ആ അര്‍ത്ഥത്തില്‍ പാര്‍വതിയെ 'ബുദ്ധിമതിയായ സൂപ്പര്‍താര'മെന്നു വിശേഷിപ്പിച്ചാലും തെറ്റില്ല

മലയാള സിനിമയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് പാര്‍വതി തിരുവോത്ത്. പാഷനും പ്രൊഫഷണലിസവും സര്‍ഗ്ഗാത്മകമായി ഇടകലര്‍ന്ന് ചമയ്ക്കുന്ന അപൂര്‍വ്വ വിജയഗാഥയാണ് പാര്‍വതിയുടെ (തിര)ജീവിതം
ആ അര്‍ത്ഥത്തില്‍ പാര്‍വതിയെ 'ബുദ്ധിമതിയായ സൂപ്പര്‍താര'മെന്നു വിശേഷിപ്പിച്ചാലും തെറ്റില്ല
Updated on
8 min read

ലയാള സിനിമയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് പാര്‍വതി തിരുവോത്ത്. പാഷനും പ്രൊഫഷണലിസവും സര്‍ഗ്ഗാത്മകമായി ഇടകലര്‍ന്ന് ചമയ്ക്കുന്ന അപൂര്‍വ്വ വിജയഗാഥയാണ് പാര്‍വതിയുടെ (തിര)ജീവിതം. ഹ്രസ്വമായ ആയുസ് മാത്രം വിധിക്കപ്പെട്ട അഭിനേത്രി ജീവിതത്തില്‍ കിട്ടുന്ന സമയംകൊണ്ട് പരമാവധി വേഷങ്ങള്‍ അവതരിപ്പിക്കുക എന്ന നാട്ടുനടപ്പിനെ പാര്‍വതി തിരുത്തുന്നു. മോശം സിനിമ ചെയ്യുന്നതിനേക്കാള്‍ തനിക്ക് വീട്ടിലിരിക്കാനാണ് താല്പര്യമെന്നും തന്റെ തൊഴില്‍മികവിലാണ് താന്‍ ഓര്‍മ്മിക്കപ്പെടേണ്ടതെന്നും പാര്‍വതി പറയുന്നത് രക്ഷാകര്‍ത്തൃത്വവും ജോലി സ്ഥിരതയും വാഗ്ദാനം ചെയ്ത്, സര്‍ഗ്ഗാത്മകമായി പരിമിതപ്പെടുത്തി, സിനിമാ വ്യവസായം നല്‍കുന്ന സുരക്ഷിത ഇടത്തെ നിഷേധിക്കാനുള്ള തന്റേടം കൊണ്ടുകൂടിയാണ്. അഭിനയകലയോടുള്ള കലര്‍പ്പില്ലാത്ത അഭിനിവേശവും തന്റെ തൊഴിലിടത്തില്‍ പ്രദര്‍ശിപ്പിക്കുന്ന നൈപുണിയുമാണ് പാര്‍വതിയെ വ്യത്യസ്തയാക്കുന്നത്. സ്ത്രീയുടെ പരാജയഭാവങ്ങള്‍ക്ക് അംഗീകാരവും സഹാനുഭൂതിയും ലഭിക്കുകയും അവളുടെ ആത്മവിശ്വാസവും അഭിപ്രായ രൂപീകരണശേഷിയും സംശയത്തോടെ വിലയിരുത്തപ്പെടുകയും ചെയ്യുന്നിടത്ത് അസാമാന്യ സ്ഥൈര്യത്തോടെ നിലയുറപ്പിക്കാന്‍ കഴിഞ്ഞ സ്ത്രീയാണവര്‍. താരമല്ല, താന്‍ അഭിനേത്രിയാവാനാണ് ആഗ്രഹിക്കുന്നത് എന്നു പറഞ്ഞത് വീണ്‍വാക്കല്ല. കഥാപാത്രങ്ങളുടെ വലിപ്പച്ചെറുപ്പമോ കൂടെ അഭിനയിക്കുന്ന താരങ്ങളുടെ മഹിമയോ സാമ്പത്തിക നേട്ടങ്ങളോ മാത്രം തന്റെ നടിപ്പിന് ആധാരമായി കാണാതെ ഇക്കാലയളവില്‍ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി മുപ്പതോളം സിനിമകള്‍ മാത്രമാണ് പാര്‍വതി തിരഞ്ഞെടുത്തത് എന്നത് അഭിനേത്രിയുടെ ഉത്തരവാദിത്വബോധം വ്യക്തമാക്കുന്നുണ്ട്. ആണ്‍കൂട്ടങ്ങളുടെ പോര്‍വിളികള്‍, അവഹേളനങ്ങള്‍ തന്റെ തൊഴിലിനു തന്നെ ഭീഷണിയായപ്പോഴും പതറാതെ നിന്ന ഈ അഭിനേത്രിയെ അവഗണിച്ച് ഇനി മലയാള സിനിമയുടെ ചരിത്രമെഴുതാനാവില്ല.

കേവല മഹത്വവല്‍ക്കരണത്തിന്റെ നൈമിഷികാനന്ദത്തില്‍ തീര്‍ന്നുപോകുന്ന വാചകങ്ങളല്ല ഇത്. സ്വയം അപകടത്തിലാക്കി, തന്റെ വര്‍ഗ്ഗത്തിന്റെ തുല്യ അവകാശത്തിനായി, മാനുഷിക പരിഗണനകള്‍ക്കായി പുരുഷ നിയന്ത്രിത വ്യവസായത്തിനകത്ത് കലാപമുയര്‍ത്താന്‍ പാര്‍വതി കാണിച്ച പെണ്ണൂറ്റം എക്കാലത്തേക്കും ഊര്‍ജ്ജം തരും എന്ന ബോധ്യത്തില്‍നിന്നാണ്. നിരന്തരം തന്റെ വ്യക്തിസത്തയെ തിരുത്തുന്നതോടൊപ്പം താനിടപഴകുന്ന സിനിമാമേഖലയെക്കൂടി കാലാനുസൃതമായി സ്ത്രീ സൗഹൃദപരമാക്കാന്‍ മുന്നിട്ടിറങ്ങിയ പാര്‍വതിയെ 'ചിന്തിക്കുന്ന കാണിയുടെ അഭിനേത്രി'യായി വിശേഷിപ്പിക്കുന്നതാവും ഉചിതം.

ജനപ്രിയതയുടെ സാമ്പ്രദായിക രുചിക്കൂട്ടുകള്‍ക്കിണങ്ങുന്ന കഥാപാത്രങ്ങളല്ല പാര്‍വതി തിരശീലയില്‍ അവതരിപ്പിച്ചതില്‍ അധികവും. പാട്രിയര്‍ക്കല്‍ മൂല്യങ്ങളെ പ്രീണിപ്പിക്കുന്നതിനേക്കാള്‍ അവയുടെ ആനുകൂല്യങ്ങളെ നിരസിക്കുന്നതും ചോദ്യം ചെയ്യുന്നതുമായ അംശങ്ങള്‍, അഭിപ്രായങ്ങള്‍, നിലപാടുകള്‍ പാര്‍വതിയുടെ തിരസ്വരൂപത്തില്‍ മേല്‍ക്കൈ നേടുന്നുണ്ട്. സൂപ്പര്‍ താരങ്ങളുടെ തണലോ അകമഴിഞ്ഞ പിന്തുണയോ അവര്‍ ദശകങ്ങളായി നിലനിര്‍ത്തിപ്പോരുന്ന കുടുംബപ്രേക്ഷകക്കൂട്ടത്തിന്റെ സ്വീകാര്യതയോ അല്ല പാര്‍വതി എന്ന അഭിനേത്രിയുടെ ബലം. മറിച്ച് ഉള്‍ക്കനമുള്ള കഥാപാത്രങ്ങള്‍ സാരവത്തായ പ്രമേയങ്ങള്‍ സ്വീകരിക്കുന്നതില്‍ പുലര്‍ത്തിയ ധീരതയ്ക്കും ഔചിത്യത്തിനും ലഭിച്ച ജന സ്വീകാര്യതയാണ്. ആണ്‍ അഭിനേതാക്കളുടെ നിഴലില്‍ അഭിരമിക്കുന്ന കഥാപാത്രങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ പുലര്‍ത്തുന്ന ജാഗ്രതയും തൊഴിലിടത്തിന്റെ എല്ലാ മേഖലയിലും ലഭിക്കുന്ന രണ്ടാംകിട സമീപനത്തെ പൊതു ചര്‍ച്ചയ്ക്കായി കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളും പാര്‍വതിക്ക് ഗുണവും ദോഷവുമായിട്ടുണ്ട്.

വേഷത്തിലും ശരീരഭാഷകളിലും വൈവിധ്യം കൊണ്ടുവരാനും ദര്‍ശന സൗന്ദര്യ സുകുമാര സങ്കല്പങ്ങളെ അട്ടിമറിക്കാനും പാര്‍വതി തയ്യാറായി. സ്ത്രീയനുഭവത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍ പാര്‍വതിയുടെ മനുഷ്യത്തികളില്‍ തുടിച്ചുനില്‍പ്പുണ്ട്.

നോട്ട്ബുക്ക്
നോട്ട്ബുക്ക്

സ്ത്രീ വിമോചന ആശയങ്ങള്‍, പരിമിതമായ തോതിലെങ്കിലും ആശയഗാംഭീര്യത്തോടെ തിളങ്ങുന്നുണ്ട്.

തിരശ്ശീലയ്ക്ക് പുറത്ത് 'ഫെമിനിച്ചി' എന്നു വിളിച്ചാക്ഷേപിച്ചവര്‍ തന്നെ, തിരശ്ശീലയില്‍ പാര്‍വതിയുടെ കഥാപാത്രാവിഷ്‌കാരത്തിനു മുന്നില്‍ കയ്യടിക്കേണ്ടിവന്നിട്ടുമുണ്ട്! ആ അര്‍ത്ഥത്തില്‍ പാര്‍വതിയെ 'ബുദ്ധിമതിയായ സൂപ്പര്‍താര'മെന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. പുരുഷാഭിലാഷങ്ങളുടെ ഉല്പാദനത്തിനും വിതരണത്തിനും പ്രാമാണ്യം ലഭിക്കുന്ന മേഖലയില്‍ കലാപരമായ ഒത്തുതീര്‍പ്പുകളില്ലാതെ ഒന്നര ദശാബ്ദം ഒരു അഭിനേത്രി സജീവ സാന്നിധ്യമറിയിക്കുക ചില്ലറക്കാര്യമല്ല. തുടക്കക്കാലത്ത് പ്രതീക്ഷയോടെ ചെയ്ത സിനിമകള്‍ വലിയ ജനപ്രീതി നേടാതെ പരാജയമടഞ്ഞിട്ടും പാര്‍വതി ശക്തമായി തിരിച്ചുവന്നു.

പരാജയം ഭക്ഷിച്ചു വിജയത്തിലേക്ക് പറന്നുയര്‍ന്നത് കഴിവും പ്രയത്‌നവും പ്രത്യയശാസ്ത്രവും കരുത്താക്കിത്തന്നെ.

2006-ല്‍ പുറത്തിറങ്ങിയ 'ഔട്ട് ഓഫ് സിലബസാ'ണ് പാര്‍വതിയുടെ ആദ്യ ചിത്രം. നാട്ടിന്‍ പുറത്തുനിന്ന് നഗരത്തിലെ കോളേജില്‍ പഠിക്കാനെത്തിയ ഗായത്രി, ഗ്രാമീണ ശാലീനതയുടെ ആള്‍രൂപമായാണ് പാര്‍വതി അവതരിപ്പിച്ചത്.

ആദ്യ സിനിമയില്‍ത്തന്നെ ഭാവാന്തരങ്ങളേറെയുള്ള കഥാപാത്രമാണ് അഭിനേത്രിയെ തേടിയെത്തിയത്. തുടര്‍ന്നും പാര്‍വതിയുടെ തിരഞ്ഞെടുപ്പില്‍ ഈ സൂക്ഷ്മത കാണാന്‍ കഴിയും.

ഋജുവായ പെരുമാറ്റവും നാടന്‍ മട്ടും കോളേജിലും തുടരുന്ന ഗായത്രി, റാഗിങ്ങിനിരയാകുന്നതും അതേതുടര്‍ന്നുള്ള വൈകാരിക വിക്ഷോഭങ്ങളിലൂടെ കടന്നുപോകുന്നതും പാര്‍വതി ഭേദപ്പെട്ട പ്രകടനത്തിലൂടെ ആവിഷ്‌കരിച്ചിട്ടുണ്ട്. സിനിമ കാര്യമായ ശ്രദ്ധ നേടാതെ പോയതോടെ പാര്‍വതിയുടെ അരങ്ങേറ്റ കഥാപാത്രവും വിസ്മൃതിയിലായി.

രണ്ടാമത്തെ സിനിമ 'നോട്ട് ബുക്ക്' (2006) ആണ്, അഭിനയം തന്റെ മേഖലയാണ് എന്ന് പാര്‍വതിക്ക് തിരിച്ചറിവു നല്‍കിയത്. കൗമാരകാല ഗര്‍ഭം വിഷയമാക്കിയ 'നോട്ട് ബുക്കി'ലെ പൂജ, ആത്മസംഘര്‍ഷങ്ങള്‍ പേറുന്ന സങ്കീര്‍ണ്ണ ചിന്തകളുള്ള പെണ്‍മനം അവതരിപ്പിക്കുന്നതില്‍ പാര്‍വതിക്കുള്ള മിടുക്ക് കാട്ടിയ കഥാപാത്രമായി. അടക്കിപ്പിടിച്ച സംസാരം, ഉള്ളിലെ ആകുലചിന്തകള്‍ പ്രതിഫലിക്കുന്ന കണ്ണുകള്‍, നിമിഷാര്‍ദ്ധംകൊണ്ട് വിവര്‍ണ്ണമാകുന്ന മുഖം, കഥാപാത്ര വ്യക്തിത്വമനുസരിച്ച് ഭേദപ്പെടുന്ന ശരീരചലനവേഗങ്ങള്‍, അങ്ങനെ പില്‍ക്കാലത്ത് പാര്‍വതി എന്ന അഭിനേത്രിയുടെ ട്രേഡ്മാര്‍ക്കായ ഭാവ പ്രസരണരീതികളെല്ലാം 'നോട്ട് ബുക്കി'ല്‍ പ്രകടമാകുന്നുണ്ട്. കുസൃതിയും ഊര്‍ജ്ജവും നിറഞ്ഞ കൗമാരക്കാരിക്ക് പിന്നീട് സംഭവിക്കുന്ന മാനസിക വ്യതിയാനങ്ങള്‍ പാര്‍വതിയുടെ ശരീരഭാഷയില്‍ കൃത്യമായി അടയാളപ്പെടുന്നു.

കരിയറിന്റെ തുടക്കത്തില്‍ത്തന്നെ വ്യക്തിത്വവും ആഴവുമുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടും അതിന്റെയൊന്നും ക്രെഡിറ്റും അംഗീകാരങ്ങളും ജനസമ്മതിയും പാര്‍വതിക്ക് മലയാളികള്‍ നല്‍കിയില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. മുന്‍നിര നായികയായി ഈ കുട്ടിയെ വളര്‍ത്തിയെടുക്കാനുള്ള പത്രമാധ്യമ പ്രചാരവേലയൊന്നും കണ്ടതുമില്ല.

മരിയാൻ
മരിയാൻ

'വിനോദയാത്ര' (2007) എന്ന ദിലീപ് ചിത്രത്തില്‍ മുകേഷിന്റെ അനുജത്തിയായി വേഷമിട്ടതോടെ അഭിനേത്രിക്ക് കുറച്ചുകൂടി മുഖപരിചയം ലഭ്യമായി. ചുറുചുറുക്കുള്ള കോളേജ്കുമാരിയുടെ വേഷം തന്നെയായിരുന്നു 'വിനോദയാത്ര'യിലേതും.

മോഹന്‍ലാലിനൊപ്പം അഭിനയിച്ച 'ഫ്‌ലാഷ്' (2007) പരാജയമായത് ഏറ്റവും ബാധിച്ചത് പാര്‍വതിയുടെ കഠിനാധ്വാനത്തെയാണ്. ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ചാഞ്ചാടുന്ന മനോനിലകളുള്ള ധ്വനി ശേഖര്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയെ തികഞ്ഞ കയ്യടക്കത്തോടെയാണ് പാര്‍വതി അവതരിപ്പിച്ചിരിക്കുന്നത്. ഇക്കാല കാഴ്ചയിലും പാര്‍വതിയുടെ പ്രകടനമാണ് ഈ സിനിമയെ സംവേദനക്ഷമമാക്കുന്നത്. കളരി പാരമ്പര്യമുള്ള കുടുംബത്തിലെ പെണ്ണായ ധ്വനിയുടെ ശരീരഭാഷയില്‍ പാര്‍വതി കളരിമുറകള്‍ സന്നിവേശിപ്പിക്കുന്നത് ഒട്ടും പ്രകടനപരതയില്ലാതെയാണ്.

മികച്ച അഭിനേതാവായ ലാലിനൊപ്പം മിന്നുന്ന പ്രകടനം പാര്‍വതി കാഴ്ചവെയ്ക്കുന്ന ഏറെ സന്ദര്‍ഭങ്ങള്‍ 'ഫ്‌ലാഷി'ലുണ്ട്. ദൈര്‍ഘ്യമേറിയ ഷോട്ടുകളിലും സംഭാഷണങ്ങളിലും അസന്തുലിത മാനസികാവസ്ഥയുള്ള ധ്വനിയെ പാര്‍വതി അവതരിപ്പിക്കുമ്പോള്‍, പാര്‍വതിയുടെ മുഖവും കണ്ണുകളും ഭാവസാന്ദ്രമാകുന്നതും 'ഫ്‌ലാഷി'ലെ സ്മരണീയ മുഹൂര്‍ത്തങ്ങളാണ്.

ഇതേ വര്‍ഷം പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ നായികയായി 'മിലാന' എന്ന കന്നഡ സിനിമയില്‍ അരങ്ങേറിയ പാര്‍വതിക്ക്, അത് ആദ്യ സൂപ്പര്‍ ഹിറ്റ് സിനിമയുമായി. വാണിജ്യ സിനിമയുടെ രസക്കൂട്ടില്‍ നിര്‍മ്മിക്കപ്പെട്ടതെങ്കിലും തനിക്കിണങ്ങുന്ന വേഷങ്ങള്‍ മാത്രമെ പിന്നീട് ചെയ്ത മൂന്നു കന്നഡ സിനിമകളിലും പാര്‍വതി സ്വീകരിച്ചുള്ളൂ.

'പൂ'വിലെ സൂക്ഷ്മഭാവാവിഷ്‌കാരം

പാര്‍വതിയെ നിര്‍വ്വചിച്ച കഥാപാത്രം 2008-ലാണ് പുറത്തിറങ്ങിയത്. ശശി സംവിധാനം ചെയ്ത 'പൂ' എന്ന തമിഴ് സിനിമയിലെ മാരി, ഓരോ കാഴ്ചയിലും സൂക്ഷ്മഭാവാവിഷ്‌കാരം കൊണ്ടും അഭിനേത്രിയുടെ സമര്‍പ്പണ മനോഭാവം കൊണ്ടും ആദരം പിടിച്ചുപറ്റുന്നു. കുട്ടിക്കാലം മുതല്‍ തങ്കരസു എന്ന കളിക്കൂട്ടുകാരനെ സ്‌നേഹിക്കുന്ന മാരിക്ക് ജീവിതത്തില്‍ മറ്റൊരാളെ വിവാഹം ചെയ്യേണ്ടിവരുന്നു. നഗരത്തിലെ കോളേജില്‍ പഠിക്കാന്‍ പോയ തങ്കരസുവിനോടുള്ള സ്‌നേഹം, കരുതല്‍ വിവാഹാനന്തരവും മാരിയുടെ ഉള്ളില്‍ ജൈവികതയോടെ നില്‍ക്കുന്നു. ഒന്നും നേടാനോ പിടിച്ചടക്കാനോ വേണ്ടിയല്ലാതെയുള്ള നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ ഘനത്വം കാണിയുടെ ഹൃദയം കവരുംവിധം തന്നെയാണ് പാര്‍വതി അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമ കാര്യമായി പരിഗണിക്കാതിരുന്ന അഭിനേത്രി ഈ ഒറ്റ സിനിമയിലൂടെ തമിഴ് ജനതയുടെ ഇഷ്ടനടിയായി.

പ്രണയകാലത്ത് തങ്കരസുവിന്റെ ഫോണ്‍ നമ്പര്‍ ഓര്‍ത്തുവെച്ച് വിളിക്കാന്‍ ശ്രമിക്കുന്ന മാരിയുടെ സ്വീക്വന്‍സ് ഉണ്ട് ഈ സിനിമയില്‍.

ചാർലി
ചാർലി

നിഷ്‌കളങ്കതയും പ്രണയതീവ്രതയും അത്യാകാംക്ഷയും കൂടിക്കലര്‍ന്ന കഥാപാത്രമനസ്സിന്റെ സന്ദിഗ്ദ്ധതകള്‍ സ്ഫടിക സുതാര്യമായി കാണിക്കു മുന്നില്‍ വെളിപ്പെടുന്ന രംഗമാണിത്. കുറഞ്ഞ സംഭാഷണങ്ങള്‍കൊണ്ടും ശബ്ദ-ശരീര ക്രമീകരണം കൊണ്ടും തന്നെ പാര്‍വതി മാരിയെ വരച്ചിടുന്നു.

അഭിനേത്രിയുടെ ഉടലാകെ, പ്രവചനാതീതമായ നൈസര്‍ഗ്ഗിക ഭാവങ്ങളുടെ കാന്‍വാസായി മാറുകയാണ് ഇവിടെ.

പാര്‍വതി എന്ന അഭിനേത്രിയുടെ ഒരു സ്വഭാവ സവിശേഷതകളും മാരിയില്‍ കാണാന്‍ കഴിയില്ല. തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മാരി തന്റെ ശരീരം ഉപയോഗിക്കുകയായിരുന്നു എന്ന് പാര്‍വതി പിന്നീട് പറയുകയുണ്ടായി.

അഭിനേത്രിയുടെ വ്യക്തിത്വ നഷ്ടം സമ്പൂര്‍ണ്ണമാകുകയും കഥാപാത്രസ്വത്വം പൂര്‍ണ്ണമാകുകയും ചെയ്യുന്ന അപൂര്‍വ്വ അനുഭവമാണ് 'പൂ'വില്‍ കാണാന്‍ കഴിയുക.

പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്ന മാരിയാകാന്‍ അത്തരം സാഹചര്യങ്ങളില്‍ പെരുമാറിത്തന്നെയാണ് പാര്‍വതി പഠിച്ചത്. ചെരിപ്പിടാതെ നടന്നും തീ വെയിലേറ്റ് കരുവാളിച്ചും നിലത്ത് കുത്തിയിരുന്നും മാരിയെ തന്നിലേക്ക് സ്വാംശീകരിക്കുകയായിരുന്നു ഈ നടി.

ഒരു സമയത്ത് ഒരു സിനിമ മാത്രം ചെയ്യുക, അതിനായി ഏകാഗ്രതയോടെ ഗൃഹപാഠം ചെയ്യുക ഗവേഷണ താല്പര്യത്തോടെ കഥാപാത്ര പരിസരം മനസ്സിലാക്കുക, സ്വയം വിശകലനം ചെയ്യുക തുടങ്ങിയ 'മെത്തേഡുകള്‍' കൃത്യമായി പിന്തുടരുന്ന അഭിനേത്രി കൂടിയാണ് പാര്‍വതി. ഈ പ്രക്രിയയ്ക്ക് എടുക്കുന്ന സമയം, മാനസിക ഒരുക്കം തുടങ്ങിയവ പാര്‍വതിയുടെ പ്രകടനത്തെ ആധികാരികവും ആത്മാര്‍ത്ഥതയുമുള്ളതാക്കുന്നു. 

തന്റെ കഴിവില്‍ വിശ്വസിക്കാനും കഠിനമായി പരിശ്രമിക്കാനുമുള്ള അഭിനേത്രിയുടെ സന്നദ്ധത അവളെ ലക്ഷ്യത്തിലേക്ക് നയിക്കുന്നതെങ്ങനെയെന്ന് ഈ അഭിനയ ജീവിതം കാണിച്ചുതരുന്നുണ്ട്. 

പുരുഷതാരങ്ങള്‍ക്കു ചുറ്റും കറങ്ങുന്ന അലങ്കാരവസ്തുക്കളാകാതെ പാര്‍വതിയുടെ കഥാപാത്രങ്ങള്‍ വ്യക്തിത്വം ആര്‍ജ്ജിക്കുന്നത് ഇത്തരം സമീപനങ്ങളിലൂടെയാണ്.

'പൂ'വിനു ശേഷം പാര്‍വതി ഏറ്റെടുത്ത 'മരിയാന്‍', 'സിറ്റി ഓഫ് ഗോഡ്', 'എന്നു നിന്റെ മൊയ്തീന്‍', 'ബാംഗ്ലൂര്‍ ഡേയ്സ്', 'ടേക്ക് ഓഫ്', 'കൂടെ', 'ഉയരെ', 'രാച്ചിയമ്മ' തുടങ്ങിയ സിനിമകളെല്ലാം ഒന്നിനൊന്ന് മിഴിവുറ്റ കഥാപാത്രങ്ങളായി മാറുന്നതിനു പിന്നില്‍ അഭിനേത്രിയുടെ ശ്രദ്ധയും ബുദ്ധിയുമുണ്ട്. അഭിനയിച്ചു കഴിഞ്ഞാലും കഥാപാത്ര വ്യക്തിത്വത്തില്‍നിന്നു പുറത്തുകടക്കാന്‍ തനിക്ക് സാവകാശം വേണ്ടിവരാറുണ്ട് എന്ന് പാര്‍വതി പറയുമ്പോള്‍ അവ ഉള്‍ക്കൊള്ളുന്നതിലെ ആഴമാണ് ഗ്രഹിക്കേണ്ടത്.

മലയാളിയാണെങ്കിലും തമിഴ് പെണ്ണിനെ അവതരിപ്പിക്കുന്നതില്‍ അസാധാരണ മിടുക്ക് പാര്‍വതി കാണിച്ച സിനിമകളാണ് 'മരിയാനും' (2013) 'സിറ്റി ഓഫ് ഗോഡും' (2011). കേരളത്തിലേക്ക് കുടിയേറിയ തമിഴ് തൊഴിലാളി സ്ത്രീയാണ് സിറ്റി ഓഫ് ഗോഡിലെ മരതകം. പൊള്ളാച്ചിക്കാരനായ ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കിടയാകുന്ന മരതകം, കൊച്ചിയിലെ ജോലിസ്ഥലത്ത് വെച്ച് സ്വര്‍ണ്ണവേലുവുമായി പ്രണയത്തിലാകുന്നു. അന്യദേശക്കാരിയായ കുടിയേറ്റ തൊഴിലാളിയായി പാര്‍വതി പരിണമിക്കുമ്പോള്‍ 'പൂ'വിലെ മാരിയുടെ ഒരു അംശവും കടന്നുവരുന്നില്ല.

തന്റേടിയും പ്രായോഗികതയില്‍ വിശ്വസിക്കുന്നവരുമായ മരതകം, സ്വപ്നജീവിയായ മാരിയില്‍നിന്നു വ്യത്യസ്തമാക്കാന്‍ പാര്‍വതി സ്വീകരിക്കുന്ന ചലനവേഗ വ്യതിയാനവും ശബ്ദ ക്രമീകരണവും ഊര്‍ജ്ജനിലയും അഭിനയകലയുടെ മര്‍മ്മമറിഞ്ഞുതന്നെ. അക്രമത്തെ കരുത്തോടെ ചെറുക്കാനും അതിജീവിക്കാനും ഇഷ്ടപ്പെട്ട പുരുഷനോടൊത്ത് രമിക്കാനും ധൈര്യമുള്ള മരതകം പാര്‍വതിയുടെ പ്രകടനമികവില്‍ത്തന്നെയാണ് അസ്തിത്വം നേടുന്നത്.

പ്രണയവിരഹവും കാത്തിരിപ്പും അവതരി പ്പിക്കുന്നതില്‍ പാര്‍വതിക്കുള്ള സവിശേഷ കഴിവ് ഉപയോഗിക്കപ്പെട്ട സിനിമകളാണ് 'മരിയാനും', 'എന്ന് നിന്റെ മൊയ്തീനും.' തന്റെ സ്വതസിദ്ധമായ ചുരുളന്‍മുടി, നേരെയാക്കിയാണ് പാര്‍വതി 'മരിയാനില്‍' പ്രത്യക്ഷപ്പെട്ടത്. മരിയാന്‍ എന്ന മുക്കുവനെ സ്‌നേഹിക്കുന്ന പനിമലര്‍ എന്ന കടലോര പെണ്‍കുട്ടിയുടെ ഇരമ്പുന്ന നെഞ്ചകം സ്‌ക്രീനില്‍ കദനഭാരമായി മാറ്റി പാര്‍വതി. പണം സമ്പാദിക്കാന്‍ രണ്ടു വര്‍ഷം ആഫ്രിക്കയില്‍ ജോലിക്കു പോയ മരിയന്‍ കൊള്ളക്കാരുടെ കയ്യിലകപ്പെടുന്നതും നരകയാതന അനുഭവിക്കുന്നതും അയാള്‍ക്കായി അവള്‍ കാത്തിരിക്കുന്നതും അയാളെ കാണാതാകുമ്പോള്‍ കണ്ടുപിടിക്കാന്‍ ശ്രമം നടത്തുന്നതുമെല്ലാം വികാര വൈവിധ്യങ്ങളും സൂക്ഷ്മവും സ്ഥൂലവുമായ പ്രയോഗത്തിലൂടെയാണ് പാര്‍വതി വ്യാഖ്യാനിക്കുന്നത്. ആഫ്രിക്കയില്‍നിന്ന് മരിയാന്റെ ഫോണ്‍ വരുന്ന ആദ്യ രംഗത്തില്‍ത്തന്നെ പനിയുടെ ഉള്ളിലെ പിടച്ചില്‍ കാണിക്ക് മനസ്സിലാകും. അയാളുടെ ശബ്ദം കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ അഭിനേത്രിയുടെ ശരീരം ആകാംക്ഷയില്‍ ഉലയുന്നതും ശ്വാസഗതിയുടെ താളപ്പെരുക്കം അനുഭവിക്കുന്നതും കണ്ണുകള്‍ ഈറനാകുന്നതും പനി എത്രമാത്രം കലാകാരിയില്‍ ആവേശിച്ചിരിക്കുന്നു എന്നതിനുള്ള ഉദാഹരണമായി മാറുന്നു. 'വികാരങ്ങളുടെ കടല്‍' എന്നുതന്നെ വിശേഷിപ്പിക്കാവുന്ന തരം ഭാവപ്പൊലിമയോടെയാണ് 'മരിയാനി'ലെ ഒരോ രംഗത്തും പാര്‍വതി പ്രത്യക്ഷപ്പെടുന്നത്.

മലയാള സിനിമയില്‍ പാര്‍വതിയുടെ ശക്തമായ സാന്നിധ്യം ഉറപ്പിച്ചത് മൊയ്തീനിലെ കാഞ്ചനമാലയായി അഭിനയിച്ചതോടെയാണ്. 'പൂ', 'മരിയാന്‍' എന്നീ സിനിമകള്‍ കാണാനവസരം ലഭിക്കാത്ത മലയാളി കുടുംബപ്രേക്ഷകര്‍ 'മുക്കത്തെ പെണ്ണ്' തിരശ്ശീലയില്‍ തീര്‍ത്ത വൈകാരിക തീക്ഷ്ണതയ്ക്കു മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ വിങ്ങിനിന്നു.

അടിമുടി വൈകാരികത നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രത്തെ രണ്ടര മണിക്കൂര്‍ മടുപ്പിക്കാതെ കാണാന്‍ പ്രേരിപ്പിക്കുന്നതില്‍ പാര്‍വതിയുടെ പ്രതിഭയ്ക്ക് വലിയ പങ്കുണ്ട്. മൊയ്തീനുമായുള്ള പ്രണയം മൂലം വീട്ടുതടങ്കലിലായ കാഞ്ചനയുടെ ഭാഗങ്ങള്‍ അതിവൈകാരികതയുടെ നിറക്കൂട്ടുള്ളതാണെങ്കിലും കാണിയെ ആവര്‍ത്തിച്ചുള്ള കാഴ്ചയിലും നൊമ്പരപ്പെടുത്തുന്നതാണ്.

പാര്‍വതി എന്ന അഭിനേത്രിയുടെ 'ഇമോഷണല്‍ ക്വോഷ്യന്റ്' ഉം ഇമോഷണല്‍ ഇന്റലിജെന്‍സും പരീക്ഷിക്കപ്പെടുന്ന ഒരു പിടി സന്ദര്‍ഭങ്ങള്‍ മൊയ്തീന്‍ - കാഞ്ചനമാലാ പ്രണയകഥയില്‍ ഉണ്ട്. 

രാച്ചിയമ്മ
രാച്ചിയമ്മ

പകര്‍ന്നാട്ടങ്ങളുടെ ആഴം

അഭിനേത്രി എന്ന നിലയില്‍ കഥാപാത്രങ്ങളുടെ നീറിപ്പുകയുന്ന അകം, അതിഗംഭീരമായ ശബ്ദ നിയന്ത്രണത്താലും മുഖഭാവപ്രകടനങ്ങളിലെ നിശിതാനുപാതംകൊണ്ടും കാണിയുടെ ഉള്ളിലേക്ക് തീവ്രതയോടെ മുദ്രണം ചെയ്യാന്‍ അസാമാന്യ പ്രതിഭയുണ്ട് പാര്‍വതിക്ക്. ആ കഴിവ് ഏറ്റവും ധാരാളമായി ഉപയോഗിച്ച സിനിമയാണ് 'എന്നു നിന്റെ മൊയ്തീന്‍'. എന്നാല്‍, ആ സിദ്ധി ഏറ്റവും മനോഹരമായി ഉപയോഗിക്കപ്പെട്ട സിനിമകള്‍ 'ബാംഗ്ലൂര്‍ ഡേയ്സ്', 'ചാര്‍ളി', 'ടേക്ക് ഓഫ്', 'ഉയരെ', 'വര്‍ത്തമാനം' എന്നിവയാണ്. പാര്‍വതിയുടെ അഭിനയകലയില്‍ വിശദമായ പഠന നിരീക്ഷണങ്ങള്‍ക്ക് ഇടം നല്‍കുന്ന മേഖലയാണിത്.

ഉള്ളിലെ വികാരസാഗരങ്ങള്‍ ശബ്ദത്തിന്റെ ഒരു നേര്‍ത്ത ഇടര്‍ച്ചകൊണ്ട് കാണിയെ കൊത്തിവലിക്കുന്ന രീതിയില്‍ പാര്‍വതി ആവര്‍ത്തിച്ച് അവതരിപ്പിച്ചിട്ടുണ്ട്. 'ഉയരെ'യിലെ പല്ലവി രവീന്ദ്രന്‍ അനുഭവിക്കുന്ന ഭയവും അസ്വാതന്ത്ര്യവും ആ ശബ്ദകലയില്‍ അനുഭവവേദ്യമാകുന്നതില്‍ പാര്‍വതി കൈവരിക്കുന്ന വിജയം സമാനതകളില്ലാത്തതാണ്. ഗോവിന്ദിന്റെ ആണഹന്തകളില്‍ ഞെരിയുന്ന പല്ലവിയുടെ വ്യക്തിത്വത്തിനു വന്നുപെടുന്ന തകര്‍ച്ച സന്ദര്‍ഭത്തിനനുസരിച്ച ടോണ്‍ വ്യതിയാനത്തോടെ തിരശ്ശീലയെ ജീവിപ്പിക്കുന്നു. പൈലറ്റ് ട്രെയിനിംഗിനിടയില്‍ കൂട്ടുകാരുമൊത്ത് ഡിന്നര്‍ കഴിക്കാന്‍ പോയ പല്ലവിയെ, അപ്രതീക്ഷിതമായി എത്തിയ ഗോവിന്ദ് നേരിടുന്ന സന്ദര്‍ഭം ഒരു സ്പെസിമന്‍ ആയി എടുക്കാം.

അയാളുടെ നിര്‍ബ്ബന്ധങ്ങള്‍ക്ക് യുക്തിയില്ലാതെ വരുമ്പോള്‍, പല്ലവിയുടെ വ്യക്തിത്വത്തെ അക്രമിക്കാന്‍ തരംതാണ പ്രയോഗം നടത്തുന്നുണ്ട് ഗോവിന്ദ്.

''കോഴ്സ് തീരണ്ടാന്ന് തോന്നും. മാറി മാറി കൂടെ കിടക്കാന്‍ ഇങ്ങനെ തൊലിവെളുപ്പുള്ള ആണുങ്ങളെ കിട്ടുമ്പോള്‍'' എന്ന് അയാള്‍ പല്ലവിയുടെ മൊറാലിറ്റിയെ സംശയത്തിലാക്കി സംതൃപ്തിയടയുമ്പോള്‍ പാര്‍വതിയുടെ മുഖം ആത്മാഭിമാന ക്ഷതമേറ്റ പെണ്ണിന്റെ ദയനീയാവസ്ഥ കൈവരിക്കുന്നുണ്ട്. ഉള്ളിലെ തിളച്ചുമറിയുന്ന രോഷം ഏറ്റവും മിതമായി പ്രകടിപ്പിക്കാനാണ് പല്ലവി തയ്യാറാകുന്നത്.

''ഗെറ്റ് ലോസ്റ്റ്...

ഗെറ്റ് ലോസ്റ്റ് ഫ്രം മൈ ലൈഫ്!'' എന്ന വാചകത്തില്‍ ആദ്യത്തെ  'Get Lost' എന്ന രണ്ട് വാക്കുകള്‍ക്കിടയിലെ ഒരു ഇടര്‍ച്ചകൊണ്ട് പാര്‍വതി, പല്ലവി-ഗോവിന്ദ് ബന്ധത്തിനു തിരശ്ശീലയിടുന്ന സന്ദര്‍ഭം അസുലഭമാകുന്നത് അഭിനേത്രിയുടെ പ്രാഗത്ഭ്യംകൊണ്ടു കൂടിയാണ്.

'ടേക്ക് ഓഫി'ലെ സമീറ ജീവിതം കയ്യില്‍ പിടിച്ചോടുന്ന പെണ്ണാണ്. കുറിക്കു കൊള്ളുന്ന ചെറു വാചകങ്ങള്‍ ആണ് സമീറയുടെ കരുത്തെങ്കില്‍, ആലങ്കാരികതയും വശ്യതയുമുള്ള ശബ്ദ സാന്നിധ്യത്തിലൂടെയാണ് 'ബാംഗ്‌ളൂര്‍ ഡേയ്സി'ലെ റേഡിയോ ജോക്കി സാറയുടെ കൈമുതല്‍. തൊഴിലിടത്തിലും വ്യക്തി ജീവിതത്തിലും സാറ പിന്തുടരുന്ന സംസാര വ്യതിയാനം ഒട്ടും പ്രകടന പരമല്ല. 'ചാര്‍ളി'യില്‍ ലാഘവചിത്തവും 'വര്‍ത്തമാന'ത്തില്‍ സമര പ്രക്ഷുബ്ധതയും അഭിനേത്രിയുടെ ശാരീരത്തെ നിര്‍ണ്ണയിക്കുന്ന ഘടകമാകുന്നു.

രൂപഭാവങ്ങളിലും ശരീരഭാഷകളിലും വ്യത്യസ്തത കൈവരിക്കുന്നതില്‍ പാര്‍വതിയിലെ അഭിനേത്രി ഏറെ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ആദ്യ ചിത്രത്തില്‍ മെലിഞ്ഞ്, മുടി രണ്ടായി പിന്നിയിട്ട് നാടന്‍ വേഷത്തിലെത്തിയ അഭിനേത്രി ഒന്നര ദശകത്തിനിപ്പുറം 'രാച്ചിയമ്മ'യിലെ ഒത്തപെണ്ണായി വളര്‍ന്നത് കാണാം.

'ബാംഗ്ലൂര്‍ ഡെയ്സി'ലെ വീല്‍ച്ചെയറില്‍ മാത്രം ജീവിക്കുന്ന സാറ, മുടി ബോബ് ചെയ്താണ് പ്രത്യക്ഷപ്പെടുന്നത്. അരയ്ക്കു കീഴെ ചലനശേഷിയില്ലാത്ത സാറയുടെ ശരീര പ്രതികരണങ്ങളുടെ പരിമിതി, തന്മയത്വത്തോടെ അഭിനേത്രിയില്‍ നിഴലിക്കുന്നു.

'ഉയരെ'യില്‍ ആസിഡ് അക്രമത്തിനു വിധേയയായി പാതി പൊള്ളിയ മുഖവുമായി തിരശ്ശീല നിറഞ്ഞാടുകയായിരുന്നു ഈ അഭിനേത്രി. ശാരീരികമായ കഠിനതകള്‍ ഏറെ സഹിച്ച് പാര്‍വതി അവതരിപ്പിച്ച കഥാപാത്രമാണ് പല്ലവിയുടേത്. തന്റെ പുതിയ രൂപവുമായി പൊരുത്തപ്പെടാനുഴറുന്ന പല്ലവിയുടെ മാനസികാവസ്ഥയെ, നീറുന്ന ശരീരവേദനകളെ അഭിനേത്രിയുടെ ശരീരം വാക്കുകള്‍ക്കതീതമായി വിനിമയം ചെയ്യുന്നുണ്ട്. സമീറയുടെ (ടേക്ക് ഓഫ്) ചലനങ്ങളിലെ ദ്രുതതാളം, ആര്‍ജ്ജവും അകമേ പോരാളിയായ പെണ്ണിന്റെ മനസ്സ് അടയാളപ്പെടുന്നതാണ്. പാര്‍വതി എന്ന അഭിനേത്രിക്ക് പ്രേക്ഷകപ്രീതിയും അംഗീകാരങ്ങളും ഏറെ നേടിക്കൊടുത്ത കഥാപാത്രമാണിത്. ഗര്‍ഭിണിയാകുന്ന സമീറയുടെ ശരീരത്തിലും ചലനങ്ങളിലും ഏല്പിക്കുന്ന നിയന്ത്രണങ്ങള്‍ അതിജീവനത്തിനായുള്ള ഓട്ടവും സംഘര്‍ഷവും മുറുകുമ്പോള്‍ യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെടാതെ അനുഭവിച്ച് ഫലിപ്പിക്കുക എന്ന വലിയ വെല്ലുവിളി പാര്‍വതി 'ടേക്ക് ഓഫി'ല്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നു.

മികച്ച അഭിനേതാക്കളോടൊപ്പം അഭിനയിക്കുമ്പോള്‍, അതിലും മികച്ച അഭിനയം കാഴ്ചവെയ്ക്കാന്‍ തനിക്കു കഴിയുമെന്ന് പാര്‍വതിയുടെ സിനിമകള്‍ പ്രഖ്യാപിക്കുന്നുണ്ട്.

പ്രതിസന്ധികള്‍ നേരിടുകയും അവയെ മറികടക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് പാര്‍വതിയെ തേടിയെത്തിയ കഥാപാത്രങ്ങളിലധികവും. ആണ്‍ലോകവുമായുള്ള ഉരസല്‍ പ്രമേയങ്ങളില്‍ ആവര്‍ത്തിച്ച് കടന്നുവരികയും ചെയ്യുന്നു. കുടുംബത്തിനകത്ത് ഒതുങ്ങിനില്‍ക്കുന്ന, സ്‌നേഹവും ലാളനയുമേറ്റുവാങ്ങി അടിമത്തത്തില്‍ സുഷുപ്തയാകുന്ന സ്ത്രീകളെക്കാള്‍, തന്റെ വ്യക്തിത്വം സ്വതന്ത്രമായി സ്ഥാപിക്കാനൊരുമ്പെടുന്ന സ്ത്രീകളെ അവതരിപ്പിക്കുമ്പോഴാണ് പാര്‍വതി കൂടുതല്‍ ശോഭിക്കുന്നത്. കാണിയുടെ ആരാധന വിഗ്രഹമല്ല ഈ അഭിനേത്രി.

സോഷ്യല്‍ മീഡിയാ കാലത്തെ, അഭിപ്രായ ഭീരുത്വമില്ലാത്ത, ഉണര്‍ന്ന സ്ത്രീകളെ പ്രചോദിപ്പിക്കുന്ന അഭിനേത്രിയാണവര്‍. വിലക്കുകള്‍ വകവെയ്ക്കാത്ത, സ്വതന്ത്ര സഞ്ചാരിണിയായ ടെസ(ചാര്‍ളി)യുടെ മനോഭാവം പുതിയ തലമുറയെ ഏറെ ആകര്‍ഷിക്കുന്നതും അതുകൊണ്ടാണ്. വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍, വലിപ്പമുള്ള ആഭരണങ്ങള്‍ എന്നിവയണിഞ്ഞ് തോന്നിയപോലെ ഒഴുകുന്ന പുഴയായ ടെസയുടെ തിരരൂപം യുവതയ്ക്കിടയില്‍ വലിയ സ്വാധീനമായി. പാര്‍വതിയുടെ കഥാപാത്രങ്ങളില്‍ ഏറിയും കുറഞ്ഞും പ്രതിഫലിക്കുന്ന പുരുഷ, കുടുംബാധിപത്യ പ്രവണതകള്‍ അവരുടെ വ്യക്തിജീവിതവുമായി കൂട്ടിയിണക്കി വായിക്കാനാണ് പൊതുവെ ശ്രമിക്കാറുള്ളത്.

പുഴു
പുഴു

സ്ത്രീപക്ഷ നിലപാടുകള്‍

പുരുഷാധികാരം കൊടികുത്തി നില്‍ക്കുന്ന ചലച്ചിത്രമേഖലയില്‍ സ്വതന്ത്രമായ അഭിപ്രായം തുറന്നു പറയാന്‍ തയ്യാറാകുന്ന പാര്‍വതിക്ക് യഥാര്‍ത്ഥത്തില്‍ അവരുടെ കഥാപാത്രങ്ങളേക്കാള്‍ പ്രത്യയശാസ്ത്ര കരുത്തുണ്ട്. മുന്‍ തലമുറ അഭിനേത്രികള്‍ സഹിച്ച പലവിധ ചൂഷണങ്ങള്‍, അസമത്വങ്ങള്‍, സ്ത്രീവിരുദ്ധ നിലപാടുകള്‍ ഇന്നത്തെ വ്യവസായത്തിനകത്തും പലരീതിയില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് പാര്‍വതിയുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ നടന്ന പ്രതികരണങ്ങളില്‍നിന്നു വ്യക്തമാകും. പുരുഷ കര്‍ത്തൃത്വത്തില്‍ രൂപപ്പെടുന്ന വ്യവസായത്തിനകത്ത് നിര്‍മ്മിക്കപ്പെടുന്ന സിനിമകളില്‍, അഭിനേത്രിയുടെ സാമൂഹ്യ വീക്ഷണങ്ങള്‍ വെളിപ്പെട്ടു കാണണമെന്ന് നിര്‍ബ്ബന്ധമില്ല. പക്ഷേ, സിനിമ തൊഴിലിടമെന്ന നിലയിലും കലയെന്ന നിലയിലും സ്ത്രീസൗഹൃദപരമാകണമെന്ന് അഭിനേത്രിക്ക് പറയാനവകാശമുണ്ട്.

സിനിമയില്‍ സ്ത്രീവിരുദ്ധതകള്‍ ആഘോഷിക്കപ്പെടുന്നതിനെതിരെ വിരല്‍ചൂണ്ടാനുള്ള അധികാരമുണ്ട്. പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ അവയുടെ മെരിറ്റ് നോക്കാതെ ഇകഴ്ത്താനും സൈബര്‍ അറ്റാക്കിന് ഇരയാക്കാനുമാണ് ആരാധകകൂട്ടം ശ്രമിച്ചത്. നിലപാടുകളോട് യോജിച്ചോ വിയോജിച്ചോ പ്രതികരിക്കുന്നതിനു പകരം വ്യക്തിഹത്യയെ പരിപോഷിപ്പിക്കുന്ന നയം തന്നെയാണ് സിനിമാലോകം പൊതുവെ സ്വീകരിച്ചത്. 'കസബ'യിലെ സ്ത്രീവിരുദ്ധതയും 'അര്‍ജുന്‍ റെഡി'യില്‍ പ്രണയമെന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട അപകടകരമായ ആണൂറ്റവും തീര്‍ച്ചയായും വിമര്‍ശനമര്‍ഹിക്കുന്നതാണ്. അത് ആ മേഖലയില്‍ത്തന്നെ ഒരു ദശകമായി പ്രവര്‍ത്തിക്കുന്ന അഭിനേത്രി പ്രകടിപ്പിച്ചപ്പോഴേക്കും ഒളിഞ്ഞിരുന്ന ദംഷ്ട്രകള്‍ തനിനിറം കാണിക്കുകയായി.

ഇസ്ലാമോഫോബിയ ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും താന്‍ അഭിനയിച്ച 'എന്നു നിന്റെ മൊയ്തീനും' 'ടേക്ക് ഓഫും' അത്തരം ആശയങ്ങളില്‍നിന്നു മുക്തമല്ല എന്ന പാര്‍വതിയുടെ അഭിപ്രായവും അര്‍ഹിക്കുന്ന ഗൗരവത്തില്‍ മലയാളി ചര്‍ച്ച ചെയ്തില്ല. കേവല വിവാദങ്ങള്‍ക്കപ്പുറത്ത് പാര്‍വതി ഉന്നയിച്ച വിഷയങ്ങളെ സംവാദാത്മകമാക്കാതിരിക്കാനുള്ള സിനിമ - ദൃശ്യ മാധ്യമ ശ്രദ്ധ നിഷ്‌കളങ്കമല്ല.

'എന്റെ സിനിമ' എന്ന പാര്‍വതിയുടെ വാക്കിലെ ഉടമസ്ഥാവകാശം 'ടേക്ക് ഓഫി'ന്റെ സംവിധായകന്‍ ചോദ്യം ചെയ്യുകയുണ്ടായി. സിനിമ സംവിധായകന്റെ കലയാണ് എന്ന ക്ലാസ്സിക്കല്‍ നിര്‍വ്വചനത്തില്‍ ആ ചോദ്യം ചെയ്യലിനു പ്രസക്തിയുണ്ട്. ഇസ്ലാമോഫോബിയ എന്താണ് എന്നതിനെപ്പറ്റി ദീര്‍ഘമായ സംവിധായക-അഭിനേത്രി കാഴ്ചപ്പാടുകള്‍ ചര്‍ച്ചകള്‍ തുടര്‍ന്നു നടന്നതുമില്ല.

സംഘടിച്ച് ശക്തരാകാന്‍ മലയാള സിനിമയിലെ സ്ത്രീകള്‍ തയ്യാറായപ്പോള്‍ അതിനു മുന്നില്‍ നിന്നു നയിക്കുന്ന അഭിനേത്രിമാരില്‍ ഒരാളാണ് പാര്‍വതി. WCC-യുടെ രൂപീകരണം വ്യവസായത്തിനകത്തെ പല അനഭിലഷണീയ പ്രവണതകളേയും തുറന്നുകാട്ടാന്‍ ഉതകിയിട്ടുണ്ട്. മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അങങഅയില്‍നിന്ന് പാര്‍വതി ഇറങ്ങിപ്പോയതും 'രാജി ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്' എന്ന് ഉറച്ചു പറഞ്ഞുകൊണ്ടാണ്. കലയിലെ വെളിപാടുകള്‍ അഭിനേത്രിയുടെ പ്രതിഭാ മാനകമാകുന്നതുപോലെ തന്നെയാണ് നിലപാടുകള്‍ സാമൂഹ്യ ജീവിയെന്ന നിലയില്‍ വിലമതിക്കേണ്ടതും.
പാര്‍വതിയുടെ ശബ്ദം ആ അര്‍ത്ഥത്തില്‍ സമകാല സന്ദര്‍ഭത്തെ ഭാവിയിലേക്ക് നയിക്കാന്‍ ഭാവനയുള്ളതാണ്. അതിനുപിന്നില്‍ ഒരുകൂട്ടം സംഘടിതരായ വനിതകളും സ്ത്രീയെ തുല്യമനുഷ്യരായി കാണാനുള്ള ഒരു സമൂഹവും രൂപപ്പെടുമെന്നത് തീര്‍ച്ച.

വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ക്കൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ആശയധാരയോടും ചേര്‍ന്നുനില്‍ക്കുമ്പോഴെ യഥാര്‍ത്ഥ Legends പിറക്കുകയുള്ളു. പാരമ്പര്യവാദത്തിന്റെ, പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കു നേരെ പാര്‍വതി ഉയര്‍ത്തിയ ശബ്ദം അഭിനേത്രി എന്ന നിലയില്‍ 15 വര്‍ഷം കൊണ്ടുണ്ടാക്കിയ ക്രെഡിബിലിറ്റിപോലെ തന്നെ വിലമതിക്കേണ്ടതാണ്.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com