എം.എം. വര്‍ക്കി എന്ന കോട്ടയത്തിന്റെ വര്‍ക്കിച്ചായന്‍ സ്വന്തം ജീവിതം തന്നെ ചരിത്രമാക്കി ഓര്‍മ്മയാവുന്നു
വര്‍ക്കിച്ചായന്‍ എന്ന എം.എം. വര്‍ക്കി. ദീര്‍ഘകാലം സി.പി.ഐ (എം) കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി. സഖാവ്, ചലച്ചിത്രകാരന്‍, ഗ്രന്ഥകാരന്‍, ഗുരു, സുഹൃത്ത്, നാടകകൃത്ത്, ഗ്രന്ഥാലയ പ്രവര്‍ത്തകന്‍, പുസ്തക വില്പനശാലയുടെ ചുമതലക്കാരന്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍, വീട്ടില്‍നിന്നും പുറത്താക്കി ഒന്നുമില്ലാത്തവനായി വന്ന്, അവധൂതനെപ്പോലെ ജീവിച്ച്, ചുറ്റും കൂടിയവരോട് ഓര്‍മ്മയുടെ അനന്തമായ നിധിക്കൂട്ടില്‍നിന്നും ചരിത്രം കഥകളായി വിളമ്പിയ എം.എം. വര്‍ക്കി എന്ന കോട്ടയത്തിന്റെ വര്‍ക്കിച്ചായന്‍ സ്വന്തം ജീവിതംതന്നെ ചരിത്രമാക്കി ഓര്‍മ്മയാവുന്നു.
കൊഴുവനാല്‍ മാന്തറ ടി.വി. മാത്യു, ഏലി മാത്യു ദമ്പതികളുടെ ആറ് മക്കളില്‍ മൂത്തയാള്‍. പരേതനായ തോമസ് (കൊഴുവനാല്‍), ഏബ്രഹാം (ഗോവ), മാത്യു (കാണക്കാരി), ജെയിംസ് (ഗുജറാത്ത്), മേരി (രാമപുരം) ഇവര്‍ സഹോദരങ്ങള്‍. കൊഴുവനാല്‍ സെന്റ് ജോണ്‍ സ്‌കൂള്‍, കെഴുവന്‍കുളം എന്‍.എസ്.എസ്. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം.
പാര്‍ട്ടി
പാലാ സെന്റ് തോമസ് കോളേജില്‍ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസകാലത്ത് കോളേജില്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന് കോളജില്‍നിന്നും പുറത്താക്കി. അന്ന് വിദ്യാര്‍ഥി യുവജന നേതാവായിരുന്ന പി.കെ. വാസുദേവന്‍ നായര്‍ ഇടപെട്ടിട്ടും തിരികെ എടുത്തില്ല. വര്‍ക്കിയെ വീട്ടില്‍നിന്നും പുറത്താക്കപ്പെട്ടു. അക്കാലത്ത് വര്‍ക്കി കൊഴുവനാല്‍ ഭാഗത്തെ ഗ്രന്ഥശാലാസംഘം പ്രവര്‍ത്തകനായിരുന്നു.
1965ല്‍ എന്‍.കെ. ജോര്‍ജ് ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്ത് ഓഫീസ് സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ തുടങ്ങിയ വര്‍ക്കി എം.ജി. കരുണാകരന്‍ നായര്‍, എം.ജി. രാമചന്ദ്രന്‍, ടി.കെ. രാമകൃഷ്ണന്‍, കെ.എം. എബ്രഹാം, കെ.കെ. ജോസഫ്, വൈക്കം വിശ്വന്‍ ഇവരൊക്കെ ജില്ലാ സെക്രട്ടറിമാരായിരുന്നപ്പോഴും ആ പദവിയില്‍ തുടര്‍ന്നു. എണ്‍പതുകളുടെ തുടക്കത്തില്‍ ദേശാഭിമാനി ബുക്ക് ഹൗസ് ചുമതലക്കാരനായപ്പോഴാണ് ഓഫീസ് സെക്രട്ടറിയുടെ ചുമതലയില്‍നിന്നും മാറിയത്. അന്ന് ഓഫീസ് തിരുനക്കര അമ്പലത്തിലെ വടക്കേനടയില്‍ പഴയ ഇന്ദ്രപ്രസ്ഥത്തിനും സമൂഹമഠത്തിനും തൊട്ടുള്ള സി.എസ്. മന്ദിരത്തില്‍. കെ.ജെ. തോമസ് മുതല്‍ വി.എന്‍. വാസവന്‍, എ.വി. റസല്‍ വരെ സെക്രട്ടറിമാരുടെ കാലത്ത് വര്‍ക്കി തെക്കുംഗോപുരത്തെ പാര്‍ട്ടി ഓഫീസിന്റെ ഇടനാഴിയുടെ ഇടതു സൈഡിലെ വടക്കുപടിഞ്ഞാറേ കോണിലെ ചെറിയ മുറിയില്‍.
വായനയും എഴുത്തും
ചെഗുവേരയുടെ ഡയറിക്കുറിപ്പുകളും 1967ല്‍ ആദ്യപതിപ്പു പുറത്തുവന്ന റെഗീസ് ദെബ്രേയുടെ റവലൂഷന്‍ ഇന്‍ ദ റവലൂഷന്‍, സാര്‍ത്രിന്റെ ആത്മകഥയും ചലച്ചിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളുമൊക്കെ കോട്ടയത്തെ കഴിഞ്ഞ നൂറ്റാണ്ടില്‍ എഴുപതുകള്‍ മുതലുള്ള തലമുറയില്‍നിന്നും ഇടതുപക്ഷത്തേക്കു വന്ന തിരുനക്കര ചുറ്റുവട്ടത്തെ യുവാക്കള്‍ കണ്ടതും കേട്ടതും പരിചയപ്പെട്ടതുമൊക്കെ വര്‍ക്കിയുടെ പുസ്തകശേഖരത്തിലൂടെയും അറിവിലൂടെയുമാണ്. എഡ്ഗാര്‍ സ്‌നോഡയുടെ നിരോധിക്കപ്പെട്ട പുസ്തകം റെഡ് സ്റ്റാര്‍ ഓവര്‍ ചൈന കൈവശം വച്ചതിനു വാസുദേവക്കുറുപ്പ് അറസ്റ്റ് ചെയ്യപ്പെട്ട വിവാദ സംഭവത്തില്‍ ആ പുസ്തകം വര്‍ക്കിയുടേതായിരുന്നു. വര്‍ക്കിയുടെ അപൂര്‍വ്വ ശേഖരത്തില്‍നിന്നും സുരേഷ് കുറുപ്പ് കൊണ്ടുവന്ന പുസ്തകം അമ്മാവന്‍ കൊണ്ടുപോയതായിരുന്നു. ബ്രട്രാന്‍ഡ് റസ്സലിനെ തത്ത്വചിന്തകന്‍ മാത്രമല്ലാതെ ഗണിത ശാസ്ത്രജ്ഞനായി കോട്ടയത്തെ എന്റെ തലമുറയിലെ പലരും കേട്ടത് വര്‍ക്കിയുടെ വാദങ്ങളിലൂടെ ആയിരുന്നു. വായനയും വായനാദിനവുമൊന്നും ഫാഷനല്ലായിരുന്ന ഒരുകാലത്ത് തുച്ഛമായ തന്റെ വരുമാനം മുഴുവന്‍ പുസ്തകം വാങ്ങാന്‍ ചെലവഴിച്ച എം.എം. വര്‍ക്കിയാണ് പുസ്തകം വിലകൊടുത്തു വാങ്ങേണ്ട ഒന്നാണെന്ന് തന്നെ മനസ്സിലാക്കിത്തന്ന രണ്ടാളുകളില്‍ ഒരാളെന്ന് സുരേഷ് കുറുപ്പ് കുറിച്ചത് ഈ വായനാദിനത്തിലാണ്.
ചലച്ചിത്രം
ഫിലിം ടെക്‌നിക്ക്, സിനിമ അഭിനയം, സിനിമ സങ്കേതം ഇങ്ങനെ പുഡോവ്കിന്‍ കൃതികളുടെ മലയാള വിവര്‍ത്തനം, സിനിമയുടെ ഹരിശ്രീ (1987), ഡോക്യുമെന്ററി സിനിമ തത്ത്വവും പ്രയോഗവും: ചരിത്രപരമായ ഒരു അപഗ്രഥനം (1998), ചാര്‍ലി ചാപ്ലിന്‍ മുഴുനീള ചിത്രങ്ങള്‍ ഒരു പഠനം (2011), ചാര്‍ലി ചാപ്ലിന്‍ ബാല്യവും ഹ്രസ്വചിത്രങ്ങളും (2011) ഇവ എം.എം. വര്‍ക്കിയുടെ ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍. പുരാതന ഗ്രീക്ക് നാടകരംഗത്തെക്കുറിച്ചും അഗാധമായ അറിവുണ്ടായിരുന്ന വര്‍ക്കി ഇത്താക്ക എന്നൊരു നാടകവും രചിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചലച്ചിത്ര താരസംഘടനയായ അമ്മയ്ക്കു മുന്‍പ് വര്‍ക്കിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ കോട്ടയത്തുണ്ടായിരുന്ന അമച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷനിലൂടെ (അമ്മ) വളര്‍ന്നു വന്നവരാണ് ജോഷി മാത്യു, വേണു, രാജീവ് വിജയരാഘവന്‍ പോലെയുള്ള ചലച്ചിത്ര പ്രതിഭകള്‍.
എം.എം. വര്‍ക്കി സംവിധാനം ചെയ്ത ചിത്രമാണ് ഇരട്ടപ്പാലം. കോട്ടയത്ത് ജപ്പാന്‍ എന്നറിയപ്പെടുന്ന മോഹന്റെ ജീവിതത്തെ ആധാരമാക്കി ഫ്രെഞ്ച് ചലച്ചിത്ര പ്രവര്‍ത്തക ക്രിസ്‌റ്റൈന്‍ ബാലൈന്‍ സംവിധാനം, ചായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിര്‍വ്വഹിച്ച ജപം എന്ന ചലച്ചിത്രത്തില്‍ ഫ്രെഞ്ച് നടീനടന്മാര്‍ക്കും ജപ്പാനെ കൂടാതെ, ബീനാപോള്‍, രഞ്ജിത് പാലത്തിങ്കല്‍, അഡ്വ. ജേജിബാബു എന്നീ കോട്ടയംകാര്‍ക്കുമൊപ്പം വര്‍ക്കിയും അഭിനയിച്ചു.
കേണല്‍ ബാല, അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പ്, ജേര്‍ണലിസ്റ്റ് സി.പി. പുന്നന്‍, വിജയന്‍, ചന്ദ്രഹാസന്‍, മാണിക്കുന്നത്തെ ചെറിയാന്‍, ശങ്കരന്‍കുട്ടി, രാജു, യൂണിയന്‍ ഓട്ടോ മൊബൈല്‍സിലെ സേതുവും ഗോപനും, കഷ്ടപ്പാട് ജോര്‍ജ്, ഭാസിക്കുറുപ്പ്, സി.ആര്‍. ഓമനക്കുട്ടന്‍, ബാലന്‍, ദേവരാജന്‍, ദാമു, ഗിറ്റാര്‍ രാധാകൃഷ്ണന്‍, കൃഷ്ണന്‍, ഗോപകുമാര്‍, രാധ എന്നു വിളിക്കുന്ന രാധാകൃഷ്ണന്‍... ഇങ്ങനെ. സുരേഷ് കുറുപ്പ്, സി.സി. ജോണ്‍, എം.പി. ദേവസ്യ, മോഹനന്‍, പി.ജെ. സെബാസ്റ്റ്യന്‍, പി.സി. ഉലഹന്നാന്‍, ഉദയകുമാര്‍, പി.പി. ജോണ്‍, കൈമള്‍..., പിന്നെ ചലച്ചിത്രകാരന്മാര്‍ ജോണ്‍ എബ്രഹാം, എം.പി. സുകുമാരന്‍ നായര്‍, ജോഷി മാത്യു, വേണു, രാജീവ് വിജയരാഘവന്‍, ബാബു സൈമണ്‍ (നഴ്‌സറി), ഗിരീഷ് കുമാര്‍, ജോസ് തോമസ്, ഷാജി ജോസ് (സാര്‍ത്ത്) അന്‍വര്‍ അലി, ഉണ്ണി ആര്‍., അശോകന്‍, എസ്. ഗോപാലകൃഷ്ണന്‍, കുട്ടിയച്ചന്‍, ജപ്പാന്‍, രഞ്ജിത്ത്, അനിഷാദ്, എസ്. രാധാകൃഷ്ണന്‍, പോണ്ടിച്ചേരിയിലെ പ്രസന്ന, അമ്പിളി സുരേഷ്..., ഇങ്ങനെ തലമുറകളില്‍നിന്നും തലമുറകളിലേക്ക് നീളുന്നു എം.എം. വര്‍ക്കിയുടെ ഓര്‍മ്മക്കൂട്ടങ്ങള്‍. വീട്ടില്‍നിന്നും പുറന്തള്ളിയ പിതാവ് ജീവിതാന്ത്യത്തോളം മറ്റക്കരനിന്നും കോട്ടയത്ത് പാര്‍ട്ടി ഓഫീസില്‍ ഇടയ്ക്കിടെ നിശ്ശബ്ദനായെത്തി വര്‍ക്കിയുമായി സ്വകാര്യം പങ്കുവെയ്ക്കുമായിരുന്ന ചിത്രം ഗോപാലകൃഷ്ണകുറുപ്പിന്റെ ഓര്‍മ്മയില്‍ ഇപ്പോഴുമുണ്ട്.
പഴയ പാര്‍ട്ടി ഓഫീസില്‍ വര്‍ക്കി മാറിമാറി ഇടംതേടിയ മുറികളിലും തട്ടിന്‍പുറത്തും പുതിയ പാര്‍ട്ടി ഓഫീസിന്റെ രണ്ടാം നിലയില്‍ ഇടത്തെ മൂലയിലെ മുറിയില്‍, തിരുനക്കര അമ്പലനടയില്‍, തെക്കുംഗോപുരത്തു ചന്ദ്രഹാസന്റേയും ചന്ദ്രമോഹനന്റേയും വീട്ടില്‍, കെ.കെ. റോഡിലെ മോഡേണ്‍ ഹോട്ടലിലെ പഴകി ചെളിപിടിച്ച മേശയ്ക്കു ചുറ്റുമായി, കുടകശ്ശേരി ബില്‍ഡിങ്ങിന്റെ ഒന്നാം നിലയിലെ മുറിയില്‍, ഈരേക്കടവില്‍ കുട്ടിയച്ചന്റെ വട്ടക്കുന്നേല്‍ വീട്ടില്‍, ഇറഞ്ഞാലില്‍ അനിഷാദിന്റെ വീട്ടില്‍, തിരുവനന്തപുരത്ത് വേണുവിന്റേയും രാജീവിന്റേയും ഗിരീഷിന്റേയും വീടുകളില്‍, ഗോവയില്‍ സഹോദരന്റെ വീടിന്റെ റൂഫ് ഗാര്‍ഡനില്‍, പോണ്ടിച്ചേരിയില്‍ ജപ്പാന്റെ വീട്ടില്‍, എറണാകുളത്ത് ജെയ്ജ് ബാബുവിന്റെ പഴയ വീട്ടില്‍... ചര്‍ച്ചയായി, കണ്ണിറുക്കിയുള്ള പൊട്ടിച്ചിരികളായി, പാട്ടായി, തര്‍ക്കങ്ങളായി നിഴലും വെളിച്ചവുമായി, സ്‌നേഹമായി, ഓര്‍മ്മയാവുന്ന വര്‍ക്കിയുടെ പകലിരവുകള്‍.
പത്രങ്ങളുമായി തിരുനക്കര മൈതാനത്തു നടുവിലെ വിളക്കുകാലിന്റെ കീഴില്‍ രാവിലെ ഇളവെയില്‍കൊണ്ട് പത്രം വായിക്കുന്ന എം.എം. വര്‍ക്കി എനിക്കും കുടുംബത്തിനും വര്‍ഷങ്ങളായി ഞായറാഴ്ചകളിലെ പ്രഭാതത്തിലെ പതിവുകാഴ്ചയായിരുന്നു. പാര്‍ട്ടി ഓഫീസിലെത്തുമ്പോള്‍ മൂത്ത മകള്‍ മീരക്ക് വെളുത്ത ചട്ടിയില്‍ താന്‍ വളര്‍ത്തിയ ചെടികള്‍ നല്‍കി. അവളുടെ കല്യാണസമയത്ത് വര്‍ക്കി രോഗബാധിതനായിരുന്നു. അതുകൊണ്ടുതന്നെ വര്‍ക്കിയുടെ യാത്ര കൂട്ടുകാര്‍ ബോധപൂര്‍വ്വം ഉഴപ്പുകയായിരുന്നു. ഫാത്തിമാ ഫിസിയോ തെറാപ്പി സെന്ററിലേക്കുള്ള സന്ദര്‍ശനങ്ങളില്‍ വര്‍ക്കി തന്റെ പരിഭവം നേരിട്ടു പറഞ്ഞു. 2019ല്‍ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഞാന്‍ പങ്കെടുത്തത് വര്‍ക്കിച്ചായനോടും ജപ്പാനോടുമൊപ്പം ഇളയ സഹോദരന്‍ അവിടെ കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന എം.എം. എബ്രഹാമിനൊപ്പം താമസിച്ചുകൊണ്ടായിരുന്നു.
വര്‍ക്കി ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ആദ്യം ആശുപത്രിയിലായി. ആശുപത്രിയില്‍വച്ച് കോവിഡ് ബാധിതനായി. ആശുപത്രിയില്‍നിന്നും ആര്‍പ്പുക്കര ബസ് സ്റ്റാന്റിനു സമീപം ഓള്‍ഡ് ഏജ് ഹോമില്‍. പിന്നീട് നാഗമ്പടത്തുള്ള ഫാത്തിമ മാതാ ഫിസിയോ തെറാപ്പിക് സെന്ററില്‍. ഫെബ്രുവരിയില്‍ അവിടെവെച്ചായിരുന്നു വര്‍ക്കിയുടെ എണ്‍പത്തഞ്ചാം പിറന്നാള്‍ ലളിതമായി ആഘോഷിച്ചത്. സഹായിയായി ആദ്യം എറണാകുളംകാരന്‍ ജോണ്‍. പിന്നീട് തിരുവനന്തപുരംകാരന്‍ മധു. ഒടുവില്‍ പൊന്‍കുന്നത്തെ പാലിയേറ്റിവ് കെയര്‍ സെന്ററില്‍ വെച്ചായിരുന്നു അന്ത്യം.
വിശ്വസിച്ച പാര്‍ട്ടിക്കും വായനയ്ക്കും ചലച്ചിത്രങ്ങള്‍ക്കും നീക്കിവെച്ചതായിരുന്നു എം.എം. വര്‍ക്കി എന്ന അവധൂത ജീവിതം. അവസാനശ്വാസംവരെ പാര്‍ട്ടി ആ പ്രതിഭയെ നെഞ്ചോട് ചേര്‍ത്തു സംരക്ഷിച്ചു.
ഈ ലേഖനം കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
