

ആഗോള വിശപ്പു സൂചിക 2021 പ്രകാരം ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 101 ആണ്. ദക്ഷിണേഷ്യന്‍ അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവയ്ക്കും പിറകില്‍. കഴിഞ്ഞവര്‍ഷം 94-ാം സ്ഥാനത്തായിരുന്നു നമ്മുടെ രാജ്യം.
38 വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്മെന്റിലെ എട്ടു രാജ്യങ്ങളെ മാത്രമേ സൂചികയ്ക്കായി പരിഗണിച്ചിരുന്നുള്ളൂ. ബാക്കിയുള്ളവയില്‍ വിശപ്പ് പരിഗണനാര്‍ഹമായ വിഷയമല്ല എന്ന നിഗമനത്തെ ആസ്പദമാക്കിയാണ് ഈ ഒഴിവാക്കല്‍. ആ രാജ്യങ്ങളെക്കൂടി പരിഗണിക്കുകയാണെങ്കില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 131-ാമത്തേത് ആകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ സൂചിക നിരത്തിയ കണക്കുകളോട് മോദി ഗവണ്‍മെന്റ് ഏറെ രോഷത്തോടെയാണ് പ്രതികരിച്ചത്. ഈ കണക്കുകള്‍ വസ്തുതാപരമല്ലെന്നും അവ ശേഖരിച്ച രീതി ശരിയായില്ലെന്നുമുള്ള വിമര്‍ശനങ്ങളുയര്‍ത്തി റിപ്പോര്‍ട്ടിന്റെ പ്രാധാന്യത്തെ ഇടിച്ചുതാഴ്ത്തിക്കാട്ടാന്‍ ഗവണ്‍മെന്റ് വക്താക്കള്‍ പരിശ്രമിക്കുകയും ചെയ്തു. അശാസ്ത്രീയമാണ് ഇതു കണക്കാക്കിയ രീതിയെന്നും ബോധപൂര്‍വ്വം ഇന്ത്യ ഈ രംഗത്ത് പിറകോട്ടുപോയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത് ഞെട്ടലുളവാക്കുന്നുവെന്നും ആയിരുന്നു ഗവണ്‍മെന്റ് വക്താക്കളുടെ പ്രതികരണം. പട്ടിണിയും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് (ജി.എച്ച്.ഐ), ചൈന, ബ്രസീല്‍, കുവൈറ്റ് എന്നിവയുള്‍പ്പെടെ 18 രാജ്യങ്ങള്‍-ജി.എച്ച്.ഐ സ്‌കോര്‍ അഞ്ചില്‍ താഴെയായി ഉയര്‍ന്ന റാങ്ക് പങ്കിടുന്നതായാണ് കാണിച്ചത്. ഐറിഷ് എയ്ഡ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മനിയിലെ വെല്‍റ്റ്ഹംഗര്‍ഹില്‍ഫും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യയിലെ വിശപ്പിന്റെ തോത് പേടിപ്പെടുത്തുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അയല്‍രാജ്യങ്ങളായ നേപ്പാള്‍ (76), ബംഗ്ലാദേശ് (76), മ്യാന്‍മര്‍ (71), പാകിസ്താന്‍ (92) എന്നിവ നമ്മുടെ രാജ്യത്തേക്കാള്‍ അന്നാട്ടിലെ പൗരന്മാര്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കുന്നതില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളിലെ മരണനിരക്ക്, വളര്‍ച്ചാമുരടിപ്പ്, അപര്യാപ്തമായ ഭക്ഷണം കാരണമുണ്ടാകുന്ന പോഷകാഹാരക്കുറവ് തുടങ്ങിയ സൂചകങ്ങളില്‍ ഇന്ത്യ മെച്ചപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, ഭക്ഷ്യസുരക്ഷ ഒന്നിലധികം തലങ്ങളില്‍ ആക്രമണത്തിനിരയാകുകയാണെന്നും അതില്‍ പറയുന്നുണ്ട്.
വര്‍ദ്ധിച്ചുവരുന്ന സാമൂഹിക സംഘര്‍ഷം, ആഗോള കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, കൊവിഡ്-19 പാന്‍ഡെമിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക, ആരോഗ്യ വെല്ലുവിളികള്‍ എന്നിവയെല്ലാം വിശപ്പിനു കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്.
എന്താണ് ആഗോള വിശപ്പു സൂചിക
എന്താണ് ആഗോള വിശപ്പു സൂചിക? എങ്ങനെയാണ് അത് കണക്കാക്കുന്നത്?
കുട്ടികളുടെ ആരോഗ്യമാണ് പ്രധാന അളവുകോല്‍. നാലു ഘടകങ്ങളാണ് ഇത് കണക്കാക്കാനായി കണക്കിലെടുക്കുന്നത്. ഇതില്‍ മൂന്നും കുട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. പോഷകാഹാരത്തിന്റെ അപര്യാപ്തത (Under rnourishment) ആണ് ഒരു ഘടകം. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഉയരത്തിനു അനുസൃതമായുള്ള തൂക്കക്കുറവാണ് ഇനിയൊരു ഘടകം. ആ പ്രായത്തില്‍ താഴെയുള്ള കുട്ടികളുടെ ഉയരമാണ് കണക്കിലെടുക്കുക. പ്രായത്തിനു അനുസരിച്ചുള്ള ഉയരമുണ്ടോ എന്നു നോക്കും. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കാണ് മൂന്നാമത്തെ ഘടകം. നാലാമത്തെ ഘടകമാകട്ടെ, അത് രാജ്യത്തെ ജനസംഖ്യയില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ജനങ്ങളുടെ ശതമാനമാണ്. പോഷകാഹാരക്കുറവുള്ള ജനസംഖ്യ എത്ര വരുമെന്ന് കണക്കാക്കും. അതായത്, എത്ര ശതമാനം പേരുടെ കലോറി ഉപഭോഗമാണ് അപര്യാപ്തം എന്നു കണക്കാക്കും. വിശപ്പു സൂചികയുടെ നാലു ഘടകങ്ങളില്‍ മൂന്നില്‍ രണ്ട് പ്രാധാന്യവും ആദ്യം പറഞ്ഞ മൂന്നിനങ്ങള്‍ക്കാണ്. ആഗോള വിശപ്പു സൂചിക എന്നതിനു പകരം ആഗോള പട്ടിണി സൂചിക എന്നും നാം പറയാറുണ്ട്. എന്നാല്‍, പട്ടിണി (Starvation) അല്ല ഇവിടെ പരിഗണനാവിഷയം. ഭക്ഷണം കഴിക്കുന്നതുകൊണ്ടുമാത്രം ആയില്ല എന്നതാണ് ഈ സൂചിക മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്. ഭക്ഷണവും പോഷകാഹാരങ്ങളും തുടര്‍ച്ചയായി ലഭിക്കുന്നില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ് അതിന്റെ പരിഗണനയ്ക്കു വരുന്നത്.
ഈ സൂചികപ്രകാരം നമ്മളെക്കാള്‍ മെച്ചപ്പെട്ട പ്രകടനം ഈ രംഗത്ത് കാഴ്ചവെച്ച രാജ്യങ്ങളില്‍ പെടുന്നു പാകിസ്താനും ബംഗ്ലാദേശും നേപ്പാളും മ്യാന്‍മര്‍ വരേയും. യഥാര്‍ത്ഥത്തില്‍ വലിയ നാണക്കേടാണ് നമ്മുടെ ഭരണാധികാരികള്‍ക്ക് ഇതുണ്ടാക്കേണ്ടിയിരുന്നത്. പക്ഷേ, വസ്തുതകളെ യാഥാര്‍ത്ഥ്യബോധത്തോടെ വിലയിരുത്താന്‍ മെനക്കെടാതെ കണക്കുകളെ പരിഹസിച്ചും ശേഖരിച്ച രീതിയെ അശാസ്ത്രീയമെന്ന് അപഹസിച്ചും മുഖം രക്ഷിക്കാനാണ് ഗവണ്‍മെന്റ് ശ്രമിച്ചത്.
പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ അനുപാതത്തെ അടിസ്ഥാനമാക്കിയുള്ള എഫ്.എ.ഒ (ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ റാങ്ക് കുറച്ചതെന്നാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം സൂചികയോട് പ്രതികരിച്ചത്, ''അടിസ്ഥാന യാഥാര്‍ത്ഥ്യവും വസ്തുതകളും കണക്കിലെടുക്കാത്തതും ഗുരുതരമായ രീതിശാസ്ത്ര പ്രശ്‌നങ്ങള്‍ അന്തര്‍ഭവിച്ചതുമാണ് ഇതിന്റെ ഗണനാരീതി''യെന്നാണ് മന്ത്രാലയം ആരോപിച്ചത്. എന്നാല്‍, ഇന്ത്യയെക്കുറിച്ച് ഈ റിപ്പോര്‍ട്ടിനു പറയാനുള്ളത് മുഴുവന്‍ മോശം കാര്യങ്ങളല്ല. 2000-ല്‍ ഇന്ത്യയുടെ വിശപ്പ് സ്‌കോര്‍ 38.8 ആയിരുന്നു. ഇപ്പോള്‍ അത് 27.5 ആണ്. നേട്ടമാണ് നമ്മള്‍ ഉണ്ടാക്കിയത് 
രാജ്യത്ത് എല്ലാവര്‍ക്കും പോഷകപ്രദമായ ആഹാരം എത്തിക്കുന്നതില്‍ നമുക്കുണ്ടായ നേട്ടത്തെ ഉജ്ജ്വലമായ വാക്കുകളില്‍ അത് വിവരിക്കുന്നുണ്ട്. 
എന്നിട്ടും എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് ഇന്ത്യാ ഗവണ്‍മെന്റിനെ വിറളിപിടിപ്പിച്ചത്? എന്താണ് ഇത്തരം കാടടച്ചുള്ള പ്രതികരണങ്ങള്‍ക്കു പിറകില്‍?
ഇതില്‍ പരാമര്‍ശിക്കപ്പെട്ട നേട്ടം മുഴുവന്‍ നേടിയത് 2000-നും 2012-നും ഇടയിലാണ്. ഈ പത്തുവര്‍ഷംകൊണ്ട് സ്‌കോറില്‍ പത്തു സ്‌കോറിന്റെ കുറവുണ്ടായി. എന്നാല്‍, 2012 മുതല്‍ 2021 വരെയുള്ള പത്തുവര്‍ഷംകൊണ്ട് 1.3 സ്‌കോര്‍ മാത്രമാണ് കുറഞ്ഞത്. മോദിയുടെ കാലത്ത് വിശപ്പു സൂചികയില്‍ ഗുണപരമായ മാറ്റമുണ്ടാക്കുന്ന കാര്യത്തില്‍ ഇന്ത്യ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. മന്‍മോഹന്‍ സിംഗിന്റെ ഗവണ്‍മെന്റിന്റെ ആദ്യ ഏഴ് വര്‍ഷത്തെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളിലൊന്ന് ദാരിദ്ര്യം 15 ശതമാനം കുറഞ്ഞതാണ് - ഏകദേശം 14 കോടി ആളുകളാണ് ദാരിദ്ര്യത്തില്‍നിന്ന് കരകയറപ്പെട്ടത്. 2004-2005 കാലത്ത് ശരാശരി ജി.ഡി.പി വളര്‍ച്ചാനിരക്ക് 8.5 ശതമാനമായിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് എസി (എം.ജി.എന്‍.ആര്‍.ഇ.ജി.എ), വനാവകാശ നിയമം, വിവരാവകാശ നിയമം തുടങ്ങിയ സുപ്രധാന നിയമനിര്‍മ്മാണങ്ങള്‍ക്കൊപ്പം എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക വളര്‍ച്ചയും ആ ഭരണകാലത്തിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. നവലിബറല്‍ നയങ്ങള്‍കൊണ്ടുണ്ടാകുന്ന കെടുതികളില്‍നിന്ന് സാമാന്യജനതയെ രക്ഷപ്പെടുത്താന്‍ അതു നടപ്പാക്കുമ്പോള്‍ത്തന്നെ ചില നടപടികളും ഒരേസമയം ഗവണ്‍മെന്റ് എടുത്തിരുന്നു. ക്യൂബന്‍ നേതാവ് ഫിദല്‍കാസ്‌ട്രോ പറഞ്ഞപോലെ ''നവലിബറലിസം എന്ന ഭീമന്‍ ഇടിച്ചിടുന്ന ജനങ്ങളെ എടുത്തുകൊണ്ടുപോകാന്‍ ഏര്‍പ്പാടാക്കുന്ന ആംബുലന്‍സ് സേവനം'' കണക്കേയുള്ള ചില സാമ്പത്തിക, ഭരണ നടപടികള്‍. യു.പി.എ ഗവണ്‍മെന്റിന്റെ ആദ്യത്തെ ഏഴുകൊല്ലം മികച്ച നേട്ടങ്ങളുടേതാണെങ്കില്‍ മോദി അധികാരത്തിലിരുന്ന കഴിഞ്ഞ ഏഴു വര്‍ഷം എല്ലാ തലങ്ങളിലും ഗ്രാഫ് താഴേയ്ക്കാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ഇന്ത്യ പിറകോട്ടു പോകുന്ന കാഴ്ചയ്ക്കാണ്. ബോധപൂര്‍വ്വം അമര്‍ത്തിവെച്ച ഒരു നാഷണല്‍ സാംപിള്‍ സര്‍വ്വേ (2017'18-ല്‍ നടത്തിയ) കാണിച്ചത് ഉപഭോക്തൃ ചെലവ് നാല് പതിറ്റാണ്ടിനിടെ ആദ്യമായി കുറഞ്ഞു എന്നാണ്. ദാരിദ്ര്യവും പോഷകാഹാരക്കുറവും കൂടിയേക്കുമെന്ന ഭയം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ആളുകള്‍ ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗത്തില്‍ കുറവുവരുത്താന്‍ തുനിഞ്ഞു. ഗ്രാമീണ ദാരിദ്ര്യത്തില്‍ നാല് ശതമാനം വര്‍ദ്ധനയാണ് സര്‍വ്വേ വിശകലനത്തില്‍നിന്നു കണ്ടെത്തിയത്. ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സര്‍വ്വേ ഡാറ്റയില്‍നിന്നും ദാരിദ്ര്യത്തിന്റെ വര്‍ദ്ധന കണ്ടെത്താനാകും. ഡാറ്റ ലഭ്യമായ 22 സംസ്ഥാനങ്ങളില്‍ 13 എണ്ണത്തില്‍ വളര്‍ച്ചാമുരടിപ്പില്‍ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2005-'06-നും 2015-'16-നും ഇടയില്‍ സ്റ്റണ്ടിംഗ് 10 ശതമാനം പോയിന്റുകള്‍ കുറഞ്ഞതായും ആ സാംപിള്‍ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഇന്ത്യയുടെ വിയോജിപ്പ്
അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളെക്കാള്‍ ഇന്ത്യ പിറകിലാണെന്ന കണ്ടെത്തലുകളെ അപലപിക്കുകയാണ് യൂണിയന്‍ ഗവണ്‍മെന്റ് ചെയ്തത്, 'നാല് ചോദ്യ' സര്‍വ്വേയില്‍ കൊവിഡ് പടര്‍ന്നുപിടിച്ച സമയത്ത് ഗവണ്‍മെന്റ് പദ്ധതികളില്‍നിന്നു പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യം ഉള്‍പ്പെട്ടിട്ടില്ലെന്നുമാണ് ഇന്ത്യ ആരോപിച്ചത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തി എന്ന റിപ്പോര്‍ട്ടിലെ നിഗമനവും അത് ചൂണ്ടിക്കാണിക്കുന്നു; പകര്‍ച്ചവ്യാധി അവരെ ബാധിച്ചിട്ടില്ലെന്നാണ് ഈ റിപ്പോര്‍ട്ട് പ്രകാരം തോന്നുക.
കണക്കുകളുടെ നിജസ്ഥിതി ചോദ്യം ചെയ്യാനും ശേഖരിച്ച രീതിയെ നിസ്സാരവല്‍ക്കരിക്കാനുമാണ് യൂണിയന്‍ ഗവണ്‍മെന്റ് തുനിഞ്ഞത്. എന്നാല്‍, ഇവയെല്ലാം റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ നിഷേധിച്ചു. ഐക്യരാഷ്ട്രസഭ സസ്റ്റെയിനബിള്‍ ഡെവലപ്പ്മെന്റ് ഗോള്‍സ് അഥവാ എസ്.ഡി.ജി കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ തന്നെയാണ് പട്ടിണി സൂചികയ്ക്കും ഉപയോഗിച്ചിട്ടുള്ളത്. ഇന്ത്യാ സര്‍ക്കാര്‍ ഇതു സംബന്ധിച്ച കരാറില്‍ അംഗവുമാണ്. അഥവാ ഇന്ത്യാ സര്‍ക്കാര്‍ തന്നെ ഈ സൂചിക കണക്കാക്കുന്ന രീതിയെ അംഗീകരിച്ചിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ റിപ്പോര്‍ട്ടില്‍ ഇന്ത്യ പട്ടിണി കുറയ്ക്കുന്നതില്‍ കൈവരിച്ച നേട്ടത്തെ റിപ്പോര്‍ട്ട് പ്രശംസിക്കുന്നുണ്ടെന്ന് മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു. 2000-ല്‍ ഇന്ത്യയുടെ പട്ടിണി സ്‌കോര്‍ 38.8 ആയിരുന്നു. ഇപ്പോള്‍ അത് 27.5 ആണ്. 29 ശതമാനമാണ് നേട്ടം. പക്ഷേ,, ഇതു മുഴുവന്‍ നേടിയത് 2000-നും 2012-നും ഇടയിലാണ്. ഈ 10 വര്‍ഷംകൊണ്ട് 10 സ്‌കോര്‍ കുറഞ്ഞു. എന്നാല്‍, 2012 മുതല്‍ 2021 വരെയുള്ള 10 വര്‍ഷംകൊണ്ട് 1.3 സ്‌കോര്‍ മാത്രമാണ് കുറഞ്ഞത്. മോദിയുടെ കാലത്ത് പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. കോപം വരാന്‍ ഇതിലേറെ കാര്യം വേണോ എന്നാണ് തോമസ് ഐസക് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചത്.
''കണക്കുകള്‍ ലഭ്യമായ 83 രാജ്യങ്ങള്‍ എടുത്താല്‍ 2012-നും 2021-നും ഇടയ്ക്ക് പട്ടിണി സ്‌കോറില്‍ 40 ശതമാനം കുറവുണ്ടായി. പട്ടിണി ഇല്ലാതാകുംതോറും സ്‌കോറില്‍ ഉണ്ടാകുന്ന ഇടിവ് സൃഷ്ടിക്കാന്‍ കൂടുതല്‍ കൂടുതല്‍ പ്രയാസമാകുമെന്നു പറയേണ്ടതില്ലല്ലോ. എന്നിട്ടും ഇന്ത്യയില്‍ 29 ശതമാനം പട്ടിണി സ്‌കോര്‍ കുറഞ്ഞപ്പോള്‍ മറ്റു രാജ്യങ്ങളില്‍ 40 ശതമാനം കുറഞ്ഞു. ചുരുക്കത്തില്‍ മറ്റു രാജ്യങ്ങള്‍ ഉണ്ടാക്കിയ നേട്ടം പോലും ഇക്കാര്യത്തില്‍ നമുക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. നമ്മുടെ അയല്‍പക്ക രാജ്യങ്ങള്‍ എടുത്താല്‍ അഫ്ഗാനിസ്ഥാന്‍ മാത്രമാണ് നമുക്കു താഴെ. ഒരുകാലത്ത് കുട്ടയില്‍ എടുക്കേണ്ട ദരിദ്രരാജ്യമായിരുന്ന ബംഗ്ലാദേശ് പോലും നമുക്കു മുകളിലാണ്. ഓരോ വര്‍ഷവും റെക്കോര്‍ഡ് വിളവിന്റെ പത്രവാര്‍ത്തകളും രാജ്യം മുഴുവനും ഒറ്റ റേഷന്‍ കാര്‍ഡില്‍ വന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയില്‍ പട്ടിണി വര്‍ദ്ധിക്കുന്നത്? ധാന്യോല്പാദനം വര്‍ദ്ധിക്കുന്നുവെന്നത് ശരിതന്നെ. പക്ഷേ, പ്രതിശീര്‍ഷ ധാന്യോല്പാദനം എടുത്താല്‍ ചിത്രം വേറൊന്നാണ്. 1991-ല്‍ പ്രതിശീര്‍ഷ ധാന്യലഭ്യത 186.2 കിലോയായിരുന്നു. 2016-ല്‍ അത് 177.9 ആയി താഴുകയാണുണ്ടായത്. പക്ഷേ, പട്ടിണി സൂചിക അളക്കുന്നത് ധാന്യലഭ്യത മാത്രമല്ല. മൊത്തം ഭക്ഷണത്തിന്റെ ലഭ്യതയാണ്. അതുപോലെതന്നെ പ്രോട്ടീന്റേയും പോഷകാഹാരങ്ങളുടേയും ലഭ്യതയും കണക്കിലെടുക്കുന്നുണ്ട്'' -അദ്ദേഹം വാദിക്കുന്നു.
ഇതു കണക്കാക്കുന്നതിന് ഇന്ത്യാ സര്‍ക്കാര്‍ ആക്ഷേപിച്ചതുപോലെ ഫോണ്‍ ഇന്‍ സര്‍വ്വേയുമൊന്നുമല്ല പട്ടിണി സൂചികക്കാര്‍ ആശ്രയിക്കുന്നത്. വിവിധ രാജ്യങ്ങളുടെ ഫുഡ് ബാലന്‍സ്ഷീറ്റാണ്. എന്നുവച്ചാല്‍ വിവിധയിനം ഭക്ഷണസാധനങ്ങളുടെ ഉല്പാദനം എത്ര? കയറ്റുമതി എത്ര? ഇറക്കുമതി എത്ര? സ്റ്റോക്ക് എത്ര? അതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യലഭ്യത കണക്കാക്കുന്നു. ഇത് ഉപയോഗപ്പെടുത്തിയാണ് ആവശ്യമായ മിനിമം ഭക്ഷണം ലഭിക്കാത്തവരുടെ കണക്ക് ഉണ്ടാക്കുന്നത്. ഇതിന് ആകെ സൂചികയില്‍ മൂന്നിലൊന്നു പ്രാധാന്യമേ നല്‍കിയിട്ടുള്ളൂവെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളുടെ ഉയരം, പ്രായം, തൂക്കം, മരണനിരക്ക് എന്നിവയുടെ അനുപാതങ്ങളെ സംബന്ധിച്ച ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്ഥിതിവിവരക്കണക്കുതന്നെയാണ് ആരോഗ്യനില സൂചിക കണക്കാക്കുന്നതിന് ആസ്പദമാക്കിയിട്ടുള്ളത്.
2021-ലെ സൂചികയാണെങ്കിലും കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ ഈ സൂചികയില്‍ പ്രതിഫലിച്ചിട്ടില്ല, കൊവിഡ് കാലത്തുണ്ടായ പട്ടിണിയുടെ പ്രത്യാഘാതങ്ങള്‍ ആരോഗ്യനിലയില്‍ പ്രതിഫലിക്കാന്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ എടുക്കും. അതായത് മോദി ഭരണം അവസാനിക്കാന്‍ പോകുന്നത് ഭരണം തുടങ്ങിയതിനേക്കാള്‍ രൂക്ഷമായ പട്ടിണിയുടെ റെക്കോര്‍ഡോഡു കൂടിയായിരിക്കുമെന്നും തോമസ് ഐസക് ഭയപ്പെടുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
