

40കൊല്ലങ്ങള്‍ക്കു മുന്‍പ്, 1984 സെപ്റ്റംബര്‍ 28 ഹരിപര്‍വതത്തിലെ ക്ഷേത്രവും മക്ദൂം സാഹിബിന്റെ ദര്‍ഗയും സന്ദര്‍ശിച്ചെത്തിയ ഇന്ദിരാഗാന്ധി തന്നെക്കുറിച്ചും പ്രിയങ്കയെക്കുറിച്ചും പറഞ്ഞത് അവരുടെ വിശ്വസ്തനും സന്തതസഹചാരിയുമായ മഖന്‍ലാല്‍ ഫോത്തേദര്‍ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്
ഫോത്തേദര്‍ജി, ഞാന്‍ അധികനാള്‍ ജീവിച്ചിരിക്കില്ല. പക്ഷേ, പ്രിയങ്ക വളരുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. അവള്‍ വളരുന്നതും ചക്രവാളത്തില്‍ തിളങ്ങുന്നതും കാണാന്‍ ഞാനില്ലെങ്കിലും നിങ്ങളുണ്ടാകും. ജനം എന്നെ അവളില്‍ കാണും, അവളെ കാണുമ്പോള്‍ അവരെന്നെ ഓര്‍ക്കും. അടുത്ത നൂറ്റാണ്ട് അവളുടേതായിരിക്കും. അപ്പോള്‍ ജനങ്ങള്‍ എന്നെ മറക്കും.
ആ പ്രവചനം യാഥാര്‍ത്ഥ്യമാകുമോ എന്നറിയേണ്ട കാലമാണിത്. 'രണ്ടാം ഇന്ദിര' വയനാട്ടിലേക്ക് എന്ന ആവേശം നിറഞ്ഞ ആഹ്വാനങ്ങള്‍ക്ക് അങ്ങനെയൊരു രാഷ്ട്രീയ പശ്ചാത്തലം കൂടെയുണ്ടെന്നത് കൗതുകകരമാണ്.
കാലവും ചരിത്രവും ഉറ്റുനോക്കിയ നെഹ്റു കുടുംബത്തിലായിരുന്നു ജനനം. അധികാരത്തിന്റെ തണലില്‍ അസ്ഥിരതയുടേയും നഷ്ടങ്ങളുടേയും ബാല്യം. പ്രിയങ്ക ഗാന്ധിയുടെ 12-ാം വയസ്സിലാണ് മുത്തശ്ശി ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരാല്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഏഴ് വര്‍ഷത്തിനുശേഷം, 19-ാം വയസ്സില്‍ അച്ഛന്‍ രാജീവ് ഗാന്ധിയും ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.
അതോടെ, രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രത്തിനൊപ്പം നെഹ്റുകുടുംബത്തിന്റെ എല്ലാം മാറിമറിഞ്ഞു. അതോടെ കുട്ടികള്‍ക്ക് (രാഹുലിനും പ്രിയങ്കയ്ക്കും) കടുത്ത സുരക്ഷാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുതിര്‍ന്നവരുടെ ലോകത്തായിരുന്നു അവര്‍. മുത്തശ്ശിക്ക് വെടിയേറ്റ അന്നു മുതല്‍ പ്രിയങ്കയും രാഹുലും സ്‌കൂളില്‍ പോയിട്ടില്ല. പന്ത്രണ്ടാം വയസ്സ് മുതല്‍ കോളേജില്‍ പോകുന്നതുവരെ വീട്ടിലിരുന്ന് പഠിച്ചു. ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമായിരുന്നു അവരുടെ കൂട്ട്. സുരക്ഷാനിയന്ത്രണങ്ങള്‍ അവരുടെ ബാല്യം തന്നെ ഇല്ലാതാക്കി. ആഴ്ചാവസാനം ഒരു മണിക്കൂര്‍ പുറത്തുപോകാന്‍ അനുവദിക്കും. ഒരേ സ്ഥലത്തുതന്നെ പോകാന്‍ അനുവദിക്കാറുമില്ല. വിദ്യാഭ്യാസത്തേയും സാമൂഹികമായ ഇടപെടലിനേയുമെല്ലാം ഈ നിയന്ത്രണങ്ങള്‍ വലിയ തോതില്‍ ബാധിച്ചെന്ന് പ്രിയങ്ക തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു സാധാരണ ബാല്യത്തില്‍നിന്ന് അവര്‍ അകലെയായിരുന്നുവെന്നത് അവരുടെ പില്‍ക്കാല ജീവിതം സാക്ഷ്യപ്പെടുത്തുന്നു.
തണലില്‍ നിഴലില്‍
പ്രിയങ്കയെ സംബന്ധിച്ചും കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചും നിര്‍ണായകമായ വര്‍ഷമായിരുന്നു 1991. അമ്മ സോണിയയോ സഹോദരന്‍ രാഹുലോ രാഷ്ട്രീയ ചിത്രത്തിലില്ലായിരുന്ന അക്കാലത്ത് പാര്‍ട്ടിയെ നയിക്കാനും ഭാവിനേതാവാകാനും പലരും സാധ്യത കണ്ടത് പ്രിയങ്കയിലായിരുന്നു. ഇന്ദിരാഗാന്ധിയുമായി കാഴ്ചയിലും പെരുമാറ്റത്തിലും അവര്‍ക്കുണ്ടായിരുന്ന അപൂര്‍വമായ സാമ്യവും പ്രസരിപ്പും ആ പ്രചാരണത്തിന് ആക്കം കൂട്ടി. എന്നാല്‍, മൂവരും പൊതുഇടങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നതാണ് പിന്നെ കണ്ടത്. കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷസ്ഥാനവും പ്രധാനമന്ത്രിപദവും ഒന്നിച്ച് വഹിക്കാന്‍ നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നൊരാള്‍ വന്നതും 1991-ലാണ്. ലാല്‍ ബഹാദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കാമരാജായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ്. നരസിംഹ റാവുവിന്റെ സ്ഥാനാരോഹണം അപ്രതീക്ഷിതമായിരുന്നു.
ശങ്കര്‍ ദയാല്‍ ശര്‍മ്മ പ്രധാനമന്ത്രി സ്ഥാനം നിരസിച്ചതുകൊണ്ടാണ് സോണിയ ഗാന്ധി 1991-ല്‍ റാവുവിലേക്കെത്തിയത്. നെഹ്‌റു കുടുംബത്തിന് ഒരു വെല്ലുവിളി റാവുവില്‍നിന്ന് ഉണ്ടാവുമെന്ന് സോണിയ അന്നൊരിക്കലും കരുതിയതേയില്ല. റാവു പക്ഷേ, സോണിയയ്ക്കെതിരെ കലാപക്കൊടിയുയര്‍ത്തി. സോണിയയെ കാണാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി 10 ജന്‍പഥിലേക്ക് പോവുന്നത് രാഷ്ട്രത്തിനു മോശമാണെന്ന് പറഞ്ഞു. നെഹ്‌റു കുടുംബത്തിനു പുറത്ത് ഒരാള്‍ ഇന്ത്യയേയും കോണ്‍ഗ്രസ്സിനേയും ഒരുപോലെ നയിക്കുന്നത് ലോകം ആശ്ചര്യത്തോടെ നോക്കി നിന്നത് അന്നാണ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് പക്ഷേ, റാവുവിന്റെ സകല പദ്ധതികളും പൊളിച്ചു. ആ അര്‍ത്ഥത്തില്‍ സംഘപരിവാറാണ് കോണ്‍ഗ്രസ്സില്‍ നെഹ്‌റു കുടുംബത്തിന്റെ തിരിച്ചുവരവിനു വഴിയൊരുക്കിയതെന്ന് പറയേണ്ടിവരും.
ഇതിനിടയില്‍ ഡല്‍ഹിയിലെ മോഡേണ്‍ സ്‌കൂളിലെ പഠനം കഴിഞ്ഞ് ജീസസ് ആന്‍ഡ് മേരി കോളേജില്‍ നിന്നാണ് പ്രിയങ്ക മനശാസ്ത്ര പഠനത്തില്‍ ബിരുദമെടുത്തത്. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബുദ്ധമത പഠനത്തില്‍ ബിരുദാനന്തര ബിരുദവും. ബിസിനസുകാരനായ റോബര്‍ട്ട് വദ്രെയുമായുള്ള വിവാഹത്തോടെയാണ് ജനശ്രദ്ധ വീണ്ടും പ്രിയങ്കയിലെത്തുന്നത്. അന്നവര്‍ക്ക് പ്രായം 25. പ്രിയങ്കയുടെ ജിം ഇന്‍സ്ട്രക്ടറായിരുന്നു വദ്രെയെന്ന ബോഡി ബില്‍ഡര്‍. ജിമ്മില്‍ വച്ചുള്ള പരിചയം അടുപ്പത്തിലേക്ക് വഴിമാറി. 1997 ഫെബ്രുവരി 18-ന് സോണിയയുടെ വസതിയില്‍, നമ്പര്‍ 10 ജന്‍പഥില്‍, സ്വകാര്യചടങ്ങില്‍ ഇരുവരും വിവാഹിതരായി. തൊട്ടടുത്ത വര്‍ഷം, 1998-ല്‍ സോണിയ ഗാന്ധിക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കേണ്ടിവന്നു. ആറ് കൊല്ലങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസ് കേന്ദ്രത്തില്‍ മന്ത്രിസഭയുണ്ടാക്കി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നെഹ്‌റു കുടുംബത്തിന്റെ സാന്നിദ്ധ്യവും പ്രസക്തിയും വിളിച്ചോതിയ സന്ദര്‍ഭം അതായിരുന്നു. അപ്പോഴും പ്രിയങ്ക ചിത്രത്തില്‍നിന്ന് അകലെയായിരുന്നു.
1999-ല്‍ 27-ാം വയസ്സില്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കാനാവാതെ വിഷമിക്കുന്ന പ്രിയങ്കയെയാണ് പിന്നെ നാം കണ്ടത്. ഡല്‍ഹി വിട്ട് എവിടെയെങ്കിലും ഒറ്റയ്ക്ക് മാറിനിന്ന് ആലോചിച്ചാല്‍ തീരുമാനമെടുക്കാനാവുമെന്ന് അവരുടെ സുഹൃത്ത് ഉപദേശിച്ചു. അങ്ങനെ യാദൃച്ഛികമായി, പത്തുദിവസത്തെ ധ്യാനപരിശീലനത്തിനായി അവര്‍ 'വിപാസന സെന്ററി'ലെത്തി. താന്‍ രാഷ്ട്രീയത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. അച്ഛന്റെ വിയോഗത്തിലുള്ള ഞെട്ടലും സങ്കടവുമൊക്കെ ഇപ്പോഴും തന്നില്‍ അവശേഷിക്കുന്നതായും അവര്‍ക്ക് ബോധ്യമായി. അവരുടെ രാഷ്ട്രീയ ഇടപെടല്‍ അമ്മയുടേയും സഹോദരന്റേയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പോലുള്ള ചെറിയ കാര്യങ്ങളിലൊതുങ്ങി. ഇതിനിടയില്‍, 1999-ല്‍ സോണിയ ഗാന്ധി അമേഠിയില്‍ മത്സരിക്കുമ്പോള്‍ പ്രചാരണത്തിന് പ്രിയങ്കയെത്തി. അന്നുയര്‍ന്നു കേട്ട മുദ്രാവാക്യം ഇതായിരുന്നു: 'അമേഠി കി ദന്‍ക, ബേഠിയാ പ്രിയങ്ക'. അമേഠിയുടെ വാനമ്പാടി എന്നാണ് കോണ്‍ഗ്രസ്സുകാര്‍ പ്രിയങ്കയെ വിശേഷിപ്പിച്ചത്. 1977-ല്‍ സഞ്ജയ് ഗാന്ധിക്കും സമാനമായ വരവേല്‍പ്പ് കിട്ടിയിരുന്നു. മുദ്രാവാക്യവും ഏറെക്കുറെ അങ്ങനെത്തന്നെ.
രണ്ട് ദശാബ്ദം മുന്‍പുതന്നെ രാഹുല്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചെങ്കിലും കുടുംബനാഥയായി അവരൊതുങ്ങി. മകന്‍ റെഹാന് ഇപ്പോള്‍ പ്രായം 23, മകള്‍ മിരായയ്ക്ക് 22-ഉം. ഇക്കാലമത്രയും അമ്മയ്ക്കും സഹോദരനും വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി. സോണിയ വിദേശത്തേക്ക് പോകുമ്പോള്‍ മണ്ഡലത്തിലെ കാര്യങ്ങള്‍ അവര്‍ നോക്കി. സമ്പന്നരുടെ നിശാപാര്‍ട്ടികളില്‍ ഭര്‍ത്താവ് വദ്രെ സാന്നിധ്യമായപ്പോള്‍ ക്യാമറക്കണ്ണുകള്‍ അവരെയും പരതിയിരുന്നു. എന്നാല്‍ അതില്‍നിന്നൊക്കെ ഒഴിഞ്ഞുമാറി നിശ്ശബ്ദമായി ജീവിക്കാനായിരുന്നു അവരുടെ ഇഷ്ടവും തീരുമാനവും. 2008-ല്‍ അവര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം കണ്ടെത്തി. രാജീവ് ഗാന്ധി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനിയെ കാണാന്‍ അവരെത്തി. മാധ്യമങ്ങള്‍ക്കു മുന്നില്‍ ഒരക്ഷരം പോലും പ്രിയങ്ക പറഞ്ഞില്ല. എന്നാല്‍, എങ്ങനെയാണ് ആ കൊലപാതകം സംഭവിച്ചതെന്നു അന്വേഷിച്ച അവര്‍ സംഭാഷണത്തിനിടയില്‍ പലപ്പോഴും കരഞ്ഞെന്ന് നളിനി പിന്നീട് വെളിപ്പെടുത്തി.
രാഷ്ട്രീയപ്രവേശം
കാലം ആ രാഷ്ട്രീയപ്രവേശനം അനിവാര്യമാക്കി തീര്‍ക്കുകയായിരുന്നു. 2014-ല്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം പോലും പാര്‍ട്ടിക്കുണ്ടായിരുന്നില്ല. യു.പിയില്‍ കൈപ്പത്തി ഇല്ലാതായി. ഈ സാഹചര്യത്തിലാണ് 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കു മുന്‍പ് തന്റെ രാഷ്ട്രീയപ്രവേശനം പ്രിയങ്ക പ്രഖ്യാപിക്കുന്നത്. പാര്‍ട്ടിയില്‍ ചേരാന്‍ സഹോദരനില്‍നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും ദീര്‍ഘമായ ആത്മപരിശോധനയ്ക്കുശേഷമാണ് അവര്‍ ആ തീരുമാനത്തിലെത്തിയത്. അതിലേറ്റവും ശ്രദ്ധേയമായത്, ദേശീയതലത്തില്‍ അവര്‍ വലിയൊരു ചുമതല ഏറ്റെടുക്കുകയോ ഒരു സീറ്റില്‍ മത്സരിക്കുകയോ ചെയ്തില്ലെന്നുള്ളതാണ്. പകരം, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഏറ്റവും വെല്ലുവിളിനിറഞ്ഞ യു.പി.യിലെ പാര്‍ട്ടി സംഘടനയും നേട്ടവും തിരിച്ചുപിടിക്കാനാണ് അവര്‍ ലക്ഷ്യമിട്ടത്.
അതിലവര്‍ക്ക് ഏറെ പ്രശംസയും മാധ്യമശ്രദ്ധയും പിടിച്ചുപറ്റാനായി. കിഴക്കന്‍ യു.പിയില്‍ കോണ്‍ഗ്രസ്സിന്റെ പ്രചരണം നയിച്ചത് അവരാണ്. പിങ്ക് നിറത്തിലുള്ള ടിഷര്‍ട്ടുകള്‍ അണിഞ്ഞ് എത്തിയ അണികളെ മാധ്യമങ്ങളന്ന് വിശേഷിപ്പിച്ചത് പ്രിയങ്ക സേനയെന്നാണ്. നറുചിരിയോടെ റോഡ്ഷോകളില്‍ അവര്‍ നിറഞ്ഞു. ആ തെരഞ്ഞെടുപ്പിലും 2022-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ഗുണമുണ്ടായില്ലെങ്കിലും ആരും പ്രിയങ്കയെ കുറ്റപ്പെടുത്തിയില്ല. 2019-ലെ ജനവിധി വന്നുകഴിഞ്ഞ് രാഹുല്‍ ഗാന്ധി നടത്തിയ പത്രസമ്മേളനത്തിനരികില്‍ നിരാശയോടെ, നിശ്ശബ്ദമായി നില്‍ക്കുന്ന പ്രിയങ്കയെ കാണാം.
2019-ലെ കനത്ത പരാജയം പുതിയ രാഹുലിനും പ്രിയങ്കയ്ക്കും ജന്മം നല്‍കിയെന്നതാണ് യാഥാര്‍ത്ഥ്യം. ഊര്‍ജ്ജം വീണ്ടെടുത്ത് രാഹുലും പ്രിയങ്കയും രാജ്യം മുഴുവന്‍ നടന്നു. യു.പിയില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി മരിച്ച ഹത്രസിലേക്ക് പ്രതിരോധങ്ങള്‍ ഭേദിച്ചു പ്രതിഷേധവുമായി പോയ രാഹുലിനുവേണ്ടി രംഗത്തിറങ്ങിയത് പ്രിയങ്കയാണ്. ഉത്തര്‍പ്രദേശ് ഭരണകൂടവും പൊലീസും സൃഷ്ടിച്ച തടസ്സങ്ങളെല്ലാം മറികടന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രസിലെത്തി. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതില്‍നിന്ന് ലോകത്തെ ഒരു ശക്തിക്കും തന്നെ തടയാനാവില്ലെന്നു പ്രഖ്യാപിച്ച് പ്രിയങ്ക ഹത്രസിലെത്തിയത്. തന്റെ മകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കയെ കെട്ടിപ്പിടിച്ച് വാവിട്ടു കരഞ്ഞ പെണ്‍കുട്ടിയുടെ അമ്മയുടെ ദൃശ്യം പക്ഷേ, മാധ്യമങ്ങളില്‍ അധികം പ്രചരിച്ചില്ല.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കൃഷി നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെരുവിലിറങ്ങി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിഭവനിലേക്കു കോണ്‍ഗ്രസ് നടത്തിയ പ്രകടനം പൊലീസ് തടഞ്ഞു. വഴിയില്‍ കുത്തിയിരുന്ന പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ മറിഞ്ഞു മരിച്ച യു.പിയിലെ നവ്രീത് സിങ്ങിന്റെ വസതിയിലും പ്രിയങ്കയെത്തി. പ്രക്ഷോഭത്തിന്റെ ഭാഗമായി പടിഞ്ഞാറന്‍ യു.പിയിലെ മുസഫര്‍നഗറില്‍ നടന്ന മഹാപഞ്ചായത്ത് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രിയങ്ക നിശിതമായി വിമര്‍ശിച്ചു. ''പുരാണങ്ങളിലെ അഹങ്കാരിയായ രാജാവിനെപ്പോലെയാണ് മോദി. കര്‍ഷകര്‍ രാജ്യത്തിന്റെ ഹൃദയമാണ്. അവരെയാണ് തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ച് അധിക്ഷേപിച്ചത്. മോദി തന്റെ ഏതാനും സുഹൃത്തുക്കള്‍ക്ക് രാജ്യത്തെ വില്‍ക്കുകയാണ്.''
അസമില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോള്‍ ദുരിതം നേരിടുന്ന അസമിനെക്കുറിച്ചല്ല, 22 വയസ്സുള്ള പെണ്‍കുട്ടിയുടെ (ദിശ രവി) ട്വീറ്റിനെക്കുറിച്ചാണ് മോദിക്ക് ആശങ്കയെന്ന് പറഞ്ഞു. പ്രളയത്തില്‍ ജനങ്ങള്‍ മുങ്ങിത്താഴുമ്പോള്‍ മോദി അസമിലേക്ക് എന്തുകൊണ്ട് വന്നില്ല? തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് അറിയുമോ? ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാത്തതിനെക്കുറിച്ച് അദ്ദേഹത്തിന് വിഷമമില്ലേ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യങ്ങള്‍. കൊവിഡ് കാലത്ത് യു.പിയില്‍ ഓക്സിജന്‍ അടിയന്തരാസ്ഥ എന്നായിരുന്നു പ്രിയങ്കയുടെ കമന്റ്. ലഖിംപുരില്‍ കര്‍ഷകരെ കാറിടിച്ചു വീഴ്ത്തുന്ന വീഡിയോ പ്രദര്‍ശിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രിയങ്ക ഗാന്ധിയുടെ ചോദ്യം:
''താങ്കള്‍ ഈ വീഡിയോ കണ്ടിരുന്നോ?'' എന്തുകൊണ്ട് മന്ത്രിയെ ഇനിയും പുറത്താക്കുന്നില്ല? എന്തുകൊണ്ട് അദ്ദേഹത്തിന്റെ മകനെ അറസ്റ്റ് ചെയ്യുന്നില്ല? ഞാനുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ എഫ്.ഐ.ആര്‍ പോലുമില്ലാതെ കസ്റ്റഡിയില്‍ വയ്ക്കുമ്പോള്‍, മന്ത്രിയുടെ മകന്‍ സ്വതന്ത്രനായി നടക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിനായി ലക്നൗവിലെത്തിയ താങ്കള്‍ ഒരു കാര്യം ഓര്‍ക്കണം, ഈ സ്വാതന്ത്ര്യം നമുക്കു നേടിത്തന്നത് രാജ്യത്തെ കര്‍ഷകരാണെന്നായിരുന്നു മറുപടി. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ താലിമാല പോലും സുരക്ഷിതമായിരിക്കില്ലെന്നു നരേന്ദ്ര മോദി ആരോപിച്ചപ്പോള്‍ രാജ്യത്തിനുവേണ്ടി താലിമാല ത്യാഗം ചെയ്തയാളാണ് തന്റെ അമ്മയെന്ന് അച്ഛന്‍ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം പരാമര്‍ശിച്ച് പ്രിയങ്ക മറുപടി നല്‍കി. യുദ്ധമുണ്ടായപ്പോള്‍ സ്വന്തം സ്വര്‍ണാഭരണങ്ങള്‍ സംഭാവന ചെയ്തയാളാണ് മുത്തശ്ശിയെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നാലു വര്‍ഷക്കാലയളവില്‍ മുനയൊടിക്കുന്ന മറുപടികളുമായി ബി.ജെ.പിയുടെ ആരോപണങ്ങളെ പ്രതിരോധിച്ചത് പ്രിയങ്കയാണ്. പലപ്പോഴും പ്രിയങ്കയ്ക്കെതിരേ വിമര്‍ശനമുന്നയിക്കുമ്പോള്‍ പതിവില്‍കവിഞ്ഞ ജാഗ്രത രാഷ്ട്രീയ എതിരാളികള്‍ കാണിക്കാറുമുണ്ട്. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നു. അതൊക്കെ ഫലം കണ്ടത് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്. യു.പിയില്‍ കോണ്‍ഗ്രസ്സിന് ആറ് സീറ്റുകള്‍ കിട്ടി. ഇന്ത്യ സഖ്യത്തിന് 43 സീറ്റുകളും. അമേഠി കോണ്‍ഗ്രസ് തിരിച്ചുപിടിക്കുകയും ചെയ്തു. സന്തോഷത്തിന്റേയും ആത്മവിശ്വാസത്തിന്റേയും ആ ചിരിയാണ് ഇക്കഴിഞ്ഞ ജൂണ്‍ 6-ന് രാഹുലിന്റെ വാര്‍ത്താസമ്മേളനം നടക്കുമ്പോള്‍ പ്രിയങ്കയുടെ മുഖത്തുണ്ടായിരുന്നത്. പരിചിതമായ രാഷ്ട്രീയമുഖങ്ങളിലൊന്നായി പ്രിയങ്ക മാറുകയും ചെയ്തു.
വ്യക്തിജീവിതം
പാചകം ഇഷ്ടപ്പെടുന്ന, സ്‌കൂബ ഡൈവിങ് നടത്തുന്ന, നല്ല ഫോട്ടോകളെടുക്കുന്ന, കാട് കാണാന്‍ പോകുന്ന പ്രിയങ്കയെ ഒരുപക്ഷേ, പലര്‍ക്കുമറിയില്ല. കാലിഫോര്‍ണിയയിലെ ബര്‍ക് ലി സര്‍വകലാശാലയില്‍ പ്രൊഫസറായ പ്രദീപ് ചിബ്ബറുമായി നടത്തിയ സംഭാഷണത്തില്‍ തന്റെ ഇഷ്ടങ്ങളെക്കുറിച്ചും ഒറ്റപ്പെടലിനെക്കുറിച്ചുമൊക്കെ പ്രിയങ്ക വാചാലയാകുന്നുണ്ട്. അത്തരമൊരു വെളിപ്പെടുത്തല്‍ അപൂര്‍വമാണ്. ഏറെ വായിക്കുന്ന, ലോകസംഭവങ്ങള്‍ രേഖപ്പെടുത്തുന്ന പ്രിയങ്ക പുസ്തകങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പറഞ്ഞു. നളിനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുസ്തകമെഴുതാന്‍ പ്രസാധകര്‍ അവരെ സമീപിച്ചിരുന്നു. എന്തുകൊണ്ടോ അവരതിന് തയ്യാറായില്ല. മാധ്യമങ്ങളില്‍നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ കൂടിയതോടെയാണ് എല്ലാത്തില്‍നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ തുടങ്ങിയതെന്ന് അവര്‍ പറയുന്നു. സത്യത്തില്‍, വളരെ സ്വകാര്യമായ ജീവിതം നയിച്ചിരുന്നവരാണ് ഞങ്ങള്‍. വീട്ടില്‍ അമ്മ ഞങ്ങളുടേയും അവരുടേയും വ്യക്തിജീവിതം തികച്ചും സ്വകാര്യമായി സംരക്ഷിച്ചിരുന്നു. അമ്മയ്ക്ക് അച്ഛന്‍ രാഷ്ട്രീയത്തില്‍ വരുന്നതില്‍ താല്പര്യമില്ലായിരുന്നു. അച്ഛനുമൊത്തുള്ള സ്വകാര്യജീവിതം അമ്മ നിധിപോലെ കണക്കാക്കിയിരുന്നു. ഔദ്യോഗിക പരിപാടികളിലൊഴിച്ച് മാധ്യമങ്ങളില്‍നിന്നകന്നാണ് ഞങ്ങള്‍ വളര്‍ന്നത്. മുതിര്‍ന്നപ്പോള്‍ ഞാന്‍ കൂടുതല്‍ ഏകാന്തവാസിയായത് എനിക്ക് കുട്ടികളുണ്ടായപ്പോഴാണ്. എന്റെയും കുട്ടികളുടേയും സ്വകാര്യത സംരക്ഷിക്കാനുള്ള ഒരു രീതിയായിരുന്നു ഈ അകന്നുനില്‍ക്കല്‍ എന്നവര്‍ വെളിപ്പെടുത്തി.
സജീവരാഷ്ട്രീയത്തില്‍ പ്രവേശിച്ചതിനു പിന്നാലെ ഒട്ടേറെ ആരോപണങ്ങള്‍ പ്രിയങ്ക ഗാന്ധിക്കു നേരിടേണ്ടിവന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ബി.ജെ.പി എം.പിയായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി ഉന്നയിച്ച ആരോപണം. പ്രിയങ്ക ഗാന്ധിക്ക് schizophrenia എന്ന മാനസികാവസ്ഥയുണ്ടെന്നും അവര്‍ ആളുകളെ മര്‍ദ്ദിക്കാറുണ്ടെന്നും 2019-ല്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ സ്വാമി ആരോപിച്ചു. ഭൂമി തട്ടിപ്പ് കേസിലും നിരവധി അഴിമതിക്കേസുകളിലും പ്രതിയായ റോബര്‍ട്ട് വാദ്രെയുടെ ഭാര്യയാണ് പ്രിയങ്കയെന്നായിരുന്നു ബി.ജെ.പി ബീഹാര്‍ മന്ത്രിയായിരുന്ന വിനോദ് നാരായണ്‍ ഝായുടെ ആരോപണം. സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനം രാജസ്ഥാനിലെ ബിക്കാനിറില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വാദ്ര അന്വേഷണം നേരിട്ടത്. വാദ്ര നല്‍കിയ ചെക്ക് ഉപയോഗിച്ച് ഇടനിലക്കാരനായ മഹേഷ് നഗ്രേയുടെ ഡ്രൈവറുടെ പേരില്‍ (ഏകദേശം 91 ഏക്കര്‍) ഭൂമി വാങ്ങിയെന്നായിരുന്നു കേസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates