ബിഷപ്പ് പറഞ്ഞാല്‍പ്പിന്നെ അപ്പീലില്ല, പാര്‍ട്ടി ജനറല്‍ സെക്രട്ടറിയേക്കാള്‍ എത്രയോ മുകളില്‍ നില്‍ക്കുന്നു ബിഷപ്പ്!
നമ്മുടെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മതയാഥാസ്ഥിതികതയ്ക്കും മതവര്‍ഗ്ഗീയതയ്ക്കും നേരെ അനുവര്‍ത്തിക്കുന്ന നിലപാടുകള്‍ എങ്ങനെ വിശദീകരിക്കും? പാര്‍ട്ടികള്‍ അവയെ അടവുനയം, പൊളിറ്റിക്കല്‍ സ്ട്രാറ്റജി എന്നിങ്ങനെയാണ് വിശദീകരിക്കാറ്. വര്‍ഗ്ഗീയ കക്ഷികളുമായി കൂട്ടുകെട്ടോ ധാരണയോ ഉണ്ടാക്കുമ്പോള്‍ പാര്‍ട്ടി മേലാളരും പാര്‍ട്ടി പ്രസിദ്ധീകരണങ്ങളും അതിനെ രാഷ്ട്രീയ യുദ്ധത്തിലെ തന്ത്രങ്ങളുടെ ഭാഗമായി ചിത്രീകരിക്കും. മുഖ്യശത്രുവിനെ നേരിടാന്‍ ഏത് ചെകുത്താനുമായി കൂട്ടുകൂടാമെന്ന 'ഗംഭീര തത്ത്വം' അവര്‍ ആവര്‍ത്തിച്ചുരുവിടുന്ന മന്ത്രമാണ്.
ഈ ഗംഭീര തത്ത്വത്തിന്റെ വിമര്‍ശകര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളടക്കമുള്ള മതേതര കക്ഷികള്‍ പിന്തുടരുന്ന ഈ അടവുനയത്തെ വോട്ട് ബാങ്ക് രാഷ്ട്രീയം എന്നോ വോട്ട് ബാങ്ക് ഇലക്ടറലിസം എന്നോ ഏജന്‍സി രാഷ്ട്രീയം എന്നോ ആണ് വിശേഷിപ്പിക്കാറ്. ആദര്‍ശങ്ങള്‍ക്ക് അവധി നല്‍കി ജാതിമത ശക്തികളുടെ വോട്ട് സമാഹരിച്ച് അധികാര സോപാനമേറാന്‍ സെക്യുലര്‍ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന അത്യന്തം നീചമായ മാര്‍ഗ്ഗമായി വിമര്‍ശകര്‍ അതിനെ വിലയിരുത്തുന്നു.
ഈ വിലയിരുത്തല്‍ കമ്യൂണിസ്റ്റിതര സെക്യുലര്‍ പാര്‍ട്ടികളുടെ ശരിയാണെന്നു സമ്മതിക്കാം. ഉദാഹരണത്തിന്, കോണ്‍ഗ്രസ് എന്ന മതേതര രാഷ്ട്രീയപ്പാര്‍ട്ടി മുസ്ലിം ലീഗുമായോ ഹൈന്ദവ ജാതി സംഘടനകളുമായോ കേരള കോണ്‍ഗ്രസ്സുമായോ രാഷ്ട്രീയ ബാന്ധവമോ തെരഞ്ഞെടുപ്പ് ധാരണകളോ ഉണ്ടാക്കുന്നത് തനി വോട്ട് ബാങ്ക് ഇലക്ടറലിസമാണ്. കോണ്‍ഗ്രസ്സിനു വര്‍ജ്ജ്യമായ മറ്റൊരു ഘടകവും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നില്ല. മതത്തോടോ മതവികാരത്തോടോ ഉള്ള ആഭിമുഖ്യത്തിന് കോണ്‍ഗ്രസ് താത്ത്വികമായി എതിരല്ല എന്നതുകൊണ്ടാണിങ്ങനെ പറയുന്നത്. കോണ്‍ഗ്രസ്സിനോടൊപ്പം മതങ്ങളും അവയുടെ അധികാര കേന്ദ്രങ്ങളും വളരുന്നതിനോട് ആ പാര്‍ട്ടിക്കു യാതൊരു എതിര്‍പ്പുമില്ല. മതങ്ങളെ പരിപോഷിപ്പിച്ചു കൊണ്ടാണെങ്കിലും വോട്ടും അധികാരവും നേടണമെന്നേ കോണ്‍ഗ്രസ്സിനുള്ളൂ.
അതല്ലല്ലോ, അഥവാ ആകരുതല്ലോ, കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാട്. വെള്ളവും വളവും നല്‍കി മതങ്ങളെ കൊഴുപ്പിച്ചുകൊണ്ട് അധികാരം കൊയ്യണമെന്ന് മാര്‍ക്‌സോ എംഗല്‍സോ ലെനിനോ പറഞ്ഞിട്ടില്ല. മതങ്ങള്‍ ജനങ്ങളില്‍ വളര്‍ത്തിയെടുക്കുന്ന തെറ്റായ ലോകവീക്ഷണത്തില്‍നിന്നു വിമോചിപ്പിച്ച് അവരെ കമ്യൂണിസ്റ്റ് ലോകവീക്ഷണത്തിലേക്ക് ആനയിക്കണമെന്നാണവര്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് സാരഥികളും ആദ്യകാലത്ത് ആ തത്ത്വം ഉയര്‍ത്തിപ്പിടിച്ചിരുന്നു. മതങ്ങള്‍ പ്രദാനം ചെയ്യുന്ന ലോകവീക്ഷണത്തിന്റെ വൈകല്യവും ബലഹീനതയും തൊട്ടുകാണിക്കുന്നതില്‍ ഔത്സുക്യം പ്രകടിപ്പിച്ചവരത്രേ 20-ാം നൂറ്റാണ്ടില്‍ ജീവിച്ച, ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കള്‍.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആത്മീയ നേതാവ് എന്നു വിശേഷിപ്പിക്കാവുന്ന ഗാന്ധിജി തന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത രാമരാജ്യ സങ്കല്പം നിസ്സന്ദേഹം നിരാകരിച്ച പാരമ്പര്യമാണ് ഭാരതത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളത്. മതപരമായ ആശയങ്ങളും ചിഹ്നങ്ങളും വിമര്‍ശനരഹിതമായി പ്രോത്സാഹിപ്പിച്ചുകൊണ്ട് ജനങ്ങളെ മതേതരവല്‍ക്കരിക്കുക സാധ്യമല്ല എന്ന ബോധ്യം അവയ്ക്കുണ്ടായിരുന്നു. പശുപൂജയുടേയും ഗോവധ നിരോധത്തിന്റേയും പെണ്‍വിരുദ്ധ വ്യക്തിനിയമങ്ങളുടേയും പൊളിറ്റിക്കല്‍ റിലീജ്യന്‍ ഉയര്‍ത്തുന്ന ആശയങ്ങളുടേയും കാര്യത്തില്‍ മതലോബിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് പോയ നൂറ്റാണ്ടിലെ കമ്യൂണിസ്റ്റുകാര്‍ മുന്നോട്ടു പോയതെന്നു സാമാന്യമായി പറയാം.
ചോര്‍ന്നുപോകുന്ന കമ്യൂണിസ്റ്റ് സത്ത
പ്രകീര്‍ത്തനീയമായ ആ പാരമ്പര്യത്തില്‍നിന്നുള്ള വ്യതിചലനം ഇപ്പോള്‍ രാജ്യത്ത്, വിശിഷ്യാ കേരളത്തില്‍ പ്രകടമാണ്. മാര്‍ക്‌സിസം ഉപേക്ഷിച്ച് മത-മാര്‍ക്‌സിസത്തിലേക്ക് പോവുകയാണ് പൊതുവെ കേരളീയ മാര്‍ക്‌സിസ്റ്റുകള്‍. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ ഒരു ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് നടത്തിയ മിശ്ര പ്രണയവിവാഹത്തിനെതിരെ ഒരു സി.പി.ഐ.എം നേതാവില്‍നിന്നുയര്‍ന്ന പ്രതികരണം അതിന്റെ തെളിവാണ്.
ഇനിയും മുന്നോട്ട് പോകുന്നതിനു മുന്‍പ് മത-മാര്‍ക്‌സിസം എന്ന പ്രയോഗം കൊണ്ട് എന്താണര്‍ത്ഥമാക്കുന്നത് എന്നു വ്യക്തമാക്കിക്കൊള്ളട്ടെ. മാര്‍ക്‌സിസ്റ്റാശയങ്ങളെക്കാള്‍ മതാശയങ്ങളാല്‍ ഭരിക്കപ്പെടുന്ന ഒട്ടേറെപ്പേര്‍ ഇന്നു സി.പി.ഐ.എം പോലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളിലുണ്ട്. മാര്‍ക്‌സിസവും തങ്ങള്‍ വിശ്വസിക്കുന്ന മതവും തമ്മില്‍ ആശയതലത്തിലോ അല്ലാതെയോ സംഘര്‍ഷമുണ്ടാകുമ്പോള്‍ അത്തരക്കാര്‍ മാര്‍ക്‌സിസത്തോടൊപ്പമല്ല, മതത്തോടൊപ്പമാണ് നില്‍ക്കുക. അവര്‍ക്ക് മതമാണ് പ്രാഥമികം; മാര്‍ക്‌സിസം ദ്വിതീയമാണ്. മാര്‍ക്‌സിസത്തോട് സാത്മ്യപ്പെടുന്നതിലേറെ സ്വമതത്തോടും സ്വസമുദായത്തോടുമാണ് അവര്‍ സാത്മ്യപ്പെടുക. മതത്തെ, മതാധികാര കേന്ദ്രങ്ങളെ മതസഭകളെ ഏതെങ്കിലും തരത്തില്‍ നോവിപ്പിക്കുന്ന മാര്‍ക്‌സിസം അവര്‍ക്ക് സ്വീകാര്യമേയല്ല. ഇത്തരക്കാര്‍ പിന്തുടരുന്ന 'ഒന്നാമത് മതം, രണ്ടാമത് മാത്രം മാര്‍ക്‌സിസം' എന്ന നിലപാടിനെയാണ് മത-മാര്‍ക്‌സിസം (Religion Marxism) എന്നു വിളിക്കുന്നത്.
കോണ്‍ഗ്രസ് പോലുള്ള മതേതര പാര്‍ട്ടികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്താല്‍ മാത്രം പ്രചോദിപ്പിക്കപ്പെടുമ്പോള്‍ മത-മാര്‍ക്‌സിസ്റ്റുകള്‍ തികച്ചും അമാര്‍ക്‌സിസ്റ്റായ മത-മാര്‍ക്‌സിസത്താല്‍ക്കൂടി പ്രചോദിപ്പിക്കപ്പെടുന്നു. അതുകൊണ്ടത്രേ സി.പി.ഐ.എമ്മിനെപ്പോലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടവുനയത്തെ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമായി വിലയിരുത്താനാവില്ല എന്നു മുകളില്‍ സൂചിപ്പിച്ചത്. മാര്‍ക്‌സിസ്റ്റാശയങ്ങള്‍ക്കു വിരുദ്ധമായ മതാശയങ്ങള്‍ക്ക് അവര്‍ കൂടുതല്‍ പ്രാധാന്യം കല്പിക്കുന്നു. എം.വി. ഗോവിന്ദന്‍ എന്ന സി.പി.ഐ.എം നേതാവ് വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയില്‍ പ്രായോഗികമല്ല എന്നു സമീപകാലത്ത് പ്രസംഗിച്ചതിനെ ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍.
ഇനി കോടഞ്ചേരിയിലെ മിശ്ര പ്രണയവിവാഹത്തിലേക്ക് തിരിച്ചുപോകാം. മത സമുദായപരമായി മുസ്ലിമായ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി എം.എസ്. ഷെജിനും മത സമുദായപരമായി ക്രൈസ്തവയായ ജോയ്‌സ്ന മേരി ജോസഫും പ്രണയിച്ച് വിവാഹിതരായി. മറ്റേത് പാര്‍ട്ടിയേക്കാളും കൂടുതല്‍ മിശ്ര പ്രണയത്തേയും മിശ്ര വിവാഹത്തേയും സ്വാഗതം ചെയ്യേണ്ട പാര്‍ട്ടിയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെങ്കിലും, മുന്‍ എം.എല്‍.എയായ അതിന്റെ നേതാവ് ആ വിവാഹത്തെ ഭര്‍ത്സിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ ന്യായവാദങ്ങള്‍ പരമവിചിത്രമായിരുന്നു: അന്യസമുദായത്തില്‍പ്പെട്ട ഒരു സ്ത്രീയെ പ്രേമിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നതിനു മുന്‍പ് സഖാവ് ഷെജിന്‍ പാര്‍ട്ടി നേതാക്കളുടെ അനുമതി നേടിയില്ല!
ഇക്കാലത്ത് മതയാഥാസ്ഥിതിക സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ പോലും പരസ്യമായി പറയാന്‍ മടിക്കുന്ന കാര്യമാണ് ജില്ല സെക്രട്ടേറിയറ്റ് അംഗം കൂടിയായ മാര്‍ക്‌സിസ്റ്റ് നേതാവ് പറഞ്ഞത്. അദ്ദേഹം അവിടെ നിര്‍ത്തിയില്ല. ആ വിവാഹത്തെ ലവ് ജിഹാദിന്റെ കണക്കില്‍പ്പെടുത്തുംവിധമുള്ള ചില പരാമര്‍ശങ്ങളും നേതാവില്‍നിന്നു പുറപ്പെട്ടു. നാട്ടില്‍ ലവ് ജിഹാദ് എന്ന പ്രതിഭാസമുണ്ടെന്ന് പാര്‍ട്ടി രേഖയില്‍ എഴുതിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. എല്ലാറ്റിനും പുറമെ ഷെജിന്റെ മിശ്ര പ്രണയവിവാഹം രണ്ടു സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാനും കലാപമുണ്ടാക്കാനും ഇടവരുത്തുമെന്നുക്കൂടി മുന്‍ എം.എല്‍.എ പറഞ്ഞു. ഷെജിന്‍-ജോയ്‌സ്ന വിവാഹം പാര്‍ട്ടിക്ക് 'ഡാമേജ്' ഉണ്ടാക്കിയെന്നു വിശദീകരിക്കാനും നേതാവ് മടിച്ചില്ല.
സി.പി.ഐ.എമ്മിന്റെ മുന്‍ അസംബ്ലി അംഗം വെളിപ്പെടുത്തിയ മറ്റൊരു കാര്യം കൂടുതല്‍ ശ്രദ്ധേയമാണ്. താന്‍ കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ബിഷപ്പ് തന്നെ ഫോണില്‍ വിളിച്ചുപറഞ്ഞാണ് താന്‍ ഷെജിന്റെ മിശ്രവിവാഹത്തേയും അനുബന്ധ കാര്യങ്ങളേയും കുറിച്ചറിഞ്ഞത് എന്നതത്രേ നേതാവിന്റെ ആ വെളിപ്പെടുത്തല്‍. ശ്രദ്ധിക്കുക, ബിഷപ്പാണ് സമുദായപരമായി ക്രൈസ്തവനായ മാര്‍ക്‌സിസ്റ്റ് നേതാവിനെ കാര്യങ്ങള്‍ ധരിപ്പിച്ചത്. ബിഷപ്പ് പറഞ്ഞാല്‍പ്പിന്നെ അപ്പീലില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയേക്കാള്‍ എത്രയോ മുകളില്‍ നില്‍ക്കുന്നു ബിഷപ്പ്! മത-മാര്‍ക്‌സിസത്തിന്റെ ഉല്പന്നമാണ് ഈ ബിഷപ്പാരാധന. മാര്‍ക്‌സിസത്തിന്റെ കൊടുംശത്രുവായ മത-മാര്‍ക്‌സിസം കുടഞ്ഞെറിയാന്‍ ബന്ധപ്പെട്ടവര്‍ നേതാക്കള്‍ക്കും അംഗങ്ങള്‍ക്കും അന്ത്യശാസനം നല്‍കിയില്ലെങ്കില്‍ സി.പി.ഐ.എമ്മിനു നഷ്ടപ്പെടുക അതിന്റെ കമ്യൂണിസ്റ്റ് സത്തയായിരിക്കും.
ഈ ലേഖനം വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
