ഇന്നു ഞങ്ങളുടെ വീട്ടില്‍ തബ്ലീഗ് ജമാഅത്തു പ്രവര്‍ത്തകര്‍ വന്നു.
''അല്ലാഹുവിനെക്കുറിച്ചു രണ്ടു വാക്കു പറയാനാണ്'' അവര്‍ വന്നത്.
സംഗീതം, എഴുത്ത്, വായന, പൂന്തോട്ടം, ആത്മീയത, ഭൗതികത - ഇതിലെല്ലാം ഉള്ള 'സര്‍ഗ്ഗാത്മക സൗന്ദര്യം' അറിഞ്ഞും അന്വേഷിച്ചും അനുഭവിച്ചുമാണ് ഞങ്ങളുടേതായ എളിയ ജീവിതം മുന്നോട്ടു പോകുന്നത്. ജീവിതത്തെ 'ജീവിത'മാക്കിത്തീര്‍ക്കുന്ന ഉള്ളടക്കങ്ങളില്‍ ആ വീട് ആത്മീയമായി പുലരുന്ന മതത്തിനും ഒരു വലിയ പങ്കുണ്ട്. മുസ്ലിം വീടുകളിലെ ദൈനംദിന നിമിഷങ്ങളില്‍ നിസ്‌കാരമായും ദിക്റായും മതം കടന്നുവരുന്നു. 'സുഖമാണോ' എന്ന് ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനോട് ചോദിച്ചാല്‍, 'സുഖമാണ്' എന്നതിനു പകരം 'അല്‍ഹംദുലില്ലാഹ്' (ദൈവത്തിനു സ്തുതി) എന്നു മറുപടി പറയുന്നു. 'ഇന്‍ശാ അള്ളാ' എന്നും 'മാശാ അള്ളാ' എന്നും ഓരോ സന്ദര്‍ഭത്തിലും ദൈവസ്മരണയോടെ പറയുന്നു. ബിസ്മിയും അല്‍ഹംദും മാപ്പിളപ്പാട്ടില്‍ മാത്രമല്ല, വീട്ടിലും പുലരുന്ന വാക്കുകളാണ്.
റംസാന്‍ വരുന്നതിനു തൊട്ടുമുന്‍പുള്ള ഈ വരവിന് പ്രധാന കാരണമായി തോന്നുന്നത്, ദീനിലേക്കു പ്രബോധനം ചെയ്യാനാണ്. ഒരു മുസ്ലിം വീടാണ് എന്നു തോന്നുന്ന ഒന്നും പൂമുഖത്തു ഇല്ലാതിരുന്നിട്ടും നാട്ടിലെ തബ്ലീഗ് ജമാ അത്ത് പ്രവര്‍ത്തകന് വഴി തെറ്റിയില്ല. ഒന്നിച്ചു മൂന്നു പേര്‍. അവരുടെ വരവ് കൊവിഡ് തുടക്കക്കാലത്തു ഓര്‍മ്മകള്‍ ഒറ്റയടിക്ക് മനസ്സില്‍ കൊണ്ടുവന്നു. ഡല്‍ഹിയില്‍ കൊവിഡ് പരത്തിയത് അവരുടെ ഒരു സമ്മേളനമാണ് എന്ന വാര്‍ത്തകളും അതുണ്ടാക്കിയ മുസ്ലിം വിരുദ്ധ പ്രചാരങ്ങളും ഓരോ മുസ്ലിമിനേയും സമ്മര്‍ദ്ദത്തിലാക്കി. വര്‍ഷം ഒന്നു കടന്നുപോയപ്പോള്‍ കൊവിഡ് ഒരു 'മതരഹിത രോഗ'മാണെന്ന് ഇന്ത്യ തിരിച്ചറിയുന്നു.
ഞങ്ങളുടെ കലാകാരനായ ഉപ്പയോട് അവര്‍ പറഞ്ഞു:
''വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ ദുനിയാവ് ഒരു ജയിലാണ്.''
അവര്‍ പറയുന്നത് ഉപ്പ ആദരവോടെ കേട്ടു:
''ആഖിറാണ് (പരലോകം) യഥാര്‍ത്ഥ ലോകം. അവിടെ നിങ്ങള്‍ ഇവിടെ വേണ്ട എന്നു വെച്ചതെല്ലാം കിട്ടും.''
ആ പറഞ്ഞത് ഉപ്പ ഒന്നുകൂടി കാത് കൂര്‍പ്പിച്ചു കേട്ടു. അവര്‍ പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു. സ്വര്‍ഗ്ഗവര്‍ണ്ണനകള്‍. മദ്യം അവിടെ കിട്ടും, സുന്ദരികളായ ഹൂറികള്‍...
അവര്‍ പോയപ്പോള്‍, തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുടെ പ്രബോധന രീതികള്‍ അറിയുന്നതിനാല്‍ ഈ ലേഖകന് അത്ഭുതമൊന്നും തോന്നിയില്ല. ഈ ലോകം ഒരു ജയിലാണ് എന്നു ഞങ്ങളെ പ്രബോധനം ചെയ്ത അവര്‍ ഒരു മുന്തിയ കാറില്‍ മടങ്ങി. അപ്പോള്‍, സിയാവുദ്ധീന്‍ സര്‍ദാര്‍ എഴുതിയ ഓര്‍മ്മകള്‍ മനസ്സില്‍ വന്നു. തബ്ലീഗ്കാരുടെ ഇടയില്‍നിന്ന് എങ്ങനെയോ തടി തപ്പിയ ആ അനുഭവം വായിച്ച് ഏറെ ചിരിച്ചിട്ടുണ്ട്.
കഴിഞ്ഞ നോമ്പുകാലം ഏറെ ശാന്തമായിരുന്നു. കൊവിഡ് ഉണ്ടാക്കിയ പരിഭ്രാന്തികള്‍ക്കിടയിലും ആ ദിവസങ്ങള്‍ ആത്മീയ പ്രഭാഷകരുടെ മൈക്കുകള്‍ക്കു വിശ്രമം നല്‍കി. വൈയക്തികമായ ആത്മീയ അനുഭവത്തിലൂടെ പലരും കടന്നുപോയി.
തബ്ലീഗ് ജമാ അത്തുകാര്‍ പ്രബോധനം ചെയ്യുന്ന 'ഈ ലോകം ഒരു ജയിലാണ്' എന്ന ആ പ്രസ്താവനയുടെ തുടര്‍ച്ചയായി ജാനകിയുടേയും കൂട്ടുകാരന്‍ നവീനിന്റേയും ഡാന്‍സ് ഞാന്‍ ഒന്നു കൂടി കണ്ടു. ആ ഡാന്‍സിനുശേഷം സമീര്‍ ബിന്‍സിയുടേയും ഇമാം മജ്ബൂറിന്റേയും പാട്ടുകള്‍ കേട്ടു. രണ്ടും വേറെ വേറെ മൂഡില്‍ നമുക്കു കാണാം, കേള്‍ക്കാം. ഈ ഭൂമിയാണ് സ്വര്‍ഗ്ഗം എന്ന് ഉറപ്പോടെ ബോധ്യപ്പെടുത്തുന്ന വെറുപ്പ് ഉല്പാദിപ്പിക്കാത്ത വാക്കുകള്‍, ചുവടുകള്‍.
കൊവിഡ് മനുഷ്യരെ വിട്ടുപോകാത്തത്, മനുഷ്യര്‍ പരസ്പരം വെറുക്കുന്ന അവസ്ഥയുടെ കുടിലത കൊണ്ടാണ്. കൊവിഡ് മതം നോക്കി ആരെയും സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ സിറിയയിലേക്കോ യമനിലേക്കോ റോമിലേക്കോ കടത്തിവിടുന്നില്ല. നൃത്തം ചെയ്യുന്ന കാലുകള്‍ ഉള്ളതുകൊണ്ടാണ് ഈ ഭൂമിയില്‍ നാം ഇടറാതെ നടക്കുന്നത്. പാട്ടുപാടുന്ന ചിലര്‍ ഉള്ളതുകൊണ്ടാണ് നമ്മുടെ വെറുപ്പിന്റെ ശവക്കുഴിപോലെയുള്ള വായകള്‍ക്ക് ദൈവം ഇനിയും മുദ്ര വെക്കാത്തത്.
രണ്ട്:
ദൈവമാര്‍ഗ്ഗത്തിലേക്കുള്ള പ്രബോധനത്തേക്കാള്‍ പ്രധാനപ്പെട്ട ഒരു ഊന്നല്‍ ജാനകിയുടേയും നവീനിന്റേയും നൃത്തച്ചുവടുകള്‍ക്കുണ്ട്. അവര്‍ ചുവടുവെയ്ക്കുമ്പോള്‍, യാഥാസ്ഥിതികവും ഏറെ ഇരുണ്ടതുമായ ജീവിതവുമായി മുന്നോട്ടു പോകുന്നവരില്‍ നിശ്ചയമായും വലിയ നിരാശയുളവായി. അവരുടെ റാസ്പുട്ടിന്‍ താളം വലിയൊരു അങ്കലാപ്പാണ്, സന്മാര്‍ഗ്ഗ കുരുട്ടുബുദ്ധികളില്‍ പതിപ്പിച്ചത്.
സെക്യുലര്‍ ധാരയിലുള്ള ഏതു സര്‍ഗ്ഗാത്മക ചലനങ്ങളും ഇന്ന് അധ:പതിച്ച ബോധവുമായി ജീവിക്കുന്നവരില്‍ ഏറെ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഈ അസ്വസ്ഥതയെ ചെറുക്കാന്‍ പുതിയ നൃത്തച്ചുവടുകളുമായി അവര്‍ പ്രത്യക്ഷപ്പെട്ടു. അങ്ങനെ പുതിയ കാലം, പുതുതായ ചില പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള പ്രതിരോധ വാക്‌സിന്‍ ആണ് പുതിയ പാട്ടുകളും ഡാന്‍സുകളും. തീവ്ര ഹിന്ദുത്വം ഉള്ളടക്കമുള്ള ഉടലുകള്‍ കാണുമ്പോള്‍ വല്ലാത്ത പരിഭ്രാന്തിയിലാവുന്നു.
പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാം എന്ന സുപ്രീംകോടതി വിധി ഈ പശ്ചാത്തലത്തില്‍ ഏറെ ആശ്വാസകരമാണ്. പ്രായപൂര്‍ത്തി എന്നതാണ് വ്യക്തി സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡം. ആ അര്‍ത്ഥത്തില്‍ വ്യക്തിയുടെ 'ബോധ'മാണ് ഫ്രീഡം. പക്ഷേ, നൃത്തം കാണുമ്പോള്‍ സിറിയ ഓര്‍മ്മ വരുന്ന അടഞ്ഞ ബോധമുള്ളവരുടെ നാട്ടില്‍, ഫ്രീഡം കുപ്പിയിലടച്ച ഭൂതമാണ്. ഒരുതരത്തില്‍ പിടിതരാത്ത മാന്ത്രിക ഭാവന.
മതവും സാമൂഹ്യ - സാമുദായിക ജാതി യാഥാര്‍ത്ഥ്യങ്ങളും ഉടലുകളുടെ സ്വാതന്ത്ര്യത്തെ ഭയപ്പെടുകയും മസ്തിഷ്‌കത്തില്‍ വെറുപ്പിന്റേയും അകല്‍ച്ചയുടേയും പാദമുദ്രകള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, കുട്ടികള്‍ നരകഭയങ്ങളില്ലാതെ ഭൂമിയിലെ സ്വര്‍ഗ്ഗത്തെ വീണ്ടെടുക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates