

ലോകത്താകമാനം പത്രപ്രവര്‍ത്തനം മുന്‍പില്ലാത്ത നിലയില്‍ വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. പത്രപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍, യുദ്ധങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, സാങ്കേതികവിദ്യയുടെ വളര്‍ച്ച മൂലമുണ്ടാകുന്ന തൊഴില്‍ നഷ്ടങ്ങള്‍, വ്യാജവാര്‍ത്തക്കിടയില്‍ യാഥാര്‍ത്ഥ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി ഓരോ ദിനവും മുന്നോട്ടു വെയ്ക്കുന്ന വെല്ലുവിളികള്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയാണ് ഈ കാലഘട്ടത്തിന്റെ മറ്റൊരു പ്രത്യേകത. ഈ വെല്ലുവിളികളെയെല്ലാം മറികടക്കുകയെന്നതും അര്‍പ്പണബോധത്തോടെ മുന്നോട്ടു പോകുന്നതും ഏറെ ശ്രമകരമാണ്.
കഴിഞ്ഞ മൂന്നു ദശകത്തിനുള്ളില്‍ ലോകവ്യാപകമായി കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകരുടെ എണ്ണം ഏതാണ്ട് 1600-ഓളമാണ്. ഞെട്ടിക്കുന്ന കണക്കാണിത്. 2023-ല്‍ 140-ല്‍പ്പരം പത്രപ്രവര്‍ത്തകര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. ഗാസയില്‍ മാത്രം ഏതാണ്ട് നൂറില്‍പ്പരം പേരാണ് ജോലിക്കിടെ ജീവന്‍ വെടിഞ്ഞത്. പത്രപ്രവര്‍ത്തനം ഒരു ഡസ്‌കിനു പിന്നിലിരുന്നു ചെയ്യുന്ന ജോലിയല്ല, അപകടകരമായ ജീവിതസാഹചര്യങ്ങളില്‍ ഇറങ്ങിച്ചെന്ന് ഒളിഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ പുറത്തുകൊണ്ടുവരാനുള്ള ഒരു നിരന്തര സമരം കൂടിയാണ് എന്ന് ഇതു നമ്മെ ബോധ്യപ്പെടുത്തുന്നു.
എഴുത്തുകാരനും അമേരിക്കന്‍ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന തോമസ് പെയിന്‍ ഒരിക്കല്‍ പറഞ്ഞു: ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹിയുടെ കടമ സ്വന്തം രാജ്യത്തേയും ജനങ്ങളേയും അതിന്റെ സര്‍ക്കാരില്‍നിന്നുകൂടി സംരക്ഷിക്കലാണ്. സ്വാതന്ത്ര്യത്തെ, തുറന്നുപറയാനുള്ള അവകാശത്തെ, അതു തകര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരുകളുടെ സ്വേച്ഛാധിപത്യത്തില്‍നിന്നു സംരക്ഷിക്കലാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹമെന്നു വ്യക്തമാക്കുന്ന വാക്കുകളെക്കാള്‍ മനോഹരമായി ജനാധിപത്യത്തെ എങ്ങനെ നിര്‍വ്വചിക്കാനാകും. സര്‍ക്കാര്‍ എന്നത് നിങ്ങള്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റേത് ആയാലും അല്ലെങ്കിലും അതിനെ തെറ്റുകളില്‍നിന്നു വിമോചിപ്പിക്കാന്‍ ഓരോ മനുഷ്യനും പോരാട്ടം നടത്തേണ്ടിവരും. ആ പോരാട്ടം ശരി കണ്ടെത്താന്‍ വേണ്ടിയുള്ള പോരാട്ടമാണ്. അല്ലാതെ അന്ധമായ വിശ്വാസത്തെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടമല്ല. അത് ഓരോ പൗരന്റേയും ജനാധിപത്യ മൂല്യവ്യവസ്ഥയുടെ ഭാഗമാണ്. തോമസ് പെയിന്‍ പറഞ്ഞ വാക്കുകള്‍ ഇന്നത്തെ കാലഘട്ടവുമായി ചേര്‍ത്തുവെച്ചു നോക്കിയാല്‍ അത് എത്രമാത്രം ശരിയാണ് എന്നു നമുക്കു ബോധ്യപ്പെടും.
ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന മുഖ്യസ്തംഭങ്ങളിലൊന്ന് പത്രസ്വാതന്ത്ര്യമാണ്. അതുകൊണ്ടാണ് അതിനെ അദൃശ്യമായ നാലാംതൂണ് എന്നു വിശേഷിപ്പിക്കുന്നത്. പത്രസ്വാതന്ത്ര്യമെന്നാല്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലുകളിലൊന്നെന്നു മാത്രമല്ല, അതു ജനാധിപത്യം തന്നെയാണ് എന്ന് വാള്‍ട്ടര്‍ ക്രോങ്കൈറ്റ് വിവക്ഷിച്ചിട്ടുണ്ട്. ഏതാണ്ട് 20 വര്‍ഷത്തോളം സി.ബി.എസ് നെറ്റ്വര്‍ക്കില്‍ ടെലിവിഷന്‍ ആങ്കറായിരുന്ന ക്രോങ്കൈറ്റ് അമേരിക്കയിലെ ഏറ്റവും വിശ്വസിക്കാവുന്നയാള്‍ എന്നു എഴുപതുകളില്‍ തിരഞ്ഞെടുക്കപ്പെട്ട പത്രപ്രവര്‍ത്തകനാണ്. ജനാധിപത്യം നിലനില്‍ക്കുന്നത് തുറന്നു പറയാനും വിമര്‍ശിക്കാനുമുള്ള ജനതയുടേയും മാധ്യമങ്ങളുടേയും സ്വാതന്ത്ര്യം നിലനില്‍ക്കുന്ന കാലത്തോളമാണ്. ആ കാലം അവസാനിച്ചാല്‍ ജനാധിപത്യം അവസാനിക്കുന്നു. മാധ്യമങ്ങളുടെ കണ്ണു മൂടിക്കെട്ടാനും മാധ്യമങ്ങള്‍ക്കു മൂക്കുകയറിടാനും തുടങ്ങുന്ന കാലം ജനാധിപത്യത്തില്‍നിന്ന് ഏകാധിപത്യത്തിലേക്കുള്ള ഇരുണ്ട യാത്രയാണ്.
പക്ഷേ, ആധുനിക ഭരണകൂടങ്ങള്‍ ഇത്തരം വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളല്ലാതെ തന്നെ പത്രസ്വാതന്ത്ര്യത്തെ വെട്ടിമൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തെറ്റും ശരിയുമായ വാര്‍ത്തകളുടെ അതിപ്രളയം സൃഷ്ടിക്കലും മാധ്യമങ്ങളെ ഡിസ്‌ക്രെഡിറ്റ് ചെയ്യിക്കലും സോഷ്യല്‍ എന്‍ജിനീയറിങ്ങുമൊക്കെ ഇതിന്റെ ഭാഗങ്ങളാണ്.
വിശ്വാസ്യത തകര്‍ക്കാന്‍ വ്യാജവാര്‍ത്തകള്‍
സമകാലീന പത്രപ്രവര്‍ത്തനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വ്യാജവാര്‍ത്തകള്‍. സോഷ്യല്‍ മീഡിയ ലോകവ്യാപകമായി ജനങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീപോലെ പടരുന്ന വ്യാജവാര്‍ത്തകള്‍ വാര്‍ത്തകളുടേയും മാധ്യമ സ്ഥാപനങ്ങളുടേയും വിശ്വാസ്യത തകര്‍ക്കുകയാണ്. ഇതിനെതിരെ മുഖ്യധാരാ മാധ്യമങ്ങള്‍ വലിയൊരു സമരമുഖം തുറക്കേണ്ടതുണ്ട്. യൂറോപ്പിലും അമേരിക്കയിലും ഇന്ത്യയിലുമൊക്കെ വിവിധ മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങള്‍ ഈ വെല്ലുവിളി ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയില്‍ കഴിഞ്ഞ പത്തു വര്‍ഷവും ഏകാധിപത്യത്തിനു കീഴില്‍ പത്രസ്ഥാപനങ്ങളും പത്രപ്രവര്‍ത്തകരും വിലയ്ക്കു വാങ്ങപ്പെടുന്ന അവസ്ഥയുണ്ടായി. കോര്‍പറേറ്റുകള്‍ മാധ്യമ മുതലാളിമാരാകുന്ന അവസ്ഥ വന്നു. എന്‍.ഡി ടി.വിപോലെ പിടിച്ചുനിന്ന സ്ഥാപനങ്ങള്‍പോലും വന്‍കിട കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ കീഴടങ്ങി. നട്ടെല്ലുയര്‍ത്തി നിന്ന പത്രപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലേക്കു തിരിഞ്ഞു. പക്ഷേ, സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ സംഘടിതമായ നുണപ്രചരണങ്ങളുടെ വേദികളായി മാറുന്നതാണ് നമ്മള്‍ പിന്നീട് കണ്ടത്. ശരിയേത് തെറ്റേത് എന്നു തിരിച്ചറിയാനാവാതെ ഡിസ്ഇന്‍ഫര്‍മേഷനുകളുടേയും മിസ്ഇന്‍ഫര്‍മേഷനുകളുടേയും അതിപ്രസരത്തില്‍ ജനത സ്തബ്ധരായി. ആശയക്കുഴപ്പത്തിലാകുന്ന ഒരു ജനതയെ വരുതിയിലാക്കാന്‍ എളുപ്പമാണ്.
എഴുത്തുകാരനും ചിന്തകനുമായ ആല്‍ബേര്‍ കാമു ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തില്‍ നല്ലതും ചീത്തയുമുണ്ടായേക്കാം. പക്ഷേ, അതു സ്വതന്ത്രമല്ലെങ്കില്‍ മോശം മാത്രമേ സംഭവിക്കൂ എന്ന്. യഥാര്‍ത്ഥത്തില്‍ അതുതന്നെയാണ് ഇന്ത്യയില്‍ സംഭവിച്ചത്.
ആ കാലഘട്ടത്തില്‍ ഇതോടൊപ്പം തന്നെ നടന്ന മറ്റൊരു ക്രൂര പ്രചരണമായിരുന്നു മീഡിയാ ഡിസ് ക്രെഡിറ്റിങ്. മീഡിയ പ്രചരിപ്പിക്കുന്നത് കളവാണ് എന്നു പല മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും തുടര്‍ച്ചയായി സോഷ്യല്‍ എന്‍ജിനീയറിങ് നടത്തി. സ്വന്തം ഭരണപരാധീനതകള്‍ മറച്ചുപിടിച്ചുകൊണ്ട് ഏകാധിപത്യ പ്രവണതകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഈ പ്രചരണം ഒരു വിഭാഗം ജനങ്ങള്‍ക്കിടയിലെങ്കിലും ശക്തമായ സ്വാധീനമുണ്ടാക്കി. റേറ്റിങ് കൂട്ടുന്നതിനായി ഒരു വിഭാഗം മീഡിയ നടത്തിയ അതിരുകടന്ന പത്രപ്രവര്‍ത്തനം ജനങ്ങളുടെ ഈ ധാരണയെ അരക്കിട്ടുറപ്പിച്ചുവെന്നു പറയാതെ വയ്യ. പക്ഷേ, ആത്യന്തികമായി ഈ കൊടും പ്രചാരണവും അതുമായി ബന്ധപ്പെട്ട സോഷ്യല്‍ എന്‍ജിനീയറിങ്ങും ജനാധിപത്യമെന്ന ആശയത്തിന്റെ ആണിക്കല്ലിനെയാണ് ഉന്നം വെച്ചതും ദുര്‍ബ്ബലമാക്കിയതും. അതിന്റെ ദൂരവ്യാപക ഫലങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
നവസാങ്കേതികത ഉയര്‍ത്തുന്ന വെല്ലുവിളികള്‍
പ്രിന്റ് ജേര്‍ണലിസത്തിനും ടെലിവിഷന്‍ ജേര്‍ണലിസത്തിനുപോലും സാംഗത്യം നഷ്ടപ്പെട്ട് മാധ്യമങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആകുന്ന കാലത്തേക്കാണ് നമ്മള്‍ മാറിക്കാണ്ടിരിക്കുന്നത്. റീല്‍സ് ജേര്‍ണലിസം അതിന്റെ സര്‍വ്വപ്രതാപങ്ങളോടും പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. വാര്‍ത്തകളോടുള്ള സമീപനം തന്നെ മാറുന്നു. ഏറ്റവും കുറഞ്ഞ സമയത്തില്‍ പരമാവധി ഇന്‍ഫര്‍മേഷന്‍ പ്രദാനം ചെയ്യുന്ന തരത്തിലേക്ക് വാര്‍ത്തകള്‍ രൂപാന്തരപ്പെടുന്നു. പ്രേക്ഷകന്‍ അക്ഷമനാകാന്‍ തുടങ്ങുന്ന കാലമാണ് പുതിയ കാലഘട്ടം.
ഈ പുതുകാലഘട്ടത്തിന്റെ സങ്കീര്‍ണ്ണതകളെ രേഖപ്പെടുത്തുന്ന മറ്റൊന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്റ്‌സ് പുതുലോകത്ത് ഒരേസമയം രക്ഷകനും ശിക്ഷകനുമാവുകയാണ്. മനുഷ്യവിഭവശേഷിയുടെ ആയിരക്കണക്കിനു മണിക്കൂറുകള്‍ ലാഭിക്കാനാകുന്ന തരത്തിലേക്ക് എഴുത്തുടൂളുകള്‍ നിലവില്‍ വന്നുകഴിഞ്ഞു. ഇതിന്റെ വികസനത്തിന്റെ അടുത്ത ഘട്ടമായ സൂപ്പര്‍ എ.ഐ മുന്നോട്ടു വെയ്ക്കുന്നത് നമുക്കു മനസ്സില്‍പോലും സങ്കല്പിക്കാന്‍ കഴിയാത്ത കാര്യങ്ങളായിരിക്കും. എഴുത്തുകാര്‍ക്കും ആങ്കര്‍മാര്‍ക്കും എഡിറ്റര്‍മാര്‍ക്കും പകരം സോഫ്റ്റ്വെയറുകള്‍ തീരുമാനങ്ങളെടുക്കുന്ന കാലം വരും.
ഇതു കുറേയേറെ പ്രതിസന്ധികള്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്. ആദ്യത്തേത് സംശയലേശമെന്യേ തൊഴില്‍ നഷ്ടം തന്നെയാണ്. യൂറോപ്പിലെ പല മാധ്യമ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തില്‍ 25 മുതല്‍ 30 ശതമാനം കുറവു വരുത്തിക്കഴിഞ്ഞു. ടെലിവിഷന്‍/ ഇന്റര്‍നെറ്റ് തരംഗത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ പൂട്ടിക്കളഞ്ഞ പ്രിന്റ് സ്ഥാപനങ്ങളുടേയും അവിടുത്തെ തൊഴില്‍ നഷ്ടത്തിന്റേയും കണക്ക് കൂടാതെയാണിത്. തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് നിലവില്‍ പത്രപ്രവര്‍ത്തക സമൂഹം അനുഭവിക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
തൊഴില്‍ നഷ്ടത്തെക്കാളുപരിയായി ഇതു മുന്നോട്ടുവെയ്ക്കുന്ന നൈതിക പ്രശ്‌നങ്ങളുണ്ട്.
കോര്‍പ്പറേറ്റുകളുടെ സഹായത്തോടെ ഏതു സംഘടനകള്‍ക്കും സര്‍ക്കാരുകള്‍ക്കും ഇത്തരം സോഫ്റ്റ്വെയറുകളെ സ്വാധീനിക്കാനായാല്‍ പുറത്തുവിടപ്പെടുന്ന വാര്‍ത്തകളുടെ നിജസ്ഥിതി തിരിച്ചറിയാനാവാത്ത അവസ്ഥയുണ്ടാകും. സാധാരണ മനുഷ്യനു തിരിച്ചറിയാന്‍ സാധിക്കാത്ത ഡീപ്പ് ഫേയ്ക്കുകളുടെ സഹായത്തോടെ എന്തും തങ്ങളുടെ ആശയത്തിനും ഇച്ഛയ്ക്കും അനുസൃതമായി പുനഃസൃഷ്ടിക്കാന്‍ സാങ്കോതികവിദ്യയ്ക്കാകും എന്നതാണ് വരാനിരിക്കുന്ന അപകടം.
ഇന്ത്യന്‍ രാഷ്ട്രീയ പരിസ്ഥിതിയെത്തന്നെ ഡീപ്പ് ഫേയ്ക്കുകള്‍ എത്രമാത്രം സ്വാധീനിച്ചുവെന്നു നമ്മള്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ കണ്ടതാണ്. നേതാക്കളേയും പ്രസ്ഥാനങ്ങളേയും ഇകഴ്ത്താനും കുടുക്കാനും വര്‍ഗ്ഗീയ കലാപങ്ങള്‍ അഴിച്ചുവിടാന്‍പോലും ഇത്തരം സാങ്കേതിക വിദ്യകള്‍ക്കാകും എന്നത് നമ്മള്‍ ഭയപ്പാടോടുകൂടിത്തന്നെ നോക്കിക്കാണണം.
വര്‍ത്തമാനകാലത്തില്‍ മാത്രമല്ല, വരും കാലങ്ങളിലേക്കും പത്രപ്രവര്‍ത്തകന്റെ ജാഗ്രത വര്‍ദ്ധിക്കേണ്ടതുണ്ട്. വ്യാജവാര്‍ത്തകള്‍ മുതല്‍ സാങ്കേതികവിദ്യ പുതുക്കിപ്പണിയുന്ന വ്യാജ നിര്‍മ്മിതികള്‍ വരെ ഒരുപാട് കാര്യങ്ങളില്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കേണ്ട കാലമാണ്. കണ്ണു തെറ്റിയാല്‍ ജനാധിപത്യത്തിന്റെ സൗന്ദര്യത്തില്‍നിന്ന് ഏകാധിപത്യത്തിന്റെ കൊടും ഇരുളിലേക്കു നമ്മള്‍ ആണ്ടുപോയേക്കാം.
എന്നാല്‍, ഇതിനിടയിലും കേരളത്തിലെ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാര്‍ ആകുന്നുവെന്നു നമ്മള്‍ അഭിമാനത്തോടെത്തന്നെ ഓര്‍ക്കേണ്ടതുണ്ട്. പെയ്ഡ് ന്യൂസ് അടക്കമുള്ള വിഷയങ്ങളില്‍ മലയാള മാധ്യമപ്രവര്‍ത്തകര്‍ കാര്യമായ ചതിക്കുഴികളില്‍ വീഴാതെ ജാഗരൂകരായി നിലകൊള്ളുന്നു. അടുത്തിടെ നടന്ന വയനാട് ദുരന്തമടക്കമുള്ള ദുരന്തഭൂമി റിപ്പോര്‍ട്ടുകളില്‍പോലും മിതത്വവും ആത്മസംയമനവും കാട്ടിയത് പ്രത്യേകം പ്രശംസാര്‍ഹമാണ്. എന്നാല്‍, അതോടൊപ്പം തന്നെ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കിക്കൊണ്ട് തര്‍ക്കങ്ങളിലും സംവാദങ്ങളിലും ഏര്‍പ്പെടുന്നത് മാധ്യമ നിഷ്പക്ഷതയെന്ന സങ്കല്പത്തെ ഇല്ലാതാക്കുന്നുണ്ട്. ഇന്‍ഫര്‍മേഷനും എന്റര്‍ടെയിന്‍മെന്റും ഒന്നിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റിന്റെ ഭാഗമാണ് ഇതെങ്കില്‍പോലും നൈതികമായ വീഴ്ചയായി വേണം അതിനെ വിലയിരുത്താന്‍.
ഇതുപോലെത്തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വാര്‍ത്തയുടെ പേരില്‍ കേസെടുക്കുന്ന സംഭവങ്ങളും ഏറിവരുന്നു. ഇത്തരം ഭരണകൂട ഇടപെടലുകള്‍ നിഷ്പക്ഷവും നൈതികവുമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതാണ്. മാധ്യമ വിമര്‍ശനങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ഉതകുന്ന ആസിഡ് ടെസ്റ്റുകളായി വേണം ഭരണാധിപന്മാര്‍ നോക്കിക്കാണേണ്ടത്. വാര്‍ത്ത നല്‍കുന്നതിനു മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവും വാര്‍ത്ത അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യവും കൈകോര്‍ത്തു മുന്നോട്ടു പോകേണ്ടതാണെന്നു ഹൈക്കോടതി നിരീക്ഷിച്ചത് അടുത്തകാലത്താണ്. മനോരമയ്‌ക്കെതിരെയുള്ള ഒരു അപകീര്‍ത്തി കേസ് പരിഗണിക്കുമ്പോഴാണ് ജസ്റ്റീസ് ബദറുദ്ദീന്‍ ഈ നിരീക്ഷണം നടത്തിയത്. കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആവശ്യത്തിനും അനാവശ്യത്തിനും കേസെടുക്കുന്ന പൊലീസിന്റെ പ്രവണത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ട്.
അമേരിക്കന്‍ പ്രസിഡന്റും ജനാധിപത്യത്തിന്റെ അപ്പോസ്തലനും ധിഷണാശാലിയുമായ തോമസ് ജെഫേഴ്‌സണെ ഓര്‍ക്കാതെ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമുള്ള ഒരു സംഭാഷണവും പൂര്‍ത്തിയാക്കാനാവില്ല. പാരീസ് സന്ദര്‍ശനവേളയില്‍ തന്റെ സുഹൃത്തായ എഡ്വേര്‍ഡ് കാരിങ്ടണിന് എഴുതിയ കത്തില്‍ പത്രസ്വാതന്ത്ര്യത്തെപ്പറ്റി അദ്ദേഹം പറയുന്ന വാക്കുകള്‍ ചരിത്രത്തിന്റെ പുസ്തകത്താളുകളില്‍ സുവര്‍ണ്ണാക്ഷരങ്ങളിലുണ്ട്.
പത്രങ്ങളില്ലാത്ത ഒരു സര്‍ക്കാരും സര്‍ക്കാരില്ലാതെ പത്രങ്ങളും എന്ന അവസ്ഥ വന്നാല്‍ സംശയമില്ലാതെ താന്‍ പത്രങ്ങള്‍ മാത്രമുള്ള അവസ്ഥ തിരഞ്ഞെടുക്കുമെന്നാണ് ജെഫേഴ്‌സണ്‍ പറഞ്ഞത്. ഒരു സ്വപ്നജീവിയായല്ല, മറിച്ച് രാഷ്ട്രീയത്തിന്റെ മറുകര കണ്ട ഒരാളായിട്ടും ജനാധിപത്യമെന്ന ആശയത്തിന്റെ മുഴുവന്‍ മാസ്മരികതയും മനസ്സിലേറ്റിയ നൈതികതയുടെ പ്രതിനിധിയായാണ് ജെഫേഴ്‌സണ്‍ അതു പറഞ്ഞത്. എന്തെല്ലാം പ്രതിസന്ധികളുണ്ടായിട്ടും പത്ര സ്വാതന്ത്ര്യം എന്തുകൊണ്ട് ജനാധിപത്യത്തിന്റെ ആണിക്കല്ലും കാവലാളും ആകുന്നുവെന്നത് ജെഫേഴ്‌സണ്‍ നമുക്കു കാട്ടിത്തരുന്നു.
ഈ ചരിത്രത്തിന്റെ മുഴുവന്‍ ശക്തിയും ഉത്തരവാദിത്വവുമാണ് പത്രപ്രവര്‍ത്തന തലമുറകള്‍ നെഞ്ചേറ്റേണ്ടത്. രാജാവ് നഗ്‌നനാണ് എന്നു വിളിച്ചുപറയലാണ് മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യം. അതു തുടര്‍ന്നുകൊണ്ടേയിരിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
