആഘോഷിക്കാന്‍ കുറേയാളുകള്‍ ചുറ്റിലുമുണ്ട്. ഫാന്‍സ്, സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്ക്. ഇദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് ബി.ജി.എം ഇട്ട് ആഘോഷിക്കുകയാണ്. കാലത്തിന്റെ ഒരു മാറ്റമാണ്. പണ്ട് അങ്ങനെ ഒരു നേതാവ് ആഘോഷിക്കപ്പെടില്ല. എല്ലാം ആള്‍ക്കൂട്ടത്തിന്റെ ആഘോഷമായി. അതിന്റെ നേതാവായി ഇദ്ദേഹം മാറി. ചെറുപ്പക്കാര്‍ക്കൊക്കെ ഇങ്ങനെയുള്ളവരാണല്ലോ ആവേശം. ജയിലില്‍ കിടക്കുന്ന ആളുകളെ ഒക്കെ ആരാധിക്കുന്ന രീതിയാണ്. ഇ ബുള്‍ജെറ്റ് ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ കുറേ ആളുകള്‍ കാണാന്‍ പോയില്ലേ. അതുപോലെ. അത്രയേ അതിനെ കാണേണ്ടൂ. അത് ആള്‍ക്കൂട്ടമാണ്. പാര്‍ട്ടിയാണ് എന്നു പറയാന്‍ കഴിയില്ല. തെറ്റിദ്ധരിപ്പിക്കലാണ് കൂടുതലും നടക്കുന്നത്.
സി.പി.എം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു വാക്കാണ് പ്രതിരോധം. അക്രമങ്ങളെ പ്രതിരോധം എന്ന വാക്കിനുള്ളില്‍ നിര്‍ത്താന്‍ പറ്റുന്നതാണോ കണ്ണൂരില്‍ നടക്കുന്നത്?
മനുഷ്യന്‍ സമൂഹമായി ജീവിക്കുന്ന എവിടെയും സംഘര്‍ഷങ്ങളുണ്ടാവാം. രാഷ്ട്രീയ സംഘര്‍ഷമാവാം, മതസംഘര്‍ഷമാവാം അങ്ങനെ എന്തുമാകാം. ഇത് ഒരു ഗോത്രസമൂഹമായിരുന്നല്ലോ. ഗോത്രങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവും. രാഷ്ട്രങ്ങള്‍ തമ്മില്‍ ഉണ്ടാകുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സ്വാഭാവികമായും നടക്കും. അല്ലെങ്കില്‍ അത്രമേല്‍ വികസിതമായ ഒരു സമൂഹമായിരിക്കണം. ഇവിടത്തെ സാമൂഹ്യസാഹചര്യത്തില്‍ സംഘര്‍ഷങ്ങള്‍ക്കു സാധ്യതയുണ്ട്. എന്നാല്‍, ഇവിടെ പലതും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നു പറയാന്‍ കഴിയാത്തതാണ്. രാഷ്ട്രീയ സംഘര്‍ഷം എന്നു പറഞ്ഞാല്‍ അപ്പുറത്തും ഇപ്പുറത്തും എന്തെങ്കിലും വിഷയത്തെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ രൂപപ്പെട്ട് അതില്‍നിന്ന് ആളുകള്‍ കൊല്ലപ്പെടുന്നതാണ്.
ഒരു മോബിന്റെ ഭാഗമായി പരിക്ക് പറ്റുകയും മരിക്കുകയും ചെയ്യും. ഇവിടെ അങ്ങനെയല്ല നടക്കുന്നത്. ടാര്‍ജറ്റ് ചെയ്ത് ആളുകളെ കൊല്ലുകയാണ്. അപ്പോള്‍ മറ്റവര്‍ പകരം ഒരാളെ കൊല്ലും. ഇതല്ലേ നടക്കുന്നത്. കൊല്ലപ്പെടുന്നയാള്‍ക്ക് ഇതൊന്നും ചിലപ്പോള്‍ അറിയണമെന്നില്ല. ഇതെല്ലാം രാഷ്ട്രീയ സംഘര്‍ഷങ്ങളായിട്ടാണ് കണക്കാക്കുന്നത്. പ്രതിരോധം എന്നു പേരിട്ട് വിളിക്കുന്നത് ഇതിലാണ്. ഞങ്ങളെ കൊല്ലാന്‍ വന്നപ്പോള്‍ ഞങ്ങള്‍ പ്രതിരോധിച്ചു എന്നാണ്. ഇവിടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ വേണ്ടി ഒരാളേയും കൊല്ലേണ്ട കാര്യമൊന്നുമില്ല. എന്തുകൊണ്ടാണ് അടുത്തകാലത്ത് കൊലപാതകങ്ങള്‍ ഇല്ലാത്തത്. വാളൊക്കെ തുരുമ്പെടുത്തതുകൊണ്ടാണോ. വേണ്ടെന്നു വെച്ചാല്‍ വേണ്ടെന്നുവെച്ചതു തന്നെയാണ്. അതു പാര്‍ട്ടികള്‍ തീരുമാനിക്കേണ്ടതാണ്.
ടി.പിയുടേയും ശുഹൈബിന്റേയും കേസുകളാണ് ആരോപണങ്ങളായി താങ്കള്‍ പറഞ്ഞത്. എന്തുകൊണ്ടാണ് അതുമാത്രം പരാമര്‍ശിച്ചത്?
കണ്ണൂര്‍ ജില്ലയിലും പരിസരത്തും നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. സമരങ്ങളുടെ ഭാഗമായി ആളുകള്‍ രക്തസാക്ഷികളായിട്ടുണ്ട്. കൂത്തുപറമ്പ് വെടിവെയ്പ്, നിരവധി കര്‍ഷക സമരങ്ങള്‍ ഒക്കെ നടന്നിട്ടുണ്ട്. രഷ്ട്രീയ സംഘര്‍ഷങ്ങളിലും ആളുകള്‍ മരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥാക്കാലത്ത് ഒരുപാട് പേര്‍ മരിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രതിരോധങ്ങളുടെ ഭാഗമായിട്ടല്ല ഇത് എന്നാണ് ഞാന്‍ പറഞ്ഞത്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു.
ഒരു പ്രതികാര നടപടിയോടുകൂടി നടപ്പിലാക്കേണ്ട കാര്യമൊന്നുമല്ല അത്. എല്ലാക്കാലത്തും ഞാന്‍ ഇതിന് എതിരാണ്. അനാവശ്യ സംഘര്‍ഷങ്ങള്‍, അതിന്റെ ഭാഗമായി ആളുകള്‍ കൊല്ലപ്പെടുന്നത്, എത്രയോ കാലം മുന്‍പ് ഇതിനെ എതിര്‍ത്തയാളാണ് ഞാന്‍. എന്റെ ഫേസ്ബുക്ക് പോസ്റ്റുകളൊന്നും ഞാന്‍ ഡിലീറ്റ് ചെയ്തിട്ടില്ല. ഇപ്പോഴും അത് അവിടെയുണ്ട്.
യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ കൊലപാതകം താങ്കളുടെ നാട്ടിലാണ് നടന്നത്?
അതും ആള്‍ക്കൂട്ടത്തിന്റെ ഒരു വയലന്‍സിലാണ് തുടങ്ങിയത്. പിന്നീട് കുറച്ചു സമയത്തിനു ശേഷമാണ് ഒരു പ്രതികാര നടപടിപോലെ സംഭവിക്കുന്നത്. അതൊക്കെ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഒരു പ്രതികാര നടപടിയോടുകൂടി നടപ്പിലാക്കേണ്ട കാര്യമൊന്നുമല്ല അത്. എല്ലാക്കാലത്തും ഞാന്‍ ഇതിന് എതിരാണ്. അനാവശ്യ സംഘര്‍ഷങ്ങള്‍, അതിന്റെ ഭാഗമായി ആളുകള്‍ കൊല്ലപ്പെടുന്നത്, എത്രയോ കാലം മുന്‍പ് ഇതിനെ എതിര്‍ത്തയാളാണ് ഞാന്‍. എന്റെ ഫേസ്ബുക്ക് പോസ്റ്റുകളൊന്നും ഞാന്‍ ഡിലീറ്റ് ചെയ്തിട്ടില്ല. ഇപ്പോഴും അത് അവിടെയുണ്ട്.
ഇത്തരം അക്രമസംഭവങ്ങള്‍ ഉണ്ടാവുകയും അതില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നു നേതാക്കള്‍ പറയുമ്പോള്‍ അതു വിശ്വസിക്കുകയും ചെയ്യുന്ന അണികള്‍ എങ്ങനെയാണ് പാര്‍ട്ടിക്കുണ്ടാകുന്നത്?
പാര്‍ട്ടി എന്നു പറയുന്നത് ഒരു ബോധ്യപ്പെടലാണ്. ഒരു വിശ്വാസമാണ്. വിശ്വസിക്കുകയാണ്. നിങ്ങള്‍ എങ്ങനെയാണ് ദൈവത്തിലും മതത്തിലും വിശ്വസിക്കുന്നത്. നിങ്ങള്‍ ബിഷപ്പില്‍ എങ്ങനെയാണ് വിശ്വസിക്കുന്നത്. അതുപോലെയാണ്. ബോധ്യം നിലനില്‍ക്കുന്നതങ്ങനെയാണ്. ഇതൊരു വിശ്വസമാണ്. ദൈവം എന്നുപറയുന്ന ആളില്ല. പക്ഷേ, നമ്മള്‍ വിശ്വസിക്കുന്നുണ്ട്. എന്നു പറഞ്ഞപോലെ ഇതും ഒരു വിശ്വാസമാണ്. പാര്‍ട്ടി അങ്ങനെയല്ല എന്നു വിശ്വസിക്കുന്നു. അങ്ങനെയാണെങ്കിലും നേതൃത്വം പറയുകയാണ് അങ്ങനെയല്ല എന്ന്.
ഒരു ബിഷപ്പ് എന്തെങ്കിലും തോന്ന്യവാസം ചെയ്യുന്നു. പക്ഷേ, ബിഷപ്പും ബിഷപ്പിന്റെ അനുയായികളും പറയുന്നു ബിഷപ്പ് അങ്ങനെയൊരാളല്ല എന്നും ഇതെല്ലാം ആരുടേയോ ഗൂഢാലോചനയാണെന്നും. ഞായറാഴ്ച അതു വായിക്കും. വിശ്വാസികള്‍ വിശ്വസിക്കും. ബിഷപ്പ് ജയിലില്‍നിന്നു വരുമ്പോള്‍ സ്വീകരിക്കും.
ഇതുപോലെത്തന്നെയാണ്. ഈ ഒരു ബോധ്യത്തിനകത്ത് നില്‍ക്കുന്നവരോട് പറയുന്നു ഇങ്ങനെയല്ല, ഇയാള്‍ ഇങ്ങനെയുള്ള ആളല്ല, നമ്മള്‍ ഇങ്ങനെ ചെയ്യുന്നവരല്ല എന്ന്. അതു വിശ്വസിക്കേണ്ട ബാധ്യതയുണ്ട്. പാര്‍ട്ടിക്ക് പരിക്കേല്‍ക്കുക എന്നൊക്കെയുള്ള പ്രയോഗം വരുന്നത് അവിടെയാണ്. പാര്‍ട്ടി ബോധ്യത്തിനു തകരാറുണ്ടാക്കരുത് എന്നാണ് പാര്‍ട്ടിക്ക് പരിക്കേല്‍ക്കരുത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പാര്‍ട്ടി ബോധ്യത്തിനു പരിക്കേല്‍പ്പിക്കാതെയാണ് പല പ്രസ്താവനകളും ഉണ്ടാവുന്നത്. പൊതുസമൂഹത്തോട് പറയേണ്ട പല കാര്യങ്ങളും അങ്ങനെയാണ് വരുന്നത്.
പാര്‍ട്ടിക്ക് എന്തിനാണ് ക്വട്ടേഷന്‍ സഹായം?
പാര്‍ട്ടിക്ക് ക്വട്ടേഷന്‍ സഹായം വേണം എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ക്വട്ടേഷന്‍കാര്‍ക്ക് പാര്‍ട്ടി ബന്ധങ്ങളെ ഉപയോഗപ്പെടുത്തണം എന്നാണ്. പാര്‍ട്ടി എവിടെയെങ്കിലും ക്വട്ടേഷന്‍കാരെ ഉപയോഗിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല.
പാര്‍ട്ടി ഔദ്യോഗികമായി ടി.പി. കേസ് അംഗീകരിച്ചിട്ടില്ലല്ലോ. ഔദ്യോഗികമായി എന്നാണ് ഞാന്‍ പറയുന്നത്. പാര്‍ട്ടി ഔദ്യോഗികമായി ചെയ്തതാണ് എന്നു ഞാനും വിശ്വസിക്കുന്നില്ല.
ടി.പിയുടെ കൊലപാതകത്തില്‍ ഉപയോഗിച്ചിട്ടില്ലേ?
പാര്‍ട്ടി ഔദ്യോഗികമായി ടി.പി. കേസ് അംഗീകരിച്ചിട്ടില്ലല്ലോ. ഔദ്യോഗികമായി എന്നാണ് ഞാന്‍ പറയുന്നത്. പാര്‍ട്ടി ഔദ്യോഗികമായി ചെയ്തതാണ് എന്നു ഞാനും വിശ്വസിക്കുന്നില്ല. അങ്ങനെ ഔദ്യോഗിക പാര്‍ട്ടി എവിടെയെങ്കിലും ഇരുന്ന് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ കൊല്ലാന്‍ തീരുമാനിക്കില്ല. ചില വ്യക്തികള്‍ ചേര്‍ന്നു തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്തതാണ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഈ 'ചില വ്യക്തികള്‍' എന്നു പറയുന്നത് പാര്‍ട്ടിയില്‍ ഉള്‍പ്പെടുന്നവര്‍ തന്നെയല്ലേ?
അവിടെയാണ് അതിന്റെ പ്രശ്‌നം. പാര്‍ട്ടിക്കകത്ത് വ്യക്തിതാല്പര്യങ്ങള്‍ നടപ്പിലാക്കുന്ന ആളുകളുണ്ടാവാം.
അക്രമമോ അഴിമതിയാരോപണമോ മറ്റെന്തെങ്കിലുമോ നടന്നാലും അതിനുശേഷവും വളരെ കോണ്‍ഫിഡന്റായാണ് സി.പി.എം നേതാക്കള്‍ സംസാരിക്കുന്നതു കാണുന്നത്. ഇതെങ്ങനെയാണ് സാധിക്കുന്നത്?
അങ്ങനെ ശീലിച്ചതുകൊണ്ടാണ്. സംഘടനാ പ്രവര്‍ത്തനത്തിലെ പരിശീലനമല്ലേ. ഞാന്‍ തന്നെ പുറത്ത് വന്നതുകൊണ്ടല്ലേ ഇങ്ങനെ സംസാരിക്കുന്നത്. സി.പി.എംകാരനായിരുന്നെങ്കില്‍ എനിക്കിങ്ങനെ തുറന്നു സംസാരിക്കാന്‍ കഴിയുമോ. ചിലപ്പോള്‍ മറ്റുള്ളവര്‍ പറയുന്നതിനേക്കാള്‍ കുറച്ച് വ്യത്യസ്തമായി ഞാന്‍ പറയുമായിരിക്കും. എന്നാലും ഇത്രയും പറയാന്‍ കഴിയില്ല. ഞാന്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ഭാഗമല്ല. പാര്‍ട്ടിയുടെ സംഘടനാരീതിയെ ഭയക്കേണ്ട കാര്യവുമില്ല. ചിലര്‍ പറയുന്നത് ഞാന്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ്. ഞാന്‍ ഒരു കാര്യം പറഞ്ഞതുകൊണ്ട് സി.പി.എം പോലൊരു പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്നുണ്ടെങ്കില്‍ അതിനെന്തോ കുഴപ്പമുണ്ട് എന്നുതന്നെയാണ് അര്‍ത്ഥം.
പുറത്തുനിന്നു നോക്കുമ്പോള്‍ കൂലിത്തൊഴിലാളിയായ ഒരാള്‍വരെ നേതാക്കളുടേയും മക്കളുടേയും കോടികളുടേയും ലക്ഷങ്ങളുടേയും കണക്കിനെ ന്യായീകരിക്കുന്നത് കാണാം. എന്താണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്?
ഞാന്‍ നേരത്തെ പറഞ്ഞതുപോലെ താഴെയുള്ള ആളുകളുടെ ബോധ്യമാണ് ഈ പാര്‍ട്ടിയെ നിലനിര്‍ത്തുന്നത്. അവരുടെ പാര്‍ട്ടി നേതാക്കളും മക്കളും അങ്ങനെ ചെയ്യില്ല എന്ന ബോധ്യത്തില്‍നിന്നുകൊണ്ടാണ് പറയുന്നത്. ഭയങ്കര വൈരുദ്ധ്യങ്ങളുണ്ട് ഇത്തരം പല കാര്യങ്ങളിലും.
സോഷ്യല്‍ മീഡിയയുടെ വരവ് എങ്ങനെയാണ് സി.പി.എമ്മിനെ ബാധിച്ചത് എന്നാണ് തോന്നുന്നത്?
പത്രങ്ങളും ചാനലുകളുമാണ് വിവരങ്ങള്‍ അറിയാന്‍ ആളുകള്‍ ഉപയോഗിച്ചിരുന്നത്. അതിനോട് തിരിച്ച് ചോദിക്കാനൊന്നും കഴിയില്ല. സോഷ്യല്‍ മീഡിയ വന്നതോടെ ലഭിക്കുന്ന വിവരങ്ങള്‍ക്ക് അവിടെത്തന്നെ അഭിപ്രായം പറയാം, തിരിച്ച് ചോദ്യങ്ങള്‍ ചോദിക്കാം. കുറച്ചുകൂടി ജനാധിപത്യപരമായി കാര്യങ്ങളെ കാണാനുള്ള സ്പേസ് ആണ്. സി.പി.എം നേരത്തെ ഏകശിലാ രൂപത്തിലുള്ള ഒരു സംവിധാനമാണ്. പക്ഷേ, ഇപ്പോള്‍ അങ്ങനെയല്ല. വിമര്‍ശനത്തിനു വിധേയമാകേണ്ടിവരുന്നുണ്ട്. നേരത്തെ സി.പി.എമ്മിനെ വിമര്‍ശിക്കേണ്ട ഒരു സ്പേസ് പൊതുസമൂഹത്തിനുണ്ടായിരുന്നില്ല.
മുഴുവന്‍ സമയ പാര്‍ട്ടിപ്രവര്‍ത്തകനായ താങ്കള്‍ മറ്റു ജോലികളിലേര്‍പ്പെടുന്നു എന്നതായിരുന്നു ഒരു ആരോപണം. ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകന് എത്ര രൂപയാണ് പാര്‍ട്ടി നല്‍കുന്നത്?
ഞാന്‍ ഫുള്‍ടൈമര്‍ ആയപ്പോള്‍ എനിക്കു കിട്ടിയത് ഏഴായിരം രൂപയാണ്. ഒരാള്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനാവുമ്പോള്‍ അയാളുടെ കുടുംബത്തിലെ ഒരാള്‍ക്ക് സഹകരണ സ്ഥാപനങ്ങളിലോ മറ്റോ ജോലി നല്‍കും. അങ്ങനെയാണ് പാര്‍ട്ടി പോളിസി. എന്നെ സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ വന്നപ്പോള്‍ത്തന്നെ ഇക്കാര്യത്തില്‍ താല്പര്യമില്ലാത്തൊരാളാണ്. പാര്‍ട്ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുക എന്നതിലൊന്നും എനിക്ക് ഒരു താല്പര്യവുമില്ല. പഠിക്കുന്ന സമയത്ത് നമ്മള്‍ വരുമാനത്തെക്കുറിച്ചൊന്നും ചിന്തിക്കില്ല. ഒരു ഘട്ടമെത്തുമ്പോള്‍ നമുക്കു ജീവിതച്ചെലവിന് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യേണ്ടിവരും. അങ്ങനെ ഞാന്‍ കൃഷി ചെയ്തിട്ടുണ്ട്. അന്നു ഞാന്‍ ഫുള്‍ടൈമര്‍ ആയിരുന്നില്ല. ഫുള്‍ടൈമറായപ്പോള്‍ കൃഷി ചെയ്യാന്‍ പറ്റാതെയായി. കുറച്ചുകാലം കോടതിയില്‍ പ്രാക്ടീസ് ചെയ്തു. അതും പറ്റില്ല എന്നു പാര്‍ട്ടി പറഞ്ഞു. അങ്ങനെയാണ് നേരിട്ട് ഇടപെടേണ്ടതില്ലാതെ വരുമാനമുണ്ടാക്കാവുന്നതിനെക്കുറിച്ച് ചിന്തിച്ചത്. അങ്ങനെ സുഹൃത്തുക്കള്‍ ചേര്‍ന്നു ബര്‍ത്ത്ഡേ കേക്കുകള്‍ ഉണ്ടാക്കുന്ന ഒരു യൂണിറ്റ് തുടങ്ങി. എന്റെ സംഘടനാപ്രവര്‍ത്തനത്തെ മാറ്റിവെച്ച് അവിടെ പോകേണ്ട കാര്യമില്ല. അതു സുഹൃത്തുക്കള്‍ നോക്കി നടത്തും. ആദ്യം ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ നിലപാടെടുത്തപ്പോള്‍ ഈ നേതാവ് തന്നെ ഇക്കാര്യം പാര്‍ട്ടിയില്‍ കൊണ്ടുവന്നിരുന്നു. എനിക്കു പങ്കുകച്ചവടം ഉണ്ട് എന്നായിരുന്നു പരാതി. പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ്. പാര്‍ട്ടിയില്‍ ഞാന്‍ അതിനു മറുപടി കൊടുത്തു. അതു പാര്‍ട്ടിക്ക് ബോധ്യപ്പെട്ടു. 2018 കാലത്താണ്. പക്ഷേ, ഇപ്പോള്‍ വീണ്ടും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍, ആ കാരണത്താലാണ് പുറത്തു പോകേണ്ടി വന്നത് എന്നു പറയുകയാണ്.
വിദ്യാര്‍ത്ഥികാലം തൊട്ട് ഈ പാര്‍ട്ടിയിലുണ്ട്. ഒരു ഘട്ടത്തില്‍ പുതിയൊരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കേണ്ടിവരികയല്ലേ?
പലരും ചോദിച്ചിട്ടുണ്ട്, ഇതിലല്ലേ ഇന്‍വെസ്റ്റ് ചെയ്തത് എന്നത്. ഇന്‍വെസ്റ്റ്മെന്റിനു റിട്ടേണ്‍ വേണം. പക്ഷേ, റിട്ടേണ്‍ കിട്ടാന്‍ വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ആളല്ല ഞാന്‍. 14-15 വയസ്സില്‍ അതൊന്നും ആലോചിച്ചിട്ടല്ലല്ലോ വരുന്നത്. എസ്.എഫ്.ഐ കാലഘട്ടത്തിലൊന്നും അങ്ങനെയുള്ള ചിന്തയേ ഇല്ല. പക്ഷേ, ഇപ്പോള്‍ ആളുകള്‍ മാറിയിട്ടുണ്ട്. കരിയറിസ്റ്റുകളായിട്ടാണ് ഇപ്പോള്‍ വരുന്നത്. നമ്മുടെ കാലത്തൊന്നും അങ്ങനെ അല്ല. നാളെ എന്തെങ്കിലും ആവും എന്നു വിചാരിച്ചിട്ടല്ല എസ്.എഫ്.ഐ ആകുന്നത്. ആയതൊക്കെ സ്വാഭാവികമായി വന്നതാണ്. അല്ലാതെ അതിനുവേണ്ടി എന്തെങ്കിലും തരത്തിലുള്ള ആലോചനകള്‍ നടത്തിയൊന്നും വന്നതല്ല.
ഭാവിജീവിതത്തെക്കുറിച്ചാണെങ്കില്‍, ജീവിതത്തെ അങ്ങനെ വളരെ ഗൗരവമായി ആലോചിക്കാത്ത ഒരാളാണ് ഞാന്‍. ഒഴുകുന്നതിനനുസരിച്ച് ഒഴുകുക എന്നതാണ് പൊതുവെ. പിന്നെ ജീവിക്കാനുള്ള സാമ്പത്തികം വേണം. അതിനു നേരത്തെ ചെയ്തുകൊണ്ടിരിക്കുന്ന ചില കാര്യങ്ങളുണ്ട്, അതു തുടരും. സമയം കൂടുതല്‍ കിട്ടുന്നതുകൊണ്ട് എഴുതുക, വായിക്കുക അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാം. യാത്ര പോണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates