'വഴിയേ'- സുജീഷ് എഴുതിയ കവിത

By സുജീഷ്  |   Published: 09th May 2021 02:39 PM  |  

Last Updated: 09th May 2021 02:39 PM  |   A+A-   |  

Poem written by Sujish

 

വിത്തുപിളര്‍ത്തി ഇല
ഇറങ്ങിപ്പോയ വഴി
തണ്ടായി.
ഇലകള്‍ക്കുമേല്‍
ഇലകളായി, വഴികളായി.

വിത്തില്‍ അനേകം
വേരുകളായതുപിന്നെ
മണ്ണില്‍ വഴി കുഴിക്കുകയായി.

വേരും ഇലയും
പിരിഞ്ഞകലുന്നത്
മരത്തിന് വളര്‍ച്ചയായി.
ആ മരം
ഞാന്‍ വിട്ടുപ്പോന്ന
വീടിന് വഴിയടയാളമായി.

മരത്തിനു കീഴെ, വീടിനകത്തും
വെയില്‍ നേരിട്ടെത്താത്ത
ഇടങ്ങളുണ്ടായി;
അവിടങ്ങളിലേക്ക്
വെയിലിന്റെ മാറ്റൊലി
ചെന്നെത്തുന്നു വെളിച്ചമായി.