'തേയില'- എം.എസ്. ബനേഷ് എഴുതിയ കവിത

കട്ടന്‍ചായ കുടിച്ചു നാംകാലില്‍ കാല്‍ കേറ്റിയിരുന്നു നാംഊതിയൂതിക്കുടിക്കുമ്പോള്‍ചായക്കോപ്പക്കൊടുങ്കാറ്റ്.
എംഎസ് ബനേഷ്
എംഎസ് ബനേഷ്

ട്ടന്‍ചായ കുടിച്ചു നാം
കാലില്‍ കാല്‍ കേറ്റിയിരുന്നു നാം
ഊതിയൂതിക്കുടിക്കുമ്പോള്‍
ചായക്കോപ്പക്കൊടുങ്കാറ്റ്.

ആ കാറ്റില്‍ ഞാന്‍ ചൂഴുമോ
ചൂഴ്ന്നുചൂഴ്ന്നു മറയുമോ
അടിത്തട്ടിലെ ലായത്തില്‍
മണ്ണടിഞ്ഞു കിടക്കുമോ,

പൂര്‍വ്വസാഹോദര്യത്തിന്‍
പുണ്യബന്ധങ്ങളോര്‍ക്കുമോ
ഹ ഹ ഹാ, കടുംകാല്പനിക
ക്കാവ്യച്ചായ രുചിക്കുന്നു,

ചായ മോന്തിക്കുടിച്ചു നാം
മൂന്നാര്‍ ഭംഗികള്‍ തിരയുന്നു
ലായങ്ങള്‍ക്കു മുകളിലായ്
സുഖശീതത്തിന്‍ ഹിമപ്രാതല്‍.

ഹണിമൂണ്‍ വീണ്ടും കിട്ടിയാല്‍
തങ്ങാന്‍ തോന്നുന്ന ഹര്‍മ്യങ്ങള്‍.
മരിക്കുംമുന്‍പൊന്നു നുണയുവാന്‍
കൊതിപ്പിക്കും മഞ്ഞുഷെയ്ക്കുകള്‍.

വിഎസ് യയാതിയായെങ്കില്‍
വീണ്ടും യൗവ്വനം വന്നെങ്കില്‍
പൊളിച്ചടുക്കുവാന്‍ തോന്നിക്കും
ഉദ്ധൃതോത്തുംഗഹോട്ടലുകള്‍.

മരിച്ചവീട്ടിലെ കരച്ചിലിന്‍
അരികത്തായ് തന്നെയാളുന്ന
കട്ടന്‍ചായപ്പാത്രത്തിന്‍
തിളനിലയ്ക്കൊത്ത മാനസം

മണ്ണടിഞ്ഞു കിടക്കുന്നോര്‍
ക്കില്ല ചിതയിലെ വെളിച്ചങ്ങള്‍
അതില്‍ ചവുട്ടി നാം വീണ്ടും
തുടരും വിനോദയാത്രകള്‍.

ഹാ വിജിഗീഷു
മൃത്യുവിന്നാകും
ജീവിതത്തിന്‍
കൊടിപ്പടം
താ
ഴ്
ത്തു
വാ
ന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com