

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ നിലപാടുകളെക്കുറിച്ച് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ സംസാരിക്കുന്നു
ഈ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് എന്തൊക്കെ വിഷയങ്ങളാണ് ഉയര്‍ത്തുക? എന്തൊക്കെയാണ് ലീഗിന്റെ പ്രതീക്ഷകള്‍?
മുസ്ലിംലീഗിന് എല്ലാക്കാലത്തും കൃത്യമായ ഒരു പോളിസിയുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുമ്പോഴും എല്ലാ വിഭാഗം ജനങ്ങള്‍ക്കും നന്മ ചെയ്യുന്ന ഒരു പാര്‍ട്ടിയാണ്. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഘട്ടത്തില്‍ സ്‌കൂളുകളും കോളേജുകളും അനുവദിക്കുന്നതില്‍ ലീഗ് ഒരു വിവേചനവും കാണിച്ചിട്ടില്ല. എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്. ഇക്കാലത്തിനിടയില്‍ പക്ഷപാതപരമായ ഒരു നിലപാട് എടുത്തു എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി തീര്‍ച്ചയായും കൂടുതല്‍ പരിശ്രമിച്ചിട്ടുണ്ട്. പക്ഷേ, അതുമാത്രമല്ല. ഇന്ന് ഇന്ത്യയില്‍ തന്നെ ഏറ്റവും നല്ല സംസ്‌കൃത സര്‍വ്വകലാശാല കാലടിയിലേതാണ്. ഞാന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് അത് സ്ഥാപിച്ചത്. മുസ്ലിംലീഗ്കാരെന്തിനാണ് സംസ്‌കൃത സര്‍വ്വകലാശാലയ്ക്കു വേണ്ടി ഇത്ര താല്പര്യം കാണിക്കുന്നത് എന്ന് അന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ, ഞങ്ങള്‍ അതിനെ അങ്ങനെ കാണാറില്ല.
മുസ്ലിംലീഗിന്റെ ഏറ്റവും വലിയ തട്ടകമാണ് നമ്മള്‍ ഇപ്പോളിരുന്ന് സംസാരിക്കുന്ന ഈ മലപ്പുറം ജില്ല. രാഷ്ട്രീയപരമായി കേരളത്തിലെ ഏറ്റവും ശാന്തമായ ജില്ല കൂടിയാണ് മലപ്പുറം. മറ്റ് ജില്ലകളില്‍ കാണുന്നതുപോലെ പാര്‍ട്ടിഗ്രാമങ്ങള്‍ എന്നൊന്നും മലപ്പുറത്തില്ല. മറ്റ് ജില്ലകളിലുള്ള പാര്‍ട്ടിഗ്രാമങ്ങളില്‍ മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇവിടെ ഞങ്ങള്‍ മഹാഭൂരിപക്ഷമുള്ള നിരവധി ഗ്രാമങ്ങളുണ്ട്. പക്ഷേ, അവിടെയൊന്നും പാര്‍ട്ടിഗ്രാമങ്ങള്‍ എന്ന സംഗതി ഞങ്ങള്‍ക്കില്ല. ഇതെല്ലാം കാണിക്കുന്നത് മറ്റുള്ളവരുടെ വിഷയങ്ങള്‍ കൂടി ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ്.
പാര്‍ലമെന്റില്‍ ഞങ്ങള്‍ നടത്തിയ പ്രസംഗങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഫോക്കസ് ചെയ്തതോടൊപ്പം ഇന്ത്യയുടെ സാമൂഹ്യരംഗത്തും സാമ്പത്തികരംഗത്തും വളര്‍ച്ചാ നിരക്കിലും ഒക്കെ ഉണ്ടാകുന്ന മാറ്റങ്ങള്‍ കൃത്യമായി പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്.
മറ്റൊന്ന്, ആള്‍ക്കൂട്ട കൊലപാതകവും ഏക സിവില്‍ കോഡിലേക്ക് പോകുന്നതും അടക്കം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ പലതരത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട്. പശുവിന്റെ ജീവനുള്ള വിലപോലും മനുഷ്യന്റെ ജീവനു നല്‍കാത്ത കാലമാണ്. ആള്‍ക്കൂട്ട കൊലയ്ക്കെതിരെ നിയമം കൊണ്ടുവരണം എന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ അത് ചെയ്തില്ല. അതിനു പകരം മൂന്ന് ബില്ലുകള്‍ ദോശ ചുടുന്ന പോലെയാണ് പാസ്സാക്കിയത്. മൂന്നും ന്യൂനപക്ഷ വിരുദ്ധ ബില്ലുകളാണ്- മുത്തലാഖ്, സാമ്പത്തിക സംവരണം, അസമിലെ പൗരത്വ ഭേദഗതി ബില്‍. ഇതു മൂന്നും ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ബില്ലുകളാണ്. വളരെ വേഗതയിലാണ് ഇതൊക്കെ പാസ്സാക്കിയെടുക്കുന്നത്. ഇതൊക്കെ ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചൂണ്ടിക്കാട്ടും. രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്കും ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ക്കും ഊന്നല്‍ കൊടുത്ത് പ്രവര്‍ത്തിക്കും.
മുത്തലാഖ് ബില്‍ വോട്ടിനിട്ടപ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടി വിട്ടുനിന്നത് വിവാദമായിരുന്നു. അണികള്‍ക്കിടയില്‍ ഒരു ആശങ്ക ഇതുണ്ടാക്കിയിട്ടില്ലേ?
അന്നേ ദിവസം വോട്ടിംഗ് ഉണ്ടാകും എന്നത് ഞങ്ങള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവിടെ എത്തിയപ്പോഴാണ് അറിയുന്നത്. കുഞ്ഞാലിക്കുട്ടിക്ക് അന്ന് ചന്ദ്രികയുടെ ഒരു മീറ്റിങ്ങും ഉണ്ടായിരുന്നു. അദ്ദേഹത്തിന് പാര്‍ലമെന്റില്‍ എത്താന്‍ പറ്റാത്തതുകൊണ്ട് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം തന്നെ അത് വിശദീകരിച്ചതോടുകൂടി ആളുകള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മുസ്ലിംലീഗ് പാര്‍ലമെന്റില്‍ ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. ഇത്തരം കാര്യങ്ങള്‍ മറ്റ് സംഘടനകള്‍ മുതലെടുക്കും എന്നതൊരു സാധ്യതയാണ്. ലീഗിന് ഒരു വീഴ്ചയുണ്ടായാല്‍ അവരത് പര്‍വ്വതീകരിച്ച് കാണിക്കും. അത്രയേയുള്ളൂ.
കേരളത്തിലേക്ക് വരുമ്പോള്‍, ശബരിമലയടക്കം വളരെ വൈകാരികമായ രാഷ്ട്രീയ സാഹചര്യങ്ങളാണ് അടുത്തകാലത്തുണ്ടായത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ തെരഞ്ഞെടുപ്പില്‍ ലീഗ് എങ്ങനെയാണ് കാണുന്നത്?
കേരളത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ സെന്‍സേഷണലായ കുറേ വിഷയങ്ങള്‍ ഉണ്ടാക്കി അതിനു പുറത്ത് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണ്. അതെപ്പോഴും സി.പി.എം എടുക്കുന്ന ഒരു നിലപാടാണ്. മൗലികമായി ഒന്നുമുണ്ടാകില്ല, വൈകാരികമായി രംഗമുണ്ടാക്കി മുതലെടുപ്പ് നടത്തുക. ഉദാഹരണത്തിന് ബീഫ് വിഷയം നോക്കാം. കേരളത്തില്‍ ബി.ജെ.പി അത്ര ശക്തിയുള്ള പാര്‍ട്ടിയല്ല. ബീഫ് നിരോധനം വന്ന ഘട്ടത്തില്‍ സി.പി.എം ഇവിടെയാണ് ബീഫ് കറിയുണ്ടാക്കി വിതരണം ചെയ്തത്. ആളുകളുടെ വിചാരം ഇവര്‍ വലിയ വീരശൂരപരാക്രമികളാണ് എന്നാണ്. ഈ ശൂരത്വം അവിടെ പോയിട്ട് അവര്‍ കാണിക്കുന്നില്ല. കാണിക്കാന്‍ അവര്‍ക്ക് ശക്തിയില്ല.
ശബരിമല വിഷയമെടുക്കാം. നമ്മുടെ സമൂഹത്തില്‍ മതമുള്ളവരുണ്ട്, മതമില്ലാത്തവരുണ്ട്. ഭരണഘടനാനിര്‍മ്മാണ സമയത്ത് ദൈവത്തിന്റെ നാമത്തില്‍ എന്ന് പറഞ്ഞ് തുടങ്ങിയാലോ എന്ന ചര്‍ച്ച വന്നിരുന്നു. അപ്പോള്‍ ഭരണഘടനാ സമിതിയിലെ വിദഗ്ദ്ധരെല്ലാം പറഞ്ഞത് അതു വേണ്ട എന്നാണ്. കാരണം മതമില്ലാത്തവരുമുണ്ടാകും, അവരെ വേദനിപ്പിക്കാന്‍ പാടില്ല എന്നാണ്. അങ്ങനെയുള്ള ഒരു സ്ഥലത്ത് ശബരിമല പ്രശ്‌നമുണ്ടായപ്പോള്‍ ഇതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താം എന്ന് ഇടതുപാര്‍ട്ടികളും ബി.ജെ.പിയും ഒരുപോലെ ചിന്തിച്ചു. ഇതില്‍ ഏറ്റവും മോശമായി പെരുമാറിയത് ഇടതുപക്ഷ സര്‍ക്കാരാണ്. സ്ത്രീകള്‍ക്കു പോവാം എന്ന് കോടതി പറഞ്ഞു എന്നത് ശരിയാണ്. സര്‍ക്കാരിനു വേണമെങ്കില്‍ അപ്പീലിനു പോകാം. അവരത് ചെയ്തില്ല. കാരണം അവര്‍ ആഗ്രഹിച്ച വിധിയാണ് എന്നാണ് പറഞ്ഞത്. ഒരു സ്ത്രീ വന്ന് എനിക്ക് ശബരിമലയില്‍ പോകണം എന്ന് പറയുകയാണെങ്കില്‍ കോടതി പറഞ്ഞപ്രകാരം സര്‍ക്കാര്‍ അവര്‍ക്ക് സംരക്ഷണം നല്‍കണം. പക്ഷേ, ഇവര്‍ ചെയ്തത് അതല്ല. യഥാര്‍ത്ഥ ഭക്തരല്ലാത്തവരെ, ആക്ടിവിസ്റ്റുകളെ തേടിപ്പിടിച്ച് അവരോട് പറഞ്ഞു, നിങ്ങള്‍ പോകൂ ഞങ്ങള്‍ സംരക്ഷണം തരാം എന്ന്. അവര്‍ വേഷപ്രച്ഛന്നരായി പൊലീസിന്റെ സഹായത്തോടെ പടിപോലും കൃത്യമായി ചവിട്ടാതെ മുകളില്‍ കയറി ഷോ കാണിച്ചു. ഒരു സര്‍ക്കാര്‍ എന്തിനാണ് ഈ ദ്രോഹം ചെയ്യുന്നത്. സംരക്ഷണം കൊടുക്കേണ്ട ഘട്ടം വന്നാല്‍ കൊടുക്കണം. അതല്ലാതെ ഭക്തന്മാരെ വേദനിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തത്. ഇത്തരം സീനുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ലക്ഷ്യം. ഇടതുപക്ഷ മുന്നണിയെടുത്ത പ്രകോപനപരമായ ഈ സമീപനത്തിനു വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റുമായിരുന്നു. കേരളത്തിന്റെ പ്രബുദ്ധതകൊണ്ട് ജനങ്ങള്‍ വളരെ നയപരമായി അതിനെ നേരിട്ടു. ഇത്തരം കാര്യങ്ങളില്‍ എടുത്ത നീചമായ നിലപാടുകള്‍ക്കുള്ള തിരിച്ചടി ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും എന്നതില്‍ സംശയമില്ല.
കൊലപാതക രാഷ്ട്രീയത്തെ ലീഗ് എങ്ങനെയാണ് പ്രതിരോധിക്കുന്നത്?
ഏതുകാലത്തും ഇടതുപക്ഷം അധികാരത്തിലുള്ളപ്പോഴാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത്. രാഷ്ട്രീയമായി വിയോജിപ്പുള്ളവരെ കായികമായി വകവരുത്തുക എന്ന സിദ്ധാന്തമാണ് സി.പി.എം സ്വീകരിക്കുന്നത്. ഏറ്റവുമൊടുവില്‍ കാസര്‍ഗോഡ് പെരിയയില്‍ നടന്ന രണ്ടു ചെറുപ്പക്കാരുടെ കൊലപാതകത്തില്‍പ്പോലും അതാണുള്ളത്. ഇതിന് അറുതി വരണം. ഞങ്ങള്‍ ഈ മുഷ്‌ക് കാണിക്കുന്ന രാഷ്ട്രീയത്തിന് എതിരാണ്. ഇസ്ലാമിക് ഐഡിയോളജി തന്നെ ശാന്തിയുടേയും സമാധാനത്തിന്റേതുമാണ്. പുരോഗമന ശക്തികളാണ് എന്ന് പറയുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരെ തള്ളിപറയാന്‍ മുസ്ലിംലീഗിലുള്ളവര്‍ കാണിക്കുന്ന ആര്‍ജ്ജവം എല്ലാവരും കാണിക്കണം. രാജ്യത്തിന്റെ പൊതുതത്ത്വത്തിനെതിരെ, നീതിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആളുകളെ ശക്തമായി നേരിടാനുള്ള ബാധ്യത ജനങ്ങള്‍ക്കുണ്ട്.
രാഷ്ട്രീയ കൊലപാതകങ്ങളില്‍ മുന്നണികള്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുന്നില്ലേ?
കൊലപാതക രാഷ്ട്രീയത്തില്‍ അത്തരം ഒത്തുതീര്‍പ്പുകള്‍ നടന്നിട്ടുണ്ട്. അതിന് ഒരു ഉദാഹരണമാണ് കെ.ടി. ജയകൃഷ്ണന്‍ മാഷിന്റെ വധം. ആ കേസ് വധശിക്ഷയില്‍നിന്ന് ജീവപര്യന്തമാക്കിയിരുന്നു. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നു അതില്‍. പ്രതികളെ നേരത്തെ വിടാന്‍ വേണ്ടി അവര്‍ ഒന്നായി. ജയകൃഷ്ണന്‍ മാഷിന്റെ അമ്മ അപ്പീലിനു പോയെങ്കിലും മുന്നോട്ട് പോകാനായില്ല. സി.പി.എമ്മുമായുള്ള ബന്ധം അകലാതിരിക്കാന്‍ അവര്‍ അമ്മയ്ക്കെതിരായി നിലപാട് എടുത്തു. ആ കേസ് വാദിച്ചത് സി.പി.എമ്മിന്റെ ഒരു അഭിഭാഷകനാണ്. ഒരദ്ധ്യാപകനെ ക്ലാസ്സില്‍ കയറി വെട്ടിനുറുക്കി കൊന്നിട്ട് ആ കൊലപാതകികളെ സംരക്ഷിക്കുന്ന ക്രൂരതയാണ് ഇവര്‍ കാണിച്ചത്. ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയേണ്ട കാര്യമാണ്. ഇവര്‍ക്കൊക്കെ എന്തുമാകാം.
സംഘപരിവാറില്‍നിന്നടക്കമുള്ള പ്രശ്‌നങ്ങളില്‍നിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിനാണ് കഴിയുക എന്ന പ്രതീതിയെ മുസ്ലിംലീഗ് എങ്ങനെയാണ് കാണുന്നത്?
ബി.ജെ.പിയില്‍നിന്ന് ന്യൂനപക്ഷങ്ങളെ രക്ഷിക്കാന്‍ സി.പി.എം മാത്രമേ ഉണ്ടാകൂ എന്ന അവരുടെ പ്രചാരണം വിലപ്പോകില്ല. സി.പി.എം ചെയ്ത ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ ഒന്നൊന്നായി എണ്ണി മുസ്ലിംലീഗ് അതിനെ പ്രതിരോധിക്കും. അതില്‍ അവസാനത്തേതാണ് സംവരണം. സംവരണം ഇല്ലാതാക്കാന്‍ വേണ്ടിയാണ് അവര്‍ ശ്രമിച്ചത്. മൂന്നാം സ്ട്രീമില്‍ സംവരണക്കാര്‍ക്ക് കയറിപ്പോകാന്‍ കഴിയാത്ത രീതിയില്‍. സര്‍വ്വീസില്‍ കയറുമ്പോള്‍ സംവരണം കൊടുത്തില്ലേ എന്നാണ് അവര്‍ അതിനു പറയുന്ന കാരണം. വകുപ്പുതലത്തിലുള്ള സ്ഥാനക്കയറ്റത്തില്‍ സംവരണം തുടര്‍ന്നില്ലെങ്കില്‍ അത് ആദ്യഘട്ടത്തില്‍ ഉള്ളിടത്തുതന്നെ നിന്നുപോകില്ലേ. സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിക്കുന്നവരെ പ്രീണിപ്പിക്കാന്‍ വേണ്ടിയുള്ള അജന്‍ഡയാണത്.
മൂന്നാം സീറ്റ് ആവശ്യപ്പെട്ടതടക്കമുള്ള പല കാര്യങ്ങളിലും മുസ്ലിംലീഗിനു മേല്‍ സമസ്തപോലുള്ള മതസംഘടനകളുടെ സമ്മര്‍ദ്ദം ഉണ്ടാകുന്നില്ലേ?
മുസ്ലിംലീഗ് ഒരു തീരുമാനമെടുക്കാന്‍ കഴിവുള്ള സംഘടനാ സംവിധാനമുള്ള ഒരു പാര്‍ട്ടിയാണ്. ലക്ഷകണക്കിന് അംഗങ്ങളുള്ള ഒരു പാര്‍ട്ടി. അതിലുണ്ടാകേണ്ട തീരുമാനം ഗുണവും ദോഷവും നോക്കി ഞങ്ങള്‍ തന്നെയാണ് എടുക്കുന്നത്. മൂന്നാം സീറ്റ് ന്യായമായ ഒരാവശ്യമായിരുന്നു. മതസംഘടനകളുടെ സമ്മര്‍ദ്ദമൊന്നുമില്ല. ലീഗിനു കൂടുതല്‍ ഗുണം കിട്ടണം എന്നു വിചാരിച്ചിട്ടാണ് സമസ്തപോലുള്ള സംഘടനകള്‍ പറയുന്നതെല്ലാം. സമസ്തയുടെ നേതൃത്വത്തിലുള്ളതും ലീഗിന്റെ നേതാക്കന്മാര്‍ തന്നെയാണ്. അതൊരു ആത്മീയ പ്രസ്ഥാനവും ഞങ്ങളുടേത് ഒരു രാഷ്ട്രീയ പ്രസ്ഥാനവും ആണ്. ഞങ്ങള്‍ക്കെന്തെങ്കിലും മെച്ചം കിട്ടട്ടെ എന്നു മാത്രമേ അവര്‍ ആലോചിക്കുന്നുള്ളൂ. രാഷ്ട്രീയപരമായി മുസ്ലിംലീഗിന്റെ നിലനില്‍പ്പ് അവര്‍ വളരെയധികം ആഗ്രഹിക്കുന്നുണ്ട്. പരസ്പര ഗുണത്തിനുവേണ്ടി സംസാരിക്കുന്നു എന്നല്ലാതെ മറ്റ് തരത്തിലുള്ള സമ്മര്‍ദ്ദമൊന്നുമില്ല. അങ്ങനെയൊന്ന് അവരിങ്ങോട്ടോ ഞങ്ങള്‍ അങ്ങോട്ടോ ഉപയോഗിക്കാറുമില്ല.
ഐ.എന്‍.എല്ലിന്റെ ഇടതുമുന്നണി പ്രവേശം ചില മണ്ഡലങ്ങളിലെങ്കിലും ലീഗിനു ഭീഷണിയാകുന്നുണ്ടോ?
ഐ.എന്‍.എല്ലിലെ ഏകദേശം തൊണ്ണൂറു ശതമാനം ആളുകളും മുസ്ലിംലീഗിലേക്കു തന്നെ തിരിച്ചു വന്നിട്ടുണ്ട്, നേതാക്കന്മാരടക്കം. കുറച്ചാളുകള്‍ ബാക്കിയായി. സി.പി.എം തൊടാതെ എന്ന മട്ടില്‍ എത്രയോ കാലം അവരെ നിര്‍ത്തി. മുറ്റത്തേ നിര്‍ത്തിയുള്ളൂ. തിണ്ണയില്‍ കയറാന്‍ സമ്മതിച്ചില്ല. അങ്ങനെ അവസാനം പല സംഘടനകളേയും മുന്നണിയിലെടുത്ത കൂട്ടത്തില്‍ ഇവരോടും പറഞ്ഞു കയറിയിരിക്കാന്‍. ശരിക്കും അവരെ കളിയാക്കുകയാണ് ചെയ്തത്. ഇത്രയും കാലം പച്ചക്കൊടി പിടിച്ച് കൂടെ നടന്നതല്ലേ എന്ന ഒരു വില കൊടുക്കാന്‍ എല്‍.ഡി.എഫ് തയ്യാറായിരുന്നില്ല. അങ്ങനെയൊരു വില നേടിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുമില്ല. ഇപ്പോള്‍ കയറിയിരിക്കാന്‍ സമ്മതം കൊടുത്തു. ഞങ്ങളുടെ കൂട്ടത്തിലുമുണ്ട് ലീഗ് എന്നു പറഞ്ഞു നടക്കാം എന്നല്ലാതെ കേരള രാഷ്ട്രീയത്തില്‍ എന്തെങ്കിലും ചലനമുണ്ടാക്കാന്‍ കഴിയുന്ന പാര്‍ട്ടിയല്ല ഐ.എന്‍.എല്‍. അത് ഞങ്ങള്‍ക്ക് കൃത്യമായി അറിയാവുന്ന കാര്യമാണ്.
തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള സംഘടനകള്‍ പിടിക്കുന്ന വോട്ടില്‍ മുസ്ലിംലീഗിന് ആശങ്കയുണ്ടോ?
അവര്‍ക്ക് അവരുടേതായ വോട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും അവര്‍ അവരുടെ വോട്ട് പിടിച്ചിട്ടുണ്ട്. ലീഗിന് അതൊരു ഭീഷണിയല്ല. ഞങ്ങള്‍ അത്തരം സംഘടനകളോട് എടുക്കുന്ന സമീപനം അവര്‍ അവരുടെ ജോലി ചെയ്യട്ടെ എന്നാണ്. അല്ലാതെ ഞങ്ങള്‍ അവരുമായി ഒരു സംഘര്‍ഷത്തിനോ പ്രശ്‌നത്തിനോ പോകാറില്ല. ഞങ്ങള്‍ ഞങ്ങളുടെ വഴിയേ പോകുന്നു. ലീഗിന്റെ വോട്ട് ഉറച്ച വോട്ടാണ്. ഞങ്ങളുടേത് ഒരു കേഡര്‍ പാര്‍ട്ടിയൊന്നുമല്ല, എങ്കിലും ലീഗിലുള്ളവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഞങ്ങളുടെ വോട്ട് കൃത്യമായി വീഴും, യാതൊരു സംശയവുമില്ല.
വനിതാസ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജയിപ്പിക്കുന്നത് മുസ്ലിംലീഗില്‍ എപ്പോഴാണ് ഉണ്ടാകുക?
സ്ത്രീകള്‍ക്ക് സീറ്റ് കൊടുക്കണം, അവരെ ആ രീതിയില്‍ പരിഗണിക്കണം എന്നുതന്നെയാണ് ലീഗിന്റെ നിലപാടും. മുന്‍പ് നിയമസഭയിലേക്ക് കോഴിക്കോട് രണ്ടില്‍ വനിതാലീഗിന്റെ അദ്ധ്യക്ഷയായിരുന്ന ഖമറുന്നീസ അന്‍വറിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരുന്നു. പക്ഷേ, ജയിക്കാന്‍ കഴിഞ്ഞില്ല. നല്ല വോട്ട് പിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. സീറ്റിന്റെ ലഭ്യത കൂടി ഒരു പ്രശ്‌നമാണ്. പ്രത്യേകിച്ച് പാര്‍ലമെന്റ് സീറ്റില്‍ അതിന് പരിമിതികളുണ്ട്. ത്രിതല പഞ്ചായത്തുകളില്‍ വനിതാലീഗിന്റെ ഒരുപാട് പേരുണ്ട്. എല്ലാ പാര്‍ട്ടിയിലും ഇതുതന്നെയാണ് സ്ഥിതി. സ്ത്രീകള്‍ക്കുവേണ്ടി വലിയ രീതിയില്‍ വാദിക്കുന്ന പാര്‍ട്ടികളും ചെയ്യുന്നത് ഇത് തന്നെയല്ലേ. പുരുഷന്റെ അതേ അനുപാതത്തില്‍ അവര്‍ സീറ്റ് കൊടുക്കുന്നുണ്ടോ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates