

കൗതുകം നിറഞ്ഞ കണ്ണുകളുമായാണ് നാരായണന്‍ പിറന്നത്. അവ എന്നും തേടിയതോ, കലയുടെ സൗന്ദര്യവും. പിന്നീട് സുന്ദരന്‍ എന്ന വിളിപ്പേരില്‍ പ്രശസ്തി നേടിയപ്പോള്‍, അതു തന്നെയാണ് അനുയോജ്യമായ നാമമെന്ന് ആരാധകര്‍ക്കും തോന്നി.
പഞ്ചവാദ്യത്തില്‍ തിമില കലാകാരനായി വ്യക്തിമുദ്ര പതിപ്പിച്ച പറവൂര്‍ കോട്ടുവള്ളിയിലെ കാവില്‍ കുടുംബാംഗമായ സുന്ദരന്‍മാരാര്‍ വാദ്യകലയെ ആഴത്തില്‍ അപഗ്രഥിക്കുന്ന വ്യക്തിത്വമാണ്. കാലം ഒരുപക്ഷേ, ഈ അന്‍പതുകാരനെ ഓര്‍മ്മിക്കുന്നത് അദ്ദേഹം ചിട്ടപ്പെടുത്തിയ പഞ്ചാക്ഷരീമേളത്തിന്റെ പേരിലാകും. കുടുക്കവീണ, പരിഷവാദ്യം എന്നിങ്ങനെ അന്യംനിന്നു പോയേക്കാവുന്ന കലകളുടെ സംരക്ഷകന്‍ കൂടിയാണ് സുന്ദരന്‍മാരാര്‍. കലയുടെ ഉന്നതിയില്‍ നില്‍ക്കുന്ന വിലപ്പെട്ട ചുരുങ്ങിയ സമയം സമ്പത്തായി മാത്രം പരിവര്‍ത്തനം ചെയ്യാന്‍ തയ്യാറാകാതെ സുന്ദരന്‍മാരാര്‍ വ്യത്യസ്തനാകുന്നു. വാദ്യകലയില്‍ പഠനത്തിനും പരീക്ഷണങ്ങള്‍ക്കും പരിഷ്‌കാരത്തിനുമായി അദ്ദേഹം ചെലവാക്കിയ സമയം ചെറുതല്ല.
'പഞ്ചാക്ഷരി എന്ന ആശയം എന്നില്‍ ഉളവായത് ഒരു നിയോഗമാണെന്ന് ഞാന്‍ കരുതുന്നു' സുന്ദരന്‍മാരാര്‍ പറഞ്ഞു.
'ഉള്‍വിളിയായിരുന്നു അത്. ഒരു മോഹന്‍ലാല്‍ സിനിമയിലെ സംഗീതജ്ഞനായ കേന്ദ്രകഥാപാത്രം പറയുന്നതുപോലെ ആരോ എന്നെക്കൊണ്ടു ചെയ്യിക്കുന്ന ഒന്ന്' സുന്ദരന്‍മാരാര്‍ പറഞ്ഞു.
ഭാഗ്യവശാല്‍ അതിനായി വളക്കൂറുള്ള മണ്ണിലാണ് അദ്ദേഹം ജനിച്ചതും വളര്‍ന്നതും.
'ബാല്യകാലത്ത്, ആരായിത്തീരണം എന്ന അദ്ധ്യാപകരുടെ ചോദ്യത്തിന് 'കഥകളി കൊട്ടുകാരന്‍' എന്നതായിരുന്നു എന്റെ ഉത്തരം. പന്ത്രണ്ടാം വയസ്സില്‍ ഞാന്‍ തായമ്പകയില്‍ അരങ്ങേറ്റം കുറിച്ചു. വര്‍ഷത്തില്‍ അന്‍പതില്‍പരം തായമ്പകകള്‍ അക്കാലത്ത് ഞാന്‍ കൊട്ടിയിരുന്നു. തായമ്പകയില്‍ എനിക്ക് നല്ലൊരു ഭാവിയുണ്ട് എന്ന തോന്നലിലാണ് മാരാര്‍ ക്ഷേമസഭയുടെ അമരക്കാര്‍ ഉപരിപഠനത്തിനായി എന്നെ പല്ലാവൂര്‍ കുഞ്ഞുകുട്ടമാരാരുടെ അടുത്ത് അയയ്ക്കാം എന്ന വാഗ്ദാനവുമായി അച്ഛനെ സമീപിച്ചത്. അച്ഛന്‍ സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങരുത് എന്ന ആവശ്യം മുന്നോട്ടുവച്ചു. എന്നാല്‍ കുലത്തൊഴിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണമെന്നത് അച്ഛന്റെ താല്പര്യവുമായിരുന്നു. അച്ഛന്‍ ആഗ്രഹിച്ചതുപോലെ ഞാന്‍ ബിരുദം നേടി. എന്തിനാണ് ആ സര്‍ട്ടിഫിക്കറ്റ് എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. വാദ്യകലാരംഗത്ത് ചിന്തിക്കാനും അതുപോലെ വ്യത്യസ്തമായി ചിലതൊക്കെ ചെയ്യാനും വിദ്യാഭ്യാസം എനിക്ക് തുണയായി എന്നു ഞാന്‍ കരുതുന്നു' അദ്ദേഹം പറഞ്ഞു.
വേറിട്ട ചിന്തകളാണ് സുന്ദരന്‍മാരാരെ പഞ്ചാക്ഷരിയുടെ വഴിയിലുമെത്തിച്ചത്. അദ്ദേഹത്തിന്റെ ആദ്യ ഇരുപതുകളില്‍, ഉദ്യോഗമണ്ഡലില്‍ ഒരു ഫ്യൂഷന്‍ അവതരണത്തിന്റെ മനോധര്‍മ്മവേളയിലാണ് ഝമ്പ താളത്തിന്റെ സാധ്യതകളെക്കുറിച്ച് സുന്ദരന്‍മാരാര്‍ക്ക് കൂടുതല്‍ ബോധ്യം വന്നത്. സംഗീതത്തില്‍ പ്രയോഗിക്കുന്ന മിശ്രചാപ്പും പ്രശസ്തമായ പാണ്ടിമേളത്തിന്റെ ത്രിപുടയും സമാനമായ താളങ്ങളാണ് എന്ന തിരിച്ചറിവില്‍നിന്നാണ് പാണ്ടിമേളത്തിന് ഖണ്ഡചാപ്പില്‍ ഒരു പിന്തുടര്‍ച്ചയായാലെന്ത് എന്ന തോന്നലുണ്ടായത്.
കോട്ടുവള്ളിക്കാവിന്റെ പരിസരത്ത് സാധകവും പാഠനക്കളരിയും നടത്തുന്നത് പതിവാണ്, പ്രത്യേകിച്ചും വര്‍ഷകാലത്ത്. ഒരാശയം ഉരുത്തിരിഞ്ഞാല്‍, ഗൗരവമായി ഉള്‍ക്കൊണ്ട്, ഒരേ മനസ്സോടെ പൂര്‍ത്തീകരിക്കാന്‍ സജ്ജമായ ഒരുകൂട്ടം ആള്‍ക്കാരുണ്ടവിടെ. പഞ്ചാക്ഷരിയുടെ സാദ്ധ്യതകള്‍ അവരുമായി പങ്കുവെച്ചപ്പോള്‍, കാവില്‍ അജയന്‍മാരാരുള്‍പ്പെടെ ഒരു കൂട്ടം കലാകാരന്മാര്‍ സുന്ദരന്‍മാരാരുടെ കീഴില്‍ അണിനിരന്നു.
'ഊണും ഉറക്കവുമില്ലാത്ത ദിനരാത്രങ്ങള്‍ എന്നു പറഞ്ഞാല്‍ പഴഞ്ചന്‍ പ്രയോഗമായി തോന്നാം. ഞങ്ങളുടെ പ്രയത്‌നം കഠിനവും കൃത്യവും സത്യസന്ധവുമായിരുന്നു. ആചാര്യന്മാര്‍ ചിട്ടപ്പെടുത്തി, ജനലക്ഷങ്ങള്‍ ഏറ്റെടുത്ത്, തലമുറകളിലൂടെ പകര്‍ന്നുനല്‍കിയ ഒന്നാണ് പാണ്ടിമേളം. അതിനെ പിന്തുടര്‍ന്നുവരുന്ന ഒന്ന് ഒരേസമയം പ്രയോക്താക്കള്‍ക്കും ആസ്വാദകര്‍ക്കും ലളിതമായും പ്രിയപ്പെട്ടതായും തോന്നണം എന്നതായിരുന്നു പ്രധാന ചിന്ത.
വിഷമമെന്നു കരുതിയതെല്ലാം തെളിവായി വന്നു. എങ്കിലും തച്ചന്‍ അമ്പലത്തിലെ ശ്രീകോവിലിനു കൂട്ടുകയറ്റുന്നതുപോലെ, പര്‍വ്വതത്തില്‍ ഇരുവശത്തും തെളിഞ്ഞ വഴികളെ ബന്ധിപ്പിച്ച് തുരങ്കം തീര്‍ക്കുന്നതുപോലെ, പ്രധാന താളത്തിന്റെ ഒരു കണക്ക് കീറാമുട്ടിയായി ബാക്കിനിന്നു.
'ചേന്ദമംഗലം ഉണ്ണിച്ചേട്ടനെപ്പോലെയുള്ളവരുമായ സംവാദങ്ങള്‍ ആ സങ്കീര്‍ണ്ണാവസ്ഥയില്‍ എന്നെ ഏറെ സഹായിച്ചിരുന്നു. ഒരു ഘട്ടത്തില്‍, ഈ പുതിയ സൃഷ്ടി എന്നെക്കാള്‍ പ്രാഗത്ഭ്യമേറിയവരെ ഏല്‍പ്പിക്കാന്‍പോലും ഞാന്‍ തയ്യാറായതാണ്. അപ്പോഴാണ് ഇതിന്റെ ദശാക്ഷരത്തിലുള്ള താളം നാലും ആറുമായി ചിട്ടപ്പെടുത്തിയാല്‍ നന്നാകും എന്നത് ഒരു വെളിപാടായി തോന്നിയത്. ആ തിരിച്ചറിവില്‍ ഞാന്‍ പഞ്ചാക്ഷരിമേളത്തിന്റെ തുടക്കവും ഒടുക്കവും കൃത്യമായി കണ്ടു. മുതിര്‍ന്നവരില്‍ ചിലര്‍ എന്നിട്ടും ചില പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ചു. പക്ഷേ, താളത്തില്‍ ഇതിനു മാറ്റം വരുത്തുക എന്ന പ്രായോഗിക തിരിച്ചറിവില്‍ എല്ലാം അങ്ങനെത്തന്നെ നിലനിര്‍ത്തുകയായിരുന്നു.
'എന്റെ ഗുരുനാഥനായ ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ക്ക് വീരശൃംഖല സമ്മാനിക്കുന്ന അവസരത്തിലാണ് പഞ്ചാക്ഷരിമേളം ആദ്യമായി അവതരിപ്പിച്ചത്, കാലടി ശ്രീകൃഷ്ണക്ഷേത്രത്തില്‍. പല്ലാവൂര്‍ കുഞ്ഞുകുട്ടമാരാര്‍, കലാമണ്ഡലം കേശവന്‍, തൃക്കാമ്പുറം കൃഷ്ണന്‍കുട്ടിമാരാര്‍, കാശ്ശാംകുറിശ്ശി കണ്ണന്‍, പെരുവനം കുട്ടന്‍മാരാര്‍ തുടങ്ങിയ പ്രമുഖര്‍ അന്നവിടെ സന്നിഹിതരായിരുന്നു. അതിനെത്തുടര്‍ന്നാണ് കുട്ടേട്ടന്‍ പഞ്ചാക്ഷരിമേളം പഠിക്കുകയും പെരുവനത്തെ ഒരുകൂട്ടം കലാകാരന്മാരുമായി ചേര്‍ന്ന് ഈ മേളം അവതരിപ്പിക്കുകയും ചെയ്തത്. അതൊരു വലിയ പ്രോത്സാഹനമായിരുന്നു' സുന്ദരന്‍മാരാര്‍ പറഞ്ഞു. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രമുള്‍പ്പെടെ ഒട്ടനവധി വേദികളില്‍ ഇതുവരെ പഞ്ചാക്ഷരിമേളം അവതരിപ്പിച്ചിട്ടുണ്ട്.
അനുഷ്ഠാനത്തിന് അകമ്പടിയായി നിന്ന വാദ്യരൂപങ്ങള്‍ ആസ്വാദകരേറ്റെടുത്ത് പ്രചാരമാക്കിയതാണ് പഞ്ചവാദ്യമുള്‍പ്പെടെയുള്ളവയുടെ ചരിത്രം. പഞ്ചാക്ഷരി പക്ഷേ, ആസ്വാദകര്‍ക്കായി രൂപപ്പെടുത്തിയ ഒന്നാണ്. അതിന്റെ പ്രയോക്തക്കളായി തന്റെ മകന്‍ ദേവദത്തുള്‍പ്പെടെയുള്ള വരുംതലമുറക്കാര്‍ ഉണ്ടാകും എന്ന് അദ്ദേഹത്തിനുറപ്പുണ്ട്. പഞ്ചാക്ഷരിയുടെ പ്രചാരണത്തിനായി മാത്രം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അദ്ദേഹം തയ്യാറല്ല. 'ഇനിയും പലത് ചെയ്യാനുണ്ട്, അതെന്റെ കര്‍ത്തവ്യമാണ്' സുന്ദരന്‍മാരാര്‍ പറഞ്ഞു നിര്‍ത്തി.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates